Skip to main content

കണ്ണൂർ വിശേഷങ്ങൾ…

എം എ പരീക്ഷയുടെ കാലം… 2001 ലെയോ 2002 ലെയോ ഒരു ഏപ്രിൽ മാസം… കൂത്തുപറമ്പിനടുത്തുള്ള വേങ്ങാട് എന്ന സ്ഥലത്ത്, അവിടെ ടെക്‌സ്റ്റൈൽസ് നടത്തുന്ന രാജേട്ടന്റെ ഒരു വീട്ടിൽ താമസിക്കുന്ന സമയം. നടി കാവ്യാമധവന്റെ ഒരു റിലേറ്റീവാണു രാജേട്ടന്റെ ഭാര്യ.  പരീക്ഷ എഴുതാനായി മാത്രം എത്തിയതായിരുന്നു ഞങ്ങൾ അവിടെ… ഒരു ഹോട്ടലിൽ നിന്നായിരുന്നു എന്നും ഫുഡിങ്. വേങ്ങാട് ഒരു വലിയ പാർട്ടീഗ്രാമമാണ്; സുന്ദരമായ ഗ്രാമം. എന്റെ കൂടെ 8,10 കൂട്ടുകാരും ഉണ്ട്… രാജേട്ടനെ അറിയാവുന്നതുകൊണ്ട് പുള്ളി മൂപ്പന്റെ ഒരു വീട് തന്നെ ഞങ്ങൾക്ക് വിട്ടുതരികയായിരുന്നു. ഞങ്ങൾ ആ ഗ്രാമവുമായി പെട്ടന്നിണങ്ങി ചേർന്നു. ചിലരോടൊക്കെ നല്ല കമ്പനിയായി.

വിഷുവിനു ഒരുദിവസം മുമ്പ് അവിടെ എവിടെയോ ഒരു കൊലപാതകം നടന്നു… കണ്ണൂരിൽ കൊലപാതകം പുത്തരിയല്ലല്ലോ!! ഒരു ശനിയാഴ്‌ചയായിരുന്നു അതെന്നു തോന്നുന്നു, ഞായറാഴ്‌ച വിഷു, കൊല നടന്ന ദിവസവും വിഷുദിവസവും അവധിദിവസമായതിനാലാണെന്നു തോന്നി ഹർത്താൽ 15 ആം തീയതി തിങ്കളാഴ്‌ചത്തേക്ക് മാറ്റിവെച്ചിരുന്നു…!! അവധി ദിവസങ്ങളിൽ ആരെങ്കിലും ഹർത്താൽ വെക്കുമോ!! ഞായറാഴ്ച അവധി ആയതിനാലാണ് തിങ്കളാഴ്ചത്തേക്ക് അത് മാറ്റിവെച്ചതുതന്നെ!!

വിഷുദിനമായതിനാൽ സകല കടകളും അടഞ്ഞിരുന്നു, രണ്ട് ദിവസം പട്ടിണി കിടക്കേണ്ടിവരുമ്മെന്നു വിചാരിച്ചു. പക്ഷേ, ഞങ്ങളുടെ ക്ഷേമം അന്വേഷിക്കാനെത്തിയ വിനോദ് എന്നൊരാൾ (കാവ്യാമാധവന്റെ റിലേറ്റീവാണ് വിനോദും) വന്ന് ആ പട്ടിണിയിൽ നിന്നും ഞങ്ങളെ രക്ഷിച്ചെടുത്തു… വിനോദ് വൈകുന്നേരങ്ങളിൽ ഇടയ്ക്കിടെ അവിടേക്ക് വന്ന് ചുമ്മാ തമാശകൾ പറഞ്ഞിരിക്കാറുണ്ടായിരുന്നു.

ആ കഥയിങ്ങനെ, ഞങ്ങൾ പട്ടിണിയിലാണെന്നു കണ്ട ഉടനേ പുള്ളി ടൗണിലെ ഓട്ടോതൊഴിലാളി യൂണിയന്റെ സെക്രട്ടറിയെ വിവരമറിയിച്ചു. പുള്ളിക്കാരൻ വന്ന്  കുറേ ഓട്ടോക്കാരേയും വിളിച്ച് ഞങ്ങളെ രണ്ടുപേരെ വെച്ച് ഓരോ വീട്ടിലേക്കായി അസൈൻ ചെയ്തു കൊടുത്തു. രാവിലെയും ഉച്ചയ്‌ക്കും വൈകുന്നേരവും ഓട്ടോക്കാർ ഞങ്ങളുടെ വീടിനു മുമ്പിൽ എത്തും. വീട്ടിൽ വിഷുദിവസമായതിനാൽ സുഭിക്ഷമായിരുന്നു സദ്യ. പിറ്റേ ദിവസവും ഇതാവർത്തിച്ചു. അന്നു നിർത്തുമെന്നു ഞങ്ങൾ കരുതിയതാ, പക്ഷേ, പിന്നീട് ഞങ്ങൾ അവിടം വിട്ടുവരുന്നതുവരെ അവരായിരുന്നു ഞങ്ങൾക്ക് ഫുഡ് തന്നത്… വേണ്ടാന്ന് എത്രപറഞ്ഞാലും വീണ്ടും വീണ്ടും നിർബന്ധിക്കുന്ന ആ ഓട്ടോ തൊഴിലാളികളും അവരുടെ കുടുംബവും ഇപ്പോഴും മനസ്സിൽ ഉണ്ട്; മായാതെ… എന്തൊരു സ്നേഹമായിരുന്നു അവരുടെ മനസ്സിലും പെരുമാറ്റത്തിലും…

സ്നേഹിച്ചാൽ കണ്ണൂരുകാർ ഹൃദയം പറിച്ചുനൽകും!!
വഞ്ചിച്ചാൽ ചിലപ്പോൾ പറിച്ചെടുത്തെന്നുമിരിക്കും!!!

പകയും വിദ്വേഷവും വെച്ചുപുലർത്തി രാഷ്ട്രീയം ആചരിക്കുന്നത് പണ്ടെന്നോ രക്തത്തിൽ അലിഞ്ഞു ചേർന്ന വടക്കൻപാട്ടുകളുടെ തീഷ്ണതയാവണം എന്നു തോന്നിയിട്ടുണ്ട്. കുഞ്ഞുങ്ങളെ ഉറക്കാൻ വരെ വല്യമ്മമാർ വടക്കൻപാട്ടുകൾ മൂളുന്നത് കേട്ടിട്ടുണ്ട്. ഇതു മനസ്സിരുത്തി കേട്ടുറങ്ങുന്ന കുഞ്ഞുങ്ങൾക്കുള്ളിൽ പകയുടെ, ശക്തിയുടെ, തിരിച്ചടിയുടെ കടുത്ത മുദ്ര പതിയാതിരിക്കില്ലല്ലോ!

മലയാളം വിക്കിപീഡിയ പ്രവർത്തകർ കണ്ണൂരിൽ ഒന്നിക്കുന്നു…

മലയാളം വിക്കി പ്രവർത്തകരുടെ നാലാമത് സംഗമം ഈ വരുന്ന ജൂൺ 11-നു് കണ്ണുർ കാൽടെക്സിലുള്ള ജില്ലാ ലൈബ്രറി കൗൺസിൽ ഹാളിൽ വെച്ച് നടക്കുന്ന വിവരം എല്ലാവരും ഇതിനകം അറിഞ്ഞിട്ടുണ്ടാകുമെന്നു കരുതുന്നു. ഈ വർഷത്തെ പരിപാടിയുടെ ഏറ്റവും വലിയ പ്രത്യേകത മലയാളം വിക്കിമീഡിയരോടൊപ്പം വിക്കിമീഡിയ ഫൗണ്ടേഷന്റെ പ്രതിനിധികളായി ടോണി റീഡ്, ബിശാഖ ദത്ത, ഹിഷാം മുണ്ടോൽ എന്നിവർ പങ്കെടുക്കുന്നു എന്നുള്ളതാണ്.

ഈ പരിപാടിയിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ വിക്കിപീഡിയയിലെ നാലാം വിക്കി സംഗമം എന്ന താളിലെ പങ്കെടുക്കാൻ താല്പര്യം അറിയിച്ചവർ എന്ന ഭാഗത്ത് തങ്ങളുടെ പേർ ചേർക്കാൻ താല്പര്യപ്പെടുന്നു.

പേരു ചേർക്കാൻ വിക്കിയിൽ ലോഗിൻ ചെയ്ത ശേഷം മുകളിലെ ലിങ്കിൽ ക്ലിക്ക് ചെയ്തിട്ട്
# ~~~ എന്നു മാത്രം നൽകിയാൽ മതി. വിക്കിപ്രവർത്തനങ്ങളിൽ താല്പര്യമുള്ള എല്ലാവരേയും സ്വാഗതം ചെയ്യുന്നു. അതോടൊപ്പം ഈ വിവരം പരമാവധി ആളുകളിലേക്ക് എത്തിക്കണമെന്നും അഭ്യർത്ഥിക്കുന്നു..

എത്തിച്ചേരാൻ
കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും ഒരു ഓട്ടോ പിടിച്ച് വന്നാൽ മതിയാവും. ഇവിടെ കൊടുത്തിരിക്കുന്ന ലിങ്ക് നോക്കുക, http://goo.gl/maps/JkGC . ഇതിൽ നിന്നും കാൽടെക്സ് ജംങ്‌ഷൻ അറിയാത്ത, കണ്ണൂരിൽ ഇതിനു മുമ്പ് വന്നിട്ടുള്ളവർക്ക് സ്ഥലത്തിനെ കുറിച്ച് ഏകദേശ ധാരണ കിട്ടും.

