Skip to main content

ഭക്തിയും വിഭക്തിയും

സ്വാമിയേ ശരണമയ്യപ്പ

പൂന്താനത്തിന്റെ ഭക്തിയും മേൽപ്പത്തൂരിന്റെ വിഭക്തിയും ശ്രീകൃഷ്ണന് ഒരുപോലെയാണെന്നു കാണിക്കുന്ന കഥയുണ്ടായിരുന്നു. ശുദ്ധമായ ഭക്തി കൊണ്ടു സിദ്ധിക്കുന്നത് ആവശ്യത്തിനുള്ള വിഭക്തികൊണ്ടും സിദ്ധിക്കുന്നുണ്ട് എന്നു കാണിക്കുന്നതായിരുന്നു കഥ. മുറിവൈദ്യരാണേതു കാലത്തും കുഴപ്പക്കാർ. തനിക്കു തോന്നുന്ന വിമ്മിട്ടം ആരോടും പറയാനാവാതെ സ്വയം മനസ്സിലിട്ടുരുകിവീർത്ത് മാനസികമായി തകരുന്നവർ ഏറെയുണ്ട് ഇത്തരം ഭക്തരിൽ. താനിതെന്തിനു ചെയ്യുന്നു എന്ന ബോധം അവർക്കില്ല; ഭഗവാനു വേണ്ടിയെന്ന ഒറ്റ ബോധം തലയ്ക്ക് പിടിച്ചു ചെയ്യുമ്പോൾ തന്നെയും അവരുടെ മനസ്സിൽ ഒരു ഈഫ് കണ്ടീഷൻ നിന്ന് ചിരിതൂകുന്നുണ്ടാവും.

ഭഗവാൻ ശരിക്കും ഉണ്ടോ? ഇല്ലേ? ങാ ഉണ്ടെങ്കിൽ ഉണ്ട്, ഉണ്ടെങ്കിൽ അവിടുന്ന് കിട്ടുന്നത് എനിക്കും ആവശ്യമാണ്… ഇല്ലേ? ഇല്ലായിരിക്കും, ഇനി അഥവാ ഉണ്ടെങ്കിലോ? അങ്ങനെയെങ്കിൽ എനിക്കത് കിട്ടാതെ പോകരുത്, പ്രാർത്ഥിച്ചേക്കാം. വല്ലതും കിട്ടുമെങ്കിൽ താനായിട്ട് അത് നഷ്ടപ്പെടുത്തരുതല്ലോ; പ്രാർത്ഥിച്ചേക്കാം. ഇത്തരക്കാർ ഇന്നേറെയുണ്ട്. ഭക്തികൊണ്ടവർക്ക് ഒരു പുണ്യവും കിട്ടുന്നില്ലാന്നു മാത്രമല്ല, തന്റെ ഭാഗത്തു നിന്നും സംഭവിച്ചുപോയ ചെറുയൊരു ഭക്തിരസപ്രധാനമായ കള്ളത്തരം/കുറ്റം അവരെ മാനസികമായി അലട്ടാനും പര്യാപ്തമാണ്. അവർ പതുക്കെ മൂകരാവുന്നു; ചിന്താദീനരായി കുറച്ചു ദിവസങ്ങൾ തള്ളിനീക്കുന്നു. പിന്നെ ഒരുവക രക്ഷപ്പെട്ടുവന്നേക്കും. എങ്കിലും മനസ്സിലൊരു വിമ്മിട്ടമായതു കിടക്കും.

ഭക്തിരസപ്രധാനമായ ചടങ്ങുകൾ ഒക്കെയും പരിപാടിയുടെ സുന്ദരമായ ഒരു ഒഴുക്കിനായി പരുവപ്പെടുത്തി എടുത്തിട്ടുള്ളതാണ്. അതു കൃത്യമായി ചെയ്യുക, എന്നത് ആ ചിട്ടവട്ടങ്ങളുടെ നിലനിൽപ്പിന് ആവശ്യമാണ്. അല്ലാതെ ആ ചെയ്യുന്ന കർമ്മങ്ങൾ ഒക്കെയും ഭഗവാൻ നിർബന്ധ ബുദ്ധിയോടുകൂടി ചെയ്യിക്കുന്നതാനെന്ന ധാരണ ആവരുത് കർമ്മികൾക്കു വേണ്ടത്. അറിവില്ലായ്മകൊണ്ടോ അബദ്ധത്തിലോ ആ ചടങ്ങുകളിൽ അല്പം തട്ടിക്കൂട്ടലുകളോ, ചെയ്യാതെ വിടേണ്ടിവരികയോ, പിഴവോ സംഭവിച്ചു പോയാൽ ഒരു ദോഷവും സംഭവിക്കാൻ പോകുന്നില്ല. ആത്മധൈര്യത്തോടെ അതേകാര്യം റിപ്പീറ്റ് ചെയ്ത് പൂർത്തീകരിക്കാലും മതിയല്ലോ. ഇനി അഥവാ പൂർത്തീകരിക്കാതെ വിട്ടുപോയാലും, ഭഗവാൻ ഈ ചെയ്യുന്ന കർമ്മകൾ ഒക്കെ നോക്കി, അതിന് പര്യാപ്തമായ രീതിയിൽ അനുഗ്രഹം നൽകാൻ കാത്തിരിക്കുകയോ, ചെയ്തില്ലെങ്കിൽ ശിക്ഷിക്കാനായി ചൂരലും എടുത്തിരിക്കുകയോ ചെയ്യുന്നില്ലെന്ന് അറിയണം നമ്മൾ. ആ ധാരണ സധൈര്യം മാറ്റുക. ദക്ഷിണയായോ ഭണ്ഡാരത്തിലിട്ടോ കൂടുതൽ കൈക്കൂലി കൊടുത്താൽ തനിക്ക് കൂടുതൽ അനുഗ്രഹം ദൈവം തന്നേക്കും എന്നും കരുതേണ്ടതില്ല. നമ്മുടെ വോട്ടുവാങ്ങിച്ച് ജയിച്ചവിടെ ഇരിക്കുന്ന രാഷ്ട്രീയ തേരാളിയുമല്ല ദൈവം; ചെയ്യുന്ന കർമ്മങ്ങൾ നോക്കി നോക്കി മാർക്കിടാനിരിക്കുന്ന ആളല്ല ഭഗവാൻ.

