വളരെ ചെറുപ്പത്തിലേ ആമിക്ക് ചിത്രം വരയോട് നല്ല താല്പര്യം ആയിരുന്നു. കുഞ്ഞുങ്ങൾക്ക് ഒരുതുണ്ട് പെൻസിൽ കിട്ടിയാൽ അവർ ചുറ്റുപാടും വരകൾകൊണ്ടൊരു മായാലോകം സൃഷ്ടിമെന്നതിൽ അത്ഭുതപ്പെടാനില്ലല്ലോ! അത്രയേ കണ്ടിരുന്നുള്ളു ഇവളുടെ വരകളെയും. എന്നാലും നിരവധി കളർ പെൻസിലുകളും കളറുകളും വരയ്ക്കാനുള്ള പേപ്പറുകളും ഞാൻ വാങ്ങിക്കൊടുക്കുമായിരുന്നു. ആമി നന്നായി ചിത്രം വരയ്ക്കുന്നുണ്ടെന്നു മനസ്സിലാക്കാൻ പിന്നെയും ഏറെ വൈകി. അവൾ വരച്ച ചില ചിത്രങ്ങൾ താഴെ കൊടുത്തിരിക്കുന്നുണ്ട്. എഴുതാനും അതുപോലെ തന്നെ, നവോദയയിൽ പോകും മുമ്പ്, അവൾ കഥകളും കവിതകളും ഒക്കെ എഴുതി കാണിച്ചിരുന്നു. നിറയെ അക്ഷരത്തെറ്റുകളും വാക്യശുദ്ധിയില്ലാത്ത കുഞ്ഞു കുഞ്ഞു കുറിപ്പുകളും ആയിരുന്നു എല്ലാം. എങ്കിലും പ്രത്യേക നോട്ട്ബുക്ക് വാങ്ങിക്കൊടുത്ത്, ഇത്തരം എഴുത്തുകളൊക്കെയും ബുക്കിൽ തന്നെ എഴുതണം എന്നു പറഞ്ഞെങ്കിലും, ബുക്കിൽ എഴുതിയവ വളരെ ചുരുക്കമായിരുന്നു. അ കുഞ്ഞെഴുത്തുകൾ ഒക്കെയും പഴയ ബുക്ക്സ്നിടയിൽ എവിടെയെങ്കിലും കാണും. ചെറുബുക്ക്സ് സെലെക്റ്റ് ചെയ്തവൾക്ക് വായിക്കാൻ കൊടുത്തിരുന്നു അന്ന്. കോട്ടയം പുഷ്പനാഥിൻ്റെ നോവൽ വരെ അവളന്ന് വായിച്ചിരുന്നു. നവോദയയിലേക്ക് പോകുമ്പോളും ഡയറിയും ഇതുപോലെ എഴുതാൻ ബുക്ക്സും കൊടുത്തിരുന്നു. പക്ഷേ, കഴിഞ്ഞ വർഷം ബുക്കിൽ ഒന്നും കണ്ടിരുന്നില്ല. എന്നാൽ ഡയറിയിൽ മനോഹരമായി പലതും എഴുതിയിരുന്നു. ഓണാവധിക്ക് വീട്ടിലേക്ക് വന്നപ്പോളാണ് ഈ എഴുത്തുകൾ ഞാൻ ശ്രദ്ധിച്ചത്. ക്ലാസിൽ പോയിട്ട് മലയാളം അദ്ധ്യാപകനെ കാണിക്കണം എന്നൊക്കെ പറഞ്ഞാണു വിട്ടിരിക്കുന്നത്, മൂപ്പരോട് കഴിഞ്ഞ വർഷം തന്നെ മലയാളം റീഡേർസ് ക്ലബിൽ (അങ്ങനെ ആണെന്നു തോന്നുന്നു പേര്) ഇവളെ ചേർക്കണം എന്നൊക്കെ പറഞ്ഞിരുന്നെങ്കിലും ഒക്കെ തലകുലുക്കി സമ്മതിച്ചതേ ഉണ്ടായിരുന്നുള്ളൂ അന്ന്. ആമീസ് വരച്ചതും എഴുതിയതുമായ ചിലത് ഇവിടെ കൊടുക്കുന്നു.
