വനിത – വനിതകളുടെ വഴികാട്ടി!!


വനിത – വനിതകളുടെ വഴികാട്ടിയെന്നു പരസ്യത്തിൽ പറയുന്നു! പക്ഷേ, ഇവർ കാണിച്ചുകൊടുക്കുന്ന വഴി എങ്ങോട്ട് എന്നത് ശ്രദ്ധേയമാണ്. ഇന്നലെ ആദ്യമായൊരു വനിത വാങ്ങിച്ചതിന്റെ ചൊരുക്ക് എത്രതന്നെയായാലും തീരുന്നില്ല.

ഇന്നലെ ഓഫീസിൽ നിന്നും വീട്ടിലേക്കു പോകും വഴി മഞ്ജു വിളിച്ചിട്ട് ഒരു വനിത വാങ്ങിക്കുമോ എന്നു ചോദിച്ചു. ജോലി തപ്പി മടുത്ത മഞ്ജു വീട്ടിലിരുന്ന് ഒരുവിധം മുഷിഞ്ഞതുകൊണ്ടാവും എന്തെങ്കിലും വായിക്കാമല്ലോ എന്നു കരുതി വനിത വാങ്ങിക്കാൻ പറഞ്ഞത്. എവിടെയോ കെട്ടിപ്പൂട്ടിവെച്ച സഞ്ജയകൃതികൾ മുഴുവൻ ഉണ്ട് വീട്ടിൽ, പോയിട്ട് എടുത്തുകൊടുക്കാം എന്നൊക്കെ കരുതി നടക്കുമ്പോൾ വഴിവക്കിൽ തന്നെ നിറയെ മലയാളം വാരികകളും മറ്റും വിൽക്കുന്ന ഒരു സ്ത്രീയെ കണ്ടു. വനിതയും ഉണ്ട് അക്കൂട്ടത്തിൽ. ഏതായലും ഒന്നു വാങ്ങിക്കാൻ തന്നെ തീരുമാനിച്ചു. 20 രൂപ.

വീട്ടിലെത്തി അതൊന്നു മറിച്ചുനോക്കിയ ഞാൻ ശരിക്കും ഞെട്ടിപ്പോയി! മുഴുവൻ പരസ്യം! ആകെ 140 പേജുകൾ ആണുള്ളത്. അതിൽ 70 പേജ് ഫുൾസൈസ് പരസ്യങ്ങൾ! നേരെ പകുതി തന്നെ. അതുകൂടാതെ പകുതി പേജായും ഒരു പേജിന്റെ സൈഡ് ബാറിൽ മുകളിൽ നിന്നും താഴെവരെ ആയും പേജിന്റെ 1/4, 1/8 എന്നീ അളവുകളിലൊക്കെയായി നിരവധി പരസ്യങ്ങൾ നിരന്നിരിക്കുന്നു. ഫുൾ പേജ് സൈസിലുള്ള പരസ്യങ്ങൾ മാത്രം എണ്ണിയെടുത്തു…

ഇനിയതിലെ ഉള്ളടക്കമാണെങ്കിലോ! ഒന്നുരണ്ടു നടന്മാരുമായുള്ള മുഖാമുഖം, പിന്നെ മുഴുവൻ ലൈംഗികതയുമായി ബന്ധപ്പെട്ട കാര്യങ്ങളും കുറേ ചോദ്യോത്തര പരിപാടികളും! 20 രൂപ മാസാമാസം കൊടുത്ത് ഈ പരസ്യങ്ങൾ വാങ്ങുന്ന വീട്ടമ്മമാരെ നമിക്കണം!

മാലിന്യമുക്ത കേരളം

നിന്റെ അഴുകിയ ഭക്ഷണം , നിന്റെ മക്കളുടെ വിസര്‍ജ്യം പേറുന്ന പൊതികെട്ടുകള്‍, നിന്റെ ഉച്ചിഷ്ട്ടങ്ങള്‍, നിന്റെ കഫം നിറച്ച കോളാമ്പികള്‍, നിന്റെ പഴുപ്പ് തുടച്ച പഞ്ഞിക്കെട്ടുകള്‍ , നിന്റെ ഭാര്യയുടെ ആര്‍ത്തവരക്തം പുരണ്ട തുണിക്കഷ്ണങ്ങള്‍… ഇതെല്ലം വലിച്ചെറിയേണ്ടത് എന്റെ സന്തതികളുടെ മുകളിലല്ല, നിന്റെ വിസര്‍ജ്ജ്യം നീ മറവുചെയ്യണം, അതിനു കഴിയുന്നില്ലെങ്കില്‍ നീ തന്നെ തിന്നുതീര്‍ക്കണം പന്നിയെപ്പോലെ.

