Skip to main content

ലാൽബാഗ്

Lal Bagh bangalore, ലാൽബാഗ് ബാംഗ്ലൂർ

ലാൽബാഗ് ആഗസ്റ്റ് 15 ലേക്ക് സ്വാതന്ത്ര്യദിനം ആഘോഷിക്കാനായി ഒരുങ്ങുകയാണ്. പൂക്കളുടെയും ചെടികളുടെയും വര്‍ണക്കാഴ്ചകളുമായി ലാല്‍ബാഗ് ഉദ്യാനം അണിഞ്ഞൊരുങ്ങുകയാണിപ്പോൾ. ബാംഗ്ലൂരിലെ പ്രശസ്തമായ ഒരു പൂന്തോട്ടം ആണ് ലാൽബാഗ്. ഇത് കമ്മീഷൻ ചെയ്തത് മൈസൂർ രാജാവായിരുന്ന ഹൈദർ അലിയായിരുന്നു. രണ്ടു പ്രധാന വാതിലുകളുള്ള ഈ പൂന്തോട്ടത്തിൽ ഒരു കായലുമുണ്ട്. കുറെ അധികം പക്ഷികളുടെ വാസസ്ഥലം കൂടിയാണിത്. ഞാറപ്പക്ഷിയാണ്(സ്പോട്ട് ബിൽഡ് പെലിക്കൺ) ഇതിൽ പ്രധാനം. ബാംഗ്ലൂരിലെ മുഴുവന്‍ പക്ഷിക്കുഞ്ഞുങ്ങളും പുമ്പാറ്റകളും തേനീച്ചകളും എത്തിച്ചേരുന്ന ഒരിടമാണ് ലാല്‍ ബാഗ് എന്നു പറയാം 🙂 റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ചുള്ള വസന്തോത്സവത്തിലാണ് ലാല്‍ബാഗ് ഏറെ മനോഹരമായി അണിഞ്ഞൊരുങ്ങുന്നത്. കാഴ്ചകളുടെ സമൃദ്ധി കണ്ടറിയാനാവുന്ന സമയമാണത്; ജനനിബിഡവും

240 ഏക്കറിലായി ബാംഗ്ലൂർ നഗരത്തിന്റെ തെക്കു വശത്തായിട്ടാണ്‌ ഈ ഉദ്യാനം സ്ഥിതി ചെയ്യുന്നത്. നിരവധി പുഷ്പോത്സവങ്ങൾ ഇവിടെ നടക്കാറുണ്ട്. പ്രത്യേകിച്ചും റിപ്പബ്ലിക്ക് ദിവസം (ജനുവരി 26) നടക്കുന്ന പുഷ്പ പ്രദർശനം വളരെ ശ്രദ്ധയാകർഷിക്കുന്നു. ലാൽ ബാഗിന്റെ അക്ഷാംശം (Latitude): 12% 8´N -ഉം രേഖാംശം (Longitude): 77% 37´E -ഉം ആണ്.

ലാൽ ബാഗ് ഒറ്റനോട്ടത്തിൽ…

01) ഫ്ലോറൽ ക്ലോക്ക് (Floral Clock)
02) മഹാരാജാ പ്രതിമ (Maharaja Statue)
03) കൃത്രിമപ്പൊയ്ക (Aquarium)
04) ബാൻഡ് സ്റ്റാന്റ് (Band stand)
05) റോസാപ്പൂ തോട്ടം (Rose Garden)
06) തടാകം (Lake)
07) നിരീക്ഷണ കേന്ദ്രം (Watch Tower)
08) സിൽക് കോട്ടൺ മരം (Silk Cotton Tree)
09) മരത്തിന്റെ അസ്ഥിപഞ്ജരം (Tree Fossil)
10) താമര പൊയ്ക (Lotus pond)
11) കണ്ണാടി മാളിക (Glass House)
12) പ്രാവു മഞ്ചം (Dovecote)
13) പ്രദേശവിവരകേന്ദ്രം (Farm Information Unit)
14) ബോൺസായി മരത്തോട്ടം (Bonsai Garden)
15) കെമ്പഗൗഡ ഗോപുരം (Kempegowda Tower)
16) ടോപ്പിയറി തോട്ടം (Topiary Garden – ചെടികളും വേലികളും ആലങ്കാരികമായി വെട്ടിയൊതുക്കി വെച്ച സ്ഥലം)
17) ജപ്പാനീസ് പൂന്തോട്ടം (Japanese Garden)
18) അധികാരി/നിര്‍ദ്ദേശകരുടെ ഓഫീസ് (Directorate)

പഴയ ചില ചിത്രങ്ങൾ കാണുക

01) ഫ്ലോറൽ ക്ലോക്ക് (Floral Clock)
1) സെറ്റ് ഒന്ന്
2) സെറ്റ് രണ്ട്

പ്രണയോത്സവം

chayilyam, love stories, പ്രണയകഥകൾ, വിവാഹം, marriage പ്രണയം ഹൃദ്യമായൊരു അനുഭൂതിയാണ്. ജീവിതത്തിൽ വന്നുചേരുന്ന, അല്ലെങ്കിൽ പലസമയങ്ങളിലായി കാലം അവിടേക്കു കൊണ്ടുവരുന്ന മനോഹാരിതകൾ പലതാണു നമുക്ക്. അതാതുകാലത്ത് അവയോരോന്നും നമ്മുടെ ചിന്തകളെ പൂവണിയിക്കുന്നു.  പ്രണയവും അതിലൊന്നാണ്. പ്രണയത്തെ ആഘോഷമാക്കുന്നവരുണ്ട്, അനുഭൂതിയുടെ കാണാക്കയങ്ങളിലേക്ക് മുങ്ങിനീന്തുന്നവരുണ്ട്, പ്രണയത്തെ വില്പനച്ചരക്കാക്കി മാറ്റി ലാഭം കൊയ്യുന്നവരുണ്ട്, ഉണങ്ങാത്ത മുറിവായി പ്രണയദിനങ്ങൾ തന്നെ നൊമ്പരപ്പെടുത്തുന്നവരുണ്ട്… പ്രണയിതാക്കൾ അങ്ങനെ ഏറെയാണ്. ഇക്കൂട്ടരിൽ ഒട്ടേറെപ്പേരെ എനിക്കു പരിചയവും ഉണ്ട്!

chayilyam, love stories, പ്രണയകഥകൾ, വിവാഹം, marriage

രത്നച്ചുരുക്കം
8 -ആം ക്ലാസു മുതൽ പ്രേമം തുടങ്ങി.
14 പേരെ അറിഞ്ഞു പ്രേമിച്ചു… 😻
7 പേർ ഇങ്ങോട്ട് പ്രേമിക്കാൻ വന്നിട്ട് ഞാനായിട്ട് ഒഴിവാക്കി. ഇതിൽ ഒരാൾ ഒരു ബുദ്ധമതക്കാരി 🤡
ആദ്യകാലത്തെ 5 പേരോട് വൺവേ ലൈൻ – അങ്ങോട്ടു മാത്രം.
വേറൊരു കുട്ടി നിഷ്കു ആയിപ്പോയി…
അല്പം വൈകിയാ പറഞ്ഞത്…
ഞാൻ മഞ്ജുവിന്റെ വീട്ടുകാർക്ക് വാക്കു കൊടുത്തുപോയിരുന്നു… 🤓
3 പെണ്ണുകാണൽ ചടങ്ങുകകൾ 😈
കെട്ടിയത് ഒരാളെ 👍🏻ഇതിൽ 4 പേർ ഇന്നും എവിടെ ഉണ്ടെന്നറിയില്ല, ഒരുത്തി മരിച്ചും പോയി… 😭മഞ്ജുവിനെ കൂടാതെ ഞാൻ മൂന്നുപേരെ പെണ്ണു കണ്ടിരുന്നു. 😛
കല്യാണത്തെക്കുറിച്ച് സ്വപ്നം പോലും കാണാത്ത സമയത്ത് കൂട്ടുകാർ കെട്ടാനായി പറഞ്ഞത് രണ്ടുപേർ. ഇവരെക്കുറിച്ച് മെലേ പറഞ്ഞിട്ടില്ല. 😛
ഒരാളെ കൂട്ടുകാരി കാണിച്ചു തന്നതാ.. ഓൾക്ക് എന്നെ ഇഷ്ടപ്പെട്ടില്ല. 🤠
വേറൊരുത്തിടേ ജാതകം ചേരുന്നില്ലാന്ന് അവളുടെ അച്ഛൻ പറഞ്ഞു… 😯
മറ്റൊരു പെണ്ണിനെ അമ്മയ്ക്ക് പിടിച്ചില്ല…😇മഞ്ജുവിനെ കണ്ടതും അമ്മയും അനിയത്തിയുമായിരുന്നു. അവർക്ക് പിടിച്ചപ്പോ ഒരോണത്തിനു ഞാൻ പോയി കണ്ടു…
ഞാനും ഓക്കെ പറഞ്ഞു,.. 👫 

അടുത്ത പരിപാടി ഈ മൈര് ജാതകം നോക്കലായിരുന്നു. വീടിനു മുമ്പിൽ തന്നെ ഒരു ജ്യോത്സര്യുണ്ട്, ഓൻ പറഞ്ഞു പൊരുത്തം ചേരൂല്ല 3.5 പൊരുത്തമേ ഉള്ളൂന്ന് 🙈

മഞ്ജൂന്റെ വീട്ടുകാരും പോയി നോക്കി… ചേരുന്നില്ല. അവിടേം പൊരുത്തം 3.5..🙊
പിന്നെ രണ്ടു വീട്ടുകാരും പയ്യന്നൂരു പോയി നോക്കി.. അവിടേം ഇതന്നെ അവസ്ഥ… 🙉

എനക്കെന്ത് ജാതകം!! ഞാൻ പറഞ്ഞു നിങ്ങൾ തീരുമാനിച്ചോ, എനക്കിതൊന്നും ബാധകമല്ല എന്ന്… 🐒
ഒക്കെ കേട്ടപ്പോൾ അവരും ഓക്കെ ആയി… അതാ ഇപ്പം ഇവളെ ഔദ്യോഗികമായി തന്നെ പ്രേമിക്കാൻ പറ്റിയത് 🌸🌸🌸

മനോഹരമായൊരു പ്രണയകാലം എനിക്കുമുണ്ടായിരുന്നു. കുഞ്ഞുന്നാളിൽ എട്ടാം ക്ലാസ്സിൽ വെച്ചാണ് എന്റെയുള്ളിൽ ആദ്യാനുരാഗം ഉരുവം പ്രാപിച്ചത്. അന്നുപക്ഷേ, ബാലപാഠങ്ങൾ പോലും അറിയാതെ സ്വപനലോകത്ത് കിനാവെട്ടത്തുള്ള അലഞ്ഞുതിരിയലായിരുന്നു മുഖ്യം! ഒത്തിരി സ്വപ്നങ്ങളും പ്രതീക്ഷകളും ഉണ്ടായിരുന്നു അന്നൊക്കെ. അവളുടെ ശ്രദ്ധതിരിക്കാനുള്ള തത്രപ്പാടുകൾ ഏറെയായിരുന്നു. ഒന്നുമല്ലാത്ത, ഒന്നിനുമല്ലാത്ത ആ പ്രണയകാലം, ആദ്യാനുരാഗം ഏറെ സുരഭിലമായിരുന്നു എന്നിപ്പോൾ തോന്നുന്നു.

വർഷങ്ങൾ ഇഴഞ്ഞുനീങ്ങുമ്പോൾ പ്രണയസങ്കല്പങ്ങൾക്കും മാറ്റങ്ങൾ വന്നു. പ്രതീക്ഷകൾക്കും സ്വപ്നങ്ങൾക്കും സങ്കല്പങ്ങൾക്കും അന്ന്, ഇന്നു കാണുന്ന ടീവിയോ വമ്പിച്ച സിനിമകളോ ഒന്നുമുണ്ടായിരുന്നില്ല. റേഡിയോയിലൂടെ കേൾക്കുന്ന മധുരതരമായ പ്രണയഗീതങ്ങൾ മാത്രമായിരുന്നു കുഞ്ഞുമനസ്സുകളിലെ സങ്കല്പലോകത്ത് നിറഞ്ഞാടിയിരുന്നത്. അതിനനുസരിച്ച് ആടിത്തിമിർക്കാനൊരു മനസ്സുണ്ടായിരുന്നു എന്നത് ഏറെ ധന്യമായി തോന്നുന്നു.

പത്താം ക്ലാസ്സുകഴിയുമ്പോഴേക്കും എന്റെ പ്രണയസഖികളുടെ എണ്ണം അഞ്ചായിരുന്നു. ആ അവസാനകാലത്ത്, ഒരുകുട്ടിക്കുമാത്രം തിരിച്ചെന്നോടും പ്രണയമുള്ളതായി തോന്നുകയുണ്ടായി. അവളുടെ പാൽപുഞ്ചിരി ഏറെ ഹൃദ്യമായി തന്നെ ഇന്നും ഹൃദയത്തിനുള്ളിലെവിടെയോ ഉണ്ട്.  ചോദ്യങ്ങൾക്ക് കൃത്യമായ ഉത്തരങ്ങൾ പറയുമ്പോളുള്ള പുഞ്ചിരിയും, ടീച്ചറുടെ അടികൾ കൊണ്ടു ഞാൻ പുളയുമ്പോളുള്ള വേവലാതിയും എന്നും കാണാമായിരുന്നു! ഇവളെ പറ്റി മുമ്പൊരിക്കൽ ഇവിടെ എഴുതിയിരുന്നതു വായിക്കുക. ഈ അഞ്ചുപേരേടും ഇതേ പറ്റി ഒരക്ഷരം ഉരിയാടാതെയായിരുന്നു അന്നത്തെ സ്കൂൾ ജീവിതം അവസാനിച്ചത്! ഇന്ന്, ഈ നിലയിൽ ഒരു കുഞ്ഞിന്റെ അച്ഛനായി താരാട്ടുപടുമ്പോൾ പഴയ അഞ്ചു പ്രണയിനിമാരും ഒരു മിസ്‌ഡ്‌കോൾ ദൂരത്തിൽ പ്രണയാതുരരായി ഇരിപ്പുണ്ട് എന്നതാണേറെ സുന്ദരമായ വസ്തുത! അവരുടെ പ്രാർത്ഥനകളിൽ ഞാൻ ഒരുപക്ഷേ ഇപ്പോഴും ഞാൻ നിറഞ്ഞുനിൽപ്പുണ്ടാവും…

പ്രിഡിഗ്രിക്കാലം… പ്രണയമരം പൂത്തുലഞ്ഞ സമയമായിരുന്നു ആ രണ്ടുവർഷം. കൂടെപ്പഠിച്ച നസ്രാണിക്കുട്ടിയായിരുന്നു അവിടുത്തെ ആദ്യപ്രണയിനി. അവൾക്കു മുമ്പിൽ ഒരു മോഡലായി മാറാൻ ഞാൻ അണിഞ്ഞൊരുങ്ങിയ കാലം. പഠനത്തിൽ ഒന്നുമല്ലാതിരുന്ന ഞാൻ അവളോടൊപ്പം എത്താനായി രാത്രികാലങ്ങളിൽ ഉറക്കിളച്ചിരുന്നു പഠിച്ചകാലം. പരസ്പരം ഇഷ്ടത്തോടെയുള്ള, മൗനാനുരാഗം പൂത്തുലഞ്ഞ് ആദ്യവർഷം കഴിയുന്നു. ഒന്നാം വർഷത്തെ മാർക്കിൽ കൂടെ എഴുതിയവരിൽ എല്ലാവിഷയങ്ങൾക്കും ജയിച്ചതും ഏറ്റവും കൂടുതൽ മാർക്കുവാങ്ങിച്ചതും ഞാനായി മാറി.

ഈ സമയത്താണ് ഇതേ കുട്ടിയുടെ കൂട്ടുകാരിപ്പെണ്ണ് ഒരു കുഞ്ഞു റോസാപൂവുമായി എന്നെ സമീപിച്ച് അതുതന്ന് വിഷ് ചെയ്തത്. അവളായിരുന്നു അന്നത്തെ രണ്ടാമത്തെ പ്രണയിനി. ആദ്യത്തെകുട്ടി മൗനിയായിരുന്നു – പ്രണയിച്ചപ്പോൾ ഇവളാണ് ആദ്യമായി ലൗലെറ്റർ എഴുതി, എഴുത്തിന്റെ രമ്യമനോഹര ഹർമ്യത്തിലേക്ക് എന്നെ കൈപിടിച്ചു നടത്തിയത് ഇവളായിരുന്നു… ഇന്ന് ഞാനെഴുതിയാൽ നാളെ അവളെഴുതും, A4 സൈസിലുള്ള മൂന്നു പേപ്പറൂകളെങ്കിലും മിനിമം കാണണം… ഇതായിരുന്നു ഞങ്ങളുടെ ദിവസങ്ങൾ. ഈസമയത്ത് ആദ്യത്തെ കുട്ടിക്കുവേണ്ടി പഠിച്ചുയരാനും ശ്രമിക്കേണ്ടതുണ്ട്. രണ്ടാമത്തെ കുട്ടിയുടെ കാര്യം വീട്ടുകാരും നാട്ടുകാരും അറിഞ്ഞതായിരുന്നു. ആക്സിഡന്റിനു മുമ്പ് ഞാൻ ആശുപത്രിയിൽ അഡ്മിറ്റായത് ആ പ്രിഡിഗ്രിക്കാലം രണ്ടാം വർഷമായിരുന്നു. അവിടേ രണ്ടാമത്തവൾ ഉച്ചയ്ക്കു കഴിക്കാൻ ഭക്ഷണവുമായി വന്നൊരു കഥയുണ്ട്. മനോഹരമായിരുന്നു ആ പ്രണയകാലം. ഈ രണ്ടുപേരും ഇന്നും അദൃശ്യതിയിലെവിടെയോ ജീവിക്കുന്നുണ്ട്. ഒരു കോണ്ടാക്റ്റുമില്ല. എം എയ്ക്കു പഠിക്കുമ്പോളാണെന്നു തോന്നുന്നു, ഇതിലെ ആദ്യപ്രണയിനിയെ വിവാഹിതയായി ഒരിക്കൽ ഒടയഞ്ചാലിൽ വെച്ചു കണ്ടിരുന്നു. ഇത്രയുമായിരുന്നു ആ പ്രണയകാലം; എങ്കിൽകൂടി ഹൃദ്യമായിരുന്നു അക്കാലം!

