തമിഴ്‌നാട്ടിൽ ഇതുവരെ കണ്ടെത്തിയിട്ടുള്ള മൂന്നു പുരാതന ജനവാസസ്ഥലങ്ങളിൽ ഒന്നാണ് കീഴടി (മറ്റ് രണ്ടെണ്ണം: അരിക്കമേട് – 1947, കാവേരിപൂമ്പട്ടണം – 1965). 2300 വർഷങ്ങൾക്ക് മുമ്പു നിലനിന്നിരുന്ന ഒരു നാഗരിക സംസ്കൃതിയുടെ അസ്തിത്വം തെളിയിക്കുന്ന വ്യക്തമായ തെളിവുകൾ ലഭിച്ചതിനാൽ ഈ മൂന്ന് സ്ഥലങ്ങളിൽ കീഴടിക്ക് കൂടുതൽ പ്രാധാന്യമുണ്ട്. വളരെ ചെറിയൊരു പ്രദേശത്തു നടത്തിയ ഉത്ഖനനത്തിൽ 5000 ലധികം പുരാവസ്തു ബിംബങ്ങൾ കണ്ടെത്തിയിട്ടുണ്ട് (110 ഏക്കർ ഉത്ഖനന സ്ഥലത്തിൻ്റെ 2% ൽ താഴെ മാത്രമാണ് ഇതുവരെ പര്യവേക്ഷണം ചെയ്യപ്പെട്ടത് – നിലവിൽ നിർത്തിവെച്ചിട്ടുമുണ്ട്).
മധുര, ശിവഗംഗ ജില്ലകളുടെ അതിർത്തിയിലുള്ള ഒരു ചെറിയ ഗ്രാമമാണു കീഴടി, തമിഴുനാടൻ ഭാഷയിൽ കീളടി എന്നാണ് ഈ പ്രദേശം അറിയപ്പെടുന്നത്. ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയും (എഎസ്ഐ) തമിഴ്നാട് ആർക്കിയോളജി ഡിപ്പാർട്ട്മെൻ്റും (ടിഎൻഎഡി) നടത്തിയ ഖനനത്തിൽ റേഡിയോ കാർബൺ ഡേറ്റിംങ് വഴി ബിസി ആറാം നൂറ്റാണ്ടിലെ ഒരു സംഘകാലത്തുള്ള ജനവാസകേന്ദ്രമാണു കീളടി എന്നു കണ്ടെത്തിയിരുന്നു. ഈ സാംസ്കാരിക നിക്ഷേപങ്ങൾ ബിസി ആറാം നൂറ്റാണ്ടിനും ഒന്നാം നൂറ്റാണ്ടിനും ഇടയിലുള്ള കാലഘട്ടത്തിൽ ആണുണ്ടായതെന്ന് കൃത്യമായി കണക്കാക്കാമെന്ന് തമിഴ്നാട് പുരാവസ്തു വകുപ്പ് (TNAD) പിന്നീടു പ്രസ്താവിച്ചിരുന്നു. പുരാതന സംഘകാല സാംസ്കാരിക ചരിത്രചരിത്രത്തിലെ ഒരു പ്രധാന വഴിത്തിരിവായി ഇതു കണക്കാക്കുന്നു. കീഴടി ഉത്ഖനന സ്ഥലത്തിനു തൊട്ടടുത്തു തന്നെയായി മ്യൂസിയവും ഉണ്ട്. മധുരയിൽ നിന്നും ഏകദേശം ഒരു 12 കിമി അകലെ വൈഗ നദിക്കരയിലാണു കീഴടി ഗ്രാമം.
പുരാവസ്തു ഗവേഷകനായ അമർനാഥ് രാമകൃഷ്ണയുടെ കീഴിലുള്ള ഒരു പുരാവസ്തു സർവേസംഘം 2013-ൽ തേനി ജില്ല മുതൽ രാമനാഥപുരം വരെ നദി കടലുമായി സംഗമിക്കുന്ന വൈഗ നദിയുടെ പരിസരങ്ങളിൽ പഠനം നടത്തിയിരുന്നു. പഠനത്തിൽ, കീഴടി ഉൾപ്പെടെ 293 സ്ഥലങ്ങളിൽ പുരാവസ്തു അവശിഷ്ടങ്ങൾ ഉണ്ടെന്ന് കണ്ടെത്തിയിരുന്നു. കീഴടിയിലെ ഉത്ഖനനത്തിൻ്റെ ആദ്യ മൂന്ന് ഘട്ടങ്ങൾ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയാണ് നടത്തിയത്, മറ്റെന്തൊക്കെയോ കാരണങ്ങളാൽ (നാട്ടുഭാഷ്യം താഴെ കൊടുത്തിട്ടുണ്ട്) അവരത് കൂടുതൽ ഗവേഷണങ്ങളിൽ നിന്ന് ഒഴിവാക്കി. കീഴടചരിതം സൈന്ദവകാലഘട്ടത്തേക്കു പോലും എത്തിച്ചേരുമെന്നു പലരും വാദിച്ചതിനാലാണു കേന്ദ്രഗവണ്മെൻ്റ് പരിശോദന നിർത്തിവെച്ചത് എന്നു പറയപ്പെടുന്നു. എന്നാൽ തമിഴ്‌നാട് ഒരു പൊതുതാൽപ്പര്യ ഹരജി ഫയൽ ചെയ്തിൻ പ്രകാരം, പ്രാദേശികമായി ഇതുമായി ബന്ധപ്പെട്ട പഠനം മുന്നോട്ട് കൊണ്ടുപോകാൻ കോടതി ഉത്തരവിട്ടു, അങ്ങനെ, തമിഴ്‌നാട് പുരാവസ്തു വകുപ്പാണ് നാലാമത്തെയും അഞ്ചാമത്തെയും ഉദ്ഘനന പരിപാടികൾ നടത്തിയത്.
