Skip to main content

ജനരക്ഷായാത്ര

ബി. ജെ. പി. അധ്യക്ഷൻ അമിത് ഷാജി പിണറായിയിലെ “ജനരക്ഷാ” മാർച്ച് ഉപേക്ഷിച്ചത് ട്രോളുകൾ നിരന്നിറങ്ങുന്നതു പോലെ കുമ്മനത്തെ തേക്കാൻ വേണ്ടി ആയിരുന്നില്ല; പകരം, മകൻ ജെയ് ഷാജിയുടെ കമ്പനിയുടെ അഭൂതപൂർവ്വ വളർച്ചയെ പറ്റിയുള്ള വാർത്തകൾക്കായുള്ള അന്വേഷണം തുടങ്ങിയപ്പോൾ സ്വയരക്ഷയ്ക്കുള്ള വഴിയന്വേഷിച്ച് ഓടിയതായിരുന്നു. അല്ലെങ്കിൽ ജനരക്ഷായാത്രയേക്കാൾ വേറെന്ത് പുലിവാലാണ് ഭാരതം നേരിടുന്നത്??! എന്തായാലും ഷാജി പോയത് നന്നായി പാ പ്രശ്നങ്ങൾ പാരമ്യതയിലേക്ക് നീങ്ങുന്നുണ്ട്. കമ്പനിക്കെതിരായ വാർത്ത നൽകിയതിനു മാധ്യമസ്ഥാപനത്തിനെതിരെ ജെയ് ഷാജി മാനനഷ്ടക്കേസ് നല്‍കി. ജെയ് ഷാജിയുടെ ഉടസ്ഥതയിലുള്ള ടെംപിള്‍ എന്‍റര്‍പ്രൈസസ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെ വരുമാനം ഒരു വര്‍ഷത്തിനിടെ 16,000 മടങ്ങ് വര്‍ധിച്ചതായി വാർത്ത പുറത്തുവിട്ട ‘ദ് വയർ’ എന്ന വാർത്താ വെബ്‌സൈറ്റിലെ ഏഴുപേർക്കെതിരെയാണ് കേസ്. അഹമ്മദാബാദ് മെട്രോപൊളിറ്റന്‍ കോടതി നാളെ (ബുധൻ – 11/09/2017) കേസ് പരിഗണിക്കും.

മെഡിക്കൽ കോഴയടക്കം അഴിമതികളിൽ നിന്നും മാറിച്ചിന്തിക്കാനും മറ്റുമായി കേരളത്തിലെ ചുവപ്പിസം ദാ ഇപ്പം അവസാനിപ്പിക്കും എന്നു പറഞ്ഞായിരുന്നു കേരളത്തിൽ രാക്ഷായാത്രയുടെ തുടക്കം. ഇടവഴിയിൽ അക്രമസംഭവങ്ങളുണ്ടായാൽ ജനങ്ങൾക്കും മാധ്യമങ്ങൾക്കും സമയം കൊല്ലി ചർച്ചാ വിഷയമാവുകയും ചെയ്യും. വാർത്തകളിൽ ഷാജിയും കൂട്ടരും നിറഞ്ഞു നിൽക്കും. നല്ലതായാലും മോശമായാലും വാർത്തകളിൽ എങ്ങും നിറഞ്ഞുനിൽക്കുക എന്നാതാണിവർക്ക് പ്രധാനകാര്യം