ഡിഗ്രി… പ്രണയത്തിന്റെ മാസ്മരികലോകം ഹൃദയത്തിലുള്ള എനിക്ക് ഒരാളെ കണ്ടെത്തുക വല്യ ആനക്കാര്യമായിരുന്നില്ല. അന്നു പക്ഷേ, തലയിലേക്ക് ഇരച്ചു കയറിയത് രാഷ്ട്രീയമായിരുന്നു. രാഷ്ട്രീയം ചെറുപ്പം മുതലേ ഉണ്ട്… ബാലസംഘത്തിന്റെ സെക്രട്ടറിയൊക്കെയായി കുഞ്ഞുന്നാൾ മുതലേ രാഷ്ട്രീയക്കാരുടെ കയ്യിൽ ഞാനുണ്ടായിരുന്നു. ഈ സമയത്ത് 18 വയസ് ആവുന്നതിന് ഒരു വർഷം മുമ്പേ തന്നെ പാർട്ടിയുടെ മെമ്പർഷിപ്പ് കിട്ടേണ്ടവൻ എന്ന രീതിയിൽ ഒരു പകുതിമെമ്പറായി മാറ്റപ്പെട്ടിരുന്നു. 18 ആം വയസ്സിൽ മെമ്പറുമായി മാറി. അക്കാലത്ത് അറിവിന്റെ അത്ഭുതലോകം കാട്ടിത്തരാൻ SFI യുടെ പഠനക്യാമ്പുകൾ ഉപകരിച്ചിരുന്നു. കോളേജുകൾ, സ്കൂളുകൾ, പഠനക്യാമ്പുകൾ, സാഹിത്യസെമിനാറുകൾ ഇവയ്ക്കിടയിലൂടെയുള്ള നടത്തമായിരുന്നു പ്രധാനം.

chayilyam, love stories, പ്രണയകഥകൾ, വിവാഹം, marriage

ഒരു സഖാവ് പ്രണയിനിയായി വന്നു. നല്ലൊരു സുഹൃത്ത് എന്ന നിലയിലായിരുന്നു വെയ്പ്… സൗഹൃദം എന്നതാണ് കലാബോധത്തെ പുഷ്ടിപ്പെടുത്തുന്ന ഉപാധികളിൽ ഒന്നെന്നു കണ്ടെത്തിയ കാലമായിരുന്നു അത്. അവളുടെ കവിതാലാപന ശൈലി, പ്രാസംഗിക കൗശലം എന്ന നിലയിലെ മികവ്, അതിനായുള്ള ചടുലപ്രവർത്തനങ്ങൾ, തീവ്രമായ വാഗ്ചാദുരി ഒക്കെ അനുഭവിച്ചറിഞ്ഞ നാളുകൾ… സാഹിത്യസെമിനാറിലെ കഥ പറച്ചിൽ കേട്ട മറ്റൊരു കഥാകാരി കൂടി പ്രണയലോകത്തേക്ക് കാലെടുത്തുവെച്ചത് അക്കാലത്തു തന്നെ. രണ്ടുപ്രണയിനിമാരെ പരിചയപ്പെടുത്തുക അവർക്കിടയിലൂടെ നടക്കുക, അവരുടെ പരിഭവങ്ങളിൽ നിന്നും പാഠം പഠിക്കുക, പെണ്ണിന്റെ മനസ്സിനെ അറിയുക എന്നതൊക്കെ കനിഞ്ഞരുളിയ കാലമായിരുന്നു അത്. രണ്ടുപേരും നല്ല കലാഹൃദയമുള്ളവർ.. ഒരാൾക്ക് രാഷ്ട്രപതിയിൽ നിന്നുവരെ അവാർഡുലഭിച്ചതായിരുന്നു. പരസ്പരമുള്ള എഴുത്തുകളിൽ സാഹിത്യാഭിരുചി കൂടി കടന്നുവന്ന് ഗംഭീരമായ കാലമാണത്.

ഇതിലൊരാൾ എന്നോ മരണത്തെ പുൽകി വിടപറഞ്ഞു പോയി! 🙁 അന്നുവരെ അവൾ പ്രിയസഖിയായി ഒരു വിളിപ്പുറത്തുണ്ടായിരുന്നു. മറ്റവൾ ഇന്നും അവളേപ്പോലെ തന്നെ അദൃശ്യതയിൽ എവിടെയോ ഉണ്ട്! ഒരുപക്ഷേ, ഒരു കണ്ടെത്തലിനു സാധ്യതയുണ്ട്.

മാസ്റ്റർ ബിരുധം തുടക്കത്തിലും ഇവർ രണ്ടുപേരും സജീവരായിരുന്നു. രണ്ടുപേരുടേയും കല്യാണം ആ സമയത്ത് കഴിഞ്ഞു, തുടർന്ന് ഒരാൾ എന്നേയ്ക്കുമായും മറ്റൊരാൾ വർഷങ്ങളുടെ നീണ്ട വിടവിലേക്കും അദൃശ്യരായി. സുന്ദരിയായ മറ്റൊരു കുട്ടി പ്രിയ സഖിയായി കൂട്ടത്തിലെത്തി.നിറം സിനിമയിറങ്ങിയത് അക്കാലത്തെന്നോ ആണ്. അതിലെ കഥാപാത്രങ്ങളെ പോലെ ഒരിക്കൽ തുടങ്ങി അതിലെ കഥാബിന്ദുപോലെ തുടർന്ന പ്രണയകാലമായിരുന്നു അത്. രണ്ടുവർഷം അതു നിറഞ്ഞാടി!

chayilyam, love stories, പ്രണയകഥകൾ, വിവാഹം, marriage

പിന്നീട്, അവളേയും ഭംഗിയായി തന്നെ വിവാഹം കഴിച്ചു വിട്ടു. ആദ്യ കുഞ്ഞായപ്പോൾ ഒരിക്കൽ കാണാനായി പോവുകയും ചെയ്തിരിന്നു. പിന്നീട് അവളും എങ്ങോ പോയി മറഞ്ഞു! കാലം മുന്നോട്ടു നീങ്ങിന്നു, പ്രണയകാലത്തിനു വൈവിധ്യങ്ങൾ വരുന്നു നിറമാലകളേറെയാവുന്നു. മറ്റൊരു സഖിയോട് മധുരമായ ഭാഷയിൽ ആദ്യമായി പ്രണയകാര്യം ചോദിക്കുന്നു. അവളുടെ സമ്മതം, ഇഷ്ടം, ബഹുമാനം ഒക്കെ ഹൃദ്യമായ ഓർമ്മയായി നിൽക്കുമ്പോളും പഴയ എഴുത്തുകൾ നിരന്തരം കൈമാറാൻ ശ്രമിച്ചു കൊണ്ടേ ഇരുന്നു. രണ്ട്വർഷത്തിലധികം അതു നീണ്ടുനിന്നു.

വിവാഹസമയമായപ്പോൾ കടുത്ത വിഷമം തോന്നിയ ആദ്യത്തെ പ്രണയമായിരുന്നു അത്. അന്നെനിക്ക് ജോലിയില്ല, നല്ല പ്രായവും അല്ല! പക്ഷേ, കാത്തിരിക്കാൻ അവൾക്കു വഴികളുമില്ല. ഒളിച്ചോടാൻ താല്പര്യമുണ്ടെങ്കിലും മാർഗങ്ങൾ ഒന്നുമില്ലാതെ വലഞ്ഞ കാലം!! കല്യാണത്തിനു പോലും പോവാതെ മാറി നിന്ന് വിഷമിച്ച ആദ്യപ്രണയം ഇതായിരുന്നു! തുടർന്നും ഹൃദ്യമായ ഉൾവിളിയായി അവൾ കൂടെ നിന്നു, ഇന്നുമുണ്ട്…

തുടർന്നു രണ്ടുപേർ പ്രണയാഭ്യർത്ഥനയുമായി എത്തിയെങ്കിലും മുൻ പ്രണയത്തിന്റെ കാര്യം പറഞ്ഞവരെ പിന്തിരിപ്പിക്കാനായിരുന്നു ശ്രമിച്ചത്. പക്ഷേ, അതൊക്കെ ഉൾക്കൊണ്ടുകൊണ്ടും പ്രണയിക്കാൻ അവർ തയ്യാറായപ്പോൾ നല്ല കൂട്ടുകാരനായി ഞാനുണ്ടാവുമെന്നു വാക്കു കൊടുക്കേണ്ടി വന്നു. ഇന്നും നല്ല കൂട്ടുകാരനായി നിൽക്കുന്നു. ഒരു വിളിപ്പുറത്ത് അവരിപ്പോഴും ഉണ്ട്!

ജോലികൾ പലതു ചെയ്തു, സ്ഥലങ്ങൾ പലതു മാറി, ഹൈദ്രാബാദും കോട്ടയവും ബാംഗ്ലൂരുമായി… കുറേ കുട്ടികൾ തമാശയ്ക്ക് കളിയാക്കിയ മറ്റൊരു സുന്ദരി ഇക്കാലത്തൊക്കെ പുറകിൽ തന്നെയുണ്ടായിരുന്നു. ഓർക്കുട്ടിന്റെ കാലമായിരുന്നു അത്. ഇവളെ പറ്റി ഒരിക്കൽ ചായില്യത്തിൽ തന്നെ പറഞ്ഞിട്ടുണ്ട്. പ്രേമിക്കാനൊന്നും നിൽക്കാതെ ഒഴിഞ്ഞു മാറീ നിൽക്കാനായിരുന്നു എന്റെ ശ്രമം മുഴുവൻ. ഈ കുട്ടിയെ വിളിച്ചുപദേശിച്ചവരിൽ ഓഫീസിലെ കൂട്ടുകാരികൾ വരെയുണ്ട്! ഇവളും പിന്നീട് വിവാഹിതയായി. എങ്കിലും ഇന്നും ഒരു വിളിപ്പുറത്തവളുണ്ട്. ഹൃദ്യമായ ഭാഷയിൽ രണ്ടാഴ്ച മുമ്പവൾ വിളിച്ചിരുന്നു.

ഉള്ളിൽ ഒളിപ്പിച്ചു വെച്ചിരുന്നു പ്രണയവുമായി അപ്പോഴാണു മറ്റൊരു സുന്ദരി മുമ്പേക്കു വന്നത്. അവളുടെ ഭാഷയിൽ ഹൃദ്യമായ വികാരം ഏറെ ആകർഷിക്കപ്പെട്ടു. പ്രണയകാലം അവസാനിപ്പിക്കാൻ തുനിങ്ങിറങ്ങിയ സമയമായതിനാൽ തുറന്നു പറയാൻ പറ്റി. അവൾ പക്ഷേ, ആ ധൃതിയിൽ ഇക്കാര്യം വീട്ടുകാരെ അറിയിക്കാമെന്നും കാലത്തിന്റെ കല്പനപോലെ നമുക്കു വിവാഹിതരാവാമെന്നും പറഞ്ഞു. ഒളിച്ചോടാൻ വരെ റെഡിയായപ്പോൾ, അതിൽ നിന്നും സുന്ദരമായി പിന്തിരിപ്പിക്കാൻ കഴിഞ്ഞിരുന്നു. വീട്ടിൽ പറഞ്ഞപ്പോൾ അവളുടെ ഇഷ്ടത്തെ അംഗീകരിക്കാൻ വീട്ടുകാർ തയ്യാറായില്ല. അവളെ അങ്ങനെ വെച്ചോണ്ടിരിക്കുന്നതിലെ അപകടം മണത്ത വീട്ടുകാർ ആ ആഴ്ചതന്നെ ചെക്കനെ കണ്ടെത്തി വിവാഹം കഴിപ്പിച്ചു വിട്ടു. ഇവളുടെ പേരായിരുന്നു, ആക്സിഡന്റുകഴിഞ്ഞ് ഓർമ്മകളും സ്വബോധവുമില്ലാതിരുന്ന കാലത്ത് ഞാൻ ഭാര്യശ്രീയെയും അവളുടെ കസിൻസിനേയും വിളിച്ചിരുന്നത് എന്നു പിന്നീടറിഞ്ഞു. 🙂 അക്കാലത്ത് അവൾ നിത്യവും വിളിച്ചു വിശേഷങ്ങൾ അന്വേഷിച്ചിരുന്നത് ഞാനറിഞ്ഞതോ എന്താണെന്നറിയില്ല അവളുടെ പേരുകൾ എങ്ങനെയോ ഓർമ്മകളിൽ നിറഞ്ഞു നിന്നിരുന്നു!

അടുത്ത പ്രണയം തുടങ്ങിയത് അവളുടെ വിടപറയലിനു ശേഷമായിരുന്നു. മൂന്നോളം വർഷങ്ങളിൽ ഹൃദ്യമായ അനുഭൂതിയായി നിറഞ്ഞു നിന്നൊരു പ്രണയിനി! വിവാഹം കഴിക്കാൻ വേണ്ട കരുതലുകൾ എടുത്തുവെച്ചായിരുന്നു നീക്കങ്ങൾ! അവിടേയും വീട്ടുകാർ പ്രതിരോധവുമായി എത്തി. ഒളിച്ചോട്ടത്തെ നിരുത്സാഹപ്പെടുത്താൻ തന്നെയായിരുന്നു അന്നും മോഹം. അതുതന്നെ നടന്നു. അവർ കൃത്യമായി മറ്റൊരു വിവാഹം കഴിപ്പിച്ച് അവളെ പറഞ്ഞയച്ചു.

പ്രണയിനിമാർ ഇങ്ങനെയങ്ങു പോകുന്നു. ഭാര്യശ്രീയെ പെണ്ണു കണ്ടപ്പോൾ മറ്റൊരു കൂട്ടുകാരി അവളുടെ വീട്ടിൽ പോയി പറയുകയും വീട്ടുകാർ ഓക്കെ പറഞ്ഞു സമ്മതിക്കുകയും ചെയ്തൊരു കാര്യമുണ്ട്! പക്ഷേ, അതറിയും മുമ്പേ ഞാനിവർക്കു വാക്കു കൊടുത്തത് തെറ്റിക്കാനുള്ള മനോവിഷമം മൂലം ആ രഹസ്യപ്രണയിനിയെ ഒഴിവാക്കേണ്ടി വന്നു.

വിവാഹകാര്യവും ഇങ്ങനെ തന്നെ ഹൃദ്യമായിരുന്നു
കൂടെ വർക്ക് ചെയ്ത കൂട്ടുകാരി, അവളുടെ പ്രിയ തോഴിയെ ഒരിക്കൽ കെട്ടാനായി ഫോട്ടോസ് അടക്കം സകല ഡീറ്റൈൽസും തന്നിരുന്നു…
വേറൊരു തെക്കൻ സുഹൃത്തിന്റെ ആവശ്യപ്രകാരം ആ കൂട്ടുകാരൻ തന്നെ സംസാരിക്കുകയുണ്ടായി ഒരു പെണ്ണിനെ കാണിച്ചു തന്നിരുന്നു…
അന്നൊന്നും കല്യാണപ്രായമായി എന്നെനിക്കു തോന്നാത്തതിനാലും, ഇവരെയൊന്നും പരിചയം പോലും ഇല്ലാത്തതിനാലും ഒഴിഞ്ഞു മാറി നടക്കുകയായിരുന്നു.
കല്യാണപ്രായമായി എന്നു തോന്നിയപ്പോൾ ഞാൻ തന്നെ നോക്കിയ പെണ്ണ് വേറെന്തൊക്കെയോ കാര്യങ്ങളാൽ മാറ്റപ്പെട്ടു…
ചെറുപ്പത്തിൽ കൂടെ പഠിച്ച ഒരു സുഹൃത്ത് കാണിച്ചു തന്ന പെണ്ണിന് എന്നെ ഇഷ്ടമാവാതെ ഞാൻ പിന്തള്ളപ്പെട്ടിരുന്നു – ആ കഥ ഇവിടെ കൊടുത്തിരിക്കുന്നതു വായിക്കുക
പെണ്ണുകാണൽ ചടങ്ങു വേറെ രണ്ടെണ്ണം ഉണ്ട്… രണ്ടും നടന്നില്ല…

ഇന്നത്തെ ഭാര്യാശ്രീയെ അമ്മയും പെങ്ങളും കണ്ട് എനിക്കായി സെലെക്റ്റ് ചെയ്യുകയായിരുന്നു… അവരുടെ ഇഷ്ടം നടക്കട്ടേന്ന് വിചാരിച്ച് ഞാൻ മറുത്തൊന്നും പറയാതെ സമ്മതിക്കുകയായിരുന്നു. ഇവളെ കാണുന്ന സമയത്തു തന്നെ മറ്റൊരു കുട്ടിയെ കൂടി അവർ കണ്ടിരുന്നത്രേ!! അവളെപ്പറ്റിയൊന്നും അറിയുകയേ ഇല്ലായിരുന്നു!!

ആരെയെങ്കിലും വിട്ടുപോയോ എന്നറിയില്ല!!
ഉണ്ട് വിട്ടു പോയിട്ടുണ്ട്!
വിട്ടുപോയവർ തൽക്കാലം ക്ഷമിക്കുക.
ഇതിനിടയിലെ സെക്സും സ്റ്റണ്ടും കരച്ചിലും പറച്ചിലുമെല്ലാം നിങ്ങളുടെ ഭാവനയ്ക്കു വിടുന്നു. കാവ്യാത്മകമായ ഏതു ഭാവനയേയും അതേപടി സ്വീകരിക്കാൻ തയ്യാറാണ്. 🤓🤓
എന്റെ പ്രണയകാലമത്രയും ഏറെ കാവ്യാത്മകമായിരുന്നു… വിട്ടുപോയവർ ഒഴികെ (അഞ്ചുപേർ – ഇങ്ങോട്ടു പ്രണയിക്കാൻ വന്നവരെ ഇതിൽ കൂട്ടുന്നില്ല!) ബാക്കിയെല്ലാവരേയും ഞാനിന്നും പ്രണയിക്കുന്നു!! പ്രണയം ആജീവനാന്ത സുഖമുള്ള കാര്യം തന്നെയാവുന്നു! കലഹിക്കാനും പ്രണയിക്കാനുമായി ഗവണ്മെന്റ് സർട്ടിഫിക്കേറ്റുമായി ഒരാൾ മുന്നിലും പിന്നിലും സൈഡുകളിലുമായി കൂടെ തന്നെയുണ്ട്.

ഗ്രാഫിക്സ് ഡിസൈനിങ്

free vector graphics editorsചുറ്റുവട്ടങ്ങിളിലായി പലതരത്തിലുള്ള ഡിസൈനുകൾ നമ്മൾ കണ്ടുവരുന്നുണ്ട്. നിത്യേന കാണുന്ന പത്രമാധ്യമങ്ങൾ, അവയുടെ ഓൺലൈൻ വേഷപ്പകർച്ചകൾ, പുസ്തകങ്ങള്‍, അവയുടെ മുഖചിത്രങ്ങൾ, ഉൾപ്പേജുകൾ, കല്യാണ ക്ഷണക്കത്തുകള്‍, വിസിറ്റിങ് കാര്‍ഡുകള്‍, പരസ്യ ബ്രോഷറുകള്‍, ബില്ലുകള്‍, ബാനറുകൾ, ബോര്‍ഡുകള്‍, വെബ്‌സൈറ്റുകള്‍ എന്നിങ്ങനെ പലതാണു മേഖലകൾ. ഇവിടെ രണ്ടുതരം രചനാവിരുതുകളെ പറ്റി പറയുന്നു. ഒന്ന് റാസ്റ്റർ എഡിറ്റിങ്, മറ്റൊന്ന് വെക്ടർ എഡിറ്റിങ്.  നല്ല ഗംഭീരമാർന്ന എഴുത്തുകൾ, കൃത്യമായ ചിത്രങ്ങൾ, ഇവ രണ്ടും ചേർത്തു യോജിപ്പിക്കാൻ പറ്റിയ ആശയങ്ങൾ എന്നിവ കൂടിച്ചേർന്ന സുന്ദരമായ കമ്മ്യൂണിക്കേഷന്‍ കലയാണു ഗ്രാഫിക് ഡിസൈനിങ് എന്ന സംഗതി.

