Skip to main content

നെല്ലിക്ക

കവിത കേൾക്കുക: [ca_audio url=”https://chayilyam.com/stories/poem/nellikka.mp3″ height=”27″ css_class=”codeart-google-mp3-player” autoplay=”false”]
നന്മകൾക്കു നിറം കെടുന്നൊരു കാലമെന്നുണ്ണീ
തിന്മകൾക്കു നിറച്ചു വർണ്ണ ചന്തമെന്നുണ്ണീ…
മിന്നുന്നു പലതെങ്കിലും അവ പൊന്നല്ലെന്നുണ്ണീ…
പൊള്ളയായ പഴത്തിനുള്ളിൽ വിത്തുമില്ലുണ്ണീ…
ദീപനാളം കണ്ടു പാറും പ്രാണികൾ പോലെ…
ചിറകുവെന്തു കരിഞ്ഞു മണ്ണിലടിഞ്ഞിടല്ലുണ്ണീ…

ഓർത്തു വയ്ക്കാനൊത്തിരിക്കഥ ബാക്കിയെന്നുണ്ണീ…
ബാക്കിവച്ചവ ബാക്കിയാക്കാൻ നോക്കിനിൽക്കുണ്ണീ…
ആറ്റിൽ മുങ്ങിയുറഞ്ഞു തുള്ളിയുണർന്ന ബാല്യങ്ങൾ…
ആറ്റിലിപ്പോളർബുദപ്പുണ്ണായ്‌ മണൽക്കുഴികൾ…

മാവിലെ കുഞ്ഞാറ്റമുട്ട വിരിഞ്ഞൊരാക്കൂട്‌…
കാറ്റിലാടിയ കാലമങ്ങു കൊഴിഞ്ഞു പോയുണ്ണീ…
വിൽപനയ്ക്കു നിരത്തി വച്ചവ ഒക്കെ വിത്താണു…
വിത്തുവാരി വിതച്ച പാടം ചത്തിരിപ്പാണ്…
നാളെ ഞാനും നിന്റെ നാടും ഈ മുളങ്കാടും…
ലേലമിട്ടു വിരുന്നുകാർക്കു വിളമ്പുമെന്നുണ്ണീ…

മാറ്റമില്ലായെന്നു കരുതുവതൊക്കെയും മാറി…
മാറ്റവും മറുമാറ്റവും ചെറുതോറ്റവും മാറി…
പാട്ടു മാറി പകിട മാറി പതിവുകൾ മാറി…
കൂട്ടു മാറി കുടിലു മാറി കൂത്തുകൾ മാറി…

അഛനാരെന്നറിയാതെ അമ്മമാർ മാറി…
അമ്മയാരെന്നറിയാതെ ആങ്ങള മാറി…
പെങ്ങളാരെന്നറിയാതെ പൊരുളുകൾ മാറി…
മാറി മാറി മറഞ്ഞ കാലം മാഞ്ഞു മറയായി…
മാറി മാറി മറിഞ്ഞ കാലം മാറി മറിയുമ്പോൾ…
മാറിനുള്ളിലെരിഞ്ഞ ദീപമണഞ്ഞിടല്ലുണ്ണീ…

നന്മകൾക്കു നിറം കെടുന്നൊരു കാലമെന്നുണ്ണീ
തിന്മകൾക്കു നിറച്ചു വർണ്ണ ചന്തമെന്നുണ്ണീ…

കാടു കത്തിയമർന്നിടത്തുകുരുത്തു പേഴും കാ…
കായെടുത്തു കടിച്ചു പല്ലുകളഞ്ഞിടല്ലുണ്ണീ…

നന്മകൾക്കു നിറം കെടുന്നൊരു കാലമെന്നുണ്ണീ
തിന്മകൾക്കു നിറച്ചു വർണ്ണ ചന്തമെന്നുണ്ണീ…
*************
മുരുകൻ കാട്ടാക്കട

പക

കവിത കേൾക്കുക: [ca_audio url=”https://chayilyam.com/stories/poem/Paka.mp3″ height=”27″ css_class=”codeart-google-mp3-player” autoplay=”false”]
ദുരമൂത്തു നമ്മള്‍ക്ക്, പുഴ കറുത്തു
ചതി മൂത്തു നമ്മള്‍ക്ക്, മല വെളുത്തു
തിരമുത്തമിട്ടോരു കരിമണല്‍ തീരത്ത്-
വരയിട്ടു നമ്മള്‍ പൊതിഞ്ഞെടുത്തു
പകയുണ്ട് ഭൂമിക്ക്, പുഴകള്‍ക്കു, മലകള്‍ക്കു,
പുകതിന്നപകലിനും ദ്വേഷമുണ്ട്

മാനത്ത് നോക്കൂ കറുത്തിരിക്കുന്നു
കാര്‍മേഘമല്ല, കരിമ്പുകച്ചുരുളുകള്‍
പൂക്കളെ നോക്കൂ വെളുത്തിരിക്കുന്നൂ
പിച്ചിയല്ല, വിഷം തിന്ന തെച്ചി… (2)

കാറ്റിനെയൊന്ന് മണത്തു നോക്കൂ, മണം‌
ഗന്ധകപ്പാലപൂത്തുലയുന്ന മാദകം‌
പോക്കുവെയിലേറ്റൊന്നിരുന്നു നോക്കൂ
പുറം‌ തോലറ്റിറങ്ങുന്നതഗ്നി സര്‍പ്പം‌

മഴയേറ്റു മുറ്റത്തിറങ്ങി നില്‍ക്കൂ മരണ-
മൊരു തുള്ളിയായണുപ്രഹരമായി
ഉപ്പുകല്ലൊന്നെടുത്തുനോക്കൂ കടല്‍
കണ്ണീരിനുപ്പിന്‍ ചവര്‍പ്പിറക്കൂ

