തോന്ന്യാക്ഷരങ്ങള്‍

malayalam letters | മലയാളം അക്ഷരങ്ങള്‍

“ടേയ് രാജേഷ്, ഉന്നുടെ മലയാളത്തിലേ മൊത്തം എവുളു എഴുത്തുക്കള്‍ ഇരുക്ക്ഡാ?”

മലയാളത്തില്‍ മൊത്തം എത്ര അക്ഷരങ്ങള്‍ ഉണ്ട്? എന്ന്! ഇന്നലെ ഉച്ച കഴിഞ്ഞ് സ്നാക്സ് കഴിക്കുന്നതിനിടയില്‍ അപ്രതീക്ഷിതമായി തമിഴന്‍ ഗുണശേഖരന്‍ എന്നോടു ചോദിച്ചു… ഞാനൊന്നു ഞെട്ടി! ഇവനിതെന്തിനുള്ള പുറപ്പാടാണ്‌? ശരിക്കും അറിയാന്‍ വേണ്ടി ചോദിച്ചതാവുമോ അതോ വേറെ വല്ല ഗൂഢലക്ഷ്യവുമുണ്ടോ? എന്താണൊരുത്തരം പറയുക? സാധാരണ കുനുഷ്‌ടുപിടിച്ച ചോദ്യങ്ങള്‍ ഉണ്ടാവുന്ന സമയമാണ്‌ ഉച്ചകഴിഞ്ഞുള്ള സ്‌നാക്‌ടൈം. ഞാനൊന്നാലോചിച്ചു നോക്കി.

അതിനിടയില്‍ വീണ്ടും വന്നു ചോദ്യം:
“നീ എം.എ. മലയാളം താനേ!”

അതേ! എം. എ മലയാളം തന്നെ! എന്നുവെച്ച് യാതൊരു മുന്നറിയിപ്പും കൂടാതെ ഇങ്ങനെയൊക്കെ ചോദിച്ചാല്‍ എന്താണൊരുത്തരം പറയുക?. ശരിക്കും എത്ര അക്ഷരങ്ങള്‍ ഉണ്ട്? ലക്ഷേപലക്ഷം മസ്‌തിഷ്കതരം‌ഗങ്ങള്‍ തലച്ചോറിലേക്ക് ഇരച്ചുകയറി സേര്‍ച്ചു തുടങ്ങി. ഋ-ന്റെ ദീര്‍ഘവും നകാരത്തിന്റെ ദ്വന്ദ്വഭാവവും സം‌വൃതോകാരവും ഒക്കെ എന്റെ മസ്തിഷ്‌കമണ്ഡലത്തില്‍ വട്ടം ചുറ്റുന്നു. തൊട്ടടുത്തു നിന്ന് ഌകാരം പല്ലിളിച്ചു കാണിക്കുന്നു! ഇതിനേക്കുറിച്ചൊക്കെ നിലനില്‍‌ക്കുന്ന ആയിരമായിരം ചര്‍ച്ചകള്‍ എന്റെ കാതുകളില്‍ വന്നലയ്‌ക്കുന്നു… തനിയേ നില്‍ക്കുന്ന സ്വരങ്ങളും സ്വരക്കൂട്ടുമായി നില്‍ക്കുന്ന വ്യഞ്ജനങ്ങളും അര്‍ദ്ധവ്യഞ്ജനങ്ങളും സ്വരസഹായമില്ലാതെ നില്‍‌ക്കുന്നവയും എല്ലാം ചുറ്റും നിരന്നുനിന്ന് ആര്‍ത്തു ചിരിക്കുന്നു… എന്തെങ്കിലും പറഞ്ഞേ പറ്റൂ…

“എന്തിനാണു നിനക്കതിപ്പോള്‍?” ഒരു തല്‍ക്കാല ആശ്വാസത്തിനായി ഞാനൊരു നമ്പറിട്ടു…

“ടേയ്! സൊല്ലെടാ, ഉനക്ക് തെരിയുമാ? തെരിയാതാ?”