റാസ്റ്റർ എഡിറ്റിങ്

ഒരു ചിത്രത്തിന്റെ മിനിമം രൂപമായ പിക്സൽ ലെവലിൽ വരെ പോയി എഡിറ്റിങ് നടത്താനാവുന്ന ലീലാവിലാസങ്ങൾ ആണവിടെ പ്രധാനം. പരിചയം കൊണ്ട് Adobe-ന്റെ Photoshop ആണ് മികച്ച ഫോട്ടോ എഡിറ്റിങ് സോഫ്റ്റ്‌വെയറായിട്ട് തോന്നിയത്. കലാവിരുതുകൾ അറിയുമെങ്കിൽ പലതരം നൂലാമാലകൾ ഒപ്പിക്കാം എന്നതിനപ്പുറം സോഫ്റ്റ്‌വെയർ എന്ന നിലയിൽ മികച്ച പലതരം സംഗതികളും ഇതിലുണ്ട്. പക്ഷേ ഇത് Free യോ Open Source- ഒന്നുമല്ല ആവശ്യമുണ്ടെങ്കിൽ കാശു കൊടുത്ത് വേണ്ടത്ര സമയത്തേക്ക് വാങ്ങിക്കണം. താഴെ റാസ്റ്റർ എഡിറ്റിങ്ങിനു പറ്റിയ ഫ്രീ സോഫ്റ്റ്‌വെയറുകളുടെ പേരുകൾ കൊടുക്കുന്നു. കാണുക.

01) GIMP
02) Paint.NET
03)#Krita
04) Autodesk Pixlr
05) MyPaint
06) Pinta
07) Polarr
08) PhotoFiltre
09) Adobe Photoshop Express
10) MediBang Paint
11) FireAlpaca
12) Fotor
13) Seashore
14) Sumo Paint
15) Artweaver
16) Livebrush
17) Snapseed
18) Photivo
19) PicMonkey
20) Photopea
21) LazPaint
22) Pixeluvo
23) Hornil Stylepix
24) SketchPort
25) Verve

ഇവയൊക്കെയും ഫോട്ടോഷോപ്പ് പോലുള്ള സ്റ്റോഫ്റ്റ്‌വെയറുകൾ പോലെ പകരമായി നിൽക്കാൻ പറ്റുന്നത് എന്നു പറയുന്നില്ല; കൂടെ നിൽക്കാൻ പര്യാപ്തമായ ഫ്രീസോഫ്റ്റ്‌വെയറുകളെ പരിചയപ്പെടുത്തി എന്നു മാത്രം കരുതുക. ഫോട്ടോഷോപ്പ് അറിയുന്നവർക്ക് അതേ ലോജിക്കിൽ ഉപയോഗിക്കാൻ പറ്റിയ ഒരു ഓൺലൈൻ സംവിധാനം ഉണ്ട്. https://pixlr.com/ – ഇതാണു സൈറ്റ്. അത്യാവശ്യകാര്യങ്ങളൊക്കെ ഒപ്പിക്കാം. മറ്റുള്ളവരെ ഒന്നു പേരുപറഞ്ഞ് പരിചയപ്പെടുത്താം. അത്, ഗൂഗിളിൽ തപ്പി കണ്ടുപിടിച്ച് ഉപയോഗിച്ചാൽ മതി. സ്പെല്ലിങ് മാറിപ്പോകാതെ നോക്കണം

വെക്ടർ എഡിറ്റിങ്

ഇവിടെ പറയുന്നത് കോറൽ ഡ്രോയെ അടിസ്ഥാനപെടുത്തിയവയാണ്. ഇത് വെക്ടർ എഡിറ്റിങാണ് . ശുദ്ധമായ വ്യക്തത ആവശ്യമായ രീതിയിൽ ലോഗോ, ലെറ്റർ പാഡ്, വിസറ്റിങ് കാർഡ് എന്നിവ പോലുള്ളവയ്ക്ക് നല്ലത് വെക്ടർ എഡിറ്റിങ് സോഫ്റ്റ്‌വെയറുകളാണ്. ചറപറയാക്കി ഫെയ്സ്ബൗക്കിൽ തട്ടാനൊക്കെ റാസ്റ്റർ എഡിറ്റിങ് പണിയായുധങ്ങൾ തന്നെ ധാരാളം. പ്രിന്റിങിനും മറ്റും നല്ലത് ഇവനാണ്. അഡോബിന്റെ ഇല്ലുസ്‌ട്രേറ്റര്‍, കോറല്‍ ഡ്രോ ഒക്കെ തന്നെയാണിവിടേയും മുൻപന്തിയിൽ നിൽക്കുന്നത്. എന്തായാലും പറയുന്ന സോഫ്റ്റ്‌വെയറുകൾ വെറും പണിയായുധങ്ങൾ മാത്രമാണ്. ഇവയൊക്കെ വെച്ച് പണിയെടുക്കുന്ന ആളുകളുടെ മിടുക്കിൽ തന്നെയാണ് കാര്യങ്ങൾ ഇരിക്കുന്നത്. എങ്കിലും ചെറുതായ കാര്യങ്ങളൊക്കെ ഫ്രീയായി കിട്ടുന്ന സോഫ്റ്റ്‌വെയറുകൾ ഉപയോഗിച്ച് സ്വന്തം കമ്പ്യൂട്ടറിൽ ചെയ്തു നോക്കാമല്ലോ, വേണ്ടെങ്കിൽ ഡീലീറ്റടിക്കാം, വേണമെങ്കിൽ കുട്ടപ്പനാക്കി ഫെയ്സ്ബുക്കിലിടാം!! അത്രേ ഉള്ളൂ കാര്യം…

India map
ഭാരതം – ക്ലിക്ക് ചെയ്താൽ സോഴ്സ് ഫയൽ കാണാം

ഇവിടേയും ഞാനൊന്നിനു മുൻഗണന കൊടുക്കാൻ ആഗ്രഹിക്കുന്നു, അത് ഇങ്ക്‌സ്കേപ്പാണ്. പണ്ടുതൊട്ടേ സൈഡായിട്ട് അതും കൊണ്ടുപോകുന്നതു കൊണ്ടുള്ള ഒരു സ്നേഹം ആണെന്നു പറയാം. ഇതിൽ മുമ്പ് ചെയ്ത മിക്ക കാര്യങ്ങളും വിക്കിപീഡിയയിൽ കൊടുത്തിട്ടുണ്ട്. അതിൽ ഭൂപടവുമായി ബന്ധപ്പെട്ടതു കാണുക << Map Project >>. സോഴ്സ്കോഡ് അടക്കം അതിൽ ഉള്ളതിനാൽ ഡൗൺലോഡ് ചെയ്തെടുത്ത് ആർക്കും കളികൾ കളിക്കാനാവും. മിക്ക ഇന്ത്യൻ ഭാഷകളിലേക്കും ഇതുപോലെ മാറ്റം വരുത്തിയത് അവർ എന്റെ പേരു മെൻഷൻ ചെയ്തപ്പോൾ നോട്ടിഫിക്കേഷൻ വന്നു കണ്ടിട്ടുണ്ട്. ഇഷ്ടപ്പെട്ട ഒരു മാപ്പ് ക്ലിക്ക് ചെയ്തു വലുതാക്കി നോക്കിയാൽ അതിന്റെ തീവ്രത കാണാം. അതൊക്കെ കൊണ്ട് ഒന്നാം സ്ഥാനം ഇങ്ക്‌സ്കേപ്പിനു കൊടുക്കുന്നു… കഴിഞ്ഞ ഡിസംബറിൽ ഇവയിൽ പലതും ചെയ്തത് ടെക്സ്റ്റ് എഡിറ്റിങ് സാമാനമായ നോട്ട്‌പാഡിലായിരുന്നു എന്നു പറഞ്ഞാൽ എത്രപേർക്ക് വിശ്വസിക്കാനാവും!! ഇവിടെ വലതുവശത്തു കൊടുത്തിരിക്കുന്ന ഇന്ത്യയുടെ ഭൂപടത്തിൽ ക്ലിക്ക് ചെയ്തു നോക്കുക. വിക്കിപീഡിയയി കൊടുത്തിരിക്കുന്ന സോഴ്സ്ഫയലുതന്നെ അപ്പോൾ കാണാം. സോഴ്സ് ഫയൽ ആയതിനാൽ വേണ്ടുന്ന മാറ്റങ്ങൾ വരുത്താനാവും. എസ്.വി.ജി. എഡിറ്റിങ് അറിയുന്നവർക്ക് ഒരു നോട്ട്പാഡിൽ വെച്ചുതന്നെ കളറുകൾ മാറ്റാനും പേരുകൾ മാറ്റാനും മറ്റു ഭാഷകളിലേക്ക് മാറ്റാനും ഫോണ്ട് സ്റ്റൈൽ മാറ്റാനും ഒക്കെ പറ്റും. ഈ സൈറ്റിന്റെ ലോഗോ തന്നെയാണു മറ്റൊരു ഉദാഹരണം. ഇവിടെ ക്ലിക്ക് ചെയ്താൽ കിട്ടുന്ന ഇമേജിൽ നിന്നും ഏതെങ്കിലും ഒരു വാക്ക് സെലെക്റ്റ് ചെയ്ത് കോപ്പി എടുത്ത്, നോട്ടോപാഡിലോ മറ്റോ പേസ്റ്റ് ചെയ്തു നോക്ക്!! ഫോണ്ടിന്റെ സ്റ്റൈലും കളറും ഒന്നും കിട്ടിയില്ലെങ്കിലും കണ്ടന്റ് കൃത്യമായി കിട്ടും!! അതൊക്കെ ഇങ്ക്‌സ്കേപ്പിന്റെ ഒരു മായാജാലം മാത്രമായി കാണുക. ഇനി നമുക്ക് ഇങ്ക്സ്കേപ്പ് അടക്കം ലഭ്യമായ മറ്റ് വെക്ടർ എഡിറ്റിങ് സോഫ്റ്റ്‌വെയറുകളെ ഒന്നു പരിചയപ്പെടാം:

01) Inkscape
02) Boxy SVG
03) Apache OpenOffice Draw
04) sK1
05) Karbon
06) AutoDraw
07) Photopea
08) svg-edit
09) Serif Drawplus
10) Bez
11) PixelStyle
12) YouiDraw
13) InsightPoint
14) QueekyPaint
15) Torapp guilloche designer
16) Swipe Draw
17) Alchemy
18) DrawBerry
19) Creative Docs .Net
20) Webchemy
21) FreePhotoEditor.Tech
22) Kleki
23) Ella
24) Vecteezy Editor
25) IYOPRO

ഗൂഗിളിൽ സേർച്ച് ചെയ്തു നോക്കിയാൽ ഫ്രീയായി ഡൗൺലോഡ് ചെയ്യാനുള്ള ലിങ്ക് കിട്ടും. ഇവയുടെ പേരു തെറ്റാതെ നോക്കണം. ലീങ്ക് ആവശ്യമാണെങ്കിൽ ചോദിക്കുന്നവയുടെ ഡൗൺലോഡിങ് ലിങ്ക് തരാവുന്നതും ആണ്.

മുകളിൽ കൊടുത്തിരിക്കുന്ന ഭാരതത്തിന്റെ svg ചിത്രം തന്നെ ഉപയോഗിച്ച് വരുത്തിയ മാറ്റങ്ങൾ കാണുക. ഇതിന്റെ കുറിപ്പുകൊടുത്തത് ഇപ്രകാരമാണ്, 2017 ൽ ഭാരതത്തിൽ ഉള്ള രാഷ്ട്രീയപാർട്ടികളുടെ സ്വാധീനം. ഭൂരിപക്ഷ സ്വാധീനമുള്ള അധികാരികൾ തന്നെയാണ് നിയമവും അധികാരവും കൈകാര്യം ചെയ്യുക. അതാണു വർത്തമാനവും ഭാവിയും. ഭാവിയിലെ ഭാരതവും അതിന്റെ പ്രതിഫലനമാവുന്നു. തെറ്റുകൾ തിരുത്താൻ കഴിവുള്ളവർ ജനങ്ങൾ മാത്രമാണെന്നുള്ളത് ഇവിടുത്തെ വസ്തുതയാണ്… അതുകൊണ്ട് കാര്യങ്ങളെ കൈകാര്യം ചെയ്യാൻ പ്രാപ്തിയുള്ളവരായി നമുക്ക് മാറാൻ പറ്റേണ്ടതുമാണ്.കൂടെ കുഞ്ഞുണ്ണിമാഷെ കൂടി ഓർക്കുന്നു…
നമ്മൾ നന്നാകുവാനെന്തു നല്ലൂ,
നല്ലൊരു ചൂലു മനസ്സിൽ നല്ലൂ…

India map political parties 2017

11 ബിജെപി
ഉത്തരഖണ്ഡ്
ഉത്തർപ്രദേശ്
ഹരിയാന
രാജസ്ഥാൻ
അരുണാചൽ പ്രദേശ്
അസം
ജാർഖണ്ഡ്
ഛത്തീസ്ഗഡ്
മധ്യപ്രദേശ്
ഗുജറാത്ത്
ഗോവ
7 എൻഡിഎ
ജമ്മു കാശ്മീർ
ബീഹാർ
സിക്കിം
നാഗാലാന്റ്
മണിപ്പൂർ
മഹാരാഷ്ട്ര
ആന്ധ്രാപ്രദേശ്
6 കോൺഗ്രസ്
ഹിമാചൽപ്രദേശ്
പഞ്ചാബ്
മേഘാലയ
മിസോറാം
കർണാടക
പുതുച്ചേരി
5 മറ്റുള്ളവർ
ബംഗാൾ
തെലങ്കാന
തമിഴ്നാട്
ഡൽഹി
ഒറീസ

2  ഇടതുപക്ഷം
കേരളം
ത്രിപുര

ഇതു ചെയ്തിരിക്കുന്നത് ഇങ്ക്സ്കേപ്പും നോട്ട്പാഡും ചേർന്നാണ്. ഇങ്ക്സ്കേപ്പിൽ തന്നെ എല്ലാം ചെയ്യാമെന്നിരിക്കിലും സാഹചര്യവും എളുപ്പവും പരിഗണിച്ച് നോട്ട്പാഡെന്ന ടെക്സ്റ്റ് എഡിറ്റർ ഉപയോഗിക്കുന്നു എന്നേ ഉള്ളൂ, ഒരു വാല്യു ഫൈൻഡും റിപ്ലേയ്സും ചെയ്യാൻ നോട്ട്പാഡ് വളരെ സഹായിയാണ്. ഇങ്ക്സ്കേപ് മാത്രം ഉപയോഗിച്ച് ചെയ്തിരിക്കുന്നത് ഭൂപടത്തിൽ കാണുന്ന സംസ്ഥാനങ്ങളുടെ നമ്പറുകളും ലിസ്റ്റും മാത്രമാണ്. കളറുമാറ്റങ്ങൾ എല്ലാം നോട്ട്പാഡിലായിരുന്നു.

സുന്ദരകാണ്ഡം

hanuman ramayanam, ഹനുമാൻ

hanuman ഹനുമാൻ സകലശുകകുല വിമലതിലകിത കളേബരേ!
സാരസ്യപീയൂഷ സാരസർവ്വസ്വമേ
കഥയ മമ കഥയ മമ കഥകളതിസാദരം
കാകുൽ‌സ്ഥലീലകൾ കേട്ടാൽ മതിവരാ
കിളിമകളൊടതിസരസമിതി രഘുകുലാധിപൻ
കീർത്തി കേട്ടീടുവാൻ ചോദിച്ചനന്തരം
കളമൊഴിയുമഴകിനൊടു തൊഴുതുചൊല്ലീടിനാൾ
കാരുണ്യമൂർത്തിയെച്ചിന്തിച്ചു മാനസേ
ഹിമശഖരി സുതയൊടുചിരിച്ചു ഗംഗാധര-
നെങ്കിലോ കേട്ടു കൊൾകെന്നരുളിച്ചെയ്തു:

hanuman ramayanam kilippattu, ഹനുമാൻ രാമായണം കിളിപ്പാട്ട്2000- 2001 ഇൽ ആണെന്നു തോന്നുന്നു, മലയാളം എം എയ്ക്ക് പഠിക്കുമ്പോൾ കോഴിക്കോട് യൂണിവേർസിറ്റി സിലബസ്സിൽ രാമായണത്തിൽ നിന്നും സുന്ദരകാണ്ഡം ആയിരുന്നു പഠിക്കാനുണ്ടായിരുന്നത്. ഞാൻ രാമായണം കാണുന്നത് തന്നെ അന്ന് പരീക്ഷയ്ക്ക് പഠിക്കാനായിട്ടായിരുന്നു. അതിനുമുമ്പുള്ള ടീച്ചറൊക്കെയും ബാലരമ അമർചിത്രകഥകളായിരുന്നു.

എന്തായാലും ഈ കലാപരിപാടിയുമായി ബന്ധപ്പെട്ട് കോഴിക്കോട് ഒരു പുസ്തകച്ചന്തയിൽ നിന്നും ആദ്ധ്യാത്മ രാമായണം മുഴുവനായങ്ങ് വാങ്ങിച്ച് വായിക്കാനൊരുങ്ങി! പഠിക്കുന്നത് മലയാളം എം എ ഒക്കെയാണെങ്കിലും വായിക്കാനും അർത്ഥം മനസ്സിലാക്കാനും ഒക്കെ പെട്ട പാട് അല്പം കഠിനമായിരുന്നു. അന്നു പഠിക്കുമ്പോൾ രാധാകൃഷ്ണൻ മാഷൊക്കെ ആദ്യക്ലാസിൽ തന്നെ എണീറ്റ് നിർത്തി അക്ഷരം പറയിപ്പിക്കലായിരുന്നു ചെയ്തത് എന്നതും കൂടെ ഓർക്കുന്നു!! എന്നെക്കൊണ്ടു മാത്രമല്ല, ആരെ കൊണ്ടും കൃത്യമായി മലയാള അക്ഷരങ്ങൾ ഉച്ചരിക്കുവാൻ അന്നു പറ്റിഞ്ഞിരുന്നില്ല. ആർക്കെങ്കിലും പറ്റിയിരുന്നു എന്നുണ്ടെങ്കിൽ തൽക്കാലം ക്ഷമിക്കുക. ഒരു വഴിക്ക് പോവുകയല്ലേ; പൊക്കോട്ടെ!!

സുന്ദരകാണ്ഡം ഏറെ സുന്ദരവും മൃദുലവുമായ സംഗതിയാണ്. മനസ്സിനെ ഏറെ ആർദ്രമാക്കി സുന്ദരമാക്കുന്ന ഭാഗമാണിത്. ജീവിതം ഒരു വൻകടലാണെങ്കിൽ കൃത്യമായ പ്രത്യാശയും ആത്മധൈര്യവും ഉണ്ടെങ്കിൽ മാത്രമേ അതു മുറിച്ചു ചാടാൻ പറ്റുകയുള്ളൂ എന്നു തെളിയിക്കുന്ന ഭാഗം അഞ്ചാമത്തെ കാണ്ഡമായ സുന്ദരകാണ്ഡം തന്നെയാവുന്നു. നായകനായ ശ്രീരാമനൊക്കെ ഒരു പുകമറയ്ക്കപ്പുറമിരിക്കുന്ന ഏകഭാഗം കൂടിയാണിത്. സ്ഥിരചിത്തതയുടെ ദ്രാവിഡബലം ഹനുമാനിലൂടെ കാണിച്ച് ഒരു വംശത്തെ മുഴുവൻ ആറാടിച്ച വീക്ഷണകോണിലാവണം സുന്ദരകാണ്ഡം വിരിഞ്ഞതുതന്നെ.

