പാലയത്തുവയല്‍ യു.പി. സ്ക്കൂളിലെ കുട്ടികള്‍ തങ്ങളുടെ തപാല്‍ സംവിധാനം വഴി പ്രധാന അദ്ധ്യാപകനായ ജയരാജന്‍ മാസ്റ്ററിന് എഴുതിയ കത്തുകള്‍… കേരളത്തിലെ മറ്റൊരു സ്കൂളിലും കണ്ടെത്താനാവാത്ത ഒരു സംവിധാനമാണിത്.
മരിച്ചുകൊണ്ടിരിക്കുന്ന തപാലിന്റെ പ്രവര്‍ത്തനങ്ങള്‍ അപ്പാടെ അനുകരിക്കുകയാണിവിടെ, ഇവിടെ കുട്ടികള്‍ക്കിടയില്‍ പോസ്റ്റ് മാനുണ്ട്, ജനറല്‍ പോസ്റ്റ് ഓഫീസുണ്ട്, തപാല്‍ പെട്ടിയുണ്ട്, തപാല്‍ മുദ്രയുണ്ട്… കുട്ടികള്‍ക്ക് എഴുതാനുള്ള ശീലം കൂട്ടാനും അവരുടെ വാക്യശുദ്ധി വര്‍ദ്ധിപ്പിക്കാനും ഇതുമൂലം സാധിക്കുന്നു. ഏതൊരു വിശേഷവും അവര്‍ എഴുത്തു മുഖേന അദ്ധ്യാപകര്‍ക്കും കൂട്ടുകാര്‍ക്കുമായി കൈമാറുന്നു.
കുറിച്യ സമുദായത്തിലെ കുട്ടികള്‍ മഹാഭൂരിപക്ഷമഅയി പഠിക്കുന്ന ഈ സ്കൂളിലെ അദ്ധ്യാപകരുടെ ആത്മാര്‍പ്പണം പല മേഖലകളിലായി അവിടെ കാണാവുന്നതാണ്. സ്കൂളിലെ മ്യൂസിയം, കണക്ക് എന്ന കീറാമുട്ടി ലഘൂകരിക്കാന്‍ മാത്സ് ലാബ്, കുട്ടികള്‍ നടത്തുന്ന ടെലിവിഷന്‍ ചാനല്‍, വീടുകളില്‍ ഭക്ഷ്യസുരക്ഷ ഉറപ്പു വരുത്താനുതുകുന്ന പ്രവര്‍ത്തനങ്ങള്‍ എന്നിങ്ങനെ എണ്ണിയാലൊതുങ്ങില്ല ഇവിടുത്തെ പ്രത്യേകതകള്‍. കേവലം നൂറ്റി എഴുപതോളം കുട്ടികള്‍ മാത്രം പഠിക്കുന്ന ഈ ചെറിയ സ്കൂളില്‍ നിന്നാണ് മറ്റു വിദ്യാലയങ്ങള്‍ക്കെല്ലാം തന്നെ മാതൃകയാവേണ്ട ഇത്തരം പ്രവര്‍ത്തനങ്ങള്‍ എന്നത് ശ്രദ്ധേയമാണ്.
മലയാളം വിക്കിപീഡിയയുടെ പത്താം വാർഷികത്തോടനുബന്ധിച്ച് കണ്ണൂരിൽ നടന്ന വിക്കി വിജ്ഞാനയാത്ര, വിക്കി വനയാത്ര എന്നീ പരിപാടികൾ വളരെ വിജയപ്രദമായിരുന്നു. 2012 ഡിസംബർ 8, 9 തീയതികളിലായി പാലയത്ത് വയൽ ഗവണ്മെന്റ് യു പി സ്കൂളിൽ കേന്ദ്രീകരിച്ചായിരുന്നു പരിപാടി. സ്കൂളിലെ പ്രധാന അദ്ധ്യാപകനായ ശ്രീ. ജയരാജൻ മാസ്റ്റർ ഉദ്ഘാടനം ചെയ്ത പരിപാടിയിൽ രണ്ട് വനിതാ വിക്കിപീഡിയർ അടക്കം 30 പേർ പങ്കെടുത്തു. വിക്കി വിജ്ഞാനയാത്ര, വിക്കി വനയാത്ര എന്നിങ്ങനെ രണ്ടുഭാഗമായിട്ടായിരുന്നു പരിപാടികൾ ആസൂത്രണം ചെയ്തിരുന്നത്. ഡിസംബർ എട്ടിനു നടന്ന വിക്കി വിജ്ഞാനയാത്രയിൽ പ്രാദേശിക സാമൂഹിക ചരിത്രസംബന്ധിയായ വിവരങ്ങളുടെ ശേഖരണമായിരുന്നു ലക്ഷ്യമിട്ടിരുന്നത്.
പുരളിമല മുത്തപ്പൻ ക്ഷേത്രം
വിക്കിപീഡിയ വിജ്ഞാനയാത്രയുടെ ഭാഗമായി പേരാവൂർ ഭാഗത്ത് ചരിത്രപ്രാധാന്യമുള്ള ചില ക്ഷേത്രങ്ങൾ സന്ദർശിക്കുകയുണ്ടായി. ഈ യാത്രയ്ക്ക് നേതൃത്വം നൽകിയത് വിക്കിപീഡിയനായ വിനയ് രാജും, പാല കാക്കയങ്ങാട് സ്കൂളിലെ മലയാളഭാഷാ അദ്ധ്യാപകനായ ഗഫൂർ മാഷും ചേർന്നായിരുന്നു. സംഗത്തിലെ മറ്റുള്ളവർ വിക്കിപീഡിയരായ വിശ്വപ്രഭ, സുഗീഷ് സുബ്രഹ്മണ്യം, മഞ്ജുഷ, പിന്നെ ഞാനും ആയിരുന്നു. പറശ്ശിനിക്കടവ് മുത്തപ്പന്റെ ആരൂഢക്ഷേത്രമായ പുരളിമല മുത്തപ്പക്ഷേത്രത്തിൽ നിന്നുമാണ് യാത്രയ്ക്ക് ആരംഭം കുറിച്ചത്. കോലത്തുനാടീന്റെ ആത്മസാക്ഷാത്കാരമാണു മുത്തപ്പൻ തെയ്യം. പ്രത്യേകിച്ചും കുറിച്യസമുദായത്തിന്റെ കൺകണ്ട ദൈവം. സവർണബിംബങ്ങളെ ചുട്ടെരിച്ച് അധഃസ്ഥിതന്റെ കൂരകളിൽ വിപ്ലവത്തിന്റെ വിത്തുവിതച്ച പോയകാലത്തെ സമരനേതാവിനോടുള്ള ആരാധന നിത്യേന തെയ്യക്കോലമായി ഉറഞ്ഞാടി അനുഗ്രഹം ചൊരിയുന്നുണ്ട് പുരളിമലയിൽ. തിരു സന്നിധിയിൽ എത്തുന്നവർക്ക് എന്നും അന്നദാനം നടത്തിവരുന്ന ആ ക്ഷേത്രം ഏറെ സാമുഹികപ്രാധാന്യമുള്ള ഒന്നാണ്. അമ്പലമുറ്റത്ത് കൈലാസപതി (നാഗലിംഗമരം – Cannon ball tree) എന്ന വിശിഷ്ഠമായ മരം പൂക്കൾ വിരിയിച്ച് ഞങ്ങൾക്കായി വിരുന്നൊരുക്കി കാത്തിരിക്കുന്നതായി തോന്നി. സുഗീഷ് ചാഞ്ഞും ചരിഞ്ഞും പൂക്കളേയും കായ്ക്കളേയും ക്യാമറയിൽ പകർത്തുന്നുണ്ടായിരുന്നു.