തമിഴന്‍ വിടുന്ന ഭാവമില്ല. കൈവിരലിലെണ്ണാവുന്ന പത്തിരുപത്ത് അക്ഷരങ്ങളും വെച്ച് ഇവനെന്തിനാ മറ്റവന്റെ നെഞ്ചത്തുകേറാന്‍ വരുന്നത്! ഇവനറിയുമായിരിക്കുമോ മലയാളത്തിലെ എണ്ണത്തില്‍ വഴങ്ങാത്ത അക്ഷരങ്ങളുടെ പകിടകളി? തമിഴന്‍‌മാര്‍ മുടിഞ്ഞ ഭാഷാസ്നേഹികളാണത്രേ! സിനിമയ്‌ക്ക് ഇംഗ്ലീഷ് പേരിടനമെങ്കില്‍ എക്സ്ട്രാ നികുതി വാങ്ങുന്നവരാണത്രേ തമിഴന്‍‌മാര്‍! പോരെങ്കില്‍ അടുത്തിടെ കോയമ്പത്തൂരില്‍ വെച്ച് ലോക ക്ലാസിക്കല്‍ തമിഴ് സമ്മേളനം (ചെമ്മൊഴി മാനാട്) നടത്തി വിജയിപ്പിച്ചതിന്റെ ഹാങ്‌ഓവര്‍ ഇതുവരെ വിട്ടുമാറിയിട്ടുമില്ല… ഹേയ്! അതൊന്നുമായിരിക്കില്ല! ചിലപ്പോള്‍ വെറുതേ അറിഞ്ഞിരിക്കാന്‍ വേണ്ടി ചോദിച്ചതാവും…

കോയമ്പത്തൂരു നടന്നത് ഡി.എം.കെ നടത്തിയ പാര്‍ട്ടി സ്റ്റണ്ടാണെന്നാണു തമിഴന്‍ മോഹനന്‍ പറയുന്നത്. മധുരയിലും ട്രിച്ചിയിലും ഡി.എം.കെ.യ്ക്കു നല്ല സ്വാധീനമുണ്ട്. കോയമ്പത്തൂരില്‍ അതല്പം പിന്നോട്ടാണ്‌. അപ്പോള്‍ അതൊന്നു മിനുക്കിയെടുക്കാന്‍ തമിഴ്‌മക്കള്‍ക്കിടയില്‍ ചെലവാകുന്ന ഏറ്റവും നല്ല ആയുധം – അവന്റെ പൈതൃകത്തില്‍ കേറിപ്പിടിക്കുക തന്നെ… ഈ ഒരു സമ്മേളനത്തിനു വേണ്ടി 760 കോടിരൂപ ചെലവാക്കിയത്രേ! ഭയാനകം!! സംമ്മേളനനഗരിയിലേക്ക് എത്തിച്ചേരാന്‍ പുതിയ റോഡുകള്‍, പുതിയ ബസ്‌സ്റ്റാന്‍‌ഡ് എന്നുവേണ്ട പലതരത്തിലുള്ള നിര്‍മ്മാണങ്ങള്‍. എല്ലായിടത്തും ഡി.എം.കെ കാരന്റെ കൊടി പാറിപ്പറന്നു. അവിടെ നടന്നത് പഴയ അണ്ണാച്ചിസിനിമയിലെ പാട്ടുകളും അതുപോലെ കൊച്ചുകൊച്ചു പരിപാടികളുമായിരുന്നത്രേ. എങ്ങനെ കംമ്പ്യൂട്ടറില്‍ തമിഴ് അക്ഷരങ്ങള്‍ വരുന്നു തുടങ്ങിയതിനേകുറിച്ചുള്ള ക്ലാസുകള്‍ അങ്ങനെ പോകുന്നു മോഹനന്റെ കണ്ടെത്തലുകള്‍…

പക്ഷേ എന്റെ പ്രശ്നം അതല്ലല്ലോ! മലയാളത്തില്‍ എത്ര അക്ഷരങ്ങളുണ്ട്? എന്താണു പറയേണ്ടതെന്ന് ഒരെത്തും പിടിയുമില്ല. 49 എന്നു പറഞ്ഞാലോ, അതോ 51 വേണോ? 56 അക്ഷരങ്ങള്‍ ഉണ്ടെന്നും കേള്‍ക്കുന്നു. വിക്കിപീഡിയയില്‍ എവിടേയോ വായിച്ചതോര്‍ത്തു – അത് 53 ആയിരുന്നു എന്നാണോര്‍മ്മ! ഏതു പറഞ്ഞാലും ഇക്കാര്യത്തില്‍ ഒരുത്തന്‌ തര്‍ക്കിച്ചു നില്‍ക്കാന്‍ പറ്റും എന്നതിനാല്‍ ചെറിയൊരാശ്വാസം തോന്നി. പക്ഷേ, അങ്ങനെ തര്‍ക്കിച്ചു പിടിച്ചു നില്‍ക്കാന്‍ ഉള്ള കഴിവെനിക്കില്ല താനും. 49, 51, 53, 56 ഇതില്‍ ഏതു പറയണമെന്ന ആശങ്കയായി പിന്നീട്…

