Year: 2020
ശ്രീ അഭയ ഹസ്ത ഗണപതി ക്ഷേത്രം
വിദ്യകൊണ്ടറിയേണ്ടതറിയാതെ
വിദ്വാനെന്നു നടിക്കുന്നിതു ചിലർ;
കുങ്കുമത്തിന്റെ ഗന്ധമറിയാതെ
കുങ്കുമം ചുമക്കുമ്പോലെ ഗർദ്ദഭം.
കൃഷ്‌ണ കൃഷ്‌ണ! നിരൂപിച്ചു കാണുമ്പോൾ
തൃഷ്‌ണകൊണ്ടേ ഭ്രമിക്കുന്നിതൊക്കെയും
ഗർദ്ദഭം = കഴുത, #ജ്ഞാനപ്പാന, #പൂന്താനം
വിദ്യ നേടാനുള്ളതാണു വിദ്യാഭ്യാസം എന്ന ബോധം ഇന്നുള്ളവർക്കില്ല എന്നു തോന്നുന്നു. വിദ്യാഭ്യാസം എന്നത്, ജോലി നേടാനും സമ്പാദിക്കാനും മാത്രമുള്ള സൂത്രപ്പണി മാത്രമാണിന്ന്. കുട്ടികളെ നല്ല യന്ത്രമനുഷ്യര്യാക്കി മാറ്റുക. അറിവ്, ബോധം എന്ന കാര്യങ്ങൾ പിതാക്കളിന്നു കേട്ടിട്ടു പോലും ഇല്ലാത്ത അവസ്ഥ; തല്ലിപ്പഠിപ്പിക്കുകയാണവർ!! കുട്ടികൾ ഭാവിയിൽ നല്ല ജോലി നേടിയിരിക്കണം!! എന്നേക്കാൾ കേമരാവണം മക്കൾ എന്ന ചിന്തയാവണം ഇതിനു പ്രേരിപ്പിക്കുന്നത്. മൃഗത്തെ പോലെ, ചിന്താശേഷി അല്പം പോലുമില്ലാത്ത അനേകരായി പെരുകുകയാണിന്നു നമ്മളിന്ന് എന്നു തോന്നിപ്പോവുന്നു ചിലതൊക്കെ കാണുമ്പോൾ!! ടെക്നിക്കൽ അറിവിലാണു കാലം ആളുകളെ വിലയിരുത്തുന്നത്!
ഇന്റെർവ്യൂ ജയിക്കാനായി നേർച്ചയിനത്തിൽ ദിനേന ലക്ഷങ്ങൾ കുമിഞ്ഞുകൂടുകയാണിന്നു ബാംഗ്ലൂർ പോലുള്ള മെട്രോകളിൽ. എന്റെ കമ്പനിക്ക് മുമ്പിൽ ഒരു ഗണേശ ക്ഷേത്രമുണ്ട്, കഴിഞ്ഞൊരു ദിവസം ഇവിടെനിന്നും ഇന്റെർവ്യൂ കഴിഞ്ഞു പോകുന്നൊരു പയ്യൻ, അമ്പലത്തിന്റെ മുന്നിൽ റോഡിന്റെ ഇങ്ങേതലയിൽ ദൂരെ നിന്ന് ചെരിപ്പൂരിവെച്ച് രണ്ടുകൈയ്യും ക്രോസ്സിൽ ചെവി പിടിച്ച് വട്ടം തിരിയുന്നത് കണ്ടു. അമ്പലത്തിൽ നിന്നും മീറ്ററുകൾ അകലെയായതിനാൽ അമ്പലമുണ്ടെന്ന ബോധം എനിക്കാദ്യം ഓർമ്മ വന്നില്ല. അത്ഭുതം തോന്നിപ്പോയി! ശ്രദ്ധയിൽ പെട്ടപ്പോൾ കാര്യം ബോധ്യമായി. ഇന്റെർവ്യൂ ജയിക്കാനായി എന്തോ പ്രാർത്ഥനയാവണം അവൻ പിറുപിറുത്തു കൊണ്ടിരുന്നത്.
ആ അമ്പലം കെട്ടിയിട്ട് അഞ്ചോ ആറോ വർഷങ്ങളേ ആയുള്ളൂ. ആണുങ്ങൾക്ക് മൂത്രമൊഴിക്കാൻ പറ്റിയ സ്ഥലമായിരുന്നു, അത്. ഒരിക്കൽ ഞാനിക്കാര്യം ഇവിടെ പറഞ്ഞിട്ടുണ്ട്. അന്ന്, അവിടെ രണ്ടോ മൂന്നോ മരങ്ങളും പൊട്ടിച്ചിട്ട കുറേ പാറകളും ആയിരുന്നു ഉണ്ടായിരുന്നത്. കേറി നിന്ന്, മൂത്രമൊഴിക്കുമ്പോൾ കക്കൂസിൽ നിൽക്കുന്നത്ര സെയ്ഫായി തോന്നും ആണുങ്ങൾക്ക്. മൂത്രയിനത്തിൽ ആർക്കും തന്നെ 5 രൂപ കൊടുക്കുകയും വേണ്ട. അവിടെ മൂത്രമൊഴിക്കാൻ പാടില്ലെന്ന് പലതവണ ബോർഡ് വെച്ചു – നടന്നില്ല. അന്നവിടെ, ഞാനിന്നു വർക്കു ചെയ്യുന്ന കമ്പനി മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഒരു ടാറിടാത്ത ഇടവഴി അവസാനിക്കുന്നത് വലിയൊരു സ്കൂളിലേക്കും. പിന്നെ സക്ര വേൾഡ് ഹോസ്പിറ്റൽ വന്നു. അങ്ങനെയങ്ങനെ ഓരോന്നു മാറിവന്ന്, ഇന്നുകാണുന്ന രൂപത്തിൽ എത്തി..
ആ സ്ഥലത്ത് അന്ന് ഗണപതിയുടേയും സരസ്വതിയുടേയും ചില്ലിട്ട ഫോട്ടോസ് ചാരിവെച്ചിരുന്നു, അപ്പോൾ, ആളുകൾ അവിടെ മൂത്രമൊഴിക്കാതെ മാറി നിന്നൊഴിച്ചു പോകാൻ തുടങ്ങി. ഇതിവിടെ ബാംഗ്ലൂരിൽ ഒരു ശൈലിയാണ്. പാന്മസാലകളും മറ്റും തിന്ന് ആളുകൾ സ്റ്റെയർ കെയ്സുകളിലും, ഇടവഴികളിൽ ചുമരുകളിലും, അണ്ടർഗ്രൗണ്ട് വഴികളിലും മറ്റും തുപ്പിയിടുന്നത് ഒഴിവാക്കാനും അവിടങ്ങളിൽ ഗണപതിയും സരസ്വതിയും അയ്യപ്പനും മുരുകനും ഒക്കെ വന്നു നിൽക്കാറുണ്ട്. ദൈവവിശ്വാസത്തെ ചൂഷണം ചെയ്ത് നാടുനന്നാക്കുകയാണിവർ. ഗണപതിയും സരസ്വതിയും അയ്യപ്പനും മുരുകനുമൊക്കെ ദൈവങ്ങളിൽ പെട്ട അവർണരാനെന്നു തോന്നുന്നു. വൃത്തികെട്ട സ്ഥലങ്ങളൊക്കെ ശുദ്ധീകരിക്കാൻ നിയോഗിക്കപ്പെട്ടവരാണവർ മെട്രോകളിൽ.
പിന്നീടൊരിക്കൽ അവർ അവിടം വൃത്തിയാക്കി, ഗണേശനെ പൂജിക്കാനായി അമ്പലം ചെറുതായൊന്നു കെട്ടി. മേൽക്കര്യങ്ങളൊന്നും ആർക്കും അറിയാനിടയില്ല, ആ അമ്പലത്തിൽ രാവിലെ പൂജയ്ക്കു മുമ്പ് ചെണ്ടകൊട്ടുന്നതും ചിലങ്ക കൊട്ടുന്നതും പാടുന്നതും ഒക്കെ മെഷ്യനുകളണ്. പൂജാരി നല്ല ഹൈക്ലാസ് സാധനമാണ്. മൂത്രഗണേശനെ പൂജിക്കാൻ എന്നുമെന്നും ആൾകൾ കൂടുന്നു… നല്ല കാശും ലഭിക്കുന്നുണ്ട്. ഓഫീസിൽ വർക്ക് ചെയ്യുന്ന പലരും അവിടെ കേറി പ്രാർത്തിക്കുന്നതു കണ്ടിരുന്നു. #പലമൂത്രാദി ഗണേശൻ ഒരു കള്ളച്ചിരി ചിരിച്ച് അവർക്കു വരദാനം നൽകുന്നത് ഞാൻ മനക്കണ്ണാൽ കാണാറുമുണ്ട്! അന്നൊക്കെയും ഏറെപ്പേർക്ക് ഹസ്തം അഭയമായി മാറിയ സ്ഥലം തന്നെയായിരുന്നു. ഗണേശൻ തന്റെ സർനെയിമിലും ശുദ്ധത വരുത്തിയെന്നതും ശ്രദ്ധേയമായി തോന്നി…
ബാംഗ്ലൂരിൽ ഓഫീസിനു മുന്നിലെ അമ്പലം
………….. …………… …………… …………….
