ശ്രീ അഭയ ഹസ്ത ഗണപതി ക്ഷേത്രം

വിദ്യകൊണ്ടറിയേണ്ടതറിയാതെ
വിദ്വാനെന്നു നടിക്കുന്നിതു ചിലർ;
കുങ്കുമത്തിന്റെ ഗന്ധമറിയാതെ
കുങ്കുമം ചുമക്കുമ്പോലെ ഗർദ്ദഭം.
കൃഷ്‌ണ കൃഷ്‌ണ! നിരൂപിച്ചു കാണുമ്പോൾ
തൃഷ്‌ണകൊണ്ടേ ഭ്രമിക്കുന്നിതൊക്കെയും

ഗർദ്ദഭം = കഴുത, #ജ്ഞാനപ്പാന, #പൂന്താനം

abhayahasta ganesha temple bangalore

വിദ്യ നേടാനുള്ളതാണു വിദ്യാഭ്യാസം എന്ന ബോധം ഇന്നുള്ളവർക്കില്ല എന്നു തോന്നുന്നു. വിദ്യാഭ്യാസം എന്നത്, ജോലി നേടാനും സമ്പാദിക്കാനും മാത്രമുള്ള സൂത്രപ്പണി മാത്രമാണിന്ന്. കുട്ടികളെ നല്ല യന്ത്രമനുഷ്യര്യാക്കി മാറ്റുക. അറിവ്, ബോധം എന്ന കാര്യങ്ങൾ പിതാക്കളിന്നു കേട്ടിട്ടു പോലും ഇല്ലാത്ത അവസ്ഥ; തല്ലിപ്പഠിപ്പിക്കുകയാണവർ!! കുട്ടികൾ ഭാവിയിൽ നല്ല ജോലി നേടിയിരിക്കണം!! എന്നേക്കാൾ കേമരാവണം മക്കൾ എന്ന ചിന്തയാവണം ഇതിനു പ്രേരിപ്പിക്കുന്നത്. മൃഗത്തെ പോലെ, ചിന്താശേഷി അല്പം പോലുമില്ലാത്ത അനേകരായി പെരുകുകയാണിന്നു നമ്മളിന്ന് എന്നു തോന്നിപ്പോവുന്നു ചിലതൊക്കെ കാണുമ്പോൾ!! ടെക്നിക്കൽ അറിവിലാണു കാലം ആളുകളെ വിലയിരുത്തുന്നത്!

ഇന്റെർവ്യൂ ജയിക്കാനായി നേർച്ചയിനത്തിൽ ദിനേന ലക്ഷങ്ങൾ കുമിഞ്ഞുകൂടുകയാണിന്നു ബാംഗ്ലൂർ പോലുള്ള മെട്രോകളിൽ. എന്റെ കമ്പനിക്ക് മുമ്പിൽ ഒരു ഗണേശ ക്ഷേത്രമുണ്ട്, കഴിഞ്ഞൊരു ദിവസം ഇവിടെനിന്നും ഇന്റെർവ്യൂ കഴിഞ്ഞു പോകുന്നൊരു പയ്യൻ, അമ്പലത്തിന്റെ മുന്നിൽ റോഡിന്റെ ഇങ്ങേതലയിൽ ദൂരെ നിന്ന് ചെരിപ്പൂരിവെച്ച് രണ്ടുകൈയ്യും ക്രോസ്സിൽ ചെവി പിടിച്ച് വട്ടം തിരിയുന്നത് കണ്ടു. അമ്പലത്തിൽ നിന്നും മീറ്ററുകൾ അകലെയായതിനാൽ അമ്പലമുണ്ടെന്ന ബോധം എനിക്കാദ്യം ഓർമ്മ വന്നില്ല. അത്ഭുതം തോന്നിപ്പോയി! ശ്രദ്ധയിൽ പെട്ടപ്പോൾ കാര്യം ബോധ്യമായി. ഇന്റെർവ്യൂ ജയിക്കാനായി എന്തോ പ്രാർത്ഥനയാവണം അവൻ പിറുപിറുത്തു കൊണ്ടിരുന്നത്.

