അദ്ധ്യാപകദിനം

പരിചയപ്പെടാനിടയായ ഗുരുഭൂതർക്കു പ്രണാമം…
ഒത്തിരിപ്പേരുണ്ട്…
എഴുതാൻ പഠിപ്പിച്ചവർ; പറയാൻ പഠിപ്പിച്ചവർ; ചിന്തിക്കാൻ പഠിപ്പിച്ചർ; പഠിക്കാൻ പഠിപ്പിച്ചവർ; ചിരിക്കാൻ പഠിപ്പിച്ചവർ…
പ്രണയിക്കാൻ, ജീവിക്കാൻ, പ്രകൃതിയിലേക്ക് നോക്കാൻ പഠിപ്പിച്ചവർ…
ഒട്ടേറെപ്പേർ…
അതുപോലെ തന്നെ മഹത്തരമാണ് ഗൂഗിൾ എന്ന സേർച്ച് എഞ്ചിൻ, വിക്കിപീഡിയ എന്ന അറിവിന്റെ പുസ്തകം, കൂട്ടായ്മകൾ, കൂടിച്ചേരലുകൾ…
എല്ലാവരേയും ഓർക്കുന്നു – പ്രണമിക്കുന്നു –
നിങ്ങളില്ലെങ്കിൽ എന്നിലെ ഞാനില്ലെന്ന തിരിച്ചറിവ് എന്നുമുണ്ട്.. അഭിവാദ്യങ്ങൾ…!! 😻😻 🙏 🌷🌷

അല്പം വിവരണം

അദ്ധ്യാപകരെ ആദരിക്കുന്ന ദിനം അദ്ധ്യാപകദിനമായി കണക്കാക്കി വരുന്നു. ഒക്ടോബർ 5 ആണ് “ലോക അദ്ധ്യാപകദിനമായി” യുനസ്കോയുടെ നേതൃത്വത്തിൽ ആചരിക്കുന്നതെങ്കിലും വിവിധ രാജ്യങ്ങൾ വ്യത്യസ്ത തീയതികളിൽ അവരുടെ രാജ്യങ്ങളിൽ അദ്ധ്യാപകദിനമായി ആചരിക്കുന്നു. 1961 മുതൽ ഇന്ത്യയിൽ അദ്ധ്യാപകദിനം ആചരിച്ചുവരുന്നുണ്ട്. അതിപ്രശസ്തനായ ഒരു അദ്ധ്യാപകനും ഇന്ത്യയുടെ രണ്ടാമത്തെ പ്രസിഡന്റുമായിരുന്ന ഡോ. എസ്. രാധാകൃഷ്ണന്റെ ജന്മദിനമായ സെപ്റ്റംബർ 5 ആണ് അദ്ധ്യാപകദിനമായി തിരഞ്ഞെടുത്തിട്ടുള്ളത്.

അദ്ധ്യാപകരുടെ സാമൂഹ്യസാമ്പത്തിക പദവികൾ ഉയർത്തുകയും അവരുടെ കഴിവുകൾ പരമാവധി, വിദ്യാർഥികളുടെ ഉന്നമനത്തിനായി ഉപയോഗിക്കുകയും ചെയ്യുന്നതിന് അനുകൂലമായ സാഹചര്യങ്ങൾ സൃഷ്ടിക്കുകയാണ് ഈ ദിനാഘോഷത്തിന്റെ മുഖ്യലക്ഷ്യം. ഇതോടനുബന്ധിച്ച് പൊതുയോഗങ്ങളും ചർച്ചാസമ്മേളനങ്ങളും ഘോഷയാത്രകളും സംഘടിപ്പിക്കാറുണ്ട്.

കേന്ദ്രവിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ 1962-ൽ ഒരു ദേശീയ അദ്ധ്യാപകക്ഷേമനിധി ഏർപ്പെടുത്തി. പതാകവില്പന, വിവിധ കലാപരിപാടികൾ, സിനിമാപ്രദർശനം, ലേഖനസമാഹാരപ്രസിദ്ധീകരണം എന്നിവ മുഖേന, അദ്ധ്യാപകദിനത്തിൽ ഈ നിധിയിലേക്ക് ധനശേഖരണം നടത്തുന്നു. അദ്ധ്യാപകർക്കും അവരുടെ ആശ്രിതർക്കും സാമ്പത്തികസഹായം നല്കുക, ആത്മാർത്ഥവും സ്തുത്യർഹവുമായ സേവനം അനുഷ്ഠിച്ചിട്ടുള്ള അദ്ധ്യാപകർക്ക് പെൻഷൻ പറ്റിയതിനുശേഷം സഹായധനം നല്കുക എന്നിവയാണ് ഈ ക്ഷേമനിധിയുടെ ലക്ഷ്യങ്ങൾ. വിശിഷ്ടസേവനം അനുഷ്ഠിക്കുന്ന അദ്ധ്യാപകർക്ക് നല്കപ്പെടുന്ന ദേശീയ അവാർഡും സംസ്ഥാന അവാർഡും പ്രഖ്യാപനം ചെയ്യുന്നതും അദ്ധ്യാപകദിനത്തിലാകുന്നു. സമൂഹം അദ്ധ്യാപകന്റെ ആവശ്യങ്ങളറിഞ്ഞ് പരിഹാരം കാണാൻ ശ്രമിക്കുന്നു എന്നതിന്റെ പ്രതീകമാണ് ഇത്തരം സംരംഭങ്ങൾ.

സർക്കാർ തലത്തിൽനിന്ന് ഉടലെടുത്ത ഈ നിർദ്ദേശത്തിന് ഇന്ത്യയിലെ എല്ലാ അദ്ധ്യാപകരുടെയും ബഹുജനങ്ങളുടെയും പിൻതുണ ലഭിച്ചിട്ടുണ്ട്. ഡോ. രാധാകൃഷ്ണന്റെ അനിഷേധ്യമായ വ്യക്തിമാഹാത്മ്യമാണ് ഇതിന് മുഖ്യകാരണം. ഉൽകൃഷ്ടമായൊരു മാതൃകയെ ആധാരമാക്കി നിശ്ചയിക്കപ്പെട്ട അദ്ധ്യാപകദിനം, അദ്ധ്യാപകരെ കർത്തവ്യത്തിൽ കൂടുതൽ ബോധവാന്മാരാക്കുവാൻ സഹായകമാണ്.

അസ‍ർബൈജാൻ, ബൾഗേറിയ, കാനഡ, എസ്തോണിയ, ജർമ്മനി, ലിത്വാനിയ, മാസിഡോണിയ, മാലിദ്വീപ്, മൗറിഷ്യസ്, റിപ്പബ്ലിക്ക് ഓഫ് മോൾഡോവ, നെതർലാണ്ട്, പാകിസ്താൻ, ഫിലിപ്പീൻസ്, കുവൈറ്റ്, ഖത്തർ, റൊമേനിയ, റഷ്യ, സെർബിയ, ഇംഗ്ലണ്ട് എന്നീ 19 രാജ്യങ്ങൾ സെപ്തംബർ 5 ഔദ്യോഗികമായി അദ്ധ്യാപകദിനമായി ആചരിച്ചു വരുന്നു.

