പണം

പണം‌ ബ്രഹ്‌മോ പണം‌ വിഷ്‌ണു, പണം‌ ദേവോ മഹേശ്വരഃ
പണം‌ സാക്ഷാല്‍‌ പരബ്രഹ്‌മം‌, തസ്‌മൈ ശ്രീ പണമേ നമഃ

പണം പഴയകാല കൃതികളിൽ

അന്നരക്കാശെനിക്കില്ലായിരുന്നു ഞാൻ
മന്ദസ്മിതാസ്യനായ് നിന്നിരുന്നു
ഇന്നു ഞാൻ വിത്തവാൻ തോരുന്നതില്ലെന്റെ
കണ്ണുകൾ, കഷ്ട്മിതെന്തുമാറ്റം(ചങ്ങമ്പുഴ)

ഉത്തമം സ്വാർജിതം വിത്തം –
മദ്ധ്യമം ജനകാർജിതം
അധമം സോദരദ്രവ്യം
സ്ത്രീ വിത്തമധമാധമം (സുഭാഷിതരതനാകരം)

ഐശ്വര്യമാകും തിമിരം -കണ്ണിൽ ബാധിക്കിലപ്പൊഴേ
ദാരിദ്ര്യമായമഷി താൻ- തേച്ചെന്നാലേ തെളിഞ്ഞിടൂ (അവസരോക്തിമാല)
ദ്രവ്യമുണ്ടെങ്കിലേ ബന്ധുക്കളുണ്ടാവൂ
ദ്രവ്യമില്ലാത്തവനാരുമില്ലാ ഗതി.
ദിവ്യനെന്നാകിലും ഭവ്യനെന്നാകിലും
ദ്രവ്യമില്ലാഞ്ഞാൽ തരംകെടും നിർണയം (പഞ്ചതന്ത്രം)

ധനമെന്നുള്ളതു മോഹിക്കുമ്പോൾ
വിനയമൊരുത്തനുമില്ലിഹനൂനം
തനയൻ ജനകനെ വഞ്ചനചെയ്യും
ജനകൻ തനയനെ വധവുംകൂട്ടും
അനുജൻ ജ്യേഷ്ഠനെ വെട്ടിക്കൊല്ലും
മനുജന്മാരുടെ കർമമിതല്ലാം (കുഞ്ചൻ നമ്പ്യാർ)

പണമെന്നുള്ളതു കൈയ്യിൽ വരുമ്പോൾ
ഗുണമെന്നുള്ളതു ദൂരത്താകും
പണവും ഗുണവും കൂടിയിരിപ്പാൻ
പണിയെന്നുള്ളതു ബോധിക്കേണം (കുഞ്ചൻ നമ്പ്യാർ)

പണമില്ലാത്ത പുരുഷൻ മണമില്ലാത്ത പൂവുപോൽ(അവസരോക്തിമാല)

പണമെന്നാഖ്യ കേൾക്കുമ്പോൾ
പിണവും വാ പിളർന്നിടും (അവസരോക്തിമാല)

പണമൊരുവനു ഭൗതികപ്രതാപ-
ത്തണലിലിരുന്നു രമിപ്പതിന്നുകൊള്ളാം
ഘൃണയതിനൊരുനാളുമില്ല ജീവ
വ്രണമതുണക്കുകയില്ല തെല്ലുപോലും.(ചങ്ങമ്പുഴ)

മുതൽ വെളിയിലിറക്കാതത്രയും മൂടിവയ്ക്കും
വ്രതമുടയ കടുപ്പക്കാർക്കു നാശം കലാശം. (വള്ളത്തോൾ- ചിത്രയോഗം)

വയോവൃദ്ധൻ , തപോവൃദ്ധൻ, ജ്ഞാനവൃദ്ധനുമെന്നിവർ
മൂവരും ധന്യവൃദ്ധന്റെ -വാതിൽക്കൽ കാത്തുനിൽക്കുവോർ(വള്ളത്തോൾ -ദൂര)

പണമുണ്ടാക്കാനായി സമയം കളയാൻ എനിക്കൊക്കില്ല. അമേരിക്കൻ ശാസ്ത്രജ്ഞൻ ലൂയി അഗാസിസ്.