സംസാരസാഗരം മുറിച്ചു കടക്കുവാൻ ബുദ്ധിമുട്ടുകൾ പലതുണ്ടാവും. അമൂർത്തമായ ഉത്സാഹവും സ്ഥിരചിത്തതയും തന്നെയാണ് ഇതു തരണം ചെയ്യുവാൻ വേണ്ടത്. ഇതിന്റെ മൂർത്തീഭാവമാണ് ഹനുമാൻ. യാത്രാമദ്ധ്യേ തടസങ്ങൾ പലതരത്തിൽ വന്നേക്കാം. വായും പിളർന്ന് സുരസമാർ നമുക്കുനേരെ നടന്നടുക്കാം; കൂളായിട്ട് ഇടയിലൂടെ കടന്നിറങ്ങാൻ പറ്റേണ്ടതുണ്ട്. നമ്മുടെ നിഴലിനെ പോലും പിടിച്ചു വലിക്കുന്ന ഛായാഗ്രാഹിണിമാർ സിംഹികകളായി വന്നെന്നിരിക്കും. കാര്യ സാധ്യത്തിന് പ്രലോഭനങ്ങള്‍ പലതും കാട്ടി മൈനാകപർവ്വതം പോലെ വിശ്രമതാവളങ്ങൾ പലതും വന്നേക്കും, അമൂല്യ ധനശേഖരങ്ങൾ കാണിച്ച് ലക്ഷ്മിമാർ വന്ന് നമിച്ചെന്നിരിക്കും… സുന്ദരകാണ്ഡം വിശദീകരിക്കുന്ന മാർഗവിഘ്നങ്ങൾ ഇങ്ങനെ പലതാവുന്നു. അതൊക്കെ കടക്കാൻ പര്യാപ്തമായ മനസ്ഥൈര്യം ആ ദ്രാവിഡപുത്രനുണ്ടായിരുന്നു എന്നത് കൃത്യമായി വരച്ചുചേർത്ത സ്ഥലമാണു സുന്ദരകാണ്ഡം.

ഏതു സഭയിലും മുഖം നോക്കാതെ പ്രതികരിക്കാന്‍ കഴിഞ്ഞിരുന്ന വ്യക്തിയാണ് ഹനുമാൻ. അതല്ലാതെ ശ്രീരാമന്റെ കേവലമൊരു അടിമയായിരുന്നില്ല ആ ദ്രാവിഡശ്രേഷ്ഠൻ. രാമന്റെ സഭയില്‍വെച്ച് രാമനോട് ശബ്ദമുയർത്തി പറയുന്ന വാക്കുകള്‍ ഏറെ ശ്രദ്ധേയമാവുന്നത് ഈ വിധത്തിലാണ്. അവിടെ വെച്ച്, ഒരപരാധവും ചെയ്യാത്ത പതിവ്രതയായ സീതയെ കാട്ടിലുപേക്ഷിക്കുന്നതിനെ ഹനുമാൻ ചോദ്യം ചെയ്യുന്നു. ഈ അസാധാരണ വ്യക്തിത്വം അന്ന് ദ്രാവിഡമുഖ്യർക്ക് പ്രസിദ്ധമായിരുന്നിരിക്കണം.

നമ്മളിന്നും രാവണപ്രഭുക്കളുടെ ഭരണയന്ത്രത്തിൽ വലയുന്നവരാണ്. അഴകിയ രാവണൻ വന്ന് ആസുരചക്രങ്ങൾ ഒളിപ്പിച്ചു വെച്ച് ലീലാവിലാസമാടുന്നതും സുന്ദരകാണ്ഡത്തിൽ തന്നെയാവുന്നു. സീതയെ മാറ്റിചിന്തിപ്പിക്കാനായി വ്യാജസ്തുതികളിലൂടെ തകർത്തഭിനയിച്ച രാവണമുഖം നമുക്ക് നമ്മുടെ ഭരണാധികാരികളുടെ പ്രവൃത്തികളിൽ കാണാനാവും. ലങ്കാദഹനം മാത്രമേ ദ്രാവിഡമുഖ്യനു പറഞ്ഞതായുള്ളൂ. സവർണവിശ്വാസസംഹിതകളെ വാലിൽ തീകൊളുത്തി ചുട്ടെരിക്കാൻ നമുക്ക് കഴിയേണ്ടതുണ്ട്. നമ്മളൊക്കെ മാരുതിയായി പുനർജ്ജനി തേടണം. കണ്ണു തുറന്നു കാണണം. അഴകിയ വേഷവിധാനങ്ങൾ വലിച്ചെറിയാൻ പര്യാപ്തമാവണം നമ്മുടെ അന്തരംഗം.

വരൂ നമുക്ക് സുന്ദരകാണ്ഡത്തിൽ നിന്നും പഠിച്ചു തുടങ്ങാം. ഈ കള്ളക്കർക്കിടകമാസം അതിനുള്ളതാവണം. ആസുരതയുടെ പ്രചണ്ഡതാളങ്ങൾ തീക്കൊളുത്തി നശിപ്പിക്കാൻ ശേഷിയുള്ള പഴയ ദ്രാവിഡമഹിമ നമ്മുടെ മനസ്സിലേക്ക് ആവാഹിക്കാൻ പറ്റുന്നതാവട്ടെ ഈ രാമായണമാസം.!! തകർന്നടിയട്ടെ ഈ രാവണസാമ്രാജ്യം. ലങ്കാദഹനമാവട്ടെ ലക്ഷ്യം!!

എഴുത്തച്ഛന്റ ആദ്ധ്യത്മ രാമായണം കിളിപ്പാട്ട് വായിക്കാൻ ഇങ്ങോട്ടു വരിക…

സരസ്വതി

The universe and I Pale Blue Dot Astronomical unit Robert Innes Proxima Centauri വോയേജർ Milky way സൗരയൂഥം ആകാശഗംഗ ഗാലക്സി Dark Matter

Saraswati a supercluster of galaxies ഭൂമിയില്‍ നിന്ന് കോടിക്കണക്കിന് പ്രകാശ വര്‍ഷം അകലെയായി പുതിയ നക്ഷത്ര സമൂഹത്തെ കണ്ടെത്തിയിരിക്കുന്നു. ഇന്ത്യന്‍ ശാസത്രജ്ഞര്‍ കണ്ടെത്തിയ ഈ പുതിയ ഗാലക്‌സി സമൂഹത്തിന് സരസ്വതി എന്നാണ് പേരിട്ടിരിക്കുന്നത്. ഒട്ടനേകം ചെറു ഗാലക്‌സികള്‍ ചേര്‍ന്നുള്ള ഈ ഗാലക്‌സി വ്യൂഹത്തിന് സൂര്യനേക്കാല്‍ 200 കോടി ഇരട്ടി ഭാരം വരും. 1000 കോടി വര്‍ഷങ്ങള്‍ക്ക് മുമ്പ് രൂപപ്പെട്ട ഈ ഗാലക്‌സി സമൂഹത്തില്‍ 42 കൂട്ടങ്ങളായി 10000 ഗാലക്‌സികളുണ്ട്.

പ്രപഞ്ചത്തില്‍ ഇതുവരെ കണ്ടെത്തിയതില്‍ വെച്ച് ഏറ്റവും വലിയ ഗാലക്‌സി സമൂഹമാണിത്. ഭൂമിയിൽ നിന്ന് 400 കോടി പ്രകാശ വർഷങ്ങൾ അകലെയായാണ് ഇത് സ്ഥിതി ചെയ്യുന്നത്. പുനെയിൽ നിന്നുള്ള ജ്യോതി ശാസ്തജ്ഞനാണ് ഈ കണ്ടുപിടിത്തം നടത്തിയത്. പ്രപഞ്ചത്തില്‍ ഇത്തരത്തില്‍ ഒരുകോടിയോളം ഗാലക്‌സി സമൂഹങ്ങളുണ്ട് എന്നാണ് വിലയിരുത്തല്‍.

ആകാശഗംഗ
54 ഗാലക്‌സികള്‍ ഒരുമിച്ചു ചേര്‍ന്നുള്ള ഗാലക്‌സി സമൂഹത്തിന്റെ ഭാഗമാണ് നാം ഉൾപ്പെടുന്ന ആകാശഗംഗ ഗാലക്സി. സൗരയൂഥം ഉൾപ്പെടുന്ന താരാപഥമാണ് (ഗാലക്സി) ആകാശ ഗംഗ. ഇതിനെ ക്ഷീരപഥം (Milkyway) എന്നും വിശേഷിപ്പിക്കാറുണ്ട്.  ക്ഷീരപഥത്തിന്റെ വ്യാസം 100,000 പ്രകാശ വർഷങ്ങളും കനം ശരാശരി 1000 പ്രകാശ വർഷങ്ങളുമാണ്‌. 20,000 കോടി നക്ഷത്രങ്ങൾ ക്ഷീരപഥത്തിനുണ്ടെന്ന് കണക്കാക്കപ്പെട്ടിരിക്കുന്നു. ഇത് 40,000 കോടി വരെയാകാം. നക്ഷത്രങ്ങളടങ്ങിയ ഭാഗത്തെ കൂടാതെ കട്ടിയേറിയ നക്ഷത്രാന്തരീയ വാതകങ്ങൾ താരാപഥത്തിന്റെ ചുറ്റിലും സ്ഥിതിചെയ്യുന്നു. അടുത്തകാലത്തെ നിരീക്ഷണങ്ങളിൽ നിന്ന് ഈ വാതകപടലത്തിന്റെ കനം ഏകദേശം 12,000 പ്രകാശ വർഷമാണെന്ന് മനസ്സിലാക്കിയിട്ടുണ്ട്.

ഇനി ഒരു ഏകദേശകണക്ക് കൂടി പറയാം…

astronomical unit and kilometre, അസ്ട്രോണമിക്കൽ യൂണിറ്റ്
astronomical unit|അസ്ട്രോണമിക്കൽ യൂണിറ്റ്

അസ്‌ട്രോണൊമിക്കൽ യൂണിറ്റ് (AU) അഥവാ സൗരദൂരം ജ്യോതിശാസ്ത്രത്തിൽ ദൂരത്തെ സൂചിപ്പിക്കാൻ ഉപയോഗിക്കുന്ന ഒരു ഏകകമാണ്. ഇതിനെ ജ്യോതിർമാത്ര എന്നും വീളിക്കാറുണ്ട്‌. സൂര്യനും ഭൂമിയും തമ്മിലുള്ള ദൂരത്തെയാണ് ഇതിന്റെ അടിസ്ഥാനമാക്കി എടുത്തിരിക്കുന്നത്. ഒരു അസ്‌ട്രോണൊമിക്കൽ യൂണിറ്റ് 149,597,870.691 കിലോമീറ്ററാണ്. സാധാരണ സൗരയൂഥത്തിലെ വസ്തുക്കൾ തമ്മിലുമുള്ള ദൂരം അളക്കാനാണ് ഈ ഏകകം ജ്യോതിശാസ്ത്രജ്ഞർ ഉപയോഗിക്കുന്നത്‌ .

ഒരു പ്രകാശ കണിക നമ്മുടെ ഒരു വർഷം (മുന്നൂറ്റി അറുപത്തഞ്ചേ കാൽ ദിവസങ്ങൾ കൊണ്ട്) സഞ്ചരിക്കുന്ന ദൂരമാണ് ഒരു പ്രകാശവർഷം (9460730472580.800781 കിലോമീറ്റർ ദൂരം എന്നുപറയാം). പ്രകാശം ഒരു സെക്കന്റിൽ 3 ലക്ഷം കിലോമീറ്റർ സഞ്ചരിക്കും. ഈ കണക്കിൽ, ഒരു മിനിറ്റ്‌ കൊണ്ട്‌ പ്രകാശത്തിനു ഏകദേശം ഒരു കോടി എൺപത്‌ ലക്ഷം കിലോമീറ്ററും. ഇനി ഇതു കൂടി ശ്രദ്ധിക്കുക, സൂര്യപ്രകാശം അവിടെ സൂര്യനിൽ നിന്ന് ഭൂമിയിൽ എത്താൻ ഏകദേശം എട്ടര മിനിറ്റ് സമയം എന്നർത്ഥം. അതായത് സൂര്യനിൽ നിന്ന് ഭൂമിയിലേക്കുള്ള ദൂരം 149,597,870.691 കിലോമീറ്ററാണ്. അത്രേം ദൂരം ഏകദേശം എട്ടര മിനിറ്റുകൊണ്ട് ഒരു പ്രകാശകണിക സഞ്ചരിക്കുന്നു!! അപ്പോൾ ഒരു പ്രകാശവർഷം എന്നുപറയുന്ന സംഗതിക്ക് എത്രമാത്രം ദൂരമുണ്ടായിരിക്കും എന്ന് ഊഹിക്ക്… ഇനി 400 കോടി പ്രകാശ വർഷ അകലെയായാണ് മേലെ പറഞ്ഞ സരസ്വതി ഇരുന്നു നോക്കുന്നതെങ്കിൽ, ആ ദൂരം ഊഹിക്കാൻ വല്ല വഴിയും ഉണ്ടോ 🙂

നക്ഷത്രങ്ങൾ, നക്ഷത്രവ്യൂഹങ്ങൾ എന്നിവയ്ക്കിടയിലുള്ള ദൂരം അളക്കുന്നതിനാണ്‌ പ്രകാശവർഷം എന്ന അളവ് കൂടുതൽ ഉപയോഗിക്കുന്നത്. സൂര്യനോട് ഏറ്റവും സമീപത്തുള്ള നക്ഷത്രമായ പ്രോക്സിമാ സെൻ‌ടോറിയിലേക്ക്‌ ഉള്ള ദൂരം 4.2 പ്രകാശ വർഷമാണ് എന്ന്‌ പറഞ്ഞാൽ, ആ നക്ഷത്രത്തിൽ നിന്ന്‌ 4.2 വർഷം മുൻപ്‌ പുറപ്പെട്ട പ്രകാശം ആണ് ഇപ്പോൾ കാണുന്നത്‌ എന്ന്‌ അർത്ഥം. അതായത്‌ 4.2 വർഷം മുൻപുള്ള പ്രോക്സിമാ സെൻ‌ടോറിയെ ആണ് ഇന്ന്‌ കാണുന്നത്‌. അപ്പോൾ ഇന്ന്‌ ഭൂമിയിൽ നിന്ന്‌ നിരീക്ഷിക്കുമ്പോൾ കാണുന്ന നക്ഷത്രങ്ങളും ഗാലക്സ്സികളുമൊക്കെ എത്രയും പ്രകാശ വർഷം അകലെയാണോ, അത്രയും വർഷം മുൻപുള്ള നക്ഷത്രങ്ങളുടേയും ഗാലക്സികളെയുമൊക്കെയാണ് നോക്കുന്നയാൾ കാണുന്നത്‌ എന്ന്‌ സാരം. ഇതിനോടു കൂടി ഈ ലേഖനം കൂടെ കാണുക.

Galaxies are themselves made of billions of stars and planets, and a cluster typically contains several hundreds of these galaxies. Superclusters are relatively recent finds, having been identified for the first time only in the 1980s.

മാതൃഭൂമി പത്രം

ഇന്ത്യൻ എക്സ്പ്രസ്സ്

കാവ്യം സുഗേയം

crow, കാക്ക
കറുത്ത കോട്ടും കാലുറയും കുറിക്കു കൊള്ളും കൗശലവും
കാക്കേ നീയൊരു വക്കീലോ പക്ഷിക്കോടതി വക്കീലോ?
കേസു നടത്താൻ നീ വമ്പൻ; ക്രോസ്സു നടത്താൻ നീ മുമ്പൻ
കാക്കേ നീയൊരു വക്കീലോ പക്ഷിക്കോടതി വക്കീലോ?
കാക്കേ നീയൊരു വക്കീലോ പക്ഷിക്കോടതി വക്കീലോ!!

Malayalam Actor Dileep, മലയാള സിനിമാ അഭിനേതാവ് ദിലീപ്
Dileep | ദിലീപ്

സിനിമാ നടൻ ദിലീപിനെ അറസ്റ്റ് ചെയ്തു! സഹപ്രവർത്തകയെ കൃത്യമായ പ്ലാനിങ്ങോടെ അവേഹേളിക്കാനുള്ള ഒരുക്കം കൂട്ടിയതിനും അവഹേളനം നടന്നതിനും കൃത്യമായ തെളിവുകൾ രണ്ടരമാസത്തെ പരിശ്രമത്തോടെ കേരളപൊലീസ് കണ്ടെത്തി പഴുതുകളെല്ലാം അടച്ചിട്ടാണ് അറസ്റ്റ് നടത്തിയെതെന്ന് പറയുന്നു. കണ്ടുപിടിച്ച കാര്യങ്ങൾ സത്യമായിത്തീർന്നാൽ, സ്ഥിരോത്സാഹത്തിന്റെ ഉഗ്രമായ വിജയമായി കേരളപൊലീസിന് അവകാശപ്പെടാൻ സാധിക്കുന്നതാണ് ഈ കേസ്. ഒന്നുമെത്താതെ അലഞ്ഞു നടക്കുന്ന കേസുകൾ പലതുണ്ട് കേരളത്തിൽ! സഖാവ് ടി.പിയെ 51 വെട്ടുകളാൽ ഇല്ലാതാക്കിയത് കണ്ടു, ഒരു കുട്ടിയെ കോളേജിൽ വെച്ച് തല്ലിക്കൊന്നതു കണ്ടു, അനാഥപ്രേതങ്ങളായി അലഞ്ഞു നടക്കുന്ന നിരവധി പ്രേതാത്മാക്കൾ ചുറ്റുമിരുന്ന് കരയുന്നുണ്ട്! ഇതേ പ്രകടനം കാഴ്ച വെയ്ക്കാൻ നിരവധി കേസുകെട്ടുകൾ ഉണ്ടെന്നു ചുരുക്കം. ഇല്ലെങ്കിൽ, പൊലീസിനെ നിയന്ത്രിച്ചു നിർത്താൻ മാത്രം പര്യാപതമായ ശക്തി ഏതാണെന്നും എന്തിനാണെന്നും കണ്ടെത്താൻ കഴിയേണ്ടത് മെനക്കെട്ട് വോട്ടു ചെയ്തുനടക്കുന്ന ജനങ്ങൾ തന്നെയാണ്.