കണ്ണീർ ഗർഭവും പശുവമ്മ ശ്വസിച്ച് പുറത്തുവിടുന്നത് ഓക്സിജനാണെന്നും മലയാളമനസ്സിൽ വേവില്ലാന്ന് അധ്യക്ഷൻ ഷാജി മനസ്സിലാക്കിയിട്ടുണ്ട്. പകരം ഇവിടെ പ്രവർത്തനം തീവ്രമായിരിക്കണം. അതിനുള്ള പലവേലത്തരങ്ങൾ പലവഴി കടന്നു വരുന്നുണ്ട്. നമ്മൾ തന്നെ പലരീതിയിൽ ഇതു കണ്ടതാണല്ലോ! കേരളത്തിൽ വേണ്ടത് അത്ഭുതകരമായ മാജിക്കുകൾ വല്ലതുമാണ്. നാടിന്റെ വികസനമോ നിലനിക്കുന്ന സാമൂഹിക-ആരോഗ്യ-വിദ്യാഭ്യാസമേഖലകളുടെ പുഷ്ടിയോ മറ്റോ കൈമുതലാക്കി ഒരു ജനരക്ഷായാത്ര നടത്താമായിരുന്നില്ലേ ഷാജീ!! പോസ്റ്റീവ് സൈഡിലൂടെ കാര്യപരിപാടികൾക്ക് ആക്കം കൂട്ടി നാടിന്റെ നന്മയെ മാത്രം കണ്ടുകൊണ്ടാവണമായിരുന്നു ഈ യാത്ര. മഹാഭൂരിപക്ഷം വരുന്ന ഇന്ത്യൻ ജനതയുടെ വിശ്വാസസംഹിതകളല്ല കേവലം കൂട്ടം മാത്രമായ മലയാള സംസ്കൃതി. സഹ്യപർവ്വതസാനുക്കളാൽ മറപിടിച്ച് മലയാളം കാത്തുസൂക്ഷിക്കുന്നത് വ്യത്യസ്തമായൊരു വീക്ഷണം തന്നെയാണെന്ന് അറീയണം. പലരും പറയുന്ന സങ്കീർണതകളല്ല നാടിന്റെ ശാപം.

എന്തുതന്നെയായാലും കരുതിയിരിക്കേണ്ടത് നമ്മൾ തന്നെയാണ്. ആ ജനരക്ഷമാർച്ച് ഓട്ടോ പിടിച്ചോ ലോറി പിടിച്ചോ എങ്ങനെയെങ്കിലും അങ്ങു തിരുവനന്തപുരത്ത് എത്തിക്കോട്ടെ. ഒരു പാർട്ടിയുടെ വിലാപയാത്രയായി നമുക്കിത് ചിരിച്ചു തള്ളാൻ മാത്രം ഉള്ളതായി മാറുന്നു. രക്ഷയായാലും ശിക്ഷയായാലും കാര്യങ്ങൾ മാതിരിക്ക് നടക്കണം. നല്ലരീതിയിൽ അവസാനിക്കണം. ഒന്നുമില്ലെങ്കിൽ വർഗബോധവും മതവെറിയും ആര്യാഢ്യത്തവും വരുത്തിവെച്ച കഴിഞ്ഞകാല പോരായ്മകളിൽ പുതുമതമായ സംഘിമതം പച്ചപിടിക്കാൻ സാധ്യതയില്ലെന്ന് അവർക്ക് മനസ്സിലാക്കാനെങ്കിലും ഇതുപകരിക്കണം. കളികൾ പതിയെ മാറ്റി ജനനന്മതന്നെ രക്ഷ്യം വെച്ച് നല്ലൊരു യാത്ര വീണ്ടും നടത്താൻ ഇടവരട്ടെ.

കാസർഗോഡിനെ ഒഴിവാക്കി പയ്യന്നൂർ മുതൽ തുടങ്ങിയപ്പോൾ തന്നെ ഒരു കലിപ്പ് തോന്നിയതായിരുന്നു… നല്ലതായാലും ചീത്തയായാലും സംസാരം കേരളത്തെ പറ്റിയാവുമ്പോൾ അതിൽ കാസർഗോഡിനേയും ഉൾപ്പെടുത്തേണ്ടതുണ്ട്. കുമ്മനം കളിച്ച് കേറിക്കൂടാൻ മാത്രം വളർന്ന ജില്ലയല്ല കാസർഗോഡ്. ഈയിടെ അതിവേഗ റെയിൽവേയിൽ നിന്നും സർക്കാർ കാസർഗോഡിനെ ഒഴിവാക്കിയതിൽ തന്നെ പ്രതിഷേധം പലവഴിക്ക് ഉയർന്നതായിരുന്നു. അതിന്റെ ഇടയിലാ ഈയൊരു പുലിവാല്. ഒഴിവാക്കലുകൾ പലതരത്തിൽ നേരിടുന്നൊരു ജില്ലയാണു കാസർഗോഡ്. കോൺഗ്രസ്സായാലും മാർക്സിസ്റ്റായാലും കേരളയാത്രകളോ, മനുഷ്യചങ്ങലകളോ തുടങ്ങാൻ സ്ഥിരമായി ഉപയോഗിച്ചിരുന്ന സ്ഥലമായിരുന്നു മഞ്ചേശ്വരം. ഇന്നും അതു തുടരുന്നു. ആ സമയത്താണ് ഈയൊരു തെയ്യം കളിക്ക് ബിജെപ്പിയും തയ്യാറായത്.

