പകയുടെ കനലുകൾ

സൗഹൃദം എന്ന വാക്കിന് നാം നൽകുന്ന പവിത്രത ചിലപ്പോഴെങ്കിലും തെറ്റിദ്ധാരണകളുടെ കരിനിഴലിലാകാറുണ്ട്. അധ്യാപന ജീവിതത്തിൽ നിന്നും ബാംഗ്ലൂർ ജീവിതം എന്ന പുതിയ ലോകത്തേക്ക് ചേക്കേറിയ ഒരാളുടെ ജീവിതത്തിലേക്ക് പ്രണയത്തിൻ്റെ മറവിൽ പകയും വഞ്ചനയും കടന്നുവരുന്നതാണ് ഈ കഥ. ഒരു പെൺകുട്ടിയുടെ ഭ്രാന്തമായ അഭിനിവേശം നിരസിച്ചതിൻ്റെ പേരിൽ, അവൾ നെയ്തെടുത്ത നുണക്കഥകൾ അയാളുടെ പ്രിയപ്പെട്ട ബന്ധങ്ങളെ തകർത്തു കളയുന്നു. കാലം കരുതിവെച്ച അപ്രതീക്ഷിതമായ ഈ ചതി ഒരു മനുഷ്യൻ്റെ മനസ്സിൽ ഏൽപ്പിച്ച മുറിപ്പാടുകൾ മായാതെ നിൽക്കുന്നു. ഒരു നിമിഷത്തെ പക എങ്ങനെ നിഷ്കളങ്കമായ ഒരു സൗഹൃദത്തിന് തിരശീലയിട്ടു എന്ന് ഈ ഹൃദയസ്പർശിയായ കഥ വിവരിക്കുന്നു.

ബാംഗ്ലൂർ നഗരത്തിലെ തിരക്കുകൾക്കൊടുവിൽ എൻ്റെ ഫ്ലാറ്റിൻ്റെ ബാൽക്കണിയിൽ തനിച്ചിരിക്കുമ്പോൾ, പുറത്ത് പെയ്യുന്ന മഴയ്ക്ക് എൻ്റെ മനസ്സിലെ സങ്കടങ്ങളുടെ അതേ തണുപ്പും ഭാവവുമാണെന്ന് ചിലപ്പോളൊക്കെ എനിക്ക് തോന്നാറുണ്ട്. താഴെ, നനഞ്ഞ റോഡിലൂടെ ഒഴുകിനീങ്ങുന്ന വാഹനങ്ങളുടെ ചുവന്ന വെളിച്ചങ്ങളിലേക്ക് നോക്കിയിരിക്കുമ്പോൾ, ഞാനാ പഴങ്കഥകൾ ഓർക്കും. വളരെ മനോഹരമായിരുന്ന, സ്നേഹവും ഇഷ്ടങ്ങളും ആ ഒരു കാലം. അവിടെ നിന്നാണ് എൻ്റെ ജീവിതത്തിലെ ഏറ്റവും വലിയ സങ്കടങ്ങളിലൊന്നിൻ്റെ തുടക്കവും. ആ സങ്കടക്കഥ പറയാം. ഈയിടെയാണു കാര്യങ്ങൾ ഞാൻ പോലും അറിഞ്ഞത്. കേവലമൊരു തെറ്റിദ്ധാരണയുടെയും പകയുടെയും പേരിൽ, എനിക്ക് ജീവനേക്കാൾ പ്രിയപ്പെട്ടതായിരുന്ന ഒരു സൗഹൃദം എന്നെന്നേക്കുമായി നഷ്ടപ്പെട്ടതിൻ്റെ കഥയാണിത്.
the embers of hatred
ഞാനന്ന് നാട്ടിലെ ഒരു കോളേജിൽ അധ്യാപകനായി ജോലി ചെയ്യുകയായിരുന്നു. എൻ്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ കാലഘട്ടമായിരുന്നു അത്. കുട്ടികൾക്ക് ഞാൻ വെറുമൊരു അധ്യാപകൻ മാത്രമായിരുന്നില്ല, അവരുടെ എല്ലാമെല്ലാമായ ഒരു ജ്യേഷ്ഠനെപ്പോലെയായിരുന്നു. വലിയ ബഹുമാനവും അതിലേറെ ഇഷ്ടവുമായിരുന്നു അവർക്ക് എന്നോട്. അവർക്കിടയിലൂടെ നടക്കുമ്പോൾ, അവരുടെ സ്നേഹം അനുഭവിക്കുമ്പോൾ കിട്ടിയിരുന്ന ഒരു സന്തോഷമുണ്ട്, അത് പറഞ്ഞറിയിക്കാൻ കഴിയാത്തത്ര വലുതായിരുന്നു. അക്കാലത്താണ് ആ പെൺകുട്ടി എൻ്റെ ജീവിതത്തിലേക്ക് ഒരു പരിചയക്കാരിയായി കടന്നുവരുന്നത്. എൻ്റെയടുത്ത് പഠിച്ചിരുന്ന കുട്ടികളുടെ കൂട്ടുകാരിയായിരുന്നു അവൾ. അവളന്ന് ഹൈദരാബാദിൽ പഠിക്കുകയാണ്. എൻ്റെ വിദ്യാർത്ഥികൾ വഴിയാണ് ഞങ്ങൾ പരസ്പരം പരിചയപ്പെടുന്നത്. വളരെ യാദൃശ്ചികമായി തുടങ്ങിയ ആ പരിചയം പിന്നീട് സൗഹൃദമായി മാറി. എൻ്റെ കുട്ടികളെപ്പോലെ തന്നെ, ഒരു അനിയത്തിയെപ്പോലെയോ അല്ലെങ്കിൽ എൻ്റെയൊരു വിദ്യാർത്ഥിനിയെപ്പോലെയോ ആണ് ഞാൻ അവളെയും കണ്ടിരുന്നത്. ഞാനവളോട് സംസാരിച്ചിരുന്നതും ഇടയ്ക്ക് ചാറ്റ് ചെയ്തിരുന്നതുമെല്ലാം ആ ഒരു വാത്സല്യത്തോടെ മാത്രമായിരുന്നു.