മുഴക്കുന്ന് മൃദംഗശൈലേശ്വരീ ക്ഷേത്രം
കേരളവർമ്മ പഴശ്ശിരാജാവിന്റെ കുടുംബക്ഷേത്രമായിരുന്ന മുഴക്കുന്ന് പഞ്ചായത്തിലെ മൃദംഗശൈലേശ്വരീ ക്ഷേത്രം. ദേവലോകത്തു നിന്ന് ഈ പ്രദേശത്ത് പണ്ടെന്നോ ഒരു മിഴാവു വന്നു വീണുവെന്നു പഴമൊഴി. മിഴാവ് അഥവാ മൃദംഗം വീണസ്ഥലമാണു പിന്നീട് മൃദംഗശൈലനിലയം എന്നായി മാറിയത്. പിന്നീടത് മിഴാവു കുന്ന് എന്നും അറിയപ്പെട്ടു തുടങ്ങി. കാലക്രമത്തിൽ അതു മാറി മിഴാക്കുന്ന് – മൊഴക്കുന്ന് എന്നിങ്ങനെ ഇന്നത്തെ മുഴക്കുന്ന് എന്ന പേരിൽ എത്തി നിൽക്കുന്നു. ക്ഷേത്രവേലകൾ ചെയ്തുവരുന്ന തങ്കം എന്ന മാരാർ സ്ത്രീയിൽ നിന്നും കിട്ടിയ വിവരമായിരുന്നു ഇത്. ഞങ്ങൾ ചെല്ലുമ്പോൾ അമ്പലത്തിന്റെ ഒരു വശത്തായി പുറത്ത് നെല്ല് ഉണക്കാനിടുകയായിരുന്നു അവർ. അമ്പലം നടത്തിപ്പിൽ നേരിടുന്ന ബുദ്ധിമുട്ടുകളെ പറ്റി അവർ സംസാരിച്ചു; പൊന്നുതമ്പുരാനായ കേരളവർമ്മ പഴശ്ശിരാജാവാന്റെ കുടുംബക്ഷേത്രമാണിതെന്ന് അഭിമാനത്തോടെ പറയുമ്പോൾ അവരുടെ കണ്ണുകളിൽ അഭിമാനത്തിന്റെ പൊൻതിളക്കം ഉണ്ടായിരുന്നു. ദുർഗാ ഭഗവതിയാണ് പ്രതിഷ്ഠ. അസമയത്തായിപ്പോയി ഞങ്ങൾ എത്തിയത്. ക്ഷേത്രമര്യാദകൾ പാലിക്കേണ്ടതുള്ളതിനാൽ പഴശ്ശിത്തമ്പുരാന്റെ പാദസ്പർശത്താൽ ഒരുകാലത്ത് പുളകം കൊണ്ട നാലമ്പലത്തിനകത്ത് കയാറാനായില്ല. നാശോന്മുഖമാണു പലഭാഗങ്ങളും. അമ്പലമുറ്റത്ത് വാളും പരിചയും ഏന്തിയ പഴശ്ശിത്തമ്പുരാന്റെ പൂർണകായ പ്രതിമ കാവലാളെ പോലെ നിൽപ്പുണ്ടായിരുന്നു. മമ്മുട്ടിയുടെ പഴശ്ശിവേഷം വിട്ട് മനസ്സിൽ യഥാർത്ഥ പഴശ്ശിരാജാവിന്റെ മുഖം വരച്ചു ചേർത്തപ്പോൾ അത്യധികമായ ആഹ്ലാദമായിരുന്നു. അമ്പലത്തിനകത്ത് പ്രവേശിക്കാനാവാതെ വലംവെച്ചു തിരിച്ചു വരുമ്പോൾ മനസ്സിൽ നിറഞ്ഞു നിന്നത് ആ പഴയ കഥകളി വന്ദനശ്ലോകമായിരുന്നു. വഴിയിൽ വെച്ചുതന്നെ വിശ്വേട്ടനും വിനയേട്ടനും കൂടി ആ കഥകളി ശ്ലോകത്തെക്കുറിച്ച് സംസാരിക്കുന്നുണ്ടായിരുന്നു. നമ്മുടെ സബ്ജക്റ്റല്ലാത്തതിനാൽ മിണ്ടാൻ പോയില്ല… എങ്കിലും മനസ്സിൽ നിറഞ്ഞു നിൽക്കുന്നുണ്ടായിരുന്നു അത്:
മാതംഗാനന മബ്ജവാസരമണീം ഗോവിന്ദമാദ്യം ഗുരും
വ്യാസം പാണിനി ഗര്‍ഗ്ഗനാരദ കണാദാദ്യാൻമുനീന്ദ്രാൻ ബുധാൻ
ദുര്‍ഗ്ഗാം ചാപി മൃദംഗശൈലനിലയാം ശ്രീ പോർക്കലീ മിഷ്ടദാം
ഭക്ത്യാ നിത്യമുപാസ്മഹേ സപദി ന: കുര്‍വ്വന്ത്വമീ മംഗളം…
ആറളം വന്യജീവി സങ്കേതം, എടത്തിൽ ഭഗവതിക്ഷേത്രം
തുടർന്ന് നേരെ പോയത് ആറളം ഫാമിലേക്കായിരുന്നു. വൈവിധ്യമാർന്ന ഫലസംസ്യങ്ങളുടെ ഉല്പാദനവും വിതരണവും അവിടെ ഉണ്ട്, പ്ലാവിൻ തൈകൾക്കൊക്കെ 150 രൂപയോളം വില. വന്യജീവി സങ്കേതത്തിലേക്കൊന്നും സമയ പരിമിതി മൂലം പോയില്ല. ഫാമിനു നടുവിലുള്ള ഒരു ഹൈ സ്കൂൾ വരെ പോയി തിരിച്ചു വന്നു. വഴിയിൽ ഫാമിനടുത്തുള്ള കൃഷിയിടങ്ങളിലൂടെയും തേനീച്ച വളർത്തൽ കേന്ദ്രങ്ങളിലൂടെയും നടന്നു. അധിക സമയം അവിടെ നിന്നില്ല, ഞങ്ങൾ ഒരോ ഗ്രൂപ്പ് ഫോട്ടോയുമെടുത്ത് തിരിച്ചുപോന്നു. വഴിവക്കിൽ സമീപത്തുള്ള എടത്തിൽ ഭഗവതിക്ഷേത്രത്തിൽ കയറാൻ മറന്നില്ല; വലിയ ചരിത്രപ്രാധാന്യമൊന്നും അവകാശപ്പെടാനില്ലെങ്കിലും അത്യധികായ ഒരു സാമൂഹിക കൂട്ടായ്മയുടെ നേർക്കാഴ്ചയാണത്രേ ആ ക്ഷേത്രത്തിലെ ഉത്സവങ്ങൾ. വർഷാവർഷങ്ങളിൽ നടന്നു വരുന്ന ഉത്സവത്തിന് അന്നാട്ടിലെ മുഴുവൻ ജനങ്ങളും എത്തിച്ചേരുന്നു. ദൂരെ സ്ഥലങ്ങളിൽ ജോലി ചെയ്യുന്നവരും, വിദൂരത്തേക്ക് കല്യാണം കഴിച്ചു പുതിയ ജീവിതസാഹചര്യങ്ങളിൽ വ്യാപരിച്ചവരും ഒക്കെ അന്നേ ദിവസം മറ്റു തിരക്കുകൾ മാറ്റി വെച്ച് ഒത്തുചേരുകായാണിവിടെ – അമ്മയുടെ തിരുമുറ്റത്ത്. വിശേഷമെന്നു തോന്നിക്കുന്ന ചില നേർച്ചകൽ അവിടെ കണ്ടു, കാൽ, കൈ, തലയോട് എന്നിവയുടെ വെള്ളിരൂപങ്ങൾ നേർച്ചയായി സമർപ്പിക്കുന്നതാവണം എന്നു ഞങ്ങൾ ഊഹിച്ചു. പാല കാക്കയങ്ങാട് ഹൈസ്കൂളിലെ അദ്ധ്യാപകനായ ഗഫൂർ മാഷിന്റെ വിശദീകരണത്തിൽ ഞങ്ങളവിടെ എത്തിച്ചേരുന്ന ആൾക്കൂട്ടങ്ങളേയും കെട്ടിയാടുന്ന ഭഗവതിയേയും നേരിട്ടുകണ്ട പ്രതീതിയിൽ അനുഗ്രഹീതരായി. തെക്കു-വടക്കൻ സംവാദങ്ങളിലെ നിറസാന്നിധ്യമായ ചെമ്പകമരം തെക്കന്മാരായ വിശ്വേട്ടനേയും സുഗീഷിനേയും നോക്കി ചിരിച്ചുകൊണ്ട് അമ്പലമുറ്റത്ത് നിൽപ്പുണ്ടായിരുന്നു. എടത്തിൽ ഭഗവതിയോട് യാത്രപറഞ്ഞിറങ്ങി.
വാവലിപ്പുഴയോരത്തെ നാണുവാശന്റെ കളരി
അധികം ദൂരെയല്ലാതെയായിരുന്നു നാണുവാശാന്റെ കളരി. മനോഹരമായ വാവലിപ്പുഴയോരത്ത് പാലപ്പുഴയിൽ പഴശ്ശിരാജാവിന്റെ പേരിൽ തന്നെ കളരിത്തറ. തറനിരപ്പിൽ നിന്നും അല്പം താഴ്ത്തി, ഒരു മൂലയിൽ കളരി ദേവതയെ കുടിയിരുത്തിയിരിക്കുന്നു. പെൺകുട്ടികളടക്കം ധാരാള പേർ അവിടെ കളരി അഭ്യസിക്കുന്നു. ചുരിക, ഉറുമി, കത്തി, വടിപ്പയറ്റിനുതകുന്ന വിവിധതരം വടികൾ തുടങ്ങിയ അയോധനസാമഗ്രികൾ അവിടെയുണ്ടായിരുന്നു. നല്ല തണുപ്പായിരുന്നു അകത്ത്. കളരി തൈലങ്ങളുടെ വിവിധ കുപ്പികൾ അവിടവിടെ കാണപ്പെട്ടു. അവാച്യമായൊരു ശാന്തത ആത്മാവിലേക്കിറങ്ങി ചെല്ലുന്ന പ്രതീതി തോന്നി. ഞങ്ങൾ വാവലിപ്പുഴയോരത്തേക്കിറങ്ങി. പുഴ പകുതിയിലേറെ വറ്റി വരണ്ടിരിക്കുന്നു. നടുവിലായി ചില തുരുത്തുകൾ പോലെ കാണപ്പെട്ടു, മഴക്കാലത്ത് രൗദ്രതാണ്ഡവമാടി ആർത്തലച്ചു വരുന്ന വാവലിപ്പുഴയെ ഞാൻ മനസ്സാ നിരൂപിച്ചു. സമീപത്തെ റബ്ബർ തോട്ടത്തിൽ റബർ ഷീറ്റ് ഉറവെച്ച് അടിച്ചെടുക്കുന്ന മെഷ്യനും മറ്റും കണ്ടപ്പോൾ മഞ്ജുഷയ്ക്ക് അതൊക്കെ ആദ്യമായി കാണുന്ന കൗതുകം. കൈയിലെ രണ്ടുവിരലുകൾ മെഷ്യനകത്ത് പണ്ടെന്നോ കുടുങ്ങി ചതഞ്ഞരഞ്ഞതിന്റെ ധാരുണവേദന അയവിറക്കി സുഗീഷ് അവന്റെ ചതഞ്ഞ വിരലുകൾ കാണിച്ചു തന്നു. വിശപ്പ് മെല്ലെ പിടിമുറുക്കാൻ തുടങ്ങി. രാവിലെ വിനയേട്ടന്റെ സഹധർമ്മിണി രാജലക്ഷ്മി ടീച്ചർ ഒരുക്കിത്തന്ന ഇഡ്ഡലിയും സ്പെഷ്യൽ കോമ്പിനേഷനായ കപ്പയും തൈരും ഒക്കെ ആവിയായിപ്പോയിരിക്കുന്നു.
പേരാവൂരിലെ ഒരു ഹോട്ടലിൽ വെച്ച് സുഭിക്ഷമായ ഉച്ച ഭഷണം. തുടർന്ന് വൈകുന്നേരവും നാളെ മുഴുവനായും നടക്കുന്ന പരിപാടികളുടെ ആസൂത്രണത്തിലേക്ക് അല്പസമയം ഊളിയിട്ടു. പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് കാര്യാലയത്തിലേക്ക് പോയി പാത്രങ്ങളെടുത്തു; ചായ വെയ്ക്കാനാവശ്യമായ പാൽ തുടങ്ങിയവയൊക്കെ വാങ്ങി വണ്ടിയിൽ വെച്ചു. സംഘാടനായ വിനയേട്ടന് തുരുതുരെ ഫോൺകോളുകൾ വന്നുതുടങ്ങി. അന്നത്തെ യാത്രകളിൽ ഞങ്ങൾ ഏറെ പ്രാധാന്യം കൊടുത്ത സ്ഥലത്തേക്ക് ഇനിയും എത്തിയിട്ടില്ല. തൊടീക്കളം ശിവക്ഷേത്രമായിരുന്നു അത്. തുടർന്നുള്ള യാത്ര അങ്ങോട്ടായിരുന്നു. രാത്രിയിലെ ഞങ്ങളുടെ ഒത്തു ചേരലിനു സാക്ഷ്യം വഹിക്കുന്ന കാനനമധ്യത്തിലെ പാലയത്തുവയൽ സ്കൂളിലേക്ക് തിരിയുന്ന ചങ്ങല ഗേറ്റ് എന്ന സ്ഥലവും കടന്ന് ഞങ്ങൾ തൊടീക്കളം ശിവക്ഷേത്രത്തിൽ എത്തി.
തൊടീക്കളം ശിവക്ഷേത്രം
കേരള പുരാവസ്തു വകുപ്പിന്റെ കീഴിൽ സംരക്ഷിക്കപ്പെടുന്നു എന്നു വെണ്ടയ്ക്ക അക്ഷരത്തിൽ എഴുതി വെച്ചിരിക്കുന്ന ഒരു വലിയ ബോർഡ് ഞങ്ങളെ സ്വാഗതം ചെയ്തു. വിശാലമായ അമ്പലക്കുളവും കൽപ്പടവുകളും പ്രാചീന ഗാംഭീര്യത്തെ വിളിച്ചോതുന്നതായിരുന്നു. ഡി.വൈ.എഫ്.ഐക്കാരുടെ ഒരു ബോർഡ് കൗതുകമുണർത്തി. കുളത്തിലെ അലക്ക് നിരോധിച്ചുകൊണ്ടും ചെരുപ്പുപയോഗിച്ച് കുളത്തിൽ ഇറങ്ങുന്നതിനെതിരെയും ആയിരുന്നു ബോർഡ്. ക്ഷേത്രമതിൽക്കെട്ടിലെത്തി. യാതൊരു സംരക്ഷണവും ഇല്ലാതെ നശിച്ചുകൊണ്ടിരിക്കുന്ന കൂറ്റൻ മതിൽക്കെട്ടുകൾ. പൊളിഞ്ഞു വീണ മതിൽക്കെട്ടിനിടയിലൂടെ കാണുന്ന ആ ആദിമ ക്ഷേത്രപ്രൗഢിയുടെ ഗോപുരം. ക്ഷേത്രാചാരം അവിടെയും വിലങ്ങു തടിയായി. ക്ഷേത്രത്തിനകത്തു പ്രവേശിക്കാനോ പുരാതനമായ ആ ചുവർച്ചിത്രങ്ങൾ കണ്ടറിയാനോ ക്ഷേത്രപാലകർ ഞങ്ങളെ സമ്മതിച്ചില്ല. വളരെ ദൂരെനിന്നും വരുന്നവരാനെന്നും ക്ഷേത്രത്തിലേക്ക് മുതൽക്കൂട്ടാവുന്ന ചെറുതെങ്കിലുമായ പ്രവർത്തനങ്ങൾക്ക് ഞങ്ങൾ തുടക്കം കുറിക്കുമെന്നും ഒക്കെ പറഞ്ഞിട്ടും അവർ സമ്മതിച്ചില്ല. നിങ്ങൾ കയറിയിട്ടും കാര്യമില്ല ചിത്രങ്ങൾ എടുക്കരുതെന്ന് നിയമമുണ്ടെന്നും പറഞ്ഞു. സർക്കാർ നിയമമത്രേ! ചിത്രങ്ങൾ എടുത്തുകൊണ്ടുപോയി വിറ്റ് പലരും കാശാക്കി മാറ്റുന്നത്രേ! എത്രയാലോചിച്ചാലും മനസ്സിലാവാത്ത ന്യായവാദങ്ങളാണല്ലോ നമ്മുടെ ഗവണ്മെന്റുകൾ കാലാകാലങ്ങളിൽ ഉണ്ടാക്കുന്നത്. ചിത്രങ്ങൾ വിറ്റാൽ ഇവർക്കെന്ത്? കൂടുതൽ ആൾക്കാർ അതു കണ്ട്, ക്ഷേത്രത്തിന്റെ പുരാതന മഹിമ കണ്ട് വന്നെത്തുകയില്ലേ? ആരോട് ചോദിക്കാൻ? ക്ഷേത്രത്തോളം തന്ന്എ പുരാതനമായ ഒരു ബോർഡ് പുരാവസ്തുവകുപ്പിന്റെ വകയായി ക്ഷേത്രമുറ്റത്ത് കുത്തി നിർത്തിയിട്ടുണ്ടായിരുന്നു. ഞങ്ങളവിടെ വട്ടം കൂടി നിൽക്കുന്നതു കണ്ടപ്പോൾ മറ്റൊരു ക്ഷേത്രപാലകൻ വന്ന് കാര്യങ്ങൾ വീണ്ടും അന്വേഷിക്കുകയുണ്ടായി! വിശ്വേട്ടൻ അയാൾക്ക് വിക്കിപീഡിയയുടെ പഠനശിബിരം നടത്തിക്കൊടുക്കുന്നുണ്ടായിരുന്നു!! ഇന്റെർനെറ്റെന്തെന്നോ വിക്കിപീഡിയ എന്തെന്നോ അറിയാത്ത ആ പാവം നാട്ടുമ്പുറത്തുകാരൻ വിഴുങ്ങസ്യ ൻഇൽക്കുന്നുണ്ടായിരുന്നു അവിടെ! മേലിൽ അയാൾ ക്ഷേത്രം കാണാൻ വരുന്നവരോട് കുശലപ്രശ്നങ്ങൾ ചോദിച്ചു പോകുമെന്ന് കരുതാൻ ഇനി നിർവാഹമില്ല.
പാലയത്തുവയൽ യു. പി സ്കൂളിലേക്ക്
ചങ്ങല ഗേറ്റ് കടന്ന് നേരെ പാലത്തുവയൽ സ്കൂളിലേക്ക്. പ്രധാന അദ്ധ്യാപകനായ ശ്രീ ജയരാജൻ മാസ്റ്ററും, നാട്ടറിവുകളുടെ വിക്കിപീഡിയ എന്നു വിശേഷിപ്പിക്കാവുന്ന കർഷകനായ മാത്യു സാറും സ്കൂളിലെ തന്നെ അദ്ധ്യാപനായ നാരായാണൻ സാറും ഒക്കെ ഞങ്ങളെ അവിടെ കാത്തിരിക്കാൻ തുടങ്ങിയിട്ട് മണിക്കൂറുകൾ ഏറെ ആയെന്ന് വിനയേട്ടൻ പറഞ്ഞു. വഴിവക്കിൽ ഹരിഹരൻ സംവിധാനം ചെയ്യുന്ന ഭാവന നായികയും വിനീത് നായകനും ആയി അഭിനയിക്കുന്ന ഏതോ സിനിമയുടെ ഷൂട്ടിങ് നടക്കുന്നു. ഞങ്ങളും സിനിമാക്കാരാണെന്നു കരുതി പലരും പ്രതീക്ഷയോടെ വണ്ടിക്കകത്തേക്ക് നോക്കുന്നുണ്ടായിരുന്നു. ഷൂട്ടിങ് സ്ഥലത്തൊന്നും നിർത്താതെ ഞങ്ങൾ സ്കൂളിലെത്തി. ബാംഗ്ലൂരിൽ നിന്നും സുധിയും അപ്പോഴേക്കും വന്നുചേർന്നിരുന്നു. ആദിത്യമരുളുന്ന സുമനസ്സുകളെ പരിചയപ്പെട്ടു. സമീപത്തുകൂടെ ഒഴുകുന്ന കാട്ടരുവിയിൽ പോയി സ്ഥലകാലബോധങ്ങൾ വെടിഞ്ഞുള്ള ഒരു കുളി. മനസ്സും ശരീരവും ഒരു പോലെ തണുത്തു. കുളികഴിഞ്ഞെത്തുമ്പോഴേക്കും വിക്കിപീഡിയനായ വൈശാഖ് കല്ലൂർ എത്തിച്ചേർന്നു. എല്ലാവരും ഭക്ഷണം കഴിച്ചു.
