Skip to main content

പലവഴി ദുരിതങ്ങൾ!!

HDFC-CreditCart-Hack

ആക്സിഡന്റിനു ശേഷം ക്രഡിറ്റ് കാർഡ് ഉപയോഗിക്കാൻ പാടില്ല എന്ന് കൂട്ടുകാരുടെ കർശനനിർദ്ദേശം ഉണ്ടായിരുന്നു. നിലനിൽക്കുന്ന ഓർമ്മയിൽ, ഷിജു അലക്സായിരുന്നു (Shiju Alex) അപ്രകാരം പറഞ്ഞവരിൽ മുമ്പന്തിയിൽ എന്നു തോന്നുന്നു; കാരണം ആക്സിഡന്റ് സമയത്തുള്ള എന്റെ ക്രഡിറ്റ് കാർഡ് കടബാധ്യത നന്നായി അറിഞ്ഞവരിൽ ഒരാളായിരുന്നു അവൻ.

ഇടയിലെന്നോ വന്നുചേർന്ന ദുരിതങ്ങൾ കാരണം, ആരോടും പറയാതെ, ചെറിയ തുകയുടെ ക്രഡിറ്റ്കാർഡ് ഒരെണ്ണം സ്വന്തമാക്കി. അതീവ രഹസ്യമായിരുന്നുവത്!! അപ്രതീക്ഷിതമായി, ഇന്നലെ ഒരു മെസേജ് മൊബൈലിലേക്കു വന്നു: “Rs.3409.01 was spent on ur HDFCBank CREDIT Card ending 1228 on 2018-09-25:13:43:12 at DR MYCOMMERCE IRELAND.Avl bal – Rs.37496.99, curr o/s – Rs.12503.01”

ഞാനിങ്ങനെ ഒന്നും വാങ്ങിയിട്ടില്ലെന്ന കാര്യം അപ്പോൾ തന്നെ ബാങ്കിനെ വിളിച്ചറിയിച്ചു; കലാപരിപാടി രജിസ്റ്റർ ചെയ്യാം, ഇപ്പോൾ കാശു പോവുമെങ്കിലും, ഉടനേ തന്നെ പോയ കാശ് റിട്ടേൺ കിട്ടുമെന്നും ബാങ്ക് പറഞ്ഞു!! അപ്പോൾ തന്നെ അവരാ കാർഡ് ബ്ലോക്ക് ചെയ്തു, “HDFCBank Cr Card ending 1228 is blocked as requested.Incase of any misuse on card, pl file police complaint and send the Dispute Form. Visit hdfcbank.com

കാർഡിന്റെ പിന്നോ മറ്റോ എവിടേയും ഓൺലൈനിൽ സേവ് ചെയ്തു വെച്ചിട്ടില്ല; അതേ സമയം നമ്പർ സേവ് ചെയ്തിട്ടുണ്ട്; അത് ഫ്രീചാർജ് പോലുള്ള ആപ്പുകളിലാണ്. കാരണം ഇടയ്ക്കൊക്കെ ആ ആപ്പ് ഉപയേഗിക്കേണ്ടതുണ്ട്. ഇത്ര ദീർഘമായ നമ്പർ നോക്കി ടൈപ്പ് ചെയ്യാനുള്ള മടിയുമുണ്ട്. എന്തായാലും അരമണിക്കൂറിനുള്ളിൽ ഇന്നലെ സംഭവം തീർത്തു…!

എന്നാലും സംശയം പലമാതിരി ബാക്കി കിടക്കുന്നുണ്ട്!! എന്തുകൊണ്ട്? എങ്ങനെ? ആര്?

പലവഴി ദുരിതങ്ങൾ!! #HDFC #CreditCart #Hack ആക്സിഡന്റിനു ശേഷം ക്രഡിറ്റ് കാർഡ് ഉപയോഗിക്കാൻ പാടില്ല എന്ന് കൂട്ടുകാരുടെ…

Posted by Rajesh Odayanchal on Tuesday, 25 September 2018

സ്റ്റീഫൻ ഹോക്കിംങ്ങ്

Stephen Hawking

ശാസ്ത്രജ്ഞരിൽ എന്തുകൊണ്ടും ഏറ്റവും പ്രസിദ്ധനും പ്രമുഖനുമാണ് ബ്രിട്ടീഷ് പ്രപഞ്ച ശാസ്ത്രജ്ഞനായിരുന്ന സ്റ്റീഫൻ ഹോക്കിംങ്. ഗുരുതരമായ മോട്ടോർ ന്യൂറോൺ രോഗം ബാധിച്ച് ശാരീരിക അവശത നേരിടുകയായിരുന്നു ഹോക്കിംങ്ങ്. എന്നാൽ അപ്പോഴും അദ്ദേഹം പഠനത്തിലും ഗവേഷണത്തിലും ഗ്രന്ഥരചനയിലും മുഴുകി വൈദ്യ ലോകത്തെ അത്ഭുതപ്പെടുത്തികൊണ്ടും അമ്പരപ്പിച്ച് കൊണ്ടും ശാസ്ത്രലോകത്ത് സജീവ സാന്നിധ്യമായി നിലകൊണ്ടിരുന്നു. നാഡീ കോശങ്ങളെ തളർത്തുന്ന മാരകമായ അമയോട്രോപ്പിക് ലാറ്ററൽ സ്ക്ലീറോസിസ് എന്ന രോഗബാധിതനായ പിതാവ് 2018 മാർച്ച് 14 നു തന്റെ 76-ാം വയസ്സിൽ അന്തരിച്ച വിവരം മക്കളായ ലൂസി, റോബർട്ട് എന്നിവർ വാർത്താക്കുറിപ്പിലൂടെ അറിയിച്ചു.