ദൈവം എന്നതൊരു വിശ്വാസം മാത്രമാണ്. നടത്തുന്ന ചടങ്ങുകൾ, ചെയ്യുന്നവരുടെ മനോനിലയെ മറ്റൊരു അവസ്ഥയിലേക്ക് ലയിപ്പിക്കാനുള്ള മാർഗം മാത്രമാണ്. തുടർച്ചയായി ഒരുകൂട്ടം കാര്യങ്ങൾ ചിന്തിക്കുമ്പോളും, ചെയ്യുമ്പോളും തീർച്ചയായും മാനസികമായി ഏതൊരാളിലും ചെറിയ മാറ്റങ്ങൾ പ്രകടമാവുക തന്നെ ചെയ്യും. അതുകൊണ്ടു തന്നെ വീഴ്ചകളെ പറ്റി ഒരു തരിപോലും വേവലാതിപ്പെടാൻ പാടില്ലാത്തതാണ്.
ശബരിമലയ്ക്കു പോകാൻ തയ്യാറായ ഒരുവന്റെ മാല അബദ്ധവശാൽ പൊട്ടിപ്പോയാൽ,
ഇരുമുടി കെട്ട് അറിയാതെ കൈയ്യിൽ നിന്നും താഴെ വീണ് അതിലുള്ള തേങ്ങ പൊട്ടിപ്പോയാൽ,
ദീപാരാധനയ്ക്കായി കത്തിച്ച കർപ്പൂരം കൊടിയ മഴക്കാറ്റിൽ ഒന്നണഞ്ഞു പോയാൽ,
പതിനെട്ടാം പടിയുടെ മുൻവശം ഉടയ്ക്കാനായി വെച്ചിരുന്ന തേങ്ങ ശക്തമായി എറിഞ്ഞിട്ടും കൈയ്യൊന്നിടറി പൊട്ടാതെ വന്നാൽ എന്താണു കരുതേണ്ടത്?
ഇതൊക്കെ അയ്യപ്പന്റെ കോപം കൊണ്ടാണു സംഭവിച്ചത് എന്നാണോ?
താൻ ചെയ്ത തെറ്റുകളുടെ ഫലമായിട്ടാണിത് സംഭവിച്ചത് എന്നാണോ?
ഇത് അയ്യപ്പനു രസിക്കാതെ വന്നാൽ അവിടെ മലയിൽ ഒരു ചൂരലും കരുതിവെച്ചാവും അയ്യപ്പനിരിക്കുക എന്നുണ്ടോ? തനിക്ക് യാത്ര അസാധ്യമാകും എന്നു കരുതേണ്ടതുണ്ടോ? അങ്ങനെ ശിക്ഷിക്കാൻ മാത്രം ക്രൂരനായാണോ നിങ്ങൾ അയ്യപ്പനെ കാണുന്നത്? അത്തരത്തിലുള്ള ഒരു ക്രൂരനെ ദൈവമായി കണ്ടാരാധിക്കാൻ നമുക്കാവുമോ?

ശുദ്ധരായ ഭക്തർ ഒരുപക്ഷേ ഭഗവാനോട് താണുകേണപേക്ഷിച്ച് മനസ്സിലൊരു filtration നടത്തിയിരിക്കും. മാനസികമായി അദ്ദേഹം ചെയ്യുന്ന ആ ശുദ്ധികർമ്മം അല്ലെങ്കിൽ പ്രാർത്ഥനയ്ക്കൊടുവിൽ അവരുടെ മനസ്സ് ശുദ്ധമായി മാറുന്നു. പിന്നെ അങ്ങനെയൊരു ഭയമോ ചിന്തയോ അയാൾക്കില്ലാതെ വരുന്നു. കാരണം അയാൾക്കറിയാം, താൻ പറഞ്ഞതും സംഭവിച്ചു പോയതും അയ്യപ്പൻ കണ്ടിട്ടുണ്ട്. എന്നേക്കാൾ നന്നായിട്ട് ഭഗവാൻ അയ്യപ്പനു കാര്യങ്ങൾ അറിയാനാവും, അറിയാതെ പറ്റിപ്പോയ അബദ്ധം ക്ഷമിക്കാനായി പറഞ്ഞതും അദ്ദേഹം കേട്ടിട്ടുണ്ടല്ലോ. അതുകൊണ്ട് ഇനിയാ പ്രശ്നം സംഭവിക്കുന്നില്ല. അത്രമാത്രം ശുദ്ധമായ വിശ്വാസമാവും ആ ഭക്തനുണ്ടായിരിക്കുക. അവിടെയതു പൂർണമാവുന്നു.

ഏറെയുള്ള മുറിവൈദ്യന്മാർക്കാണിത് സംഭവിച്ചതെങ്കിലോ? അവരും താണുകേണ് ആയിരം വട്ടം പ്രാർത്ഥിച്ചിരിക്കും, വേണേൽ പ്രായശ്ചിത്തമായി ഒരിക്കൽ കൂടി ഭഗവാനെ തേടി ഞാൻ വരാമെന്നു ശപഥവും ചെയ്തേക്കും. എന്നാലും ആ വ്യാധി തീരുന്നില്ല. ഞാൻചെയ്ത ഏതു തെറ്റാവും ഇങ്ങനെ സംഭവിക്കാൻ കാരണമായത് എന്നവർ ആലോചിച്ച് വ്യാധി പിടിച്ച് മൂലയ്ക്കാവുന്നു. തന്റെ മനോവ്യഥ ആരോടും പറയാനും പറ്റില്ല. നാണക്കേടാണത്. തന്റെ സ്റ്റാറ്റസ്സിനതു നിരക്കുന്നതല്ല; എന്നെ പോലൊരാൾ ഇതൊക്കെ പറയാൻ പബ്ലിക്കലി പാടില്ലെന്ന വിശ്വാസം അവരിൽ ശക്തമാണ്. സ്വന്തം മനസ്സിലിട്ട് ഉരുക്കിയുരിക്കി സ്വയം ക്ഷീണിച്ചു പോവുകയാണിവർ ചെയ്യുക. കാലങ്ങളോളം എടുക്കും ചിലർക്കെങ്കിലും ഈ വ്യഥ മാറിവരാൻ; ചിലരെയിത് ജീവിതാവസാനം വരെ പിന്തുടർന്നേക്കും. അഭിനയത്തിലൂടെ മാത്രം ജീവിക്കുന്ന ഇവരുടെ മറ്റു പ്രവർത്തനമണ്ഡലങ്ങളിലേക്കും ഈ ദുരവസ്ഥയുടെ വ്യാപനം ഉണ്ടാവുന്നു. ചെറിയൊരു കള്ളത്തരം ചെയ്തിട്ട് ഭഗവാൻ പോലും മൈന്റാക്കിയിട്ടില്ലല്ലോ, ഇത് അവനോടും ചെയ്താൽ എന്തു വരാനാണുള്ളത്!!

