കൊന്നുവോ നിങ്ങളെന്നച്ഛനെ, കണ്ണുകൾ –
എന്നും കണികണ്ടൊരെന്റെ ദൈവത്തിനെ?
കൊന്നുവോ നിങ്ങളെൻ സ്നേഹഗന്ധത്തിനെ,
കൊന്നുവോ നിങ്ങളെൻ ജീവിതത്തൂണിനെ?
കൊന്നുവോ, കൈവിരൽ ചേർത്തു പിടിച്ചെന്നെ
പിച്ചനടത്തിയ നേരാം നിലാവിനെ?
കൊന്നുവോ, ജീവിതത്തിന്റെയില്ലായ്മയിൽ
പോലും നിറഞ്ഞു തുളുമ്പിയോരച്ഛനെ ?
കൊന്നുവോ, മുന്നിലെ ജീവിതപ്പാതയിൽ
കൊന്നപോൽ പൂത്തു നിൽക്കേണ്ടൊരെൻ കനവിനെ?
കൊന്നുവോ, പെണ്ണായ് പിറന്നോരെൻ മുഗ്ദമാം-
മോഹങ്ങൾ നെഞ്ചേറ്റി നിന്ന മാനത്തിനെ?
കൊന്നുവോ നിങ്ങളെന്നന്തരംഗത്തിനെ,-
യുള്ളിലെപ്പച്ചയെ,ത്താരാട്ടു പാട്ടിനെ,
ആത്മാവിനുള്ളിലെയാത്മസൗധങ്ങളെ,
നാളേയ്ക്ക്, നീളേണ്ടൊരെൻ വഴിക്കണ്ണിനെ?
കൊന്നുവോ നിങ്ങളെന്നച്ഛനെ, കണ്ണുകൾ-
എന്നും കണികണ്ടൊരെന്റെ ദൈവത്തിനെ?
കണ്ണൂനീർ വിലാപം
ഇതൊരു കവിതയാണ്. സംസ്ഥാന സ്കൂൾ കലോത്സവസമയത്ത് കണ്ണൂരിൽ രാഷ്ട്രീയകാര്യങ്ങളാൽ ഒരാൾ കൊലചെയ്യപ്പെട്ട സമയത്ത് മകൾക്ക് സമൂഹത്തോടു പറയാനുള്ളത് എന്ന പേരിൽ ഓൺലൈനിൽ പ്രചരിച്ചതാണിത്. ഇതുപോലുള്ള എത്രയെത്ര കുഞ്ഞുങ്ങളുടെ കണ്ണീരിനാൽ തപ്തമായതാണിവിടുള്ള രക്തക്കൊടികൾ ഒക്കെയും!! പാർട്ടിപ്രവർത്തകരെല്ലാവരും തന്നെ ഇരുട്ടിനെ മറയാക്കി നീങ്ങുന്ന രാക്ഷസജന്മങ്ങൾ മാത്രമാണിന്ന് പറയേണ്ടിവരുന്നു. രക്തവിപ്ലവത്തിലൂടെ നിലനിർത്താവുന്നതാണോ ഇന്നത്തെ ഭരണവ്യവസ്ഥ!! ഒക്കെ മാറിയത് അറിഞ്ഞില്ലെന്നാണോ കരുതേണ്ടത്. കവിത ആരെഴുതിയതാണെന്നറിയില്ല. ഇതെഴുതാൻ മാത്രം കാവ്യശേഷി ആ കുഞ്ഞുമോൾക്കുണ്ടോ എന്നും അറിയില്ല 🙁 അവിടെ കാര്യങ്ങൾ ഇത്രേ ഉള്ളൂ; ഒരാളെ കൊന്നു, പതിവുപോലെ എതിർപാർട്ടിയെ എല്ലാവരും പറഞ്ഞു; അവരതു നിഷേധിച്ചു – പിൻബലത്തിനായി കള്ളക്കഥകളും നിരത്തി – ഞങ്ങളല്ല, കലോത്സവസമയമയതിനാൽ ഞങ്ങളെ കുറ്റപ്പെടുത്താൻ അവർതന്നെ അവരിൽ ഒരാളെ കൊന്നതെന്ന ന്യായമായിരുന്നു പ്രധാനം. പക്ഷേ, ഒളിവിലായ രണ്ടുപേരെ ഒഴിച്ച് എട്ടുപേരിൽ ബാക്കി ആറുപേരെ പൊലീസ് ഉടനേ പിടിച്ചു; കാര്യങ്ങൾ തെളിയിച്ചു. എന്നും നടക്കുന്നതുപോലെ കാര്യങ്ങൾ നടക്കുന്നു… പക്ഷേ, ആളുകൾ ഇതൊക്കെയും കണ്ടിട്ടും ഒന്നും തന്നെ മാറിച്ചിന്തിക്കുന്നില്ല എന്നതും പറയേണ്ടി വരുന്നു.
