Skip to main content

മൂന്നു പെണ്ണുങ്ങള്‍

മൂന്നു പെണ്ണുങ്ങള്‍
യാദൃശ്ചികങ്ങളായി നമ്മുടെ ജീവിതത്തിലേക്ക് പലതും കടന്നു വരാറുണ്ട്. പലപ്പോഴും അല്പം കൗതുകം മാത്രം ബാക്കിവെച്ചുകൊണ്ടവ വിസ്‌മൃതിയിലേക്കു മറഞ്ഞുപോവുകയും ചെയ്യും. ഈ അടുത്തകാലത്ത് അങ്ങനെ ചിലത് സംഭവിക്കുകയുണ്ടായി. അടുപ്പിച്ചുള്ള രണ്ടു ദിവസങ്ങളിലായി മൂന്നു പെണ്‍‌കുട്ടികള്‍ (അങ്ങനെ പറയാനാവില്ല – മൂന്നു സ്ത്രീകള്‍ എന്നു പറയാം!) കുറച്ചേറെ വിസ്മയം നല്‍കിക്കൊണ്ട് കടന്നു വന്നു. മൂന്നു ക്ലാസ്‌മേറ്റ്‌സ്!

Three Girls and Meപഠിച്ച ക്ലാസിന്റെ ഓര്‍‌ഡറനുസരിച്ചു പറയുകയാണെങ്കില്‍ ഒന്ന് എന്റെ കൂടെ ഒന്നു മുതല്‍ മൂന്നാം ക്ലാസ് വരെ ചെറുവത്തൂര്‍ കൊവ്വലില്‍ പഠിച്ച സുനിത! രണ്ട്, എട്ടിലും ഒമ്പതിലും പഠിക്കുമ്പോള്‍ എന്റെ ദിവാസ്വപ്നങ്ങളേയും നിശാസ്വപ്നങ്ങളേയും ഒരുപോലെ കുളിരണിയിച്ച സുരസുന്ദരി – ജാന്‍സി തോമസ്!! പതിപ്രായത്തിന്റെ ഫാന്റസി എന്നു നിങ്ങള്‍ കളിയാക്കുമായിരിക്കും, എങ്കിലും പറയട്ടേ, അവള്‍ക്കു വേണ്ടിയായിരുന്നു ഞാന്‍ ക്ലാസില്‍ ഒന്നാമനാവാന്‍ ശ്രമിച്ചത്; അവള്‍ക്കു വേണ്ടിയായിരുന്നു ഞാന്‍ ക്ലാസില്‍ മുടങ്ങാതെ വന്നിരുന്നത്; അവളുടെ മുഖത്തുവിരിയുന്ന പുഞ്ചിരിപ്പൂക്കള്‍ കാണാന്‍ വേണ്ടിമാത്രമായിരുന്നു എന്റെ പരാക്രമങ്ങളൊക്കെയും, അതേ, അവളെ വെച്ചായിരുന്നു ഞാനാദ്യമായൊരു ജീവിതക്രമം ചിട്ടപ്പെടുത്തിയതു തന്നെ… മൂന്നമത്തവള്‍ സുസ്മിത. ഡിഗ്രി ക്ലാസില്‍ പഠിക്കുമ്പോള്‍ കുറച്ചുകാലം കൂടെ പഠിച്ചിരുന്നു എന്ന അവകാശവാദമുമായി വന്നെത്തിയ ഒരു സഹയാത്രിക! ഇനി കഥയിലേക്കു പോകാം…