കൂടുതൽ വിവരങ്ങൾക്ക് ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.
http://defn.me/r/ml/371y

പറശ്ശിനിക്കടവ് മുത്തപ്പന്‍

കുറിച്യരെ ഒന്നിച്ചു നിർത്താനും പഴശ്ശിരാജവംശത്തിന്റെ ചൂഷണത്തിൽ നിന്നും കുറിച്യരെ മോചിപ്പിക്കുന്നതിനും വേണ്ടി പോരാടിയ ഒരു ധീരയോധാവിന്റെ ചരിത്രമുണ്ട് താളിയോലകളിൽ. നാടുകാർ ബഹുമാനപുരസ്സരം അദ്ദേഹത്തെ മുത്തപ്പനെന്നു വിളിച്ചു പോന്നു. കീഴ്‍ജാതിക്കാരുമായ് ചേർന്ന് അവർക്കുവേണ്ടിപോരാടിയ ആ ധീരയോധാവിന്റെ സ്മരണയാണ് മുത്തപ്പനെന്ന തെയ്യക്കോലത്തിലൂടെ അനാവൃതമാവുന്നത്. പാടിപ്പതിഞ്ഞ പുരാവൃത്തങ്ങൾ അവനോടുള്ള സ്നേഹാദരങ്ങൾ മാത്രമായി കണക്കാക്കിയാൽ മതി. പുരാവൃത്തങ്ങൾക്കപ്പുറം ത്യാഗോജ്വലമായ ഒരു ജീവിത തപസ്യയുടെ സ്മരണപുതുക്കലാണ് ശ്രീ മുത്തപ്പന്റെ തെയ്യക്കോലം. അധ:സ്ഥിതർ‍ക്കുവേണ്ടി ഇല്ലം വിട്ടിറങ്ങി അവരോടൊപ്പം ജീവിച്ച്‍ അവരുടെ സമരപോരാട്ടങ്ങൾക്കു പുതിയ വ്യാഖാനങ്ങൾ നൽകിയ വ്യക്തിയാണ് ചരിത്രത്തിലെ മുത്തപ്പൻ. അവസനാകാലത്ത്‍ മുത്തപ്പൻ താമസിച്ചത് കുന്നത്തൂർപാടിയെന്ന സ്ഥലത്തായിരുന്നു എന്നു കരുതപ്പെടുന്നു. എങ്കിലും പറശ്ശിനിക്കടവു മഠപ്പുര മുത്തപ്പന്റെ സജീവസാന്നിദ്ധ്യത്താൽ പ്രസിദ്ധമായിത്തീർ‍ന്നു. അവിടെ എത്തുന്ന ഭക്തജനങ്ങൾ ഇന്നും മദ്യവും മീനുമാണ് മുത്തപ്പനു കാണിക്കയായി വെയ്‍ക്കുന്നത്. സവർണഹൈന്ദവതയിൽ നിന്നുള്ള ശക്തമായ വ്യതിചലമായി ഉദാഹരിക്കാവുന്ന ഒന്നും കൂടിയാണിത്. മുത്തപ്പന്റെ കെട്ടിക്കോലത്തിലൂടെ താൻ പണ്ടു നയിച്ച നായാട്ടും മധുപാന‌വും ഒക്കെ പുനർ‍ജനിക്കുകയാണ്. കോലത്തുനാടിന്റെ ആത്മസാക്ഷാത്‍കാരമാണു മുത്തപ്പൻ. അവരുടെ ഏതാപത്തിലും മുത്തപ്പൻ കൂടെയുണ്ടെന്നൊരു വിശ്വാസം. കേരളത്തിൽ ജൈനമതക്കാർ തങ്ങളുടെ ദേവനായ തീർത്ഥങ്കരനേയും ബുദ്ധമതക്കാർ ബുദ്ധനേയും (ശ്രീബുദ്ധനുൾപ്പടെ) മുത്തൻ, മുത്തപ്പൻ, എന്നൊക്കെ വിളിച്ചിരുന്നു. മുക്തൻ എന്നതിൻറെ ഗ്രാമ്യമാണ് മുത്തൻ. ആ വഴിയിലൂടെ ചിന്തിക്കിൽ ശക്തമായ ഒരു ബുദ്ധമതാടിത്തറ കൂടി നമുക്കിവിടെ കാണാനാവും. ജൈന ബുദ്ധമതങ്ങളുടെ അധഃപതനത്തിനുശേഷം കുറേയധികം പേർ ക്രിസ്തുമതാനുയായികളായി. ഇത്തരത്തിലാണ്‌ മലയാറ്റൂരിലെ ക്രിസ്ത്യൻ പള്ളിയിൽ മുത്തപ്പനെ ആരാധിക്കുന്നത്.

സവർ‍വണ്ണരിൽ നിന്നും ഇറങ്ങിവന്നു കീഴാളാരുടേയും അധ:സ്ഥിതരുടേയും ആരാധനാമൂർത്തിയായി‍ -തെയ്യമായി- വിളിച്ചാൽ ഓടിയെത്തുമെന്നു വിശ്വസിക്കപ്പെടുന്ന‌ ദൈവമാണു മുത്തപ്പൻ. കണ്ണൂരിനും തളിപ്പറമ്പിനുമിടയിൽ പറശ്ശിനിക്കടവെന്ന മനോഹരമായ നാട്ടുമ്പുറം മുത്തപ്പന്റെ സാന്നിധ്യത്താൽ അനുഗ്രഹിക്കപ്പെട്ടിരിക്കുന്നു. വളപട്ടണംപുഴയുടെ തീരത്താണ്, അവിടെ മുത്തപ്പന്റെ മഠപ്പുര. തന്നെത്തേടിയെത്തുന്ന ഭക്തന് മൂന്നുനേരവും അന്നദാനം നൽകിവരുന്ന മറ്റൊരു വിശ്വാസസങ്കല്പവും മലയാളക്കരയിലില്ല. കോലത്തുനാട്ടിലെ കൂട്ടായ്‍മയേയും പ്രാപഞ്ചികവീക്ഷണത്തേയും മുത്തപ്പൻ തെയ്യത്തിലൂടെ വ്യക്തമാക്കുന്നു. തെയ്യക്കോലം ഉറഞ്ഞാടുമ്പോൾ‍, കോലത്തുനാട്ടുകാരുടെ മനസ്സിൽ‍ പണ്ട്‍ നിഗൂഢമായി എരിഞ്ഞടങ്ങിയ രോഷത്തിന്റെ കനൽ‍രൂപം നമുക്കുകാണുവാനാകും. പഴയവ്യവസ്ഥിതികളും അതുമൂലം ഒരു ജനതയ്‍ക്കു സഹിക്കേണ്ടിവന്ന ദുരനുഭവങ്ങളും മുത്തപ്പന്റെ മുഖത്തു തെളിഞ്ഞുകാണാം.

ഇനി മുത്തപ്പന്റെ പുരാവൃത്തത്തിലേക്കു

പോകാം. അയ്യങ്കരയില്ലം. മക്കളില്ലാതെ പ്രാർ‍ത്ഥനയും പരിവട്ടവുമായി കഴിയുന്ന ഇല്ലത്തെ ദമ്പതികൾ. ഒരിക്കൽ, ഒരു പുലർ‍കാലവേളയിൽ കുളിക്കാനായി ചിറയിലെത്തിയതായിരുന്നു അയ്യങ്കരയില്ലത്തെ പാടിക്കുറ്റിയമ്മ. ആറ്റിൻകരയിലെത്തിയ അവരുടെ കാതുകളിൽ‍ ഒരു കൊച്ചുകുഞ്ഞിന്റെ ദീനരോദനം വന്നലച്ചു. അവർ ചുറ്റും കണ്ണോടിച്ചു. ആരേയും കണ്ടില്ല. ചുറ്റുവട്ടത്തൊക്കെ വെളിച്ചം കുറവായിരുന്നു. ചിറയിലിറങ്ങിയൊന്നു മുങ്ങിനിവർന്നപ്പോൾ വീണ്ടും കേട്ടു ആ കുഞ്ഞിന്റെ കരച്ചിൽ‍. പാടിക്കുറ്റിയമ്മ ഒന്നു കുളിച്ചെന്നു വരുത്തി കരച്ചിൽ‍ കേട്ടസ്ഥലം ലക്ഷ്യമാക്കി നടന്നു.
എന്തൊരത്ഭുതം..!

മെത്തവിരിച്ചപോലെ കിടക്കുന്ന കരിയിലകൾ‍ക്കു നടുവിൽ‍, കൈകാലിട്ടടിച്ചു കരയുന്ന ഒരു പിഞ്ചുകുഞ്ഞ്‍…!
പാടിക്കുറ്റിയമ്മയെ കണ്ടതും കുഞ്ഞു കരച്ചിൽ‍ നിർ‍ത്തി. ഓമനത്തം നിറഞ്ഞുതുളുമ്പുന്ന കുഞ്ഞ്‍. അവർ‍ ഓടിച്ചെന്ൻ ആ കുഞ്ഞിനെ വാരിയെടുത്തു. മതിവരുവോളം ഉമ്മ വെച്ചു. കൊട്ടിയൂരപ്പനെ മനസ്സാവിചാരിച്ച്, അവർ അയ്യങ്കരയില്ലത്തേക്കു നടന്നു.

കുളിക്കാൻപോയ ഭാര്യ ഒരു കൈക്കുഞ്ഞുമായി തിരിച്ചുവരുന്നതു കണ്ട വലിയ തിരുമേനി ആശ്ചര്യഭരിതനായി ഓടിച്ചെന്നു.
“കൊട്ടിയൂരപ്പൻ നൽകിയ നിധിയാണ്…” പാടിക്കുറ്റിയമ്മ ആനന്ദാശ്രുക്കളോടെ മൊഴിഞ്ഞു. അവർ കുഞ്ഞിനെ ഭർ‍ത്താവിനു കൈമാറി, നടന്നകാര്യങ്ങൾ വിസ്തരിച്ചു. തിരുമേനി കുഞ്ഞുന്റെ നെറുകയിൽ‍ വാത്സല്യപൂർ‍വം ഉമ്മവെച്ചു. അന്യം നിന്നുപോകുമായിരുന്ന ഇല്ലത്തെ രക്ഷിക്കാൻ കൊട്ടിയൂരപ്പനായ ശിവപ്പെരുമാൾ‍‍ കനിഞ്ഞുനൽകിയ നിധിയായി തന്നെ ആ ദമ്പതികളവനെ കണ്ടു. മനയിൽ‍ ആനന്ദം പൂത്തുലഞ്ഞു. ചന്ദനക്കട്ടിലൊരുങ്ങി. ഇല്ലം താരാട്ടുപാട്ടിനാൽ മുഖരിതമായി. പാടിക്കുറ്റിയമ്മ കുഞ്ഞിനെ അണിയിച്ചൊരുക്കി. അവനു പാലും പഴങ്ങളും നൽകി. അവൻ പല്ലു മുളയ്ക്കാത്ത മോണകാട്ടി നിഷ്‍കളങ്കമായി ചിരിച്ചു. ആ പുഞ്ചിരിയിൽ അവരുടെ സർവ്വസങ്കടങ്ങൾക്കും അറുതിവന്നു. അവന്നു ആയുസ്സും ആരോഗ്യം കിട്ടാൻ പാടിക്കുറ്റിയമ്മ കൊട്ടിയൂരപ്പനോട്‍ നിത്യവും പ്രാർ‍ത്ഥിച്ചു.