രാഷ്ട്രീയം ഇന്നൊരു ജ്വരം പോലെയാണു മിക്കവർക്കും. തന്റെ സ്വഭാവമോ ഗുണമോ എന്തൊക്കെയോ ആണെന്നൊരു വിശ്വാസം പോലെ. ഇന്നു കാണുന്ന രാഷ്ട്രീയങ്ങൾ ഇങ്ങനെയാണ്.. 1) ഒരു വിശ്വാസം പോലെ ശക്തമായ വികാരമാണ് ഓരോരുത്തർക്കും അവരവരുടെ രാഷ്ട്രീയം, 2) ഒരു ജന്മവികാരം പോലെ കാഠിന്യമാണു പലർക്കും പാർട്ടികൾ – ചെയ്യുന്നത് തെറ്റോ ശരിയോ ആവട്ടെ ന്യായീകരിക്കലാണ് ഇവർക്കു മുഖ്യം, 3) അന്യായമായ രീതിയിൽ പണം സമ്പാദിക്കാനുള്ള ഒരു ഉപാധിയാണു പാർട്ടികൾ, സ്വജനക്ഷേമമോ, വായ്പ്പകളോ ഒക്കെ ഏറ്റെടുത്ത് നടത്താനെന്ന പേരിൽ കോടികൾ പോക്കറ്റിലാക്കുന്ന ഇവർ പാർട്ടിയോടൊപ്പം തന്നെ കാണുമെങ്കിലും മുകളിൽ പറഞ്ഞ വിശ്വാസമോ വികാരമോ ഒന്നും ഇവർക്കുണ്ടാവില്ല. ഇതൊക്കെ തെളിവുസഹിതം നിരത്തി മാറ്റങ്ങൾ വേണമെന്ന് പറഞ്ഞു കാര്യങ്ങളൊക്കെ ഒരാളെപോളും മനസ്സിലാക്കാൻ പറ്റില്ല. നിങ്ങളുടെ നാട്ടിൽ അങ്ങനെയൊക്കെ ആണെങ്കിൽ ഞങ്ങളുടെ നാട് അങ്ങനെയല്ല എന്നും പറഞ്ഞ് തിരികെ വന്നാൽ വായടച്ചു നിൽക്കുകയല്ലാതെ എന്തു ചെയ്യാനാവും. എല്ലാവർക്കും സ്വയം ഒന്നു ചിന്തിക്കാൻ നോക്കാൻ പര്യാപ്തമാണ് ഇത്തരം കവിതകൾ എന്നേ ഉള്ളൂ. മരിക്കുന്നവർക്കും വേണ്ടപ്പെട്ടവരുണ്ട്; എല്ലാർക്കുമെന്നപോലെ തന്നെ – പിതാക്കളും സഹോദരങ്ങളും മക്കളും പങ്കാളികളും സൗഹൃദവലയവും ഒക്കെ കാണും. പാർട്ടികളോട് വിടപറഞ്ഞ് മാറി നിൽക്കാമെന്നല്ലാതെ ഇന്ന പാർട്ടിയാണു നല്ലതെന്നു പറയാൻ ഏതുപാർട്ടിയാണ് ഇന്നുള്ളത്. ഒരാളെ കൊന്നുകഴിഞ്ഞാൽ അത് ചെയ്തത് ഞങ്ങളല്ല; ഞങ്ങളെ പഴിപറയിക്കാൻ കലോത്സവദിവസം തന്നെനോക്കി അവർതന്നെ ചെയ്തതാണെന്നുള്ള നർമ്മസല്ലാപങ്ങളും കൊലയാളികൾ നടത്തുന്നു. ദയനീയം എന്നേ പറയേണ്ടതുള്ളൂ.