ഒന്നാമത്തവള്‍

ഈ ജനുവരി പതിമൂന്നിനു വൈകുന്നേരം കാസര്‍ഗോഡേക്കു പോകാനുള്ള ബസ്സും കാത്ത് ബാംഗ്ലൂര്‍ മജസ്റ്റിക്കിലുള്ള ഗോള്‍ഡന്‍ ട്രാവല്‍സിന്റെ ഓഫീസില്‍ അക്ഷമയോടെ കാത്തിരിക്കുകയായിരുന്നു ഞാന്‍. പതിനഞ്ചിനു നടക്കുന്ന വിക്കിപീഡിയയുടെ പത്താം പിറന്നാളാഘോഷത്തില്‍ പങ്കെടുക്കാന്‍ പോവുകയാണ്‍. തന്റെ സ്വാഭാവത്തിന്റെ വൈജിത്ര്യങ്ങളെ ഫോണിലൂടെ മറ്റൊരാളോട് എടുത്തു പറഞ്ഞുകൊണ്ട് ഒരാള്‍ അപ്പോള്‍ അവിടേക്കു കയറിവന്നു. വളരെ ഉച്ചത്തില്‍ ഞാന്‍ അതു ചെയ്യും, ഇതു ചെയ്യും അടിച്ചു തകര്‍ക്കും എന്നൊക്കെ ഘോഷിച്ചുകൊണ്ടുള്ള അയാളുടെ സംസാരത്തില്‍ എനിക്കെന്തോ രസം തോന്നി. നല്ലൊരു നേരം‌പോക്കുപോലെ! ഇടയ്‌ക്കയാള്‍ ഒരു ‘അവളെ’ പറ്റി പറയുന്നുണ്ടായിരുന്നു. ‘അവള്‍ എത്തിയിട്ടില്ല’, അവള്‍ വന്നിട്ട് ഞങ്ങള്‍ ഒന്നിച്ച് കഴിച്ചോളാം’, ‘അവളങ്ങനെയാ – പറഞ്ഞ ടൈമിനെത്തുന്ന സ്വഭാവം പണ്ടേ ഇല്ല’ എന്നൊക്കെ. ഒരു അവളേയും പ്രതീക്ഷിച്ചുകൊണ്ടാണു ടിയാന്റെ നില്പെന്നു ഞാനൂഹിച്ചു. അവളെ ഒന്നു കാണാനുള്ള ആകാംക്ഷ എന്നിലും നിറയാന്‍ തുടങ്ങി. എത്രയും പെട്ടന്നവള്‍ വന്നിരുന്നെങ്കില്‍ എന്ന് അവനോടൊപ്പം ഞാനും ആഗ്രഹിച്ചു.

അവള്‍ വന്നു! ചുവന്ന ചൂരിധാര്‍ ധരിച്ച്, അതിനു മാച്ചുചെയ്യുന്ന കണ്ണടയും പൊട്ടും കമ്മലും ധരിച്ച്, പ്രത്യേകഫാഷനില്‍ മുടി മുകളില്‍ ചുരുട്ടികെട്ടി വളരെ ആഢ്യത്വം വിളിച്ചോതുന്ന മട്ടും ഭാവവുമായി ഒരു തടിച്ചിക്കോത! ആകെയൊരാനച്ചന്തം!! ഇവര്‍ തമ്മില്‍ ലൈനായിരിക്കും! ഒരു മലയാളിയുടെ കേവലമായ ദുഷ്‌ചിന്തകളിലേക്ക് ഞാനൂളിയിട്ടിറങ്ങി. അവര്‍‌ എന്തൊക്കെയോ സംസാരിക്കുന്നു. അതുവരെ ഫോണിലൂടെ പുലിയാണു നരിയാണെന്നൊക്കെ പറഞ്ഞിരുന്ന പയ്യന്‍ ഒരു പൂച്ചയെ പോലെ ഒതുങ്ങിപ്പോയി! എന്റെ പരിചയവട്ടത്തിലൊന്നും ഈ മുഖങ്ങള്‍ ഉണ്ടായിരുന്നില്ല. ബസ്സുവന്നപ്പോള്‍ അവളുടെ ബാഗുകളൊക്കെ ഏടുത്ത് അവന്‍ അവള്‍ക്കു പിന്നാലെ നടന്നു. എന്റെ സഹയാത്രിക! അടുത്തസീറ്റില്‍ ഇരിക്കുന്നവള്‍!! ആ ഇടുങ്ങിയ സെമിസ്ലീപ്പറില്‍ അവളുടെ വിശാലമായ ശരീരം ഒതുക്കാനവള്‍ പാടുപെടുന്നുണ്ടായിരുന്നു. അവനവളെ ബസ്സു കയറ്റി വിടാന്‍ മാത്രം വന്നതായിരുന്നു. എന്തോ എനിക്കാ പൂച്ചക്കാമുകനോടൊരു പുച്ഛം തോന്നി! അവന്‍ ബൈപറഞ്ഞിറങ്ങിപ്പോയി. ബസ്സുവിട്ടു. അവള്‍ ആരോടോ ഫോണില്‍ സംസാരിക്കുന്നു. നന്നേ താമസിച്ചു പുറപ്പെട്ട ആ ബസ്സില്‍ അവളുടെ സമീപത്തിരുന്നു ഞാന്‍ ഉറക്കത്തെ ധ്യാനിച്ച് കണ്ണടച്ചുകിടന്നു.

