തെയ്യങ്ങളെ കുറിച്ച്

കേരളത്തിൻ്റെ വടക്കൻ മലബാറിൻ്റെ മണ്ണിൽ, കാവുകളിലും തറവാടുകളിലും അനുഷ്ഠിച്ച് വരുന്ന ഒരു പ്രധാനപ്പെട്ട അനുഷ്ഠാനരൂപമാണ് തെയ്യം. തെയ്യം എന്നത് കേവലം ഒരു കലാരൂപം മാത്രമല്ല, അത് ഒരു സംസ്കാരമാണ്, ചരിത്രമാണ്, ഒരു ജീവിതരീതിയാണ്. ഇത് വടക്കൻ കേരളത്തിലെ ജനങ്ങളുടെ വിശ്വാസങ്ങളുടെയും ജീവിതത്തിൻ്റെയും ഭാഗമാണ്. കളിയാട്ടം എന്നും തിറയാട്ടം എന്നും അറിയപ്പെടുന്ന ഈ അനുഷ്ഠാനകല, മത്സരങ്ങൾക്ക് പോയിൻ്റുകൾ നേടാനുള്ള ഒരു പ്രകടനമല്ല, മറിച്ച് തലമുറകളായി കൈമാറിവന്ന ആചാരങ്ങളുടെയും അനുഷ്ഠാനങ്ങളുടെയും പ്രതിഫലനമാണ്. കൃത്യമായ സമയങ്ങളിലും നിശ്ചിത സ്ഥലങ്ങളിലും, അനുവാദം ലഭിച്ചവർ മാത്രം ചെയ്യുന്ന ഒരു അനുഷ്ഠാനമാണിത്. ഏകദേശം 1500-ൽ അധികം രൂപഭേദങ്ങളുള്ള തെയ്യം, ഓരോന്നിൻ്റെയും ഐതിഹ്യവും ആചാരങ്ങളും വ്യത്യസ്തമാണ്.

തെയ്യത്തിന്റെ ചരിത്രം, സാമൂഹിക പ്രാധാന്യം, പരിണാമം എന്നിവയെക്കുറിച്ച് വിശദമായി താഴെ കൊടുക്കുന്നു

തെയ്യത്തിന്റെ ഉത്ഭവം

തെയ്യം എന്ന വാക്കിൻ്റെ ഉത്ഭവം “ദൈവം” എന്ന വാക്കിൽ നിന്നാണ്. ദൈവത്തെ മനുഷ്യരൂപത്തിൽ അവതരിപ്പിക്കുന്നതിനെയാണ് തെയ്യം എന്ന് പറയുന്നത്. പ്രാചീനകാലത്തെ ദ്രാവിഡ സംസ്കാരത്തിൽ നിന്നാണ് ഈ കലാരൂപം ഉടലെടുത്തത്. ഗോത്രവർഗ്ഗങ്ങളുടെ വിശ്വാസങ്ങളും ആചാരങ്ങളും ഇതിൽ ആഴത്തിൽ വേരൂന്നുന്നു. മനുഷ്യൻ പ്രകൃതിയെയും, വന്യമൃഗങ്ങളെയും, പ്രകൃതിയിലെ പ്രതിഭാസങ്ങളെയും ഭയപ്പെട്ടിരുന്ന കാലഘട്ടത്തിൽ, ആ ഭയത്തിൽ നിന്നും ഉടലെടുത്ത ആചാരങ്ങളുടെ ശേഷിപ്പുകളാണ് പല തെയ്യങ്ങളും. തീയിട്ടും ചെണ്ടകൊട്ടിയും വന്യമൃഗങ്ങളെ വേട്ടയാടിയും കാടിനെ ഭയപ്പെടുത്താൻ ശ്രമിച്ച ആദിമ ദ്രാവിഡൻ്റെ ലീലാവിലാസങ്ങളായിപ്പോലും ഇതിനെ ചില പണ്ഡിതന്മാർ വിലയിരുത്തുന്നു. ഓരോ ഗോത്രസമൂഹത്തിലും നിലനിന്നിരുന്ന ആചാരങ്ങളും വിശ്വാസങ്ങളും തെയ്യത്തിലൂടെയാണ് സംരക്ഷിക്കപ്പെട്ടത്. തെയ്യം എന്നത് സമൂഹത്തിന്റെ കൂട്ടായ ഓർമ്മകൾക്കും, ചരിത്രത്തിനും, വിശ്വാസങ്ങൾക്കും ഒരു ദൃശ്യരൂപം നൽകുന്നു.