രാസതീര്‍ത്ഥം കുടിച്ചാമാശയം വീര്‍ത്ത്
മാത്രാവബോധം‌ മറഞ്ഞ പേക്കുട്ടികള്‍
രാത്രികള്‍പോലെ കറുത്ത തുമ്പപ്പൂവ്
രോഗമില്ലാതെയുണങ്ങുന്ന വാകകള്‍

പകയുണ്ട് ഭൂമിക്ക്, പുഴകള്‍ക്കു, മലകള്‍ക്കു,
പുകതിന്നപകലിനും ദ്വേഷമുണ്ട് (2)

ഇരുകൊടുങ്കാറ്റുകള്‍ക്കിടയിലെ ശാന്തിതന്‍
ഇടവേളയാണിന്ന് മര്‍ത്യജന്മം‌
തിരയായി തീരത്തശാന്തിയായ് തേങ്ങലായ്
പതയുന്നു പുകയുന്നു പ്രകൃതിപ്പക…

ഇതു കടലെടുത്തൊരാ ദ്വാരകാപുരിയിലെ
കൃഷ്ണപക്ഷക്കിനാവുള്ള ദ്വാപരര്‍ (2)

ആരുടേതാണുടഞ്ഞൊരീ കനവുകള്‍?
ആരുടച്ചതാണീ കനന്‍ചിമിഴുകള്‍?
ആരുടേതീ നിരാലംബ നിദ്രകള്‍?
ആരുറക്കിയീ ശാന്തതീരസ്മൃതി

നീ, ജലാദ്രി, തമോഗര്‍ത്ത സന്തതി
നീ, ജലാദ്രി, തരംഗരൂപിപ്പക! (2)

അലറി ആര്‍ത്തണയുന്ന തിര തമോഗര്‍ത്തത്തില-
ടവച്ചു വിരിയിച്ച മൃതി വിളിച്ചു
അലമുറകളാര്‍ത്തനാദങ്ങള്‍ അശാന്തികള്‍
അവശിഷ്ടമജ്ഞാതമൃതചിന്തകള്‍
അം‌ഗുലീയാഗ്രത്തില്‍ നിന്നൂര്‍ന്നു തിരതിന്ന
പുത്രനായ് കേഴുന്ന പിതൃസന്ധ്യകള്‍

ഇനിയെത്ര തിരവന്നു പോകിലും‌
എന്റെ കനല്‍ മുറിവില്‍ നിന്‍മുഖം മാത്രം
എന്റെ ശ്രവണികളില്‍ നിന്‍ തപ്ത നിദ്രമാത്രം‌
തൊട്ടിലാട്ടുന്ന താരാട്ടുകയ്യുകള്‍
കെട്ടി അമ്മിഞ്ഞ മുത്തുന്ന മാറുകള്‍
കവിളിലാരാണു തഴുകുന്നൊതീ കുളിര്‍
കടല്‍ മാതാവ് ഭ്രാന്തവേഗത്തിലോ..?

അരുത് കാട്ടിക്കുറുമ്പ് കാട്ടേണ്ടൊരീ
തരളഹൃദയത്തുടിപ്പസ്തമിച്ചുവോ?
നിഴലുകെട്ടിപ്പുണര്‍ന്നുറങ്ങുന്നുവോ
പുലരികാണാപ്പകൽ‌ക്കിനാച്ചിന്തുകള്‍

ഇന്നലെ ഹിന്ദുവായ് ഇസ്ലാമിയായ് നാം‌
കൊന്നവര്‍ കുന്നായ്മ കൂട്ടാ‍യിരുന്നവര്‍
ഇന്നൊരേകുഴിയില്‍ കുമിഞ്ഞവര്‍ അദ്വൈത –
ധര്‍മ്മമാര്‍ന്നുപ്പു നീരായലിഞ്ഞവര്‍

ഇരു കൊടുങ്കാറ്റുകള്‍ക്കിടയിലെ ശാന്തിതന്‍
ഇടവേളയാണിന്നു മര്‍ത്യജന്മം‌
തിരയായി തീര്‍ത്തശാന്തിയായ് തേങ്ങലായ്
പതയുന്നു പുകയുന്നു പ്രകൃതിപ്പക

അരുമക്കിടാങ്ങളുടെ കുരലു ഞെക്കിക്കൊന്ന
സ്ഥിരചിത്തയല്ലാത്തൊരമ്മയെപ്പോല്‍
കടലിതാ ശാന്തമായോര്‍മ്മകള്‍ തപ്പുന്നു
ഒരു ഡിസംബര്‍ ത്യാഗതീരം കടക്കുന്നു…