മാറ്റങ്ങളൊക്കെ ഓരോ കാലഘട്ടത്തിലും ഉണ്ടായിട്ടുണ്ട്. പഴമയാണു മുഖ്യം; പാരമ്പര്യമാണു പ്രധാനം എന്നൊക്കെ പറഞ്ഞ് പഴമയെ തിരികെ കൊണ്ടുവരാനും പറഞ്ഞ് ചിലരൊക്കെ രംഗത്തുണ്ട്! ക്ഷേത്രങ്ങൾക്ക് പേരുമാറ്റി പഴമയെ ഒളിപ്പിക്കുന്നു; പുതുമയുടെ വേഷവിധാനങ്ങളെ അമ്പലങ്ങളിൽ നിന്നും മാറ്റി നിർത്തുന്നു ഇങ്ങനെയൊക്കെ തുടങ്ങുന്നു അത്. ഏതു പഴമയാണവരൊക്കെ ഉദ്ദേശിക്കുന്നത് എന്ന് വെറുതേ ഓർത്തുനോക്കാം – വെറുതേ മാത്രം! ബ്രാഹ്മണമതത്തിന്റേയോ ദ്രാവിഡരുടേയോ ബുദ്ധമതമോ ജൈനമതമോ അതോ അതിനൊക്കെ മുമ്പുള്ള പ്രാകൃതസംഗതികളോ!! ജാതിയും മതവും വർഗവും ഇല്ലാതെ നാണം മറയ്ക്കാൻ തുണിപോലും ഉടുക്കാതെ വനാന്തരങ്ങളിൽ ഭക്ഷണത്തിനായി അലഞ്ഞു തിരിഞ്ഞാ പഴയ പാര്യമ്പര്യം… അതായിരിക്കുമോ ഇനി സുന്ദരപാരമ്പര്യം? കാര്യമില്ലാത്ത ചിന്തകളാണതൊക്കെയും. രാഷ്ട്രീയപാർട്ടികളും ഇങ്ങനെയൊക്കെ തന്നെ. സ്വാതന്ത്ര്യം നേടുന്നതിൽ കോൺഗ്രസ് പാർട്ടി വഹിച്ച പങ്ക് നിസ്തുലമാണ്. സ്വാതന്ത്യം കിട്ടിയ ശേഷം ഗാന്ധിജി തന്നെ നേരിട്ട് അത് പിരിച്ചു വിടണം എന്നും പറഞ്ഞു. കേരളത്തിൽ കമ്മ്യൂണിറ്റുപാർട്ടിയും ഇങ്ങനെ നല്ലൊരു പരിശ്രമത്തിലൂടെ വളർന്നുവന്നതായിരുന്നു. നാരായണഗുരു വിളയിച്ചെടുത്ത ഒരു ഭൂമി അവർക്കുകിട്ടി എന്നതുമാത്രമേ മുഖ്യമായുള്ളൂ. പക്ഷേ, ആ പഴമകളൊക്കെ ഇപ്പോൾ പറഞ്ഞുനടന്ന് വോട്ടിനായി മാത്രം ആളുകളെ പിടിക്കുന്നത് പഴമവേണം, പാരമ്പര്യം വേണം, അതിലെ മൂല്യങ്ങൾ വേണം എന്നു ശഠിക്കുന്നതുപോലെ മണ്ടത്തരം മാത്രമാണ്. ഇവിടെയും മാറ്റങ്ങൾ വന്നുകൊണ്ടിരിക്കുന്നു. നല്ലൊരു ജനത കാര്യക്ഷമമായി തന്നെ മാറിചിന്തിക്കും. പരസ്പരം കൊന്നുകൊണ്ടു ശക്തിതെളിയിച്ചു നടക്കുന്ന കപടരാഷ്ട്രീയതയല്ല ഇന്നിന്റെ ആവശ്യം. ശോകമൂകമായി നമുക്കല്പസമയം കണ്ടിരിക്കാം; മുകളിൽ കൊടുത്തതു പോലുള്ള കവിതകൾ വായിച്ചു കണ്ണീർ വാർക്കാം… ഒരു മാറ്റം എന്നത് തനിയെ ഉണ്ടാവുന്നതല്ല – വന്നുകൊണ്ടിരിക്കുന്നതാണ്. അതു വരും. നമ്മുടെ മക്കളെങ്കിലും ഇവിടെ നല്ലൊരു സംസ്കാരത്തിൽ ജീവിക്കാൻ പ്രാപ്തരാകണം.
