Skip to main content

എന്റെ ക്വാറന്റൈൻ കാഴ്ചകൾ

Break the chain Break the chain

2020 ജൂലൈ 25 നു രാവിലെ ബാംഗ്ലൂരിലെ വീട് കാലിയാക്കി; ഫ്രണ്ടിന്റെ പിൻബലത്താൽ ഒരു ലോറിക്കാരനെ കിട്ടിയതിനാൽ രാവിലെ പത്തരയോടെ ഒക്കെയും പാക്ക് ചെയ്ത് ലോറിയിൽ കയറ്റി ഞാനിങ്ങെത്തി. ഒരു തമിഴനായിരുന്നു ഡ്രൈവർ – മുരുകൻ, കാസർഗോഡ് ഭാഗത്തേക്കുള്ള വഴിയത്ര പിടുത്തം ഇല്ലാത്തതിനാൽ 2 മണിക്കൂറോളം ബാംഗ്ലൂർ സിറ്റിയിൽ തന്നെ വട്ടം കറങ്ങേണ്ടു വന്നു, ഇരിട്ടി വഴി വരാമെന്ന ധാരണയിൽ ആയിരുന്നു മൂപ്പരുടെ യാത്ര. വീട്ടിലേക്കും, നാട്ടിലെ ആരോഗ്യപ്രവർത്തകരേയും കാര്യങ്ങൾ തുടക്കം മുതൽ തന്നെ ഞാൻ അറിയിച്ചിരുന്നു. ലോറിയിലിരുന്നാണ് ഫ്രണ്ട്സിനെ ഒക്കെയും കാര്യങ്ങൾ അറിയിച്ചത്, ഇരിട്ടി വഴി ലോക്ക്ഡ് ആണെന്നും മറ്റും അനൂപ് പറഞ്ഞപ്പോൾ, ലോറിയിൽ വെച്ച് അതിന്റെ സ്ഥിതീകരണത്തിനായി ശ്രമം നടത്തി. തലപ്പാടി ചെക്ക് പോസ്റ്റിൽ വർക്ക് ചെയ്യുന്ന കസിൻ ബാബുദാസിനെ വിളിച്ചു കാര്യങ്ങൾ ചോദിച്ചു, അവൻ പറഞ്ഞു കേരളപൊലീസ് അവിടെ ആരെയും തടയുന്നില്ല; കർണാടകയിൽ നിന്നും ആ വഴി വിടുന്നുണ്ടോ എന്നകാര്യം അറിയില്ലെന്ന്. ആ വഴി തന്നെ നേരെ ഹസനിലേക്ക് മാറിയായി പിന്നെയുള്ള യാത്ര. ഞാൻ അറിയുന്ന ഫ്രണ്ട്സിനെ പലരേയും വിളിച്ചു ചോദിച്ചു; മംഗലാപുരത്തിനടുത്തു തലപ്പാടി വഴിയും വയനാട്ടിലെ മുത്തങ്ങ വഴിയും മാത്രമേ എനിക്ക് വീട്ടിലെത്താൻ പറ്റുകയുള്ളൂ എന്നറിഞ്ഞിരുന്നു. രാത്രി 9 മണിയോടെ വീട്ടിലെത്തി. ലോറിയിൽ ഉള്ള സാധനങ്ങൾ ഒക്കെയും ഒരു റൂമിൽ ഇട്ടു പൂട്ടിവെച്ച്, രാത്രി 11:30 മണിയോടെ ഞാൻ മഞ്ജുവിന്റെ വീട്ടിലെത്തി. അവിടെയും രണ്ടാം നിലയിൽ ഒരു റൂം എനിക്കായി മാറ്റി വെച്ചിരുന്നു.

