ഇന്നത്തെ ഭാരതീയ സംസ്കാരത്തില്‍ പണ്ടുണ്ടായിരുന്ന ബുദ്ധ സംഹിതയ്ക്കുള്ള സ്വാധീനം വളരെ വലുതാണ്. ദ്രാവിഡ സംസ്‌കാരത്തിന്റെ ഔന്നിത്യത്തില്‍ സവര്‍ണ്ണരും അവര്‍ണ്ണരുമില്ലാതെ, ദുഷിച്ച ജാതി-വ്യവസ്ഥകളില്ലാതെ ഒത്തൊരുമയോടെ ഓണാഘോഷം നടത്തിയ ഒരു കാലഘട്ടമുണ്ടായിരുന്നു നമുക്ക്. ഇന്ന് മതങ്ങൾ പലതുണ്ട്; അവർ പരസ്പരം തലകൾ കൊയ്യുന്നുമുണ്ട്. ഇത് ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല – ചരിത്രം പലരൂപത്തിൽ രേഖപ്പെടുത്തി തുടങ്ങിയ കാലം മുതലിങ്ങോളമുള്ളത് നമുക്ക് കണ്ടെത്താനാവുന്നു. മാറ്റങ്ങൾ അനിവാര്യം തന്നെ. അതെപ്രകാരം തിരിച്ചറിയുന്നു എന്നതിലാണു പ്രാധാന്യം. ഹിന്ദുവംശരും കൃസ്ത്യാനികളും മുസ്ലീങ്ങളും കാട്ടിക്കൂട്ടുന്ന പരാക്രമങ്ങളും അവയ്ക്കുവേണ്ടി ജനതതി കൂട്ടം ചേർന്നു പാടിനടക്കുന്ന പാവനഗീതങ്ങളും നമുക്കിന്ന് അന്യമല്ലല്ലോ. പ്രാചീനകാലങ്ങളിൽ ദ്രാവിഡവംശത്തിലേക്ക് പടന്നു കയറി കേരളം പരക്കെ വ്യാപിച്ച വിശ്വാസസംഹിതയായിരുന്നു ബുദ്ധമതം. ഇന്നതിനെ ഹിന്ദുമതം ആക്രമിച്ചുകീഴടിക്കി ഇല്ലാതാക്കിയെങ്കിലും അവർ കൊണ്ടുവന്ന സാംസ്കാരികസ്വാധീനം മാത്രം നിലനിൽക്കുന്നുണ്ട്. കൃസ്തുവിനും മുമ്പ് ആറാം നൂറ്റാണ്ടിലായിരുന്നു ബുദ്ധസന്യാസികൾ കേരളനാട്ടിൽ എത്തിയതായി ചരിത്രപരമായ തെളിവുകൾ ലഭ്യമായിരിക്കുന്നത്. അശോകചക്രവർത്തിയുടെ ആജ്ഞ പ്രകാരവും ഇന്നത്തെ ശ്രീലങ്കയിൽ നിന്നും ഒക്കെയാണ് കേരളത്തിലേക്ക് ഇവരെത്തിയത്. പ്രസിദ്ധ സംഘകാല മഹാകാവ്യമായ മണിമേഖല
ബൗദ്ധകൃതിയാണ്, ചിലപ്പതികാരത്തിന്റെ തുടർച്ചയാണിത്. ചിലപ്പതികാരം ജൈനമതസിദ്ധാന്തങ്ങളെ വിശദീകരിക്കുന്ന കാവ്യമാണെങ്കിൽ മണിമേഖല ബുദ്ധമതതത്വങ്ങളെയാണ് പ്രതിപാദിക്കുന്നത്. രചയിതാവ് കൂലവാനികൻ ചാത്തനാർ ആണ്. ചേരൻ ചെങ്കുട്ടുവൻ, ഇളങ്കോവടികൾ എന്നിവരുടെ സമകാലികനായിരുന്നു ഇദ്ദേഹം. ചാത്തൻ ശബ്ദം, ശാസ്തനായും ശാസ്താവായും മാരിയതും ദൈവമായി ആരാധിക്കുന്നതും നമുക്കിടയിൽ ഇന്നുമുണ്ടല്ലോ. ജാതിവ്യവസ്ഥകളെന്തെന്നറിയാത്ത