കാലം പതിയെ മുന്നോട്ട് നീങ്ങി. എൻ്റെ കരിയറിലും വലിയ മാറ്റങ്ങളുണ്ടായി. അധ്യാപനത്തിൽ നിന്നും മാറി ഞാൻ സോഫ്റ്റ്‌വെയർ ഫീൽഡിലേക്ക് തിരിഞ്ഞു. നാട്ടിലെ ജോലി ഉപേക്ഷിച്ച് ഞാൻ ബാംഗ്ലൂരിലേക്ക് വണ്ടി കയറുമ്പോഴും അവളുമായി ഫോണിലൂടെയും മറ്റും സംസാരിക്കാറുണ്ടായിരുന്നു. അവളപ്പോൾ ഹൈദരാബാദിൽ ബിരുദവും ബിരുദാനന്തര ബിരുദവുമൊക്കെ കഴിഞ്ഞ് മറ്റേതോ ഒരു ഷോർട്ട് ടേം കോഴ്സ് ചെയ്യുകയായിരുന്നു. ബാംഗ്ലൂരിലെ തിരക്കുകളിലേക്ക് ഞാൻ പതിയെ ഇഴുകിച്ചേർന്നു തുടങ്ങിയ കാലത്താണ് അവളുടെ സംസാരത്തിലും പെരുമാറ്റത്തിലും വല്ലാത്ത മാറ്റങ്ങൾ ഞാൻ ശ്രദ്ധിച്ചു തുടങ്ങിയത്. അതൊരു സാധാരണ സൗഹൃദമായിരുന്നില്ല. എനിക്കവളോട് തോന്നിയ ആ നിർമ്മലമായ വാത്സല്യത്തിന് പകരം, അവൾക്കെന്നോട് തോന്നിയത് വല്ലാത്തൊരു ഭ്രാന്തമായ പ്രണയമായിരുന്നു. ഒരുപക്ഷേ പ്രണയം എന്ന് പോലും അതിനെ വിളിക്കാൻ കഴിയില്ല, അതൊരുതരം അന്ധമായ അഭിനിവേശമായിരുന്നു. അവളുടെ ചിന്താരീതികളും വികാരപ്രകടനങ്ങളും സ്വഭാവസവിശേഷതകളും എനിക്ക് ഒട്ടും ഉൾക്കൊള്ളാൻ കഴിയുന്നതായിരുന്നില്ല. എൻ്റെ സ്വകാര്യതകളിലേക്ക് അവൾ അനാവശ്യമായി കടന്നുകയറുന്നതുപോലെ എനിക്ക് തോന്നിത്തുടങ്ങി. ഇതൊട്ടും നല്ലതിനല്ലെന്നും, ഈ പോക്ക് ശരിയല്ലെന്നും, എനിക്കവളോട് അങ്ങനെയൊരു ഇഷ്ടം തോന്നാൻ കഴിയില്ലെന്നും ഞാൻ പലവട്ടം അവളെ പറഞ്ഞു മനസ്സിലാക്കാൻ ശ്രമിച്ചു. എന്നാൽ എൻ്റെ വാക്കുകളൊന്നും ഉൾക്കൊള്ളാനുള്ള മാനസികാവസ്ഥയിൽ ആയിരുന്നില്ല അവൾ.