വരുന്നോനും പോകുന്നോനുമൊക്കെ മൂത്രമൊഴിച്ചുകൊണ്ടിരുന്ന സ്ഥലമായിരുന്നു! എത്രവേഗമാണവിടെയൊരു അമ്പലം വന്നത്! ആരുടേതായാലും ബുദ്ധിയപാരം! ഐഡീയയ്ക്കു പുറകിൽ, ഒന്നുകിൽ അടുത്തുള്ള സക്ര വേൾഡ് ഹോസ്പിറ്റലിന്റെ നടത്തിപ്പുകാർ, അല്ലെങ്കിൽ പട്ടേലർ വേൾഡ് സ്കൂളിന്റെ നടത്തിപ്പുകാർ! പിന്നെയുള്ളത് ഞാൻ വർക്ക് ചെയ്യുന്ന കമ്പനി! അവരെന്തായാലും കാശ് കളഞ്ഞ് ഇങ്ങനെയൊരു പരിപാടിക്കു നിൽക്കില്ല. ഈ മൂന്നു പ്രസ്ഥാനങ്ങളിലേക്കും ഉള്ള വഴിയുടെ ആരംഭമാണിവിടം. എന്തായാലും പൂജ കഴിഞ്ഞു; അഭിഷേകം കഴിഞ്ഞു – നിത്യേന വഴിപാടുകൾ നടത്താനായി ഒരു വിപ്രൻ വിലകൂടിയ കാറിൽ വന്നിറങ്ങുന്നു! പൂജാദ്രവ്യങ്ങളും കാണിക്കയുമായി രാവിലെ പണിക്കുപോകുന്ന കുറേ ബിൽഡിങ് നിർമ്മാണ തൊഴിലാളികൾ പ്രാർത്ഥനാ നിരതരായി ക്യൂ നിൽക്കുന്നു! ഒരു മാസം എടുത്തുകാണില്ല ഈ കുഞ്ഞുകുടീരത്തിന്റെ നിർമ്മാണത്തിന്! ഏതാണീ #പലമൂത്രദേവത എന്ന് അറിയില്ല! ഏതായാലും കുറേപേരുടെ മൂത്രക്കടി മുട്ടിച്ചു! —
https://www.facebook.com/photo.php?fbid=10152968871648327&set=a.10150383065153327&type=1&theater
വി. എസ്. അച്യുതാനന്ദൻ
കേരളത്തിന്റെ മുന്‍ പ്രതിപക്ഷ നേതാവും മുതിര്‍ന്ന ഇടതുപക്ഷ രാഷ്ടീയ നേതാവുമായ വേലിക്കകത്ത് ശങ്കരന്‍ അച്യുതാനന്ദന്‍ എന്ന വി.എസ്. അച്യുതാനന്ദന്‍ ആലപ്പുഴ ജില്ലയിലെ പുന്നപ്രയില്‍ വേലിക്കകത്ത് വീട്ടില്‍ ശങ്കരന്റെയും അക്കമ്മയുടെയും മകനായി 1923 ഒക്ടോബര്‍ 20ന് ജനിച്ചു. കേരളത്തിന്റെ ഇരുപതാമത്തെ മുഖ്യമന്ത്രിയായിരുന്നു അദ്ദേഹം.
ഏഴാം ക്‌ളാസ്സില്‍ വച്ച് പഠനം അവസാനിപ്പിച്ച അദ്ദേഹം ജ്യേഷ്ഠന്റെ സഹായിയായി കുറെക്കാലം ജൗളിക്കടയില്‍ ജോലി നോക്കി. തുടര്‍ന്നു കയര്‍ ഫാക്ടറിയിലും ജോലി ചെയ്തു. 1938ല്‍ സ്‌റ്റേറ്റ് കോണ്‍ഗ്രസ്സില്‍ അംഗമായി ചേര്‍ന്നു. തുടര്‍ന്ന് പുരോഗമന പ്രസ്ഥാനങ്ങളിലും ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനങ്ങളിലും സജീവമായ ഇദ്ദേഹം 1940ല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി മെമ്പറായി.
കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ജനകീയ നേതാവായിരുന്ന പി കൃഷ്ണപിള്ളയാണ് അച്യുതാനന്ദനെ പാര്‍ട്ടി പ്രവര്‍ത്തനരംഗത്തു കൊണ്ടുവന്നത്. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിലും ആലപ്പുഴ ജില്ലയിലെ കര്‍ഷകത്തൊഴിലാളികളുടെ അവകാശ സമരങ്ങളിലും പങ്കെടുത്തു. സര്‍ സി.പി. രാമസ്വാമി അയ്യരുടെ പൊലീസിനെതിരെ പുന്നപ്രയില്‍ സംഘടിപ്പിച്ച തൊഴിലാളി ക്യാമ്പിന്റെ മുഖ്യ ചുമതലക്കാരനായിരുന്നു. 1957ല്‍ കേരളത്തില്‍ പാര്‍ട്ടി അധികാരത്തിലെത്തുമ്പോള്‍ സംസ്ഥാന സമിതിയില്‍ അംഗമായിരുന്ന ഒന്‍പതു പേരില്‍ ഒരാളാണ് വി എസ്.
1980-92 കാലഘട്ടത്തില്‍ സിപിഐ(എം) സംസ്ഥാന സെക്രട്ടറിയായിരുന്നു അദ്ദേഹം. 1967, 1970, 1991, 2001, 2006, 2011 വര്‍ഷങ്ങളില്‍ സംസ്ഥാന നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 1992 മുതല്‍ 1996 വരെയും 2001 മുതല്‍ 2006 വരെയും സഭയില്‍ പ്രതിപക്ഷനേതാവായിരുന്നു. 2001ലും 2006ലും പാലക്കാട് ജില്ലയിലെ മലമ്പുഴ മണ്ഡലത്തില്‍ നിന്നാണ് അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടത്. 2006 മെയ് 18ന് കേരളത്തിന്റെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.
പാർട്ടിയുടെ പരമോന്നത സമിതിയായ പോളിറ്റ് ബ്യൂറോ അംഗമായിരുന്ന അച്യുതാനന്ദനെ പാർട്ടി സംസ്ഥാന സെക്രട്ടറി പിണറായി വിജയനുമായുള്ള അഭിപ്രായഭിന്നത പരസ്യപ്രസ്താവനയിലൂടെ വെളിവാക്കിയതിന്റെ പേരിൽ സമിതിയിൽ നിന്നും 2007 മേയ് 26നു താൽക്കാലികമായി പുറത്താക്കി.[6] അച്ചടക്ക നടപടിക്കു വിധേയനായെങ്കിലും പാർട്ടി നിയോഗിച്ച മുഖ്യമന്ത്രി സ്ഥാനത്ത് അച്യുതാനന്ദൻ തുടർന്നു. പാർട്ടി അച്ചടക്കലംഘനത്തെത്തുടർന്ന് സി.പി.ഐ.എം പോളിറ്റ് ബ്യൂറോ, 2009 ജൂലൈ 12-ന് വി.എസിനെ പോളിറ്റ് ബ്യൂറോയിൽ നിന്നു പുറത്താക്കുകയും, കേന്ദ്രകമ്മറ്റിയിലേക്ക് തരം താഴ്‌ത്തുകയും ചെയ്തു. എന്നാൽ വി.എസിന് കേരള മുഖ്യമന്ത്രിയായി തുടരാമെന്ന് പി.ബി വ്യക്തമാക്കി. അച്ചടക്കലംഘനത്തെത്തുടർന്ന് 2012 ജൂലൈ 22-ന് ചേർന്ന കേന്ദ്രകമ്മറ്റി വി.എസിനെ പരസ്യമായി ശാസിക്കാനുള്ള പോളിറ്റ് ബ്യൂറോ തീരുമാനം അംഗീകരിച്ചു. തന്റെ വലംകൈ ആയിരുന്ന കണ്ണൂരിലെ ശക്തനായ നേതാവ് പിണറായി വിജയൻ പാർട്ടി സംസ്ഥാന സെക്രട്ടറി ആയ ശേഷം ആണ് വിഭാഗീയപ്രവർത്തനങ്ങൾ രൂക്ഷമായത്. കണ്ണൂരിൽ സംസ്ഥാന സമ്മേളനം നടന്നപ്പോൾ പിണറായി വിജയനും വി. എസും വിരുദ്ധ ചേരികളിലായി. അവിടെ വെച്ച് പിണറായി പക്ഷവും വി.എസ് പക്ഷവും രൂപം കൊണ്ടു. പിന്നീട് നടന്ന മലപ്പുറം സമ്മേളനത്തിൽ പിണറായി ആധിപത്യം ഉറപ്പിച്ചു. പിന്നീട് നടന്ന കോട്ടയം, തിരുവനന്തപുരം സമ്മേളനങ്ങളിൽ അതാവർത്തിച്ചു.ആലപ്പുഴ എത്തിയപ്പോൾ അത് പൂർണമായി.വി.എസിന്റെ സ്വന്തം ചേരിയിലുണ്ടായിരുന്നവർ ഭൂരിഭാഗവും മറുകണ്ടം ചാടി.