ആരൊക്കെയാണ് തെയ്യങ്ങളായത്?

തെയ്യങ്ങൾ എന്നത് വെറും ഐതിഹ്യ കഥാപാത്രങ്ങൾ മാത്രമല്ല, മറിച്ച് സമൂഹത്തിൽ ജീവിച്ചിരുന്ന സാധാരണക്കാരായ മനുഷ്യരും, അവർ അനുഭവിച്ച ജീവിതാനുഭവങ്ങളും, അവരുടെ ത്യാഗങ്ങളുമാണ്. തെയ്യങ്ങളായി കെട്ടിയാടപ്പെടുന്ന വ്യക്തിത്വങ്ങളെ പ്രധാനമായും മൂന്ന് വിഭാഗങ്ങളായി തിരിക്കാം:

  1. വീരപുരുഷന്മാരും വീരമാതാക്കളും: സമൂഹത്തിനുവേണ്ടി പോരാടുകയും, നീതിക്കുവേണ്ടി നിലകൊള്ളുകയും, വീരമരണം വരിക്കുകയും ചെയ്ത വ്യക്തിത്വങ്ങളാണ് ഈ വിഭാഗത്തിൽ വരുന്നത്. ഉദാഹരണത്തിന്, നാടുവാഴികളുടെ പടയാളികളോ, നീതിക്കുവേണ്ടി രക്തസാക്ഷിത്വം വരിച്ചവരോ ആകാം ഇവർ. വയനാട്ടുകുലവൻ തെയ്യം ഒരു പ്രധാന ഉദാഹരണമാണ്. കാടിന്റെയും ഗോത്രവർഗ്ഗങ്ങളുടെയും രക്ഷകനായി കണക്കാക്കുന്ന ഈ തെയ്യം, വേട്ടയാടലിൻ്റെയും അതിജീവനത്തിൻ്റെയും കഥകൾ പറയുന്നു. അതുപോലെ, വീരശൂരപരാക്രമികളായ അമ്മമാരും വീരമാതാക്കളായി തെയ്യത്തിൽ ആരാധിക്കപ്പെടുന്നു.
  2. ദൈവങ്ങൾ: പ്രാചീനകാലം മുതൽ ആരാധിക്കപ്പെടുന്ന ദൈവങ്ങളും തെയ്യങ്ങളായി കെട്ടിയാടപ്പെടുന്നു. മുച്ചിലോട്ട് ഭഗവതി ഈ വിഭാഗത്തിൽ വരുന്നു. ഐതിഹ്യമനുസരിച്ച്, യാതൊരു തെറ്റും ചെയ്യാത്ത ഒരു യുവതിയെ സമൂഹം പുറത്താക്കുകയും, അവൾ ദേവിയായി മാറുകയും ചെയ്തു. ഈ തെയ്യം സ്ത്രീശക്തിയുടെയും നീതിയുടെയും പ്രതീകമാണ്. അതുപോലെ, ശിവന്റെയും വിഷ്ണുവിന്റെയും അവതാരങ്ങളും തെയ്യങ്ങളായി കെട്ടിയാടപ്പെടുന്നു.
  3. മനുഷ്യരും മൃഗങ്ങളും: ചില തെയ്യങ്ങൾ മനുഷ്യജീവിതത്തിൽ വലിയ സ്വാധീനം ചെലുത്തിയവരാണ്. ചിലപ്പോൾ അവരൊരു രോഗത്തിൽ നിന്ന് രക്ഷിച്ചവരോ, അറിവ് നൽകിയവരോ, സമൂഹത്തിൽ മാറ്റങ്ങൾ കൊണ്ടുവന്നവരോ ആകാം. കൂടാതെ, മൃഗങ്ങളെയും തെയ്യങ്ങളായി ആരാധിക്കാറുണ്ട്. ഇത് മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ആഴത്തിലുള്ള ബന്ധത്തെയാണ് സൂചിപ്പിക്കുന്നത്. ഗുളികൻ തെയ്യം ഉദാഹരണമാണ്. ശിവൻ്റെ കാവൽക്കാരനായ ഗുളികൻ, മരണത്തിൻ്റെയും ദുരന്തങ്ങളുടെയും തെയ്യമായി അറിയപ്പെടുന്നു.

