അവിശ്വസിനീയമായി തോന്നിയ ഒരു സംഗതി നടന്നു. സ്ഥലത്തിൻ്റെ രജിസ്ട്രേഷനുമായി ബന്ധപ്പെട്ട് തൃക്കരിപ്പൂരിലായിരുന്നു ഒരുദിനം (march 25, 2023) മൊത്തം. ആധാരം എഴുതിയ അമ്പാടിസാറുമായി ചുരുങ്ങിയ സമയം കൊണ്ടു നല്ലൊരു ബന്ധം ഉണ്ടാക്കിയെടുത്തിരുന്നു. കാര്യങ്ങൾ ഒക്കെയും ഭംഗിയായി കഴിഞ്ഞ ശേഷം, ഞങ്ങൾ വെറുതേ പുസ്തകങ്ങളെ കുറിച്ചും ലൈബ്രറിയെക്കുറിച്ചും ഫോക്ക് ആർട്ടുകളേപ്പറ്റിയും സംസാരിച്ചിരിക്കുമ്പോൾ, ഒരാൾ ഒരു ശൂന്യമായ മുദ്രപ്പേപ്പറുമായി അവിടേക്കു വന്നു.
അമ്പാടിസാർ കാര്യം ചോദിച്ചു. അയാൾ അപ്പോൾ തന്നെ ഫോൺ എടുത്ത് ആരെയോ വിളിച്ചു. എന്നിട്ട് സാറിൻ്റെ കയ്യിലേക്ക് ഫോൺ കൊടുത്തു. സംസാരം മൊത്തം ഞാനും കേട്ടു.
അമ്മയാണു വിഷയം. അമ്മയ്ക്കു നാലു മക്കൾ ഉണ്ട്; അച്ഛൻ ഇല്ലെന്നു തോന്നുന്നു. രണ്ടാണും രണ്ടു പെണ്ണും ആണു മക്കൾ. അമ്മയുടെ കൈയ്യിൽ ഉള്ള സ്ഥലം മൊത്തം 4 മക്കളും തുല്യമായി വീതിച്ചെടുത്തിരുന്നു. അല്പസ്ഥലം അമ്മയുടെ പേരിലും ഉണ്ട് – അമ്മയുടെ മരണശേഷം, ഒരു മകൾക്കാണ് ആ സ്ഥലത്തിനവകാശം എന്നെഴുതിവെച്ചിട്ടുണ്ട് – എന്നുവെച്ച് ആ മകൾ, നിലവിൽ അമ്മയെ നോക്കുന്നില്ല.
പ്രായമായ അമ്മയെ നോക്കിയേ തീരൂ, ആരു നോക്കും! നാലുമക്കൾക്കും അവകാശപ്പെട്ടതല്ലേ ആ ശരീരം. കാലം തികയ്ക്കാനായി ആ ശരീരം സൂക്ഷിക്കാനായി നാലുമക്കൾക്കും ഒരു എഗ്രിമെൻ്റ് ആവശ്യമാണിപ്പോൾ! അതിനാണ്, ഒന്നുമില്ലാത്ത ആ മുദ്രപ്പത്രം കൊടുത്തു വിട്ടിരിക്കുന്നത്!!
ആ മകൾ നോക്കുന്നില്ലെങ്കിൽ, അവർക്കായി മാറ്റിവെച്ചിരിക്കുന്ന സ്ഥലം പിൻവലിച്ച്, മറ്റൊരാളത് ഏറ്റെടുത്ത്, ഇങ്ങനെ എഗ്രിമെൻ്റ് എഴുതാത്ത വിധം തന്നെ അമ്മയെ നോക്കാൻ പാടില്ലേ, ഇനി അഥവാ എഗ്രിമെൻ്റ് എഴുതിയാൽ തന്നെ, നിങ്ങൾ അമ്മയെ നോക്കും എന്താണിത്ര ഉറപ്പ്, വിലയുള്ള ഒരു വസ്തുവിനെ അടിസ്ഥാനപ്പെടുത്തിയല്ലേ എഗ്രിമെൻ്റ് എഴുതേണ്ടത്? എന്നൊക്കെ അമ്പാടിസാർ ചോദിക്കുന്നതു കേട്ടു…
കൂടുതൽ ഇക്കാര്യം പഠിക്കേണ്ടതുണ്ടെന്നോ മറ്റോ പറഞ്ഞ് തൽക്കാലം ആ ദൂതനെ തിരികെ വിട്ടെങ്കിലും, ആ ഒരു അവസ്ഥയെക്കുറിച്ചുള്ള ആലോചനയിൽ ആയിരുന്നു ഞാൻ! ആ അമ്മയിപ്പോൾ എവിടെയാവും ഉണ്ടാവുക… എന്തൊക്കെ ചിന്തകളിലാവും അവരിപ്പോൾ ജീവിക്കുന്നുണ്ടാവുക! ഭീകരമായി തോന്നി എനിക്കീ അവസ്ഥ!