ആ അമ്പലം കെട്ടിയിട്ട് അഞ്ചോ ആറോ വർഷങ്ങളേ ആയുള്ളൂ. ആണുങ്ങൾക്ക് മൂത്രമൊഴിക്കാൻ പറ്റിയ സ്ഥലമായിരുന്നു, അത്. ഒരിക്കൽ ഞാനിക്കാര്യം ഇവിടെ പറഞ്ഞിട്ടുണ്ട്. അന്ന്, അവിടെ രണ്ടോ മൂന്നോ മരങ്ങളും പൊട്ടിച്ചിട്ട കുറേ പാറകളും ആയിരുന്നു ഉണ്ടായിരുന്നത്. കേറി നിന്ന്, മൂത്രമൊഴിക്കുമ്പോൾ കക്കൂസിൽ നിൽക്കുന്നത്ര സെയ്ഫായി തോന്നും ആണുങ്ങൾക്ക്. മൂത്രയിനത്തിൽ ആർക്കും തന്നെ 5 രൂപ കൊടുക്കുകയും വേണ്ട. അവിടെ മൂത്രമൊഴിക്കാൻ പാടില്ലെന്ന് പലതവണ ബോർഡ് വെച്ചു – നടന്നില്ല. അന്നവിടെ, ഞാനിന്നു വർക്കു ചെയ്യുന്ന കമ്പനി മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഒരു ടാറിടാത്ത ഇടവഴി അവസാനിക്കുന്നത് വലിയൊരു സ്കൂളിലേക്കും. പിന്നെ സക്ര വേൾഡ് ഹോസ്പിറ്റൽ വന്നു. അങ്ങനെയങ്ങനെ ഓരോന്നു മാറിവന്ന്, ഇന്നുകാണുന്ന രൂപത്തിൽ എത്തി..

ആ സ്ഥലത്ത് അന്ന് ഗണപതിയുടേയും സരസ്വതിയുടേയും ചില്ലിട്ട ഫോട്ടോസ് ചാരിവെച്ചിരുന്നു, അപ്പോൾ, ആളുകൾ അവിടെ മൂത്രമൊഴിക്കാതെ മാറി നിന്നൊഴിച്ചു പോകാൻ തുടങ്ങി. ഇതിവിടെ ബാംഗ്ലൂരിൽ ഒരു ശൈലിയാണ്. പാന്മസാലകളും മറ്റും തിന്ന് ആളുകൾ സ്റ്റെയർ കെയ്സുകളിലും, ഇടവഴികളിൽ ചുമരുകളിലും, അണ്ടർഗ്രൗണ്ട് വഴികളിലും മറ്റും തുപ്പിയിടുന്നത് ഒഴിവാക്കാനും അവിടങ്ങളിൽ ഗണപതിയും സരസ്വതിയും അയ്യപ്പനും മുരുകനും ഒക്കെ വന്നു നിൽക്കാറുണ്ട്. ദൈവവിശ്വാസത്തെ ചൂഷണം ചെയ്ത് നാടുനന്നാക്കുകയാണിവർ. ഗണപതിയും സരസ്വതിയും അയ്യപ്പനും മുരുകനുമൊക്കെ ദൈവങ്ങളിൽ പെട്ട അവർണരാനെന്നു തോന്നുന്നു. വൃത്തികെട്ട സ്ഥലങ്ങളൊക്കെ ശുദ്ധീകരിക്കാൻ നിയോഗിക്കപ്പെട്ടവരാണവർ മെട്രോകളിൽ.

പിന്നീടൊരിക്കൽ അവർ അവിടം വൃത്തിയാക്കി, ഗണേശനെ പൂജിക്കാനായി അമ്പലം ചെറുതായൊന്നു കെട്ടി. മേൽക്കര്യങ്ങളൊന്നും ആർക്കും അറിയാനിടയില്ല, ആ അമ്പലത്തിൽ രാവിലെ പൂജയ്ക്കു മുമ്പ് ചെണ്ടകൊട്ടുന്നതും ചിലങ്ക കൊട്ടുന്നതും പാടുന്നതും ഒക്കെ മെഷ്യനുകളണ്. പൂജാരി നല്ല ഹൈക്ലാസ് സാധനമാണ്. മൂത്രഗണേശനെ പൂജിക്കാൻ എന്നുമെന്നും ആൾകൾ കൂടുന്നു… നല്ല കാശും ലഭിക്കുന്നുണ്ട്. ഓഫീസിൽ വർക്ക് ചെയ്യുന്ന പലരും അവിടെ കേറി പ്രാർത്തിക്കുന്നതു കണ്ടിരുന്നു. #പലമൂത്രാദി ഗണേശൻ ഒരു കള്ളച്ചിരി ചിരിച്ച് അവർക്കു വരദാനം നൽകുന്നത് ഞാൻ മനക്കണ്ണാൽ കാണാറുമുണ്ട്! അന്നൊക്കെയും ഏറെപ്പേർക്ക് ഹസ്തം അഭയമായി മാറിയ സ്ഥലം തന്നെയായിരുന്നു. ഗണേശൻ തന്റെ സർനെയിമിലും ശുദ്ധത വരുത്തിയെന്നതും ശ്രദ്ധേയമായി തോന്നി…