രൂപ, ഭാവ, ആചാരങ്ങളിൽ കാലക്രമത്തിൽ വന്ന മാറ്റങ്ങൾ

കാലം മാറിയപ്പോൾ, തെയ്യത്തിൻ്റെ രൂപത്തിലും ഭാവത്തിലും ആചാരങ്ങളിലും വലിയ മാറ്റങ്ങൾ വന്നിട്ടുണ്ട്. പഴയ കാലത്ത് കടുത്തതും ക്രൂരവുമായ പല ആചാരങ്ങളും തെയ്യത്തിൻ്റെ ഭാഗമായിരുന്നു. എന്നാൽ ആധുനിക സമൂഹത്തിൻ്റെ കാഴ്ചപ്പാടുകൾക്കനുസരിച്ച് ഈ ആചാരങ്ങളിൽ പലതും മാറ്റിയെടുത്തു.

  • മൃഗബലി: പണ്ട് തെയ്യങ്ങൾക്ക് ജീവനുള്ള മൃഗങ്ങളെയും പക്ഷികളെയും ബലി നൽകിയിരുന്നു. ഇത് തെയ്യത്തിൻ്റെ ഭാഗമായ ഒരു പ്രധാന ചടങ്ങായിരുന്നു. എന്നാൽ മൃഗങ്ങളോടുള്ള ക്രൂരതയ്ക്കെതിരെയുള്ള പൊതുസമൂഹത്തിൻ്റെ കാഴ്ചപ്പാടുകൾ മാറിയപ്പോൾ ഈ ആചാരങ്ങളിൽ മാറ്റങ്ങൾ വന്നു. ഇന്ന് പല സ്ഥലങ്ങളിലും ജീവനുള്ള കോഴിയെ വെട്ടുന്നതിനു പകരം, കോഴിയിറച്ചി ഉപയോഗിക്കുന്നു. അതുപോലെ, വലിയ മൃഗങ്ങളെ ബലി നൽകുന്നത് അപൂർവ്വമായി.
  • വേട്ടയാടൽ: വയനാട്ടുകുലവൻ, കൈതചാമുണ്ഡി തുടങ്ങിയ തെയ്യങ്ങളിൽ വേട്ടയാടൽ ഒരു പ്രധാന ചടങ്ങായിരുന്നു. കാട്ടിൽ നിന്നും മൃഗങ്ങളെ വേട്ടയാടി കൊണ്ടുവന്ന് തെയ്യത്തിനു മുന്നിൽ അറുത്ത്, അതിൻ്റെ രക്തം സ്വീകരിക്കുന്ന രീതി നിലവിലുണ്ടായിരുന്നു. എന്നാൽ ഇന്ന് ഈ ആചാരം പലയിടത്തും ഒഴിവാക്കുകയോ, അല്ലെങ്കിൽ ഒരു മൃഗത്തിൻ്റെ രൂപം ഉണ്ടാക്കി അതിനെ അമ്പ് എയ്തു വീഴ്ത്തുകയോ ചെയ്യുന്ന ഒരു നാടകമായി മാറി.
  • സാങ്കേതികവിദ്യയുടെ സ്വാധീനം: തെയ്യം ഇപ്പോഴും ഒരു അനുഷ്ഠാനമാണ്. എന്നാൽ മൊബൈൽ ഫോണുകളും ക്യാമറകളും തെയ്യത്തെ സോഷ്യൽ മീഡിയയിൽ എത്തിക്കാൻ സഹായിച്ചു. ഇതോടെ തെയ്യം ലോകമെമ്പാടുമുള്ള ആളുകൾക്ക് പരിചിതമായി. ഇത് തെയ്യത്തിന് കൂടുതൽ പ്രചാരം നേടിക്കൊടുത്തുവെങ്കിലും, പലപ്പോഴും ആചാരങ്ങളുടെ പവിത്രതയെ ഇത് ബാധിക്കുന്നുണ്ടോ എന്ന ചോദ്യം ഉയരുന്നുണ്ട്. മൊബൈൽ ക്യാമറകൾ നിരോധിച്ചിട്ടുള്ള പല തെയ്യക്കാവുകളും ഇപ്പോഴുമുണ്ട്.
  • വസ്ത്രങ്ങളിലും ചമയങ്ങളിലും വന്ന മാറ്റങ്ങൾ: പഴയകാലത്തെ തെയ്യങ്ങളുടെ വസ്ത്രങ്ങളും ചമയങ്ങളും പ്രകൃതിദത്തമായ വസ്തുക്കൾ ഉപയോഗിച്ചായിരുന്നു. എന്നാൽ ഇന്ന് കൂടുതൽ വർണ്ണശബളമായതും, എളുപ്പത്തിൽ ലഭ്യമാകുന്നതുമായ വസ്തുക്കൾ ഉപയോഗിക്കുന്നു.