സംഘകാല നാഗരികത
2013-14ൽ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (എഎസ്ഐ) തേനി, ഡിണ്ടിഗൽ, മധുര, ശിവഗംഗ, രാമനാഥപുരം ജില്ലകളിലെ വൈഗ നദീതടത്തിലെ 293 സ്ഥലങ്ങളിൽ പര്യവേക്ഷണം നടത്തിയിരുന്നു. കീഴടിയിലെ പള്ളിച്ചന്തൈ തിടലിൽ രണ്ടാം ഘട്ട ഉത്ഖനനത്തിൽ ആയിരുന്നു എഎസ്ഐ കീഴടിയിലെ പുരാവസ്തുശേഖരം കണ്ടെത്തിയത്; വൈഗയുടെ തീരത്ത് തഴച്ചുവളർന്നിരുന്ന ഈ സംസ്കൃതി അതീവപുരാതന നാഗരികതയിലേക്ക് വിരൽ ചൂണ്ടുന്നതാണ്. 2017 ഫെബ്രുവരിയിൽ കീഴടി സൈറ്റിൽ നിന്ന് കണ്ടെത്തിയ കരിയുടെ കാർബൺ ഡേറ്റിങ്ങിൽ അത് 200 ബിസിയിലേതാണ് എന്ന് സ്ഥിരീകരിക്കുകയുണ്ടായി. സംഘകാലം മുതൽതന്നെ തമിഴ്‌നാട്ടിൽ നല്ലൊരു നാഗരികത നിലനിന്നിരുന്നുവെന്ന് ഖനനങ്ങൾ തെളിയിച്ചു. ഇതുവരെ, സംഘകാലത്തെക്കുറിച്ചുള്ള വിവരങ്ങൾ അക്കാലത്തെ സാഹിത്യകൃതികളിൽ നിന്നുമാത്രമാണു ലഭിച്ചിരുന്നത്. കീഴടിയിൽ നിന്ന് ശേഖരിച്ച ധാരാളം തെളിവുകൾ തമിഴ് സംഘസാഹിത്യത്തിൽ കാണപ്പെടുന്ന വിവരങ്ങൾക്ക് സാക്ഷ്യം വഹിക്കാൻ കഴിയും. ചിലപ്പതികാരത്തിൽ വിവരിച്ചിരിക്കുന്ന പുരാതന മധുരയാണ് കീഴടിയെന്ന് ചില തമിഴ് ഗവേഷണ പണ്ഡിതന്മാരും പുരാവസ്തു ഗവേഷകരും അഭിപ്രായപ്പെടുന്നുണ്ട്. കൂടാതെ, സിന്ധുനദീതട സംസ്‌കാര പ്രദേശം ഒഴികെ, ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ മറ്റൊരു സ്ഥലത്തും ഇത്രയും പുരാതന നാഗരികതയുടെ അടയാളങ്ങൾ നമ്മൾ ഇതുവരെ കണ്ടെത്തിയിരുന്നില്ലെന്നും ശ്രദ്ധിക്കേണ്ടതാണ്. സൈറ്റിലെ തുടർ ഖനനം പുതിയ ചരിത്ര ഉൾക്കാഴ്ചകളിലേക്ക് നയിച്ചേക്കാം, അത് ഒരുപക്ഷേ തമിഴ് ചരിത്രം തിരുത്തിയെഴുതാൻ ആവശ്യപ്പെടാം. കൂടാതെ, പുരാതന തമിഴ്‌നാട്ടിൽ വംശീയ വിഭാഗങ്ങൾ മാത്രമേ നിലനിന്നിരുന്നുള്ളൂവെന്നും നഗര നാഗരികത സിന്ധു-ഗംഗാ താഴ്‌വരയിൽ മാത്രമായിരുന്നുവെന്നും ഒരു സിദ്ധാന്തമുണ്ട്. കീഴടിയുടെ ഉത്ഖനനത്തിന് ആ സിദ്ധാന്തത്തെ അസാധുവാക്കാനുള്ള കഴിവുണ്ട്. കീഴടിയിലെ സൂപ്രണ്ടിംങ് ആർക്കിയോളജിസ്റ്റായ അമർനാഥ് രാമകൃഷ്ണയുടെ വാക്കുകൾ ഇങ്ങനെ ആയിരുന്നു:
“ഒരു നഗര-നാഗരിക സംസ്കാരത്തെ നിർവചിക്കുന്നതിനുള്ള ഒരു പ്രധാന ഘടകമാണ് അവിടെനിന്നും ലഭിച്ച ചുട്ടെടുത്ത ഇഷ്ടികകളുടെ അസ്തിത്വം. ഇവിടെ കീഴടിയിൽ 10 മുതൽ 15 മീറ്റർ വരെ നീളത്തിൽ തുടർച്ചയായി നിർമ്മിച്ച മതിലുകൾ ഞങ്ങൾ കണ്ടെത്തി. തമിഴ്‌നാട്ടിലെ മറ്റൊരു സ്ഥലത്തും ഇത്രയും നീളമുള്ള മതിലുകൾ ഞങ്ങൾ കണ്ടെത്തിയിട്ടില്ല. ഒരു നഗര നാഗരികതയുടെ വ്യാപനത്തിൻ്റെ വ്യക്തമായ സൂചനകളായ തുറന്നതും അടച്ചതുമായ ഡ്രെയിനേജ് ശൃംഖലയുടെ ഘടനകളും ഞങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ഒരു വ്യാവസായിക സൈറ്റിൻ്റെ സാധ്യതയെ സൂചിപ്പിക്കുന്ന ആറ് ചൂളകളും സൈറ്റിൽ ഉണ്ടായിരുന്നു – നഗര നാഗരികത തെളിയിക്കുന്നതിനുള്ള ഒരു തെളിവ്. ഇൻലെറ്റുകളും ഔട്ട്‌ലെറ്റുകളും കാണാൻ കഴിയാത്ത ചതുരാകൃതിയിലുള്ളതും ചതുരാകൃതിയിലുള്ളതുമായ ടാങ്കുകളും ഞങ്ങൾ കണ്ടെത്തിയിട്ടുണ്ട്. കൂടുതൽ തെളിവുകൾ കണ്ടെത്താൻ കൂടുതൽ ഉത്ഖനനം നമ്മെ സഹായിക്കും. സൈറ്റിൽ നിന്ന് ശേഖരിച്ച സാമ്പിളുകളുടെ കാർബൺ ഡേറ്റിംഗ് അത് 200 ബി.