ആദ്യാക്ഷരങ്ങളിൽ വിരിയുന്ന ആൾരൂപങ്ങൾ

Aatmika Writing ആദ്യാക്ഷരങ്ങളിൽ വിരിയുന്ന ആൾരൂപങ്ങൾ ആമിയെ സ്കൂളിൽ നിന്നും സ്വന്തം പേരുതന്നെ നോട്ബുക്കിൽ എഴുതിപ്പഠിപ്പിക്കാൻ തുടങ്ങിയെന്നു തോന്നുന്നു…. ഇന്നലെ രാത്രിയിൽ അവൾ പേരിന്റെ സ്പെലിങ് എങ്ങനെയാണെന്നു ചോദികുകയുണ്ടായി. ഇംഗ്ലീഷ് അക്ഷരമാലകൾ ഒരു വർഷം മുമ്പേതന്നെ പ്ലേയിങ് സ്കൂളിൽ നിന്നും പഠിച്ചിരുന്നെങ്കിലും, ഈ അക്ഷരമാല ഉപയോഗിച്ച് പേരുകൾ എഴുതാനാവും എന്നൊന്നും അവൾ അറിയില്ലായിരുന്നു. കുഞ്ഞായതിനാൽ ഞാനതു പഠിപ്പിക്കുവാൻ മെനക്കെട്ടുമില്ല. പക്ഷേ, ഇന്നലെ അവൾ അവളുടെ പേരിന്റെ സ്പെലിങ് ആദ്യമായി പറഞ്ഞപ്പോൾ തോന്നി സ്കൂളീൽ നിന്നും ഈ കലാപരിപാടി തുടങ്ങിയിട്ടുണ്ട് എന്ന്… തുടർന്ന് അവൾ എന്നോടും പേരിന്റെ സ്പെലിങ് ചോദിക്കുകയുണ്ടായി… അങ്ങനെ ആദ്യമായി അവളുടെ കുഞ്ഞറിവുകൾ വെച്ച് സ്വന്തമായി എഴുതിയ അവളുടെ പേരും, കേട്ടെഴുതിയ ഞങ്ങളുടെ പേരുകളും…

#ആത്മികായനം തുടരുന്നു..
അവളുടെ കുഞ്ഞറിവുകൾക്ക് ചെറിയ തോതിൽ വികസനം നടക്കുന്നുണ്ട്…
“അച്ഛനല്ലേ വലിയത്” ഇപ്പോൾ ചോദിച്ച ചോദ്യമായിരുന്നു…
ഞാൻ: “അതേ”

അവൾ: “അമ്മ സെക്കന്റല്ലേ”
ഞാൻ: “അതേ”

അവൾ: “ഞാൻ ചെറിയ കുഞ്ഞിയല്ലേ”
ഞാൻ: “അതേ”

അവൾ: “ഈ പേരൊക്കെ തെറ്റാണ്… ഇതിൽ അമ്മ എയ്റ്റ്, ഞാൻ സെവൻ, അച്ഛൻ സിക്സ്… ഇതെന്താ അച്ഛാ ഇങ്ങനെ??”

aatmika rajesh, Aatmika
ഞാൻ കൺഫ്യൂഷനടിച്ചു… മെല്ലെ അവളോടൊപ്പം ചേർന്നു… അവൾക്ക് വിരൽ വെച്ച് അളന്നു നോക്കി പൊക്കം പറയുന്ന ഏർപ്പാടുണ്ട്… അതുവെച്ച് ഞാനാണു മൂത്തത്… എന്റെ പൊക്കം 22 ആയിരിക്കും, ആമീസിന്റെ പൊക്കം 9 ആയിരിക്കും…. പക്ഷേ, ഇപ്പോൾ പറഞ്ഞത് മനസ്സിലാക്കാൻ പറ്റിയില്ല… നയത്തിൽ കാര്യങ്ങൾ അന്വേഷിച്ചപ്പോൾ സംഗതി അവൾ പഠിപ്പിച്ചു തന്നു!!

Manjusha എന്ന പേരിൽ 8 അക്ഷരങ്ങൾ ഉണ്ട്…
Aatmika എന്ന പേരിൽ 7 അക്ഷരങ്ങളും
Rajesh എന്ന പേരിൽ 6 അക്ഷരങ്ങളും… ഈ കണക്കായിരുന്നു അവൾ എണ്ണി തിട്ടപ്പെടുത്തിയെടുത്ത് വലിപ്പച്ചെറുപ്പങ്ങൾ കണക്കാക്കിയത്!!

കുഞ്ഞറിവുകൾക്കും പ്രാധാന്യമുണ്ട്… കുഞ്ഞല്ലേ, ബുദ്ധിവളർച്ചയെത്താതെ എന്തൊക്കെയോ പറയുന്നു എന്നു കരുതി ചിരിച്ചു തള്ളാതെ അവരോടൊപ്പം ലയിച്ചു ചേരുമ്പോളാണൊരു സുഖം!!

പാഠഭേദങ്ങളിലൂടെ ആത്മിക

aami, english letter r, lipi
ആമിയെ സംബന്ധിച്ചടത്തോളം ഞാൻ ഒന്നുമറിയാത്തവനാണ്. അവൾ സ്കൂളിൽ പോകുന്നതു തന്നെ എന്നെ പഠിപ്പിക്കുവാൻ വേണ്ടിയാണ്. ടീച്ചർ പഠിപ്പിച്ചു വിടുന്നതൊക്കെ സമയം കിട്ടുമ്പോൾ അവളെന്നെ പഠിപ്പിക്കാൻ ശ്രമിക്കുന്നു. ഇന്നത്തെ(2 September, 2017 – Saturday) പഠനം A, B, C, D അക്ഷരങ്ങളൊക്കെ സ്മോൾ ലെറ്റേർസിൽ ആയിരുന്നു. വലിയ അക്ഷരങ്ങൾ എഴുതുന്നതിൽ ഞാൻ മിടുക്കനാ…. എനിക്കതിനവൾ 10 സ്റ്റാറുകൾ തന്നിരുന്നു. നന്നായി പെർഫോം ചെയ്താൽ ടീച്ചർ ക്ലാസ്സിൽ നിന്നും ഇവൾക്ക് സ്റ്റാർ വരച്ചു കൊടുക്കും… അതിന്റെ കോപ്പി. അവളെ സ്കൂളിൽ പഠിപ്പിക്കാൻ തുടങ്ങിയിട്ട് ഒരാഴ്ച ആയതേ ഉള്ളൂ. എങ്കിലും അന്നുമുതലേ പഠിപ്പിക്കുന്നുണ്ട്.

ഇന്നവൾ എനിക്കുവേണ്ടി ആദ്യം മുതലേ അക്ഷരങ്ങൾ എഴുതിത്തന്നു. ഇടയ്ക്കൊക്കെ അവൾ ചില അക്ഷരങ്ങൾ വിട്ടു പോയിരുന്നു.
ഭാഗ്യത്തിനവൾ കൃത്യമായി എഴുതിയ അക്ഷരങ്ങൾ ഭൂരിഭാഗവും ഞാൻ മറന്നിരുന്നു, എന്നാൽ ചിലതൊക്കെ അവളും മറന്നു പോയിരുന്നു, എന്തോ ഭാഗ്യം കൊണ്ട്, അല്പം ആലോചിച്ചപ്പോൾ അവയൊക്കെയും എനിക്ക് ഓർത്തെടുക്കാനുമായിരുന്നു. അത് ശരിയാണെന്ന് അവളുടെ അംഗീകാരം കിട്ടിയാൽ പിന്നെ പ്രശ്നമില്ലല്ലോ… ഒക്കെ കഴിഞ്ഞ്, ആ എഴുതിയ പേപ്പേർസ് ഒക്കെ അവൾ കൊണ്ടു പോയി ഒളിപ്പിച്ചു വെച്ചു… എന്നിട്ട് എവിടെയും നോക്കിയെഴുതാതെ സ്വന്തമായി ആദ്യം മുതലേ എഴുതാൻ പറഞ്ഞു…