ബാംഗ്ലൂരിൽ നിന്ന് കോവിഡ് തുടക്കകാലത്ത് ഞാനാദ്യമായി കാസർഗോഡ് എത്തിയത് മാർച്ചുമാസം 21-നായിരുന്നു. എന്നുമെന്നപോലെ നോർമൽ ബസ്സിൽ – കൊഹിനൂർ ട്രാവൽസിൽ, സ്ലീപ്പറിൽ ആയിരുന്നുവത്. അന്ന് എത്തിയപ്പോൾ തന്നെ ആരോഗ്യപ്രവർത്തകരെ വിളിച്ച് അറിയിച്ചിരുന്നു, അന്നത്തെ കണക്കനുസരിച്ച് 14 ദിവസം ക്വാറന്റൈനിൽ കിടക്കാൻ പറഞ്ഞു. കാസർഗോഡ്ജില്ല മൊത്തം അതേ ദിവസം കോവിഡ് വ്യാപനത്താൽ ലോക്കാക്കി വെയ്ക്കുകയും ചെയ്തു. ക്രമേണ, കേരളം, ഇന്ത്യ, ലോകം മൊത്തം എന്ന നിലയിൽ കോവിഡ്‌വ്യാപനം പെരുകിവന്നു, കേരളത്തിലെ ക്വാറന്റൈൻകാലം 14 ദിവസം എന്നത് 28 ദിവസമായി, ഇന്ത്യയിൽ ലോക്ക്ഡൗൺ കാലാവധിയും കൂടിവന്നു… എന്റെ പ്രഖ്യാപിത 14 ഉം 28 ദിവസം കഴിഞ്ഞെങ്കിലും ജൂൺ 21 വരെ ഞാൻ ക്വാറന്റൈനിൽ തന്നെയായിരുന്നു. ഇക്കാലമൊക്കെയും എങ്ങും പോവാതെ കമ്പനി വർക്കിൽ മുഴുകി കഴിച്ചുകൂട്ടി. കഴിഞ്ഞ 13 വർഷക്കാലം തുടർച്ചയായ് വർക്ക് ചെയ്തു വന്നിരുന്ന കരിയർനെറ്റ് എന്ന കമ്പനിയിൽ നിന്നും റിസൈൻ ചെയ്തിട്ടായിരുന്നു മാർച്ച് 21 നു വന്നത്. ഏപ്രിൽ ഒന്നുമുതൽ പുതിയ കമ്പനിയായ ഹാഷ് കണക്റ്റിൽ വർക്ക് ചെയ്യണമായിരുന്നു. ഒരാഴ്ച വീട്ടിൽ ഇരുന്നു പുത്തൻ അതിഥിയായ ആത്മേയയോടൊപ്പം രസിക്കാം എന്നുവെച്ചായിരുന്നു ബാംഗ്ലൂരിൽ നിന്നും ചാടിയത്.

എന്റെ ക്വാറന്റൈൻ സമയം കഴിഞ്ഞ ശേഷം ഞാൻ പോയത് ഒടയഞ്ചാലിലെ പഴയ വീട്ടിലേക്ക് തേങ്ങ കൊണ്ടുവരാനായും, വിജയൻ മാഷിന്റെ വീട്ടിലേക്ക് ലാപ്പ്‌ടോപ്പ് കടം വാങ്ങിക്കാനായും, പിന്നെ വർക്ക് ഫ്രം ഹോം ചെയ്യാനായി മഞ്ജുവിന്റെ വീട്ടിലേക്കും, അവിടെ നിന്നും അവളുടെ മാമന്റെ വീട്ടിലേക്ക് ഒരു ചടങ്ങിനായും പിന്നെ ക്വാറന്റൈൻ നിന്നതിന്റേയും ബാംഗ്ലൂരിലേക്ക് പോവാനായും ആര്യോഗ്യവകുപ്പിന്റെ സർട്ടിഫിക്കേറ്റ് വാങ്ങിക്കാനായി പെരിയ ആശുപത്രിയിൽ ഡോക്ടറെ കാണാനുമായിരുന്നു. വിജയന്മാഷ് ലാപ്ടോപ്പ് തന്നതിനാൽ അക്കാലം പണികളൊക്കെയും കൃത്യമായി ചെയ്യാൻ പറ്റിയിരുന്നു. മാർച്ച് 24 നു തിങ്കളാഴ്ച തന്നെ തിരികെ ബാംഗ്ലൂരിലെത്താനായതിനാലാണ് കേവലം ഒരു കുഞ്ഞുബാഗുമായി ഞാൻ വീട്ടിൽ എത്തിയതു തന്നെ!മേൽപ്പറഞ്ഞ യാത്രകൾ ഒഴിച്ചാൽ ജൂൺ 21 വരെ മൂന്നുമാസം മുഴുവനായും ഞാൻ ക്വാറൈന്റൈനിൽ തന്നെയായിരുന്നു. ഒരു പൊലീസ് ഏമാന്റെ രസകരമായ കഥ കൂടി ഏപ്രിൽ ആദ്യവാരം നടന്നിരുന്നു.