ബസ് പുത്തൂരില്‍ നിര്‍ത്തിയിട്ടിരിക്കുന്നു. സമയം രാവിലെ നാലുമണി. ലെഗേജുകളുടെ ഒരു വന്‍‌നിരതന്നെ ഉണ്ട് അവിടെ ഇറക്കാന്‍! അവള്‍ നല്ല ഉറക്കമാണ്‌. ഉറക്കത്തിലും എന്തു സുന്ദരിയാണിവള്‍ എന്നു ഞാന്‍ ഓര്‍ത്തു! എന്റെ മടിയില്‍ വീണിരിക്കുന്ന ഷാളെടുത്തു ഞാനവളുടെ മടിയിലേക്കിട്ടു, പുറത്തേക്കിറങ്ങി. ദൂരെ ഒരു ചായക്കട കണ്ടു. ബസ്സില്‍ നിന്നും ചരക്കിറക്കുന്ന ആ പ്രൊഫഷണലിസം കണ്ട് ഞാനൊന്നമ്പരന്നു! അതു നോക്കി നില്‍‌ക്കേ, മുടി കോതിയൊതുക്കിക്കൊണ്ടവള്‍ അടുത്തേക്കു വന്നു.

“ചായ കുടിച്ചോ?” – അവള്‍
“ഇല്ല – ആ കാണുന്നതു ചായക്കടയാണെന്നു തോന്നുന്നു” ഞാന്‍ പറഞ്ഞു.
“പോകുന്നുണ്ടോ” – ഉറക്കച്ചടവോടെ അവള്‍
“വാ പോയി വരാം, ഇതിപ്പോഴൊന്നും കഴിയില്ല” – മരംകോച്ചുന്ന തണുപ്പില്‍ ആലില പോലെ വിറച്ചുകൊണ്ട് ഞങ്ങള്‍ മേശയ്‌ക്കിരുപുറവും ഇരുന്നു. അവള്‍ സുസ്മിത. അവിടെ വെച്ചാണവള്‍ പറഞ്ഞത് അവളും ആ കോളേജില്‍ കുറച്ചു നാള്‍ പഠിച്ചിരുന്നു എന്ന്. അവള്‍ സ്മിതയെക്കുറിച്ചും ഷീജയെക്കുറിച്ചും മമതയെ കുറിച്ചും ചോദിച്ചു… ഞങ്ങള്‍ നമ്പര്‍ കൈമാറി, ഇ-മെയില്‍ ഐഡികള്‍ കൈമാറി. ബസ്സു കയറ്റിവിടാന്‍ വന്നത് അവളുടെ അനുജനായിരുന്നുവത്രേ. ചായയുടെ ക്യാഷ് അവള്‍ കൊടുത്തു. ബസ്സ് എന്റോസള്‍ഫാന്റെ നാട്ടിലൂടെ വളഞ്ഞുതിരിഞ്ഞ് കുമ്പളവരെ പോയിട്ടേ കാസര്‍ഗോഡ് എത്തുകയുള്ളൂ എന്നറിഞ്ഞപ്പോള്‍ ഞങ്ങള്‍ പകുതി വഴിയില്‍ ഇറങ്ങി – അവള്‍ നല്ലൊരു വഴികാട്ടിയായി! വീട്ടിലെത്തേണ്ട താമസം എന്നെ തേടി അവളുടെ വിളി എത്തി! ഇപ്പോള്‍ നല്ല കൂട്ടുകാരിയായി അവളെന്റെ വിരസനിമിഷങ്ങളെ ചടുലമാക്കുന്നുണ്ട്…