Paka, Murukan Kattakkada, മുരുകൻ കാട്ടാക്കട

കൊഴിയുന്ന ഇലകൾ പറഞ്ഞത്

Kozhiyunna Ilakal Paranjath, Murukan Kattakkadaകവിത കേൾക്കുക: [ca_audio url=”https://chayilyam.com/stories/poem/Kozhiyunna-Ilakal-Paranjathu.mp3″ height=”27″ css_class=”codeart-google-mp3-player” autoplay=”false”]
താഴേക്ക് താഴേക്ക് പോകുന്നിതാ നമ്മൾ
നിലമെത്തി നിശ്ചേഷ്ടരായ് മയങ്ങാൻ
കറവറ്റി, കർമബന്ധം മുറിഞ്ഞൊടുവിലീ
നിലമെത്തി നിശ്ചേഷ്ടരായ് മയങ്ങാൻ
കുഞ്ഞുകാറ്റിനോടിക്കിളിക്കൊച്ചു സല്ലാപങ്ങൾ
രാഗസാന്ദ്രം പ്രഭാതങ്ങൾ തുമ്പിതുള്ളൽ കളികൾ
വഴക്കേറ്റിയെത്തും കൊടുങ്കാറ്റിനൊപ്പം
മുടിയുലഞ്ഞാടിപ്പെരുമ്പറക്കലഹങ്ങൾ
മുത്തച്ഛൻ അന്തിസൂര്യൻ നൽകുമുടയാട
എത്തിയിടുത്തിടം കണ്ണിമയ്ക്കും കളികൾ
സ്വച്ഛന്ദ മന്ദാനിലൻ തഴുകി മുത്തം തരും
ഇത്തിരി രാവുകൾ ചന്ദ്രികാചന്തങ്ങൾ…
ഒക്കെയും അന്യമായ് പോകയാണിന്നു നാം
താഴേക്ക് ചപ്പായി ചവറായി
നിലമെത്തി നിശ്ചേഷ്ടരായ് മയങ്ങാൻ
നാവുവരളുന്നതുണ്ടെങ്കിൽ കനക്കേണ്ട
നാവിന്നു നാരായമുനകളല്ല
നമ്മൾ കരിയിലകൾ, നമ്മൾ കരിന്തിരികൾ
നമ്മിലെ നമ്മൾക്കു ദാഹമില്ല
ഉലഞ്ഞാടിടാനും ഉറഞ്ഞൂർന്നിടാനും
നമ്മിലുയിരിൻ തുടിപ്പിൻ തണുപ്പുമില്ല

പണ്ടു നാം ഊറ്റമോടാർത്തിരുന്നിവിടത്തെ
സന്ധ്യയുമുഷസ്സും നമുക്കു സ്വന്തം
സാഗരം സ്വന്തം സരിത്ത് സ്വന്തം ശ്യാമ-
രാത്രികൾ സ്വന്തം കിനാക്കൾ സ്വന്തം

ഹിമകിങ്ങിണിപ്പൊൻതണുപ്പു സ്വന്തം,
സപ്തസ്വര സുന്ദരം കുയിൽമൊഴികൾ സ്വന്തം
രാവിലൊളികണ്ണിമയക്കുമുഡുനിരകൾ സ്വന്തം
ഇത്തിരിപോന്നദിനങ്ങൾക്കുനടുവിൽ നാം
കൊത്തിവിരിയിച്ചവയൊക്കെയും വ്യർഥമാം
സ്വപ്നങ്ങൾ തന്നണ്ഡമായിരുന്നു
ഇന്നേക്കു നാം വെറും കരിയിലകൾ നമ്മിലെ
ഹരിതാഭയും ജീവരസനയും മാഞ്ഞുപോയ്
ഉറവയൂറ്റും സിരാപടലങ്ങൾ വറ്റും
നദിപ്പാടുപോൽ വെറും വരകളായ് നമ്മളിൽ
പതറാതെ ഇടറാതെ ഗമനം തുടർന്നിടാം
എവിടെയോ ശയനം കുറിച്ചിടപ്പെട്ടവർ

സ്വച്ഛന്ദ ശാന്ത സുഖ നിദ്രയ്ക്കിടം തേടി
മുഗ്ദ്ധമാമാത്മബന്ധങ്ങൾക്കു വിടയേകി
ഒട്ടുമീലോകം നമുക്കില്ലയെന്ന ചിത്-
സത്യം വഹിച്ചു വിടചൊല്ലാം നമുക്കിനി

മത്സരിക്കാതെ, വിയർക്കാതെ, പൂക്കളെ
തഴുകിക്കളിച്ചാർത്തതോർക്കാതെ പിന്നിലേ-
യ്ക്കൊട്ടുവിളി പാർക്കാതറയ്ക്കാതെ നീങ്ങിടാം

എന്ത്? നിൻ മിഴികളിൽ വറ്റാതെ നിറയുവാൻ
കണ്ണുനീരിപ്പോഴും ബാക്കിയെന്നോ??
എന്ത്? നിൻ കരളിൽ കുടുങ്ങിയൊരു പാട്ടുനിൻ
ചുണ്ടാം ചെരാതിൽ തെളിഞ്ഞുവെന്നോ?
സ്നിഗ്ദ്ധമാമാസൗരകിരണം പതി-
ഞെന്റെയും ഹൃത്തിലൊരു
മഴവില്ല് പൂത്തുവെന്നോ?

സഖാവ്

Sakhav, SAM MATHEW, ARYA DAYAL
കവിത കേൾക്കുക:[ca_audio url=”https://chayilyam.com/stories/poem/Sakhavu.mp3″ height=”27″ css_class=”codeart-google-mp3-player” autoplay=”false”]
നാളെയി പീതപുഷ്പങ്ങൾ കൊഴിഞ്ഞിടും
പാതയിൽ നിന്നെ തിരഞ്ഞുറങ്ങും (2)
കൊല്ലപ്പരീക്ഷയെത്താറായ് സഖാവേ
കൊല്ലം മുഴുക്കെ ജയിലിലാണോ…? (2)

എന്റെ ചില്ലയിൽ വെയിലിറങ്ങുമ്പോൾ
എന്തുകൊണ്ടോ പൊള്ളിടുന്നിപ്പോൾ (2)
താഴെ നീയുണ്ടായിരുന്നപ്പോൾ
ഞാനറിഞ്ഞില്ല വേനലും വെയിലും (2)
നിന്റെ ചങ്കുപിളർക്കുന്ന മുദ്രാ-
വാക്യമില്ലാത്ത മണ്ണിൽ മടുത്തു ഞാൻ (2)