രക്ഷായാത്രയാലും വിലാപയാത്രയാലും കാസർഗോഡിനെ ഇനിമുതൽ മറക്കരുത്.

രാമൻ, രാമൻ നായരായ കഥ

changing trends in communismരാമൻ, രാമൻ നായരായ കഥ ഒരു കാലഘട്ടത്തിന്റെ കൂടി കഥയാണ്. സഖാവ് അമ്പുവിന്റെ മകനാണ് രാമൻ. സഖാവ് അമ്പു അക്കാലത്തെ അറിയപ്പെടുന്ന ഒരു കമ്മ്യൂണിസ്റ്റായിരുന്നു. ആദ്യകാല മുൻനിര നേതാക്കളിൽ ചിലരെങ്കിലും സഖാവ് അമ്പുവിന്റെ ആഥിധേയത്വം സ്വീകരിച്ചെത്തിയിട്ടുണ്ട്. നാട്ടിലെ ഏതൊരു പ്രശ്നപരിഹാരത്തിനും രാഷ്ട്രീയഭേദമന്യേ ആളുകൾ സമീപിക്കുന്നത് സഖാവ് അമ്പുവിനെയായിരുന്നു. (more…)

പ്രവാചകന്റെ മുടിയും ചുട്ട കോഴിയും!!

പ്രവാചകന്റെ വചനങ്ങൾക്കാണോ അതോ പ്രവാചകന്റെ രോമത്തിനാണോ പ്രസക്തി? പ്രവാചകന്റെ മുടിയുമായി ബന്ധപ്പെട്ട് കേരളത്തില്‍ മതനേതാക്കളും രാഷ്‌ട്രീയക്കാരും ഡയലോഗ് മഹാമഹം നടത്തി വരികയാണല്ലോ!

വിദ്യാഭ്യാസം, ആരോഗ്യം, രാഷ്ട്രീയം തുടങ്ങി സമൂഹത്തിന്റെ സമസ്തമേഖലകളിലും മതങ്ങൾ അവരുടെ വിശ്വാസപ്രമാണങ്ങൾ കാറ്റിൽ പറത്തി ഇടപെടുകയും അനധികൃതമായി സ്വത്തും പണവും സമ്പാദിക്കുകയും ചെയ്യുന്നു. ആരും ചോദ്യം ചെയ്യാനില്ലാതെ ടാക്‌സ്പോലും അടക്കേണ്ടാത്ത വിധത്തില്‍ വിദേശപ്പണകൊണ്ട് മതനേതാക്കള്‍ തടിച്ചുകൊഴുക്കുന്നു. സുഖലോലുപതയുടെ അമൃതാനന്ദകരമായ ആലസ്യത്തിലവര്‍ രാഷ്ട്രീയക്കാരേയും ഉദ്യോഗസ്ഥവൃന്ഥത്തേയും നിയന്ത്രിക്കുന്നു… അവര്‍ക്ക് എന്തുമാവാം!!

രാഷ്ട്രീയക്കാർക്കും സാമാന്യജനങ്ങൾക്കും മതകാര്യങ്ങളിൽ ഇടപെടാൻ പാടില്ല എന്നു പറയുന്നതിന്റെ അടിസ്ഥാനമെന്താണ്? ഒരു മതത്തിന്റെ ഭാഗമായി നിന്നാലേ അതില്‍ നടക്കുന്ന അനാചാരത്തിനെതിരെ ശബ്ദിക്കാവൂ എന്നാണോ? ചുട്ടകോഴിയെ പറപ്പിക്കുമെന്നും പറഞ്ഞു നടക്കുന്ന ഒരു മന്ത്രവാദിയുണ്ടായിരുന്നു പണ്ട് നാട്ടിൽ. മുടിയുടെ പ്രശ്നം അറിഞ്ഞനാൾ മുതൽ എന്റെ മനസ്സിൽ കാന്തപുരവും ആ മന്ത്രവാദിയും ഒന്നായതുപോലെ!!

