Skip to main content

സഖാവ്

Sakhav, SAM MATHEW, ARYA DAYAL
കവിത കേൾക്കുക:[ca_audio url=”https://chayilyam.com/stories/poem/Sakhavu.mp3″ height=”27″ css_class=”codeart-google-mp3-player” autoplay=”false”]
നാളെയി പീതപുഷ്പങ്ങൾ കൊഴിഞ്ഞിടും
പാതയിൽ നിന്നെ തിരഞ്ഞുറങ്ങും (2)
കൊല്ലപ്പരീക്ഷയെത്താറായ് സഖാവേ
കൊല്ലം മുഴുക്കെ ജയിലിലാണോ…? (2)

എന്റെ ചില്ലയിൽ വെയിലിറങ്ങുമ്പോൾ
എന്തുകൊണ്ടോ പൊള്ളിടുന്നിപ്പോൾ (2)
താഴെ നീയുണ്ടായിരുന്നപ്പോൾ
ഞാനറിഞ്ഞില്ല വേനലും വെയിലും (2)
നിന്റെ ചങ്കുപിളർക്കുന്ന മുദ്രാ-
വാക്യമില്ലാത്ത മണ്ണിൽ മടുത്തു ഞാൻ (2)

എത്രകാലങ്ങളായ് ഞാനീയിട
ത്തെത്ര പൂക്കാലമെന്നെ തൊടാതെപോയ് (2)
നിന്റെ കൈപ്പട നെഞ്ചിൽ പടർ‌ന്ന നാൾ
എന്റെ വേരിൽ പൊടിഞ്ഞു വസന്തം (2)
നീ തനിച്ചിരിക്കാറുള്ളിടത്തെന്റെ
പീത പുഷ്പങ്ങളാറി കിടക്കുന്നു… (2)

കാരിരുമ്പഴിക്കുള്ളിൽ കിടന്നു നീ
എന്റെ പൂവിൻ ഗന്ധം കുടിക്കണം (2)
നിന്റെ ചോരക്കണങ്ങളാണെന്നിൽ
പീതപുഷ്പങ്ങളൊക്കെ തൊടുത്തതും (2)
ആയുധങ്ങളാണല്ലോ സഖാവേ
നിന്റെ ചോരചൂടാൻ കാത്തിരുന്നതും (2)

തോരണങ്ങളിൽ സന്ധ്യ ചേക്കേറുന്നു
പൂമരങ്ങൾ പെയ്തു തോരുന്നു (2)
പ്രേമമായിരുന്നെന്നിൽ സഖാവേ
പേടിയായിരുന്നെന്നും പറഞ്ഞിടാന്‍ (2)
വരും ജന്മമുണ്ടെങ്കിലീ പൂമരം
നിന്റെ ചങ്കിലെ പെണ്ണായ് പിറന്നിടും (2)

നാളെയി പീതപുഷ്പങ്ങൾ കൊഴിഞ്ഞിടും
പാതയിൽ നിന്നെ തിരഞ്ഞുറങ്ങും

കൊല്ലപ്പരീക്ഷയെത്താറായ് സഖാവേ
കൊല്ലം മുഴുക്കെ ജയിലിലാണോ…? (2)

ആഹവധ്വനി

സംഗരശബ്ദങ്ങൾ ദൂരെ മുഴങ്ങുന്നു
സന്നദ്ധസേനയായ് മുന്നോട്ടടുക്ക നാം.
അന്തിയാവോളം പണിയുന്ന പാവങ്ങ-
ളഞ്ജ്നാംഭസ്സിങ്കലാപ്ലവം ചെയ്യുന്നു.

എന്തിനു പട്ടിണി കൊണ്ടു കഴിയുന്നു
എന്തിന്നു ജീവിതം പാടെയുഴലുന്നു
ജീവിതം സർവ്വദാ രോദിച്ചിടാനല്ല
കേവലം കർത്തവ്യകർമ്മത്തിനുള്ളതാം…

സംഗരശഹ്ദങ്ങൾ ദൂരെ മുഴങ്ങുന്നു
സന്നദ്ധസേനയായ് മുന്നോട്ടടുക്ക നാം!

ഇന്നു നാം കാണുന്ന മാളികയോരോന്നു-
മിന്ദ്രജാലം കൊണ്ടു പൊന്തിച്ചു ജന്മികൾ

മന്ദരാം മാനുഷർ മേടയിൽ വാഴുന്നു
യാചനം ചെയ്യുന്നു പാവങ്ങൾ വീഥിയിൽ;

നിദ്രയെ കൈവിട്ടു വേഗമുണരുവിൻ
നവ്യജഗത്തിനെ സൃഷ്ടിക്ക സത്വരം

സംഗരശബ്ദങ്ങൾ ദൂരെ മുഴങ്ങുന്നു
സന്നദ്ധസേനയായ് മുന്നോട്ടടുക്ക നാം!!

1937 ആഗസ്റ്റ് 30 നു പബ്ലിഷ് ചെയ്ത മാതൃഭൂമി ആഴ്ചപതിപ്പിലെ ബാലപംക്തിയിൽ ഇ. കെ. നായനാർ തന്റെ 19 ആം വയസ്സിൽ എഴുതിയ കവിത.
EK Nayanar, Ahavadhvani
സഖാവ് ഇ. കെ. നായനാർ – ആഹവധ്വനി
×

Hello!

താഴെ കാണുന്ന വാട്സാപ്പ് ഐക്കൺ ക്ലിക്ക് ചെയ്യുകയോ ഈ മെയിൽ ഐഡിയിലേക്ക് മെയിൽ അയക്കുകയോ ചെയ്യുക.

രാജേഷ് ഒടയഞ്ചാൽ

×
Verified by MonsterInsights