എത്രകാലങ്ങളായ് ഞാനീയിട
ത്തെത്ര പൂക്കാലമെന്നെ തൊടാതെപോയ് (2)
നിന്റെ കൈപ്പട നെഞ്ചിൽ പടർ‌ന്ന നാൾ
എന്റെ വേരിൽ പൊടിഞ്ഞു വസന്തം (2)
നീ തനിച്ചിരിക്കാറുള്ളിടത്തെന്റെ
പീത പുഷ്പങ്ങളാറി കിടക്കുന്നു… (2)

കാരിരുമ്പഴിക്കുള്ളിൽ കിടന്നു നീ
എന്റെ പൂവിൻ ഗന്ധം കുടിക്കണം (2)
നിന്റെ ചോരക്കണങ്ങളാണെന്നിൽ
പീതപുഷ്പങ്ങളൊക്കെ തൊടുത്തതും (2)
ആയുധങ്ങളാണല്ലോ സഖാവേ
നിന്റെ ചോരചൂടാൻ കാത്തിരുന്നതും (2)

തോരണങ്ങളിൽ സന്ധ്യ ചേക്കേറുന്നു
പൂമരങ്ങൾ പെയ്തു തോരുന്നു (2)
പ്രേമമായിരുന്നെന്നിൽ സഖാവേ
പേടിയായിരുന്നെന്നും പറഞ്ഞിടാന്‍ (2)
വരും ജന്മമുണ്ടെങ്കിലീ പൂമരം
നിന്റെ ചങ്കിലെ പെണ്ണായ് പിറന്നിടും (2)

നാളെയി പീതപുഷ്പങ്ങൾ കൊഴിഞ്ഞിടും
പാതയിൽ നിന്നെ തിരഞ്ഞുറങ്ങും

കൊല്ലപ്പരീക്ഷയെത്താറായ് സഖാവേ
കൊല്ലം മുഴുക്കെ ജയിലിലാണോ…? (2)

നിത്യപ്രാർത്ഥന

കവിത കേൾക്കുക:[ca_audio url=”https://chayilyam.com/stories/poem/whatsapp.mp3″ height=”27″ css_class=”codeart-google-mp3-player” autoplay=”false”]

ഏവർക്കും ദിവസവും രാവിലെ ചൊല്ലാനായി അല്ലെങ്കിൽ പ്രാർത്ഥിക്കാനായി ഇതാ ഒരു പ്രാർത്ഥനാഗീതം, സർവ ഐശ്വര്യങ്ങളും ഉണ്ടാവും 😀😀 എന്നു കരുതാം. പ്രാക്ടീസ് ചെയ്യാവുന്നതാണ്.

ഈ മനോഹര ഭൂമിയിലിനിയൊരു ജന്മമില്ലല്ലോ

കുമരകം കീരിപ്പുഴ ഷാപ്പിൽ നിന്നും ചേർത്തല സ്വദേശി മധു പാടുന്ന പാട്ട്…

ഈ മനോഹര ഭൂമിയിലിനിയൊരു ജന്മമില്ലല്ലോ

സുഹൃത്തേ ആശ്വസിക്കുക നാം…

ഈ വിലാസലോല ഭൂമിയിലാരു ബന്ധുക്കള്‍!!

സുഹൃത്തേ ചുറ്റും ശത്രുക്കള്‍…

സൌഖ്യം നുകരുമ്പോള്‍ അരുതേ ചതഞ്ഞ വേദാന്തം…

ഓരോ മനുജനുമോരോ ദിനമുണ്ടാറടി മണ്ണിനു ജന്മികള്‍ നാം!!

എന്തിനു ജന്മം എന്തിനു ജീവിതം എന്തിനു നാം വ്യഥാ…

അരങ്ങൊഴിഞ്ഞു പോകാന്‍ വെറുതെ നാടകമാടുന്നു!

ഇന്നലെ നമ്മള്‍ കണ്ടവരില്‍ ചിലര്‍ എങ്ങോ മറയുന്നു…

കാലം കാട്ടും ജാലമതില്‍ നാം മണ്ണായ് മാറുന്നൂ…

ഈ മനോഹര ഭൂമിയിലിനിയൊരു ജന്മമില്ലല്ലോ,

സുഹൃത്തേ ആശ്വസിക്കുക നാം!

ഈ ലോക ഗോളത്തില്‍ വീണ്ടും പുലരികളുണരുമ്പോള്‍,

ആരാര് നമ്മില്‍ കാണാന്‍ എല്ലാമൊരു വിധി വിളയാട്ടം;

ഈ ലോക ഗോളത്തില്‍ വീണ്ടും പുലരികളുണരുമ്പോള്‍,

ആരാര് നമ്മില്‍ കാണാന്‍ എല്ലാമൊരു വിധി വിളയാട്ടം!

എറിയരുതേ കല്ലുകള്‍ ഞങ്ങടെ നോവും കരളുകളില്‍…

പറയരുതേ കുത്തുവാക്കുകള്‍ നെഞ്ചകമുരുകുമ്പോള്‍…

ഓ ഓ ഓ…!

മരണം മഞ്ചലുമായി വന്നാല്‍ കൂടെ പോകേണ്ടേ…

ഈ മനോഹര ഭൂമിയിലിനിയൊരു ജന്മമില്ലല്ലോ…

സുഹൃത്തേ ആശ്വസിക്കുക നാം…!!

ആഴത്തിരമാലകളില്‍ നമ്മള്‍ തുഴഞ്ഞ കളിവള്ളം;

തീരത്തൊരു ചെരുതിരി കാട്ടാന്‍ ദൈവമുണ്ടോ മറുകരയില്‍?

