രാഷ്ട്ര പുനർ-നിർമ്മാണത്തിന്റെ നൂതനവഴികൾ…

ഷിജു അലക്സിന്റെ ബസ്സിലേക്ക്

ഗുണ്ടകൾ രാഷ്ട്രീയക്കാർ ആകുമ്പോൾ

ഇങ്ങനേയും രാഷ്ട്ര നിർമ്മാണത്തിൽ പങ്കു ചേരാം.

🙂 സകലതും തകർത്തു തന്നെ വേണമല്ലോ ഗവൺമെന്റിന്റെ കണ്ണു തുറപ്പിക്കാൻ… പൊതുമുതലും പൊതുമേഖലാ സ്ഥാപനങ്ങളും എല്ലാം തകർക്കട്ടെ… സർക്കാർ സ്ഥാപനങ്ങളിലെ എല്ലാ വാഹനങ്ങളും ഒറ്റദിവസം കൊണ്ട് കത്തിച്ച് കളയാൻ ആഹ്വാനം ചെയ്യണം… കുത്തകമൂരാച്ചികളെ അകറ്റി നിർത്താൻ ഇതിൽ പരം മറ്റൊരു സമരമാർഗമുണ്ടോ സഖാക്കൾക്ക്. നാളെ ഹർത്താലാണ്. കൂടുതൽ അക്രമപ്രവർത്തനങ്ങൾ നടത്താൻ മുട്ടിനിൽക്കുന്നവർക്കിതൊരു സുവർണാവസരം!!

മാന്യമായ രീതിയിൽ പ്രതിഷേധിക്കാൻ വേറെ എന്തൊക്കെ മാർഗങ്ങൾ ഉണ്ട്? അക്രമസമരത്തെ പിന്താങ്ങാതെ ഇവർക്ക് അണ്ണാഹസാരെയെപോലെ നിരാഹാരമിരിക്കാമല്ലോ!! അതൊക്കെ സമയമേറെയുള്ള പരിപാടികളല്ലേ… അഭിനവഗാന്ധിമാരെന്നു വിളിച്ച് ലോകം കളിയാക്കുകയും ചെയ്യും… ഇതാവുമ്പോൾ അന്യന്റെ മുതൽ നശിപ്പിക്കുന്നതിലുള്ള ഒരു ഗൂഡസുഖം ഉണ്ടുതാനും… എന്തായാലും വിപ്ലവം ജയിക്കട്ടെ!!

ശരിക്കും ഇദ്ദേഹം ഒരു ഞരമ്പുരോഗിയാണോ?

ശരിക്കും ഇദ്ദേഹം ഒരു ഞരമ്പുരോഗിയാണോ? അതോ പ്രതിപക്ഷവും കൂടെ നടക്കുന്നവരും കൂടി അങ്ങനെ അദ്ദേഹത്തെ ആക്കിത്തീർക്കുകയാണോ? എന്തായാലും മന്ത്രി പി. ജെ. ജോസഫിന്റെ രാജിക്കായുള്ള മുറവിളി പ്രതിപക്ഷം മുഴക്കിക്കഴിഞ്ഞു.. വാർത്ത മാതൃഭൂമിയിൽ.

ഒരിക്കൽ എല്‍.ഡി.എഫ് സര്‍ക്കാറില്‍ പൊതുമരാമത്ത് മന്ത്രിയായിരിക്കെ ഒരു വിമാനയാത്രയ്ക്കിടയിൽ വിവാഹിതയും രണ്ട് കുട്ടികളുടെ അമ്മയുമായ സഹയാത്രികയെ അപമാനിച്ചെന്നാരോപിച്ച് ജോസഫിനെതിരെ കേസെടുത്തിരുന്നു. തന്റെ താല്പര്യങ്ങള്‍ക്ക് വഴങ്ങിയാല്‍ ഭര്‍ത്താവിന് ജോലി നല്‍കാം എന്ന് പി ജെ ജോസഫ് ഈ യുവതിയോട് പറഞ്ഞിരുന്നു എന്നൊക്കെ പരാതി നൽകി ആ വിവാദം കത്തിപ്പടര്‍ന്നതിനെത്തുടര്‍ന്ന് ജോസഫ് മന്ത്രിസ്ഥാനം രാജിവെച്ചു. പിന്നീട് തമിഴ്‌നാട്ടിലെ ശ്രീപെരുംപുത്തൂര്‍ മജിസ്‌ട്രേറ്റ് കോടതി അദ്ദേഹം ശുദ്ധനും ആ സമയത്ത് അദ്ദേഹത്തിനു സ്വന്തം കൈ ഒരു പെണ്ണിന്റെ മാടിടം വരെ പൊക്കാനുള്ള ശേഷിയില്ലായിരുന്നു എന്നും മറ്റും കണ്ടെത്തിയതിനെ തുടർന്ന് അദ്ദേഹത്തെ കുറ്റവിമുക്തനാക്കിയിരുന്നു.

ഇപ്പോൾ ഇതാ മറ്റൊരു കേസുമായി വേറൊരു യുവതി രംഗത്ത് വന്നിരിക്കുന്നു. അടിമാലി സ്വദേശിനി സുരഭി ദാസ് എന്ന ക്രൈംവാരികയുടെ റിപ്പോർട്ടർക്ക് പി.ജെ.ജോസഫിന്റെ മൊബൈല്‍ ഫോണില്‍നിന്ന് ശൂന്യസന്ദേശങ്ങള്‍ ചെന്നുവെന്നാണ് പുതിയ പരാതി. എന്തായാലും സംഭവത്തിൽ കേസെടുക്കാൻ കോടതി ഉത്തരവിട്ടിട്ടുണ്ട്. ഇപ്രാവശ്യവും ജോസഫിന്റെ മന്ത്രിസ്ഥാനം തെറിക്കുമോ?

എന്തൊക്കെയായാലും ഇദ്ദേഹം കേസിൽ നിന്നും ഊരി വരുമെന്നു തന്നെ വിശ്വസിക്കാം, അന്നേ ദിവസം മൊബൈലിൽ ചാർജില്ലായിരുന്നുവെന്നോ, മെസേജ് അയക്കേണ്ടത് എങ്ങനെ എന്ന് തനിക്കറിയില്ലെന്നോ, ഇങ്ങനെയൊരു സംവിധാനം തന്നെ മൊബൈലിൽ ഉണ്ടെന്നുള്ള കാര്യം ഇപ്പോഴാണ് അറിയുന്നത് എന്നോ മറ്റോ മുടന്തൻ ന്യായങ്ങൾ പറഞ്ഞ് കോടതിയേയും പാട്ടിലാക്കി ഇദ്ദേഹം വരും തീർച്ച!!

നെറ്റിൽ സേർച്ചിയപ്പോൾ കിട്ടിയ അഹ്ലാദിന്റെ ഈ കാർട്ടൂൺ  എന്തായാലും ഇഷ്ടായി!!

ചന്തുവിന്റെ ഡയലോഗുകൾ – ഒരു വടക്കൻ വീരഗാഥയിൽ നിന്ന്

  •  നീയടക്കമുള്ള പെൺ വർഗം മറ്റാരും കാണാത്തതു കാണും. നിങ്ങൾ ശപിച്ച് കൊണ്ട് കൊഞ്ചും. ചിരിച്ച് കൊണ്ടു കരയും. മോഹിച്ച് കൊണ്ട് വെറുക്കും………പിന്നെ വല്ല ആയുധവും കൈവശമുണ്ടെങ്കിൽ നീ എനിക്കു പറഞ്ഞു താ.
  • ചേകവൻ കണക്കു തീർക്കുന്നതു പണമെറിഞ്ഞല്ല.ചുരികത്തലപ്പ് കൊണ്ടാണ്.
  • പക മാറിയിരുന്നോ മനസ്സിൽ? ഇല്ലെന്നു പറയുന്നതാവും സത്യം. എന്റെ മോഹം. എന്റെ ധ്യാനം. എന്റെ രക്തത്തിൽ, ഞരമ്പുകളിൽ പതിമൂന്നാം വയസ്സു മുതൽ പടർന്നു കയറിയ ഉന്മാദം.അവളെയാണ് ഞാനിന്നുപേക്ഷിക്കേണ്ടി വരുന്നതു. മച്ചുനൻ ചന്തു അവളെ അർഹിക്കുന്നില്ല. അവൾക്കു നല്ലതു വരട്ടെ എന്നും നല്ലതു വരട്ടെ. [ഉണ്ണിയാർച്ചയുടെ വിവാഹ ഘോഷയാത്ര അകലെ നിന്ന് കണ്ട് കൊണ്ട്]
  • ചന്തുവിനെ തോൽപ്പിക്കാൻ നിങ്ങൾക്കാവില്ല. ജീവിതത്തിൽ ചന്തുവിനെ തോൽപ്പിച്ചിട്ടുണ്ട്. പലരും, പല വട്ടം. മലയനോട് തൊടുത്തുമരിച്ച എന്റെ അച്ഛൻ ആദ്യം തന്നെ എന്നെ തോൽപ്പിച്ചു. സ്നേഹം പങ്കുവയ്ക്കുമ്പോൾ കൈവിറച്ച ഗുരുനാഥൻ പിന്നെ തോൽപ്പിച്ചു. പൊന്നിനും പണത്തിനുമൊപ്പിച്ച് സ്നേഹം തൂക്കി നോക്കിയപ്പോൾ മോഹിച്ച പെണ്ണും എന്നെ തോൽപ്പിച്ചു. അവസാനം, അവസാനം, സത്യം വിശ്വസിക്കാതെ ചങ്ങാതിയും തോൽപ്പിച്ചു. തോൽവികളേറ്റു വാങ്ങാൻ ചന്തുവിന്റെ ജീവിതം പിന്നെയും ബാക്കി. മടങ്ങി പോ.
  • ഇരുമ്പാണി തട്ടി മുളയാണി വെച്ച്, പൊൻകാരം കൊണ്ട് ചുരിക വിളക്കാൻ കൊല്ലന് പതിനാറ് പണം കൊടുത്തവൻ ചന്തു. മാറ്റംച്ചുരിക ചോദിച്ചപ്പോൾ മറന്നു പോയെന്ന് കളവു പറഞ്ഞവൻ ചന്തു. മടിയിൽ അങ്കത്തളർച്ചയോടെ കിടക്കുന്ന വീരന്റെ വയറ്റിൽ, കുത്തുവിളക്കിന്റെ തണ്ടുതാഴ്ത്തി, മാറ്റാൻക്കൂട്ടത്തിലേക്ക് ചാടി രക്ഷപ്പെട്ടവൻ ചന്തു.
  • അങ്കമുറ കൊണ്ടും ആയുധബലം കൊണ്ടും ചതിയൻ ചന്തുവിനെ തോൽപ്പിക്കാൻ ആണായി പിറന്നവരിൽ ആരുമില്ല. ആരുമില്ല. മടങ്ങി പോ.
  • ഇതോ അങ്കം? ചെറുബാല്യം വിടാത്ത കുട്ടികളുടെ കളിക്ക് തൊടുക്കാൻ കൂടെ നിന്നതോ അങ്കം. പന്തിപ്പഴുതു കണ്ടപ്പോഴൊക്കെ പരിചയ്ക്ക് വെട്ടിയൊഴിഞ്ഞതാണെന്നറിയാനുള്ള പഠിപ്പെങ്കിലും തികഞ്ഞില്ലേ മക്കളേ നിങ്ങൾക്ക്. ശേഷം എന്തുണ്ട് കൈയിൽ? പുരഞ്ജയമായി തുടങ്ങി സൗഭദ്രമാണെന്ന് തോന്നിപ്പിക്കുന്ന പഴയ ആ പുത്തൂരം അടവോ? അതോ പരിചയ്ക്ക് മണ്ണുവാരി കണ്ണിലെറിഞ്ഞ് ചതിച്ചു വെട്ടുന്ന കുറുപ്പന്മാരുടെ പുതിയ അടവോ?
  • നിങ്ങൾ തോൽക്കരുത് മക്കളേ, തോൽക്കരുത്. ചതിയൻ ചന്തുവിന്റെ ചരിതം ഇവിടെ കഴിയട്ടെ. പുത്തൂരം വീടിന്റെ കളങ്കം മായിച്ച വീരൻ ആരോമലുണ്ണിയുടെ ചരിതം ഇവിടെ തുടങ്ങട്ടെ. തല വെട്ടിയെടുത്ത്, അമ്മയുടെ കാൽക്കൽ വച്ച് വണങ്ങണം. നാടുവാഴിയിൽ നിന്നും, പട്ടും വളയും വാങ്ങണം. നിന്റെ പേരും പുകളും, മാലോകർ വാഴ്ത്തട്ടെ. എനിക്കു പിറക്കാതെ പോയ മകനാണല്ലോ ഉണ്ണീ നീ. അവർ നിന്നെ വാഴ്ത്തട്ടെ, എന്നും വാഴ്ത്തട്ടെ.