ബാംഗ്ലൂരിൽ ഓഫീസിനു മുന്നിലെ അമ്പലം
………….. …………… …………… …………….
വരുന്നോനും പോകുന്നോനുമൊക്കെ മൂത്രമൊഴിച്ചുകൊണ്ടിരുന്ന സ്ഥലമായിരുന്നു! എത്രവേഗമാണവിടെയൊരു അമ്പലം വന്നത്! ആരുടേതായാലും ബുദ്ധിയപാരം! ഐഡീയയ്ക്കു പുറകിൽ, ഒന്നുകിൽ അടുത്തുള്ള സക്ര വേൾഡ് ഹോസ്പിറ്റലിന്റെ നടത്തിപ്പുകാർ, അല്ലെങ്കിൽ പട്ടേലർ വേൾഡ് സ്കൂളിന്റെ നടത്തിപ്പുകാർ! പിന്നെയുള്ളത് ഞാൻ വർക്ക് ചെയ്യുന്ന കമ്പനി! അവരെന്തായാലും കാശ് കളഞ്ഞ് ഇങ്ങനെയൊരു പരിപാടിക്കു നിൽക്കില്ല. ഈ മൂന്നു പ്രസ്ഥാനങ്ങളിലേക്കും ഉള്ള വഴിയുടെ ആരംഭമാണിവിടം. എന്തായാലും പൂജ കഴിഞ്ഞു; അഭിഷേകം കഴിഞ്ഞു – നിത്യേന വഴിപാടുകൾ നടത്താനായി ഒരു വിപ്രൻ വിലകൂടിയ കാറിൽ വന്നിറങ്ങുന്നു! പൂജാദ്രവ്യങ്ങളും കാണിക്കയുമായി രാവിലെ പണിക്കുപോകുന്ന കുറേ ബിൽഡിങ് നിർമ്മാണ തൊഴിലാളികൾ പ്രാർത്ഥനാ നിരതരായി ക്യൂ നിൽക്കുന്നു! ഒരു മാസം എടുത്തുകാണില്ല ഈ കുഞ്ഞുകുടീരത്തിന്റെ നിർമ്മാണത്തിന്! ഏതാണീ #പലമൂത്രദേവത എന്ന് അറിയില്ല! ഏതായാലും കുറേപേരുടെ മൂത്രക്കടി മുട്ടിച്ചു! —
https://www.facebook.com/photo.php?fbid=10152968871648327&set=a.10150383065153327&type=1&theater

വിശ്വാസം അതല്ലേ എല്ലാം

It's all about faithപണ്ടൊക്കെ ദൈവവിശ്വാസമെന്നത്, ആത്മാർത്ഥതോടെയും ഭയഭക്തിബഹുമാനത്തോടെയും ആൾക്കാർക്കുള്ള പരിപൂർണ വിശ്വാസത്തോടെ ചെയ്യുന്നൊരു കർത്തവ്യമായിരുന്നു. അവർക്കുറപ്പുണ്ട്, ദൈവമെന്നൊരു ബിംബം ഉണ്ട്, അതു സത്യമാണ്. ഞാനെന്തുപറഞ്ഞാലും ആ ദൈവം കേൾക്കും, രക്ഷിക്കും ആശ്വസിക്കും പ്രശ്നപരിഹാരത്തിനു സഹായിക്കും എന്നൊക്കെ. അഥവാ സാധിക്കാതെ വന്നാൽ തന്നെ അത് എന്റെ കുറ്റം കൊണ്ടുമാത്രമാണെന്നോ, അ;;എങ്കിൽ ഇതിനായി ഞാൻ ബന്ധപ്പെട്ടവരുടെ കൊറ്റം കൊണ്ടെന്നോ അവർ കരുതും, നന്നായി പ്രാർത്ഥിച്ചിരുന്നേൽ രക്ഷപ്പെട്ടേനെ – അടുത്ത തവണ നോക്കണം എന്നും സമാശ്വസിക്കും. അതുകൊണ്ടുതലന്നെ എല്ലാറ്റിനും അവർക്കു ദൈവങ്ങളുണ്ടായിരുന്നു. വ്യത്യസ്ഥ തലകൾക്ക് പാകമായ വിവിധ തരത്തിലുള്ള തൊപ്പികൾ പോലെ പലതുണ്ട് ദൈവങ്ങളവർക്ക്. ചടുലവും ക്ഷിപ്രകോപിയും ഭദ്രകാളിയെ പേലെയുള്ളതും പ്രണയിക്കാനും സ്നേഹിക്കാനും ആയി ശ്രീകൃഷ്ണനും താരാട്ടുപാടുമ്പോൾ ഉണ്ണിക്കണനാവാനും ഭാഗ്യലക്ഷ്മിയും ഐശ്വര്യലക്ഷ്മിയും ശൂഭാരംഭത്തിനു ദോഷങ്ങൾ തീർത്ത് മംഗളകരമായി ഒരു കാര്യം തുടങ്ങാൻ ഗണപതിയും ഒക്കെയായി സകല വികാരങ്ങൾക്കും ദൈവമുണ്ട്.