ആഴത്തിരമാലകളില്‍ നമ്മള്‍ തുഴഞ്ഞ കളിവള്ളം;

തീരത്തൊരു ചെരുതിരി കാട്ടാന്‍ ദൈവമുണ്ടോ മറുകരയില്‍?

ഇല്ലല്ലോ ദൈവം പോലും ഒരു ചെറു തണലേകാന്‍…!

നേരം പോയ് നമ്മൾക്കായിനി അലയാനാരുണ്ട്…!

ഓ ഓ ഓ…!

മരണം വന്നു വിളിച്ചാലുടനെ കൂടെ പോകേണ്ടേ ?

ഈ മനോഹര ഭൂമിയിലിനിയൊരു ജന്മമില്ലല്ലോ…

സുഹൃത്തേ ആശ്വസിക്കുക നാം…!

ബന്ധം ബന്ധനമായി മാറും സൌഹൃദമാണിവിടെ…

ധനവും ധാന്യവുമില്ലതയാല്‍ സഹജരുമില്ലിവിടെ…

ബന്ധം ബന്ധനമായി മാറും സൌഹൃദമാണിവിടെ…

ധനവും ധാന്യവുമില്ലതയാല്‍ സഹജരുമില്ലിവിടെ…

അന്നു മരിച്ചു പിരിഞ്ഞവരെല്ലാം കാതങ്ങള്‍ക്കകലെ…

അമ്മ സഹോദരി താതനുമെല്ലാം ആറടി അകലകലെ!

അമ്മ സഹോദരി താതനുമെല്ലാം ആറടി അകലകലെ!!

ഈ മനോഹര ഭൂമിയിലിനിയൊരു ജന്മമില്ലല്ലോ…

സുഹൃത്തേ ആശ്വസിക്കുക നാം…!

ഈ വിലാസലോല ഭൂമിയിലാരു ബന്ധുക്കള്‍…

സുഹൃത്തേ ചുറ്റും ശത്രുക്കള്‍…!

സൌഖ്യം നുകരുമ്പോള്‍ അരുതേ ചതഞ്ഞ വേദാന്തം!!

ഓരോ മനുജനുമോരോ ദിനമുണ്ടാറടി മണ്ണിനു ജന്മികള്‍ നാം…

എന്തിനു ജന്മം എന്തിനു ജീവിതം എന്തിനു നാം വ്യഥാ…

അരങ്ങൊഴിഞ്ഞു പോകാന്‍ വെറുമൊരു നാടകമാടുന്നു…

ഇന്നലെ നമ്മള്‍ കണ്ടവരില്‍ ചിലര്‍ എങ്ങോ മറയുന്നു…

കാലം കാട്ടും ജാലമതില്‍ നാം മണ്ണായ് മാറുന്നൂ…

ഈ മനോഹര ഭൂമിയിലിനിയൊരു… ജന്മമില്ലല്ലോ…!!

സുഹൃത്തേ… ആശ്വസിക്കുക നാം!!

കഥ കേൾക്കേണ്ട കുഞ്ഞേ

കവി മുരുകൻ കാട്ടാക്കട നിലേശ്വരത്തിനടുത്ത് ചായ്യോത്ത് ഗവണ്മെന്റ് സ്കൂളിൽ വന്നപ്പോൾ ചൊല്ലിയ കവിതകളിൽ ഒന്ന്. ആരാധ്യയും അദ്വൈതയും അവിടെ സ്കൂൾ പഠനം ആരംഭിച്ച സമയമായിരുന്നു അത്.

#കവിത, കഥ കേൾക്കേണ്ട കുഞ്ഞേ
കുട്ടി:
“അപ്പുറം വീട്ടിലെ അപ്പൂപ്പനിന്നലെ
കാക്കേടേം പൂച്ചേടേം കഥ പറഞ്ഞു
തത്തമ്മപെണ്ണിന്റെ, താറാക്കോഴീടെ,
തക്കിടി മുണ്ടന്റെ കഥ പറഞ്ഞു…

മുത്തങ്ങൾ തന്നെന്നെ മാറോടു ചേർത്തു
കൊണ്ടൊത്തിരി നേരം കഥ പറഞ്ഞു.
തൂക്കണാം കുരുവീടെ കഥ കേൾക്കുവാനമ്മേ
പോകയാണിന്നു ഞാൻ അക്കരയ്ക്ക്…”

അമ്മ:
“തൂക്കണാം കുരുവീടെ കഥ കേൾക്കുവാൻ മോളേ
ഞാനിന്നു പോരുന്നു നിന്റെയൊപ്പം…

ഒറ്റക്കിരിക്കുന്നൊരപ്പൂപ്പൻ ചൊല്ലുന്ന
ഒറ്റക്കഥയും കഥകളല്ല!!
ഒറ്റക്കിരിക്കുന്നൊരപ്പൂപ്പൻ ചൊല്ലുന്ന
ഒറ്റക്കഥയും കഥകളല്ല!!

ഒറ്റക്കു പോയി കഥകൾ നീ കേൾക്കേണ്ട
ഒക്കത്തു കേറി മറിഞ്ഞിടേണ്ട

അപ്പൂപ്പനും മോളും നല്ലവരെങ്കിലും
അത്രയ്ക്കു നല്ലതല്ലിന്നു കാലം!!