വിക്കിപീഡിയ സംരംഭമായ മലയാളം വിക്കിക്വോട്‌സിൽ നിന്നും..

ഒന്നൊന്നര തിരിച്ചറിവ്

 വിനീതയുടെ പോസ്റ്റിലേക്ക്…

Death is not the Biggest loss in Life,
The Biggest loss is …
The Death of Relationship among us when we are alive.

ഇതിലൊന്നും വല്യ കാര്യമില്ലെടോ….
ഒന്നാം ക്ലാസിൽ പഠിക്കുമ്പോൾ ഞാൻ വിചാരിച്ചിരുന്നു അന്നു തോളിൽ കൈയിട്ടു നടന്നവരൊക്കെ ജീവിതകാലം മുഴുവൻ എന്റെ കൂടെ തന്നെ ഉണ്ടായിരുന്നെങ്കിൽ എത്ര നന്നെന്ന്…
അഞ്ചിൽ പഠിക്കുമ്പോഴും പത്തിലായപ്പോഴും പ്രിഡിഗ്രിക്കു പഠിക്കുമ്പോഴും ഡിഗ്രിക്കു പഠിക്കുമ്പോഴും ഒക്കെ ഇതൊക്കെ തന്നെയായിരുന്നു ആഗ്രഹം..
 എന്നാൽ ഇന്നു കൂടെ ഉള്ള പ്രിയപെട്ടവരാവട്ടെ  ഇവരാരുമല്ല എന്നുള്ള തിരിച്ചറിവ് ഒരുൊന്നൊന്നര തിരിച്ചറിവാണ്… കാലദേശങ്ങൾക്കനുസരിച്ച് എല്ലാറ്റിലും മാറ്റങ്ങൾ വരുന്നു…

അഭിനവ കോപ്പൻമാർ

അണ്ണാഹസാരേയ്‌ക്ക് പിന്തുണ കൊടുത്തു എന്നത് കൊണ്ട് ലോകത്ത് നടക്കുന്ന സകലമാന സമരങ്ങളോടും ഐക്യദാർഡ്യം പ്രകടിപ്പിക്കണം എന്നു പറയുന്നതിൽ എന്തു യുക്തിയാണാവോ ഉള്ളത്!! നമുക്ക് അറിയാവുന്ന/പരിചിതമായ ഒരു കാര്യത്തിൽ പ്രതികരിച്ചു എന്നു വരും… ചിലപ്പോൾ വളരെ ശക്തമായി തന്നെ പ്രതികരിക്കും – അത് അനുകൂലമാവാം പ്രതികൂലമാവാം… അതുകണ്ട് കലിതുള്ളി എല്ലാറ്റിനേയും അടച്ചാക്ഷേപിച്ചു നടന്നതുകൊണ്ട് ഇവർക്കു കിട്ടുന്ന സംതൃപ്തി എന്തായിരിക്കുംമോ എന്തോ!!

സമരം – പൊതുമുതൽ – നേതാവ്

പൊതുമുതൽ തീയിട്ട് നടത്തുന്ന സമരമാർഗങ്ങളിൽ നിന്നും അണികളെ നേതാക്കാൾ തന്നെ പിന്തിരിപ്പിക്കേണ്ടതാണ്…. അല്ലാത്ത പക്ഷം ആ നാശനഷ്ടത്തിന്റെ പൂർണ ഉത്തരവാദിത്വം നേതാവ് ഏറ്റെടുത്ത് നഷ്ടം നികത്തേണ്ടതുമാണ്…

വാഹനങ്ങൾ കത്തിച്ചു തന്നെ പ്രതിഷേധം പ്രകടിപ്പിക്കണം എന്നുള്ളവർ സ്വന്തം വാഹനത്തിനു തീയിട്ട് മാതൃക കാണിക്കണം… അല്ലെങ്കിൽ സ്വന്തം വീടിനു തീ കൊളുത്തട്ടെ… അതല്ലാതെ മറ്റെന്തിന്റെ പേരിലായാലും ഇത്തരം പരിപാടികളെ സധൂകരിക്കാൻ ആവില്ലതന്നെ. ഇന്നത്തെ മാതൃഭൂമി വാർത്ത കാണുക.

ചില സൂത്രപ്പണികൾ | Techies Tricks

ഒരു ഫോൾ‌ഡറിലുള്ള എല്ലാ ഫയലുകളുടേയും ഫോൾഡറുകളുടേയും ലിസ്റ്റ് എടുക്കണം എന്നുള്ളവർക്ക് ഏറ്റവും എളുപ്പത്തിൽ അതു സാധ്യമാക്കാനുള്ള ഒരു വിദ്യയാണു താഴെ കൊടുത്തിരിക്കുന്നത്. 
ഒരു ഫോൾഡറിൽ നിറയെ സിനിമകൾ ഉണ്ടെങ്കിൽ അവയുടെ ലിസ്റ്റ് എടുക്കുന്ന രീതി വെച്ചാണ് താഴെ ഈ സൂത്രപണി വിശദീകരിച്ചിരിക്കുന്നത്. നിങ്ങളുടെ കയ്യിലുള്ള PDF ഫയകുകളുടെ ലിസ്റ്റ്, പാട്ടുകളുടെ ലിസ്റ്റ് എന്നിങ്ങലെ ഏതു ഫയലുകളുടേയും പേരുകൾ ഇതുവഴി ലിസ്റ്റ് ചെയ്യാനാവും. 
ഇത് ഗൂഗിൾ ബസ്സിലും ഗൂഗിൾ പ്ലസ്സിലും അതുപോലെ ഫെയ്‌സ്ബുക്കിലും ഒക്കെയായി ഷെയർ ചെയ്തിട്ടുണ്ട്. അവിടെ കൊടുത്തിരിക്കുന്ന കമന്റുകളിൽ നിന്നും ഇതുമായി ബന്ധപ്പെട്ട കൂടുതൽ കാര്യങ്ങൾ മനസിലാക്കാൻ സാധിക്കുമെന്നും കരുതുന്നു.
ട്രിക്കിതാണ്
എന്റെ കൈയിൽ ഒരു 1 TB യുടെ എക്‌സ്റ്റേണൽ ഹാർഡ് ഡിസ്‌ക്ക് ഉണ്ടെന്നു കരുതുക…
ഹാർഡ്‌ ഡിസ്‌ക്കിന്റെ Drive Letter F: ആണെന്നു കരുതുക
ഹാർഡ് ഡിസ്‌ക്കിൽ MalyalamFilms എന്നൊരു ഫോൾഡർ ഉണ്ടെന്നും കരുതുക
ആ ഫോൾഡറിൽ 482 മലയാളം സിനിമകൾ ഉണ്ടെന്നും ചുമ്മാതങ്ങ് കരുതുക

ഇനി
1. ഈ സിനിമയുടെ പേരുകളൊരു ലിസ്റ്റായി എടുക്കാൻ നിങ്ങൾക്ക് ആഗ്രഹമുണ്ട് എന്നു കരുതുക

2. കൂട്ടുകാർക്ക് കാണിക്കാൻ വേണ്ടി നോട്പാഡിലോ മറ്റോ ഈ പേരൊക്കെ 1 ബൈ 1 ആയി എഴുതി വെയ്‌ക്കണം എന്നാഗ്രഹം ഉണ്ടെന്നു കരുതുക

3. ഇതൊക്കെ കുത്തിപ്പിടിച്ചിരുന്നു നോട്ട്പാടിലേക്ക് ടൈപ്പ് ചെയ്തെടുക്കാൻ നല്ല മടി ഉണ്ടെന്നു കരുതുക

എന്തു ചെയ്യണം
വിൻഡോസുപയോഗിക്കുന്നവർക്ക് ഒരു മന്ത്രം ഡോസേ ശരണം ഗച്ചാമി!

