Skip to main content

സന്ദര്‍ശനം

അധിക നേരമായ് സന്ദര്‍ശകര്‍ക്കുള്ള
മുറിയില്‍ മൗനം കുടിച്ചിരിക്കുന്നു ഞാന്‍
ജനലിനപ്പുറം ജീവിതം പോലെയി-
പ്പകല്‍ വെളിച്ചം പൊലിഞ്ഞു പോകുന്നതും
ചിറകു പൂട്ടുവാന്‍ കൂട്ടിലേക്കോര്‍മ്മ തന്‍
കിളികളൊക്കെപ്പറന്നു പോവുന്നതും
ഒരു നിമിഷം മറന്നു പരസ്പരം
മിഴികളില്‍ നമ്മള്‍ നഷ്ടപ്പെടുന്നുവോ?
മുറുകിയോ നെഞ്ചിടിപ്പിന്റെ താളവും
നിറയെ സംഗീതമുള്ള നിശ്വാസവും.

പറയുവാനുണ്ട് പൊന്‍ ചെമ്പകം പൂത്ത
കരളു പണ്ടേ കരിഞ്ഞു പോയെങ്കിലും
കറ പിടിച്ചൊരെന്‍ ചുണ്ടില്‍ത്തുളുമ്പുവാന്‍
കവിത പോലും വരണ്ടു പോയെങ്കിലും
ചിറകു നീര്‍ത്തുവാനാവാതെ തൊണ്ടയില്‍
പിടയുകയാണൊരേകാന്ത രോദനം
സ്മരണ തന്‍ ദൂരസാഗരം തേടിയെന്‍
ഹൃദയ രേഖകള്‍ നീളുന്നു പിന്നെയും.

കനകമൈലാഞ്ചി നീരില്‍ത്തുടുത്ത നിന്‍
വിരല്‍ തൊടുമ്പോള്‍ക്കിനാവു ചുരന്നതും
നെടിയ കണ്ണിലെക്കൃഷ്ണകാന്തങ്ങള്‍ തന്‍
കിരണമേറ്റെന്റെ ചില്ലകള്‍ പൂത്തതും
മറവിയില്‍ മാഞ്ഞു പോയ നിന്‍ കുങ്കുമ–
ത്തരി പുരണ്ട ചിദംബരസ്സന്ധ്യകള്‍

മരണവേഗത്തിലോടുന്ന വണ്ടികള്‍
നഗരവീഥികള്‍ നിത്യ പ്രയാണങ്ങള്‍
മദിരയില്‍ മനം മുങ്ങി മരിക്കുന്ന
നരകരാത്രികള്‍, സത്രച്ചുമരുകള്‍
ചില നിമിഷത്തിലേകാകിയാം പ്രാണന്‍
അലയുമാര്‍ത്തനായ് ഭൂതായനങ്ങളില്‍
ഇരുളിലപ്പോഴുദിക്കുന്നു നിന്‍മുഖം
കരുണമാം ജനനാന്തര സാന്ത്വനം
നിറമിഴിനീരില്‍ മുങ്ങും തുളസി തന്‍
കതിരുപോലുടന്‍ ശുദ്ധനാകുന്നു ഞാന്‍
അരുതു ചൊല്ലുവാന്‍ നന്ദി; കരച്ചിലിന്‍
അഴിമുഖം നമ്മള്‍ കാണാതിരിക്കുക
സമയമാകുന്നു പോകുവാന്‍-രാത്രി തന്‍
നിഴലുകള്‍ നമ്മള്‍-പണ്ടേ പിരിഞ്ഞവര്‍…

സദ്ഗതി

കവിത കേൾക്കുക:[ca_audio url=”https://chayilyam.com/stories/poem/sathgadhi.mp3″ width=”400″ height=”27″ css_class=”codeart-google-mp3-player” autoplay=”false”]

ഒടുവില്‍ അമംഗള ദര്‍ശനയായ്‌
ബധിരയായന്ധയായ്‌ മൂകയായി
നിരുപമ പിംഗള കേശിനിയായ്‌
മരണം നിന്‍ മുന്നിലും വന്നുനില്‍ക്കും…

ഒടുവില്‍ അമംഗള ദര്‍ശനയായ്‌
ബധിരയായന്ധയായ്‌ മൂകയായി
നിരുപമ പിംഗല കേശിനിയായ്‌
മരണം നിന്‍ മുന്നിലും വന്നുനില്‍ക്കും…

പരിതാപമില്ലാതവളോടൊപ്പം
പരലോക യാത്രക്കിറങ്ങും മുന്‍പേ
വഴിവായനയ്ക്കൊന്നു കൊണ്ട് പോകാന്‍
സ്മരണ തന്‍ ഗ്രന്ഥാലയത്തിലെങ്ങും
ധൃതിയിലെന്നോമനേ…
നിന്‍ ഹൃദയം പരതി പരതി തളര്‍ന്നു പോകെ…