ഗ്യാസ് ബുക്ക് ചെയ്തിരുന്നു. ഗ്യാസ് കൊണ്ടുവരുന്നെന്നു അവർ വിളിച്ചു പറഞ്ഞപ്പോൾ, അതു വാങ്ങിക്കാനായി റോഡ് സൈഡിൽ പോയിരുന്ന എന്നെ ബൈക്കിൽ എത്തിയ ഒരു വയസ്സൻ പൊലീസുകാരൻ മാസ്കിട്ടില്ലെന്നും പറഞ്ഞു പൊക്കി. അയാളോടു കാര്യങ്ങൾ പറഞ്ഞപ്പോൾ മൂപ്പർക്കു മനസ്സിലായി. എങ്കിലും, കുറച്ചുപദേശങ്ങൾ കിട്ടി, മാസ്കിടാതെ വീടുവിട്ട് എവിടേയും പോകരുത് എന്ന്. അപ്പോൾ, ഒരു ജീപ്പിൽ 3 പൊലീസുകാർ എത്തിച്ചേർന്നു. കാര്യങ്ങൾ അവരോടും പറഞ്ഞു. അവർ പക്ഷേ വിട്ടില്ല. ജീപ്പിൽ കയറ് എന്നായി അവർ. പറയുമ്പോൾ പക്ഷേ അവർ മൂന്നുപേരും മാസ്കിട്ടിരുന്നത് കഴുത്തിലായിരുന്നു. ഞാൻ ചോദിച്ചു, മറ്റൊരാൾപോലും ഇല്ലാത്ത ഈ വഴിയോരത്ത് തനിയേ നിൽക്കുന്ന ഞാനെങ്ങനെയാ ഏട്ട മാസ്കിടാതെ കൂട്ടത്തോടെ ഇരിക്കുന്ന നിങ്ങളുടെ ഇടയിലിരിക്കുക എന്ന്. അപ്പോൾ തന്നെ അവർ മാസ്ക്ക് വലിച്ചു കയറ്റി. അമ്പലത്തറ പൊലീസ് സ്റ്റേഷനിലും ഞാനിക്കാര്യം പറഞ്ഞു. പക്ഷേ, അമ്മായിയമ്മയ്ക്ക് അടുപ്പിലും തൂറാമല്ലോ!! പിന്നീട് എന്റെ 5000 രൂപ പിഴയായി പോയിരുന്നു.

