ഇളങ്കോവടികൾ രചിച്ച തമിഴ് ഇതിഹാസകാവ്യമായ ചിലപ്പതികാരത്തിലെ നായികയാണ് കണ്ണകി. ഒരു തെറ്റിദ്ധാരണയുടെ പേരിൽ തന്റെ ഭർത്താവിനെ വധിച്ച മധുരരാജാവിനെയും മധുര നഗരത്തേ തന്നെയും പ്രതികാരമൂർത്തയായി ഉറഞ്ഞാടിയ കണ്ണകി തന്റെ ശാപവചസുകളാൽ ചുട്ടെരിച്ചു എന്നതാണ് കാവ്യത്തിലെ ഇതിവൃത്തം. (more…)
പൂരം, മീനഭരണി എന്നൊക്കെ കേട്ടാൽ ആദ്യം ഓർമ്മയിൽ എത്തുക തൃശ്ശൂർപൂരവും കൊടുങ്ങല്ലൂർ ഭരണിയും ഒക്കെയാവും. കാരണം മലയാളികൾക്കിടയിൽ അത്രകണ്ട് പബ്ലിസിറ്റി ഈ പരിപാടികൾക്ക് വന്നുചേർന്നിട്ടുണ്ട് എന്നതുതന്നെ. എന്നാൽ വടക്കേ മലബാറിൽ നിലേശ്വരം ചെറുവത്തൂർ ഭാഗങ്ങളിൽ ഇന്നും തനിമയോടെ കൊണ്ടാടുന്ന (more…)
കളിയാട്ടം സിനിമയിലെ ഗാനം (ആൺശബ്ദം)[ca_audio url=”https://chayilyam.com/stories/poem/film/KathiranuVeerane.mp3″ css_class=”codeart-google-mp3-player” autoplay=”false”]
കളിയാട്ടം സിനിമയിലെ ഗാനം (പെൺശബ്ദം)[ca_audio url=”https://chayilyam.com/stories/poem/film/KathivanoorSreeja.mp3″ width=”100%” css_class=”codeart-google-mp3-player” autoplay=”false”]
കളിയാട്ടം എന്ന സിനിമയ്ക്കുവേണ്ടി കൈതപ്രം എഴുതിയ ഗാനം
പൂവത്തറയിൽ പോന്നു വന്നവളേ ചെമ്മരത്തീയേ
ദാഹിക്കുന്നൂ സംഭാരം തരുമോ ചെമ്മരത്തീയേ…
കതിവനൂർ വീരനേ നോമ്പു നോറ്റിരുന്നു
മാമയിൽപ്പീലി പോലഴകോലും ചെമ്മരത്തി
പൂങ്കോഴി കരഞ്ഞു കളിത്തോഴിയുറങ്ങി
അവൾ മാത്രമുണ്ണാതെയുറങ്ങാതെ കഴിഞ്ഞു
വില്ലാളിവീരനെ ഒരുനോക്കു കാണുവാൻ
നൊമ്പരം പൂണ്ടവൾ മനംനൊന്തു പിടഞ്ഞു
ആദിത്യ ചന്ദ്രന്മാർ ചതിയാലെ മറഞ്ഞൂ
കളരി വിളക്കുകൾ കൊടുംകാറ്റിലണഞ്ഞു
കലി തുള്ളിയുറയുന്ന കതിവനൂർ വീരനേ
കുടകന്റെ കൈകൾ ചതി കൊണ്ടു ചതിച്ചു
കണ്ണീരു വീണെൻ മലനാടു മുങ്ങീ
പോർവിളി കേട്ടെന്റെ മനക്കോട്ട നടുങ്ങി
കതിവനൂർ വീരന്റെ കഥ കേട്ടു പിടഞ്ഞു
മാമയിൽപ്പീലി പോലഴകോലും ചെമ്മരത്തി
പൂങ്കോഴി കരഞ്ഞു തോഴിമാർ പിരിഞ്ഞു
ചതിത്തീയിലവളന്നുടലോടെ മറഞ്ഞൂ
കതിവനൂർവീരന്റെ കനലോടു ചേർന്നവൾ
സ്വർഗ്ഗത്തിലേക്കൊരു കിളിയായ് പറന്നൂ…
പഴയ കാലത്തെ വീരന്മാരും പോരാളികളും പ്രിയപ്പെട്ടവരുംമൊക്കെ അവരുടെ കാലശേഷവും നാട്ടുകാരുടെ മനസ്സിൽ കഥകളിലൂടെയും പാട്ടുകളിലൂടെയും നിലനിന്നു വന്നിരുന്നു. ക്രമേണ അവർ തെയ്യങ്ങളായി മാറുന്നു. (more…)
തമിഴന്റെ അദ്ധ്വാനശീലവും കൃഷിയോടുള്ള അവന്റെ അഭിവാഞ്ഛയും കണ്ടറിഞ്ഞ ഒരു യാത്രയായിരുന്നു ഇക്കഴിഞ്ഞ സേലം യാത്ര. നാട്ടിൽ പണിക്കായി തെണ്ടിത്തിരിഞ്ഞു വരുന്ന വൃത്തിഹീനരായ തമിഴരെ കണ്ടുശീലിച്ച കണ്ണുകൾക്ക് ഇവരെ സ്വീകരിക്കാൻ ആദ്യമൊരല്പം മടിയായിരുന്നു. പക്ഷേ, സങ്കല്പങ്ങളെ കാറ്റിൽ പറത്തി അവരുടെ സ്നേഹവും വാത്സല്യവും ഏറെ അനുഭവിച്ചുകൊണ്ടായിരുന്നു ഞങ്ങളുടെ മടക്കം. വിവാഹശേഷം ഇതുവരെ പോയ യാത്രകളിൽ മഞ്ജു ഏറെ സന്തോഷിച്ച ഒരു യാത്രയായിരുന്നു ഇത്. ഓരോ യാത്രകഴിഞ്ഞെത്തുമ്പോഴും ഉണ്ടാവുന്ന മടുപ്പോ ക്ഷീണമോ ഈ യാത്രാശേഷം ഉണ്ടായില്ല; മാത്രമല്ല നിറഞ്ഞ റിഫ്രഷ്മെന്റായിരുന്നു അതു ബാക്കിവെച്ചത്. യാത്രാ വിശേഷങ്ങളിലേക്കു പോകാം.
പാച്ചൽ ഗ്രാമം
തമിഴ്നാട്ടിലെ സേലം – നാമക്കൽ ജില്ലകളിലെ കൃഷിയിടങ്ങൾ വല്ലാതെ കൊതിപ്പിക്കുന്നവയാണ്. ആവശ്യത്തിനു വെള്ളം കിട്ടാതെ കഷ്ടപ്പെടുന്ന അവരുടെ വയലേലകൾ കണ്ടാൽ നമ്മൾ നോക്കി നിന്നുപോകും! കണ്ണെത്താത്ത ആഴത്തിലുള്ള കിണറുകൾ ഇടയ്ക്കൊക്കെ ഉണ്ടെങ്കിലും മഴയെ ആശ്രയിച്ചാണ് അവയിലെ വെള്ളത്തിന്റെ നിലനിൽപ്പും. മണ്ണു പൊന്നാക്കി മാറ്റുന്ന ആ കർഷകർക്ക് കുടിക്കാൻ വരെ വെള്ളം വല്ലപ്പോഴും വന്നെത്തുന്ന കാവേരി ജലം തന്നെ. എന്നിട്ടും മഴദൈവങ്ങളെ പ്രാർത്ഥിച്ച് അവർ കൃഷിയിറക്കുന്നു.
സർക്കാർ വക വണ്ടികളിൽ രാവിലെ പത്തുമണിയോടടുത്ത് ഗ്രാമകവലയിലേക്ക് ഒരു ലോറി വെള്ളം എത്തും. അതവിടെ ഉള്ള വലിയ ഒരു സംഭരണിയിലേക്ക് നിറച്ചുവെച്ച് വണ്ടി അടുത്ത ഗ്രാമം ലക്ഷ്യമാക്കി പോകും. നാട്ടുകാർ സംഭരണിയിലെ വെള്ളം കുടങ്ങളിലും കന്നാസുകളിലും നിറച്ച് വീട്ടിലെത്തിക്കും. കുളിക്കാനും അലക്കാനുമൊക്കെ ബോറടിച്ചുകിട്ടുന്ന വെള്ളത്തിന്റെ സപ്ലേയും ഉണ്ട്. അതിന് ഉപ്പുരസമാണ്. ഇത്രയും ജലക്ഷാമം ഉള്ള ആ നാട്ടിലെ വിളവുകൾ കണ്ടാൽ ഒരിക്കലും പറയില്ല ഇത് വെള്ളത്തിനു ക്ഷാമമുള്ള നാടാണെന്ന്; കാവേരി ജലം ഒരു ദിവസമെങ്കിലും നിന്നുപോയാൽ കുടിവെള്ളം കിട്ടാതെ ദാഹിച്ചു വരളുന്ന ഗ്രാമമാണിതെന്ന്. ഇതുപോലെ അനേകം ഗ്രാമങ്ങൾ തമിഴ് നാട്ടിൽ നിറയെ ഉണ്ടെന്ന്!! അന്യസംസ്ഥാനങ്ങളിൽ നിന്നും ഒഴുകിയെത്തുന്ന നദീജലം കേവലമൊരു വഴക്കിന്റെ പേരിൽ നിലച്ചാൽ താറുമാറാവുന്ന അനേകം ഗ്രാമങ്ങൾ…
വരദപ്പഗൗഡർ
ഗ്രാമത്തിലെ വരദപ്പ ഗൗഡരുടെ കൃഷിയിടമാണു ചിത്രത്തിൽ കാണുന്നത്. അവിടെ ഇല്ലാത്ത കൃഷിത്തരങ്ങൾ ഇല്ല, കപ്പ, ഇഞ്ചി, മഞ്ഞൾ, നിലക്കടല, ഈന്തപ്പഴം, ചെറുപയർ, ചുവന്നുള്ളി, വലിയ ഉള്ളി (സവാള), ഓറഞ്ച്, പേരയ്ക്ക, തെങ്ങുകൾ, പുളി, വേപ്പ്, ഇങ്ങനെ പോകുന്നു. ഇതിനൊക്കെ പുറമേ എരുമ, പശു, ആട്, കോഴി തുടങ്ങിയ വളർത്തുമൃഗങ്ങളും നിരവധിയുണ്ട്. എങ്ങോട്ടുനോക്കിയാലും പച്ചപ്പു തന്നെ. വയലുകൾക്കു നടുവിലായി പലയിടത്തും ചതുരാകൃതിയിലുള്ള വലിയ കിണറുകൾ. അതിന്റെ നീളമെത്രയെന്ന് അറിയില്ല. മുകളിൽ നിന്നും നോക്കിയാൽ അടിവശം കാണാൻ ബുദ്ധിമുട്ട്. റിസ്ക്കെടുത്ത് നോക്കാനും പോയില്ല. സേലം – നാമക്കൽ റൂട്ടിൽ ഏകദേശം 25 കിലോമീറ്റർ പിന്നിടുമ്പോൾ കിട്ടുന്ന പാച്ചൽ എന്ന സ്ഥലത്തായിരുന്നു ഞങ്ങൾ പോയത്. ഒരു ടിപ്പിക്കൽ തമിഴ് നാടൻ ഗ്രാമത്തിന്റെ ഹൈവേയോടടുത്ത മുഖമാണു പാച്ചൽ. കൃഷി സ്ഥലങ്ങൾ അവിടെ വാങ്ങിക്കാൻ കിട്ടും. സ്ക്വയർ ഫീറ്റിനു 30 രൂപയായിരുന്നു കഴിഞ്ഞ വർഷം ഇതേ സമയം പോയപ്പോൾ ഉണ്ടായിരുന്നത്, എന്നാൽ അതിപ്പോൾ 200 മുതൽ 250 വരെ ആയിട്ടുണ്ട്. ഒരേക്കർ ഒന്നിച്ചെടുക്കുമ്പോൾ 20 ലക്ഷമാണെന്നും പറഞ്ഞു. സ്ക്വയർ ഫീറ്റായി വാങ്ങിക്കുന്നതും ഏക്കറായി വാങ്ങിക്കുന്നതും തമ്മിൽ ഉള്ള വ്യത്യാസം ഒന്നും കൂട്ടിനോക്കാൻ പോയില്ല… അടുത്ത വർഷം പോകുമ്പോൾ ഒരു പക്ഷേ അതു 40 ലക്ഷമായേക്കാം!! വെള്ളമാണവിടുത്തെ പ്രധാന പ്രശ്നം. വെള്ളം ഉണ്ടെങ്കിൽ മറ്റൊരു സ്വർഗം അന്വേഷിച്ച് പോകേണ്ടതില്ല. വില കൂടും മുമ്പ് ഒരു വീടുകെട്ടാനുള്ള സ്ഥലം ഇവിടെ വാങ്ങിച്ചിടണം എന്ന് മഞ്ജു വാശിപിടിച്ചു തുടങ്ങിയിരിക്കുന്നു.
