കാസർഗോഡ് ജില്ലയിലെ മലയോരമേഘലകളായ ഒടയഞ്ചാൽ, പരപ്പ, വെള്ളരിക്കുണ്ട്, ഇരിട്ടി തുടങ്ങിയ സ്ഥലങ്ങൾ പ്രതീക്ഷയോടെ കാത്തിരുന്നൊരു ബസ്സ് സർവ്വീസാണ് കേരളസർക്കാറിന്റെ ബാഗ്ലൂർ കെ. എസ്. ആർ. ടി. സി. ബസ്സ് സർവ്വീസ്. കെ. എസ്. ആർ. ടി. സി. ഇന്നുമുതൽ മേൽപ്പറഞ്ഞ വഴിയിലൂടെ പുതിയൊരു സേവനത്തിനു തുടക്കം കുറിക്കുന്നു എന്നത് മലയോര നിവാസികൾക്ക് ആഹ്ലാദകരമായിരിക്കുന്നു. കാഞ്ഞങ്ങാടു നിന്നും പ്രൈവൈറ്റു ബസ്സുകൾ ഉണ്ടെങ്കിലും ഈ വഴിയിലൂടെ ഒന്നും തന്നെയില്ല. വിദ്യാഭ്യാസത്തിനും ജോലിക്കും മറ്റുമായി നിരവധിപ്പേർ എത്തിച്ചേരുന്ന സ്ഥലമാണ് ബാംഗ്ലൂർ. കൃത്യമായ യാത്രാസൗകര്യം കിട്ടുകയെന്നത് അതുകൊണ്ടുതന്നെ ഏറെ സൗകര്യപ്രദമാവുന്നു. മുമ്പ് ഒരു കെ. എസ്. ആർ. ടി. സി. ബസ്സുണ്ടായിരുന്നത് പ്രൈവറ്റ് ബസ്സുകാരുടെ നിരന്തരമായ ശല്യം കാരണം നിർത്തിവെയ്ക്കുകയായിരുന്നു. കാഞ്ഞങ്ങാടു നിന്നും അധികം പ്രൈവറ്റ് ബസ്സൊന്നുമില്ല. ആകെ ഉള്ളത് മുമ്പ് സഫർ ട്രാവൽസ് എന്നറിയപ്പെട്ടിരുന്ന കൊഹിനൂർ സർവ്വുസുക്കാർ തന്നെയാണ്. അടുത്ത കാലത്തായി ഓൺലൈൻ വഴി ടിക്കറ്റ് ബുക്കിങ് ഒക്കെയുള്ളതുകാരണം പ്രത്യേകിച്ചും പലരും വഞ്ചിക്കപ്പെടുന്നുമുണ്ട്.
ബാംഗ്ലൂരിലെ പ്രധാന ബസ് സ്റ്റാറ്റാന്റായ മജസ്റ്റിക്കിനോടടുത്തുള്ള ശാന്തിനഗറിലേക്കാണ് കെ. എസ്. ആർ. ടി. സി. ബസ്സ് എത്തിച്ചേരുന്നത്.
കാഞ്ഞങ്ങാടു നിന്നും വൈകുന്നേരം 6:30pm നു പുറപ്പെട്ട് ബാംഗ്ലൂർ ശാന്തിനഗറിൽ രാവിലെ 5:30am നുതന്നെ എത്തിച്ചേരുന്ന നിലയിലാണ് കാഞ്ഞങ്ങാടു നിന്നും ബാംഗ്ലൂരേക്കുള്ള യാത്ര. തിരിച്ച് കാഞ്ഞങ്ങാടേക്ക് രാത്രി 9:30 ഓടെ ശാന്തിനഗറിൽ നിന്നും വിട്ടിട്ട് രാവിലെ 9 മണിയോടെ എത്താനാണിപ്പോൾ ഉള്ള പ്ലാനിങ്. സമയത്തിലും ബസ്സിൽ തന്നേയും മാറ്റങ്ങൾ പ്രതീക്ഷിക്കാം. നല്ലൊരു പുഷ്ബാക്ക് സീറ്റിങ് ഉള്ള ബസ്സുതന്നെ ഈ റൂട്ടിൽ ഇടാനായി ഒരു സംസാരം നടക്കുന്നുണ്ട്. തുടക്കമെന്ന നിലയിൽ ഈ ബസ്സിനെ ആശ്രയിക്കേണ്ടിയിരിക്കുന്നു. 366 യ്ക്ക് കാഞ്ഞങ്ങാടു നിന്നും ബാംഗ്ലൂരിൽ ഈ ബസ്സിനിപ്പോൾ എത്തിച്ചേരാം; പുഷ്ബാക്കാക്കിയാൽ 550 രൂപയോളം കൂടിയേക്കും.
ശാന്തിനഗർ ബസ്സ്റ്റാൻഡ്
ബാഗ്ലൂരിലെത്തിച്ചേരുന്ന കാഞ്ഞങ്ങാടുകാർക്ക് ഏറെ പ്രാധാന്യമുള്ള ബസ് സ്റ്റാന്റാണ് ശാന്തിനഗർ. കാരണം പ്രധാനമായിട്ടുള്ളത് ഏറെ മലയാളികൾ പഠിക്കുന്ന ക്രൈസ്റ്റ് യൂണിവേർസിറ്റി, കർണാടകയിലെ പ്രസിദ്ധ ആശുപത്രിയായ നിംഹാൻസ് (Nimhans – National Institute of Mental Health and Neurosciences), ഏറെ പ്രസിദ്ധമായ കെ. ആർ. മാർക്കറ്റ് (ഇലക്ട്രോണിക്സ്, തുണിത്തരങ്ങൾ, വയറിങ് സാധനങ്ങൾ എന്നിവ ഹോൾസെയിൽസായി കേരളത്തിലങ്ങോളമിങ്ങോളം മാർക്കറ്റിങ് നടത്തുന്ന സ്ഥലം) മലയാളികൾ ഏറെ താമസ്സിക്കുന്നതും കേരളത്തിലെ എല്ലാ ജില്ലകളിലേയും ബസ്സുകൾ വന്നുചേരുന്ന മഡിവാള, തൊട്ടടുത്തുള്ള മജസ്റ്റിക് സ്റ്റേഷൻ,.. എന്നിവിടങ്ങളിലേക്ക് എല്ലാം മിനിമം ബസ്സ് ചാർജുമാത്രം ദൂരമുള്ള സ്ഥലമാണ് ശാന്തിനഗർ. വിദ്യാഭ്യാസം, ആരോഗ്യം, കച്ചവടം എന്നിവയ്ക്കാണ് ജനങ്ങൾ ഏറെയും ബാംഗ്ലൂരുപോലൊരു സിറ്റിയെ ആശ്രയിക്കുന്നതുതന്നെയാണ്. നിരവധിപ്പേരെ യാത്രാ വേളയിൽ പരിചയപ്പെടാൻ സാധിച്ചിട്ടുമുണ്ട്. എന്തുകൊണ്ടും കെ. എസ്. ആർ. ടി. സി. തെരഞ്ഞെടുത്തിരിക്കുന്ന ഈ ബസ്റ്റോപ്പ് ഏറെ പ്രാധാന്യമർഹിക്കുന്നത് ഇത്തരത്തിലാണ്.
ആദ്യം വരുന്നവർക്ക് പ്രൈവറ്റ് ബസ്സിൽ നേരിടേണ്ടി വരുന്ന ദുരിതങ്ങൾ
കഴിഞ്ഞ വെള്ളിയാഴ്ച (17 ഫെബ്രുവരി 2017) ബാംഗ്ലൂരിലെ മജസ്റ്റിക്കിൽ വെച്ചൊരു സംഭവം നടന്നു. ചില സാധനങ്ങൾ വാങ്ങിക്കാനായി ചെറുവത്തൂരിൽ നിന്നും എത്തിച്ചേർന്ന മൂന്നുപേരായിരുന്നു ഇരകൾ. അശോകൻ എന്നായിരുന്നു അതിലെ മുഖ്യ വ്യക്തിയുടെ പേര്. ഗാന്ധിനഗറിലെ കൊഹിനൂർ ട്രാവൽസിൽ അവർ പാർസൽ സാധനങ്ങൾ നാട്ടിലെത്തിക്കാനായിട്ട് ഏൽപ്പിക്കുകയുണ്ടായി. എന്നാൽ ടിക്കറ്റ് ഒക്കെ ഫുൾ ആയതിനാൽ സീറ്റ് കിട്ടിയില്ല. പാർസൽ സാധനങ്ങൾ നാട്ടിലെത്തിക്കാനായി സാധങ്ങൾ ഒക്കെ നോക്കിയിട്ട് അവർ ഇങ്കം ടാക്സിനായി അടയ്ക്കാനാണെന്നും പറഞ്ഞ് 2000 രൂപ ഫീസായി വാങ്ങിച്ചിരുന്നു. അതിനൊരു ബില്ലോ, മറ്റു റെസിപ്റ്റോ അവർ കൊടുത്തിരുന്നില്ല!
തുടർന്ന് നാട്ടിലേക്കുള്ള യാത്രയ്ക്കായി അവർ മറ്റു ട്രാവൽസ് അന്വേഷിച്ചു നടന്നു. അങ്ങനെയാണ് മജസ്റ്റിക്കിലെ ആനന്ദറാവൂ സർക്കിളിൽ ഉള്ള സലിം ട്രാവൽസ് കണ്ണിൽ പെട്ടത്. SRS Bus നെ പറ്റി ആരോ പറഞ്ഞതു കേട്ട് അന്വേഷിച്ച് പോകുമ്പോൾ കണ്ടതായിരുന്നു അത്. സലിം ട്രാവത്സുകാർ ഇവരോട് കാര്യങ്ങൾ ഒക്കെ അന്വേഷിച്ചു, കാഞ്ഞങ്ങാടേക്ക് മഹാലക്ഷ്മി എന്ന ബസ്സുണ്ടെന്ന് പറയുകയും ചെയ്തു. ആദ്യാമായി ബാംഗ്ലൂരിൽ എത്തിയ ഇവർക്ക് ഇങ്ങനെയൊരു ബസ്സുണ്ടോ എന്നറിയില്ലായിരുന്നു. സത്യത്തിൽ അങ്ങനെയൊരു ബസ്സ് കാഞ്ഞങ്ങാടേക്കില്ല. ഒരാൾക്ക് 1200 രൂപ വെച്ച് അവർ മൂന്നു സ്ലീപ്പർ ടിക്കറ്റ് ബുക്കുചെയ്തു. രാത്രി ഒമ്പതരവരെ അവരെ അവിടെ ഇരുത്തി. ഒമ്പതരയ്ക്ക് സലിം ട്രാവത്സിലെ ഒരാൾ ഒരു ഓട്ടോ സ്പെഷ്യലാക്കിയിട്ട് കൊഹിനൂർ ട്രാവത്സിൽ തന്നെ എത്തിച്ചു. അവിടെ നിന്നും പറഞ്ഞതു പ്രകാരമുള്ള ടിക്കറ്റ് മൂന്നെണ്ണം എടുത്തു കൊടുത്തു!!
