പെൺകുട്ടികളുടെ കോൽക്കളി

ഇരിയ ധർമ്മശാസ്താ ക്ഷേത്രത്തിൽ നടന്ന പെൺകുട്ടികളുടെ കോൽക്കളി. 2022 ജൂലൈ 3 ഞായറാഴ്ച രാത്രിയിൽ ആയിരുന്നു അവതരണം. ശ്രീ വി പി കൃഷ്ണൻ പരിശീലനം നൽകിയ ഇളം തലമുറയിൽപ്പെട്ട പെൺകുട്ടികൾ അവതരിപ്പിച്ച കോൽക്കളിയാണിത്. യാതൊരു വിധ പ്രതിഫലവും കൂടാതെ കഴിഞ്ഞ അമ്പതു വർഷത്തോളമായി കോൽക്കളി പഠിപ്പിച്ചുവരികയാണിദ്ദേഹം. മടിക്കൈ നന്മ നാടൻ കലാവേദി എന്ന പേരിലാണ് ഇദ്ദേഹം ഇപ്പോൾ കോൽക്കളി പഠിപ്പിക്കുന്നത്.

കളരിയഭ്യാസവുമായും പൂരക്കളിയുമായും അഭേദ്യ ബന്ധം കോൽക്കളിക്കുണ്ട്. കളിയിൽ പ്രയോഗത്തിലുള്ള ചുവടുകളും മെയ്യഭ്യാസമുറകളും കളരിയില്‍ നിന്നും പകർത്തിയതാണെന്നു പറയാം. കോൽക്കളിയില്‍ പ്രചാരത്തിലുള്ള വന്ദനം, കളി തൊഴല്‍, ചിന്ത് തുടങ്ങിയ രീതികൾ പൂരക്കളിയിലും പ്രയോഗത്തില്‍ ഉള്ളവയാണ്. അങ്കക്കളരിയിലെ വായ്ത്താരിയും അവയുടെ താളവും കോൽക്കളിപ്പാട്ടുകളേയും താളക്രമങ്ങളേയും കാര്യമായി സ്വാധീനിച്ചിട്ടുണ്ട്.

കോൽക്കളിയിൽ നീണ്ട കാലത്തെ പാരമ്പര്യം അവകാശപ്പെടാവുന്ന പ്രദേശമാണ് പയ്യന്നൂർ. പയ്യന്നൂരിലെ ആനിടില്‍ രാമൻ എഴുത്തച്ഛൻ ഭക്തിരസപ്രധാനമായ ഒട്ടേറെ കോൽക്കളി ഗാനങ്ങൾ എഴുതിയിട്ടുണ്ട്. കലാശപ്പാട്ട് എന്ന കൃതി ഇതിൽ ശ്രദ്ധേയമാണ്. എതാണ്ടു 150 വർഷം മുമ്പ് എഴുതിയ ഈ കൃതിയിലെ പാട്ടുകൾ കോൽക്കളിക്കായി എഴുതിയതാണെന്ന് പാട്ടിൽ തന്നെ വ്യക്തമാക്കുന്നുണ്ട്. സമീപകാലത്ത് മലയാള കവിതകളും മറ്റും കോൽക്കളിക്കനു രിച്ച് ചിട്ടപ്പെടുത്തി പാടാറുണ്ട്. വള്ളത്തോളിന്റെയും കുമാരനാശാന്റെയും കവിതകള്‍ ധാരാളമായി ഉപയോഗിച്ചു വരുന്നുണ്ട്. സാക്ഷരതാപ്രവര്‍ത്തനങ്ങളുടെ കാലയളവിൽ പ്രചരണത്തിനായി ധാരാളം പുതിയ കവിതകളും കോൽക്കളിക്കായി ഉപയോഗിച്ചിരുന്നു.ആകർഷകമായ രീതിയിൽ കളി അവതരിപ്പിക്കുന്ന യുവാക്കളുടെ കളിസംഘങ്ങള്‍ പയ്യന്നൂരിലും പരിസരപ്രദേശങ്ങളിലും ധരാളമുണ്ട്.

മുമ്പു കാലത്ത് സ്ത്രീകളും കോല്‍ക്കളിയില്‍ സജീവമായി പങ്കെടുത്തിരുന്നു. സ്ത്രീകൾ അവതരിപ്പിക്കുന്ന കോൽക്കളി കോലാട്ടമെന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. നർത്തനത്തിന് ഊന്നൽ നൽകിക്കൊണ്ടുള്ള കളികളാണ് കോലാട്ടത്തിന്റെ പ്രത്യേകത. അപൂർവമായി ഇന്നും സ്ത്രീകളുടെ കളി സംഘങ്ങൾ ഉണ്ട്.

