Skip to main content

വിക്കിപീഡിയ സംഗമോത്സവം 2016

wikisangamothsavam kasaragodമലയാളം വിക്കീപീഡിയ എഴുത്തുകാരുടെയും ഉപയോക്താക്കളുടെയും വാർഷിക കൂടിച്ചേരലായ വിക്കിസംഗമോത്സവം 2016” കാസർഗോഡ് ജില്ലയിലെ കാഞ്ഞങ്ങാട് നടക്കും. പടന്നക്കാട് ഗുഡ് ഷെപ്പേർഡ് പള്ളിയുടെ ഓഡിറ്റോറിയത്തിൽ വെച്ച് ഡിസംബർ 26, 27, 28 തീയ്യതികളിലായി വിവിധ പരിപാടികളോടെയാണ് വിക്കി സംഗമോത്സവം നടക്കുക. ഇന്റര്‍നെറ്റ് അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന സ്വതന്ത്ര സര്‍വ്വവിജ്ഞാനകോശമാണ് വിക്കിപീഡിയ. 295 വ്യത്യസ്ത ഭാഷകളിൽ വിക്കിപീഡിയയുടെ പതിപ്പുകളുണ്ട്‌. അന്‍പത് ലക്ഷത്തിലധികം ലേഖനങ്ങളുള്ള ഇംഗ്ലീഷ്‌ വിക്കിപീഡിയയാണ് ഏറ്റവും മുന്നിൽ നിൽക്കുന്ന വിക്കിപീഡിയ. 2002 ഡിസംബർ 21 ന് ആരംഭിച്ച വിക്കിപീഡിയയുടെ മലയാളം പതിപ്പ് വൈജ്ഞാനിക മേഖലയില്‍ നിസ്തുല സംഭാവന നല്‍കി പ്രവര്‍ത്തിച്ചുവരുന്നു.

2001 ജനുവരി 15 -നാണ്‌ ജിമ്മി വെയിൽ‌സ്, ലാറി സാങർ എന്നിവർ വിക്കിപീഡിയ പദ്ധതിക്ക് തുടക്കം കുറിച്ചത്‌. വിദഗ്ദ്ധന്മാർ ലേഖനങ്ങളെഴുതിയ നൂപീഡിയ എന്ന വെബ്‌ വിജ്ഞാനകോശത്തിന്റെ പൂരകസംവിധാനമായാണ്‌ വിക്കിപീഡിയ ആരംഭിച്ചത്‌. ജനകീയ പങ്കാളിത്തത്തിലൂടെ മാതൃവെബ്‌സൈറ്റിനെക്കാൾ പ്രശസ്തി കൈവരിക്കാൻ വിക്കിപീഡിയയ്ക്ക് സാധിച്ചു. ഇന്ന് ഇന്റർനെറ്റിൽ ഏറ്റവും പ്രശസ്തമായ പൊതു-അവലംബ ഉദ്യമമായി വിക്കിപീഡിയ കണക്കാക്കപ്പെടുന്നു. മീഡിയാ വിക്കിസോഫ്‌റ്റ്‌വെയർ എന്ന സംവിധാനമാണ്‌ ഈ സ്വതന്ത്രവിജ്ഞാനകോശത്തിന്റെ അടിസ്ഥാനം.