പറഞ്ഞതു പ്രകാരമല്ല. കിട്ടിയത് സ്ലീപ്പർ അല്ലായിരുന്നു; സ്ലീപ്പറാണെങ്കിൽ തന്നെ കൊഹിനൂറിൽ ഓൺലൈൻ ബുക്കിങിനു പോലും 700 രൂപയേ ഒരാൾക്ക് വരികയുള്ളൂ. പുഷ്ബാക്കിന് 580 രൂപയേ ഉള്ളൂ; ഇവർക്ക് കിട്ടിയതും അതുതന്നെയാണ്. യഥാർത്ഥത്തിൽ ചാർജ് ചെയ്ത 1200 രൂപ എന്തിനായിരുന്നു?? സാധാരണഗതിയിൽ ഓണം, കൃസ്തുമസ് പോലുള്ള സീസൺ സമയങ്ങളിൽ പ്രൈവറ്റുബസ്സുകാർ ടിക്കറ്റ് ചാർജ് കണ്ടമാനം കൂട്ടാറുണ്ട്. ഇത് അതൊന്നുമില്ലാതെ കൂട്ടിയതാണ്. ഈ തുകയും, ഇങ്കം ടാക്സാണെന്നും പറഞ്ഞ് കൊഹിനൂർ വാങ്ങിച്ച തുകയും ഇവർക്ക് വലിയ നഷ്ടമാണുണ്ടാക്കിയത്. ഇങ്കം ടാക്സെന്നും പറഞ്ഞ് ബില്ലുകൊടുക്കാതെ വാങ്ങിച്ച തുകയുടെ കാര്യം അശോകേട്ടൻ തന്നെ കാഞ്ഞങ്ങാട് മെയിൻ ഓഫീസിൽ പറഞ്ഞിരുന്നു. ടിക്കറ്റ് ചാർജിൽ വന്ന പിശക്കുകൾ ബാംഗ്ലൂരിലെ ഓഫീസിലും കാഞ്ഞങ്ങാടുള്ള രണ്ട് ഓഫീസുകളിലും പറഞ്ഞിരുന്നു. പ്രൈവറ്റ് മേഖലയിൽ നടക്കുന്ന പലതരം അബദ്ധങ്ങളിൽ ഒന്നാണിത്, കെ. എസ്. ആർ. ടി. സി. സർവ്വീസിനോട് ചേർത്തുവായിക്കാൻ പറ്റുന്ന കാര്യമാണിത്.
കെ. എസ്. ആർ. ടി. സി. യുടെ ഗുണങ്ങൾ
യാത്രാവേളയിൽ കെ. എസ്. ആർ. ടി. സി. യുടെ ഗുണഗണങ്ങൾ അനുഭവിച്ചിട്ടുള്ള ഒരാളാണു ഞാൻ. ആമീസ് വന്നതിനു ശേഷം യാത്രയൊക്കെ ട്രൈനിലാക്കി മാറ്റിയിരുന്നു. ഇത് അതിനും മുമ്പു നടന്നതാണ്; അഞ്ചാറു വർഷങ്ങൾക്ക് മുമ്പായിരുന്നു. നാലഞ്ചുമാസം അമ്മാവൻ ഹരികുമാർ ബാംഗ്ലൂരിൽ എന്നോടൊപ്പം താമസിച്ചിരുന്നു, നവരാത്രിക്കോ മറ്റോ ഒത്തിരി ലീവ് കിട്ടിയപ്പോൾ ഒരിക്കൽ നാട്ടിലേക്ക് വിട്ടു ഞങ്ങൾ. കെ. എസ്. ആർ. ടി.-യിൽ ആയിരുന്നു ടിക്കറ്റ് ബുക്ക് ചെയ്തത്. അന്ന് കാസർഗോഡേക്കുള്ള ബസ്സുകൾ മൈസൂർ ബസ് സ്റ്റാന്റ് എന്നറിയപ്പെടുന്ന സാറ്റലൈറ്റ് ബസ്റ്റാന്റിൽ നിന്നായിരുന്നു പുറപ്പെട്ടിരുന്നത്. രാത്രി 8:30 മണിക്കായിരുന്നു യാത്ര തുടങ്ങുക. ഞങ്ങൾ മഡിവാളയിൽ നിന്നും 5 മണിക്ക് തന്നെ യാത്രപുറപ്പെട്ടു. നല്ല മഴയും ഉണ്ടായിരുന്നു അപ്പോൾ. മജസ്റ്റിക്കിലേക്ക് 20 മിനിറ്റ് യാത്രയൊക്കെയേ ഉള്ളൂ; നവരാത്രി ആയതിനാൽ തിരക്ക് കൂടുമല്ലോ- അതുകൊണ്ടാണ് മുമ്പേ പുറപ്പെട്ടതായിരുന്നു. പക്ഷേ, മുടിഞ്ഞ തെരക്കായിപ്പോയി. 8 മണിയായി മജസ്റ്റിക്കിൽ തന്നെ എത്താൻ.
അവിടുന്ന് ഞാൻ കെ. എസ്. ആർ. ടി. സി യെ വിളിച്ച് ടിക്കറ്റ് ക്യാൻസൽ ചെയ്തോളാം എന്നു പറഞ്ഞു. അവർ കാരണം ചോദിച്ചപ്പോൾ ഞാൻ സംഭവിച്ച കാര്യങ്ങൾ ഒക്കെ പറഞ്ഞു. അവർ അപ്പോൾ തന്ന സൊലൂഷൻ എന്നെ ശരിക്കും അത്ഭുതപ്പെടുത്തി. ഞങ്ങളെ കൂട്ടുവാനായി ആയി സാറ്റലൈറ്റ് ബസ്റ്റാൻഡിൽ നിന്നും മജസ്റ്റിക്കിലേക്ക് വന്നോളാം എന്നും അവിടെ സൈഡിൽ ഒരു അമ്പലത്തോട് ചേർന്ന് നിന്നാൽ മതിയെന്നും പറഞ്ഞു. അരമണിക്കൂർ ദൂരമേയുള്ളൂവെങ്കിലും ഒരുമണിക്കൂറിലേറെ സമയം അവർ എടുത്തിരുന്നു എത്തിച്ചേരാൻ. മഴയും, ഉത്സവത്തിന്റെ തിരക്കും, വെള്ളിയാഴ്ചയും ഒക്കെ ഒന്നുചേർന്നതാണു കാരണം. ബസ്സിൽ കേറിയപ്പോൾ ഒരു യാത്രക്കാരൻ ഡ്രൈവറെ ചീത്തവിളിക്കുന്നത് കേൾക്കാനിടവന്നു. റോഡറിയാത്ത ഡ്രൈവറിനെയൊക്കെ ബസ്സോടിക്കാനേല്പിച്ചാൽ ഇങ്ങെനെ വഴിതെറ്റി കറങ്ങും എന്നൊക്കെ അയാൾ പറയുന്നുണ്ടായിരുന്നു. അതുകേൾക്കാനിടവന്ന കണ്ടക്ടറുടെ സൗമ്യമായ പുഞ്ചിരി ഇന്നും മറക്കാനായിട്ടില്ല. ഒരു പ്രൈവറ്റുബസ്സുകാരൻ ഈ ബാംഗ്ലൂർ തിരക്കിൽ ഇങ്ങനെ ചിന്തിക്കുമെന്നെനിക്ക് കരുതാനേ വയ്യായിരുന്നു.
മലയാളം വിക്കിപീഡിയ എഴുത്തുകാരുടെയും ഉപയോക്താക്കളുടെയും വാർഷിക കൂടിച്ചേരലായ “വിക്കിസംഗമോത്സവം 2016” കാസർഗോഡ് ജില്ലയിലെ കാഞ്ഞങ്ങാടിനടുത്തുവെച്ച് നടന്നിരുന്നു. പടന്നക്കാട് ഗുഡ് ഷെപ്പേർഡ് പള്ളിയുടെ ഓഡിറ്റോറിയത്തിൽ വെച്ച് ഡിസംബർ 26, 27, 28 തീയ്യതികളിലായി വിവിധ പരിപാടികളോടെയാണ് വിക്കി സംഗമോത്സവം നടന്നത്. ഇന്റര്‍നെറ്റ് അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന സ്വതന്ത്ര സര്‍വ്വവിജ്ഞാനകോശമാണ് വിക്കിപീഡിയ. 295 വ്യത്യസ്ത ഭാഷകളിൽ വിക്കിപീഡിയയുടെ പതിപ്പുകളുണ്ട്. അന്‍പത് ലക്ഷത്തിലധികം ലേഖനങ്ങളുള്ള ഇംഗ്ലീഷ് വിക്കിപീഡിയയാണ് ഏറ്റവും മുന്നിൽ നിൽക്കുന്ന വിക്കിപീഡിയ. 2002 ഡിസംബർ 21 ന് ആരംഭിച്ച വിക്കിപീഡിയയുടെ മലയാളം പതിപ്പ് വൈജ്ഞാനിക മേഖലയില്‍ നിസ്തുല സംഭാവന നല്‍കി പ്രവര്‍ത്തിച്ചുവരുന്നു. വിക്കി സംഗമോത്സവം 2016 ന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട് ഏറെ പ്രയത്നിച്ചത് ഐടി@സ്കൂൾ ടൂട്ടർ ശ്രീ. വിജയൻ രാജപുരവും ചില അധ്യാപകരുമായിരുന്നു. പരിപാടിയുടെ തുടക്കസമയ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് വിക്കിപീഡിയരായ വിജയകുമാർ ബ്ലാത്തൂരിനേയും സച്ചിൻ ലാലിനേയും സജൽ കരിക്കനേയും നന്ദിയോടെ സ്മരിക്കേണ്ട സന്ദർഭം കൂടിയാണിത്. പുതിയതായി പതിനഞ്ചിൽ അധികം ആക്ടീവ് വിക്കിപീഡിയരെ പ്രതീക്ഷിക്കുന്ന തരത്തിലാണ് സമ്മേളനം സമാപിച്ചത്.
സംഗമോത്സവത്തിന്റെ ഏകദേശ അവലോകം നോക്കാവുന്നതാണ്.