വിഭക്തി

ഇത്രയും പറഞ്ഞ ഭക്തിയെ പറ്റിയും, ഭക്തിയുടെ രണ്ടു തലങ്ങളെ പറ്റിയും മാത്രമാണ്. ഇനി വിഭക്തിയെപറ്റി പറയാം. മേൽപ്പത്തൂരിന്റെ വിഭക്തിയേയും നന്നായി തന്നെ ആസ്വദിച്ചവനാണു കൃഷ്ണൻ. അറിവാണത്. ചെയ്യുന്ന കാര്യത്തെ കുറിച്ചുള്ള ശുദ്ധവും ശക്തവുമായൊരു അറിവാണവിടെ പ്രധാനം. അവിടെ ഭക്തിയെന്നത് കളങ്കമാവുന്നില്ല. അവനറിയാം, ഈ ചടങ്ങ് ഇങ്ങനെയൊരു ആചാരത്തിന്റെ ഭാഗമായി ഞാനും പിൻതുടർന്നേ മതിയാവൂ. അതെന്റെ കടമ തന്നെയാണ്. ആ ചടങ്ങിനിടയിൽ ഒരബദ്ധം പിണഞ്ഞു പോയാൽ ആവർത്തിച്ചു ചെയ്ത് തിരുത്തി ശരിയാക്കാൻ കഴിയണം. അവിടെ അതു പൂർണമാവുന്നു. ഇവിടെ തെറ്റും ശരിയുമല്ല ഉള്ളത്, വേരിഫൈ ചെയ്ത് മാർക്കിടാൻ ആരും ചൂരലുമെടുത്ത് മുന്നിലിരിക്കുന്നുമില്ലെന്ന് അവനറിയാം. കണ്ടുനിൽക്കുന്ന ചുറ്റുപാടുമുള്ളവരെ സംതൃപ്തരാക്കിയേ മതിയാവൂ. കൂടെ നിൽക്കുന്നവരാണവർ. അറിവില്ലെങ്കിൽ, അവർ പറയും പോലെ അനുസരിക്കുക എന്നത് മടിയുള്ള കാര്യമല്ലിവർക്ക്.

അല്പകാലത്തേക്കെങ്കിലും നമ്മുടെ ജീവിതക്രമീകരണങ്ങളെ കൃത്യമായ അടുക്കും ചിട്ടയോടും കൂടി പെറുക്കിവെച്ച് അതിനൊരു വ്യവസ്ഥ വരുമ്പോൾ, പൂർവ്വചരിതം ഓരോരുത്തരും ഓർക്കുക തന്നെ ചെയ്യും. ചെരുപ്പിടാതെ നടക്കാനാവില്ലെന്നു കരുതിയ താൻ ഇപ്പോൾ എത്ര സുന്ദരമായി അങ്ങനെ നടക്കുന്നുണ്ട്. ഞാൻ ജീവിതത്തിൽ വിചാരിക്കുക പോലും ചെയ്യാത്ത എത്രയെത്ര വഴികളിലൂടെ താനിപ്പോൾ കടന്നുവന്നിരിക്കുന്നു. ഇതിൽ നല്ലതേത്, ചീത്തയേത്! എന്തുതന്നെയായാലും ഇങ്ങനെയും ഒരു ലോകം ഉണ്ടെന്നുള്ള പുത്തൻ അറിവ് അവനെ നന്നായൊന്ന് Filtrate ചെയ്യുന്നുണ്ട്. ഭക്തിരസം നല്ലൊരു അരിപ്പയായി അവനെ അരിച്ചെടുക്കുന്നു. അവന്റെ മനസ്സിനെ ശുദ്ധീകരിക്കുന്നു. കുറച്ചു കാലത്തേക്കെങ്കിലും മനസ്സിൽ ഇക്കാര്യം തങ്ങി നിൽക്കുക തന്നെ ചെയ്യും; വിഭക്തി ഒരുവനെ നന്നാക്കുന്നത് ഇപ്രകാരം തന്നെയാണ്. ഞാൻ, എന്റേത്, എന്നോടു മാത്രം ചേർന്നത്, ഞാൻ മാത്രം അറിയുന്നത് എന്ന നിലയിൽ നിന്നും നമ്മുടേത്, നമ്മൾ ഒന്നാണെന്നും ഉള്ളൊരു ബോധം ഭക്തിരസത്തിലൂടെ പാകം ചെയ്ത് അവനിൽ എത്തുന്നുണ്ട്. ഇങ്ങനെ ഫിൽട്ടറേറ്റ് ചെയ്തെടുത്ത് സ്വയം അപ്ഡേറ്റ് ചെയ്യാൻ മേൽപ്പത്തൂരിനു മാത്രമല്ല ഏതൊരാൾക്കും സാധ്യമാവുന്നു.

ഭക്തിരസത്തെ മറ്റൊരു രസത്തിൽ ആവാഹനം ചെയ്തത്, ഒരുപക്ഷേ അവർപോലും അറിയാതെയാവാം; കാര്യങ്ങൾ കണ്ടറിഞ്ഞ് സ്വയം ഒന്ന് അപ്ഡേറ്റ് ചെയ്യപ്പെടാൻ തയ്യാറാവണമെന്നേ ഉള്ളൂ. ഭഗവാൻ ഒരിക്കലും ഒരു ക്രൂരനല്ലെന്നുള്ള തിരിച്ചറിവ് അവനുണ്ടാവണം.