അവളുടെ ആ ഭ്രാന്തമായ ഇഷ്ടം എന്നെ ശരിക്കും ഭയപ്പെടുത്തിത്തുടങ്ങിയത് അവളുടെ ആദ്യത്തെ ബാംഗ്ലൂർ യാത്രയോടെയാണ്. എന്നോടൊപ്പം ശാരീരികമായി അടുക്കണം എന്ന ഒറ്റ ഉദ്ദേശത്തോടെ, വീട്ടിൽ പല കള്ളങ്ങളും പറഞ്ഞ് വിശ്വസിപ്പിച്ച് അവൾ ബാംഗ്ലൂരിലേക്ക് വണ്ടി കയറി. എനിക്കത് വലിയൊരു ഞെട്ടലായിരുന്നു. എൻ്റെ മുന്നിൽ വന്ന് നിന്ന അവളെക്കണ്ട് എന്ത് ചെയ്യണമെന്നറിയാതെ ഞാൻ പകച്ചുപോയി. എങ്ങനെയെങ്കിലും അവളെ സുരക്ഷിതമായി നാട്ടിലെത്തിക്കുക എന്നത് മാത്രമായിരുന്നു എൻ്റെ ലക്ഷ്യം. അവൾക്കൊപ്പം നിൽക്കാൻ എനിക്ക് ഒട്ടും താല്പര്യമില്ലായിരുന്നു. എൻ്റെ കയ്യിൽ ഒട്ടും പണമില്ലെന്നും, റൂമെടുക്കാൻ പോലും നിർവ്വാഹമില്ലെന്നും തുടങ്ങി പലതരം നുണകൾ പറഞ്ഞ്, ഒരുവിധത്തിൽ ഞാൻ അവളെ അന്ന് തിരികെ ബസ്സ് കയറ്റി വിട്ടു. ബസ്സ് കണ്ണിൽ നിന്നും മറയുന്നതുവരെ എൻ്റെ നെഞ്ചിടിപ്പ് വളരെ കൂടുതലായിരുന്നു. അന്ന് ഞാൻ രക്ഷപ്പെട്ടുവെന്ന് കരുതി സമാധാനിച്ചെങ്കിലും, അവൾ വീണ്ടും എൻ്റെ ജീവിതത്തിലേക്ക് കൂടുതൽ കുഴപ്പങ്ങളുമായി കടന്നുവരുമെന്ന് ഞാൻ സ്വപ്നത്തിൽ പോലും വിചാരിച്ചിരുന്നില്ല.

കുറച്ചു കാലങ്ങൾക്ക് ശേഷം അവൾ വീണ്ടും ബാംഗ്ലൂരിലേക്ക് വന്നു. ഇത്തവണ നോവലിസ്റ്റ് ശ്രീ അംബികസുതൻ മാങ്ങാടിൻ്റെഎന്മഗജെ‘ എന്ന നോവൽ എനിക്ക് തരാനുണ്ടെന്ന വ്യാജേനയായിരുന്നു അവളുടെ വരവ്. ഇത്തവണ എങ്ങനെയെങ്കിലും അവളെ ഒഴിവാക്കണം എന്ന് ഞാൻ തീരുമാനിച്ചിരുന്നു. അവൾ വിളിച്ചപ്പോൾ ഞാൻ പറഞ്ഞു, “നീ ബസ്സിറങ്ങി അവിടെ നിന്നാൽ മതി, ഞാൻ മജസ്റ്റിക്കിലേക്ക് വരുന്നുണ്ട്. പക്ഷേ എനിക്ക് നിൻ്റെ കൂടെ നിൽക്കാൻ കഴിയില്ല, ഞാൻ എൻ്റെയൊരു ഫ്രണ്ടിൻ്റെ വീട്ടിലേക്ക് പോവുകയാണ്. അവളുടെ വീട് ജാലഹള്ളിയിലാണ്.”