പൊടുന്നനേ മഴമംഗലത്തിന്റെ ഭാഷാനൈഷധം ചമ്പുവിലെ വരികള്‍ മനസ്സിലേക്കോടിയെത്തി:

അമ്പത്തൊന്നക്ഷരാളീ കലിതതനുലതേ! വേദമാകുന്ന ശാഖി-
ക്കൊമ്പത്തന്‍പോടു പൂക്കും കുസുമതതിയിലേന്തുന്ന പൂന്തേന്‍കുഴമ്പേ!
ചെമ്പൊല്‍ത്താര്‍ബാണഡംഭപ്രശമനസുകൃതോപാത്തസൗഭാഗ്യലക്ഷ്മീ –
സമ്പത്തേ! കുമ്പിടുന്നേന്‍ കഴലിണ വലയാധീശ്വരീ വിശ്വനാഥേ!

അതേ ശ്ലോകം തന്നെ! മണ്ഡലവിളക്കു കാലമാവുമ്പോള്‍ ചക്കിട്ടടുക്കം ഭജനമഠത്തില്‍ നിന്നും എല്ലാ ശനിയാഴ്ചകളിലും കേള്‍ക്കാറുള്ള മൈക്കുഴി വിജയന്‍‌മാഷിന്റെ ശബ്ദസൗകുമാര്യത്താല്‍ സ്‌ഫുടം ചെയ്തെടുത്ത ശ്ലോകം! സ്രഗ്ദ്ധര വൃത്തം പഠിക്കുമ്പോള്‍ എന്നോ ബൈഹാര്‍ട്ടാക്കിയ അതേ ശ്ലോകം!

അമ്പത്തൊന്നു പറഞ്ഞാലോ? വേദമാകുന്ന വടവൃക്ഷത്തിന്റെ കൊമ്പില്‍ പൂത്ത പൂവില്‍നിന്നും ഊര്‍‌ന്നുവന്ന തേനാണോ ശരിക്കും മലയാളഭാഷ? അതിന്റെ ഒറിജിന്‍ ഇപ്പറഞ്ഞ ആദിദ്രാവിഡന്റെ തമിഴുതന്നെയല്ലേ! വെറുതേ സംസ്‌കൃതത്തിന്റെ തൊഴുത്തിലേക്കു കൊണ്ടു പോകേണ്ടതുണ്ടോ! ഗുണശേഖരന്‍ ഇനി അതില്‍ കേറിപിടിക്കുമോ? ഹേയ്! ഈ പൊട്ടനിതൊന്നുമറിയില്ലായിരിക്കും…

ക മുതല്‍ മ വരെ ഉള്ള വ്യഞ്ജനങ്ങളുടെ കാര്യത്തില്‍ സംശയം ഇല്ല 25 എണ്ണം, മധ്യമങ്ങള്‍ നാലെണ്ണം – യ, ര, ല, വ. ഊഷ്മാക്കള്‍ മൂന്നെണ്ണം – ശ, ഷ, സ. ഹ എന്ന ഘോഷി. ദ്രാവിഡമധ്യമങ്ങളായ ള, ഴ, റ എന്നിവ മൂന്നെണ്ണം. മൊത്തം 36 എണ്ണം. സ്വരങ്ങളാണു പ്രശ്‌നക്കാര്‍. അം – ഉണ്ട്, അഃ ഉണ്ട്. ഋ – ന്റെ ദീര്‍ഘമായ ൠകാരമുണ്ട് . ഌകാരമുണ്ട്; ൡകാരമുണ്ട്. ഇതിനൊക്കെ പുറമേ സ്വരസഹായമൊന്നുമില്ലാതെ നില്‍ക്കാന്‍ ചങ്കുറപ്പുകാണിച്ച ല്‍, ന്‍, ണ്‍, ര്‍, ള്‍ എന്നീ ചില്ലക്ഷരങ്ങള്‍ അഞ്ചെണ്ണമുണ്ട്; ചന്ദ്രക്കല എന്ന സം‌വൃതോകാരമുണ്ട്… വേണ്ട ഇതൊക്കെ കൂട്ടിയാല്‍ അമ്പത്താറിലും നില്‍ക്കില്ല. അക്ഷരങ്ങളുടെ ഈ അസ്ഥിരതകൂടി പരിഹരിക്കാന്‍ പറ്റാത്തവരാണല്ലോ മലയാളത്തിനു ക്ലാസിക്കല്‍ഭാഷാപദവി വേണമെന്നു പറഞ്ഞ് അലമുറയിടുന്നത് എന്നോര്‍‌ത്ത് സങ്കടം തോന്നി. സംഘകാല കൃതികളുടെ 30 ശതമാനം മലയാളിക്കും അവകാശപ്പെട്ടതാണത്രേ! തമിഴന്റെ തല്ലു വാങ്ങിക്കാനുള്ള പുറപ്പാടു തന്നെ! അതവിടെ നില്‍ക്കട്ടെ…