അറിവു പങ്കു വയ്ക്കുക, വിജ്ഞാനം സ്വതന്ത്രമാക്കുക എന്നീ ലക്ഷ്യങ്ങളോടെ ഉയർന്ന ഗുണമേന്മയുള്ള സർവ്വവിജ്ഞാനകോശം സൃഷ്ടിക്കണമെന്ന് ആഗ്രഹിക്കുന്ന വിജ്ഞാനതൃഷ്ണയുള്ള ഓൺലൈൻ സമൂഹമാണ് മലയാളം വിക്കിപീഡിയയുടെ പിന്നിൽ പ്രവർത്തിക്കുന്നത്.വൈജ്ഞാനിക രംഗത്ത് പുതുമാറ്റത്തിന്റെ കൊടുങ്കാറ്റുയർത്തിയ വിക്കിമീഡിയ സംരംഭങ്ങളെ കുറിച്ച് അറിയാൻ താല്പര്യമുള്ള ഏവർക്കും നല്ലൊരു അവസരം കൂടിയാണ് വീക്കിസംഗമോത്സവം. ലോകമെമ്പാടുമുള്ള സാധാരണക്കാരും അഭ്യസ്തവിദ്യരുമായ ജനങ്ങള്‍ അവരവരുടെ അറിവുകള്‍ അന്യര്‍ക്ക് പ്രയോജനം ചെയ്യണമെന്ന ഉദ്ദേശത്തോടെ പൊതുവായി പങ്കുവെയ്കുകയാണ് വിക്കിപീഡിയയിലൂടെ ചെയ്യുന്നത്. അറിവ് പങ്കുവെയ്കുവാന്‍ താല്പര്യമുള്ള ആര്‍ക്കും പങ്കെടുക്കാവുന്ന പ്രക്രിയയാണ് വിക്കിപീഡിയയിലെ ലേഖന നിര്‍മ്മാണം. ഇതിന്റെ വിവിധ വശങ്ങളെക്കുറിച്ച് സൈദ്ധാന്തികവും പ്രായോഗികവുമായ പരിശീലനവും വിക്കിസംഗമോത്സവത്തിന്റെ ഭാഗമായി നടക്കും.

ഇപ്രകാരം വിക്കിപീഡിയയിലും സഹോദരസംരംഭങ്ങളായ വിക്കിഗ്രന്ഥശാല, വിക്കിനിഘണ്ടു, വിക്കിചൊല്ലുകള്‍ സ്വതന്ത്ര പ്രമാണങ്ങളുടെ ശേഖരമായ വിക്കി കോമൺസ് തുടങ്ങിയവയിലെ ഉള്ളടക്ക നിര്‍മ്മാണത്തില്‍ സംഭാവന ചെയ്യുന്നവരുടെ കൂട്ടമാണ് വിക്കിമീഡിയ സമൂഹം. ഇവര്‍ കൂട്ടായി തയ്യാറാക്കുന്ന വിക്കിപീഡിയ ഉള്ളടക്കം ഇന്ന്, വിദ്യാര്‍ത്ഥികളുടെയും ബഹുജനങ്ങളുടെയും പ്രിയങ്കരവും വിശ്വസനീയവുമായ വിജ്ഞാന സ്രോതസ്സായി മാറിയിരിക്കുന്നു. ഇവയെ പറ്റിയുള്ള വിശദമായ വിശകലമാണ് വിക്കിസംഗമോത്സവം കൊണ്ട് ഉദ്ദേശിക്കുന്നത്. മലയാളം വിക്കിപദ്ധതികളുടെ വിശകലനവും മെച്ചപ്പെടുത്തലും ലക്ഷ്യമിട്ട് 2012 മുതല്‍ കൃത്യമായി നടന്നുവരുന്ന വിക്കിസംഗമോത്സവം ലോകത്തെ ഭാഷാവിക്കിപീഡിയകളിലെ സുപ്രധാന കൂടിച്ചേരലായി മാറിക്കഴിഞ്ഞു.

കാസർഗോഡ് ജില്ലയിൽ വെച്ചു നടക്കുന്ന ആദ്യത്തെ വിക്കിപീഡിയ സംഗമോത്സവം വിക്കിപീഡിയയുടെ വളര്‍ച്ചയില്‍ ഒരു നാഴികകല്ലായി മാറുമെന്ന് മലയാളം വിക്കി സമൂഹം പ്രതീക്ഷിക്കുന്നു. മലയാളം വിക്കിപീഡിയ ആരംഭിച്ചതിനുശേഷം കേരളത്തിൽ നടക്കുന്ന അഞ്ചാമത് വിക്കിസംഗമോത്സവം ആണിത്.malayalam wikipedia logo