സങ്കടം വരുമ്പോഴും സന്തോഷം വരുമ്പോഴും അവർ ആദ്യം ഓർക്കുന്നതും, സഹായം അഭ്യർത്ഥിക്കുന്നതും, തന്റെ സന്തോഷത്തിന്റെ ഒരംശം നേർച്ചയിലൂടെ ദൈവപാദത്തിൽ അർപ്പിക്കുന്നതും ആദ്യം അവർക്കണ്. ദൈവമില്ലെന്ന് അവർക്ക് ഒരുതരത്തിലും ഉൾക്കൊള്ളാനാവില്ലായിരുന്നു. ലക്ഷോപലക്ഷ ജനങ്ങൾക്കിടയിലും ലക്ഷണം കെട്ടത് ഒന്നോ രണ്ടോ എന്നപോലെ അപ്വാദങ്ങൾ ഇവർക്കിടയിലും ഏറെയുണ്ട്. ദൈവനിഷേധികളായവർ തലങ്ങും വിലങ്ങും നടക്കാറുമുണ്ട്. അവർക്കൊരു വീഴ്ചവരുമ്പോൾ വിശ്വാസികൾ ദൈവത്തിന്റെ മഹത്വത്തെ വാഴ്ത്തുക തന്നെ ചെയ്യും; ദൈവദോഷം കൊണ്ടാണവന് അങ്ങനെ സംഭവിച്ചത് എന്നവർ പറയുകയും ചെയ്യും. ഇന്നുള്ളവർക്ക് ഭക്തിയില്ല; ദൈവം ഇല്ല എന്നവർക്ക് നല്ല ധാരണയും ഉണ്ട്. എന്നാലും എല്ലാവരും തൊഴുതു പ്രാർത്ഥിക്കുമ്പോൾ ഞാനെങ്ങനെ മാറി നിൽക്കും എന്നതാണു പ്രധാന വിശ്വാസമിവർക്ക്. ചിലപ്പോൾ ദൈവം ഉണ്ടാവുമോ? ഏയ്, ഇത്രേം പഠിച്ച ഞാനങ്ങനെ വിശ്വസിക്കുന്നത് ശരിയല്ല; ന്നാലും എന്തോ ഒരു ശക്തി ഉണ്ട്… ഇങ്ങനെ അതുമല്ല ഇതുമല്ല എന്ന രീതിയിൽ കരുതുന്നവരും ഉണ്ട്.

ദൈവങ്ങൾ അന്നേത്തെ പോലെ ഇന്നും ഉണ്ട്. അവർ കാമുകരായും കോപിഷ്ടരായ കാളിയേപോലെയും ശൈവതാണ്ഡവമാടിയും പ്രണയാന്വിതനും കാമലോലുപനുമായി ശ്രീകൃഷ്ണനായും കുട്ടിത്തം വിളയാടുന്ന ഉണ്ണിക്കണ്ണനായും ഐശ്വര്യം നിറയ്ക്കുന്ന ദേവിയായും സൈന്ദര്യത്തിന്റെ മറുപേരായും ആശ്വാസത്തിന്റെയും അറിവിന്റേയും നിറകുംഭമായി നമ്മോടൊപ്പമവരുണ്ട്. നമ്മുടെ പങ്കാളിയോ കൂട്ടുകാരോ ആയി അവർ നമ്മോടൊപ്പം എന്നുമുണ്ട്. ഒരുമണിക്കൂർ നേരം ഒരുമിച്ചു കഴിഞ്ഞാൽ നമുക്കവരെ കണ്ടെത്താനാവും, ആശ്വാസിപ്പിക്കാനും സന്തോഷിപ്പിക്കാനും പ്രണയിക്കാനും കാമിക്കാനും തന്റെ ഒപ്പമുണ്ടാവും എന്ന വിശ്വാസം തന്നെയാണു പ്രധാനം എന്നുണ്ട്. ദൈവം ഉണ്ടെന്നു കരുതും പോലെ തന്നെ അതിനൊരു ഓപ്പോസിറ്റ് വേർഷനും ഉണ്ടെന്നു പണ്ടുള്ളവർ കരുതിയിരുന്നല്ലോ, യക്ഷി, ഭൂത, പ്രേത, പൈശാചിക രൂപങ്ങൾ അന്നുണ്ടായിരുന്നു. അവറ്റകൾ ഇന്നുമുണ്ട്. തന്റെ പ്രിയപ്പെട്ടവരെ കഴുത്തറുത്ത് രക്തം കുടിക്കാൻ മാത്രം ഭീകരരൂപികളായി അവരും കറങ്ങി നടപ്പുണ്ട്. അവർക്കു വേണ്ടതു പണമാവാം; തന്റെ കാമലീലകൾക്കൊരു ബിംബത്തെയാവാമ്ല് അധികാരമാവാം…