ദിവസങ്ങൾ കടന്നുപോയതവർ അറിഞ്ഞില്ല. കുഞ്ഞിന്റെ പാൽപുഞ്ചിരിയിലും തരിവളകളുടെ കിലുക്കത്തിലും കൊഞ്ചിക്കുഴഞ്ഞുള്ള സംസാരത്തിലും അവർ പുതിയൊരു നിർ‍വൃതി കണ്ടു. വളരെ പെട്ടന്നവൻ വളർന്നുവന്നു. എല്ലാം കൊട്ടിയൂരപ്പന്റെ മായാവിലാസങ്ങളായവർ കണ്ടു. എന്നാൽ‍ അവരുടെ സന്തോഷം അധികകാലം നീണ്ടുനിന്നില്ല. മകന്റെ പെരുമാറ്റത്തിൽ ചില മാറ്റങ്ങൾ അവർ കണ്ടുതുടങ്ങി.

പകൽ സമയങ്ങളിൽ മുഴുവൻ അവൻ മനയ്‍ക്കു പുറത്തുകഴിച്ചുകൂട്ടാനായിരുന്നു അവനിഷ്ടം. നാലുകെട്ടിനകത്ത് ഒതുങ്ങിക്കഴിയാൻ അവൻ തീരെ ഇഷ്‍ടപ്പെട്ടില്ല. മലമുകളിൽ കഴിയുന്ന കുറിച്യപിള്ളേരുമായിട്ടായിരുന്നു അവന്റെ കൂട്ടുകെട്ട്. അവരോടൊപ്പം കൂടി കീഴ്‍ജാതിക്കാരുടെ പുരകളിൽ നിന്ന് തിന്നും കുടിച്ചും അവൻ തെണ്ടിനടന്നു. മനയിലെ പാൽ‍ച്ചോറിനേക്കാൾ അവനിഷ്‍ടം കുറിച്യപ്പുരകളിലെ പഴഞ്ചോറായിരുന്നു. മകന്റെ സ്വഭാവത്തിൽ‍ പ്രകടമായി വന്ന ഈ മാറ്റം പാടിക്കുറ്റിയമ്മയെ സങ്കടത്തിലാക്കി. അവർ മകന്റെ ദുരവസ്ഥയോർ‍ത്തു പൊട്ടിക്കരഞ്ഞു. അതുകണ്ട അയ്യങ്കരത്തിരുമേനിയുടെ കണ്ണിൽ രോഷം ഇരച്ചുകയറി. നിയന്ത്രിക്കാനാവാതെ അദ്ദേഹം പൊട്ടിത്തെറിച്ചു.
” കാട്ടുജാതിക്കാരോടൊപ്പം മീനും മാനിറച്ചിയും തിന്നുനടക്കുന്ന മഹാപാപീ! നീ ഇനി മുതൽ മനയിൽ കഴിയണമെന്നില്ല. എവിടെയെങ്കിലും പോയി ജീവിക്ക്. കള്ളും കുടിച്ച് ലക്കില്ലാതെ വന്നു കേറാനുള്ള സ്ഥലമല്ല അയ്യങ്കരയില്ലം. പോ പുറത്ത്..!” ‍- തിരുമേനി പുത്രനുനേരെ നിസ്സഹായനായി നിന്നു ഗർ‍ജ്ജിച്ചു.

അവനൊന്നും മിണ്ടിയില്ല.
പാടിക്കുറ്റിയമ്മ വാവിട്ടു കരഞ്ഞു.
അച്ഛനെ സമാധാനിപ്പിക്കാനോ അമ്മയുടെ കണ്ണുനീർ തുടയ്‍ക്കാനോ അവൻ നിന്നില്ല. അവന്റെ നിശ്ചയദാർ‍ഢ്യവും കുലുക്കമില്ലായ്‍മ‌യും ആ പിതാവിനെ ദു:ഖത്തിലാഴ്‍ത്തി. എല്ലാ പ്രതീക്ഷകളും നശിച്ച അവർ തളർ‍ന്നിരുന്നുപോയി. മദ്യലഹരിയിൽ ആടിക്കുഴഞ്ഞു നിൽക്കുന്ന മകനെ കണ്ടുനിൽ‍ക്കാനവർ പ്രാപ്തരല്ലായിരുന്നു. അവർ തളർന്നുങ്ങി.

അന്ത്യയാമം പിറന്നു..

Sri Muthappan Old Photo
Muthappan theyyam Old photo
ആ ദമ്പതികൾ ഒരു സ്വപ്‍നത്തിലെന്നപോലെ കണ്ണുതുറന്നു നോക്കിയപ്പോൾ കണ്ട കാഴ്‍ച അവരെ അത്ഭുതപ്പെടുത്തി. കൊട്ടിയൂരപ്പന്റെ നിധിയായ തങ്ങളുടെ മകൻ ആയിരം സൂര്യപ്രഭയോടെ മണിപീഠത്തിലിരിക്കുന്നു. പുഞ്ചിരി പൊഴിക്കുന്ന ദിവ്യരൂപം! അമ്പും വില്ലും ധരിച്ചിരിക്കുന്നു. പൊൻചിലമ്പും അരമണിയും ആടയാഭരണങ്ങളും അണിഞ്ഞിരിക്കുന്നു. ബ്രഹ്മതേജസ്സു ജ്വലിക്കുന്ന മുഖം. ഭക്തിപുരസ്സരം കൈകൂപ്പി നിൽ‍ക്കുന്ന ദമ്പതിമാരെ നോക്കി ആ ദിവ്യരൂപൻ പറഞ്ഞു.
“പോകാൻ സമയമായി… പോയാലും മറക്കില്ല ഈ പൊൻമ‌കൻ. പിതാക്കൾ നിനയ്ക്കുന്ന മാത്രയിൽ ഓടിയെത്തും ഞാൻ. ജന്മലക്ഷ്യത്തിലേക്കുള്ള പ്രയാണമാണിനി. അനുഗ്രഹിച്ചു വിടതന്നാലും..”
ഇത്രയും പറഞ്ഞ് ആ അത്ഭുതബാലൻ നടന്നകന്നു.
എവിടെ പോകുന്നു..! ആർക്കും അറിയില്ല.
മലയും കാടും കടന്നവൻ കുന്നത്തൂർപാടിയിലെത്തി (പറശ്ശിനിക്കടവെന്നും പാഠഭേദമുണ്ട്). വാസയോഗ്യമായ പ്രകൃതിരമണീയമായ സ്ഥലം. മൂപ്പത്താറുവർഷം തപം ചെയ്തു ആ മലഞ്ചെരുവിൽ മലമക്കളോടൊത്തവൻ താമസിച്ചു. നിയന്ത്രിക്കാനാരുമില്ലാതെ തിന്നും കുടിച്ചും കൂത്താടി നടന്നു.
ഒരു ദിവസം.
പനങ്കള്ളു കുടിക്കണമെന്നൊരു മോഹമുദിച്ചു. അടുത്തു കണ്ട പനയിൽ കയറി കള്ളുംകുടമെടുത്ത് അവൻ വായിലേക്കു കമഴ്‍ത്തി. മധുര‌കള്ളിന്റെ സ്വാദിൽ അവൻ ലഹരികൊണ്ടു. എന്തൊരു സ്വാദ്..!
കുടം കാലിയായപ്പോൾ അവനത്‍ പൂർവ്വസ്ഥിതിയിൽ വെച്ച് പട്ടക്കിടയിൽ ചാരിയിരുന്നു മയങ്ങി.
താഴെ നിന്നാരോ കൂക്കിവിളിക്കുന്നി?
ആരാണത്?
ചെത്തുകാരൻ ചന്തൻ. അവൻ കള്ളെടുക്കുവാനുള്ള വരവാണ്. പനമുകളിൽ അപരിചിതനെ കണ്ടപ്പോൾ‍ കൂക്കിവിളിച്ചതാണ്. മുകളിൽ നിന്നും പ്രതികരണം ഒന്നുമില്ലാത്തപ്പോൾ‍ അവൻ കുപിതനായി.
“അഹങ്കാരി താഴെ ഇറങ്ങ്…കള്ളൂകട്ടുകുടിക്കാനുള്ള അധികാരം ആരാണു നിനക്കു തന്നത്‍?”
അവന്റെ സിംഹഗർജന‍ം ആകാശത്തോളം മുഴങ്ങിക്കേട്ടു.

പക്ഷേ മുകളിലിരിക്കുന്നവനുണ്ടോ കൂട്ടാക്കുന്നു. ഇതൊന്നും തന്നെ ബാധിക്കുന്നതല്ലെന്ന മട്ടിലങ്ങനെ ഗൌരവം ഭാവിച്ചിരുന്നു.ചന്തന് അവന്റെ ആ ഇരിപ്പത്ര രസിച്ചില്ല. തന്റെ വാക്കിനു പുല്ലുവില കല്പിക്കാതെ പനമുകളിൽ‍ കള്ളും കട്ടുകുടിച്ചിരിക്കുന്നവനോട് ജ്വലിച്ചുകൊണ്ടവൻ വില്ലെടുത്തു കുലച്ചു. ശരം അവനുനേരെ ചീറിപ്പാഞ്ഞു.
എന്തൊരത്ഭുതം, ചീറിപ്പാഞ്ഞുവന്ന ശരത്തെ അവൻ കൈകൊണ്ടു പിടിച്ചെടുത്തു ദൂരേക്കെറിഞ്ഞു.