Galileo Galilei
Galileo Galilei
ആധുനിക ശാസ്ത്രത്തിന്റെ പിതാവെന്നറിയപ്പെടുന്ന ഗലീലിയോ ഗലീലി മരിച്ച് കൃത്യം 300ാം വര്‍ഷമാണ് സ്റ്റീഫന്‍ ഹോക്കിങിന്റെ ജനനം. 1642 ജനുവരി എട്ടിനാണ് ഗലീലിയോ അന്തരിച്ചത്‌. പ്രപഞ്ചത്തെ കുറിച്ചും ബഹിരാകാശത്തെ കുറിച്ചും നക്ഷത്രങ്ങളെ കുറിച്ചുമെല്ലാമുള്ള പഠനങ്ങള്‍ക്ക് പുതുവഴി കാണിച്ചുകൊടുത്ത ശാസ്ത്രജ്ഞനാണ് ഗലീലിയോ. ഐസക് ന്യൂട്ടണ്‍ പോലും ഗലീലിയോയുടെ പാതപിന്തുടര്‍ന്നുകൊണ്ടാണ് ശാസ്ത്രത്തെ കെട്ടിപ്പൊക്കിയത്. അന്നത്തെ സാമൂഹിക വ്യവസ്ഥിതികളാണ് ഗലീലിയോയ്ക്ക് മുന്നില്‍ വെല്ലുവിളികളായുണ്ടായിരുന്നതെങ്കില്‍ ശരീരത്തെ തളര്‍ത്തിയ രോഗമാണ് സ്റ്റീഫന്‍ ഹോക്കിങിന് മുന്നില്‍ വെല്ലുവിളിയായെത്തിയത്. എന്നാല്‍ ശാരീരിക വൈകല്യത്തെ തന്റെ ചിന്തകള്‍കൊണ്ടും ആര്‍ജിച്ചെടുത്ത വിജ്ഞാനം കൊണ്ടും സ്റ്റീഫന്‍ ഹോക്കിങ് മറികടക്കുകയായിരുന്നു. ഭൗതിക ശാസ്ത്ര രംഗത്തെ മറ്റൊരു വിഖ്യാത ശാസ്ത്രപ്രതിഭയായ ആല്‍ബെര്‍ട്ട് ഐന്‍സ്റ്റീന്റെ ജനന തീയതിയില്‍ തന്നെയാണ് സ്റ്റീഫന്‍ ഹോക്കിങ് വിടപറയുന്നത് എന്നതും മറ്റൊരു കൗതുകമാണ്.

ജീവശാസ്ത്ര ഗവേഷകനായിരുന്ന ഫ്രാങ്ക് ഹോക്കിൻസും ഇസബെൽ ഹോക്കിൻസുമായിരുന്നു മാതാപിതാക്കൾ. പതിനൊന്നാം വയസ്സിൽ ‍സ്റ്റീഫൻ ഇംഗ്ലണ്ടിലെ ഹെർട്ട്ഫോർഡ്ഷെയറിലെ സെന്റ് ആൽബൻസ് സ്കൂളിൽ ചേർന്നു. മകനെ ഡോക്ടറാക്കാനായിരുന്നു മാതാപിതാക്കൾ ആഗ്രഹിച്ചിരുന്നതെങ്കിലും, സ്റ്റീഫൻ ഹോക്കിങിന്‌ ഗണിതത്തിലും ഭൗതികശാസ്ത്രത്തിലുമായിരുന്നു താത്പര്യം. 17-ആം വയസ്സിൽ ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിൽ നിന്ന് ഭൗതികശാസ്ത്രത്തിൽ ബിരുദം നേടി. കേംബ്രിഡ്ജിൽ ഗവേഷണ ബിരുദത്തിനു പഠിച്ചുകൊണ്ടിരിക്കുന്നതിനിടെയാണ്‌ കൈകാലുകൾ തളർന്നു പോകാൻ കാരണമായ നാഡീരോഗം അദ്ദേഹത്തെ ബാധിച്ചത്. കേവലം 23 വയസ്സുള്ളപ്പോള്‍ ബാധിച്ച മോട്ടോര്‍ ന്യൂറോണ്‍ രോഗത്തെ അത്ഭുതകരമായി അതിജീവിച്ചായിരുന്നു ഹോക്കിങ് നീങ്ങിയത്!

