Skip to main content

ദൈവവിളി‍‌!

God, harthal, Hindu - muslim, kasaragodദൈവത്തിന്റെ അസ്തിത്വത്തെക്കുറിച്ച്‌ പലരും‌ സം‌സാരിക്കാറുണ്ട്‌. ചിലര്‍‌ കണ്ണടച്ചുപിടിച്ച്‌ എതിര്‍‌ത്തുകളയും‌, ചിലര്‍‌ ദൈവവിശ്വാസത്തിന്റെ മനശാസ്ത്രവശങ്ങളിലേക്ക്‌ ഊളിയിട്ടുപോകും‌… ബഹുഭൂരിപക്ഷം‌ ആളുകളും‌ ദൈവം‌ ഉണ്ടെന്നു വിശ്വസിക്കുന്നവര്‍‌ തന്നെ, ചിലരതു പറയാന്‍‌ മടിക്കുന്നു; മറ്റുചിലര്‍‌ തുറന്നു പറയുന്നു. ഉണ്ടെന്നോ ഇല്ലെന്നോ ഇതുവരെ തെളിയിക്കപെടാത്ത ഒരു കാര്യത്തില്‍‌ തൂങ്ങി സമയം‌ കളയാന്‍‌ ഒരുദ്ദേശവുമില്ല കേട്ടോ! ഇവിടെ, എനിക്കനുഭവവേദ്യമായ രണ്ടു ദൈവങ്ങളെക്കുറിച്ചാണു പറയുന്നത്‌; ആ മറക്കാനാവാത്ത ദൈവസഹായത്തെക്കുറിച്ചാണു പറയുന്നത്.

വര്‍ഷങ്ങള്‍‌ക്കു മുമ്പാണ് ആദ്യത്തെ സം‌ഭവം. ബാം‌ഗ്ലൂരില്‍‌ വന്നശേഷം‌ ആദ്യമായി കാസര്‍‌ഗോഡുള്ള വീട്ടില്‍‌പോയി തിരിച്ചുവരുന്ന ഒരു മഴക്കാല യാത്രയിലാണ് ഈ അനുഭവമുണ്ടാവുന്നത്‌. ഒരു ഞായറാഴ്‌ച വൈകുന്നേരം‌ സ്റ്റേറ്റുബസ്സിന്നു കാസര്‍‌ഗോഡു കെ. എസ്. ആര്‍. ടി. സി. ബസ്‌സ്റ്റാന്‍‌റില്‍‌ ബസ്സിറങ്ങി. ബാം‌ഗ്ലൂരിനു വരുന്ന ബസ്സെവിടെ നി‌ല്‍‌ക്കുമെന്നോ, എവിടെ നിന്നും‌ ടിക്കറ്റെടുക്കണമെന്നോ ഒരു നിശ്ചയവുമില്ല. നേര്‍‌ത്ത മഴയുണ്ട്‌. അവിടെ അന്വേഷണവിഭാഗത്തില്‍‌ പോയി ചോദിച്ചപ്പോള്‍‌ എട്ടുമണിക്കാണു ബസ്സ്‌ എന്നും‌, അന്നേരം‌ വന്നു കണ്ടക്ടറോടു ചോദിച്ചാല്‍‌ മതിയെന്നും‌ പറഞ്ഞ് അയാള്‍‌ എന്തൊക്കെയോ പിറുപിറുക്കുകയും‌ ചെയ്തു. ആ പിറുപിറുക്കല്‍‌ എനിക്കിഷ്ടമായില്ലെങ്കിലും‌ തിളച്ചുവന്ന രോഷം‌ ഞാന്‍‌ ഒരു രൂക്ഷമായ നോട്ടത്തില്‍‌ ഒതുക്കി അവിടെ നിന്നും‌ മാറി. സമയം‌ അഞ്ചുമണി കഴിഞ്ഞതേ ഉള്ളൂ. ആ പഴയ ബസ്‌റ്റാന്‍‌ഡില്‍‌ ഞാനെന്തു ചെയ്യാന്‍‌? അന്വേഷണവിഭാഗത്തിലെ ഉദ്യോഗസ്ഥന്‍‌ മനസ്സിലേക്കു വലിച്ചെറിഞ്ഞ കനല്‍‌ ഇടയ്‌ക്കൊക്കെ കത്തിക്കൊണ്ടിരുന്നു.