മജസ്റ്റിക്കിലെ തിരക്കുകൾക്കിടയിൽ അവളെ കണ്ടപ്പോൾ ഞാൻ വീണ്ടും ഞെട്ടി. മുമ്പൊരിക്കൽ എനിക്ക് അവളെ ഒഴിവാക്കാൻ കഴിഞ്ഞത് ഇനി ആവർത്തിക്കാതിരിക്കാൻ അവൾ ബോധപൂർവ്വം തയ്യാറെടുത്തിരുന്നു. വളരെ ആകർഷകമായി, അല്പം സെക്സിയായിട്ടായിരുന്നു അവളുടെ വേഷവിധാനം. മുട്ടോളം എത്തുന്ന മുടിക്കെട്ടഴിച്ചിട്ട് പറത്തിക്കൊണ്ടായിരുന്നു നിൽപ്പ്. എന്നെ പ്രലോഭിപ്പിക്കാനും തന്നിലേക്ക് ആകർഷിക്കാനുമുള്ള അവളുടെ ശ്രമങ്ങൾ എനിക്ക് വ്യക്തമായി മനസ്സിലാകുന്നുണ്ടായിരുന്നു. ഞാൻ ജാലഹള്ളിയിലേക്ക് പോവുകയാണെന്ന് പറഞ്ഞപ്പോൾ അവൾ പെട്ടെന്ന് പറഞ്ഞു, “ജാലഹള്ളിയിൽ എൻ്റെ ഒരു റിലേറ്റീവ് ഉണ്ട്, ഞാനും അങ്ങോട്ട് വരട്ടെ?” അവളുടെ ആ ചോദ്യത്തിന് മുന്നിൽ എനിക്ക് മറ്റൊന്നും പറയാൻ കഴിഞ്ഞില്ല. അങ്ങനെ ഞങ്ങൾ ഒന്നിച്ചു യാത്ര തിരിച്ചു.

എ.സി ബസ്സിൽ അടുത്തടുത്തിരുന്ന് യാത്ര ചെയ്യുമ്പോൾ അവൾ ഞാൻ പോകാൻ ഉദ്ദേശിക്കുന്ന സുഹൃത്തിനെക്കുറിച്ച് ചോദിച്ചു കൊണ്ടിരുന്നു. യാതൊരു ദുരുദ്ദേശവും ഇല്ലാതെ വളരെ നിഷ്കളങ്കമായിട്ടാണ് ഞാൻ മറുപടി പറഞ്ഞത്. ഞങ്ങൾ ഒന്നിച്ചു പഠിച്ചതാണെന്നും, അവൾക്കിപ്പോൾ ഒരു കുഞ്ഞുണ്ടെന്നും, അവളുടെ ഭർത്താവ് ബാംഗ്ലൂരിൽ തന്നെയാണ് വർക്ക് ചെയ്യുന്നതെന്നും ഞാൻ പറഞ്ഞു. ആ യാത്രയ്ക്കിടയിൽ എൻ്റെ ഫോണിലേക്കും സംസാരങ്ങളിലേക്കും അവൾ രഹസ്യമായി കണ്ണും കാതും തുറന്നു വെച്ചിരുന്നുവെന്ന് ഞാൻ പിന്നീടാണ് മനസ്സിലാക്കിയത്. എൻ്റെ പരിചയത്തിലുള്ള പല പെൺസുഹൃത്തുക്കളുടെയും വിവരങ്ങളും പേരുകളും അവൾ മനസ്സിലാക്കി വെച്ചിട്ടുണ്ട്. സ്ഥിരമായി വിളിച്ചുകൊണ്ടിരിക്കുമ്പോൾ കൂടെ വർക്ക് ചെയ്യുന്ന പെൺകുട്ടികളെ കൊണ്ടും മറ്റും ഇവളോടു സംസാരിപ്പിച്ച്, എന്തിനാടോ ഒരു നാണവും ഇല്ലാതെ ഇവനെ ശല്യം ചെയ്യുന്നത് എന്നു ഞാൻ പറയിപ്പിച്ചിരുന്നു. പിന്നീട് എന്നെ വിളിക്കുമ്പോഴൊക്കെ, “അവർക്ക് സുഖമാണോ, ഇവർക്ക് സുഖമാണോ” എന്നൊക്കെ അവൾ ചോദിക്കുമായിരുന്നു.  ആ പേരുകൾ ഓരോന്നും അവളുടെ ഓർമ്മയിൽ ഉണ്ടായിരുന്നു. (ഇന്നും അതുണ്ട്!)