ഗൂഡാലോചനക്കാർ സാമൂഹ്യദ്രോഹികൾ തന്നെ! പുറത്തുവരേണ്ടതാണ്… മാറ്റത്തിനുള്ള തുടക്കമാവണം ഈ സംഭവം. മലയാളസിനിമയ്ക്ക് മാറാൻ കഴിയുന്നു എന്നാൽ മലയാളികളുടെ സംസ്കാരം തന്നെ മാറുന്നു എന്നുവേണം കരുതാൻ. മലയാളസിനിമയിൽ സ്ത്രീപക്ഷചിന്തകൾക്ക് പ്രാബല്യമേറണം! നല്ലൊരു അമ്മ ഉണ്ടെങ്കിൽ മാത്രമേ നല്ലൊരു കുടുംബം നില നിർത്താനാവുകയുള്ളൂ എന്നത് പഴമൊഴിയല്ല!! പേരിൽ മാത്രം Amma(Association of Malayalam Movie Artists) വന്ന്, അമ്മയെ വ്യഭിചരിക്കുന്ന നേതൃത്വം തന്നെ പിരിച്ചുവിടാൻ പര്യാപതമാണ് നിലവിലെ കേസ്. മുഖം മൂടിയണിഞ്ഞ് ഒരു സമൂഹത്തെ നശിപ്പിക്കാൻ ആരെയും അനുവദിക്കരുത്! ദിലീപ് പ്രശ്നത്തിൽ സത്യം പുറത്തു വരാതെ തന്നെ അനുകൂലിച്ചും പ്രതികൂലിച്ചും പലരുടേയും മുഖം മൂടി അഴിഞ്ഞു വീഴുന്നത് നമ്മൾ കണ്ടല്ലോ!! തോന്ന്യവാസം ആരുകാണിച്ചാലും തോന്ന്യവാസം തന്നെയാ. പൊലീസിനെ കുറ്റം പറയുകയല്ല; അതിനവർക്കുള്ള അവസരം നിഷേധിക്കുന്ന ഗുഢാലോചന ചർച്ചചെയ്യപ്പെടേണ്ടതുണ്ട്! തിരിച്ചറിയണം!! ഇല്ലെങ്കിലെ കാര്യമായ ഊഹാപോഹങ്ങളിലൂടെ നമ്മൾ തന്നെ കുറ്റക്കാരെ കണ്ടെത്തണം!!

malayalam actress manju warrier, മഞ്ജു വാര്യർ
Manju Warrier, മഞ്ജു വാര്യർ

സിനിമയുമായി ബന്ധപ്പെടുത്തി പറയുമ്പോൾ, ടീവി സീരിയലുകളേയും പരിഗണിക്കേണ്ടതുണ്ട് – സിനിമകളേക്കാൾ ഇന്ന് ജനജീവിതത്തെ സ്വാധീനിക്കുന്നത് ടിവി സീരിയലുകളാണ്! എത്രമാത്രം സ്ത്രീവിരുദ്ധമാണ് സീരിയലുകളൊക്കെയും!! ഇതൊക്കെ ചൂഷണം ചെയ്യുന്നത് ഒരു സംസ്കാരത്തെ മൊത്തമാണ്. കുടുംബബന്ധങ്ങളുടെ കഥകളിലൂടെ അമ്മയും അമ്മായി അമ്മമാരും താത്തൂന്മാരും ഭാര്യമാരും ഇവർക്കിടയിലെ അവിഹിതബന്ധങ്ങളും, അവയിലെ കുട്ടികളും ഒക്കെയായി തകർത്തു പെയ്യുകയാണു പലതരം സീരിയലുകൾ! ഒരു കുടുംബത്തെ തന്നെ താറുമാറാക്കാൻ പര്യാപ്തമാണു കഥാബീജങ്ങൾ. പാഠമാവാൻ പലതുണ്ട് എന്നു തെളിയിക്കുന്ന സംഗതികളാണ് ഇപ്പോൾ നടക്കുന്നത്! സിനിമയും സീരിയലും ഒന്നുമല്ല യഥാർത്ഥ ജീവിതം എന്നത് മനസ്സിലാക്കാൻ സാധാരണക്കാർക്കുള്ളോരു സുവർണ്ണാവസരം എന്നേ പറയേണ്ടതുള്ളൂ.

മറ്റൊരു കാര്യം കൂടിയുണ്ട്, തോന്ന്യവാസത്തിന്റെ സൂത്രധാരൻ എന്നപേരിൽ ദിലീപ് പിടിയിലായെങ്കിലും വിഷമവൃത്തത്തിൽ പെടുന്നവർ കാവ്യയും മകൾ മീനാക്ഷിയും ആയിരിക്കും. ദിലീപിന് ആജീവനാന്തം ജയിലറയാണെങ്കിൽ മീനാക്ഷിക്ക് മഞ്ജുവിന്റെ അടുത്തേക്ക് തിരിച്ചു പോകുന്നതായിരുന്നു നല്ലത് എന്നു തോന്നുന്നു. അമ്മ മനസ്സിന് ഒരു കുഞ്ഞുമനസ്സിനെ ഉൾക്കൊള്ളാതിരിക്കാൻ പറ്റില്ല; പൂർണ്ണ മനസോടെ മീനാക്ഷിയെ സ്വീകരിക്കാൻ മഞ്ജുവിനു കഴിയേണ്ടതാണ്. പെൺകുട്ടി ജീവിതത്തിന്റെ ബാലപാഠങ്ങൾ പഠിക്കേണ്ടതും അമ്മയിൽ നിന്നുതന്നെയാണ്. കുട്ടിമനസ്സിലെ സ്നേഹം നിമിത്തമാവാം ചെറുപ്രായത്തിലെ തീരുമാനങ്ങൾ ഒക്കെയും. അവളെ വളർത്തി വലുതാക്കാൻ നന്നായിട്ടു സാധിക്കുക പെറ്റമ്മയ്ക്കു തന്നെയാണ്.

malayalam actress Kavya Madhavan, കാവ്യാ മാധവൻ
Kavya Madhavan|കാവ്യാ മാധവൻ

ജീവിതത്തിന്റെ എബിസിഡി അറിയാത്ത കാവ്യയ്ക്കും മീനാക്ഷിയെ വെറുതേ നോക്കിയിരിക്കാൻ മാത്രമേ പറ്റുകയുള്ളൂ! കരയ്ക്കടുപ്പിക്കാനാവാത്തൊരു കലാരൂപമായി കാവ്യ എന്ന സുരസുന്ദരിയുടെ ശേഷകാലം തീരാൻ മാത്രമേ വഴിയുള്ളൂ എന്നും കരുതുന്നു. മീനാക്ഷിയുടെ ജീവിതം പങ്കിടാൻ മാത്രം വലുതാണ് കാവ്യഹൃദയം എന്നു കരുതുവാൻ വയ്യ. പോറ്റമ്മയായി സ്നേഹിക്കുന്നതിലും ഭേദം പെറ്റമ്മയുടെ കാരുണ്യം തന്നെയാണെന്നു തോന്നുന്നു. എന്തായാലും ഇവരുടെ വിഷമത്തിൽ പങ്കുചേരുന്നു 🙁 നല്ലൊരു നാൾവഴി തുടന്നുള്ള കാലം ഉണ്ടായിരിക്കണം എന്നാഗ്രഹിക്കുന്നു… കാവ്യയ്ക്ക് പറ്റിയത് തിരശീല മാത്രമാണ്. തിരിച്ചുവരവിനായി മലയാളസിനിമ സജീവമായിരുന്നെങ്കിൽ എന്നൊരു ആഗ്രഹം കൂടെയുണ്ട്. ദിലീപിന്റെ കീഴടങ്ങൽ അറിഞ്ഞ മഞ്ജുഹൃദയം തേങ്ങിയതായും കാവ്യ പട്ടിണി കിടന്നതായും വായിക്കാനിടയായി! മീനാക്ഷിയെ പറ്റി എവിടേയും കണ്ടില്ല. ഏറെ ദുഃഖം അനുഭവിക്കാൻ മാത്രം പ്രായം അവൾക്കുമായിട്ടുണ്ട്. ഈ അവസരത്തിൽ മീനാക്ഷിക്ക് ചേർന്നു നിൽക്കുന്ന കൂട്ടാളി മഞ്ജു മാത്രമാവുന്നു.

കേസിന്റെ ബാക്കിപത്രം കൂടി പുറത്തുവരുമ്പോൾ കാവ്യയുടെ പേര് അതിൽ ഉണ്ടായിരിക്കരുതേ എന്ന ആഗ്രഹിക്കുന്നു. വികൃതമായ മനസ്സുള്ളവർ കൃത്യമായിത്തന്നെ ശിക്ഷിക്കപ്പെടണം. അതിൽ ദിലീപെന്നോ കാവ്യയെന്നോ ഒന്നും വ്യത്യാസം ഇല്ല. അവർക്കുള്ള ശിക്ഷ എന്നതിലുപരി കാണുന്നവർക്കുള്ളൊരു നല്ല മുന്നറിയിപ്പുമാണത്. പണവും പ്രശസ്തിയും നല്‍കുന്ന സംതൃപ്തിയേക്കാള്‍ പ്രധാനമാണ് ജീവിതം നല്‍കുന്ന സംതൃപ്തി എന്ന കാര്യം വെറുതേ ഇവരെയൊക്കെ പരിഹസിക്കുന്നവരും ഓർക്കേണ്ടതു തന്നെയാണ്.

കല്യാണം കഴിക്കുക എന്നത് ഒരു കുറ്റകരമൊന്നുമല്ല; തെറ്റുമല്ല… ആണും പെണ്ണുമാവുമ്പോൾ ഒരു കൂടിച്ചേരലൊക്കെ അനിവാര്യമാണ്. ദിലിപും മഞ്ജുവും പിരിഞ്ഞതിന്റെ കാര്യം ഇന്നേവരെ അവർ പുറത്തു പറഞ്ഞിട്ടില്ല. പുറമേ കേൾക്കുന്നതൊക്കെ കൂട്ടിക്കലർത്തിയ വാർത്തകൾ മാത്രമാണ്. ഇവിടെയിപ്പോൾ ഊഹാപോഹങ്ങൾക്ക് പ്രസക്തിയേ ഇല്ല. കാഴ്ചക്കാർ മാത്രമായ നമുക്ക് മൂന്നുപേരും ഔദ്യോഗികമായി ബന്ധം വേർപ്പെടുത്തിയതിനു ശേഷമാണ് പുതിയ വിവാഹം നടന്നതുതന്നെ! ഇപ്പോഴുള്ള പൊലീസ് കേസ് വേറിട്ടു നിൽക്കുന്നത് ഒരു ക്രിമിനൽ ബുദ്ധിയുടെ നീക്കങ്ങൾ ഉൾപ്പെട്ടതു കൊണ്ടാണുതാനും. ഈ ഒരു കാര്യത്തിൽ കാവ്യയും തെറ്റുകാരിയാണെങ്കിൽ അതിനർഹമായ ശിക്ഷ അവളെ കാത്തിരിക്കുന്നുണ്ടാവും… അതിനി വന്നുചേരാൻ അധികനാളൊന്നുമില്ല. അർഹയെങ്കിൽ അതർഹിക്കുന്ന ശീക്ഷയ്ക്ക് കാവ്യയും ഒരുങ്ങിയിരിക്കേണ്ടതാണ്. ഇതൊന്നുമല്ലെങ്കിൽ കാവ്യയെ തെറ്റുകാരിയായി പഴിചാരാൻ മുൻവിധികളെ മാത്രം ന്യായീകരിച്ച് തുനിയാതെ അവൾ അനുഭവിക്കുന്ന മനോഭാവം ഉൾക്കൊള്ളാൻ പറ്റണം! സിനിമയിൽ നമ്മൾ കാണുന്ന കരച്ചിലല്ല യഥാർത്ഥ കരിച്ചിൽ!!

Meenakshi Dileep, മീനാക്ഷി ദിലീപ്
Meenakshi Dileep | മീനാക്ഷി ദിലീപ്

നടന്നുകൊണ്ടിരിക്കുന്ന സംഭവങ്ങളെ പൊതുജനം കാണുന്നത് നല്ലൊരു സിനിമ കാണുന്ന ലാഘവത്തോടെ മാത്രമാണ്. ഇതുവരെ കണ്ടതും കേട്ടതും വെച്ച് ക്ലൈമാക്സ് പലരും ഊഹിച്ചെടുക്കുന്നു. ഇതുവരെ വന്നതും അപ്രകാരം തന്നെ. പലരുടേയും ഊഹങ്ങൾ ശരിയായി വന്നു; ചിലരുടേത് തെറ്റിപ്പോയി. മുകേഷ്, ഗണേഷ്, ദേവൻ, ദിലീപ്, ഇന്നസെന്റ്, മോഹൻലാൽ, മമ്മുട്ടി, എന്നിവരുടെ രമ്യമനോഹരമായ അഭിനയ ചാതുര്യം കണ്ടു, പ്രഥ്യുരാജ്, രമ്യാ നമ്പീശൻ, തുടങ്ങിയ യുവതയുടെ കരുത്തുറ്റ തീരുമാനങ്ങൾ കണ്ടു. വരാനിരിക്കുന്ന കാര്യങ്ങൾ ഇതുപോലെ തന്നെ പലർക്കും പലതാണ് അഭിപ്രായങ്ങൾ. പക്ഷേ, ഒന്നുണ്ട് കാര്യം – കണ്ടറിയേണ്ടത് കണ്ടറിയുക തന്നെ വേണം! കലാഭവൻ മണിയുടെ മരണം വരെ ചർച്ചയാവുകയാണ്. സിനിമാലോകത്തിന്റെ അധഃപതനം എന്ന സങ്കല്പം സത്യാമാണെങ്കിൽ തുറന്നുകാട്ടുന്ന പല സംഭവങ്ങളും വെളിച്ചം കാണാൻ ഇതു വഴിവെയ്ക്കും എന്നു കരുതുന്നു! സത്യമോ മിഥ്യയോ ആവട്ടെ, ഉള്ളിലുള്ളത് തുറന്നുപറയാൻ എല്ലാവർക്കും ധൈര്യം വന്നിരിക്കുന്നു എന്നുണ്ട് നടപ്പുകാര്യങ്ങൾ!

ഒക്കെ കണ്ടുകൊണ്ടിരിക്കുന്ന പൊതുജനത്തിന് സ്വന്തം ജീവിതത്തിലേക്കൊന്നു തിരിഞ്ഞു നോക്കാൻ മാത്രം ഈ വിപത്ത് കാരണമായാൽ മതി. തെറ്റുകൾ തിരുത്തപ്പെടാൻ ഒരു അവസരമായി കണ്ട് സ്വജീവിതത്തെയെങ്കിലും ഹൃദ്യമാക്കാൻ സാധിക്കണം. ജലകുമിള പോലുള്ളൊരു ജീവിതത്തിൽ മറ്റുള്ളവർക്കായി പകരുന്ന കേവലസന്തോഷത്തിനപ്പുറം മറ്റൊന്നല്ല ജീവിതം! നല്ലൊരു പിന്തുടർച്ചകാരെ ഉണ്ടാക്കാനും പറ്റിയാൽ ജീവിതം കേമമായി തീർത്ത് തിരശീലയിടാൻ പറ്റണം. അത്രമാത്രമാണു ജീവിതം!! അതിനപ്പുറത്തുള്ളതൊക്കെയും ഭാവനകൾ മാത്രമാണ്.

നടൻ ദിലീപ് മുമ്പ് ഫെയ്സ്ബുക്കിൽ പറഞ്ഞ കാര്യം

dileep ഫെയ്സ്ബുക്ക് post, നടൻ ദിലീപിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്

മെന്‍സ്ട്രുവല്‍ കപ്പ്

മെന്‍സ്ട്രുവല്‍ കപ്പ് , Menstrual Cup, Menstruation
ആരോടും പറായാതെ അടക്കിവെയ്ക്കുന്ന വികാരങ്ങൾ അനവധിയാണ്. ഇന്നേവരെയുള്ള ജീവിതത്തിൽ എനിക്ക് ബുദ്ധിമുട്ടായി തോന്നിയ കാര്യങ്ങൾ താഴെ പറയാം:
1) ഷേവ് ചെയ്യുക,
2) ചെരിപ്പു കഴുകുക,
3) ഇസ്തിരിയിടുക എന്നതൊക്കെയാണ്… ഇങ്ങനെ പോകുന്ന സംഗതികൾ മാത്രമേ എന്റെ വിഷയത്തിൽ വന്നിരുന്നുള്ളൂ; വരുന്നവയുമുള്ളൂ. മടി എന്ന കാര്യം കൂടെപ്പിറപ്പായി പുറകേയുള്ളത് വല്യൊരു ബാധ്യതകൂടിയാണ്.

1) ഇതിൽ ഷേവ് ചെയ്യുക എന്നത് ഞായറാഴ്ചകളിൽ മാത്രമായി ഒതുക്കിവെയ്ക്കുന്നു, ഞായറാഴ്ച ആയാൽ പോലും എനിക്ക് ഈ സംഗതി മടിയാണ്. ഞാനിത് മഞ്ജുവിനെ കൊണ്ട് ചെയ്യിപ്പിച്ച് കൂളായിട്ട് ഇരുന്നുകൊടുക്കും; അല്ലെങ്കിൽ അടുത്തുള്ള ബാർബർ ഷോപ്പിലേക്ക് ഓടും!!
ഒരു രക്ഷയും ഇല്ലാത്ത പണ്ടാരപരിപാടി ആയിപ്പോയി ഇത്!!

2) ഷൂ ഇടാറേ ഇല്ല; കാരണം അതിന്റെ പരിപാലനം എന്റെ മടിജീവിതത്തിനു തീരെ ചേരില്ല. ചെരിപ്പാണെങ്കിൽ, കുളിക്കുമ്പോൾ ബാത്ത്‌റൂമിൽ ഇട്ടാൽ മതി; കുളിച്ച് കഴിയുമ്പോൾ നാലു ചവിട്ടും കൊടുക്കാം!!

3) ഡ്രസ്സുകൾ ഇസ്തിരിയിടുന്ന പരിപാടി പണ്ടേ ഇല്ല; ഇന്നുമില്ല! ഒഴിവാക്കാൻ ഈസിയായിട്ട് സാധിക്കുന്ന സംഗതി ഇതാണ്.

പറഞ്ഞുവരുന്നത്, ആൺജീവിതം പരമസുഖം തന്നെയാണ്. നാല്പതോളം വർഷങ്ങളിൽ മെൻസസാവുന്ന പെൺജീവിതത്തെ പറ്റി ചിന്തിക്കാൻ തുടങ്ങിയതൊക്കെ കുറച്ചു കാലം മുമ്പായിരുന്നു! ഒരു മാസമുറക്കാലത്ത് നാപ്കിന്‍ വാങ്ങാന്‍ ഏറ്റവും കുറഞ്ഞത് 100 രൂപയോളമാകും. ഏതാണ്ട് 40 വര്‍ഷക്കാലം അര ലക്ഷത്തോളം രൂപയാണ് ഈ ഒറ്റക്കാര്യത്തിന് ഒരാള്‍ ചെലവഴിക്കുന്നത്.

ഒരു മെന്‍സ്ട്രുവല്‍ കപ്പ് കുറഞ്ഞത് 9 വര്‍ഷം ഉപയോഗിക്കാം. 1000 രൂപ മുതല്‍ മുകളിലേക്കാണ് ഷോപ്പുകളിൽ വില എങ്കിലും online Site കളില്‍ offer ല്‍ ഇതിലും കുറഞ്ഞ വിലയ്ക്കും ലഭ്യമാണ്. ലിങ്ക് താഴെ കൊടുത്തിട്ടുണ്ട്. ഒരു ജീവിതകാലത്ത് മൂന്നോ നാലോ കപ്പുകള്‍ കൊണ്ട് സാമ്പത്തികമായും പാരിസ്ഥിതികമായും നാം ചില്ലറ നേട്ടമല്ല ഉണ്ടാക്കുന്നത്.