തങ്ങളെ ചോദ്യം ചെയ്യാനും തങ്ങളുടെ തോന്ന്യവാസങ്ങളിലേക്ക് മാധ്യമശ്രദ്ധ കൊണ്ടുവരാനും പാടില്ല എന്നവർ ആഗ്രഹിക്കുന്നതിന്റെ അടിസ്ഥാനമെന്താണ്? സാമാന്യബുദ്ധിക്ക് നിരക്കാത്ത പലതും മതങ്ങളിലും മറ്റു വിശ്വാസങ്ങളിലും കാണും – സത്യം തന്നെ! എന്നാലും അതിനുവേണ്ടി ഈ നൂറ്റാണ്ടില്‍ ഇത്രയും പണം കളയുകയും വിശ്വാസത്തിന്റെ പേരില്‍ സാധാരണക്കാരനെ പിഴിഞ്ഞൂറ്റി അവന്റെ കഞ്ഞിയില്‍ കൈയിട്ടുവാരാനും മത നേതാക്കള്‍ തുനിയുന്നതിന്റെ പ്രകടമായ തെളിവല്ലേ ഇത്. ശുദ്ധതട്ടിപ്പാണെന്നു കണ്ട കാര്യത്തിൽ ഒരു പാർട്ടീനേതാവ് പ്രതികരിച്ചു എന്നു പറയുമ്പോഴേക്കും തകർന്നു വീഴുന്നതല്ല കാലാതിവർത്തിയായി നിലനിന്നു വന്നഇസ്ലാം മതം!  അതിത്രയും കാലം ഭൂമുഖത്ത് നിലനിന്നതുതന്നെ അതിന്റെ വലുതായ പ്രാധാന്യത്തേയും പ്രവാചക വചനങ്ങളുടെ നന്മയും കൊണ്ടുതന്നെ.

പണത്തിനുവേണ്ടി ഒരു മതത്തെ തന്നെ നാറ്റിക്കുന്ന മതനേതാക്കന്മാരെ തിരിച്ചറിയാൻ മതാനുയായികൾ എന്നാണിനി തയ്യാറാവുക. മത രാഷ്ട്രീയഭേദം മറന്ന് പ്രതികരിക്കണം. കടിച്ചുകീറണം ഇവരുടെ തൊലിഞ്ഞ ലോജിക്!

ഗൂഗിൾ പ്ലസ്സിൽ ഒരാൾ പറഞ്ഞതോർക്കുന്നു: മുടിപ്പള്ളി വിവാദം മുസ്ലിം സമുദായത്തെ മാത്രം ബാധിക്കുന്ന പ്രശ്നമല്ല. പത്രകടലാസിലെങ്കിലും സത്യമായി കാണുന്ന പ്രബുദ്ധ കേരളത്തിന്റെ വിഷയം കൂടിയാണിത്. നാല്പതു കോടി നിക്ഷേപമെന്നത് പൊതുസമൂഹത്തിന്റെ കൂടെ പ്രശ്നമാണ്. മുസ്ലിം സമുദായം, മുഖ്യധാരയിൽ ഉള്ളടുത്തോളം കാലം ഇത്തരം അഭ്യാസങ്ങൾക്ക് മറുപടി പറയേണ്ടത് പൊതുസമൂഹം കൂടിയാണ്. ഇതിൽ മതത്തിന്റെ മാത്രം വിഷയമെന്നുള്ളത് ഇരുട്ടിനെ കൊണ്ട് ഓട്ടയടയ്ക്കുന്നതിനു തുല്യമാണ്. കേരളത്തിൽ ഏറ്റവും കൂടുതൽ ദർഗയും, ഉറൂസും, ചന്ദനക്കുടവും, ഉറുക്കും, മഷിയെഴുത്തും, നീക്കലും, കൂടലും, ഒഴിപ്പിക്കലും, മന്ത്രിച്ച് ഊതലും, രക്ഷകെട്ടലും, പറപ്പിക്കലും, പിഴപ്പിക്കലും നടത്തുന്ന പ്രബലമായ ഒരു സുന്നി വിഭാഗത്തിന്റെ അമരക്കാരന് ബിസിനെസ്സ് വ്യാപിപ്പിക്കാനുള്ള പുതിയ മേഖലയാണ് മുടിപ്പള്ളി. ഇതിനെതിരെ പ്രതികരിക്കുക എന്നത് ജനാധിപത്യത്തിൽ വിശ്വസിക്കുന്ന, അഭിപ്രായ സ്വാതന്ത്ര്യമുള്ള ഏതൊരു പൗരന്റെയും കടമയാണ്. നിങ്ങളുടെ ആവിഷ്ക്കാര / അഭിപ്രായ സ്വാതന്ത്ര്യത്തെ കൂച്ച് വിലങ്ങിടാൻ ഏത് മതശക്തിയേയും അനുവദിക്കരുത്. ശക്തമായി, വ്യക്തമായി അഭിപ്രായങ്ങൾ പറയുക തന്നെ വേണം!