1. Start – ഇൽ ക്ലിക്ക് ചെയ്തിട്ട് XP ക്കാർ RUN ലും വിൻ7/വിസ്തക്കാർ Search Programs and Files എന്ന സ്ഥലത്തു ക്ലിക്ക് ചെയ്യുക
2. അവിടെ CMD എന്നു കൊടുത്ത് എന്റർ അടിച്ച്  കമാൻഡ്‌ പ്രോംപ്റ്റ് ഓപ്പൺ ചെയ്യുക…

ആ പഴയ കറുത്ത വിൻഡോ വന്നു!!
അതിൽ c:users ഇൽ ആയിരിക്കും നിങ്ങളിപ്പോൾ നിൽക്കുന്നത്.

ഓർക്കുക : Drive Letter F:, Folder Name MalyalamFilms ഇതിലാണു സിനിമകൾ!!

പണി ഇത്രേ ഉള്ളൂ

1. അങ്ങോട്ട് പോവാൻ കമാൻഡ്‌ പ്രോംപ്‌റ്റിൽ F: എന്നു ടൈപ്പ് ചെയ്തിട്ട് എന്റെർ അടിക്കുക
2. പിന്നെ CD  MalyalamFilms എന്നു കൂടി കൊടുക്കുക
3. ഇനി dir /b > %USERPROFILE%DesktopfilmNames.txt ഇങ്ങനെ കൂടി കൊടുക്കുക

സംഭവം ക്ലീൻ!!

ഇനി ഡസ്‌ക്‌ടോപ്പിൽ നോക്കൂ  filmNames.txt എന്ന ഫയൽ അവിടെ പുതിയതായി വന്നിരിക്കുന്നത് കാണാം. ആ ഫയൽ ഓപ്പൺ ചെയ്തു നോക്കൂ!!!

വിശ്വേശ്വരയ്യ

മൈസൂർ ദിവാനും മികച്ച രാജ്യതന്ത്രജ്ഞനായിരുന്നു സർ എം വിശ്വേശ്വരയ്യ. മോക്ഷഗുണ്ടം വിശ്വേശ്വരയ്യ എന്നാണ് പൂർണ്ണനാമം. ഭാരതരത്ന അവാർഡ് ജേതാവാണ്. എഞ്ചിനീയറും ആസൂത്രണ വിദഗ്ദ്ധനും, ഇന്ത്യയുടെ ആസൂത്രണത്തിന്റെ പിതാവുമായ വ്യക്തിയായ ഇദ്ദേഹമാണ് ആധുനിക മൈസൂറിന്റെ ശില്പി എന്നറിയപ്പെടുന്നത്. കർണ്ണാടകയിലെ കോലാർ ജില്ലയിലെ മുദ്ധേനഹള്ളി ഗ്രാമത്തിൽ 1860 സെപ്റ്റംബർ 15-നാണ് വിശ്വേശ്വരയ്യ ജനിച്ചത്. ഇദ്ദേഹത്തിന്റെ ജന്മദിനം എഞ്ചിനിയേർസ് ദിനമായി (Engineers day) ഇന്ത്യയിൽ ആചരിക്കുന്നു. ചിക്കബാൽപുരിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. ഈ കാലയളവിൽ തന്നെ ഇദ്ദേഹത്തിന്റെ അച്ചൻ മരിച്ചിരുന്നു. ചെറുപ്പത്തിൽ തന്നെ സംസ്കൃതത്തിൽ പാണ്ഡിത്യം നേടിയിരുന്നു ഇദ്ദേഹം. 1861 സെപ്തംബര്‍ 15ന് സംസ്കൃത പണ്ഡിതനും ഹിന്ദു ധര്‍മ്മ പാരംഗതനും ആയുര്‍ വേദ ഡോകറുമായിരുന്ന ശ്രീനിവാസ ശാസ്ത്രിയുടെയും വെങ്കച്ചമ്മയുടെയും മകനായിരുന്നു. മദ്രാസ് സര്‍വകലാശാലയില്‍ നിന്നും 1881 ല്‍ ബി.എ ബിരുദം നേടിയ വിശ്വേശ്വരയ്യ പുനെയിലെ കോളേജ് ഓഫ് സയന്‍സില്‍ നിന്ന് സിവില്‍ എഞ്ചിനീയറിംഗില്‍ ബിരുദം നേടി. മുംബെയിലെ പൊതുമരാമത്ത് വകുപ്പിലാണ് ആദ്യം ജോലിക്ക് ചേര്‍ന്നത്. പിന്നീടദ്ദേഹം ഇന്ത്യന്‍ ഇറിഗേഷന്‍ കമ്മീഷനിലേക്ക് മാറി. അവിടെ ജോലിയിലിരിക്കെ ഡെക്കാണ്‍ പീഢഭൂമിക്ക് പറ്റിയ സവിശേഷമായ ഒരു ജലസേചന സംമ്പ്രദായം അദ്ദേഹം ആവിഷ്കരിച്ചു.

M Visvesvaraya
വിശ്വേശ്വരയ്യ
കോളാറിലെ ചിക്കാബെല്ലാപൂർ ടൗണിലാണ് സ്കൂൾ വിദ്യാഭ്യാസം. വിശ്വേശ്വരയ്യ പഠനത്തിൽ അതിസമർത്ഥനായിരുന്നു. മദ്രാസ് സർവ്വകലാശാലയോട് അഫിലിയേറ്റ് ചെയ്യപ്പെട്ട ബാംഗ്ലൂർ സെൻട്രൽ കോളജിൽ നിന്നും ഉന്നതനിലയിൽ ബി.എ. ബിരുദം നേടിയ ശേഷം പൂനെ കോളേജ്‌ ഓഫ്‌ സയൻസിൽ നിന്നും ഒന്നാം റാങ്കോടെ സിവിൽ എൻജിനീയറിൽ ബിരുദം കരസ്ഥമാക്കി. എൻജിനീയറിംഗ് പഠന കാലയളവിൽ പ്രശസ്തമായ ജെയിംസ് ബർക്കിലി മെഡൽ നേടുകയും ചെയ്തു. ബാഗ്ലൂരിലെ ഇന്ത്യൻ ഇൻസ്റ്റിട്യൂട്ട് ഓഫ് സയൻസ് 1959ൽ സുവർണജൂബിലി ആഘോഷിച്ച വേളയിൽ പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവിനും, പ്രശസ്ത ശാസ്ത്രജ്ഞൻ സി. വി രാമനും ഒപ്പം വിശ്വേശ്വരയ്യക്കും ഹോണററി ഫെല്ലോഷിപ്പ് നൽകി ആദരിക്കുകയും ചെയ്തു. കൽക്കത്ത സർവകലാശാലയടക്കം ഒട്ടറെ സർവകലാശാലകൾ ബഹുമതി ഡോക്ടറേറ്റും നൽകി ആദരിച്ചിട്ടുണ്ട്. 1904ൽ ലണ്ടനിലെ സിവിൽ എഞ്ചിനീയർമാരുടെ സൊസൈറ്റിയിൽ അംഗമായി. തുടർന്ന് 1912ൽ മൈസൂർ ദിവാനായിരിക്കെ അദ്ദേഹത്തിന് സർ പദവി ലഭിച്ചു.

അദ്ദേഹം ദിവാനായി സേവനമനുഷ്ഠിക്കവെയാണ് നിരവധി പ്രധാനപ്പെട്ട വ്യവസായശാലകൾ പിറന്നത്. മൈസൂര്‍ ദിവാനും ഇന്ത്യ കണ്ടതിൽ വെച്ച് ഏറ്റവും പ്രഗത്ഭനായ എഞ്ചിനീയറും ഭാരത രത്ന നേതാവുമായ വിശ്വേശ്വരയ്യയുടെ ജന്മവാര്‍ഷികദിനമാണ് ഇന്ന്. സിവിൽ എഞ്ചിനീയർ, ഡാം നിർമ്മാതാവ്, സാമ്പത്തിക ശാസ്ത്രജ്ഞൻ, രാഷ്ട്ര നിർമ്മാണം എന്നീ മേഖലകളിൽ അദ്ദേഹം വഹിച്ച പങ്ക് വളരെ വലുതാണ്. എം. വിശ്വേശ്വരയ്യയുടെ ഓർമ്മയ്ക്കായാണ് സെപ്റ്റംബർ 15ന് എഞ്ചനീയേഴ്സ് ദിനം ആചരിച്ചു പോരുന്നത്. ലളിതമായ വിദ്യകളിലൂടെ ദുഷ്കരമായ പല എഞ്ചിനീയറിംഗ് വിരുതുകളും അദ്ദേഹം പ്രയോഗിച്ചുകാണിച്ചു. ഇന്ത്യയെപ്പോലുള്ള ഒരു രാജ്യത്തിന് ചുരുങ്ങിയ ചെലവില്‍ ജലസേചനം, റോഡ് നിര്‍മ്മാണം, അഴുക്കുചാല്‍ നിര്‍മ്മാണം എന്നീ കാര്യങ്ങള്‍ എങ്ങനെ നടപ്പാക്കാം എന്നദ്ദേഹം നിര്‍ദ്ദേശിച്ചു. ഇന്ത്യയില്‍ ഇന്നു കാണുന്ന പല വലിയ പദ്ധതികളുടെയും ബുദ്ധികേന്ദ്രം വിശ്വേശ്വരയ്യ ആണ്. 1955 ല്‍ രാഷ്ട്രം അദ്ദേഹത്തെ ഭാരത രത്നം നല്‍കി ആദരിച്ചു.