സ്‌ക്കൂളുകളിലും കോളേജുകളിലും നാപ്കിന്‍ കില്ലറുകള്‍ വെയ്ക്കുന്നതിനു പകരം പെണ്‍കുട്ടികള്‍ക്ക് സൗജന്യമായി മെന്‍സ്ട്രല്‍ കപ്പുകള്‍ കൊടുക്കേണ്ടതുണ്ട്. വിദ്യാഭ്യാസവും ആരോഗ്യപരിരക്ഷയും ഒക്കെ ഓരോ വകുപ്പുകളായി കൈകാര്യം ചെയ്യുന്ന നമ്മുടെ ഭരണകൂടങ്ങൾ ഇതിനൊക്കെ ഒരു മാർഗം ഇത്തരത്തിൽ കൊടുക്കേണ്ടതുണ്ട്…

സ്റ്റേഫ്രീയോ മറ്റോ വാങ്ങിക്കാനായി കടയിലേക്ക് പോയാൽ ഒരു പത്രക്കടലാസിൽ പൊതിഞ്ഞു കെട്ടിത്തരികയാണു പതിവ്. ബാക്കി സാധനങ്ങളൊക്കെ പ്ലാസ്റ്റിക് കവറിൽ ഇട്ടുമാത്രമാവും തരിക!! ഇതുമാത്രം പത്രക്കടലാസിൽ പൊതിഞ്ഞ് വിരിഞ്ഞുമുറുക്കിക്കെട്ടിത്തരുന്നു!! എന്തോ വല്യ കള്ളത്തരം കാണിക്കുന്നതുപോലെയോ നാണക്കേട് കാണിക്കുന്നതു പോലെയോ ഒരു വികാരം എവിടെയോ പതിയിരിക്കുന്നുണ്ട്!

ഓഫീസിലും ഉണ്ട് അനുബന്ധ കഥകൾ! അവിടെ ആരോഗ്യപ്രശ്നങ്ങൾ കൊണ്ട് മെൻസസാവാത്ത പെൺകുട്ടികൾ ഉണ്ടെങ്കിലായി എന്നേ ഉള്ളൂ, മിക്കവരും ബാത്ത്രൂമിലേക്ക് പോകുമ്പോൾ കൈയ്യിൽ സ്റ്റേഫ്രീ പോലുള്ള പാഡുകൾ കൊണ്ടുപോകുന്നത് കാണാം!! ആരെങ്കിലും അതുമാത്രം ശ്രദ്ധിച്ചിരിക്കുന്നതോ, അതിനെ പറ്റി കമന്റ് പറയുന്നതോ കണ്ടിട്ടില്ല!!

മിക്ക കുട്ടികളും ബാഗും കൊണ്ടാണു ബാത്ത്രൂമിലേക്ക് പോകാറുള്ളത്!! ഇത് ആ കുട്ടിക്ക് മേൽ പറഞ്ഞ പീട്യക്കാരന്റെ വികാരം ഉള്ളിൽ ഉറങ്ങിക്കിടക്കുന്നതു കൊണ്ടു തോന്നുന്ന വികാരമായിരിക്കണം! അല്ലെങ്കിൽ ബാഗ് അവൾ ഇരിക്കുന്ന സ്ഥലത്ത് വെച്ചിട്ടാണല്ലോ ഫുഡടിക്കാനും ചായ കുടിക്കാനും ഒക്കെ പോവുന്നത്, ഈ ബാത്ത്രൂമിൽ പോകുമ്പോൾ മാത്രമെന്തിനാ ബാഗ് കരുതുന്നത് എന്ന് എല്ലാവരും പ്രത്യേകം ശ്രദ്ധിക്കുന്നുമുണ്ട്!! ഒരു ചെറുചിരിയാൽ സംസാരവും ഉണ്ടാവുന്നു. പക്ഷേ, സ്റ്റേഫ്രീ പോലുള്ള പാഡുകൾ കൈഇയിൽ വെച്ച് പോകുന്നവർക്ക് ഒരു പ്രശ്നക്കാരിയോ പരിഹാസപാത്രമോ ആയി ആൺകാഴ്ചകളിൽ നിറയുന്നത് കണ്ടിട്ടില്ല.

എന്തായാലും ഉപയോഗിക്കാൻ പ്രാപ്തിയുള്ളവർക്ക് ശ്രമിക്കാവുന്നതാണിത്.
…………….
ഓൺലൈനിൽ വാങ്ങിക്കാൻ: goo.gl/QKHLEf
അനുബന്ധവായന: goo.gl/NVSAVU
വിക്കിപീഡിയയിൽ: https://en.wikipedia.org/wiki/Menstrual_cup

—അപ്ഡേഷൻ—-
വിവിധ തരത്തിലുള്ളതും വിവിധ രാജ്യങ്ങളിൽ ഉള്ളതുമായ സംഗതികളെ മനസ്സിലാക്കാൻ പറ്റിയ ഒരു സൈറ്റ്:
https://menstrualcupreviews.net/comparison/?company_name=ASC

ഇതേകാര്യം ഫെയ്സ്ബുക്കിൽ പോസ്റ്റിയപ്പോൾ ഒരു ഫ്രണ്ട് വന്നു ചോദിച്ച കാര്യത്തിന് ഉത്തരം കൊടുത്തതുകൂടി ഒരു തമാശയ്ക്കായി ചേർക്കുന്നു. 🙂
ചോദ്യമിതായിരുന്നു: എല്ലാം മനാസിലായി. ചെരുപ്പിനു നാലു ചവിട്ടു കൊടുക്കുന്നതെന്തിനാണെന്നൊഴിച്ച്…
ഇതിന് എന്റെ ഉത്തരമാണു താഴെ ഉള്ളത്: ചവിട്ടിക്കഴുകൽ എന്നു പറയും… കാലിൽ വന്നു കെണിഞ്ഞ് ദിവസേന ബുദ്ധിമുട്ടിക്കുന്നതിലുള്ള ശിക്ഷ!

മെന്‍സ്ട്രുവല്‍ കപ്പ് , Menstrual Cup, Menstruation

 

കഥാലോകം

Aatmika Rajesh story time

ആത്മികയ്ക്ക് ആദ്യകാലങ്ങളിലൊക്കെ ഉറങ്ങുവാൻ താരാട്ടു പാട്ടുകൾ നിർബന്ധമായിരുന്നു. മഞ്ജു അക്കാര്യം ഭംഗിയായി ചെയ്തു കൊടുക്കുയും താരാട്ടു പാട്ടിന്റെ ആലസ്യത്തിൽ അവളങ്ങ് മയങ്ങിപ്പോവുകയും ചെയ്യുമായിരുന്നു. അവളെ ഉറക്കാൻ ഞാൻ വേണമെന്ന് നിർബന്ധം പിടിക്കാൻ തുടങ്ങിയപ്പോൾ വലഞ്ഞുപോയതു ഞാനായിരുന്നു. ഒരു പാട്ടിന്റേയും രണ്ടുവരികൾ പോലും അറിയാത്ത ഞാൻ മുക്കിയും മൂളിയും എന്തൊക്കെയോ ഒപ്പിച്ച് ആദ്യമൊക്കെ അവളെ ഉറക്കുവാൻ ശ്രമിച്ചിരുന്നു. ഉണർന്നിരിക്കുന്ന അവസരത്തിൽ എന്നോ ഒരിക്കൽ അവൾ എന്റെ പാട്ടുകളെ അനുകരിച്ചപ്പോൾ ആ കലാപരിപാടി നിർത്തുവാനും സംഗതി കമ്പ്യൂട്ടറിനെ ഏൽപ്പിക്കാനും തീരുമാനിച്ചു. പിന്നീട്, ആത്മിക ഉറങ്ങുമ്പോൾ ഉള്ള പാട്ടു പാടുക എന്ന ചുമതല കമ്പ്യൂട്ടറിനായി. ഏറെ താരാട്ടുപാട്ടുകളും, കുഞ്ഞുങ്ങളും മറ്റു പാടുന്ന സ്നേഹനിർഭരമായ മറ്റു സിനിമാഗാനങ്ങളും ഒക്കെയായി അവളാ ഗാനമഞ്ജരിയിൽ ലയിച്ച് ഉറങ്ങുവാൻ തുടങ്ങി!

വർഷങ്ങൾ കഴിഞ്ഞ് ആത്മികയ്ക്ക് 4 വയസാവുന്നു. കഴിഞ്ഞതവണ സ്കൂൾ അടച്ചപ്പോൾ അവളെ നാട്ടിലേക്ക് ബസ്സുകേറ്റി വിട്ടു. രണ്ടുമാസം ചേച്ചിമാരായ ആരാധ്യയോടും അദ്വൈതയോടും ഒപ്പം അവൾ തിമർത്താസ്വദിച്ചു. തൊട്ടിലിൽ കിടന്നുള്ള ഉറക്കം നിർത്തണം എന്നൊരു പ്ലാൻ കൂടെ ആ യാത്രയുടെ പുറകിൽ ഉണ്ടായിരുന്നു. സ്പ്രിങ്ങിന്റെ തൊട്ടിലിൽ അവൾക്ക് സുന്ദരമായി കിടന്നുറങ്ങാൻ പ്രശ്നമൊന്നുമില്ലെങ്കിലും ആട്ടിക്കൊണ്ടിരിക്കാൻ അല്പം ബുദ്ധിമുട്ടു തോന്നി. അവൾ നാട്ടിലേക്ക് പോയ അവസരത്തിൽ തൊട്ടിൽ ഒളിപ്പിച്ചു വെച്ചു; വന്നു ചോദിച്ചാൽ വീണ്ടും തൊട്ടിൽ കെട്ടി പഴയ പടി ആവർത്തിക്കാം എന്നു കരുതിയാണത് ഒളിപ്പിച്ചത്.

നാട്ടിൽ ചേച്ചിമാരോടൊപ്പമായിരുന്നു കിടപ്പെങ്കിലും രാത്രിയിൽ അമ്മയോ അനിയത്തിയോ ആത്മികയ്ക്ക് കഥകൾ പറഞ്ഞു കൊടുക്കുമായിരുന്നു. മാറിമാറി നിരവധി കഥകൾ കേട്ടിട്ടായി ഇവളുടെ ഉറക്കം. തൊട്ടിലിന്റെ കാര്യമൊക്കെ പാടേ മറന്നു! എങ്കിലും തിരിച്ചു വന്നപ്പോൾ ഈ കഥാലോകമായിരുന്നു. ബാംഗ്ലൂരിലെ ജീവിതം ഒരു യന്ത്രമനുഷ്യനെ പോലെയുള്ളതാണ്. എങ്ങോട്ടു തിരിഞ്ഞു നോക്കിയാലും തൊഴിലുമായി നടക്കുന്നവരോ തൊഴിലന്വേഷിച്ചു നടക്കുന്നവരോ മാത്രം! മനസ്സൊക്കെ വേരറ്റു മുരടിച്ചുപോകുന്ന ഈ സന്ദർഭത്തിൽ കഥകളുടെ ലോകം എങ്ങനെ തുറക്കാനാണ്. മഞ്ജുവിനും ഒരു കഥയും അറീയില്ല.

ഞാൻ പഴമയിലേക്ക് കണ്ണോടിച്ചു, പഴയ പുസ്തകങ്ങൾ തപ്പിനോക്കി, പൈതൃകമായി അവൾക്കായി ഇക്കൂട്ടത്തിൽ വേണ്ടതൊക്കെ നിക്ഷേപിക്കണം എന്നൊരു മോഹമുദിച്ചു. പലപാടും തപ്പിയപ്പോൾ ചില കഥകളുടെ വാലറ്റം ശ്രദ്ധയിൽ പെട്ടു. അതൊക്കെ പറഞ്ഞുകൊടുക്കാനായി ചില മാറ്റങ്ങളൊക്കെ വരുത്തേണ്ടി വന്നു. പണ്ട് ചെറുവത്തൂരു നിന്നും വല്യമ്മയും ഇളയമ്മമാരും പറഞ്ഞു തന്ന കഥകളൊക്കെ എവിടെയൊക്കെ വന്ന് എത്തിനോക്കി പോകുന്നതുപോലെ ഒരനുഭവം. എന്തായാലും ഇതൊക്കെ കേട്ട് സുന്ദരമയി ഉറങ്ങുവാൻ ആത്മികയ്ക്ക് പറ്റുന്നു എന്നത് ഏറെ ഹൃദ്യമാക്കിയ സന്ദർഭങ്ങളായിരുന്നു ഇവയൊക്കെ.

ഇന്നലെ സിംഹത്തിന്റെ കഥപറഞ്ഞു. കഥ പഴയതുതന്നെ. കാട്ടിലെ രാജാവായിരുന്നു സിംഹം! ഒരിക്കൽ സിംഹം കാട്ടിലൂടെ രാജകീയമായി നടക്കുമ്പോൾ ഒരു കിണർ കണ്ടു. ഇതെന്താ ഇത്രവലിയ കുഴിയെന്നു കരുതി കിണറിലേക്ക് എത്തിവലിഞ്ഞു നോക്കിയ സിംഹം ഞെട്ടിപ്പോയി!! അതാ മറ്റൊരു സിംഹം കിണറ്റിൽ നിന്നും ഈ രാജാവനെ നോക്കുന്നു!! സിംഹം പല്ലുകൾ പുറത്തു കാണിച്ച് അതിനെ ഒന്നു പേടിപ്പിക്കാൻ ശ്രമിച്ചു!! പക്ഷേ അതേ ഭാവം തന്നെ ആ കിണറ്റിലെ സിംഹവും കാണിക്കുന്നു!! അതിയായ കോപം പൂണ്ട കരയിലെ സിംഹം കണ്ണുരുട്ടി മീശ വിറപ്പിച്ച് വാലു ചുരുട്ടിശക്തി പ്രകടിപ്പിച്ചു! ഇതൊക്കെ അതേപടി കിണറ്റിനകത്തെ സിംഹവും കാണിക്കുന്നു… കരയിലെ സിംഹം ദേഷ്യം സഹിക്കാനാവാതെ അത്യുച്ചത്തിൽ അക്രോശിച്ചു.. കാടുമൊത്തം നടുങ്ങിവിറച്ചു! പക്ഷേ, അതേ ആക്രോശം തന്നെ കിണറ്റിലെ സിംഹവും പുറപ്പെടുവിപ്പിച്ചു… കിണറിന്റെ മൺഭിത്തിയിൽ തട്ടി ആ ആക്രോശം പ്രതിധ്വനിച്ചു… കരയിലെ സിംഹം വരെ ഒന്നു വിരണ്ടുപോയി! ഞാനിവിടെ രാജാവായി നിൽക്കുമ്പോൾ മറ്റൊരു സിംഹമോ ഇവിടെ! പാടില്ല… മനുഷ്യർക്കൊന്നും ചേരാത്തെ മൃഗീയ വാസനകൾ രാജാവിൽ കുമിഞ്ഞു കൂടി. രാജാവ് മനുഷ്യനായിരുന്നെങ്കിൽ മറ്റൊരു രാജാവിനെ കണ്ടാൽ സ്നേഹത്തോടെ വിളിച്ചിരുത്തി ഒരു പരിചാരകനെ പോലെ ശുശ്രൂഷിക്കുമായിരുന്നു. കോപം പൂണ്ട കരയിലെ സിംഹം കിണറ്റിലെ സിംഹത്തെ ആക്രമിക്കാനായി കിണറിലേക്ക് എടുത്തു ചാടി!! വെള്ളത്തിൽ വീണുകഴിഞ്ഞപ്പോൾ മറ്റേ സിംഹത്തെ കാണാനില്ല! കരയിൽ നിന്നും നോക്കിയപ്പോൾ കണ്ട പ്രതിബിംബം മാത്രമായിരുന്നു അത്. ആമീസ് മുഖം കഴികാൻ പോവുമ്പോൾ ബക്കറ്റിൽ നോക്കിയാൽ ഇതുപോലെ ആമീസിന്റെ മുഖം കാണില്ലേ. ആമീസ് കണ്ണാടിയിൽ നോക്കി ചിരിക്കുമ്പോൾ കണ്ണാടി ആമീസിനോട് ചിരിക്കാറില്ലേ അതു തന്നെ സംഗതി! കിണറ്റിൽ വീണ സിംഹം നീന്തി സൈഡിൽ കുനിഞ്ഞിരുന്ന് കരയാൻ തുടങ്ങി. ആരെങ്കിലും വന്ന് രക്ഷിക്കണേ എന്ന് കരഞ്ഞോണ്ടിരുന്നു. ഒരു ആനക്കൂട്ടം അതുവഴി പോയപ്പോൾ ഈ കരച്ചിൽ കേൾക്കാനിടയായി. ആന സിംഹത്തേക്കാൾ വലുതല്ലേ, ആമീസിനെ പോലെ ശക്തിമാൻ!! വലിയൊരു മരം പിഴുതെടുത്ത് കിണറ്റിലേക്ക് വെച്ചു കൊടുത്തു. സിംഹം പതുക്കെ വീഴാതെ മരത്തിലൂടെ കരയ്ക്കണഞ്ഞു. ഇതായിരുന്നു ഒരു കഥ. ആത്മികയ്ക്ക് വേണ്ടി അല്പസ്വല്പമാറ്റങ്ങളൊക്കെ വരുത്തി എന്നതേ വ്യത്യാസം ഉള്ളൂ.

ആത്മിക എന്നിട്ടും ഉറങ്ങിയില്ല. ആനയുടെ പേരെന്താ അച്ഛാ? അവരൊക്കെ ഏത് സ്കൂളിലാ പഠിക്കുന്നേ എന്നൊക്കെയായിരുന്നു പിന്നീടുള്ള അവളുടെ ചോദ്യാവലികൾ.

ഞാൻ അത് തീർത്ത് രണ്ടാമത്തെ കഥയിലേക്ക് കടന്നു! ഇവിടെയായിരുന്നു ഞാൻ വലഞ്ഞു പോയത്. ആമയും മുയലും തമ്മിലുള്ള ഓട്ടമത്സരമായിരുന്നു കഥാവിഷയം. വിശദീകരണമൊക്കെ അല്പം മുഴച്ചു നിന്നിരുന്നു. നല്ലൊരു ഗ്രൗണ്ട് വേണമല്ലോ ഇവർക്ക് ഓട്ടമത്സരം നടത്താൻ, കാണാൻ മൃഗങ്ങളും വേണം. എല്ലാവരേയും പരിചയപ്പെടുത്തി, നായകർ ഓട്ടം തുടങ്ങി. ആമ പതുക്കയേ ഓടൂ; മുയൽ വേഗത്തിൽ ഓടും എന്നൊക്കെ പറഞ്ഞപ്പോൾ ആത്മിക സമ്മതിക്കുന്നില്ല; അല്ലച്ഛ അങ്ങനെ അല്ല എന്നവൾ പറയുന്നു. പക്ഷേ, കഥ അങ്ങനെ മാറ്റാൻ പറ്റില്ല. ആമ ജയിക്കുന്നതല്ലേ അതിലെ കൗതുകം തന്നെ! ആത്മിക എന്റെ നെഞ്ചിൽ നിന്നും എണീറ്റ് കട്ടിലിനു താഴെ ഇറങ്ങി… റൂമിലൂടെ ഓട്ടമായി… എന്നിട്ട് പറഞ്ഞു അച്ഛാ എനിക്ക് ഇങ്ങനെ ഓടാനൊക്കെ പറ്റും എന്ന്!!