  • മലയാളത്തിലെ സജീവ വിക്കിപീഡിയരുടെ എണ്ണം വർദ്ധിപ്പിക്കുക,
  • വിക്കിപീഡിയ പ്രവർത്തകരുടെ നേരിട്ടുള്ള ഇടപെടലിനു് വേദിയൊരുക്കുക,
  • 2017 മാർച്ച് മാസത്തോടെ മലയാളം വിക്കിപീഡിയയിൽ അരലക്ഷം ലേഖനങ്ങൾ തികയ്ക്കാനുള്ള മുന്നൊരുക്കങ്ങൾ നടത്തുക(നിലവിൽ 46,760+ ലേഖനങ്ങൾ ഉണ്ട്),
  • വിക്കിപീഡിയയിൽ കാസർഗോഡ് ജില്ലയെ സംബന്ധിച്ചുള്ള ഉള്ളടക്കം വർദ്ധിപ്പിക്കുക,
  • പൊതുസമൂഹത്തിൽ വിക്കിപീഡിയയെ കുറിച്ചുള്ള അവബോധം വർദ്ധിപ്പിക്കുക
  • മലയാളത്തിന്റെ അയല്‍ ഭാഷകളായ തുളു, കന്നട, തമിഴ് വിക്കിപീഡിയകളുമായുള്ള സഹവര്‍ത്തിത്വം വര്‍ദ്ധിപ്പിക്കുക, കേരള സംബന്ധമായ അടിസ്ഥാന ലേഖനങ്ങള്‍ ഈ വിക്കിപീഡിയകളില്‍ ഉറപ്പാക്കുക

തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് പടന്നക്കാടു വെച്ച് ഇത്തവണ സംഗമോത്സവം നടത്തുന്നത്.

കർണാടകയോട് തൊട്ടുകിടക്കുന്ന ജില്ല എന്ന നിലയിലും അന്യം നിന്നുപോവുന്ന വിവിധ കലാരൂപങ്ങളുടെ നിലവറ എന്ന നിലയിലും ഏഴിലധികം ഭാഷകൾ (മലയാളം, തുളു, കൊങ്ങിണി, ഉറുദു, ബ്യാരി, കന്നഡ, മറാത്തി തുടങ്ങിയവ) പ്രധാനമായി സംസാരിക്കുന്നവർ ഉള്ള ജില്ല എന്ന നിലയിലും കാസർഗോഡ് നടക്കുന്ന വിക്കിസംഗമോത്സവം ഈ ഭാഷകളിലെ വിക്കിപീഡിയ ഉള്ളടക്കത്തെ സംബന്ധിച്ച് നാഴികകല്ലായി മാറും എന്നാണ് കരുതുന്നത്.

വിക്കിസംഗമോത്സവത്തില്‍ വിക്കിപീഡിയന്മാരുടെയും വിക്കി വായനക്കാരുടെയും കൂടിച്ചേരലിന് പുറമേ വിവിധ സമാന്തര അവതരണങ്ങളും ഉണ്ടാവും. ഇ-മലയാളം, വിദ്യാഭ്യസരംഗത്തെ വിക്കിപീഡിയ, സ്വതന്ത്ര സര്‍വ്വവിജ്ഞാനകോശത്തിന്റെ പ്രസക്തി, വിജ്ഞാനത്തിന്റെ പകര്‍പ്പവകാശപ്രശ്നങ്ങള്‍, വൈജ്ഞാനിക വ്യാപനത്തിനുതകുന്ന സാങ്കേതിക വിദ്യ തുടങ്ങി വിവിധ വിഷയങ്ങളിലായുള്ള പ്രബന്ധാവതരണങ്ങളും ചര്‍ച്ചകളും വിക്കിപീഡിയ എഡിറ്റിംഗില്‍ പ്രായോഗിക പരിശീലനവും ഉണ്ടാവും. വിക്കിപീഡിയയുടെ സാദ്ധ്യതകള്‍ കാസർഗോഡ് ജില്ലാ നിവാസികളിലേക്ക് എത്തിക്കുന്നതിനുള്ള അനുബന്ധപരിപാടികളും കാസർഗോഡിന്റെ ചരിത്രവും വിജ്ഞാനവും ഈ സര്‍വ്വവിജ്ഞാനകോശത്തിലേക്ക് ഉള്‍ച്ചേര്‍ക്കുന്നതിനുള്ള ശ്രമവും വിക്കിസംഗമോത്സവത്തിന്റെ ഭാഗമായി ഉണ്ടാകും.