മാറ്റുവിന്‍‌ ചട്ടങ്ങളേ…

കേരളത്തിലെ ഹർത്താൽ, പണിമുടക്ക് സമരങ്ങൾ
സാധാരണക്കാരന്റെ നെഞ്ചത്തുചവിട്ടിനിന്നുകൊണ്ട്‌ “കേരളത്തില്‍‌” ഇടതുപക്ഷകക്ഷികളുടെ “അഖിലേന്ത്യാ” ഹര്‍‌ത്താല്‍‌ (ഏപ്രില്‍ 27, 2010)‌ ആരം‌ഭിച്ചിരിക്കുന്നു. അവരവരുടെ പാര്‍‌ട്ടിയിലെ മെമ്പര്‍‌മാര്‍‌ മാത്രം‌ പണിമുടക്കി വീട്ടിലിരുന്നാല്‍‌ പോരായിരുന്നോ? എന്തിനു മറ്റുള്ളവരുടെ സ്വാതന്ത്ര്യത്തില്‍‌ ഇവര്‍‌ കൈകടത്തുന്നു. ജനകീയജനാധിപത്യവിപ്ലവത്തിനു ലെവിയടച്ചു കാത്തിരിക്കുന്ന സഖാക്കളും‌ ഈ കക്ഷികളുടെ പോക്ഷകസം‌ഘടനകളിലെ മെമ്പര്‍‌മാരും‌ ഒക്കെ കൂടുമ്പോള്‍‌ തന്നെ ലക്ഷങ്ങള്‍‌ ആവുമല്ലോ..! അവര്‍‌ അവരുടെ കടകള്‍‌ തുറക്കാതിരിക്കട്ടെ, അവരുടെ വാഹനങ്ങള്‍‌ ഓടിക്കാതിരിക്കട്ടെ, അവരുടെ ബന്ധുക്കള്‍ ദൂരെ‌ മരിച്ചാല്‍‌ പോകാതിരിക്കട്ടെ… മറ്റു പാര്‍‌ട്ടി അനുയായികളുടേയും നിഷ്‌പക്ഷക്കാരുടേയും‌ സ്വാതന്ത്ര്യത്തിനു വിലക്കേര്‍‌പ്പെടുത്താന്‍‌ ഏതു നിയമമാണാവോ ഇവര്‍‌ക്കു കൂട്ടുനി‌ക്കുന്നത്? ഈ കാണിക്കുന്നത്‌ ജനദ്രോഹമാണ്. തികഞ്ഞ കാടത്തമായി മാത്രം‌ കണ്ട്‌, തെരഞ്ഞെടുപ്പുകളില്‍‌‌ ഇത്തരം‌ ജനദ്രോഹികളെ ഒറ്റപ്പെടുത്തുക…!