ശരമയച്ച ചന്തനാവട്ടെ പാറയായി മലർന്നടിച്ചു വീണു. കാതോടുകാതു പകർന്ന് ആ വാർത്ത നാടുനീളെയറിഞ്ഞു. ചന്തന്റെ ഭാര്യ അലമുറയിട്ടുകൊണ്ട് ഓടിവന്നു. പാറയായി മാറിയ ചന്തനെ പ്രദക്ഷിണം വെച്ച്, അടുത്തുനിൽക്കുന്ന വൃദ്ധരൂപത്തെ നോക്കി തൊഴുത് അവൾ വിലപിച്ചു.
“എന്റെ മുത്തപ്പാ.. എന്റെ ജീവന്റെ പാതിയാണിത്… എന്നെ അനുഗ്രഹിക്കൂ.. എന്റെ ചന്തനെ തിരിച്ചുതരൂ.. എനിക്കു മറ്റാരും തുണയില്ല.”
മുത്തപ്പൻ അവളെ അനുഗ്രഹിച്ചു. ചന്തൻ പഴയപടിയായി. അവനെ മുത്തപ്പനെ വന്ദിച്ചു. ആ കാല്പാദങ്ങളിൽ നമസ്‍കരിച്ചു.
“ഇനിമുതൽ എനിക്കുവേണ്ടി കള്ളും മീനും നിവേദ്യമൊരുക്കാൻ ഞാൻ നിന്നെ ചുമതലപ്പെടുത്തുന്നു. വിഘ്‍നം കൂടാതെ പ്രവർത്തിക്കുക, എന്നും എന്റെ അനുഗ്രഹമുണ്ടാവും.”
…….
അയ്യങ്കരയില്ലത്തിന്റെ പുറത്തളത്തിൽ നിന്നും അപ്രതീക്ഷിതമായി പാടിക്കുറ്റിയമ്മയുടെ ദീനരോധനം ഉയർന്നു. ഗ്രാമവാസികൾ കൂട്ടമായി അങ്ങോട്ടു പ്രവഹിച്ചു.
എന്തുപറ്റി?
ആർക്കാണാപത്ത്..?
അയ്യങ്കര തിരുമേനി മരണത്തോടു മല്ലിടുകയാണ്. പാടിക്കുറ്റിയമ്മയ്‍ക്ക് അതുകണ്ടുനിൽ‍ക്കാനുള്ള ശക്തിയില്ലാതെ തളർന്നിരിക്കുകയാണ്. അവർ കൊട്ടിയൂരപ്പനെ വിളിച്ചുകേണു. പൊൻമകനെ മനസ്സിൽ നിരൂപിച്ചു. തനിക്കു താങ്ങായി ആരുമില്ലാത്തതിൽ അവർ വ്യസനിച്ചു.

ആ അമ്മയുടെ കണ്ണുനീർ തുടയ്‍ക്കാൻ ജനങ്ങൾ പ്രവഹിച്ചു തുടങ്ങി. പെട്ടന്നൊരു സൂര്യനുദിച്ചതുപോലെയതാ പുഞ്ചിരിതൂകിക്കൊണ്ട് തന്റെ പൊൻമകൻ മുമ്പിൽ നിൽക്കുന്നു. അവർ മകനെ വാരിപ്പുണർന്നു പൊട്ടിക്കരഞ്ഞു. പുത്രൻ ആ അമ്മയുടെ കണ്ണുനീർ തുടച്ച് അവരെ ആശ്വസിപ്പിച്ചു. അച്ഛനും അമ്മയും മകനോടൊപ്പം ആ ദിവ്യപ്രകാശത്തിൽ വിളങ്ങി. മനയും സർ‍വസ്വവും ഗ്രാമവാസികൾക്കു നൽ‍കി ആ ദമ്പതികൾ ജീവൻവെടിഞ്ഞു. മുത്തപ്പൻ ദൈവം ഗ്രാമസംരക്ഷകനായി വാഴ്‍ത്തപ്പെട്ടു. തെയ്യം കെട്ടിയാടിയാൽ മുത്തപ്പൻ അവിടെയെത്തി ആശ്വസിപ്പിക്കുമെന്നാണു വിശ്വാസം.

തിരുവപ്പന, വെള്ളാട്ടം എന്നീ രണ്ടു ദൈവീക രൂപങ്ങളുടെ അവതാരമാണ് ശ്രീ മുത്തപ്പൻ എന്നാണ് വിശ്വാസം. തിരുവപ്പന, വെള്ളാട്ടം എന്നീ ദ്വന്ദ ദൈവീക രൂപങ്ങൾക്ക് മലബാറിലെ തെയ്യംകാളിയാട്ടവുമായി സാമ്യമുണ്ട്. ശ്രീ മുത്തപ്പൻ ഒരു ദൈവമാണെങ്കിലും രണ്ട് ദൈവീക രൂപങ്ങളെയാണ് പ്രതിനിധാനം ചെയ്യുക – മത്സ്യത്തിന്റെ രൂപത്തിലുള്ള കിരീടം വെച്ച് വിഷ്ണുവിനെയും ചന്ദ്രക്കലയുടെ രൂപത്തിലുള്ള കിരീടം വെച്ച് ശിവനെയും. പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രത്തിൽ മുത്തപ്പൻ തെയ്യം വർഷം മുഴുവനും കെട്ടിയാടപ്പെടുന്നു. കേരളത്തിലെ മറ്റ് ക്ഷേത്രങ്ങളിലെ മറ്റ് തെയ്യങ്ങൾ കാലികമാണ് (സാധാരണയായി ഒക്ടോബർ മുതൽ മെയ് വരെയുള്ള മാസങ്ങളിൽ).

മുത്തപ്പനെ എപ്പോഴും ഒരു നായ അനുഗമിക്കുന്നു. ഈ ക്ഷേത്രത്തിൽ നായയെ പാവനമായി കരുതുന്നു. ക്ഷേത്ര പരിസരത്ത് ധാരാളം നായ്കളെ കാണാം. ക്ഷേത്രത്തിന്റെ പ്രവേശന കവാടത്തിൽ രണ്ട് നായ്ക്കളുടെ പിച്ചള പ്രതിമകളുണ്ട്. മുത്തപ്പന്റെ അംഗരക്ഷകരായ നായ്ക്കളുടെ വിശ്വാസ്യത ഈ പ്രതിമകൾ കാണിക്കുന്നു. ക്ഷേത്രത്തിൽ പ്രസാദം തയ്യാറാകുമ്പോൾ ആദ്യം എപ്പോഴും നൽകുക ക്ഷേത്രത്തിനുള്ളിൽ ഉള്ള ഒരു പട്ടിക്കാണ്. മുത്തപ്പനു മുൻപിൽ നായ്ക്കളുടെ പ്രാധാന്യത്തെ കുറിച്ച്‍ പല കഥകളും പ്രചാരത്തിലുണ്ട്. ഇതിൽ ഒരു കഥ ഇങ്ങനെയാണ്. : ഏതാനും വർഷങ്ങൾക്കു മുൻപ് ക്ഷേത്ര അധികാരികൾ ക്ഷേത്രത്തിനുള്ളിലെ നായ്ക്കളുടെ എണ്ണം കുറയ്ക്കുവാൻ തീരുമാനിച്ചു. അവർ കുറച്ച് നായ്ക്കളെയും നായ്ക്കുഞ്ഞുങ്ങളെയും ക്ഷേത്രത്തിൽ നിന്നും പുറത്താക്കി. പക്ഷേ അന്നത്തെ ദിവസം മുതൽ മുത്തപ്പൻ തെയ്യം അവതരിപ്പിക്കുന്ന ആൾക്ക് തെയ്യം ആടുവാൻ കഴിഞ്ഞില്ല. (മുത്തപ്പന്റെ ശക്തി തെയ്യം ആടുന്ന ആളുടെ ശരീരത്തിൽ പ്രവേശിച്ചാണ് തെയ്യം തുള്ളുന്നത്. തെയ്യം തീരുന്നതു വരെ തെയ്യം തുള്ളുന്ന ആൾ മുത്തപ്പൻ ആയി മാറുന്നു എന്നാണ് വിശ്വാസം).

നായ്ക്കളെ ക്ഷേത്രത്തിൽ നിന്നു പുറത്താക്കിയതുകൊണ്ടാണ് മുത്തപ്പൻ തെയ്യം തുള്ളുന്ന ആളുടെ ശരീരത്തിൽ പ്രവേശിക്കാത്തത് എന്ന് മനസിലാ‍ക്കിയ ക്ഷേത്രാധികാരികൾ നായ്ക്കളെ ക്ഷേത്രത്തിൽ തിരിച്ചുകൊണ്ടുവന്നു. അന്നുമുതൽ തെയ്യം വീണ്ടും സാധാരണ ഗതിയിലായി എന്നുമാണ്‌ കഥ.

പറശ്ശിനിക്കടവ് മുത്തപ്പന്റെ എല്ലാ വർഷവും നടക്കുന്ന ഉത്സവം തുടങ്ങുന്നത് തയ്യിൽ കുടുംബത്തിൽ നിന്നുള്ള ഒരു അംഗം കണ്ണൂരിലെ തങ്ങളുടെ കുടുംബ വീട്ടിൽ നിന്ന് പുറപ്പെട്ട് ക്ഷേത്രത്തിലെത്തി ദൈവങ്ങൾക്ക് പൂജ നടത്തുന്ന ചടങ്ങോടെ ആണ്.

പറശ്ശിനിക്കടവ് മടപ്പുരയിലെ പ്രധാന ഉത്സവങ്ങൾ എല്ലാ ദിവസവും അതിരാവിലെയും വൈകിട്ടും തിരുവപ്പനയും വെള്ളാട്ടവും നടക്കുന്നു.

പുത്തരി തിരുവപ്പന അല്ലെങ്കിൽ വർഷത്തിലെ ആദ്യത്തെ തിരുവപ്പന – വർഷത്തിലെ ആദ്യത്തെ പുതുനാമ്പുകൾ ആഘോഷിക്കുവാൻ വൃശ്ചികം 16-നു നടക്കുന്നു. അവസാനത്തെ തിരുവപ്പന നടക്കുന്നത് കന്നി 30-നു ആണ്.

തിരുവപ്പന ഈ ദിവസങ്ങളിൽ നടക്കാറില്ല.
1. എല്ലാ വർഷവും തുലാം 1 മുതൽ വൃശ്ചികം 15 വരെ.
2. കാർത്തിക മാസത്തിലെയും തുലാം മാസത്തിലെയും അമാവാസി ദിവസങ്ങളിൽ.
3. ക്ഷേത്രത്തിലെ “നിറ” ദിവസം.
4. മടപ്പുര കുടുംബത്തിൽ മരണം നടക്കുന്ന ദിവസങ്ങളിൽ.

