
#MeToo
ആറാം ക്ലാസിലൊക്കെ പഠിക്കുമ്പോൾ ഞാൻ ഒറ്റയ്ക്ക് ചെറുവത്തൂരിലേക്ക് പോവുമായിരുന്നു. 20 കിലോമീറ്റർ അപ്പുറമുള്ള കാഞ്ഞങ്ങാട് എത്തിയാൽ ഒരു കറക്കമുണ്ട്! ഒടയഞ്ചാലിൽ നിന്നും കാഞ്ഞങ്ങാടേക്ക് 4:50 രൂപയായിരുന്നു അന്നു ബസ്സ് ചാർജ്. (ഇപ്പോൾ 20 രൂപയോ മറ്റോ ആകണം.) കാഞ്ഞങ്ങാട് എത്തിയാൽ ബാലമംഗളം, ബാലരമ, പൂമ്പാറ്റ, മുത്തശ്ശി, അമർചിത്രകഥകൾ ഒക്കെ വാങ്ങൽ ഒരു കലാ പരിപാടിയായിരുന്നു. പിന്നെ ഒരു ഫ്രൂട്സലാട്ട് കഴിക്കും. അന്നതിന് 2 രൂപയോ 2:50 ഓ വില വന്നിരുന്നു. (ഇന്നിപ്പോൾ 125 ഓളം വിലവരുന്നു). വല്ലപ്പോഴും കിട്ടുന്ന അവസരം മാക്സിമം ആസ്വദിക്കുക എന്നതായിരുന്നു അന്നൊക്കെ.
കാഞ്ഞങ്ങാട് റോഡ്സൈഡിൽ തൈലം/കുഴമ്പ്, ഒക്കെ വിൽക്കുന്നയാൾ തൈലത്തിൽ തീ ഒക്കെ കൊടുത്ത് മാജിക്ക് കാണിക്കുന്ന ഒരു സംഗതി ഇടയ്ക്കൊക്കെ ഉണ്ടാവാറുണ്ട്. കാണാൻ നല്ല തിരക്കാവും. എല്ലാവരും ചുറ്റും കാണും ഇടിച്ചു കേറികാണണം. ചിലരൊക്കെ വാങ്ങിക്കും. എനിക്കതൊക്കെ അന്ന് കൗതുകമായിരുന്നു. കൗതുകം ഇന്നും പലതിനോടുണ്ട്. മാറി മാറി വരുന്നു എന്നേ ഉള്ളൂ.
ഒരിക്കൽ ഞാനങ്ങനെ നിൽക്കുമ്പോൾ എന്റെ മുമ്പിൽ ഒരു വൃദ്ധൻ ഇക്ക നിൽപ്പുണ്ടായിരുന്നു. തലയിൽ ഒരു തൂവാല കൊണ്ട് കെട്ടിയ പകുതി കഷ്ടണ്ടിത്തലയൻ. അയൾ മെല്ലെ പുറകിൽ കൈ കെട്ടിവെച്ചു. ഞാനന്ന് ട്രൗസറിട്ട് സ്കൂളിൽ വരുന്ന കാലമായിരുന്നു. അയാൾ മെല്ലെ എന്റെ മറ്റേ സൂത്രത്തിൽ തലോടാൻ തുടങ്ങി. എനിക്കും ഒരു സുഖം. ഞാൻ അനങ്ങാതെ നിന്നു. അയാൾ സിബ് മെല്ലെ ഊരി. മ്മളെ ചങ്ങായി വടിയായി നിൽക്കുന്നു 🤓 സംഗതി സീരിയസ്സായപ്പോൾ അയാൾ മുഖത്തേക്കു നോക്കി, കൈയ്യിൽ പിടിച്ചു സൈഡിലേക്ക് വലിച്ചു … ഞാൻ കൂട്ടാക്കിയില്ല. പേടി തോന്നി. സിബിട്ട് ഓടിപ്പോയി ചെറുവത്തേരേക്കുള്ള ബസ്സിൽ കേറിയിരുന്നു… #കുഞ്ഞിക്കുട്ടൻ ശാന്തമായുറങ്ങുകയായിരുന്നു അപ്പോൾ…
……….. ………….. ………….