-കവി: മുരുകൻ കാട്ടാക്കട

കാത്തിരിപ്പ്

കവിത കേൾക്കുക:[ca_audio url=”https://chayilyam.com/stories/poem/kaathirippu-kattakkada.mp3″ width=”400″ height=”27″ css_class=”codeart-google-mp3-player” autoplay=”false”]

ആസുരതാളം തിമർക്കുന്നു ഹൃദയത്തിൽ
ആരോ നിശബ്ദമൊരു നോവായി നിറയുന്നു
നെഞ്ചിലാഴ്ന്നമരുന്നു മുനയുള്ള മൗനങ്ങൾ
ആർദ്രമൊരു വാക്കിന്റെ വേർപാട് നുരയുന്നു

പ്രിയതരം വാക്കിന്റെ വേനൽ മഴത്തുള്ളി
ഒടുവിലെത്തുന്നതും നോറ്റു പാഴ്സ്മൃതികളിൽ
കാത്തിരിപ്പൊറ്റക്കു കാതോർത്തിരിക്കുന്നു
കാത്തിരിപ്പൊറ്റക്കു കൺപാർത്തിരിക്കുന്നു

ഞാനുറങ്ങുമ്പോഴും കാത്തിരിപ്പൊറ്റക്കു
താഴെയൊരൊറ്റയടിപ്പാതയറ്റത്തു വീഴും
നിഴൽപ്പരപ്പിന്നു കൺപാർക്കുന്നു!
എന്റെ മയക്കത്തിൽ എന്റെ സ്വപ്നങ്ങളിൽ
കാത്തിരിപ്പെന്തൊ തിരഞ്ഞാടിയെത്തുന്നു

ആരെയോ ദൂരത്തു കണ്ടപോലാനന്ദ
മോദമോടെന്നെ വിളിച്ചുണർത്തീടുന്നു
മാപ്പിരക്കും മിഴി വീണ്ടുമോടിക്കുന്നു
ഭൂതകാലത്തിനുമപ്പുറം വീണ്ടുമൊരു
വാക്കിന്റെ വേനൽ മഴത്തുള്ളി
വീഴ്‌വതും നോറ്റ് കനക്കും
കരൾക്കുടം ചോരാതെ

കാത്തിരിപ്പൊറ്റക്കു കൺപാർത്തിരിക്കുന്നു
കാത്തിരിപ്പൊറ്റക്കു കാതോർത്തിരിക്കുന്നു
കാത്തിരിപ്പൊറ്റക്കു കൺപാർത്തിരിക്കുന്നു

മച്ചിലെ വാവൽ കലമ്പലിൽ
ഘടികാരമൊച്ചയുണ്ടാക്കും
നിമിഷ പുഷ്പങ്ങളിൽ
തെന്നൽ തലോടി തുറന്ന പടിവാതിലിൽ
തെക്ക് നിന്നെത്തുന്ന തീവണ്ടി മൂളലിൽ

ഞെട്ടിയുണർന്നെത്തി നോക്കുന്നു പിന്നെയും
ഒച്ച് പോലുൾവലിഞ്ഞീടുവാനെങ്കിലും
വേദന…
വേ…ദന വാരിപ്പുതച്ചു വീണ്ടും
എന്റെ കാത്തിരിപ്പൊറ്റക്കു കൺപാർത്തിരിക്കുന്നു

ഒരു പകൽ പടിവാതിലോടിയിറങ്ങുമ്പോളിരവു
കറുത്ത ചിരി തൂകിയാർത്തണയുമ്പോൾ
ഇരുവർക്കുമിടയിലൊരു
സന്ധ്യപൂത്തുലയുമ്പോൾ
ഇലകളനുതാപമോടരുണാശ്രുവേല്ക്കുമ്പോൾ

എവിടെയോ മിഴി പാകി ഒരു ശിലാശകലമായ് –
വാക്കിന്റെ വേനൽ മഴത്തുള്ളി
വീഴ്വതും നോറ്റ് കനക്കും
കരൾക്കുടം ചോരാതെ
കാത്തിരിപ്പൊറ്റക്കു കാതോർത്തിരിക്കുന്നു
കാത്തിരിപ്പൊറ്റക്കു കൺപാർത്തിരിക്കുന്നു

കണ്ണീരു പൊടിയുന്ന വറ്റുന്നതോർക്കാതെ
ആർദ്രമൊരു വാക്കിന്റെ വേനൽ മഴത്തുള്ളി
ഒടുവിലെത്തുന്നതും നോറ്റു പാഴ്സ്മൃതികളിൽ
കാത്തിരിപ്പൊറ്റക്കു കൺപാർത്തിരിക്കുന്നു
കാത്തിരിപ്പൊറ്റക്കു കാതോർത്തിരിക്കുന്നു
കാത്തിരിപ്പൊറ്റക്കു കൺപാർത്തിരിക്കുന്നു!!

കവി: മുരുകൻ കാട്ടാക്കട

അരനാഴിക നേരം

വരികയായി ഞാൻ
പ്രിയേ, കാത്തിരിക്കുക
അരനാഴിക നേരംകൂടി നീ.
വെറുംവാക്കല്ല സഖീ,
വരുന്നത് വെറും കൈയ്യോടുമല്ല.
നിനക്കേറയിഷ്ടമുള്ള, യരി
മുറുക്കിന്റെ പൊതിയുണ്ട്
മടിക്കുത്തിലൊപ്പമൊരു
ഡസൻ കരിവളയും !

ആശകളതിരുവിട്ടതുവഴി
യിതുവഴിയിറങ്ങിയോടുന്ന
മനസ്സുമായി വണ്ടിയിലക്ഷമ-
നായിട്ടിരിക്കുന്നു ഞാനോമനേ!
അഴലെല്ലാം പാറ്റിപറത്തി
നീ അഴകോടിരിക്കണം.
മുടിയഴിച്ചിട്ടതിലൊരു
തുളസിക്കതിർ ചൂടണം.

