കമ്പനി ടൂർ, അതു വൺഡേ ആവട്ടെ വൺ വീക്കാവട്ടെ സുഖമുള്ള ഒരേർപ്പാടാണ്. എന്റെ കമ്പനിക്കാണെങ്കിൽ ഇടയ്ക്കിടയ്ക്കിതു നടത്താതിരിക്കാൻ പറ്റാത്ത അവസ്ഥയാണെന്നു തോന്നിപ്പോവും. കഴിഞ്ഞ പ്രാവശ്യം പോയത് ബാംഗ്ലൂരു തന്നെയുള്ള ഒരു റിസോർട്ടിലേക്കാണ്. പല പ്രാവശ്യങ്ങളിലായി പല റിസോർട്ടുകളിലായി പോയി വന്നിട്ടുണ്ട് എങ്കിലും ഇപ്രാവശ്യം ഒരു പ്രത്യേകതയുണ്ട് – ഇതൊരു മലയാളിയുടെ റിസോർട്ടാണ്. നല്ല മലയാളിത്തനിമയൊക്കെ കാണാം, കഥകളിയും കെട്ടുവള്ളവും കോവിലകത്തിന്റെ മോഡലുകളും കാട്ടി ഹിന്ദിക്കാരുടെ മുമ്പിലൊന്നു ഞെളിഞ്ഞിരിക്കാം എന്നൊക്കെ സ്വപ്നം കണ്ടാണ് തലേന്നാൾ ഉറങ്ങാൻ കിടന്നതു തന്നെ.
ഇങ്ങനെയൊക്കെ കരുതാൻ ഒരു കാരണം ഉണ്ട്. ഒരിക്കൽ വിക്കിപീഡിയയുടെ മീറ്റിംങ് കഴിഞ്ഞ് ഞങ്ങൾ ചിലർ ഫുഡടിക്കാമെന്നു കരുതി ഒരു ഹോട്ടലന്വേഷിച്ചപ്പോൾ കൂടെ ഉണ്ടായിരുന്ന വിക്കൻ രമേശൻ പറഞ്ഞു ഇവിടെ അടുത്ത് വേമ്പനാട് എന്ന പേരിലൊരു ഹോട്ടലുണ്ട്; അവിടെ കരിമീന് നൂറ്റമ്പതു രൂപയേ ഉള്ളൂ എന്നൊക്കെ – വെജിറ്റേറിയൻ എന്നൊക്കെ പറയുമെങ്കിലും കരിമീനെന്നും നൂറ്റമ്പതെന്നുമൊക്കെ കേട്ടപ്പോൾ എനിക്കുവരെ ഒന്നു കഴിച്ചാൽ കൊള്ളാമെന്നായി. കൂടെ ഉണ്ടായിരുന്ന മറ്റു വിക്കന്മാരായ ഷിജുവിനും അനൂപനും ശ്രീജിത്തിനും ജോണിനും പിന്നെ പേരുമറന്നുപോയൊരു പുതുമുഖം താരത്തിനും (അനിൽ എന്നാണെന്നു തോന്നുന്നു) അവിടെ കേറിത്തന്നെ കഴിക്കാമെന്ന നിലയിൽ രമേശൻ കാര്യങ്ങൾ കൊണ്ടെത്തിച്ചു…
കാറിലും ബൈക്കിലുമൊക്കെയായി ഞങ്ങൾ വേമ്പനാടിന്നു മുന്നിലെത്തി… പുറത്തുനിന്നും നോക്കിയാൽ പ്രത്യേകിച്ചൊന്നും തോന്നില്ല; പക്ഷേ അകത്ത് അതിവിശാലമായി തന്നെ കിടക്കുന്നു! എല്ലാം കേരളത്തനിമ! സ്വീകരിക്കാൻ കസവുമുണ്ടും ജുബയും ധരിച്ച കേരളകേസരികൾ തന്നെ വന്നു… വഴിപറഞ്ഞവൻ മുന്നിൽ നടന്നു. ആഥിത്യമര്യാദ അവന്റെ ഓരോ ചലനങ്ങളിലും നിഴലിച്ചു നിന്നു. ഞങ്ങളെ അവൻ ഏതോ ഒരു നിലയിലെ വലിയൊരു അറപോലെ തോന്നിച്ച ഹാളിലെത്തിച്ചു. നിറയെ പടുകൂറ്റൻ നിലവിളക്കുകളുടെ ശോഭയിൽ വൃത്തിയിൽ അലങ്കരിച്ച നല്ലൊരു കോവിലകത്ത് എത്തിച്ചേർന്ന പ്രതീതി. എവിടേ നോക്കിയാലും കേരളബിംബങ്ങളുടെ അതിപ്രസരം – എങ്കിലും ഭംഗിയായിരിക്കുന്നു. ഇതൊക്കെ കാണുമ്പോൾ തന്നെ കൂടെയുള്ള പല വിക്കന്മാരുടേയും കണ്ണ് അല്പം തള്ളിയോ എന്നൊരു സംശയം; എന്തായാലും എന്റെ കണ്ണല്പം തള്ളിപ്പോയിരുന്നു – ഞാനാ കൂടെയുള്ള പുതുമുഖത്തെ ഒന്നു നോക്കി!!!