അല്പം ബുദ്ധിമുട്ടിയും ഓർമ്മയിൽ തപ്പിയും ഞാൻ ഒക്കെയും എഴുതി… എഴുതാൻ ബുദ്ധിമുട്ടുമ്പോൾ “സാരമില്ലച്ഛാ, ഒന്നുകൂടി ഓർത്ത് നോക്ക്യേ, ഞാൻ മിനിയാന്ന് ബ്ലൂ കളർ പെൻസിൽ കൊണ്ടെഴുതി കാണിച്ചില്ലേ… ആ അക്ഷരമാ…” എന്നു പറഞ്ഞ് തലയിൽ തടവി ആശ്വസിപ്പിക്കും…

r എന്നൊരക്ഷരമാണു ശരിക്കും കുടുക്കിക്കളഞ്ഞത്… അവളുടെ r എന്നത് ഇതു പോലെ തന്നെയായിരുന്നു. എന്നാൽ എന്റെ r ഫോട്ടോയിൽ ചുവന്ന മഷിയിൽ കാണുന്നതായിരുന്നു. ഞാൻ ശരിക്കും പെട്ടുപോയത് ഇവിടെയായിരുന്നു… എന്തായാലും ഇന്നു ഞാൻ തോറ്റു… r എന്ന സ്മോൾ ലെറ്റർ എഴുതാൻ ഞാൻ പഠിച്ചില്ലാത്രേ… അതൊകുണ്ട് അവൾ എനിക്ക് 10 ഇൽ 3 സ്റ്റാർ കുറച്ചിട്ടു തന്നു!! 7 സ്റ്റാർസിനാൽ തൃപ്തനാകേണ്ടി വന്നു ഇന്ന്!!

ആഹവധ്വനി

സംഗരശബ്ദങ്ങൾ ദൂരെ മുഴങ്ങുന്നു
സന്നദ്ധസേനയായ് മുന്നോട്ടടുക്ക നാം.
അന്തിയാവോളം പണിയുന്ന പാവങ്ങ-
ളഞ്ജ്നാംഭസ്സിങ്കലാപ്ലവം ചെയ്യുന്നു.

എന്തിനു പട്ടിണി കൊണ്ടു കഴിയുന്നു
എന്തിന്നു ജീവിതം പാടെയുഴലുന്നു
ജീവിതം സർവ്വദാ രോദിച്ചിടാനല്ല
കേവലം കർത്തവ്യകർമ്മത്തിനുള്ളതാം…

സംഗരശഹ്ദങ്ങൾ ദൂരെ മുഴങ്ങുന്നു
സന്നദ്ധസേനയായ് മുന്നോട്ടടുക്ക നാം!

ഇന്നു നാം കാണുന്ന മാളികയോരോന്നു-
മിന്ദ്രജാലം കൊണ്ടു പൊന്തിച്ചു ജന്മികൾ

മന്ദരാം മാനുഷർ മേടയിൽ വാഴുന്നു
യാചനം ചെയ്യുന്നു പാവങ്ങൾ വീഥിയിൽ;

നിദ്രയെ കൈവിട്ടു വേഗമുണരുവിൻ
നവ്യജഗത്തിനെ സൃഷ്ടിക്ക സത്വരം

സംഗരശബ്ദങ്ങൾ ദൂരെ മുഴങ്ങുന്നു
സന്നദ്ധസേനയായ് മുന്നോട്ടടുക്ക നാം!!

1937 ആഗസ്റ്റ് 30 നു പബ്ലിഷ് ചെയ്ത മാതൃഭൂമി ആഴ്ചപതിപ്പിലെ ബാലപംക്തിയിൽ ഇ. കെ. നായനാർ തന്റെ 19 ആം വയസ്സിൽ എഴുതിയ കവിത.
EK Nayanar, Ahavadhvani
സഖാവ് ഇ. കെ. നായനാർ – ആഹവധ്വനി

വിക്കിഡാറ്റയുടെ അനന്തസാദ്ധ്യതകള്‍

Malayalam Wikidata, Wikipediaവിക്കിപീഡിയയുടെയും ഇതര വിക്കിസംരംഭങ്ങളുടെയും വിവരശേഖരണ കേന്ദ്രമായ വിക്കിഡാറ്റയെ മലയാളിക്ക് പരിചയപ്പെടുത്താന്‍ വിക്കി സമൂഹം അവസരമൊരുക്കുന്നു. “വിക്കിഡാറ്റയുടെ അനന്തസാദ്ധ്യതകള്‍” എന്ന വിഷയത്തില്‍ ആഗസ്റ്റ് 30, 31 തീയതികളില്‍ എറണാകുളം ഇടപ്പള്ളയിൽ ഐ.ടി.@സ്കൂളിന്റെ റീജിയണല്‍ റിസോഴ്സ് സെന്റര്‍ നടക്കുന്ന പരിശീലനം ആഗോള വിക്കിമീഡിയ ഫൌണ്ടേഷന്‍റെ സീനിയര്‍ പ്രോഗ്രാം ഓഫീസിര്‍ അസഫ് ബാര്‍ട്ടോവ് നയിക്കുന്നു. വിക്കിമീഡിയ സമൂഹത്തില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ടവര്‍ക്കുള്ള പരിശീലനവും പൊതുജനങ്ങള്‍ക്കായുള്ള പ്രത്യേക പരിപാടിയും ഇതിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്.

ഇന്ത്യയിലെ വിക്കിമീഡിയ ഫൌണ്ടേഷന്‍ പ്രവര്‍ത്തനങ്ങളെ പിന്തുണയ്കുന്ന ബാംഗ്ലൂരിലെ സെന്റര്‍ ഫോര്‍ ഇന്റര്‍നെറ്റ് സ്റ്റഡീസിന്റെയും (സി.ഐ.എസ്) ഇന്ത്യൻ വിക്കിമീഡിയ പ്രവർത്തകരുടെ ഔദ്യോഗികകൂട്ടായ്മയായ വിക്കിമീഡിയ ഇന്ത്യ ചാപ്റ്ററിന്റേയും കേരള സർക്കാരിന്റെ ഡിജിറ്റൽ വിദ്യാഭ്യാസപദ്ധതിയായ ഐ.ടി. അറ്റ് സ്കൂൾ( it@school) എന്ന സ്ഥാപനത്തിന്റേയും, മലയാളം വിക്കിസമൂഹം എന്നിവരുടെയും ആഭിമുഖ്യത്തിലാണു് ഈ ശില്പശാല നടത്തുന്നതു്. വിക്കിഡാറ്റ എന്ന ആശയം, വിക്കിഡാറ്റ ഉപയോഗിക്കുന്ന വിധം, കൂടുതൽ വിവരങ്ങൾ വിക്കിഡാറ്റയിൽ ചേർക്കുന്ന വിധം, മറ്റു വിക്കിപദ്ധതികളുമായി വിക്കിഡാറ്റ സംയോജിപ്പിക്കുന്ന രീതി, വിക്കിക്വാറി, അനുബന്ധ എക്സ്റ്റെൻഷനുകൾ തുടങ്ങിയവയാണു് പരിശീലനത്തിലെ പ്രതിപാദ്യം.