1) ഓർമ്മച്ചെപ്പ്
ഒരു നെടുവീർപ്പോടെ ഞാൻ ഓർമ്മകളുടെ താളുകൾ മറിച്ചു. ആദ്യമായി ലോകത്തിന്റെ വെളിച്ചം കണ്ണുകളിൽ പതിഞ്ഞ ആ ദിവസം, അമ്മയുടെ മാറിലെ ചൂട് അറിഞ്ഞ്, ‘അമ്മേ’ എന്ന് വിളിച്ച് കരഞ്ഞ ആ നിമിഷങ്ങൾ… ഓർമ്മയുടെ ചെപ്പിൽ അവയെല്ലാം ഇന്നും ഒളിമങ്ങാതെ തിളങ്ങി നിൽക്കുന്നു. പിന്നീട്, പറന്നുനടന്ന ശലഭങ്ങളെപ്പോലെ കൂട്ടുകാരുമായി ചേർന്ന് കളിച്ചുചിരിച്ച ദിനങ്ങൾ. കളിയുടെ ലോകത്ത് വീഴ്ചകളോ വേദനകളോ ഉണ്ടായിരുന്നില്ല. ഒരു തുള്ളി കണ്ണുനീരിന് പോലും വലിയ ദുഃഖം നൽകിയിരുന്ന ആ നിഷ്കളങ്കമായ കാലം… ഇന്ന് തിരിഞ്ഞുനോക്കുമ്പോൾ, അതെല്ലാം ഒരു സ്വപ്നം കണ്ടുണർന്നതുപോലെ തോന്നുന്നു. ഒരു നദി ഒഴുകി നീങ്ങുന്നതുപോലെ കാലം മുന്നോട്ട് പോകുമ്പോൾ, ആ മധുര നിമിഷങ്ങൾ നിഴലുകളായി മാറുന്നു. കണ്ണടച്ചു തുറക്കുന്ന വേഗത്തിൽ എല്ലാം ഒരു വിദൂര ഓർമ്മയായി മറഞ്ഞുപോവുന്നു.
2) രാത്രിയുടെ മായാജാലം
രാത്രി അതിൻ്റെ മാന്ത്രികച്ചെപ്പ് തുറന്നു. ലോകം ഗാഢമായ നിശബ്ദതയിൽ അലിഞ്ഞുചേർന്നു. വെള്ളിപ്പാത്രം പോലെ ചന്ദ്രൻ ആകാശത്ത് തെളിഞ്ഞു, ഭൂമിയിൽ പാൽനിലാവ് പരന്നൊഴുകി. ഇലകളെ തഴുകി കടന്നുപോയ ഇളംകാറ്റ് എന്തോ രഹസ്യം മന്ത്രിക്കുന്നതുപോലെ തോന്നി. ദൂരെ എവിടെയോ രാപ്പാടികൾ പാടി, ചീവീടുകൾ അതിന് ശ്രുതിമീട്ടി. ആ ശാന്തത മെല്ലെ എന്റെ കണ്ണുകളെ തഴുകി, ബോധത്തിന്റെ അതിരുകൾ മായ്ച്ചുകൊണ്ട് സ്വപ്നങ്ങളുടെ താഴ്‌വരയിലേക്ക് എന്നെ കൈപിടിച്ചു നടത്തി. ഞാൻ കണ്ണുതുറന്നത് നിലാവ് നൃത്തം ചെയ്യുന്ന ഒരു വലിയ വനത്തിലാണ്. ഭയമില്ലാതെ വിഹരിക്കുന്ന പുള്ളിമാനുകളുടെ കൂട്ടം, ഇലച്ചാർത്തുകളിൽ അഭയം തേടിയ കിളികൾ, ആയിരം നക്ഷത്രങ്ങളെപ്പോലെ മിന്നിമറയുന്ന മിന്നാമിനുങ്ങുകൾ…
പ്രകൃതിയുടെ ഒരു വലിയ കുടുംബം അവിടെ ഒത്തുചേർന്നിരുന്നു. പാറക്കെട്ടുകളിൽ തട്ടി ഒഴുകുന്ന കാട്ടരുവി ഒരു താരാട്ടുപാട്ടുപോലെ കളകളാരവം പൊഴിച്ചു. ആ സംഗീതം എൻ്റെ ആത്മാവിനെ തണുപ്പിച്ചു, ഞാൻ ഗാഢമായ നിദ്രയിലേക്ക് വഴുതിവീണു. ആ ഉറക്കത്തിൻ്റെ ആഴങ്ങളിൽ, നിലാവിൻ്റെ നൂലുകൊണ്ട് നെയ്ത ഒരു രഥം എനിക്കായി കാത്തുനിന്നു. അത് എന്നെയും വഹിച്ച്, കാലം നിലച്ചുപോയ, ആർക്കും എത്തിച്ചേരാനാകാത്ത ഏതോ മായാലോകത്തേക്ക് യാത്രയായി.