വേമ്പനാട് ഹോട്ടലിൽ ഞങ്ങൾ എത്തിയത് അല്പം നേരത്തേ ആയിപ്പോയി. ഭക്ഷണമൊക്കെ ആയി വരുന്നതേ ഉള്ളൂ. കുറച്ചുസമയം ഇരിക്കണം. രമേശൻ അപ്പോൾ തന്നെ ചാടി കരിമീൻ ഇല്ലേ എന്നുചോദിച്ചു… സംഗതി ഉണ്ട് – പക്ഷേ താമസിക്കും. എന്തായാലും ആ മെനു തന്നേക്ക് എന്നായി രമേശ്… മെനുവുമായി ഒരു പെണ്ണുവന്നു. അവളിൽ അത്രവലിയ കേരളതനിമയൊന്നും കണ്ടില്ല. മുട്ടോളം പോലും എത്താത്ത പാവടതന്നെ അവളുടെ വേഷം. പെണ്ണല്ലേ ക്ഷമിച്ചേക്കാം. പെണ്ണിന്റെ മെനുകണ്ട രമേശിന്റെ മുഖം വി.എസിനെ കണ്ട പിള്ളയുടേതു പോലെ ഇരുണ്ടു. അവൻ മെനു മറ്റുള്ളവർക്കു കൈമാറി… എല്ലാവരുടേയും മുഖം ആദ്യം വിവർണമാവുകയും പിന്നെ ഒരു ചെറുപുഞ്ചിരി പടരുകയും രമേശിനെ നോക്കുകയും ചെയ്തു… ഏറ്റവും ചെറിയ ഐറ്റമായ പഴംപൊരിക്ക് 255 രൂപയായിരുന്നു വില!! ബാക്കി മിക്കതിനും ആയിരത്തിലേറെയാണു ചാർജ്… പിന്നെ അവിടെ നടന്ന കാര്യങ്ങൾ ഞാൻ പറയുന്നില്ല! ഒരു സസ്‌പെൻസായിരിക്കട്ടെ!! ഒരുവശത്ത് കുറേ മലയാളികൾ മറുവശത്തും മലയാളികൾ തന്നെ!! അതവിടെ നിൽക്കട്ടെ – കഥയതല്ല. വേമ്പനാടിന്റെ ഉള്ളിൽ കൃത്രിമമെങ്കിലും നല്ലൊരു കേരളീയാന്തരീക്ഷം ഉണ്ടായിരുന്നു…
നമുക്കിനി റിസോർട്ടിലേക്കു തന്നെ വരാം
പക്ഷേ, റിസോർട്ടായിട്ടുപോലും വേമ്പനാട് ഹോട്ടലിൽ കണ്ട ഒരു കേരളസ്റ്റൈൽ സെറ്റപ്പ് ഒന്നുംതന്നെ ഇവിടെ ഉണ്ടായിരുന്നില്ല. വനംകൊള്ളക്കാരൻ വീരപ്പന്റെ പേരിലൊരു കിടിലൻ ബാറുണ്ടായിരുന്നു. അതു കിടിലൻ എന്നല്ലാതെ മറ്റൊന്നും പറയാനില്ല! അതു പക്ഷേ കേരളതനിമയിൽ കൂട്ടാനാവില്ലല്ലോ 🙁 കമ്പനിയിൽ നിന്നും രാവിലെ ഒമ്പതുമണിയോടെ ഞങ്ങൾ അവിടെ എത്തി. ബ്രേക്ക്‌ഫാസ്റ്റ് എന്ന ചടങ്ങ് ഭംഗിയായി കഴിച്ചു. ഫുഡൊക്കെ അടിപൊളി തന്നെ – കുറ്റം പറയാനൊന്നും ഇല്ല. പിന്നെ ഒരു മണിക്കൂർ കമ്പനി പ്രസന്റേഷൻ അയിരുന്നു. ഉച്ചഭക്ഷണവും കുഴപ്പമില്ല… പലതരം വിഭങ്ങൾ ഉണ്ടായിരുന്നു. വിളമ്പുന്നവരൊക്കെ മലയാളികൾ തന്നെ. 98 ശതമാനവും മലയാളികൾ തന്നെയായിരുന്നു അവിടുത്തെ ജീവനക്കാർ. കളിപറഞ്ഞും തമാശിച്ചും നമ്മളതിനിടയിൽ കേറി മേഞ്ഞു.