മുത്തപ്പന്റെ പ്രധാന വഴിപാടുകൾ പൈംകുറ്റി, വെള്ളാട്ടം, തിരുവപ്പന എന്നിവയാണ്. ക്ഷേത്രത്തിൽ നിന്നും ഈ വഴിപാടുകളെ കുറിച്ചുള്ള വിവരങ്ങൾ ലഭിക്കും.

മടയൻ ഉള്ള വഴിപാടുകൾ വെച്ചേരിങ്ങാട്ട് (ഏത്തക്ക, കുരുമുളക്, മഞ്ഞൾ, ഉപ്പ് എന്നിവയുടെ പുഴുങ്ങിയ ഒരു മിശ്രിതം), നീർക്കരി (അരിപ്പൊടി, ഉപ്പ്, മഞ്ഞൾപ്പൊടി, കുരുമുളക്, എന്നിവയുടെ മിശ്രിതം), പുഴുങ്ങിയ ധാന്യങ്ങൾ, തേങ്ങാപ്പൂള് എന്നിവയാണ്. ഇന്ന് കരിച്ച ഉണക്കമീനും കള്ളും നൈവേദ്യമായി അർപ്പിക്കാറുണ്ട്. എത്തിച്ചേരാനുള്ള വഴി

  • ഏറ്റവും അടുത്തുള്ള റെയിൽ‌വേ സ്റ്റേഷൻ: കണ്ണൂർ, ഏകദേശം 16 കിലോമീറ്റർ അകലെ.
  • ഏറ്റവും അടുത്തുള്ള വിമാനത്താവളം: കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളം, കോഴിക്കൊട് – കണ്ണൂരിൽ നിന്ന് ഏകദേശം 110 കിലോമീറ്റർ അകലെ.
  • വിമാനത്തിൽ എത്തുകയാണെങ്കിൽ മംഗലാപുരത്തോ കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിലോ ഇറങ്ങാം. മംഗലാപുരത്തുനിന്നും ദേശീയപാത 17-ൽ ധർമ്മശാലയിലേക്കുള്ള വഴിയിൽ ഏകദേശം 150 കിലോമീ‍റ്റർ സഞ്ചരിക്കുക. ധർമ്മശാലയിൽ നിന്ന് 4 കിലോമീറ്റർ അകലെയാണ് പറശ്ശിനിക്കടവ്. കരിപ്പൂരിൽ ഇറങ്ങുകയാണെങ്കിൽ ദേശീയപാത 17-ൽ ഏകദേശം 110 കിലോമീറ്റർ സഞ്ചരിച്ചാൽ ധർമ്മശാലയിൽ എത്താം.
  • കണ്ണൂർ മുനിസിപ്പൽ ബസ് സ്റ്റാന്റിൽ നിന്ന് പറശ്ശിനിക്കടവിൽ നിന്ന് എപ്പോഴും ബസ്സും ടാക്സിയും ലഭിക്കും.

 

പൊട്ടന്‍ തെയ്യം

ആത്മബോധത്തിന്റെ അന്ത:സത്ത വ്യക്തമാക്കുന്നതാണ് പൊട്ടന്‍ തെയ്യത്തിന്റെ ഇതിവൃത്തം. പ്രാപഞ്ചികതത്ത്വങ്ങള്‍ വാരിവിതറിയ പുലയനുമുമ്പില്‍ നമിച്ചുനില്‍ക്കേണ്ടിവന്ന അദ്വൈതശില്പിയായ സ്വാമി ശങ്കരാചാര്യരുടെ കഥ ഓര്‍ക്കുന്നില്ലേ. അതാണ് പൊട്ടനാട്ടത്തിന്റെ പുരാവൃത്തത്തിനാധാരം

പുലയര്‍ തൊട്ട് ബ്രാഹ്മണര്‍ വരെയുള്ളവര്‍ ആരാദിച്ചുവരുന്ന ദൈവമാണിത്. ദൃഡമായ ശൈവപുരാവൃത്തത്താല്‍‌ നിര്‍‌മ്മിതം. പൊട്ടന്‍ തെയ്യത്തിന്റെ സാന്നിദ്ധ്യം ആദ്യമുണ്ടായത് തായിക്കരയിലും കോണത്തുമാണ്. എന്നാല്‍ തളിപ്പറമ്പ് ശ്രീ പുതിയടത്തു കാവ് ആണു പൊട്ടന്‍ ദൈവത്തിന്റെ ആരൂഡ സ്ഥാനമായി കണക്കാക്കിയിരിക്കുന്നത്. പിന്നീട് എട്ടുകോട്ടകളിലും എഴുപത്തിരണ്ടു പുലയടിയാന്‍മാരുടെ സ്ഥാനങ്ങളിലും പൊട്ടന്‍തെയ്യത്തിന്റെ സന്നിദ്ധ്യം കണ്ടെന്നു പറയപ്പെടുന്നു. പുലയര്‍‍ക്കെന്നപോലെ മലയര്‍‍ക്കും ഈ തെയ്യം കുടുംബദേവതയാണ്. എങ്കിലും പൊട്ടന്‍ തെയ്യം ചിറവന്‍, പാണന്‍ തുടങ്ങിയ സമുദായക്കാരും കെട്ടാറുണ്ട്. വീട്ടുവളപ്പില്‍ കന്നിരാശിയില്‍‍ അറപണിത്, പൊട്ടന്‍തെയ്യത്തെ കുടിയിരുത്തി, അവിടെ കോലം കെട്ടിയാടിവരുന്ന പതിവും ഉണ്ട്. കൂടാതെ പൊതുസ്ഥലങ്ങളിലും വയലുകളിലും താല്‍കാലിക പള്ളിയറ (ഓലകൊണ്ട്‍) ഉണ്ടാക്കി പൊട്ടന്‍‍തെയ്യത്തെ സങ്കല്പം ചെയ്‍ത് ആടിച്ചുവരുന്നുണ്ട്.

പുളിമരം, ചെമ്പകം തുടങ്ങിയ മരങ്ങളാല്‍ ‘മേലേരി’ (തീക്കനല്‍ കൂമ്പാരം ) ഉണ്ടാക്കി, ആ തീക്കനലിലൂടെയുള്ള നടത്തവും കിടത്തവുമൊക്കെയാണ് ഈ തെയ്യത്തിന്റെ പ്രത്യേകത. കൈയി ഒന്നോ രണ്ടോ ചൂട്ടുകറ്റയുമുണ്ടാവും. ആ തീച്ചൂട്ടും വീശിയാണ് പൊട്ടന്‍‌തെയ്യത്തിന്റെ നടപ്പ്. തെയ്യം നടത്തുന്ന സ്ഥലത്ത് വൈകിട്ട് എട്ടുമണിയോടെയാണു മേലേരി (‘നിരിപ്പ്’ എന്നും പറയും) ഉണ്ടാക്കുക. പുലര്‍‍ച്ചെയ്ക്കു 4-5 മണിയാകുമ്പോഴേക്കും ഇവ ഏകദേശം കത്തി കനലായി തീര്‍ന്നിട്ടുണ്ടാകും. ആ സമയത്താണ് പൊട്ടന്റെ തെയ്യത്തിന്റെ പുറപ്പാട്. ഇതിനിടെ കനല്‍ മാത്രം ഒരിടത്തും, കത്തികൊണ്ടിരിക്കുന്നവ മരകഷണങ്ങള്‍ മറ്റൊരിടത്തുമായി കൂട്ടിയിട്ടിരിക്കും. പൊട്ടന്‍ തെയ്യം കത്തുന്ന തീയിലും, കനലിലിലും മാറി മാറി ഇരിക്കുകയും കിടക്കുകയുമൊക്കെ ചെയ്യും. തീയെ പ്രതിരോധിക്കുവാന്‍ കുരുത്തോലകൊണ്ടുള്ള് ഉടയാടയുണ്ടെങ്കിലും വളരെയധികം ശ്രദ്ധയോടെ ചെയ്തില്ലെങ്കില്‍ പൊള്ളലേല്‍ക്കുവാന്‍ സാധ്യതയുള്ളൊരനുഷ്ഠാനമാണിത്. കത്തുന്ന തീയില്‍ ഇരിക്കുമ്പോഴും “കുളിരുന്നു, കുളിരുന്നു, വല്ലതെ കുളിരുന്നു“ എന്നാണ് പൊട്ടന്‍ തെയ്യം പറയാറ്. കാണികളായെത്തുന്നവരില്‍ ഭക്തിയും ഭീതിയും ഉണര്‍ത്തുന്ന രംഗമാണിത്. തീയില്‍ വീഴുന്ന പൊട്ടനും, തീയ്യില്‍ വീഴാത്ത പൊട്ടനും ഉണ്ട്. സാധാരണ തെയ്യങ്ങള്‍ക്കു കണ്ടു വരാറുള്ള മുഖത്തെഴുത്ത് ഈ തെയ്യത്തിനില്ല, പകരം നേരത്തെ തന്നെ തയ്യാറക്കിയ കവുങ്ങിന്‍പാള കൊണ്ടുള്ള ഒരു മുഖാവരണം അണിയുകയാണ് പതിവ്. ആ പാളയിലാവട്ടെ മനോഹരമായിത്തന്നെ ചിത്രവേല ചെയ്തിരിക്കും.

കഷ്‍ടത തീര്‍ത്തീടുന്ന പൊട്ടന്‍തെയ്യത്തോടുള്ള തോറ്റംപാട്ടുകാരന്റെ പ്രാര്‍‍ത്ഥന നോക്കുക.
“മാരണം മാറ്റുമോരോ
ദ്വേഷങ്ങള്‍ വരുന്ന കാലം
മങ്ങാതെ തടഞ്ഞു നിര്‍‍ത്തി
മംഗളമരുളീടേണം

മതിച്ചു വന്നെതിര്‍‍ത്തീടുന്ന‌
കുസൃതികളായവര്‍‍ക്ക്
മതിക്കു നാശം വരുത്തി
മുടിക്കേണം വംശമെല്ലാം”‍ തോറ്റംപാട്ടിലേക്കു നമുക്കിനി പിന്നീടു വരാം. അതിനുമുമ്പു പൊട്ടന്‍‍തെയ്യത്തിന്റെ പുരാവൃത്തത്തിലേക്കൊന്നു പോകാം. എല്ലാവര്‍‍ക്കുമറിയുന്നതാണ് ഈ ഇതിവൃത്തമെങ്കിലും നാടകീയമായ ആ രംഗങ്ങളെങ്ങെക്കുറിച്ചു പറയാതെ വയ്യ.!