കേരളത്തിൽ വെള്ളം ഒരിക്കലും ഒരു പ്രശ്നമേയല്ല. നിരവധി നദികളും മറ്റനവധി ജല സ്ത്രോതസുകളും നമുക്കുണ്ട്. നമുക്കുകിട്ടുന്ന മഴവെള്ളം സംഭരിച്ചുവെച്ചാൽതന്നെ നമുക്കത് നല്ലൊരു കരുതൽ ശേഖരമായി. എന്നിട്ടും ഇടവിട്ട് ചെയ്യുന്ന നെൽകൃഷി മാത്രമല്ലേ നമ്മുടെ പ്രധാന പരിപാടി. ആ വയലുകളെ തന്നെ വേണ്ടവിധത്തിൽ ഉപയോഗപ്പെടുത്താൻ നമുക്ക് പറ്റിയിട്ടില്ല. ഈ ആദിമദ്രാവിഡരെ കണ്ടുപഠിക്കേണ്ടതു തന്നെയാണ്. വരദപ്പ ഗൗഡരുടെ മകൻ ബാംഗ്ലൂരിൽ ഒരു ഐടി കമ്പനിയിൽ മാനേജരാണ്. ഒന്നര ലക്ഷത്തോളം രൂപ മാസം സാലറിയുള്ള വ്യക്തി. ഒന്നരലക്ഷം രൂപ സാലറികിട്ടുന്ന ഒരു മകന്റെ അച്ഛനെ ഞാൻ കേരളത്തിന്റെ പരിതസ്ഥിതിയിൽ വെറുതേ ഒന്നോർത്തുപോയി! എല്ലാ മാസവും മകൻ അച്ഛനെ കാണാൻ ഈ ഗ്രാമത്തിലേക്ക് വരാറുണ്ട്. ഈ അച്ഛനും അദ്ദേഹത്തിന്റെ അനുജനും അനുജന്റെ മകനും ചേർന്നാണ് ഈ കാണുന്ന കൃഷിയിടവും ഇക്കണ്ട വളർത്തു മൃഗങ്ങളേയും പരിപാലിക്കുന്നത്. കൃഷിയിടത്തിലെ മിക്ക പണികളും ഇവർ തന്നെ ചെയ്യുന്നു. ഒത്തിരിപേർ വേണ്ടിവരുന്ന പണികൾക്കു മാത്രമേ പണിക്കാരെ വിളിക്കുന്നുള്ളു. എല്ലാവരും പണിക്കാരായിരിക്കുന്ന ആ നാട്ടിൽ പരസ്പരം സഹകരിച്ച് അവർ വിളവെടുപ്പു നടത്തുന്നു. ഇടയ്ക്കിടയ്ക്ക് തങ്ങളുടെ ആരാധനാമൂർത്തികളുടെ കോവിലുകളും ഉണ്ട്.
ആ കൃഷിസ്ഥലം വിട്ടുപോരുമ്പോൾ എത്രയും പെട്ടന്ന് ഇവർക്കാവശ്യമായ മഴ ലഭിക്കണേ എന്നായിരുന്നു പ്രാർത്ഥന. അവരുടെ കടിനാദ്ധ്വാനത്തിന്റെ ഫലം അവർക്ക് മുഴുവനായും കിട്ടാൻ പ്രകൃതി കനിഞ്ഞേ മതിയാവൂ. വരുമ്പോൾ ഞങ്ങൾക്ക് എടുക്കാൻ പറ്റാവുന്നത്ര തേങ്ങയും പച്ച നിലക്കടലയും ചെറുപയറും പേരയ്ക്കയും നാരങ്ങയും ഒക്കെ പൊതിഞ്ഞുതന്ന് അവർ അവരുടെ സ്നേഹം പ്രകടിപ്പിച്ചു. കൂടാതെ വഴിയാത്രയ്ക്കിടയിൽ കഴിക്കാനായി പരിപ്പുവടയും പൊതിഞ്ഞുവെച്ചുതന്നു.
മലൈകോട്ടൈ
ചിത്രത്തിൽ കാണുന്ന കോട്ട നാമക്കൽ ടൗണിൽ ആണ്. സേലത്തു നിന്നും 53 കിലോമീറ്റർ ഉണ്ട് നാമക്കൽ എന്ന സ്ഥലത്തേക്ക്. (കൂടുതൽ ചിത്രങ്ങൾ ഇവിടെയുണ്ട്) മലൈകോട്ടൈ എന്നാണു തമിഴന്മാർ ഈ കോട്ടയെ വിളിക്കുന്നത്. നാമക്കൽ ടൗണിനു നടുവിലാണ് ഈ മല. മലയുടെ മുകൾ തട്ടീലാണു കോട്ട. മുകളിൽ നിന്നാൽ നാമക്കൽ ടൗൺ ചുറ്റും പരന്നു നിൽക്കുന്നതു കാണാം. ടിപ്പുവിന്റെ ആയുധസംഭരണ ശാലയായിരുന്നു അത്. മലയുടെ ഉൾവശത്ത് വലിയ തുരങ്കങ്ങൾ ഉണ്ടത്രേ, ഇപ്പോൾ അത് അടച്ചിട്ടിരിക്കുകയാണ്. വൈകുന്നേരം അവിടേക്ക് പോകുന്നതാവും നല്ലത്. ഒരു അഞ്ചുമണി സമയത്താണു മഞ്ജുവും ഞാനും അവിടെ എത്തിയത്. വെയിൽ ഒട്ടൊടുങ്ങിയ സമയം. ഉച്ചയ്ക്കു വന്നാൽ തല പൊട്ടിപ്പിളർന്നു പോവും. ഈ മലകാണാൻ മാത്രമായി ഇവിടെ വരുന്നത് നഷ്ടമാണ്. എന്നാൽ, 100 കിലോമീറ്റർ അപ്പുറത്തുള്ള ട്രിച്ചിയിൽ കാണാൻ പലതും ഉണ്ട്. നാമക്കല്ലിൽ നിന്നും കുറച്ചു യാത്ര ചെയ്താൽ കൊല്ലിമലയിൽ എത്താം. കൊല്ലിമലയിലേക്കുള്ള യാത്ര തന്നെ രസകരമാണ്. മൈലകോട്ടയിൽ എത്തിയപ്പോൾ വളരെ കുറച്ച് ആൾക്കാർ മാത്രമേ അവിടെയുണ്ടായുള്ളു. കോട്ടയ്ക്കകവശം വിശാലമായ ഒരു കുളമുണ്ട്. നിറയെ മീനുകൾ ഉള്ള ഒരുകൊച്ചു ശുദ്ധജല തടാകം. അതിന്റെ കരയിലിരുന്ന് ഒരു വയസൻ മൂപ്പർ മീനുകൾക്ക് ഭക്ഷണം കൊടുക്കുന്നു. ഞാൻ അയാളെ ഒന്നു പരിചയപ്പെട്ടു. ഒരു കൈയും ഒരു കാലും അടങ്ങുന്ന ശരീരത്തിന്റെ ഒരു ഭാഗം മൊത്തം തളർന്നുപോയ മാരിയപ്പൻ ആയിരുന്നു അത്. അയാൾ എന്നും വൈകുന്നേരം ഈ മല കയറിവന്ന് മീനുകൾക്ക് ഭക്ഷണം കൊടുക്കുമത്രേ. ചിക്കൻ ബിരിയാണിയാണ് സമീപത്തിരിക്കുന്നത്. അതിലെ ചിക്കൻ പീസൊക്കെ സൈഡിൽ മാറ്റി വെച്ചിരിക്കുന്നു. അരിയാഹാരം മാത്രം ഫിൽട്ടർ ചെയ്തെടുത്ത് വളരെ സൂക്ഷ്മതയോടെ അദ്ദേഹം മീനുകൾക്കിട്ടുകൊടുക്കുന്നു. അയാളാണിത് ടിപ്പുവിന്റെ ആയുധസംഭരണശാലയായിരുന്നുവെന്നും മലയ്ക്കടിവശം വൻ തുരങ്കങ്ങൾ ഉണ്ടെന്നും അവയിപ്പോൾ അടച്ചിരിക്കുകയാണെന്നും അടക്കമുള്ള കഥകൾ പറഞ്ഞുതന്നത്. പിന്നെ അദ്ദേഹം എന്റെ ഫോട്ടോയ്ക്കായി വെളുക്കെ ചിരിച്ച് പോസ് ചെയ്തുതന്നു.
നാമക്കല്ലിലെ മറ്റൊരു വിശേഷപ്പെട്ട സ്ഥലമാണു കൊല്ലിമല. വൻമലകളാൽ ചുറ്റപ്പെട്ട ഈ പ്രദേശം കടൽ നിരപ്പിൽ നിന്നും ഏകദേശം 1300 മീറ്റർ ഉയരത്തിൽ സ്ഥിതിചെയ്യുന്നു. ഒരു വലിയ വനമേഖലയ്ക്കു നടുവിലാണ് ഈ പ്രദേശം. ഏകദേശം 280 km² വിസ്താരത്തിൽ പരന്നു കിടക്കുന്ന ഈ ഭൂപ്രദേശം ടൂറിസത്തിന് ഏറെ സാധ്യതകൾ ഉള്ളതാണെങ്കിലും ഇപ്പോഴും സഞ്ചാരികൾ അധികമായി എത്തിത്തുടങ്ങിയിട്ടില്ല. മരച്ചീനി, പൈനാപ്പിൾ, വാഴ മുതലായവ വാണിജ്യാടിസ്ഥാനത്തിൽ തന്നെ കൃഷിചെയ്തുവരുന്നുണ്ട് ഇവിടെ. വിവിധ ഇനത്തിൽ പെട്ട ധാരാളം പ്ലാവുകൾ ഇവിടെ ഉണ്ട്. അതുകൊണ്ടുതന്നെ നാമക്കൽ, സേലം മുതലായ സ്ഥലങ്ങളിലെ കമ്പോളങ്ങളിലേക്കുള്ള ചക്കകൾ ഇവിടെ നിന്നും വരുന്നതാണ്. ചിലയിടങ്ങലിൽ കാപ്പിയും കുരുമുളകും വൻതോതിൽ കൃഷിചെയ്തു വരുന്നുണ്ട്. വികസനം തീരെ ചെന്നെത്താത്ത സ്ഥലങ്ങളിൽ ഒന്നാണ് കൊല്ലിമല. ആകാശഗംഗ എന്നറിയപ്പെടുന്ന വലിയൊരു വെള്ളച്ചാട്ടം കൊല്ലിമലയുടെ ഭംഗി വർദ്ധിപ്പിക്കുന്നു. അറപ്പാലീശ്വരൻ ക്ഷേത്രം, കൊല്ലിപ്പാവൈ അമ്മൻ ക്ഷേത്രം, മുരുകന്റെ ക്ഷേത്രം എന്നിവ പ്രസിദ്ധങ്ങളാണ്. ചിലപ്പതികാരം, മണിമേഖല പോലുള്ള പഴയകാല കൃതികളിൽ കൊല്ലിമലയെ കുറിച്ച് പ്രതിപാദിച്ചിട്ടുണ്ടത്രേ.