എന്റെ രണ്ടാം ശബരിമല യാത്ര

ഇന്ന് (ജൂലൈ 19, 2022) ശബരിമല യാത്ര കഴിഞ്ഞ് രാവിലെ എത്തിയതേ ഉള്ളൂ ഞാൻ. ഏറെ രസകരമായിരുന്നു യാത്ര. ട്രാവലർ യാത്ര തുടങ്ങിയ ശേഷം ഞങ്ങൾക്ക് മഴ ലഭിച്ചതേ ഇല്ല. പമ്പയിൽ നിന്നും കയറ്റം കയറി ശബരിപീഠം/ശരം‌കുത്തിയാൽ കഴിഞ്ഞിറങ്ങുമ്പോൾ സ്പ്രേ ചെയ്യുന്നതു പോലെ സുന്ദരമായൊരു മഴ പെയ്തിരുന്നു. അവിടെ വെച്ചു സ്വാമിമാർ അഭിക്ഷേകം നടത്താനുള്ള ക്രമീകരണങ്ങൾ നടത്തുമ്പോൾ പുറത്ത് മഴ പെയ്യുന്നുണ്ടായിരുന്നു. ഇറങ്ങാൻ നേരത്ത് മഴ വീണ്ടും നിന്നു.

നിലക്കൽ വരെ മാത്രമേ ട്രാവലറിനു പോകാൻ കഴിയൂ. അവിടെ നിന്നും 18 കിമിയോളം ദൂരം ഉണ്ട് പമ്പയിലേക്ക്. പമ്പയിൽ തിരക്ക് വർദ്ധിക്കുന്നതും ട്രാഫിക് ബ്ലോക്ക് ഉണ്ടാവുന്നതും മറ്റുമായ കാര്യങ്ങൾ കൊണ്ട് യാത്ര കെ.എസ്.ആർ.ടി.സിയിൽ തന്നെ ആക്കണം എന്നുണ്ട്. നല്ലതായിരുന്നു ആ യാത്രയും. പക്ഷേ ഭീകരമായി തോന്നിയ കാര്യം ഈ 18 കിമി ദൂരം യാത്ര ചെയ്യാൻ ഒരാൾക്ക് 50 രൂപ വേണം എന്നതായിരുന്നു. ആയിരക്കണക്കിനു ഭക്തന്മാരെ നിർബന്ധപൂർവ്വം ചൂഷണം ചെയ്ത് കാശുണ്ടാക്കാനുള്ള ഏർപ്പാടായണതു തോന്നിയത്.

ശബരിമലയിൽ അടക്കം ഒരിടത്തും ഞാൻ അഞ്ചു പൈസപോലും നേർച്ച ഇട്ടിട്ടില്ല. മഴയും ഒരു ശല്യമായി എവിടേയും ബുദ്ധിമുട്ടിപ്പിച്ചിട്ടില്ലായിരുന്നു. ശബരിമലയിൽ നിന്നും രാവിലെ തന്നെ രണ്ടുപ്രവശ്യം ഭക്ഷണം കഴിച്ചതിൽ കാശ് കൊടുക്കണം എന്നൊരാഗ്രഹം ഉണ്ടായിരുന്നു, നല്ലൊരു കുങ്കുമപ്പൊടി കിട്ടുമെന്ന് പറഞ്ഞ് ദേവസ്വം ബോർഡിന്റെ കൗണ്ടറിൽ എത്തി സംഗതി വാങ്ങിച്ച ഞാൻ ഞെട്ടിപ്പോയി! ഒരു ചെറു കഷ്ണം വാഴയിലയിൽ ഒരു തുളസിയിലയും അല്പം ചുവന്നകുറിയും. കണക്കിലധികം (100 രൂപയോ 200 ഓ എന്നോർമ്മയില്ല) കാശ് കൊടുത്തതിൽ ഭക്ഷണത്തിന്റെ വിലയും കൂടട്ടെ എന്നു ഞാനും കരുതി. നിലയ്ക്കലിൽ നിന്നും പമ്പാ ത്രിവേണിസംഗമം വരെ 18 കിമി ദൂരത്തേക്ക് 50 രൂപ ടിക്കറ്റെടുത്ത് ആ മുടിഞ്ഞ തെരക്കിൽ യാത്ര ചെയ്ത് എത്താനാക്കിയതും ഒരുതരം മടുപ്പുളവാക്കി. ആൾക്കാരെ പിഴിഞ്ഞെടുത്ത് കണ്ടമാനം കാശുണ്ടാക്കാനുള്ള ഗവണ്മെന്റിനോടുള്ള നീരസം ഈ വകുപ്പിൽ തന്നെ തീർത്തു എന്നു പറയാം! ഭക്തന്മാർക്ക് ആനുകൂല്യങ്ങൾ നൽകി ദേവാലയങ്ങളിലേക്ക് എത്തിക്കുന്ന പല ഏർപ്പാടുകളും നാട്ടിൽ ഇല്ലേ? ഇവിടെ മാത്രം എന്താണിങ്ങനെ? എന്തിനാണിങ്ങന ഇരട്ടിയോളം രൂപ അധികമായി ഗവണ്മെന്റ് പിരിവെടുക്കുന്നത്? പുറകിൽ മറ്റെന്തെങ്കിലും ലോജിക്ക് ഉണ്ടോ? ബക്കിയെല്ലാം കൊണ്ട് മനസ്സ് ഏറെ സന്തോഷമായിരുന്നു. ഈ ഒരു ചാർജ്ജ് വല്ലാത്ത കല്ലുകടിയായി അനുഭവപ്പെട്ടു.
ശബരിമല

എരുമേലി

കോട്ടയം ജില്ലയിൽ മണിമലയാറിന്റെ സമീപത്തുള്ള സ്ഥലമാണ് എരുമേലി. എരുമേലിയിൽ ആണു വാവരുടെ പള്ളിയുള്ളത്; ശാസ്താക്ഷേത്രവും അവിടെയുണ്ട്. ശബരിമലയാത്രയിലെ പേട്ടതുള്ളൽ ചടങ്ങു നടക്കുന്നത് ഇവിടെയാണ്. മലയ്ക്കു പോകുന്നവർ എരുമേലിയിൽ നിന്നും ഡയറക്റ്റ് പമ്പവഴി ശബരിമലയിലേക്ക് നടക്കാറായിരുന്നു പതിവ്. ഇപ്പോൾ കൂടുതലും ഡയറക്റ്റ് പമ്പയിൽ എത്തി അവിടെ നിന്നും മൂന്നര കിലോമീറ്റർ നടന്ന് ശബരിമലയ്ക്ക് എത്തുകയാണ് ചെയ്യുക. സീസൺ സമയത്ത് പലരും നടന്നുതന്നെ പോകാറുണ്ടത്രേ. ആദ്യമായി മാലയിടുന്നവർ ഇങ്ങനെ തന്നെ പോകണം എന്നും ചിലയിടങ്ങളിൽ നിർബന്ധമുണ്ട്.