സി. തിരഞ്ഞെടുത്ത 20 സാമ്പിളുകളിൽ രണ്ടെണ്ണം മാത്രമാണ് കാർബൺ ഡേറ്റിംഗിനായി യുഎസിലേക്ക് അയച്ചത്, എന്നിരുന്നാലും 20 സാമ്പിളുകൾക്കും അനുമതി തേടി ഞാൻ നിരവധി തവണ [കേന്ദ്ര സർക്കാരിന്] കത്തെഴുതിയിട്ടുണ്ട്. ഉത്തരേന്ത്യയിലെ തുടർച്ചയായ, ദീർഘകാല ഉത്ഖനനങ്ങൾ പാടലീപുത്രം, ഹസ്തിനപൂർ, തുടങ്ങിയ നഗരങ്ങൾ കണ്ടെത്തുന്നതിലേക്ക് നയിച്ചു. എന്നാൽ തമിഴ്നാട്ടിൽ ഇതുവരെ ഇത്തരം ഖനനങ്ങൾ നടന്നിട്ടില്ല. അതുകൊണ്ടാണ് മധുര ഒരു നഗരമാണെന്നതിന് ശക്തമായ സാഹിത്യ തെളിവുകൾ കണ്ടെത്തിയെങ്കിലും പുരാവസ്തു തെളിവുകൾ ഇതുവരെ ശേഖരിക്കാൻ ഞങ്ങൾക്ക് കഴിയാതെ പോയത്.“
തമിഴ്-ബ്രാഹ്മി ലിപികൾ
തമിഴ് ഭാഷയുടെ ആദ്യകാല രൂപത്തിൽ ലിഖിതങ്ങൾ എഴുതാൻ ഉപയോഗിച്ച ബ്രാഹ്മി ലിപിയുടെ ഒരു വകഭേദമാണ് തമിഴ് ബ്രഹ്മി. തമിഴ് ബ്രാഹ്മിയുടെ ഉത്ഭവവും കാലക്രമവും വ്യക്തമല്ല. തമിഴ് ബ്രാഹ്മി ലിപി ക്രി.മു. 3-ആം നൂറ്റാണ്ടിനും എ.ഡി. ഒന്നാം നൂറ്റാണ്ടിനും ഇടയിലാണുള്ളത് എന്നാണു നിലവിലെ നിഗമനം. തമിഴ്‌നാട് , കേരളം , ആന്ധ്രാപ്രദേശ് , ശ്രീലങ്ക എന്നിവിടങ്ങളിൽ പലയിടത്തും തെളിവുള്ള ആദ്യകാല രചനാ സമ്പ്രദായമാണിത്. ഗുഹ പ്രവേശന കവാടങ്ങൾ, കല്ല് കിടക്കകൾ, നന്നങ്ങാടികൾ , ഭരണി ശ്മശാനങ്ങൾ , നാണയങ്ങൾ, മുദ്രകൾ, വളയങ്ങൾ എന്നിവയിൽ തമിഴ് ബ്രാഹ്മി ലിഖിതങ്ങൾ കണ്ടെത്തിയിട്ടുണ്ട്. കീഴടിയിലെ ഉത്ഖനന സ്ഥലത്തു തന്നെയുള്ള മൺ കുഴികളിൽ, വിവിധ പാളികളായി നമ്പറിട്ട്, ഓരോ കാലഘട്ടത്തെ അടയാളപ്പെടുത്തി വെച്ചിട്ടുണ്ട്. അക്കാലത്ത് എഴുത്തുണ്ടായിരുന്നതായി കാണിക്കുന്ന പുരാവസ്തു രേഖകളും ഇവിടെ നിന്നും ലഭിച്ചിരുന്നു, എഴുതിവെച്ച രേഖകൾ ഏതു കാലത്തേതാണ്, ഏതു പാളിയിൽ ഉള്ളതാണെന്ന് തെളിയിക്കേണ്ടതുണ്ട്. ആറാം നൂറ്റാണ്ടിലെ സാമ്പിളുകളുടെ അതേ പുരാവസ്തു പാളിയിലാണോ ലിഖിതങ്ങൾ അടങ്ങിയ മൺപാത്രങ്ങൾ കണ്ടെത്തിയതെന്ന് നിലവിൽ വ്യക്തമല്ല. ഓരോ പാളികളായി അടയാളപ്പെടുത്തിയവയുടെ കാലയളവ് കൃത്യമായി രേഖപ്പെടുത്തേണ്ടതുണ്ട്. തമിഴ്-ബ്രാഹ്മി ലിപികൾ ബിസി ആറാം നൂറ്റാണ്ടിലേതാണ് എന്ന് ശാസ്ത്രീയമായി പ്രസ്താവിക്കാൻ കേവലം ഒരു തെളിവു മാത്രം പോരെന്ന് ദ്രാവിഡ സർവ്വകലാശാല പുരാവസ്തു ഗവേഷകൻ ഇ. ഹർഷവർദ്ധൻ പറഞ്ഞിട്ടുണ്ട്. അവിടെ നിന്നും ലഭിച്ച മൺപാത്രങ്ങളുടേയും ശിലാലിഖിതങ്ങളുടേയും കൃത്യമായ കാർബൺ ഡേറ്റിങ്ങ്സ് നോക്കിയാൽ മാത്രമേ ആധികാരികമായി ഈ ലിപിയുടെ കാലഘടന മനസ്സിലാവുകയുള്ളൂ.