പൊതുവായൊരു വിലയിരുത്തൽ
പ്രധാനപ്പെട്ട ചില കാര്യങ്ങൾ ഉദ്ദേശിച്ചായിരുന്നു ഈ സംഗമോത്സവം നടന്നത്. കർണാടകയോട് അടുത്തുനിൽക്കുന്ന ജില്ല എന്ന നിലയിൽ ഏറെ കലാരൂപങ്ങളും വ്യത്യസ്ഥ കൂട്ടായ്മകളും ഏഴിൽ അധികം ഭാഷകളും കന്നഡയോ തുളുവോ കലർന്ന സ്ഥലനാമങ്ങളുമൊക്കെയായി പ്രബലമായിരിക്കുന്ന ഒരു ജില്ലയാണു കാസർഗോഡ്. വിക്കിപീഡിയിൽ ആണെങ്കിൽ അറിവിന്റെ പല അംശങ്ങളും ഇതുമായി ബന്ധപ്പെട്ട് നിലവിൽ ഇല്ലാതിരിക്കുകയോ അപൂർണമായി ചിലതൊക്കെ നിലനിൽക്കുകയോ ചെയ്യുന്നു. അതുമാറ്റാനായി പ്രാപ്തരായ, എഴുത്തിനോട് താല്പര്യമുള്ള ചിലരെ കണ്ടെത്തുക തന്നെയായിരുന്നു പ്രധാനം. സ്കൂൾ കുട്ടികളും അധ്യാപകരും എഴുത്തിനോട് താല്പര്യമുള്ളവരുമായി 15 ഇൽ അധികം ആൾക്കാർ താല്പര്യത്തോടെ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ചുരുങ്ങിയത് ഒരു ആറുമാസത്തേക്കെങ്കിലും അവരുടെ ആക്ടീവ്‌നെസ് കണ്ടാൽ മാത്രമേ പരിപാടി എത്രമാത്രം വിജയമായിരുന്നു എന്നു പറയാനാവൂ. ഇവരാരെയും തന്നെ സംഗമോത്സവത്തിലേക്ക് പത്യേകം ക്ഷണിച്ചിരുന്നില്ല. വിക്കിപീഡിയർക്ക് പൊതുവേ സംഗമോത്സവത്തോട് വിമുഖതയായിരുന്നുവെങ്കിലും നല്ലൊരു സഹായസഹകരണം ഇവർക്ക് ലഭ്യമായാൽ പഠനക്യാമ്പുകളുമായി ഇവരെ സജീവമാക്കാവുന്നതാണ്. സംഗമോത്സവം ഒരു പൊതുപരിപാടി മാത്രമായി നടത്തുക, പൊതുജനങ്ങൾക്കിടയിലേക്ക് കൂടുതൽ എത്തിക്കുക എന്നതായിരുന്നു പിന്നീട് എടുക്കേണ്ടി വന്ന തീരുമാനം. അത്തരത്തിൽ ഉപകാരപ്രദമായ ക്ലാസുകൾ കാസർഗോഡ് ജില്ലയി ബന്ധപ്പെട്ടതും മറ്റുമായി നൽകാനായി എന്നതാണു സത്യം.
ഭിന്നശേഷിക്കാരുടെ സാങ്കേതിക ശാക്തീകരണം
സംഗമോത്സവത്തിന്റെ ഒന്നാം ദിവസമായ 26 -ആം തീയ്യതി തിങ്കളാഴ്ച രാവിലെ അന്ധതയെ അതിജീവിച്ച് എങ്ങനെ ഓൺ ലൈൻ വിജ്ഞാനകോശമായ വിക്കിപീഡിയയിൽ പങ്കാളിയാവാൻ സാധിക്കും എന്നതിനെ പറ്റി “ഭിന്നശേഷിക്കാരുടെ സാങ്കേതിക ശാക്തീകരണം” എന്ന വിഷയം സത്യശീലൻ മാസ്റ്ററുടെ ക്ലാസോടുകൂടി തുടങ്ങുകയായിരുന്നു. അന്ധനായ അദ്ദേഹം ഉദാഹരണസഹിതം കാര്യങ്ങൾ അവതരിപ്പിക്കുകയുണ്ടായി. വിക്കിപീഡിയ ഉപയോക്താക്കൾക്ക് ഒരു പുത്തൻ അനുഭവം തന്നെ പ്രദാനം ചെയ്യുന്ന അവതരണമായിരുന്നു മാസ്റ്ററുടേത്. ഭിന്നശേഷിക്കാർക്ക് ഉപയുക്തമായ സോഫ്റ്റ്‌വെയറുകളെ അദ്ദേഹം പരിചയപ്പെടുത്തുകയും ചെയ്തിരുന്നു. ഇംഗ്ലീഷ്, മലയാളം, ഹിന്ദി ഭാഷകളിൽ കാഴ്ചശക്തിയില്ലാത്തവർക്ക് കൃത്യതയോടെ എപ്രകാരം എഴുതാമെന്നും, അക്ഷരത്തെറ്റുകൾ വന്നാൽ അതൊക്കെ എങ്ങനെ തിരിച്ചറിയാൻ സാധിക്കുമെന്നും സത്യശീലൻ മാസ്റ്റർ ഉദാഹരണസഹിതം വ്യക്തമാക്കി. ഒരു വിക്കിലേഖനം വായിക്കാനറിയാത്തവർക്ക് എപ്രകാരം ശ്രവണഗോചരമാക്കാമെന്നും അദ്ദേഹം സദസ്സിനെ ബോധിപ്പിച്ചിരുന്നു.
അറിവിന്റെ സ്വാതന്ത്ര്യം
അറിവിന്റെ സ്വാതന്ത്രം എന്ന വിഷയത്തെ അധികരിച്ച് എം എ റഹ്മാൻ മാസ്റ്ററുടെ ക്ലാസ് സ്വതന്ത്രമായി അറിവുകളും അതു വിതരണം ചെയ്യാനുതകുന്ന മാധ്യമങ്ങളുടെ സവിശേഷതകളേയും പറ്റി ചിന്തിപ്പിക്കുന്നതായിരുന്നു. അറിവുകൾ പ്രചരിപ്പിക്കാനാവശ്യമായ പുസ്തകങ്ങൾ കെട്ടിപ്പൂട്ടി വെയ്ക്കുന്ന സാമൂഹിക പരിസ്ഥിതിയും അതുമൂലം അരികിലേക്കുമാറുന്ന വിജ്ഞാന ശകലങ്ങളുടെ ശാക്തീകരണവും അദ്ദേഹത്തിന്റെ അവതരണത്തിൽ മുഴച്ചുനിന്നിരുന്നു.
ഓപ്പൺസ്ട്രീറ്റ് മാപ്പിങ്ങ്
വിജ്ഞാനകോശമെന്ന നിലയിൽ പ്രസിദ്ധിയാർജിച്ച വിക്കിമീഡിയ പ്രോജക്റ്റുകളെ പോലെ തന്നെ പ്രാധാന്യം അർഹിക്കുന്ന ഓപ്പൺ സ്ട്രീറ്റ് മാപ്പിങ്ങിന്റെ സാധ്യതകളെ വിശദമാക്കിക്കൊണ്ട് വിക്കിപീഡിയനായ രജ്ഞിത് സിജി സംസാരിക്കുകയായിരുന്നു പിന്നീട്. ഓപ്പൺസ്ട്രീറ്റ് മാപ്പിങ്ങിനെ എപ്രകാരം മലയാളം വിക്കിപീഡിയയിൽ ഉപയുക്തമാക്കാനാവും എന്ന് പലരേയും ചിന്തിപ്പിച്ചൊരു ക്ലാസായിരുന്നു അത്. വിക്കിമീഡിയ പ്രോഡക്റ്റായ വിക്കി വോയേജിൽ ഇതിനെ കൃത്യമായി ഉപയോഗിക്കാനാവുമെന്നും അതിനായി ചില ശ്രമങ്ങൾ നടത്തേണ്ടതുണ്ട് എന്നും രജ്ഞിത് വിശദമാക്കി.
സ്കൂൾ വിക്കി പദ്ധതി
തുടർന്ന് സ്കൂൾ വിക്കിയെ പറ്റി ശബരീഷ് മാസ്റ്ററുടെ ക്ലാസ് വിക്കിപീഡിയയുടെ സാധ്യതയെ ഏറെ വിലയിരുത്തുന്ന തരത്തിൽ ഉള്ളതായിരുന്നു. സ്കൂൾ വിക്കിയും വിക്കിപീഡിയയും സഹകരിച്ച് മുന്നേറുകയാണ് ഇന്ന് അത്യാവശ്യം എന്ന നിലയിലേക്ക് ഉയർന്നു വരുന്ന ഒരു വട്ടമേശസമ്മേളനവും ചർച്ചയുമായിരുന്നു ഇത്. സ്കൂൾ വിക്കിയിലേക്ക് നിലവിലുള്ള ലേഖനങ്ങളേക്കാൾ കൂറുച്ചുകൂടെ വിപുലമായിത്തന്നെ എല്ലാ സ്കൂളുകളേക്കുറിച്ചും വിവരങ്ങൾ വേണ്ടതുണ്ടെന്നും, കൂടാതെ, വിദ്യാർത്ഥികളുടെ സമ്മാനർഹമായ കലാസൃഷ്ടികളായ കഥ, കവിത, കൊളാഷ്, ചിത്രങ്ങൾ തുടങ്ങിയവയൊക്കെ പ്രസിദ്ധീകരിക്കാനുള്ള ഒരു മാധ്യമമായി മാറ്റേണ്ടതിന്റെ ആവശ്യകതയെ പറ്റി വിവരിക്കുകയും ഉണ്ടായി. വിക്കിപ്രോജക്റ്റളുടെയും സ്കൂൾ വിക്കിയുടേയും സോഫ്റ്റ്‌വെയർ മീഡിയവിക്കി ആയതിനാൽ എഡിറ്റിങ് ശീലിക്കാനും വിക്കിപീഡിയയ്ക്ക് നല്ലൊരു മുതൽക്കൂട്ടുണ്ടാക്കാനും ഇതുവഴി പറ്റുമെന്നു തന്നെ ശബരീഷ് മാസ്റ്റർ വിലയിരുത്തി. സ്കൂൾ വിക്കിയുമായി പ്രവർത്തിക്കുന്ന ഐടി@സ്കൂൾ അധ്യാപകർക്ക് അത്യാവശ്യഘട്ടങ്ങളിൽ വേണ്ടിവരുന്ന സഹായസഹകരണങ്ങൾ മലയാളം വിക്കിപ്രവർത്തകർ തന്നെ ചെയ്തുകൊടുക്കേണ്ടതുണ്ട് എന്ന വിലയിരുത്തലും നടക്കുകയുണ്ടായി.
പ്രധാന സമ്മേളനം
27 ആം തീയ്യതി ചൊവ്വാഴ്ച രാവിലെ പത്തുമണിക്കു തന്നെ കാഞ്ഞങ്ങാട് നഗരസഭാ ചെയർമാൻ വി.വി. രമേശൻ അദ്ധ്യക്ഷനായി പ്രധാന സമ്മേളനം നടക്കുകയായിരുന്നു. കാസർഗോഡ് ലോകസഭാമണ്ഡലത്തിലെ പ്രതിനിധിയായ എം .പി. ശ്രീ. പി. കരുണാകരൻ, വിക്കിപീഡിയ cis പ്രതിനിധികളായ ചെന്നൈ സ്വദേശി മാനസയുടേയും, തായ്‌വൻ സ്വദേശി ടിങ് യി-യുടേയും സാന്നിധ്യത്തിൽ സംഗമോത്സവം ഔപചാരികമായി ഉദ്ഘാടനം ചെയ്തു. മാനസയും ടിങ് യി-യും സംഗമോത്സവം അവസാനദിവസം വരെ കൂടെ ഉണ്ടായിരുന്നു. മലയാളം വിക്കിപീഡിയയുടെ ജന്മദിനം ആഘോഷിച്ചുകൊണ്ടുള്ള ചടങ്ങ് കേക്ക് മുറിച്ച് വിതരണം ചെയ്ത് ആഘോഷിക്കാൻ ഇവർ നേതൃത്വം നൽകിയിരുന്നു. 2002 ഡിസംബർ 21 നായിരുന്നു മലയാളം വിക്കിപീഡിയയുടെ തുടക്കം. പടന്നക്കാട് സംഗമോത്സവവേദിയിൽ എത്തിച്ചേർന്ന പ്രായം കുറഞ്ഞ പ്രതിനിധിയെന്ന പേരിൽ ആത്മികയ്ക്ക് എം. പി. കരുണാകരൻ കേയ്ക്ക് കൊടുത്തുകൊണ്ടായിരുന്നു ജന്മദിനാഘോഷം തുടങ്ങിയത്.