രണ്ടാമത്തവള്‍

ശനിയാഴ്ച വിക്കിപീഡിയയുടെ വാര്‍ഷികാഘോഷം കഴിഞ്ഞെത്താന്‍ ഒത്തിരി വൈകി! ചെറുവത്തൂര്‍ ഇറങ്ങി ഇളയമ്മയുടെ വീട്ടിലേക്കു പോകാമെന്നു കരുതി. അവിടെ പിറ്റേദിവസം(ഞായറാഴ്ച) മുത്തപ്പന്‍ തെയ്യം ഉണ്ട്. തെയ്യത്തിന്റെ കുറച്ച് ഫോട്ടോയും വീഡിയോസും എടുക്കണം. വീട്ടില്‍ പോകുന്നില്ലെന്ന ഇളയമ്മയുടെ പരാതി തീര്‍ക്കണം. കസിന്‍‌സ് ഒത്തിരി ഉണ്ട്, എല്ലാവരേയും കാണണം! ഇങ്ങനെ വിവിധോദ്ദേശ്യപരിപാടികളുമായി ശനിയാഴ്ച രാത്രി ഞാന്‍ പുതിയകണ്ടത്തിലെ വീട്ടില്‍ ഓട്ടോ ഇറങ്ങി.

Class Mateതെയ്യം ഗംഭീരമായി ആടിത്തിമര്‍ക്കുന്നു. വീഡിയോ പിടിച്ചു നടക്കുന്ന എന്നെ ഒരു സ്ത്രീ വല്ലാതെ ശ്രദ്ധിക്കുന്നതായി തോന്നി! ഹേയ്!! തോന്നലായിരിക്കും. ഏകദേശം ഇളയമ്മയുടെ (അതോ ഇളയമ്മയേക്കാള്‍?)പ്രായമുള്ള അവരെന്തിന് എന്നെ ശ്രദ്ധിക്കണം. തെയ്യം കാണാന്‍ ഒടയഞ്ചാലില്‍ നിന്നും അമ്മയും അനിയത്തിയും കുട്ടികളും വന്നിരുന്നു. ക്യാമറയില്‍ നിറഞ്ഞ വീഡിയോസ് ലാപ്‌ടോപ്പിലേക്കു മാറ്റുന്നതിനിടയില്‍ അമ്മയോടൊപ്പം ആ സ്ത്രീയേയും ഞാന്‍ കണ്ടു! അമ്മയ്ക്കറിയുമോ ഇവരെ? ആ… എന്തോ! അമ്മയോടൊപ്പം അവര്‍ അകത്തേക്കു വന്നു. ഫോട്ടോസ് മാറ്റുന്നതും മറ്റും അവര്‍ കൗതുകത്തോടെ നോക്കി നിന്നു. ക്യാമറ വീണ്ടും റെഡിയാക്കി ഞാന്‍ പുറത്തേക്കിറങ്ങാന്‍ ശ്രമിക്കുമ്പോള്‍ അവരെന്റെ കയ്യില്‍ കടന്നു പിടിച്ചു.

“രാജേഷ്! നീ എന്നെ ഓര്‍ക്കുന്നില്ലേ?”
ഈശ്വരാ! ഞാനെന്തു പറയും? പാറിപ്പറന്ന മുടിയിഴകള്‍ നര കയറി വെളുത്തിരിക്കുന്നു. വലിയൊരു കുടം പോലെ പുറത്തേക്കു തള്ളി നില്‍ക്കുന്ന വയറും അതിനു നടുവിലായി വൃത്തികെട്ടൊരു പൊക്കിളും. വീണുടഞ്ഞ മുലകള്‍ അലക്ഷ്യമായി മാറില്‍ തൂങ്ങി നില്‍ക്കുന്നതുപോലെ. വളരെ അലസമായിട്ടുള്ള വസ്ത്രധാരണം! ഞൊടിയിടയില്‍ ശതകോടി മസ്തിഷ്‌കതരംഗങ്ങള്‍ തലച്ചോറിലെ ബോധമണ്ഡലത്തില്‍ അരിച്ചുപെറുക്കി തിരിച്ചുവന്നു! ഇല്ല!! എവിടെയും ഈ രൂപമോ സാമ്യമുള്ള മറ്റൊരു രൂപമോ ഇല്ല! ആരായിരിക്കും ഇവര്‍?