രാത്രിക്കു കടുപ്പമേറിത്തുടങ്ങി. ഞങ്ങളെല്ലാവരും സ്കൂളിന്റെ ഒരു ക്ലാസ്‌മുറിയിൽ സമ്മേളിച്ചു. തികച്ചും ഔപചാരികമായിത്തന്നെ ഞങ്ങൾ കാര്യപരിപാടിയിലേക്ക് നീങ്ങി. സ്കൂളിനെക്കുറിച്ചും കുറിച്യർ എന്ന ആദിമ സമുദായത്തിന്റെ പരിമിതികളെ കുറിച്ചും മിടുക്കരായ സ്കൂളിലെ അദ്ധ്യാപകരുടെ ആത്മാർത്ഥതയെ പറ്റിയും മിടുമിടുക്കരായ അവിടുത്തെ കുട്ടികളെ കുറിച്ചും കുട്ടികളെ അവർക്കു വിട്ടുകൊടുത്ത ആ ആദിമമനുഷ്യരുടെ സ്നേഹത്തെക്കുറിച്ചും ജയരാജൻ മാസ്റ്റർ സംസാരിച്ചു. തുടർന്ന് ജയരാജൻ മാസ്റ്റർ ഒരു കവിത ആലപിച്ചു; ഞങ്ങൾ അതേറ്റുപാടി; അടിച്ചമർത്തപ്പെട്ട ഒരു കൂടം മനുഷ്യരുടെ വിടുതലിനുവേണ്ടി; ആത്മവിശ്വാസത്തോടെ അവരെ വെളിച്ചത്തിലേക്ക് കൊണ്ടുവരാൻ ആവശ്യപ്പെടുന്ന ഒരു ഉണർത്തുപാട്ടായിരുന്നു അത്. ഏറ്റു പാടിയപ്പോൾ അടങ്ങാത്തൊരു വിപ്ലവവീര്യം സിരകളിലേക്ക് പാഞ്ഞുകരറുന്നതായി തോന്നി. ഒമ്പതുവർഷമായി ആ സ്കൂളിനെ അറിഞ്ഞ് കുറിച്യസമൂഹത്തിന്റെ ഹൃദയം തൊട്ടറിഞ്ഞ് അദ്ദേഹം നയിക്കുകയാണ് ജയരാജൻ മാസ്റ്റർ. എളിമയുടെയും വിനയത്തിന്റേയും ആൾരൂപമായ ജയരാജൻ മാസ്റ്റർ ഒത്തിരി കാര്യങ്ങൾ പറയുകയുണ്ടായി. അതേക്കുറിച്ച് ഉടനെ തന്നെ എഴുതുന്നുണ്ട്.
തുടർന്ന് വിക്കിപീഡിയയെ പരിചയപ്പെടുത്തിക്കൊണ്ട് വിശ്വേട്ടൻ സംസാരിച്ചു. വിശ്വേട്ടന്റെ സ്ഥിരം ശൈലിയിൽ തന്നെയായിരുന്നു പരിചയപ്പെടുത്തൽ, എങ്കിലും അധികം വലിച്ചു നീട്ടാതെ കാര്യത്തോട് അടുപ്പിച്ചു തന്നെയായിരുന്നു വിശ്വേട്ടന്റെ പോക്ക്. വിക്കിപീഡിയയുടെ സഹോദര സംരംഭങ്ങളായ വിക്കിഷ്ണറി, വിക്കി ഗ്രന്ഥശാല, വിക്കി ചൊല്ലുകൾ, വിക്കി പാഠശാല, കോമൺസ് എന്നിവയെ ഞാൻ ചെറുതായി പരിചയപ്പെടുത്തി. തുടർന്ന് കൊല്ലം അഞ്ചലിൽ നടന്നുവരുന്ന വിക്കിപ്രവർത്തനങ്ങളെക്കുറിച്ച് സുഗീഷ് സംസാരിച്ചു. സംസാരത്തിനിടയിൽ കറന്റ് പോയിരുന്നെങ്കിലും ഞങ്ങൾ നിർത്തി വെയ്ക്കാൻ കൂട്ടാക്കിയില്ല… നെറ്റോ, മൊബൈൽ കവറേജോ ഇല്ലാത്ത ആ വനപ്രദേശത്തുള്ള ആദ്യ ദിവസം നല്ലൊരു അനുഭമായിരുന്നു. രാത്രി ഏറെ വൈകി ഉറങ്ങാൻ, ഒരു ക്ലാസ് മുറിയിൽ വിശ്വേട്ടനും സുഗീഷും സുധിയും വൈശാഖും മഞ്ജുഷയും ഞാനും കൂടി, മഞ്ജു നേരത്തെ കിടന്നുറങ്ങി, ഒരുമണിയാകാറായപ്പോൾ ഞാനും കിടന്നു. മറ്റുള്ളവർ നാലുമണി കഴിഞ്ഞാണത്രേ കിടന്നത്.! വിശ്വേട്ടന്റെ ക്ലാസ്സായിരുന്നു പാതിരാത്രിയിൽ!!
ഇത് ഒന്നാം ദിവസത്തെ കാര്യങ്ങൾ. ഇനിയും എഴുതാനുണ്ട് ഒത്തിരി… വനയാത്രയുടെ ഭാഗമായി പെരുവയിൽ നിന്നും കൊളപ്പയിലേക്ക് നടത്തിയ യാത്രയെ കുറിച്ച്, കുറിച്യ കോളനികളെ പറ്റി, മൂപ്പനെ പറ്റി, അമൃതൊഴുകിപ്പരക്കുന്ന മലമുകളിലെ ആ വെള്ളച്ചാട്ടത്തെക്കുറിച്ച്…. അതിലെല്ലാം ഉപരിയായി നാടിന്റെ ഹൃദയമായ ആ കൊച്ചു സരസ്വതീക്ഷേത്രത്തെ കുറിച്ച്, അവിടുള്ള കുട്ടികൾ വിരചിച്ച വിപ്ലവ ചിന്തകളെക്കുറിച്ച്, അവരുടെ തപ്പാൽ സംവിധാനത്തെക്കുറിച്ച്, മ്യൂസിയത്തെ കുറിച്ച്, വീടുകളിൽ അവർ നടപ്പിലാക്കിയ ഭക്ഷ്യസുരക്ഷാ സംവിധാനത്തെക്കുറിച്ച്, നാട്ടുവർത്തമാനങ്ങളും ലോകവിവരങ്ങളും സംപ്രേക്ഷണം ചെയ്യുന്ന അവരുടെ ടിവി ചാനലിനെ കുറിച്ച്, അവരുടെ അതുല്യമായ കായികക്ഷമതയെ കുറിച്ച്, അവർ ഉണ്ടാക്കി വിളമ്പിയ ചമ്മന്തികളെ കുറിച്ച്… ഇവയെ ഒക്കെ ഒരു നൂലിൽ കെട്ടി അവരുടെ നട്ടെല്ലായി നിൽക്കുന്ന ആ സ്കൂളിലെ അദ്ധ്യാപകവൃന്ദത്തിന്റെ നിസ്തുല സ്നേഹ സമ്പന്നതയെക്കുറിച്ച്…
മലയാളത്തിന് അഭിമാനകരമായ 10 വർഷങ്ങൾ!! മലയാളം വിക്കിപീഡിയ അതിന്റെ പത്താം വാർഷിക നിറവിൽ എത്തിയിരിക്കുന്നു. അനേകം എഴുത്തുകാരുടേയും വായനക്കാരുടേയും സഹകരണത്തോടെ സൃഷ്ടിക്കപ്പെട്ടിരിക്കുന്ന സ്വതന്ത്രവും സൗജന്യവുമായ ഓൺലൈൻ സർവ്വവിജ്ഞാനകോശം ആണ് വിക്കിപീഡിയ. 2002 ഡിസംബർ 21-നു് അമേരിക്കന്‍ സര്‍വ്വകലാശാലയിൽ ഗവേഷണ വിദ്യാര്‍ത്ഥിയായയിരുന്ന തിരുവനന്തപുരം സ്വദേശിയായ ശ്രീ. വിനോദ് മേനോന്‍ എം. പി യാണ് മലയാളം വിക്കിപീഡിയക്കു (http://ml.wikipedia.org/) തുടക്കം ഇട്ടതു്. അദ്ദേഹം തന്നെയായിരുന്നു ആദ്യത്തെ രണ്ട് വര്‍ഷത്തോളം മലയാളം വിക്കിയെ സജീവമായി വിലനിര്‍ത്താൻ പ്രയത്നിച്ചതും. കുറേ കാലത്തോളം അദ്ദേഹം ഒറ്റക്കായിരുന്നു ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ ചെയ്തിരുന്നത്. മലയാളം വിക്കിപീഡിയയുടെ ആരംഭകാലങ്ങളില്‍ ഉണ്ടായിരുന്ന അംഗങ്ങളെല്ലാം വിദേശമലയാളികളായിരുന്നു.