പാർട്ടിയിലും പൊതുസമൂഹത്തിലും ആരോഹണാവരോഹണങ്ങളുടെ ചരിത്രമാണ് വി.എസിന്റേത്. തനിക്കു ഉൾകൊള്ളാൻ കഴിയാത്ത പാർട്ടി തീരുമാനങ്ങളെ പരസ്യമായി വെല്ലുവിളിക്കുകയും ശാസന വരുമ്പോൾ ഏറ്റുവാങ്ങുകയും ചെയ്യുന്ന ആളാണ് വി.എസ്. ടി.പി. ചന്ദ്രശേഖരൻ വധക്കേസിൽ സ്വീകരിച്ച പരസ്യനിലപാടുകൾ പാർട്ടിയിൽ പൂർണമായി ഒറ്റപ്പെടുത്തിയെങ്കിലും പൊതു സമൂഹത്തിൽ അദ്ദേഹത്തിനുള്ള വിശ്വാസ്യത കൂടാൻ കാരണമായി. പാർട്ടിയിൽ ചേർന്ന കാലം മുതൽക്കേ ഈ ആരോപണം അദ്ദേഹത്തെ പിന്തുടരുന്നു.പാർട്ടിയുടെ പ്രഖ്യാപിത നയങ്ങൾക്കെതിരെ നിലകൊണ്ടതിന് പിന്നീട് പലവട്ടം വി.എസ് ശാസിക്കപ്പെട്ടു. പാലക്കാട് സമ്മേളനത്തിലെ പ്രസിദ്ധമായ വെട്ടിനിരത്തലിന്റെ പേരിൽ വിമർശന വിധേയനായി. 1985ൽ പി.ബി അംഗമായ വി. എസിനെ വിഭാഗീയതയുടെ പേരിൽ അച്ചടക്കനടപടിയുടെ ഭാഗമായി 2009ൽ പി.ബിയിൽ നിന്നൊഴിവാക്കി. പിന്നീട് നടന്ന കോഴിക്കോട്ടെ പാർട്ടി കോൺഗ്രസിൽ തിരിച്ചെടുക്കുമെന്ന് സൂചന ഉണ്ടായിരുന്നെങ്കിലും നടന്നില്ല. ഇപ്പോൾ കേന്ദ്രകമ്മിറ്റി അംഗമായി അദ്ദേഹം തുടരുകയാണ്. ജീവിച്ചിരിക്കുന്ന കമ്യൂണിസ്റ്റുകാരിൽ തലമുതിർന്നയാളായ വി.എസ്. അടുത്ത കാലത്ത് തുടരെ തുടരെ പാർട്ടിയിൽനിന്ന് ശാസന ഏറ്റുവാങ്ങി. കോൺഗ്രസ് നേതാവ് എ കെ ആന്റണി സി പി എം നെറികെട്ട പാർട്ടിയെന്ന് പരിഹസിച്ചപ്പോൾ “ചില തന്തയില്ലാത്തവർ അങ്ങനെയും പറയും”എന്നായിരുന്നു മറുപടി. പ്രതിഷേധം ഉയർന്നെങ്കിലും വി.എസ്.പ്രസ്താവന പിൻവലിച്ചില്ല. വിശ്വാസ്യത ഇല്ലാത്തതിന് തന്തയില്ലായ്മ എന്നാണ് പറയുക എന്നായിരുന്നു വി.എസിന്റെ വിധിന്യായം. പല തവണ പാർട്ടിശാസനക്ക് വിധേയനായിട്ടും സ്വന്തം നിലപാടുകൾ പരസ്യമായി പ്രകടിപ്പിക്കുന്നതിൽ നിന്നും ഇത് വരെ വി.എസിനെ മാറ്റിയെടുക്കാൻ പാർട്ടിക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. ഷൊർണൂർ എംഎൽഎ പി കെ ശശിക്കെതിരെ ലൈംഗികാരോപണം ഉയർന്നു.പാർട്ടി സസ്‌പൻഡ് ചെയ്തെങ്കിലും കൂടുതൽ ശിക്ഷ വേണമെന്നാണ് വി.എസിന്റെ നിലപാട്.
പരുക്കനും കർക്കശക്കാരനും വിട്ടുവീഴ്ചയില്ലാത്തവനുമായി അറിയപ്പെടുന്ന ഈ നേതാവ് പൊതുജനങ്ങൾക്ക് അഭിമതനാകുന്നത് 2001-2006 കേരളാ നിയമസഭയിൽ അദ്ദേഹം പ്രതിപക്ഷ നേതാവ് ആയതോടുകൂടിയാണ്. ഇക്കാലത്ത് ഒട്ടനവധി വിവാദങ്ങളിൽ അദ്ദേഹം എടുത്ത നിലപാടുകൾ സാധാരണജനങ്ങളുടെ ആഗ്രഹങ്ങൾക്ക് അനുസൃതമായിരുന്നു. മതികെട്ടാൻ വിവാദം, പ്ലാച്ചിമട വിവാദം, കിളിരൂർ പെൺവാണിഭ കേസ്, മുൻമന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി ഉൾപ്പെട്ട ഐസ്ക്രീം പാർലർ പെൺവാണിഭ കേസ് മുതലായവയിൽ അദ്ദേഹത്തിന്റെ തുറന്ന നയം സ്വന്തം പാർട്ടിയിലെ ഒരു വിഭാഗം ഉൾപ്പെടുന്ന ഒരു ന്യൂനപക്ഷത്തിന്റെ എതിർപ്പേറ്റുവാങ്ങിയെന്ന് ആരോപണമുണ്ടെങ്കിലും പൊതുജനങ്ങൾക്ക് പൊതുവേ സുരക്ഷിതത്വ ബോധം പകരുന്നതായിരുന്നു. മുഖ്യമന്ത്രിയായതിനു ശേഷം 2007ൽ മുന്നാറിൽ അച്യുതാനന്ദന്റെ നേതൃത്വത്തിൽ നടന്ന സർക്കാർ ഭൂമി കയ്യേറ്റം ഒഴിപ്പിക്കൽ നടപടി ഏറെ പ്രശംസ പിടിച്ചു പറ്റിയെങ്കിലും, ചില കേന്ദ്രങ്ങളിൽ നിന്നുണ്ടായ എതിർപ്പുകളെ തുടർന്ന് പാതി വഴിയിൽ ഉപേക്ഷിക്കേണ്ടി വന്നത് വിമർശനങ്ങൾക്ക് ഇടയാക്കി
സമരത്തിന് ഇടവേളകളില്ല, കേരള വികസന സങ്കല്‍പ്പങ്ങള്‍, ഇടപെടലുകള്‍ക്ക് അവസാനമില്ല തുടങ്ങിയവ അദ്ദേഹത്തിന്റെ പുസ്തകങ്ങളാണ്.
ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടിയുടെ പിറവിക്ക് ഇന്ന് 100
ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടി ഇന്നേക്കു 100 വർഷങ്ങൾ പൂർത്തിയാക്കുന്നു. 1920 ഒക്ടോബർ 17-ന് സോവിയറ്റ് യൂണിയനിലെ (ഇന്ന് ഉസ്ബെക്കിസ്ഥാനിൽ സ്ഥിതി ചെയ്യുന്നു) താഷ്കന്റിൽ വെച്ച് രൂപീകൃതമായത് മുതൽ, 1964 ഒക്ടോബർ 31-ലെ സി.പി.ഐ. (എം) രൂപീകരണത്തിന് ഇടയാക്കിയ പിളർപ്പ് വരെയുള്ള കാലഘട്ടത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ എന്ന രാഷ്ട്രീയ കക്ഷിയെ വിശേഷിപ്പിക്കുവാൻ ഇന്നുപയോഗിക്കുന്ന നാമമാണ് അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടി എന്നത്. അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ രൂപീകരണ തീയതിയെ കുറിച്ച് പലവിധ തർക്കങ്ങൾ നിലനിൽക്കുന്നുണ്ട്. സി.പി.ഐ.-യുടെ നിലപാട് പ്രകാരം 1925-ൽ കാൺപൂരിൽ വെച്ചാണ് അവിഭക്ത സി.പി.ഐ. രൂപീകൃതമായത് എന്നാണ്. എന്നാൽ സി.പി.ഐ.(എം)-ന്റെ നിലപാടാകട്ടെ, 1920-ൽ താഷ്കന്റിൽ വെച്ചാണ് സംഘടന രൂപീകരിച്ചതെന്നും.
ചരിത്രയാത്ര
ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടി രൂപീകരിച്ചത് 1920 ഒക്ടോബർ 17 ന്. എം.എൻ.റോയിയുടെ നേതൃത്വത്തിൽ സോവിയറ്റ് യൂണിയനിലെ താഷ്കൻ്റ് നഗരത്തിലാണ് സിപിഐ പിറന്നത്. എസ്.വി.ഘാട്ടെയായിരുന്നു ആദ്യ ജനറൽ സെക്രട്ടറി (1925-33)
പാർട്ടി കേരളത്തിലും
1939 ഒക്ടോബർ 13 ന് പിണറായി പാറപ്രം സമ്മേളനത്തിൽ കേരളത്തിലെ കമ്യൂണിസ്റ്റ് പാർട്ടി നിലവിൽ വന്നു.
പുന്നപ്ര-വയലാർ സമരം
1946 ഒക്ടോബർ 24-27 ദിവാൻ്റെ പട്ടാളവും തൊഴിലാളികളും തമ്മിൽ ഏറ്റുമുട്ടി. വെടിവെയ്പ്പുകളിൽ നിരവധിപ്പേർ മരണപ്പെട്ടു.
ലോക്സഭയിലെ മുഖ്യപ്രതിപക്ഷം
1952 ഏപ്രിൽ 17 ഒന്നാം ലോക്സഭയിലെ മുഖ്യപ്രതിപക്ഷം സിപിഐ. എ.കെ.ഗോപാലൻ ലോക്സഭയിലെ ആദ്യ അനൗദ്യോഗിക പ്രതിപക്ഷ നേതാവ്
ബാലറ്റിലൂടെ ഭരണത്തിൽ
1957 ഏപ്രിൽ 5 ന് ഏഷ്യയിൽ ആദ്യമായി കമ്യൂണിസ്റ്റ് പാർട്ടി ബാലറ്റിലൂടെ അധികാരമേറ്റു. ഇ.എം.എസ്. കേരള മുഖ്യമന്ത്രിയായി അധികാരമേറ്റു.
കമ്യൂണിസ്റ്റ് പാർട്ടി പിളർന്നു
1964 ഏപ്രിൽ 11 കമ്യൂണിസ്റ്റ് പാർട്ടി പിളർന്നു. സിപിഐ(എം) രൂപീകരിച്ചു.
അച്യുതമേനോൻ കേരള മുഖ്യമന്ത്രി
1969 നവംബർ ഒന്ന് കോൺഗ്രസ് പിന്തുണയോടെ സിപിഐ നേതാവ് സി.അച്യുതമേനോൻ കേരള മുഖ്യമന്ത്രി. തുടർച്ചയായി 7 വർഷം മുഖ്യമന്ത്രി പദത്തിൽ.
ബംഗാളിൽ ചരിത്രവിജയം
1977 ജൂൺ 21 പശ്ചിമ ബംഗാളിൽ സിപിഎം ഭരണം പിടിച്ചു. ജ്യോതി ബസു മുഖ്യമന്ത്രി.
ത്രിപുരയിലും ഭരണം
1978 ജനുവരി 5 ത്രിപുരയിലും സിപിഎം അധികാരത്തിൽ. നൃപൻ ചക്രവർത്തി മുഖ്യമന്ത്രി.
ഗൗരിയമ്മയെ പുറത്താക്കി
1994 ജനുവരി ഒന്ന് കെ.ആർ.ഗൗരിയമ്മയെ സിപിഎമ്മിൽ നിന്നു പുറത്താക്കി.
ചരിത്രപരമായ മണ്ടത്തരം(സി പി എം)
1996 ൽ ഇന്ത്യൻ പ്രധാനമന്ത്രി പദം ജ്യോതി ബസുവിന് ക്ഷണം. വാഗ്ദാനം പാർട്ടി നിരസിച്ചു. ചരിത്രപരമായ മണ്ടത്തരം എന്നാണ് പിന്നീട് ഈ തീരുമാനത്തെ വ്യാഖ്യാനിച്ചത്.
ബംഗാളിൽ അധികാരത്തിൽ നിന്ന് പുറത്തായി
2011 മേയ് 13 പശ്ചിമബംഗാളിൽ സിപിഎം അധികാരത്തിൽ നിന്ന് പുറത്തായി. തുടർച്ചയായ 34 വർഷത്തെ സിപിഎം ഭരണത്തിനു വിരാമം.
കോസ്മിക്‌വർഷം
സൂര്യൻ അതുൾക്കൊള്ളുന്ന താരാപഥമായ ക്ഷീരപഥത്തെ ഒരു പ്രാവശ്യം പ്രദക്ഷിണം ചെയ്യാനെടുക്കുന്ന കാലഘട്ടത്തെയാണ് കോസ്മിക് (galactic year, GY) വർഷം എന്ന് പറയുന്നത്. ഇത് 250 ദശലക്ഷം വർഷങ്ങൾക്ക് തുല്യമാണ്. സൂര്യൻ ക്ഷീരപഥത്തെ ഒന്നു ചുറ്റിവരാൻ 250 ദശലക്ഷം നമ്മുടെ വർഷങ്ങൾ എടുക്കും എന്നർത്ഥം. അത് സൂര്യന്റെ ഒരു വർഷമായി കണക്കാക്കിയാൽ സൂര്യന് ഇപ്പോൾ 20 വയസ്സു പ്രായം! ഏതാണ്ട് 1370 കോടി വർഷം മുൻപാണ്, പ്രപഞ്ച ഉൽപത്തിയെക്കുറിച്ച് വിവരിക്കുന്ന മഹാവിസ്ഫോടനം സംഭവിച്ചതെന്ന് ശാസ്ത്രം അംഗീകരിക്കുന്നു. കോസ്മിക് കലണ്ടർ പ്രകാരം ഒരു സെക്കന്റ് 438 (437.5) ഒരു ദിവസം എന്നത് 37843200 വർഷങ്ങളായും ഒരു വർഷം എന്നത് 13812768,000 (1370) എന്നും കരുതുന്നു (കോസ്മിക് വർഷത്തിൽ ഒരു സെക്കന്റ് എന്നത് 438 വർഷങ്ങൾ എടുക്കും ആകാൻ, ആ കണക്കുവെച്ച് 15.8 ലക്ഷം വർഷങ്ങൾ ചേരുന്നതാണ് ഒരു മണിക്കൂർ. 3.78 കോടി വർഷങ്ങൾ ചേർന്നാലാണ് ഒരു ദിവസം ആവുക.)
ഇനി ഈ കണക്കു നോക്കൂ:
- 0 GY: സൂര്യന്റെ ജനനം
- 4 GY: ഭൂമിയിൽ സമുദ്രങ്ങളുടെ ആവിർഭാവം
- 5 GY: ഭൂമിയിൽ ജീവൻ പ്രത്യക്ഷപ്പെടുന്നു
- 6 GY: പ്രോകാര്യോട്ടുകൾ പ്രത്യക്ഷപ്പെടുന്നു.