ഒരു നാളും നോക്കാതെ മാറ്റിവെച്ച
പ്രണയത്തിന്‍ പുസ്തകം നീ തുറക്കും…
അതിലന്നു നീയെന്റെ പേരു കാണും
അതിലെന്റെ ജീവന്റെ നേരു കാണും…

അതിലന്നു നീയെന്റെ പേരു കാണും
അതിലെന്റെ ജീവന്റെ നേരു കാണും…

പരകോടിയെത്തിയെന്‍ യക്ഷ ജന്മം
പരമാണു ഭേദിക്കുമാ നിമിഷം,
ഉദിതാന്തര ബാഷ്പ പൗര്‍ണമിയില്‍
പരിദീപ്തമാകും നിന്‍ അന്ത രംഗം…

ക്ഷണികെ ജഗല്‍ സ്വപ്ന മുക്തയാം നിന്‍
ഗതിയിലെന്‍ താരം തിളച്ചൊലിക്കും…

പരകൊടിയെത്തിയെന്‍ യക്ഷ ജന്മം
പരമാണു ഭേദിക്കുമാ നിമിഷം,
ഉദിതാന്തര ബാഷ്പ പൗര്‍ണമിയില്‍
പരിദീപ്തമാകും നിന്‍ അന്ത രംഗം…

ക്ഷണികേ ജഗല്‍ സ്വപ്ന മുക്തയാം നിന്‍
ഗതിയിലെന്‍ താരം തിളച്ചൊലിക്കും…

രചന: ബാലചന്ദ്രൻ ചുള്ളിക്കാട്

സ്‌നാനം

ഷവര്‍ തുറക്കുമ്പോൾ ഷവറിനു താഴെ
പിറന്നരൂപത്തിൽ നനഞ്ഞൊലിക്കുമ്പോൾ.

തലേന്നു രാത്രിയിൽ കുടിച്ച മദ്യത്തിന്‍
വിഷഭാരം വിങ്ങും ശിരസ്സില്‍ ശീതള
ജലത്തിന്‍ കാരുണ്യം നനഞ്ഞിറങ്ങുമ്പോൾ.

ഷവറിനു താഴെ പിറന്ന രൂപത്തിൽ
ജലത്തിലാദ്യമായ്‌ കുരുത്ത ജീവന്റെ
തുടര്‍ച്ചയായി ഞാന്‍ പിറന്ന രൂപത്തിൽ.

ഇതേ ജലം തനോ ഗഗനം ഭേദിച്ചു
ശിവന്റെ മൂര്‍ദ്ധാവിൽ പതിച്ച ഗംഗയും?

ഇതേ ജലം തനോ വിശുദ്ധ യോഹന്നാന്‍
ഒരിക്കല്‍ യേശുവിൽ തളിച്ച തീര്‍ത്ഥവും?

ഇതേ ജലം തനോ നബി തിരുമേനി
മരുഭൂമില്‍ പെയ്ത വചനധാരയും?

ഷവര്‍ തുറക്കുമ്പോൾ ജലത്തിന്‍ ഖഡ്‌ഗമെന്‍
തല പിളര്‍ക്കുമ്പോൾ

ഷവര്‍ തുറക്കുമ്പോൾ മനുഷ്യ രക്തമോ
തിളച്ച കണ്ണീരോ കുതിച്ചു ചാടുമ്പോൾ

മരിക്കണേ, വേഗം മരിക്കണേയെന്നു
മനുഷ്യരൊക്കെയും വിളിച്ചു കേഴുമ്പോൾ

എനിക്കു തോന്നുന്നു മരിച്ചാലും നമ്മൾ
മരിക്കാറില്ലെന്ന്‌.

ജലം നീരാവിയായ്‌പ്പറന്നു പോകിലും
പെരുമഴയായിത്തിരിച്ചെത്തും പോലെ
മരിച്ചാലും നമ്മൾ മനുഷ്യരായ്‌ ത്തന്നെ
പിറക്കാറുണ്ടെന്ന്.

ഷവറിനു താഴെ നനഞ്ഞൊലിച്ചു നാം
പിറന്നു നില്‍ക്കുമ്പോൾ.

………… …..
കവിത: ബാലചന്ദ്രൻ ചുള്ളിക്കാട്

പിറക്കാത്ത മകന്‍‌

[ca_audio url=”https://chayilyam.com/stories/poem/Pirakkatha-Makanu-Balachandran-Chullikkad.mp3″ width=”100%” height=”27″ css_class=”codeart-google-mp3-player” autoplay=”false”]
ലോകാവസാനം വരേക്കും പിറക്കാതെ
പോകട്ടേ, നീയെന്‍ മകനേ…

ലോകാവസാനം വരേക്കും പിറക്കാതെ
പോകട്ടേ, നീയെന്‍ മകനേ, നരകങ്ങള്‍
വാ പിളര്‍ക്കുമ്പോഴെരിഞ്ഞുവിളിക്കുവാ-
ളാരെനിക്കുള്ളൂ, നീയല്ലാതെയെങ്കിലും…