അഹിംസാവാദികളായിരുന്നു നമ്മുടെയൊക്കെ പൂർവ്വികർ എന്ന ഓർമ്മപ്പെടുത്തൽ തന്നെ ഇപ്പോൾ ആശ്വാസം തരുന്നുണ്ട്… അതിനും മുമ്പുണ്ടായിരുന്ന ദ്രാവിഡസംസ്കാരം അവിടെ നിൽക്കട്ടെ. ഇപ്പോൾ നമുക്ക് ബുദ്ധമതത്തിൽ ശ്രദ്ധകേന്ദ്രീകരിക്കാം. മതമെന്നു വിളിക്കാൻ മാത്രമുള്ള ഒന്നല്ല ബുദ്ധിസം. മതമെന്ന് ആധുനികകാല നിർവ്വചനത്തിൽ പറയുന്നു എന്നേ ഉള്ളൂ. അതൊരു സംസ്കാരമായി ലോകത്ത് പലസ്ഥലങ്ങളിലേക്കും അന്ന് വ്യാപിച്ചതായിരുന്നു. വിദ്യാഭ്യാസത്തിനു പ്രാധാന്യം നൽകി നാടൊട്ടുക്ക് വിവിധ ബുദ്ധവിഹാരങ്ങൾ പണിതവരായിരുന്നു അവർ.
ബുദ്ധമതത്തിന്റെ ശോഷണം 8-ആം നൂറ്റാണ്ടിന്റെ ആരംഭത്തിൽ നന്നായി തുടങ്ങി. എഴാം നുറ്റാണ്ടോടെ ശക്തി ക്ഷയിച്ചു തുടങ്ങി എന്നു ചൈനക്കാരായ സഞ്ചാരികളുടെ വിവരണങ്ങളിൽ നിന്ന് മനസ്സിലാക്കാം. 9 ആം നൂറ്റാണ്ടിൽ ശങ്കരാചാര്യരുടെ നേതൃത്വത്തിൽ അദ്വൈത വേദാന്തികൾ മുഖേന ഹിന്ദുമതത്തിന് വൻ പ്രചാരം ലഭിച്ചതു ബുദ്ധമതത്തെ നന്നായി ബാധിച്ചിരുന്നു. അക്കാലത്തൊക്കെയും ഹൈന്ദവരാജാക്കന്മാർ പോലും പഴയ ബൗദ്ധികപാരമ്പര്യം വെച്ച് സംസ്കാരപൂർണരായിത്തന്നെ നല്ല സഹിഷ്ണുതയോടെ ബുദ്ധസങ്കേതങ്ങൾ സംരക്ഷിച്ചുവന്നുരുന്നെങ്കിലും, ശങ്കരാചാര്യരുടെ നേതൃത്വത്തിൽ സവർണഹിന്ദൂയിസം ബുദ്ധിസത്തെ തുടച്ചു നീക്കാൻ മുന്നിട്ടിറങ്ങി. ബ്രാഹ്മണ മതത്തിന്റെ തിരിച്ചു വരവ് മൂലം മെല്ലെ രാജാക്കന്മാർ ബുദ്ധ മതത്തിനെതിരായി തിരിഞ്ഞു; ഭീഷണിയും അക്രമവും തന്നെയായിരുന്നു ബൗദ്ധർക്ക് നേരിടേണ്ടി വന്നത്. തൻമൂലം പടിപടിയായി ബുദ്ധമതത്തിന്റെ സ്വാധീനം കുറഞ്ഞു കുറഞ്ഞു വന്നു. വൈഷ്ണവ കുലശേഖരയുടെ കാലത്ത്, 11- ആം നൂറ്റാണ്ടിൽ ബുദ്ധമതം ഏതാണ്ട് പൂർണ്ണമായും അപ്രത്യക്ഷമായി . പ്രസിദ്ധമായ പല ബുദ്ധ വിഹാരങ്ങളും (പള്ളികൾ) ക്ഷേത്രങ്ങൾ ആയി പരിവർത്തനം ചെയ്യപ്പെട്ടു. ബുദ്ധമതത്തിൽ വിശ്വസിച്ചിരുന്ന പല ജനവിഭാഗങ്ങളും പിന്നീട് ഹിന്ദുമതത്തിലെ താഴ്ന്ന ജാതികളിലേക്ക് ചേർക്കപ്പെട്ടു. ചാതുർവർണ്യം നിലവിൽ വന്നത് 11 ആം നൂറ്റോണ്ടോടെയായിരുന്നു. ചാതുര്‍വര്‍ണ്യം