മഴ തിമിർത്തു പെയ്തിറങ്ങിയതു മുതൽ വിട്ടിൽ എന്നും പവർക്കട്ടായിരിരുന്നു. രാജപുരം ഇലക്ട്രിസിറ്റി ഓഫീസ് പരിധിയിൽ എന്തെങ്കിലും പ്രശ്നം വന്നാലും അവർ മാവുങ്കാലിൽ നിന്നും വരുന്ന എന്തോ ഒരു സംഗതി ഓഫാക്കി വെയ്ക്കുന്നതായിരുന്നു കുഴപ്പം. രാജപുരം മേഖല പൂർണമായും മലയോരദേശമാണ്. മഴ എന്നെഴുതിക്കാണിച്ചാൽ മതിയാവും മരങ്ങളൊക്കെയും തലകുത്തി നിന്നാടും. മഞ്ജുവിന്റെ വീട്ടിൽ, നിലേശ്വരം തൈക്കടപ്പുറത്ത്, ആ ഒരു പ്രശ്നമില്ല, അതുകൊണ്ടാണ് ഈ സമയത്തെ അവസാനകാലം തൈക്കടപ്പുറത്തേക്കു മാറിയത്. ജൂൺ 21 നു ഞാൻ വീണ്ടും ബാംഗ്ലൂരിൽ എത്തി. 14 ദിവസമാണവിടുത്തെ ക്വാറന്റൈൻ സമയം. അത്രകാലം എങ്ങും പോവാതെ വീട്ടിൽ തന്നെ കഴിഞ്ഞു. ക്വാറന്റൈൻ കഴിഞ്ഞപ്പോൾ, ഒലയിൽ കയറി ഓരോ ദിവസം പുതിയ ഓഫീസിലും പഴയ ഓഫീസിലും പോയി വന്നിരുന്നു. ഇടയ്ക്ക് ഒരാഴ്ചയിൽ കൂടുതൽ സമയം ബാംഗ്ലൂരും ലോക്ക്ഡൗണിലേക്ക് മാറിവന്നു. ഒരു ദിവസം 2000 ത്തോളം ആൾക്കാർ വെച്ച് രോഗികളായി വന്നിരുന്നു ബാംഗ്ലൂരിൽ മാത്രം; 60/70 പേർ വെച്ചു ദിവസേന മരിച്ചു വീഴുന്നുമുണ്ട്. ബാംഗ്ലൂരിൽ ലോക്ക്ഡൗൺ കഴിഞ്ഞപ്പോൾ, തിരികെ വരാൻ പാക്കേർസ് ആന്റ് മൂവേർസിനെ തപ്പി, ഒടുവിൽ ഒത്തു വന്നു, ഒരുമാസക്കാലം അവിടെ വീട്ടിൽ തനിച്ചായിരുന്നു. അയല്പക്കത്തെ ചേച്ചിപ്പെണ്ണ് കൃത്യമായി ഫുഡ് എത്തിച്ചതിനാൽ സുന്ദരമായിരുന്നു ജീവിതം. ചായില്യം സൈറ്റ് മെല്ലെ സടകുടഞ്ഞെണീറ്റ് വരാൻ ഈ അവസരം ഗുണം ചെയ്തു. കമ്പനിയിലെ വർക്കു കൂടി വന്നപ്പോൾ, ആ തിരക്കും ഞാൻ ആസ്വദിച്ചു. കൊറോണക്കാലം കാശാക്കാനുള്ള ലെനോവ കമ്പ്യൂട്ടേർസിന്റെ സൂത്രപണികൾ കൂടിയതാണ് ഈസമയം ഇത്രമാത്രം തെരക്കുണ്ടാവാൻ കാരണമായത്.