ആയിരങ്ങളുടെ നഷ്ടങ്ങളല്ലാതെ ഹര്‍‌ത്താല്‍‌ കൊണ്ട്‌ നേട്ടങ്ങളുണ്ടായതായി ഇതു വരെ കേട്ടിട്ടില്ല. പലപ്പോഴും‌ ആക്രമങ്ങളില്‍ പെട്ട്‌ പല ജീവനും‌ കൊഴിഞ്ഞുപോയിട്ടുമുണ്ട്‌; ലക്ഷങ്ങളുടെ പൊതുമുതല്‍‌ നശിപ്പിക്കപ്പെട്ടിട്ടുണ്ട്. ഇതാണോ സമരാനുകൂലികളുടെ ലക്ഷ്യം? കുഞ്ഞിനേയും‌ കൊണ്ടാശുപത്രിയിലേക്കു പോകുന്ന ഓട്ടോയുടെ ടയറിലെ കാറ്റഴിച്ചുവിട്ടുകൊണ്ടുള്ള വിപ്ലവം‌ കഴിഞ്ഞ പ്രാവശ്യം‌ ഏതോ പത്രത്തില്‍‌ കണ്ടിരുന്നു. അതുകാണിച്ചപ്പോള്‍‌ ഒരു സഖാവുപറഞ്ഞത്‌ അതു കുത്തകബൂര്‍‌ഷ്വാ പത്രമായ മനോരമ സെറ്റിട്ടെടുത്ത നാടകത്തിലെ ഒരു രം‌ഗമെന്നാണ്. സ്വയമൊരു പുകമറയുണ്ടാക്കി പുറത്തുചാടാനാവാതെ കുടുങ്ങിക്കിടക്കുകയാണിവിടെ സഖാക്കള്‍‌.  നേതാക്കളാവട്ടെ വിദേശങ്ങളില്‍‌പോയി പിരിവെടുത്ത കോടികള്‍‌ എങ്ങനെ കേരളത്തിലെത്തിക്കാനുള്ള കുറുക്കുവഴികളാലോചിക്കുകയാവും.

ഇന്നു ബന്ദാചരിക്കുന്ന ഇടതുപക്ഷം‌ അറിയുന്നുണ്ടോ ജീവിതപ്രാരാബ്ദവുമായി അലയേണ്ടിവരുന്ന സാധാരണക്കാരന്റെ നൊമ്പരം? അത്യാസന്നനിലയിലായി ആശുപത്രിയില്‍‌ എത്തേണ്ടവര്‍‌ ഇന്നെന്തുചെയ്യും‌? ഒരു പരീക്ഷ മാറ്റിവെക്കുമ്പോള്‍‌ ഒരു വിദ്യാര്‍‌ത്ഥി അനുഭവിക്കു മാനസിക സമ്മര്‍‌ദ്ദം‌ ഏതു പാര്‍‌ട്ടിക്കാരന്‍‌ സഹിക്കും?. മാറ്റിവെക്കപ്പെടുന്ന വിഹാഹങ്ങളും‌ ആഘോഷങ്ങളും‌ മറ്റും‌, മരണവീടുകളിലും‌ മറ്റും‌ എത്തിച്ചേരാന്‍‌ പറ്റാത്ത ബന്ധുക്കളുടെ ദു:ഖം…

ഇവിടെ, ബാം‌ഗ്ലൂരിലായിട്ടുപോലും‌ കഴിഞ്ഞമൂന്നു വര്‍ഷങ്ങള്‍‌ക്കുള്ളില്‍‌ നാലു പ്രാവശ്യം‌ എനിക്കു പണി കിട്ടിയിട്ടുണ്ട്.  ഒന്നോരണ്ടോ ദിവസത്തെ ലീവിനു വീട്ടില്‍‌പോയി തിരിച്ചുവരാനൊരുങ്ങുമ്പോളായിരിക്കും മിന്നല്‍‌ ഹര്‍‌ത്താലും‌ പണിമുടക്കുമൊക്കെ.

ഇങ്ങനെയാണോ പ്രതിക്ഷേധിക്കേണ്ടത്? ഞങ്ങള്‍‌ പ്രതിക്ഷേധിക്കുന്നു എന്നൊരു ബാഡ്‌ജ്‌ നെഞ്ചിലോ നെറ്റിയിലോ ഒട്ടിച്ചുവെച്ചിവര്‍‌ നാടുനീളെ നടക്കട്ടെ. എത്ര മാന്യമാവുമായിരുന്നു അത്! ലക്ഷക്കണക്കിനുണ്ടല്ലോ അനുയായികള്‍‌, ഓരോ ഏരിയ ഓരോ ലോക്കല്‍‌ കമ്മിറ്റിക്കായി വീതിച്ചുകൊണ്ടുക്കട്ടെ. നമ്മുടെ കോടതികള്‍‌ എന്തുകൊണ്ടിതിനെ നിരോധിക്കുന്നില്ല, വേഷം‌ മാറിവന്ന ബന്ദാണു ഹര്‍‌ത്താലെന്ന്‌ കോടതി അറിഞ്ഞില്ല എന്നുണ്ടോ?.