നിലയ്ക്കൽ

ശബരിമലയിലേക്ക് പോകുന്നവർക്കുള്ള നല്ലൊരു ഇടത്താവളമാണ് പത്തനം‌തിട്ട ജില്ലയിലെ നിലയ്ക്കൽ എന്ന സ്ഥലം. എഡി 52 ആം നൂറ്റാണ്ടിൽ കൃസ്തുമത പ്രചരണത്തിനായി കേരളത്തിലെത്തിയ തോമാശ്ലീഹ ഇവിടെ എത്തിച്ചേർന്നുവെന്നും ഒരു പളളി സ്ഥാപിച്ചെന്നും വിശ്വസിക്കുന്നവർ ഉണ്ട്. നിബിഢവനങ്ങളും റബ്ബർ തോട്ടങ്ങളുമാണിവിടെ കൂടുതൽ ഉള്ളത്. നിലയ്ക്കലിന് കിഴക്ക് മാറി ശബരിമല വനത്തിനുളളിൽ ഉളള ആദിവാസി കോളനിയാണ് അട്ടത്തോട്. മലപ്പണ്ടാരം വിഭാഗത്തിൽ പെടുന്ന ആദിവാസികളാണിവിടെവ ഏറെയും. പട്ടിണിയുടെയും അസമത്വത്തിൻെറ്റയും നടുവിലാണ് ഇവരുടെ ജീവിതം.നല്ല പാർപ്പിടങ്ങളോ പ്രാധമിക വിദ്യാഭ്യാസമോ പോലും ഇവർക്കില്ല. ഗവൺമെൻറ്റിൽ നിന്നും ലഭിക്കുന്ന ആനുകൂല്യങ്ങളാണ് ഈ ജനതയുടെ ഏക ആശ്വാസം. പൊന്നമ്പലമേട്ടിൽ തെളിയുന്ന ദിവ്യജ്യോതിയുമായി ഇവർ ബന്ധപ്പെട്ടു കിടക്കുന്നു.

പമ്പയിലേക്ക് ഡയറക്റ്റ് വരുന്നവരെ നിലയ്ക്കലിൽ തടഞ്ഞു നിർത്തി, അവിടെ നിന്നും കെ.എസ്.ആർ.ടി.സി ബസ്സിൽ കയറ്റി പമ്പ ത്രിവേണീ സംഗമസ്ഥലത്തേക്ക് എത്തിക്കുകയാണിപ്പോൾ ചെയ്യുന്നത്. ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ നല്ല മാർഗവുമാണിത്. നിലയ്ക്കൽ മുതൽ പമ്പവരെയുള്ള റോഡും അതീവ സുന്ദരമായതാണ്. പതിനെട്ടര കിലോ മീറ്ററോളം ദൂരമാണുള്ളത്. ഇത്രയും ദൂരം യാത്ര ചെയ്യാൻ ഒരാൾക്ക് 50 രൂപ വെച്ചാണു ടിക്കറ്റ് ചാർജ് എന്നുള്ളത് ഭക്തരോടു ചെയ്യുന്ന തികഞ്ഞ തോന്ന്യവാസമായാണു തോന്നിയത്. നാട്ടിൽ മറ്റെവിടെയും ഇല്ലാത്ത ടിക്കറ്റ് ചാർജാണിത്. ഓരോ മാസാദ്യവും ആദ്യത്തെ 5 ദിവസം ദിവസേന ആയിരങ്ങൾ വന്നുപോകുന്ന സ്ഥലത്ത്, ചാർജ് പകുതിയായി കുറച്ചാലും കെ.എസ്.ആർ.ടി.സി.ക്കു ലാഭം തന്നെയാവുമായിരുന്നു. ഭക്തരായെത്തുന്ന ലക്ഷങ്ങളെ പറ്റിച്ച് കാശുണ്ടാക്കാനുള്ള ഏർപ്പാടു മാത്രമായേ എനിക്കിത് തോന്നിയുള്ളൂ.

പമ്പ

വനഭംഗി നുകർന്നുകൊണ്ടെത്തുന്ന നദികളുടെ സംഗമഭൂമിയാണിത്. പണ്ട് വേട്ടയ്ക്കായെത്തിയ പന്തള രാജാവിനു കുഞ്ഞിനെ കിട്ടിയെന്നു കരുതുന്ന സ്ഥലം. ശ്രീരാമാവതാരകാലത്ത് ശബരി എന്ന സന്യാസിനി തപം ചെയ്ത സ്ഥലം തൊട്ടു മുകളിൽ തന്നെയാണ്, പമ്പയിൽ നിന്നും സന്നിധാനത്തേക്ക് പോകുമ്പോൾ ശബരിപീഠം വഴിയരികിൽ കാണാവുന്നതാണ്. പമ്പയിൽ നിന്നും സന്നിധാനത്തേക്ക് ഏകദേശം നാലു കിലോമീറ്ററോളം ദൂരമുണ്ട്. ഇതിൽ രണ്ടു കിലോമീറ്ററോൾ വലിയ കയറ്റം തന്നെയാണ്. ശേഷിച്ച രണ്ടു കിലോമീറ്ററോളം ഇറക്കവും. മലയുടെ സൈഡിലൂടെ സ്വാമി അയ്യപ്പൻ റോഡുണ്ട്, നിരവധി വളവുകളോടു കൂടി കയറ്റം കയറാതെ പോകാനും വരാനും പറ്റും. കസേരയിൽ ഇരുത്തി നാലു പേർ ചേർന്ന് ആളുകളെ എടുത്തു കൊണ്ടു പോകുന്നത് ഈ വഴിയാണ്. ശരംകുത്തിയാലിനു താഴെവെച്ച് ഇത് മലയിറക്കത്തോട് ഒന്നിക്കുന്നു.