ഞാന്‍ പറഞ്ഞു:”അമ്പത്തൊന്ന്!” എന്നിട്ടവനെ ഒളിഞ്ഞൊന്നു നോക്കി. ആ മുഖത്ത് വല്ല ഭാവമാറ്റവും ഉണ്ടോ? മുഖം ചുളിച്ചവന്‍ വല്ലതും പറയാന്‍ തുടങ്ങുന്നുണ്ടോ? ആദിദ്രാവിഡന്റെ ഗംഭീരമാര്‍ന്ന ഭാഷാസ്നേഹശൗര്യത്താല്‍ ഈ അഭിനവദ്രാവിഡന്‍ എന്റെ പാഴ്‌വാക്കുകളെ തല്ലിത്തകര്‍ക്കുമോ! ഇല്ല!! അവന്റെ മുഖം അത്ഭുതം കൊണ്ടു വിടരുന്നു!
“ടേയ്!! നിജമാണ്‍ടാ!!”
“ഞാനെന്തിനു കള്ളം പറയണം? സത്യം – പരമസത്യം!” ഹാവൂ അപകടമൊന്നുമില്ല! ആശ്വാസം! എന്നാലും ഈ ഇത്തിരി സമയം കൊണ്ടെന്റെ മനസ്സെവിടെയൊക്കെ പോയി!!

ഇവനോടാരോ പറഞ്ഞത്രേ മലയാളത്തില്‍ 31 അക്ഷരങ്ങളാണുള്ളതെന്ന്. അതൊന്നു കണ്‍‌ഫേം ചെയ്യുക എന്നേ ഉണ്ടായിരുന്നുള്ളൂ ഗുണശേഖരന്‌. അമ്പത്തൊന്നെന്ന് കേട്ടപ്പോള്‍ അവന്റെ അത്ഭുതം വര്‍ദ്ധിച്ചതാതാണ്‌. അവന്‍ മലയാളത്തെ സ്തുതിച്ചു…

പിന്നെ അവിടെ നടന്നതൊരു കൊലപാതകമായിരുന്നു… കിട്ടിയ അവസരം വിടാതെ മലയാളത്തിന്റെ ഗുണഗണങ്ങള്‍ ഞാനവനു മുന്നില്‍ നിരത്തി. ഏതക്ഷരക്കൂട്ടങ്ങളേയും അനായാസം പറയുന്ന മലയാളിയുടെ മിടുക്കിനെ പൊലിമയോടെ വര്‍ണ്ണിച്ചു; ലോകത്തിന്റെ ഏതുകോണില്‍ പോയാലും തട്ടുകടവെച്ചിരിക്കുന്ന മലയാള മെയ്‌വഴക്കത്തെ പ്രകീര്‍ത്തിച്ചു. എല്ലാം കേട്ട് തമിഴന്‍ കണ്ണുമിഴിച്ച് വിഴുങ്ങസ്യാ എന്നു നിന്നു. എങ്കിലും എന്റെ മനസ്സില്‍ ആ ചോദ്യം ചോദ്യമായി തന്നെ അവശേഷിച്ചു…

“ടേയ് രാജേഷ്, ഉന്നുടെ മലയാളത്തിലേ മൊത്തം എവുളു എഴുത്തുക്കള്‍ ഇരുക്ക്ഡാ?”

—————- * —————- * —————-

അല്പം അക്ഷരവിചാരം

മലയാളത്തെ മറന്നവര്‍ക്കും മറന്നെന്നു നടിക്കുന്നവര്‍ക്കും ഒന്നോര്‍മ്മ പുതുക്കാന്‍ അക്ഷരമാലയെ ഇവിടെ എടുത്തെഴുതുന്നു. ഒഴിവാക്കേണ്ടതിനെ ഒഴിവാക്കുക. എടുക്കേണ്ടതിനെ എടുത്തുകൊള്ളുക. എനിക്കിഷടമല്ലാത്തവയെ ആണ്‌ ചുവന്ന നിറത്തില്‍ കാണിച്ചിരിക്കുന്നത്.