കവിതെഴുത്തിൽ പണമുണ്ടാകില്ല. പണത്തിലാണെങ്കിൽ കവിതയൊട്ടില്ലതാനും ഇംഗ്ലീഷ് കവി റൊബർട്ട് ഗ്രേവ്സ്.

ധാരാളം പണമുള്ള ഒരു ദരിദ്രനായി ജീവിച്ചാൽ കൊള്ളാമെന്നുണ്ടെനിക്ക് . പാബ്ലൊ പിക്കാസൊ

പണത്തെ എത്ര കെട്ടിപിടിച്ചാലും അത് തിരികെ കെട്ടിപിടിക്കില്ല . അമേരിക്കൻ ശേഖരത്തിൽ നിന്നും

പണം പാഴാക്കിയാൽ പണക്കുറവ് സംഭവിച്ചെന്നിരിക്കും എന്നാൽ സമയം പാഴാക്കിയാൽ ജീവിതത്തിന്റെ അംശമാണ് നഷ്ടപ്പെടുക .മൈക്കിൽ ലീബൗഫ്

ദിനപത്രത്തിൽ കോടീശ്വർനമാരുടെ പട്ടികയിൽ എന്റെ പേരങ്ങാൻ വന്നിട്ടുണ്ടൊ എന്ന് ഞാൻ എന്നും പരിശോധിക്കും .ഇല്ലെന്നു കാണുമ്പോൾ ഞാൻ ജോലിക്കു പോകും . അമേരിക്കൻ ഹാസ്യ താരം റൊബർട്ട് ഓർബൻ

പണത്തിന്റെ കാര്യം വരുമ്പോൾ എല്ലാവരും ഒരേ മതക്കാരാണ് . വോൾട്ടയർ

പണത്തിനു പലപ്പോഴും തീ പിടിച്ച വിലയാൺ .എമേഴ്സൺ.

പണത്തെ ആരാധിക്കുന്നവനെ പണം പിശാചിനെപോലെ വേട്ടയാടും . അമേരിക്കൻ ഗ്രനഥകാരൻ ഹെൻട്രി ഫീൽഡിംഗ്

പഴംചൊല്ലുകളിലെ പണം
സമ്പത്ത് കാലത്ത് തൈപത്തു വച്ചാ
ലാപത്തുകാലത്തു കാ പത്തു തിന്നാം
കനകം മൂലം കാമിനി മൂലം കലഹം പലവിധമുലകിൽ സുലഭം (നമ്പ്യാർ)
പണമെന്നുള്ളത് കൈയ്യിൽ വരുമ്പോൾ ഗുണമെന്നുള്ളത് ദൂരത്താകും
പണം കണ്ടാലേ പണം വരൂ
പണം കൊടുത്ത് ആനയെ വാങ്ങിയാൽ പവൻ കൊടുത്ത് പാപ്പാനെ നിർത്തണം
പണം കൊണ്ടെറിഞ്ഞാലേ പണത്തിന്മേൽ കൊള്ളൂ
പണം നോക്കി പണ്ടം കൊള്ളുക , ഗുണം നോക്കി പെണ്ണുകൊള്ളുക
പണം നോക്കിനു മുഖംനോക്കില്ല
പണം പന്തലിൽ കുലം കുപ്പയിൽ
പണം പാഷാണം, ഗുണം നിർവാണം
പണം പെരുത്താൽ ഭയം പെരുക്കും
പണം മണ്ണാക്കുക മണ്ണ് പണമാക്കുക
കടമപകടം
കടമില്ലാത്ത കഞ്ഞി ഉത്തമം
കടമൊഴിഞ്ഞാൽ ഭയമൊഴിഞ്ഞു
കടം കാതറുക്കും
കടം കാലനു തുല്യം
കടം കൊടുത്താലിടയും കൊടുക്കണം
കടം കൊടുത്തു പട്ടിണി കിടക്കരുത്
കടം വാങ്ങി കുടിവെച്ചാൽ കുടികൊണ്ട് കടം വീട്ടാം
കടം വാങ്ങിയുണ്ടാൽ മനം വാടിവാഴാം
കടം വീടിയാൽ ധനം