Albert Einstein
Albert Einstein
1963 ൽ 23 വയസ്സായിരുന്നപ്പോഴാണ് ഹോക്കിംങ്ങിന് അമിയോട്രോഫിക് ലാറ്ററൽ സ്‌ക്ലീറോസിസ് (Amyotrophic Lateral Sclerosis)എന്ന തരത്തിൽപെട്ടതും ഇപ്പോഴത്തെ വൈദ്യശാസ്ത്ര അറിവുകൾ വച്ച് ചികിത്സിച്ച് ഭേദപ്പെടുത്താൻ അസാധ്യവുമായ മോട്ടോർ ന്യൂറോൺ രോഗം ഉണ്ടെന്ന് കണ്ടെത്തിയത്. ഡോക്ടർമാർ രണ്ട് വർഷം കൂടി മാത്രമേ ഹോക്കിംങ് ജീവിച്ചിരിക്കാൻ സാധ്യതയുള്ളു എന്നാണ് കരുതിയത്. എന്നാൽ രോഗത്തെ ഭയപ്പെടാതെ ജീവിതം തുടർന്ന ഗവേഷണത്തിൽ മുഴുകിയ ഹോക്കിങ്ങ് രണ്ട് തവണ വിവാഹം കഴിച്ചു.

ആദ്യഭാര്യയിൽ അദ്ദേഹത്തിന് മൂന്നു കുട്ടികളുമുണ്ട്. ഇതിനിടെ പ്രപഞ്ചശാസ്ത്രത്തിലും (Cosmology) സൈദ്ധാന്തിക ഭൌതികത്തിലും (Theoretical Physics) മൌലിക സംഭാവനകൾ നൽകി അദ്ദേഹം ശാസ്ത്ര ഗവേഷണ സ്ഥാപങ്ങളിലെ ഉന്നത പദവികൾ കൈവരിച്ചു. നിരവധി പുരസ്കാരങ്ങൾക്ക് അദ്ദേഹത്തെ തേടിയെത്തി. മരണസമയത്ത് അദ്ദേഹം ബ്രിട്ടനിലെ കേംബ്രിഡ്ജ് സർവ്വകലാശാലയിലെ പ്രപഞ്ച ശാസ്ത്രവിഭാഗത്തിലെ ഡയറക്ടറായിരുന്നു.

മൂന്നു പതിറ്റാണ്ടുകൾ അദ്ദേഹം കേംബ്രിഡ്ജ് സർവ്വകലാശാലയിലെ ഗണിത ശാസ്ത്ര ലൂക്കാച്ചിയൻ പ്രൊഫസർ എന്ന ഉന്നത പദവി വഹിച്ചിരുന്നു. നക്ഷത്രങ്ങൾ നശിക്കുമ്പോൾ രൂപം കൊള്ളുന്ന തമോഗർത്തങ്ങളെക്കുറിച്ച് (Black Holes) ഇന്നു ലഭ്യമായ വിവരങ്ങളിൽ പലതും ഹോക്കിങിന്റെ ഗവേഷണങ്ങളിലൂടെ ഉരുത്തിരിഞ്ഞതാണ്‌. ഗവേഷണ പ്രബന്ധങ്ങൾ രചിക്കുന്നതിന് പുറമേ ജനകീയ ശാസ്ത്രസാഹിത്യ (Popular Literature ) രചനക്കും അദ്ദേഹം സമയം കണ്ടെത്തിയിരുന്നു. ഹോക്കിങിന്റെ എ ബ്രീഫ് ഹിസ്റ്ററി ഓഫ് ടൈം (കാലത്തിന്റെ ഒരു സംക്ഷിപ്ത ചരിത്രം) (A Brief History of Time: 1988) എന്ന പ്രശസ്തമായ ശാസ്ത്രസാഹിത്യ ഗ്രന്ഥം ഒരു കോടി കോപ്പിയാണ് വിറ്റഴിയപ്പെട്ടത്.

മലയാളമടക്കം 30 ഭാഷകളിലേക്ക് ഈ പുസ്തകം തർജ്ജമ ചെയ്യപ്പെട്ടിട്ടുണ്ട്. പ്രപഞ്ചശാസ്ത്രത്തിലെ സിദ്ധാന്തങ്ങളായ മഹാവിസ്ഫോടനം (Big Bang), തമോഗർത്തം തുടങ്ങിയവ സാധാരണക്കാർക്ക് മനസ്സിലാകുന്ന രീതിയിൽ വിവരിക്കുവാനുള്ള ശ്രമമാണ്‌ ഈ പുസ്തത്തിലൂടെ ഹോക്കിങ് വിജയകരമായി നടത്തുന്നത്. തമോഗർത്തവും ശൈശവ പ്രപഞ്ചവും (Black Holes and Baby Universes 1993) അദ്ദേഹത്തിന്റെ മറ്റൊരു പ്രസിദ്ധ ഗ്രന്ഥമാണ്.  ഡോക്ടർമാർ പ്രവചിച്ചപോലെ ഹോംക്കിങ് മരണത്തിന് കീഴ് പ്പെട്ടില്ലെങ്കിലും രോഗം നിരന്തരമായി മൂർച്ചിച്ച് വന്നതിനെതുടർന്ന് മാംസപേശികൾ ശോഷിച്ച് ശരീരമാകെ തളർന്ന ഹോക്കിംങ്ങിന് വീൽ ചെയറിൽ അഭയം പ്രാപിക്കേണ്ടിവന്നു.