എന്താണു വിക്കിഡാറ്റ?

wikidata logo, malayalamമനുഷ്യർക്കും യന്ത്രങ്ങൾക്കും ഒരേപോലെ തിരുത്താവുന്ന‌‌ ഒരു സ്വതന്ത്ര വിജ്ഞാനകേന്ദ്രമാണ് വിക്കിഡാറ്റ. വിക്കിമീഡിയ കോമൺസ് പ്രമാണങ്ങൾ ശേഖരിക്കുന്നത് പോലെ ഇത് വിവരങ്ങളെ ക്രോഡീകരിക്കുന്നു. ഒപ്പം വിന്യസിതമായ വിവരങ്ങളുടെ ലഭ്യതയേയും നിയന്ത്രണത്തേയും കേന്ദ്രീകരിക്കുന്നു. ഇതിൽ ഇന്റർവിക്കി അവലംബങ്ങളും സ്ഥിതിവിവരക്കണക്കുകളും ഉൾപ്പെടും. വിക്കിഡാറ്റയിൽ വിക്കിമീഡിയ പദ്ധതികൾ പ്രവർത്തിക്കുന്ന എല്ലാ ഭാഷകളിലേയും വിവരങ്ങൾ ഉൾപ്പെടുന്നു.

300 ഓളം വിക്കിപീഡിയയിൽ പൊതുവായി വരുന്ന ഏതെങ്കിലും ഒരു കാര്യം, ഉദാഹരണത്തിന് ഇന്ത്യയുടെ പ്രസിഡന്റ്, കേരളത്തിന്റെ മുഖ്യമന്ത്രി, ഫിസിക്സിനു നോബൽ സമ്മാനം ലഭിച്ച വ്യക്തി തുടങ്ങിയുള്ള ഇടയ്ക്കിടേ മാറാവുന്നതും സ്ഥിരമായി നിൽക്കാവുന്നതുമായ എല്ലാ വിവരങ്ങളുടേയും ഒരു ഏകീകൃത ഡാറ്റാബെയ്സ് ആണിത്…

ഏതെങ്കിലും ഒരു വിക്കിപീഡിയയിൽ കാര്യകാരണ സഹിതം വിവിരം പുതുക്കപ്പെട്ടാൽ ആ ലേഖനം ഉള്ള ലോകത്തിലെ സകല വിക്കിപീഡിയകളിലും മാറ്റപ്പെടുന്ന രീതിയാണ് വിക്കിഡാറ്റയുടേത്. വിവിധ വിക്കിപീഡിയയിലെയും വിക്കിമീഡിയ കോമണ്‍സ് അടക്കമുള്ള ഇതര വിക്കിസംരംഭങ്ങളിലെയും കേന്ദ്രീകൃത വിവര സംഭരണിയായ ഈ ബൃഹദ് വിജ്ഞാന സ്രോതസ്സ് ആര്‍ക്കും സൌജന്യമായി ലഭ്യമാകുന്നതും ആര്‍ക്കും പുതുക്കാവുന്നതും തികച്ചും സ്വതന്ത്രമായി ലഭിക്കുന്നതും ആണ്.

വിക്കിഡാറ്റയുടെ ലക്ഷ്യങ്ങൾ

മറ്റു വിക്കികളിലേക്കുള്ള ലിങ്കുകളെ ക്രമീകരിക്കുക (‌Centralize interwiki links)
ഇൻഫോബോക്സുകൾ എല്ലാ വിക്കികൾക്കും ഒന്നുതന്നെയാക്കുക (Centralize infoboxes)
വിക്കി ഡാറ്റാബെയ്സിൽ നിന്നും മികച്ച വിവരശേഖരണത്തിനായി ഇടവരുത്തുക (Provide an interface for rich queries)
ആഗോള അറിവിന്റെ ഭണ്ഡാരമായി മാറുക (Structure the sum of all human knowledge)

അസഫ് ബാർട്ടോവ്

 അസഫ് ബാർട്ടോവ്
അസഫ് ബാർട്ടോവ്

വിക്കിമീഡിയ ഫൗണ്ടേഷൻ സീനിയർ പ്രോഗ്രാം മാനേജർ ആണ് അസഫ് ബാർട്ടോവ്. വിജ്ഞാന വിനിമയ രംഗത്ത് അന്തസാദ്ധ്യതകൾ തുറക്കുന്ന വിക്കി ഡാറ്റ വെബ്സൈറ്റിനെ (https://www.wikidata.org) കുറിച്ചും അതിന്റെ പ്രാധാന്യത്തെകുറിച്ചും അത് വികസിപ്പിക്കുന്നതില്‍ എപ്രകാരം പങ്കാളികളാകാം എന്നതിനെ കുറിച്ചുമാണ് വിക്കമീഡിയ ഫൌണ്ടേഷനിലെ അസഫ് ബാര്‍ട്ടോവ് മലയാളി വിക്കിമീഡിയന്മാരോട് സംസാരിക്കുക.

വികസ്വര രാജ്യങ്ങളിലെ വിക്കിമീഡിയാ സംരംഭങ്ങള്‍ വികസിപ്പിക്കുന്നതിന് പ്രത്യേക ചുമതല ഏറ്റെടുത്തിരിക്കുന്ന അസഫ് മലയാളം വിക്കിമീഡിയ സംരംഭങ്ങളെ അകമഴിഞ്ഞ് പ്രോത്സാഹിപ്പിക്കുന്ന വ്യക്തിയാണ്. മലയാളെ വിക്കിമീഡിയര്‍ക്കുള്ള പരിശീലനത്തിന് പുറമേ പൊതുജനങ്ങള്‍ക്കും വിക്കിമീഡിയ പ്രവര്‍ത്തനങ്ങളില്‍ താല്പര്യമുള്ളവര്‍ക്കുമായി വിക്കിഡാറ്റ പരിചയപ്പെടുത്തിയുള്ള പൊതുപരിപാടിയിലും അസഫ് പങ്കെടുക്കുന്നുണ്ട്. ഈ പരിപാടി 31 ആം തീയ്യതി ഇടപ്പള്ളി ചങ്ങമ്പുഴ പാർക്കിൽ വെച്ച് വൈകുന്നേരം മൂന്നുമണിക്കു നടക്കുന്നു.