മലയാളം വിക്കി പ്രവർത്തനങ്ങൾ, കഴിഞ്ഞ ഒരു വർഷം
തുടർന്ന നടന്നത് കഴിഞ്ഞ വർഷത്തെ വിക്കിപീഡിയ പ്രവർത്തനങ്ങളെ കുറിച്ചുള്ള ചർച്ചയും വരുംകാല പരിപാടികളെ പറ്റിയുള്ള റിപ്പോർട്ടിങും ആയിരുന്നു. എല്ലാ വിക്കിപീഡിയ പ്രവർത്തകരും ഒരുപോലെ പങ്കെടുത്ത ചടങ്ങായിരുന്നു അത്. കാര്യക്ഷമമായ നിരീക്ഷണങ്ങൾ പങ്കുവെയ്ക്കുകയും ഡോക്കുമെന്റേഷൻ നടത്തുകയും ചെയ്തു. പുതിയതായി എത്തിച്ചേർന്ന വിക്കിപ്രവർത്തകർക്ക് ഏറെ ഗുണപ്രദമായിരുന്നു ഇത്. 2015 ഡിസംബറിൽ നടന്ന സംഗമോത്സവത്തിnte വരവുചിലവ് കണക്കിൽ സംഭവിച്ച പിശക്കും cis നു കൊടുക്കേണ്ടിയിരുന്ന കൃത്യതയില്ലാത്ത വിവരകൈമാറ്റവും ഇപ്രാവശ്യത്തെ cis പ്രാമുഖ്യത്തെ ദോഷകരമായി ബാധിച്ച കാര്യവും ചർച്ച ചെയ്യപ്പെട്ടു. ഈ സംഗമോത്സവം മലയാളം വിക്കിപീഡിയയുടെ അവസാനത്തെ സംഗമോത്സവമായി തന്നെ കരുതുന്നതാണു നല്ലത് എന്നായിരുന്നു ഭൂരിപക്ഷം വിക്കിമീഡിയ പ്രവർത്തകരുടേയും ധാരണയും.
പുരാതന മൃഗങ്ങൾക്ക് വിക്കിയിലെ പ്രാതിനിധ്യം
ഇർവ്വിൻ എന്ന മലയാളം വിക്കിമീഡിയ പ്രവർത്തകൻ അവതരിപ്പിച്ച “പുരാതന മൃഗങ്ങൾക്ക് വിക്കിയിലെ പ്രാതിനിധ്യം” എന്ന വിഷയാവതരണമായിരുന്നു പിന്നീട് നടന്നത്. നല്ലൊരു പോസ്റ്റർ പ്രദർശനം ഇതിനായി നടന്നുവന്നിരുന്നു. ദിനോസറീന്റെ പേര്, വിവരണം, വിക്കിപീഡിയ ലിങ്ക് എന്നിവ അവയിൽ ഉൾക്കൊള്ളിച്ചിരുന്നു. വിക്കിമീഡിയ കോമൺസിൽ ഈ പോസ്റ്ററുകൾ ലഭ്യമാണു താനും. വിഷയാവതരണം ഏറെ ഗംഭീരമായിരുന്നതിനു തെളിവായി കാണിക്കാവുന്നത് അവതരണം കഴിഞ്ഞ് സദസ്സിൽ നിന്നും ഉയർന്നുവന്ന വിവിധതരത്തിലുള്ള വിഷയസംബന്ധിയായ ചോദ്യങ്ങൾ തന്നെയായിരുന്നു. ഇവയ്ക്കൊക്കെയും യഥാവിധം ഉത്തരം നൽകാനും ഇർവിനു സാധിച്ചിരുന്നു. ഏറെ വിജ്ഞാനപ്രദം എന്നതിലുപരി പുതിയതായി എത്തിച്ചേർന്ന പല ആളുകളേയും വിക്കിപീഡിയയോട് ഏറെ അടുപ്പിച്ച സംഭവം കൂടി ആയിരുന്നു ഇത്.
ശ്രീ. അൻവർ സാദത്തിന്റെ ആശംസ
ശാസ്ത്രസാഹിത്യകാരനും പൊതു വിദ്യഭ്യാസ വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന ഐടി@സ്കൂൾ പദ്ധതിയുടെ എക്സിക്യൂട്ടീവ് ഡയറക്ടറുമായ ശ്രീ. അൻവർ സാദത്തിന്റെ ഒരു വീഡിയോ പ്രസംഗം പിന്നീട് പ്രദർശിപ്പിക്കുകയുണ്ടായി. സ്കൂൾ വിക്കിയും മലയാളം വിക്കിപീഡീയയും ബന്ധപ്പെട്ട് മുന്നോട്ട് പോകേണ്ടതിന്റെ ആവശ്യകതയും സ്വതന്ത്രമായ അറിവിന്റെ പങ്കുവെയ്ക്കലും തന്നെയായിരുന്നു പ്രധനവിഷയം. ഐടി@സ്കൂളിന്റെ പ്രവർത്തനങ്ങളെ കുറിച്ച് അദ്ദേഹം ചെറുതായി പറയുകയുണ്ടായി.
മോസില്ലയെ കുറിച്ചുള്ള അവതരണം
മോസില്ല പ്രവർത്തകർ നടത്തിയ വിഷയാവതരണം നല്ല നിലയിൽ കൊണ്ടുപോയിരുന്നു. ഇവർ നടത്തിയ ചോദ്യോത്തര പരിപാടിയിൽ ഒന്നാം സമ്മാനം വിക്കിപീഡിയൻ രജ്ഞിത് സിജിയും രണ്ടാം സ്ഥാനം അച്ചു കുളങ്ങരയും കരസ്ഥമാക്കി. മോസില്ലയെ കുറിച്ചുള്ള ഒരു സ്റ്റാന്റിയും ബാനറും ഇവർ വേദിയിൽ പതിപ്പിച്ചിരുന്നു.
മങ്ങലംകളിയെ കുറിച്ചുള്ള വിശദീകരണം
തുടർന്ന്, കാസർഗോഡ് ജില്ലയിൽ മാത്രം കണ്ടുവരുന്ന മങ്ങലംകളിയെ കുറിച്ച് വിശദമായി തന്നെ രാമചന്ദ്രൻ മാസ്റ്റർ സംസാരിക്കുകയിണ്ടായി. ആദിവാസി വിഭാഗങ്ങളുടെ വിവാഹാഘോഷ ചടങ്ങുകളിൽ കാണുന്ന സവിശേഷതയാർന്ന ഒരു കലാരൂപമാണിത്. കല്യാണപന്തലിലാണ് മങ്ങലംകളി അരങ്ങേറുന്നത്. കാരണവന്മാരും മൂപ്പന്മാരും തദവസരത്തിൽ സന്നിഹിതരായിരിക്കും. കല്യാണപന്തലിലെ മധ്യഭാഗത്തുള്ള തൂണിനു ചുറ്റുമാണ് ആളുകൾ നൃത്തം ചവിട്ടുന്നത്. നൃത്തസംഘത്തിൽ കൂടിപ്പോയാൽ മുപ്പതോളം ആളുകൾ ഉണ്ടാകും. ഇതുപോലെയുള്ള നിരവധി കലാരൂപങ്ങളുടെ സന്നിധാനമാണു കാസർഗോഡ് ജില്ലയെന്നും പലകലാരൂപങ്ങളും അവയുടെ ചരിത്ര ശേഷിപ്പുകൾ വെടിഞ്ഞ് വേദികളിലേക്ക് എത്തുകയാണെന്നും, കലാരൂപത്തിന്റെ തനിമയ്ക്കും വ്യക്തതയ്ക്കും ഇവയൊക്കെയും കോട്ടം തട്ടുമെന്നും രാമചന്ദ്രൻ മാസ്റ്റർ വിശദമാക്കി. അതോടൊപ്പം മംഗലം കളി അവതരിപ്പിക്കുന്ന ഒരു വീഡിയോ ദൃശ്യം പ്രദർശിപ്പിക്കുകയും ചെയ്തിരുന്നു. കൃഷ്ണൻ മാസ്റ്ററും രാമചന്ദ്രൻ മാസ്റ്ററും വിഡിയോ ദൃശ്യങ്ങൾ വേദിയിൽ സജ്ജമാക്കിവെച്ചിരുന്നു. അന്യസംസ്ഥാന വിക്കിപീഡിയർക്ക് ഒരു നവ്യാനുഭവം തന്നെയായിരുന്നു മംഗലം കളിയെ കുറിച്ചുള്ള ഈ അവതരണം.
കാസറഗോഡിന്റെ എഴുതപ്പെടാത്ത ചരിത്രം
കാസർഗോഡ് ജില്ലയുടെ എഴുതപ്പെടാത്ത ചരിത്രം എന്നവിഷയത്തെ കുറിച്ച് പ്രൊഫസർ സി. ബാലൻ സംസാരിക്കുകയുണ്ടായി. നിരവധി ചരിത്രമിത്തുകളെ അടിസ്ഥാനപ്പെടുത്തി മതിയായ അവലംബങ്ങളോടെ തന്നെയായിരുന്നു കാസർഗോഡിന്റെ അറിയപ്പെടാത്ത ചരിത്രത്തെ കുറിച്ച് പ്രൊഫസർ വിശദീകരിച്ചു. വിശദമായിത്തന്നെ അദ്ദേഹം കാര്യങ്ങൾ അവതരിപ്പിച്ചു. നിലവിൽ ഇതുമായി ബന്ധപ്പെട്ടുള്ള പുസ്തകങ്ങളും അവ ലഭ്യമാകുന്ന സ്ഥലവും, ഒന്നും രണ്ടും പതിപ്പുകൾ ഇറങ്ങിയ പുസ്തകങ്ങളുടെ വ്യത്യാസങ്ങളും ഒക്കെ അദ്ദേഹം വിശദീകരിച്ചു. മതമൈത്രിയെ വിളിച്ചോതുന്ന മുക്രിത്തെയ്യം പോലുള്ള നിരവധി മാപ്പിളത്തെയ്യങ്ങളെ പറ്റിയും അലാമിക്കളി പോലുള്ള കലാരൂപങ്ങളുടെ ഇന്നത്തെ നിലനിൽപ്പിനെ പറ്റിയും ഒക്കെ വിശദമായിത്തന്നെ പ്രൊഫസർ ബാലൻ വെളിപ്പെടുത്തുകയുണ്ടായി. വിക്കിപീഡിയർക്ക് നല്ലൊരു അനുഭവസംബത്തായിരുന്നു ഈ അവതരണം. അവതരണ മധ്യത്തിൽ പ്രസംഗം ശ്രദ്ധിക്കാതെ സദസ്സിലിരുന്ന വിക്കിപീഡിയ പ്രവർത്തകർ നടത്തിയ സംസാരം അദ്ദേഹത്തെ അല്പമായി അലോസരപ്പെടുത്തുകയും അത് അദ്ദേഹം വ്യക്തമായി അന്നേരം തന്നെ വെളിപ്പെടുത്തുകയും ചെയ്തിരുന്നു. സജീവ വിക്കിപ്രവർത്തകർ സദസ്സിൽ കുറവായിരുന്നു. പരിപാടികൾ തീരും മുമ്പേ സദസ്സുവിടാൻ നടത്തിയ ശ്രമഫലമായി ഉണ്ടായ സംസാരമായിരുന്നു പിന്നിൽ.