സെന്റ് പയസ്സിൽ ഡിഗ്രിക്കു പഠിക്കുന്ന കാലത്ത് ഇന്റെർകോളേജിയേറ്റ് സാഹിത്യ സെമിനാർ കാസർഗോഡ് ഗവണ്മെന്റ് കോളേജിൽ വെച്ചുണ്ടായിരുന്നു. കോളേജിൽ നിന്നും ഞാനും മറ്റൊരു പയ്യനുമായിരുന്നു പോകാൻ തെരഞ്ഞെടുക്കപ്പെട്ടവർ; പോയത് ഞാൻ മാത്രവും. മറ്റേ പുള്ളിക്കാരൻ എന്തോ അസൗകര്യം കാരണം വന്നില്ല. ബാലചന്ദ്രൻ ചുള്ളിക്കാടും മറ്റും വന്നൊരു ത്രിദിനക്യാമ്പ് ആയിരുന്നു അത്. 27 കോളേജുകളിൽ നിന്നായി, ഒരു കേളേജിൽ നിന്നും മിനിമം രണ്ടുപേർ വെച്ചുണ്ട്. ഇന്നത്തെ സിനിമാക്കാരൻ ഷാജികുമാർ അന്ന് നെഹ്രുക്കോളേജിൽ പ്രിഡിഗ്രിക്കു പഠിക്കുന്നുണ്ടായിരുന്നു അവനും ഉണ്ടായിരുന്നു. ആദ്യ ദിവസം കാഞ്ഞങ്ങാട് ഡിവൈൻ കോളേജിലെ ഒരു പരിപാടി കഴിഞ്ഞു വരും വഴി ബാലചന്ദ്രൻ ചുള്ളിക്കാട് വെള്ളമടിച്ച് ഓഫായിപ്പോയോന്നൊരു സംശയം. ആ സമയത്ത് ഞങ്ങളോട് അവിടുള്ളവർ ഒരു സൃഷ്ടിയുണ്ടാക്കി പ്രസന്റ് ചെയ്യാനും പരസ്പരം പരിചയപ്പെടാനും പറഞ്ഞു. ഞാൻ കുത്തിപ്പിടിച്ച് ഒരു കഥ തട്ടിക്കൂട്ടി..
ഭ്രാന്തിയായ ചെറിയൊരു പെൺകുട്ടിയെ ട്രൈനിൽ ഹോസ്പിറ്റലിൽ കൊണ്ടുപോകുന്നതായിരുന്നു തുടക്കം. അവൾ കോവിലിൽ ഒറ്റയ്ക്ക് തൊഴാൻ പോയപ്പോൾ പൂജാരി പയ്യൻ കുരുട്ടുബുദ്ധി കാണിച്ചതും അവൾ ഓടി മറയുമ്പോൾ കാൽ തെറ്റി വീണ് നെറ്റി പൊട്ടുന്നതും, ആരോടും പറയാനാവാതെ ആ ചെറുമനയിലെ തമ്പുരാട്ടികുട്ടിയുടെ മാനസിക നില തെറ്റുന്നതും ഒക്കെയായിരുന്നു വിഷയം. കഥ പ്രസന്റ് ചെയ്തു; പേരും കോളേജും പറഞ്ഞു, ഞാൻ സ്റ്റേജു വിട്ടു.
