Skip to main content

Marriage Invitation Card

A Beautiful Journey Continued…

Together with our parents we invite you with great pleasure
to our wedding reception On Sunday, 1st July , 2012 10:30 AM – 11:45 AM
at
Bellur Sri Shiva Temple
Attenganam, Kasaragod Dist.
Kerala, 671531.

Please join us and share our joy as we celebrate a new life together.

Manjusha & Rajesh K

 

Marriage Invitation Card Template 5x7
ഈ വിവാഹ ക്ഷണക്കത്തിന്റെ പ്രിന്റബിൾ വേർഷൻ ആവശ്യമുള്ളവർക്ക് അയച്ചുതരുന്നതാണ്. നിങ്ങൾക്കിത് കസ്റ്റമൈസ് ചെയ്ത് ഉപയോഗിക്കാം. പ്രിന്റെടുക്കാനുള്ള ഫയലിന് സൈസ് അല്പം കൂടുതലായതിനാൽ ലോഡായി വരാൻ താമസിക്കും. ഇവിടെ കൊടുത്തിരിക്കുന്ന ചിത്രം സൈസ് കുറഞ്ഞതാണ്. ഇതിന്റെ ഇംഗ്ലീഷ് വേർഷനും കൈയിൽ ഉണ്ട്. ആവശ്യക്കാർ ചോദിക്കാൻ മടിക്കേണ്ട. ടെപ്ലേറ്റ് അയച്ചു തരുന്നതായിരിക്കും.

==കൂട്ടിച്ചേർക്കൽ – 10 May, 2017 ==
ഇനിയാരും ഈ കാർഡ്, ഈ പോസ്റ്റ് കണ്ടിട്ട് ചോദിച്ചേക്കരുത് കേട്ടോ 🙂 സോഴ്സ് ഫയലിന്റെ കോപ്പിയൊക്കെ അപ്ഡേറ്റ് ചെയ്ത് ആർക്കൊക്കെയോ കൊടുത്തിരുന്നു, ഇപ്പോൾ ഒന്നും കയ്യിൽ ഇല്ല; അതൊക്കെ ഉണ്ടാക്കിയ കമ്പ്യൂട്ടർ പോലും ഇല്ല.

കല്യാണ സംശയങ്ങൾ…

അരുൺ നെടുമങ്ങാടിന്റെ ബസ്സിലേക്ക്…

ബസിന്റെ പ്രയോജനങ്ങളേ..
ഒരു പെണ്ണ് കെട്ടാൻ താല്പര്യമുണ്ട്. കെട്ടി പരിചയമുള്ളവർ ചില സംശയങ്ങൾ തീർത്ത് തരുമല്ലോ…
1. എങ്ങനെയുള്ള പെണ്ണാണ് നല്ലത്?
2. നല്ല സ്വഭാവമാണോ എന്ന് എങ്ങനെ തിരിച്ചറിയും.
3. സ്ത്രീധനം വാങ്ങാമോ?
4. ജോലിയുള്ള പെണ്ണിനെ നോക്കണോ? ജോലി കിട്ടാനുള്ള വിദ്യാഭ്യാസമുള്ള പെണ്ണിനെ കെട്ടണോ? അതോ വിദ്യാഭ്യാസമില്ലാത്ത ആളേ നോക്കണോ?
5 വിവാഹ ആലോചനയ്ക്ക് പത്രപരസ്യമാണോ നല്ലത്? ബ്രോക്കറാണോ അതോ ബ്യൂറോയാണോ ഏതാണ് മെച്ചം?
6. കല്യാണം കഴിക്കാതിരിക്കുന്നതും കഴിച്ചു കഴിഞ്ഞുമുള്ള ജീവിതത്തിലെ വ്യത്യാസങ്ങൾ എന്ത്?
7. പെണ്ണ് കാണാൻ പോകുമ്പോൾ ശ്രദ്ദിക്കേണ്ട കാര്യങ്ങൾ ഏതൊക്കെ( പണ്ട് മനോരമ പറഞ്ഞതിൽ കൂടുതൽ എന്തെങ്കിലും…)
8. എന്താണ് കല്യാണം? അതിന്റെ മെച്ചം….