വൈക്കം മുഹമ്മദ് ബഷീർ, മലയാളം വിക്കിപീഡിയ,മോഹൻദാസ് കരംചന്ദ് ഗാന്ധി,മദർ തെരേസ,ഡെങ്കിപ്പനി,എ.പി.ജെ. അബ്ദുൽ കലാം,കുമാരനാശാൻ,
കാളിദാസൻ,തുഞ്ചത്തെഴുത്തച്ഛൻ, കുഞ്ചൻ നമ്പ്യാർ, മലയാളം,കേരളം,ഉള്ളൂർ എസ്. പരമേശ്വരയ്യർ,ചെറുശ്ശേരി,ഓണം,വള്ളത്തോൾ നാരായണമേനോൻ,ചന്ദ്രൻ, കഥകളി,വൈലോപ്പിള്ളി ശ്രീധരമേനോൻ, കവിത്രയം,ചാന്ദ്രദിനം,ഇന്ത്യ,സ്വയംഭോഗം,രാമായണം,വിവേകാനന്ദൻ,സുഗതകുമാരി,ശ്രീനാരായണഗുരു,എം.ടി. വാസുദേവൻ നായർ,ഔഷധസസ്യങ്ങളുടെ പട്ടിക,രബീന്ദ്രനാഥ് ടാഗോർ,ഒ.എൻ.വി. കുറുപ്പ്,ഓട്ടൻ തുള്ളൽ,അൽഫോൻസാമ്മ,ജവഹർലാൽ നെഹ്രു,പാത്തുമ്മായുടെ ആട്ദിലീപ്,ആഗോളതാപനം,ഇന്ത്യയുടെ സ്വാതന്ത്ര്യസമരം,ഇടശ്ശേരി ഗോവിന്ദൻ നായർ,ചന്ദ്രയാൻ-,ബാലചന്ദ്രൻ ചുള്ളിക്കാട്,തകഴി ശിവശങ്കരപ്പിള്ള,ചരക്കുസേവന നികുതി,ദശപുഷ്‌പങ്ങൾ,ഹെലൻ കെല്ലർ,മലയാളസാഹിത്യം,ബാല്യകാലസഖി,കമല സുറയ്യ,ചങ്ങമ്പുഴ കൃഷ്ണപിള്ള,ചെ ഗുവേര,ഇന്ത്യയുടെ ഭരണഘടന,അന്തരീക്ഷമലിനീകരണം,ഇസ്രയേൽ,മലാല യൂസഫ്‌സായ്, യോനി,വിക്കിപീഡിയ,മഹാഭാരതം,ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ,തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്രം,അദ്ധ്യാത്മരാമായണം കിളിപ്പാട്ട്, ലളിതാംബിക അന്തർജ്ജനം, പി.എൻ. പണിക്കർ,സിന്ധു നദീതടസംസ്കാരം,എസ്.കെ. പൊറ്റെക്കാട്ട്,രാമപുരത്തുവാര്യർ,ശങ്കരാചാര്യർ,കുമാരസംഭവം,മലയാളം അക്ഷരമാല,എയ്‌ഡ്‌സ്‌,മലയാളചലച്ചിത്രം,ഇന്ത്യാചരിത്രം,ഒ.വി. വിജയൻ,ചെറുകഥ,നീൽ ആംസ്ട്രോങ്,കഞ്ചാവ്,അഭിജ്ഞാനശാകുന്തളം,പ്രാചീനകവിത്രയം,പി. കേശവദേവ്,രാഷ്ട്രീയ സ്വയംസേവക സംഘം,മോഹൻലാൽ,ഭഗത് സിംഗ്,ലോക ജനസംഖ്യാദിനം,ഗണിതം,വിക്കിമീഡിയ കോമൺസ്,അഡോൾഫ്, ഹിറ്റ്‌ലർ, കവിത, കുഞ്ഞുണ്ണിമാഷ്, വിക്രമോർവശീയം, രഘുവംശം, ടി. പത്മനാഭൻ, നവരത്നങ്ങൾ, ഭാവന (നടി), വി.ടി. ഭട്ടതിരിപ്പാട്, മാളവികാഗ്നിമിത്രം, സ്മൃതിനാശം, ഋതുസംഹാരം, ഇന്ത്യയുടെ രാഷ്ട്രപതിമാരുടെ പട്ടിക, ഹിന്ദുമതം, മാമ്പഴം (കവിത), കേരളീയഗണിതം

അപരനാമങ്ങൾ

അപരനാമങ്ങൾ



കൊട്ടാരനഗരം തിരുവനന്തപുരം
കാവ്യസന്ദേശങ്ങൾ പാടിയ നാട്‌ കൊല്ലം
ദൈവങ്ങളുടെ നാട്‌ കാസർഗോഡ്‌
സപ്തഭാഷാ സംഗമഭൂമി കാസർഗോഡ്‌
കേരളത്തിന്റെ വിനോദസഞ്ചാര തലസ്ഥാനം കൊച്ചി
അറബിക്കടലിന്റെ റാണി കൊച്ചി
ഹരിതനഗരം കോട്ടയം
അക്ഷരനഗരം കോട്ടയം
പ്രസിദ്ധീകരണങ്ങളുടെ നഗരം കോട്ടയം
ബ്രോഡ്ബാൻഡ്‌ ജില്ല ഇടുക്കി
കേരളത്തിന്റെ വൃന്ദാവനം മലമ്പുഴ
തെക്കിന്റെ ദ്വാരക അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമീ ക്ഷേത്രം
കേരളത്തിന്റെ കാശ്മീർ മൂന്നാർ
കിഴക്കിന്റെ കാശ്മീർ മൂന്നാർ
തേക്കടിയുടെ കവാടം കുമളി
മയൂര സന്ദേശത്തിന്റെ നാട്‌ ഹരിപ്പാട്‌
കേരളത്തിലെ പളനി ഹരിപ്പാട്‌ സുബ്രമണ്യക്ഷേത്രം
കേരളത്തിലെ പക്ഷിഗ്രാമം നൂറനാട്‌
കേരളത്തിലെ ഹോളണ്ട്‌ കുട്ടനാട്‌
തടാകങ്ങളുടെ നാട്‌ കുട്ടനാട്‌
കേരളത്തിന്റെ മൈസൂർ മറയൂർ
പാലക്കാടൻ കുന്നുകളുടെ റാണി നെല്ലിയാമ്പതി
പമ്പയുടെ ദാനം കുട്ടനാട്‌
കേരളത്തിന്റെ ചിറാപുഞ്ചി ലക്കിടി
വയനാടിന്റെ കവാടം ലക്കിടി
കേരളത്തിന്റെ നെയ്ത്തുപാടം ബാലരാമപുരം
ദക്ഷിണഗുരുവായൂർ അമ്പലപ്പുഴ
തെക്കിന്റെ കാശി തിരുനെല്ലി ക്ഷേത്രം
മലപ്പുറത്തിന്റെ ഊട്ടി കൊടികുത്തിമല
രണ്ടാം ബർദ്ദോളി പയ്യന്നൂർ
ദക്ഷിണ കുംഭമേള ശബരിമല മകരവിളക്ക്‌
ദക്ഷിണ ഭാഗീരതി പമ്പ
കേര ഗ്രാമം കുമ്പളങ്ങി
കേരളത്തിന്റെ മക്ക പൊന്നാനി

കിലുകിലുക്കാം ചെപ്പേ കിങ്ങിണീ

കിലുകിലുക്കാം ചെപ്പേ കിങ്ങിണീ…
ചിരികുടുക്കേ അല്ലിത്തേന്‍ മണി…
ചിത്തിരമുത്തേ സ്വത്തേ പൊന്‍ മണി…
ചക്കരമുത്തം താ നീ കണ്മണീ…
കണ്ണാരം പൊത്താന്‍ വാ നീ മീന്മണീ…
മാളിക വീട്ടിലെ മേലാത്തിയമ്മേടെ…
മഞ്ചത്തില്‍ തഞ്ചത്തില്‍ ഇക്കിളി ചെല്ലമ്മേ…
വാ കുക്കൂ വാ… (കിലുകിലുക്കാം ചെപ്പേ…)

വാ കുക്കൂ വാ…തത്തിത്തത്തി വാ…
താനേ ചാഞ്ചാടി വാ…
വാ തുമ്പീ വാ തുള്ളിത്തുള്ളി വാ…
തോളില്‍ തുള്ളാടി വാ…(വാ കുക്കൂ…)
തുമ്പിക്ക് തുള്ളാട്ടം…
ഉണ്ണിക്കു ചാഞ്ചാട്ടം…
പഞ്ചാരപ്പുഞ്ചിരി മൊഞ്ചുള്ള-
മഞ്ചാടി ചുണ്ടത്ത്…
ചന്തമേ ചിന്തി നീ കൊഞ്ചി നീ…
വാ കുക്കൂ വാ… (കിലുകിലുക്കാം ചെപ്പേ…)

ഹേയ് കൊച്ചമ്മേ നില്ല് തത്തമ്മേ…
കോപം ആരോടമ്മേ…
പൂ മൊട്ടല്ലേ കൊഞ്ചും പിഞ്ചല്ലേ…
പാവം പാലൂട്ടമ്മേ ..എഹെ…(2)
മുത്തുക്കുടം വായോ…
കുക്കുക്കുടം വായോ…
അന്നാരം പുന്നാരം കിന്നാരം പാടാം ഞാന്‍…
മന്ദാരമൊട്ടേ വാ പാലൂട്ടി താരാട്ടാം…
വാ കുക്കൂ വാ… (കിലുകിലുക്കാം ചെപ്പേ…)
…………………….. …………………….