വന്നിരിക്കുമ്പോൾ അടുത്തിരിക്കുന്ന രണ്ടു പെൺകുട്ടികളിൽ ഒരു പെൺകുട്ടി കരയുന്നു! അതും ഒരു തമ്പുരാട്ടിക്കുട്ടിയായിരുന്നു. അവൾക്കും സെയിം അനുഭവം ഉണ്ടായിട്ടുണ്ട്. അവളുടെ മനയോട് മുട്ടി നിൽക്കുന്ന അമ്പലത്തിൽ പൂജയ്ക്ക് എത്തുന്ന അവളുടെ കസിൻ പയ്യൻ തന്നെയാണ് ആള്. അച്ഛനും മുത്തച്ഛനും കസിൻ പയ്യൻ വല്യ ആളാണ്. ഇവൾ പ്രിഡിഗ്രി പഠിക്കുന്ന കുട്ടിയും. മുത്തച്ഛൻ ഇ. എം. എസ്സിന്റെയൊക്കൊ നല്ല കൂട്ടുകാരൻ ആയിരുന്നു. കുഞ്ഞുണ്ണിമാഷിനെ ഞാൻ കണ്ടതും ആ മനയിൽ വെച്ചായിരുന്നു. “ലേബലുകളില്ലാത്തെ മനുഷ്യനായി വളരണം രാജേഷേ” എന്ന് എനിക്കൊരു ഓട്ടോഗ്രാഫും കുഞ്ഞുണ്ണിമാഷ് എഴുതിത്തന്നിരുന്നു. കുടുംബം അത്ര ചെറുതായിരുന്നില്ല എന്നർത്ഥം! അവർക്കു എല്ലാം കൊണ്ടും പ്രിയപ്പെട്ടവനായിരുന്നു അമ്പലത്തിൽ പൂജ ചെയ്യാൻ വേണ്ടി മാത്രമായി എത്തിച്ചേർന്ന് കസിൻ.
പറയാൻ പറ്റില്ല; സ്വന്തം വീട്ടിൽ കേറാൻ പറ്റാത്ത അവസ്ഥയായിപ്പോയി ആ കുട്ടിക്ക് – ഇത് എന്റെ കഥതന്നെയാണേട്ടാ, എന്റെ മാത്രം കഥ. ഇതെനിക്കുവേണം എന്നവൾ പറഞ്ഞു. അവൾ പിന്നെ എന്റെ ലൈനായീട്ടാ… മൂന്നുകൊല്ലം ഞങ്ങൾ തകർത്തു… 🤓🤓🤓 ഇന്നവൾ മലയാളക്കരയുടെ ഏതോ നിശബ്ദതയിൽ മൂകസാക്ഷിയായിരിപ്പുണ്ട്.
……….. ………….. ………….
പലതരം വീഴ്ചകൾ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും സംഭവിക്കുന്നുണ്ട്. ആൺകുട്ടികളാണെങ്കിൽ അധികമൊന്നും ആരും മൈന്റാക്കാതെ പോകുന്നു… ഓ സാരമില്ല, ഒന്നും സംഭവിച്ചില്ലല്ലോ എന്നു പറഞ്ഞവർ ഒതുക്കും. പെൺകുട്ടികൾക്കുള്ള അനുഭവങ്ങൾ ഇതേ പോലെ പലതും അറിയാനിടയായിട്ടുണ്ട്. മഞ്ജു പറഞ്ഞവ തന്നെ വേണ്ടതിൽ അധികമുണ്ട്. പ്രിയപ്പെട്ട കൂട്ടുകാരികളുടെ ഓർമ്മക്കുറിപ്പുകൾ പലവിധത്തിലുണ്ട്.
ഇനി ശ്രദ്ധിക്കാവുന്ന കാര്യം മക്കളുടെ കാര്യത്തിൽ ഒരു ശ്രദ്ധ അധികമായി നൽകാൻ ഇതുപകരിക്കും എന്നുള്ളതാണ്. പറയാനുള്ള മടി/ചമ്മൽ/പേടി/വെറുപ്പ്… എന്നിവ കൊണ്ട് ഒക്കെ മറച്ചു പിടിച്ച് നിശബ്ദതകളിൽ തേങ്ങിക്കരയാൻ ഒരാൾക്കും അവസരമുണ്ടാവാൻ പാടില്ല. നമ്മുടെ പ്രിയപ്പെട്ട കൂട്ടുകാരായി അവർ വളരട്ടെ, എല്ലാം പറയട്ടെ… സംശയങ്ങൾ ചോദിക്കട്ടെ… അങ്ങനെ നമ്മളേക്കാൾ നല്ല നിലയിൽ ആയി മാറട്ടെ അവർ!! ബാലപീഢനനങ്ങളിൽ ആൺ പെൺ ഭേദങ്ങളില്ല. രണ്ടുപേർ ഇഷ്ടപ്പെട്ടു രസിക്കുന്ന ക്രീഡാവിലാസങ്ങളല്ല – ഇത് കുഞ്ഞുങ്ങളുടെ മിഥ്യാധാരണകളിൽ പിടിച്ചുള്ള കടന്നു കയറ്റം മാത്രമാവുന്നു.