( ഉവ്വ ബാക്കി ചോദ്യം പുറകെയും മുമ്പെയും ഒക്കെ വരും..)

ഞാനിപ്പോൾ എന്തെങ്കിലും പറഞ്ഞാൽ അത് അബദ്ധമായിപ്പോകും 🙁
എന്നാലും പറയാതിരിക്കുന്നതെങ്ങനെ!!

സത്യൻ അന്തികാടിന്റെ ആ ഗാനം
ഒരു നിമിഷം തരൂ നിന്നിലലിയാൻ
ഒരു യുഗം തരൂ നിന്നെയറിയാൻ
നീ സ്വർഗ്ഗരാഗം ഞാൻ രാഗമേഘം

നീലാംബരത്തിലെ നീരദകന്യകൾ
നിൻ‌നീലമിഴികണ്ടു മുഖം കുനിച്ചു
ആ നീലമിഴികളിൽ ഒരു നവസ്വപ്‌നമായ്
നിർമ്മലേ എന്നനുരാഗം തളിർത്തുവെങ്കിൽ

നീർമുത്തു ചൂടിയ ചെമ്പനീർമൊട്ടുകൾ
നിൻ ചെഞ്ചൊടികണ്ടു തളർന്നുനിന്നു
ആ ചെഞ്ചൊടികളിൽ ഒരു മൗനഗീതമായ്
ഓമലേ എൻ‌മോഹം ഉണർന്നുവെങ്കിൽ

1. എങ്ങനെയുള്ള പെണ്ണാണ് നല്ലത്?
A) കെട്ടുമ്പോൾ പെണ്ണിനെ തന്നെ കെട്ടണം… കാണുമ്പോൾ പെണ്ണാണെന്നു തോന്നണം. ഇപ്പോൾ കുറേ കോലങ്ങൾ ഇറങ്ങിനടക്കുന്നത് കാണാറുണ്ട്; വേഷഭൂഷാദികൾ ചിന്തകളുടെ കൂടി പ്രതിഫലനമാവാം 😉

2) നല്ല സ്വഭാവമാണോ എന്ന് എങ്ങനെ തിരിച്ചറിയും.
A) ഒരു രക്ഷയുമില്ല മോനേ!! സത്യൻ അന്തിക്കാടീന്റെ പാട്ടില്ലേ,
ഒരു നിമിഷം തരൂ നിന്നിലലിയാൻ; ഒരു യുഗം തരൂ നിന്നെയറിയാൻ എന്ന്!! യുഗങ്ങൾ തന്നെ കിട്ടിയാലും ചിലപ്പോൾ ഈ പണ്ടാരങ്ങളുടെ ഉള്ളറിയാൻ പറ്റീന്ന് വരില്ല.
 
3) സ്ത്രീധനം വാങ്ങാമോ?
A) സ്ത്രീധനം വാങ്ങുന്നതിനോട് ഞാൻ എതിരാണ്. അതിനെ എങ്ങനെയൊക്കെ ന്യായീകരിക്കാൻ വന്നാലും ഞാൻ എതിരുതന്നെ… 🙁
4) ജോലിയുള്ള പെണ്ണിനെ നോക്കണോ? ജോലി കിട്ടാനുള്ള വിദ്യാഭ്യാസമുള്ള പെണ്ണിനെ കെട്ടണോ? അതോ വിദ്യാഭ്യാസമില്ലാത്ത ആളേ നോക്കണോ?
A) ജോലിയുള്ളതിനെ കിട്ടിയാൽ കൊള്ളാം; കിട്ടാൻ സാധ്യതയുള്ളതായാലും കൊള്ളാം… അല്ലാതെ അവളുടെ വീട്ടുകാരുടെ സ്വത്തും സമ്പാദ്യവും കണ്ട് കണ്ണ് മഞ്ഞളിച്ച് പോയി കെട്ടേണ്ടതില്ല.