അവളുടെ ശല്യം അവിടെയും തീർന്നില്ല. ഒരിക്കൽ ഞാൻ നാട്ടിലില്ലാത്ത സമയത്ത്, അവൾ തൻ്റെ ഒരു സുഹൃത്തിനെയും കൂട്ടി നാട്ടിലെ എൻ്റെ വീട് അന്വേഷിച്ചു ചെന്നു. വളരെ ഉൾനാട്ടിലെ ഒരു ഗ്രാമത്തിലാണ് എൻ്റെ വീട്. എന്നിട്ടും അവൾ അത് കണ്ടുപിടിച്ചു. എൻ്റെ ഒരു കസിൻ സിസ്റ്ററുടെ നമ്പറും അവൾ നാട്ടിൽ നിന്നാരോടോ വാങ്ങിച്ച് വിളിച്ചിരുന്നു എന്നും ഞാൻ ഈയിടെ അറിഞ്ഞിരുന്നു!!  വീട്ടിൽ ചെന്ന് എൻ്റെ അമ്മയോടും വല്യമ്മയോടും വളരെ സ്നേഹം അഭിനയിച്ച്, അവരെ സോപ്പിട്ട് കയ്യിലെടുത്തു. അവൾ എൻ്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ആളാണെന്ന് വരുത്തിത്തീർക്കാനുള്ള അവളുടെ നാടകമായിരുന്നു അത്. അന്ന് വൈകുന്നേരം അമ്മ എന്നെ വിളിച്ച് വീട്ടിൽ വന്ന കുട്ടികളെക്കുറിച്ച് പറഞ്ഞപ്പോഴാണ് എൻ്റെ നിയന്ത്രണം പൂർണ്ണമായും നഷ്ടപ്പെട്ടത്. ഇനിയും മിണ്ടാതിരുന്നാൽ അത് എൻ്റെയും എൻ്റെ കുടുംബത്തിൻ്റെയും സമാധാനം കെടുത്തുമെന്ന് എനിക്ക് ഉറപ്പായിരുന്നു.

അപ്പോൾത്തന്നെ ഞാൻ അവളുടെ അമ്മയെ ഫോണിൽ വിളിച്ചു. ഇതുവരെ നടന്ന എല്ലാ കാര്യങ്ങളും, അവളുടെ ബാംഗ്ലൂർ യാത്രകളും, എൻ്റെ പിന്നാലെ നടക്കുന്നതുമെല്ലാം ഞാൻ ഒട്ടും മറച്ചുവെക്കാതെ അവരോട് പറഞ്ഞു. “മറ്റേതെങ്കിലും ഒരു ആൺകുട്ടിയായിരുന്നെങ്കിൽ, ബാംഗ്ലൂർ പോലെ ഒരു നഗരത്തിൽ നിങ്ങളുടെ മകളെ ഒറ്റയ്ക്ക് കിട്ടിയാൽ അവളോട് ഇങ്ങനെ മാന്യമായി പെരുമാറി തിരികെ അയക്കുമായിരുന്നോ?” എന്ന് ഞാൻ ചോദിച്ചപ്പോൾ ആ പാവം അമ്മയ്ക്ക് ഉത്തരം മുട്ടിപ്പോയി. അവർ പൊട്ടിക്കരഞ്ഞുകൊണ്ട് എന്നോട് ക്ഷമ ചോദിച്ചു. ആ സംഭവത്തിന് ശേഷം രണ്ട് മാസത്തിനുള്ളിൽ തന്നെ അവളുടെ വീട്ടുകാർ അവളുടെ വിവാഹം നടത്തിക്കൊടുത്തു. അതോടെ അവളുടെ എല്ലാ നമ്പറുകളും ഞാൻ ബ്ലോക്ക് ചെയ്തു. എൻ്റെ ജീവിതത്തിലെ വലിയൊരു ബാധ ഒഴിഞ്ഞുപോയതിൻ്റെ ആശ്വാസത്തിലായിരുന്നു ഞാൻ.