3) മാതാവായ പ്രകൃതി
മനുഷ്യൻ്റെ ജീവിതവുമായി ഏറ്റവും ചേർന്നുനിൽക്കുന്നത് പ്രകൃതിയാണ്. പുലരിയുടെ മൃദുസമീരത്തിൽ നിന്നും, അസ്തമയത്തിൻ്റെ ചുവന്ന മേഘങ്ങളിൽ വരെ പ്രകൃതിയുടെ സാന്നിധ്യം നമ്മെ ചുറ്റിപ്പറ്റിയിരിക്കുന്നു. വനങ്ങൾ, പുഴകൾ, മലകൾ, പക്ഷികൾ, മൃഗങ്ങൾ — ഇവയെല്ലാം മനുഷ്യജീവിതത്തിൻ്റെ അനിവാര്യ ഘടകങ്ങളാണ്. കാടുകളിലെ ചെറു ജീവജാലങ്ങളും പക്ഷികളുടെ സംഗീതവും പോലും ഭൂമിയെ സമ്പന്നമാക്കുന്നു. മഴത്തുള്ളികൾ ഭൂമിയെ മുത്തുകളാൽ അലങ്കരിക്കുമ്പോൾ, പാടങ്ങളും വയലുകളും പുതുജീവൻ നേടുന്നു.
എന്നാൽ ഇന്ന് പ്രകൃതി വൻ വെല്ലുവിളികൾ നേരിടുകയാണ്. മനുഷ്യൻ്റെ അനിയന്ത്രിതമായ ഇടപെടലുകളും മലിനീകരണവും പ്രകൃതിയുടെ സുന്ദര്യത്തെയും സമാധാനത്തെയും ബാധിക്കുന്നു. വനംനശീകരണം, വായു മലിനീകരണം, വെള്ള ക്ഷാമം — ഇവയെല്ലാം മനുഷ്യൻ്റെ നിലനിൽപ്പിനെ തന്നെ ചോദ്യം ചെയ്യുന്ന അവസ്ഥയാണ് സൃഷ്ടിക്കുന്നത്. അതുകൊണ്ട് തന്നെ, പ്രകൃതിയുടെ സംരക്ഷണം നമ്മുടെ ഉത്തരവാദിത്വമായി മാറുന്നു. പച്ചപ്പിനെ സ്നേഹിക്കണം, വെള്ളം സൂക്ഷിക്കണം, മലിനീകരണം തടയണം. പ്രകൃതിയുമായി ഒത്തൊരുമയിൽ ജീവിക്കുമ്പോഴേ മനുഷ്യനും ഭാവി തലമുറകളും സുരക്ഷിതരായി നിലനിൽക്കാനാവൂ. പ്രകൃതി നമ്മുടെ മാതാവാണ്. അവളെ കരുതലോടെ സ്നേഹിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നത് നമ്മുടെ കടമയാണ്. അതുവഴിയാണ് ഭൂമിയെ “ജീവൻ്റെ സ്വർഗ്ഗം” ആക്കി നിലനിർത്താൻ കഴിയുക.
4) പ്രകൃതിയുടെ തലോടൽ
അസ്തമനസൂര്യന്റെ നേർത്ത വെളിച്ചം മാഞ്ഞുതുടങ്ങി. ആകാശം കറുത്ത കാർമേഘങ്ങളാൽ നിറഞ്ഞു, നിർത്താതെ പോയ ബസ്സിനെ പിന്തുടരുന്ന പോലെ അവ മുന്നോട്ട് കുതിച്ചു. ഒരു തണുത്ത കാറ്റ് പുൽമേടുകളെ തഴുകി കടന്നുപോയി. ഒന്ന്, രണ്ട്, മൂന്ന്… എന്ന കണക്കിൽ മഴത്തുള്ളികൾ ഭൂമിയിലേക്ക് പതിച്ചു.
നിമിഷങ്ങൾക്കകം മഴ ശക്തമായി, ആളുകൾ വെള്ളത്തിലൂടെ മീനുകളെപ്പോലെ ചിതറിയോടി.കൂട്ടത്തിലുണ്ടായിരുന്ന ഒരു പെൺകുട്ടി കാൽതെറ്റി നനഞ്ഞ മണ്ണിലേക്ക് വീണു. അവളുടെ പുസ്തകങ്ങൾ വെള്ളത്തിൽ ചിതറി. ആരും അവളെ ശ്രദ്ധിച്ചില്ല. ഓടുന്നവരുടെ തിരക്കിട്ട പാദങ്ങളിൽ അവൾ കൂടുതൽ ഒറ്റപ്പെട്ടു. തണുത്ത കാറ്റും പേടിപ്പെടുത്തുന്ന മിന്നലും അവളെ വിറപ്പിച്ചു. അവൾ തേങ്ങിക്കരഞ്ഞു. അപ്പോഴാണ്, ഇരുട്ടിൽ നിന്ന് രണ്ട് കൈകൾ അവൾക്കുനേരെ നീണ്ടുവന്നത്.