1912ൽ മൈസൂരിലെ ദിവാനായി എം.വിശ്വേശ്വരയ്യ നിയമിക്കപ്പെട്ടു. സംസ്ഥാനത്തിന്റെ വികസനത്തിനായി അദ്ദേഹം പ്രവർത്തിച്ചു. അദ്ദേഹം ദിവാനായി സേവനമനുഷ്ഠിക്കവെയാണ് നിരവധി പ്രധാനപ്പെട്ട വ്യവസായശാലകൾ പിറന്നത്. സാൻഡൽ ഓയിൽ ഫാക്ടറി, സോപ് ഫാക്ടറി, മെറ്റൽസ് ഫാക്ടറി, ക്രോം ടാന്നിംഗ് ഫാക്ടറി, ഭദ്രാവതി അയൺ ആന്റ് സ്റ്റീൽ വർക്ക്സ് തുടങ്ങിയവ ഇതിൽ ഉൾപ്പെടും. അന്നത്തെ ബോംബെ സർക്കാർ അദ്ദേഹത്തെ നാസിക്കിലെ അസിസ്ററൻറ് എൻജിനീയറായി നിയമിച്ചു. തൊഴിലിൽ അദ്ദേഹം അസാധാരണമായ മികവ് കാട്ടിയിരുന്നു. മെരുക്കിയെടുക്കാവുന്ന നദികളും ശരിയായ ജലസേചനസംവിധാനങ്ങളും തുടക്കം മുതൽ തന്നെ വിശ്വേശ്വരയ്യുടെ സവിശേഷ ശ്രദ്ധ പതിഞ്ഞമേഖലകളായിരുന്നു. താരതമ്യേന തുടക്കക്കാരനായിരുന്ന എൻജിനീയറുടെ പക്വതയാർന്ന രൂപകല്പന ഇദ്ദേഹത്തിന് കുറഞ്ഞകാലയളവിൽ തന്നെ സിന്ധ് പ്രവിശ്യയിലെ (ഇപ്പോൾ പാകിസ്താനിൽ സ്ഥിതിചെയ്യുന്ന) സുക്കൂർ നഗരത്തിലെ ജലസേചനസൗകര്യങ്ങൾ നിർമ്മിക്കുന്നതിനുളള സ്വതന്ത്രചുമതല ലഭിക്കുന്നതിന് അവസരമൊരുക്കി. വരണ്ടതും തരിശായതുമായ സിന്ധ് പ്രവിശ്യയിലെ ദൗത്യം ഏറെ കുറെ ദുഷ്കരമായിരുന്നുവെങ്കിലും ഇതിന്റെ വിജയകരമായ രൂപകല്പനയ്ക്കുശേഷം സൂറത്തിലെ ജലസേചനസൗകര്യങ്ങൾ സംവിധാനങ്ങൾ ഒരുക്കാൻ സർക്കാർ ഇദ്ദേഹത്തെ നിയോഗിച്ചു. ഇതോടുകൂടി വിശ്വേശ്വരയ്യ എന്ന മിടുക്കനായ എൻജിനീയറുടെ പ്രൊഫഷണൽ വൈഭവം ഉറപ്പിക്കപ്പെട്ടു. തുടർന്ന് സമീപപ്രദേശത്തെ നഗരങ്ങളായ കൊലാപൂർ, ബൽഗാം, ധർവാർ, ബീജാപൂർ, അഹമ്മദാബാദ്, പൂനെ എന്നിവടങ്ങളിലെ അണക്കെട്ടുകൾ ജലസേചന സൗകര്യങ്ങൾ എന്നിവ ഡിസൈൻ ചെയ്യുന്നതിൽ വിശ്വേശ്വരയ്യയുടെ വൈദഗ്ദ്ധ്യം സർക്കാർ ഉപയോഗപ്പെടുത്തി. ഏറ്റെടുത്ത പദ്ധതികളെല്ലാം തന്നെ നൂതനമായ രൂപകല്പന, നിർമ്മാണം, തുടർന്നുള്ള പരിപാലനം എന്നിവ കൊണ്ട് ശ്രദ്ധേയമായിരുന്നു. ജനകീയവും ലാഭകരവുമായ ഇത്തരം പദ്ധതികൾ ഒട്ടേറെ പ്രദേശങ്ങളുടെ ജലലഭ്യത ഉറപ്പുവരുത്തി. റിസർവോയറിന്റെ ഉയരം കൂട്ടാതെതന്നെ ജലശേഖരണ ശേഷി ഉയർത്താനുള്ള ഇദ്ദേഹത്തിന്റെ ഡിസൈൻ ഏറെ പ്രശംസ പിടിച്ചു പറ്റി. 1903 ൽ പ്രളയത്തെ കാര്യക്ഷമമായി കൈകാര്യം ചെയ്യാൻ കഴിവുള്ള ഗേറ്റ് രൂപകല്ന വിശ്വേശ്വരയ്യയുടെ നിസ്തുല സംഭാവനകളിലൊന്നാണ്. പൂനെയിലെ പ്രളയ ദുരന്ത നിവാരണത്തിനായി ഖടക്വസ്ല (Khadakvasla) അണക്കെട്ടിലാണ് ഗേറ്റ് സംവിധാനം ആദ്യമായി പരീക്ഷിച്ചത്. എട്ട് അടി ഉയരമുള്ള ഈ നിയന്ത്രണ സംവിധാനം പ്രളയ സമയത്ത് താനെ പ്രവർത്തിക്കും. വെള്ളം കുറയുന്ന മുറയ്ക്ക് ഗേറ്റ് താനെ അടഞ്ഞുകൊള്ളും. ഇതുവഴി അപകട സാധ്യതയില്ലാതെതന്നെ അണക്കെട്ടിന്റെ ശേഷി പരമാവധി ഉപയോഗപ്പെടുത്താനും കഴിഞ്ഞു. പില്ക്കാലത്ത് ഈ രൂപകല്പനയ്ക്ക് പേറ്റന്റ് ലഭിക്കുകയും ചെയ്തു. കാവേരി നദിയിലെ കൃഷ്ണരാജ സാഗർ അണക്കെട്ടിലടക്കം ഒട്ടേറെ ജലസേചന സംവിധാനങ്ങളിൽ നൂതനമായ ഗേറ്റ് സംവിധാനം ഏർപ്പെടുത്തുകയും ചെയ്തു. ജലസേചനം, അണക്കെട്ട്, ശുചീകരണം, ഭൂഗർഭജലശേഖരണം, റോഡുകൾ എന്നിവയുടെ രൂപസംവിധാനത്തിൽ ഇടപെടുന്നതിൽ വിശ്വേശ്വരയ്യ ഉൽസാഹ പൂർവ്വം താല്പര്യം കാണിച്ചിരുന്നു. ഫലപ്രദമായ ജല വിഭവ മാനേജ്മെന്റിനായി തയ്യാറാക്കിയ ബ്ലോക്ക് സിസ്റ്റം ഓഫ് ഇറിഗേഷൻ (BSI) കനാൽ വഴിയുള്ള ജലവിതരണം ശാസ്ത്രീയ ജല വിതരണത്തിന്റെ നേട്ടം കർഷകരിലെത്തിച്ചു.എൻജിനീയറിംഗ് രംഗത്തെ അക്ഷീണ പ്രയത്നങ്ങളെല്ലാം ബ്രട്ടീഷ് കോളനി വാഴ്ചക്കാലത്താണ് നടത്തിയതെന്നോർക്കണം. അക്കാലത്ത് ഉന്നത പദവികളെല്ലാം ബ്രിട്ടീഷ് എൻജിനീയർമാർക്ക് മാത്രമായി നീക്കിവെച്ചിരുന്നു.

ലളിതജീവിതം നയിച്ചിരുന്ന വ്യക്തിയായിരുന്നു അദ്ദേഹം. 1912-ൽ മൈസൂരിന്റെ ദിവാനായി നിയമിക്കപ്പെട്ടു.1916 ൽ മൈസൂറിൽ സർവ്വകലാശാല സ്ഥാപിച്ചു.ഇന്ത്യയിൽ ഒരു നാട്ടു രാജ്യത്തിൽ സ്ഥാപിതമായ ആദ്യ സർവ്വകലാശാലയായിരുന്നു ഇത്. സംസ്ഥാനത്തിന്റെ വികസനത്തിനു വേണ്ടി അദ്ദേഹം കഠിനാധ്വാനം ചെയ്തു. ചന്ദനതൈലം, സോപ്പുൽപ്പനങ്ങൾ, ഇരുമ്പുരുക്ക് വ്യവസായം തുടങ്ങിയ മേഖലകളിൽ ഒട്ടേറെ വ്യവസായശാലകൾ ഇദ്ദേഹം സ്ഥാപിച്ചു. കൃഷ്ണരാജസാഗർ അണക്കെട്ട്, വൃന്ദാവൻ ഉദ്യാനം എന്നിവയും ഇദ്ദേഹത്തിന്റെ ഭാവനയാണ്. വിദ്യാഭ്യാസരംഗത്തും ഇദ്ദേഹം കാര്യമായ സംഭാവനകൾ നൽകിയിട്ടുണ്ട്. 1952-ൽ പട്‌നയിൽ ഗംഗനദിയുടെ കുറുകെ നിർമ്മിക്കാനുദ്ദേശിക്കുന്ന പാലത്തിന്റെ രൂപകല്പന, ആസൂത്രണം എന്നിവയുമായി ബന്ധപ്പെട്ട് പ്രസ്തുത സ്ഥലം വിശ്വേശ്വരയ്യ സന്ദർശിക്കുകയുണ്ടായി. പ്രതികൂലകാലാവസ്ഥയും ദുർഘടമായ പാതയും യാത്രതടസപ്പെടുത്തി. ചില ഭാഗങ്ങളിൽ കാറിൽ യാത്ര ചെയ്യാൻ സാധിക്കാത്തതിനാൽ ഒരു കസേരയിൽ പല്ലക്ക് മാതൃകയിൽ ഇദ്ദേഹത്തെകൊണ്ടുപോകാൻ വേണ്ട ഏർപ്പാടുകൾ ചെയ്തിരുന്നു. എന്നാൽ വിശ്വേശ്വരയ്യ ഇതുപേക്ഷിച്ച് കാൽനടയായി പദ്ധതി പ്രദേശം സന്ദർശിച്ചു. 92 വയസ്സുളളപ്പോഴായിരുന്നു തികഞ്ഞ രാജ്യസ്നേഹികൂടിയായ ഇദ്ദേഹത്തിന്റെ ദൗത്യമെന്നത് ഓർക്കണം.