സിവിക് ചന്ദ്രന്‍

ഈ സര്‍ക്കാരിന്റെ കാലാവധിക്കുള്ളില്‍ മാലിന്യ മുക്തകേരളം യാഥാര്‍ത്ഥ്യമാക്കുമെന്ന് പഞ്ചായത്ത്, സാമൂഹികക്ഷേമ മന്ത്രി എം.കെ. മുനീര്‍ തിരുവനന്തപുരം പ്രസ് ക്ലബിന്റെ മുഖാമുഖം പരിപാടിയില്‍ സംസാരിക്കുന്ന വേളയിൽ പറഞ്ഞിരുന്നു. വിടുവായിത്തം പറയാൻ ഒരുത്തനേയും പഠിപ്പിക്കേണ്ടതില്ലല്ലോ. സര്‍ക്കാര്‍ ഏറെ കൊട്ടിഘോഷിച്ച് നടപ്പാക്കാന്‍ ശ്രമിച്ച ‘മാലിന്യ മുക്ത കേരളം’ എന്ന സ്വപ്‌ന പദ്ധതി ഇന്നും സ്വപ്‌നമായി തന്നെ അവശേഷിക്കുകയാണ്.

എമര്‍ജിംഗ് കേരളയാണ് സര്‍ക്കാരിന്റെ പുതിയ മുദ്രാവാക്യം എന്നും പറഞ്ഞ് കോടികൾ അതിന്റെ പേരിൽ ചെലവഴിച്ചു; പലരുടേയും പോക്കറ്റുകൾ നിറഞ്ഞപ്പോൾ ആ പദ്ധതി നൂലു പൊട്ടിയ പട്ടം പോലായി! ദീർഘവീക്ഷണത്തോടെയുള്ള സമഗ്രമായ പദ്ധതി ജനങ്ങളുടെ താഴേത്തട്ടിൽ നിന്നും തുടങ്ങിയാലേ മാലിന്യമുക്തമെന്ന സ്വപ്നം സഫലമാവൂ. എല്ലാവീട്ടിലും കക്കൂസുണ്ടല്ലോ!!

ഒരു ദിവസം ഒരു വീട്ടിൽ ഉണ്ടാവുന്ന വേയ്‌സ്റ്റിനേക്കാൾ വരില്ലേ അവിടുത്തെ ഒരു ദിവസത്തെ മലത്തിന്റെ അളവ്! അത് വൃത്തിയായി എല്ലാവരും കുഴിച്ചുമൂടുന്നുമുണ്ട്! ആരുമത് റോഡുവക്കിലും മറ്റവന്റെ വീട്ടുമുറ്റത്തും കൊണ്ടിടാറില്ല. ആ ഒരു ചിന്താഗതി സമൂഹമനസ്സിലേക്ക് നിയമം വഴി അടിച്ചേൽപ്പിക്കുകയാണു വേണ്ടത്. എങ്കിലേ കേരളം മാലിന്യമുക്തമാവൂ. മാലിന്യമുക്തമെന്നാൽ നിരവധി പകർച്ചവ്യാധികളിൽ നിന്നുള്ള മുക്തി കൂടിയാണെന്ന് ഓർക്കേണ്ടതുണ്ട്.

എഡിറ്റഡ്…

ഡിങ്കനാമാർച്ചന!

ഡിങ്ക ഡിങ്ക ഡിങ്ക ഡിങ്ക ഡിങ്ക ഡിങ്ക പാഹിമാം
ഡിങ്കനേ മനോഹരാ ഹരേശ ഡിങ്ക പാഹിമാം
ദുഷ്ടരേ ഹനിച്ച ഡിങ്ക ഡിങ്ക ഡിങ്ക പാഹിമാം
ബാലമംഗളേ ഭവിച്ച ഡിങ്കദേവ പാഹിമാം (ഡിങ്ക…..)