അല്പം‌ കഴിഞ്ഞപ്പോള്‍‌ മൈക്കും‌ കെട്ടിവെച്ചുകൊണ്ട്‌ ഒരു ഓട്ടോറിക്ഷ ആ വഴി വന്നു. കാസര്‍‌ഗോഡില്‍‌ മിന്നല്‍‌ ഹര്‍ത്താലാണത്രേ! അവിടെ അടുത്തെവിടെയോ ഹിന്ദു-മുസ്ലീം‌ ലഹള നടന്നു. മഞ്ചേശ്വരം‌ ഭാഗത്തെവിടേയോ ബിജെപ്പിക്കാര്‍‌ നടത്തിയെ റാലിയിലേക്ക്‌ ആരോ കല്ലെറിഞ്ഞതാണു പ്രശ്നകാരണം‌. റാലിക്കാര്‍‌ കണ്ണില്‍‌ കണ്ടതൊക്കെ നശിപ്പിച്ചു, അതും‌ പോരാത്തതിനാലാണ് ഹര്‍‌ത്താല്‍‌! വ്യാപാരസ്ഥാപനങ്ങളെല്ലാം‌ ഉടനേ അടച്ചിടണമെന്നും‌ വാഹനങ്ങള്‍‌ ഓടിക്കരുതെന്നും‌ മുന്നറിയിപ്പുണ്ടായി! യാത്രക്കാരൊക്കെ തിരക്കിട്ടോടുന്നു. എന്തു ചെയ്യണമെന്നറിയില്ല, ഞാന്‍‌ വീണ്ടും‌ കെ. എസ്. ആര്‍. ടി. കൗണ്ടറിലേക്കു നടന്നു, അയാളുടെ ദുര്‍‌മുഖം‌ കണ്ടപ്പോള്‍‌ ഒന്നും ചോദിക്കാന്‍‌ തോന്നിയില്ല; എങ്കിലും‌ ചോദിച്ചു ബാം‌ഗ്ലൂരിലേക്കുള്ള ബസ്സുണ്ടാവുമോ? അയാളെന്നെയൊന്നു നോക്കി, “അങ്ങോട്ടു നില്‍‌ക്ക്‌, ഇപ്പോള്‍‌ പറയാനാവില്ല, കുറച്ചുകഴിഞ്ഞു പറയാം”.

കടകളൊക്കെ അടഞ്ഞു, വാഹനങ്ങള്‍‌ ഒക്കെ നിലച്ചു, ആക്രോശിച്ചുകൊണ്ടൊരു ജാഥ കടന്നുപ്പോയി… ആള്‍‌ക്കാരൊക്കെ ഒഴിഞ്ഞ്‌ ബസ്റ്റാന്റ്‌ കാലിയാവാന്‍‌ തുടങ്ങി. ഞാന്‍‌ വീണ്ടും‌ ആ മനുഷ്യനെ സമീപിച്ചു, അയാള്‍‌ പറഞ്ഞു “ഇന്നിനി ബസ്സൊന്നും‌ പോകില്ല, ടിക്കറ്റ്‌ ബുക്കുചെയ്തതാണെങ്കില്‍‌ ക്യാന്‍‌സല്‍‌ ചെയ്തിട്ടു വീട്ടില്‍‌ പൊക്കോളൂ” എന്ന്.