കീഴടി ഹെറിറ്റേജ് മ്യൂസിയം
2014-ൽ കണ്ടെത്തിയ ചരിത്രപ്രസിദ്ധമായ ഈ പുരാവസ്തു സ്ഥലത്തിന് സമീപമുള്ള ശിവഗംഗയിൽ 2023 മാർച്ച് 5-ന് തമിഴ്‌നാട് മുഖ്യമന്ത്രി എം. കെ. സ്റ്റാലിൻ കീഴടി ഹെറിറ്റേജ് മ്യൂസിയം ഉദ്ഘാടനം ചെയ്തു. 31,000 ചതുരശ്ര അടി സ്ഥലത്ത് 18.42 കോടി രൂപ ചെലവിലാണ് മ്യൂസിയം സ്ഥാപിച്ചത്. കാരൈക്കുടി ആസ്ഥാനമായുള്ള പരമ്പരാഗത ചെട്ടിനാട് ശൈലിയിൽ നിർമ്മിച്ച ഈ വാസ്തുവിദ്യചട്ടക്കൂടിൽ 2017 മുതൽ ഇന്നത്തെ ശിവഗംഗ ജില്ലയിൽ നിന്ന് തമിഴ്‌നാട് സ്റ്റേറ്റ് ആർക്കിയോളജി ഡിപ്പാർട്ട്‌മെൻ്റ് കുഴിച്ചെടുത്ത പുരാവസ്തുക്കളും പ്രദർശിപ്പിക്കുന്നു. ആനക്കൊമ്പ്, ടെറാക്കോട്ട എന്നിവകൊണ്ട് നിർമ്മിച്ച പകിടകൾ, ടെറാക്കോട്ടയിൽ നിർമ്മിച്ച ആണിൻ്റെയും പെണ്ണിൻ്റെയും പ്രതിമകൾ, ഇരുമ്പ് കഠാര, പഞ്ച്-മാർക്ക് നാണയങ്ങൾ തുടങ്ങി ഒട്ടനവധി രേഖാവശിഷ്ടങ്ങൾ നമുക്കവിടെ കാണാനാവും. കീഴാടി നിവാസികളുടെ ശ്മശാന സ്ഥലമെന്ന് വിശ്വസിക്കപ്പെടുന്ന കോന്തഗൈയിൽ നിന്ന് കണ്ടെത്തിയ കിടങ്ങുകളുടെയും ചില പാത്രങ്ങളുടെയും പകർപ്പുകളും മ്യൂസിയത്തിൽ പ്രദർശിപ്പിക്കുന്നു. മ്യൂസിയത്തിന് ആറ് പ്രദർശന ഹാളുകളാണുള്ളത് – മൂന്നോളം നിലകളുള്ള വിവിധ കെട്ടിടങ്ങളിൽ ആണിതുള്ളത് – കൂടാതെ കീഴടിയിലെ ഉത്ഖനനങ്ങളെയും അവയുടെ പ്രാധാന്യത്തെയും കുറിച്ചുള്ള ഡോക്യുമെൻ്ററികൾ, സന്ദർശകരെ കാണിക്കാനുള്ള വിശാലമായ ഒരു ഓഡിറ്റോറിയം കൂടിയുണ്ടിവിടെ.