അവൾ ഞെട്ടി, ആ കൈകൾ അവളെ താങ്ങിനിർത്തി. വളരെ മൃദുലമായിരുന്നു ആ സ്പർശം. അവളുടെ ശിരസ്സിൽ വാത്സല്യത്തോടെ തലോടി, ഒരു ആശ്വാസവാക്ക് പോലും പറയാതെ ആ ദിവ്യരൂപം അടുത്ത നിമിഷം ഇരുട്ടിലേക്ക് മാഞ്ഞുപോയി. മഴ അപ്പോഴും പെയ്യുന്നുണ്ടായിരുന്നു. എങ്കിലും, ആരും എത്താത്ത ഒരിടത്ത്, അവൾ തനിച്ചായിരുന്നില്ല. ആ സ്നേഹത്തിന്റെ ഓർമ്മയിൽ, അവൾ നനഞ്ഞ പുസ്തകങ്ങൾ വാരിയെടുത്ത് മുന്നോട്ട് നടന്നു. ഭയം മാഞ്ഞുപോയിരുന്നു, പകരം ഹൃദയത്തിൽ ഒരു ധൈര്യം നിറഞ്ഞു. അവൾ മഴയെ കൂസാതെ നടന്നു, ആരും കാണാത്ത ഒരു തണലിൽ.
5) ചില്ലുകൂട്ടിലെ ജീവിതം
ആ ചതുരപ്പെട്ടിയിൽ അവർ എന്നെ ബന്ധിച്ചു. അതൊരു തടവറയാണെന്ന് തിരിച്ചറിയാൻ വർഷങ്ങളെടുത്തു. പുറംലോകത്തിന്റെ നിറങ്ങളോ, സൂര്യന്റെ ചൂടോ അറിയാതെ, അതിന്റെ കൃത്രിമ വെളിച്ചത്തിൽ ഞാനും എന്നെപ്പോലെ ആയിരങ്ങളും അഭയം തേടി. എനിക്ക് ചുറ്റും അനേകരുണ്ടായിരുന്നു. ഓരോരുത്തരും അവരവരുടെ ചില്ലുകൂട്ടിലിരുന്ന് ചിരിക്കുന്നതായും കരയുന്നതായും ഞാൻ കണ്ടു. ഞങ്ങൾ പരസ്പരം നോക്കി, ലൈക്കുകൾ നൽകി, കമന്റുകൾ പങ്കുവെച്ചു, എന്നാൽ ആരും ഒന്നും മിണ്ടിയില്ല. വിരൽത്തുമ്പിൽ ഒരു ലോകം മുഴുവൻ ഉണ്ടെന്ന് ഞങ്ങൾ വിശ്വസിച്ചു, പക്ഷേ ഓരോ നിമിഷവും ഞങ്ങൾ കൂടുതൽ തനിച്ചാവുകയായിരുന്നു.
ചിലർ ആ ചില്ല് ഭിത്തികൾ തകർക്കാൻ ശ്രമിച്ചു. ഒരു നിമിഷത്തെ ആവേശത്തിൽ അവർ അതിൽ നിന്ന് പുറത്തുചാടി. പക്ഷേ, തകർന്ന ചില്ലിന്റെ മൂർച്ചയേറിയ അറ്റങ്ങൾ അവരുടെ ആത്മാവിനെ മുറിവേൽപ്പിച്ചു. യഥാർത്ഥ ലോകത്തിന്റെ വേഗതയുമായി പൊരുത്തപ്പെടാനാവാതെ അവർ ഇരുട്ടിലേക്ക് വീണുപോയി. അതൊരുതരം ആത്മഹത്യ തന്നെയായിരുന്നു. രക്ഷപ്പെടാനാവാത്ത ഒരു ആഴക്കിണർ പോലെ അത് ഞങ്ങളെ വട്ടംകറക്കി. അതിന്റെ ചുവരുകളിൽ ഞങ്ങളുടെ വ്യാജമായ ചിരികൾ പ്രതിധ്വനിച്ചു, പക്ഷേ മുകളിലെ നീലാകാശം ഞങ്ങൾ മറന്നുപോയിരുന്നു. ഒരേ കാഴ്ചകൾ, ഒരേ ശബ്ദങ്ങൾ… അതിൽക്കിടന്ന് ഞങ്ങൾ സ്വയം നഷ്ടപ്പെടുത്തി.
ചിറകുകളുള്ള പക്ഷികളെപ്പോലെ ആകാശത്ത് പറന്നുയരേണ്ടവരായിരുന്നു നമ്മൾ. എന്നാൽ ഇന്നോ, ഈ ഡിജിറ്റൽ കാട്ടിൽ വഴിതെറ്റി, രക്ഷപ്പെടാനായി പരക്കംപായുന്ന ഭയന്ന മൃഗങ്ങളെപ്പോലെയായിരിക്കുന്നു. സ്വാതന്ത്ര്യം എന്തെന്ന് മറന്നുപോയ, കൂട്ടിലടയ്ക്കപ്പെട്ട മൃഗങ്ങൾ.