ശ്രീ പരമേശ്വരന്‍ ഒരാഗ്രഹം തോന്നി. സര്‍വ്വജ്ഞനായിരിക്കുന്ന ശങ്കരാചാര്യരുടെ ജ്ഞാനത്തെ ഒന്നു പരിശോദിക്കണം. ദിഗ്വിജയവും സര്‍‍വ്വജ്ഞപീഠവും ശങ്കരനു സ്വന്തമാവണം. അഹങ്കാരത്തിന്റെ കണികയെങ്കിലും ആ മനസ്സിലുണ്ടെങ്കിലതു പിഴുതെറിയണം. അങ്ങനെവേണം സര്‍‍വ്വജ്ഞനെന്നു ശങ്കരന്‍ അറിയപ്പെടാന്‍. ശ്രീ പാര്‍‍വതിയോടു പരമേശ്വരന്‍‍ അഭിപ്രായമാരാഞ്ഞു… ഒന്നു പരീക്ഷിക്കുക തന്നെയാണ് അഭികാമ്യമെന്ന്‍ ദേവിയും പറഞ്ഞു.

കാട്ടില്‍, മലനാട്ടില്‍, പരമേശ്വരന്‍ പുലയവേഷധാരിയായി അവതരിച്ചു. ദേവി പുലയന്റെ പത്നിയായി. മഹാദേവന്റെ കൂടെ മായാരൂപിയായി നന്ദികേശനും പുലയക്കിടാങ്ങളായി അഷ്‍ടഭൂതങ്ങളും പിന്തുടര്‍‍ന്നു. ഇതൊന്നും ശങ്കരാചാര്യരറിയുന്നു. സര്‍‍‍വ്വജ്ഞപീഠം കയറാനുള്ള ഒരുക്കത്തിലാണ് അദ്ദേഹം. യാത്ര തുടരുകയാണ്. ഒടുവില്‍ അദ്ദേഹം മലനാട്ടിലുമെത്തി.

അങ്ങകലെ, ഇരുണ്ടവെളിച്ചത്തില്‍‍ ശങ്കരാചാര്യര്‍‍ ഒരു പുലയകുടില്‍(ചാള) കണ്ടു. കുടിലിനു മുറ്റത്ത്‍ പുലയകിടാങ്ങള്‍ അമ്മയെ വിളിച്ചു കരയുന്നു. അകത്ത്‍, അടുപ്പില്‍ വെച്ചിരിക്കുന്ന കഞ്ഞി തിളച്ചുപൊങ്ങുന്നതും കാത്തിരിക്കുകയാണ് ആ പുലയ ദമ്പതികള്‍‍. പതിഞ്ഞ സ്വരത്തിലവര്‍‍ മക്കളെ സമാധാനിപ്പിക്കുന്നുമുണ്ട്.

സന്ധ്യ മയങ്ങാന്‍ അധികസമയമില്ല. എല്ലാവരും ചാളയ്‍ക്കകത്താണ്. ശങ്കരാചാര്യര്‍‍ ആ തക്കം നോക്കി പുലയക്കുടിലിനടുത്തുകൂടിയുള്ള ഇടവഴിയിലൂടെ വേഗം നടന്നു. പുലയന്‍‍മാര്‍‍ പുറത്തില്ലാത്ത സമയം! ശുദ്ധം മാറാതെ വേഗം കുടിലിനപ്പുറമെത്തണം. ഇങ്ങനെ ഓരോന്നു ചിന്തിച്ചുകൊണ്ടു നടന്ന ശങ്കരാചാര്യര്‍‍ക്കുമുമ്പില്‍‍ പെട്ടന്നൊരാള്‍ വന്നു നിന്നു.

ആരാണിവന്‍?
ഇരുട്ടു പരന്നു കഴിഞ്ഞതിനാല്‍‍ വ്യക്തമായി കാണാനും കഴിയുന്നില്ല. എങ്കിലും സ്വാമികള്‍‍ അല്പം പുറകോട്ടുമാറി. അശുദ്ധമാകാതെ നോക്കണം.
അവന്‍‍ എതിരെതന്നെയാണു‍ വരുന്നത്‍? താന്‍‍ ആരെന്ന്‍ അറിയാതെയാവുമെന്ന്‍ സ്വാമികള്‍ നിനച്ചു. സാരമില്ല, ഒച്ചവെച്ച് മൂപ്പരെ അറിയിച്ചേക്കാം. ശങ്കരാചാര്യര്‍‍ ഹാ‍‍‍…ഹൂ..ഹാ…ഹൂ…എന്ന്‍ ഒച്ചവെച്ച്‍ ‘കുറുത്തം’ കൊടുത്തു‍. ഫലമില്ല‍. ധിക്കാരിയായ അവന്‍ അതൊന്നും ഗൗനിക്കുന്നേയില്ല‍. സ്വാമികള്‍‍‍ പിന്നിലേക്കു പിന്നേയും മാറി. കുരുത്തംകെട്ടവന്‍‍ അഹമ്മതി തന്നെയാണ് തീര്‍‍ച്ച.
“പറഞ്ഞതുകേട്ടാല്‍‍പ്പോലും
കുറവൊന്നുമറിയാ വംശം
വശം വഴി പറഞ്ഞാലൊട്ടും
തിരിയാത്ത നീചവൃന്ദം”. സ്വാമികള്‍ അവനെ ആക്ഷേപിച്ചു.

അപ്പോഴേക്കും ചണ്ഡാലന്‍‍ തൊട്ടുമുമ്പില്‍‍ വന്നു നില്പുറപ്പിച്ചു കഴിഞ്ഞിരുന്നു. ഒക്കത്തൊരുകുഞ്ഞുമുണ്ട്. തലയിലാവട്ടെ കള്ളിന്‍കുടവുമുണ്ട്. മദ്യത്തിന്റെ ലഹരിയിലാണവന്‍‍. കള്ളിന്റെ നാറ്റം സര്‍‍വത്ര പരന്നു. സ്വാമികളുടെ മനസ്സില്‍‍ കോപം ഇരച്ചുകയറി. തൊട്ടുതീണ്ടായ്‍‍മയെ അവഗണിച്ചുകൊണ്ട് ഇന്നേവരെ ആരും തന്റെ മുമ്പില്‍ ഇങ്ങനെ നിന്നിട്ടില്ല‍. അനുസരിക്കില്ല എന്നുറപ്പുണ്ടായിട്ടും സ്വാമികള്‍ ഒന്നുകൂടി വിളിച്ചു പറഞ്ഞു, ”

“തിരി തിരി തിരി തിരി തിരി തിരി പുലയാ….
വഴി തിരി തിരി തിരി കള്ളപ്പുലയാ……”

പുലയന് ഒരു ഭാവവ്യത്യാസവുമില്ല. അവന്‍‍ അല്പംകൂടി മുമ്പോട്ടു നീങ്ങിനിന്നു. അവര്‍‍ തമ്മില്‍‍ തര്‍‍ക്കം മൂത്തു. പരസ്പരം മൊഴിയും മറുമൊഴിയും ചൊരിഞ്ഞു.

“തിരിയെന്നു ചൊന്നാ തിരിയുമോ തങ്കള്‍?
തിരിയാനും പാരം വിനയുണ്ടെനിക്ക്
തിരിയെന്നും ചൊന്നാല്‍‍ തിരിയുമോ തങ്കള്‍?
തിരിയെന്നു ചൊന്നതിന്‍‍ കാരണമെന്ത്?
തിരിയെപ്പറയണമെന്നോടിപ്പഴേ…

ഉക്കത്ത്‍ കുഞ്ഞൂണ്ട്, തലയിലും കള്ള്,
എങ്ങനടിയന്‍‍ വഴി തിരിയേണ്ട്?
അങ്ങെല്ലാം കാടെങ്കില്‍‍ ഇങ്ങെല്ലാം മുള്ളൂം
ഏറെപ്പറഞ്ഞാല് വഴിയൊട്ടും തിരിയാ..”

ചണ്ഡാളന്റെ വാക്കുകേട്ട് ശങ്കരാചാര്യര്‍‍‍ കോപംകൊണ്ടു വറച്ചു. അവനെ ഭസ്മമാക്കാനുള്ള പക സ്വാമിയുടെ മനസ്സിലുണര്‍‌ന്നു. പക്ഷേ അതൊന്നും പുലയനു പ്രശ്‍നമല്ല. സ്വാമിയുടെ ചലനങ്ങളും ഉല്‍‍ക്കണ്ട്ഠയും ഭാവവുമൊക്കെ അവനെ ചിരിയിലാഴ്‍ത്തി. അവന്‍‍ ഒന്നുകൂടി മുന്നോട്ടുകയറിനിന്ന് വഴി തടഞ്ഞ് പൊട്ടിച്ചിരിച്ചു.

ഇവന്‍ പൊട്ടന്‍ തന്നെ. ഇത്രയും പറഞ്ഞിട്ടും ഇവന്‍‍ വഴിമാറാന്‍‍ കൂട്ടാക്കാത്തതെന്ത്?

“ഹേയ്, പൊട്ടപ്പുലയാ…! മാറിപ്പോ ദൂരേക്ക്..” സ്വാമികള്‍ ഉറക്കെ ഗര്‍‍ജിച്ചു. അപ്പോളവന്‍‍‍ അതിനേക്കാള്‍‍ ഉച്ചത്തില്‍‍ ചിരിച്ചു. ആ കളിയാക്കല്‍‍ ശങ്കരാചാര്യര്‍‍‍ക്കു തീരെ രസിച്ചില്ല‍.