പ്രത്യേകതകൾ
കീഴടിയിൽ ഏതാണ്ട് 48 ചതുരാകൃതിയിലുള്ള നിരവധി കുഴികൾ ഉണ്ടാക്കി നിലവിൽ പുരാവസ്തുഖനന സാമ്പിളുകൾ നില നിർത്തിയിട്ടുണ്ട്. ഇഷ്ടിക ചുവരുകൾ, മേൽക്കൂരയിലെ ഓടുകൾ, മൺപാത്രങ്ങൾ, വിവിധ ഉപകരണങ്ങൾ, അസ്ഥികൂട ഉപകരണങ്ങൾ, ഇരുമ്പ് വേൽ, തമിഴ്-ബ്രാഹ്മി അക്ഷരങ്ങൾ കൊത്തിയ പ്ലേറ്റുകൾ, മൺപാത്രങ്ങൾ, മാലകൾ, എന്നിവയുൾപ്പെടെ വിവിധ ഘടനകളും പുരാവസ്തുക്കളും ഇവിടെ നിന്നും കണ്ടെത്തിയുട്ടുണ്ട്. ഇതൊക്കെയും കൃതമായി മ്യൂസിയത്തിൽ പ്രദർശിപ്പിക്കുന്നുണ്ട്. കേവലം ഒരു ജനവാസ കേന്ദ്രം എന്നതിൽ ഉപരിയായി ഇതൊരു ചെറു നഗരം തന്നെയായിരുന്നു എന്നിവ സൂചിപ്പിക്കുന്നുണ്ട് ഇവ. ഈ സ്ഥലം സാഹിത്യത്തിൻ്റെ തുടക്കക്കാരനായ “പെരുമണലൂർ” എന്ന് വിളിക്കപ്പെടുന്ന പാണ്ഡ്യ രാജവംശത്തിൻ്റെ നഗരമായാണിപ്പോൾ കരുതുന്നത്. ചുട്ടെടുത്ത ഇഷ്ടികയുടെ ഉപയോഗം, കെട്ടിട സമുച്ചയത്തിൻ്റെ വലിപ്പം, ഒരു വിളക്കായോ പെയിൻ്റിങ്ങിനോ ഉപയോഗിച്ചിരിക്കേണ്ട വിധത്തിൽ സ്ഥാപിച്ചിരിക്കുന്ന ഒരു കൂട്ടം പാത്രങ്ങൾ, ഒട്ടേറെ ജനസംഭരണികൾ, മറ്റ് കണ്ടെത്തലുകൾ ഒക്കെയും ജനവാസകേന്ദ്രത്തെക്കാൾ പരിഷ്കൃത ജനവിഭാഗമാണ് ഇവിടെ ഇണ്ടായിരുന്നത് എന്നു പറയുന്നു. സംഘകാലഘട്ടത്തിൽ മുമ്പുതന്നെ ഉള്ളതാണിതെന്നു വിശ്വസിക്കാൻ ഈ തെളിവുകൾ കാരണമാവുന്നു.
പുരാതന മൺപാത്രങ്ങളും വളയക്കിണറുകളും ഇവിടെ കണ്ടെത്തിയിട്ടുണ്ട്. ഇത് തമിഴരുടെ പുരാതന പാരമ്പര്യം തെളിയിക്കുന്നതാണ്, അവർ നദീതീരങ്ങളിലും കുളങ്ങളിലും വെള്ളത്തിനായി ഈ കിണറുകൾ ഉപയോഗിച്ചിരുന്നുവെന്ന് സൂചിപ്പിക്കുന്നു. പുരാതന കാലത്ത് ഇഷ്ടിക കെട്ടിടങ്ങൾ വളരെ അപൂർവമായി ഉള്ളതാണെന്നാണു കണക്കാക്കപ്പെടുന്നത്, എന്നാൽ ധാരാളം ഇഷ്ടിക കെട്ടിടങ്ങൾ ഇവിടെ കണ്ടെത്തിയിട്ടുണ്ട്. ബ്ലാക്ക് ആൻഡ് റെഡ് വെയർ, ബ്ലാക്ക് വെയർ, ബ്ലാക്ക് പോളിഷ് ചെയ്ത വെയർ, റെഡ് വെയർ തുടങ്ങിയ സെറാമിക് തരങ്ങളാണ് കണ്ടെത്തിയിരുന്നു. കറുപ്പ്-ചുവപ്പ് പാത്രങ്ങളുടെ വിശകലനത്തിൽ കാർബൺ വസ്തുക്കളുടെ ഉപയോഗം മൂലമാണ് കറുത്ത നിറത്തിന് കാരണമെന്നും ചുവപ്പ് നിറത്തിന് ഹെമറ്റൈറ്റ് ഉപയോഗിച്ചിട്ടുണ്ടെന്നും കണ്ടെത്തി. സാധാരണ കറുപ്പും ചുവപ്പും കലർന്ന മൺപാത്രങ്ങൾ ഉൽപ്പാദിപ്പിക്കുന്നതിനായി 1100 ഡിഗ്രി സെൽഷ്യസ് വരെ താപനിലയുള്ള ചൂളകൾ ആവശ്യമാണ്. വ്യാപാരികൾ കൊണ്ടുവരുന്ന റൗലറ്റഡ്, അരെറ്റൈൻ-ടൈപ്പ് സെറാമിക്സ് ഇൻഡോ-റോമൻ വ്യാപാര സമയത്ത് ബിസിനസ്സ് ബന്ധങ്ങൾ പ്രകടമാക്കുന്നു. അത്തരം ഉൽപ്പന്നങ്ങൾ ഇവിടെ കണ്ടെത്തിയിട്ടുണ്ട് എന്നത് ശ്രദ്ധേയമാണ്. കൂടാതെ, കറുപ്പും ചുവപ്പും കടലാസ് ശകലങ്ങളും വെള്ള നിറത്തിലുള്ള കറുപ്പ്, ചുവപ്പ് പാപ്പില്ലകൾ, ചുവപ്പ് കലർന്ന കുഴികൾ എന്നിവയും കണ്ടെത്തിയിട്ടുണ്ട്. ‘ആത്തൻ’, ‘ഉതിരൻ’, ‘തീശൻ’ തുടങ്ങിയ വ്യക്തികളുടെ പേരുകൾ പരാമർശിക്കുന്ന മൺപാത്രങ്ങളിൽ തമിഴ് വാക്കുകൾ കൊത്തിവച്ചിട്ടുണ്ട്.