കുട്ടിത്തം മാറാത്ത സംസാരം ആരു പറഞ്ഞാലും കേൾക്കാൻ രസമുള്ളതു തന്നെ. കുട്ടികളെ ഇഷ്ടപ്പെടാൻ പലർക്കും ഇതൊരു പ്രത്യേക കാരണം കൂടിയാണ്. ഏതൊരു കുട്ടിയേയും ഞാനതുകൊണ്ടുതന്നെ വളരെയേറെ ഇഷ്ടപ്പെടുന്നു. അച്ഛനാണെന്ന ബോധത്തിലുപരിയായി ആമീസിനോട് വെറുതേ അതുമിതുമൊക്കെ സംസാരിക്കാൻ ഞാനിഷ്ടപ്പെടാനുള്ള കാരണവും ഇതൊക്കെ കേൾക്കാൻ തന്നെയാണ്. മൂന്നുവയസുകാരിയുടെ ഗൗരവത്തോടെയുള്ള സംസാരം കേൾക്കേണ്ടതുതന്നെയാണ്. സംസാരിക്കുമ്പോൾ അതിനു വേണ്ടിവരുന്ന ഭാവവും കുഞ്ഞുങ്ങൾ മുഖത്ത് വരുത്തുന്നുണ്ട്. കരയുമ്പോൾ മുഖം എത്രമാത്രം ദയനീയമാവുന്നോ അതോപോലെ തന്നെ ഏതുഭാവത്തേയും അവർ നന്നായി ഉൾക്കൊള്ളുന്നു… പേടിപ്പെടുത്തുന്ന കാര്യങ്ങൾ (ആമീസിന്റെ ഭാഷയിൽ പറഞ്ഞാൽ ക്രോക്രോച്ചിനെ പറ്റി) പറയുമ്പോൾ അവളുടെ മുഖത്ത് ഭയാനകമായ പേടിതന്നെ നിഴലിക്കുന്നു; സന്തോഷകാര്യങ്ങളിൽ അതിയായ സന്തോഷം മുഖത്തുകാണാം അങ്ങനെ പോകുന്നു ആ ലിസ്റ്റ്.
കുഞ്ഞുങ്ങളുടെ ജീവിതം വളരെ ലളിതമാണ്. സന്തോഷിക്കാനും സഹകരിക്കാനും കരയാനും ഒക്കെ അവർക്ക് ചെറിയ കാര്യങ്ങൾ മാത്രം മതി. ചില കാര്യങ്ങളിൽ വെറുതേ ചെയ്തുകൊണ്ടിരിക്കുന്നതും ഇത്തരം നിസാരകാര്യങ്ങൾക്കു വേണ്ടി മാത്രമാണു താനും. കുമിളകളായി ഊതിപ്പറപ്പിക്കാൻ പറ്റുന്ന സോപ്പുവെള്ളം പോലെയൊരു സംഗതി വാങ്ങിക്കാൻ കിട്ടുന്നുണ്ട്. ചെറിയ കുപ്പിയാണ്. അതിൽ ചെറിയൊരു റിങ് പോലൊരു സംഗതിയും ഉണ്ട്. ആ റിങ്, കുപ്പിയിലെ സോപ്പു വെള്ളത്തിൽ മുക്കി പുറത്തെടുത്ത് അതിലേക്ക് ഊതിയാൽ നിറയെ കുമിളകൾ പുറത്തേക്ക് വരും. റിങിന് അല്പം നീളം കൂടുതലാണ്. കുപ്പിയും അതിനു തുല്യം തന്നെ. ഒരു കുപ്പിക്ക് 40 രൂപ വിലവരും – വിലയൊക്കെ തട്ടിപ്പാണ്, അതു ശ്രദ്ധിക്കാറില്ല. ആമീസിന് ആ കുമിൾകൾ പറന്നു പോവുന്നതുകാണാൽ വലിയ സന്തോഷമാണ്. അവൾ തന്നെ അത് പറത്തും. അത് കൃത്യമായി മഞ്ജുവിനേയും എന്നേയും കാണിച്ചു തരികയും ചെയ്യും.