
കർണാടകയുടെ തലസ്ഥാനമായ ബാംഗ്ലൂരിനടുത്തായി സ്ഥിതിചെയ്യുന്ന ഏറ്റവും പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഒന്നാണ് നന്ദി ഹിൽസ്. സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 1479 അടി ഉയരത്തിൽ സ്ഥിതിചെയ്യുന്ന ഈ മലനിരകൾ, അതിരാവിലെ എത്തുന്ന സഞ്ചാരികളെ കോടമഞ്ഞിൽ കുളിപ്പിച്ചു നിർത്തുന്ന ദൃശ്യഭംഗിയാൽ ഏറെ പ്രശസ്തമാണ്. ബാംഗ്ലൂരിലെ ഹെബ്ബാളിൽ നിന്നും ഏകദേശം 52 കിലോമീറ്റർ അകലെ എൻ.എച്ച് 7-ൽ (ബെല്ലാരി റോഡ്) നിന്നും അല്പം മാറിയാണ് ഈ ടൂറിസ്റ്റ് കേന്ദ്രം സ്ഥിതിചെയ്യുന്നത്. ബാംഗ്ലൂർ അന്താരാഷ്ട്ര വിമാനത്താവളം ഇതിനടുത്താണെന്നത് ദൂരദേശങ്ങളിൽ നിന്നുള്ള സഞ്ചാരികൾക്കും വലിയ സൗകര്യമാണ്.

ചരിത്രപരമായ മഹത്വം
നന്ദി ഹിൽസ് വെറുമൊരു പ്രകൃതിരമണീയമായ സ്ഥലമല്ല, മറിച്ച് വീരചരിത്രങ്ങളുടെയും സ്മാരകങ്ങളുടെയും ഒരു കലവറ കൂടിയാണ്.
-
ടിപ്പു സുൽത്താന്റെ വേനൽക്കാല വസതി: മൈസൂർ കടുവ എന്നറിയപ്പെട്ടിരുന്ന ടിപ്പു സുൽത്താൻ തന്റെ വേനൽക്കാല വസതിയായി ഇവിടുത്തെ കൊട്ടാരമാണ് ഉപയോഗിച്ചിരുന്നത്. ഈ കൊട്ടാരം ഇപ്പോഴും ഒരു ചരിത്ര സ്മാരകമായി അവിടെ നിലനിൽക്കുന്നു.
-
ടിപ്പു ഡ്രോപ്പ് (Tipu’s Drop): ഏകദേശം 600 അടി താഴ്ചയുള്ള കുത്തനെയുള്ള ഈ മലയിടുക്ക് ചരിത്രത്തിലെ ഭയാനകമായ ഒരു ഏടാണ്. ടിപ്പു സുൽത്താന്റെ ഭരണകാലത്ത് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട കുറ്റവാളികളെ ഈ കൊട്ടമുടിയിൽ നിന്നായിരുന്നു താഴേക്ക് തള്ളിയിട്ടിരുന്നത് എന്ന് പറയപ്പെടുന്നു.
-
പുരാതന ക്ഷേത്രങ്ങൾ: മലമുകളിൽ സ്ഥിതി ചെയ്യുന്ന യോഗനന്ദീശ്വര ക്ഷേത്രവും മലയടിവാരത്തിലെ ഭോഗനന്ദീശ്വര ക്ഷേത്രവും ഒമ്പതാം നൂറ്റാണ്ടിലെ വാസ്തുവിദ്യയുടെ വിസ്മയങ്ങളാണ്.
യാത്രാ സൗകര്യങ്ങൾ
ബാംഗ്ലൂരിൽ നിന്നും നന്ദി ഹിൽസിലേക്ക് എളുപ്പത്തിൽ എത്തിച്ചേരാൻ വിവിധ മാർഗ്ഗങ്ങളുണ്ട്:
-
ബസ് മാർഗ്ഗം: ബാംഗ്ലൂരിലെ പ്രധാന ബസ്‌സ്റ്റേഷനായ മജസ്റ്റിക് കെമ്പഗൗഡ സ്റ്റാൻഡിൽ നിന്നും രാവിലെ 6 മണി മുതൽ കെ.എസ്.ആർ.ടി.സി ബസ്സുകൾ ലഭ്യമാണ്. നന്ദി ഹിൽസിലെ പ്രധാന പ്രവേശന കവാടം വരെ ഈ ബസ്സുകളിൽ എത്തിച്ചേരാം.