എഴുപതിലധികം വൻവളവുകളുള്ള ചെങ്കുത്തായ ഒരു ചുരം കയറിവേണം കൊല്ലിമല എന്ന സ്ഥലത്ത് എത്തിച്ചേരാൻ. സേലത്തു നിന്നും നാമക്കല്ലിൽ നിന്നും ബസ്സുകൾ ഉണ്ടെങ്കിലും പ്രായേണ സേലത്തുനിന്നും ബസ്സ് സർവീസ് കുറവാണ്. നാമക്കല്ലിൽ നിന്നും 63 കിലോമീറ്റർ അകലെ കിഴക്കൻ മലനിരകളിലാണു കൊല്ലിമല സ്ഥിതിചെയ്യുന്നത്. പ്രദേശവാസികൾ അടിവാരം എന്നു വിളിക്കുന്ന കാരവല്ലി എന്ന സ്ഥലത്ത് നിന്നുമാണ് ചുരം തുടങ്ങുന്നത്. ചുരം കയറാൻ ഏകദേശം രണ്ടുമണിക്കൂറോളം സമയമെടുക്കും. കാർഷികവൃത്തിയിലേർപ്പെട്ട കുറേ പാവപ്പെട്ട ജനവിഭാഗം മാത്രം താമസിച്ചുവരുന്ന കൊല്ലിമലയിൽ ഒരു ചെറുപട്ടണം പോലും ലഭ്യമല്ല. ചെമ്മേട് (സെമ്മേട്) എന്ന സ്ഥലമാണ് കൊല്ലിമലയുടെ കേന്ദ്രം. ചെറു തട്ടുകടകൾ പോലെയുള്ള വാണിജ്യകേന്ദങ്ങൾ മാത്രമേ ഇവിടെ കാണാനുള്ളൂ. കൊല്ലിമലയിൽ ഇത്തരം തട്ടുകടകളുടെ എണ്ണം കൂടുതലായി കണ്ടു വരുന്നു.
കൊല്ലിമലയോട് അടുത്തുള്ള പട്ടണം ജില്ലാ ആസ്ഥാനമായ നാമക്കൽ ആണ്. രണ്ടുമണിക്കൂർ ഇടവിട്ട് നാമക്കല്ലിൽ നിന്നും കൊല്ലിമലയിലേക്ക് ബസ്സ് സർവീസ് ഉണ്ട്. 63 കിലോമീറ്റർ ദൂരമുള്ള ഈ വഴി ഒരുപാട് ഹെയർപിൻ വളവുകൾ ഉള്ളതാണ്. ഏകദേശം നാലുമണിക്കൂർ യാത്ര വേണ്ടിവരും ഇവിടെ എത്തിച്ചേരാൻ. കൊല്ലിമലയിൽ നിന്നും സേലത്തേക്കും ബസ്സ് സർവീസ് ഉണ്ട്; പക്ഷേ അതു വളരെ കുറവാണ്. തൊട്ടടുത്ത റെയിൽവേ സ്റ്റേഷനുകൾ ഈറോഡ്, സേലം എന്നിവയാണ്. സേലത്തു നിന്നും നാമക്കൽ വരെ 54 കിലോമീറ്റർ ദൂരമുണ്ട്. അഞ്ചുമിനിറ്റിന്റെ ഇടവേളയിൽ ഏതു സമയത്തും ഈ വഴി ബസ്സുകൾ ലഭ്യമാണ്. സേലത്തു നിന്നും നാമക്കല്ലിൽ എത്തിച്ചേരാൻ ഒരുമണിക്കൂർ സമയത്തെ യാത്ര മതിയാവും. ഈറോഡിൽ നിന്നും നാമക്കല്ലിൽ എത്തിച്ചേരാൻ 57 കിലോമീറ്റർ യാത്ര ചെയ്യേണ്ടതുണ്ട്.
കൃഷി
തേയില, കാപ്പി, കുരുമുളക്, പൈനാപ്പിൾ, ചക്ക, മരച്ചീനി മുതലായവയൊക്കെ വാണിജ്യാടിസ്ഥാനത്തിൽ തന്നെ ഉല്പാദിപ്പിക്കുന്നുണ്ട്. അങ്ങിങ്ങായി വലിയ വാഴത്തോപ്പുകളും നെൽകൃഷിയും ഉണ്ട്. ചക്കയ്‌ക്ക് ഏറെ പ്രസിദ്ധമാണ് കൊല്ലിമല. വിവിധതരത്തിലുള്ള ചക്കകളും വാഴപ്പഴങ്ങളും ഇവിടെ ഉല്പാദിപ്പിക്കുന്നുണ്ട്.
ആകാശഗംഗ
കൊല്ലിമലയിലെ പ്രധാന ആകർഷണമാണ് ആകാശഗംഗ എന്ന ഈ വെള്ളച്ചാട്ടം. രണ്ട് വൻമലകൾക്കിടയിൽ മലകളുടെ ഏകദേശം നടുവിലായി ഇതു സ്ഥിതി ചെയ്യുന്നു. കൊല്ലിമലയിലെ ശിവക്ഷേത്രത്തിൽ നിന്നും വെള്ളച്ചാട്ടം ഉള്ളസ്ഥലം വരെ ചെങ്കുത്തായ ചരിവാണ്. അമ്പലത്തിന്റെ മുന്നിൽന്നിന്നും വെള്ളച്ചാട്ടം വരെ കോൺക്രീറ്റ് പടികൾ ഉള്ളതിനാൽ അങ്ങോട്ടുള്ള യാത്ര സുഗമമാണ്. പത്തുരൂപ ടിക്കറ്റ് നിരക്ക് ഈടാക്കിയാണ് സഞ്ചാരികളെ വെള്ളച്ചാട്ടം ഉള്ള സ്ഥലത്തേക്ക് കടത്തിവിടുന്നത്. കൊല്ലിമലയുടെ വന്യഭംഗി നിറഞ്ഞുനിൽകുന്ന ഭാഗമാണ് ഈ സ്ഥലം. വെള്ളച്ചാട്ടത്തിനു കീഴിൽ നിന്നും കുളിക്കുന്നവർക്ക് ശിവകാരുണ്യത്താൽ സർവരോഗശമനം ഉണ്ടാവുമെന്ന വിശ്വാസം കൊല്ലിമലനിവാസികൾക്കിടയിൽ ഉണ്ട്. മലമുകളിൽ നിന്നും വരുന്ന വെള്ളത്തിൽ ഔഷധമൂല്യം ഉണ്ടെന്നവർ വിശ്വസിക്കുന്നു.
പേരിനു പിന്നിലെ ഐതിഹ്യം
കൊല്ലിമലയുടെ പേരിനു പിന്നിൽ രണ്ട് ഐതിഹ്യം പറഞ്ഞുവരുന്നുണ്ട്. അറപ്പാലീശ്വരൻ എന്ന ശിവന്റെ ചൈതന്യം സമീപത്തുള്ളതിനാൽ സകലവിധ വ്യാധികളേയും കൊല്ലാൻ പര്യാപ്തമാണ് ആകാശഗംഗ എന്ന വെള്ളച്ചാട്ടത്തിലുള്ള സ്നാനം എന്നു പ്രദേശവാസികൾ വിശ്വസിക്കുന്നു. എന്നാൽ പ്രബലമായ മറ്റൊരു വിശ്വാസം വിശ്വസുന്ദരിയായ കൊല്ലിപ്പാവൈ എന്ന ദേവതയുമായി ബന്ധപ്പെട്ടതാണ്. പണ്ട് മുനിമാർ തങ്ങളുടെ കൊടും തപസ്സിനായി തെരഞ്ഞെടുത്ത സ്ഥലമായിരുന്നുവത്രേ കൊല്ലിമല. മുനിമാരുടെ തപസ്സിന്റെ തീവ്രതയിൽ ചൂടും തീയും കൊണ്ട് നാട്ടുകാരുടെ ജീവിതം ദുസ്സഹമായി തീർന്നപ്പോൾ കൊല്ലിപ്പാവൈ ദേവി തന്റെ സുന്ദരമായ പുഞ്ചിരിയാൽ ആ ചൂടിനേയും തീയേയും എരിച്ചുകളഞ്ഞ് ജനങ്ങളെ കൊടിയ വിപത്തിൽ നിന്നും രക്ഷിച്ചുവെന്നും അവർ വിശ്വസിക്കുന്നു. അതിനാൽ ദേവി വസിക്കുന്ന ആ സ്ഥലം കൊല്ലിമല എന്നവർ വിളിച്ചു വന്നു. ഏറ്റുകൈ അമ്മൻ എന്നാണു സമീപവാസികൾ കൊല്ലിപ്പാവൈ ദേവിയെ വിളിക്കുന്നത്. കൊല്ലിപ്പാവൈയുടെ അമ്പലവും തൊട്ടടുത്തു തന്നെ സ്ഥിതുചെയ്യുന്നുണ്ട്.
പുരാണങ്ങളിൽ
ചിലപ്പതികാരം പോലുള്ള കൃതികളിൽ പറഞ്ഞിരിക്കുന്ന സൂചനകൾപ്പുറം പുരാണപ്രസിദ്ധം കൂടിയാണ് കൊല്ലിമല. രാമായണത്തിൽ പറഞ്ഞിരിക്കുന്ന സുഗ്രീവന്റെ മധുവനം കൊല്ലിമല തന്നെയാണെന്ന് ഒരു കൂട്ടർ വിശ്വസിക്കുന്നു. ക്രിസ്തുവിനു മുമ്പ് 200 – ആം ശതകത്തിൽ പ്രസിദ്ധരായ ഏഴുരാജാക്കന്മാരിൽ ഒരാളായ വളവി ഊറി എന്ന രാജാവ് ഒരു അമ്പിനാൽ സിംഹം, കരടി, മാൻ, കാട്ടുപന്നി എന്നീ മൃഗങ്ങളെ കൊന്ന സ്ഥലം കൊല്ലിമലയാണ്.
എം. എ. യ്ക്ക് ഫോക്ക്‌ലോർ പഠിച്ചപ്പോൾ കക്കൂസ് സാഹിത്യത്തെ പറ്റി പഠിക്കാനുണ്ടായിരുന്നു. കക്കൂസിന്റെ നാലു ഭിത്തികൾ നൽകുന്ന സുരക്ഷിതത്ത്വത്തിൽ ഒരുവന്റെ സർഗവാസന പുറത്തു ചാടുകയും അവൻ ഭിത്തിയിൽ എന്തെങ്കിലുമൊക്കെ കുത്തിക്കുറിക്കുകയും ചെയ്യുന്നു; ഓരോരുത്തരുടെ സംസ്ക്കാരവും ജീവിത രീതിയും ഈ എഴുത്തുകളെ നല്ല പോലെ സ്വാധീനിക്കാറുണ്ട്.
സെക്സും തെറിയുമാണ് മിക്കയിടത്തും കാണുക; അല്ലാത്തതും ഉണ്ട്. ചിലതൊക്കെ നല്ല ചിരിക്കു വക നൽകുന്നു. ട്രൈനിലെയും കോളേജുകളിലേയും കക്കൂസുകളിലും മറ്റും സർഗവാസന പൂത്തുലഞ്ഞു നിൽക്കുന്ന കവിതാശകലങ്ങളും മറ്റും കണ്ടത് ഓർമ്മയിലെത്തുന്നു. പലയിടങ്ങളിലും ലിഫ്റ്റുകളിലെ ഭിത്തികളിലും ഇത്തരം ചില പഞ്ച് ലൈനുകൾ കണ്ടിരുന്നു.