തൊണ്ടയിലെ മാംസപേശികൾ പ്രവർത്തിക്കാനാവാതെ വന്നതോടെ സംസാരശേഷിയും നഷ്ടപ്പെട്ടു. ശ്വസതടസ്സമുണ്ടായതിനെ തുടർന്ന് ശ്വാസനാളിയിൽ (Trachea) സുഷിരമിട്ടുള്ള ശസ്ത്രക്രിയക്കും (Tracheostomy) അദ്ദേഹം വിധേയനായി. വീൽചെയറിൽ ഇരുന്നു കൊണ്ട് കവിളിലെ പേശികൾ ചലിപ്പിച്ച് യന്ത്രത്തിന്റെ സഹായത്തോടെ കൃത്രിമ ശബ്ദത്തിലാണ് അദ്ദേഹം സംസാരിക്കുന്നത്. കമ്പൂട്ടർ സ്ക്രീനിൽ പ്രത്യക്ഷപ്പെടുന്ന വാക്കുകളിൽ നിന്നും ഉചിതമായവ നേത്രപാളികൾ ചലിപ്പിച്ച് തെരഞ്ഞെടുത്താണ് തന്റെ ഗഹനങ്ങളായ ശാസ്ത്രഗ്രന്ഥങ്ങളും ലേഖനങ്ങളും ഹോക്കിങ് രചിക്കുന്നത്.

ഏത്ര മാരക രോഗം ബാധിച്ചാലും ഇശ്ചാശക്തിയും പ്രതിബദ്ധതയും നഷ്ടപ്പെടാതിരുന്നാൽ തുടർന്നും സമൂഹത്തിന് ക്രിയാത്മകമായ സംഭാവനകൾ നൽകാൻ കഴിയുമെന്നതിന്റെ ജീവിച്ചിരിക്കുന്ന പ്രതീകമായി മാറുകയായിരുന്നു ഹോക്കിങ്. മരണത്തെ പരാജയപ്പെടുത്തി ലോകമെമ്പാടുമുള്ള രോഗബാധിതരെ പ്രചോദിപ്പിച്ച് കൊണ്ട് ഹോക്കിംഗ് തന്റെ ശാസ്ത്രസപര്യ തുടർന്നു വരികയായിരുന്നു. കുറച്ചുനാൾ മുമ്പ് ഹോക്കിങ് തന്റെ ആത്മകഥ എന്റെ സംക്ഷിപ്ത ചരിത്രം എന്ന പേരിൽ (മൈ ബ്രീഫ് ഹിസ്റ്ററി) (My Brief History: 2015) പ്രസിദ്ധീകരിച്ചിട്ടുണ്ട്. ..

ജ്യോതിശാസ്ത്രം സൈദ്ധാന്തിക ജ്യോതിശാസ്ത്രമാണ്‌ സ്റ്റീഫൻ ഹോക്കിൻസിന്റ്ര് മുഖ്യ ഗവേഷണ മേഖല. കേബ്രിഡ്ജിലെ പഠനകാലത്ത് റോജർ പെൻറോസ് എന്ന ശാസ്ത്രജ്ഞനുമായുണ്ടായ സൗഹൃദമാണ്‌ ഹോക്കിങിനെ ജ്യോതിശാസ്ത്രവുമായി അടുപ്പിച്ചത്.അവരിരുവരും ചേർന്ന് ‍ആൽബർട്ട് ഐൻസ്റ്റീൻറെ ആപേഷികതാസിദ്ധാന്തത്തിന്‌ പുതിയ വിശദീകരണം നൽകി.പ്രപഞ്ചോല്പത്തിയെക്കുറിച്ചും അവർ ചില സിദ്ധാന്തങ്ങൾ ആവിഷ്കരിച്ചു.

നാശോന്മുഖമായ നക്ഷത്രങ്ങൾ അഥവാ തമോഗർത്തങ്ങളുടെ പിണ്ഡം,ചാർജ്ജ്,കോണീയസംവേഗബലം എന്നിവയ്ക്കുറിച്ചായിരുന്നു അദ്ദേഹത്തിന്റെ തുടർപഠനങ്ങൾ.ഭീമമായ ഗുരുത്വാകർഷണ ബലം ഗുരുത്വാകർഷണബലമുള്ള തമോഗർത്തങ്ങൾ ചില വികിരണങ്ങൾ പുറത്തുവിടുന്നുണ്ടെന്ന് അദ്ദേഹം തെളിയിച്ചു. അന്യഗ്രഹ ജീവികള്‍ ഉണ്ടാകാം എന്ന് വിശ്വസിയ്ക്കുന്ന ആളായിരുന്നു ഹോക്കിങ്. നേരത്തേ തന്നെ അദ്ദേഹം ഇതേ കുറിച്ച് പറഞ്ഞിട്ടുണ്ട്. അന്യഗ്രഹ ജീവികള്‍ ഭൂമിയിലെത്തിയാല്‍ അവ മനുഷ്യനെ കീഴ്‌പ്പെടുത്തുമെന്ന് ഹോക്കിങ് ഉറപ്പിച്ച് പറഞ്ഞിരുന്നു. മനുഷ്യന് മുന്നിലുള്ള സാധ്യതകളില്‍ ഒന്ന് അന്യ ഗ്രഹങ്ങളിലേയ്ക്ക് പോവുക എന്നതാണ്. എന്നാല്‍ അടുത്ത നൂറ് വര്‍ഷത്തിനിടയ്ക്ക് ഇത് സാധ്യമാകുമെന്ന പ്രതീക്ഷ ഹോക്കിങിനില്ല. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആണ് ഇപ്പോഴത്തെ ഏറ്റവും പ്രധാനപ്പെട്ട ഗവേഷണ വിഷയങ്ങളില്‍ ഒന്ന്. അത് പൂര്‍ണാര്‍ത്ഥത്തില്‍ നടപ്പിലായാല്‍ കമ്പ്യൂട്ടറുകള്‍ ആയിരിയ്ക്കും മനുഷ്യനെ കീഴടക്കുക എന്നാണ് ഹോക്കിങിന്റെ വിലയിരുത്തല്‍.