അഥവാ ജാതി വ്യവസ്ഥ നടപ്പിലാക്കാന്‍ ഹൈന്ദവര്‍ക്ക് ഏറ്റവും വലിയ തടസമായി നിന്നത് ഇവിടെ വേരുറച്ചുപോയ ബുദ്ധമതമായിരുന്നു. അതുകൊണ്ടുതന്നെ വേരോടെ പിഴുതെറിയുന്ന രീതിയിലുള്ള ഹിംസയാണ് ഇവിടെ അന്ന് അരങ്ങേറിയത്.. ക്രൂരമായിരുന്നു ശിക്ഷണ രീതികൾ. തകർന്നുപോയ ബൗദ്ധകൽപ്രതിമകളൊക്കെ അതിന്റെ കേവലോദാഹരണങ്ങൾ മാത്രം. ഇന്നത്തെ കേരളത്തിലെ ഓരോ തരിമണ്ണിനും പറയാനുള്ളത് ഇവിടെ ബുദ്ധിസത്തെ ഇല്ലാതാക്കാൻ ശ്രമിച്ചതിന്റെ കഥകളാണ്; ഇന്ത്യ മൊത്തം ഇതുതന്നെ പറയും. സംഘകാലത്തിന്റെ അവസാനമായും കണക്കാക്കപ്പെടുന്നത് 12 ആം നൂറ്റാണ്ടോടെയാണ്. ഏറ്റവും പഴയ ദ്രാവിഡ സാഹിത്യം സംഘകാല കാവ്യങ്ങളാണ്. ബുദ്ധമതശോഷണം മുഴുമിപ്പിച്ചതും ചാതുര്‍ വര്‍ണ്ണ്യത്തിന്റെ വിഷവിത്തുകള്‍ ദ്രാവിഡ സംസ്‌കാരത്തില്‍ പാകി മുളപ്പിച്ചതും ഇതേ കാലഘട്ടത്തിൽ തന്നെ. ദ്രാവിഡരുടെ ഇടയിൽ സ്നേഹാംശമായി അലിഞ്ഞുചേർന്ന വികാരമായിരുന്നു പണ്ട് ബൗദ്ധിസം.
പ്രകൃതി ശക്തികളെ പൂജിക്കുക എന്ന അന്ധവിശ്വാസ പ്രചാരണത്തിലൂടെ ദക്ഷിണേന്ത്യയിലെ നാട്ടുരാജാക്കന്മാരുടെ പ്രീതി പിടിച്ചു പറ്റി, ഹിന്ദുത്വവാദവും ക്ഷേത്രാചാരങ്ങളും വളര്‍ത്തുകയായിരുന്നു ആര്യന്മാര്‍ ആദ്യം ചെയ്തത്. പലകഥകളും അവരതിനായി സൃഷ്ടിച്ചു; ഉള്ളവയ്ക്ക് പുത്തൻ നിർവ്വചനങ്ങൾ നൽകി. പല്ലവര്‍, ചാലൂക്യര്‍, രാഷ്ട്രകൂടര്‍ എന്നീ ദ്രാവിഡ രാജാക്കന്മാര്‍ക്ക് അന്നത്തെ ദേശത്തുണ്ടായിരുന്ന ശക്തിയും സ്വാധീനവും ഹിന്ദുമതത്തിന്റെ വേരോട്ടത്തിന് ശക്തി കൂട്ടി; പിന്നീട് ബൗദ്ധവിഹാരങ്ങളെ തകർത്തെറിയാനുള്ള സഹായമായും ഇതുഭവിച്ചു. ക്രമേണ ചാതുർവർണ്യം വന്നപ്പോൾ ശൂദ്രരേയും അധകൃതരും ജനിച്ചു. രാജ്യഭരണ സഹായത്തിനും മാര്‍ഗദർശനത്തിനു, ആയുള്ള പുരോഹിതന്മാരായി ബ്രാഹ്മണര്‍ ഉന്നതകുലജാതരായി മാറി. ബൈദ്ധിസം കൊണ്ടുവന്ന വിദ്യാഭ്യാസത്തെ അവർ തച്ചുടച്ചു. വിദ്യപഠിക്കുന്നവന്റെ ചെവിയിൽ ഈയം ഉരുക്കിയൊഴിക്കുന്ന കാഴ്ചകൾക്കുവരെ ശേഷം കേരളം സാക്ഷിയായി. ദ്രാവിഡ വാസ്തുവിദ്യയുടെ പ്രോത്സാഹകർ എന്ന നിലയിലാണ് പല്ലവർ അറിയപ്പെടുന്നത്. ഇവരുടെ പ്രോത്സാഹനത്തിൽ നിർമ്മിച്ച ശില്പങ്ങൾ ഇന്നും മഹാബലിപുരത്ത് കാണാം. ഭീമാകാരമായ ശില്പങ്ങളും അമ്പലങ്ങളും നിർമ്മിച്ച പല്ലവർ തനത് ദ്രാവിഡ വാസ്തുവിദ്യയുടെ അടിസ്ഥാനങ്ങൾ നിർവ്വചിച്ചു. പല്ലവ ഭരണകാലത്ത് ചീന സഞാരിയായ ഹുവാൻ സാങ്ങ് കാഞ്ചിപുരം സന്ദർശിച്ചു. ഹുവാൻ സാങ്ങ് തന്റെ ഗ്രന്ഥങ്ങളിൽ പല്ലവ ഭരണത്തിന്റെ മഹിമയെ വാഴ്ത്തിയിട്ടുണ്ട്. അങ്ങനെയൊരു സംസ്കാരത്തിലേക്കായിരുന്നു സവർണത നിറച്ച ബീജാണുവുമായി ആര്യവംശം കടന്നുവന്നത്.
കലപ്പയുടെ ഉപയോഗം, ആയൂർവേദം, കൃഷിരീതി, വിദ്യാലയങ്ങളിൽ വിദ്യ ആദ്യമായി പഠിപ്പിച്ചത്, വാസ്തുശില്പവിദ്യ കേരളത്തിൽ അവതരിപ്പിച്ചത് ഒക്കെയും ബുദ്ധഭിക്ഷുക്കളാണ്. ക്ഷേത്രാചാരങ്ങളായ വെടിക്കെട്ട്, കതിന, പറയെടുപ്പ്, പടയണി, പൂരം, കെട്ടുകാഴ്ച, രഥോത്സവമെന്നിവയും ഓണാഘോഷത്തിന്റെ പൂർണ്ണതവരെ വരെയും ബൗദ്ധ സംഭാവനയാണ്. ഓണാഘോഷത്തിന്റെ ചരിത്രം അങ്ങ് ദ്രാവിഡമഹിമവരെയുണ്ടെങ്കിലും അതൊരു നല്ല കലാപരിപാടിയാക്കിയത് ബൗദ്ധർ തന്നെ. (പിന്നീട് സവർണകാലത്ത് വിഷ്ണുപൂജ പച്ചപിടിച്ചുവന്നപ്പോൾ വിഷ്ണു മഹാബലിയെ പാതാളത്തിലേയ്‍ക്കു ചവിട്ടിത്താഴ്‍ത്തിയതായി കഥ രൂപാന്തരപ്പെടുത്തിയതൊക്കെ ബ്രാഹ്മണേതിഹാസങ്ങൾ മാത്രം). പൂജ്യം കണ്ടുപിടിച്ചത് ഭാരതത്തിലായിരുന്നല്ലോ. ആര്യഭടൻ ആണതു കണ്ടുപിടിച്ചത് എന്നൊരു വാദമുണ്ട്; (അതു കൃസ്തുവിനു മുമ്പേ പിംഗളൻ കണ്ടുപിടിച്ചു എന്നൊരു ഭാധ്യവും നിലനിൽക്കുന്നു – ബി സി 4ആം നൂറ്റാണ്ടിലാണ് ജീവിതകാലഘട്ടം എന്നും കരുതുന്നു). ആര്യഭടൻ കൊടുങ്ങല്ലൂരിൽ വസിച്ചിരുന്ന ബുദ്ധമതാനുയായിയായിരുന്നു എന്ന് ചൈനീസ് സഞ്ചാരിയായിരുന്ന ഹുയാങ് സാങ് പറയുന്നു. 