ബൃഹത്തായ ഒരു പദ്ധതി ഒന്നോ രണ്ടോ പേർ ചേര്‍ന്ന് മുന്നോട്ട് കൊണ്ടു പോകുന്നത് അസാദ്ധ്യമായതിനാല്‍ മലയാളം വിക്കിപീഡിയയുടെ തുടക്കം വളരെ മന്ദഗതിയിലായിരുന്നു. 2002-ൽ തുടങ്ങിയിട്ടും 2004 വരെ മലയാളം വിക്കിയിൽ കാര്യമായ പുരോഗതിയുണ്ടായില്ല. 2004 മദ്ധ്യത്തോടെ മലയാളം യുണിക്കോഡ് എഴുത്തു സാമഗ്രികൾ സജീവമായിത്തുടങ്ങിയിരുന്നു.
മറ്റെല്ലാ വിക്കികളിലേയുംപോലെ മലയാളത്തിലും ഇക്കാലത്ത് ചെറിയ ലേഖനങ്ങളായിരുന്നു അധികവും. അവ മൊത്തത്തില് നൂറെണ്ണം പോലും തികഞ്ഞിരുന്നുമില്ല. 2004 ഡിസംബറിലാണ് മലയാളം വിക്കിയിൽ നൂറു ലേഖനങ്ങൾ തികയുന്നത്. 2005 മധ്യത്തോടെ പിന്നെയും പുതിയ അംഗങ്ങളെത്തി. മലയാളം വിക്കിപീഡിയയുടെ മുഖ്യതാൾ അണിയിച്ചൊരുക്കപ്പെട്ടു. ലേഖനങ്ങൾ വിഷയാനുസൃതമായി ക്രമീകരിച്ചു തുടങ്ങി. 2005 സെപ്റ്റംബറിൽ മലയാളം വിക്കിപീഡിയയ്ക്കു ആദ്യത്തെ സിസോപ്പിനെ ലഭിച്ചു. ഇതോടെ സാങ്കേതിക കാര്യങ്ങളിൽ മെറ്റാ വിക്കിയിലെ പ്രവര്‍ത്തകരെ ആശ്രയിക്കാതെ മലയാളം വിക്കിപീഡിയക്കു നിലനില്‍ക്കാം എന്ന സ്ഥിതിയായി.
മലയാളികള്‍ക്ക് മലയാളം ടൈപ്പിങ്ങിലുള്ള അജ്ഞത മൂലം മലയാളം വിക്കിപീഡിയയുടെ വളര്‍ച്ച ഇഴഞ്ഞിഴഞ്ഞ് നീങ്ങുകയായിരുന്നു. 2006ലാണ് ഇതിനു് മാറ്റം കണ്ടുതുടങ്ങിയത്. യൂണീക്കോഡ് മലയാളം ഉപയോഗിച്ച് ഗള്‍ഫ് നാടുകളിലും, അമേരിക്കൻ ഐക്യനാടുകളിലും ഉള്ള അനേകർ മലയാളത്തിൽ ബ്ലോഗു് ചെയ്യുവാൻ തുടങ്ങി. ബ്ലോഗിങ്ങിലൂടെ മലയാളം ടൈപ്പിങ്ങ് അനായസം പഠിച്ചെടുത്ത ഇവരിൽ പലരുടേയും ശ്രദ്ധ ക്രമേണ വിജ്ഞാന സംഭരണ സംരംഭമായ വിക്കിപീഡിയയിലേക്ക് തിരിഞ്ഞു.
ഇന്ന്, പത്താം വാർഷകത്തോട് അടുക്കുമ്പോൾ വിക്കിപീഡിയ അതിന്റെ സഹോദര സംരംഭങ്ങളായ വിക്കിഷ്ണറി, വിക്കി ഗ്രന്ഥശാല, വിക്കിചൊല്ലുകൾ എന്നിവയോടൊന്നിച്ച് മലയാളത്തിന് അഭിമാനിക്കാവുന്ന നിലയിൽ എത്തിച്ചേർന്നിരിക്കുന്നു. നിരവധിയാളുകളുടെ പ്രയത്നം ഈ വിജയത്തിനു പിന്നിലുണ്ട്. തങ്ങളുടെ വിലയേറിയ സമയങ്ങളിൽ അല്പം വിക്കിപീഡിയയ്ക്കുവേണ്ടി മാറ്റിവെച്ച എല്ലാ സുമനസ്സുകൾക്കും ഹൃദ്യമായ അഭിനന്ദനങ്ങൾ!!
മലയാളം വിക്കിപീഡിയ ലോഗോ( Malayalam Wikipedia Logo) സേർച്ച് ചെയ്യുന്നവർക്ക് പതിവായി കിട്ടിക്കൊണ്ടിരിക്കുന്നത് മലയാളം വിക്കിപീഡിയയുടെ പഴയ ലോഗോ ആണെന്നു കാണാൻ കഴിഞ്ഞു. മലയാളം വിക്കിപീഡിയയെ കുറിച്ച് ലേഖനങ്ങൾ എഴുതുന്നവർ ഉപയോഗിക്കുന്നതും വാർത്തകൾ കൊടുക്കുന്ന മിക്ക പത്രങ്ങളിൽ വരുന്ന ലോഗോകളും ഇപ്പോഴും പഴയതു തന്നെയാണ്. എന്നാൽ വിക്കിപീഡിയ കോമൺസിൽ മലയാളം വിക്കിപീഡിയയുടെ വിവിധ ഉപയോഗങ്ങൾക്കായുള്ള ലോഗോകൾ ലഭ്യമാണ്. അവയുടെ ലിങ്ക് താഴെ കൊടുത്തിരിക്കുന്നതു കാണുക:മലയാളം വിക്കിപീഡിയ ലോഗോ – വിവിധ ആവശ്യങ്ങൾക്കായുള്ളത്
25000 പ്രൗഢലേഖനങ്ങളുടെ കരുത്തുമായി മലയാളം വിക്കിപീഡിയ വൈജ്ഞാനികകേരളത്തിന്റെ മുഖമുദ്രയാവുകയാണ്. മലയാള ഭാഷയെ സ്നേഹിക്കുന്ന നിരവധി പേര്‍ കഴിഞ്ഞ പത്ത് വര്‍ഷങ്ങള്‍ പ്രതിഫലേഛയില്ലാതെ നടത്തിയ പ്രയത്നം ആണ് മലയാളം വിക്കീപീഡിയയെ ഈ നേട്ടത്തിന് അര്‍ഹമാക്കിയത്. ഒത്തിരിപ്പേർ മലയാളം വിക്കിപീഡിയയിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിലും മലയാളം വിക്കീപീഡിയയുടെ എഡിറ്റിംഗ് പ്രക്രിയയില്‍ സജീവമായി ഏര്‍പ്പെട്ടിരിക്കുന്നത് നൂറോളം പേരാണ്. ഇനിയും ഭാഷാ സ്നേഹികളായ മലയാളികൾ ഈ രംഗത്തേക്ക് കടന്നു വരുമെന്നും പ്രാദേശികമായ അതിരുകൾ കടന്ന് എല്ലായിടത്തും വിക്കിപീഡിയ സജീവമാവുമെന്നു പ്രതീക്ഷിക്കുന്നു. ഈ അവസരത്തിൽ വിവിധങ്ങളായ ലോഗോ ഉപയോഗിക്കുന്നത് പരമാവധി ഒഴിവാക്കി വിക്കിപീഡിയ അംഗീകരിച്ച സ്ഥിരമായ ഒരു ലോഗോ തന്നെ ഉപയോഗിക്കാൻ എല്ലാവരും ശ്രദ്ധിക്കേണ്ടതുണ്ട്.
വിക്കിമീഡിയ പ്രവർത്തകരുടെ ഒരു കൂട്ടയ്മ വിക്കിസംഗമോത്സവം 2012 എന്ന പേരിൽ ഈ വരുന്ന ഏപ്രിൽമാസം 21, 22 തീയതികളിലായി കൊല്ലത്ത് നടക്കുന്നു. വിക്കിസംഗമോത്സവത്തോടനുബന്ധിച്ച് വൈജ്ഞാനിക സ്വഭാവമുള്ള വിവിധ വിഷയങ്ങളെ അധികരിച്ച് പ്രബന്ധാവതരണം നടക്കുന്നുണ്ട്. ഇതിനുള്ള അപേക്ഷ ക്ഷണിച്ച വിവരം ഇതിനോടകം നിങ്ങലെല്ലാവരും അറിഞ്ഞിരിക്കുമല്ലോ.
