മധുസൂദനൻ നായരുടെ കവിതയാണിത്. കാട്ടിലേക്കുള്ള പോകാനുള്ള വഴി അന്വേഷിച്ചു വരുന്ന പക്ഷിയെ, വഴിയില്‍ അഞ്ചു വേടന്മാര്‍ വന്ന് പ്രലോഭനങ്ങളില്‍ വീഴ്ത്തുകയും അപായപ്പെടുത്താൻ ശ്രമിക്കുകയും അവിടെ നിന്ന് ഒരു തോഴൻ വന്ന് രക്ഷപ്പെടുത്തുകയും പക്ഷിക്ക് പുതിയൊരു വിപ്ലവ മനസ് ഉടലെടുക്കുകയും ചെയ്യുന്നതുമാണ് കവിതാ സന്ദർഭം. എല്ലാവരും കൊതിക്കുന്ന ഒരു മൂല്യാധിഷ്ടിത രാഷ്ട്രീയ വ്യവസ്ഥ ഇതിൽ കാണാവുന്നതാണ്. ജീവിക്കാനുള്ള വഴിയന്വേഷിച്ചു നടക്കുന്ന പാവം ജനങ്ങളെ രാഷ്ട്രീയക്കാർ ജനദ്രോഹനടപടികളിലൂടെ ദ്രോഹിക്കാൻ ശ്രമിക്കുകയും നേർവഴികാണിക്കുന്ന കൂട്ടുകാരെ വിശ്വസിക്കുകയും ചെയ്യുന്ന സംഗതിയായി ഇതിനെ വായിച്ചെടുക്കാവുന്നതാണ്.
[ca_audio url=”https://chayilyam.com/stories/poem/MadhusoodananNair/oru_kiliyum_anju_vedanmarum.mp3″ width=”100%” height=”27″ css_class=”codeart-google-mp3-player” autoplay=”false”]
കാട്ടില്‍ പോണ വഴിയേത് കാട്ടി തരുവാന്‍ ആരുണ്ട്
കാടറിയാ കിളി കഥ അറിയാ കിളി കരളാല്‍ ഒരു മൊഴി ചോദിച്ചു
കണ്ണിനു കാണാ തോഴന്‍ കിളിയുടെ കൂട്ടിനു പോകെ വഴി ചൊല്ലി
ഇനിയും ഒരാറ് കടക്കേണം കിളി ഈറന്‍ ഉടുത്തു നടക്കേണം …
കാണാ കൈ തിരി കരുതേണം കിളി കല്ലും മുള്ളും താണ്ടേണം
അന്നേരം വന്നവളോട് ഓതി അഞ്ചല്ലോ കരി വേടന്‍മാര്‍
വഴി തേടും കിളി ഇതിലെ വാ വെയിലാറും വഴി അതിലെ പോ
അങ്ങതില്‍ ഇങ്ങതിലൂടെ നടന്നാല്‍ ആരും കാണാ കാടണയാം
വഴി അറിയാ കിളി പോകാതെ വിന ഏറും വഴി പോകാതെ
തോഴന്‍ ചൊല്ലിയതോരാതെ കിളി വേടന്‍മാരുടെ കൂടെപോയ്
ഒന്നാം വേടന്‍ കണ്‍നിറയും നിറമായിരം അവളെ കാണിച്ചു
രണ്ടാം വേടന്‍ മധുരം മുറ്റിയ മുന്തിരിനീര് കുടിപ്പിച്ചു
മൂന്നാമത്തവന്‍ എരിമണം ഏറ്റിയ പൂവുകള്‍ ഏറെ മണപ്പിച്ചു
പൊയ്യില വിണ്‍തുണി കൊയ്തൊരു പാട്ടാല്‍ പിന്നൊരു വേടന്‍ ഉടുപ്പിച്ചു