കുഞ്ഞുങ്ങളുറങ്ങിക്കോട്ടേ,
കിണ്ണത്തിലൊരു തവി
കഞ്ഞി കരുതിയേക്കണം.
പരിഭവിക്കണ്ട, പരിഭ്രമിക്കണ്ട
മറന്നിട്ടില്ലമ്മതൻ കുഴമ്പു–
മച്ഛന്റെ ജാപ്പണം പൊയ്ലയും.

പിന്നെ, ചിലവുകൾ ചുരുക്കണം,
മിച്ചം പിടിച്ചതുകൊണ്ടൊരു
കുറി നീ കൂടണം, മകളവൾ
പനപോലെ വളരുകയല്ലോ?

മഴയെത്തും മുമ്പേ മച്ചിലെ
ചോർച്ചകൾ മാറ്റണം,
ഓണത്തിനിക്കുറി നാമെല്ലാം
പുതുചേല ചുറ്റണം.

ഉഷ്ണം പുകയുന്നയുച്ചകൾ
മാത്രം നിറഞ്ഞ ജോലിത്തിരക്കിൽ
നഷ്ടപ്പെടുന്ന പുലർച്ചകളും
സന്ധ്യകളും,

മാസാറുതികളിൽ
കഴുകി കമഴ്ത്തിയ കുടം
പോലെയാകുന്നു കീശ,

വെയിലത്തയയിലിട്ടുടുപ്പു –
പോലുണങ്ങുന്നു ദേഹം!

അയ്യോ! അറിഞ്ഞില്ല പെണ്ണേ!
ഒരു വളവിന്നപ്പുറം
കൊക്കയിലേക്കു
വഴിതെറ്റിക്കുവാൻ
കാലനവൻ കയറുമായി
കാത്തിരുപ്പുണ്ടെന്ന്,
അരനാഴികദൂരമിനിയൊരിക്കലു-
മെത്താത്ത ദൂരമാകുമെന്ന്!
…………………………
കവി: ഡോ. അനൂപ് മുരളീധരന്‍

ഭാര്യയെ കാണാൻ പോകുന്ന ഭർത്താവ് അപ്രതീക്ഷിതമായി മരിക്കുന്നതാണ് കവിതയുടെ ഇതിവൃത്തം. ജീവിതത്തിൽ ഭർത്താവിന് അടുക്കലേക്ക് എത്തുന്ന ഭാര്യയാണ് മരിക്കുന്നത്. ‘അരനാഴികനേരം’ എന്ന തലക്കെട്ടില്‍ ഫേസ്ബുക്കില്‍ ഡോ. അനൂപ് കവിതയെഴുതിയതിന്റെ നാലാംദിനമാണ് ട്രെയിന്‍ യാത്രയില്‍ മരണം തുഷാരയെ കവര്‍ന്നെടുക്കുന്നത്. കവിതയില്‍ ഭാര്യയുടെ അടുത്തേക്ക് പോകുന്ന ഭര്‍ത്താവിനെയാണ് ദുരന്തം പിടികൂടുന്നത്. എന്നാല്‍ ജീവിതത്തില്‍ തിരിച്ചാണെന്ന് മാത്രം. പതിവായി കവിതകളെഴുതുന്ന ഡോ. അനൂപ് 19നാണ് ‘അരനാഴികനേരം’ എന്ന കവിത ഫേസ്ബുക്കില്‍ കുറിച്ചത്.

അയ്യോ! അറിഞ്ഞില്ല പെണ്ണേ! ഒരു വളവിന്നപ്പുറം കൊക്കയിലേക്കു വഴിതെറ്റിക്കുവാൻ കാലനവൻ കയറുമായി കാത്തിരുപ്പുണ്ടെന്ന്, അരനാഴികദൂരമിനിയൊരിക്കലു- മെത്താത്ത ദൂരമാകുമെന്ന്! എന്നാണ് കവിത അവസാനിക്കുന്നത്. ചൊവ്വാഴ്ചയാണ് (ജനുവരി 23, 2018) ട്രെയിനില്‍ നിന്നു തുഷാര അനൂപ് വീണു മരിച്ചത്.

മലബാര്‍ എക്സ്പ്രസ് ട്രെയിനില്‍ പോകവെയാണ് അര്‍ധരാത്രി മരണം സംഭവിക്കുന്നത്. പത്തനംതിട്ട കൂടല്‍ സ്വദേശിയുമായ ഡോക്ടര്‍ അനൂപിന്റെ ഭാര്യയാണ് ഡോ. തുഷാര. മുളങ്കുന്നത്തുകാവ് പോട്ടോര്‍ റെയില്‍വേ ഗേറ്റിന് സമീപം നാട്ടുകാര്‍ ഡോക്ടറുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. മരണത്തില്‍ കൂടുതല്‍ അന്വേഷണം വേണമെന്നു ഫൊറന്‍സിക് വിദഗ്ധര്‍ സൂചന നല്‍കി. തുഷാരയുടെ മൃതദേഹത്തില്‍ കണ്ടത് സംശയകരമായ മുറിവുകളാണെന്ന് ഫോറന്‍സിക് ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചു.