മൂഷികമുഖേന്ദ്ര ഡിങ്ക വാണരുളൂ സാദരേ
കാടിനിള്ളിലെന്നുമെന്നും ശക്തിതൻ കേദാരമായ്
വാഴ്ത്തിടുന്ന സൂക്തപംക്തി കേട്ടുണര്‍ന്നു ഭംഗിയില്‍
മങ്ങിടാതനുഗ്രഹം കൊടുക്കു ഡിങ്ക പാഹിമാം   (ഡിങ്ക…..)

നീണ്ടമൂക്കുമുണ്ടക്കണ്ണും ലക്ഷണങ്ങളൊത്തു ചേ-
ര്‍ന്നുത്തമന്‍ ജനിച്ചു പണ്ടു ബാലമംഗളേ
ഭൂമിയില്‍ സഹോദര സമേതനായി വാഴവേ
വന്നു ചേർന്നു ഭൂമിയിൽ പണ്ടന്യഗ്രഹ ജീവികൾ (ഡിങ്ക…..)

കൊണ്ടുപോയി ഡിങ്കനെ പരീക്ഷണ വിധേയനാക്കി
ഈ വിധം ഭുവനഭാരമൊക്കെയും കളഞ്ഞുടന്‍
കാനനം വെടിഞ്ഞു ലോകസാക്ഷിയായൊരീശ്വരന്‍
തിരിച്ചുവന്നതോ ഏറ്റം ശക്തരിൽ ശക്തനായി (ഡിങ്ക…..)

ഡിങ്കനാമ മന്ത്രമോതി വാണിടുന്നു ജീവികൾ
ലോകമാന്യനായ് ഭവിച്ചു ദിവ്യലോകമാർന്നിടും
അത്ര ശുദ്ധസത്വപൂര്‍ണ്ണമായ് ഡിങ്കസൽക്കഥ
തോന്നണമിവര്‍ക്കുനിത്യം ഡിങ്ക ഡിങ്ക പാഹിമാം (ഡിങ്ക……)

ഡിങ്കഭക്തിവന്നുദിച്ചു ജീവകൾക്കസ്സാധ്യമായ്
ഒന്നുമില്ല സര്‍വ്വവും കരസ്ഥമെന്നു നിര്‍ണ്ണയം
സൗഖ്യമൊക്കെയും ലഭിച്ചു മുക്തി കൈവരുന്നതി-
ന്നേവരും ജപിച്ചുകൊള്‍ക ഡിങ്കനാമമെപ്പോഴും

ഭക്തവത്സലന്‍ ഡിങ്കനീശ്വരന്‍ മൂഷികന്‍
സൈബർലോകേ വാണിടട്ടെ ഡിങ്ക ഡിങ്ക പാഹിമാം
പാതകങ്ങളൊക്കെ നീങ്ങി മാനസം വിശുദ്ധമായ്
തീര്‍ന്നു ഡിങ്കദേവനുള്ളിലെത്തി വാണിരിക്കുവാന്‍
തക്ക ഭാഗ്യമേകണം മഹീപതേ! മഹാമതേ!
ലോകനായകവിഭോ ഹരേശ ഡിങ്ക പാഹിമാം
ഡിങ്ക ഡിങ്ക ഡിങ്ക ഡിങ്ക ഡിങ്ക ഡിങ്ക പാഹിമാം
ഡിങ്കനേ മനോഹരാ ഹരേശ ഡിങ്ക പാഹിമാം
ഡിങ്ക ഡിങ്ക ഡിങ്ക ഡിങ്ക ഡിങ്ക ഡിങ്ക പാഹിമാം
ഡിങ്കനേ മനോഹരാ ഹരേശ ഡിങ്ക പാഹിമാം

ഗൂഗിൾ സേർച്ച് ടിപ്സ്!

ഗൂഗിൾ ഭഗവതിയുടെ അനുഗ്രഹവർഷത്തിനായി കാത്തിരുന്നു ചെയ്യുന്ന ജോലിയിൽ അഭിവൃദ്ധികണ്ടെത്തുന്നവർക്ക് ഭഗവതിയുടെ ഉത്തമ ശ്രദ്ധ പതിയുന്നതിലേക്കാവശ്യമായ വഴിപാടുകൾ ഇവിടെ കൊടുത്തിരിക്കുന്നു.  ഗൂഗിൾ സേർച്ച് ടിപ്സ്.