ഇത്രയും എഴുതാൻ കാരണം മറ്റൊന്നുമല്ല; ഇന്നുച്ചയ്ക്ക് ഒന്നു കക്കൂസിൽ പോയപ്പോൾ അവിടെ ഭിത്തിയിലും കണ്ടു രണ്ട് ലൈൻ: ഷിറ്റ് വെൽ – താങ്ക്സ് ഐ ഡിഡ്! എന്ന്. ഞാൻ തൂറി – നിങ്ങളും നന്നായി തൂറുക എന്ന്!! ഏതവനായിരിക്കും അതെഴുതി വെച്ചിരിക്കുക. ഇവിടെ ഈ കോർപ്പറേറ്റ് കുഞ്ഞുങ്ങളുടെ നടത്തവും സംസാരവും കേട്ടാൽ ഇതെഴുതിയവൻ ഇവരിലൊരുവനാണെന്ന് തോന്നില്ല! ഒന്നൊന്നര സ്റ്റാൻഡേർഡല്ലേ എല്ലാവർക്കും!! എന്നിട്ടും എഴുതി! കക്കൂസിനുള്ളിലെ ഭിത്തികൾക്കിടയിൽ അവൻ നാട്യങ്ങളില്ലാത്ത മനുഷ്യനായി മാറി! അവന്റെ സർഗവാസന സടകുടഞ്ഞെണീറ്റപ്പോൾ അവൻ കുത്തിക്കുറിച്ചു – shit well – thanks I did!!
പ്രേമവും ലൈഗീകതയും ഒരു നാണയത്തിന്റെ ഇരുവശങ്ങളാണ്. മൊബൈലും ഇന്റെർനെറ്റും വഴി ഏതു പാതിരാത്രിക്കും പ്രണയിതാവിന്റെ മുറിയിലേക്കു കടന്നുചെല്ലാമെന്നിരിക്കേ ഇങ്ങനെയൊരു വാക്യത്തിന്റെ ആവശ്യം തന്നെ ഇല്ലെന്നു പറയാം. പ്രണയിതാവിനെ കുറിച്ചുള്ള ലൈഗീകചിന്തകൾ കിടപ്പുമുറിയുടെ അരണ്ടവെളിച്ചത്തിൽ സടകുടഞ്ഞെണീക്കുമ്പോൾ, ഒരു മിസ്സ്‌ഡ് കോളായി അതു പരിണമിച്ച് പ്രണയിതാവിനെ തേടിയെത്തുമ്പോൾ, പിന്നെ മണിക്കൂറുകളോളം നീണ്ടു നിൽക്കുന്ന സല്ലാപത്തിനൊടുവിൽ തളർന്നുറങ്ങുമ്പോൾ അവരറിയുന്നുണ്ടാവില്ല മൂന്നാമനായി നിൽക്കുന്ന മൊബൈലും ഇന്റെർനെറ്റും തന്നെ നാളെ തങ്ങളുടെ സ്വൈരജീവിതത്തിനിടയിൽ വില്ലനായും കടെന്നെത്തിയേക്കാം എന്ന കാര്യം.
സദാചാരപ്പൊലീസുകാർ നാടുചുറ്റും നടക്കുന്നുണ്ടെങ്കിലും നടക്കാനുള്ളതൊക്കെ കാലാകാലങ്ങളായി മുറപോലെ നടന്നു വരുന്നുണ്ട്. പ്രേമവും പ്രേമനൈരാശ്യവും ഒക്കെ അന്നെന്നപോലെ ഇന്നും ഉണ്ട് – എന്നും ഉണ്ടാവുകയും ചെയ്യും. പ്രേമിക്കാതെയും അല്ലാതെയും ലൈംഗീകബന്ധങ്ങളും നിർബാധം നടക്കുന്നുണ്ട്. പ്രേമത്തെ ദിവ്യമായും ഉദാത്തമായും ചിലർ കാണുമ്പോൾ മറ്റു ചിലർ അത് സെക്‌സിനുള്ള ഉപാധിയായി ഉപയോഗിക്കുന്നു. ആണായാലും പെണ്ണായാലും ഈ മോഹവലയത്തില്‍ വീണുപോവുക എന്നത് തികച്ചും സാധാരണമാണ്. സോഷ്യൽ നെറ്റ്‌വർക്കുകളിൽ കള്ളപ്രൊഫൈലുകളുണ്ടാക്കി പേരുമാറ്റി, മതം മാറ്റി, ജാതിമാറ്റി പെൺചിന്തകളെ തൊട്ടറിഞ്ഞ് അവർക്കുവേണ്ടരീതിയിൽ അപ്‌ഡേറ്റ് ചെയ്ത് വലവിരിച്ചിരിക്കുന്ന കാപാലികരുണ്ട് നെറ്റിൽ. രാത്രിയുടെ നിശബ്‌ദതയിൽ ഇക്കൂട്ടർ പെൺമനം ഭേദിച്ചകത്തുകടക്കുന്നു. മുറിയിലെ ലൈറ്റണച്ചാൽ ബോധമണ്ഡലത്തിലേക്കുള്ള പകുതിവെളിച്ചം പോയികിട്ടും. പിന്നെ നെയ്തെടുക്കുന്ന കാമനകൾ അതിരുകളില്ലാത്തതാവും; പറയുന്ന വാകുകൾക്ക് പരിധികളില്ലാതാവുന്നു. എന്തുപറയണം എന്തു പറയരുത് എന്നുപോലും മറക്കുന്ന ഇവർ ആ സ്വർഗം വിട്ട് ചിന്തിക്കാൻ കൂടി മടിക്കുന്നു.
പരസ്പരം അറിയുക എന്നത് ചെറിയ കാര്യമല്ല. ഒരാളുടെ സംസാരത്തിലൂടെ, പ്രവൃത്തിയിലൂടെ അതു കണ്ടെത്തി അതിനനുസരിച്ച് ബന്ധം രൂപപ്പെടുത്തിയെടുക്കാനുള്ള മാനസികനിലയും അറിവും പലപ്പോഴും കാലക്രമത്തില്‍ വന്നുചേരേണ്ട ഒരു ഗുണമാണ്. അതിനുമുന്നേ പ്രേമം മനസില്‍ പെയ്‌തിറങ്ങുന്നു. പ്രേമോന്മത്തരായാല്‍ അവര്‍ക്ക് അവരുടേതായ പ്രപഞ്ചമാണ്. പ്രജകളില്ലാത്ത ആ രജ്യത്തെ രാജാവും രാജ്ഞിയുമായി അവരങ്ങനെ വാഴും. തെറ്റും ശരിയും ഒക്കെ അവര്‍ നിര്‍ണയിക്കും. മറ്റുള്ളവരുടെ വാക്കുകള്‍ക്കവിടെ യാതൊരു വിലയും കിട്ടുകയില്ല – തങ്ങളുടെ വ്യക്തിസ്വാതന്ത്ര്യത്തെ നിഹനിക്കാനെത്തുന്ന ഏഴാംകൂലികളായെ അവരതിനെ കാണൂ – അത്തരം ശബ്‌ദങ്ങളെ അവർ തള്ളിക്കളയും ചെയ്യും. കാമുകൻ വിളിക്കുന്നിടത്ത് സകലപ്രതിബന്ധങ്ങളേയും മറികടന്നവർ എത്തിച്ചേരുന്നു.
പ്രേമം മൂത്തു തലയ്ക്കു പിടിച്ചാൽ പലതും തോന്നിപ്പോയേക്കും; കാമുകന്റെ സ്പർശം ദേവസ്പർശമായും കാമകന്റെ വാക്കുകൾ വേദവാക്യമായും തോന്നിയേക്കാം… കാമുകകരവലയത്തിൽ വിരിഞ്ഞമർന്നില്ലാതാകുകയാണെന്റെ ജന്മലക്ഷ്യം എന്നൊക്കെ ഒരു നിമിഷം തോന്നിയേക്കാം… തോന്നലുകൾ തോന്നലുകൾ മാത്രമായി അവശേഷിക്കുകയും ഒരുനാൾ കാമുകവേഷം വെടിഞ്ഞ് കൂടെ കിടന്നവൻ പോവുകയും ചെയ്താൽ അതു താങ്ങാനാവാതെ നിരാശയിലും മോഹഭംഗത്തിലകപ്പെട്ട് സകലതിനേയും വെറുത്ത്, വെറുപ്പിച്ച് ജീവിതം ആര്‍ക്കും വേണ്ടാത്ത ഒന്നായി തീര്‍ക്കുന്നവരാണു പലരും. അത്മഹത്യയില്‍ അഭയം കണ്ടെത്തുന്നു ചിലര്‍. ഒരുനിമിഷത്തെ ചിന്തമതിയാവും ചിലപ്പോൾ ഒരു വലിയ വിപത്തിൽ നിന്നും രക്ഷപെടാൻ. പക്ഷേ, ആ ഒരുനിമിഷം എന്നത് ഇക്കൂട്ടർക്ക് ഒരു യുഗമാണെന്നതാണു പരമാർത്ഥം.
പ്രേമം പ്രേമത്തിന്റെ വഴിക്കുപോകട്ടെ. പക്ഷേ. പാവാടക്കെട്ടഴിക്കും മുമ്പ് പലതും ചിന്തിക്കേണ്ടതുണ്ട്. സെക്സിനെ പാപമായും ഒരാള്‍ക്കുമാത്രം കൊടുക്കാനുള്ള എന്തോ അമൂല്യവസ്തുവായും കാണുന്നവര്‍ കുറവല്ല; അതെന്തുമാവട്ടെ – മാനസികനിലവാരവും സംസ്‌കാരവും ജീവിതപരിചയവും കൊണ്ട് ഓരോരുത്തരും എന്താണോ അതിനെപ്പറ്റി കരുതി വെച്ചിരിക്കുന്നത് അതുതന്നെ ചിന്തിച്ചിറുപ്പിക്കുക. നിങ്ങള്‍ എന്തു വിശ്വസിച്ചുറപ്പിച്ചുവെച്ചിരിക്കുന്നുവോ അതു തന്നെ ശരിയെന്നു കരുതി പോകാവുന്നതാണ്. പ്രായപൂര്‍ത്തിയായാല്‍ രണ്ടുപേരുടെ ബന്ധത്തെ ഇവിടെയാര്‍ക്കുംതന്നെ തടയാനുള്ള നിയമവ്യവസ്ഥയൊന്നുമില്ല. മാത്രമല്ല, അങ്ങനെ തടയുന്നവരുടെ മെക്കിട്ട്കേറാന്‍ കേരളത്തിലെ ബുദ്ധിജീവിസമൂഹം എന്നും കൂടെ ഉണ്ടാവുകയും ചെയ്യും. സെക്സ് പാപമോ കൊടിയ തെറ്റോ അല്ല എന്നു കരുതുന്നവർ അങ്ങനെ തന്ന് കരുതട്ടെ – ഇനി അതല്ല അതു ദിവ്യമായ ഒന്നാണ്; ഷെയർ ചെയ്യാൻ പറ്റാത്ത അമൂല്യമായ എന്തെങ്കിലുമൊക്കെയാണ് എന്നു കരുതുന്നവർ അങ്ങനെ കരുതട്ടെ… ആ വിശ്വാസം തെറ്റാണെന്ന് ആരും പറഞ്ഞു വരില്ല. നിങ്ങൾക്കത് ശരിയാണെന്നു തോന്നുന്നിടത്തോളം നിങ്ങളുടെ വിശ്വാസം നിലനിർത്താൻ ശ്രമിക്കണം. തെറ്റ് ചെയ്യാതിരിക്കാനും ശ്രമിക്കണം. പിന്നീട് കുറ്റബോധത്തിൽ അകപ്പെട്ട് നീറിപ്പുകയാതിരിക്കാനെങ്കിലും ആ വിശ്വാസം ഉപകരിക്കും.