കൃഷ്‌ണരാജ സാഗർ അണക്കെട്ടിന്റെയും വൃന്ദാവൻ ഗാർഡൻന്റെയും വിജയത്തിനുശേഷം ആധുനിക മൈസൂരിന്റെ ശില്പിയായി പില്ക്കാലത്ത് വിശേഷിക്കപ്പെട്ട വിശ്വേശ്വരയ്യയെ കാത്തിരുന്നത് മൈസൂരിലെ ദിവാൻ പദവിയായിരുന്നു. ഇന്നത്തെ പ്രധാനമന്ത്രിയുടെ പദവിക്ക് തുല്യമായ അധികാരമായിരുന്നു അന്നത്തെ ദിവാൻ പദവി. റിപ്പോർട്ട് ചെയ്യേണ്ടത് മഹാരാജാവിനോട് മാത്രമെന്നത് നവംനവങ്ങളായ പദ്ധതികൾ നടപ്പിൽവരുത്തുന്നതിന് ഇദ്ദേഹത്തിന് കരുത്തുപകർന്നു. ഭരണകാലത്തിനിടെ ഒട്ടേറെ വ്യവസായശാലകൾ, സ്റ്റേറ്റ്‌ ബാങ്ക്‌ ഓഫ്‌ മൈസൂർ, വിദ്യാഭ്യാസസ്ഥാപനങ്ങൾ, സർവ്വകലാശാല എന്നിവ സ്ഥാപിക്കുന്നതിൽ മുൻകൈ എടുത്തു.മഹാരാജാവിന്റെ സെക്രട്ടറി ഇദ്ദേഹത്തിന്റെ ശമ്പളം വർദ്ധിപ്പാകാനുളള ഒരു നിർദ്ദേശം മുന്നോട്ട് വച്ചത് അറിഞ്ഞ ഉടൻതന്നെ നിരസിക്കുകയും ശമ്പളവർദ്ധവേണ്ടെന്ന് വയ്ക്കുകയും ചെയ്തു. ബാഗ്ലൂരിലെ പ്രശസ്തമായ ഇന്ത്യൻ ഇൻസ്റ്റിട്യൂട് ഒഫ്‌ സയൻസ്ന്റെ പ്രമുഖ ചുമതലകളും വഹിച്ചിരുന്നു. അടിസ്ഥാനശാസ്ത്രത്തിലും പ്രയുക്ത ശാസ്ത്രത്തിലും ഗവേഷണ വികസന പ്രവർത്തനങ്ങൾക്ക് ചാലക ശക്തിയാകാൻ ഇൻസ്റ്റിറ്റ്യൂട്ടിന് ഈ കാലയളവിൽ സാധിച്ചു. ഒരു വലിയ സ്റ്റീൽ ഫാക്ടറി ഇദ്ദേഹം സ്ഥാപിച്ചു. ഇവിടെ നിന്നും വളരെ കുറഞ്ഞ ചിലവിൽ സ്റ്റീൽ ഉല്പ്പാദനം നടത്തിയിരുന്നെന്ന് മാത്രമല്ല അമേരിക്കയിലേക്ക് പിഗ് അയൺ കയറ്റുമതി ചെയ്യുകയും ചെയ്തു. വ്യോമയാനരംഗത്തും ഒരു ഫാക്ടറി ആരംഭിച്ചു പിൽക്കാലത്ത് ഇത് ഹിന്ദുസ്ഥാൻ എയർനോട്ടിക്‌സ് ലിമിറ്റഡിന്റെ ഭാഗമായി. രാജ്യത്ത് ഉന്നതനിലവാരത്തിലുളള സാങ്കേതിക വിദ്യാഭ്യാസം ലഭിക്കാനായി ബാംഗ്ലൂരിൽ ഒരു പോളിടെക്നിക്കും ഇദ്ദേഹം സ്ഥാപിച്ചു. ഇന്ന് ലോകപ്രസിദ്ധമായ മൈസൂർ സോപ്പ്‌ ഫാക്‌ടറിയും സ്ഥാപിച്ചതും മറ്റാരുമല്ല. കൃത്യനിഷ്ഠയും ഉന്നതമൂല്യങ്ങളും എക്കാലവും ജീവിതത്തിൽ വിശ്വേശ്വരയ്യ എന്ന എൻജിനീയർ ഉയർത്തിപിടിച്ചു. ആധുനിക ഇന്ത്യകണ്ട ഏറ്റവും മിടുക്കനായ എൻജിനീയറായ വിശ്വേശ്വരയ്യയുടെ നിസ്തുലമായ സേവനങ്ങൾ രാജ്യം ഇന്നും സ്മരിക്കുന്നു. അദ്ദേഹത്തിന്റെ സ്മരണാർത്ഥം ബങ്കളുരുവിൽ വിശ്വേശ്വരയ്യ ഇൻഡസ്ട്രിയൽ ആൻഡ് ടെക്നോളജിക്കൽ മ്യൂസിയം സ്ഥാപിക്കപ്പെട്ടു.

ദീർഘവീക്ഷണവും, രാജ്യതന്ത്രജ്ഞതയും ഉളള വ്യക്തിയായിരുന്നു അദ്ദേഹം. ഡോക്ടറേറ്റ് ഉൾപ്പെടെ അനേകം അംഗീകാരങ്ങളും ബഹുമതികളും ഇദ്ദേഹം നേടിയിട്ടുണ്ട്. 1955-ൽ രാജ്യം പരമോന്നത ബഹുമതിയായ ഭാരതരത്ന നൽകി ആദരിച്ചു. പണ്ഡിറ്റ് ജവഹർലാൽനെഹ്റുവിനും ഇദ്ദേഹത്തോടൊപ്പമാണ് ഭാരതരത്ന പുരസ്കാരം ലഭിച്ചത്. 1904 – ലണ്ടനിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയേഴ്സിൽ അംഗത്വം, 1915 – ബ്രിട്ടീഷ് സർക്കാരിന്റെ സർ പദവി, 1953 – ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൗൺ പ്ലാനേഴ്സിൽ നിന്നും ഫെല്ലോഷിപ്പ്, 1955 – ഭാരതരത്നപുരസ്കാരം, 1959 – ബാംഗ്ലൂരിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ഫെല്ലോഷിപ്പ് തുടങ്ങിയവ കൂടാതെ ഇന്ത്യയിലെ എട്ടു സർവ്വകലാശലകൾ ഡോക്ടറേറ്റ് നൽകി ആദരിച്ചു.

101 വർഷവും 6 മാസവും നീണ്ട ജീവിതകാലം 1962 ഏപ്രിൽ 14ന് അവസാനിച്ചു. ആധുനിക ഇന്ത്യകണ്ട ഏറ്റവും മിടുക്കനായ എൻജിനീയറായ വിശ്വേശ്വരയ്യയുടെ നിസ്തുലമായ സേവനങ്ങൾ രാജ്യം ഇന്നും സ്മരിക്കുന്നു. അദ്ദേഹത്തിന്റെ സ്മരണാർത്ഥം ബാംഗ്ലൂരിൽ വിശ്വേശ്വരയ്യ ഇൻഡസ്ട്രിയൽ ആൻഡ് ടെക്നോളജിക്കൽ മ്യൂസിയം സ്ഥാപിച്ചിരുന്നു.

വാതാപി ഗുഹാക്ഷേത്രങ്ങൾ

A-temple-at-pattadakal-badami
കർണാടകയിലെ ബാഗൽക്കോട്ട് ജില്ലയിലുള്ള ഒരു പുരതന പട്ടണമാണു ഐഹോളെ. ഹം‌പിയിൽ നിന്നും നൂറോളം കിലോമീറ്ററുകളിലൂടെ ഗ്രാമാന്തരങ്ങൾ താണ്ടിയാൽ നമുക്ക് വാതാപിയിൽ എത്തിച്ചേരാനാവും. രണ്ടിനും ഇടയിലുള്ള സ്ഥലമാണു ഐഹോളെ. ശില്പകലകളും വാസ്തുവിദ്യയിലും ഒരുകാലത്ത് സൗത്തിന്ത്യയ്ക്കുണ്ടായിരുന്ന നിറമാർന്ന തുടക്കത്തിന്റെ ശേഷിക്കുന്ന തെളിവുകൾ നമുക്കിവിടെ കാണാനാവും. ഐഹോളയിലെ ഓരോ നിർമ്മിതികളും നമ്മെ കാണികുന്നത് ആ വിസ്മയക്കാഴ്ച തന്നെയാണ്. ചാലൂക്യസാമ്രാജ്യത്തിന്റെ ആദ്യകാല തലസ്ഥാനമായിരുന്നു ഐഹോളെ. ഐഹോളയ്ക്കും ബദാമിക്കും ഇടയിലായി പത്തുകിലോമീറ്ററോളം സഞ്ചരിച്ചാൽ എത്തിച്ചേരുന്ന പട്ടടക്കൽ എന്ന സ്ഥലത്തു നിരവധി ക്ഷേത്രങ്ങൾ നമുക്ക് കാണാനാവും. പല്ലവരെ തോൽപിച്ച് ബദാമി തിരിച്ചു പിടിച്ച വിക്രമാദിത്യ ഒന്നാമൻ തന്റെ മകൻ വിനയാധിത്യന്റെ പട്ടാഭിഷേകം നടത്താൻ തിരഞ്ഞെടുത്ത ചെറിയ ഗ്രാമം പിന്നീട് പട്ടടക്കൽ എന്നപേരിൽ അറിയപ്പെട്ടുകയായിരുന്നു. കദംബരും ചാലൂക്യർക്ക് ശേഷം യാദവരും ഡൽഹി കേന്ദ്രമായിരുന്ന ഖിൽജിമാരും പേർഷ്യൻ പാരമ്പര്യം ഉൾചേർത്തുവെച്ച ബാഹ്മനിക്കാരും ആദിൽഷാഹി സുൽത്താനേറ്റുകളും മുഗളരും നിസാമുകളും നവാബും മറാത്തരും ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയും മാറിമാറി ഭരിച്ചിരുന്നു. അയ്‌ഹോളെയില്‍നിന്നും കണ്ടെടുത്ത നിരവധി പ്രതിമകള്‍, ചാലൂക്യ ആധിപത്യത്തിനും മുന്നേ, കദംബരുടേയും കൊങ്കണമൗര്യരുടേയും കാലത്ത് ഈ പ്രദേശം ശാക്തേയരുടെ സ്വാധീനതയിലായിരുന്നു എന്നു സൂചിപ്പിക്കുന്നു. ഉർവ്വരതയുടെ പ്രതീകമായ ലജ്ജാഗൗരിയെന്ന പ്രജനനദേവതയുടെ സാമീപ്യം കാണിക്കുന്നതു മറ്റൊന്നാവാൻ വഴിയില്ല. (വാതാപിയിൽ ഒരു മ്യൂസിയത്തിൽ ലജ്ജാഗൗരിയെ നമുക്കു കാണാനാവും)