ശബരിമല

കൃത്യമായ സംവിധാനത്തിലൂടെ പോകുന്നതിനാൽ തെരക്കുണ്ടെങ്കിലും ഇടയ്ക്കൊരു നിർത്തലില്ലാതെ ഡയറക്റ്റ് പടികൾ കയറാനും മറ്റും കഴിയുന്നു. ഏതുസമയത്ത് എത്തിച്ചേരുന്നവർക്കും ഫ്രീയായിത്തന്നെ ശബരിമലയിൽ ഭക്ഷണം ലഭിക്കുന്നുണ്ട്. ഹിന്ദുക്കൾക്ക് മാത്രമേ ദർശനമുള്ളൂ എന്നോ ഷർട്ടിട്ട് പടികൾ കയറി അയ്യപ്പനെ കാണരുത് എന്നോ ഒന്നും നിബന്ധനകളില്ലാത്ത ക്ഷേത്രമാണിത്. പറശിനിക്കടവു മാത്രമേ അതുപോലെ മറ്റൊരു ക്ഷേത്രം ഓർമയിൽ ഉള്ളൂ. തിരികെ വരുന്ന വഴി ഗുരുവായൂരിൽ പോയെങ്കിലും അവിടെ അമ്പലത്തിൽ ഞാൻ കയറിയില്ല. അവിടെ ഹിന്ദുക്കൾക്ക് മാത്രം എന്നതിൽ ഉപരിയായി ഷർട്ടിടാൻ പാടില്ല, പാന്റിടാൻ പാടില്ല, മൊബൈൽ കൊണ്ടു പോകാൻ പാടില്ല എന്നൊക്കെ നിരവധി നിയമങ്ങൾ വേറെയും ഉണ്ട്. അങ്ങനെ മസിലു പിടിച്ച് ഗുരുവായൂരപ്പനെ കാണാൻ മാത്രം ആഗ്രഹമൊന്നും എനിക്കുണ്ടായിരുന്നില്ലല്ല; ഗുരുവായൂരപ്പനും മുത്തപ്പനെ പോലെ അയ്യപ്പനെ പോലെ ജനകീയനാവട്ടെ…

മലപ്പണ്ടാരങ്ങളും ദിവ്യജ്യോതിയും

മലപണ്ടാരം സമുദായക്കാർ പ്രാചീന ശിലായുഗത്തേയും നവീന ശിലായുഗത്തേയും പ്രതിനിധാനം ചെയ്യുന്നവരാണ്. ഇവരുടെ അധിവാസമേഖലായയിരുന്നു പൊന്നമ്പലമേടും പരിസരവും. ഇവരുടെ മൂപ്പനെ അയ്യൻ എന്നാണു വിളിക്കുന്നത്. മലപ്പണ്ടാര സമുദായക്കാരുടെ ആണ്ടു പിറവി ദിവസമാണ് മകരം ഒന്ന്! അന്നേ ദിവസം പൊന്നമ്പലമേട്ടിൽ അവർ വിവിധതരം പൂജകളും മറ്റും നടത്തി വന്നിരുന്നു. ചടങ്ങിന്റെ ഭാഗമായി തെള്ളിപ്പൊടി ഇട്ട് കത്തിക്കുന്ന രീതി ഇവർക്കുണ്ട്. തെള്ളി എന്ന ഔഷധ വൃക്ഷത്തിന്റെ പശ ഉണക്കി പൊടിച്ചു ഉണ്ടാക്കുന്നതാണ് തെള്ളിപ്പൊടി. മുടിയേറ്റിലും മറ്റും ഇത് അനിവാര്യമാണ്. വീര്യം കൂടിയ തൊള്ളിപ്പൊടി അത്യുഗ്രമായി ജ്വലിച്ചുയരും. ഈ ജ്വാല കണ്ടാണ് ശബരിമലയിൽ എത്തിയ അയ്യപ്പന്മാർ അത് ദിവ്യജ്യോതിസ്സായി വിശ്വസിച്ചത് എന്നു കരുതുന്നു. പമ്പാ-കക്കി അണക്കെട്ടിന്റെ ഭാഗമായി മലയരന്മാർ, മലപ്പണ്ടാരങ്ങൾ, മലക്കുറവന്മാർ, മലപ്പുലയന്മാർ തുടങ്ങിയ ഗോത്രവാസികൾ പൊന്നമ്പലക്കാട്ടിൽ നിന്നും കുടിയിറക്കിയിരുന്നു. ദേവസ്വം ബോർഡ് വളർത്തിയെടുത്ത ദിവ്യപരിവേഷം മൂലം ഉണ്ടായ സാമ്പത്തിക ലാഭം നഷ്ടപ്പെടുത്തുവാൻ തയ്യാറല്ലാതിരുന്ന ബോർഡ്, പൊന്നമ്പലമേട്ടിൽ ചെല്ലുകയും മലപ്പണ്ടാരം തലൈവരെ ഒരു പറ നെല്ല് പ്രതിഫലം നല്കി തെള്ളിപ്പൊടി കത്തിച്ച് കാണിക്കുന്നതിനായി ചട്ടം കെട്ടിയെന്നും, പിന്നീട് ഇത് ബോർഡ് തന്നെ ഏറ്റെടുത്തുമെന്നാണ് പറഞ്ഞു വരുന്നിരുന്നു. ഇപ്പോൾ സർക്കാർ ഏജൻസികൾ തന്നെയാണു ദിവ്യജ്യോതിയെ പൊന്നമ്പലമേട്ടിൽ കാണിക്കുന്നത്.