 5) വിവാഹ ആലോചനയ്ക്ക് പത്രപരസ്യമാണോ നല്ലത്? ബ്രോക്കറാണോ അതോ ബ്യൂറോയാണോ ഏതാണ് മെച്ചം?
A) പാസ്!! കുറച്ചറിയാവുന്ന പെണ്ണായാൽ ബെസ്റ്റ്. അതിനെ വേണമെങ്കിൽ പ്രേമമെന്നോ ലൈനടി എന്നോ വിളിച്ചോ… ഒരു സുപ്രഭാതത്തിൽ പോയി കണ്ട് നാലുവാക്ക് സംസാരിച്ച് കെട്ടിയിട്ട് – പിന്നെ തീരെ അങ്ങോട്ട് അഡ്ജസ്റ്റ് ചെയ്യാൻ പറ്റാതെ വന്നെങ്കിലോ… കുറച്ചുനാൾ മനസ്സു തുറന്ന് ഒന്നു സംസാരിക്കണം…

6) കല്യാണം കഴിക്കാതിരിക്കുന്നതും കഴിച്ചു കഴിഞ്ഞുമുള്ള ജീവിതത്തിലെ വ്യത്യാസങ്ങൾ എന്ത്?
A) പരിമിതമായ അറിവ് വെച്ച് :- കല്യാണം കഴിക്കാതിരിക്കുമ്പോൾ തോന്നും, ഹോ! അതാണു(വിവാഹജീവിതം) സ്വർഗം എന്ന്… എല്ലാം പങ്കുവെയ്‌ക്കാനും പാട്ടുപാടാനും കൂടെയൊരു പെണ്ണ്!! അവിടെ പെണ്ണിന്റെ മെയ്‌ക്കപ്പ് ഇട്ടമുഖം മാത്രമേ നമ്മൾ കാണൂ…
കഴിച്ചു കഴിഞ്ഞാൽ തോന്നും, ഇത്ര നേരത്തേ വേണ്ടായിരുന്നു; ബാച്ചിലർ ലൈഫ് തന്നെ നല്ലത്… രാവിലെ എണീക്കുമ്പോൾ ഉറക്കച്ചടവോടെ മുഖമൊക്കെ വീങ്ങിത്തുടുത്ത്, കണ്ണൊക്കെ വീർത്ത്, മുടിയൊക്കെ പറന്ന് ആ ഭീകരദൃശ്യം കാണുമ്പോൾ സകല സംഗതികളും അസ്തമിച്ചേക്കാം… 😉

7) പെണ്ണ് കാണാൻ പോകുമ്പോൾ ശ്രദ്ദിക്കേണ്ട കാര്യങ്ങൾ ഏതൊക്കെ?
A) അതൊരു ചടങ്ങായി മാത്രം കണ്ടാൽ മതി. കൂടെ ഉള്ളവർ കാര്യങ്ങൾ നടത്തിക്കോളും, പെണ്ണിനോട് സംസാരിക്കാനുള്ള ഒരു രഹസ്യ അറ പലയിടത്തും ഒരുക്കിവെച്ചിരിക്കും. അവിടെ എന്തെങ്കിലും നാലു സുഖവിവരം ചോദിച്ചാൽ മതി.
 
8) എന്താണ് കല്യാണം? അതിന്റെ മെച്ചം….
8) കാര്യമൊന്നും ഇല്ല; ചുമ്മാ ഒരു വിശ്വാസം , അതല്ലേ എല്ലാം… കല്യണം കഴിച്ചില്ലെങ്കിലും മക്കളാവും.

ബാക്കി അറിവുള്ളവർ പറയട്ടെ!!