നിലവിലെ അവസ്ഥ

ഇന്ന് തെയ്യം ഒരു വലിയ സാംസ്കാരിക പ്രതിഭാസമായി നിലകൊള്ളുന്നു. ടൂറിസം മേഖലയിൽ ഇത് വലിയ ശ്രദ്ധ നേടി. വിദേശികൾ ഉൾപ്പെടെ നിരവധി സഞ്ചാരികൾ തെയ്യം കാണാനും അതിൻ്റെ ആചാരങ്ങളെക്കുറിച്ച് മനസ്സിലാക്കാനും കേരളത്തിലെത്തുന്നു. ഇത് തെയ്യത്തിൻ്റെ പ്രാധാന്യം വർദ്ധിപ്പിച്ചുവെങ്കിലും, ഇത് തെയ്യത്തിൻ്റെ യഥാർത്ഥ സ്വഭാവത്തെ മാറ്റുന്നുണ്ടോ എന്ന ആശങ്കയുമുണ്ട്. തെയ്യം എന്നത് ഒരു വിനോദോപാധിയായി മാത്രം കാണരുതെന്നാണ് പല തെയ്യം കലാകാരന്മാരുടെയും അഭിപ്രായം.

തെയ്യത്തിന്റെ ഭാവി, ആചാരങ്ങളും വിശ്വാസങ്ങളും നിലനിർത്തിക്കൊണ്ട് എങ്ങനെ കാലത്തിനനുസരിച്ച് അതിനെ മാറ്റിയെടുക്കാം എന്നതിനെ ആശ്രയിച്ചിരിക്കുന്നു. തെയ്യം എന്നത് ഒരു കലാരൂപം എന്നതിലുപരി, അതൊരു ജീവിതമാണ്, അതൊരു ചരിത്രമാണ്. അത് അടുത്ത തലമുറയിലേക്ക് കൈമാറ്റം ചെയ്യപ്പെടേണ്ട ഒരു അമൂല്യ സമ്പത്താണ്.

എരുതുകളി

മാവിലസമുദായത്തിന്റെ പ്രധനപ്പെട്ടൊരു കലാരൂപമാണ് എരുതുകളി. കാസർഗോഡ് ജില്ലയിലും, കണ്ണൂർ ജില്ലയിലും ഉള്ള ആദിവാസിവിഭാഗമാണ് മാവിലർ. ഹോസ്‌ദുർഗ് താലുക്കിലാണ്‌ ഇവരെ കൂടുതലായി കണ്ടുവരുന്നത്. തുളുവും മലയാളവും ഇടകലർന്ന ഭാഷയാണ്‌ ഇവർ ഉപയോഗിക്കുന്നത്. പ്രാചീനകാലം മുതൽ തന്നെ മലനിരകളിൽ ജീവിതം നയിച്ച ആദിവാസികളാണ്‌ പിന്നീട് ചെറുമൻ എന്നും മാവിലൻ എന്നും അറിയപ്പെടുന്നത്. വേട്ടയാടിയും കാട്ടുകിഴങ്ങുകൾ ഭക്ഷിച്ചും ഇവർ പിന്നീട് കാർഷികവൃത്തിയിലേക്കു തിരിയുകയുണ്ടായി. വേട്ടയാടലിനു പുറമേ കാട്ടിൽതന്നെ ഇവർ ചെറിയതോതിലുള്ള കൃഷികളും ചെയ്തു വന്നിരുന്നു. കാലക്രമേണ ഉയർന്ന ജാതിക്കാർ ഇവരെ അടിമകളാക്കുകയും വിൽക്കുകയും പാട്ടത്തിനു നൽകുകയും ചെയ്തു. ഈ വിഭാഗക്കാർക്ക് ഭൂമിയുടെ സ്ഥിരാവകാശം ലഭിക്കുന്നത് 1957 മുതലാണ്‌. ജന്മിമാർ പറയുന്ന ഇടങ്ങളിൽ മാറിമാറി താമസിച്ചാണ്‌ അതുവരെ ഇവർ കഴിഞ്ഞിരുന്നത്. മാവിലന്മാർ ബന്തടുക്ക ആസ്ഥാനമാക്കി തുളുനാട് ഭരിച്ചിരുന്നവരായിരുന്നു എന്നും പറയപ്പെടുന്നു.