-
ദൊഡ്ഡബെല്ലാപ്പൂർ വഴി: നേരിട്ടുള്ള ബസ്സുകൾ ലഭ്യമല്ലാത്ത സമയങ്ങളിൽ ബാംഗ്ലൂർ സിറ്റിക്കു പുറത്തുള്ള ദൊഡ്ഡബെല്ലാപ്പൂർ വഴി നന്ദി ഹിൽസിലേക്ക് എത്താവുന്നതാണ്. നിലവിൽ മജസ്റ്റിക്കിൽ നിന്നുള്ള നേരിട്ടുള്ള ബസ്സുകൾ ഉച്ചയ്ക്ക് 12:30-ന് ശേഷം കുറവായതിനാൽ, ഉച്ചകഴിഞ്ഞുള്ള യാത്രയ്ക്ക് ഈ വഴി തിരഞ്ഞെടുക്കുന്നതാണ് ഉചിതം.
-
സ്വകാര്യ വാഹനങ്ങൾ: കാറിലോ ബൈക്കിലോ പോകുന്നവർക്കായി മലമുകളിൽ പാർക്കിംഗ് സൗകര്യം ഒരുക്കിയിട്ടുണ്ട്. മലയടിവാരത്തിൽ നിന്നും ഏകദേശം മൂന്ന് കിലോമീറ്റർ ദൂരം ചുരങ്ങൾ കയറി വേണം മുകളിലെത്താൻ. നടത്തം ഇഷ്ടപ്പെടുന്നവർക്ക് കാൽനടയായും ഈ ദൂരം താണ്ടാവുന്നതാണ്.
സന്ദർശകർക്കുള്ള പ്രത്യേകതകൾ
-
സൂര്യോദയം: നന്ദി ഹിൽസിലെ ഏറ്റവും മനോഹരമായ കാഴ്ച സൂര്യോദയമാണ്. മേഘപാളികൾക്ക് താഴെയായി നഗരം ഉറങ്ങിക്കിടക്കുമ്പോൾ, മലനിരകൾക്കിടയിലൂടെയുള്ള സൂര്യോദയം കാണാൻ പുലർച്ചെ തന്നെ വൻ തിരക്കാണ് അനുഭവപ്പെടാറുള്ളത്.
-
പാലാർ, പെണ്ണാർ നദികളുടെ ഉറവിടം: പാലാർ, അർക്കാവതി, പെണ്ണാർ എന്നീ നദികളുടെ പ്രഭവകേന്ദ്രം കൂടിയാണ് ഈ മലനിരകൾ.
-
അമൃത സരോവർ: വർഷം മുഴുവൻ വറ്റാത്ത ജലസ്രോതസ്സായ ‘അമൃത സരോവർ’ ഇവിടുത്തെ മറ്റൊരു ആകർഷണമാണ്.

ആകർഷണകേന്ദ്രങ്ങൾ
നിറയെ മരങ്ങൾ നിറഞ്ഞ പ്രകൃതിരമണീയമായ സ്ഥലമാണ് നന്ദിഹിൽസ്. കബ്ബന്‍ ഹൌസും വിശാലമായ പൂന്തോട്ടങ്ങളും യോഗനന്ദീശ്വര ക്ഷേത്രവും ഇവിടത്തെ മറ്റു ആകര്‍ഷണങ്ങളാണ്. കിഴക്കാതൂക്കായി കിടക്കുന്ന വൻപാറകെട്ടുകളും അവയ്‌ക്കിടയിലായി വലിയൊരു നന്ദിപ്രതിഷ്ഠയും ഉണ്ട്. രാവിലെ എത്തുന്ന സഞ്ചാരികളെ ആകർഷിക്കുന്നത് നന്ദിഹിൽസിൽ പെയ്‌തിറങ്ങുന്ന കോടമഞ്ഞുതന്നെയാണ്. നിരവധി ശലഭങ്ങളും പക്ഷികളും കൊണ്ട് നിറഞ്ഞ നന്ദിഹിൽസിൽ അനവധി ഫോട്ടോഗ്രാഫേർസ് വന്നുപോകുന്നു. ചൂടുകാലത്ത് 25 മുതല്‍ 28 ഡിഗ്രി വരെയും തണുപ്പ് കാലത്ത് 8 മുതല്‍ 10 ഡിഗ്രി വരെയുമാണ് ഇവിടെ താപനില.