“നിന്റെ ഉദ്ദേശ്യമെന്താ? തുറന്നു പറ.. എന്നോടേറ്റുമുട്ടാന്‍‍ തന്നെയാണോ ഭാവം? ഞാന്‍‍ ആരെന്നു നിനക്കറിയാമോ? എല്ലാം കാട്ടുമൂപ്പനോടു പറയുന്നുണ്ട്…”

“പറഞ്ഞോളൂ, എല്ലാവരുമറിയട്ടേ വൈഭവങ്ങള്…
അന്തണരെന്നും പിന്നെ അന്തരജാതിയെന്നും
എന്തൊരുഭേദമുള്ളൂ ചിന്തിച്ചാലീശ്വരന്..”

പുലയന്റെ ചോദ്യംകേട്ട് ശങ്കരാചാര്യര്‍‍ തരിച്ചിരുന്നുപോയി. ഞാനെന്നും നിയെന്നുമുള്ള, ജീവാത്മാവെന്നും പരമാത്മാവെന്നുമുള്ള വ്യത്യാസം വെറും മായയാണെന്നും എല്ലാവരിലും ഉള്ള ശക്തിവിശേഷം ഒന്നണെന്നുമുള്ള തന്റെ അദ്വൈത തത്ത്വം തന്നെയല്ലേ ഈ പുലയപ്പൊട്ടനും പറയുന്നത്? താനെന്തുകൊണ്ടിതു മനസ്സിലാക്കിയില്ല..!

അവന്‍‍ തുടര്‍‍ന്നു:
“നാങ്കളെ കൊത്ത്യാലുമൊന്നല്ലേ ചോരാ
നീങ്കളെ കൊത്ത്യാലുമൊന്നല്ലേ ചോരാ..”

ആ ചേദ്യം സ്വാമികളെ ആലോചനയിലാഴ്‍ത്തി. ബ്രാഹ്മണനെന്നും ചണ്ഡാളനെന്നുമുള്ള ഭേദബുദ്ധിക്ക് യാതൊരുവിധ അടിസ്ഥാനവുമില്ലെന്നു തെളിയിക്കുന്ന ധാരാളം ഉദാഹരണങ്ങളവന്‍‍ സ്വാമികള്‍ക്കു മുമ്പില്‍ നിരത്തി.
അവന്റെ ചോദ്യങ്ങള്‍ക്കുമുമ്പില്‍‍ ശങ്കരാചാര്യര്‍‍ പതറിനിന്നു. ശാസ്‍ത്രത്തിന്റെ വെളിച്ചത്തില്‍‍ ശുദ്ധാശുദ്ധഭേദമില്ലെന്ന് പൊട്ടന്‍‍തെയ്യത്തിന്റെ തോറ്റം പാട്ടില്‍‍ ആവര്‍‍ത്തിച്ചാവര്‍‍ത്തിച്ചു വ്യക്തമാക്കുന്നു. പുലയന്‍ പ്രാപഞ്ചികതത്ത്വങ്ങളുടെ ഭാണ്ഡക്കെട്ട് സ്വാമികള്‍ക്കു മുമ്പില്‍ തുറന്നപ്പോള്‍ അദ്ദേഹം തരിച്ചുനിന്നുപോയി.

ഇനി തര്‍‌ക്കിക്കുന്നതില്‍ അര്‍‌ത്ഥമില്ലാന്നു മനസ്സിലായി. തര്‍ക്കിച്ചാല്‍‍ എന്തായാലും പുലയന്റെ മുമ്പില്‍‍ അടിയറവു പറയേണ്ടിവരുമെന്നു മനസ്സു മന്ത്രിച്ചു. നാലു വേദങ്ങളും പതിനെട്ടുപുരാണങ്ങളും സകലശാസ്ത്രങ്ങളും പഠിച്ചിട്ടും, കേവലമൊരു പുലയന്റെ ചോദ്യശരങ്ങള്‍ക്കുമുമ്പില്‍‍‍ തളര്‍‍ന്നുപോയ അവസ്ഥ സ്വാമികളെ ദു:ഖിപ്പിച്ചു. പൊട്ടന്‍ പുലയനെ സ്വാമികള്‍ മനസ്സുകൊണ്ടാദരിച്ചു. സ്വാമികളുടെ മനസ്സുകണ്ടറിഞ്ഞ പുലയന്റെ മുമ്പില്‍ അദ്ദേഹം തലകുനിച്ചു നിന്നു. ആരാണെന്നറിയിക്കണമെന്ന് അഭ്യര്‍‍ത്ഥിച്ചു.

കള്ളുംകുടവും കുഞ്ഞും അപ്രത്യക്ഷമായി. ചണ്ഡാലാന്‍‍ പാര്‍‍വതീപതിയായ് ദര്‍‍ശനം നല്‍‍കി. സ്വാമികളുടെ മനസ്സില്‍‍ അഹ്ളാദം അലതല്ലി. പുലയപ്പൊട്ടന്‍‍ സാക്ഷാല്‍‍ കൈലാസനാഥന്‍‍ തന്നെയാണെന്നറിഞ്ഞപ്പോള്‍, സ്വാമികള്‍‍ ആ പാദാരവിന്ദങ്ങളില്‍‍ സാഷ്‍ടാംഗനമസ്‍കാരം ചെയ്‍തു, കുറ്റങ്ങള്‍‍ പൊറുത്തു മാപ്പു നല്‍‍കാനപേക്ഷിച്ചു.

ശ്രീ പരമേശ്വരന്‍‍ സ്വാമികളെ അനുഗ്രഹിച്ചു മറഞ്ഞു.

സ്വാമികള്‍ക്കു മുമ്പിലവതരിച്ച ആ പുലയപ്പൊട്ടനെയാണ്, ഭക്തര്‍ പൊട്ടന്‍‍ തെയ്യത്തിലൂടെ കൊണ്ടാടുന്നത്.

പൊട്ടൻ തെയ്യം, pottan theyyam

ഇനി പൊട്ടന്‍‍തെയ്യത്തിന്റെ തോറ്റം പാട്ടിലെ ഏതാനും വരികളിലൂടെ കടന്നുപോകാം. ആത്മബോധത്തിന്റെ അന്ത:സത്ത വെളിവാക്കുന്ന ആ വരികള്‍ നോക്കു:

പൊലിക പൊലിക പൊലിക ജനമേ…
പരദൈവം പൊലിക കാപ്പന്ത പൊലിക
പന്തല്‍ പൊലിക പതിനാറഴകിയ
കാപ്പന്തല്‍ പൊലികാ…….
മുപ്പത്ത് മൂന്ന് മരം നട്ട കാലം….
അമ്മരം പൂത്തൊരു പൂവുണ്ടെന്‍ കൈമേല്‍
പൂവും പുറിച്ചവര്‍ നാര്‍ തേടിപ്പോമ്പോ
പൂവൊടുടന്‍ ആരൊടുടന്‍ ചെന്നുകൊള്ളാം
…………………………………………
……………………………………….
തിരി തിരി തിരി തിരി തിരി തിരി പുലയാ….
വഴി തിരി തിരി തിരി കള്ളപ്പുലയാ……
……………………………………..
തിരിയെന്നു ചൊന്നാ തിരിയുമോ തങ്കള്‍?
തിരിയാനും പാരം വിനയുണ്ടെനിക്ക്
തിരിയെന്നും ചൊന്നാല്‍‍ തിരിയുമോ തങ്കള്‍?
…………………………………..
അങ്ങെല്ലാം കാടല്ലോ ഇങ്ങെല്ലാം മുള്ള്
എങ്ങനെ അടിയന്‍ വഴിതിരിയേണ്ടൂ?
ഒക്കത്ത് കുഞുണ്ട് തലയിലെ കള്ള്
എങ്ങനാ അടിയന്‍ വഴിതിരിയേണ്ടൂ?
തിരിയെന്നു ചൊന്നതിന്‍‍ കാരണമെന്ത്?
തിരിയെപ്പറയണമെന്നോടിപ്പഴേ…
…………………………………….
അക്കരയുണ്ടൊരു തോണികടപ്പാന്‍
ആളുമണിയായിക്കടക്കും കടവ്
ഇക്കരവന്നിട്ടണയുമാത്തോണി
അപ്പോഴേ കൂടക്കടക്കയ്യും വേണം
തക്കമറിഞ്ഞു കടന്നുകൊണ്ടാല്‍
താനേ കടക്കാം കടവുകളെല്ലാം
ആറും കടന്നിട്ടക്കരച്ചെന്നാല്‍
ആനന്ദമുള്ളോനെ കാണാന്‍ പോലന്നേ….
നാന്‍ തന്ന തോണി കടന്നില്ലേ ചൊവ്വറ്?
തോണിക്കകത്ത് നീര്‍ കണ്ടില്ലെ ചൊവ്വറ്?
നാന്‍ തന്ന തേങ്ങയുടച്ചില്ലേ ചൊവ്വറ്?
തേങ്ങ്കകത്ത് നീര്‍ കണ്ടില്ലേ ചൊവ്വറ്?
നാങ്കളെ കുപ്പയില്‍ നട്ടൊരു വാഴ-
പ്പഴമല്ലേ നിങ്കളെ തേവന് പൂജ?
നാങ്കളെ കുപ്പയില്‍ നട്ടൊരു തൃത്താ-
പ്പൂവല്ലോ നിങ്കടെ തേവന്ന് മാല
പൂക്കൊണ്ട് മാലതൊടുക്ക്വല്ലോ നൂങ്കള്
പൊല്‍കൊണ്ട് മാല്‍ തൊടുക്ക്വല്ലോ നാങ്കള്‍
ചന്ദനം ചാര്‍ത്തി നടക്ക്വല്ലോ നൂങ്കള്
ചേറുമണിഞ്ഞ് നടക്കുമീ നാങ്കള്‍
വീരളിചുറ്റി നടക്ക്വല്ലോ നൂങ്കള്‍
മഞ്ചട്ടി ചുറ്റി നടക്കുമേ നാങ്കള്‍
വാളും പരിശയും എടുക്ക്വല്ലേ നൂങ്കള്‍
മാടിയും കത്തിയും എടുക്കുമേ നാങ്കള്‍
പൂക്കുട ചൂടി നടക്ക്വല്ലെ നൂങ്കള്‍
പൂത്താലി ചൂടി നടക്ക്വല്ലോ നാങ്കള്‍
ആനപ്പുറനിങ്കേറി നീങ്കള്‍ വരുമ്പോ
പോത്തിന്‍ പുറങ്കേറി നാങ്കള്‍ വരുമേ!!
നിങ്കള്‍ പലര്‍കൂടി നാട് പഴുക്കും
നാങ്കല്‍ പലര്‍കൂടി തോട് പഴുക്കും
നിങ്കല്‍ പലര്‍കൂടി മോലോത്ത് പോമ്പോ
നാങ്കള്‍ പലര്‍കൂടി മന്നത്ത് പോകും
“നീങ്കളും നാങ്കളും ഒക്കും!” :
നീങ്കളെക്കൊത്ത്യാലും ചോരല്ലേ ചൊവ്വറ്?
നാങ്കളെക്കൊത്ത്യാലും ചോരല്ലേ ചൊവ്വറ്?
പിന്നെന്തെ ചൊവ്വറ് കുലം പിശക്ക്‍ന്ന്
തീണ്ടിക്കൊണ്ടല്ലേ കുലം പിശക്ക്‍‍ന്ന്!
എല്ലെല്ലക്കൊയില്‍ കുല പിശകൂലം
മാപ്പിളക്കൊയില്‍ കുലം പിശകഏണ്ട്!
പെരിയോന്റെ കോയീക്കലെല്ലാരും ചെന്നാല്‍
അവിടെക്ക് നീങ്കളും നാങ്കളുമൊക്കും!
……………………………………………..
……………………………………………..