Film : Priyappetta Kukku
Lyrics : Puthiyankam Murali
Music : S P Venkitesh
Singers : K J Yesudas, K S Chithra.

അഹല്യ

കവിത കേൾക്കുക:[ca_audio url=”https://chayilyam.com/stories/poem/Ahalya.mp3″ width=”400″ height=”27″ css_class=”codeart-google-mp3-player” autoplay=”false”]
തളര്‍ന്ന താമരയിതളുകള്‍ പോലെ
തകര്‍ന്ന സ്വപ്നത്തോടെ
വിടര്‍ന്ന നീള്‍മിഴിയിണകള്‍ക്കുള്ളില്‍
പടര്‍ന്ന നിഴലുകളോടെ
ഗൌതമമുനിയുടെ മുന്നില്‍ വാടിയ
കൈതപ്പൂവിതള്‍ പോലെ
അഹല്യ നിന്നൂ പിടയും കരളില്‍
പാപച്ചുമടുകളോടെ.

സുരലോകത്തില്‍ സുന്ദരിമാരുടെ
മടിയിലുറങ്ങിയ ദേവന്‍
പൂവന്‍ കോഴി ചമഞ്ഞീയാശ്രമ-
വാടിയിലെങ്ങോ കൂവി.
കുളിര്‍ നീരൊഴുകും ഗംഗയില്‍ മുങ്ങി-
ക്കുളിച്ചു കയറാനായി
മുനിപോയതു കണ്ടപ്പോള്‍ വന്നൂ
തനിയേ നീയെന്‍ ചാരെ.

നിന്‍ വിരിമാറിലൊതുങ്ങുമ്പോഴെന്‍
മന്മഥ! ഞാനും നീയും
മായിക വൃന്ദാവനസീമകളില്‍
രധാമാധവമാടി.

തളര്‍ന്നുറങ്ങിടുമെന്നെപ്പുല്‍കി-
ക്കഴിഞ്ഞു നീ പോകുമ്പോള്‍
വരുന്നു മുന്നില്‍ക്കുലപതിയെല്ലാ-
മറിഞ്ഞു; ഞാന്‍ വിറയാര്‍ന്നു.

മുനികോപത്താല്‍ വന്നു കിടപ്പൂ
ശിലയായ്‌ ഞാനീക്കാട്ടില്‍.
കണ്ടാലറിയാതെന്നെ മറന്നൂ
പ്രഭാതസന്ധ്യകള്‍ പോലും.

പ്രപഞ്ചസത്യാന്വേഷികള്‍ താപസ-
രലഞ്ഞ താഴ്വരയിങ്കല്‍
ഒരിറ്റുദാഹജലത്തിനുവേണ്ടി
കൊതിച്ചതെന്‍ പിഴയായി.

മുത്തായിന്നും സൂക്ഷിപ്പൂ ഞാന്‍
കരളിന്‍ ചെപ്പിലെ ദുഃഖം.
എവിടെപ്പോയ്‌ നീയെന്നത്മാവില്‍
തിരികള്‍ കൊളുത്തിയ ദേവ!

ജ്വലിച്ചു നില്ക്കും ഗൌതമ മുനിയ-
ന്നൊടുവില്‍ ത്തന്നൂ മോക്ഷം:
ദശരഥരാജകുമാരന്‍ രാമന്‍
നിനക്കു നല്കും ജീവന്‍.
വശ്വാമിത്രനുമൊത്തീവഴിയവ-
നെത്തുമയോദ്ധ്യയില്‍ നിന്നും.

യുഗങ്ങളായ്‌ ഞാനീവനഭൂമിയില്‍
ഹൃദയമിടിപ്പുമൊതുക്കി
അകലത്തെങ്ങോ പതിയും നിന്‍ പദ-
പതനം കാത്തു കിടക്കേ
കേട്ടുമറന്നൊരു കഥയിന്നോര്‍മ്മയില്‍
നീന്തി വരുന്നൂ വീണ്ടും:

മഹര്‍ഷി വിശ്വാമിത്രന്‍ പണ്ടീ
വനത്തില്‍ വാഴും കാലം
ചിലങ്ക കെട്ടിയ മേനക വന്നു
തപസ്സിളക്കാനായി.

അടഞ്ഞ മിഴികള്‍ തുറന്നു; താപസ-
കരവലയത്തിലൊതുങ്ങി
മണ്ണും വിണ്ണും മറന്നു മേനക
തളര്‍ന്നു മടിയില്‍ വീണു.

വിയര്‍പ്പു തുള്ളികള്‍ പൊടിയും നെറ്റിയി-
ലലിഞ്ഞു കുങ്കുമഗോപി.
അവളുടെ മാറില്‍ തംബുരു മീട്ടി
മഹര്‍ഷിയിങ്ങനെ പാടി:
തപസ്സെനിക്കിനി നാളേ; നമ്മള്‍
പകുത്തെടുക്കുക സ്വര്‍ഗ്ഗം.

ദര്‍ഭപ്പുല്ലുകള്‍ പോലും കത്തി-
ക്കരിഞ്ഞടങ്ങിയ കാലം.
നരച്ച മാറില്‍ വിരലുകളോടി-
ച്ചൊരു ചെറു പുഞ്ചിരിയോടെ
പറഞ്ഞു മേനക: നമ്മുടെ കുഞ്ഞിനു
കനിഞ്ഞനുഗ്രഹമേകൂ.

തീയായ്‌ മാറീ കണ്ണൂകള്‍; മാമുനി
കോപം കൊണ്ടു വിറച്ചു.
പ്രപഞ്ച സാക്ഷാല്‍ക്കാരം തേടിയ
തപസ്സിളക്കിയ പെണ്ണേ!
കടന്നു പോകൂ വെണ്ണീറായി-
ക്കരിഞ്ഞു വീഴേണ്ടെങ്കില്‍.

ശപിക്കുവാന്‍ തന്‍ കൈയുമുയര്‍ത്തി
മഹര്‍ഷി നില്പ്പതു കാണ്‍കേ
കുരുന്നു കുഞ്ഞിനെയത്താഴ്‌വരയില്‍
തനിയേ വിട്ടവള്‍ പോയി.

തപസ്സു വീണ്ടും തുടരാനായി
ചമതക്കെട്ടുകള്‍ തേടി
വിശ്വാമിത്രന്‍ പോയി; മാലിനി
പിന്നെയുമൊഴുകിപ്പോയി.

ശകുന്തവൃന്ദം തേനും പഴവും
നിനക്കു തന്നു വളര്‍ത്തി.
അച്ഛനുമമ്മയുമില്ലാതേ മുനി-
കന്യകയായ്‌ നീ വാണു.
കണ്വനു നീ പ്രിയ മാനസപുത്രി
കണ്‍മണിയായി വളര്‍ന്നു.

കാനന വള്ളിക്കുടിലില്‍, വല്ക്കല-
മൂരിയ മാറിന്‍ ചൂടില്‍
തുളുമ്പുമാ യുവസൌന്ദര്യത്തില്‍
അലിഞ്ഞു പാടീ ദുഷ്യന്തന്‍:
വലിച്ചു ദൂരേയ്ക്കെറിയാം ഞാനെന്‍
മണിക്കിരീടം പോലും.
എനിക്കു വേണ്ടിത്തരുമോ നീയീ
മധുരം മുന്തിരിയധരം?