സമാന യാത്രാ വിവരണങ്ങൾ:
Nandhi Hills
Nandhi Hills and Shivaganga
Namakkal and Kolli malai
Goa
VIjnana Yathra
Palayathuvayal School
Pachal gramam – Salem


പറഞ്ഞറിയിക്കാനാവാത്ത ഒരു അനുഭൂതിയാണു നന്ദി ഹിൽസ്. ഒരൊറ്റമലയുടെ മുകൾത്തട്ടിൽ മേഘക്കൂട്ടങ്ങളോട് കിന്നാരം പറഞ്ഞുകളിക്കുന്ന നയനമനോഹരമായ മരങ്ങളും ചെടികളും കുന്നിഞ്ചെരുവുകളും. നന്നായി നോക്കിനടത്തുന്ന ഒരു പാർക്കുപോലെ തോന്നിച്ചു നന്ദിഹിൽസിലെ മരങ്ങൾ. മഴയായി പെയ്‌തിറങ്ങുന്ന മഞ്ഞിൻ തുള്ളികൾ പോലും നമ്മെ അധികമായി അലോസരപ്പെടുത്തുന്നില്ല അവിടെ. ചുറ്റിനും ഭീകരമായ പാറയിടുക്കുകളും കൊക്കകളും കാവൽ നിൽക്കുന്ന നന്ദിഹിൽസിൽ രാവിലെ 7 മണിയോടടുത്ത് ഞങ്ങൾ എത്തി. 11 മണിക്ക് ഞങ്ങൾ മലയിറങ്ങും വരെ അവിടെനിന്നും മഞ്ഞിൻപാളികൾ ലവലേശം പോലും മാറിയിരുന്നില്ല. നന്ദി ഹിൽസിൽ നിന്നും കാണുന്ന സൂര്യോദയം വിസ്‌മയാവഹമാണ്. സൂര്യപ്രകാശത്തിനും പോലും ആ പ്രദേശത്തേക്ക് കടന്നുവന്ന് ആ മനോഹാരിതയെ വേദനിപ്പിക്കാൻ മടിയാണെന്നു തോന്നിക്കും. നന്ദി ഹിൽസ് വിവരണാതീതമാണ്. പോയി കണ്ട് അനുഭവിച്ചുമാത്രം തീർക്കാവുന്ന സുഭഗസുന്ദരമധുപാത്രം!ബാംഗ്ലൂരിലെ ഹെബ്ബാളിൽ നിന്നും 52 കിലോമീറ്റർ അകലെയാണു നന്ദി ഹിൽസ്. NH – 7 ന്റെരികിലായിട്ടാണിതെന്നു പറയാം. ശരിയായ രീതിയിലുള്ള സൈൻബോർഡുകളൊന്നും വഴിയോരത്ത് കാണാലില്ല. NH – 7 ലൂടെ തന്നെ പോയാൽ ദേവനഹള്ളി എയർപോർട്ടും കഴിഞ്ഞ് NH – 207 നെ ക്രോസ് ചെയ്താൽ ഉടനെ കാണന്ന ഒരു ചെറിയ റൈറ്റ്സൈഡ് റോഡ് പിടിച്ചാൽ നന്ദി ഹിൽസിലെത്താം. ഈ ടേർണിങിനെ നന്ദി ക്രോസ് എന്നാണു വിളിക്കുക. അങ്ങനെ പേരിട്ട് പറയാൻ മാത്രം വലിയ ക്രോസൊന്നും അല്ലത്. അതി രാവിലെ തന്നെ നന്ദിഹിൽസിൽ എത്തിച്ചേരണം. മടക്കം എപ്പോൾ വേണമെങ്കിലും ആവാം.