“നീ കായക്കീലിലെ ശൈലജയെ ഓര്‍ക്കുന്നില്ലേ?” അവര്‍ വീണ്ടും ചോദിക്കുന്നു. ഉവ്വ്! ഓര്‍ക്കുന്നുണ്ട്! ചെറുപ്പത്തില്‍ ഒന്നാം ക്ലാസുമുതല്‍ മൂന്നാം ക്ലാസിലെ ഓണപ്പരീക്ഷ വരെ ഞങ്ങള്‍ ഒന്നിച്ചായിരുന്നു ക്ലാസില്‍ പോയിരുന്നത്. ഞങ്ങള്‍ ഒരേ ക്ലാസിലായിരുന്നു. നിഷ്‌കളങ്ക ബാല്യത്തിന്റെ ഓര്‍മ്മകളില്‍ അവളിന്നും വല്യപാവാടയും ചന്ദനക്കുറിയും അണിഞ്ഞെന്റെ മനസ്സില്‍ നിറയാറുണ്ട്. അവളെ ഞാനിടയ്ക്കു കാണാറും ഉണ്ടല്ലോ? അഞ്ചിലോ ആറിലോ പഠിക്കുന്ന കുട്ടികള്‍ അവള്‍ക്കുണ്ട്. അവള്‍ക്കൊരു ചേച്ചിയുള്ളതായി അറിയില്ല. പിന്നെ ഇതാര്?

“നമ്മള്‍ ഒന്നിച്ചു പഠിച്ചവരാണ്‌ – കൊവ്വല്‍ സ്കൂളില്‍” – എന്നെ ഞെട്ടിച്ചുകൊണ്ടവര്‍ പറഞ്ഞുകളഞ്ഞു! എന്റെ ക്ലാസ്‌മേറ്റ്? ഇളയമ്മയും അതു ശരിവെച്ചപ്പോള്‍ ഞാന്‍ ശരിക്കും വിയര്‍ത്തുപോയി. മൂന്നാം ക്ലാസിലെ ഓണക്കാലം വരെ മാത്രമേ ഞാനവിടെ പഠിച്ചിട്ടുള്ളൂ. അഞ്ചാം ക്ലാസില്‍ വെച്ച് ഈ സ്ത്രീ പഠനം ഉപേക്ഷിച്ചത്രേ. പിന്നീടെന്നോ കല്യാണവും കഴിഞ്ഞു; അതും ചെറുപ്രായത്തില്‍ തന്നെ. മുടി നരച്ചത് പ്രായം കൊണ്ടല്ല എന്ന് ഇളയമ്മ പറഞ്ഞു. അവര്‍ക്കു മൂന്നു കുട്ടികളും ഉണ്ട്, മൂത്ത കുട്ടി പ്ലസ്‌ വണ്ണിനു പഠിക്കുന്നുവത്രേ!! കസിന്‍‌സിന്റേയും അനിയത്തിയുടേയും മുഖത്ത് ചിരി പടരുന്നത് ഞാന്‍ കണ്ടു. എനിക്കു വരുന്ന പ്ലസ്‌ ടുക്കാരുടെ ഫോട്ടോ അമ്മയുടെ പേഴ്സില്‍ ഉണ്ടായിരിക്കണം. പിന്നീടങ്ങോട്ട് അവരുടെ ഓരോ നോട്ടവും എന്നെ വല്ലാതെ വേട്ടയാടുന്നതായി തോന്നി – ഒരു വിധം രക്ഷപ്പെടലായിരുന്നു പിന്നെ നടന്നത്…

മൂന്നമത്തവള്‍

ബസ്സിലിരിക്കുമ്പോള്‍ ആ സ്ത്രീയായിരുന്നു മനസ്സില്‍. ആരാധ്യ മടിയില്‍ സുഖമായി ഉറങ്ങുന്നുണ്ട് – അദ്വൈത അമ്മയുടെ മടിയിലും ഉറങ്ങുന്നു. അനിയത്തിയുടെ ഇരട്ടക്കുട്ടികളാണ്‌ ആരാധ്യയും അദ്വൈതയും. പാണത്തൂര്‍ പോകുന്ന ബസ്സവിടെ കാഞ്ഞങ്ങാട് സ്റ്റാന്റില്‍ നിര്‍ത്തിയിട്ടിട്ടുണ്ടായിരുന്നു. ബസ്സില്‍ കയറി കുഞ്ഞിനെ മടിയില്‍ ഇരുത്തി വെറുതേ തൊട്ടടുത്ത നിരയിലേക്കു നോക്കിയതായിരുന്നു. പുഞ്ചിരിക്കുന്ന മുഖവുമായി അവള്‍ – ജാന്‍സി തോമസ്! തൊട്ടടുത്തുതന്നെ അനിയത്തിയും അമ്മയും വന്നിരുന്നു.