താലിയിൽ തൂങ്ങുന്ന ജീവിതങ്ങൾ

താലി മാല വാങ്ങിക്കുമ്പോൾ 5 പവനെങ്കിലും വേണ്ടേടാ എന്നമ്മ ചോദിക്കുന്നു… നീ ഒരു ഐറ്റിക്കാരനല്ലേ, ഇവിടെ കൂലിപ്പണിക്കാർ വരെ മൂന്നരപ്പവന്റെ മാലയിലാണു താലി കെട്ടുന്നത്! വെറുതേ ഒന്നു കൂട്ടിനോക്കിയപ്പോ തന്നെ തലയിൽ ഒരു വെള്ളിടി മിന്നി. ഒരുലക്ഷത്തിനു മേലെ വേണം സ്വർണത്തിനു തന്നെ – പണിക്കൂലി വേറെയും ഉണ്ടത്രേ… താലി നമുക്ക് നൂലിൽ കെട്ടിയാലോ അമ്മേ എന്നായി ഞാൻ. കെട്ടുന്നത് അങ്ങനെ മതി; പക്ഷേ, വീട്ടിൽ വന്നാൽ താലി മാലയിലേക്ക് മാറ്റണം എന്നായി അമ്മ… 5 പവൻ അപ്പോൾ നിർബന്ധം!!

അമ്മ വിട്ടുപിടിക്കുന്ന ലക്ഷണമില്ല. ആട്ടെ നടക്കട്ടെ. ഉണ്ടാക്കിയല്ലേ പറ്റൂ.
എടാ, അതുമാത്രം മതിയോ, ഈ അഞ്ചുപവൻ ഇട്ടോണ്ട് നടക്കാൻ പറ്റുമോ?
ഈ അമ്മ എന്താ പറയുന്നത്?പിന്നെന്തിനാണ് അഞ്ചുപവൻ!!
എടാ അഞ്ചുപവൻ കഴുത്തിൽ തൂക്കിയിട്ട് ഇപ്പോഴുള്ള പെൺകുട്ടികൾ നടക്കുമോ? ഒന്നുമില്ലെങ്കിൽ കഴുത്തുവേദനിക്കില്ലേ, വീട്ടിലും പുറത്തുപോകുമ്പോഴുമൊക്കെ താലി ഇടാൻ പറ്റുന്ന ഒരു ഒന്നര പവന്റെ ചെറിയൊരു മാല കൂടി വേണ്ടേ?
എന്റമ്മേ, എന്നാൽ പിന്നെ അതിൽ തന്നെയങ്ങ് കെട്ടിക്കൊടുത്താൽ പോരേ!! എന്തിനാ ഈ അഞ്ചുപവൻ വേറേ വാങ്ങിക്കുന്നത്?
നാട്ടുകാരെന്തു പറയും? അങ്ങനെയാ ഇപ്പോൾ നാട്ടുനടപ്പ്.
നാട്ടുകാരെന്തു പറയാൻ, വയറുമുട്ടെ തിന്നിട്ട് ഏമ്പക്കം വിട്ട് കുറ്റവും കുറിയും പറഞ്ഞ് അവരങ്ങുപോകും.
അതല്ലടാ, നിനക്കറിയാഞ്ഞിട്ടാ, ഇപ്പോൾ എല്ലാവരും ചെയ്യുന്നത് അങ്ങനെയാ..

ഒരു ദിവസത്തേക്ക് നാട്ടുകാരെ കാണിക്കാൻ വേണ്ടി ഒന്നേകാൽ ലക്ഷം മുടക്കി ഒരു സ്വർണമാല വാങ്ങിക്കണം 🙁 സ്വർണക്കടക്കാർ വാടകയ്‌ക്ക് തരുമായിരിക്കുമോ? സ്വേതാമേനോന് രതിനിർവേദത്തിൽ അഭിനയിക്കുമ്പോൾ ഏതോ സ്വർണക്കടക്കാർ പൊന്നരഞ്ഞാണം ഉണ്ടാക്കി കൊടുത്തത്രേ.. ചുമ്മാ ഒന്നഭിനയിക്കാൻ അവർക്കതുണ്ടാക്കി കൊടുത്തു, എനിക്കരഞ്ഞാണമൊന്നും വേണ്ടായിരുന്നു – ഒരു മാല മതി. ഇതൊരു പുതിയ ജീവിതത്തിന്റെ പ്രശ്നമാണ് അരെങ്കിലും സഹായിക്കുമായിരിക്കുമോ? അല്ലെങ്കിൽ വേണ്ട അതൊക്കെ ചീപ്പ് കേസാണ്. എങ്ങനെയായാലും ആറരപ്പവൻ കരുതേണ്ടിയിരിക്കുന്നു.