കീഴടിയിലെ നാലാം ഘട്ട ഉത്ഖനനത്തിൽ തമിഴ്-ബ്രാഹ്മി ലിപികളുള്ള 72 മൺപാത്രങ്ങൾ ഇവിടെ നിന്ന് കണ്ടെത്തി. ഈ പുരാവസ്തുക്കളിൽ ചിലത് സിന്ധു ലിപിയിൽ നിന്ന് പരിണമിച്ചതാണെന്ന് ചിലർ വിശ്വസിക്കുന്ന ഗ്രാഫിറ്റി അടയാളങ്ങൾക്ക് സമാനമായ അടയാളങ്ങൾ ആലേഖനം ചെയ്തിട്ടുണ്ട്. ടി ഉദയചന്ദ്രൻ പറയുന്നതനുസരിച്ച്, കീഴടി ഉത്ഖനനസ്ഥലത്ത് കണ്ടെത്തിയ പുരാവസ്തുക്കൾ സിന്ധുനദീതട സംസ്‌കാരത്തിൻ്റെ ലിപികളും തമിഴ്-ബ്രാഹ്മിയും തമ്മിലുള്ള ബന്ധത്തിലേക്ക് നിർണായക തെളിവായി കരുതുന്നു. ഈ അടയാളങ്ങളും 580 ബിസിഇയിലെ നാലാം ഘട്ടത്തിലെ ഒരു കീഴടി കണ്ടെത്തലുകളും അടിസ്ഥാനമാക്കി, ആർ. ശിവാനന്ദവും എം. സേരനും വാദിക്കുന്നത്, തമിഴ്-ബ്രാഹ്മിയുടെ ആദ്യകാല സാക്ഷ്യപ്പെടുത്തലിൻ്റെ തെളിവാണിതെന്നായിരുന്നു. അശോകൻ്റെ ധമ്മ ലിപിയേക്കാൾ (ബ്രാഹ്മി ലിപിയിലെ പ്രാകൃതം) ഏതാനും നൂറ്റാണ്ടുകൾ പഴക്കമുണ്ട് ബിസി 268 മുതൽ ബിസി 232 വരെയുള്ള ഈ ശാസനങ്ങൾക്ക്.
കീഴടി ഉത്ഖനനം നിർത്തിവെച്ചു
സാമ്പത്തിക ഫണ്ടിൻ്റെ അഭാവം മൂലം 2300 വർഷം പഴക്കമുള്ള തമിഴ് നഗരമായ കീഴടിയുടെ ഖനനം ഈ എഎസ്ഐ നിർത്തിവച്ചു. ഈ പുരാതന തമിഴ് നഗരത്തെയും പഴയ തമിഴ് സംഘത്തിൻ്റെ സംസ്കാരത്തെയും മറയ്ക്കാൻ ഇന്ത്യൻ സർക്കാർ ആഗ്രഹിക്കുന്നു എന്നുവേണം കരുതാൻ. ഡിസംബർ 26, 2016 ന് മറാത്ത രാജാവ് ശിവാജി പ്രതിമയ്ക്ക് മോദി തറക്കല്ലിട്ടു. 3600 കോടി രൂപ വിലമതിക്കുന്ന ശിവാജി പ്രതിമയാണത്. കോടികൾ വിലമതിക്കുന്ന പട്ടേലർ പ്രതിമയും ശ്രീമക്ഷേത്രവും ഉയർന്നുവന്നു എന്നോർക്കണം. കീഴാടി ഖനനത്തെ കുറിച്ച് ഇന്ത്യൻ സർക്കാരിന് ഭയമായിരിക്കണം. തമിഴർ പുരാതന ജനതയാണെന്ന് തെളിയിക്കപ്പെട്ടാൽ, ഇന്ത്യ അവരുടെ ചരിത്രം തിരുത്തേണ്ടതുണ്ട്. മോഹൻജദാരോ, ഹാരപ്പ ചരിത്ര പുസ്തകങ്ങളുടെ ആദ്യപാഠമായിരിക്കില്ല പിന്നെ എന്നു വന്നേക്കും. ഇന്ത്യൻ ചരിത്രം ആരംഭിക്കുന്നത് ഇന്ത്യയുടെ തെക്കൻ ഭാഗമായ കീഴടിയിൽ നിന്നാവും, കീഴടിയിലെ ഉത്ഖനനം ബിജെപി സർക്കാർ എങ്ങനെ നിർത്തിയെന്നും എന്തുകൊണ്ടാണെന്നും ഇനിപ്പറയുന്ന ഘടകങ്ങൾ വിശദീകരിക്കുന്നു:
ബിജെപിയുടെ വർഗീയ രാഷ്ട്രീയത്തിന് ഭീഷണി
കീഴടിയിൽ ശേഖരിച്ച തെളിവുകൾ ഹിന്ദുമതത്തെ മഹത്വവൽക്കരിക്കുകയും നവോത്ഥാനം പ്രചരിപ്പിക്കുകയും ചെയ്യുന്ന ബിജെപിയുടെ രാഷ്ട്രീയത്തിന് ഭീഷണിയാണ്. കീഴടിയിൽ, ഖനനത്തിൻ്റെ ഒന്നും രണ്ടും ഘട്ടങ്ങൾക്ക് ശേഷം, പുരാവസ്തു ഗവേഷകർക്ക് ഹൈന്ദവ വിശ്വാസപ്രധാനമായ ഒന്നുംതന്നെ കണ്ടെത്താനായില്ല. പുരാതന കാലം മുതൽ നാമെല്ലാവരും ഹിന്ദുക്കളായിരുന്നു എന്ന വലതുപക്ഷ പ്രചാരണത്തെ തകർക്കാൻ ഈ തെളിവുകൾക്ക് കഴിയുന്നു, കൂടാതെ പുരാതന തമിഴർ മതനിരപേക്ഷരായിരുന്നു അല്ലെങ്കിൽ തീ, കാറ്റ് പോലെയുള്ള അവരെ പേടിപ്പെടുത്തുന്ന പ്രകൃതി ഘടകങ്ങളെ ആരാധിക്കുന്നവരായിരുന്നുവെന്ന് തെളിയിക്കാൻ കഴിയും.