18 മലകളായ ശബരിമല, പൊന്നമ്പലമേട്, ഗൗണ്ഡല്‍മല, നാഗമല, സുന്ദരമല, ചിറ്റമ്പലമേട്, ഖല്‍ഗിമല, മാതാംഗമല, മൈലാടും മേട്, ശ്രീപാദമല, ദേവര്‍മല, നിലയ്ക്കല്‍മല, തലപ്പാറമല, നീലിമല, കരിമല, പുതശ്ശേരിമല, കാളകെട്ടിമല, ഇഞ്ചിപ്പാറമല എന്നീ മലകളെ പ്രതിനിധാനം ചെയ്യുന്നതാണ് പതിനെട്ടു പടികൾ എന്നൊരു വിശ്വാസം മുമ്പുണ്ടായിരുന്നു. അന്ന് ശാസ്താവായിരുന്നു ദേവൻ. പടികളിൽ ആദ്യത്തെ അഞ്ചെണ്ണം നമ്മുടെ ജ്ഞാനേന്ദ്രിയങ്ങളുടെ പ്രതീകങ്ങളാണ്. അതിനെ മറികടന്നാൽ അടുത്ത എട്ടു പടികൾ മനസ്സിനകത്തെ കാമം, ക്രോധം, ലോഭം, മോഹം, മദം, മാത്സര്യം, ഈർഷ്യ, അസൂയ എന്നീ അഷ്ടരാഗങ്ങൾ. ഇവയും കടന്നാൽ മനസ്സിന്റെ സത്വരജസ്തമോഗുണങ്ങളാകുന്ന മൂന്നു പടികൾ. അതും പിന്നിട്ടാൽ വിദ്യയും അവിദ്യയും. ഇങ്ങനെ പതിനെട്ട് അവസ്ഥകളെ കാണിക്കുന്നുവെന്നും പിന്നീട് ഐതിഹ്യമായി പരന്നിരുന്നു.

ബുദ്ധമതത്തെ നാടുകടത്താനും പരസ്പരം മത്സരിച്ചിരുന്ന ശൈവ വൈഷണവ വിശ്വാസികളെ യോജിപ്പിക്കാനും ആയി 1000-1200 വര്‍ഷം മുമ്പ് (ശങ്കരാചാര്യനാല്‍) സൃഷ്ടിക്കപ്പെട്ട ഏറ്റവും പ്രായം കുറഞ്ഞ ഹിന്ദു ദേവന്‍ ആണ് ശബരിമല അയ്യപ്പന്‍. ശബരിമലയില്‍ നേരത്തെ തന്നെ ബുദ്ധ/ജൈന ക്ഷേത്രം ഉണ്ടായിരിന്നു എന്നു ചില തെളിവുകളുടെ അടിസ്ഥാനത്തിൽ വാദമുണ്ട്. ശബരിമലയില്‍ മാത്രമല്ല സഹ്യപര്‍വ്വത നിരകളില്‍ അച്ചന്‍കോവില്‍, ആര്യങ്കാവ് ,കുളത്തൂപ്പുഴ എന്നിവിടങ്ങളിലും പുരാതന കാലം മുതല്‍ ശാസ്താ ക്ഷേത്രങ്ങള്‍ ഉണ്ടായിരുന്നു. അയ്യപ്പന്‍ പന്തളം രാജാവിന്റെ ശേവുകന്‍ ആയി 700-300 കൊല്ലവര്‍ഷങ്ങള്‍ക്കിടയില്‍ പന്തളം-എരുമേലി പ്രദേശങ്ങളില്‍ ജീവിച്ചിരുന്ന ഒരു യോദ്ധാവായിരുന്നു. ശബരിമലയില്‍ ശത്രുക്കള്‍ (ഒരു പക്ഷെ ബ്രാഹ്മണര്‍ തന്നെ ആവാം) നശിപ്പിച്ചുകളഞ്ഞ ശാസ്താ /ബുദ്ധ വിഗ്രഹം പിന്നീട് ഇദ്ദേഹം പുതിയ വിഗ്രഹം വെച്ചു പ്രതിഷ്ടിച്ചിരുന്നു. ഒരു മനുഷ്യ പുത്രന്‍ ആയിരുന്ന ഇദ്ദേഹത്തിനു മണികണ്ഠന്‍ എന്നും അയ്യന്‍ എന്നും പേരുണ്ടായിരുന്നു. ഇദ്ദേഹമാണത്രേ അയ്യപ്പൻ, ആ ക്ഷേത്രം പിന്നീട് ഇദ്ദേഹത്തിന്റേതായി മാറി. ശാസ്താവും അയ്യപ്പനും ലയിച്ചുചേർന്ന് ഒന്നായി എന്നും പറയുന്നു.

അയ്യപ്പന്‍ പ്രതിഷ്ഠിച്ച ക്ഷേത്രം മാത്രം ”അയ്യപ്പ ക്ഷേത്രം” എന്നറിയപ്പെടുന്നു. വിഗ്രഹ പ്രതിഷ്ഠയ്ക്ക് ശേഷം പന്തളത്ത് മടങ്ങി എത്താതിരുന്ന അയ്യപ്പനെ ഭക്തര്‍ ശാസ്താവിന്റെ അവതാരമായി കണക്കാക്കി ദൈവമായി ഉയര്‍ത്തി ആരാധിക്കാന്‍ തുടങ്ങി. മറ്റു ശാസ്താ ക്ഷേത്രങ്ങള്‍ക്ക് അയ്യപ്പ ക്ഷേത്രം എന്ന പേരില്ല. പിന്നീട് 1950-ല്‍ ശബരിമല ക്ഷേത്രം തീവച്ച് നശിപ്പിക്കപ്പെട്ടിരുന്നു. ശേഷം പ്രതിഷ്ഠിച്ച വിഗ്രഹമാണിന്നു കാണുന്നത്. ശാസ്താവ് വാജീ(കുതിര) വാഹനനാണ്. അയ്യപ്പന്‍ പക്ഷേ പുലി വാഹനനായാണ് അറിയപ്പെടുന്നത്..

ശരണം വിളികൾ

ശരണം വിളികളുടെ ലിസ്റ്റാണിവിടെ കൊടുത്തിരിക്കുന്നത്.