ആരെ തിരിച്ചറിയണം, എങ്ങനെയറിയും എന്ന തിരിച്ചറിവ് കേവലമൊരു നിമിഷം കൊണ്ടുണ്ടാവുന്നതല്ല. ഒരുപാടുകാലങ്ങളായി അറിയുമെങ്കിൽ നമുക്ക് നമുക്കു ചുറ്റുമുള്ളവരെ തിരിച്ചറിയാൻ പറ്റും. ആ തിരിച്ചറിവായിരിക്കും ഈ ചെറുജീവിതം ഹൃദ്യമാക്കാൻ നമുക്കുകിട്ടുന്ന അനുഗ്രഹവും. ഒളിച്ചുവെയ്ക്കാതെ പച്ചയ്ക്കു ദൈവസന്നിദ്ധിയിലെന്ന പോലെ മനസ്സു തുറന്നു പറയാൻ നമ്മെ പ്രേരിപ്പിക്കുമെങ്കിൽ ആ അനുഗ്രഹവും ഗുണവും മരണം വരെ നമ്മോടൊപ്പം കാണും. ഇതുമാത്രമാണിന്നിന്റെ സത്യം. പരിശുദ്ധസ്നേഹമാണതിന്റെ അടിത്തറ. മറച്ചു വെച്ചുള്ള ഏതൊരു സങ്കല്പവും ദോഷത്തിലേ കലാശിക്കൂ.

ഇനി മക്കളെ നമ്മൾ പഠിപ്പിക്കേണ്ടത് ദൈവം ഉണ്ട് എന്നല്ല; നമ്മേക്കൾ അറിവും അനുഭവങ്ങളും അവർക്കു തീർച്ചയായും കൂടുതൽ ലഭിക്കും. അനുനിമിഷം ലോകം മാറിക്കൊണ്ടിരിക്കുകയാണ്. നമ്മൾ കാര്യങ്ങൾ ഗ്രഹിച്ചതിനു മുമ്പേ അവർക്കിതൊക്കെ അറിയാനാവും പറ്റും. അതുകൊണ്ടു പറയണം ഒരു കാലത്ത്, ഇത്രമാത്രം വിശാലമല്ലായിരുന്ന പഴയ കാലത്ത്, നമ്മുടെ ആൾക്കാരുടെ ഇടയിൽ ഉണ്ടായിരുന്ന ആചാരമാണിതൊക്കെ. അന്നവർക്ക് ഇതല്ലാതെ മറ്റൊന്നില്ലായിരുന്നു, ഇന്നു നമുക്കു ചുറ്റും മൊബൈലും ടീവിയും കമ്പ്യൂട്ടറും സിനിമയും ഇന്റെർനെറ്റും ഗോളാന്തരയാത്രകളും ഒക്കെയുണ്ട്. ഏതൊരറിവും ഒരു വിരൽമാത്ര ദൂരത്തിൽ നമ്മെയും കാത്തിരിപ്പുണ്ട്. നമ്മൾ പൂർവ്വികരുടെ ആചാരം തുടരുന്നു എന്നേ ഉള്ളൂ. നല്ല നല്ല പ്രാർത്ഥനകൾ ആ അർത്ഥത്തിൽ ചൊല്ലാൻ പറഞ്ഞാൽ അവരത് ചെയ്യും. അതിന്റെ അർത്ഥവ്യാപ്തി അവരുടെ മനസ്സു തെളിയിക്കും. ഇതൊന്നും പറയാതെ, വൈകുന്നേരങ്ങളിൽ വിളക്കും വെച്ച് അവരെ പ്രാർത്ഥനാനിരതരാക്കുന്നത് ശുദ്ധവിഡ്ഢിത്തം മാത്രമായിപ്പോവും. അവർ ഗൂഡമായി നമ്മെ നോക്കി ചിരിക്കും.