അഞ്ചാം വേടന്‍ കാതിനെ ഇക്കിളി തഞ്ചും പാട്ടുകള്‍ കേള്‍പ്പിച്ചു
എന്തൊരു കേമം ഇതെന്തൊരു കേമം എന്തൊരു കേമം ഇതെന്തൊരു കേമം
പൈങ്കിളി താനേ മറന്നേ പോയ്…
പെട്ടന്നുള്ളം ഉലഞ്ഞു പൈങ്കിളി ഞെട്ടി ഉണര്‍ന്നു പേടിച്ചു
എത്തിയതയ്യോ കാടല്ല അവിടെങ്ങും പൂവിനു മണമില്ല
ആയിരമെരുവും നാവും നീട്ടി അലറി അടുക്കും പേയിരുള്
പാനീയത്തിന് പാറപുറ്റുകള്‍ പാമ്പുകള്‍ ഇഴയും പാഴ് കിണറ്
തേടിയ കണ്‍കളില്‍ ഒക്കെ കണ്ടത് തേളുകളും തേരട്ടകളും
ചെല്ലകിളിയുടെ ചിറകിനു ചുറ്റും ചീറി അടിക്കും ചുടു കാറ്റ്
ചെല്ലകിളിയുടെ ചിറകിനു ചുറ്റും ചീറി അടിക്കും ചുടു കാറ്റ്
അമ്പും വില്ലും എടുത്തേ നില്‍പ്പൂ അഞ്ചാകും കരി വേടന്‍മാര്‍
കരളില്‍ നോവ് പിടഞ്ഞു കിളിയുടെ കുഴയും കണ്ണില്‍ നീരാവി
കണ്ണിനു കാണാ തോഴന്‍ മെല്ലെ തണ്ണീര്‍ഒലി പോല്‍ മന്ത്രിച്ചു
കണ്ണിനു കാണാ തോഴന്‍ മെല്ലെ തണ്ണീര്‍ഒലി പോല്‍ മന്ത്രിച്ചു
നാവിനു വാക്കിന്‍ വാളുതരാം തീനാളം കൊണ്ടൊരു ചുണ്ട് തരാം
നാവിനു വാക്കിന്‍ വാളുതരാം തീനാളം കൊണ്ടൊരു ചുണ്ട് തരാം
പൊയ് വഴി കാണാ ചൂട്ടു തരാം ഞാന്‍ പുതുമൊഴി ഒഴുകും പാട്ട് തരാം
നന്മകള്‍ പൂത്ത മണം ചൊരിയാം നേര്‍ വെണ്മകള്‍ കൊണ്ട് പുതച്ചു തരാം
കൊത്തികീറുക വേടന്‍മാരുടെ കത്തിപടരും ക്രൂരതയെ
ചങ്ങല നീറ്റുക നീയിനി വീണ്ടും മംഗലമുണരും കാടണയും
തിങ്കള്‍ തളിരൊളി എന്തിലും ഒന്നായ് തങ്കം ചാര്‍ത്തും പൂങ്കാവ്
തുള്ളി കാറ്റിനു നൂറു കുടം കുളിര്‍ തള്ളി നിറയ്ക്കും തേനരുവി
തളിരില വിടരും പൂംചിറക് തളരാ മനസിന് നേരഴക്
വേടന്‍മാരെ എരിക്കും കണ്ണില്‍ വേവും മനസിന് നീരുറവ്
ചിറക് കുടഞ്ഞു പൈങ്കിളി പുതിയൊരു ചിരിയില്‍ ഉണര്‍ന്നവള്‍ പാടി പോയ്
ചിറക് കുടഞ്ഞു പൈങ്കിളി പുതിയൊരു ചിരിയില്‍ ഉണര്‍ന്നവള്‍ പാടി പോയ്
കാട്ടില്‍ പോണ വഴിയറിയാം ഞാന്‍ കാട്ടി തരുവേന്‍ എല്ലാര്‍ക്കും
കാട്ടില്‍ പോണ വഴിയറിയാം ഞാന്‍ കാട്ടി തരുവേന്‍ എല്ലാര്‍ക്കും