വിക്കിസംഗമോത്സവത്തിന്റെ സ്വാഗതസംഘം വിക്കിപഠന ശിബിരമടക്കമുള്ള വിവിധ പരിപാടികള്‍ക്ക് ഇതോടനുബന്ധിച്ച് നടത്തിവരുന്നു. എഴുത്തിനോട് താല്പര്യമുള്ളവരെയും വിജ്ഞാനത്തെ മുഖ്യമായി കാണുന്നവരേയും ഒന്നിപ്പിക്കുവാൻ വേണ്ടിയുള്ള ശ്രമങ്ങളാണ് വിക്കിസംഗമോത്സവത്തിന്റെ ഭാഗമായി നടന്നു വരുന്നത്.

വിക്കിസംഗമോത്സവം 2013

വിക്കിസംഗമോത്സവം – 2013 | wikisangamolsavam 2013
മലയാളം വിക്കി സമൂഹത്തിന്റെ വാർഷിക സംഗമം
വിക്കിസംഗമോത്സവം 2013
ഡിസംബർ 21, 22 തീയ്യതികളിൽ ആലപ്പുഴയിൽ വെച്ച് നടക്കുന്നു.
മലയാളം വിക്കിമീഡിയയുടെ രണ്ടാമത്തെ സംഗമോത്സവമാണു് ഈ വർഷം നടക്കുന്നത്

(more…)

വിക്കിപീഡിയയിൽ എങ്ങനെ ചിത്രങ്ങൾ ചേർക്കാം?

സ്വതന്ത്രവിജ്ഞാനകോശമായ വിക്കിപീഡിയയിൽ വിജ്ഞാനസംബന്ധിയായ ലേഖനങ്ങൾ ചേർക്കുക എന്നതുപോലെ തന്നെ പ്രാധാന്യമർഹിക്കുന്നുണ്ട് ലേഖനത്തിനാവശ്യമായ ചിത്രങ്ങൾ ചേർക്കുക എന്നതും. വിക്കിപീഡിയയുടെ സഹോദരസംരംഭമായ വിക്കിമീഡിയ കോമൺസ് എന്ന വെബ്സൈറ്റ് (more…)

വിക്കിസംഗമോത്സവം 2012

മലയാളം വിക്കിമീഡിയ സമൂഹത്തിന്റെ വാര്‍ഷിക കൂട്ടായ്മയായ വിക്കിസംഗമോത്സവം
2012 ഏപ്രില്‍ 28, 29 തീയതികളില്‍ കൊല്ലം ജില്ലാപഞ്ചായത്ത് ഹാളില്‍ വെച്ച് 
നടക്കുകയാണ്.

മലയാളം വിക്കിമീഡിയ സംരഭങ്ങളുടെ ഉപയോക്താക്കള്‍ അഥവാ എഴുത്തുകാര്‍ വിവിധ വിക്കി പദ്ധതികളില്‍ പ്രവര്‍ത്തിക്കുന്ന  സോഫ്റ്റ്‌വെയര്‍ വിദഗ്ധര്‍ എന്നിവരുടെ വാര്‍ഷിക ഒത്തുചേരലാണ് വിക്കിസംഗമോത്സവം – 2012.  ഇവര്‍ക്ക്, പരസ്പരം നേരില്‍ കാണുവാനും ഒത്തുകൂടുവാനും ആശയങ്ങള്‍ പങ്കുവെയ്കാനും  വിക്കി പദ്ധതികളുടെയും മറ്റും തല്‍സ്ഥിതി അവലോകനം ചെയ്യുന്നതിനും  ഭാവിപദ്ധതികളിലെ കൂട്ടായ പ്രവര്‍ത്തനം ഒരുക്കുന്നതിനും സംഗമോത്സവം വേദിയൊരുക്കുന്നു.