- 7 GY: ബാക്ടീരിയ പ്രത്യക്ഷപ്പെടുന്നു
- 10 GY: സ്ഥിര വൻകരകൾ രൂപപ്പെടുന്നു
- 13 GY: യൂകാര്യോട്ടുകൾ പ്രത്യക്ഷപ്പെടുന്നു
- 16 GY: ബഹുകോശ ജീവികൾ രൂപപ്പെടുന്നു
- 17.8 GY: കമ്പ്രിയൻ സ്ഫോടനം (പലവിധത്തിലുള്ള സങ്കീർണ്ണമായ ജൈവഘടനയോടുകൂടിയ ജീവികളുടെ ആവിർഭാവം)
- 19 GY: ഭൂമിയിലെ വലിയൊരു വിഭാഗം ജീവജാലങ്ങൾ അപ്രത്യക്ഷമാകുന്നു
- 19.6 GY: കേ – ടി വംശനാശം (ചെറിയ കാലഘട്ടത്തിനുള്ളിൽ വീണ്ടും നല്ലൊരു ഭാഗം ജന്തുസസ്യജാലങ്ങളുടെ അപ്രത്യക്ഷമാകൽ)
- 19.999 GY: മനുഷ്യന്റെ രംഗപ്രവേശം; ദൈവത്തിന്റേയും!!
- 20 GY: നിലവിവിൽ
പ്രപഞ്ചത്തിന്റെ പ്രായം കേവലം ഒരു വർഷം മാത്രമായി കരുതുകയും, അതായത് ഡിസംബർ 31 രാത്രി 12 മണിക്ക് സൃഷ്ടിക്കപ്പെടുകയും അടുത്ത വർഷം ഡിസംബർ 31 രാത്രി 12 മണിക്ക് പ്രപഞ്ചം ഇന്നുള്ള അവസ്ഥയിൽ എത്തിച്ചേരുകയും ചെയ്തു എന്ന് കരുതുകയും ചെയ്യുന്നു. കോസ്മിക് കലണ്ടർ പ്രകാരം പ്രപഞ്ച ഉൽപത്തി മുതലുള്ള 365 ദിവസത്തിലെ ഒരു സെക്കന്റ് ഏകദേശം 438 വർഷങ്ങൾക്ക് സമമാണ്. “The Dragos of Eden” എന്ന പുസ്തത്തിലൂടെ ഈ കാലയളവിനെ പെട്ടെന്ന് മനസ്സിലാക്കുന്നതിന് വേണ്ടി കാൾ സാഗൻ ആണ് ഈ ആശയം മുന്നോട്ടുവച്ചത്.
നമ്മുടെ താരാപഥത്തിലെ ക്ഷീരപഥത്തിലെ നൂറുകണക്കിന് ബില്യൺ നക്ഷത്രങ്ങളിൽ ഒന്നാണ് സൂര്യൻ. താരാപഥം വാതക ഇന്റർസ്റ്റെല്ലാർ മീഡിയം, ന്യൂട്രൽ അല്ലെങ്കിൽ അയോണൈസ്ഡ്, ചിലപ്പോൾ ആറ്റങ്ങളുടെ തന്മാത്രകൾ, പൊടി എന്നിവകൊണ്ടുള്ള സാന്ദ്രമായ വാതക മേഘങ്ങളിലേക്ക് കേന്ദ്രീകരിച്ചിരിക്കുന്നു. എല്ലാ വസ്തുക്കളും – വാതകം, പൊടി, നക്ഷത്രങ്ങൾ – ഗാലക്സി തലം ലംബമായി ഒരു കേന്ദ്ര അക്ഷത്തിന് ചുറ്റും കറങ്ങുന്നു. ഭ്രമണം മൂലമുണ്ടാകുന്ന അപകേന്ദ്രബലം ഗുരുത്വാകർഷണബലത്തെ തുലനം ചെയ്യുന്നു, ഇത് എല്ലാ വസ്തുക്കളെയും കേന്ദ്രത്തിലേക്ക് ആകർഷിക്കുന്നു.
താരാപഥത്തിലൂടെ സൂര്യന്റെ ഭ്രമണപഥത്തിന്റെ വൃത്തത്തിനുള്ളിൽ പിണ്ഡം സ്ഥിതിചെയ്യുന്നത് സൂര്യന്റെ പിണ്ഡത്തിന്റെ 100 ബില്ല്യൺ ഇരട്ടിയാണ്. സൂര്യൻ പിണ്ഡത്തിന്റെ ശരാശരി ആയതിനാൽ, താരാപഥത്തിൽ 100 ബില്ല്യൺ നക്ഷത്രങ്ങൾ ഡിസ്കിനുള്ളിൽ ഉണ്ടെന്ന് ജ്യോതിശാസ്ത്രജ്ഞർ നിഗമനം ചെയ്തിട്ടുണ്ട്.
ഗാലക്സിയിലെ എല്ലാ നക്ഷത്രങ്ങളും ഒരു ഗാലക്സി കേന്ദ്രത്തിന് ചുറ്റും കറങ്ങുന്നു, പക്ഷേ ഒരേ കാലയളവിലല്ല. മധ്യത്തിലുള്ള നക്ഷത്രങ്ങൾക്ക് ദൂരത്തിൽ കുറഞ്ഞ കാലയളവു മതി. താരാപഥത്തിന്റെ പുറം ഭാഗത്താണ് സൂര്യൻ സ്ഥിതിചെയ്യുന്നത്. താരാപഥ ഭ്രമണം മൂലം സൗരയൂഥത്തിന്റെ വേഗത സെക്കന്റിൽ 220 കിലോമീറ്ററാണ്. ക്ഷീരപഥത്തിലെ നക്ഷത്രങ്ങളുടെ ഡിസ്ക് ഏകദേശം 100,000 പ്രകാശവർഷം അകലെയാണ്, സൂര്യൻ താരാപഥകേന്ദ്രത്തിൽ നിന്ന് 30,000 പ്രകാശവർഷം അകലെയാണ്. 30,000 പ്രകാശവർഷം ദൂരവും സെക്കൻഡിൽ 220 കിലോമീറ്റർ വേഗതയും അടിസ്ഥാനമാക്കി, 225 ദശലക്ഷം വർഷത്തിലൊരിക്കൽ ക്ഷീരപഥത്തിന്റെ മധ്യഭാഗത്ത് സൂര്യന്റെ ഭ്രമണപഥം. ഈ സമയത്തെ ഒരു കോസ്മിക് വർഷം എന്ന് വിളിക്കുന്നു. സൂര്യൻ 5 ബില്ല്യൺ വർഷത്തെ ജീവിതകാലത്ത് 20 തവണയിൽ കൂടുതൽ താരാപഥത്തെ പരിക്രമണം ചെയ്തു. ഗാലക്സി സ്പെക്ട്രയിലെ വരികളുടെ സ്ഥാനങ്ങൾ കണക്കാക്കിയാണ് ഈ കാലഘട്ടത്തിലെ ചലനങ്ങൾ പഠിക്കുന്നത്.
വെട്ടേറ്റ നായ!
വെട്ടുകൊണ്ടു ഗാഢമായ മുറിവേറ്റ പട്ടികൾ, പൂച്ചകൾ, പശുക്കൾ ഒക്കെ തെരുവിൽ അലയുന്നതു കാണുമ്പോൾ ഒരു സങ്കടമാണ്. എത്ര നിർഭാഗ്യകരമായിരിക്കും അവയുടെ ജീവിതം; എന്തുമാത്രം വേദന!! വൃത്തിഹീനമായ സാഹചര്യത്തിൽ മുറിവുകൾ വലുതായി, നടക്കാനാവാതെ ഇഴഞ്ഞും വിലപിച്ചും മരണത്തെ കാത്തിരിക്കുന്ന മൃഗങ്ങൾ എവിടെയൊക്കെ കാണും… ഇവറ്റെയെ വഴിയോരത്തു കണ്ടാൽ ഒരു രണ്ടുമൂന്നു ദിവസത്തെ നല്ലമൂഡു പോയിക്കിട്ടും.
വടിവാൾ വെട്ടിനാലോ വെട്ടുമഴുവിനാൽ കഴുത്തുവെട്ടിയോ കൊല്ലുന്ന കണ്ണൂർമോഡൽ പാതകങ്ങൾ, മതാന്ധതയാൽ തലയറുത്തെടുത്ത് ദൈവരാജ്യം കാംക്ഷിക്കുന്ന ISIS തീവ്രവാദികളുടെ ക്രൂരതകൾ, വയറ്റിലുള്ള പിഞ്ചുകുഞ്ഞിനെവരെ ശൂലമുനത്തുമ്പിൽ കോർക്കുന്ന രാമരാജ്യകാംക്ഷികൾ, കാമുകനുവേണ്ടി ഭർതാവിനെ കൊല്ലാൻ കൊടുക്കുന്ന ഭാര്യമാർ, രഹസ്യവേഴ്ചയ്ക്കായി പിചുകുഞ്ഞുങ്ങളെ കടലിലെറിഞ്ഞു കൊല്ലുന്നവർ… ഇവയൊക്കെയും ചുറ്റുപാടുകളിൽ ആവർത്തിക്കുന്നതു കണ്ട് മൃഗങ്ങളെ കാണുമ്പോൾ അതൊന്നും ഒന്നുമല്ലെന്നാണു തോന്നുന്നു – അധികം വേദനയനുഭവിക്കാതെ അവരൊക്കെയങ്ങ് മരിച്ചു പോവുമല്ലോ!