അന്നേരമാണു സംഗതി എനിക്ക് കത്തിയത്. ആമ വളരെ പതുക്കെ ഓടുന്നു, നടക്കുന്നതു പോലെ എന്നൊക്കെ പറഞ്ഞപ്പോൾ ആത്മിക കേട്ടത് ആമി പതുക്കെ ഓടുന്നു എന്നായിപ്പോയി. മത്സരം ആമീസും മുയലും തമ്മിലുള്ളതായി അവൾ കരുതി. അവൾ പതുക്കെ മാത്രമേ ഓടുന്നുള്ളൂ എന്നതിന്റെ സങ്കടമാണ് ഈ കണ്ടത്!!

ആമ എന്നത് അവൾക്ക് പഠിക്കാനൊക്കെ ഉണ്ടെങ്കിലും മലയാളവാക്കവൾ കേട്ടിട്ടില്ല. ആമ എന്താണെന്ന് വിശദീകരിക്കേണ്ടി വന്നു. അതിന്റെ ഇംഗ്ലീഷ് വാക്കാണെങ്കിൽ കിട്ടുന്നുമില്ല. ഞാനാകെ വലഞ്ഞു.. പിന്നെ പറഞ്ഞു മോളേ, പുറത്ത് തോടു പോലെ ഒരു സംഗതിയുള്ളതും കൈയ്യും കാലും തലയും മാത്രം പുറത്തു കാണുന്നതുമായ ഒരു ചെറിയ ജീവിയാണ് ആമ. എന്നു പറഞ്ഞപ്പോൾ അവൾ പറഞ്ഞു അച്ഛാ അത് tortoise അല്ലേ!! ഞാൻ വീണ്ടും പെട്ടു. tortoise ഉം ആമയും ഒന്നാണോ എന്നറിയാൻ എണിറ്റ് പോയി കമ്പ്യൂട്ടർ തുറന്ന് നെറ്റ് കണക്റ്റ് ചെയ്ത് ഗൂഗിൾ ചെയ്തു നോക്കണം! ഇനി tortoise തന്നെയായിരിക്കുമോ ഈ ആമ!! ഞാൻ പറഞ്ഞു ആമയ്ക്ക് ഒരു ഇംഗ്ലീഷ് പേരും ഉണ്ട് മോളേ, അച്ഛനത് നാളെ പറഞ്ഞുതരാം. മോളിപ്പം ആമ എന്ന് കേട്ടാൽ മതി.

ഈ അച്ഛന് ഒന്നു അറിയില്ല; അത് tortoise തന്നെയച്ഛാ എന്നായി അവൾ. തെറ്റാണെങ്കിൽ അത് ഞാനായിട്ട് ആമീസിന്റെ മനസ്സിൽ ഉറപ്പിക്കാൻ പാടില്ലാത്തതാണ്. ശരിയാണെങ്കിൽ കെട്ടിപ്പിടിച്ച് ഒരുമ്മ കൊടുത്ത് അതുതന്നെ മോളേ എന്നു പറയേണ്ടതാണ്; ഞാനിപ്പോൾ ഇടയിലാണ്. ഇംഗ്ലീഷറീയാത്തതിൽ ഞാൻ ആമീസിനോടു സോറി പറഞ്ഞപ്പോൾ അവൾ തർക്കിക്കാതെ ആമ എന്നു തന്നെ സമ്മതിച്ചു തന്നു. ആമ പതുക്കെ നടന്നതും മുയൽ ഓടിപ്പോയി മരത്തിന്റെ ചുവട്ടിൽ ഉറങ്ങുന്നതും, ആമ അടുത്തെത്തിയത് അറിയുമ്പോൾ വീണ്ടും ഓടിപ്പോയി അടുത്ത മരത്തിന്റെ ചുവട്ടിൽ ഉറങ്ങുന്നതും, അവസാനം ആമ ശബ്ദമുണ്ടാക്കാതെ നടന്ന് മത്സരത്തിൽ ജയിക്കുന്നതും കഴിഞ്ഞ പ്രാവശ്യം ആമീസ് സ്കൂളിൽ നിന്നും ഒന്നാം റാങ്ക് കിട്ടിയപ്പോൾ നേടിയതുപോലെ ട്രോഫിയും സർട്ടിഫിക്കേറ്റും കാട്ടിലെ രാജാവ് ഒരു സിംഹം വന്നു കൊടുക്കുന്നതും ഒക്കെ പറഞ്ഞ് കഥ ഞാൻ അവസാനിപ്പിച്ചു. മെല്ലെ ആമീസ് എന്നെ കെട്ടിപ്പിടിച്ച് ഉറങ്ങിപ്പോയി…

രാവിലെ എണിറ്റപ്പോൾ ഞാനാദ്യം നോക്കിയത് tortoise എന്താണ് എന്നതായിരുന്നു! ആമ തന്നെ. ഒരു ജീവിയുടെ ഇംഗ്ലീഷ് പേരു ഞാനും കഥയിലൂടെ പഠിച്ചെടുത്തു എന്നു പറയാം. tortoise നെ മറക്കാനാവില്ല.

ശുഭം അശുഭം

change your way of thinkingനമ്മളൊക്കെയും ഓരോ ഉപകരണങ്ങൾ മാത്രമാണ്; അതാതിന്റെ പണികൾ അതാത് ഉപകരണങ്ങൾ ചെയ്യണം!! ടിവി, കസേര, കമ്പ്യൂട്ടർ, ചൂല്, ഫാൻ, മേശ, വസ്ത്രങ്ങൾ… അങ്ങനെയങ്ങനെ… ഇവയ്ക്കൊക്കെ ജാതിയുണ്ടോ മതമുണ്ടോ രാഷ്ട്രീയമുണ്ടോ ദൈവമുണ്ടോ പിശാചുണ്ടോ!! ഒന്നുമില്ല!!

ടിവി ഇടയ്ക്ക് കേറി വരുന്നു, നന്നായി കുറച്ചു കാലം വർക്ക് ചെയ്യുന്നു – പിന്നെ നശിച്ചു പോകുന്നു…

പിന്നെ നമ്മൾ പുതിയത് ഒരെണ്ണം വാങ്ങിക്കുന്നു, നമ്മുടെ ഓർമ്മയിൽ കാണും.  ചിലപ്പോൾ നമ്മൾ പറയും പഴയ ടിവി ആയിരുന്നു നല്ലത്, അത് കുറച്ചു കാലം കൂടി ജീവിച്ചിരുന്നാൽ മതിയായിരുന്നു… ചിലപ്പോൾ പറയും അയ്യേ, പഴയത് വെറും പൊട്ട ടീവി, ഈ പുതിയത് തന്നെയാ സൂപ്പർ, പഴയത് പണ്ടേ പോയിരുന്നെങ്കിൽ നമുക്ക് ഇതിന്റെ സേവനം നന്നായി മുമ്പേ തന്നെ ആസ്വദിക്കാമായിരുന്നു… നമ്മുടെ മക്കളോടോ മക്കളുടെ മക്കളോടോ ഈ ടിവിയുടെ ഗുണഗണങ്ങൾ ചിലപ്പോൾ പറഞ്ഞേക്കാം – ഒരു കഥപോലെ. അവർക്ക് ഓർമ്മയിൽ നിൽക്കണം എന്നില്ല..
അവരുടെ പിന്മുറക്കാരിലേക്ക് ഒരുതരത്തിലും ഇക്കഥ പോവുന്നില്ല!! ആ ടിവി അങ്ങനെ ഒരു വിസ്മൃതിയിലേക്ക് മാഞ്ഞു പോകുന്നു… എന്നെന്നേയ്ക്കുമായിട്ട്!!

ടിവി, കസേര, കമ്പ്യൂട്ടർ, ചൂല്, ഫാൻ, മേശ, വസ്ത്രങ്ങൾ, … എല്ലാത്തിന്റെ കാര്യവും ഇതുതന്നെ…

നമ്മളും ഇതുപോലെ തന്നെയല്ലേ…

നിങ്ങളുടെ വല്യമ്മയുടെ വല്ല്യമ്മയുടെ വല്യമ്മയെ നിങ്ങൾ അറിയുമോ, അവരുടെ സ്വഭാവം, നിറം, പെരുമാറ്റം, കുഞ്ഞു പാട്ടുകൾ, പറഞ്ഞുകൊടുത്ത കഥകൾ, വിശ്വാസങ്ങൾ… ഇല്ല ഒന്നും ഓർമ്മയിൽ കാണില്ല. കാരണം ആരും നമ്മളോടത് പറഞ്ഞു തന്നിട്ടില്ല!! ആരെങ്കിലും പറഞ്ഞുതന്നെങ്കിൽ തന്നെ നമ്മുടെ ഓർമ്മയില്പോലും അവ ഇന്നില്ല. കേവലം ഒരു നൂറു വർഷം മുമ്പുണ്ടായിരുന്ന നമ്മുടെ പ്രപിതാക്കളെ പറ്റിപ്പോലും നമുക്കൊന്നുമറിയില്ല; ഇനിയൊരു നൂറുവർഷം കഴിഞ്ഞാലും ഇതുതന്നെ സ്ഥിതി!! നമ്മളും പഴയൊരു നല്ല ടീവിയെ പറ്റി നമ്മുടെ മക്കളുടെ മക്കളോട് പറയണമെന്ന് നിർബന്ധമില്ലല്ലോ!! നമ്മുടെ പിതാക്കൾക്ക് നൂറ്റാണ്ടുകളോളം പഴക്കമുണ്ട്… മരത്തോലും പച്ചിലയുമൊക്കെ ചുറ്റി ഗുഹകളിൽ നിന്നും ഗുഹകളിലേക്ക് മൃഗങ്ങളെ പേടിച്ച് നടന്ന വനവാസകാലമുണ്ട്; നിസ്തുലമായി മൃഗതുല്യം ജീവിച്ച പൂർവ്വകാലമുണ്ട്; തീയുണ്ടാക്കാനായി കല്ലുകൾ കൂട്ടിയുരച്ച് കഷ്ടപ്പെട്ട ചരിത്രമുണ്ട്!! നമ്മുടെ യഥാർത്ഥ പിതക്കാൾ അന്ന് ഇല്ലായിരുന്നെങ്കിൽ, ഏതെങ്കിലും മൃഗങ്ങളുടെ വായ്ക്കിരയായിരുന്നുവെങ്കിൽ ഇന്ന് നമ്മളും കാണില്ലായിരുന്നു!! ഒരുപക്ഷേ, നമ്മുടെയൊക്കെ പൂർവ്വപിതക്കൾ ഒന്നുതന്നെയാവാണം!! ജാതിയും മതവും രാഷ്ട്രീയവും ദൈവങ്ങളും ഒക്കെ പിന്നീട് വന്ന് നമ്മളെ വേർപ്പെടുത്തിയതാണ് ഇന്ന് ഇങ്ങനെയൊക്കെയാവാൻ ഇടവന്നതു തന്നെ.

നാളെ, നമ്മളുടെ കാര്യവും ഇതുപോലെയല്ലേ!! നമ്മളിലൂടെ ഒരു സമൂഹം ഉടലെടുക്കേണ്ടതല്ലേ! നമുക്ക് ഒന്നോ രണ്ടോ കുട്ടികൾ, അവർക്ക് വീണ്ടും ഒന്നോ രണ്ടോ എണ്ണം… അത് പെരുകിപ്പെരുകി നൂറ്റാണ്ടുകൾ കഴിയുമ്പോൾ ഒരു ഗ്രാമം മൊത്തമോ ജില്ല മൊത്തമോ ആയി മാറിയേക്കും!! അവിടെ നമ്മൾ ആരാണ്?? അച്ഛനല്ല; അമ്മയല്ല; ദൈവമല്ല – ആരുമല്ല!! ഒരു ഫോട്ടോ ആയിട്ടെങ്കിലും അവശേഷിച്ചാൽ ഭാഗ്യമെന്നു പറയാം! നമ്മൾ കേവലം ഒരു തുണ്ട് പേപ്പറിൽ ഒതുങ്ങുന്ന ചിത്രമായി ഭാവിയിൽ കണ്ടേക്കാം എന്ന വിചാരം തന്നെ മനസ്സിനെ കലുഷമാക്കുന്നുണ്ടല്ലേ! ഇവിടെ നിന്നാവണം നമ്മളാരാണ് എന്ന ചിന്ത മുളപൊട്ടിക്കേണ്ടത്.

നമ്മൾ ഇന്നിന്റെ ഉപകരണം മാത്രം! ഇന്നിനെ മനോഹരമാക്കാൻ, കൂടിച്ചേർന്നിരിക്കുന്നവരെ സന്തോഷിപ്പിക്കാൻ, കണ്ണീരു തുടച്ചു നീക്കാൻ, അവരുടെ സന്തോഷത്തിൽ കൂടെ ചേരാൻ നമുക്കും കഴിയണം. അത്രേ ഉള്ളൂ ജീവിതം. നമ്മുടെ മനസ്സ് അത്രമേൽ വിശാലമാക്കണം. കൂടെ നിൽക്കുന്നവർ നമ്മളെക്കുറിച്ചോർത്ത് സന്തോഷിക്കട്ടെ; അവരുടെ സ്വപ്നങ്ങൾ, പ്രതീക്ഷകൾ, വികാരവിചാരങ്ങൾ ഒക്കെ ഏറ്റെടുക്കാനും പൂർണ്ണത കൈവരിക്കാനും വേണ്ട സഹായം അവർ ആവശ്യപ്പെടുന്നതുപോലെ ചെയ്യാൻ നമുക്കും കഴിയണം. അത്രേ ഉള്ളൂ ജീവിതം. നമ്മുടെ ജനനം ലോകാരംഭവും മരണം ലോകാവസാനവും ആണ്. അതിനപ്പുറം ചിന്തകൾക്കൊന്നും പ്രസക്തിയില്ല. അതിന്റെ ആവശ്യവും ഇല്ല. മനോഹരമായൊരു വിനോദയാത്രപോലെയാവണം ഇത്. എന്നും സുഖദമാവണം യാത്ര.

അശുഭ ചിന്തകൾക്ക് സ്ഥാനം ഒന്നുമില്ല. ഒന്നിനും നമ്മെ ഒന്നും ചെയ്യാൻ പറ്റരുത്. ഒരു സുന്ദരമായ യാത്രയ്ക്ക് നമ്മൾ തന്നെ ഒരുങ്ങേണ്ടതുണ്ട്… ആർക്കും ശല്യമാവാതെ, ആരേയും ഒരു നോട്ടം കൊണ്ടുപോലും ശല്യപ്പെടുത്താതെ മനോഹരമായി സഞ്ചരിക്കാൻ നമുക്കാവണം. സെക്സ്, ദൈവം, രാഷ്ട്രീയം ഇങ്ങനെ പലതിന്റെ പേരിൽ പലർക്കും ഭയചിന്തകൾ മാത്രമാണു മുതൽക്കൂട്ട്!! ഓരോ നിമിഷവും ഭയപ്പാടോടുകൂടെ തള്ളിനീക്കുന്ന ജന്മങ്ങൾ ഏറെയുണ്ട് നമുക്കിടയിൽ… എന്തിനു വേണ്ടിയാണിതൊക്കെ?

ആർക്കെങ്കിലും ഉപദ്രവമാവുന്നുണ്ട് എന്നു തോന്നുമ്പോൾ മൗനിയായി മാറി നടക്കാൻ പറ്റേണ്ടത് നമുക്കു മാത്രമാണ്. ദുഷ്ചിന്തകളുമായി നമ്മളെ സമീപിക്കുന്നവർ പലതാവും; പല രീതിയിലാവും… ഒക്കെ കണ്ടറിയാൻ പര്യാപ്തമായ അറിവ് നമ്മൾ ഉണ്ടാക്കിയെടുക്കണം – നമ്മുടെ പിന്മുറയ്ക്ക് ശേഖരിച്ചുവെച്ച അറിവിന്റെ ആ ഭണ്ഡാരം കൈമാറാനും പറ്റണം. ഇനി അവരിലൂടെയാണു നമ്മളൊക്കെയും ലോകത്തെ കാണേണ്ടത്. നമ്മൾ ശേഖരിച്ചതും കണ്ടറിഞ്ഞതും ആയ കുഞ്ഞറിവുകൾ അവർക്ക് പ്രിയതരമായി പ്രകടിപ്പിക്കാനുള്ള ജീവിതം ഉണ്ടെങ്കിൽ ഭയപ്പാടോടെ ഒന്നിനേയും കാണാതെ നമുക്കു ചരിക്കാനാവുന്നു.

ഒരാക്സിഡന്റിന്റെ ചരിതം

Sakra World Hospital Bangalore
2015 ഒക്ടോബർ 21 നു രാവിലെ 9:15 -നായിരുന്നു ആക്സിഡന്റ് നടന്നത്. ബാംഗ്ലൂർ ഔട്ടർറിങ് റോഡിൽ ഇന്റൽ കമ്പനിക്കു മുന്നിൽ, എക്കോസ്പേയ്സിനു മുന്നിലെ പാലത്തോടു ചേർന്നാണ് അപകടം നടന്നത്. അപകടം നടന്നതോ, നടന്നു കഴിഞ്ഞ ശേഷം വന്ന മൂന്നു മാസത്തോളമോ ഒന്നും ഓർമ്മയിൽ നിന്നിട്ടില്ല. അതുകൊണ്ടാവാം ആ വേദനപോലും ഓർമ്മയില്ലാത്തത്!

Dr Swaroop Gopal Sakra World Hospital
Dr. Swaroop Gopal, Senior Consultant – Neuro Surgery & Director – Neurosciences M.Ch (Neurosurgery) FASS (USA)

അടുത്തുതന്നെ കമ്പനിയും കമ്പനിയോട് ചേർന്ന് സക്ര വേൾഡ് ഹോസ്പിറ്റൽ ഉണ്ടായിരുന്നതും ഉപകാരപ്രദമായി. ചികിത്സിച്ചവരിൽ ഓർമ്മയിൽ തങ്ങി നിൽക്കുന്നത് ഡോ: സ്വരൂപ് ഗോപാൽ, ഡോ: സബീന റാവു, ഡോ: മനോഹർ എന്നിവരെയാണ്. ഡോക്ടർ സബീന റാവു വാട്സാപ്പിൽ വന്നു തന്നെ കാര്യങ്ങൾ ചോദിച്ചറിഞ്ഞുരുന്നു, ഏറെ രസകരമായി തോന്നിയത് അവരോടും ഡോക്ടർ മനോഹറുമായുള്ള സംസാരമായിരുന്നു. സ്വരൂപ് ഗോപാലിനെ ഞാൻ കണ്ടതേ ഓർക്കുന്നില്ല.

കമ്പനിക്കു വേണ്ടി ഇപ്പോൾ മുകളിൽ കൊടുത്ത ആ സൈറ്റ് പൂർത്തിയാക്കി വെച്ചശേഷമായിരുന്നു അപകടമുണ്ടായത് എന്നതു ശ്രദ്ധേയമാണ്. അതുപോലെ തന്നെ മറ്റൊരു കാര്യമാണ് ef എന്ന കമ്പനിയിലേക്ക് നാലോളം തവണ ഇന്റെർവ്യൂകളും ഒന്നരമണിക്കൂർ കൊണ്ട് ഇങ്ങനെയൊരു Demo site ഉം ചെയ്തു കൊടുത്ത് ഈ കമ്പനിയിൽ പേപ്പർ കൊടുക്കാൻ കാത്തിരിക്കുമ്പോൾ ആയിരുന്നു അപകടം നടന്നത് എന്നത്. ജനുവരിയിൽ ജോയിൻ ചെയ്യാമെന്നൊക്കെ പറഞ്ഞിരിക്കുകയായിരുന്നു, അവർ ജനുവരിയിൽ വിളിച്ച് ഓർമ്മിപ്പിക്കുകയും ചെയ്തു. പക്ഷേ, അന്ന് ഒന്നിനും പറ്റിയിരുന്നില്ല. ഇവിടെ ഫെയ്സ്ബുക്കുമായി ബന്ധപ്പെട്ട ചിലകാര്യങ്ങൾ കൂടി പങ്കുവെയ്ക്കാം.