ഞാന്‍‌ നേരെ കര്‍‌ണാടക ബസ്സ്‌ നിര്‍‌ത്തിയിട്ടിരിക്കുന്ന സ്ഥലത്തേക്കു പോയി. അവര്‍ പറഞ്ഞു നാളെ രാവിലെ 6.15 നാണ്‌ ആ ബസ്സു ബാം‌ഗ്ലൂരിനു പോകുന്നതെന്ന്‌. പിന്നെ ഒന്നും‌ ആലോചിക്കാനില്ല, ഒരു റൂം‌ തപ്പുക, അവിടെ താമസിച്ച്‌ രാവിലെ പോവുക! അങ്ങനെ ചിന്തിച്ചപ്പോഴാണ് CPCRI – ല്‍‌ വര്‍ക്കുചെയ്യുന്ന ജിജിജോര്‍‌ജെന്ന കൂട്ടുകാരനെ വിളിച്ചാലോന്നുള്ള വിചാരമുണ്ടായത്‌. പുള്ളിയെ വിളിച്ചപ്പോള്‍‌ അവന്‍‌ പറഞ്ഞു നേരെ ഇങ്ങോട്ടു വിട്ടോ, രാവിലെ ഏറ്റു പോകാമെന്ന്. നടക്കുകയേ നിവൃത്തിയുള്ളൂ – നടന്നു… വല്യൊരു ബാഗുമായി റോട്ടിലൂടെ നേരെ CPCRI – ലേക്ക്‌. വഴിയിലൊരു ഓട്ടോ റിക്ഷയെ ചിലരെടുത്തു മറിച്ചിട്ടതു കണ്ടു. റോഡിലൊക്കെ ടയര്‍‌ കത്തിച്ചുവെച്ചിരിക്കുന്നു. അങ്ങനെ CPCRI -ലെത്തി. അവിടെ കാന്റീനില്‍‌ നിന്നും‌ രാത്രിഭക്ഷണവും‌ കഴിച്ച്‌ ജിജിയുടെ വീട്ടില്‍‌ കിടന്നുറങ്ങി.

രാവിലെ 5.15 നുതന്നെ എണീറ്റു. ജിജി പറഞ്ഞു രാവിലെ ഒത്തിരി ഓട്ടോ കാസര്‍‌ഗോഡേക്കു കിട്ടും‌. അഞ്ചു മിനിട്ടുയാത്രയേ ഉള്ളൂ പതിയെ പോയാല്‍‌ മതിയെന്ന്‌. 5.45 മുതല്‍‌ റോഡില്‍‌ പോയി ഓട്ടോയേയും‌ കാത്തിരിപ്പായി. എവിടെ? ഒറ്റ വാഹനം‌ പോലുമില്ല! പിന്നെ ആലോചിച്ചു നിന്നില്ല, ബാഗുമെടുത്തു വേഗത്തില്‍‌ നടന്നു. സമയം‌ ആറേ പത്തോടടുക്കുന്നു. കുറച്ചങ്ങു നീങ്ങിയപ്പോള്‍‌ ഒരു സ്‌കൂട്ടര്‍‌ യാത്രക്കാരന്‍‌ എന്റെ അടുത്തു വന്നു നിര്‍‌ത്തി. അയാള്‍‌ പറഞ്ഞു “കാസര്‍‌ഗോഡേക്കാണെങ്കില്‍‌ കയറിക്കോളൂ” എന്ന്‌. ഊശാന്‍‌ താടിയും‌ തലയില്‍‌ ഒരു മുസ്‌ളീം‌ തൊപ്പിയും‌ (തലേക്കെട്ട്) വെള്ള വസ്ത്രങ്ങളും‌ ഉള്ള ആളെ കണ്ടാല്‍‌ തന്നെ പറയും‌‌ ഏതോ ഹാജിയാരാണെന്ന്‌. ഞാന്‍‌ മറ്റൊന്നും‌ ആലോചിച്ചില്ല. വേഗം‌ കയറി. അയാള്‍‌ എന്നോടു കാര്യങ്ങള്‍‌ ചോദിച്ചു. ഞാന്‍‌ എന്റെ അവസ്ഥ വിശദീകരിച്ചു. ഹര്‍ത്താലിന്റെ നിരര്‍‌ത്ഥകതയെപ്പറ്റിയും‌ സാധാരണക്കാരന്‍‌ അനുഭവിക്കുന്ന യാതനയെപ്പറ്റിയും‌ അദ്ദേഹം‌‌ സം‌സാരിച്ചു, ഞാനും‌ സപ്പോര്‍‌ട്ടു കൊടുത്തു. സമയം‌ ആറേ പതിഞ്ചോടടുക്കുന്നു. അദ്ദേഹം‌ പള്ളിയിലേക്ക്‌ സുബഹിനിസ്‌കാരത്തിനായി പോവുകയായിരുന്നു. ഒരു ദൈവവിളിയാലെന്ന പോലെ നിര്‍‌ത്തിയതാണത്രേ! വലിയൊരു ബാഗുമായി നടക്കുന്ന എന്നെ ചെറിയൊരു സ്‌കൂട്ടറില്‍‌ കയറ്റാന്‍‌ ആദ്ദേഹം‌ കാണിച്ച സന്മനസിനു നന്ദി പറഞ്ഞു. അദ്ദേഹം‌ നേരെ സ്കൂട്ടര്‍‌ ബസ്റ്റാന്റിലേക്കു വിട്ടു. ഞങ്ങള്‍‌ സ്റ്റാന്റിനടുത്തേക്ക്‌ എത്തുമ്പോഴേക്കും‌ ബസ്സ്‌ സ്റ്റാന്റില്‍‌ നിന്നും‌ ഇറങ്ങിയിരുന്നു. ഒരു മിനിറ്റു വൈകിയിരുന്നെങ്കില്‍‌ എനിക്കാ ബസ്സ്‌ കിട്ടില്ലായിരുന്നു. അദ്ദേഹത്തിന്റെ പേരുപോലും‌ ഞാന്‍‌ ചോദിച്ചിരുന്നില്ല. എങ്കിലും‌ അദ്ദേഹത്തിന്റെ മുഖത്തു വിരിഞ്ഞ ആ പുഞ്ചിരി ഇന്നും‌ ഞാന്‍‌ മനസ്സില്‍‌ സൂക്ഷിക്കുന്നു.