ഏഴും എട്ടും നൂറ്റാണ്ടുകളിൽ പണിതെടുത്ത ക്ഷേത്ര സമുച്ചയങ്ങൾ നമുക്കവിടെ കാണാം. ഒരു ക്ഷേത്രത്തിലല്ലാതെ മറ്റൊന്നിലും തന്നെ ഇന്ന് ആരാധന നടക്കുന്നില്ല. മാലപ്രഭ നദിയോടു ചേർന്നാണ് സമുച്ചയം സ്ഥിതിചെയ്യുന്നത്. പട്ടടക്കല്ലിൽ നിന്നും 22 കിലോമീറ്ററോളം സഞ്ചരിച്ചാൽ ബദാമിയിൽ എത്തിച്ചേരാം. വഴിയോരക്കാഴ്ചകളും ഏറെ ഹൃദ്യമാവും, കാളവണ്ടികളും നിലക്കടല, സൂര്യഗാന്ധിപ്പൂവിൻ പാടങ്ങൾ, ഗോതമ്പുപാടങ്ങൾ, പരുത്തികൃഷി തുടങ്ങിയുള്ള കാർഷിക സപര്യകളും നിറയെ കാണാനാവും. ഇടവിട്ടിട്ടിടവിട്ട് ജനവാസകേന്ദ്രങ്ങളും കാണാനാവും. ഇരുമ്പയിർ നിക്ഷേപം ഏറെയുള്ള സ്ഥലമാണിത്; ഖനനമാഫിയകളുടെ കണ്ണിലിതു പെടാത്തതിനാലാണോ നിയമം മൂലം നിരോധിച്ചതിനാലാണോ എന്നറിയില്ല, ആ ഒരു ആക്രമണം എങ്ങും കാണാനില്ലായിരുന്നു. ചാലൂക്യരുടെ ഉദയകാലമായ ആറാം നൂറ്റാണ്ടിനുമുമ്പേ തന്നെ ഒരു ജനപഥമെന്ന നിലയിൽ ഇവിടം വളർന്നു വന്നിരുന്നു. 6-ആം നൂറ്റാണ്ടിനും 12-ആം നൂറ്റാണ്ടിനും ഇടയിൽ ഇവിടെ ഭരണരഥം ഓടിച്ച രാജവംശമാണു ചാലൂക്യർ. വാതാപി /ബദാമി കേന്ദ്രീകരിച്ചായിരുന്നു ഒന്നാം ചാലൂക്യസാമ്രാജ്യം ഉദയം ചെയ്തത്. ആറാം നൂറ്റാണ്ടിന്റെ മധ്യകാലത്തോടെ ആയിരുന്നു ഇത്. ബദാമി പിടിച്ചടക്കും വരെ ഇവർ തൊട്ടടുത്ത ഐഹോളെയിൽ ആയിരുന്നു അധികാരം കൈയ്യാളിയിരുന്നത്. പുലികേശി ഒന്നാമന്റെ സമയത്തായിരുന്നു ബനാവശിയിലെ കദംബരിൽ നിന്നും ബദാമി പിടിച്ചെടുത്ത് അവിടേക്കു മാറിയത്. ചാലൂക്യ രാജാക്കന്മാരെല്ലാം പൂർണമായും ദ്രാവിഡ/കന്നഡ നാമധേയങ്ങൾ സ്വീകരിച്ചതു കാണാം, തീർച്ചയായും ഈ രാജവംശം ദ്രാവിഡഗോത്രത്തിന്റെ ശേഷിപത്രം തന്നെയാണ്. കന്നഡഭാഷയിലെ കാർഷിക സംസ്കൃതിയെ സൂചിപ്പിക്കുന്ന സൽകി/ചൽകി എന്ന വാക്കിൽ നിന്നാണു ചാലൂക്യ എന്ന വാക്ക് ഉണ്ടായത് എന്നൊരു പൊതുധാരണയും ഉണ്ട്.

ക്ഷേത്രങ്ങൾ

Pattadukkal-temple-badami
ചാലൂക്യരാജവംശത്തിലെ രാജാക്കന്മാർ ഓരോയുദ്ധം ജയിച്ചുവരുമ്പോഴും അതിന്റെ ഓർമ്മയ്‌ക്കായി പണിതുണ്ടാക്കിയതാണ് പട്ടടക്കല്ലിൽ കാണുന്ന ക്ഷേത്രസമുച്ചയത്തിലെ ക്ഷേത്രങ്ങൾ. ക്ഷേത്രസമുച്ചയത്തിലെ വിരൂപാക്ഷാക്ഷേത്രത്തിനു മുന്നിലായി ഒരു വിജയസ്തൂപം സ്ഥാപിച്ചിട്ടുണ്ട്. പുരാതന കർണാടക ലിപിയിൽ ആ വിജയത്തെക്കുറിച്ച് എഴുതിവെച്ചിരിക്കുന്നു. വിരൂപാക്ഷാക്ഷേത്രം, സംഗമേശ്വരക്ഷേത്രം, മല്ലികാർജ്ജുനക്ഷേത്രം, കാശിവിശ്വനാഥക്ഷേത്രം, കടസിദ്ദ്വേശ്വരക്ഷേത്രം, ജംബുലിംഗ്വേശ്വരക്ഷേത്രം, ഗൽഗനാഥക്ഷേത്രം, ജൈനനാരായണക്ഷേത്രം എന്നിവയാണു പട്ടടക്കലിലെ പ്രധാനക്ഷേത്രങ്ങൾ. അതിൽ ജൈനനാരായണക്ഷേത്രം കുറച്ചകലെയായി സ്ഥിതിചെയ്യുന്നു. പൂർണമായും കല്ലിൽ നിർമ്മിച്ച ഒരു ഗോവണി ഈ ക്ഷേത്രത്തിൽ ഉണ്ട്. എല്ലാ ക്ഷേത്രങ്ങളും പിൽക്കാലത്ത് മറ്റു രാജാക്കന്മാരാൽ തകർക്കപ്പെട്ടവയാണ്. പൂർണമായും വൻ‌കല്ലുകളിൽ മാത്രം തീർത്തവയാണ് ഓരോ ക്ഷേത്രങ്ങളും എന്നതാണ് ഇവിടുത്തെ പ്രത്യേകത.

പേരുമായി ബന്ധപ്പെട്ട ഐതിഹ്യം

ഐഹോളെയുടെ ചരിത്രം കേരളസൃഷ്ടാവെന്നു പഴമൊഴികളിലൂടെ പാടിനടക്കുന്ന പരശുരാമനുമായി ബന്ധപ്പെട്ടാണു കിടക്കുന്നത്. ജമദഗ്നി മഹർഷിക്ക് ഭാര്യ രേണുകയിൽ അഞ്ച് മക്കളുണ്ടായിരുന്നു. അതിൽ അവസാനത്തെ പുത്രൻ ആയിരുന്നു പരശുരാമൻ. സപ്തർഷികളിൽ ഒരാളും പരശുരാമന്റെ അച്ഛനുമായ ജമദഗ്നി മഹർഷിയുടെ കൈവശമുള്ള മാന്ത്രിക പശുവായിരുന്ന കാമധേനുവിനെ സ്വന്തമാക്കാൻ ഒരിക്കൽ കാർത്യവീരാർജ്ജുനൻ ആഗ്രഹിച്ചു. മൂപ്പരക്കാര്യം ജമദഗ്നി മഹർഷിയോടു തുറന്നു പറയുകയും ചെയ്തു. എന്നാൽ മഹർഷിക്കത് ഇഷ്ടമായിരുന്നില്ല. ഇതിൽ വൈര്യം മൂത്ത കാർത്യവീരാർജ്ജുനൻ ജമദഗ്നി മഹർഷിനെ വധിച്ച് കാമധേനുവിനെ സ്വന്തമാക്കി. കാര്യങ്ങൾ ഗ്രഹിച്ച് കോപാന്ധനായ പരശുരാമൻ രംഗത്തുവന്ന് കാർത്യവീരാർജ്ജുനനോട് ഏറ്റു മുട്ടി, മൂപ്പരെ വധിച്ച് കാമധേനുവിനെ വീണ്ടെടുത്തു. മാന്ത്രികപശുവായ കാമധേനുവിന്റെ ശക്തിയാൽ അച്ഛന്റെ ജീവൻ വീണ്ടെടുത്തു. കാർത്യവീരാർജ്ജുനന്റെ മക്കൾ അടങ്ങിയില്ല. അവർ വീണ്ടും ജമദഗ്നി മഹർഷിയെ വദിക്കുന്നു. കലിപൂണ്ട പരശുരാമൻ ആ വിഖ്യാതമായ മഴുകൊണ്ട് കാർത്യവീരാർജ്ജുനന്റെ മക്കളേയും ക്ഷത്രിയകുലത്തേയും അപ്പാടെ നിഗ്രഹിച്ച് പകരം വീട്ടുന്നു. ചോരയിൽ കുളിച്ചൊലിച്ച പരശുരാമൻ മാലപ്രഭാനദിയിൽ ഇടങ്ങി ശുദ്ധുവരുത്തി. മാലപ്രഭാനദിയിലെ വെള്ളം നിണമണിച്ച് ചുവന്ന നിറത്തിലൊഴുകിയപ്പോൾ ഇതുകണ്ട ഗ്രാമവാസികൾ അയ്യോ ഹോളെ എന്നലറിക്കരയാൻ തുടങ്ങിയത്രേ! ശേഷം മാലപ്രഭാനദിയുടെ ആ തീരഭൂമി ഐഹോളെ എന്നപേരിലറിയപ്പെട്ടു തുടങ്ങി.