അവളെപ്പോലും ദര്‍വസാവെ-
ന്നൊരു മുനി വന്നു ശപിച്ചു.
ഇവര്‍ക്കു ശാപം കളിയാണത്രേ
ജപിച്ചു നല്‍കും മോക്ഷം!

പിരിഞ്ഞു പോകാനറിയാതവിടെ
നിറഞ്ഞ കണ്ണുകളോടെ
തളര്‍ന്നു നീ വനജ്യോത്സ്നയെ നോക്കി
തിരിഞ്ഞു നിന്നൂ വീണ്ടും.

അരികേ വന്നൂ ദീര്‍ഘാപാംഗന്‍
ഉല്‍ക്കണ്ഠാകുലനായി
എവിടേയ്‌ക്കാണെന്നറിയാതങ്ങിനെ
മുട്ടിയുരുമ്മിക്കൊണ്ടേ.

ഓര്‍മ്മകള്‍ നീറിപ്പടരേ, നിന്‍പ്രിയ-
തോഴികള്‍ വിങ്ങിപ്പോകെ
കണ്വന്‍ നന്മകള്‍ നേര്‍ന്നു നിനക്കായ്‌
ഗദ്ഗദ കണ്ഠത്തോടെ.

കൊട്ടാരത്തിന്‍ ഗോപുര വാതില്‍
കൊട്ടിയടച്ചതു നേരം
കണ്ണീരൊപ്പാന്‍, മകളെക്കാണാന്‍
വന്നതു മേനക മാത്രം.

ശകുന്തളേ! ഞാനറിയും നിന്നെ
നമുക്കു ദുഃഖം തുല്യം
മഹര്‍ഷിമാരുടെ ശാപം മൂലം
നമുക്കു ദുഃഖം സത്യം
ജന്മാന്തരപാപത്താലാണോ
നമുക്കു ദുഃഖം നിത്യം?

ഇവിടെക്കാണും പനിനീരലരുകള്‍
വിടര്‍ന്നു വാടിപ്പോയി.
മധുരം നുള്ളിത്തന്നൊരു സ്വപ്ന-
സ്മരണകള്‍ മാഞ്ഞേ പോയി.

എങ്കിലുമിന്നും രാജകുമാരാ!
നിന്നാഗമനം നോക്കി
മനസ്സിനുള്ളില്‍, പൂജാമുറിയില്‍
കൊളുത്തി ഞാനീ ദീപം.

നിന്‍ പദതാരുകള്‍ പതിയുമ്പോളീ-
ത്തണുത്ത ശിലയില്‍ നിന്നും
അഹല്യ വീണ്ടുമുയര്‍ത്തെഴുനേല്ക്കും
പുതിയൊരു ജന്മം നേടും.

കവിളില്‍ ശോണിമ കാണും, എന്‍കട-
മിഴിയില്‍ സ്വപ്നം കാണും.
മുനിയാരൂപം കണ്ടുനുണഞ്ഞൊളി-
കണ്ണുകളാലേ പാടും:
നിനക്കു മംഗളമോതുന്നൂ ഞാന്‍
നമുക്കു വീണ്ടും കാണാം.

കണ്ടിട്ടുണ്ടേ ഞനീക്കാവി-
പ്പുതപ്പുകാരെപ്പണ്ടേ.
കേട്ടിട്ടുണ്ടേ പുരികക്കൊടി തന്‍
ഞാണൊലി കാട്ടില്‍ പ്പണ്ടേ.

മനുഷ്യഗന്ധക്കൊതി തീരാതെ
വിശന്ന കണ്ണുകളോടെ
നരച്ച താടി തലോടിക്കൊണ്ടാ-
മുനി നില്‍ക്കുന്നതു കാണ്‍കേ
അറിയാതിങ്ങ്നെ ഞാന്‍ ചോദിക്കും:
മകള്‍ക്കു സുഖമാണല്ലോ?

ഇവര്‍ക്കു ചൂടും കുളിരും പകരാന്‍
എനിക്കു നല്‍കും ജന്മം
തിരിച്ചെടുക്കൂ; ശിലയായെന്‍ സുഖ-
സുഷുപ്തിയില്‍ ഞാന്‍ കഴിയാം.


ആലാപനം: “

ഓര്‍മ്മകളുടെ ഓണം

ജന്മനാട്ടില്‍ ചെന്നു വണ്ടിയിറങ്ങവേ
പുണ്ണുതോറും കൊള്ളിവെച്ചപോലോര്‍മ്മകള്‍

വായ മുലയില്‍ നിന്നെന്നേക്കുമായ്‌ ചെന്നി-
നായകം തേച്ചു വിടര്‍ത്തിയോരമ്മയെ,
വാശിപിടിച്ചു കരയവേ ചാണകം
വായിലുരുട്ടിത്തിരുകും അമ്മൂമ്മയെ,

പപ്പടം കാച്ചുന്ന കമ്പി ചൂടാക്കിയെന്‍
കൊച്ചുതുടയിലമര്‍ത്തിയ ചിറ്റമ്മയെ,
പന്തു ചോദിക്കവേ മൊന്തയെടുത്തെന്റെ
നെഞ്ചത്തെറിഞ്ഞ പിശാചി അമ്മായിയെ,

പുത്തന്‍ കയറാല്‍ കമുകിലെന്നെപ്പണ്ടു
കെട്ടിവരിഞ്ഞ കിരാതനമ്മാവനെ,
മുട്ടന്‍ വടികൊണ്ടടിച്ചു പുറം പൊളി-
ച്ചട്ടഹസിച്ച കോപിഷ്ഠനാമച്ഛനെ,

പിന്നെപ്പിറന്നവനാകയാല്‍ എന്നില്‍ നി-
ന്നമ്മയെ തട്ടിപ്പറിച്ചോരനുജനെ,
തിന്നുവാന്‍ ഗോട്ടികൊടുക്കാഞ്ഞ നാള്‍ മുതല്‍
എന്നെ വെറുക്കാന്‍ പഠിച്ച നേര്‍പെങ്ങളെ,

ഒന്നിച്ചു മുങ്ങിക്കുളിക്കുമ്പോഴെന്‍ തല
പൊങ്ങാതെ മുക്കിപ്പിടിച്ച ചങ്ങാതിയെ,
ബഞ്ചിനുമേലെകയറ്റിനിറുത്തിയെന്‍
പിഞ്ചുഹൃദയം ചതച്ച ഗുരുവിനെ,

ആദ്യാനുരാഗപരവശനായി ഞാന്‍
ആത്മരക്തം കൊണ്ടെഴുതിയ വാക്കുകള്‍
ചുറ്റുമിരിക്കും സഖികളെക്കാണിച്ചു
പൊട്ടിച്ചിരിച്ചുരസിച്ച പെണ്‍കുട്ടിയെ,

ഉള്ളില്‍ക്കലിയും കവിതയും ബാധിച്ചു
കൊല്ലപ്പരീക്ഷക്കു തോറ്റുനടക്കവേ
ബാധയൊഴിക്കാന്‍ തിളച്ച നെയ്യാലെന്റെ
നാവു പൊള്ളിച്ചൊരാ ദുര്‍മന്ത്രവാദിയെ,

പൊട്ടിയെ കൈകൊട്ടിയാട്ടുന്നപോലെന്നെ
നാട്ടില്‍നിന്നാട്ടിക്കളഞ്ഞ ബന്ധുക്കളെ,
അന്നു ത്രിസന്ധ്യയ്ക്കു തന്‍ നടയില്‍ നിന്നു
വിങ്ങിക്കരഞ്ഞുകൊ ‘ണ്ടെന്നെ രക്ഷിക്കണേ
യെന്നു തൊഴുകൈയുമായിരന്നെങ്കിലും
കണ്ണുതുറക്കാഞ്ഞൊരാപ്പെരുങ്കാളിയെ,