വിക്കിപീഡിയ ഉപയോക്താക്കളല്ലാത്ത, വിക്കിപീഡിയയോടാഭിമുഖ്യമുള്ള പൊതുജനങ്ങള്‍ക്കും ഇതില്‍ പങ്കെടുക്കാം. വിദ്യാഭ്യാസ പ്രവര്‍ത്തകര്‍, ഗവേഷകര്‍, കമ്പ്യൂട്ടര്‍ വിദഗ്ദര്‍, സ്വതന്ത്ര -സാംസ്കാരിക പ്രവര്‍ത്തകര്‍ തുടങ്ങിയ വിക്കിമീഡിയ സംരംഭങ്ങളോടാഭിമുഖ്യമുള്ള ആളുകള്‍ക്ക് വിക്കീമീഡിയന്മാരെ കാണുന്നതിനും  വിക്കിമീഡിയ സംരംഭങ്ങളെക്കുറിച്ച് പഠിക്കുന്നതിനും ആശയസംവേദനം നടത്തുന്നതിനും  മെച്ചപ്പെടുത്തല്‍ നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കുന്നതിനും ഇതൊരവസരമാണ്. കൂടുതല്‍ വിവരങ്ങള്‍ക്കായി ഈ താള്‍ കാണുക. 

സംഗമോത്സവത്തില്‍, വിക്കിപീഡിയ സംരംഭങ്ങളെക്കുറിച്ചുള്ള വാര്‍ഷിക വിശകലനങ്ങള്‍, ചര്‍ച്ചകള്‍ എന്നിവയ്ക്കൊപ്പം  വിജ്ഞാനവ്യാപന സംബന്ധിയായ പ്രബന്ധാവതരണങ്ങള്‍, പാനല്‍ ചര്‍ച്ചകള്‍, ക്ളാസ്സുകള്‍, ശില്പശാലകള്‍, പൊതുചര്‍ച്ചകള്‍, പ്രഭാഷണങ്ങള്‍ തുടങ്ങിയവയും നടക്കും.  പരിപാടികളുടെ വിശദാംശങ്ങള്‍ അറിയുവാന്‍ ഈ താള്‍ കാണുക.

മേല്‍പ്പറഞ്ഞ പരിപാടികളില്‍ നിങ്ങള്‍ക്കും അവതരണങ്ങള്‍ നടത്താം.
ഏതൊക്കെ വിഷയങ്ങളില്‍ അവതരണങ്ങള്‍ നടത്താമെന്നറിയുവാന്‍ ഈ താള്‍ കാണുക. അവശ്യ പ്രബന്ധങ്ങള്‍ എന്ന താളിലുള്ള നിര്‍ദ്ദേശവും കാണുമല്ലോ. 


ഈ താളില്‍ നിങ്ങളുടെ അവതരണങ്ങള്‍ സമര്‍പ്പിക്കുക. 
സംഗമോത്സവത്തിന്റെ പരിപാടി ഉപസമിതിയില്‍ പ്രവര്‍ത്തിക്കുവാന്‍ 
താല്പര്യമുണ്ടെങ്കില്‍ ഈ താളില്‍  പേര് ചേര്‍ക്കുക.  മറ്റ് സമിതികളിലും നിങ്ങള്‍ക്ക് അംഗമായി പേര് ചേര്‍ക്കാവുന്നതാണ്.

സംഗമോത്സവത്തിന്റെ രജിസ്ട്രേഷന്‍ ഫീസ് 300 രൂപയാണ്. മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് 200 രൂപ മതിയാകും. വിദ്യാര്‍ത്ഥികള്‍ക്ക് 150 രൂപയും. 


രജിസ്ട്രേഷന്‍ താളില്‍ വിശദവിവരങ്ങള്‍ കാണാം. 