ബോട്ട് യാത്ര
വിക്കി ചങ്ങാത്തത്തോടെ 27 ആം തീയതി വിക്കിപീഡിയർ പരിയുകയായിരുന്നു. പിന്നീട്, 28 ന് വിക്കി കോമൺസിലേക്ക് ചിത്രങ്ങൾ അപ്ലോഡ് ചെയ്യാൻ വേണ്ടി ഒരു ഫോട്ടോ വാക്ക് എന്നപോലെ ബോട്ട് യാത്ര നടത്തിയിരുന്നു. നീലേശ്വരം മുതൽ വലിയപറമ്പുവരെ നീണ്ടു നിൽക്കുന്ന ഒരു യാത്രയായിരുന്നു അത്. ഫോട്ടോ എടുപ്പുകൾ ആദ്യരണ്ടു ദിവസങ്ങളിലായി വിവിധ സ്ഥലങ്ങളിൽ നടന്നിരുന്നു. കോമൺസിലേക്ക് ഇവയൊക്കെ കൂട്ടിച്ചേർക്കാനുള്ള വർഗം എല്ലാവർക്കുമായി പങ്കുവെച്ചിരുന്നു. അവ പ്രധാനമായും WikiSangamotsavam-2016, WikiSangamothsavam ഇവ രണ്ടുമാണ്. പരിപാടിയുടെ വിവരങ്ങൾ ഫൗണ്ടേഷനിലേക്ക് കാണിക്കാനായി ഇത് ഏറെ ഉപകരിക്കും.
സംഗമോത്സവ ചെലവ്
കാസർഗോഡ് ജില്ലയിൽ കാഞ്ഞങ്ങാടിനടുത്ത് പടന്നക്കാട് ഗുഡ് ഷെപ്പേർഡ് പള്ളിയുടെ ഓഡിറ്റോറിയത്തിൽ വെച്ചായിരുന്നു മൂന്നു ദിവസത്തെ വിക്കിസംഗമോത്സവം പരിപാടി നടന്നത്.
#താമസസൗകര്യം: 50 പേർക്ക് (രണ്ടു ദിവസത്തേക്ക്) 75 രൂപ വെച്ച് 3750 രൂപ
#പ്രാതൽ: 85 പേർക്ക് (മൂന്നു ദിവസത്തേക്ക്) 45 രൂപ വെച്ച് 3825 രൂപ
#ചായ: 115 പേർക്ക്(രണ്ട് ദിവസത്തേക്ക് രണ്ടുനേരം വെച്ച്) 5 രൂപ വെച്ച് 575 രൂപ
#ഉച്ചഭക്ഷണം: 115 പേർക്ക് (രണ്ടു ദിവസത്തേക്ക്) 60 രൂപ വെച്ച് 6900 രൂപ
#ലഘുഭക്ഷണം: 115 പേർക്ക് (രണ്ടു ദിവസത്തേക്ക്) 15 രൂപവെച്ച് 1725 രൂപ
#രാത്രിഭക്ഷണം: 50 പേർക്ക് (രണ്ടു ദിവസത്തേക്ക്) 50 രൂപവെച്ച് 2500 രൂപ
#ഓഡിറ്റോറിയം ഹാൾ, സൗണ്ട്, ജനറേറ്റർ (രണ്ടുദിവസം) 1500 രൂപ
#വിക്കിസംഗമോത്സവത്തിനായി ഇവിടെ മൊത്തം ചെലവായ തുക 20775 രൂപ
28 ആം തീയതിയിലെ ബോട്ടുയാത്ര
നീലേശ്വരം കോട്ടപ്പുറത്തു നിന്നും വലിയപറമ്പ് കടന്ന് ഏഴിമല നാവിക അക്കാദമിയുടെ തുടക്കം വരെ നീളുന്നതായിരുന്നു യാത്ര. രാവിലെ പത്തുമണിക്കു തുടങ്ങിയ യാത്ര വൈകുന്നേരം നാലുമണിവരെ നീണ്ടിരുന്നു. ചായയും പലഹാരവും ഉച്ചഭക്ഷണവും ഹൗസ് ബോട്ടിൽ ലഭ്യമായിരുന്നു. cis മെമ്പറായ മാനസയും തായ്‌വൻ സ്വദേശി ടിങ് യി യും യാത്രയിൽ സജീവമായിരുന്നു. എടയിലക്കാവ് കാവിൽ വെച്ച് നിരവധി കുരങ്ങുകളെ കാണാനായതും അവയ്ക്ക് ഭക്ഷണം കൊടുക്കാൻ സാധിച്ചതും രസകരമായിരുന്നു.
വിക്കി വോയേജ്
വിക്കിപീഡിയനായ സജൽ നടത്തിയ വിക്കി വോയേജ് എന്ന പദ്ധതിയെ പറ്റിയുള്ള വിശദീകരണം ഏറെ വ്യത്യസ്ഥമായ ഒരു അവതരണമായിരുന്നു. വിക്കി ഇങ്ക്വുപേറ്ററിൽ ഇപ്പോഴും നിൽക്കുന്ന വിക്കി വോയേജിനെ പറ്റിയുള്ള വിശദീകരണം അഞ്ചോളം ഐടി@സ്കൂൾ അധ്യാപകരെ ഏറെ സ്വാദീനിച്ചിരുന്നു. വിക്കി എഡിറ്റിങ് പരിശീലിക്കാൻ ഏറെ ഗുണകരമായ പദ്ധതിയായി ഇതു മാറ്റാവുന്നതാണ് എന്ന് അവർതന്നെ പറയുകയുണ്ടായി.
രസകരമായ അവതരണങ്ങൾ
ബോട്ടുയാത്രയ്ക്കിടയിൽ സജൽ നടത്തിയ മിമിക്രി അല്പം രസകരമായിരുന്നു. ആലപ്പുഴ ഐടി@സ്കൂൾ ടൂട്ടറായ സന്തോഷ് മാസ്റ്റർ അവതരിപ്പിച്ച ഗാനാലാപനം ഏറെ മികച്ചു നിന്നിരുന്നു. നല്ലൊരു ഗായകൻ ആണെന്നു തന്നെ പറയാവുന്ന അവതരണമായിരുന്നു അത്. ഗാനാലാപനത്തിൽ സഹായികളായി പിന്നീട് വിക്കിപീഡിയരായ സജലും മഞ്ജുഷയും ചേർന്നിരുന്നു. തുടർന്ന് തായ്‌വൻ സ്വദേശി ടിങ് യി-യുടെ തായ്‌വൻ ഭാഷയിലെ ഗാനാലാപനം ഏറെ ഹൃദ്യമായിരുന്നു. ഗാനാലാപനത്തിനുള്ള ശ്രമം അമൃതയും നടത്തിയിരുന്നു. യാത്രാവസാനം കൊല്ലം സ്വദേശിയായ ശ്രീ. സെബാസ്റ്റ്യൻ അവതരിപ്പിച്ച നന്ദിപ്രകടനത്തോടെ സംഗമോത്സവ സമാപനമായിരുന്നു. 4 മണിക്ക് എല്ലാവരും തിരിച്ച് കോട്ടപ്പുറത്തു തന്നെ ബോട്ടിങ് അവസാനിപ്പിച്ചു.
യാത്രാ ചെലവ്
മൊത്തത്തിൽ 36 പേരായിരുന്നു യാത്രയിൽ പങ്കെടുത്തത്. അതിൽ കുട്ടികൾ ഒഴികെയുള്ള 31 പേരുടെ കണക്കാണ് ഹൗസ് ബോട്ട് അധികാരികൾ ഏൽപ്പിച്ചത്. 8 പേർക്ക് 10000 രൂപയും പിന്നീട് വരുന്ന ഒരാൾക്ക് 700 രൂപ വെച്ചുമാണ് ഒരു ദിവസത്തേക്കുള്ള ബോട്ടുയാത്രയുടെ ചെലവ് വരിക – ഇക്കാര്യം മുമ്പേ പറഞ്ഞിരുന്നു. ചെറിയൊരു ഡിസ്കൗണ്ട് കിട്ടിയതു പ്രകാരം 23250 രൂപയാണ് ചെലവു വന്നത്. ഹൗസ് ബോട്ടിൽ ഭക്ഷണം പാചകം ചെയ്യാനും വഴികാട്ടിയായി കൂടെ നടക്കാനും ഡ്രൈവറായി ബോട്ടിനെ നയിക്കാനുമായി മൂന്നു പേർ കൂട്ടത്തിൽ ഉണ്ടായിരുന്നു. ഇവക്ക് ഒരു കൈമണി എന്ന പേരിൽ വല്ല തുകയും കൊടുക്കുന്ന രീതി ഉണ്ടത്രേ. 1000 രൂപ കൊടുക്കാമെന്നു പ്രതീക്ഷിക്കുന്നു. അവർ തന്ന ബില്ലിൽ 23250 രൂപയേ ഉള്ളൂ. അവർക്ക് കൈയ്യിൽ നേരിട്ടുകൊടുക്കുകയാണത്രേ പതിവ്. നമ്മുടെ ഭാഗത്തു നിന്നും കൊടുത്തിട്ടില്ല. ഓൺലൈൻ വഴി കൊടുക്കാമെന്നു കരുതുന്നു.
മൊത്തം ചെലവ്
ഗുഡ് ഷെപ്പേഡ് പള്ളിയിൽ കൊടുക്കേണ്ട 20775 രൂപയും ബോട്ടുയാത്രയുടെ 23250 രൂപയും ആണ് നിലവിലെ കൃത്യമായ കണക്കുകൾ. ഇതുപ്രകാരം 44025 രൂപയാണു മൊത്തം ചെലവ്. ഇതുകൂടതെ ഉള്ളത് ദൂരെ നിന്നും വന്നുചേർന്ന യാത്രക്കാരുടെ യാത്രാ നിരക്കുകൾ, ബോട്ടുയാത്രയിലെ മൂന്നു തൊഴിലാളികൾക്ക് കൊടുക്കേണ്ട തുക, ദിനോസർ പോസ്റ്ററുകൾക്കുള്ള പ്രിന്റിങ് ചാർജ്, സ്റ്റേജിലും റോഡ് സൈഡിലും മറ്റുമായി കെട്ടാനുണ്ടാക്കിയ മൂന്നു ബാനറുകളുടെ പ്രിന്റിങ് ചാർജ്, വിക്കിജന്മദിനാഘോഷം നടത്താൻ വാങ്ങിയ രണ്ട് കിലോ കേക്കിന്റെ തുക എന്നിവയാണ്. എല്ലാറ്റിന്റേയും ബില്ലുകൾ നിലവിൽ കൃത്യമാണ്. ബോട്ട് തൊഴിലാളികൾക്ക് കൊടുക്കേണ്ട കൈമണിയുടെ കാര്യത്തിൽ മാത്രമേ ഒരു സംശയം ഉള്ളൂ.