അപേക്ഷ ക്ഷണിച്ച് ഇത്രയധികം ദിവസങ്ങൾ പിന്നിട്ടിട്ടും വളരെ കുറച്ച് അപേക്ഷകൾ മാത്രമാണ് ലഭിച്ചിട്ടുള്ളത്. ഇന്ത്യൻഭാഷാ വിക്കിപീഡിയകളിൽ വച്ച് ഏറ്റവും അധികം സജീവ ഉപയോക്താക്കൾ ഉള്ള വിക്കിപീഡിയ മലയാളമാണ്. ഏറ്റവും കൂടുതൽ വരിക്കാരുള്ള മെയിലിങ് ലിസ്റ്റും നമുക്കാണുള്ളത്. ഇത്രയധികം ജനപിന്തുണ നമുക്കുണ്ടായിട്ടും, മുന്നോട്ട് വന്ന് കാര്യങ്ങൾ സംസാരിക്കാനും, ചർച്ചകൾ നടത്താനും നാം വിമുഖത കാണിക്കുന്നു.
ഇതുവരെ നടന്നിട്ടുള്ളതിൽ വച്ച് ഏറ്റവും വിപുലമായ പരിപാടികളാണ് ഏപ്രിലിൽ കൊല്ലത്ത് വച്ച് നടക്കുന്ന വിക്കിസംഗമോത്സവത്തിനു വേണ്ടി നമ്മൾ ആസൂത്രണം ചെയ്യുന്നത്. ഒരു കോൺഫറൻസിന്റെ പ്രധാന ആകർഷണം അതിലെ പരിപാടികളാനെന്നിരിക്കെ, അതിൽ ഭാഗവാക്കാകേണ്ടത് നാമെല്ലാവരുതന്നെയാണ്, അതുകൊണ്ടുതന്നെ പരിപാടിയെ പൂർണ്ണ വിജയത്തിലെത്തിക്കുക എന്നത് വിക്കിപദ്ധതികളുമായി സഹകരിക്കുന്ന നമ്മുടെ കടമയാണ്.
നിങ്ങളിൽ പലരും വ്യത്യസ്ത വിഷയങ്ങളിൽ പ്രാഗൽഭ്യമുള്ളവരായിരിക്കുമല്ലോ. ‘നിങ്ങളുടെ പ്രവർത്തനമണ്ഡലവും വിക്കിമീഡിയ സംരംഭങ്ങളും‘ എന്ന വിഷയത്തിൽ ഒരു ചെറിയ പ്രബന്ധം അവതരിപ്പിക്കാൻ ബുദ്ധിമുട്ടൊന്നും ഉണ്ടാവുകയില്ല എന്നു കരുതുന്നു. ഉദാഹരണത്തിന് ഒരു ഡോക്ടർക്ക് ‘ആരോഗ്യസം രക്ഷണത്തിൽ വിക്കിമീഡിയയ്ക്കുള്ള പങ്ക്, വൈദ്യശാസ്ത്ര താളുകൾ വിക്കിപീഡിയയിൽ, വൈദ്യശാസ്ത്ര പ്രൊജെക്ടുകളിലേക്ക് ഉപയോക്താക്കളെ ആകർഷിക്കാനായി ചെയ്യേണ്ടതെന്തെല്ലാം, ആരോഗ്യമേഖലയിലെ വിദഗ്ദർക്ക് വിക്കിമീഡിയയിൽ എന്തെല്ലാം ചെയ്യാൻ സാധിക്കും, വൈദ്യശാസ്ത്ര ലേഖനങ്ങൾ വികസിപ്പിക്കാൻ ആവശ്യമായ ടൂളുകൾ എന്നിങ്ങനെ അനവധി വിഷയങ്ങളിൽ പ്രബന്ധവും ചർച്ചയും അവതരിപ്പിക്കാവുന്നതാണ്. ഇനി താങ്കൾ ഒരു നവാഗതനാണെങ്കിൽ ‘വിക്കിമീഡിയ സംരംഭങ്ങൾ: ഒരു നവാഗതന്റെ വീക്ഷണകോണിലൂടെ‘ എന്ന വിഷയത്തെക്കുറിച്ച് പ്രബന്ധമാവാം. സജീവ ഉപയോക്താക്കൾക്ക് തങ്ങൾ പ്രവർത്തിക്കുന്ന വിക്കിപദ്ധതികളെപ്പറ്റി സംസാരിക്കാവുന്നതാണ്. ബ്ലോഗിങ് മേഖലയിലുള്ളവർക്ക് വിക്കിമീഡിയയുടെ പ്രചാരണത്തിന് ബ്ലോഗ് എന്ന മാധ്യമം ഉപയോഗിക്കുന്നതിനെ പറ്റി പ്രബന്ധങ്ങൾ അവതരിപ്പിക്കാവുന്നതാണ്.
ഒരാൾക്ക് ഒന്നിലധികം പ്രബന്ധങ്ങൾ അവതരിപ്പിക്കുന്നതിന് തടസ്സമില്ല. പ്രബന്ധത്തിന് അപേക്ഷ സമർപ്പിക്കുന്നതിനെ പറ്റി കൂടുതൽ വിവരങ്ങൾ ഇവിടെ. എന്തെങ്കിലും സംശയങ്ങൾ ഉണ്ടെങ്കിൽ, പ്രബന്ധമെഴുതുവാൻ ആവശ്യമായ വിവരങ്ങൾ വേണമെങ്കിൽ ഈ പദ്ധതിയുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന രമേശ് എൻ ജി, നത ഹുസൈൻ, അനൂപ് നാരായണൻ, വിശ്വപ്രഭ, ശിവഹരി എന്നിവരിൽ ആരെങ്കിലുമായി സംവദിക്കുക. എല്ലാവരും ഉത്സാഹിച്ച് പ്രബന്ധങ്ങൾ അവതരിപ്പിച്ച് ഏപ്രിലിൽ നടക്കുന്ന ഈ മഹാസംഗമത്തെ വിജയത്തിലേക്ക് നയിക്കുക എന്ന് അഭ്യർത്ഥിക്കുന്നു.
അറിവിന്റെ ലേകത്തെ പുത്തൻ സേർച്ചിങ് അനുഭവങ്ങളുമായി വിക്കിമീഡിയ ഇന്ത്യയുടെ സേച്ച് എഞ്ചിൻ എത്തിയിരിക്കുന്നു. എല്ലാ ഇന്ത്യൻ ഭാഷകളിലും ഏത് വിക്കിമീഡിയ പ്രോജക്റ്റിലും അതാത് ഭാഷകളിൽ തെരയാൻ വളരെ എളുപ്പം സാധിക്കുന്ന രീതിയിലുള്ള നല്ലൊരു പൂമുഖം ഒരുക്കിയ വിക്കിമീഡിയ ഇന്ത്യയ്‌ക്ക് അഭിനന്ദനങ്ങൾ!! സൈറ്റിന്റെ url ഇതാണ് http://wikimedia.in ഇന്ത്യൻ ഭാഷകൾക്കു പുറമേ ഇംഗ്ലീഷിലുള്ള വിക്കിമീഡിയ പ്രോജക്റ്റുകളും ഇതിൽ ലഭ്യമാണ്.
അറിവിന്റെ പുത്തൻ ദൃശ്യഭാഷ രചിച്ച വിക്കിമീഡിയയുടെ ഈ സൈറ്റ് ബുക്ക്മാർക്ക് ചെയ്തു വെയ്‌ക്കേണ്ട ഒന്നാണ്. ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്ന ബീറ്റാ വേർഷൻ കൂടുതൽ മെച്ചപ്പെടുത്തി നല്ലൊരു സേർച്ചിങ് അനുഭവം തന്നെ പ്രദാനം ചെയ്യുന്ന രീതിയിൽ ഉടനേ വരുന്നതാണ്. ഇന്ത്യൻ ഭാഷയിൽ ഉള്ള വിക്കിമീഡിയ പ്രോജക്റ്റുകളായ വിക്കിപീഡിയ, വിക്കിഷ്‌ണറി, വിക്കിസോർസ്, വിക്കിബുക്ക്സ് തുടങ്ങിയ സൈറ്റുകളിലേക്ക് ഒരാൾക്ക് നേരിട്ട് എത്തിച്ചേരാൻ ഉള്ള ബുദ്ധിമുട്ട് മാറ്റാനുതകുന്നതാണ് http://wikimedia.in എന്ന സൈറ്റ്.
പലപ്പോഴും ഒരു സാധാരണ വിക്കിപീഡിയ യൂസർ ഈ സൈറ്റുകളിൽ എത്തിച്ചേരുന്നത് ഗൂഗിൾ സേർച് എഞ്ചിൻ പോലുള്ള ഏതെങ്കിലും സേർച്ച് എഞ്ചിന്റെ സഹായത്തോടു കൂടിയായിരുന്നു. അവയുടെയൊക്കെ യുആർഎൽ ഓർത്തിരിക്കാനുള്ള ആ വൈഷമ്യം ഈ ഒരു സൈറ്റോടെ തീരുമെന്നു പ്രതീക്ഷിക്കാം. അതുകൊണ്ടുതന്നെ എല്ലാവരും അവരവരുടെ ബ്രൗസറിൽ ബുക്ക്‌മാർക്ക് ചെയ്തു വെയ്ക്കേണ്ട ഒരു സൈറ്റാണിതെന്നു നിസംശയം പറയാം.
