പ്രണയവും ഭക്തിയും – പ്രത്യക്ഷത്തിൽ എതിർധ്രുവങ്ങളിൽ ആണെങ്കിലും രണ്ടിനേയും ബന്ധിപ്പിക്കുന്ന ചിലതുണ്ട്. അതൊരു കൂടിച്ചേരലാണ്, ഉപാധികളില്ലാതെയുള്ള ഒന്നായ്ച്ചേരൽ… ഈശ്വരനോടുള്ള പറഞ്ഞറിയിക്കാനാവാത്ത പ്രണയം തന്നെയാവണം ഭക്തിയെന്നത്! പ്രണയത്തെ കുറിച്ചു സംസാരിക്കുമ്പോൾ മൂന്നാമതൊരാൾ അറിയാൻ പാടില്ലെന്നു പണ്ട് ഷേക്സ്പിയർ പറഞ്ഞിട്ടുണ്ട്. അത്രമേൽ മനോഹരമായിരിക്കണം പ്രണയം. പ്രണയവും ഭക്തിയും അതിരുകളില്ലാത്തെ ഒത്തുചേരലാണെന്നു പലപ്പോഴും കണ്ടറിഞ്ഞിട്ടുണ്ട്. ഒരുകഥ പറയാം…
പ്രണയം
ബാംഗ്ലൂരിൽ ബൊമ്മനഹള്ളിയിൽ താമസിക്കുന്ന സമയത്തായിരുന്നു ഇത്. ഏറെ മാസങ്ങളായി കാണുന്ന ഒരു ദമ്പതിയുണ്ടായിരുന്നു. എന്നും രാവിലെ ഞാനിവരെ കാണും. ഓഫീസിലേക്കുള്ള വഴിമധ്യേ, സിൽക്ക്‌ബോർഡിലേക്കു നടക്കുമ്പോൾ ഇവർ രാവിലെ മോണിങ് വാക്കിനു പോയി തിരിച്ച് വീട്ടിലേക്കു മടങ്ങുന്നതാണു സന്ദർഭം. നല്ല പ്രായമുണ്ട്. 70 നു മേലെ കാണും. ആ മുത്തശ്ശി നന്നേ ക്ഷീണിതയാണ്. ഭർത്താവാണ് അവരെ കൈ പിടിച്ചും ചേർത്തു പിടിച്ചും നടത്തുന്നത്. ഏതോ നല്ല വീട്ടിലെ കാരണവർ ആണവർ. മക്കളുടെ മക്കളോ അവരുടെ മക്കളോ ചിലപ്പോൾ ഇതിലും ഗംഭീരമായി കൊക്കുരുമ്മി പ്രണയിക്കുന്ന സമയമാവണം അത്. ആ മുത്തശ്ശിക്കു നടക്കാൻ തീരെ വയ്യ… പക്ഷേ മുത്തച്ഛന്റെ ശ്രദ്ധയും ചേർത്തുപിടിച്ചുള്ള മനോഹരമായ കാൽ വെയ്പ്പും അവരെ ഏറെ നടക്കാൻ തന്നെ പ്രേരിപ്പിക്കുന്നതായി തോന്നും. അവരുടെ ലോകത്ത് അവർ മാത്രമായി എന്ത്രമാത്രം സന്തോഷത്തോടെയാണാ മുത്തച്ഛൻ മുത്തശ്ശിയെ നടത്തുന്നത്. ആദ്യമൊക്കെ കണ്ടപ്പോൾ വെറുതേ തള്ളിക്കളഞ്ഞത്, പിന്നീടെന്നോ കണ്ട അവരുടെ കിളിക്കൊഞ്ചലും സ്നേഹത്തലോടലും മറ്റും എന്റെ ശ്രദ്ധ പിടിച്ചു വാങ്ങുകയായിരുന്നു. അവർക്കും ഉണ്ടായിരുന്നു ഒരു കാലം. മൊബൈലുകളും വാട്സാപ്പാം സോഷ്യൽ മീഡിയകളും കമ്പ്യൂട്ടർ പോലുമില്ലാതിരുന്ന കാലം. അന്നും അവർ എങ്ങനെയാവും പ്രണയിച്ചിരിക്കുക! ഇത്രമേൽ ദൃഡമായിരിക്കാൻ അവരുടെ അന്നുകൾ എത്രമാത്രം മനോഹരമായിരുന്നിരിക്കും എന്നോർത്തു നോക്കും ഞാൻ. മറഞ്ഞിരുന്ന്, ആരും കാണാതെ, പരസ്പരം ചേർത്തുപിടിച്ചുള്ള ആ നടത്തം മൊബൈലിൽ പകർത്തിയാലോ എന്നൊരിക്കൽ തോന്നിയിരുന്നു. ആ പകർത്തൽ അത്രമേൽ നിർമ്മലമായ സ്നേഹത്തിനു മേലുള്ള കടന്നുകയറ്റം ആയിപ്പോകുമെന്നു നിനച്ച് വേണ്ടാന്നു വെച്ചു. അവരുടെ കുഞ്ഞു ലോകത്ത് അവരാണിന്നു രാജാവും രാജ്ഞിയും! ഏറെ നാളുകൾക്ക് കണ്ടിരുന്നെങ്കിലും പിന്നീടത് മുത്തച്ഛനിൽ മാത്രമായി ഒതുങ്ങിപ്പോയി… പിന്നീടു മുത്തച്ഛന്റെ പ്രായമുള്ളൊരു കൂട്ടാളി കൂടിയെത്തിയിരുന്നു.