“ഹായ് ജാന്‍സി എന്തുചെയ്യുന്നു” – ഞാന്‍ തുടങ്ങിവെച്ചു.

“ഡാ, ഞാനിവിടെ സര്‍ജികെയറില്‍ വര്‍ക്കുചെയ്യുന്നു” – നഴ്‌സാണ്. കല്യാണം കഴിഞ്ഞുവല്ലേ എന്നവള്‍ ആഗ്യത്തിലൂടെ എന്നോട് ചോദിച്ചു. കുട്ടികളേയും അനിയത്തിയേയും കണ്ടവള്‍ തെറ്റിദ്ധരിച്ചിരിക്കുന്നു!

“അനിയത്തിയാണ്‌ – ഇതവളുടെ കുട്ടികളും” ഞാന്‍ വിശദീകരിച്ചു. മറ്റെന്തെങ്കിലും ചോദിക്കുന്നതിനു മുമ്പേ തട്ടമിട്ട ഒരു കുട്ടിവന്ന് ഞങ്ങള്‍ക്കിടയില്‍ ഒരു മറ തീര്‍ത്തു. ഇടയ്‌ക്കിടയ്ക്ക് ഞാന്‍ അവളെ ഒളിഞ്ഞു നോക്കും. അവള്‍ അദ്വൈതയെ എടുത്ത് കൊഞ്ചിക്കുന്നു.എന്റെ ഒളിഞ്ഞുനോട്ടം കണ്ടാല്‍ ആ പഴയ എട്ടാം ക്ലാസിലെ മുന്‍‌ബെഞ്ചിലിരുന്നു തരാറുള്ള കള്ളച്ചിരി യാതൊരു മങ്ങലും ഏല്‍ക്കാതെ അവള്‍ തന്നു കൊണ്ടിരുക്കും. വലിയ മാറ്റമൊന്നും അവളില്‍ വന്നിട്ടില്ല. വെള്ള ഷര്‍ട്ടും മുട്ടോളം എത്തുന്ന മെറൂണ്‍ പാവാടയും എന്ന ആ സ്‌കൂള്‍ യൂണിഫോമില്‍ നിന്നും സാരിയിലേക്കു മാറിയിരിക്കുന്നു എന്നുമാത്രം! ഒരു 27 വയസു പ്രായം തോന്നിക്കും. എന്റെ മനസ്സില്‍ ആദ്യപ്രണയത്തിന്റെ വിത്തുപാകിയ പെണ്‍കുട്ടിയാണിപ്പോള്‍ തൊട്ടപ്പുറത്തിരിക്കുന്നത് എന്ന ചിന്ത എന്റെ സിരകളിലേക്ക് കൊടുങ്കാറ്റായി ആഞ്ഞടിച്ചു. ഇനി ഇവളെ വിടാന്‍ പാടില്ലാന്നാരോ മനസ്സിലിരുന്നു പറയുന്നതുപോലെ – ഒരുള്‍‌വിളി.