5 – 6 നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ബുദ്ധ പണ്ഡിതനായിരുന്നു ആര്യദേവൻ അഥവാ ആര്യഭടൻ. ലോകത്തിന്റെ പല ഭാഗങ്ങളിലും അറിയപ്പെടുന്നത് എല്ലാ ആയോധന കലകളുടെയും മാതാവാണു കളരിപ്പയറ്റ് എന്നാണ്. ആറാം നൂറ്റാണ്ടിന്റെ അവസാനത്തോടെ ചൈനയടക്കമുള്ള വിദേശ രാജ്യങ്ങളില്‍ കളരി പയറ്റ് നിരന്തര മാറ്റങ്ങള്‍ക്കു വിധേയമായിക്കൊണ്ടിരുന്നു, ആറാട്ട്, ഉത്സവാഘോഷങ്ങൾ, ദേവീ വിഗ്രഹങ്ങൾ, അയ്യപ്പൻ, ശാസ്താവ്, ചാക്യാർ കൂത്ത് ഇങ്ങനെ ഒട്ടനവധി സംഗതികളിൽ നമുക്ക് ബൗദ്ധികബീജം കണ്ടെത്താനാവുന്നു. കോഴിക്കോട്, മാവേലിക്കര, കരുമാടി, കരുനാഗപ്പള്ളി, മരുതൂർകുളങ്ങര, ഭരണിക്കാവ്, പള്ളിക്കൽ, കോട്ടപ്പുറം ഇവിടെ നിന്നൊക്കെയും ബദ്ധപ്രതിമകൾ കണ്ടെടുത്തിട്ടുണ്ട്. ശബരിമല, കിളിരൂർ, കുട്ടംപേരൂർ, കൊടുങ്ങല്ലൂർ, അർത്തുങ്കൽ തുടങ്ങി അനേകം പേരുകേട്ട അമ്പലങ്ങളുടെ ചരിത്രത്തിലും ബുദ്ധമത സ്വാധീനം കാണാം. ഇതയും പറഞ്ഞത് ഒരു തുടക്കമെന്ന നിലയിൽ മാത്രമാണ്. പറയാനുദ്ദേശിക്കുന്നത് ശബരിമലയിലെ അയ്യപ്പനെ പറ്റിതന്നെയാണ്. പറ്റൊരു കാര്യം മലനാടിന്റെ മുഖമുദ്രയായ കളരിപ്പയറ്റാണ്. അതുപോലെതന്നെ ആയൂർവേദവും. കേരളത്തിലും ശ്രീലങ്കയിലും വാഗ്‌ഭടന്റെ അഷ്ടാംഗഹൃദയം, അഷ്ടാംഗസംഗ്രഹം എന്നീ ഗ്രന്ഥങ്ങളും മറ്റുംആയൂർവേധരംഗത്ത് കൂടുതൽ പ്രചാരത്തിലുണ്ടെന്നോർക്കുക. ബ്രാഹ്മണമതം പിന്നീടതിനെ ബ്രഹ്മാവ് ഉണ്ടാക്കി മകനായ ദക്ഷപ്രജാപതിക്കും പ്രജാപതി അശ്വനീകുമാരന്മാർക്കും അങ്ങനെയങ്ങനെ വിവിധങ്ങളായ മഹർഷിവര്യന്മാരിലേക്കും അതെത്തിച്ചേർന്നുവെന്നൊക്കെ കഥകളുണ്ടാക്കി; അഞ്ചാം വേദവും ആക്കിമാറ്റി. തനിക്കാക്കി വെടക്കാക്കുന്ന പരിപാടി തന്നെ മുഖ്യം. എങ്കിലും കാവും കുളവും വിഗ്രഹങ്ങളും ക്ഷേത്രങ്ങളും എല്ലാം ബുദ്ധമതത്തിന്റെ കൈയൊപ്പ് പതിഞ്ഞതാണെന്ന് നിസംശയം പറയാൻ സാധിക്കും. എ. ഡി. 5-ആം നൂറ്റാണ്ടില്‍ പാടലീപുത്രത്തില്‍ കാണപ്പെട്ടിരുന്ന ബുദ്ധ മഹോത്സവങ്ങളുമായി കേരളത്തിലെ ക്ഷേത്രങ്ങളില്‍ നടത്തുന്ന ഉത്സവങ്ങള്‍ക്കും കെട്ടുകാഴ്ചകളും സാമ്യമുളളതായി ചീനാ സഞ്ചാരിയായ ഫാഹിയാന്‍ രേഖപ്പെടുത്തി വെച്ചിട്ടുണ്ട്. ശബരിമല, അച്ചന്‍കോവില്‍ തുടങ്ങിയ പുരാതന അയ്യപ്പക്ഷേത്രങ്ങള്‍ ദ്രാവിഡബിംബങ്ങളും പിന്നീട് ബുദ്ധ വിഹാരകേന്ദ്രങ്ങളായി മാറുകയും ചെയ്തുവെന്ന് നവീന പ്രാചീന ചരിത്രകാരന്മാര്‍ ഒരുപോലെ വിലയിരുത്തുന്നു. ഹിന്ദു മതവിശ്വാസികള്‍ മണ്ഡലകാലത്ത് അനുഷ്ഠിക്കുന്ന അഹിംസാ – സസ്യാഹാര വ്രതത്തിന് ബുദ്ധമതാചാരങ്ങളുമായി അനിഷേധ്യമായ ബന്ധമുണ്ട്.