ഭക്തി
മേൽക്കഥയിലെ കഥാനായകനും സുഹൃത്തും തന്നെയാണു ഇതിലെയും കഥാനായകർ. ആ മുത്തശ്ശനും സുഹൃത്തുമാണു ചിലപ്പോഴൊക്കെ മാത്രമേ നടക്കാനിറങ്ങാറുള്ളൂ. സിൽക്ക്‌ബോർഡിലേക്ക് എത്തുന്നിടത്ത് ഒരു ഗംഭീരൻ മലയാളി ഹോട്ടൽ ഉണ്ടായിരുന്നു. ആ ഹോട്ടലിനു മുന്നിൽ റോഡും അതിനിപ്പുറം നടക്കാനുള്ള വഴിയും. ഓപ്പോസിറ്റായി രണ്ട് അപ്പൂപ്പന്മാരും ചെരുപ്പൊക്കെ അഴിച്ചു വെച്ച് ഹോട്ടലിനു നേരെ നോക്കി കണ്ടടച്ചു പ്രാർത്ഥിക്കുന്നതു കാണാം!! ഹോട്ടൽ രാവിലെ അടങ്ങിരിക്കും. കോവിലുകളോ പ്രാർത്ഥിക്കാൻ വക നൽകുന്ന എന്തെങ്കിലുമോ ആ പരസരത്തെങ്ങുമില്ലെന്ന് മനസ്സിലായി. എങ്കിലും ചെരുപ്പഴിച്ചു വെച്ച് അവർ ആരോടായിരിക്കും പ്രാർത്ഥിക്കുന്നത് എന്നറിയാനൊരു കൗതുകം തോന്നി. മറ്റൊരു ദിവസം രാവിലെ, അതേ സ്ഥലത്തു നിന്ന് ഇരുപതോളം വയസ്സുവരുന്ന ഒരു പെണ്ണ് കണ്ണുകൾകൂപ്പി, തൊഴുതുനിന്ന് വട്ടം തിരിയുന്നത് കണ്ടു (ഏത്തം ഇടുന്നതു പോലെ ഇവിടെ, കർണാടകയിൽ ഉള്ളൊരു ചടങ്ങാണിത് – നിന്നിടത്തു നിന്നും കണ്ണുകൾ പൂട്ടി എന്തോ പ്രാർത്ഥിച്ചു കൊണ്ടു വട്ടം കറങ്ങും). അല്പസമയം നിന്നെങ്കിലും അവൾക്ക് നിർത്താൻ ഭാവമില്ല. രാത്രിയിൽ വീട്ടിൽ എത്തി, ലൈറ്റൊക്കെ ഓഫ് ചെയ്ത് ആരും കാണാതെ കണ്ണടച്ച് ഞാനും അല്പസമയം കറങ്ങിനോക്കി. തലകറങ്ങിപ്പോയി! ഇന്നലെയാരും ആ ഭാഗത്തില്ലാതെ വന്നപ്പോൾ മൊബൈൽ ഫോണിൽ ആരെയോ വിളിക്കുന്ന ഭാവേന, ഞാൻ ആസ്ഥലത്തു നിന്ന് ഫോൺ വിളിക്കാൻ തുടങ്ങി; എന്നിട്ടു ചുറ്റും നോക്കി… ദൂരെ, ഒരു അരക്കിലോമീറ്ററിൽ അപ്പുറം വരുമായിരിക്കണം, ഹോട്ടൽ ബിൽഡിങ്ങിനും സമീപത്തെ ബാർബർഷോപ്പിനും ഇടയിലൂടെ അങ്ങു ദൂരെയായി ഏതോ ഒരു