വിശ്വാസം

bhkthi, ഭക്തി ഇന്ന്വിശ്വാസികളെല്ലാം ഒരുപോലെയാണ്;
ഹൈന്ദവരാകട്ടെ, ക്രൈസ്തവരാവട്ടെ, മുഹമ്മദീയരാവട്ടെ മാർക്സിസ്റ്റുകാരാവട്ടെ, സംഘികളാവട്ടെ… അവർക്കു വലുത് അവരുടെ വിശ്വാസപ്രമാണങ്ങളാണ്; അവരുടെ തത്ത്വസംഹിതകളാണ്… അതിൽ തെറ്റുണ്ടെന്നോ, ഉണ്ടാവാം എന്നു പോലുമോ അവർ വിശ്വസിക്കാൻ തയ്യാറല്ല… ഞങ്ങൾ മാത്രമാണു ശരിയെന്ന ധാരണ പലകാര്യങ്ങൾ കൊണ്ട് വിശ്വാസികളിൽ രൂഢമൂലമാവുന്നു. ഇവരോടുള്ള ആശയസംവാദങ്ങൾ പുരോഗമനപരമായിരിക്കില്ല; തർക്കിക്കാതിരിക്കലോ മൗനപാലനമോ ആണ് അഭികാമ്യം. പറയുന്നവരെ കുറ്റപ്പെടുത്താനും ഒറ്റപ്പെടുത്താനും അവരവരുടെ കൂട്ടായ്മകൾ നല്ല സഹകരണവുമാണ്.

ഏറെകാലപ്പഴക്കമുള്ളതാണ്, അല്ലെങ്കിൽ നൂറ്റാണ്ടുകൾ പഴക്കമുള്ളതാണവരുടെ വിശ്വാസസംഹിതകൾ എന്നു പറഞ്ഞാൽ അവരതു കൂട്ടാക്കില്ല; ഇന്നുമതിനു വജ്രത്തിളക്കമെന്നേ അവർ പറയൂ!! വരും കാലത്തെ മുങ്കൂട്ടി കണ്ട് എഴുതിയതാണവയൊക്കെയും എന്ന മിഥ്യാധാരണയിലാണ് ഓരോ അന്ധവിശ്വാസികളുടേയും ജീവിതം തന്നെ.

അന്നന്നത്തെ ശാസ്ത്രവും ചരിത്രവും ഒക്കെയേ പഴയ കൃതികളിൽ ഉള്ളൂ, അല്ലെങ്കിൽ അന്നത്തെ ശാസ്ത്രവും ചരിത്രവും വെച്ച് അല്പം കൂടെ ദീർഘവീക്ഷണത്തോടെ എഴുതിയവയാണവകൾ. ആ അർത്ഥത്തിൽ ഇവ വായിച്ചെടുക്കുക എന്നത് ഏറെ ഹൃദ്യമാണ്. നല്ലൊരു ചരിത്ര കുതുകിക്ക് ഇതിൽപരം സായൂജ്യം വേറെ ഇല്ലാത്തതാണ്. ആ കാലഘട്ടത്തിന്റെ മാനങ്ങളറിഞ്ഞ് ഈ വിശ്വാസങ്ങളെ വായിക്കുക എന്നത് ഏറെ രസകരമാവുന്നത് അപ്രകാരമാണ്. ഇവരെ അവിശ്വാസികളെന്നോ നിരീശ്വരവാദികളെന്നോ അരാഷ്ട്രീയ വാദികളെന്നോ ഒക്കെ ഓമനപ്പേരിട്ട് വിശ്വാസികൾ വിളിക്കുന്നു. പക്ഷേ, വിശ്വാസിക്ക് അത് ജീവനും ജീവിതവും ആകുന്നു എന്നാതാണു സത്യം.