ഇന്ന് വീടുമാറുന്നു…

ഇന്നു വീടുമാറുന്നു… 🙁
വീണ്ടും ബൊമ്മനഹള്ളിയിലേക്ക്…
അഞ്ചുവര്‍ഷത്തിനിടെ ഇത് ആറാം തവണ!!
ഓരോ പ്രാവശ്യവും ഡിപ്പോസിറ്റ് തുക തിരിച്ചു ചോദിക്കുമ്പോള്‍ പണ്ട് പാക്കനാര്‍ക്ക് മുറം തിരിച്ചുകൊടുത്തപോലെയാണ്‌ വീട്ടുടമസ്ഥര്‍ തരുന്നത്!

മാസാമാസം വാടകത്തുകയും കൂടുന്നു.  എന്നാണോ ഇവിടെ ഒരു റെന്റ് കണ്ട്രോള്‍ ഗവണ്മെന്റ് കൊണ്ടുവരുന്നത്!! ബില്‍ഡിങുകള്‍ മുക്കാലും റെഡ്ഢിമാരുടെ കൈയിലായതിനാല്‍ ബി.ജെ.പ്പി. സര്‍ക്കാരിന്റെ കാലത്തൊരു റെന്റ് കണ്ട്രോള്‍ ഉണ്ടാവുമെന്നും തോന്നുന്നില്ല; പണ്ട് ഇതിവിടെ ഉണ്ടായിരുന്നുവത്രേ! സാധാരണക്കാരന്‌ ഒരു നല്ല വീട്ടില്‍ താമസിച്ച് ജോലി ചെയ്യുക എന്നത് ബാംഗ്ലൂരില്‍ അപ്രാപ്യമായി വരുന്നു. ആരോട് പറയാന്‍!!

വി.എസ്സും പി.ബിയും പിന്നെ പത്രക്കാരും…

ഹ ഹ… വി. എസിനെ വീണ്ടും പി. ബി. വെറുതേ വിട്ടുവെന്ന്!! ഓരോ പ്രാവശ്യവും പി. ബി. കൂടാനായി വി. എസ്. ഡല്‍ഹിക്കുപോകുമ്പോള്‍ ഈ പത്രക്കാര്‍ എന്തൊക്കെയാണ്‌ എഴുതുന്നത്… വി. എസ്. ന്റെ കൂടംകുളം യാത്രയായിരുന്നു ഇത്തവണത്തെ വിഷയം. പി. ബി. അതു ചെയ്യും ഇതു ചെയ്യും അങ്ങനെയൊന്നും ചെയ്തില്ലെങ്കില്‍ ഇങ്ങനെയെങ്കിലും ചെയ്യും… എന്നൊക്കെ എന്തൊരു പൊലിമയാണ്‌!  പി. ബി. കഴിഞ്ഞാലോ!! കൊട്ടത്തേങ്ങ ഉടച്ചതു പോലെ!! പി. ബി, വി. എസ്സിനെതിരെ ഒന്നും പറഞ്ഞില്ലെന്ന് അലക്ഷ്യമായി പറഞ്ഞു പോകുന്നു!

ലോക കാഴ്ച ദിനം

എല്ലാ വർഷവും നവംബറിലെ രണ്ടാമത്തെ വ്യാഴാഴ്ചയാണിത് ആചരിച്ചു വരുന്നത്. ഇന്ത്യയിൽ ഈ വെള്ളിയാഴ്ച വരുന്നു.

World Sight Day - ലോക കാഴ്ച ദിനം

പറയാതെ പറയുന്നതെന്താണ്‌?

മനോരമയിലെ ഇന്നത്തെ ഒരു വാര്‍ത്തയില്‍ പറയുന്നു അമ്പതില്‍ അധികം മൊത്തവ്യാപാരികള്‍ രാഷ്ട്രീയക്കാരുടെ ബിനാമികളാണ്‌ എന്ന്. ഇവര്‍ ഒന്നിച്ച് അരിയടക്കമുള്ള അവശ്യസാധനങ്ങള്‍ പൂഴ്ത്തിവെച്ച് കൃത്രിമക്ഷാമം ഉണ്ടാക്കി അരിക്ക് നാല്പത്തിയഞ്ച് രൂപയാക്കാനുള്ള നീക്കവും  നടത്തുന്നുവെന്ന്. ഈ മൊത്തവ്യാപാരികളുടെ പേരുവിവരവും അതിന്റെ പുറകിലെ രാഷ്ട്രീയക്കാരുടെ വിവരങ്ങള്‍ കൂടി വാര്‍ത്തയോടൊപ്പം നല്‍കിയാലല്ലേ വാര്‍ത്ത പൂര്‍ത്തിയാവുകയുള്ളൂ. വര്‍ത്ത കൊടുത്ത പത്രപ്രവര്‍ത്തകന്‌ ഇവരെ കുറിച്ച് വ്യക്തമായ അറിവുണ്ടായിരിക്കുമല്ലോ! അല്ലാതെ അങ്ങനെയൊരു വാര്‍ത്ത കൊടുക്കാമോ? ഇങ്ങനെ അവ്യക്തമായി കാര്യങ്ങള്‍ പറയണം എന്ന് എന്തോ നിര്‍ബന്ധമുള്ളതുപോലെയാണ്‌ പല വാര്‍ത്തകളും കാണുമ്പോള്‍ തോന്നുന്നത്.