മാവിലസ്ത്രി
മാവിലസ്ത്രി

പത്താമുദയദിവസം (തുലാമാസം പത്താം തിയ്യതി) മുളയും പുല്ലും വെച്ച് കാളയുടെ(എരുത്) രൂപം കെട്ടി വീടുകൾ കയറി മാവിലർ നൃത്തം ചെയ്യുന്ന രീതിയാണിത്. വീടുകളിൽ ഐശ്വര്യം ലഭിക്കാനാണിങ്ങനെ ആടുന്നത്.കാലിയനും മരമീടനും ചേർന്നുള്ള നൃത്തരൂപമാണിത്. കാളയുടേത് പോലുള്ള ഒരു മുഖാവരണം അണിഞ്ഞിരിക്കും. വീട്ടുകളിൽ നിന്നും അരി, തേങ്ങ, പണം, മുണ്ട് എന്നിവ ഇവർക്ക് പ്രതിഫലമായി ലഭിക്കും. അവസാനം, എരുതിനെ അഴിച്ചു വിട്ട് അതിനു പുല്ലും വെള്ളവും കൊടുക്കുന്ന ചടങ്ങുണ്ട്, അപ്പോൾ നരിവേഷം(പുലി) കെട്ടിയ ആൾ എരുതിനുമേൽ ചാടിവീഴുന്നതോടെ ആ കലാരൂപം അവസാനിക്കുന്നു. തുലാ മാസം പത്തിന് മാവിലർ തങ്ങളുടെ ഗ്രാമപ്രവിശ്യയിൽ നടത്തുന്ന ഒരു വിനോദ കലാരൂപമാണിത്. ‘എരുത്’ എന്ന വാക്കിന്റെ അർത്ഥം വലിയ കാള എന്നാണ്. മുളങ്കമ്പുകളും വൈക്കോലും തുണിയും മരത്തലയും കൊണ്ട് നിർമ്മിക്കുന്ന എടുപ്പുകാളയാണ് എരുതുകളിയിലെ പ്രധാന കഥാപാത്രം. കാളയേയും വഹിച്ച് താളനിഷ്ഠയോടെ ആടിപ്പാടി മാവിലർ വീടുകൾ തോറും കയറി ഇറങ്ങും. വാദ്യങ്ങളായി ചെണ്ടയും ചിപ്പിലയും ഉപയോഗിക്കും. വാദ്യത്തിനനുസരിച്ച് പാട്ടും നൃത്തവും ഉണ്ട്. കാർഷികവൃത്തിക്ക് ആരംഭം കുറിച്ചു കൊണ്ടുള്ള പാട്ടുകളാണ് ഇതിലുപയോഗിക്കുന്നത്. കളിക്കാർക്കു വീട്ടുകാർ സമ്മാനങ്ങളും നൽകും. തുലാപ്പത്തിനു തുടങ്ങുന്ന കളി കുറേ ദിവസങ്ങളോളം നീണ്ടു നിൽക്കും.