ഒഴുക്കില്ലാത്ത ജലം പോലെ തിരുത്തപ്പെടലുകളില്ലാതെയാണിവ ഇന്നു കിടക്കുന്നത്. അതുകൊണ്ടു തന്നെ പലതിനും ദുർഗന്ധം വന്നു തുടങ്ങിയിരിക്കുന്നു. കാലം മാറിയത് ഈ സംഹിതകൾ അറിയുന്നില്ല! അല്ലെങ്കിൽ കാലോചിതമായി അവ തിരുത്തപ്പെടുന്നില്ല. ആദികാവ്യമായ രാമായണവും പിന്നീടുള്ള മഹാഭാരതവും ഒക്കെ അനേക തവണ തിരുത്തപ്പെടലുകളിലൂടെ പല സമൂഹങ്ങളിലൂടെ പടർന്നു പന്തലിച്ചതാണ്. ജയം എന്നത് മഹാഭാരതം ആയി മാറുമ്പോഴേക്ക് ഒത്തിരി സാമുഹ്യകൂട്ടായ്മകളിലൂടെ വളർന്നു വിടന്ന സൗന്ദര്യമുണ്ടതിന്. കാലോചിതമായി കുമാരനാശനൊക്കെ ചിന്താവിഷ്ടയായ സീതയെ വരച്ചു ചേർത്തത് വിസ്മരിക്കാനാവില്ല – ആ മാറ്റം കാലത്തിന്റെ മാറ്റമാണ്. ഏതൊരു വിശ്വാസസംഹതിയിലും ഇതുപോലുള്ള കുഞ്ഞുകുഞ്ഞു മാറ്റങ്ങൾ കാലോചിതമായി വന്നു ചേരേണ്ടതാണ്. എന്നാൽ ഇന്നോ? കാലത്തെ ഉൾക്കൊള്ളാൻ പറ്റാതെ ഇവയൊക്കെ തന്നെയും വിമ്മിട്ടപ്പെടുന്നത് ഒരവിശ്വാസിക്ക് പുറത്തു നിന്നും കണ്ടുനിൽക്കാനാവും. ഭൂമി പരന്നതാണെന്നു പറയുന്ന ഒരു മതഭക്തനെ ഈയടുത്തു നമ്മൾ കണ്ടു! ദിവ്യഗർഭങ്ങളുടെ പൊളിച്ചെഴുത്തുകൾ കണ്ടു! ആരുമൊന്നും നേടാതെ പലതരം വായിട്ടലക്കലുകൾ അവിടവിടങ്ങളിൽ നടക്കുന്നുമുണ്ട്!

ഇന്നത്തെ യുക്തികൊണ്ട് അന്നത്തെ സാമൂഹിക ക്രമങ്ങളെ അളക്കുന്നത് അക്രമമാവും. പഴയ കാല സാമൂഹികക്രമങ്ങളെ അധികരിച്ചുണ്ടായ ഈ സംഹിതകൾ അതുണ്ടായ കാലത്തെ നിലനിൽപ്പിനായി ഉയർത്തിയ കഥകളും കീഴ്‌വഴക്കങ്ങളും ഇന്നിന്റെ ലോജിക്കിൽ ഒരു പക്ഷേ, പരിഹാസ്യമാവുന്നു… അച്ഛനോടൊപ്പം ശയിച്ച പെണ്മക്കളെ കുറിച്ചുള്ള ആ പുസ്തകം കുടുംബങ്ങൾക്കിടയിൽ പാരായണം ചെയ്യുന്നതു തന്നെ അബദ്ധമെന്ന് ഈയിടെ ഫെയ്സ്ബുക്കിൽ ഏതോ ഒരു സാമദ്രോഹി കുറിച്ചിട്ടതു കണ്ടു!! ചേട്ടച്ചാരെ കപടമാർഗത്തിൽ കൊന്ന് അയാളുടെ ഭാര്യയെ സ്വന്തമാക്കുന്ന അനുജൻ രാമായണത്തിൽ ഉണ്ട്! അഞ്ചു പുരുഷന്മാർ ഒരുപോലെ പങ്കിട്ടെടുത്ത പാഞ്ചാലി വസിക്കുന്നിടമാണ് ഭാരതകഥ! ദൈവപ്രീതിക്കായി മകനെ ബലി കൊടുക്കാൻ തയ്യാറായ അച്ഛന്റെ കഥ ഏതുരീതിയിൽ വിശ്വസിനീയമാവും!! ഇന്നിന്റെ കണ്ണിലിവയൊക്കെയും തെറ്റാവും… പക്ഷേ അന്നേത്തെ സാമൂഹിക വ്യവസ്ഥകൾ, കുടുംബബന്ധങ്ങൾ ഒക്കെ ആരറിഞ്ഞു!! ഈ പുസ്തകങ്ങളിൽ കാണുന്ന സൂചനകളിലൂടെ ഊഹിക്കാനേ നിർവ്വാഹമുള്ളൂ. അതിനു വിശ്വാസം മാറ്റിവെച്ച് ചരിത്രപരമായി ഇവകളെ നേരിടണം. ഇതാണു പറഞ്ഞുവന്നത്.