കഥാലോകം

Aatmika Rajesh story time

ആത്മികയ്ക്ക് ആദ്യകാലങ്ങളിലൊക്കെ ഉറങ്ങുവാൻ താരാട്ടു പാട്ടുകൾ നിർബന്ധമായിരുന്നു. മഞ്ജു അക്കാര്യം ഭംഗിയായി ചെയ്തു കൊടുക്കുയും താരാട്ടു പാട്ടിന്റെ ആലസ്യത്തിൽ അവളങ്ങ് മയങ്ങിപ്പോവുകയും ചെയ്യുമായിരുന്നു. അവളെ ഉറക്കാൻ ഞാൻ വേണമെന്ന് നിർബന്ധം പിടിക്കാൻ തുടങ്ങിയപ്പോൾ വലഞ്ഞുപോയതു ഞാനായിരുന്നു. ഒരു പാട്ടിന്റേയും രണ്ടുവരികൾ പോലും അറിയാത്ത ഞാൻ മുക്കിയും മൂളിയും എന്തൊക്കെയോ ഒപ്പിച്ച് ആദ്യമൊക്കെ അവളെ ഉറക്കുവാൻ ശ്രമിച്ചിരുന്നു. ഉണർന്നിരിക്കുന്ന അവസരത്തിൽ എന്നോ ഒരിക്കൽ അവൾ എന്റെ പാട്ടുകളെ അനുകരിച്ചപ്പോൾ ആ കലാപരിപാടി നിർത്തുവാനും സംഗതി കമ്പ്യൂട്ടറിനെ ഏൽപ്പിക്കാനും തീരുമാനിച്ചു. പിന്നീട്, ആത്മിക ഉറങ്ങുമ്പോൾ ഉള്ള പാട്ടു പാടുക എന്ന ചുമതല കമ്പ്യൂട്ടറിനായി. ഏറെ താരാട്ടുപാട്ടുകളും, കുഞ്ഞുങ്ങളും മറ്റു പാടുന്ന സ്നേഹനിർഭരമായ മറ്റു സിനിമാഗാനങ്ങളും ഒക്കെയായി അവളാ ഗാനമഞ്ജരിയിൽ ലയിച്ച് ഉറങ്ങുവാൻ തുടങ്ങി!

വർഷങ്ങൾ കഴിഞ്ഞ് ആത്മികയ്ക്ക് 4 വയസാവുന്നു. കഴിഞ്ഞതവണ സ്കൂൾ അടച്ചപ്പോൾ അവളെ നാട്ടിലേക്ക് ബസ്സുകേറ്റി വിട്ടു. രണ്ടുമാസം ചേച്ചിമാരായ ആരാധ്യയോടും അദ്വൈതയോടും ഒപ്പം അവൾ തിമർത്താസ്വദിച്ചു. തൊട്ടിലിൽ കിടന്നുള്ള ഉറക്കം നിർത്തണം എന്നൊരു പ്ലാൻ കൂടെ ആ യാത്രയുടെ പുറകിൽ ഉണ്ടായിരുന്നു. സ്പ്രിങ്ങിന്റെ തൊട്ടിലിൽ അവൾക്ക് സുന്ദരമായി കിടന്നുറങ്ങാൻ പ്രശ്നമൊന്നുമില്ലെങ്കിലും ആട്ടിക്കൊണ്ടിരിക്കാൻ അല്പം ബുദ്ധിമുട്ടു തോന്നി. അവൾ നാട്ടിലേക്ക് പോയ അവസരത്തിൽ തൊട്ടിൽ ഒളിപ്പിച്ചു വെച്ചു; വന്നു ചോദിച്ചാൽ വീണ്ടും തൊട്ടിൽ കെട്ടി പഴയ പടി ആവർത്തിക്കാം എന്നു കരുതിയാണത് ഒളിപ്പിച്ചത്.