സൂപ്രണ്ടിംഗ് ആർക്കിയോളജിസ്റ്റ് അമർനാഥ് രാമകൃഷ്ണയുടെ സ്ഥലംമാറ്റം
യുക്തിരഹിതമായ പുതിയ നയം ചൂണ്ടിക്കാട്ടി ബിജെപി സർക്കാർ കീഴടിയിലെ സൂപ്രണ്ടിംങ് ആർക്കിയോളജിസ്റ്റായ അമർനാഥ് രാമകൃഷ്ണയെ അസമിലെ ഗുഹാവതിയിലേക്ക് സ്ഥലം മാറ്റി. രണ്ട് വർഷത്തിലേറെയായി ജോലി ചെയ്യുന്ന പുരാവസ്തു ഗവേഷകരെയും ഫീൽഡ് ഓഫീസർമാരെയും സ്ഥലം മാറ്റുന്ന പുതിയ നയം ഒരു ന്യായയുക്തവും അടിസ്ഥാനമാക്കിയുള്ളതല്ല. ഗുജറാത്തിലെ വഡ്നഗറിലെ മറ്റ് ഉത്ഖനന കേന്ദ്രങ്ങളിൽ ഈ നയം നടപ്പിലാക്കിയിട്ടില്ല; ഉറൈൻ, ബീഹാർ, രാജസ്ഥാനിലെ ബിൻജോർ തുടങ്ങി മേൽപ്പറഞ്ഞ സൈറ്റുകളിൽ രണ്ട് വർഷത്തിലേറെയായി ജോലി ചെയ്യുന്ന ഉദ്യോഗസ്ഥരുണ്ട്.
ഈ സ്ഥലമാറ്റത്തിൻ്റെ ഫലം ഉത്ഖനന പ്രക്രിയയ്ക്ക് വലിയ തിരിച്ചടിയാണ്, കാരണം സൈറ്റ് ആവശ്യപ്പെടുന്ന ഉത്ഖനന പ്രക്രിയയും സ്ഥലത്തിൻ്റെ ചരിത്രവും പ്രാധാന്യവും മനസ്സിലാക്കേണ്ടത് ഹെഡ് ആർക്കിയോളജിസ്റ്റിന് അത്യന്താപേക്ഷിതമാണ്. ഉത്ഖനനം ഒരു അക്കാദമിക് പ്രക്രിയ കൂടിയാണ്, അർത്ഥശൂന്യമായ കൈമാറ്റങ്ങളിലൂടെ പ്രക്രിയ അനിവാര്യമായും മന്ദഗതിയിലാകുന്നു. അമർനാഥ് രാമകൃഷ്ണയുടെ സ്ഥാനത്ത് മരാമത്ത് വകുപ്പിൽ നിന്നുള്ള ഡെപ്യൂട്ടി സൂപ്രണ്ടിംങ് ആർക്കിയോളജിസ്റ്റാണ് വരുന്നത്. എന്നാൽ അയാൾക്ക് ഉത്ഖനന പ്രവർത്തനങ്ങൾ നടത്തുന്നതിനും നേതൃത്വം നൽകുന്നതിനും മുൻ പരിചയമൊട്ടില്ല താനും!
മറ്റ് ഉത്ഖനന സ്ഥലങ്ങളുടെ തുടർച്ചയായ ധനസഹായം
ഫണ്ടിൻ്റെ ദൗർലഭ്യം കാരണം പദ്ധതി താൽക്കാലികമായി നിർത്തിയിരിക്കുകയാണെന്ന് പലപ്പോഴായി ആവർത്തിക്കുന്ന നരേന്ദ്ര മോദി, രാജസ്ഥാൻ, ബിഹാർ എന്നിവിടങ്ങളിലെ മറ്റ് മൂന്ന് പദ്ധതികൾക്ക് ധനസഹായം നൽകുന്നതിൽ അതീവ തൽപരരാണ്. കീഴടിയിൽ നിന്ന് 5000-ത്തിലധികം പുരാവസ്തുക്കൾ, വ്യാവസായിക തെളിവുകൾ, നെയ്ത്ത് ഉപയോഗിക്കുന്ന ഉപകരണങ്ങൾ, ഡ്രെയിനേജ് സംവിധാനങ്ങൾ, ചുട്ടെടുത്ത ഇഷ്ടികകൾ തുടങ്ങിയവ കണ്ടെത്തിയെങ്കിലും മറ്റെല്ലാ സ്ഥലങ്ങളിലും ശ്രദ്ധേയമായ ഒന്നും തന്നെ ഇതേവരെ കണ്ടെത്തിയിട്ടില്ല എന്നതും ശ്രദ്ധിക്കേണ്ടതാണ്.
കീഴടിയിലെ ഉത്ഖനന സ്ഥലം അടച്ചുപൂട്ടൽ
മാത്രമല്ല, പദ്ധതി ശരിക്കും താൽക്കാലികമായി നിർത്തിയതാണെങ്കിൽ, എന്തിനാണ് അധികൃതർ കഷ്ടപ്പെട്ട് കുഴിച്ചെടുത്ത ഖനനസ്ഥലം മണ്ണിട്ട് നികത്തിയത് എന്നറിയേണ്ടതുണ്ട്. ഇന്ന് അവിടെ ഖനനം നടക്കുന്നതിൻ്റെ ഒരു ലക്ഷണവും കാണാനില്ല. കുഴിച്ചെടുത്ത സ്ഥലങ്ങളെല്ലാം തന്നെ മണ്ണിട്ടു മൂടിയിരിക്കുന്നു. ഒരിടത്ത് അല്പമാത്രമായി തുറന്നിട്ടതാവട്ടെ മതിയായ സംരക്ഷണം പോലും ഇല്ലാതെ നാശോന്മുഖമാണു താനും.