നിങ്ങളേവരും മറ്റുപരിപാടികള്‍ ക്രമപ്പെടുത്തി ഏപ്രില്‍ 28, 29 തീയതികളില്‍ കൊല്ലത്ത് എത്തുമെന്ന് കരുതട്ടേ.. സംഗമോത്സവത്തില്‍ പങ്കെടുക്കുവാനുള്ള താല്പര്യം ഇന്നുതന്നെ ഈ താളില്‍ രേഖപ്പെടുത്തുമല്ലോ…

വിക്കിമീഡിയ വൈജ്ഞാനികപ്രബന്ധങ്ങൾ ക്ഷണിക്കുന്നു

വിക്കിമീഡിയ പ്രവർത്തകരുടെ ഒരു കൂട്ടയ്മ
വിക്കിസംഗമോത്സവം 2012 എന്ന പേരിൽ ഈ വരുന്ന ഏപ്രിൽമാസം 21, 22 തീയതികളിലായി കൊല്ലത്ത് നടക്കുന്നു. വിക്കിസംഗമോത്സവത്തോടനുബന്ധിച്ച് വൈജ്ഞാനിക സ്വഭാവമുള്ള വിവിധ വിഷയങ്ങളെ അധികരിച്ച് പ്രബന്ധാവതരണം നടക്കുന്നുണ്ട്. ഇതിനുള്ള  അപേക്ഷ ക്ഷണിച്ച വിവരം ഇതിനോടകം നിങ്ങലെല്ലാവരും അറിഞ്ഞിരിക്കുമല്ലോ. 

അപേക്ഷ ക്ഷണിച്ച് ഇത്രയധികം ദിവസങ്ങൾ പിന്നിട്ടിട്ടും വളരെ കുറച്ച് അപേക്ഷകൾ മാത്രമാണ് ലഭിച്ചിട്ടുള്ളത്. ഇന്ത്യൻഭാഷാ വിക്കിപീഡിയകളിൽ വച്ച് ഏറ്റവും അധികം സജീവ ഉപയോക്താക്കൾ ഉള്ള വിക്കിപീഡിയ മലയാളമാണ്. ഏറ്റവും കൂടുതൽ വരിക്കാരുള്ള മെയിലിങ് ലിസ്റ്റും നമുക്കാണുള്ളത്. ഇത്രയധികം ജനപിന്തുണ നമുക്കുണ്ടായിട്ടും, മുന്നോട്ട് വന്ന് കാര്യങ്ങൾ സംസാരിക്കാനും, ചർച്ചകൾ നടത്താനും നാം വിമുഖത കാണിക്കുന്നു. 

ഇതുവരെ നടന്നിട്ടുള്ളതിൽ വച്ച് ഏറ്റവും വിപുലമായ പരിപാടികളാണ് ഏപ്രിലിൽ കൊല്ലത്ത് വച്ച് നടക്കുന്ന വിക്കിസംഗമോത്സവത്തിനു വേണ്ടി നമ്മൾ ആസൂത്രണം ചെയ്യുന്നത്. ഒരു കോൺഫറൻസിന്റെ പ്രധാന ആകർഷണം അതിലെ പരിപാടികളാനെന്നിരിക്കെ, അതിൽ ഭാഗവാക്കാകേണ്ടത് നാമെല്ലാവരുതന്നെയാണ്, അതുകൊണ്ടുതന്നെ പരിപാടിയെ പൂർണ്ണ വിജയത്തിലെത്തിക്കുക എന്നത് വിക്കിപദ്ധതികളുമായി സഹകരിക്കുന്ന നമ്മുടെ കടമയാണ്.