നേരെ വിട്ടത് ശിവഗംഗയിലേക്കാണ്. പോകുന്ന വഴി നിറയെ മുന്തിരിത്തോപ്പുകൾ. പഴുത്തുപ്രായമായ മുന്തിരിപ്പാടത്തിലൂടെ ഞങ്ങൾ ഇറങ്ങി നടന്നു. കുറേ മുന്തിരികൾ പറിച്ചെടുത്തു. ശിവനസമുദ്രയിലെന്നപോലെ ശിവഗംഗയിലും ലോക്കൽപാർട്ടീസ് കാറിനും കരം പിരിക്കാനായി എത്തി. ശിവനസമുദ്രയിൽ പ്രയോഗിച്ച് അതേ അടവു പറഞ്ഞ് അവരെ വിരട്ടി ഞങ്ങൾ മലയ്‌ക്കു താഴെ ഒരു മരത്തണലിൽ കാർ പാർക്ക് ചെയ്ത് ഉച്ചയ്ക്ക് 12 മണിയോടെ മല കയറ്റം ആരംഭിച്ചു. ശിവനും ശിവന്റെ കുടുംബവും താമസിക്കുന്ന മലയാണു ശിവംഗംഗ എന്നു തോന്നിപ്പിക്കും ആ മല. വലിയൊരു പാറക്കൂട്ടമാണ്. പാറകൾക്കൊക്കെ ഏകദേശം ഒരേ ആകൃതി ശിവവാഹനമായ നന്ദിയുടേതു പോലെ. പല പാറകളിലും അവിടെ നന്ദികേശനെ കൊത്തിവെച്ചിട്ടുണ്ട്. പടുകൂറ്റൻ പാറകളിൽ പടകൾ കൊത്തി കമ്പിവേലികളാൽ കൈപ്പിടിയൊരുക്കി മലമുകളിലേക്കുള്ള കയറ്റം ഒരു കയറ്റം തന്നെയാണ്. മൂന്നുമണിയോടടുത്താണ് ഞങ്ങൾ മുകളിൽ എത്തിയത്. മലയുടെ നെറുകയിൽ നിന്നും ചുറ്റിലേക്കും വായുവിൽ തള്ളിനിൽക്കുന്ന വലിയ ഭീമൻ പാറക്കൂറ്റൻമാർ!! പല മിഥുനങ്ങളും അതിന്റെ മുകളിലേറി ടൈറ്റാനിക്കിലെ ടെക്കിൽ കേറിനിന്നു നായികാനായകൻമാർ കൈവിരിച്ചു നിൽക്കുന്നതു പോലെ നിൽക്കുന്നതു കണ്ടു. വളരെ സാഹസികമായി മാത്രം കേറിച്ചെല്ലാവുന്ന ഒരിടമാണു ശിവഗംഗ. ബാംഗ്ലൂരിൽ നല്ല മഴക്കാലം എന്നൊന്നുണ്ടെങ്കിൽ തീർച്ചയായും അവിടേക്ക് എത്തിപ്പെടാൻ ആർക്കുമാവില്ല…ശിവഗംഗയിലേക്ക് നന്ദിഹിൽസിൽ നിന്നും 60 കിലോമീറ്റർ ആയിരുന്നു. മലയിറങ്ങിയ ഉടനേ കാണുന്ന റൈറ്റ്സൈഡ് റോഡിലൂടെ അല്പം പോയാൽ രാജഘട്ട് റോഡുവഴി NH – 207 ഇൽ എത്തിച്ചേരും. അതുവഴി NH 4 (NH – 207 ന്റെ അവസാനമാണെന്നു തോന്നുന്നു) വരെ യാത്രചെയ്ത് NH 4 മുറിച്ച് കടന്ന് ഉള്ളിലേക്ക് കയറിയാൽ ശിവഗംഗയായി. ബാംഗ്ലൂരിൽ നിന്നും ഡയറക്റ്റ് പോകുന്നവർക്ക് യശ്വന്തപുര വഴി NH 4 ലൂടെ തന്നെ പോയാൽ മതി 41 കിലോമീറ്റർ ഉണ്ടാവും ആ ദൂരം. നെലമംഗല കഴിഞ്ഞ് ശിവഗംഗയിലേക്ക് പല വഴികൾ ഉണ്ട്.