നാട്ടിൽ ചേച്ചിമാരോടൊപ്പമായിരുന്നു കിടപ്പെങ്കിലും രാത്രിയിൽ അമ്മയോ അനിയത്തിയോ ആത്മികയ്ക്ക് കഥകൾ പറഞ്ഞു കൊടുക്കുമായിരുന്നു. മാറിമാറി നിരവധി കഥകൾ കേട്ടിട്ടായി ഇവളുടെ ഉറക്കം. തൊട്ടിലിന്റെ കാര്യമൊക്കെ പാടേ മറന്നു! എങ്കിലും തിരിച്ചു വന്നപ്പോൾ ഈ കഥാലോകമായിരുന്നു. ബാംഗ്ലൂരിലെ ജീവിതം ഒരു യന്ത്രമനുഷ്യനെ പോലെയുള്ളതാണ്. എങ്ങോട്ടു തിരിഞ്ഞു നോക്കിയാലും തൊഴിലുമായി നടക്കുന്നവരോ തൊഴിലന്വേഷിച്ചു നടക്കുന്നവരോ മാത്രം! മനസ്സൊക്കെ വേരറ്റു മുരടിച്ചുപോകുന്ന ഈ സന്ദർഭത്തിൽ കഥകളുടെ ലോകം എങ്ങനെ തുറക്കാനാണ്. മഞ്ജുവിനും ഒരു കഥയും അറീയില്ല.

ഞാൻ പഴമയിലേക്ക് കണ്ണോടിച്ചു, പഴയ പുസ്തകങ്ങൾ തപ്പിനോക്കി, പൈതൃകമായി അവൾക്കായി ഇക്കൂട്ടത്തിൽ വേണ്ടതൊക്കെ നിക്ഷേപിക്കണം എന്നൊരു മോഹമുദിച്ചു. പലപാടും തപ്പിയപ്പോൾ ചില കഥകളുടെ വാലറ്റം ശ്രദ്ധയിൽ പെട്ടു. അതൊക്കെ പറഞ്ഞുകൊടുക്കാനായി ചില മാറ്റങ്ങളൊക്കെ വരുത്തേണ്ടി വന്നു. പണ്ട് ചെറുവത്തൂരു നിന്നും വല്യമ്മയും ഇളയമ്മമാരും പറഞ്ഞു തന്ന കഥകളൊക്കെ എവിടെയൊക്കെ വന്ന് എത്തിനോക്കി പോകുന്നതുപോലെ ഒരനുഭവം. എന്തായാലും ഇതൊക്കെ കേട്ട് സുന്ദരമയി ഉറങ്ങുവാൻ ആത്മികയ്ക്ക് പറ്റുന്നു എന്നത് ഏറെ ഹൃദ്യമാക്കിയ സന്ദർഭങ്ങളായിരുന്നു ഇവയൊക്കെ.