കൊയ്ത്ത് ഉത്സവത്തിനു ശേഷം ജന്മികളുടെ വീടുകളിൽ കയറി ഇറങ്ങി ഭിക്ഷാംദേഹികളായി മാവിലർ നടത്തുന്ന അനുഷ്ഠാനരൂപമായാണിതു നടത്തുന്നത്. നാട്ടുപ്രമാണിമാരും ജന്മിമാരും അക്കാലത്ത് സുബ്രഹ്മണ്യം കോവൊലിൽ പോയി, അവിടെനിന്നും ഉഴുവ് കാളകളെ കൊണ്ടുവന്നിരുന്നു. ഈ ഉഴുവുകാളകൾക്ക് കണ്ണുതട്ടാതിരിക്കാനായി മാവിലനെ കാളയാക്കി വാദ്യഘോഷങ്ങളോടെ കൊണ്ടുവരുന്നതിൽ നിന്നാണ് ഈ അനുഷ്ഠാനം രൂപം കൊണ്ടത്. തുലാം പത്തിന് കാളകൾക്ക് മാലയും ആടയാഭരണങ്ങളും ചാർത്തി ഭിക്ഷാധാന്യങ്ങളും പണവും സ്വീകരിക്കുന്ന ചടങ്ങായിതു മാറി. ഏഴോളം മാവിലർ ഇതുമായി ബന്ധപ്പെട്ട് കളിയിൽ ഉണ്ടായിരിക്കണം. ചൂരൽ, പ്രത്യേകതരം തുണി എന്നിവ ചേർത്താണ് കാളയുടെ രൂപം ഉണ്ടാക്കുന്നത്. ചെണ്ടമേളത്തിനോടൊപ്പം നൃത്തവും ചെയ്യും, കാളരൂപത്തിന്റെ നൃത്തചുവടുകൾക്ക് അനുസൃതമായി പ്രത്യേകതരം പൊലിച്ചുപ്പാട്ടുണ്ട് എരുതുകളിക്ക്. മേലാളന്മാരെ സ്തുതിച്ചുകൊണ്ടുള്ള പാട്ടുകളാണ് ഭൂരിപക്ഷവും

 

 

ആരായിരുന്നു നമ്മൾ!

തിരിഞ്ഞുനോട്ടം
തൊണ്ണൂറ് വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള മലബാറിലെ ജനജീവിതം ഏതവസ്ഥയിലായിരുന്നു എന്ന് അടയാളപ്പെടുത്തുന്ന ചിത്രങ്ങള്‍ . 100 വർഷങ്ങൾക്കു മുമ്പ് നമ്മൾ ആരായിരുന്നുവെന്നും ഇന്നു നമ്മൾ എത്രമാത്രം മുന്നോട്ട് പോയിരിക്കുന്നുവെന്നും ഈ ചിത്രങ്ങൾ സാക്ഷ്യപ്പെടുത്തുന്നു. വളരെ വിജ്ഞാനപ്രദവും കൗതുകകരവും ആണിവ, പഴയ കാലത്തെ തൊഴിൽ, സംസ്കാരം, ഭൂപ്രകൃതി, വേഷഭൂഷാദികൾ തുടങ്ങിയവയെല്ലാം ഇതിൽ ദൃശ്യമാണ്. ജാതിഭേദവും തൊഴിലും ജനജീവിതത്തിലുള്ള സ്വാധീനം ഈ ചിത്രങ്ങളിൽ വ്യക്തമായി കാണാം, കാലമെത്ര മാത്രം മാറിപ്പോയിരിക്കുന്നു എന്ന് വിളിച്ചുപറയുന്നുണ്ട് ഈ ദൃശ്യവിരുന്ന്. സതേണ്‍ കാലിഫോര്‍ണിയ യൂണിവേഴ്സ്റ്റി ഡിജിറ്റല്‍ ലൈബ്രറിയില്‍ സൂക്ഷിച്ചിട്ടുള്ള ഈ ദൃശ്യങ്ങള്‍ മദ്രാസിലുണ്ടായിരുന്ന ക്ലെയിന്‍ ആന്റ് പേള്‍ സ്റ്റുഡിയോവിലെ ഫോട്ടോഗ്രാഫര്‍മാര്‍ എടുത്തതാണ്. ഫോട്ടോഗ്രാഫേഴ്‌സിനെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമല്ല. ബാസല്‍ മിഷന്‍ ശേഖരിച്ച ചിത്രങ്ങളാണിവ.
(കോപ്പിറൈറ്റ്: മിഷന്‍ 21/ബാസല്‍ മിഷന്‍ ).
മാതൃഭൂമി ഇത് പ്രസിദ്ധീകരിച്ചിരുന്നു.