വാല്‍‌കഷ്‌ണം
ഇന്നു നടന്ന ഹര്‍‌ത്താല്‍‌ ദിനപരിപാടികളില്‍‌ ചിലത്‌. ഫോട്ടോകള്‍‌ മനോരമയില്‍‌ നിന്നും‌

കോടതിയും‌ ഹര്‍‌ത്താലും‌
2004 may 24 – നുള്ള ഹൈക്കോടതി ഫുള്‍‌ ബെഞ്ചിന്റെ ഉത്തരവുപ്രകാരം‌ ഹര്‍‌ത്താലില്‍‌ ജനജീവിതം‌ സ്തം‌ഭിപ്പിക്കതിരിക്കാന്‍‌ സര്‍‌ക്കാരിനു ബാധ്യതയുണ്ട്‌. വേണ്ടിവന്നാല്‍‌ പട്ടാളത്തെവരെ ഇറക്കി ക്രമസമാധനം‌ നിലനിര്‍‌ത്തണമെന്നു കോടതി പറയുന്നു.

കോടതി പറഞ്ഞ ചില കാര്യങ്ങള്‍‌

  • ഹര്‍‌ത്താലില്‍‌ ഭരണഘടനാ സ്തം‌ഭനവും‌ മൗലികാവകാശലംഘനവും ഉണ്ടാകുന്നില്ലെന്ന്‌ ഉറപ്പു വരുത്തണം‌. ക്രമസമാധാനപാലനത്തിന്‌ ഫലപ്രദമായ നടപടി എടുത്തില്ലെങ്കില്‍‌ ജില്ലാഭരണകൂടത്തിനും‌ പൊലീസ്‌ അധികാരികള്‍‌ക്കുമെതിരെ സര്‍‌ക്കാര്‍‌ നടപടി എടുക്കണം‌.
  • ഹര്‍ത്താലാഹ്വാനം‌ നല്‍‌കുന്നവര്‍‌ ആരേയും‌ നിര്‍‌ബന്ധിക്കരുതെന്ന്‌ അണികള്‍‌ക്കു നിര്‍‌ദ്ദേശം‌ നല്‍‌കണം‌.
  • പൊതു-സ്വകാര്യസ്വത്തിനുണ്ടാവുന്ന നാശനഷ്‌ടങ്ങള്‍‌ ഈടാക്കുന്നതു സംബന്ധിച്ച വിശദാം‌ശങ്ങള്‍‌ സര്‍‌ക്കാര്‍‌ പ്രസിദ്ധീകരിക്കണം‌. സ്വകാര്യവ്യക്തികളുടെ ജീവനും‌ സ്വത്തിനും‌ അപകടമുണ്ടായാല്‍‌ സര്‍‌ക്കാര്‍‌ ഉടനടി നഷ്‌ടപരിഹാരം‌ കൊടുക്കണം‌. അതു കാരണക്കാരില്‍‌ നിന്നും‌, പാര്‍‌ട്ടി/സം‌ഘടനകളില്‍‌ നിന്നും‌ ഈടാക്കണം‌.
  • ഹര്‍‌ത്താല്‍‌ ദിവസം‌ ജനങ്ങള്‍‌ക്കു ഭയാശങ്ക കൂടാതെ ഇറങ്ങിനടക്കാനും‌ വാഹനമോടിക്കാനും‌ സാഹചര്യമൊരുക്കണം‌. പൊതുഗതാഗതം‌ തടസപ്പെടില്ലെന്നുറപ്പു വരുത്തണം‌.
  • അതിക്രമം‌ കാണിക്കുന്നവര്‍‌ക്കെതിരേയും‌ അതിനു പ്രേരിപ്പിക്കുന്നവര്‍‌ക്കെതിരേയും‌ ക്രിമിനല്‍‌ കേസ്സെടുക്കണം.
×

Hello!

താഴെ കാണുന്ന വാട്സാപ്പ് ഐക്കൺ ക്ലിക്ക് ചെയ്യുകയോ ഈ മെയിൽ ഐഡിയിലേക്ക് മെയിൽ അയക്കുകയോ ചെയ്യുക.

രാജേഷ് ഒടയഞ്ചാൽ

×
Verified by MonsterInsights