എന്നും മറക്കാതിരിക്കുവനല്ലി ഞാന്‍
വന്നു പോകുന്നതിങ്ങോണദിനങ്ങളില്‍…

 
കവി: ബാലചന്ദ്രൻ ചുള്ളിക്കാട്

ഓണം

ഓര്‍മ്മയ്ക്ക് പേരാണിതോണം
പൂര്‍വ്വ നേരിന്റെ നിനവാണിതോണം
ഓര്‍ക്കുവാനെന്തെങ്കിലും വേണമെന്നുള്ള
വാക്കിന്റെ നിറവാണിതോണം

ഓര്‍മ്മയ്ക്ക് പേരാണിതോണം

ഇല്ലായ്മ കൊല്ലാത്ത യൗവ്വനങ്ങള്‍
മുറ്റത്തെ മുക്കുറ്റി മുത്തകങ്ങള്‍
മുഷ്ടിക്കരുത്താല്‍ മുഖം ചതഞ്ഞാ-
ത്മാവ് നഷ്ടപ്പെടാ ഗോത്രസഞ്ജയങ്ങള്‍

ഓര്‍മ്മയ്ക്ക് പേരാണിതോണം
ഓര്‍മ്മയ്ക്ക് പേരാണിതോണം…

മഞ്ഞനെല്‍ക്കതിര്‍ ചാഞ്ഞുലഞ്ഞ പാടം
മാമ്പൂ മണക്കും നനുത്ത ബാല്യം
മഞ്ഞനെല്‍ക്കതിര്‍ ചാഞ്ഞുലഞ്ഞ പാടം
മാമ്പൂ മണക്കും നനുത്ത ബാല്യം
കൊച്ചൂടു വഴികളില്‍ പൂക്കള്‍ക്ക് വളയിട്ട
കൊച്ചു കൈത്താളം പിടിക്കുന്ന കൂട്ടുകാര്‍
ഊഞ്ഞാലുയര്‍ന്നുയര്‍ന്നാകാശസീമയില്‍
മാവില കടിച്ചു കൊണ്ടൊന്നാമനായ നാള്‍
ഉച്ചയ്ക്കു സദ്യയ്ക്കു മുന്‍പ് നെയ്യാറിന്റെ നെഞ്ചില്‍
നീര്‍ തെറ്റി കുളിക്കുറുമ്പോണം

ഓര്‍മ്മയ്ക്ക് പേരാണിതോണം
ഓര്‍മ്മയ്ക്ക് പേരാണിതോണം…

അച്ഛന്‍ ഉടുപ്പിച്ച കൊച്ചുമഞ്ഞക്കോടി ചുറ്റി
കിളിത്തട്ടുലഞ്ഞ കാലം
അത്തമിട്ടത്തം മുതല്‍ പത്ത് സ്വപ്നത്തിലെത്തും
നിലാവിന്‍ ചിരിച്ചന്തമോണം…
മുത്തശ്ശനും മുല്ലവള്ളിയും സ്വപ്നത്തില്‍
മുട്ടി വിളിക്കുന്നൊരുത്രാടരാത്രികള്‍…

ഓര്‍മ്മയ്ക്ക് പേരാണിതോണം
ഓര്‍മ്മയ്ക്ക് പേരാണിതോണം…

പൂക്കളും തേനും പഴങ്കണിച്ചന്തവും
കാട്ടിക്കൊതിപ്പിച്ചു സസ്യജാലം
പാറിപ്പറന്നും ചിലമ്പിക്കുറുമ്പുകള്‍
കാട്ടിച്ചിരിപ്പിച്ചു പക്ഷിജാലം
കുന്നിളം ചൂടിന്റെ തൂവാല തുന്നി
പതുക്കെ പുറം തലോടി
കോലാഹലങ്ങളില്‍ കോലായിലെ
കളിപ്പന്തിന്റെ താളവും കവടിയോടി

പൂവിന്നു പൂവിന്നു പൂവു തേടി
തൊടിയിലാടിപ്പറന്നു കുറുമ്പിക്കുരുന്നുകള്‍
പപ്പടം പൊരിയുന്ന മണവുമുപ്പേരികള്‍
പൊട്ടിത്തിളക്കുന്നടുക്കളത്തൊടികളില്‍

ഓര്‍മ്മയ്ക്ക് പേരാണിതോണം
ഓര്‍മ്മയ്ക്ക് പേരാണിതോണം…

എന്നും ചിരിക്കാത്തൊരമ്മതന്‍ ചുണ്ടില്‍
വന്നെന്നോ പിറക്കും സ്മിതത്തുമ്പയോണം
എന്നും ചിരിക്കാത്തൊരമ്മതന്‍ ചുണ്ടില്‍
വന്നെന്നോ പിറക്കും സ്മിതത്തുമ്പയോണം
എന്നെങ്കിലും പൂക്കുമെന്നോര്‍ത്തു കാലം
അന്നെന്നോ വിതച്ചോരു നന്മയോണം…

എന്നും ചിരിക്കാത്തൊരമ്മതന്‍ ചുണ്ടില്‍
വന്നെന്നോ പിറക്കും സ്മിതത്തുമ്പയോണം
എന്നെങ്കിലും പൂക്കുമെന്നോര്‍ത്തു കാലം
അന്നെന്നോ വിതച്ചോരു നന്മയോണം…

ഒപ്പത്തിനൊപ്പമാണെല്ലാരുമെന്ന നല്‍-
സത്യത്തിളക്കമാണോണം
ഒരു വരിയൊലൊരുനിരയില്‍ ഒരുമിച്ചിരുന്നില-
ച്ചുരുളിലെ മധുരം നുണഞ്ഞതോണം….

ഓര്‍മ്മയ്ക്ക് പേരാണിതോണം
ഓര്‍മ്മയ്ക്ക് പേരാണിതോണം…
ഓര്‍മ്മയ്ക്ക് പേരാണിതോണം
ഓര്‍മ്മയ്ക്ക് പേരാണിതോണം…

ഓര്‍മ്മയിലെ ഓണം വിളിക്കുന്നു പിന്നെയും…
ഓര്‍മ്മയിലെ ഓണം വിളിക്കുന്നു പിന്നെയും,
പൂക്കള്‍ വിളിച്ചില്ല
പാടം വിളിച്ചില്ല
ഊഞ്ഞാലുമില്ലാ
കിളിത്തട്ടുമില്ലാ
ഇലയിട്ട് മധുരം വിളമ്പിയില്ല…

എങ്കിലും
ഓര്‍മ്മയിലെ ഓണം വിളിക്കുന്നു പിന്നെയും…
ഓര്‍മ്മയ്ക്ക് പേരാണിതോണം…
ഓര്‍മ്മയ്ക്ക് പേരാണിതോണം…

ഓര്‍മ്മയ്ക്ക് പേരാണിതോണം
പൂര്‍വ്വ നേരിന്റെ നിനവാണിതോണം
ഓര്‍ക്കുവാനെന്തെങ്കിലും വേണമെന്നുള്ള
വാക്കിന്റെ നിറവാണിതോണം…

ഓര്‍മ്മയ്ക്ക് പേരാണിതോണം…
ഓര്‍മ്മയ്ക്ക് പേരാണിതോണം…

കവിത: മുരുകൻ കാട്ടാക്കട