കളരിപ്പയറ്റിനെ പറ്റി മുകളിൽ പറഞ്ഞു. കേരളത്തിന്റെ തനത് ആയോധനകലയാണ് കളരിപ്പയറ്റ്. ഇന്ന് കേരളമെന്നു പറയുമെങ്കിലും പഴയ കേരളം ഏറെ വിശാലമായിരുന്നു; ദ്രാവിഡാധിപത്യം കാണിക്കുന്ന ഭൂപടം നോക്കുക. കഥകളി, കോൽകളി, വേലകളി, തച്ചോളികളി, തുടങ്ങിയ കേരളത്തിലെ പല പരമ്പരാഗത കലാരൂപങ്ങളും കളരിപ്പയറ്റിൽ നിന്ന് പലതും കടം കൊണ്ടിട്ടുണ്ട്. കേരളമുണ്ടാക്കിയെന്നു കഥകളിൽ പറയപ്പെടുന്ന പരശുരാമനാണ് കളരിപ്പയറ്റ് കണ്ടുപിടിച്ചതെന്ന കഥയുണ്ട്. ബ്രാഹ്മണേതിഹാസങ്ങളൊക്കെ വരുന്നതിനു മുമ്പേ ഉള്ള സംവിധാനമാണ് സത്യത്തിൽ കളരിപ്പയറ്റ്. സംഘകാലത്ത് നിലവിലിരുന്ന ആചാരങ്ങളും വീരക്കൽ ആരാധനയും കണക്കിലെടുത്ത് ചിലർ അക്കാലത്തേ കളരി നിലവിലുണ്ടായിരുന്നു എന്ന് വിശ്വസിക്കുന്നു. ഹാന്‍ ചൈനീസ് ഷാവോലിന്‍ ഫിസ്ടിന്റെ പിതാവായി അറിയപ്പെടുന്ന ബോധി ധര്‍മ്മന്‍ ചൈനയില്‍ എത്തിയത് തന്നില്‍ നിക്ഷിപ്തമായ ബുദ്ധ മത പ്രചാരണം എന്ന ലക്ഷ്യത്തോടെയാണ്. അഞ്ചാം നൂറ്റാണ്ടിലോ/ആറാം നൂറ്റാണ്ടിലോ ജീവിച്ചിരുന്നു എന്നു കരുതപ്പെടുന്ന ഒരു ബുദ്ധ സന്യാസിയായിരുന്നു ബോധിധർമ്മൻ. പല്ലവ രാജവംശത്തിലെ മൂന്നാമത്തെ രാജകുമാരനായിരുന്നു ഇദ്ദേഹം. കേരളത്തിലെ ബുദ്ധ മതത്തിന്‍റെ സുവര്‍ണ്ണ കാലഘട്ടമായിരുന്നു അത്, കളരി പയറ്റു പോലെയുള്ള ആയോധനകളുടെ ആചാര്യന്‍ എന്ന നിലയില്‍ പ്രശസ്തനായത്തിനു ശേഷമാണ് അദ്ദേഹം തന്‍റെ കടമ നിര്‍വഹിക്കുവാനായി പുറപ്പെട്ടത്. യി ജിന്‍ ജിംഗ്, ബ്രൂസ് ലി വികസിപ്പിച്ച കുങ് ഫു വിന്‍റെ പിതാവായും ബോധി ധർമ്മനെയാണ് കാണുന്നത്, കങ് ഫു വിനു കളരി പയറ്റുമായുള്ള സാമ്യവും ബോധി ധർമ്മനെ കുറിച്ചുള്ള അറിവുമാകണം തനിക്കു കളരി പഠിക്കുവാനുള്ള ആഗ്രഹമുണ്ടെന്ന് ബ്രൂസ് ലീ യെ കൊണ്ട് പറയിപ്പിച്ചത്. ആത്മീയവും ശാരീരിക പരിശീലനവും