തെയ്യങ്ങള്‍ക്കൊരാമുഖം

ഒരു പാട്ടു കേൾക്കുക
[ca_audio url=”https://chayilyam.com/stories/poem/Kaliyattam_Ezhimalayolam.mp3″ width=”300″ height=”27″ css_class=”codeart-google-mp3-player” autoplay=”false”]

തെയ്യങ്ങള്‍… വടക്കന്‍കേരളത്തിന്റെ തനതുകലാരുപത്തില്‍ പേരും പ്രസിദ്ധിയുമാര്‍ജിച്ച കലാരൂപം! മനയോലയും ചായില്യവും ചാലിച്ച് കടും വര്‍ണങ്ങളാല്‍ മുഖത്തെഴുതി, എരിയുന്ന നെരിപ്പോടുകള്‍ക്കു വലംവെച്ച് ഭക്തര്‍ക്കു അരിയും പൂവും നല്‍കി, അസുരവാദ്യത്തിന്റെ താളച്ചുവടുകള്‍ക്കു പദം പറഞ്ഞ് ഉറഞ്ഞാടുന്ന തെയ്യക്കോലങ്ങള്‍…! അടിച്ചമര്‍ത്തപ്പെട്ട ആദി ദ്രാവിഡന്റെ ആത്മസ്ഥൈര്യത്തിന്റെ കഥ മുതല്‍, അനീതിക്കെതിരെ പടനയിച്ച ആദിമ വിപ്ലവകാരികളുടെ ഒളിമങ്ങാത്ത ഓര്‍‌മ്മകളുടെ തിളക്കംകൂടിയാണ് ഓരോ തെയ്യക്കോലങ്ങളും. സവര്‍ണതയുടെ സുഖസൗകര്യങ്ങള്‍ വിട്ട് അധ:സ്ഥിതരുടെ കണ്ണീരകറ്റാന്‍ ഇറങ്ങിത്തിരിച്ചവര്‍ തൊട്ട് ചാളക്കുടിയില്‍ നിന്നുയര്‍ന്നുവന്ന് ഒരു സമൂഹത്തിന്റെ തന്നെ പ്രതീക്ഷയായി മാറിയ വീരപുരുഷന്‍മാര്‍ വരെ ഉണ്ട് അക്കൂട്ടത്തില്‍. ഇതൊരു അനുഷ്‍ഠാനമാണ്. തെളിഞ്ഞ ഭക്തിയും കറകളഞ്ഞ വിശ്വാസവുമാണിതിന്റെ ഇതിന്റെ അടിത്തറ.

ഗ്രാമീണമായ അനുഷ്‍ഠാനകലകളില്‍ ഏറ്റവും പ്രധാനപ്പെട്ടവയാണ് തെയ്യവും തിറയും. വേഷവിധാനത്തില്‍ തന്നെ ദൈവമായി സങ്കല്പിക്കപ്പെടുന്നു എന്നതാണു തെയ്യത്തിന്റെ പ്രത്യേകത. തിറയാവട്ടെ ദൈവപ്രീതിക്കുവേണ്ടിയുള്ള മനുഷ്യന്റെ വേഷം കെട്ടല്‍ മാത്രമാവുന്നു. തിറ ആട്ടത്തിനു പ്രാധാന്യം നല്‍കുമ്പോള്‍ കോലപ്രധാനമാണ് ഓരോ തെയ്യങ്ങളും. ‘ദൈവം’ എന്ന വാക്കിന്റെ തദ്‍ഭവമാണു ‘തെയ്യം’. കാസര്‍ഗോഡ്, കണ്ണൂര്‍ കോഴിക്കോടിന്റെ ചില ഭാഗങ്ങള്‍ കര്‍ണാടകയിലെ കുടക് എന്നിവിടങ്ങളിലായി ഒരുങ്ങുന്നു ഈ അനുഷ്‍ഠാനം. ദേവീദേവന്‍മാര്‍, യക്ഷഗന്ധര്‍വന്‍മാര്‍, മൃതിയടഞ്ഞ‌ കാരണവന്‍മാര്‍, ഭൂതങ്ങള്‍, നാഗങ്ങള്‍, വീരപുരുഷന്‍മാര്‍, അനീതിക്കെതിരെ ശബ്‍ദമുയര്‍ത്തിയ വിപ്ലവകാരികള്‍ എന്നിവരുടെയൊക്കെ കോലം കെട്ടി ആരാധിക്കുന്ന കലയാണിത്. മതമൈത്രി വിളിച്ചോതുന്ന മാപ്പിളതെയ്യങ്ങളും അമ്മദൈവങ്ങളും ധാരാളമുണ്ട്.

വേഷത്തില്‍ പ്രധാനം കുരുത്തോലകള്‍കാണ്. കടും വര്‍ണങ്ങളാലുള്ള മുഖത്തെഴുത്താണ് മറ്റൊരു പ്രത്യേകത. മനയോല, കരിമഷി, മഞ്ഞള്‍പ്പൊടി, അരിമാവ് എന്നീ പ്രകൃതിജന്യവസ്‍തുക്കള്‍ തന്നെയാണ് മുഖത്തെഴുത്തിനുപയോഗിക്കുന്നത്. ചില തെയ്യങ്ങള്‍ കവുങ്ങിന്‍ പാള, മരത്തടി മുതലായവകൊണ്ട് ഉണ്ടാക്കിയ മുഖംമൂടിയും ധരിക്കാറുണ്ട്. കിരീടങ്ങള്‍, ഞൊറിവെച്ച പട്ടുടുപ്പ്, മണിക്കയര്‍, പറ്റും പതകം, മാര്‍വാട്ടം, വെള്ളോട്ടുപട്ടം കയ്യുറ, കഴുത്തില്‍ കെട്ട്, കുരുത്തോലചുറ്റുമുണ്ട് എന്നിവയാണ് കോലങ്ങളുടെ വേഷവിധാനത്തിനുപയോഗിക്കുന്നത്.

വണ്ണാന്‍, മലയന്‍, മാവിലാന്‍, ചെറവന്‍, വേലന്‍, പുലയന്‍, പരവര്‍, ചിങ്കത്താന്‍, പമ്പത്തര്‍ തുടങ്ങിയ സമുദായക്കാരാണ് തെയ്യം കെട്ടിയാടുന്നത്. കാവുകളിലും ഹിന്ദുഭവനങ്ങളിലും വയലുകളില്‍ കെട്ടിയുണ്ടാക്കിയ തല്‍കാലിക മറകളിലുമാണ് തെയ്യം കെട്ടിയാടുന്നത്. ഇതിനു ‘കളിയാട്ട’മെന്നുപേര്. അസുരവാദ്യമായ ചെണ്ടയാണ് പ്രധാന വദ്യോപകരണം. മദ്ദളം, തകില്‍, കുഴല്‍, ഇലത്താളം തുടങ്ങിയ വാദ്യോപകരണങ്ങളും ഉപയോഗിച്ചു വരുന്നു.

തെയ്യം കെട്ടിയ വ്യക്തി കാവിന്റെ അല്ലെങ്കില്‍ പള്ളിയറയുടെ മുമ്പിലിരുന്ന് ആരാധനാമൂര്‍ത്തിയെ പ്രകീര്‍ത്തിച്ചു പാടുന്ന തോറ്റംപാട്ടാണ് ആദ്യചടങ്ങ്. തോറ്റംപാട്ടിലൂടെയാണ് ആ തെയ്യത്തിനാധാരമായ മൂര്‍ത്തിയുടെ പുരാവൃത്തം അനാവരണം ചെയ്യപ്പെടുന്നത്. ഇതൊരു തുകിലുണര്‍ത്തുപാട്ടാണ്. തോറ്റം പാട്ടിന്റെ പാരമ്യത്തില്‍ തെയ്യം ഉറഞ്ഞാടുന്നു. ചില തെയ്യങ്ങള്‍ഈ സമയത്ത് അഗ്നിപ്രവേശം നടത്തുന്നു. ഭക്തരുടെ ചോദ്യങ്ങള്‍ക്കു മറുപടിപറയുന്ന ചടങ്ങാണ് ‘ഉരിയാടല്‍’ എന്നുപറയുന്നത്. ശേഷം തെയ്യത്തെ തൊഴുത്, അരിയും കുറിയും വാങ്ങിച്ചാല്‍ തെയ്യത്തിന്റെ പരിസമാപ്തിയായി. മുടിയെടുത്തുമാറ്റുന്ന ചടങ്ങോടെ തെയ്യം അവസാനിക്കുന്നു.

×

Hello!

താഴെ കാണുന്ന വാട്സാപ്പ് ഐക്കൺ ക്ലിക്ക് ചെയ്യുകയോ ഈ മെയിൽ ഐഡിയിലേക്ക് മെയിൽ അയക്കുകയോ ചെയ്യുക.

രാജേഷ് ഒടയഞ്ചാൽ

×
Verified by MonsterInsights