കമ്പനി ടൂർ, അതു വൺഡേ ആവട്ടെ വൺ വീക്കാവട്ടെ സുഖമുള്ള ഒരേർപ്പാടാണ്. എന്റെ കമ്പനിക്കാണെങ്കിൽ ഇടയ്ക്കിടയ്ക്കിതു നടത്താതിരിക്കാൻ പറ്റാത്ത അവസ്ഥയാണെന്നു തോന്നിപ്പോവും. കഴിഞ്ഞ പ്രാവശ്യം പോയത് ബാംഗ്ലൂരു തന്നെയുള്ള ഒരു റിസോർട്ടിലേക്കാണ്. പല പ്രാവശ്യങ്ങളിലായി പല റിസോർട്ടുകളിലായി പോയി വന്നിട്ടുണ്ട് എങ്കിലും ഇപ്രാവശ്യം ഒരു പ്രത്യേകതയുണ്ട് – ഇതൊരു മലയാളിയുടെ റിസോർട്ടാണ്. നല്ല മലയാളിത്തനിമയൊക്കെ കാണാം, കഥകളിയും കെട്ടുവള്ളവും കോവിലകത്തിന്റെ മോഡലുകളും കാട്ടി ഹിന്ദിക്കാരുടെ മുമ്പിലൊന്നു ഞെളിഞ്ഞിരിക്കാം എന്നൊക്കെ സ്വപ്നം കണ്ടാണ് തലേന്നാൾ ഉറങ്ങാൻ കിടന്നതു തന്നെ.
ഇങ്ങനെയൊക്കെ കരുതാൻ ഒരു കാരണം ഉണ്ട്. ഒരിക്കൽ വിക്കിപീഡിയയുടെ മീറ്റിംങ് കഴിഞ്ഞ് ഞങ്ങൾ ചിലർ ഫുഡടിക്കാമെന്നു കരുതി ഒരു ഹോട്ടലന്വേഷിച്ചപ്പോൾ കൂടെ ഉണ്ടായിരുന്ന വിക്കൻ രമേശൻ പറഞ്ഞു ഇവിടെ അടുത്ത് വേമ്പനാട് എന്ന പേരിലൊരു ഹോട്ടലുണ്ട്; അവിടെ കരിമീന് നൂറ്റമ്പതു രൂപയേ ഉള്ളൂ എന്നൊക്കെ – വെജിറ്റേറിയൻ എന്നൊക്കെ പറയുമെങ്കിലും കരിമീനെന്നും നൂറ്റമ്പതെന്നുമൊക്കെ കേട്ടപ്പോൾ എനിക്കുവരെ ഒന്നു കഴിച്ചാൽ കൊള്ളാമെന്നായി. കൂടെ ഉണ്ടായിരുന്ന മറ്റു വിക്കന്മാരായ ഷിജുവിനും അനൂപനും ശ്രീജിത്തിനും ജോണിനും പിന്നെ പേരുമറന്നുപോയൊരു പുതുമുഖം താരത്തിനും (അനിൽ എന്നാണെന്നു തോന്നുന്നു) അവിടെ കേറിത്തന്നെ കഴിക്കാമെന്ന നിലയിൽ രമേശൻ കാര്യങ്ങൾ കൊണ്ടെത്തിച്ചു…
കാറിലും ബൈക്കിലുമൊക്കെയായി ഞങ്ങൾ വേമ്പനാടിന്നു മുന്നിലെത്തി… പുറത്തുനിന്നും നോക്കിയാൽ പ്രത്യേകിച്ചൊന്നും തോന്നില്ല; പക്ഷേ അകത്ത് അതിവിശാലമായി തന്നെ കിടക്കുന്നു! എല്ലാം കേരളത്തനിമ! സ്വീകരിക്കാൻ കസവുമുണ്ടും ജുബയും ധരിച്ച കേരളകേസരികൾ തന്നെ വന്നു… വഴിപറഞ്ഞവൻ മുന്നിൽ നടന്നു. ആഥിത്യമര്യാദ അവന്റെ ഓരോ ചലനങ്ങളിലും നിഴലിച്ചു നിന്നു. ഞങ്ങളെ അവൻ ഏതോ ഒരു നിലയിലെ വലിയൊരു അറപോലെ തോന്നിച്ച ഹാളിലെത്തിച്ചു. നിറയെ പടുകൂറ്റൻ നിലവിളക്കുകളുടെ ശോഭയിൽ വൃത്തിയിൽ അലങ്കരിച്ച നല്ലൊരു കോവിലകത്ത് എത്തിച്ചേർന്ന പ്രതീതി. എവിടേ നോക്കിയാലും കേരളബിംബങ്ങളുടെ അതിപ്രസരം – എങ്കിലും ഭംഗിയായിരിക്കുന്നു. ഇതൊക്കെ കാണുമ്പോൾ തന്നെ കൂടെയുള്ള പല വിക്കന്മാരുടേയും കണ്ണ് അല്പം തള്ളിയോ എന്നൊരു സംശയം; എന്തായാലും എന്റെ കണ്ണല്പം തള്ളിപ്പോയിരുന്നു – ഞാനാ കൂടെയുള്ള പുതുമുഖത്തെ ഒന്നു നോക്കി!!!
പേരുമറന്നു പോയ ആ വ്യക്തി ആദ്യമായി എത്തിയ വിക്കിപീഡിയ മീറ്റപ്പായിരുന്നു അത്. പുള്ളിക്കാരനെ പിന്നീട് വിക്കീപീഡിയയുടെ ഏഴയലത്തുകൂടി കണ്ടില്ല എന്നത് വേമ്പനാട് സന്ദര്‍ശനത്തിന്റെ മറ്റൊരുവശം. ഒരുമണിക്കൂര്‍ മീറ്റപ്പ് കഴിഞ്ഞ് സ്റ്റാര്‍ഹോട്ടലില്‍ പോയി രണ്ട് മണിക്കൂര്‍ വെടിപറഞ്ഞിരിക്കലാണു വിക്കിപീഡിയ മീറ്റപ്പെന്ന് ആ പാവം ധരിച്ചിരിക്കണം. പ്രിയ സുഹൃത്തേ, ഇതു വായിക്കാനിടവരികയാണെങ്കില്‍ ആ തെറ്റിദ്ധാരണ താങ്കള്‍ മാറ്റണം; ഞങ്ങള്‍ക്കും അതൊരു ആദ്യാനുഭവമായിരുന്നു! അവസാനത്തേയും!!
വേമ്പനാട് ഹോട്ടലിൽ ഞങ്ങൾ എത്തിയത് അല്പം നേരത്തേ ആയിപ്പോയി. ഭക്ഷണമൊക്കെ ആയി വരുന്നതേ ഉള്ളൂ. കുറച്ചുസമയം ഇരിക്കണം. രമേശൻ അപ്പോൾ തന്നെ ചാടി കരിമീൻ ഇല്ലേ എന്നുചോദിച്ചു… സംഗതി ഉണ്ട് – പക്ഷേ താമസിക്കും. എന്തായാലും ആ മെനു തന്നേക്ക് എന്നായി രമേശ്… മെനുവുമായി ഒരു പെണ്ണുവന്നു. അവളിൽ അത്രവലിയ കേരളതനിമയൊന്നും കണ്ടില്ല. മുട്ടോളം പോലും എത്താത്ത പാവടതന്നെ അവളുടെ വേഷം. പെണ്ണല്ലേ ക്ഷമിച്ചേക്കാം. പെണ്ണിന്റെ മെനുകണ്ട രമേശിന്റെ മുഖം വി.എസിനെ കണ്ട പിള്ളയുടേതു പോലെ ഇരുണ്ടു. അവൻ മെനു മറ്റുള്ളവർക്കു കൈമാറി… എല്ലാവരുടേയും മുഖം ആദ്യം വിവർണമാവുകയും പിന്നെ ഒരു ചെറുപുഞ്ചിരി പടരുകയും രമേശിനെ നോക്കുകയും ചെയ്തു… ഏറ്റവും ചെറിയ ഐറ്റമായ പഴംപൊരിക്ക് 255 രൂപയായിരുന്നു വില!! ബാക്കി മിക്കതിനും ആയിരത്തിലേറെയാണു ചാർജ്… പിന്നെ അവിടെ നടന്ന കാര്യങ്ങൾ ഞാൻ പറയുന്നില്ല! ഒരു സസ്‌പെൻസായിരിക്കട്ടെ!! ഒരുവശത്ത് കുറേ മലയാളികൾ മറുവശത്തും മലയാളികൾ തന്നെ!! അതവിടെ നിൽക്കട്ടെ – കഥയതല്ല. വേമ്പനാടിന്റെ ഉള്ളിൽ കൃത്രിമമെങ്കിലും നല്ലൊരു കേരളീയാന്തരീക്ഷം ഉണ്ടായിരുന്നു…
നമുക്കിനി റിസോർട്ടിലേക്കു തന്നെ വരാം
പക്ഷേ, റിസോർട്ടായിട്ടുപോലും വേമ്പനാട് ഹോട്ടലിൽ കണ്ട ഒരു കേരളസ്റ്റൈൽ സെറ്റപ്പ് ഒന്നുംതന്നെ ഇവിടെ ഉണ്ടായിരുന്നില്ല. വനംകൊള്ളക്കാരൻ വീരപ്പന്റെ പേരിലൊരു കിടിലൻ ബാറുണ്ടായിരുന്നു. അതു കിടിലൻ എന്നല്ലാതെ മറ്റൊന്നും പറയാനില്ല! അതു പക്ഷേ കേരളതനിമയിൽ കൂട്ടാനാവില്ലല്ലോ 🙁 കമ്പനിയിൽ നിന്നും രാവിലെ ഒമ്പതുമണിയോടെ ഞങ്ങൾ അവിടെ എത്തി. ബ്രേക്ക്‌ഫാസ്റ്റ് എന്ന ചടങ്ങ് ഭംഗിയായി കഴിച്ചു. ഫുഡൊക്കെ അടിപൊളി തന്നെ – കുറ്റം പറയാനൊന്നും ഇല്ല. പിന്നെ ഒരു മണിക്കൂർ കമ്പനി പ്രസന്റേഷൻ അയിരുന്നു. ഉച്ചഭക്ഷണവും കുഴപ്പമില്ല… പലതരം വിഭങ്ങൾ ഉണ്ടായിരുന്നു. വിളമ്പുന്നവരൊക്കെ മലയാളികൾ തന്നെ. 98 ശതമാനവും മലയാളികൾ തന്നെയായിരുന്നു അവിടുത്തെ ജീവനക്കാർ. കളിപറഞ്ഞും തമാശിച്ചും നമ്മളതിനിടയിൽ കേറി മേഞ്ഞു.