പക്ഷേ, അവളുടെ ഉള്ളിൽ എനിക്കെതിരെ പുകയുന്ന പകയുടെ തീവ്രത ഞാൻ അറിഞ്ഞിരുന്നില്ല. തൻ്റെ ആഗ്രഹങ്ങൾക്ക് വഴങ്ങാത്തതിൻ്റെയും, വീട്ടുകാരുടെ മുന്നിൽ നാണം കെടുത്തിയതിൻ്റെയും വൈരാഗ്യം അവൾ മനസ്സിൽ കൊണ്ടുനടന്നു. ആ പകയും പേറിയാണ് അവൾ വിവാഹവേദിയിലേക്ക് പോയത്. അതിനുശേഷമാണ് എൻ്റെ ജീവിതലെ ഏറ്റവും വലിയ നഷ്ടബോധം തോന്നിച്ച  ആ വലിയ ചതിയുടെ തുടക്കം.

അവൾക്കൊരു കളിക്കൂട്ടുകാരനുണ്ടായിരുന്നു. അവനുമായി അവൾക്ക് വളരെ അടുത്ത ബന്ധമായിരുന്നു. നിർഭാഗ്യവശാൽ, ജാലഹള്ളിയിലുള്ള എൻ്റെ സുഹൃത്തിൻ്റെ ഭർത്താവും ഈ പയ്യനും തമ്മിൽ നല്ല സുഹൃത്തുക്കളായിരുന്നു. അവരൊന്നിച്ച് കാറിൽ നാട്ടിലേക്ക് യാത്ര ചെയ്യാറുണ്ടായിരുന്നു. ഈ ബന്ധം മനസ്സിലാക്കിയ അവൾ, തൻ്റെ പക തീർക്കാനായി ആ പയ്യനെ കരുവാക്കി. അവനോട് അവൾ എന്നെക്കുറിച്ച് ഇല്ലാത്ത കഥകൾ മെനഞ്ഞുണ്ടാക്കി പറഞ്ഞു. ഞാൻ അവളുടെ അടുത്ത സുഹൃത്താണെന്നും, എനിക്ക് ബാംഗ്ലൂരിൽ ഒരു ‘ലൈൻ’ ഉണ്ടെന്നും അവൾ പറഞ്ഞു. ആ ലൈൻ മറ്റാരുമല്ല, അവൻ്റെ സുഹൃത്തിൻ്റെ ഭാര്യയാണെന്നും, അവളെ കാണാൻ ഞാൻ അവളുടെ വീട്ടിൽ സ്ഥിരമായി പോകാറുണ്ടെന്നും തുടങ്ങി കേട്ടാൽ അറയ്ക്കുന്ന കല്ലുവെച്ച നുണകൾ അവൾ ആ പയ്യനോട് പറഞ്ഞു ഫലിപ്പിച്ചു.

ഒരു സാധാരണ മനുഷ്യനായ ആ പയ്യൻ ഇത് കേട്ട് വിശ്വസിച്ചു. തൻ്റെ സുഹൃത്തിൻ്റെ കുടുംബത്തിൽ നടക്കുന്ന കാര്യങ്ങളാണെന്നോർത്ത്, യാതൊരു വകതിരിവുമില്ലാതെ അവൻ ഈ വിവരങ്ങൾ ജാലഹള്ളിയിലുള്ള ആ ഭർത്താവിനെ അറിയിച്ചു. എൻ്റെ കൂട്ടുകാരിയുടെ ഭർത്താവിന് എന്നെ വളരെ നന്നായി അറിയാവുന്നതാണ്. ഞങ്ങൾ തമ്മിൽ വലിയ സൗഹൃദത്തിലുമായിരുന്നു. എൻ്റെ കൂടെ പഠിച്ച കുട്ടിയുടെ ഭർത്താവ്, എന്നോടൊപ്പം ഞാനവരെ എൻ്റെ വീട്ടുകാർക്ക് തുല്യമായി കണ്ടിരുന്നവരാണ്. പക്ഷേ, ഒരു മൂന്നാമതൊരാൾ വന്ന് ഒരു കാരണവുമില്ലാതെ ഇങ്ങനെയൊരു അപഖ്യാതി പറഞ്ഞപ്പോൾ, ഒരു സാധാ ഭർത്താവിനെപ്പോലെ അയാൾക്കും പതർച്ചയുണ്ടായി. സത്യം എന്താണെന്നറിയാതെ, ഒരു അടിസ്ഥാനവുമില്ലാത്ത കള്ളം ഉയർന്നപ്പോൾ അത് അയാളെ വല്ലാതെ തളർത്തിക്കളഞ്ഞു. ആ തെറ്റിദ്ധാരണകൾക്കിടയിൽ എന്നോടതൊന്നു ചോദിച്ചിരുന്നെങ്കിൽ അല്പം ശമനമുണ്ടാകുമായിരുന്നു. അതുനടന്നില്ല.