സെക്സിനെ പ്രാക്റ്റിക്കൽ ജീവിതത്തിന്റെ ഭാഗമായി കാണുകയും ആസ്വദിക്കുകയും ചെയ്യുന്ന കുമാരീകുമാരന്മാർ നിരവധിയാണ്. ഇത്തരക്കാർക്കിടയിൽ, കൊടിപാറിച്ച പ്രേമത്തിനിടയില്‍ വന്നു ചേരുന്ന ക്യാമറകളും മൊബൈലുകളും ഇന്നു തീര്‍ക്കുന്ന പൊല്ലാപ്പുകള്‍ മുങ്കൂട്ടി കാണേണ്ടതുണ്ട്. അവിടെയാണു പലപ്പോഴും അബദ്ധങ്ങള്‍ സംഭവിക്കുന്നത്. ഒരു രസത്തിനുവേണ്ടി പകര്‍ത്തുന്ന മുഹുര്‍ത്തങ്ങള്‍ വഴിതെറ്റിയോ അല്ലാതെയോ മറ്റുള്ളവരുടെ കയ്യിലേക്കും അവിടുന്ന് നെറ്റിലേക്കും എത്തി കമ്പ്യൂട്ടര്‍ വൈറസിനേക്കാള്‍ വേഗത്തില്‍ വ്യാപിക്കുന്നു. ഇതിനുള്ള കരുതല്‍ എടുക്കാന്‍ പ്രാപ്തരായിരിക്കണം ഇത്തരം ബന്ധങ്ങളില്‍ ഏര്‍പ്പെടാന്‍ തയ്യാറെടുക്കുന്ന പെണ്‍കുട്ടികള്‍. അതു പെൺകുട്ടികളുടെ കടമ തന്നെയായിരിക്കണം. അതല്ലാതെ കാമുകന്റെ മധുരവാഗ്‌ചാതുരിയില്‍ മയങ്ങി എല്ലാം പകര്‍ത്തി സായൂജ്യമടയുവാനാണു പ്ലാനെങ്കില്‍ തുടര്‍ന്നു വരുന്ന ദുരിതങ്ങള്‍ അനുഭവിക്കാന്‍ കൂടിയുള്ള മനശക്തി സമാഹരിച്ചു കൊള്ളുക. ചിത്രങ്ങളും വീഡിയോകളും പകർത്തപ്പെടാതിരിക്കാൻ പ്രത്യേക ശ്രദ്ധതന്നെ വേണ്ടതുണ്ട്. പിന്നീട് വിലപിച്ചതു കൊണ്ടൊന്നും നേടാനില്ല. ഇഷ്ടമില്ലാത്ത കാര്യങ്ങൾ ഇഷ്ടമല്ല എന്നു തുറന്നു പറയാനുള്ള ആർജവം ഉണ്ടാവേണ്ടതാണ്.
ഇനി ഒരു വീഡിയോ കാണുക…
തമിഴിലാണെങ്കിലും തമിഴറിയാത്തവർക്കുകൂടി ഇതിലെ ആ ഫീലിംങ് മനസ്സിലാക്കാനാവുന്നതാണ്. അല്പമെങ്കിലും തമിഴ് അറിയുന്നവര്‍ ഇതൊന്നു രാണ്ടാവര്‍ത്തിയെങ്കിലും കേട്ടുനോക്കുക… ഒരു പ്രണയനൈരാശ്യമല്ല ഇത്. നുണകൾ പറഞ്ഞ് പർസ്‌പരം പങ്കുവെക്കുകയും അവസാനം എല്ലാം ഇട്ടെറിഞ്ഞുപോയ ഒരു കാമുകനെ ഇതിൽ കാണാം. സകല പരിശുദ്ധിയോടും കൂടി ഉള്ളതെല്ലാം സമർപ്പിച്ച് വിശ്വസിച്ച് സ്നേഹിച്ച ഒരു പെൺകുട്ടിയാണിത്. അവസാനം ഒരു മനോരോഗിയെപോലെ വിലപിക്കുന്നതു കണ്ടില്ലേ! ഇവൾക്ക് തെറ്റിയതെവിടെയാവും? അവൾ ചെയ്യുന്ന പ്രവൃത്തി നോക്കൂ… എങ്ങനെ ന്യായീകരിക്കും ഇതിനെ നമ്മൾ!!
തെയ്യങ്ങൾ നിരവധിയാണു പ്രത്യേകിച്ചും കാസർഗോഡും കണ്ണൂരും. അതിൽ തന്നെ, എന്നും പാവപ്പെട്ടവന്റെ വിളിപ്പുറത്തെത്തുമെന്നു കരുതപ്പെടുന്ന തെയ്യമാണ് മുത്തപ്പൻ. സാന്ത്വനവാക്കുകളാൽ ഭക്തന്റെ ദുഃഖം തലോടിമാറ്റാനും സുഖവിവരങ്ങളന്വേഷിച്ച് ആയൂരാരോഗ്യസൗഖ്യം നേരാനും ഉത്തരമലബാറുകാരൻ മറ്റൊരു തെയ്യം വേറെയില്ല! പറശ്ശിനിക്കടാവാണു പ്രധാനമായും ആൾക്കാർ പോവുന്നതെങ്കിലും മുത്തപ്പന്റെ ആരൂഢസ്ഥാനം മുത്തപ്പന്റെ പൂങ്കാവനമായ കുന്നത്തൂർപാടിയാണ്. കണ്ണൂർജില്ലയിൽ കർണാടക അതിർത്തിയിലുള്ള വനത്തിനാണ് കുന്നത്തൂർപാടി. കനൽക്കണ്ണുരുട്ടി വിൽലെടെത്തു വേട്ടയാടി, വിധിയെവരെ തടഞ്ഞു നിർത്താൻ പര്യാപ്തമായ സ്ഥൈര്യചിത്തതയും ശക്തിയുമാണ് ഓരോ തെയ്യവും ഭക്തനു നൽകുന്നതുതന്നെ. എവിടേയും എന്നപോലെ അടിയുറച്ച ഭക്തിക്കുതന്നെ പ്രധാനം. അരയിൽ പന്തം കുത്തി, ആള്‍വലിപ്പത്തിൽ മേലരി ചാടിമറിഞ്ഞ്, തരിവളയും കാൽചിലമ്പുമണിഞ്ഞ് സവർണന്റെ മേൽക്കോയ്മയ്ക്കെതിരെ അടരാടി ജനമനസ്സിൽ സ്ഥിരസ്ഥായിയായതാണ് ഓരോ തെയ്യങ്ങളും. പുറകിൽ ഓരോ കഥയുണ്ട്; കൂടെപ്പിറപ്പായും ഓരോ മിത്തുകളും ശേഷക്രിയയായി പിന്നീട് ചാർത്തിയ സവർണഹുന്ദുമതത്തിന്റെ മേലാങ്കിയും ഉണ്ട്. പാവപ്പെട്ടവന്റെ അശ്വാസവും അഭയസ്ഥാനവുമാണു തെയ്യങ്ങള്‍. ജനഹൃദയങ്ങളിലേക്കിറങ്ങി അവരിലൊരാളായി ഒരു കാരണവരുടെ അധികാരത്തോടെ കുശലാൻവേഷണം നടത്തുന്ന തെയ്യങ്ങളിൽ പ്രധാനിയാണു പറശിനിക്കടവ് മുത്തപ്പൻ തന്നെ. “എന്റെ മുത്തപ്പാ..!” എന്നുള്ള ഒരു വിളിപ്പുറത്ത് മുത്തപ്പനെത്തുന്നു; ദുഖനിവാരണം നടത്തി ജീവതത്തിലേക്ക് കൈപിടിച്ചുയർത്തുന്നു, എന്നൊക്കെ നിരവധിയാണു ജനങ്ങൾക്കിടയിലെ സ്നേഹവിശ്വാസങ്ങൾ.
മുത്തപ്പൻ തെയ്യത്തിന്റെ മൊഴിയാട്ടത്തിൽ ചിലത് ഇവിടെ കൊടുത്തിരിക്കുന്നു. പെട്ടന്നു കണ്ടു തീർക്കാൻ പറ്റുന്ന കൊച്ചു കൊച്ചു വീഡിയോകള്‍ ആണ് എല്ലാം തന്നെ. നിരത്തിപ്പറയുന്നതിനേക്കാൾ കണ്ടറീയാനും ഒരു സുഖമുണ്ടല്ലോ. മുകളിൽ മലബാർ എന്നു പറഞ്ഞെങ്കിലും തെയ്യം ബലബാറിൽ മുഴുവനായി വൗന്നില്ലെന്നറിയണം. പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകള്‍ ചേരുന്നതാണല്ലോ മലബാർ! കാസർഗോഡ്, കണ്ണൂര്‍ ജില്ലകളും വയനാട്ടിലെ മാനന്തവാടി താലൂക്ക്, കോഴിക്കോടുജില്ലയിലെ വടകര, കൊയിലാണ്ടി താലൂക്കുകളും കര്‍ണ്ണാടകയിലെ കുടക്, തുളുനാട് എന്നിവയും കൂടി ചേര്‍ന്ന പഴയ കോലത്ത് നാട്ടിലാണ് തെയ്യങ്ങള്‍ ഉള്ളതെന്ന് സാമാന്യമായി പറയാം.
വീഡിയോ 01
ഉദിച്ച സൂര്യൻ ഉദിച്ചിടത്തു തന്നെ നിന്നാ സകലതും കരിയും, എന്റെ വെളിച്ചം വേണം എന്ന ആശ മനസ്സിനകത്തു വെരുമ്പോ നിങ്ങളെന്നിരിക്കുന്നിഹ പാത്രം ഞാനെന്നിരിക്കുന്നതാ ഗുരുവിനെ ഇരുകരവും കൂപ്പി സ്തുതിക്കുമാറാകട്ടെ… എന്നാൽ എളങ്കാറ്റായി വീശി കാർമേഘത്തെ തട്ടിയകലെ മാറ്റി എന്റെ വെളിച്ചം എൽലാവർക്കും ഒരുപോലെ നൽകുമാറാകും…
വീഡിയോ 02
മുത്തപ്പൻ നിവേദ്യമായി കിട്ടിയ കള്ള് ഗുരുസ്ഥാനീയരായവർക്കു വിതരണം ചെയ്യുന്നു.
അഞ്ചും രണ്ടും ഏഴില്ലം, ഒമ്പതില്ലം, മയാമയം നാൽപത്തിനാലില്ലം … ആറുനാട്ടിൽ നൂറുഭാഷയാണ്… ഞാനെന്നിരികുന്നതാ ഈ പാത്രം പണ്ട് നദിയിൽ വീണിരുന്ന നേരം ചെറുതായിരിക്കുന്നിഹ വാഴത്തട പിടിച്ചിറ്റാൻ കരകേറിയത്.. ആ വാഴത്തട തന്നെ വേണം വേറൊരു നദിയിൽ വീഴുമ്പോ.. അതുകിട്ടിയാലേ പിടിച്ചുകേറാനാവൂ എന്ന് പറഞ്ഞറിയിക്കാനാവ്വോ?… ഇല്ല! അന്നേരം ഒരു വൈക്കോലിന്റെ കമ്പെങ്കിലും പിടിക്കുംല്ലേ!!
വീഡിയോ 03
വീഡിയോ 04
അല്പം ജാതി ചിന്ത
മതങ്ങളും ജാതികളും ആണല്ലോ പുരോഗമനക്കാരുടെ ഇന്നത്തെ മാനദണ്ഡം തന്നെ!! ഇതുമായി ബന്ധപ്പെട്ട് അല്പം ജാതി ചരിത്രം കൂടി പറയാം.