ഓടുന്ന ട്രെയിനില്‍ നിന്നു സ്വഭാവികമായി വീഴുമ്പോള്‍ കാണുന്ന ലക്ഷണങ്ങളല്ല മുറിവുകള്‍ക്കുള്ളതെന്നാണു വിദഗ്ധാഭിപ്രായം. നെറ്റിക്ക് മുകളിലും താടിയിലും ആഴത്തില്‍ രണ്ടു മുറിവുകളുണ്ട്. സാധാരണ ട്രെയിനില്‍ നിന്നു വീഴുമ്പോള്‍ ഇത്തരം മുറിവുണ്ടാവാറില്ല. ആരെങ്കിലും ബലമായി തള്ളിയിടുമ്പോഴോ സ്വയം ചാടുമ്പോഴോ സംഭവിക്കാവുന്ന തരം മുറിവുകളാണെന്നാണു ഫൊറന്‍സിക് വിദഗ്ധര്‍ സൂചിപ്പിക്കുന്നത്. അപകടമരണമാവാന്‍ സാധ്യത കുറവാണെന്ന നിലപാടിലാണ് പോലീസും.

അമ്മ ട്രെയിനിൽ നിന്ന് വീണു മരിച്ചതറിയാതെ യാത്ര തുടർന്ന് മൂന്നു പിഞ്ചു കുഞ്ഞുങ്ങൾ; ഒടുവിൽ യാത്രക്കാർ ഇടപെട്ട് ബന്ധുക്കളെ ഏൽപ്പിച്ചു!

മനോരമയിൽ വന്ന വാർത്ത കാണുക.

മാറുന്നു നാം കേരളീയർ

വേണ്ടാ നമുക്കിന്നു കപ്പ, അയ്യേ
വേണ്ടാ നമുക്കിന്നു കാച്ചിൽ
ചേമ്പെന്നു കേട്ടാൽ ചൊറിയും, അപ്പോൾ
ചേമ്പിന്റെ താളെന്തു ചെയ്യും ?

ശമ്പളം വാങ്ങുന്ന നമ്മൾ, എങ്ങനെ
കുമ്പളം നട്ടു വളർത്തും ?
ഇഞ്ചി മിഠായിയെ പോലും, വെറും
നഞ്ചായി കാണുന്നോരല്ലോ !

ചക്കപ്പുഴുക്കെന്നു കേട്ടാൽ, “അയ്യേ”
നാണിച്ചു ചൂളുന്നോർ നമ്മൾ
സായിപ്പു ചൊല്ലി “ജാക്ഫ്രൂട്ട്”, ആഹാ
പാക്കറ്റിൽ വന്നപ്പോൾ സൂപ്പർ..!

കൂവക്കിഴങ്ങാർക്കു വേണം, മുറ്റത്തെ
പിന്നാമ്പുറത്തെങ്ങാൻ പോട്ടെ
ആരോ പറിച്ചതു, പിന്നെ
പാക്കറ്റിലെത്തിച്ചു പേരോ
‘ആരോറൂട്ട്’ എന്നു നാം കേട്ടു, സൂപ്പർ-
മാർക്കറ്റിൽ സ്റ്റോക്കെല്ലാം തീർന്നു !

ചക്കിലിട്ടാട്ടിയോരെണ്ണ, കേര-
നാടിന്റെ സ്വന്തമാണെന്നാൽ
ആരോ പറഞ്ഞു ‘കൊളസ്‌ട്രോൾ’, നമ്മൾ
പോയി പനയെണ്ണ തേടി !

ഉള്ളി ചതച്ചിട്ട കഞ്ഞി, ഉപ്പു-
മാങ്ങ ഞെരടി കഴിച്ചോർ
കാലത്തെണീറ്റവരിന്നോ, ‘കോൺ-
ഫ്‌ളേക്‌സാ’ണു തീറ്റയറിഞ്ഞോ ?

കുത്തരിച്ചോറിന്റെ കൂടെ, ഒരു
മത്തി വറുത്തതും കൂട്ടി
മൃഷ്ടാന്നമുണ്ടവർ നമ്മൾ, ഇന്നു
‘നൂഡിൽസ്’ കഴിക്കുന്നോരായി !

കൂണു പോലെങ്ങും മുളച്ചു, നാട്ടിൽ
‘ഫാസ്റ്റ്ഫുഡ്’ വിൽക്കും കടകൾ
കറുകറുത്തെണ്ണയിൽ കോരി, നമ്മൾ
കറുമുറെ തിന്നേറെ ചിക്കൻ !

നഗരത്തിലെങ്ങും നിറഞ്ഞു, പിന്നെ
നാട്ടിൻ പുറത്തും തുറന്നു
ബേക്കറി എന്നുള്ള പേരിൽ, നിറ-
ഭക്ഷണശാലകളെങ്ങും !

വീട്ടിലെ പാചകം നിർത്തി, നമ്മൾ
‘ഔട്ടിങ്’ ശീലമായ് മാറ്റി
മാസം മുടങ്ങാതെയിപ്പോൾ, നക്ഷത്ര
ഹോസ്പിറ്റൽ കാണാൻ തുടങ്ങി !

ചിന്തിക്കണം നമ്മൾ, ഇന്നേ…
ഇനിയില്ല സമയം കളവാൻ
ഭക്ഷണക്കാര്യത്തിലിന്നേ, നമ്മൾ
പോകണം ആരോഗ്യമാർഗ്ഗേ ….!

മാറണം നാം കേരളീയർ, തീർച്ച
മാറ്റങ്ങൾ വേണം നമുക്കും , പക്ഷേ
ആ മാറ്റങ്ങളിങ്ങനെ വേണോ?
ചിന്തിക്കണം നമ്മളിന്നേ …!!

×

Hello!

താഴെ കാണുന്ന വാട്സാപ്പ് ഐക്കൺ ക്ലിക്ക് ചെയ്യുകയോ ഈ മെയിൽ ഐഡിയിലേക്ക് മെയിൽ അയക്കുകയോ ചെയ്യുക.

രാജേഷ് ഒടയഞ്ചാൽ

×
Verified by MonsterInsights