അങ്ങനെ, എൻ്റെ ജീവിതത്തിലെ വളരെ മനോഹരമായ ഒരു സൗഹൃദം തകർന്നുപോയി. പക്ഷേ, ഞാനാണെങ്കിൽ സത്യം അറിഞ്ഞതുമില്ല. അവരാണെങ്കിൽ, മിണ്ടാതെയുമായി. എനിക്കറിയാം അവസാനം വിളിച്ചിത് എന്തിനാണെന്നും അന്നവർ എവിടെ ആയിരുന്നെന്നും ഒക്കെ. എന്നെ ജീവനേക്കാൾ സ്നേഹിച്ചിരുന്ന എൻ്റെ കൂട്ടുകാരിയുടെയും കുടുംബത്തിൻ്റെയും മുമ്പിൽ, നിരപരാധിയായ ഞാൻ കള്ളനായി മാറി. അവർ തമ്മിലുള്ള ബന്ധത്തിൽ അവിശ്വാസം വിതച്ചു എന്നത് മാത്രമാണ് ആ പെൺകുട്ടി എന്നോട് ചെയ്ത ഏറ്റവും വലിയ ക്രൂരത. എൻ്റെ ഭാഗത്തു യാതൊരു തെറ്റുമില്ലാതിരുന്നിട്ടും, ഒരു നിർമ്മലമായ സൗഹൃദമാണ് അവിടെ നഷ്ടപ്പെട്ടത്. ഒരു കള്ളം എൻ്റെ ജീവിതത്തിൽ ഉണ്ടാക്കിയ തീരാസങ്കടങ്ങളുടെ മുറിപ്പാടുകൾ ഇപ്പോഴും മാറിയിട്ടില്ല. ഒരിക്കലും അവൻ അവളെ സംശയിക്കില്ല; പകരം അവർ രണ്ടുപേരും എന്നെയാവും സംശയിക്കുന്നുണ്ടാവുക. ഞാൻ, ഇങ്ങനെ ഒരു ദുരുദ്ദേശം വെച്ചാണവരുടെ വീട്ടിൽ പോയതെന്നോ, അല്ലെങ്കിൽ, ഞാൻ എൻ്റെ കൂട്ടുകാരോടൊക്കെ ആ കൂട്ടുകാരിയെ പറ്റി അനാവശ്യം പറയുന്നു എന്നോ ഒക്കെ ആവണം അവർ കരുതുന്നുണ്ടാവുക. എന്തായാലും, ആ  പകമൂത്ത പെണു കാരണം, ഇവിടെ എൻ്റെ സൗഹൃദത്തിനു വിള്ളൽ വീഷ്ത്തിയ കളിക്കൂട്ടുകാരൻ്റെ ജീവിതവും അവൾ തകർത്തിട്ടുണ്ട്. അവൻ വേറെ വിവാഹം ചെയ്തിരുന്നെങ്കിലും, ഈ കരിങ്കാളി കാരണം, ആ പെണ്ണും അവനെ ഡിവേർസ് ചെയ്തു പോയി.

എത്രയൊക്കെ നമ്മൾ മനുഷ്യരെ സ്നേഹിച്ചാലും ബഹുമാനിച്ചാലും, ഒരാളുടെ പകയും ഒരു നുണക്കഥയും മതി ജീവിതത്തിലെ ഏറ്റവും പ്രിയപ്പെട്ടവരെ നമ്മളിൽ നിന്നകറ്റാൻ എന്ന യാഥാർത്ഥ്യം ഞാൻ വേദനയോടെ തിരിച്ചറിഞ്ഞു. ആ തിരിച്ചറിവിലാണ് എൻ്റെ ബാംഗ്ലൂർ ജീവിതം ഇന്നും തുടരുന്നത്. ഈ ഒറ്റപ്പെടലിനും സങ്കടങ്ങൾക്കുമിപ്പുറം ആ നല്ല സൗഹൃദം ഇനിയും തിരിച്ചുകിട്ടുമെന്ന പ്രതീക്ഷയോടെ.