മുത്തപ്പനെന്ന പേരിൽ നാട്ടിൻ പുറങ്ങളിൽ കഴിക്കുന്ന തെയ്യം വെള്ളാട്ടമാണ്. തിരുവപ്പന എന്നുമുള്ളത് പറശ്ശിനിക്കടവാണ്. പടിയിറങ്ങി പറശ്ശിനിക്കെത്തുന്ന ഭക്തർ മുത്തപ്പനു കൊടുക്കുന്നത് കള്ളാണ്. കള്ളൂം മീനും കഴിക്കുന്ന ദൈവമുണ്ടോ എന്ന് തെക്കൻ കേരളക്കാർ ഒരു പക്ഷേ അത്ഭതപ്പെട്ടേക്കാം. സവർണ്ണദൈവ വിശ്വാസത്തിൽ അഭിരമിച്ചാറാടിയ നമുക്ക് ഇതുകാണുന്നതുതന്നെ ഒരു അനുഭവമായിരിക്കും. ബൗദ്ധപാരമ്പര്യം പേറിനടക്കുന്ന തീയ്യരാണ് മുത്തപ്പന്റെ നടത്തിപ്പുകാർ. സ്തീധനസമ്പദായത്തോടുതന്നെ പണ്ടുതൊട്ടേ അസഹിഷുണുത പാലിച്ചുപോന്ന സമുദായമായിരുന്നു അതു. ഇന്നതൊക്കെ മാറിവന്നെങ്കിലും ഇപ്പോഴും രക്തിത്തിൽ അലിഞ്ഞു ചേർന്ന വികാരം പോലെ ഇതൊക്കെ പിന്തുടരുന്നുണ്ട് ഇവരെ. പറശ്ശീനിക്കടവിൽ എത്തുന്നവർക്ക് ചായയും ഉച്ചയൂണും അത്താഴവും കിടക്കാനുള്ള പായയും സൗകര്യങ്ങളും ഇന്നും നൽകിവരുന്നു. പ്രസാദം തന്നെ വിലകൊടുത്ത് വാങ്ങേണ്ടി വരുന്ന ഇന്നത്തെ അവർണാമ്പലങ്ങളിൽ നിന്നും ഭിന്നമാണിതെന്നേ പറയാനാവൂ. കമ്മ്യൂണിസ്റ്റ് ദൈവം മുത്തപ്പനാണെന്നൊരു പറച്ചിലുള്ളത് ഈയൊരു സോഷ്യലിസമാണോ എന്നറിയില്ല. ആര്യസംസ്ക്കാരത്തോടും ചടുലമായി എതിർത്തുനിന്ന് പരാജയപ്പെട്ട ഒരു ബുദ്ധപാരമ്പര്യം നമുക്കുണ്ട്, ആ ബുദ്ധന്മാരാണ് മലബാറിലെ തീയ്യന്മാർ, അവരും സവർണബ്രാഹ്മരോട് നന്നായി അടരാടിയിരുന്നു – അനുകൂല സമീപനം സ്വീകരിച്ച നായന്മാരെ കൂട്ടത്തിൽ കൂട്ടിയെങ്കിലും ഇന്നിപ്പോൾ കമ്മ്യൂണീസ്റ്റ് പാർട്ടിക്കാരായും കളരിമുഖത്ത് തെളിഞ്ഞു നിൽക്കുന്നവർ ഇവർതന്നെയാണെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്.
എസ്. എൻ. ഡി. പിയുടെ ജാഥയും നയിച്ച് നടേശൻ ഒരിക്കൽ വമ്പിച്ച പ്രചരണം അഴിച്ചുവിട്ടിരുന്നു. അന്ന് ആരോപണമായി പറഞ്ഞതൊക്കെ രക്തസാക്ഷികളായി മരിച്ചു വീഴുന്നവരൊക്കെ ഈഴവർ(തെയ്യന്മാരെന്നു ന്യായം) ആണെന്നും അതിനെതിരെ പ്രതികരിക്കണം എന്നുമൊക്കെയായിരുന്നു. ആര്യസംഹിതകളോട് അടരാടിയ ആ പോരാട്ടവീര്യം കൊണ്ടാവാം അതെന്നേ ഓർക്കേണ്ടതുള്ളൂ. പുലബന്ധം പോലുമില്ലാത്ത ഈഴവനും തീയ്യനും ഇന്ന് ഒരു കുടക്കീഴിലാണുള്ളത്. പക്ഷേ, മുത്തപ്പനെ ഉൾക്കൊള്ളാൻ ഈഴവർക്ക് പറ്റിയിട്ടുണ്ടോ എന്നറിയില്ല. പല തോറ്റം പാട്ടുകളിലും തീയ്യർ ഇന്നത്തെ കർണാടക സംസ്ഥനമായ കരുമന നാട്ടിൽ നിന്നും അള്ളടം വഴി ഇവിടെ എത്തിച്ചേർന്നതായി പറയുന്നുണ്ട്. ബില്ലവൻ, ബൈദ്യർ, ഹാളേപൈക്കർ, പൂജാരി, തീയ്യൻ എന്നെല്ലാം അറിയപ്പെടുന്നു. കുടകിൽ നിന്നും കുടിയേറിയ തീയ്യരെ കൊടവാ തീയർ എന്നും പറയപ്പെട്ടിരുന്നു. തെയ്യോൻ എന്ന പദമാണത്രേ തീയ്യൻ എന്നായിത്തീർന്നത്. പറഞ്ഞുവന്നത് തീയ്യരുടെ തെയ്യസങ്കല്പത്തിൽ പ്രധാനിയാണ് മുത്തപ്പനെന്നാണ്. പറശിനിക്കടവ് മഠപ്പുരയിൽ (സവർണഭാഷയിൽ ക്ഷേത്രമെന്നു പറയാം) നിലവിലുള്ള ഭക്ഷണരീതികളും എല്ലാം കാണുമ്പോൾ പഴയ ബൗദ്ധികകൂട്ടായ്മയേയോ കുടിയിരിപ്പിനെയോ അറീയാതെ ഓർത്തുപോകും. സമുദായകാര്യം പറഞ്ഞതിനാൽ അവിടെ അതൊക്കെ നിലനിൽക്കുന്നു എന്നു കരുതരത്, ബുദ്ധമതം തന്നെ അങ്ങനെയാണല്ലോ 🙂 ആർക്കും വരികയും പോവുകയും ചെയ്യാനാവുന്ന സങ്കല്പാമാണിതിന്നും. പക്ഷേ, ചരിത്രം അന്വേഷിക്കുന്നവർക്ക് ഒരു രസമാണിതൊക്കെ അറിയുക എന്നത്.
വീഡിയോ 05
വീഡിയോ 06
വീഡിയോ 07
വീഡിയോ 08
തെയ്യാട്ടത്തിന്റെ ഒടുവിൽ മുടിയെടുക്കുന്നത് താഴത്തെ വീഡിയോവിൽ കാണാം
തെയ്യം: വടക്കന്‍കേരളത്തിന്റെ തനതുകലാരുപത്തില്‍ പേരും പ്രസിദ്ധിയുമാര്‍ജിച്ച കലാരൂപം! മനയോലയും ചായില്യവും ചാലിച്ച് കടും വര്‍ണങ്ങളാല്‍ മുഖത്തെഴുതി, എരിയുന്ന നെരിപ്പോടുകള്‍ക്കു വലംവെച്ച് ഭക്തര്‍ക്കു അരിയും പൂവും നല്‍കി, അസുരവാദ്യത്തിന്റെ താളച്ചുവടുകള്‍ക്കു പദം പറഞ്ഞ് ഉറഞ്ഞാടുന്ന തെയ്യക്കോലങ്ങള്‍…! അടിച്ചമര്‍ത്തപ്പെട്ട ആദി ദ്രാവിഡന്റെ ആത്മസ്ഥൈര്യത്തിന്റെ കഥ മുതല്‍, അനീതിക്കെതിരെ പടനയിച്ച ആദിമ വിപ്ലവകാരികളുടെ ഒളിമങ്ങാത്ത ഓര്‍മ്മകളുടെ തിളക്കംകൂടിയാണ് ഓരോ തെയ്യക്കോലങ്ങളും. സവര്‍ണതയുടെ സുഖസൌകര്യങ്ങള്‍ വിട്ട് അധ:സ്ഥിതരുടെ കണ്ണീരകറ്റാന്‍ ഇറങ്ങിത്തിരിച്ചവര്‍ തൊട്ട് ചാളക്കുടിയില്‍ നിന്നുയര്‍ന്നുവന്ന് ഒരു സമൂഹത്തിന്റെ തന്നെ പ്രതീക്ഷയായി മാറിയ വീരപുരുഷന്‍മാര്‍ വരെ ഉണ്ട് അക്കൂട്ടത്തില്‍. ഇതൊരു അനുഷ്‍ഠാനമാണ്. തെളിഞ്ഞ ഭക്തിയും കറകളഞ്ഞ വിശ്വാസവുമാണിതിന്റെ ഇതിന്റെ അടിത്തറ.
ഗ്രാമീണമായ അനുഷ്‍ഠാനകലകളില്‍ ഏറ്റവും പ്രധാനപ്പെട്ടവയാണ് തെയ്യവും തിറയും. വേഷവിധാനത്തില്‍ തന്നെ ദൈവമായി സങ്കല്പിക്കപ്പെടുന്നു എന്നതാണു തെയ്യത്തിന്റെ പ്രത്യേകത. തിറയാവട്ടെ ദൈവപ്രീതിക്കുവേണ്ടിയുള്ള മനുഷ്യന്റെ വേഷം കെട്ടല്‍ മാത്രമാവുന്നു. തിറ ആട്ടത്തിനു പ്രാധാന്യം നല്‍കുമ്പോള്‍ കോലപ്രധാനമാണ് ഓരോ തെയ്യങ്ങളും. ‘ദൈവം’ എന്ന വാക്കിന്റെ തദ്‍ഭവമാണു ‘തെയ്യം’. കാസര്‍ഗോഡ്, കണ്ണൂര്‍ കോഴിക്കോടിന്റെ ചില ഭാഗങ്ങള്‍ കര്‍ണാടകയിലെ കുടക് എന്നിവിടങ്ങളിലായി ഒരുങ്ങുന്നു ഈ അനുഷ്‍ഠാനം. ദേവീദേവന്‍മാര്‍, യക്ഷഗന്ധര്‍വന്‍മാര്‍, മൃതിയടഞ്ഞ കാരണവന്‍മാര്‍, ഭൂതങ്ങള്‍, നാഗങ്ങള്‍, വീരപുരുഷന്‍മാര്‍, അനീതിക്കെതിരെ ശബ്‍ദമുയര്‍ത്തിയ വിപ്ലവകാരികള്‍ എന്നിവരുടെയൊക്കെ കോലം കെട്ടി ആരാധിക്കുന്ന കലയാണിത്. മതമൈത്രി വിളിച്ചോതുന്ന മാപ്പിളതെയ്യങ്ങളും അമ്മദൈവങ്ങളും ധാരാളമുണ്ട്.
വേഷത്തില്‍ പ്രധാനം കുരുത്തോലകള്‍കാണ്. കടും വര്‍ണങ്ങളാലുള്ള മുഖത്തെഴുത്താണ് മറ്റൊരു പ്രത്യേകത. മനയോല, കരിമഷി, മഞ്ഞള്‍പ്പൊടി, അരിമാവ് എന്നീ പ്രകൃതിജന്യവസ്‍തുക്കള്‍ തന്നെയാണ് മുഖത്തെഴുത്തിനുപയോഗിക്കുന്നത്. ചില തെയ്യങ്ങള്‍ കവുങ്ങിന്‍ പാള, മരത്തടി മുതലായവകൊണ്ട് ഉണ്ടാക്കിയ മുഖംമൂടിയും ധരിക്കാറുണ്ട്. കിരീടങ്ങള്‍, ഞൊറിവെച്ച പട്ടുടുപ്പ്, മണിക്കയര്‍, പറ്റും പതകം, മാര്‍വാട്ടം, വെള്ളോട്ടുപട്ടം കയ്യുറ, കഴുത്തില്‍ കെട്ട്, കുരുത്തോലചുറ്റുമുണ്ട് എന്നിവയാണ് കോലങ്ങളുടെ വേഷവിധാനത്തിനുപയോഗിക്കുന്നത്.
വണ്ണാന്‍, മലയന്‍, മാവിലാന്‍, ചെറവന്‍, വേലന്‍, പുലയന്‍, പരവര്‍, ചിങ്കത്താന്‍, പമ്പത്തര്‍ തുടങ്ങിയ സമുദായക്കാരാണ് തെയ്യം കെട്ടിയാടുന്നത്. കാവുകളിലും ഹിന്ദുഭവനങ്ങളിലും വയലുകളില്‍ കെട്ടിയുണ്ടാക്കിയ തല്‍കാലിക മറകളിലുമാണ് തെയ്യം കെട്ടിയാടുന്നത്. ഇതിനു ‘കളിയാട്ട’മെന്നുപേര്. അസുരവാദ്യമായ ചെണ്ടയാണ് പ്രധാന വദ്യോപകരണം. മദ്ദളം, തകില്‍, കുഴല്‍, ഇലത്താളം തുടങ്ങിയ വാദ്യോപകരണങ്ങളും ഉപയോഗിച്ചു വരുന്നു.