ബാംഗ്ലൂരിൽ നിന്നും ലോറി ചീറിപ്പാഞ്ഞു വരുന്നത് കണ്ടപ്പോൾ ഒത്തിരി സ്ഥലങ്ങളിൽ പൊലീസ് കൈകാണിച്ചു. ഡ്രൈവർ പേപ്പേർസും മറ്റുമായി ഇറങ്ങി പോയി, തിരികെ വരുന്നു. രണ്ടു സ്ഥലത്ത് സമാനാനുഭവം കഴിഞ്ഞപ്പോൾ അയാൾ പറഞ്ഞു, പൊലീസിനു 100 രൂപ കിട്ടാനുള്ള പണിയാണിതെന്ന്. ഞാൻ കാര്യങ്ങൾ വിശദമായി ചോദിച്ചു; ഇനി പൊലീസിനെ കണ്ടാൽ ഞാനും വരാം എന്നു പറഞ്ഞു. അടുത്ത സ്ഥലത്ത് ഞാനും ഇറങ്ങി പൊലീസിന്റെ സമീപം എത്തി. ഡ്രൈവറെ കണ്ടപ്പോൾ തന്നെ പൊലീസ് കൈ നീട്ടി. ഞാൻ ഇടപെട്ടു ചോദിച്ചു എന്തിനാ സാറേ കാശ്, നിങ്ങൾ ആ രേഖകൾ പരിശോദിച്ചില്ലല്ലോ. അയാൾ പറഞ്ഞു മാസ്ക്, സിഗരറ്റ് വലിക്കൽ എന്നതൊക്കെയാണു ഞങ്ങൾ നോക്കുന്നത്. ഞാൻ പറഞ്ഞു ഞങ്ങൾ ഇതിൽ തെറ്റു ചെയ്തില്ലല്ലോ മാസ്കും ഉണ്ട്, വലിച്ചിട്ടും ഇല്ല; നിങ്ങൾ കൈകാണിച്ചതു കൊണ്ട് നിർത്തിയെന്നേ ഉള്ളൂ. അപ്പോൾ കാശിന്റെ ആവശ്യമില്ലല്ലോ എന്ന്. ഒരു നൂറു രൂപയേല്ലേ ചോദിച്ചുള്ളൂ, അതു തന്നാൽ പെട്ടന്നു പോകാമല്ലോ എന്നായി അയാൾ… ബക്കറ്റ് പിരിവായിരുന്നു ഇത്.

ഞാൻ പറഞ്ഞു ഇപ്പോൾ തന്നെ രണ്ടിടത്തു ഇതേപരിപാടി കഴിഞ്ഞു, കാസർഗോഡേക്കാണു പോകുന്നത് ഇനിയും വഴിയിൽ ഇതുപോലെ പൊലീസ് ജീപ്പു കാണില്ലേ, പൈസതരാം, പക്ഷേ ബില്ലു തരണം എന്ന്… ഇവരൊക്കെ അപ്പോൾ മാസ്ക്ക് കോണകം പോലെ താടിയിലാണ് അണിഞ്ഞിരിക്കുന്നതും, അവരാണു മാസ്കില്ലാത്തവരെ പിടിക്കാൻ ആ വെയിലത്ത് നിൽക്കുന്നത്! ഞാൻ പഴയ പൊലീസ് ഏമാനെ ഓർത്തുപോയി. ബില്ലു വേണം എന്നു പറഞ്ഞപ്പോൾ അയാൾ 50 രൂപയാക്കിയതു കുറച്ചു-അത്രമതി പൊയ്ക്കോ ലെവൽ. എന്നാലും ബില്ലുവേണമെന്നു ഞാനും. ഡ്രൈവറുടെ പേരും അഡ്രസ്സും വാങ്ങിച്ചു, 50 രൂപയുടെ സ്ലിപ്പ് കിട്ടുകയും ചെയ്തു.

ഡ്രൈവർ പറഞ്ഞു, മുമ്പ് കൊടുത്ത 200 പോയി, ആരും നിങ്ങൾ ചോദിച്ച പോലെ അങ്ങോട്ടു ചോദിക്കാത്തതാണു പ്രശ്നം, കാശ് ചോദിക്കും കൊടുക്കും. ഈ പാട്ടപ്പിരിവ് ഇവർക്ക് സ്ഥിരം ഏർപ്പാടാണത്രേ. ഡ്രൈവർക്ക് കേരളം, തമിഴ് നാട്, ആന്ധ്ര, കർണാടം എല്ലായിടവും നന്നായിട്ടറിയാം. കേരളപ്പോലീസിന്റെ മേന്മ അയാൾ ഒട്ടേറെ പറയുകയും ചെയ്തു. പിന്നെയും രണ്ടിടത്ത് പൊലീസ് പിടിച്ചു, രണ്ടിടത്തും ഈ 50 രൂപയുടെ സ്ലിപ്പ് കാണിച്ചു ഞങ്ങൾ രക്ഷപ്പെട്ടു. ഡ്രൈവർ നല്ല സിഗരറ്റു വലിയനാണ്. ഒരു പകലിൽ അയാൾ 20 ഓളം സിഗരറ്റുകൾ വലിച്ചു, ഒരു സിഗരറ്റിന് 10 രൂപയാണു വില!! അതറിയുന്നതിനാലായിരുന്നു ആ 50 രൂപ കൊടുക്കാൻ തയ്യാറായതു തന്നെ.