വിളപ്പില്‍ശാലയില്‍ സര്‍ക്കാര്‍ വക നാടകം – ജനവഞ്ചകര്‍!

തിരുവനന്തപുരം കോര്‍പ്പറേഷനും കേരളസര്‍ക്കാറും കൂടെ വിളപ്പില്‍ശാല ജനങ്ങളെ സമര്‍ത്ഥമായി വഞ്ചിച്ചിരിക്കുന്നു. ഗവണ്മെന്റിനെ മുഖവിലയ്ക്കെടുത്ത് മന്ത്രിമാരുടെ വാക്കുകള്‍ വിശ്വസിച്ച ജനങ്ങളെ പറ്റിച്ച് നാടകീയമായ നീക്കങ്ങള്‍ സര്‍ക്കാര്‍ നടത്തിയിരിക്കുന്നു.രണ്ടുമണിയോടെ വിളപ്പില്‍ശാലയിലേക്കുള്ള വൈദ്യുതി ബന്ധം വിശ്ചേദിച്ചശേഷമായിരുന്നു ഈ നാടകം! വിളപ്പിന്‍ശാലയിലെ പ്രതിഷേധം മറികടന്ന് പ്ലാന്റ് നിര്‍മ്മിക്കാനുള്ള സാധനസാമഗ്രികള്‍ വിളപ്പില്‍ ശാലയില്‍ എത്തിച്ചു. അതീവ രഹസ്യമായി പുലര്‍ച്ചെ രണ്ടരയോടെയായിരുന്നു ഇതൊക്കെ അവിടെ എത്തിച്ചത്. മഴയുള്ളതിനാല്‍ സമരപന്തലില്‍ ആളുകള്‍ ഉണ്ടായിരുന്നില്ല. നൂറിലേറെ പൊലീസിന്റെ അകമ്പടിയോടെയാണ്‌ നീക്കം. മാലിന്യ പ്ലാന്റിന്റെ പൂട്ടുതകര്‍ത്താണ് പ്ലാന്റ് സാധനസാമഗ്രികള്‍ വിളപ്പില്‍ശാലയില്‍ എത്തിച്ചത്. ഒമ്പതുമാസം മുമ്പ് സര്‍ക്കാര്‍ ഇതിനായി നടത്തിയ ശ്രമങ്ങള്‍ ജനങ്ങള്‍ തടങ്ങിരുന്നു. പ്ലാന്റിനാവശ്യമായ ഇലക്ട്രോണിക് സാധനങ്ങളാണ്‌ വിളപ്പില്‍ ശാലയിലേക്ക് എത്തിച്ചത്. കഴിഞ്ഞ ഒന്നരമാസമായി വിളപ്പില്‍ശാല പൊലീസ്സ്റ്റേഷനില്‍ ഉണ്ടായിരുന്ന സാധനങ്ങളായിരുന്നു ഇത്.

കഴിഞ്ഞ ഒന്നരവര്‍ഷത്തെ ജനങ്ങളുടെ സമരത്തിനു പുല്ലുവിലകൊടുത്ത് കള്ളന്മാര്‍ ചെയ്യുന്നതുപോലെ ഇങ്ങനെ ഒളിച്ചുകടത്തിയത് കടുത്ത ജനവഞ്ചനയാണ്‌. ജനങ്ങളുമായി സഹകരിച്ച് സമവായത്തിലൂടെ മാത്രമേ കാര്യങ്ങള്‍ മുന്നോട്ട് പോവുകയുള്ളൂ എന്ന് മന്ത്രിതല സമ്മേളനത്തിനു ശേഷം മുഖ്യമന്ത്രിയും വകുപ്പുമന്ത്രി മഞ്ഞളാംകുഴി അലിയും മിനിയാന്ന് പറഞ്ഞുവെച്ചതേയുള്ളൂ. അത്തരമൊരു സാഹചര്യത്തില്‍ ഈ കള്ളത്തരം കാണിച്ചതിലൂടെ ജനങ്ങളുടെ സമരങ്ങള്‍ക്ക് യാതൊരു വിലയും ഗവണ്മെന്റ് കൊടുക്കുന്നില്ല എന്നതു തന്നെയാണ്‌ ഇതിലൂടെ തെളിയുന്നത്.