കഴകങ്ങൾ

ചിലപ്പോൾ കേരളത്തിലെ തെക്കൻ‌ ജില്ലകളിൽ ഉള്ളവർ ഇങ്ങനെയൊരു കൂട്ടായ്‌മയെ കുറിച്ച് കേട്ടിട്ടുപോലും ഉണ്ടാവില്ല… ഒരു കൂട്ടായ്മയാണിത്. ദ്രാവിഢകാലത്തോളംമ്പഴക്കം കാണുമായിരിക്കണം ഈ സംഗതിക്ക്. വടക്കേ മലബാറിൽ ഇന്നും തളരാതെ ഹൈന്ദവതയിൽ ലയിച്ച്, എന്നാൽ വിശ്വാസപ്രമാണങ്ങളിൽ നിന്നും വ്യത്യസ്ഥത പുലർത്തി നിൽക്കുന്ന ഒരു കൂട്ടായ്മയാണിത്.

കഴകം
വടക്കേ മലബാറിൽ‌ കണ്ടുവരുന്ന ഒട്ടുമിക്ക സമുദായങ്ങളുടേയും ആരാധനാലയങ്ങളായ താനം, തറ, പള്ളിയറ, കോട്ടം, കാവുകൾ, മുണ്ട്യ തുടങ്ങിയ സങ്കേതങ്ങൾ‌ക്ക്‌ നേതൃത്വം‌ നൽ‌കുന്ന ഭരണസിരാകേന്ദ്രവും ആരാധനാലയവുമാണ്‌ കഴകം. ഉത്തര കേരളത്തിലെ വൈദികേതരമായ കൂട്ടയ്‌മയിൽ‌ പ്രഥമസ്ഥാനം‌ അർ‌ഹിക്കുന്നവയാണ്‌ കഴകങ്ങൾ. സമുദായത്തിന്റെ കീഴിൽ‌ താനങ്ങളുടെ എണ്ണം‌ പെരുകുമ്പോൾ‌ അവയെ നിയന്ത്രിക്കാൻ‌ മേൽ‌ഘടകമായാണ്‌ കഴകം‌ രൂപം‌ കൊള്ളുന്നത്.കഴകം‌ എന്ന പദം‌ വിവിധ അർ‌ത്ഥങ്ങളിലാണ്‌ ഓരോ ദേശത്തും‌ അറിയപ്പെടുന്നത്. കോലസ്വരൂപത്തിലും അള്ളടസ്വരൂപത്തിലുമായിരുന്നു കഴകങ്ങൾ‌ ആരം‌ഭിച്ചത്. രാജ്യത്തിന്റെ പൊതുകാര്യങ്ങളിൽ‌ ചർ‌ച്ച നടത്താനും‌ തിരുമാനമെടുക്കാനുമുള്ള സഭ എന്ന അർ‌ത്ഥമാണ്‌ അന്നു കഴകം‌ എന്ന പദത്തിനു നൽ‌കിയിരുന്നത്. ഘടകം‌ എന്ന സം‌സ്‌കൃതപദത്തിന്റെ തത്ഭവമാണ്‌ കഴകമെന്ന്‌ ചിലർ‌ അഭിപ്രായപ്പെടുന്നു. കഴകം‌ എന്ന പദം‌ ആദ്യം‌ തമിഴിലും‌ പിന്നീട്‌ മലയാളത്തിലും‌ പണ്ടുമുതലേ ഉപയോഗിച്ചു വരുന്നുണ്ട്. തെക്കേമലബാറിൽ‌ ക്ഷേത്രപൂജ നടത്തുന്ന കർ‌മ്മിയെ സഹായിക്കാനായി ശ്രീകോവിലിനു വെളിയിൽ‌ ഒരുക്കങ്ങൾ‌ ചെയ്തു സഹായിക്കുന്നവരെ കഴകക്കാർ‌ എന്നാണു വിളിക്കുക.

വിശദമായി മലയാളം വിക്കിപീഡിയയിൽ…