My Class mate and First loverഇടയ്‌ക്കൊരു അവസരം തെളിഞ്ഞു വന്നപ്പോള്‍ ഞാനും കഥകളി മുദ്രയിലൂടെ അവളോട് ചോദിച്ചു കല്യാണം കഴിഞ്ഞോ എന്ന്. അവള്‍ ചിരിച്ചുകൊണ്ട് കഴിഞ്ഞെന്നു തലയാട്ടി. പിന്നെ അഞ്ചുവയസുള്ള ഒരു കുട്ടിയുണ്ടെന്നും പറഞ്ഞു. ബസ്സ് പാറപ്പള്ളി എത്തിയപ്പോള്‍ ഞങ്ങള്‍ക്കിടയിലെ മറയായിരുന്നു ആ പെണ്‍കുട്ടി ഇറങ്ങിപ്പോയി. സമാധാനം. അവള്‍ക്കു മൊബൈല്‍ കാണുമായിരിക്കില്ലേ! എങ്ങനെ ചോദിക്കും? അമ്മയും അനിയത്തിയും സമീപം. അവരെന്തു വിചാരിക്കും! വീട്ടില്‍ മറന്നുവെച്ച ഒരു സിംകാര്‍‌ഡ് ഉണ്ടാക്കിയ പൊല്ലാപ്പിതുവരെ അടങ്ങിയിരുന്നില്ല. ഇവന്‍ വീണ്ടും തുടങ്ങുകയാണോ എന്ന് അമ്മ വിചാരിക്കില്ലേ! ഒടയഞ്ചാലടുക്കും തോറും എനിക്കേറെ പാരവശ്യം അനുഭവപ്പെട്ടു. അനിയത്തിയോട് അവള്‍ എന്റെ നമ്പര്‍ വാങ്ങിച്ചിരിക്കുമോ? ഞാന്‍ എന്റെ മൊബൈല്‍ കയ്യിലെടുത്തിട്ട് അവള്‍ കാണത്തക്ക വിധത്തില്‍ കറക്കാന്‍ തുടങ്ങി. മടിയിലിരിക്കുന്ന ആരാധ്യ മൊബൈല്‍ പിടിച്ചു വാങ്ങിച്ചു, അവള്‍ മൊബൈല്‍ വിളി അനുകരിച്ചു തുടങ്ങി. മൊബൈല്‍ ഒരു സജീവ സാന്നിധ്യമായി അവിടെ നിറഞ്ഞു.

“ഡാ നിന്റെ നമ്പറെത്രയാ?” – ഞാനുദ്ദേശിച്ചതു തന്നെ നടന്നു. അവളെന്റെ നമ്പര്‍ ചോദിക്കുന്നു! ഒന്നും പറയാന്‍ നിന്നില്ല; മൊബൈല്‍ തന്നെ അവളുടെ കയ്യിലേക്കു കൊടുത്തു. അവള്‍ അതിലൂടെ അവളുടെ ഫോണിലേക്കു മിസ്സ്‌ഡ് കൊടുത്തു. ഫോണ്‍ തിരിച്ചു തന്നു. ഞാനാ നമ്പര്‍‌ നോക്കി! ഈ ഒരു പത്തക്ക നമ്പര്‍! ഇത്ര ദൂരമേ ഉണ്ടായിരുന്നുള്ളൂ ഞങ്ങള്‍ തമ്മില്‍! എനിക്കത്ഭുതം തോന്നി. കഴിഞ്ഞ ഇരുപതുവര്‍ഷങ്ങള്‍!! വെറുമൊരു പത്തക്ക നമ്പറിന്റെ അകലത്തില്‍ ഇരുന്ന് എത്ര ആത്മാക്കളിങ്ങനെ തേങ്ങുന്നുണ്ടാവണം!

ഒടയഞ്ചാലില്‍ ഞങ്ങളിറങ്ങി. എന്റെ രാത്രികളെ കുളിരണിയിച്ച ആ ചിരി വീണ്ടും എന്നെ തേടിയെത്തി! അവളുടെ കണ്ണുകള്‍ തിളങ്ങി! ബസ്സവളേയും വഹിച്ച് പാണത്തൂര്‍ ലക്ഷ്യമാക്കി നീങ്ങി. വീട്ടിലെത്തിയപ്പോള്‍ തന്നെ ഞാനവളെ വിളിച്ചു.

“ഡാ നിനക്കൊരു മാറ്റവുമില്ല കേട്ടോ. ആ പഴയ പൊടിമീശ മാറി വലിയ മീശ ആയതേ ഉള്ളൂ” അവളെ കല്യാണം കഴിച്ചുകൊണ്ടുപോയത് വെള്ളരിക്കുണ്ടാണത്രേ. അവളുടെ ഭര്‍ത്താവൊരു കേബിള്‍ ടി.വി. ഓപ്പറേറ്ററാണത്രേ. ജയറാമിന്റെ ഏതോ ഒരു സിനിമയിലെ ചില രംഗങ്ങള്‍ ഓര്‍മ്മവന്നു. വെള്ളരിക്കുണ്ട് പോകുമ്പോള്‍ ഒടയഞ്ചാലില്‍ ഇറങ്ങിവേണം പോകാന്‍. ഒടയഞ്ചാല്‍ എന്നും അവളുടെ സ്മൃതിപഥത്തില്‍ എന്റെ ചിത്രം നിറക്കാറുണ്ടായിരുന്നുവത്രേ. എവിടെയെങ്കിലും സുഖമായി ജീവിക്കുന്നുണ്ടാവും എന്നവള്‍ കരുതിയിരുന്നുവത്രേ. അവള്‍ ഒത്തിരി പറഞ്ഞു..,