വാതാപി ഗുഹാക്ഷേത്രങ്ങൾ

A-cave-temple-at-badami
ഏ.ഡി. 543 മുതൽ 757 വരെയുള്ള കാലഘട്ടങ്ങളിൽ ബദാമി ചാലുക്യരുടെ നഗരിയായിരുന്നു ഈ പ്രദേശം. രാജാവായിരുന്ന പുലികേശി ഒന്നാമനാണ് ഇവിടെ കോട്ട കെട്ടി രാജവംശം സ്ഥാപിച്ചത്. പല കാലഘട്ടങ്ങളിലെയും രാജാക്കന്മാരുടെ നിർമ്മിതികൾ ഇവിടെ നിലകൊള്ളുന്നു. ആറാം നൂറ്റാണ്ടിലാണ് ചുവന്ന പാറക്കെട്ടുകൾ തുരന്ന് ഗുഹാക്ഷേത്രങ്ങൾ സ്ഥാപിച്ചത്. തെക്കുഭാഗത്തായുള്ള നാലു ഗുഹകളാണ് ഇവിടെ പ്രാധാന്യമേറിയത്. ഗുഹയിലെ ചുമരുകളിലെ ശില്പങ്ങൾ ഒറ്റക്കല്ലിൽ നിർമ്മിച്ചിരിക്കുന്ന പൂർണ്ണകായ പ്രതിമകൾ പോലെയാണ് കാണപ്പെടുന്നത്. അഗസ്ത്യതീർഥത്തിന്റെ വടക്കേക്കുന്നിന്റെ മുകളിലായുള്ള ശിവക്ഷേത്രത്തിൽ ഹനുമാന്റെ ശില്പം സ്ഥാപിച്ചിരിക്കുന്നു. ഇവിടെ നിത്യപൂജകൾ നടത്തപ്പെടുന്നു. ഈ ക്ഷേത്രത്തിൽ നിന്നും കുറച്ചു ദൂരെയായി ദർഗ്ഗയും ശിവക്ഷേത്രവും സ്ഥിതി ചെയ്യുന്നു. ഒരു സൂഫിയുടെ ഖബറിനോട് ചേർന്നാണ് ഈ ശിവക്ഷേത്രം സ്ഥിതി ചെയ്യുന്നത്. വടക്കേക്കുന്നിന്റെ മുകളിലായി കോട്ടയുടെ അവശിഷ്ടങ്ങളും ആദിചാലുക്യക്ഷേത്രവും കാണപ്പെടുന്നു. മേലേ ശിവാലയം, താഴേ ശിവാലയം, മാലഗന്തി ശിവാലയം എന്നിങ്ങനെ ഇവ അറിയപ്പെടുന്നു. ശൈവ, വൈഷ്ണവ, ബുദ്ധ, ജൈന പാരമ്പര്യങ്ങൾ ഗുഹാക്ഷേത്രം വെളിവാക്കുന്നു. ഐഹോളെ, പട്ടടക്കൽ, ബാദാമി, മഹാകുട എന്നീ പ്രദേശങ്ങളിലാണ് ചാലൂക്യൻ വാസ്തുവിദ്യ പ്രകാരമുള്ള ക്ഷേത്രങ്ങൾ വ്യാപകമായി കാണുന്നത്.

മേഗുത്തി മലയുടെ ചുറ്റുപാടുകൾ അക്കാലം മുതൽ തന്നെ പ്രസിദ്ധമായിരുന്നു. പട്ടടക്കല്ലിലും ചുറ്റുപാടുകളിലും ആയി കൊത്തുപണികളാൽ വിസ്മയം തീർക്കുന്ന നിരവധി ക്ഷേത്രങ്ങൾ ചിതറികിടക്കുന്നതു കാണാം. ബുദ്ധ, ജൈന, ഹിന്ദുമതങ്ങളുടെ ശേഷിപ്പുകൾ എമ്പാടുമുണ്ട്. വഴിയോരത്ത് ഒരു ജൈനക്ഷേത്രത്തിലെ ഒറ്റക്കൽപ്പടികൾ തന്നെ അന്നത്തെ ആ കരവിരുതിന്റെ ശേഷിപ്പാണ്. ഐഹോള ഇന്‍സ്‌ക്രിപ്ഷന്‍സ് എന്ന പേരിൽ പ്രസിദ്ധമായ ശിലാലിഖിതങ്ങളിൽ ചാലൂക്യൻ രണ്ടാമൻ വരെയുള്ളവരുടെ വിവരങ്ങൾ കാണാനാവും. പുലികേശി രണ്ടാമന്റെ സഭയിൽ കവിയും ജൈനനുമായ രവികൃതിയൂണ്ടായിരുന്നു. പട്ടടക്കലിലും സമീപദേശത്തും കാണുന്ന ക്ഷേത്രങ്ങൾ ഒക്കെയും ശില്പചാരുതയുടെ വിസ്മയങ്ങൾ തന്നെയാണ്. അതു കണ്ടുതന്നെ അറിയേണ്ടതാണു താനും. വാസ്തുവിദ്യ നന്നായി സമന്വയിപ്പിച്ച് ശില്പകലയിലൂടെ പ്രാവർത്തികമാക്കിയ ചാരുത ഇന്ന് ഇന്ത്യയിൽ മറ്റെവിടെയും ഉണ്ടെന്നു കരുതാനാവില്ല. ഹം‌പിയിൽ വിരൂപാക്ഷാക്ഷേത്രത്തിലും സമാനമായ കരവിരുതു കാണാനാവും. പ്രകാശം നേരിയ രീതിയിൽ ഉള്ളിലേക്ക് എത്തുന്ന രീതിയിലാണ് ഈ പടുകൂറ്റൻ നിർമ്മിതികളുടെ എടുപ്പിരിക്കുന്നത്. ഇന്നു നാം കാണുന്ന ആർട്ട് ഗാലറീകളെ പിന്നിലാക്കുന്ന ചാരുവിദ്യാശകലങ്ങളാണു നമുക്കവിടെ കാണാനാവുന്നത്. പലതും സുൽത്താനേറ്റുകളുടെ അക്രമണത്തിൽ തകർന്നു പോയെങ്കിലും കാലത്തെ വെല്ലുവിളിച്ച് അടർന്നുപോയ ശില്പചാരുത നമ്മെ ഇന്നും മാടി വിളിക്കുന്നുണ്ട്. മുസ്ലീം പേരിൽ അറിയപ്പെടുന്ന ക്ഷേത്രവും നമുക്കവിടെ കാണാനാവും. ലാഡ്ഖാന്‍ ക്ഷേത്രം എന്നാണു പേരു്. ചാലൂക്യകാലഘട്ടത്തിനു മുമ്പ് നിർമ്മിച്ച ക്ഷേത്രമാണിത്. ചാലൂക്യസാമ്രാജ്യവും പിന്നീടു വിജയനഗര സാമ്രാജ്യവും തകർത്തെറിഞ്ഞ സുൽത്താനേറ്റുകൾക്ക് ശേഷം ആദിൽ ഷാഹി മുൻകൈ എടുത്ത് ഈ ക്ഷേത്രം പുതുക്കിയെടുത്തിരുന്നു. ആദിൽഷ ഭരണകൂടത്തിന്റെ തുടക്കക്കാരൻ യൂസഫ് ആദിൽഷ ആയിരുന്നു. പേരിനാധാരം അതാവാം. ശബരിമലയുമായി ബന്ധപ്പെട്ട് വാവരുസ്വാമിയുടെ ലള്ളിയിൽ സ്വാമിമാർ പോകുന്നുണ്ടെന്നല്ലാതെ ഇങ്ങനെ മറ്റൊന്ന് ഇതേവരെ കേട്ടിട്ടില്ല. ചൈനീസ് സഞ്ചാരിയായിരുന്ന ഹുയാൻ സാങ്, പുലികേശി രണ്ടാമൻറെ രാജ്യം സന്ദർശിച്ചിരുന്നു . അന്ന് രാജ്യത്തെ 99,000 ഗ്രാമങ്ങൾ അടങ്ങുന്ന മൂന്നു മഹാരാഷ്ട്രകങ്ങൾ ആയി വിഭജിച്ചിരുന്നതായി കുറിച്ചിട്ടിരിക്കുന്നു. ഇന്നത്തെ കർണ്ണാടക,മഹാരാഷ്ട്ര,കൊങ്കൺ ഗോവ പ്രദേശങ്ങൾ എന്നിവ അടങ്ങുന്നതായിരുന്നു ആ സാമ്രാജ്യം.

പുലികേശി രണ്ടാമന്റെ സദസ്യനായിരുന്ന രവികീർത്തിയുടെ കന്നഡയിലും സംസ്കൃതത്തിലും ഉള്ള കാവ്യങ്ങൾ ഐഹോളെയിലെ ശിലാലിഖിതങ്ങളിൽ കാണാം. ഒരു ക്ലാസിക് ആയി രവികീർത്തിയുടെ കാവ്യങ്ങളെ കണക്കാക്കുന്നു. കറുത്ത സരസ്വതി എന്ന് സ്വയം വിശേഷിപ്പിക്കുന്ന വിജയങ്ക എന്ന കവയിത്രി യുടെ കവിതകൾ ശിലാലിഖിതങ്ങളിൽ കാണാം.ഇവർ പുലികേശി രണ്ടാമന്റെ മകനായ ചന്ദ്രാദിത്യന്റെ ഭാര്യ ആണ് എന്ന് വിശ്വസിക്കപ്പെടുന്നു. പശ്ചിമ ചാലൂക്യരുടെ കാലത്തെ മികച്ച സാഹിത്യകാരൻ ആയിരുന്നു മിതാക്ഷര എന്ന സംസ്കൃത കാവ്യം എഴുതിയ വിജ്ഞാനേശ്വര . സോമേശ്വര മൂന്നാമൻ, മാനസോല്ലാസ എന്ന പേരിൽ കലകളെയും ശാസ്ത്രത്തെയും കുറിച്ച് ഒരു വിജ്ഞാനകോശം നിർമ്മിക്കുകയുണ്ടായി.