മരണമെന്നത് അല്പം നേരത്തേ വന്നെത്തിയെന്ന ഒരു ദൗർഭാഗ്യം മാത്രം മരിച്ചവർക്കുള്ളൂ! മരണം കാത്തിരിക്കുന്ന മൃഗങ്ങളുടെ അവസ്ഥ അതല്ലല്ലോ. ഏതോ കുലദ്രോഹി കണ്ണുകൾ ചൂഴ്ന്നെടുത്ത് ഒരു പട്ടിയെ ഇന്നലെ തെരുവിൽ ഉപേക്ഷിച്ചതു കണ്ടു. വെട്ടിയതാണത്! അതിന്റെ മരണവേദനെയെ വിശദീകരിക്കുന്നില്ല 🙁 മനുഷ്യർക്കു മാത്രമേ ഇത്തരം ക്രൂരതകൾ ചെയ്യാനാവൂ!! മനുഷ്യരെയാണിങ്ങനെ ചെയ്തതെങ്കിൽ കൂടി അവനു വേദനയെന്തെന്നു പോലും അറിയാതെ കിടക്കാനുള്ള ആശുപത്രികൾ എമ്പാടുമുണ്ട്. പെട്ടന്ന് മുറിവുണങ്ങാനുള്ള മരുന്നുകൾ ഉണ്ട്! പക്ഷേ, ആ നായയ്ക്കോ!! അതിന്റെ ഇന്നും നാളെയും മറ്റന്നാളുമൊക്കെ എങ്ങനെയായിരിക്കും? എവിടുന്നതിനു ഭക്ഷണം ലഭിക്കും!! ലഭിച്ചാൽ തന്നെ തിന്നാനാവുമോ എന്തോ!! മരണം മാത്രമായിരിക്കണം അതിനുള്ള ഏകവഴി! പക്ഷേ, അതിനായി സ്വയം പട്ടിണികിടന്ന് ഓടയിലത് എത്രനാൾ കിടക്കേണ്ടി വരും!!
വിശ്വാസം അതല്ലേ എല്ലാം
പണ്ടൊക്കെ ദൈവവിശ്വാസമെന്നത്, ആത്മാർത്ഥതോടെയും ഭയഭക്തിബഹുമാനത്തോടെയും ആൾക്കാർക്കുള്ള പരിപൂർണ വിശ്വാസത്തോടെ ചെയ്യുന്നൊരു കർത്തവ്യമായിരുന്നു. അവർക്കുറപ്പുണ്ട്, ദൈവമെന്നൊരു ബിംബം ഉണ്ട്, അതു സത്യമാണ്. ഞാനെന്തുപറഞ്ഞാലും ആ ദൈവം കേൾക്കും, രക്ഷിക്കും ആശ്വസിക്കും പ്രശ്നപരിഹാരത്തിനു സഹായിക്കും എന്നൊക്കെ. അഥവാ സാധിക്കാതെ വന്നാൽ തന്നെ അത് എന്റെ കുറ്റം കൊണ്ടുമാത്രമാണെന്നോ, അ;;എങ്കിൽ ഇതിനായി ഞാൻ ബന്ധപ്പെട്ടവരുടെ കൊറ്റം കൊണ്ടെന്നോ അവർ കരുതും, നന്നായി പ്രാർത്ഥിച്ചിരുന്നേൽ രക്ഷപ്പെട്ടേനെ – അടുത്ത തവണ നോക്കണം എന്നും സമാശ്വസിക്കും. അതുകൊണ്ടുതലന്നെ എല്ലാറ്റിനും അവർക്കു ദൈവങ്ങളുണ്ടായിരുന്നു. വ്യത്യസ്ഥ തലകൾക്ക് പാകമായ വിവിധ തരത്തിലുള്ള തൊപ്പികൾ പോലെ പലതുണ്ട് ദൈവങ്ങളവർക്ക്. ചടുലവും ക്ഷിപ്രകോപിയും ഭദ്രകാളിയെ പേലെയുള്ളതും പ്രണയിക്കാനും സ്നേഹിക്കാനും ആയി ശ്രീകൃഷ്ണനും താരാട്ടുപാടുമ്പോൾ ഉണ്ണിക്കണനാവാനും ഭാഗ്യലക്ഷ്മിയും ഐശ്വര്യലക്ഷ്മിയും ശൂഭാരംഭത്തിനു ദോഷങ്ങൾ തീർത്ത് മംഗളകരമായി ഒരു കാര്യം തുടങ്ങാൻ ഗണപതിയും ഒക്കെയായി സകല വികാരങ്ങൾക്കും ദൈവമുണ്ട്.
സങ്കടം വരുമ്പോഴും സന്തോഷം വരുമ്പോഴും അവർ ആദ്യം ഓർക്കുന്നതും, സഹായം അഭ്യർത്ഥിക്കുന്നതും, തന്റെ സന്തോഷത്തിന്റെ ഒരംശം നേർച്ചയിലൂടെ ദൈവപാദത്തിൽ അർപ്പിക്കുന്നതും ആദ്യം അവർക്കണ്. ദൈവമില്ലെന്ന് അവർക്ക് ഒരുതരത്തിലും ഉൾക്കൊള്ളാനാവില്ലായിരുന്നു. ലക്ഷോപലക്ഷ ജനങ്ങൾക്കിടയിലും ലക്ഷണം കെട്ടത് ഒന്നോ രണ്ടോ എന്നപോലെ അപ്വാദങ്ങൾ ഇവർക്കിടയിലും ഏറെയുണ്ട്. ദൈവനിഷേധികളായവർ തലങ്ങും വിലങ്ങും നടക്കാറുമുണ്ട്. അവർക്കൊരു വീഴ്ചവരുമ്പോൾ വിശ്വാസികൾ ദൈവത്തിന്റെ മഹത്വത്തെ വാഴ്ത്തുക തന്നെ ചെയ്യും; ദൈവദോഷം കൊണ്ടാണവന് അങ്ങനെ സംഭവിച്ചത് എന്നവർ പറയുകയും ചെയ്യും. ഇന്നുള്ളവർക്ക് ഭക്തിയില്ല; ദൈവം ഇല്ല എന്നവർക്ക് നല്ല ധാരണയും ഉണ്ട്. എന്നാലും എല്ലാവരും തൊഴുതു പ്രാർത്ഥിക്കുമ്പോൾ ഞാനെങ്ങനെ മാറി നിൽക്കും എന്നതാണു പ്രധാന വിശ്വാസമിവർക്ക്. ചിലപ്പോൾ ദൈവം ഉണ്ടാവുമോ? ഏയ്, ഇത്രേം പഠിച്ച ഞാനങ്ങനെ വിശ്വസിക്കുന്നത് ശരിയല്ല; ന്നാലും എന്തോ ഒരു ശക്തി ഉണ്ട്… ഇങ്ങനെ അതുമല്ല ഇതുമല്ല എന്ന രീതിയിൽ കരുതുന്നവരും ഉണ്ട്.