അമ്പലത്തിന്റേതാണെന്നു തോന്നുന്നു മേൽഭാഗം തെളിഞ്ഞു കാണാം. അവിടുത്തെ ദൈവത്തെയാവണം ഇവർ പ്രാർത്ഥിക്കുന്നത്. ആ കൃത്യമായ സ്ഥലത്തു നിന്നു നോക്കിയാൽ മാത്രമേ അമ്പലത്തിന്റെ മേൽമൂടി കാണുവാൻ സാധിക്കുകയുള്ളൂ. ഇതുകൊണ്ടാവണം, ആ രണ്ടു വൃദ്ധർ ഊഴമിട്ട് നിന്ന്, ഒരാൾക്കുശേഷം മറ്റൊരാൾ എന്ന നിലയിൽ പ്രാർത്ഥിക്കുന്നത്… ഇതു കണ്ടതുകൊണ്ടാവണം, ആ പെണ്ണും ഇടയ്ക്കുവന്ന് പ്രാർത്ഥിക്കുന്നത്… അത്രയധികം ദൂരെയുള്ള ഒരു അമ്പലത്തിന്റെ അല്പഭാഗം കണ്ടപ്പോൾ ഉള്ളിലെ ഈശ്വരനെ ധ്യാനിച്ചാണിവരൊക്കെയും പ്രാർത്ഥിക്കുന്നത്! #NB: രണ്ടിലും ഉള്ള കഥാനായകൻ വല്യച്ഛനെ കാണുമ്പോൾ എന്തോ എനിക്ക് സഖാവ് വി. എസ്. അച്യുതാനന്ദനെ ഓർമ്മവരും. അദ്ദേഹത്തോടുള്ള ഇഷ്ടവും എവിടെയൊക്കെയോ കാണുന്ന സാമ്യവും ആവണം അതിനു കാരണം. ഏറെ ഹൃദ്യമായി തോന്നി രണ്ടുകാര്യങ്ങളും. ദമ്പതികൾ അവരുടേതായ ലോകത്ത്, പർസ്പരം ചേർന്നു നിന്ന് എത്രമാത്രം സ്നേഹ നിർഭരമായാണു കാലം കഴിക്കുന്നത്. അവർ, സമപ്രായക്കാരായിരിക്കണം; പണ്ടെന്നോ പരസ്പരം ഇഷ്ടപ്പെട്ട് പ്രണയിച്ചുകൊണ്ട് ഒന്നു ചേർന്നവർ! ഇനിയും സ്നേഹിച്ചു തീരാതെ അവർ പുണർന്നും പുൽകിയും ശേഷകാലം സജീവമാക്കി, മുത്തശ്ശി തിരശീലയ്ക്കു പിന്നിലേക്ക് മറഞ്ഞിരിക്കണം! ഭക്തി! ഇതുമാത്രമാണു ഭക്തി. ഒരു ബിംബം ഉദാഹരിക്കാനായി മാത്രം അല്പം അകലെയാണെങ്കിലും, മനമുരികിയുള്ള എന്റെ പ്രാർത്ഥന അവിടെയെത്തും എന്നുള്ള നിതാന്തവും തീഷ്ണവും ആയ വിശ്വാസം. എല്ലാം മറന്ന്, ആ ബിംബത്തെ മനസ്സിൽ ധ്യാനിച്ച് ഒന്നായി തീരുന്ന അവസ്ഥ, അവരുടെ സായൂജ്യം ആ കൂടിച്ചേരലിൽ ആയിരിക്കണം! ഈശ്വരനിൽ ലയിച്ചു ചേരുകയാവണം അപ്പോൾ അവർ ചെയ്തത്.