ചില സംഭവങ്ങൾ നമ്മളെ വല്ലാതെ അത്ഭുതപ്പെടുത്തിയേക്കും. കഴിഞ്ഞ ദിവസം അങ്ങനെയൊന്നു സംഭവിച്ചു. മഞ്ജുവിന്റെ വീട്ടിൽ പോയി വൈകുന്നേരം തിരിച്ചുവരും വഴിയായിരുന്നു. മഞ്ജുവിനോടൊപ്പം വർക്ക് ചെയ്യുന്ന അവളുടെ കൂട്ടുകാരിക്ക് വേണ്ടി പോപ്പിക്കുട തേടി അലയുകയായിരുന്നു ഞങ്ങൾ. കുറേ കടകൾ കേറിയിറങ്ങിയെങ്കിലും പോപ്പിക്കുട കണ്ടുകിട്ടിയില്ല. അവസാനമാണ് ബസ് സ്റ്റാന്റിന്റെ സമീപത്തേക്ക് ഞങ്ങൾ വന്നത്. ബസ്റ്റാറ്റാന്റിനു സമീപമുള്ള റോയൽ ഫൂട്ട്‌വെയേർസിനു മുമ്പിൽ എത്തിയപ്പോൾ കൗണ്ടറിൽ ഇരിക്കുന്ന മദ്ധ്യവയകനായ ആളോട് വിളിച്ചു ചോദിച്ചു ചേട്ടാ പോപ്പിക്കുടയുണ്ടോ എന്ന്. പോപ്പിയും ജോൺസും ഉണ്ടെന്ന് മറുപടി കിട്ടി. അകത്തേക്ക് കയറിയപ്പോൾ ഷോപ്പിലെ ജീവനകാരന്റേയും ഇദ്ദേഹത്തിന്റെയും പെരുമാറ്റം നന്നായി ഇഷ്ടപ്പെട്ടു. എങ്കിലും ഇതൊക്കെ അവരുടെ തൊഴിലിന്റെ ഭാഗമാണല്ലോ, നാളെയും ഞാനിവിടെ വരണമെങ്കിൽ അവർ നന്നായി പെരുമാറിയല്ലേ ഒക്കൂ എന്നൊക്കെ മനസ്സിൽ ആരോ പറയുന്നുണ്ടായിരുന്നു. എങ്കിലും അവരുടെ ആ നല്ല പെരുമാറ്റം ഒരു കുളിർമ്മ തന്നെയായിരുന്നു, കാരണം മിക്ക ഷോപ്പുകളിൽ നിന്നും കിട്ടാത്തതാണല്ലോ ഇതൊക്കെ.
ചെരുപ്പും കുടകളും അടക്കം 1500 രൂപയുക്കുള്ള സാധനങ്ങൾ വാങ്ങിച്ച് അല്പം വിലപേശിയേക്കാം എന്ന് കരുതി എന്തെങ്കിലും കുറച്ചു തരണം എന്നു പറഞ്ഞപ്പോൾ പുള്ളി നല്ലൊരു ശതമാനം കുറച്ചു തരികയും ചെയ്തു. എന്നിട്ടദ്ദേഹം, അവിടെ ഒട്ടിച്ച വെച്ചിരുന്ന വിലവിവരപ്പട്ടിക കണിച്ചു തന്നു. ഷോപ്പിൽ വിൽക്കുന്ന സാധനങ്ങളുടെ വിലവിവരപ്പട്ടിക ഷോപ്പുടമ ഷോപ്പിൽ ഡിസ്പ്ലേ ചെയ്യണം എന്നുണ്ടത്രേ. കാഞ്ഞങ്ങാട് പക്ഷേ ചമയം ഡ്രസ്സസ്സിലും ഇവിടെയും അല്ലാതെ വേറൊരു ഷോപ്പിലും ഇതില്ല. അതിൽ നോക്കിയാൽ നിങ്ങൾക്ക് ഞാനി സാധനം വാങ്ങിച്ച വില മനസ്സിലാവും, എത്ര അധികമാണ് ഞാൻ നിങ്ങളോട് വാങ്ങിച്ചതെന്നും മനസ്സിലാവും എന്നദ്ദേഹം പറഞ്ഞു. ആ പട്ടിക ചോദിച്ചു കാണേണ്ടത് നിങ്ങൾ കസ്റ്റമേർസിന്റെ കൂടെ ഉത്തരവാദിത്വമാണെന്ന് അദ്ദേഹം പറഞ്ഞു. ചെറിയൊരു അത്ഭുതം എന്നിലുണ്ടാക്കി ആ വർത്തമാനം.
എന്തായാലും കിട്ടിയ ഡിസ്കൗണ്ടിൽ തന്നെ ഞാൻ സംതൃപതനായതിനാൽ അതൊന്ന് ഓടിച്ചു നോക്കി ഞങ്ങൾ ഇറങ്ങി, പിന്നെ ആമീയെയും കൊണ്ട് ആശുപത്രിയിൽ പോയി, കൂൾബാറിൽ കേറി ഐസ്ക്രീം കഴിച്ചു പിന്നെയും ഒന്നുരണ്ടു കടകളിൽ കേറി ഏകദേശം രണ്ടുമണിക്കൂറുകൾക്ക് ശേഷം ബസ്സിലേക്ക് കയറാൻ തുനിയുമ്പോൾ ആ കടയിലെ സെയിൽസ് മാൻ വന്നു കൈയ്യിൽ പിടിച്ചു പറഞ്ഞു, ഒരു ഐസ്ക്രീം വാങ്ങി തന്നാൽ ഞാൻ ഒരു കാര്യം പറയാം എന്ന്. കാര്യം തിരക്കിയപ്പോൾ പുള്ളി പറഞ്ഞു നിങ്ങൾ കൊടുത്ത 1000 രൂപയോടൊപ്പം മറ്റൊരു 1000 രൂപകൂടിയുണ്ടായിരുന്നു എന്ന്. സെയിൽസ്മേൻ ഞങ്ങളേയും നോക്കി ഇരിക്കുകയായിരുന്നു. ഞങ്ങൾ റോഡ് മുറിച്ചു കടന്ന് ഷോപ്പിലെത്തി. കടയുടമ സന്തോഷത്തോടെ ആ 1000 രൂപ തിരിച്ചു തന്നു.
ജോസ് എന്നാണു പുള്ളിക്കാരന്റെ പേര്. എറണാകുളം കാരനാണ്. കഴിഞ്ഞ 40 വർഷമായി പുള്ളി കാഞ്ഞങ്ങാട് ബിസിനസ്സ് ചെയ്യുന്നുണ്ട്. കൂടുതൽ കാര്യങ്ങൾ ചോദിച്ചറിഞ്ഞ് താങ്ക്സും പറഞ്ഞ് ഞങ്ങൾ വീട്ടിലേക്ക് പോന്നു. ഇനി ഞങ്ങൾക്ക് സ്റ്റേഷണറിക്ക് മറ്റൊരു കട തേടി കാഞ്ഞങ്ങാട് അലയേണ്ടതില്ല. ഇത്തരം നന്മ ഉള്ളിൽ സൂക്ഷിക്കുന്ന ആളുകളെ അറിഞ്ഞുകൊണ്ട് ഒഴിവാക്കാൻ സാധിക്കില്ല. കാഞ്ഞങ്ങാടുള്ളവർ ജോസ് ചേട്ടന്റെ നല്ല മനസ്സിനെ കാണാതെ പോകരത്. ബസ്റ്റാസ്റ്റാന്റിനോട് ചേർന്ന് നിലേശ്വരം ദിശയിൽ കാണുന്ന മൂന്നാമത്തെയോ നാലാമത്തെയോ ഷോപ്പാണ് റോയൽ ഫൂട്ട്‌വെയേർസ് ആൻഡ് ബാഗ്സ്. കാഞ്ഞങ്ങാട് വിൽക്കുന്ന സാധനങ്ങളുടെ യഥാർത്ഥ വിലവിവരപ്പട്ടിക തയ്യാറാക്കി പ്രദർശിപ്പിക്കുന്ന രണ്ടുഷോപ്പുകളിൽ ഒന്നാണിത്. രണ്ടാമത്തേത് ചമയമാണ്.
ആയിരം രൂപയുടെ കാര്യമല്ല; അത് തിരിച്ചുതരാൻ ജോസ് ചേട്ടൻ കാണിച്ച ആ മനോഭാവത്തിന് ഒരു ബിഗ് സല്യൂട്ട്!!
പണ്ട്, എന്റെ ചെറുപ്പത്തിൽ ഒടയഞ്ചാലിൽ ഒരു ബാർബർ ഷോപ്പ് മാത്രമേ ഉണ്ടായിരുന്നുള്ളൂ – ബാർബർ ചന്ദ്രേട്ടന്റെ ഷോപ്പ്. ജോസുചേട്ടന്റെ ബില്‍ഡിങില്‍ ഒരു മൂലയിലായി ഒടയഞ്ചാല്‍ പാലത്തിനു സമീപത്തായിട്ടായിരുന്നു അത്. കപ്പടാമീശയും കുടവയറും ഉണ്ടക്കണ്ണുകളും ഉള്ള ചന്ദ്രേട്ടന്റെ അടുത്തേക്ക് മുടിവെട്ടാനായി പോകുന്നതു തന്നെ അന്നു ഭയമായിരുന്നു. അമ്മയുടെ സാരിത്തലപ്പുപിടിച്ച് ഷോപ്പിലേക്കുള്ള ആ പോക്ക് മനസ്സില്‍ നിന്നും മറയുന്നില്ല… കൊല്ലാൻ കൊണ്ടുപോകുന്നതുപോലെ ഒരു ഫീലിങ്. ശ്വാസം അടക്കിപ്പിടിച്ചിരിക്കും – ഇടയ്ക്കിടയ്‌ക്ക് കണ്ണാടിയിൽ കൂടി അമ്മയെ നോക്കും; അമ്മയെ ഒന്നു കണ്ടില്ലെങ്കിൽ പിന്നെയാകെ വേവലാതിയാണ് – വെപ്രാളമാണ്. അതറിയാവുന്ന അമ്മ കണ്ണാടിയില്‍ ഞാന്‍ നോക്കിയാല്‍ കാണാവുന്ന പാകത്തിനു വന്നു നില്‍ക്കുമായിരുന്നു.