വീട്ടിൽ എത്തി, ഒക്കെയും അവിടെ മുറ്റത്ത് ഡ്രോപ്പ് ചെയ്ത്, അതേ വണ്ടിയിൽ ഞാൻ കാഞ്ഞങ്ങാട് എത്തി, അളിയൻ മുമ്പേ പറഞ്ഞ് ഏർപ്പാടാക്കിയ കാർ ഡ്രൈവർ അവിടെ നിന്നും എന്നെയും കൊണ്ട് തൈക്കടപ്പുറം മഞ്ജുവിന്റെ വീട്ടിൽ എത്തിച്ചു. രാത്രി 11:30 ആയിക്കാണം അപ്പോൾ. രാവിലെ സിസ്റ്റർ വിളിച്ചു കാര്യങ്ങൾ തിരക്കി. വന്നോ എന്നറിയാൻ വിളിച്ചതാ എന്നു പറഞ്ഞു. ഞാൻ പറഞ്ഞു, എത്തി, രാത്രി 11:30 ആയിപ്പോയി എന്ന്. യാത്രാ കാര്യങ്ങൾ എല്ലാം ചോദിച്ചറിഞ്ഞ അവർ പറഞ്ഞു, നിങ്ങൾ ഇന്നലെ വരുമെന്ന് നാട്ടുകാരിൽ ആരോ വിളിച്ചു പറഞ്ഞിരുന്നു എന്ന്! ഞാൻ പറഞ്ഞു, നാട്ടുകാരനായ എനിക്ക് പ്രശ്നങ്ങൾ വരാതിരിക്കാനുള്ള അവരുടെ കരുതലാണത്. ഇനി വിളിച്ചാൽ പറഞ്ഞേക്കണം, കൃത്യമായി കാര്യങ്ങൾ രജിസ്ട്രേഡ് ആണെന്നും, എനിക്ക് എന്തെങ്കിലും ബുദ്ധിമുട്ടുണ്ടായതായി അവരറിങ്ങാൽ ഉടനെ തന്നെ ശ്രദ്ധിക്കുകയും നിങ്ങളെ അറിയിക്കുകയും ചെയ്യണമെന്ന്.

2020 മാർച്ചിനു ശേഷം ഇന്നേവരെ ഞാൻ ഫുൾടൈം ക്വാറന്റൈനിൽ തന്നെയാണ്. വീടുവിട്ട് പുറത്തിറങ്ങിയത് ആകപ്പാടെ ആറു പ്രാവശ്യവും, കൂടെ അങ്ങോട്ടും ഇങ്ങോട്ടുമായി ബാംഗ്ലൂർ ട്രിപ്പും മാത്രമാണ്. ഇവിടെ കാസർഗോഡ് ജില്ലയിൽ ഇന്നലെ രാത്രി 12 മണിമുതൽ പ്രധാനപ്പെട്ട അഞ്ചിടങ്ങളിൽ (ഏകദേശം കാസർഗോഡ് മൊത്തം തന്നെ) നിരോധനാജ്ഞയാണ്. 11:30 നാണു ഞാൻ വീടണങ്ങത്.