പണം മറ്റുഭാഷകളിൽ
പണത്തോടും പെണ്ണിനോടും കളി അരുത് (ഇംഗ്ലീഷ്)
പണത്തെക്കുറിച്ച് പൊങ്ങച്ചം പറയരുത്. അത് ഏതു സമയവും നഷ്ടപ്പെടാം( യിഡ്ഡിഷ്)
പണമിടപ്പാട് മാതാപിതാക്കളേയും കുട്ടികളേയും അന്യരാക്കുന്നു (ജപ്പാൻ)
കടം കൊടുക്കാൻ പണമില്ലാത്തവൻ ധന്യനാണ്. അവൻ ശത്രുക്കളെ സമ്പാദിക്കുന്നില്ല ( യിഡ്ഡിഷ്)
കടം കൊടുക്കുന്നവനു പണവും ഒപ്പം സുഹൃത്തും നഷ്ടപ്പെടുന്നു ( ഇംഗ്ലീഷ്)
മടിശ്ശീലയിൽ പണമില്ലാത്തവന്റെ ചുണ്ടിൽ മധുരവാക്കുകൾ ഉണ്ടാവും( ഡാനിഷ്)
മടിശ്ശീലയിൽ പണമില്ലെങ്കിൽ ചുണ്ടിൽ തേനുണ്ടാവണം (ഫ്രഞ്ച്)
പണം മോഹിക്കുന്നവൻ എന്തും മോഹിക്കുന്നവനാണ് (ഇംഗ്ലീഷ്)
പണമില്ലാത്തവനു മടിശ്ശീല വേണ്ട ( ഇംഗ്ലീഷ്)
പണം വിതക്കുന്നവൻ ദാരിദ്ര്യം കൊയ്യൂം ( ഡാനിഷ്)
കുറച്ചു പണം പുറത്തേക്ക് പോകാതെ ധാരാളം പണം അകത്തേക്ക് വരില്ല ചൈനീസ്
ഒരൊറ്നമെങ്കിലും ഉണ്ടാവട്ടെ (തുർക്കി)
പണമുണ്ടോ കൈയ്യിൽ? ഇരിക്കൂ. പണമില്ലേ? സ്ഥലം വിട്ടോള്ളൂ (ജർമ്മൻ)
പണമുള്ളവന്റെ അഭിപ്രായം സ്വീകരിക്കപ്പെടും ( ഹീബ്രു)
പാപം ചെയ്യാനും പണം ആവശ്യമാണ് (യിഡിഷ്)

കുമാരനാശന്റെ കവിത പണം
1910 – ജൂണിൽ എഴുതിയത്.
വരഗുണനര, വായുവീഥിമേൽ നീ
വിരവൊടു തീർത്തൊരു കോട്ട വീണുപോയോ!
കരയുഗമയി കെട്ടി, നോക്കി വിണ്ണിൽ‌-
ത്തിരയുവതീ നെടുവീർപ്പൊടെന്തെടോ നീ?

വിരയുവതിഹ നിൻമതത്തിനായോ
പുരുമമതം സമുദായഭൂതിയോർത്തോ
പരഹിതകരമാം പ്രവൃത്തിതന്നിൽ‌
പരമഭിവൃദ്ധിയതിന്നുവേണ്ടിയോ നീ.