ബാര്‍ബര്‍ഷോപ്പ് അന്നൊരു അത്ഭുതമായിരുന്നു. വളഞ്ഞ കുഴലുകളുള്ള, വെള്ളം തലയിലേക്ക് സ്പ്രേ ചെയ്യാനുള്ള ഒരു വലിയ ബോട്ടില്‍ ആ കടയില്‍ അന്നുണ്ടായിരുന്നു. ഇന്ന്, കീടനാശിനി തളിക്കാനുപയോഗിക്കുന്ന പാത്രം കാണുമ്പോള്‍ ഒരു കൊച്ചുഗൃഹാതുരതയോടെ ആ ബോട്ടിലിനെ ഓര്‍മ്മവരും. തുണിക്കടയില്‍ നിന്നും കിട്ടുന്ന, സിനിമാനടികളായ സുഹാസിനി, മേനക, അംബിക തുടങ്ങിയവരുടെ സാരിയുടുത്ത ഫോട്ടോ പതിച്ച നീളമുള്ള കലണ്ടറുകള്‍ വരിവരിയായി തൂക്കിയിട്ടിരിക്കും. വലിയൊരു കറങ്ങുന്ന മരക്കസേരയുണ്ടായിരുന്നു. അതില്‍ സാധാരണ എല്ലാവരും ഇരിക്കുന്നതു പോലെ ആയിരുന്നില്ല അയാള്‍ എന്നെ ഇരുത്തുക! നീളം കുറവായതിനാല്‍ ആ കസേരയുടെ കൈകളില്‍ മറ്റൊരു പലക വെച്ച് അതിന്റെ മുകളില്‍ കയറ്റി ഇരുത്തുമായിരുന്നു. ഹെലികോപ്റ്ററിന്റെ ചിറകുകൾ പോലെ വലിയ ഒരു ഫാൻ തലയ്ക്കുമുകളിൽ കിടന്നു ശബ്ദത്തോടെ സദാസമയം കറങ്ങിക്കൊണ്ടിരിക്കും. തേപ്പിളകിപ്പോയ ചുമരുകളിൽ പല്ലികളുടെ സംസ്ഥാനം സമ്മേളനം നടക്കുന്നുണ്ടെന്നു തോന്നും. ചന്ദ്രേട്ടന്‍ കത്രികയുമായി കിടികിടി കിടികിടി എന്നു പറഞ്ഞുവരുമ്പോള്‍ അന്നത്തെ സിനിമകളില്‍ കുഞ്ചനും മറ്റും വലിയ കത്രിക കൊണ്ട് മുറ്റത്തെ അലങ്കാരച്ചെടി വെടിനേരെയാക്കുന്നതാണോര്‍മ്മ വരിക. പേടിയായിരുന്നു അന്ന് ആ പരിപാടി മൊത്തത്തില്‍… അന്നു മുടി വെട്ടുന്നതിനും രണ്ടു രൂപയോ മറ്റോ ആയിരുന്നു എന്നാണോര്‍മ്മ!
കാലം മാറിയപ്പോള്‍ ഒടയഞ്ചാലും മാറി. തമിഴന്‍മാര്‍ കൂട്ടത്തോടെ മലയോരങ്ങള്‍ കൈയടക്കി പരപ്പ, ചുള്ളിക്കര, കൊട്ടോടി, രാജപുരം മുതലായ സമീപസ്ഥലങ്ങളിലെല്ലാം കമല്‍ ഹെയര്‍ ഡ്രസ്സസ് എന്നോ രാജാ ഹെയര്‍ ഡ്രസ്സസ് പേരുള്ള ബാര്‍ബര്‍ ഷോപ്പുകള്‍ പൊങ്ങിവന്നു. കമലഹാസന്റെയും രജനീകാന്തിന്റേയും കടുത്ത ആരാധകരായിരുന്നു ഇവര്‍ എന്നുവേണം കരുതാന്‍. മുരുകന്റെ ഫോട്ടോയും അതിനുമുമ്പില്‍ എരിയുന്ന വിളക്കും നിറയെ ചുവന്ന കുറികളുമൊക്കെയായി ഭക്തിയുടെയും ആരാധനയുടേയും ഓരു മായികാവലയത്തിലാണ് അണ്ണന്മാര്‍ എന്നു തോന്നി. ഷോപ്പുകള്‍ വളരെ വൃത്തിയുള്ളതായിരുന്നു. വലിപ്പമുള്ള കണ്ണാടികളും കറങ്ങുന്ന നല്ല ടെക്നോളജിയില്‍ ഉണ്ടാക്കിയ കസേരയും ഒക്കെയായി അണ്ണന്മാര്‍ ആളുകളെ കയ്യിലെടുത്തു. സദാ സമയം ടേപ്പ് റിക്കോർഡറിലൂടെ തമിഴ് ഗാനങ്ങൾ ഒഴുകുന്നുണ്ടാവും…
പണിയന്വേഷിച്ചുവന്ന അണ്ണന്മാര്‍ക്കിത് സ്വര്‍ഗമായി… വന്നവര്‍ വന്നവര്‍ നാട്ടില്‍ പോയി വരുമ്പോള്‍ പുതിയ ആളുകളുമായി വന്നു. ചില അണ്ണന്മാര്‍ മലയാളിമങ്കമാരെ വിവാഹം കഴിച്ച് ഇവിടെ തന്നെ സ്ഥിരതാമസമാക്കി. പത്തുവര്‍ഷങ്ങള്‍ക്കു ശേഷം, ഈ രംഗത്ത് തമിഴന്മാര്‍ വമ്പിച്ച പുരോഗതി കൈവരിക്കുകയും അവരുടെ മക്കളെ ചെന്നൈ മുതലായ പട്ടണങ്ങളില്‍ അയച്ച് ഫാഷന്‍ ടെക്നോളജി പഠിപ്പിക്കുകയും അവര്‍ മലേഷ്യ, സിങ്കപ്പൂര്‍ തുടങ്ങിയ രാജ്യങ്ങളില്‍ പോയി വമ്പന്മാരാവുകയും ചെയ്തു. ചന്ദ്രേട്ടനു പുതിയ തമിഴ്ട്രെന്റില്‍ അടിതെറ്റിയിരുന്നു. തമിഴന്‍ രാജേട്ടന്റെ രാജാ ഹെയര്‍ ഡ്രസ്സസ് അവിടെ വെന്നിക്കൊടി പാടിച്ചു. പുതുപുത്തന്‍ ക്രീമുകളിലും തമിഴ് പാട്ടുകളിലും അവര്‍ മലയാളത്തെ പതപ്പിച്ചുകിടത്തി… ഇതു പഴങ്കഥ… അതവിടെ നില്‍ക്കട്ടെ… കാലങ്ങള്‍ക്കു ശേഷം മെല്ലെമെല്ലെ തമിഴ്‌ബാര്‍ബര്‍ഷോപ്പുകള്‍ അപ്രത്യക്ഷമായിതുടങ്ങി. ഇന്നിപ്പോള്‍ ഒടയഞ്ചാലില്‍ നാലു ബാര്‍ബര്‍ഷോപ്പുണ്ട്.. തമിഴന്‍ രാജേട്ടന്‍ ഷോപ്പ് വാടകയ്ക്ക് കൊടുത്ത് മലേഷ്യയിലോ മറ്റോ ആണെന്നറിഞ്ഞു. തമിഴന്മാരൊക്കെ വെൽസെറ്റിൽഡായി വിദേശവാസം നടത്തിവരുന്നു.
കഥ തുടരുന്നു…
ഒരവധിക്കു വീട്ടിലെത്തിയ ഞാന്‍ ചൊവ്വാഴ്‌ച ബാംഗ്ലൂരിലേക്ക് മടങ്ങാന്‍ ടിക്കറ്റ് കിട്ടാതെ ബുദ്ധിമുട്ടിയിരിക്കുകയായിരുന്നു. മംഗലാപുരം വഴി വരാം എന്ന ധാരണയില്‍ ഉച്ചയ്ക്ക് 2.30 ആയപ്പോള്‍ തന്നെ കാഞ്ഞങ്ങാട് എത്തി. വെറുതേ ഒന്നു ട്രാവല്‍സില്‍ പോയി ചോദിച്ചേക്കാമെന്നു വെച്ചു; ഭാഗ്യത്തിന് ആരോ ഒരാള്‍ ഒരു സ്ലീപ്പര്‍ ക്യാന്‍സല്‍ ചെയ്തിട്ടുണ്ടായിരുന്നു – അതെനിക്കുകിട്ടി! ബസ്സിന്റെ സമയം 7.15 ആണ്. അതുവരെ ഉള്ള സമയം കളയുക എന്നത് വലിയൊരു പ്രശ്നമായി. അടുത്തൊക്കെ ബന്ധുവീടുകള്‍ ഉണ്ട്; കൂട്ടുകാരുണ്ട് – പക്ഷേ എന്തോ ഒരു രസം തോന്നിയില്ല. വിനയകയില്‍ പോയി ഒരു സിനിമ കണ്ടേക്കാമെന്നു വെച്ച് അങ്ങോട്ട് പോയി. സോള്‍ട്ട് ആന്‍ഡ് പെപ്പര്‍ കിടിലന്‍ പടമാണെന്ന് നെറ്റില്‍ പലരും പാടി നടക്കുന്നത് കണ്ടിട്ട് പോയി കയറിയതായിരുന്നു. പറഞ്ഞതുപോലെ വലിയ സംഭവം ഒന്നുമായിരിന്നില്ല ആ പടം. ഒന്നേമുക്കാല്‍ മണിക്കൂറുകൊണ്ട് പടം തീര്‍ന്നു – പണ്ടാരം കാണേണ്ടിയിരുന്നില്ല എന്ന തോന്നലായിരുന്നു മനസ്സിലപ്പോള്‍.