ഇന്നലെ സിംഹത്തിന്റെ കഥപറഞ്ഞു. കഥ പഴയതുതന്നെ. കാട്ടിലെ രാജാവായിരുന്നു സിംഹം! ഒരിക്കൽ സിംഹം കാട്ടിലൂടെ രാജകീയമായി നടക്കുമ്പോൾ ഒരു കിണർ കണ്ടു. ഇതെന്താ ഇത്രവലിയ കുഴിയെന്നു കരുതി കിണറിലേക്ക് എത്തിവലിഞ്ഞു നോക്കിയ സിംഹം ഞെട്ടിപ്പോയി!! അതാ മറ്റൊരു സിംഹം കിണറ്റിൽ നിന്നും ഈ രാജാവനെ നോക്കുന്നു!! സിംഹം പല്ലുകൾ പുറത്തു കാണിച്ച് അതിനെ ഒന്നു പേടിപ്പിക്കാൻ ശ്രമിച്ചു!! പക്ഷേ അതേ ഭാവം തന്നെ ആ കിണറ്റിലെ സിംഹവും കാണിക്കുന്നു!! അതിയായ കോപം പൂണ്ട കരയിലെ സിംഹം കണ്ണുരുട്ടി മീശ വിറപ്പിച്ച് വാലു ചുരുട്ടിശക്തി പ്രകടിപ്പിച്ചു! ഇതൊക്കെ അതേപടി കിണറ്റിനകത്തെ സിംഹവും കാണിക്കുന്നു… കരയിലെ സിംഹം ദേഷ്യം സഹിക്കാനാവാതെ അത്യുച്ചത്തിൽ അക്രോശിച്ചു.. കാടുമൊത്തം നടുങ്ങിവിറച്ചു! പക്ഷേ, അതേ ആക്രോശം തന്നെ കിണറ്റിലെ സിംഹവും പുറപ്പെടുവിപ്പിച്ചു… കിണറിന്റെ മൺഭിത്തിയിൽ തട്ടി ആ ആക്രോശം പ്രതിധ്വനിച്ചു… കരയിലെ സിംഹം വരെ ഒന്നു വിരണ്ടുപോയി! ഞാനിവിടെ രാജാവായി നിൽക്കുമ്പോൾ മറ്റൊരു സിംഹമോ ഇവിടെ! പാടില്ല… മനുഷ്യർക്കൊന്നും ചേരാത്തെ മൃഗീയ വാസനകൾ രാജാവിൽ കുമിഞ്ഞു കൂടി. രാജാവ് മനുഷ്യനായിരുന്നെങ്കിൽ മറ്റൊരു രാജാവിനെ കണ്ടാൽ സ്നേഹത്തോടെ വിളിച്ചിരുത്തി ഒരു പരിചാരകനെ പോലെ ശുശ്രൂഷിക്കുമായിരുന്നു. കോപം പൂണ്ട കരയിലെ സിംഹം കിണറ്റിലെ സിംഹത്തെ ആക്രമിക്കാനായി കിണറിലേക്ക് എടുത്തു ചാടി!! വെള്ളത്തിൽ വീണുകഴിഞ്ഞപ്പോൾ മറ്റേ സിംഹത്തെ കാണാനില്ല! കരയിൽ നിന്നും നോക്കിയപ്പോൾ കണ്ട പ്രതിബിംബം മാത്രമായിരുന്നു അത്. ആമീസ് മുഖം കഴികാൻ പോവുമ്പോൾ ബക്കറ്റിൽ നോക്കിയാൽ ഇതുപോലെ ആമീസിന്റെ മുഖം കാണില്ലേ. ആമീസ് കണ്ണാടിയിൽ നോക്കി ചിരിക്കുമ്പോൾ കണ്ണാടി ആമീസിനോട് ചിരിക്കാറില്ലേ അതു തന്നെ സംഗതി! കിണറ്റിൽ വീണ സിംഹം നീന്തി സൈഡിൽ കുനിഞ്ഞിരുന്ന് കരയാൻ തുടങ്ങി. ആരെങ്കിലും വന്ന് രക്ഷിക്കണേ എന്ന് കരഞ്ഞോണ്ടിരുന്നു. ഒരു ആനക്കൂട്ടം അതുവഴി പോയപ്പോൾ ഈ കരച്ചിൽ കേൾക്കാനിടയായി. ആന സിംഹത്തേക്കാൾ വലുതല്ലേ, ആമീസിനെ പോലെ ശക്തിമാൻ!! വലിയൊരു മരം പിഴുതെടുത്ത് കിണറ്റിലേക്ക് വെച്ചു കൊടുത്തു. സിംഹം പതുക്കെ വീഴാതെ മരത്തിലൂടെ കരയ്ക്കണഞ്ഞു. ഇതായിരുന്നു ഒരു കഥ. ആത്മികയ്ക്ക് വേണ്ടി അല്പസ്വല്പമാറ്റങ്ങളൊക്കെ വരുത്തി എന്നതേ വ്യത്യാസം ഉള്ളൂ.

ആത്മിക എന്നിട്ടും ഉറങ്ങിയില്ല. ആനയുടെ പേരെന്താ അച്ഛാ? അവരൊക്കെ ഏത് സ്കൂളിലാ പഠിക്കുന്നേ എന്നൊക്കെയായിരുന്നു പിന്നീടുള്ള അവളുടെ ചോദ്യാവലികൾ.

ഞാൻ അത് തീർത്ത് രണ്ടാമത്തെ കഥയിലേക്ക് കടന്നു! ഇവിടെയായിരുന്നു ഞാൻ വലഞ്ഞു പോയത്. ആമയും മുയലും തമ്മിലുള്ള ഓട്ടമത്സരമായിരുന്നു കഥാവിഷയം. വിശദീകരണമൊക്കെ അല്പം മുഴച്ചു നിന്നിരുന്നു. നല്ലൊരു ഗ്രൗണ്ട് വേണമല്ലോ ഇവർക്ക് ഓട്ടമത്സരം നടത്താൻ, കാണാൻ മൃഗങ്ങളും വേണം. എല്ലാവരേയും പരിചയപ്പെടുത്തി, നായകർ ഓട്ടം തുടങ്ങി. ആമ പതുക്കയേ ഓടൂ; മുയൽ വേഗത്തിൽ ഓടും എന്നൊക്കെ പറഞ്ഞപ്പോൾ ആത്മിക സമ്മതിക്കുന്നില്ല; അല്ലച്ഛ അങ്ങനെ അല്ല എന്നവൾ പറയുന്നു. പക്ഷേ, കഥ അങ്ങനെ മാറ്റാൻ പറ്റില്ല. ആമ ജയിക്കുന്നതല്ലേ അതിലെ കൗതുകം തന്നെ! ആത്മിക എന്റെ നെഞ്ചിൽ നിന്നും എണീറ്റ് കട്ടിലിനു താഴെ ഇറങ്ങി… റൂമിലൂടെ ഓട്ടമായി… എന്നിട്ട് പറഞ്ഞു അച്ഛാ എനിക്ക് ഇങ്ങനെ ഓടാനൊക്കെ പറ്റും എന്ന്!!

അന്നേരമാണു സംഗതി എനിക്ക് കത്തിയത്. ആമ വളരെ പതുക്കെ ഓടുന്നു, നടക്കുന്നതു പോലെ എന്നൊക്കെ പറഞ്ഞപ്പോൾ ആത്മിക കേട്ടത് ആമി പതുക്കെ ഓടുന്നു എന്നായിപ്പോയി. മത്സരം ആമീസും മുയലും തമ്മിലുള്ളതായി അവൾ കരുതി. അവൾ പതുക്കെ മാത്രമേ ഓടുന്നുള്ളൂ എന്നതിന്റെ സങ്കടമാണ് ഈ കണ്ടത്!!