ഫുഡ് കഴിച്ച് കുറച്ച് സ്വീറ്റ്‌സ് ഐറ്റംസ് കൂടി കഴിച്ചേക്കാം എന്നു കരുതി പോയതായിരുന്നു ഞാൻ! സപ്ലേ ചെയ്യാൻ നിൽക്കുന്ന പയ്യൻസ് എന്നെ ഒന്നു നോക്കി. പിന്നെ പറഞ്ഞു: “ചേട്ടാ, ആ കാണുന്നതൊന്നും തൊട്ടേക്കരുത് – അത്ര നിർബന്ധമാണെങ്കിൽ ഇതാ ഈ ഫ്രൂട്സ് എടുത്തു കഴിച്ചോളൂ”
ഞാൻ ചോദിച്ചു: “അതെന്താ സുഹൃത്തേ, ഒക്കെ പഴയതാണോ? നാളെ കക്കൂസിനു മുമ്പിൽ പാ വിരിച്ച് കിടക്കേണ്ടി വരുമോ?”
“ചേട്ടൻ ഫ്രൂട്‌സ് എടുത്താൽ മതി” സപ്ലയർ പയ്യൻസ് തറപ്പിച്ചു പറയുന്നു!!
“കാര്യമെന്താന്നു വെച്ചാൽ ഒന്നു പറേടാ ഉവ്വേ!!” എന്നായി ഞാൻ.
അന്നേരം മറ്റൊരു പയ്യൻസ് ഇടപെട്ടു…
“ചേട്ടാ, ചേട്ടനൊരു മലയാളി ആയതോണ്ടു പറയുകയാ… ഈ ഫ്രൂട്സിനൊക്കെ ഒരാഴ്‌ചത്തെ പഴക്കമേ ഉള്ളൂ… ആ കാണുന്ന ഐറ്റംസ് ഒക്കെ വളരെ പഴയതാ..”
ഞാനൊന്നു ഞെട്ടി! അവിടെ മനോഹരമായി അലങ്കരിച്ചു വെച്ചിരിക്കുന്ന വിവിധതരത്തിലുള്ള മധുരപലഹാരങ്ങളും ആപ്പിൾ, മുന്തിരി, പൈനാപ്പിൾ, ഓറഞ്ച് അടക്കമുള്ള സകലമാന പഴവർഗങ്ങളും എന്നെ നോക്കി കളിയാക്കി കൊഞ്ഞനം കുത്തിക്കാണിക്കുന്നു… ‘ധൈര്യമുണ്ടെങ്കിൽ ഞങ്ങളെ തിന്നു നോക്കെടാ’ എന്നു വെല്ലുവിളിക്കുന്നതു പോലെ…
എന്റെ കണ്ണുകൾ മെല്ലെ ലഞ്ചിനായി അപ്പുറത്ത് നിരത്തി വെച്ചിരിക്കുന്ന ഭക്ഷണപദാർത്ഥങ്ങളിലേക്ക് നീണ്ടു… മനസ്സിൽ ഒരു നിലവിളി ഉയർന്നു… വെറുതേയാണെന്നു കരുതി ഒത്തിരി വെട്ടിവിഴുങ്ങിയല്ലോ ദൈവമേ!! എന്റെ മനസ്സുവായിച്ച ആ മലയാളിസപ്ലൈർ എന്നെ ആശ്വസിപ്പിച്ചു.
“ചേട്ടാ, അതിനൊന്നും ഒരു കുഴപ്പവും ഇല്ല – ഇതു കഴിക്കേണ്ട എന്നേ ഉള്ളൂ… ഇതൊക്കെ അല്പം പഴേതാ”
പുള്ളി എവിടെ നിന്നോ കുറച്ച് വാനില ഐസ്‌ക്രീം എനിക്കു കൊണ്ടുവന്നു തന്നു – “ചേട്ടനിതു കഴിച്ചോളൂ – ഇതു ഫ്രഷാണ്”
അവന്റെ സ്നേഹത്തിൽ എന്റെ മനസ്സു നിറഞ്ഞു – സ്വീറ്റ്സ് കണ്ടാൽ കമഴ്‌ന്നടിച്ച് വീഴുന്ന ഹിന്ദിക്കാരെ ഞാനൊന്നു നോക്കി – വെട്ടിവിഴുങ്ങുകയാണ് – നിരന്നിരുന്ന് എല്ലാവരും…
മലയാളം വിക്കി പ്രവർത്തകരുടെ നാലാമത് സംഗമം ഈ വരുന്ന ജൂൺ 11-നു് കണ്ണുർ കാൽടെക്സിലുള്ള ജില്ലാ ലൈബ്രറി കൗൺസിൽ ഹാളിൽ വെച്ച് നടക്കുന്ന വിവരം എല്ലാവരും ഇതിനകം അറിഞ്ഞിട്ടുണ്ടാകുമെന്നു കരുതുന്നു. ഈ വർഷത്തെ പരിപാടിയുടെ ഏറ്റവും വലിയ പ്രത്യേകത മലയാളം വിക്കിമീഡിയരോടൊപ്പം വിക്കിമീഡിയ ഫൗണ്ടേഷന്റെ പ്രതിനിധികളായി ടോണി റീഡ്, ബിശാഖ ദത്ത, ഹിഷാം മുണ്ടോൽ എന്നിവർ പങ്കെടുക്കുന്നു എന്നുള്ളതാണ്.
ഈ പരിപാടിയിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ വിക്കിപീഡിയയിലെ നാലാം വിക്കി സംഗമം എന്ന താളിലെ പങ്കെടുക്കാൻ താല്പര്യം അറിയിച്ചവർ എന്ന ഭാഗത്ത് തങ്ങളുടെ പേർ ചേർക്കാൻ താല്പര്യപ്പെടുന്നു.
പേരു ചേർക്കാൻ വിക്കിയിൽ ലോഗിൻ ചെയ്ത ശേഷം മുകളിലെ ലിങ്കിൽ ക്ലിക്ക് ചെയ്തിട്ട് # ~~~ എന്നു മാത്രം നൽകിയാൽ മതി. വിക്കിപ്രവർത്തനങ്ങളിൽ താല്പര്യമുള്ള എല്ലാവരേയും സ്വാഗതം ചെയ്യുന്നു. അതോടൊപ്പം ഈ വിവരം പരമാവധി ആളുകളിലേക്ക് എത്തിക്കണമെന്നും അഭ്യർത്ഥിക്കുന്നു..
എത്തിച്ചേരാൻ കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും ഒരു ഓട്ടോ പിടിച്ച് വന്നാൽ മതിയാവും. ഇവിടെ കൊടുത്തിരിക്കുന്ന ലിങ്ക് നോക്കുക, http://goo.gl/maps/JkGC . ഇതിൽ നിന്നും കാൽടെക്സ് ജംങ്‌ഷൻ അറിയാത്ത, കണ്ണൂരിൽ ഇതിനു മുമ്പ് വന്നിട്ടുള്ളവർക്ക് സ്ഥലത്തിനെ കുറിച്ച് ഏകദേശ ധാരണ കിട്ടും.
കൂടുതൽ വിവരങ്ങൾക്ക് ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക. http://defn.me/r/ml/371y
ഇന്റെര്‍നെറ്റെന്ന വമ്പന്‍ മാധ്യമത്തില്‍ വളരെ പ്രാധാന്യവും പ്രസക്തിയുമുള്ള സൈറ്റായി വിക്കിപീഡിയ മാറിക്കഴിഞ്ഞു. ഇക്കഴിഞ്ഞ പത്തുവര്‍ഷങ്ങളിലൂടെ ലക്ഷക്കണക്കിനാളുകളുടെ വിശ്വാസം പിടിച്ചുവാങ്ങിക്കൊണ്ടൊരു ഒരു നിശബ്‌ദ (more…)
വിക്കിപീഡിയ പത്താം വാര്‍ഷികാഘോഷ പരിപാടികള്‍ കണ്ണൂരില്‍
എല്ലാ ഭാഷകളിലും സ്വതന്ത്രവും സമ്പൂര്‍ണവുമായ വിജ്ഞാനകോശം നിര്‍മ്മിക്കുവാനുള്ള ഒരു കൂട്ടായ സംരംഭമാണ് വിക്കിപീഡിയ. (more…)