നിങ്ങളിൽ പലരും വ്യത്യസ്ത വിഷയങ്ങളിൽ പ്രാഗൽഭ്യമുള്ളവരായിരിക്കുമല്ലോ. ‘നിങ്ങളുടെ പ്രവർത്തനമണ്ഡലവും വിക്കിമീഡിയ സംരംഭങ്ങളും‘ എന്ന വിഷയത്തിൽ ഒരു ചെറിയ പ്രബന്ധം അവതരിപ്പിക്കാൻ ബുദ്ധിമുട്ടൊന്നും ഉണ്ടാവുകയില്ല എന്നു കരുതുന്നു. ഉദാഹരണത്തിന് ഒരു ഡോക്ടർക്ക് ‘ആരോഗ്യസം രക്ഷണത്തിൽ വിക്കിമീഡിയയ്ക്കുള്ള പങ്ക്, വൈദ്യശാസ്ത്ര താളുകൾ വിക്കിപീഡിയയിൽ, വൈദ്യശാസ്ത്ര പ്രൊജെക്ടുകളിലേക്ക് ഉപയോക്താക്കളെ ആകർഷിക്കാനായി ചെയ്യേണ്ടതെന്തെല്ലാം, ആരോഗ്യമേഖലയിലെ വിദഗ്ദർക്ക് വിക്കിമീഡിയയിൽ എന്തെല്ലാം ചെയ്യാൻ സാധിക്കും, വൈദ്യശാസ്ത്ര ലേഖനങ്ങൾ വികസിപ്പിക്കാൻ ആവശ്യമായ ടൂളുകൾ എന്നിങ്ങനെ അനവധി വിഷയങ്ങളിൽ പ്രബന്ധവും ചർച്ചയും അവതരിപ്പിക്കാവുന്നതാണ്. ഇനി താങ്കൾ ഒരു നവാഗതനാണെങ്കിൽ ‘വിക്കിമീഡിയ സംരംഭങ്ങൾ: ഒരു നവാഗതന്റെ വീക്ഷണകോണിലൂടെ‘ എന്ന വിഷയത്തെക്കുറിച്ച് പ്രബന്ധമാവാം. സജീവ ഉപയോക്താക്കൾക്ക് തങ്ങൾ പ്രവർത്തിക്കുന്ന വിക്കിപദ്ധതികളെപ്പറ്റി സംസാരിക്കാവുന്നതാണ്. ബ്ലോഗിങ് മേഖലയിലുള്ളവർക്ക് വിക്കിമീഡിയയുടെ പ്രചാരണത്തിന് ബ്ലോഗ് എന്ന മാധ്യമം ഉപയോഗിക്കുന്നതിനെ പറ്റി പ്രബന്ധങ്ങൾ അവതരിപ്പിക്കാവുന്നതാണ്.

ഒരാൾക്ക് ഒന്നിലധികം പ്രബന്ധങ്ങൾ അവതരിപ്പിക്കുന്നതിന് തടസ്സമില്ല. പ്രബന്ധത്തിന് അപേക്ഷ സമർപ്പിക്കുന്നതിനെ പറ്റി കൂടുതൽ വിവരങ്ങൾ ഇവിടെ. എന്തെങ്കിലും സംശയങ്ങൾ ഉണ്ടെങ്കിൽ, പ്രബന്ധമെഴുതുവാൻ ആവശ്യമായ വിവരങ്ങൾ വേണമെങ്കിൽ ഈ പദ്ധതിയുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന രമേശ് എൻ ജി, നത ഹുസൈൻ, അനൂപ് നാരായണൻ, വിശ്വപ്രഭ, ശിവഹരി എന്നിവരിൽ ആരെങ്കിലുമായി സംവദിക്കുക. എല്ലാവരും ഉത്സാഹിച്ച് പ്രബന്ധങ്ങൾ അവതരിപ്പിച്ച് ഏപ്രിലിൽ നടക്കുന്ന ഈ മഹാസംഗമത്തെ വിജയത്തിലേക്ക് നയിക്കുക എന്ന് അഭ്യർത്ഥിക്കുന്നു.

മലയാളം വിക്കിമീഡിയയെ സ്നേഹിക്കുന്നു!!

മലയാളം വിക്കിപീഡിയയിലും ഇതര വിക്കിമീഡിയസംരംഭങ്ങളിലും ഉപയോഗിക്കാൻ വൈജ്ഞാനികസ്വഭാവമുള്ള ചിത്രങ്ങൾ സംഭാവന ചെയ്യാൻ മലയാളം വിക്കിമീഡിയരെ പ്രോത്സാഹിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെ 2011 എപ്രിൽ 02 മുതൽ 25 വരെയുള്ള കാലയളവിൽ ബഹുജനപങ്കാളിത്തത്തോടെ നടത്തിയ ഒരു വിക്കിപദ്ധതിയാണു് മലയാളികൾ വിക്കിമീഡിയയെ സ്നേഹിക്കുന്നു എന്നത്. ഈ പദ്ധതിയിലൂടെ 2155 സ്വതന്ത്രചിത്രങ്ങൾ വിക്കികോമൺസിൽ നമ്മുടെ വകയായി ചേർക്കാൻ നമുക്കായി. 2011 ലെ പദ്ധതിചിത്രങ്ങൾ  ഇവിടെ കാണാം.