സ്വരാക്ഷരങ്ങള്‍ – ഉച്ചരിക്കാന്‍ മറ്റു ശബ്ദങ്ങളുടെ സഹായമാവശ്യമില്ലാത്തവ

  • അം
  • അഃ
  • സം‌വൃതോകാരം - ചന്ദ്രക്കല
  • മൊത്തം 19 എണ്ണം

വ്യഞ്ജനങ്ങള്‍ – സ്വരാക്ഷരങ്ങളുടെ സഹായത്തോടെ മാത്രം ഉച്ചരിക്കാന്‍ പറ്റുന്ന ശബ്ദങ്ങള്‍.
ഉദാഹരണം: ക = ക് + അ, ച = ച് + അ

  • ഖരം
  • അതിഖരം
  • മൃദു
  • ഘോഷം
  • അനുനാസികം
  • വര്‍ഗ്ഗം
  • കണ്ഠ്യം (കവര്‍ഗ്ഗം)
  • താലവ്യം (ചവര്‍ഗ്ഗം)
  • മൂര്‍ധന്യം (ടവര്‍ഗ്ഗം)
  • ദന്ത്യം (തവര്‍ഗ്ഗം)
  • ഓഷ്ഠ്യം (പവര്‍ഗ്ഗം)
  • മൊത്തം 25 എണ്ണം
  • മധ്യമം അഥവാ അന്തസ്ഥങ്ങള്‍
  • നാലെണ്ണം
  • ഊഷ്മാക്കള്‍
  • മൂന്നെണ്ണം
  • ദ്രാവിഡമധ്യമം
  • മൂന്നെണ്ണം
  • ഘോഷി
  • ഒരെണ്ണം
  • ല്‍
  • ന്‍
  • ണ്‍
  • ര്‍
  • ള്‍
  • ചില്ലക്ഷരങ്ങള്‍
  • അഞ്ചെണ്ണം
  • വിസര്‍ഗം
  • അനുസ്വാരം
  • വിരാമം
  • ി
  • ചിഹ്നങ്ങള്‍

ഇനിയൊന്ന് എണ്ണി നോക്കുക! അറുപതെണ്ണമായിരിക്കുന്നു. ഐ എന്ന അക്ഷരത്തിന്റെ ആവശ്യമില്ലാന്നും പറഞ്ഞ് ചിലര്‍ രംഗത്തു വന്നിരുന്നു. കാരണം, ‘ഐ’ എന്ന പ്രത്യേക ചിഹ്നമില്ലാതെതന്നെ ‘അയി’ എന്നെഴുതിയാല്‍ തീരാവുന്നതേ ഉള്ളൂ അതെന്നായിരുന്നു അവരുടെ വാദം. ‘ഫ’ എന്ന അക്ഷരത്തേയും രണ്ടുതരത്തില്‍ ഉച്ചാരിക്കുന്നുണ്ട് നമ്മള്‍. ആ രണ്ടാമത്തെ ഉച്ചാരണത്തിന്‌ ഇനിയും അക്ഷരരൂപം കൈവന്നിട്ടില്ല. നകാരത്തിന്റെ രണ്ടാം ഉച്ചാരണത്തിനേയും ഇവിടെ പരിഗണിച്ചിട്ടില്ല; ഇനിയും അക്ഷരങ്ങള്‍, അങ്ങനെ നോക്കുമ്പോള്‍ കൂടേണ്ടിയിരിക്കുന്നു. മുകളിലെ ചുവന്ന അക്ഷരങ്ങളെ സം‌രക്ഷിക്കേണ്ടതുണ്ടെന്നു ചിലര്‍ പറയുന്നു. അത്തരം അക്ഷരങ്ങള്‍ ഉള്ള പുസ്തകങ്ങളേ പറ്റി പറയേണ്ടിവരുമ്പോള്‍ അതല്ലെങ്കില്‍ അവ മറ്റൊരു മാധ്യമത്തിലേക്കു പകര്‍ത്തി എഴുതുമ്പോള്‍ ഇത്തരം അക്ഷരങ്ങള്‍ ഇല്ലാതെ പറ്റില്ലല്ലോ. വേറെന്തക്ഷരം വെച്ചു മാറ്റിയാലും അതാവില്ലല്ലോ.

കൂട്ടിവായിക്കാൻ

1) സ്വല്പം ലിപിചിന്തകൾ അഥവാ മലയാളം ലിപിവ്യവസ്ഥയുടെ ചരിത്രം