സ്ഥിരമിഹ സുഖമോ മഹത്ത്വമോ നീ,
വരഗുണമാർന്നൊരു വിദ്യയോ യശസ്സോ
പരമസുകൃതമോ കടന്ന സാക്ഷാൽ‌
പരഗതിയോ– പറകെന്തെടോ കൊതിപ്പൂ.

കുറവു കരുതിയിങ്ങു കേണിരുന്നാൽ‌
കുരയുകയാം വിലയാർന്ന നിന്റെ കാലം
മറവകലെ രഹസ്യമോതുവൻ‌, നീ
പറയുക പോയിതു നിന്റെയിഷ്ടരോടും.

കരുതുക, കൃതിയത്നലഭ്യനേതും
തരുവതിനീശനിയുക്തനേകനീ ഞാൻ‌
വിരവിൽ‌ വിഹിതവൃത്തിയേതുകൊണ്ടും
പരമിഹ നേടുക, യെന്നെ, നീ — പണത്തെ!

ഈ ലേഖനം അവസാനം എഡിറ്റ് ചെയ്തത് 2013 ജനുവരി 30ന് ബുധനാഴ്ച. അവലംബമായി വിക്കിഗ്രന്ഥശാല, വിക്കിപീഡീയ, വിക്കിചൊല്ലുകൾ എന്നിവ എടുത്തിരിക്കുന്നു.

ഞാന്‍-ഒരു നാട്ടുമ്പുറത്തുകാരന്‍

ഞാന്‍, ഒരു നാട്ടുമ്പുറത്തുകാരന്‍. അതികഠിനങ്ങളായ ആദര്‍ശങ്ങളോ വിശ്വാസങ്ങളോ ഒന്നും വെച്ചുപുലര്‍ത്താത്ത ഒരു സാധാരണ മനുഷ്യന്‍. ഓരോ സൂര്യോദയവും ഓരോ മഹാത്ഭുതങ്ങളാണെനിക്ക്. നല്ലതിനുവേണ്ടി ആശിക്കുന്നു. നല്ലതിനുവേണ്ടി പ്രവര്‍ത്തിക്കുന്നു. എല്ലാവരിലും നന്മയുണ്ടെന്നു കരുതുന്നു; സ്നേഹമുണ്ടെന്നു കരുതുന്നു, വിശ്വസിക്കുന്നു.

അറിയാനുള്ള ആഗ്രഹം ജന്മസിദ്ധമാണെന്നു തോന്നുന്നു. നല്ലതായാലും ചീത്തയായാലും ഒരക്ഷരം പോലും കളയാതെ വായിക്കും. പണമേറെ ചെലവിട്ടതു പുസ്തകങ്ങള്‍‌ക്കാണ്, പിന്നെ കടം കൊടുക്കാനും. കൊടുത്തതു പുസ്തകമാണെങ്കിലും പണമാണെങ്കിലും തിരിച്ചു കിട്ടിയതു വിരളമാണ്. സൗഹൃദത്തെ അതിയായി മാനിക്കുന്നു, ഇഷ്ടപ്പെടുന്നു. എന്നാല്‍, ഇഷ്ടാനിഷ്ടങ്ങളെ ആരിലും അടിച്ചേല്‍പ്പിക്കാറില്ല. നല്ല സുഹൃത്തിനു മുന്നില്‍ എന്നുമൊരു കളിപ്പാട്ടമാണു ഞാന്‍. അതിലുണ്ടാവുന്ന നഷ്ടങ്ങള്‍ പോലും ചെറുപുഞ്ചിരിയാല്‍ മറക്കാനിഷ്‍ടപ്പെടുന്നു.