2018 ഫെബ്രുവരി 6 ആം തീയ്യതി ഡോ: സ്വരൂപ് ഗോപാലിനെ വീണ്ടും കണ്ടു. ഡോ:സബീനാ റാവുവിന്റെ ആവശ്യപ്രകാരം കൊണ്ടുകൂടിയായിരുന്നു ഇതു നടന്നത്. ബോധമനസ്സോടെ ഞാനാദ്യമായി അദ്ദേഹത്തെ നേരിട്ടു കാണുകയായിരുന്നു. ജപ്പനിലും മറ്റും യൂണിവേർസിറ്റികളിൽ ന്യൂറോളജിയെ പറ്റി ക്ലാസ്സെടുക്കാൻ പോകുന്ന വ്യക്തി കൂടിയാണു ഡോ: സ്വരൂപ് ഗോപാൽ. നന്നായി മലയാളം സംസാരിക്കാനറിയുന്ന വ്യക്തിയാണെന്നതായിരുന്നു ഏറെ അത്ഭുതപ്പെടുത്തിയത്. കൃത്യമായ കാര്യങ്ങൾ അറിയാനായി EEG ടെസ്റ്റ് നടത്തുകയുണ്ടായി.  അപകടങ്ങൾ മൂലമുണ്ടാവുന്ന മസ്തിഷ്ക ക്ഷതം വിലയിരുത്താൻ ഇ.ഇ.ജി. ടെസ്റ്റിനാവുമെന്നും കൂടുതലറിയാൻ നല്ലതാണെന്നും പറഞ്ഞതിനാൽ ഇ.ഇ.ജി.  ടെസ്റ്റ് നടത്തി. കുഴപ്പങ്ങൾ ഒന്നും തന്നെയില്ല എന്നായിരുന്നു ഡോക്ടർ പറഞ്ഞത്.

ഇന്ന് ഇപ്പോൾ അവസാനവട്ട മരുന്നുകളും കഴിച്ചു കഴിഞ്ഞു, അപകടം നടന്ന സമയം മുതൽ ഈ സമയം വരെ സമയഗണന നടത്തുമ്പോൾ ഒരു രസമായിരുന്നു. ഇതാണത്:
1 ഒരുവർഷം, 6 മാസങ്ങൾ, 12 ദിവസങ്ങൾ ( 560 ദിവസങ്ങൾ, 10 മണിക്കൂരുകൾ, 39 മിനിട്ടുകൾ, 10 സെക്കന്റുകൾ)

48,422,350 സെക്കന്റ്സ്
807,039 മിനിട്ടുകൾ
13,450 മണിക്കൂറുകൾ
560 ദിവസങ്ങൾ
80 ആഴ്ചകൾ 🙂
ഡോക്ടറുടെ സബീന റാവുവിന്റെ നിർദ്ദേശപ്രകാരം തന്നെ, കഴിഞ്ഞമാസമായിരുന്നു മരുന്നുകഴിക്കൽ നിർത്തേണ്ടിരുന്നത്. മരുന്നുകൾ തീരാത്തതിനാൽ ഇന്നുവരെ നീണ്ടു നിന്നു.

2015 ഇൽ

Sabina Rao Sakra World Hospital
Dr. Sabina Rao Consultant – Department of Psychiatry MBBS, MD in Psychiatry

മൊത്തം 222 പോസ്റ്റുകളാണ് ഈ വർഷം ഞാനിട്ടത് ഫെയ്സ്ബുക്കിൽ. 21 ആം തീയ്യതി രാവിലെ 7:25 ന് ഒരു പോസ്റ്റിട്ടിരുന്നു, ആക്സിഡന്റിനു മണിക്കൂറുകൾക്ക് മുമ്പ്… ആ വർഷം,
ജനുവരിയിൽ 7 എണ്ണം,
ഫെബ്രുവരിയിൽ 41 എണ്ണം,
മാർച്ചിൽ 20 എണ്ണം,
ഏപ്രിലിൽ 33 എണ്ണം,
മേയിയിൽ 13 എണ്ണം,
ജൂണിൽ 31 എണ്ണം,
ജൂലൈയിൽ 12 എണ്ണം,
ആഗസ്റ്റിൽ 14 എണ്ണം,
സെപ്റ്റംബറിൽ 28 എണ്ണം
ഒക്ടോബറിൽ 21 ആം തീയ്യതിവരെ കൃത്യം 21 എണ്ണം എന്നിങ്ങനെയായിരുന്നു പോസ്റ്റുകളുടെ കണക്ക്!! ആവർഷം പിന്നീട് ഡിസംബറിൽ 2 എണ്ണം ഉണ്ട്. ഒന്ന് വിക്കിപീഡിയൻ അഭിജിത്തിന്റെ ഒരു പോസ്റ്റ് റിഷെയറിങും പിന്നെ ഡിസംബർ 31 ന് രാവിലെ 11:38 ന് എല്ലാവർക്കും ഒരു പുതുവർഷാശംസയും. അത് ഇപ്രകാരം ആയിരുന്നു:
അറിഞ്ഞതില്ല ഞാനോമലേ
നിമിഷങ്ങൾ, മാസങ്ങൾ, വർഷങ്ങൾ
പുമ്പാറ്റകളായ് പറന്നുയർന്നതും
ഞാനീ സ്നേഹസാഗരത്തിലാണ്ടു പോയതും… പുതുവത്സരാശംസകൾ ഏവർക്കും!!!

2016 ഇൽ

S Manohar Sakra World Hospital
Dr. S. Manohar Director – Internal Medicine M.B.B.S, MD

ആക്സിഡന്റ് നൽകിയ വിവിധ കലാപരിപാടികളുമായി 2016 തീർന്നുപോയി. എന്തൊക്കെയോ ചെയ്തു, എവിടെയൊക്കെയോ പോയി, ആരെയൊക്കെയോ കണ്ടു അങ്ങനെയങ്ങനെ!! 2016 അവസാനമാസം ഡിസംബറോടുകൂടിയാണ് നോർമ്മലായി തീർന്നിട്ടുണ്ട് എന്നൊരു ബോധം എനിക്ക് വന്നതുതന്നെ! അതുവരെ കഴിവതും അഭിനയിച്ചു ഫലിപ്പിക്കാൻ ഏറെ ശ്രമിച്ചു… ഓ!! ഫെയ്സ്ബുക്ക് മറന്നു,, 2016 -ഇൽ അധികവും റിഷെയറിങായിരുന്നു കൂടെ കണ്ട പോസ്റ്റിങ്സിനൊക്കെ ലൈക്കും കൊടുത്തു. അങ്ങനെ മൊത്തം 173 പോസ്റ്റുകൾ ആ വർഷമുണ്ട്! സ്വന്തമായി ഒരക്ഷരം എഴുതാൻ പറ്റിയിയുന്നില്ല എന്നതാണു സത്യം. അവസാന മാസങ്ങളിൽ ഏകദേശം തിരിഞ്ഞുമറിഞ്ഞു ശരിയായി വന്നിരുന്നു. പ്രിയ സുഹൃത്തുക്കളും ഡോക്ടർ സബീന റാവുവും ഏറെ നിർബന്ധിച്ചോണ്ടിരുന്ന കാര്യവും ആയിരുന്നു ഇത്. വിക്കിപീഡിയയിലും ഫെയ്സ്ബുക്കിലും ഒക്കെ സജീവമാവാൻ ഡോകടർ സബീനാ റാവു എല്ലാ മാസവും നിർബന്ധിക്കുകായിരുന്നു. പുസ്തകങ്ങൾ വായിക്കാനും, ന്യൂസ് പേപ്പർ വായിച്ച് 5 ലൈനെങ്കിലും മഞ്ജുവിനോട് ദിവസവും വൈകുന്നേരം പറഞ്ഞുകൊടുക്കാനും ഒക്കെയായി ഡോക്ടർ ഉപാധികൾ നിരവധി വെച്ചിരിന്നു. മഹാകവി പിയുടെ നിത്യകന്യകയെ തേടി എന്ന പുസ്തകം ആ സമയത്ത് ഒരിക്കൽ കൂടി വായിച്ചു തീർക്കുകയുണ്ടായി.

2017 ഇൽ

manjusha rajesh
മഞ്ജുഷ

ഇന്ന് മേയ് 3 ആം തീയ്യതി. ഇന്നേക്ക് ഈ വർഷം ഫെയ്സ്ബുക്കിൽ 207 പോസ്റ്റുകൾ ആയി. മാസങ്ങൾ ഇനിയും കിടപ്പുണ്ട്! ഇതിൽ റീഷെയറിങ് വളരെ കുറവുണ്ട്. 2016 പോലെ ഫെയ്സ്ബുക്കിനു മുമ്പിൽ ഇരിപ്പു കുറഞ്ഞു, പോസ്റ്റിങ് ഒക്കെ രാവിലെ മാത്രം ഒതുക്കി. അതുകൊണ്ടുതന്നെ റീഷെയറിങ് കണ്ടമാനം കുറഞ്ഞു. ഫ്രണ്ട്സ് ലിസ്റ്റ് 4999 ഇൽ നിർത്തി വെച്ചിരിക്കാൻ തുടങ്ങിയിട്ട് കാലമേറെയായി. ഇതിൽ 1 വെച്ചിരിക്കുന്നത് ബോധപൂർവ്വമാ, റിക്വസ്റ്റ് അയക്കുന്നവർ അയക്കട്ടെ, അത്യാവശ്യമുള്ള ആളാണെങ്കിൽ ഒരാളെ കൊന്നുകളഞ്ഞ് ഇയാളെ സ്വീകരിക്കാമല്ലോ! 300 ഓളം ആൾക്കാർ അതുകൊണ്ടുതന്നെ റിക്വസ്റ്റു തന്നിട്ട് കാത്തിരിപ്പുണ്ട്. ഇടയ്ക്കൊക്കെ 100 ഓളം പേരെ കൊന്നുകളഞ്ഞ് (പ്രൊഫൈൽ ഫോട്ടോ പോലും ഇല്ലാത്തവരെയും, ഡ്യൂപ്ലിക്കേറ്റ് എന്നു തോന്നുന്നവരേയും മാത്രമേ ഒഴിവാക്കാറാള്ളൂ – അല്ലാതെ ജാതിയും മതവും രാഷ്ട്രീയവും വിഷയമാവാറില്ല) ഈ കാത്തിരിക്കുന്നവരിൽ നിന്നും പ്രൊഫൈലും പോസ്റ്റിങ്സും ഓടിച്ചു നോക്കി സ്വീകരിക്കും.

കലാപരിപാടികൾ

ആക്സിഡന്റ് കലാപരിപാടികൾ നിരവധിയാണ്. പലർക്കും പറയാൻ പലതും കാണും. മഞ്ജുവിനെ വരെ പഴയ കാമുകിയുടെ പേരാണത്രേ വിളിച്ചിരുന്നത്! 🙂 മരുന്നു കഴിക്കലും അതുപോലെ തന്നെ. മഞ്ജുവും അമ്മയുമൊക്കെ ഏറെ ബുദ്ധിമുട്ടിയിട്ടുണ്ട് ആ സമയങ്ങളിൽ. ഡോകടറുടെ നിർദ്ദേശപ്രകാരം മരുന്നു കഴിക്കൽ ചടങ്ങ് ഔദ്യോഗികമായി ഇന്ന് നിർത്തുകയാണ്. ആമീസിന്റെ ശ്രദ്ധയും കരുതലും ഒക്കെ പലപ്പോഴും അനുഭവിച്ചിട്ടുണ്ടുമുണ്ട് ഇതുമായി ബന്ധപ്പെട്ടുതന്നെ. 2016 -ഇൽ ബെഡിൽ കിടക്കുമ്പോൾ, മുറിവൊക്കെ ഇല്ലാത്ത സമയത്ത് അവൾ ഒരു ഡപ്പി കൊണ്ടുവന്ന് പതുക്കെ ആ സ്ഥലത്ത് മരുന്നു വെച്ച് തടവി തന്ന് കണ്ണടച്ച് കിടന്നോ അച്ഛാ മുറിഞ്ഞിടത്ത് മരുന്നു വെച്ചിട്ടുണ്ട് എന്നൊക്കെ പറഞ്ഞ് പതിയെ തടവിത്തരുമായിരുന്നു. ഒരു ചടങ്ങു പോലെ ഇടയ്ക്കൊക്കെ ആ കുഞ്ഞുകൈകളുടെ തലോടൽ അനുഭവിക്കാൻ പറ്റി എന്നത് ഏറെ ഹൃദ്യമായിരുന്നു. മുമ്പ്, അവളതൊക്കെ കണ്ടുപഠിച്ചതാവണം. 2016 അവസാനം മുതൽ രാവിലെയും വൈകുന്നേരവും മരുന്നു കഴിച്ചോ അച്ഛാ എന്നവൾ ചോദിച്ചോണ്ടിരിക്കുമായിരുന്നു. രാവിലെയും വൈകുന്നേരവും ഗുളിക തരാനും മരുന്ന് പകർന്നു കൈയ്യിൽ കൊടുത്താൽ അവളത് കൃത്യമായി എനിക്കു തരികയും ചെയ്യുമായിരുന്നു. ആ കുഞ്ഞുമനസ്സിൽ എവിടെയൊക്കെയോ ആക്സിഡന്റ് മുദ്രപതിപ്പിച്ചിട്ടുണ്ട് എന്നു ചുരുക്കം… കഴിഞ്ഞ മാസം അവളുടെ നഴ്സറി ക്ലാസ്സു കഴിഞ്ഞ് സ്കൂൾ അടച്ചപ്പോൾ വീട്ടിലേക്ക് പറഞ്ഞയച്ചു.

Aatmika Rajesh
ആത്മിക

നാലുചുവരുകൾ മാത്രമുള്ള ഈ തടവറയിൽ നിന്നും അല്പകാലത്തേക്ക് രക്ഷപ്പെടാനും നാട്ടിൽ ആര്യയും ആദിയും കൂടെ ഉള്ളതിനാൽ ആഘോഷമാക്കി 2 മാസം ചെലവഴിക്കും എന്നു കരുതിയാണു വിട്ടത്. വിഷുവിനു മഞ്ജുവിന്റെ വീട്ടിലായിരുന്നു ആഘോഷം, അവിടെ സമീപമുള്ള ഒരു കുഞ്ഞ് കളർഫുള്ളായ ഷൂസ് അണിഞ്ഞു വന്നപ്പോൾ ആമീസ്സത് നോക്കി നിന്നിരുന്നു. ആ കുഞ്ഞ് നിനക്കില്ലേ ആമീസേ ഇതുപോലെ ഒന്ന് എന്നു ചോദിച്ചപ്പോഴും ആമീസിന്റെ മനസ്സിൽ ഓടിയത്തിയത് ആക്സിഡന്റ് തന്നെയായിരുന്നു. അവൾ വളരെ ഗൗരവത്തോടെ പറഞ്ഞു: ഇല്ല, എനിക്ക് സാധാരണ ചെരിപ്പേ ഉള്ളൂ, അച്ഛന് ആക്സിഡന്റായി, തലയ്ക്ക് ഓപ്പറേഷൻ ഒക്കെ കഴിഞ്ഞിരുന്നു, അതുകൊണ്ട് ഒന്നും വാങ്ങിക്കാൻ പൈസ കൈയ്യിലില്ല, ഞാൻ അതുകൊണ്ട് ഒന്നും ചോദിക്കാറും ഇല്ല എന്ന്. ഇതുകൂടാതെ, വൈകുന്നേരങ്ങളിൽ ആമീസിനെ അവളെ നോക്കുന്ന ചേച്ചിയുടെ വീട്ടിൽ നിന്നും റോഡിലൂടെ കൂട്ടിക്കൊണ്ടുവരുമ്പോൾ, അവൾ എന്റെ കൈയ്യും പിടിച്ച് ചാടിച്ചാടിയായിരുന്നു വരിക. റോഡിലൂടെ ലോറികൾ തന്നെ വന്നാലും അവളത് കണ്ടഭാവം നടിക്കില്ല. പക്ഷേ, ദൂരെ നിന്നും ഒരു ബൈക്കു വരുന്നതു കണ്ടാൽ അവൾ എന്റെ കൈപിടിച്ചുവലിച്ച് റോഡ്സൈഡിലേക്ക് മാറ്റി നിർത്തും, എന്റെ മുന്നിലായി അവൾ നിന്നിട്ട് പേടിയോടെ ബൈക്കിനെ നോക്കും, അത് കണ്ണിൽ നിന്നും മറയും വരെ ആ മൂന്നരവയസ്സുകാരി എന്നെ അനങ്ങാൻ അനുവദിക്കില്ലായിരുന്നു. മൂന്നരവയസ്സ് എന്നത് ഓർമ്മകളുടെ തുടക്കകാലം തന്നെയാണ്. മൂന്നരവയസ്സുള്ളപ്പോൾ ഞാൻ ചെയ്ത പലകാര്യങ്ങളും ഇന്നും എന്റെ ഓർമ്മയിൽ ഉണ്ട്. ആ കുഞ്ഞു മനസ്സിൽ എന്തൊക്കെയോ വിഹ്വലതകൾ കൂടി ഈ ആക്സിഡന്റിൽ ഉണ്ടായിട്ടുണ്ട് എന്നതാണു ഇതിൽ നിന്നൊക്കെ ഞാൻ മനസ്സിലാക്കിയ കാര്യം.

ഇങ്ങനെയൊക്കെയാണു കാര്യങ്ങളെങ്കിലും ഇന്നേക്ക് മരുന്നുകഴിക്കൽ പരിപാടി നിർത്തുകയാണ്. ജനുവരിയിൽ തന്നെ ഡോ: സബീനാ റാവു കഴിക്കുന്ന മരുന്നുകളുടെ അളവു കുറച്ചു തന്നിരുന്നു. കൂടെ നിന്ന സകല സുഹൃത്തുകളോടുമുള്ള ഒരു അറിയിപ്പാകട്ടെ ഇത്. വിക്കിപീഡിയയും, ഫെയ്സ്ബുക്കും, ഗൂഗിൾ പ്ലസ്സും, പഴയ സൗഹൃദകൂട്ടായ്മകളും, ബാംഗ്ലൂർ സുഹൃദ്‌വൃന്ദവും കൂടെ എല്ലാ സുഹൃത്തുക്കളും അറിയാനായി പങ്കുവെയ്ക്കുന്നതാണിത്.

×

Hello!

താഴെ കാണുന്ന വാട്സാപ്പ് ഐക്കൺ ക്ലിക്ക് ചെയ്യുകയോ ഈ മെയിൽ ഐഡിയിലേക്ക് മെയിൽ അയക്കുകയോ ചെയ്യുക.

രാജേഷ് ഒടയഞ്ചാൽ

×
Verified by MonsterInsights