മാസ്കിനേക്കാൾ ഗുണകരം സാനിറ്റൈസിങ് തന്നെയാണെന്നോർക്കണം. ഇന്നലെ യാത്രയിൽ ഡ്രൈവർ മുരുകൻ പലപ്രാവശ്യം വണ്ടി നിർത്തി വീണ്ടും കയറുമ്പോൾ സാനിറ്റൈസർ കൊണ്ട് ഹാൻഡ് വാഷ് ചെയ്തു ക്ലിയർ ചെയ്യുമായിരുന്നു. ഇടയ്ക്ക് മൂത്രമൊഴിക്കാൻ ഇറങ്ങിക്കയറുമ്പോഴും ഓട്ടോമാറ്റിക്കായി ഇതേ രീതിയിൽ അയാൾ കൈകൾ സാനിറ്റൈസ് ചെയ്യുന്നത് കണ്ടു എനിക്ക് ചിരിവന്നിരുന്നു! അത്രമേൽ ഭീകരമായ ഏതോ വസ്തുവിൽ സ്പർശിച്ചതാവണം ഈ സാനിറ്റൈസർ ഇങ്ങനെ ഉപയോഗിക്കാൻ കാരണമെന്നു നിനച്ചു. ഇലക്ട്രോണിക്സിറ്റിക്കടുത്ത് ജിഗിനിയിൽ ആണു ഡ്രൈവർ മുരുകന്റെ താമസം!

ഈ കോവിഡ് ക്വാറന്റൈൻ ഒത്തിരി തിരിച്ചറിവുകളുടേതു കൂടിയാണ്. രണ്ടു പ്രാവശ്യം കാസർഗോഡും രണ്ടു പ്രാവശ്യം ബാഗ്ലൂരിലുമായി 4 പ്രാവശ്യം ക്വാറന്റൈനിൽ ഇരിക്കേണ്ടി വന്നിരുന്നു. കൃത്യമായി ആരോഗ്യവകുപ്പിനെ അറിയിച്ചിട്ടു തന്നെയായിരുന്നു എന്റെ പോക്കുവരവുകൾ. ഇതറീയാതെയാവണം, അയല്പക്കജീവികൾ ആരോഗ്യവകുപ്പിനെ രഹസ്യമായി വിളിച്ച്, ദേ ഒരാൾ ബാംഗ്ലൂരിൽ നിന്നും രഹസ്യമായി വന്നിട്ടുണ്ട് എന്ന രീതിയിൽ പരാതിപ്പെടുന്നു. അവർക്ക് ഇക്കാര്യം റോഡിൽ നിന്ന് വീട്ടുകാരോടു വിളിച്ചു ചോദിച്ചാൽ തീരാവുന്നതായിരുന്നു, ഒരു ഭീകരജീവിയെ പോലെ കാണുന്ന ആ പെരുമാറ്റം ഏറെ രസിപ്പിച്ചു. അവർക്കൊക്കെയും പിന്നീട് കോവിഡ് വന്നു എന്നതായിരുന്നു മറ്റൊരു വസ്തുത!

ഫെയ്സ്ബുക്കിലെഴുതിയത്

കൊറോണാലംകൃത #മാസ്ക്കിസം!
മാസ്കിടാത്തതിന്റെ പേരിൽ എന്റെ കയ്യിൽ നിന്നും 4000 രൂപ കേരള സർക്കാരിനും 1000 രൂപ വക്കിലിനും 250…

Posted by Rajesh Odayanchal on Thursday, 24 December 2020

Print Friendly, PDF & Email
4 1 vote
Article Rating
Subscribe
Notify of
guest

0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments

0
Would love your thoughts, please comment.x
()
x
×

Hello!

താഴെ കാണുന്ന വാട്സാപ്പ് ഐക്കൺ ക്ലിക്ക് ചെയ്യുകയോ ഈ മെയിൽ ഐഡിയിലേക്ക് മെയിൽ അയക്കുകയോ ചെയ്യുക.

രാജേഷ് ഒടയഞ്ചാൽ

×
Verified by MonsterInsights