നിരീശ്വരവാദിയല്ല. ഒരു വിശ്വാസത്തിനുമെതിരുമല്ല. അമ്പലത്തില്‍ പോകാറില്ല; പ്രാര്‍ത്ഥിക്കാനറിയില്ല. മനുഷ്യസ്‍നേഹത്തിലധിഷ്‍ഠിതമായ എല്ലാ വിശ്വാസത്തിലും ദൈവമുണ്ടെന്നു കരുതുന്നു. ദൈവത്തിന്റെരിപ്പിടം മനസ്സിനകത്തു തന്നെയെന്നും മനസ്സുതന്നെ ക്ഷേത്രമെന്നും കരുതുന്നു. ദൈവം എന്നില്‍നിന്നും വ്യത്യസ്തമായ ഒന്നല്ലാത്തതിനാല്‍ തന്നെ സദാ സന്തോഷപ്രദമാണു ജീവിതം. ടെന്‍ഷനില്ല, ഭയമില്ല, രോഗങ്ങളൊന്നുമില്ല.

22 വയസ്സുവരെ മാര്‍ക്സിസ്‍റ്റുകാരനായിരുന്നു. ഇപ്പോഴും നല്ല കമ്യൂണിസ്‍റ്റായി തുടരുന്നു. പക്ഷേ പിണറായിയുടെ കമ്യൂണിസത്തില്‍ വിശ്വാസം പോരാ. പാര്‍ട്ടിവിട്ടതങ്ങനെയാണ്. ജാതിയിലും മതത്തിലും പടുത്തുയര്‍ത്തുന്ന ഏതൊരു പാര്‍ട്ടിയോടും യോജിപ്പില്ല. ന്യൂനപക്ഷന്യായം പറഞ്ഞു പിളര്‍ന്നുപിളര്‍ന്നു വലുതാവുന്ന ഈര്‍‌ക്കിലിപ്പാര്‍ട്ടികളോടുമില്ല മമത. കൈയിട്ടുവാരുന്ന, കട്ടുമുടിക്കുന്ന രാഷ്‍ട്രീയക്കാരെ പണ്ടേ വെറുത്തുപോയി. അതുകൊണ്ടുതന്നെ വോട്ടുചെയ്യാറില്ല. വോട്ടുനേടി ജയിച്ചവന്‍ നാടിനെ കട്ടുമുടിക്കുമ്പോള്‍ ഉത്തരം മുട്ടി വായടച്ചുപിടിക്കേണ്ടല്ലോ. കട്ടുതിന്നുന്ന രാഷ്ട്രീയക്കാരനെ, സിനിമകളില്‍ സുരേഷ്‍ഗോപി എടുത്തിട്ടു പെരുമാറുമ്പോള്‍ എണീറ്റു നിന്നു കൈയ്യടിക്കാറുണ്ട്‍.rajesh odayanchal

തമാശകളെ ഇഷ്‍ടപ്പെടുന്നു. കവിതകള്‍ ഇഷ്‍ടപ്പെടുന്നു. യാത്ര ഇഷ്‍ടമാണ്, നറുനിലാവും പെരുമഴയും ഇഷ്‍ടമാണ്. തുളസിച്ചെടിയെ ഇഷ്ടമാണ്, തുമ്പപ്പൂവിനേയും കൊങ്ങിണിപ്പൂവിനേയും ഇഷ്ടമാണ്.വെറുതേ നടക്കാന്‍ ഇഷ്ടമാണ്. കൊച്ചുകുഞ്ഞിന്റെ കളിക്കൊഞ്ചലിഷ്‍ടമാണ്. പുലര്‍കാലരശ്‍മികളെ ഇഷ്‍ടമാണ്. തണലത്തിരികാനിഷ്‍ടമാണ്. താരാട്ടുപാട്ടുകളിഷ്ടമാണ്.