തെയ്യം കെട്ടിയ വ്യക്തി കാവിന്റെ അല്ലെങ്കില്‍ പള്ളിയറയുടെ മുമ്പിലിരുന്ന് ആരാധനാമൂര്‍ത്തിയെ പ്രകീര്‍ത്തിച്ചു പാടുന്ന തോറ്റംപാട്ടാണ് ആദ്യചടങ്ങ്. തോറ്റംപാട്ടിലൂടെയാണ് ആ തെയ്യത്തിനാധാരമായ മൂര്‍ത്തിയുടെ പുരാവൃത്തം അനാവരണം ചെയ്യപ്പെടുന്നത്. ഇതൊരു തുകിലുണര്‍ത്തുപാട്ടാണ്. തോറ്റം പാട്ടിന്റെ പാരമ്യത്തില്‍ തെയ്യം ഉറഞ്ഞാടുന്നു. ചില തെയ്യങ്ങള്‍ഈ സമയത്ത് അഗ്നിപ്രവേശം നടത്തുന്നു. ഭക്തരുടെ ചോദ്യങ്ങള്‍ക്കു മറുപടിപറയുന്ന ചടങ്ങാണ് ‘ഉരിയാടല്‍’ എന്നുപറയുന്നത്. ശേഷം തെയ്യത്തെ തൊഴുത്, അരിയും കുറിയും വാങ്ങിച്ചാല്‍ തെയ്യത്തിന്റെ പരിസമാപ്തിയായി. മുടിയെടുത്തുമാറ്റുന്ന ചടങ്ങോടെ തെയ്യം അവസാനിക്കുന്നു.
മുച്ചിലോട്ടുഭഗവതി
പീഢനത്തിനും അപമാനത്തിനുമിരയാകേണ്ടിവന്ന ഒരു പാവം കന്യകയുടെ കഥയാണിത്… പുരുഷമേല്‍ക്കോയ്‍മയുടെ കൊടുംതീയില്‍ ഒരുപിടിചാമ്പലായിമാറി, പിന്നീട് ഉഗ്രരൂപിണിയായി ഉയര്‍ത്തെണീറ്റ രായമംഗലത്തുമനയിലെ കൊച്ചുതമ്പുരാട്ടിയുടെ കഥ! അറിവുകൊണ്ട് വിജയം നേടിയപ്പോള്‍ അപവാദ പ്രചരണം നടത്തി സമൂഹം ഭ്രഷ്ട് കല്‍പ്പിച്ചതിനാല്‍, അപമാനഭാരത്താല്‍ അഗ്നിയില്‍ ജീവന്‍ ഹോമിച്ച വിദ്യാസമ്പന്നയായ ബ്രഹ്മണകന്യകയാണ് മുച്ചിലോട്ടു ഭഗവതി. ഈ തെയ്യത്തിന്റെ പുരാവൃത്തം അറിയാന്‍ ആഗ്രഹം ഉള്ളവരെ ഇങ്ങോട്ടു ക്ഷണിക്കുന്നു.
മുത്തപ്പന്‍
കുറിച്യരെ ഒന്നിച്ചു നിര്‍ത്താനും പഴശ്ശിരാജവംശത്തിന്റെ ചൂഷണത്തില്‍ നിന്നും കുറിച്യരെ മോചിപ്പിക്കുന്നതിനുംവേണ്ടി പോരാടിയ ഒരു ധീരയോധാവിന്റെ ചരിത്രമുണ്ട് താളിയോലകളില്‍. നാടുകാര്‍ ബഹുമാനപുരസ്സരം അദ്ദേഹത്തെ മുത്തപ്പനെന്നു വിളിച്ചു പോന്നു. കീഴ്‍ജാതിക്കാരുമായ് ചേര്ന്ന് അവര്‍ക്കുവേണ്ടിപോരാടിയ ആ ധീരയോധാവിന്റെ സ്മരണയാണ് മുത്തപ്പനെന്ന തെയ്യക്കോലത്തിലൂടെ അനാവൃതമാവുന്നത്. പാടിപ്പതിഞ്ഞ പുരാവൃത്തങ്ങള്‍ അവനോടുള്ള സ്നേഹാദരങ്ങള്‍ മാത്രമായി കണക്കാക്കിയാല്‍ മതി. പുരാവൃത്തങ്ങള്‍ക്കപ്പുറം ത്യാഗോജ്വലമായ ഒരു ജീവിതതപസ്യയുടെ സ്മരണപുതുക്കലാണ് ശ്രീ മുത്തപ്പന്റെ തെയ്യക്കോലം. അധ:സ്ഥിതര്‍ക്കുവേണ്ടി ഇല്ലം വിട്ടിറങ്ങി അവരോടൊപ്പം ജീവിച്ച്‍ അവരുടെ സമരപോരാട്ടങ്ങള്‍ക്കു പുതിയ വ്യാഖാനങ്ങള്‍ നല്‍കിയ വ്യക്തിയാണ് ചരിത്രത്തിലെ മുത്തപ്പന്‍. അവസനാകാലത്ത്‍ മുത്തപ്പന്‍ താമസിച്ചത് കുന്നത്തൂര്‍പാടിയെന്ന സ്ഥലത്തായിരുന്നു എന്നു കരുതപ്പെടുന്നു. എങ്കിലും പറശ്ശിനിക്കടവു മഠപ്പുര മുത്തപ്പന്റെ സജീവസാന്നിദ്ധ്യത്താല്‍ പ്രസിദ്ധമായിത്തീര്‍ന്നു. അവിടെ എത്തുന്ന ഭക്തജനങ്ങള്‍ ഇന്നും മദ്യവും മീനുമാണ് മുത്തപ്പനു കാണിക്കയായി വെയ്‍ക്കുന്നത്. മുത്തപ്പന്റെ കെട്ടിക്കോലത്തിലൂടെ താന്‍ പണ്ടുനയിച്ച നായാട്ടും മധുപാനവും ഒക്കെ പുനര്‍ജനിക്കുകയാണ്. കോലത്തുനാടിന്റെ ആത്മസാക്ഷാത്‍കാരമാണു മുത്തപ്പന്‍. അവരുടെ ഏതാപത്തിലും മുത്തപ്പന്‍ കൂടെയുണ്ടെന്നൊരു വിശ്വാസം. കേരളത്തില്‍ ജൈനമതക്കാര്‍ തങ്ങളുടെ ദേവനായ തീര്‍ത്ഥങ്കരനേയും ബുദ്ധമതക്കാര്‍ ബുദ്ധനേയും (ശ്രീബുദ്ധനുള്‍പ്പടെ) മുത്തന്‍, മുത്തപ്പന്‍, എന്നൊക്കെ വിളിച്ചിരുന്നു. മുക്തന്‍ എന്നതിന്‍റെ ഗ്രാമ്യമാണ് മുത്തന്‍. ആ വഴിയിലൂടെ ചിന്തിക്കില്‍ ശക്തമായ ഒരു ബുദ്ധമതാടിത്തറ കൂടി നമുക്കിവിടെ കാണാനാവും. ജൈന ബുദ്ധമതങ്ങളുടെ അധഃപതനത്തിനുശേഷം കുറേയധികം പേര്‍ ക്രിസ്തുമതാനുയായികളായി. ഇത്തരത്തിലാണ് മലയാറ്റൂരിലെ ക്രിസ്ത്യന്‍ പള്ളിയില്‍ മുത്തപ്പനെ ആരാധിക്കുന്നത്. മുത്തപ്പന്‍ തെട്ടത്തിന്റെ സംഭവബഹുലമായ പുരാവൃത്തം ഇവിടെ കൊടുത്തിരിക്കുന്നു. പാടിപ്പഴകി വന്ന കഥകളായി മാത്രം ഇതിനെ കാണുക ഇതേ ലേഖനം ഇംഗ്ലീഷിൽ വായിക്കാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക.
ആത്മബോധത്തിന്റെ അന്ത:സത്ത വ്യക്തമാക്കുന്നതാണ് പൊട്ടന്‍ തെയ്യത്തിന്റെ ഇതിവൃത്തം. പ്രാപഞ്ചികതത്ത്വങ്ങള്‍ വാരിവിതറിയ പുലയനുമുമ്പില്‍ നമിച്ചുനില്‍ക്കേണ്ടിവന്ന അദ്വൈതശില്പിയായ സ്വാമി ശങ്കരാചാര്യരുടെ കഥ ഓര്‍ക്കുന്നില്ലേ. അതാണ് പൊട്ടനാട്ടത്തിന്റെ പുരാവൃത്തത്തിനാധാരം. പുലയര്‍ തൊട്ട് ബ്രാഹ്മണര്‍ വരെയുള്ളവര്‍ ആരാദിച്ചുവരുന്ന ദൈവമാണിത്. ദൃഡമായ ശൈവപുരാവൃത്തത്താല്‍ നിര്‍മ്മിതം. പുലയര്‍ക്കെന്നപോലെ മലയര്‍ക്കും ഈ തെയ്യം കുടുംബദേവതയാണ്. എങ്കിലും പൊട്ടന്‍ തെയ്യം ചിറവന്‍, പാണന്‍ തുടങ്ങിയ സമുദായക്കാരും കെട്ടാറുണ്ട്.പൊട്ടന്‍ തെയ്യത്തിന്റെ പുരാവൃത്തകഥ വിശദമായി ഇവിടെ ഉണ്ട്. വായിക്കുക.
ത്രിമൂര്‍ത്തിസങ്കല്‍പ്പത്തില്‍ മഹാദേവനാണ് ഏറ്റവും കൂടുതൽ തെയ്യസങ്കല്‍പ്പങ്ങളുള്ളത്‍. നായാടി നടന്ന ആദിമദ്രാവിഡന്റെ ആത്മവീര്യത്തിനുതകുന്നതായിരുന്നു ഓരോ ശൈവപുരാവൃത്തങ്ങളും. പുലിത്തോലണിഞ്ഞ്‍, പമ്പിനെ മാലയായി ചൂടി ചുടലഭസ്‍മവുമണിഞ്ഞു നടക്കുന്ന മഹാദേവസങ്കല്‍പ്പം ആ നായാട്ടുസമൂഹത്തിന് എന്തുകൊണ്ടും ചേരുന്നതായിരുന്നു. മദ്യമാംസാദികള്‍ അവനുകാണിക്കയാവുന്നതും അതുകൊണ്ടുതന്നെ.
മഹാവിഷ്‍ണുവിനു പൊതുവേ തെയ്യക്കോലങ്ങള്‍ കുറവാണ്. പറശ്ശിനിക്കടവു ശ്രീമുത്തപ്പനോടു കൂടി ആടുന്ന വെള്ളാട്ടം മഹാവിഷ്‍ണുവിന്റെ അംശാവതാരമാണ്. ബക്കിയുള്ള തെയ്യക്കോലങ്ങളേറെയും ശൈവസങ്കല്‍പ്പങ്ങളോ അമ്മസങ്കല്‍പ്പങ്ങളോ മറ്റുള്ളവയോ ആണ്.