ലോകാവസാനം വരേക്കും പിറക്കാതെ
പോകട്ടേ, നീയെന്‍ മകനേ

പെറ്റുവീഴാനിടമെങ്ങു നിനക്കന്യര്‍
വെട്ടിപ്പിടിച്ചുകഴിഞ്ഞൊരീ ഭൂമിയില്‍…
സർപ്പം കടിച്ച മുല കടഞ്ഞമ്മ നിന്‍
ചുണ്ടത്തറിവു ചുരത്തുന്നതെങ്ങനെ?…
വേലകിട്ടാതെ വിയര്‍ക്കുന്നൊരച്ഛന്റെ
വേദനയുണ്ടു വളരുന്നതെങ്ങനെ?…
രോഗദാരിദ്ര്യ ജരാനരാപീഡകള്‍
ബാധിച്ചുഴന്നു മരിക്കുന്നതെങ്ങനെ?…

അറ്റുതെറിച്ച പെരുവിരല്‍, പ്രജ്ഞ തന്‍
ഗര്‍ഭത്തിലേ കണ്ണു പൊട്ടിയ വാക്കുകള്‍…
ചക്രവേഗങ്ങള്‍ ചതച്ച പാദങ്ങളാല്‍
പിച്ചതെണ്ടാന്‍ പോയ ബുദ്ധസ്മരണകള്‍…
രക്തക്കളങ്ങളില്‍ കങ്കാളകേളിക്കു
കൊട്ടിപ്പൊളിഞ്ഞ കിനാവിന്‍ പെരുമ്പറ…

ഇഷ്ടദാനം നിനക്കേകുവാന്‍ വയ്യെന്റെ
ദുഷ്ടജന്‍മത്തിന്റെ ശിഷ്ടമുണ്ടിത്രയും…
നിത്യേന കുറ്റമായ്‌ മാറുന്ന ജീവിത
തൃഷ്ണകള്‍ മാത്രം നിനക്കെന്റെ പൈതൃകം…
അക്ഷരമാല പഠിച്ചു മനുഷ്യന്റെ
കഷ്ടനഷ്ടങ്ങളെ കൂട്ടിവായിക്കുകില്‍…
വ്യര്‍ത്ഥം മനസ്സാക്ഷിതന്‍ ശരശയ്യയില്‍
കാത്തുകിടക്കാം മരണകാലത്തെ നീ…
മുക്തിക്കു മുഷ്ടിചുരുട്ടിയാല്‍ നിന്നെയും
കൊട്ടിയടയ്ക്കും കരിങ്കല്‍ത്തുറുങ്കുകള്‍…

മുള്‍ക്കുരിശേന്തി മുടന്തുമ്പോഴെന്നെ നീ
ക്രുദ്ധമൌനത്താല്‍ വിചാരണ ചെയ്തിടാം…
നിന്നെക്കുറിച്ചുള്ള ദു:ഖമെന്‍ പെണ്ണിന്റെ-
യുള്ളം പിളര്‍ക്കുന്ന വാളായുറഞ്ഞിടാം…
അത്രമേല്‍ നിന്നെ ഞാന്‍ സ്‌നേഹിക്കയാല്‍, വെറും
ഹസ്തഭോഗങ്ങളില്‍, പെണ്ണിന്റെ കണ്ണു നീ-
രിറ്റുവീഴുന്ന വിഫലസംഗങ്ങളില്‍
സൃഷ്ടിദാഹത്തെക്കെടുത്തുന്നു നിത്യവും…

ലോകാവസാനം വരേക്കും പിറക്കാതെ
പോക മകനേ, പറയപ്പെടാത്തൊരു
വാക്കിനെപ്പോലര്‍ത്ഥപൂര്‍ണ്ണനായ്‌, കാണുവാ-
നാര്‍ക്കുമാകാത്ത സമുദ്രാഗ്നിയെപ്പോലെ
ശുദ്ധനായ്‌, കാലത്രയങ്ങള്‍ക്കതീതനായ്‌…

ലോകാവസാനം വരേക്കും പിറക്കാതെ
പോകട്ടേ, നീയെന്‍ മകനേ…

ലോകാവസാനം വരേക്കും പിറക്കാതെ
പോകട്ടേ, നീയെന്‍ മകനേ…

കവിത: ബാലചന്ദ്രൻ ചുള്ളിക്കാട്

×

Hello!

താഴെ കാണുന്ന വാട്സാപ്പ് ഐക്കൺ ക്ലിക്ക് ചെയ്യുകയോ ഈ മെയിൽ ഐഡിയിലേക്ക് മെയിൽ അയക്കുകയോ ചെയ്യുക.

രാജേഷ് ഒടയഞ്ചാൽ

×
Verified by MonsterInsights