ഒരു പരിചയവും ഇല്ലാതെ എന്നെ സഹായിക്കാന്‍‌ അദ്ദേഹം‌ കാണിച്ച ആ മനോഭാവത്തിലാണ് ദൈവമിരിക്കുന്നത്‌. അദ്ദേഹം‌ തന്നെയാണ് എനിക്കപ്പോള്‍‌ ദൈവവും‌. ദൈവത്തിന്റെ പേരും‌ പറഞ്ഞ്‌ തെരുവില്‍‌കിടന്ന്‌ തമ്മിലടിക്കുമ്പോള്‍‌ നിശബ്‌ദമായി ദൈവദത്തമായ പ്രവര്‍‌ത്തനങ്ങളിലേര്‍‌പ്പെടുന്നവര്‍‌ നമുക്കുചുറ്റുമുണ്ട്‌. ഇത്തരം‌ കൊച്ചുകൊച്ചു ദൈവങ്ങളെയാണ് എനിക്കു വിശ്വാസം. നമുക്കവര്‍‌ പ്രചോദനവും‌ പ്രത്യാശയും‌ നല്‍‌കുന്നു. ഇതു പോലെ തന്നെ മറ്റൊരനുഭവം‌ പിന്നീടും‌ എനിക്കുണ്ടായിട്ടുണ്ട്‌. അതിനെപറ്റി പിന്നീടു പറയാം.

0 0 votes
Article Rating
Subscribe
Notify of
guest

2 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
Resmi James
Resmi James
14 years ago

oye……………………
nee kanda ee daivatte njan orma vacha kalathumuthal kanunnatha………
eppozum njan kanunnu…..

admin
14 years ago
Reply to  Resmi James

രശ്‌മീ, നിന്നേപ്പോലൊരു സുന്ദരിക്കുട്ടിക്കു ലിഫ്‌റ്റു തരാന്‍‌ ആള്‍ക്കരുണ്ടാവും. ഞാനന്ന്‌ എന്നേക്കാള്‍‌ വലിയ ബാഗുമെടുത്ത്‌ കഷ്ടപ്പെട്ടു വരികയായിരുന്നു. രണ്ടും‌ നല്ല വ്യത്യാസമുണ്ട്‌ പെണ്ണേ! 🙂 സാധാരണഗതിയില്‍‌ ഒന്നു കൈകാണിച്ചാല്‍‌പ്പോലും‌ നിര്‍ത്താറില്ല ചിലര്‍‌. അങ്ങനെ നോക്കുമ്പോള്‍‌ ഇതെനിക്കൊരു പ്രത്യേകതയുള്ള അനുഭവമായി തോന്നി. ഇനി ഒന്നു കൂടി ഉണ്ട്. അതു പിന്നീടെഴുതാം‌


2
0
Would love your thoughts, please comment.x
()
x
×

Hello!

താഴെ കാണുന്ന വാട്സാപ്പ് ഐക്കൺ ക്ലിക്ക് ചെയ്യുകയോ ഈ മെയിൽ ഐഡിയിലേക്ക് മെയിൽ അയക്കുകയോ ചെയ്യുക.

രാജേഷ് ഒടയഞ്ചാൽ

×
Verified by MonsterInsights