ദൈവങ്ങൾ അന്നേത്തെ പോലെ ഇന്നും ഉണ്ട്. അവർ കാമുകരായും കോപിഷ്ടരായ കാളിയേപോലെയും ശൈവതാണ്ഡവമാടിയും പ്രണയാന്വിതനും കാമലോലുപനുമായി ശ്രീകൃഷ്ണനായും കുട്ടിത്തം വിളയാടുന്ന ഉണ്ണിക്കണ്ണനായും ഐശ്വര്യം നിറയ്ക്കുന്ന ദേവിയായും സൈന്ദര്യത്തിന്റെ മറുപേരായും ആശ്വാസത്തിന്റെയും അറിവിന്റേയും നിറകുംഭമായി നമ്മോടൊപ്പമവരുണ്ട്. നമ്മുടെ പങ്കാളിയോ കൂട്ടുകാരോ ആയി അവർ നമ്മോടൊപ്പം എന്നുമുണ്ട്. ഒരുമണിക്കൂർ നേരം ഒരുമിച്ചു കഴിഞ്ഞാൽ നമുക്കവരെ കണ്ടെത്താനാവും, ആശ്വാസിപ്പിക്കാനും സന്തോഷിപ്പിക്കാനും പ്രണയിക്കാനും കാമിക്കാനും തന്റെ ഒപ്പമുണ്ടാവും എന്ന വിശ്വാസം തന്നെയാണു പ്രധാനം എന്നുണ്ട്. ദൈവം ഉണ്ടെന്നു കരുതും പോലെ തന്നെ അതിനൊരു ഓപ്പോസിറ്റ് വേർഷനും ഉണ്ടെന്നു പണ്ടുള്ളവർ കരുതിയിരുന്നല്ലോ, യക്ഷി, ഭൂത, പ്രേത, പൈശാചിക രൂപങ്ങൾ അന്നുണ്ടായിരുന്നു. അവറ്റകൾ ഇന്നുമുണ്ട്. തന്റെ പ്രിയപ്പെട്ടവരെ കഴുത്തറുത്ത് രക്തം കുടിക്കാൻ മാത്രം ഭീകരരൂപികളായി അവരും കറങ്ങി നടപ്പുണ്ട്. അവർക്കു വേണ്ടതു പണമാവാം; തന്റെ കാമലീലകൾക്കൊരു ബിംബത്തെയാവാമ്ല് അധികാരമാവാം…
ആരെ തിരിച്ചറിയണം, എങ്ങനെയറിയും എന്ന തിരിച്ചറിവ് കേവലമൊരു നിമിഷം കൊണ്ടുണ്ടാവുന്നതല്ല. ഒരുപാടുകാലങ്ങളായി അറിയുമെങ്കിൽ നമുക്ക് നമുക്കു ചുറ്റുമുള്ളവരെ തിരിച്ചറിയാൻ പറ്റും. ആ തിരിച്ചറിവായിരിക്കും ഈ ചെറുജീവിതം ഹൃദ്യമാക്കാൻ നമുക്കുകിട്ടുന്ന അനുഗ്രഹവും. ഒളിച്ചുവെയ്ക്കാതെ പച്ചയ്ക്കു ദൈവസന്നിദ്ധിയിലെന്ന പോലെ മനസ്സു തുറന്നു പറയാൻ നമ്മെ പ്രേരിപ്പിക്കുമെങ്കിൽ ആ അനുഗ്രഹവും ഗുണവും മരണം വരെ നമ്മോടൊപ്പം കാണും. ഇതുമാത്രമാണിന്നിന്റെ സത്യം. പരിശുദ്ധസ്നേഹമാണതിന്റെ അടിത്തറ. മറച്ചു വെച്ചുള്ള ഏതൊരു സങ്കല്പവും ദോഷത്തിലേ കലാശിക്കൂ.
ഇനി മക്കളെ നമ്മൾ പഠിപ്പിക്കേണ്ടത് ദൈവം ഉണ്ട് എന്നല്ല; നമ്മേക്കൾ അറിവും അനുഭവങ്ങളും അവർക്കു തീർച്ചയായും കൂടുതൽ ലഭിക്കും. അനുനിമിഷം ലോകം മാറിക്കൊണ്ടിരിക്കുകയാണ്. നമ്മൾ കാര്യങ്ങൾ ഗ്രഹിച്ചതിനു മുമ്പേ അവർക്കിതൊക്കെ അറിയാനാവും പറ്റും. അതുകൊണ്ടു പറയണം ഒരു കാലത്ത്, ഇത്രമാത്രം വിശാലമല്ലായിരുന്ന പഴയ കാലത്ത്, നമ്മുടെ ആൾക്കാരുടെ ഇടയിൽ ഉണ്ടായിരുന്ന ആചാരമാണിതൊക്കെ. അന്നവർക്ക് ഇതല്ലാതെ മറ്റൊന്നില്ലായിരുന്നു, ഇന്നു നമുക്കു ചുറ്റും മൊബൈലും ടീവിയും കമ്പ്യൂട്ടറും സിനിമയും ഇന്റെർനെറ്റും ഗോളാന്തരയാത്രകളും ഒക്കെയുണ്ട്. ഏതൊരറിവും ഒരു വിരൽമാത്ര ദൂരത്തിൽ നമ്മെയും കാത്തിരിപ്പുണ്ട്. നമ്മൾ പൂർവ്വികരുടെ ആചാരം തുടരുന്നു എന്നേ ഉള്ളൂ. നല്ല നല്ല പ്രാർത്ഥനകൾ ആ അർത്ഥത്തിൽ ചൊല്ലാൻ പറഞ്ഞാൽ അവരത് ചെയ്യും. അതിന്റെ അർത്ഥവ്യാപ്തി അവരുടെ മനസ്സു തെളിയിക്കും. ഇതൊന്നും പറയാതെ, വൈകുന്നേരങ്ങളിൽ വിളക്കും വെച്ച് അവരെ പ്രാർത്ഥനാനിരതരാക്കുന്നത് ശുദ്ധവിഡ്ഢിത്തം മാത്രമായിപ്പോവും. അവർ ഗൂഡമായി നമ്മെ നോക്കി ചിരിക്കും.
മങ്ങലം കളി
വടക്കേ മലബാറിലുള്ള ചില ആദിവാസി സമുദായങ്ങൾക്കിടയിൽ പ്രചാരത്തിലുള്ള നൃത്തരൂപമാണ് മങ്ങലംകളി. വിവാഹമെന്ന മംഗളകർമ്മത്തിന് ഇവർ മങ്ങലം എന്നാണു പറഞ്ഞു വരുന്നത്. വിവാഹവേളയിൽ ഇവർ പാട്ടും കളിയുമായി ഏറെ മനോഹരമായി അതു കൊണ്ടാടുന്നു. പാടുന്ന പാട്ടിന് മങ്ങലം പാട്ടെന്നും, കളികൾക്ക് മങ്ങലം കളിയുമെന്നാണു പേര്. കാസർഗോഡ് ജില്ലയിലും കണ്ണൂർ ജില്ലയിൽ ചിലയിടങ്ങളിലുമായി കണ്ടുവരുന്നൊരു വിഭാഗമാണു മാവിലർ. മലയാളവും തുളുവും കലർന്നൊരു ഭാഷയാണിവരുടേത്; ഭാഷയ്ക്കു ലിപിയില്ല. മാവിലരുടെ പ്രധാനപ്പെട്ട ആചാരങ്ങളിലൊന്നാണു മങ്ങലം കളി. ചെറുമന്മാർ, വേട്ടുവർ, ചെറവർ എന്നൊക്കെ പേരുകളിൽ അറിയപ്പെടുന്ന മലവേട്ടുവരും ഇതാഘോഷിച്ചു വരുന്നു. കാസർഗോഡ് ജില്ലയിൽ എമ്പാടും കണ്ണൂർ ജില്ലയിൽ ചുരുങ്ങിയ അളവിലും മലവേട്ടുവരെ കണ്ടുവരുന്നു. ഈ രണ്ടു സമുദായക്കാരും ചൊല്ലുന്ന പാട്ടിൽ വ്യത്യാസം ഉണ്ടെങ്കിലും കളികൾ ഒരുപോലെ തന്നെയാണുള്ളത്.
പാട്ടിന്റേയും താളത്തിന്റേയും കൂടെ സ്ത്രീപുരുഷന്മാർ വട്ടത്തിൽ നിന്ന് ആടിപ്പാടുന്ന രീതിയാണു മങ്ങലം കളി. തുടിയാണു പ്രധാന വാദ്യോപകരണം. മുരിക്ക്, പ്ലാവ് തുടങ്ങിയ മരങ്ങൾ കൊണ്ടാണിവർ പ്രധാന വാദ്യോപകരണമായ തുടി ഉണ്ടാക്കുന്നത്. വെരുക്, ഉടുമ്പ് തുടങ്ങിയ മൃഗങ്ങളുടെ തോലാണിതിനു കവചമായി മൂടിവെയ്ക്കുന്നത്. ചെണ്ടയിൽ എന്ന പോലെ വിരിഞ്ഞുകെട്ടിയ കയറുകളിലൂടെ തുടിയുടെ ശബ്ദം ക്രമീകരിക്കുവാൻ സാധ്യമാണ്. ചെറുതും വലുതുമായ ശബ്ദവിന്യാസങ്ങൾ ഇതിലൂടെ ഉണ്ടാക്കാനാവുന്നു. ആട്ടത്തിനൊത്തുള്ള ചുവടുവെയ്പ്പുകൾക്കു യോചിച്ചവിധം തുടിതാളം അവർ ക്രമീകരിച്ചിരിക്കും. ഒരു മങ്ങലം കളിക്കായി 7 തുടികളാണു പ്രധാനമായും രണ്ടുകൂട്ടരും ഉപയോഗിച്ചു വരുന്നത്. ഒരു കളിയിൽ മുപ്പതോളം വരെ ആളുകൾക്ക് ചേരാമെന്നുണ്ട്. കൂട്ടത്തിൽ വാദ്യങ്ങൾ ഉപയോഗിക്കുന്നത് ആണുങ്ങൾ മാത്രമായിരിക്കും.