തമ്മില്‍ ബന്ധിപ്പിച്ചു കൊണ്ടുള്ള ഒരു രീതിയാണ് ബോധി ധര്‍മ്മന്‍ തിരഞ്ഞെടുത്തിരുന്നത് എന്ന് മനസിലാക്കാം. ബോധി ധര്‍മ്മന്‍ ദക്ഷിണേന്ത്യയില്‍ ജീവിച്ചിരുന്നു എന്ന കാര്യം എല്ലാ ചരിത്ര ഗവേഷകരും സമ്മതിക്കുന്നു എന്നാല്‍ അതെവിടെയായിരുന്നു എന്ന കാര്യത്തില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ട്, എന്നാല്‍ അത് തമിഴ് നാടല്ലെന്നും സഹ്യ പര്‍വ്വത്തിനുപ്പറമുള്ള കേരളത്തിലാണെന്നും വിശ്വസിക്കാനുള്ള ഒരു പാട് കാരണങ്ങള്‍ നിലവിലുണ്ട്, ബോധി ധര്‍മ്മന്‍ ജീവിച്ചിരുന്ന കാലഘട്ടത്തില്‍ തമിഴ് നാട്ടില്‍ ബുദ്ധ മതം അധികം പ്രചാരം നേടിയിട്ടില്ലായിരുന്നു എന്നതാണ് വസ്തുത മാത്രവുമല്ല അക്കാലങ്ങളില്‍ കേരളത്തില്‍ അത് പ്രബലവുമായിരുന്നു. കേരളം എന്ന വാക്ക് ആദ്യമായി ഉപയോഗിക്കപ്പെട്ടിരിക്കുന്നത് ബുദ്ധ മത സ്തൂപങ്ങളിലൊന്നിലാണ്, ആ കാലഘട്ടത്തിലെ കേരളത്തിലെ ബുദ്ധ മത സ്വാധീനം ഇത് വിവരിക്കുന്നു. ബ്രാഹ്മണനായിരുന്നു ബോധി ധര്‍മ്മന്‍ എന്നാല്‍ ബുദ്ധ മതം സ്വീകരിച്ചതോടെ ജാതീയമായ കെട്ട് പാടുകളില്‍ നിന്നും അദ്ദേഹം മുക്തനായി, ധര്‍മ്മന്‍ എന്ന പേര് അക്കാലങ്ങളില്‍ കേരളത്തിലെ വിവിധ ബുദ്ധ മത പ്രചാരകര്‍ സ്വീകരിച്ചിരുന്നു, അത് കൊണ്ട് തന്നെ ബുദ്ധ മതം സ്വീകരിക്കും മുമ്പ് അദ്ദേഹത്തിന്റെ പേര് മറ്റൊന്നായിരുന്നിരിക്കാം, പ്രമുഖ ബുദ്ധ വിഹാരമായിരുന്ന ഇന്നത്തെ കൊടുങ്ങല്ലൂരിനടുത്തുള്ള ഏതോ സ്ഥലത്ത് അദ്ദേഹം ജീവിച്ചിരുന്നു എന്ന അനുമാനം അംഗീകരിക്കപ്പെട്ടെക്കാം. കാലം സുവര്‍ണ്ണ ലിപികളാല്‍ രേഖപ്പെടുത്തിയ ഒരു നാമമാണ് ബോധി ധര്‍മ്മന്‍. അടുത്ത കാലത്ത് പുറത്തിറങ്ങിയ തമിഴ് സിനിമയായ ഏഴാം അറിവ് ബോധി ധർമ്മനെ പറ്റിയുള്ളതുതന്നെയാണ്. ഇന്നത്തെ തമിഴ്‌നാട്ടിലെ കാഞ്ചീപുരമാണു ജന്മദേശം എന്നൊരു പ്രബലവാദമുണ്ടെങ്കിലും നമുക്കഭിമാനിക്കാൻ പറ്റുന്ന കേരളീയനാണ് ബോധിധർമ്മനെന്നു നിസംശയം പറയാനാവുന്നതാണ് പലതെളിവുകളും കൂടെ തന്നെയുണ്ട്. അതിൽ പ്രധാനമാണ് കളരിപ്പയറ്റിലെ മെയ്‌വഴക്കം.