ഫുഡ് കഴിച്ച് കുറച്ച് സ്വീറ്റ്‌സ് ഐറ്റംസ് കൂടി കഴിച്ചേക്കാം എന്നു കരുതി പോയതായിരുന്നു ഞാൻ! സപ്ലേ ചെയ്യാൻ നിൽക്കുന്ന പയ്യൻസ് എന്നെ ഒന്നു നോക്കി. പിന്നെ പറഞ്ഞു: “ചേട്ടാ, ആ കാണുന്നതൊന്നും തൊട്ടേക്കരുത് – അത്ര നിർബന്ധമാണെങ്കിൽ ഇതാ ഈ ഫ്രൂട്സ് എടുത്തു കഴിച്ചോളൂ”
ഞാൻ ചോദിച്ചു: “അതെന്താ സുഹൃത്തേ, ഒക്കെ പഴയതാണോ? നാളെ കക്കൂസിനു മുമ്പിൽ പാ വിരിച്ച് കിടക്കേണ്ടി വരുമോ?”
“ചേട്ടൻ ഫ്രൂട്‌സ് എടുത്താൽ മതി” സപ്ലയർ പയ്യൻസ് തറപ്പിച്ചു പറയുന്നു!!
“കാര്യമെന്താന്നു വെച്ചാൽ ഒന്നു പറേടാ ഉവ്വേ!!” എന്നായി ഞാൻ.
അന്നേരം മറ്റൊരു പയ്യൻസ് ഇടപെട്ടു…
“ചേട്ടാ, ചേട്ടനൊരു മലയാളി ആയതോണ്ടു പറയുകയാ… ഈ ഫ്രൂട്സിനൊക്കെ ഒരാഴ്‌ചത്തെ പഴക്കമേ ഉള്ളൂ… ആ കാണുന്ന ഐറ്റംസ് ഒക്കെ വളരെ പഴയതാ..”
ഞാനൊന്നു ഞെട്ടി! അവിടെ മനോഹരമായി അലങ്കരിച്ചു വെച്ചിരിക്കുന്ന വിവിധതരത്തിലുള്ള മധുരപലഹാരങ്ങളും ആപ്പിൾ, മുന്തിരി, പൈനാപ്പിൾ, ഓറഞ്ച് അടക്കമുള്ള സകലമാന പഴവർഗങ്ങളും എന്നെ നോക്കി കളിയാക്കി കൊഞ്ഞനം കുത്തിക്കാണിക്കുന്നു… ‘ധൈര്യമുണ്ടെങ്കിൽ ഞങ്ങളെ തിന്നു നോക്കെടാ’ എന്നു വെല്ലുവിളിക്കുന്നതു പോലെ…
എന്റെ കണ്ണുകൾ മെല്ലെ ലഞ്ചിനായി അപ്പുറത്ത് നിരത്തി വെച്ചിരിക്കുന്ന ഭക്ഷണപദാർത്ഥങ്ങളിലേക്ക് നീണ്ടു… മനസ്സിൽ ഒരു നിലവിളി ഉയർന്നു… വെറുതേയാണെന്നു കരുതി ഒത്തിരി വെട്ടിവിഴുങ്ങിയല്ലോ ദൈവമേ!! എന്റെ മനസ്സുവായിച്ച ആ മലയാളിസപ്ലൈർ എന്നെ ആശ്വസിപ്പിച്ചു.
“ചേട്ടാ, അതിനൊന്നും ഒരു കുഴപ്പവും ഇല്ല – ഇതു കഴിക്കേണ്ട എന്നേ ഉള്ളൂ… ഇതൊക്കെ അല്പം പഴേതാ”
പുള്ളി എവിടെ നിന്നോ കുറച്ച് വാനില ഐസ്‌ക്രീം എനിക്കു കൊണ്ടുവന്നു തന്നു – “ചേട്ടനിതു കഴിച്ചോളൂ – ഇതു ഫ്രഷാണ്”
അവന്റെ സ്നേഹത്തിൽ എന്റെ മനസ്സു നിറഞ്ഞു – സ്വീറ്റ്സ് കണ്ടാൽ കമഴ്‌ന്നടിച്ച് വീഴുന്ന ഹിന്ദിക്കാരെ ഞാനൊന്നു നോക്കി – വെട്ടിവിഴുങ്ങുകയാണ് – നിരന്നിരുന്ന് എല്ലാവരും…
Thanks for the warning..
തെണ്ടി !!!!
എന്നിട്ടിത് ഇപ്പോഴന്നോ പറയുന്നേ ???
ഇത്രയും വല്യ ചതി വേണ്ടായിരുന്നു 🙁
തെണ്ടി !!!!
എന്നിട്ടിത് ഇപ്പോഴന്നോ പറയുന്നേ ???
ഇത്രയും വല്യ ചതി വേണ്ടായിരുന്നു 🙁
ഇത് ഒരുമാതിരി വില്ലജ് ഓഫീസ് ഇടപാടായി പോയി 🙁