കീഴടി ഖനന പദ്ധതിയുടെ ആദ്യ രണ്ട് ഘട്ടങ്ങൾക്ക് സർക്കാർ അംഗീകാരം നൽകുകയും ഫണ്ട് നൽകുകയും ചെയ്തിരുന്നു. പദ്ധതിയുടെ മൂന്നാം ഘട്ടത്തിന് അനുമതി മാത്രമാണ് ലഭിച്ചത് (ശ്രീ. അമർനാഥ് കേന്ദ്ര സർക്കാരിന് നിരവധി കത്തുകൾ നൽകിയാണതു വാങ്ങിയതു തന്നെ) എന്നാൽ, ഫണ്ടില്ല എന്ന കാരണത്താൽ തുടർ പ്രവർത്തനം ഇല്ലാതെ അതു നിർത്തിവെച്ചു. തുടർന്ന്, സർക്കാർ നടപടിക്രമം എന്ന നിലയിൽ ശ്രീ. അമർനാഥിനെ അസമിലേക്ക് സ്ഥലം മാറ്റി. ഇപ്പോൾ കീഴടി ഖനനത്തിന് നല്ലൊരു ഡയറക്ടർ ഇല്ലാത്തതായി എന്നതാണു സത്യം. സംഘസാഹിത്യത്തിൽ പരാമർശിച്ചിരിക്കുന്നതുപോലെ, സിന്ധുനദീതട സംസ്‌കാരത്തിനുമുമ്പ് (ബി.സി. 1300-3300) തമിഴ് ജനത ജീവിച്ചിരുന്നുവെന്ന് തെളിയിക്കാൻ ശ്രീ. അമർനാഥും സംഘവും മധുരയ്ക്ക് ചുറ്റും 110-ലധികം സ്ഥിരം സ്ഥലങ്ങൾ കണ്ടെത്തിയിരുന്നു. തമിഴ് സാഹിത്യം മാത്രമല്ല, ചരിത്രപരമായ തെളിവുകളും കൂടിയായതിനാൽ സംഘസാഹിത്യങ്ങളുടെ സത്യസന്ധതയ്ക്കുള്ള വ്യക്തവും ശുദ്ധവും ആയ തെളിവാണ് കീഴടി ഉത്ഖനനം. കീഴടി ഉത്ഖനനം വിജയകരമായി പൂർത്തിയാക്കിയാൽ സിന്ധുനദീതട സംസ്കാരത്തിൽ നിന്നല്ല മറിച്ച് മധുരയിൽ നിന്നാണ് ഇന്ത്യൻ ചരിത്രം ആരംഭിക്കേണ്ടത് എന്നു പറയേണ്ടി വരും എന്നത് പലരേയും ഭയപ്പെടുത്തുന്നുണ്ടെന്നു തോന്നുന്നു.
ഫണ്ട് അനുവദിക്കാതിരിക്കുക, അമർനാഥ് സ്ഥലംമാറ്റം, പുതിയ ഡയറക്‌ടറെ നിയമിക്കുന്നതിൽ കാലതാമസം വരുത്തൽ എന്നിവ മേലെ പറഞ്ഞ കാര്യങ്ങൾ കൊണ്ടല്ല മറിച്ച്, ഇത് യാദൃശ്ചികം മാത്രമാണ്, ടിഎൻ ബിജെപി നേതാവ് ശ്രീമതി തമിഴിസൈ പരയുന്നത്! കാലം കാത്തുവെച്ച നീതി കീഴടിക്കു ലഭിക്കുമെന്ന് പ്രത്യാശിക്കാം.
Abstract
Keeladi is an ancient archaeological site in Tamil Nadu, revealing significant evidence of civilization dating back over 2300 years, which highlights a major turning point in Tamil cultural history. The excavations, which have unearthed over 5000 artifacts, suggest the presence of an advanced urban culture with features such as extensive drainage systems and industrial setups. However, the excavation process has faced setbacks due to governmental funding issues and political interventions, raising concerns about the preservation and understanding of India’s ancient heritage.
Key Points
- Keeladi is one of the three ancient habitation sites in Tamil Nadu, providing clear evidence of civilization from over 2300 years ago.
- Excavations, though limited to just 2% of the site so far, have yielded over 5000 artifacts, emphasizing the site’s historical significance.
- Archaeological Survey of India (ASI) and Tamil Nadu Archaeology Department established that Keeladi was a settlement during the 6th century BC based on radiocarbon dating.
- Several ancient artifacts and structures, such as long walls, drainage systems, and terracotta figures, indicate advanced urban planning and industrial activity.
- The Tamil-Brahmi script discovered at the site suggests written communication existed in the region as early as the 3rd century BC to the 1st century AD.
- The Keeladi Heritage Museum, inaugurated in 2023, exhibits numerous artifacts and promotes awareness of the archaeological findings.
- Recent governmental actions have halted further excavations due to funding issues, raising concerns about potentially losing historical insights into Tamil culture.
Related Questions
- How are modern archaeological practices influencing the understanding of ancient civilizations?
- What impact do political decisions have on archaeological research and preservation?
- How does discovering urban features in ancient sites challenge historical narrative