ബാദാമി ചാലൂക്യരുടെ കാലത്ത് തന്നെ കന്നഡ സാഹിത്യകൃതികൾ നിലനിന്നതായി വിശ്വസിക്കപ്പെടുന്നു എങ്കിലും അവയിൽ മിക്കതും കാലത്തെ അതിജീവിച്ചിരുന്നില്ല  ശിലാ ലിഖിതങ്ങളിൽ നിന്നും കന്നഡ ഒരു സ്വാഭാവിക ഭാഷ ആയി നിലനിൽകാൻ തുടങ്ങിയിരുന്നു എന്ന് മനസ്സിലാക്കാം… കപ്പെ അരഭട്ടയുടെ ലിഖിതങ്ങളിൽ ത്രിപാഠി എന്ന മൂന്നുവരി കാവ്യവൃത്തത്തിൽ ഉള്ള കവിതകൾ കാണാം (CE 700) ഇത് കന്നഡ ഭാഷയിലെ ആദ്യ കവിതകളിൽ ഒന്നായി പരിഗണിക്കുന്നു

യുഗാന്തരങ്ങൾ പിന്നിട്ടുള്ള ഒരു യാത്രയാണ് ഹം‌പി മുതൽ വാതാപി (ബദാമി) ഗുഹാക്ഷേത്രങ്ങൾ വരെയുള്ള യാത്ര. ആര്യദ്രാവിഡ ശൈലികൾ സമന്വയ രൂപം പൂണ്ട് ശില്പചാരുതകളാൽ മഹനീയമായി നിൽക്കുന്നതു നമുക്കവിടെ കാണാനാവുന്നു. ഇന്നും ഗ്രാമീണർ മാത്രമാണവിടങ്ങളിൽ പലയിടങ്ങളിലും അധികാരികൾ. ലോകപൈതൃകപട്ടികയിൽ ചിലതൊക്കെ ഇടം തേടിയിട്ടുണ്ട്, പലയിടങ്ങളിലും ശേഷിപ്പുകളിൽ കൂട്ടിച്ചേർത്ത് കൂടാരങ്ങൾ ഒരുക്കി ഗ്രാമീണർ തന്നെ അതിവസിക്കുന്നുമുണ്ടവിടെ. ചിലയിടങ്ങളിലൊക്കെയും കുഞ്ഞു പുസ്തകങ്ങളും ലഭ്യമാവും വായിച്ചറിയാൽ ഏറെ കാര്യങ്ങൾ അതിലുണ്ട്.

താലിയിൽ തൂങ്ങുന്ന ജീവിതങ്ങൾ

താലി മാല വാങ്ങിക്കുമ്പോൾ 5 പവനെങ്കിലും വേണ്ടേടാ എന്നമ്മ ചോദിക്കുന്നു… നീ ഒരു ഐറ്റിക്കാരനല്ലേ, ഇവിടെ കൂലിപ്പണിക്കാർ വരെ മൂന്നരപ്പവന്റെ മാലയിലാണു താലി കെട്ടുന്നത്! വെറുതേ ഒന്നു കൂട്ടിനോക്കിയപ്പോ തന്നെ തലയിൽ ഒരു വെള്ളിടി മിന്നി. ഒരുലക്ഷത്തിനു മേലെ വേണം സ്വർണത്തിനു തന്നെ – പണിക്കൂലി വേറെയും ഉണ്ടത്രേ… താലി നമുക്ക് നൂലിൽ കെട്ടിയാലോ അമ്മേ എന്നായി ഞാൻ. കെട്ടുന്നത് അങ്ങനെ മതി; പക്ഷേ, വീട്ടിൽ വന്നാൽ താലി മാലയിലേക്ക് മാറ്റണം എന്നായി അമ്മ… 5 പവൻ അപ്പോൾ നിർബന്ധം!!

അമ്മ വിട്ടുപിടിക്കുന്ന ലക്ഷണമില്ല. ആട്ടെ നടക്കട്ടെ. ഉണ്ടാക്കിയല്ലേ പറ്റൂ.
എടാ, അതുമാത്രം മതിയോ, ഈ അഞ്ചുപവൻ ഇട്ടോണ്ട് നടക്കാൻ പറ്റുമോ?
ഈ അമ്മ എന്താ പറയുന്നത്?പിന്നെന്തിനാണ് അഞ്ചുപവൻ!!
എടാ അഞ്ചുപവൻ കഴുത്തിൽ തൂക്കിയിട്ട് ഇപ്പോഴുള്ള പെൺകുട്ടികൾ നടക്കുമോ? ഒന്നുമില്ലെങ്കിൽ കഴുത്തുവേദനിക്കില്ലേ, വീട്ടിലും പുറത്തുപോകുമ്പോഴുമൊക്കെ താലി ഇടാൻ പറ്റുന്ന ഒരു ഒന്നര പവന്റെ ചെറിയൊരു മാല കൂടി വേണ്ടേ?
എന്റമ്മേ, എന്നാൽ പിന്നെ അതിൽ തന്നെയങ്ങ് കെട്ടിക്കൊടുത്താൽ പോരേ!! എന്തിനാ ഈ അഞ്ചുപവൻ വേറേ വാങ്ങിക്കുന്നത്?
നാട്ടുകാരെന്തു പറയും? അങ്ങനെയാ ഇപ്പോൾ നാട്ടുനടപ്പ്.
നാട്ടുകാരെന്തു പറയാൻ, വയറുമുട്ടെ തിന്നിട്ട് ഏമ്പക്കം വിട്ട് കുറ്റവും കുറിയും പറഞ്ഞ് അവരങ്ങുപോകും.
അതല്ലടാ, നിനക്കറിയാഞ്ഞിട്ടാ, ഇപ്പോൾ എല്ലാവരും ചെയ്യുന്നത് അങ്ങനെയാ..

ഒരു ദിവസത്തേക്ക് നാട്ടുകാരെ കാണിക്കാൻ വേണ്ടി ഒന്നേകാൽ ലക്ഷം മുടക്കി ഒരു സ്വർണമാല വാങ്ങിക്കണം 🙁 സ്വർണക്കടക്കാർ വാടകയ്‌ക്ക് തരുമായിരിക്കുമോ? സ്വേതാമേനോന് രതിനിർവേദത്തിൽ അഭിനയിക്കുമ്പോൾ ഏതോ സ്വർണക്കടക്കാർ പൊന്നരഞ്ഞാണം ഉണ്ടാക്കി കൊടുത്തത്രേ.. ചുമ്മാ ഒന്നഭിനയിക്കാൻ അവർക്കതുണ്ടാക്കി കൊടുത്തു, എനിക്കരഞ്ഞാണമൊന്നും വേണ്ടായിരുന്നു – ഒരു മാല മതി. ഇതൊരു പുതിയ ജീവിതത്തിന്റെ പ്രശ്നമാണ് അരെങ്കിലും സഹായിക്കുമായിരിക്കുമോ? അല്ലെങ്കിൽ വേണ്ട അതൊക്കെ ചീപ്പ് കേസാണ്. എങ്ങനെയായാലും ആറരപ്പവൻ കരുതേണ്ടിയിരിക്കുന്നു.

Thali maala, താലിമാല, മംഗല്യസൂത്രം HDFC ക്കാരൻ ലോൺ തരുമായിരിക്കും. ഒരുലക്ഷം ലോൺ എടുത്താൽ 3600 വെച്ച് മൂന്നു വർഷം മാസം തോറും അടച്ചാൽ തീർന്നോളും. മൂന്നുവർഷം മുമ്പ് ഒരെണ്ണം എടുത്തതാണ്. അത് അടുത്തമാസം തീരേണ്ടതാണ്. ഒരു ചെറിയ ആശ്വാസം ഉണ്ടായിരുന്നു, അതു തീരുകയാണല്ലോ എന്ന് :(. അപ്പോഴാണ് അമ്മ പുതിയ ആവശ്യവുമായി വന്നത്. ലോൺ എടുക്കുക തന്നെ. ഒരു ലക്ഷം എടുക്കുക ഒന്നേകാൽ ലക്ഷം തിരിച്ചടയ്ക്കുക.  കൊള്ള ലാഭമാണല്ലോ ബാങ്കുകാരാ നിങ്ങൾക്ക് എന്നിൽ നിന്നും കിട്ടുന്നത്. ഇതുപോലെ എത്ര കസ്റ്റമേ‌ഴ്‌സ്  കാണും നിങ്ങൾക്ക്?

ആരായിരിക്കും കല്യാണത്തിന് താലികെട്ടൽ പരിപാടി കണ്ടു പിടിച്ച മഹാൻ! ആരായാലും അളിയാ കൊടും ചതിയായിപ്പോയി! ഒരു സിന്ദൂരത്തിലോ അതുപോലെ ചിലവില്ലാത്ത പരിപാടികളിലോ മറ്റോ ഒന്നൊതുക്കിപ്പിടിക്കാമായിരുന്നില്ലേ ഈ ചടങ്ങുകൾ… അല്ല നിങ്ങളെ കുറ്റം പറഞ്ഞിട്ടു കാര്യമില്ല, അമേരിക്ക വേൾഡ് ബാങ്കിനേയും ലോകത്തേയും പറ്റിച്ച് ഇറാക്കിലും അഫ്‌ഗാനിസ്ഥാനിലും മറ്റും യുദ്ധം ചെയ്യാൻ വേണ്ടി കള്ളക്കളി കളികുമെന്ന് നിങ്ങളും പ്രതീക്ഷിച്ചിട്ടുണ്ടാവില്ലല്ലോ. ലോകമലയാളികളെല്ലാം സ്വർണത്തൂക്കത്തിൽ മാറ്റുരച്ച് പരസ്പരം വിലയിരുത്തുന്ന ഒരു കാലം വരുമെന്ന് താങ്കൾ സ്വപ്നത്തിൽ കൂടി കരുതിയിരിക്കില്ലല്ലോ… ഇങ്ങനെയൊക്കെ ആയിപ്പോയി… ഇനി പറഞ്ഞിട്ടെന്താ കാര്യം, ഞാനൊന്നു HDFC ക്കാരനെ വിളിക്കട്ടെ…