മുകളിലെ കവിതയോടൊപ്പം തന്നെ പ്രചരിച്ച മറ്റൊരു സംഗതി താഴെകൊടുക്കുന്നു. മലയാല പദാവലികളെ സരസവുമായി സമർതഥവുമായുപയോഗിച്ച് അന്നത്തെ സാമൂഹ്യവ്യവസ്ഥിതിയെ തന്നെ ചോദ്യം ചെയ്ത കുഞ്ചൻ നമ്പ്യാരുടെ തുള്ളൽകവിത വായിക്കുന്ന രീതിയിൽ തന്നെ വായിച്ചാൽ ഇതിലെ സങ്കടാവസ്ഥ ഹൃദയത്തിൽ തറയ്ക്കും. നാട്യവും നടനവും കഥകളിയുമൊക്കെ സ്കൂൾ കലോത്സവത്തിന്റെ ഭാഗമായി അരങ്ങുകളിൽ നിറഞ്ഞാടുന്ന വേളയാണല്ലോ ഇത്; കൂടെ കലോത്സവം നടക്കുന്ന അതേ നാട്ടിൽ തന്നെ സാമൂഹ്യദ്രോഹികൾ അഭിനയവും തകർത്താടുന്നു.
നാട്യം കണ്ടു നടനം കണ്ടു
കഥകളി കണ്ടു കോൽക്കളി കണ്ടു
വെട്ടി നുറുക്കിയ ദേഹം കണ്ടു
പിഞ്ചുകിടാവിൻ കണ്ണീർ കണ്ടു
കലയും കേമം കൊലയും കേമം
കലയും കേമം കൊലയും കേമം
കൊല ചെയ്തിട്ടു പുലമ്പീടുന്നൊരു
കള്ളക്കഥയാണതിലും കേമം
കള്ളക്കഥയാണതിലും കേമം…
അവനവനു തോന്നുന്നത് ചെയ്യാമെന്നേ ഉള്ളൂ. ജീവൻ ബലികഴിച്ചല്ല പാർട്ടി വളർത്തേണ്ടത്. ജീവനെടുക്കാനോ ജീവൻ കൊടുക്കാനോ ഒരു പാർട്ടിയുടേയും മൂക്കുകയർ ആവശ്യമില്ലെന്നു കരുതുന്നതാണു നല്ലത്. നമുക്കു തോന്നുന്നു പാർട്ടികളെ എതിർക്കാനൊന്നും പോകേണ്ടതില്ല; പക്ഷേ നമുക്കു മാറി നിൽക്കാനാവും. ഇതുമാതിരി ഒരിക്കലെങ്കിലും നിങ്ങൾക്കു തോന്നിയാൽ ഇത്തരം പാർട്ടികളോട് വിടചൊല്ലാം. വിടപറയാൻ മനസ്സനുവദിച്ചാലോ അല്ലെങ്കിൽ മൗനമായി കണ്ടിരിക്കാൻ പ്രേരിപ്പിച്ചാലോ അതൊക്കെയാവും ഇന്ന് നല്ലത്. ഒന്നും കാണാതിരിക്കുകയല്ല വേണ്ടത്, എല്ലാം കണ്ടുകൊണ്ടുതന്നെ മൗനിയാവാം. നമ്മുടെ പാത പിന്തുടരുന്ന ചിലരൊക്കെ വരും. വരും തലമുറയെ അവരാണു നയിക്കേണ്ടത്. നല്ലവഴി കാണിക്കേണ്ടവർ നമ്മളല്ലാതെ വേറാരാണ്. മുകളിലെ കവിത ഇതൊക്കെ ഓർമ്മപ്പെടുത്തുന്നുമുണ്ട്.