ഭംഗിയുള്ള മുഖത്തെഴുത്തും കുരുത്തോലകൊണ്ടുള്ള വലിയ ഉടയാടയും ഈ തെയ്യത്തിന്റെ പ്രത്യേകതകളാണ്. രാത്രിയില്‍ തന്നെ “കുളിച്ചാറ്റം” എന്നറിയപ്പെടുന്ന വെള്ളാട്ടത്തിന്റെ പുറപ്പാടുണ്ടാവും. തെയ്യം കെട്ടേണ്ടയാള്‍ ചില പ്രത്യേക ആടയാഭരണങ്ങളോടെ ആട്ടക്കളത്തിലിറങ്ങുന്ന ചെറിയൊരു ചടങ്ങാണിത്‍.(വെള്ളാട്ടങ്ങളെ കുറിച്ച് വ്യക്തമായി പിന്നീട് പോസ്‍റ്റ് ചെയ്യുന്നതാണ്.)ഒറ്റക്കോലരൂപത്തിലും വിഷ്‍ണുമൂര്‍ത്തിയെ കെട്ടിയാടിക്കുന്നു. വലിയ നിരിപ്പുണ്ടാക്കി അഗ്നിയില്‍ വീഴുന്ന ഒരു കെട്ടിക്കോലം കൂടിയാണിത്‍. വിഷ്‍ണുമൂര്‍ത്തിയുടെ അഗ്നിപ്രവേശം അല്പം ഭയാനകമായൊരു പ്രക്രിയയാണ്. അനേകം വെളിച്ചപ്പാടമാര്‍ അകമ്പടിക്കാരായുണ്ടാകും. മിക്കസ്ഥലങ്ങളിലും തൊണ്ടച്ചന്‍മാരുടെ ഒരു വെളിച്ചപ്പാടനെങ്കിലും വിഷ്‍ണുവിന്റെ അകമ്പടിയായി വേണമെന്നുണ്ട്. ഒറ്റക്കോലങ്ങള്‍ പൊതുവേ രാത്രികളിലാണുണ്ടാവുക. വയലുകളിലാണിത്‍ അരങ്ങേറുന്നത്. വയലിന്റെ നടുക്ക് വലിയൊരു നിരിപ്പ് ജ്വലിച്ചു നില്‍പ്പുണ്ടാവും. പുലര്‍ച്ചയോടെ അതുകത്തിയമര്‍ന്ന് കനല്‍ക്കട്ടകളായിമാറിയിരിക്കും. ആ നേരത്താണ് വിഷ്ണുമൂര്‍ത്തിയുടെ അഗ്നിപ്രവേശം.
മലയസമുദായക്കാര്‍ മാത്രമേ വിഷ്‍ണുമൂര്‍ത്തിയെ കെട്ടാറുള്ളൂ. വിഷ്‍ണുമൂര്‍ത്തിയെ കെട്ടുന്ന ആള്‍ക്ക് അടയാളം കൊടുക്കുന്നതും ഒരു ചെറിയ ചടങ്ങാണ്. ഇന്നയാളെത്തന്നെ വിഷ്‍ണുമൂര്‍ത്തിയായി കെട്ടണമെന്ന ഒരാളെ പറഞ്ഞേല്‍പ്പിക്കുന്ന ചടങ്ങാണിത്‍. ഒറ്റക്കോലയിടങ്ങളിലും മറ്റും ഇരുചെയ്യേണ്ടത്‍ തീയ്യസമുദായത്തിലെ ഒരു കാരണവരാണ്. വീടുകളിലാണ് തെയ്യം ആടിക്കേണ്ടതെങ്കില്‍ വീട്ടുകാരണവരാണ് മലയന്‍പണിക്കര്‍ക്ക് അടയാളം കൊടുക്കേണ്ടത്. പാലന്തായി കണ്ണന്റെ കഥനകഥയും വിഷ്‌ണുമൂര്‍ത്തി തെയ്യത്തിന്റെ മിത്തും ഇവിടെ കൊടുത്തിരിക്കുന്നു
കുട്ടിച്ചാത്തന്‍
ശിവാംശത്തില്‍നിന്നും ഉടലെടുത്ത മറ്റൊരു മൂര്‍ത്തീരൂപമാണ് കുട്ടിച്ചാത്തന്‍. ശിവന്‍ ഒരു ദ്രാവിഡദേവനാണ്. ആര്യന്‍മാരായ ബ്രാഹ്മണര്‍ മധ്യേഷ്യാഭാഗങ്ങളില്‍ നിന്നും ഇന്നത്തെ അഫ്‍ഗനിസ്ഥാന്‍ വഴി ഭാരതത്തിലേക്കു വന്‍തോതില്‍ കുടിയേറ്റം ചെയ്യപ്പെട്ട ഒരു കാലഘട്ടമുണ്ടായിരുന്നു. ആ യാത്രാവേളയിലുടലെടുത്ത ഭാഷയാണു പ്രൌഡഭാഷയായ സംസ്‍കൃതം. അതുകൊണ്ടുതന്നെ ഇംഗ്ലീഷുപോലുള്ള പാശ്ചാത്യഭാഷകള്‍ക്കും സംസ്‍കൃതത്തിനുമുള്ള പ്രകടമായ സാമ്യങ്ങളെ വിലയിരുത്തി ഇവയ്ക്കെല്ലാം മൂലരൂപമായ മറ്റൊരു ആദിമഭാഷയുണ്ടായിരുന്നു എന്നു ചില പഠനങ്ങള്‍ വിലയിരുത്തുന്നു. ആര്യന്‍മാരുടെ പ്രധാനദേവന്‍, ദേവകളുടെയൊക്കെ രാജാവായ ദേവേന്ദ്രനായിരുന്നു. പാലും പഴങ്ങളും നെയ്യും പൂവുമൊക്കെയായി അവരാ ദേവനെ പൂജിച്ചുവന്നു. എന്നാല്‍ ഭാരതത്തിലെത്തിയ ആര്യന്മാര്‍ക്ക് കാണാന്‍ കഴിഞ്ഞത്, സാത്വികത തൊട്ടുതീണ്ടാത്ത രക്തവും മാംസവും നേദിക്കുന്ന രുദ്രമൂര്‍ത്തികളെയാണ്. പ്രകൃതിശക്തികളെ ഭയന്ന ആദിമദ്രാവിഡന്‍ അവനു രൂപം കൊടുത്തു മൂര്‍ത്തിയായ് ആരാധിക്കുകയായിരുന്നു. അന്നവനെ കാടുകളില്‍ ഏറെ വേട്ടയാടിയ വിഷരൂപികളായ നാഗങ്ങളെ അവനാരാധിച്ചു, ജീവനെടുക്കരുതേയെന്ന് കേണപേക്ഷിച്ചു, ഇരുട്ടില്‍ മരണം വിതയ്‍ക്കുന്ന അരൂപികള്‍ക്കവന്‍ ഭൂതമെന്നും പേരുവിളിച്ചു. അവരൊടൊക്കെയുള്ള അവന്റെ മനമുരുകിയ പ്രാര്‍ത്ഥന ആരാധനാമൂര്‍ത്തിക്കുള്ള തോറ്റം പാട്ടായി… ഇയൊരവസ്ഥയില്‍, ബ്രാഹ്മണന്റെ പാലും പൂവും ആദിദ്രാവിഡനുമുന്നില്‍ ചിലവാകില്ലെന്നു മനസ്സിലായ ആര്യര്‍ ദ്രാവിഡന്റെ മൂര്‍ത്തികളെ തങ്ങളിലേക്കു സ്വാംശീകരിക്കുകയായിരുന്നു. ആദികാവ്യമായ രാമയണവും ലോകോത്തരമഹാകാവ്യമായ മഹാഭാരതവും ആ സ്വാംശീകരണത്തിലൂടെ ജനിക്കുകയും ചെയ്ത അത്ഭുതമായ കഴ്‍ചയാണു പിന്നീടു കണ്ടത്. രാമായണത്തില്‍ ശ്രീരാമചന്ദ്രനു കൂട്ടായി ലങ്കയിലേക്കു പാലം പണിയുകയും രാവണനിഗ്രഹത്തിനു യുദ്ധക്കളത്തിലിറങ്ങുകയും ചെയ്‍ത ‘വാനരന്‍’മാര്‍ അന്നത്തെ തമിഴ്‍ദ്രാവിഡനല്ലാതെ മറ്റാരുമല്ല. കറുത്ത കാനന വാസികളെ ആര്യപുച്ഛം വാനരനെന്നു വിളിച്ചില്ലെങ്കിലേ അത്ഭുതമുള്ളൂ!
അതെന്തെങ്കിലുമാവട്ടെ,നമുക്കിങ്ങു വടക്കു മലബാറിലേക്കുതന്നെവരാം. ഇവിടെ, ഉത്തരകേരളത്തില്‍, കാസര്‍ഗോഡു കണ്ണൂര്‍ ഭാഗങ്ങളില്‍ കെട്ടിയാടുന്ന ഒരു തെയ്യമാണ് കുട്ടിച്ചാത്തന്‍ തെയ്യം. പതിനെട്ടു ബ്രാഹ്മണ കുടുംബക്കാര്‍ ആരാധിച്ചു പോരുന്ന ആരാധനാമൂര്‍ത്തിയും മന്ത്രമൂര്‍ത്തിയാണ് കുട്ടിച്ചാത്തന്‍. മാന്ത്രികത്വമുള്ള കുട്ടിച്ചാത്തന്മാരില്‍ പ്രാധാന്യമുള്ളവ കരിങ്കുട്ടി,പൂക്കുട്ടി,തീക്കുട്ടി എന്നീ കുട്ടിച്ചാത്തന്മാരാണ്. ബ്രാഹ്മണേതര കുടുംബങ്ങളും ഈ തെയ്യങ്ങളെ ആരാധിച്ചു വരുന്നുണ്ട്. കണ്ണൂര്‍ ജില്ലയിലെ പയ്യന്നൂരിനടുത്തുള്ള ഒരു മന്ത്രതന്ത്ര ബ്രാഹ്മണകുടുംബമാണ് കാളകാട്ട് ഇല്ലം. കാളകാട്ട് തന്ത്രിയുമായി ബന്ധപ്പെട്ട തെയ്യമാണ് കുട്ടിച്ചാത്തന്‍. അതുകൊണ്ടുതന്നെ ഈ തെയ്യത്തെ കാളകാട്ട് കുട്ടിച്ചാത്തന്‍ എന്നും വിളിക്കാറുണ്ട്. ആര്യന്‍മാരോടുള്ള ദ്രാവിഡന്റെ അടങ്ങാത്ത പ്രതിഷേധത്തിനു നിതാന്തമായി നമുക്കീ തെയ്യത്തെ ചൂണ്ടിക്കാട്ടാവുന്നതാണ്. ശൈവരൂപിയായ കുട്ടിച്ചാത്തനെ കുറിച്ചറിയാന്‍ ആഗ്രഹമുണ്ടെങ്കില്‍. ഇവിടെയുണ്ട് കൂടുതല്‍ വിവരങ്ങള്‍.
തെയ്യങ്ങള്‍ ഇനിയുമുണ്ട് – നൂറുകണക്കിനു തെയ്യങ്ങള്‍. ജാതിയുടേയും മതത്തിന്റേയും കെട്ടുപാടുകള്‍ക്കുള്ളില്‍ നിന്നും പുറത്തുവന്ന് അവര്‍ ഭക്തരെ അനുഗ്രഹിക്കുന്നു – ആശീര്‍വദിക്കുന്നു. താളപ്പെരുക്കങ്ങള്‍ക്കൊപ്പം കോലം കെട്ടി എരിയുന്ന നെരിപ്പോടിനെ സാക്ഷിയാക്കി മണ്ണിലെ ദൈവരൂപങ്ങള്‍ പദം പറഞ്ഞാടുന്ന കാഴ്‌ച അനുപമമാണ്. ഉച്ചനീജത്വങ്ങളുടെ ബുദ്ധിശൂന്യതയെ ചോദ്യം ചെയ്യുന്നതുപോലെ തന്നെ രൂക്ഷവാക്കുകളാല്‍ വിമര്‍ശിക്കുകയും പരിഹസിക്കുകയും ചെയ്യുന്ന കോമാളിതെയ്യങ്ങളും ഒറ്റക്കോലപറമ്പുകളില്‍ കാണാവുന്നതാണ്. ഇതു മലബാറിന്റെ പുണ്യമാണ്; മലയാള നാടിന്റെ തന്നെ മഹാപുണ്യം!