ഈ പദ്ധതിയുടെ രണ്ടാം ഭാഗം മലയാളം വിക്കിമീഡിയയെ സ്നേഹിക്കുന്നു എന്നപേരിൽ ഇന്നുമുതൽ രണ്ട് മാസത്തെ സമയ പരിധിവെച്ച് തുടങ്ങുകയാണ്.

ഈ പദ്ധതിയുടെ ഭാഗമാവാൻ താങ്കൾ ആഗ്രഹിക്കുന്നുവെങ്കിൽ, കൈവശമുള്ള താങ്കൾ എടുത്ത മനോഹരചിത്രങ്ങളെ വിക്കിമീഡിയ കോമൺസിലേക്ക് അപ്‌ലോഡ് ചെയ്യുക. പദ്ധതിയെ കുറിച്ചുള്ള വിശദവിവരങ്ങൾ ഇവിടെ വിക്കിപേജിൽ കൊടുത്തിട്ടുണ്ട്. അതേ പേജിൽ പങ്കെടുക്കുന്നവർ എന്ന ഭാഗത്തായി താങ്കളുടെ പേരെഴുതി പദ്ധതിയുടെ ഭാഗമാവാൻ അഭ്യർത്ഥിക്കുന്നു. ആവശ്യമായ സഹായങ്ങൾക്ക് അതേ പേജിന്റെ സംവാദം പേജിലോ  അതിൽ പങ്കെടുക്കുന്ന ഏതെങ്കിലും വിക്കിപീഡിയനെയോടോ എഴുതി ചോദിക്കാവുന്നതാണ്. 

വിക്കിയിലേക്ക് അത്യാവശ്യം വേണ്ട ചില ചിത്രങ്ങൾ താഴെ പറയുന്ന വിഷയങ്ങളിൽ
പെടുന്നവയാണ്.

- കേരളത്തിലെ പ്രമുഖസ്ഥലങ്ങളുടെ ചിത്രങ്ങൾ
- കേരളത്തിലെ എല്ലാ പഞ്ചായത്ത് ഓഫീസുകളുടേയും ചിത്രങ്ങൾ
- കേരളത്തിലെ എല്ലാ ഭരണസ്ഥാപനങ്ങളുടേയും ചിത്രങ്ങൾ
- കേരളത്തിലെ പ്രമുഖവ്യക്തികളുടെ ചിത്രങ്ങൾ
- കേരളത്തിലെ രാഷ്ട്രീയ നേതാക്കന്മാരുടെ ചിത്രങ്ങൾ
- കേരളത്തിലെ സാമൂഹിക, സാംസ്കാരിക രംഗങ്ങളിൽ പ്രവർത്തിക്കുന്നവരുടെ
ചിത്രങ്ങൾ
- ശ്രദ്ധേയമായ പുസ്തകങ്ങളുടെ പുറംചട്ടയുടെ ചിത്രങ്ങൾ
(ഇത് മലയാളം വിക്കിപീഡിയയിൽ മാത്രമേ അപ്‌ലോഡ് ചെയ്യാവൂ)

എല്ലാവരേയും ഈ വിക്കിപദ്ധതിയിലേക്ക് സഹർഷം സ്വാഗതം ചെയ്യുന്നു. സഹായം ആവശ്യയമുണ്ടങ്കിൽ help at mlwiki.in എന്ന വിലാസത്തിലേക്ക് ഈമെയിൽ അയക്കുകയോ ഈ പേജിൽ വന്ന് സംശയങ്ങൾ ചോദിക്കുകയോ ആവാം.

×

Hello!

താഴെ കാണുന്ന വാട്സാപ്പ് ഐക്കൺ ക്ലിക്ക് ചെയ്യുകയോ ഈ മെയിൽ ഐഡിയിലേക്ക് മെയിൽ അയക്കുകയോ ചെയ്യുക.

രാജേഷ് ഒടയഞ്ചാൽ

×
Verified by MonsterInsights