Thali maala, താലിമാല, മംഗല്യസൂത്രം HDFC ക്കാരൻ ലോൺ തരുമായിരിക്കും. ഒരുലക്ഷം ലോൺ എടുത്താൽ 3600 വെച്ച് മൂന്നു വർഷം മാസം തോറും അടച്ചാൽ തീർന്നോളും. മൂന്നുവർഷം മുമ്പ് ഒരെണ്ണം എടുത്തതാണ്. അത് അടുത്തമാസം തീരേണ്ടതാണ്. ഒരു ചെറിയ ആശ്വാസം ഉണ്ടായിരുന്നു, അതു തീരുകയാണല്ലോ എന്ന് :(. അപ്പോഴാണ് അമ്മ പുതിയ ആവശ്യവുമായി വന്നത്. ലോൺ എടുക്കുക തന്നെ. ഒരു ലക്ഷം എടുക്കുക ഒന്നേകാൽ ലക്ഷം തിരിച്ചടയ്ക്കുക.  കൊള്ള ലാഭമാണല്ലോ ബാങ്കുകാരാ നിങ്ങൾക്ക് എന്നിൽ നിന്നും കിട്ടുന്നത്. ഇതുപോലെ എത്ര കസ്റ്റമേ‌ഴ്‌സ്  കാണും നിങ്ങൾക്ക്?

ആരായിരിക്കും കല്യാണത്തിന് താലികെട്ടൽ പരിപാടി കണ്ടു പിടിച്ച മഹാൻ! ആരായാലും അളിയാ കൊടും ചതിയായിപ്പോയി! ഒരു സിന്ദൂരത്തിലോ അതുപോലെ ചിലവില്ലാത്ത പരിപാടികളിലോ മറ്റോ ഒന്നൊതുക്കിപ്പിടിക്കാമായിരുന്നില്ലേ ഈ ചടങ്ങുകൾ… അല്ല നിങ്ങളെ കുറ്റം പറഞ്ഞിട്ടു കാര്യമില്ല, അമേരിക്ക വേൾഡ് ബാങ്കിനേയും ലോകത്തേയും പറ്റിച്ച് ഇറാക്കിലും അഫ്‌ഗാനിസ്ഥാനിലും മറ്റും യുദ്ധം ചെയ്യാൻ വേണ്ടി കള്ളക്കളി കളികുമെന്ന് നിങ്ങളും പ്രതീക്ഷിച്ചിട്ടുണ്ടാവില്ലല്ലോ. ലോകമലയാളികളെല്ലാം സ്വർണത്തൂക്കത്തിൽ മാറ്റുരച്ച് പരസ്പരം വിലയിരുത്തുന്ന ഒരു കാലം വരുമെന്ന് താങ്കൾ സ്വപ്നത്തിൽ കൂടി കരുതിയിരിക്കില്ലല്ലോ… ഇങ്ങനെയൊക്കെ ആയിപ്പോയി… ഇനി പറഞ്ഞിട്ടെന്താ കാര്യം, ഞാനൊന്നു HDFC ക്കാരനെ വിളിക്കട്ടെ…

×

Hello!

താഴെ കാണുന്ന വാട്സാപ്പ് ഐക്കൺ ക്ലിക്ക് ചെയ്യുകയോ ഈ മെയിൽ ഐഡിയിലേക്ക് മെയിൽ അയക്കുകയോ ചെയ്യുക.

രാജേഷ് ഒടയഞ്ചാൽ

×
Verified by MonsterInsights