ആമ എന്നത് അവൾക്ക് പഠിക്കാനൊക്കെ ഉണ്ടെങ്കിലും മലയാളവാക്കവൾ കേട്ടിട്ടില്ല. ആമ എന്താണെന്ന് വിശദീകരിക്കേണ്ടി വന്നു. അതിന്റെ ഇംഗ്ലീഷ് വാക്കാണെങ്കിൽ കിട്ടുന്നുമില്ല. ഞാനാകെ വലഞ്ഞു.. പിന്നെ പറഞ്ഞു മോളേ, പുറത്ത് തോടു പോലെ ഒരു സംഗതിയുള്ളതും കൈയ്യും കാലും തലയും മാത്രം പുറത്തു കാണുന്നതുമായ ഒരു ചെറിയ ജീവിയാണ് ആമ. എന്നു പറഞ്ഞപ്പോൾ അവൾ പറഞ്ഞു അച്ഛാ അത് tortoise അല്ലേ!! ഞാൻ വീണ്ടും പെട്ടു. tortoise ഉം ആമയും ഒന്നാണോ എന്നറിയാൻ എണിറ്റ് പോയി കമ്പ്യൂട്ടർ തുറന്ന് നെറ്റ് കണക്റ്റ് ചെയ്ത് ഗൂഗിൾ ചെയ്തു നോക്കണം! ഇനി tortoise തന്നെയായിരിക്കുമോ ഈ ആമ!! ഞാൻ പറഞ്ഞു ആമയ്ക്ക് ഒരു ഇംഗ്ലീഷ് പേരും ഉണ്ട് മോളേ, അച്ഛനത് നാളെ പറഞ്ഞുതരാം. മോളിപ്പം ആമ എന്ന് കേട്ടാൽ മതി.

ഈ അച്ഛന് ഒന്നു അറിയില്ല; അത് tortoise തന്നെയച്ഛാ എന്നായി അവൾ. തെറ്റാണെങ്കിൽ അത് ഞാനായിട്ട് ആമീസിന്റെ മനസ്സിൽ ഉറപ്പിക്കാൻ പാടില്ലാത്തതാണ്. ശരിയാണെങ്കിൽ കെട്ടിപ്പിടിച്ച് ഒരുമ്മ കൊടുത്ത് അതുതന്നെ മോളേ എന്നു പറയേണ്ടതാണ്; ഞാനിപ്പോൾ ഇടയിലാണ്. ഇംഗ്ലീഷറീയാത്തതിൽ ഞാൻ ആമീസിനോടു സോറി പറഞ്ഞപ്പോൾ അവൾ തർക്കിക്കാതെ ആമ എന്നു തന്നെ സമ്മതിച്ചു തന്നു. ആമ പതുക്കെ നടന്നതും മുയൽ ഓടിപ്പോയി മരത്തിന്റെ ചുവട്ടിൽ ഉറങ്ങുന്നതും, ആമ അടുത്തെത്തിയത് അറിയുമ്പോൾ വീണ്ടും ഓടിപ്പോയി അടുത്ത മരത്തിന്റെ ചുവട്ടിൽ ഉറങ്ങുന്നതും, അവസാനം ആമ ശബ്ദമുണ്ടാക്കാതെ നടന്ന് മത്സരത്തിൽ ജയിക്കുന്നതും കഴിഞ്ഞ പ്രാവശ്യം ആമീസ് സ്കൂളിൽ നിന്നും ഒന്നാം റാങ്ക് കിട്ടിയപ്പോൾ നേടിയതുപോലെ ട്രോഫിയും സർട്ടിഫിക്കേറ്റും കാട്ടിലെ രാജാവ് ഒരു സിംഹം വന്നു കൊടുക്കുന്നതും ഒക്കെ പറഞ്ഞ് കഥ ഞാൻ അവസാനിപ്പിച്ചു. മെല്ലെ ആമീസ് എന്നെ കെട്ടിപ്പിടിച്ച് ഉറങ്ങിപ്പോയി…

രാവിലെ എണിറ്റപ്പോൾ ഞാനാദ്യം നോക്കിയത് tortoise എന്താണ് എന്നതായിരുന്നു! ആമ തന്നെ. ഒരു ജീവിയുടെ ഇംഗ്ലീഷ് പേരു ഞാനും കഥയിലൂടെ പഠിച്ചെടുത്തു എന്നു പറയാം. tortoise നെ മറക്കാനാവില്ല.

×

Hello!

താഴെ കാണുന്ന വാട്സാപ്പ് ഐക്കൺ ക്ലിക്ക് ചെയ്യുകയോ ഈ മെയിൽ ഐഡിയിലേക്ക് മെയിൽ അയക്കുകയോ ചെയ്യുക.

രാജേഷ് ഒടയഞ്ചാൽ

×
Verified by MonsterInsights