അവഹേളനം അനുഷ്ഠാന രൂപങ്ങളിലൂടെ…

ആചാരാനുഷ്ഠാനങ്ങൾ ഒക്കെയും തന്നെ നമ്മുടെ സംസ്കാരവുമായി ഏറെ ബന്ധപ്പെട്ടു കിടക്കുന്നവയാണ്. ഒരു പ്രത്യേക ചട്ടക്കൂടി ഒരുക്കിയെടുത്തവയാണവ. തിരുവാതിരക്കളിയോ കോൽക്കളിയോ പൂരക്കളിയോ തെയ്യമോ വെളിച്ചപ്പാടോ അനുഷ്ഠാനങ്ങൾ എന്തുമാവട്ടെ, അതൊക്കെയും ആചരിക്കേണ്ടുന്നതിനും അനുഷ്ഠിക്കേണ്ടതിനും കൃത്യമായ സമയവും വിധികളുമുണ്ട്. ആ ഒരു ചുറ്റുപാടിൽ നിന്നും കണ്ടാൽ മാത്രമേ അവയൊക്കെയും രസകരവും മഹത്തരമാവുന്നുള്ളൂ. നാടിന്റെ പൂർവ്വകാല മഹിമയാണിവയൊക്കെയും. അത് ഉപജീവിനമാർഗമായി കരുതി കളങ്കം വരാതെ പരിപാലിക്കുന്ന സമുദായങ്ങൾ പോലും ഉണ്ട്. ഇത്തരത്തിലുള്ള ഒരുകൂട്ടം ആൾക്കൂട്ടത്തിന്റെ വികാരവും വിചാരവും ആണത്. അങ്ങനെയൊരു പുണ്യത്തെ പാരഡിപ്പാട്ടുകലെഴുതി എതിരാളികളെ കളിയാക്കാനും പോരാളി വീരന്മാരായ നേതാക്കൾക്ക് കീജെയ് വിളിക്കാനും ഉപയോഗപ്പെറ്റുത്തി തെരുവോരങ്ങളിൽ ആടി തിമിഅർക്കുക എന്നത് ആ അനുഷ്ഠാനങ്ങളോടുള്ള അവഹേളനം മാതമാണ്.

വഴിയരികിൽ കൂട്ടം ചേർന്ന്, വ്യക്തിപൂജ വിളിച്ചോതുന്ന പടപ്പാട്ടുകളിലൂടെ ആടിപ്പാടി നിരവധി അനുഷ്ഠാനരൂപങ്ങളുടെ മഹനീയതയെ ഹനിക്കുന്നതു ഈയടുത്തു കാണാനിടയി. തെരഞ്ഞെടുപ്പിനായി വോട്ടു ചോദിക്കാനും, മത്സരാർത്ഥിയുടെ മഹനീയത വെളിവാക്കാനും, എതിരാളികളെ തെറിപറയാനും ആയത് ഉപയോഗപ്പെടുത്തി. അവർക്കതൊരു പരസ്യപ്പലക മാത്രമാവുന്നു; പക്ഷേ അതു മൂലം ഇല്ലാതാവുന്നത് മഹനീയമായ നമ്മുടെ സാംസ്കാരി തിരുശേഷിപ്പുകൾ തന്നെയാണ്. വാഹന പ്രചരണങ്ങളിൽ ബിംബങ്ങളായും, സമ്മേളന ജാഥകളിൽ ചെണ്ട കൊട്ടി എഴുന്നെള്ളിച്ചും തെരുവോരങ്ങളിൽ കോൽക്കളി കളിച്ചും വെളിച്ചാപ്പാടുകളായി വാളെടുത്ത് ആടിയുറഞ്ഞ് വോട്ടു ചോദിച്ചും പൂരക്കളിയിലൂടെ പതം പറഞ്ഞു പാടിയും അവർ അവഹേളിക്കുന്നതു നമ്മുടെ സാംസ്കാരിക മഹിമയെയല്ലാതെ മറ്റെന്തിനെയാണ്? ഇവർക്ക് പരസ്യം വിളിച്ചോതാൻ കെട്ടിയൊരുക്കി വെച്ചതാണോ നമ്മുടെ അനുഷ്ഠാന വിശേഷങ്ങൾ ഒക്കെയും?

ഇതിനെതിരെ പ്രതികരിക്കാൻ അത്തരം ആചാരാനുഷ്ഠാനങ്ങൾ പരിപാലിക്കുന്ന കൂട്ടായ്മയുടെ ശബ്ദമില്ലാതായത് എന്തുകൊണ്ടാണ്? അതിൽ പെട്ടവർ തന്നെ ഇത്തരം പ്രഹസനങ്ങൾക്കു മുൻപന്തിയിൽ നിൽക്കുന്നതാണോ കാരണം? ഒരു സംസ്കാരത്തെ ഇങ്ങനെ ഇല്ലായ്മ ചെയ്യാൻ കഴിഞ്ഞേക്കും; മറിച്ച് അതൊരു മതപരമായ ചടങ്ങായിരുന്നെങ്കിൽ കാണാമായിരുന്നു ഇവിടെ നടക്കുന്ന യുദ്ധങ്ങൾ. തെരുവോരത്ത്, അതേപോലെ വേഷവിധാനങ്ങൾ കെട്ടിയൊരുക്കി ഒരു കുംബസാരം നടത്തി തങ്ങളുടെ ആരാധ്യപുരുഷനെ വാഴ്ത്തിപ്പാടാൻ ഇവർക്ക് കഴിയുമോ? പള്ളികൾക്കകത്തു വെച്ചു നടത്തുന്ന ഏതേലും സംഗതികൾ പാർട്ടിക്കാർ, തിരുവസ്ത്രം അണിഞ്ഞ് വഴിയോരങ്ങളിൽ വെച്ചും വിവിധ വേദികളിൽ വെച്ചും ഇമിറ്റേറ്റ് ചെയ്ത് അവതരിപ്പിക്കുമോ? എന്തുകൊണ്ട് അതിനുള്ള ധൈര്യമിവർക്കില്ലാതെ വരുന്നു?