സദാ സന്തോഷപ്രദമാണു മനസ്സ്. അതുകൊണ്ടുതന്നെ അതിയായ സന്തോഷങ്ങള്‍ക്കു പ്രത്യേകസ്ഥാനം ലഭികാറില്ല. ദു:ഖങ്ങളും അല്പസമയത്തേക്കുമാത്രം. തെരുവില്‍ വിശന്നിരിക്കുന്ന മനുഷ്യനെ കണ്ടാല്‍ മനസ്സുലൊരു വിങ്ങലുണ്ട്‍. മൃഗങ്ങളെ കൊണ്ടു ജോലിചെയ്യിപ്പിക്കുമ്പോഴും വണ്ടികള്‍ വലിപ്പിക്കുമ്പോഴും മനസ്സിലൊരു തേങ്ങലുണരും.

തെരുവില്‍ ഭിക്ഷ യാചിക്കുന്നവര്‍ക്കു പണം കൊടുക്കാറില്ല. ലോട്ടറി ടിക്കറ്റു പോലുള്ള ഭാഗ്യപരീക്ഷണങ്ങളിലേര്‍പ്പെടാറില്ല. സൈക്കിളോടിക്കാനറിയില്ല. വലിയില്ല, കുടിയില്ല. പ്രഷറില്ല, ഷുഗറില്ല. കൊളസ്‍ട്രോളില്ല.  അസൂയയില്ല, പരിഭവമില്ല, പരാതികളുമില്ല.

ഏതൊരു സാഹചര്യവുമായി എളുപ്പം പൊരുത്തപ്പെടും. ക്ഷമ കുറവാണെങ്കിലും ക്ഷമിക്കാനറിയാം, മലയാളമൊഴിച്ച് മറ്റൊരുഭാഷയും നന്നായറിയില്ല. ഓർമ്മശക്തികുറവാണ്. സ്വന്തം മൊബൈല്‍ നമ്പര്‍ പോലും കാണാതെ പറയാനാവില്ല. എവിടേയും ഇടിച്ചുകേറാനറിയില്ല. തര്‍‌ക്കങ്ങളില്‍ സ്ഥിരപരാചിതന്‍. കാല്‍ക്കുലേറ്ററില്ലാതെ കണക്കുകൂട്ടാനറിയില്ല. തെറ്റാതെ ഗുണനപ്പട്ടിക ചൊല്ലാനറിയില്ല. വേദഗണിതത്തിലൊക്കെ താല്പര്യമുണ്ടുതാനും.

സമയത്തിന്റെ വില മനസ്സിലാക്കുന്നു, അവസരങ്ങളെ മുതലാക്കുന്നു, എങ്കില്‍‌കൂടി ചിലതു നഷ്‌ടമാവുന്നു. നഷ്‌ടമായതിനെ കുറിച്ചു വേവലാതിപ്പെടാറില്ല. എന്നാല്‍‌ നഷ്‌ടസ്വപ്‌നങ്ങളെ താലോലിക്കുന്നു. കവിത കേള്‍ക്കും, ചിത്രം വരയ്‍ക്കും, സിനിമ കാണും, നടക്കാനിറങ്ങും, തളര്‍ന്നുറങ്ങും.
………………. ………………. ………….
അല്പം കൂട്ടിച്ചേർക്കലുകൾ!!
ഇപ്പോൾ വിവാഹിതനാണ്; ഒരു മാലാഖക്കുഞ്ഞിന്റെ അച്ഛനുമാണ്.
വലിയും കുടിയുമൊന്നും ഇപ്പോഴും ഇല്ല; സൈക്കളോടിക്കാൻ ഇപ്പോഴുമറിയില്ല;
വായന കുറഞ്ഞു; ടൈംറ്റേബിൾ വെച്ച് വായിച്ചാൽ പോലും അതൊരു ചടങ്ങായി മൂന്നു ദിവസത്തിനകം മടക്കിവെയ്ക്കും.
മൊബൈൽ നമ്പർ ഒക്കെ ഇപ്പോൾ കാണാതെ പഠിച്ചിരിക്കുന്നു! യാത്രകൾ ഏറെ കൂടിയിരിക്കുന്നു.