കല്യാണസമയത്താണു മങ്ങലം കളിയുടെ ആവശ്യം വരിക. കുടുംബത്തിലെ കാരണവരും മൂപ്പനും മങ്ങലം കളിയുടെ അരങ്ങിൽതന്നെയുണ്ടായിരിക്കും., അവർക്കു മുമ്പിലാണു കളി അരങ്ങേറുന്നത്. കല്യാണപ്പന്തലിൽ മധ്യഭാഗത്തുള്ള തൂണിനു ചുറ്റും നിന്നാണ് ആളുകൾ കളിക്കുക. രാത്രി മുതൽ പുലർച്ച വരെയാണു മങ്ങലം കളിയുടെ സമയം. എന്നാൽ പകൽ പെണ്ണിനെ വരന്റെ വീട്ടിലേക്ക് കൊണ്ടുപോവുന്ന അവസരത്തിലും പാട്ടുപാടി നൃത്തം ചവിട്ടേണ്ടതുണ്ട്. ഇതേപോലെ, താലികെട്ടു മങ്ങലം, തിരണ്ടു മങ്ങലം, കാതുകുത്തു മങ്ങലം പോലുള്ള മറ്റു ആഘോഷങ്ങൾക്കും സമാനമായ കളികൾ ഇവർക്കുണ്ട്.
പാട്ടിന്റെ പ്രസക്തി
കല്യാണത്തെ കുറിച്ചോ വിവാഹജീവിതത്തെ കുറിച്ചോ ഒന്നുമല്ല പാട്ടിൽ പ്രതിപാദിക്കുന്നത്. അവരുടെ ജീവിതചര്യയുടെ വ്യക്തമായ പ്രതിഫലനങ്ങൾ തന്നെയാണ് ഓരോ പാട്ടുകളും. എങ്ങനെയാണ് നമ്മൾ ഇവിടെ എത്തിയത്, നമ്മൾ ആരായിരുന്നു എന്നും സൂചനകൾ നൽകുന്ന ശുദ്ധമായ ചരിത്രാഖ്യായികകളാണ് ഓരോ പാട്ടുകൾ. ആഘോഷവേളകളിൽ ഒക്കെയും തങ്ങളിൽ അടങ്ങിയ ദുഃഖസാന്ദ്രമായ ഓർമ്മകളെ അയവിറക്കി ആടുകയും പാടുകയും ചെയ്യുന്ന രീതി പൊതുവേ നമ്മുടെ സമൂഹത്തിൽ ഉണ്ടല്ലോ. ഓണവും വിഷുവും ഒക്കെ നമ്മൾ കാലാമേളകൾ കെട്ടിയാടി ആഘോഷിക്കുന്നതുപോലെ സമാനമായ രീതി തന്നെയാണിത് എന്നു കരുതാം. ഓരോ പാട്ടിനും ഓരോരോ രീതികളാണുള്ളത്. പാട്ടുമാറുമ്പോൾ തുടിതാളം മാറ്റി കൂട്ടാളികളെയത് ഓർമ്മപ്പെടുത്തുന്നുണ്ട്. ഓരോ പാട്ടും ഓരോരോ കഥകൾ തന്നെയാണു പറയുന്നത്. നമ്മൾ യഥാർത്ഥത്തിൽ ആരായിരുന്നു, ഇന്നാരാണ് എന്ന ഓർമ്മപ്പെടുത്തലാണ് പുതുജീവിതം തുടങ്ങുന്നവർക്കായി ഇവർ സമർപ്പിക്കുന്നതെന്നു പറയാം. വൈവിദ്യമാർന്ന പാട്ടുകൾ തുളുവിലും മലയാളത്തിലും ആയി ഇവർക്കു കൂട്ടിനുണ്ട്. ശുദ്ധമായ രീതിയിൽ പഠിക്കാനും വിശകലനം ചെയ്യാനും കഴിഞ്ഞിരുന്നെങ്കിൽ നമ്മുടെ ചരിത്രത്തിനു തന്നെ മുതൽക്കൂട്ടാവുന്ന കണ്ടെത്തലുകൾ ആവുമായിരുന്നു അത്..
ഇന്നത്തെ സ്ഥിതി
പ്രാചീനകാലത്തെ സാമൂഹികജീവിതത്തിന്റെ പ്രതിഫലനങ്ങളായിരുന്നു നാടൻ കലകൾ. ആചാരാനുഷ്ഠാനം, ആരാധന എന്നിവയുമായി ബന്ധപ്പെട്ട് ഉണ്ടായവയാണ് അവയിൽ മിക്കതും. സമൂഹത്തിന്റെ ഐക്യത്തെ ദൃഢീകരിക്കാനും വ്യക്തിവികാരങ്ങളുടെ സ്ഥാനത്ത് സമൂഹവികാരത്തെ പ്രതിഷ്ഠിക്കുവാനും നാടൻ കലകൾക്കു കഴിഞ്ഞിരുന്നു. പല നാടൻ കലകളും അടിച്ചമർത്തപ്പെട്ട അധഃസ്ഥിതന്റെ ആത്മപ്രകാശനത്തിനുള്ള ഉപാധികളായി മാറ്റപ്പെട്ടു. കല്യാണസദസ്സുകളൊക്കെയും അടുത്തുള്ള ഓഡിറ്റോറിയങ്ങൾ കൈയ്യടക്കിയപ്പോൾ, പാട്ടിന്റേയും കളികളുടേയും കാലം കഴിഞ്ഞു പോയി എന്നു പറയാം. ക്ലബ്ബുകളും മറ്റു സാംസ്കാരിക കൂട്ടായ്മകളും മങ്ങലം കളിയെ വിവിധ സദസുകളിലേക്ക് എത്തിച്ചു. മങ്ങലംകളിയുടെ നൈർമല്യം നഷ്ടമായെങ്കിലും ഇന്നലകളുടെ ഓർമ്മപ്പെടുത്തലുകളായി അവ ഈ വഴിയെങ്കിലും നിലനിൽക്കുന്നുവെന്നു സമാധാനിക്കാനാവും.
തെയ്യം, ആലാമിക്കളി, മങ്ങലം കളി പോലുള്ള തനതുകലകൾ സ്റ്റേജുകളിൽ അവതരിപ്പിക്കാൻ പാടില്ലെന്നു പറഞ്ഞ് ഒരുകൂട്ടർ രംഗത്തുണ്ട്; കാലങ്ങൾക്കു മുമ്പേ നിർത്തിയ കളിയാണ് അലാമിക്കളി. ഹിന്ദുമുസ്ലീം സമുദായങ്ങൾ ഒന്നുചേർന്നു നടത്തുന്ന മനോഹരമായൊരു നാട്യവിശേഷമാണിത്. കാഞ്ഞങ്ങാടിനടുത്ത് അലാമിപ്പള്ളി എന്ന സ്ഥലം തന്നെയാതിന്റെ കേന്ദ്രം. ആര്യാധിനിവേശത്തിനു കീഴ്പ്പെടാത്ത ദ്രാവിഡപ്പഴമ വിളിച്ചോതുന്ന നൂറ്റാണ്ടുകൾ പഴക്കമുള്ള സംശുദ്ധമായ അനുഷ്ഠാനരൂപങ്ങളാണു തെയ്യങ്ങൾ. ഇവ സദസുകളിലും രാഷ്ട്രീയപാർട്ടികളുടെ റോഡുഷോകളിലും അരങ്ങേറിയാൽ ആ കലാരൂപങ്ങൾ വിളംബരം ചെയ്യുന്ന മൂർത്ത സങ്കല്പങ്ങൾക്കു കോട്ടം തട്ടുമെന്നതു സത്യം തന്നെയാണ്. കാലം മാറിവരുമ്പോൾ അതിനനുസരിച്ചു പുതുക്കപ്പെടുകയാണിവ ഓരോന്നും എന്നതും മനസ്സിലാക്കേണ്ടതുണ്ട്. മങ്ങലം കളികളും ആചാരത്തിന്റെ ഭാഗമായി ഇക്കാലത്തെ എവിടേയും നടക്കാറില്ല. നാട്ടുക്കൂട്ടങ്ങളുടെ കൂട്ടായ്മകളിൽ മാത്രമായിത് ഒതുങ്ങിയിരിക്കുന്നു.