ഇപ്പോള്‍ എത്തിച്ച സാധനങ്ങള്‍ കൊണ്ടുമാത്രം വിളപ്പില്‍ശാല പ്ലാന്റ് പ്രവര്‍ത്തിപ്പിക്കാനാവില്ല; കൂടുതല്‍ സാധങ്ങള്‍ എത്തേണ്ടതുണ്ട്. അതുകൊണ്ടു മാത്രമായില്ല, ജനങ്ങളുടെ സഹകരണമില്ലാതെ അവിടെ ഒരു പ്ലാന്റ് കാലാകാലം പ്രവര്‍ത്തിപ്പിക്കുക എന്നത് ഒരു വ്യാമോഹം മാത്രമല്ലേ! എന്നാല്‍ സാധങ്ങള്‍ അവിടെ എത്തിച്ച ഗവണ്മെന്റിന്‌ അതവിടെ പ്രവര്‍ത്തിപ്പിക്കാനും അറിയാം; ജനങ്ങളല്ലല്ലോ പ്ലാന്റ് പ്രവര്‍ത്തിപ്പിക്കുന്നത് എന്നാണു മേയര്‍ ഇക്കാര്യത്തോട് പ്രതികരിച്ചത്!

എന്തു തന്നെയായാലും ഈ പരിപാടി തികഞ്ഞ കാടത്തമായിപ്പോയി. സര്‍ക്കാറിനെ ഇനി ഏതുതരത്തിലഅണു വിശ്വാസത്തിലെടുക്കുക? വിളപ്പില്‍ശാലയിലെ ജനങ്ങളോടൊപ്പം കേരളത്തിലെ മുഴുവന്‍ ജനങ്ങളും നില്‍ക്കേണ്ട സമയമാണിത്. വിളപ്പില്‍ശാലയില്‍ ഇന്നു ഹര്‍ത്താല്‍!

രജനികാന്തിന്റെ ശക്തിയാൽ ഓടുന്ന സൈറ്റ്!

ഇത് രജനികാന്തിന്റെ ശക്തിയാൽ ഓടുന്ന സൈറ്റ്! രജനികാന്തിനെ പറ്റിയുള്ള ചില വിവരങ്ങളാണ് സൈറ്റിൽ ഉള്ളത്. കൂടാതെ രജനികാന്തിനു മാത്രം കഴിയുന്ന ചിലകാര്യങ്ങൾ അക്കമിട്ടു നിരത്തിയിട്ടുമുണ്ട്. ഈ സൈറ്റിനുള്ള പ്രധനപ്രശ്നമെന്താണെന്നു വെച്ചാൽ സൈറ്റ് ഓടണമെങ്കിൽ ഇന്റർനെറ്റ് ആവശ്യമില്ല എന്നതാണ്; ഇന്റർനെറ്റ് കണക്ഷൻ ഡിസ് കണക്റ്റ് ചെയ്താൽ മാത്രമേ സൈറ്റ് വർക്ക് ചെയ്യുകയുള്ളൂ… സൈറ്റ് ഓടുന്നത് രജനികാന്തിന്റെ ആ അദൃശ്യശക്തിയാൽ തന്നെ!! ഇനി അഥവാ ഇടയ്ക്ക് വെച്ച് നിങ്ങൾ ഇന്റർനെറ്റ് കണക്റ്റ് ചെയ്താലോ ഈ സൈറ്റ് പിന്നെ ഓടില്ല!! ഇനി സൈറ്റിലേക്ക് പോകാം! ഓൾ എബൗട് രജനി.കോം. ഇവിടെ ക്ലിക്ക് ചെയ്യുക. സൈറ്റിൽ തന്നെ പറഞ്ഞിട്ടുണ്ട് എന്തു ചെയ്യണം എന്ന്!