“എന്തേ എന്നെ മറക്കതിരുന്നത്” – അല്പം കുസൃതിയൊളുപ്പിച്ച് ഞാനൊരു കള്ളച്ചോദ്യമെറിഞ്ഞു.
“മറക്കാനോ? പണ്ടു നീ തന്ന കഥയും കവിതയും കഥാപുസ്തകങ്ങളും ഒക്കെ അങ്ങനെ മറക്കാനാവുമോ?” അവളുടെ ശബ്ദം ഇടറിയതുപോലെ.
“കള്ളി – നീ ഒന്നും മറന്നില്ല അല്ലേ!”
“ഡാ, ഒത്തിരി പറയാനുണ്ട്‍. അടുത്ത ആഴ്‌ചമുതല്‍ എനിക്കു നൈറ്റ്‌ഡ്യൂട്ടിയാണ്!”
അവള്‍ക്കിപ്പോള്‍ നൈറ്റ് ഡ്യൂട്ടിയാണ്… അവളുടെ സംഭവബഹുലമായ വിശേഷങ്ങളിലൂടെയുള്ള ഓട്ടപ്രദക്ഷിണം നടന്നുവരുന്നു.

0 0 votes
Article Rating
Subscribe
Notify of
guest

18 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
Murali Malom
13 years ago

എന്റെ രാജേഷേട്ട.. ഇതൊരു നിലക്ക് പോകുമെണ്ണ്‍ തോനുന്നില്ല..
ഒന്നാം ക്ലാസ്സു മുതല്‍ ലൈന്‍ അടി തുടങ്ങിയ ആളനല്ലേ .. നമിച്ചു..

Manoj Kumar K Yadav
Manoj Kumar K Yadav
13 years ago

Surgicare Kanhangad?
then r u student from CHVR?
but your house in Odayanchal?
then how…risk ?………..

Aswathi
Aswathi
13 years ago

pennine kurichallathe veronnum ezhuthatha ente mahanaya ettanu, iniyum othiri kalam ee ezhuthu thudaranavatte….oru kochu mukundaneyum balachandran chullikkadineyumoke ormapeduthunnu ningalude vakkukal..

Sudheesh
Sudheesh
13 years ago

ente rajesheta aloru viruthan thanne ane. 1am clasil tudangi. pinne jansiye kando

Mahesh
Mahesh
13 years ago

കൊള്ളാലോ രാജേഷേട്ടാ 😉

Ajith Kumar
Ajith Kumar
13 years ago

Superb!!!!!! but rajeshetta kudumbakalaham undavathe nokkane,,,,,,,,,,,,

Bichu
Bichu
13 years ago

പ്രണയം ഒരു ദുര്‍മന്ത്രവാദമാണ്
പ്രണയിനി ഒരു ദുര്‍മന്ത്രവാദിനിയും
അവള്‍
നനഞ്ഞ ഇഷ്‌ടികകൊണ്ട് കളമൊരുക്കൊന്നു
അതില്‍
എന്റെ (നിന്റേയും) രക്തം ബലിയയര്‍പ്പിക്കുന്നു.
ഞാന്‍
കവിത എഴുതുന്നു..
നീ കഥയും
പുതിയ മന്ത്രവാദിനികളേ തേടി അലയുന്നു
പ്രവസികളായ്…

nisha chalingal
nisha chalingal
13 years ago

rajeshettaaa namichuuuu.. line adi veeraaa..:)


18
0
Would love your thoughts, please comment.x
()
x
×

Hello!

താഴെ കാണുന്ന വാട്സാപ്പ് ഐക്കൺ ക്ലിക്ക് ചെയ്യുകയോ ഈ മെയിൽ ഐഡിയിലേക്ക് മെയിൽ അയക്കുകയോ ചെയ്യുക.

രാജേഷ് ഒടയഞ്ചാൽ

×
Verified by MonsterInsights