ഞാന്‍ പറഞ്ഞുവന്നത് ബാര്‍ബര്‍ഷോപ്പുകളെ പറ്റിയായിരുന്നു. അവിടുത്തേക്കു തന്നെ വരാം. തമിഴന്‍മാര്‍ അരങ്ങൊഴിഞ്ഞപ്പോള്‍ അവിടങ്ങളില്‍ കയറിപ്പറ്റിയത് ഹിന്ദിക്കാരാണ്. ഡല്‍ഹിയില്‍ നിന്നും മറ്റും വണ്ടികയറിയെത്തിയ അവര്‍ പുതിയ ട്രെന്റുമായി കാഞ്ഞങ്ങാടും പരിസരപ്രദേശങ്ങളിലും തമ്പടിച്ചു. സിനിമ കണ്ട് 4.30 വീണ്ടും കാഞ്ഞങ്ങാട് ടൗണില്‍ എത്തിയ ഞാന്‍ അവിടെ ഇരുന്ന മടുത്തു… ഇനിയും സമയം ഒത്തിരി. ഒന്നു ഷേവു ചെയ്തുകളയാം. നാളെ ബാംഗ്ലൂരില്‍ എത്തി ഓഫീസില്‍ പോകേണ്ടതാണ്. ചൊവ്വാഴ്‌ചയായതിനാല്‍ മിക്ക ബാര്‍ബര്‍ഷോപ്പുകളും അവധിയാണ്. ഞാന്‍ സ്ഥിരമായി പോകാറുള്ള മെട്രോപോള്‍ ഹോട്ടലിനു താഴെയുള്ള കടയിലേക്കാണ് ആദ്യം പോയത്. അവിടെ രസകരമാണ്. ഏഴെട്ടു മലയാളികള്‍ ഒന്നിച്ചു പണിയെടുക്കുന്ന ഒരു ബാര്‍ബര്‍ഷോപ്പാണത്. ഇവര്‍ക്കിടയില്‍ ശക്തമായ ഗ്രൂപ്പിസം ഉണ്ട്. പാരപണിയും കുനുഷ്‌ടും കുന്നായ്‌മയും ഒക്കെ ഉണ്ടെന്ന് പലപ്പോഴും എനിക്കു തോന്നിയിട്ടുണ്ട്. എതിരാളി കാണതെ അവര്‍ പരസ്പരം കണ്ണുകൊണ്ട് ഗോഷ്‌ടി കാണിക്കുകയും മറ്റും ചെയ്യും… അതുകൊണ്ടു തന്നെ അവിടുത്തെ തൊഴിലാളികള്‍ മാറിവന്നുകൊണ്ടേയിരിക്കുമായിരുന്നു… മലയാളികള്‍ ഒത്തൊരുമിച്ച് പണിയെടുക്കുന്ന എല്ലാ മേഖലയിലും കാണുമായിരിക്കും ഇത്തരം വിവരക്കേടുകള്‍. എന്തായാലും അവരുടെ ആ കഥകളി രസമുള്ളൊരു കാഴ്ചയായിരുന്നു. അവിടെ ചെന്നപ്പോള്‍ അതും അടച്ചിട്ടിരിക്കുന്നു. അപ്പോഴാണ് അപ്പുറത്തുള്ള മദര്‍ ഇന്ത്യ ടെക്‌സ്റ്റൈല്‍സിലെ ചേട്ടന്‍ പറഞ്ഞത് തൊട്ടപ്പുറത്ത് വേറൊരു ബാര്‍ബര്‍ഷോപ്പ് ഉണ്ടെന്ന്.
ഇതു മുഴുവന്‍ ഹിന്ദിക്കാരാണ്. എല്ലാവരും നന്നായി മലയാളം പഠിച്ചിട്ടുണ്ട്. ഇവർ ഡൽഹിയിൽ നിന്നും വന്നവരാണത്രേ. കസേരയില്‍ ഇരുന്ന എന്നോട് ഹിന്ദികലര്‍ന്ന മലയാളത്തില്‍ ഒരുവന്‍ ചോദിച്ചു എന്തുവേണമെന്ന്. ഞാന്‍ പറഞ്ഞു ഷേവിങ് മതിയെന്ന്. അയാള്‍ എന്റെ മുഖം തിരിച്ചുമറിച്ചുമൊക്കെ നോക്കി. കണ്ണുകള്‍ക്ക് താഴെ ചെറുതായി കറുത്തിരിക്കുന്നു. ഉച്ചമുതല്‍ ഉള്ള അലച്ചില്‍ ആയിരുന്നല്ലോ – വെയിലത്ത് നന്നേ ക്ഷീണിച്ചിരുന്നു ഞാന്‍. പോരാത്തതിനു പോയി സിനിമയും കണ്ടു… ക്ഷീണം വളരെപ്പെട്ടന്നു തന്നെ എന്റെ മുഖത്ത് പ്രതിഫലിക്കും.
അയാൾ പറഞ്ഞു ഒന്നു വാഷ് ചെയ്താൽ ആ കുറുപ്പുമാറിക്കിട്ടും…
ഞാൻ ചോദിച്ചു എത്ര സമയം എടുക്കുമെന്ന് – സാധാരണ ബെലന്തൂരിലെ ബാർബർഷോപ്പിൽ വെച്ച് ഷേവുചെയ്യുമ്പോൾ അവിടുത്തെ ചേട്ടൻ മുഖം ഏതൊക്കെയോ ക്രീമിൽ വാഷ് ചെയ്തു തരാറുണ്ട്. പതിഞ്ചുരൂപയ്‌ക്ക് ഒരു അരമണിക്കൂർ ഇരുന്നുകൊടുത്താൽ മതിയാവും. അതു കഴിഞ്ഞാൽ നല്ലൊരു റിഫ്രഷർമെന്റ് ഫീൽ ചെയ്യും; ക്ഷീണം പമ്പ കടക്കും. അതോർത്തുപോയി ഞാൻ…
“ഒരു പതിനഞ്ചു മിനുട്സ് മതി സാർ” – ഹിന്ദിക്കാരൻ പറഞ്ഞു…
പതിനഞ്ചെങ്കിൽ പതിനഞ്ച് അത്രേം സമയം പോവുകല്ലോ എന്നായിരുന്നു എന്റെ മനസ്സിലെ ചിന്ത.
“സാർ, വാഷ് ചെയ്താൽ ഗ്ലാമർ കൂടും സാർ” ഹിന്ദിക്കാരൻ എന്നെ വാഷ് ചെയ്യുകയാണെന്നു തോന്നി. ഞാൻ അവന്റെ മുഖത്തേക്കു നോക്കി. വല്ലപ്പോഴുമൊക്കെ ഇവനൊന്നു സ്വയം വാഷ് ചെയ്താലെന്താ എന്നു മനസ്സിൽ കരുതി!
അല്ലെങ്കിൽ തന്നെ എനിക്കെന്താ ഗ്ലാമർ കുറവുണ്ടോ!! ഇവൻ അങ്ങനെ വല്ലതും ഉദ്ദേശിച്ചിരിക്കുമോ!! സേലത്തുനിന്നും വരുമ്പോൾ ട്രൈനിൽ വെച്ചു പരിചയപ്പെട്ട മൂന്നു ചേട്ടന്മാരുംകൂടി എനിക്ക് മാക്സിമം ഇട്ടത് 28 വയസ്സായിരുന്നു. അവസാനം ഞാനെന്റെ വയസ്സുപറഞ്ഞപ്പോൾ അവരൊന്നു ഞെട്ടി. മാംസാഹാരത്തോടും ഫാസ്റ്റ്‌ഫുഡിനോടും കൂടിലടച്ച ആഹാരസാധനങ്ങളോടുമൊക്കെയുള്ള എന്റെ അലർജിയും വെള്ളമടിയില്ലാത്തതുമായ എന്റെ കണ്ട്രോൾഡ് ജീവിതരീതിയാണിതിനു കാരണം എന്നവർ കണ്ടെത്തുകയും ചെയ്തിരുന്നു. എന്നിട്ടും എങ്ങുനിന്നോ വന്ന ഈ ഹിന്ദിക്കാരൻ എന്റെ ഗ്ലാമറിൽ തന്നെ കേറിപ്പിടിച്ചിരിക്കുന്നു. മറ്റൊരവസരത്തിലാണെങ്കിൽ “ഒന്നു പോടോ വില്ലേജാപ്പീസറേ“എന്നു പറഞ്ഞു ഞാൻ വരുമായിരുന്നു. പക്ഷേ, അന്നെനിക്കു 7.15 വരെ സമയം കളയേണ്ടതുണ്ട്…
വാഷിങ് എങ്കിൽ വാഷിങ്… നടക്കട്ടെ എന്നു ഞാൻ പറഞ്ഞു. അവനു പുതിയൊരു ഇരയെ കിട്ടിയതിൽ ഗൂഢമായി ചിരിച്ചിരിക്കണം.
എന്നെ മറ്റൊരു മുറിയിലേക്ക് കൊണ്ടുപോയി. അവിടെ രണ്ടു കസേരകളിലായി തലയിലും മുഖത്തും എന്തൊക്കെയോ തേച്ച് പിടിപ്പിച്ച് അർദ്ധനഗ്നരായി രണ്ട് മനുഷ്യകോലങ്ങൾ മലർന്ന് കിടക്കുന്നുണ്ടായിരുന്നു. വിവിധ പെർഫ്യൂംസിന്റെ ഗന്ധം അവിടെ നിറഞ്ഞു നിൽക്കുന്നു. ഒരു കസേരയിൽ എന്നേയും ഇരുത്തി. ഏതോ ഒരു ക്രീം എടുത്ത് ബ്രഷ് കൊണ്ട് മുഖത്താകെ തേച്ചു പിടിപ്പിച്ചു! അവസാനം കണ്ണ് അടയ്ക്കാൻ പറഞ്ഞിട്ട് കണ്ണിനുമുകളിൽ അല്പം പഞ്ഞിയും ഒട്ടിച്ചുവെച്ചു ( എന്തോ!! മൂക്കിൽ വെച്ചില്ല – ഭാഗ്യം!!) കുറച്ചു കഴിഞ്ഞപ്പോൾ മുഖമാകെ ഒരു നീറ്റൽ അനുഭവപ്പെട്ടുതുടങ്ങി. കണ്ണാണെങ്കിൽ തുറക്കാനും പറ്റുന്നില്ല. ഇങ്ങനെയാണോ വാഷ് ചെയ്യുക? കാൽ മണിക്കൂർ സമയം ഞാനതു സഹിച്ചു കിടന്നു. ഒന്നെണീറ്റു പോയാൽ മതിയെന്നായി എനിക്ക്. അല്പം കഴിഞ്ഞ് അയാൾ മുഖം നന്നായി കഴുകി തന്നു. ഇത്രേ ഉള്ളൂ. ഇപ്പോൾ ആ നീറ്റലൊക്കെ പോയി. ഞാൻ പുറത്തിറങ്ങി…
എന്തായാലും ഇതിനവൻ എക്‌സ്ട്രാ ക്യാഷ് വാങ്ങിക്കും എന്നെനിക്കു അറിയാമായിരുന്നു. ബാഗ്ലൂരിലും ചെയ്യുന്നതിതു തന്നെ, പക്ഷേ ക്രീം എങ്ങനെ പെയിന്റടിക്കുന്നതുപോലെ തേച്ചുപിടിപ്പിക്കുകയൊന്നും ഇല്ലായിരുന്നു. ഒരു 35 രൂപ ഞാൻ കണക്കുകൂട്ടി; അതു മാക്സിമം ആയിരുന്നു. കയ്യിൽ ഒരു അമ്പതുരൂപ എടുത്തുവെച്ചു… എന്നിട്ട് അയാളോട് എത്രയായി എന്നു ചോദിച്ചു.
“മുന്നൂറ് രൂപ”
“മുന്നൂറ്!!”
“അതേ സാർ, ത്രീ ഹണ്ട്രഡ്” മലയാളത്തിൽ പറഞ്ഞത് എനിക്കു മനസ്സിലായില്ലാ എന്നു കരുതിയിട്ടാവണം അയാൾ ഭവ്യതയോടെ അത് ഇംഗ്ലീഷിലാക്കി ത്രീ ഹണ്ട്രഡ് എന്നു വീണ്ടും ആവർത്തിച്ചു…
ഞാൻ ചോദിച്ചു: “അപ്പോൾ ഫെയ്സ്‌വാഷിങ്ങിനെത്രയാ?”
“സാർ, ഫെയ്സ് വാഷിങിന് 270 രൂപ, ഷേവിങിനു 30 രൂപ.”
എന്തു പറയാൻ, ഞാൻ നൂറിന്റെ മൂന്ന് നോട്ടുകൾ എടുത്തു കൊടുത്തിട്ട് മിണ്ടാതെ സ്ഥലം വിട്ടു…