വിദ്യാഭ്യാസം

എന്താണു വിദ്യാഭ്യാസം!! ഇതൊരു വല്ലാത്ത ചോദ്യമാണിന്ന്. ഒരാളുടെ സർവ്വതോന്മുഖമായ മാറ്റമായിരുന്നു ഇതുകൊണ്ട് ഞാനിതിനെ വിവക്ഷിച്ചത്. എനിക്കിന്നും വിദ്യാഭ്യാസം ഇതൊക്കെ തന്നെ. എന്നെ അങ്ങനെയൊക്കെ പഠിപ്പിച്ചെടുത്ത നല്ലൊരു അദ്ധ്യാപകസമൂഹം ഉണ്ടെന്നത് ഏറെ ഹൃദ്യമായി തോന്നുന്നു. പക്ഷേ, ഇന്ന് ഇതല്ല വിദ്യാഭ്യാസം എന്നതിന്റെ നിർവചനം എന്നു തോന്നിത്തുടങ്ങി. കഴിഞ്ഞ 15 ഓളം വർഷങ്ങളായി കണ്ടു പരിചരിച്ച രീതിയിൽ ഞാൻ കണ്ടെടുത്ത കാര്യങ്ങൾ മാത്രമാണിത്. ഒരു പക്ഷേ തെറ്റാവാം. പിതാക്കൾ മക്കൾക്ക് വിദ്യാഭ്യാസം എന്ന പേരിൽ പരിശീലനം നടത്തുന്നത് സർവ്വതോന്മുഖമായ വികസനത്തിനല്ല, പകരം നല്ലൊരു ജോലി വാങ്ങിക്കാനാവശ്യമായ കരുതൽ മാത്രമാണ്. പ്രൊഫഷണൽ വിദ്യാഭസം ഈ കാലയളവിൽ പെട്ടന്നു വന്നൊരു സംഗതിയാണ്. എം. സി. എ, എം. ബി. എ, ഹോട്ടൽ മനേജ് മെന്റ്, എന്നിങ്ങനെ പലതാണു പാഠ്യവിഷയങ്ങൾ. നല്ല ടെക്നിക്കൽ അറിവുള്ളവരായി ഏവരുടേയും ടെക്നിക്കൽ ചോദ്യങ്ങൾ കൃത്യമായി മറുപടിയുള്ളവരായി പഠിതേതാക്കൾ മാറി വരുന്നുണ്ട്. ഈ ടെക്നിക്കൽ അറിവാണോ വിദ്യാഭ്യാസം?

സമൂഹത്തിൽ ഇറങ്ങി നാലു നാടൻ ചോദ്യങ്ങൾക്ക് ഉത്തരം പറയാനാവാതെ ഉഴറി നിൽക്കുമ്പോൾ, ഒരു ചെക്ക് ലീഫിൽ ഒപ്പിട്ട് പൂരിപ്പിച്ച് വഴിസൈഡിലെ ബോക്സിൽ നിക്ഷേപിക്കാൻ ധൈര്യമില്ലാതെ പകച്ചു നിൽക്കുമ്പോൾ, നല്ലൊരു സാമൂഹിക ബോധം പകർന്നാടാനാവാതെ തികഞ്ഞ വേഷവിധാനങ്ങളിൽ കോമാളിവേഷം ആടിത്തിമർക്കുമ്പോൾ ഇവർക്കുള്ളത് വിദ്യാഭ്യാസമാണോ എന്ന് സംശയിച്ചു പോവുന്നു. എന്തായാലും ടെക്നിക്കൽ അറിവല്ല വിദ്യാഭ്യാസം എന്ന് ഞാനുറപ്പിച്ചു പറയുന്നതിനു കാരണം ഇത്തരത്തിലുള്ള അനുഭവസമ്പത്ത് തന്നെയാണ്. കോളേജ് ബസ്സ് ഒരു നാളിൽ ഇല്ലാതിരുന്നതിന് പേടിച്ചു കരഞ്ഞ ഒരു രണ്ടാം വർഷബുരുധവിദ്യാർത്ഥിയെ അറിയാം! അവൾക്ക് ഒറ്റയ്ക്ക് വീട്ടിൽ പോകാനറിയില്ല!! കാരണം ജീവിതത്തിൽ അതുവരെ ബസ്സുകളിലോ ഓട്ടോയിലോ കയറി ഒറ്റയ്ക്ക് പോയിട്ടില്ല. ആകപ്പാടെ 7 കിലോമീറ്റർ അപ്പുറത്തുള്ള വീട്ടിലേക്ക് ഒറ്റയ്ക്ക് പോകാനാവാതെ പകച്ചു കരഞ്ഞ രണ്ടാം വർഷ ബിരുധവിദ്യാർത്ഥി എന്നു പറയുമ്പോൾ ആരാണു നാണം കെടേണ്ടത്!! പിതാക്കൾക്കാണു വിദ്യാഭ്യാസം ആദ്യം വേണ്ടത്. ഒരു തലമുറ വരേണ്ടത് അവരിലൂടെയാണ്. അനാവശ്യ വിശ്വാസസംഹിതകൾ കുഞ്ഞുതലയിൽ കയറ്റിവെച്ച് ബുദ്ധിമുട്ടിക്കുന്നതിനു പകരം സമൂഹത്തിൽ ഇറങ്ങി കണ്ടറിഞ്ഞു പഠിക്കാനുള്ള മാർഗമാണന്വേഷിക്കേണ്ടത്.