  1. അഖിലാണ്ഡ കോടി ബ്രഹ്മാണ്ഡ നായകനേ
  2. അച്ഛൻ കോവിലാണ്ടവനേ
  3. അനാഥ രക്ഷകനേ
  4. അന്നദാനപ്രഭുവേ
  5. അപ്പാച്ചിമേടേ
  6. അംബുജലോചനനേ
  7. അഭയ പ്രദായകനേ
  8. അഷ്ടസിദ്ധി ദായകനെ
  9. അസുരാന്തകനേ
  10. അഴുതകയറ്റമേ
  11. അഴുതയില്‍ തീര്‍ത്ഥമേ
  12. അഴുതയിൽ വാസനേ
  13. അഴുതയില്‍ സ്‌നാനമേ
  14. അഴുതയിറക്കമേ
  15. അഴുതാനദിയേ
  16. അഴുതാമേടേ
  17. ആത്മസ്വരൂപിയേ
  18. ആനന്ദ ജ്യോതിയേ
  19. ആനന്ദ ദായകനേ
  20. ആനന്ദരൂപനേ
  21. ആനമുഖന്‍തമ്പിയേ തമ്പിയേ
  22. ആപത് ബാന്ധവനേ
  23. ആരിയങ്കാവയ്യനെ
  24. ആര്‍ത്തപരായണനേ
  25. ആശ്രയദായകനേ
  26. ആശ്രിതവത്സലനേ
  27. ഇടവും വലവും കാത്തുരക്ഷിയ്ക്കണം ഭഗവാനേ
  28. ഇപ്പാച്ചി കുഴിയേ
  29. ഇരുമുടി പ്രിയനേ
  30. ഉടുമ്പാറത്താവളമേ
  31. ഉടുമ്പാറമലക്കോട്ടയേ
  32. ഉത്തുംഗാദ്രി വാസനേ
  33. ഉരക്കുഴിതീര്‍ത്ഥമേ
  34. എങ്ങും നിറഞ്ഞ പൊരുളേ
  35. എൻ കുലദൈവമേ
  36. എൻ ഗുരുനാഥനേ
  37. എന്നില്ലാ രൂപനേ
  38. എരുമേലി വാഴും ശാസ്‌താവേ
  39. ഏക പരസുഖ ദായകനെ
  40. ഏകാന്ത വാസനേ
  41. ഏണവിലോചനനേ
  42. ഏണാങ്കചിത്തനേ
  43. ഏറ്റുമാനൂരപ്പൻ മകനേ
  44. ഐങ്കരസോദരനേ
  45. ഐയ്യങ്കൾ തീർപ്പവനേ
  46. ഒപ്പില്ലാ മാണിക്കമേ
  47. ഓംകാര പരംപൊരുളേ
  48. ഓംകാര പരബ്രഹ്മമേ
  49. ഓങ്കാരാത്മകനേ
  50. കൺകണ്ട ദൈവമേ
  51. കദനവിനാശകനേ
  52. കന്നിമൂല ഗണപതിഭഗവാനേ
  53. കമ്പൻകുടെയ്ക്കു ഉടൈയ നാഥനെ
  54. കരിമലയടിവാരമേ
  55. കരിമലയിറക്കമേ
  56. കരുണാസമുദ്രമേ
  57. കർപ്പൂര ജ്യോതിയേ
  58. കലികാലമൂര്‍ത്തിയേ
  59. കലിയുഗ വരദനേ
  60. കല്ലിടാംകുന്നേ
  61. കറുപ്പണ്ണ സ്വാമിയേ
  62. കാനനവാസനേ
  63. കാരുണ്യ മൂര്‍ത്തിയേ
  64. കാരുണ്യാത്മകനേ
  65. കാലദോഷമോചനനേ
  66. കാളകെട്ടിനിലവയ്യനേ
  67. കുഭദളതീര്‍ത്ഥമേ
  68. കുളത്തുപ്പുഴ ബാലകനേ
  69. കേശവാത്മജനേ
  70. കൈവല്യപദധായകനേ
  71. കോമളാകാരനേ
  72. ക്രീഡാലോലുപനേ
  73. ഗഗന വിമോഹനനേ
  74. ഗുരുവായൂരപ്പൻ മകനേ
  75. ചണ്ഡികാസോദരനേ
  76. ചമ്രവട്ടത്തയ്യനേ
  77. ചെറിയ കടുത്ത സ്വാമിയേ
  78. ചെറിയാനവട്ടമേ
  79. ജാതിമതഭേദം ഇല്ലാതവനേ
  80. ജ്ഞാനസ്വരൂപനേ
  81. തൃപ്പാദപത്മമേ
  82. ദാക്ഷിണ്യശീലകനേ
  83. ദീപാര്‍ച്ചന പ്രിയനേ
  84. ദുർഗ്ഗാ ഭഗവതിമാരേ
  85. ദുര്‍ജ്ജനദ്ധ്വംസകനേ
  86. ദുഷ്ടർ ഭയം നീക്കുഭവനേ
  87. ദേവവൃന്ദവന്ദിതനേ
  88. ദേവാദിദേവനേ
  89. ദേവേന്ദ്രപൂജിതനേ
  90. ദേഹബലംകൊട് സ്വാമിയേ
  91. ധന്വന്തരി മൂർത്തിയേ
  92. നമ്പിനോരെ കാക്കും ദൈവമേ
  93. നർത്തനപ്രിയനേ
  94. നല്ലേക്കാവിലയ്യനേ
  95. നാഗഭൂഷണാത്മജനേ
  96. നാദബ്രഹ്മമേ
  97. നാരദാദി സേവിതനേ
  98. നാരയണൻ മൈന്തനേ
  99. നാരായണ സുതനേ
  100. നീലിമലകയറ്റമേ
  101. നെയ്യഭിഷേകപ്രിയനേ
  102. പടിവാണരുളും ഹരിഹരസുതനയ്യനയ്യപ്പസ്വാമിയേ…
  103. പതിനെട്ടാം പടിയേ
  104. പതിനെട്ടാംപടിക്ക് ഉടയ നായകനേ
  105. പന്തള രാജകുമാരനേ
  106. പന്തളത്തുണ്ണിയേ
  107. പന്തളരാജകുമാരനേ
  108. പമ്പയില്‍ സദ്യയേ
  109. പമ്പയില്‍സ്‌നാനമേ
  110. പമ്പാ ബാലകനേ
  111. പമ്പാ വാസനേ
  112. പമ്പാനദിയേ
  113. പമ്പാവിളക്കേ
  114. പരമദയാലനേ
  115. പരമശിവൻ പുത്രനേ
  116. പരശുരാമ പൂജിതനേ
  117. പാദബലംകൊട് സ്വാമിയേ
  118. പാപരക്ഷകനേ
  119. പാപസംഹാര മൂർത്തിയേ
  120. പായസാന്നപ്രിയനേ
  121. പാര്‍വ്വതീശ പുത്രനേ
  122. പെരിയ കടുത്ത സ്വാമിയേ
  123. പേരൂര്‍ത്തോടേ
  124. പൊന്നാമ്പലവാസനെ
  125. പ്രണവസ്വരൂപനേ
  126. പ്രത്യയദാദാവേ
  127. ബന്ധുരരൂപനേ
  128. ഭക്തജന രക്ഷകനേ
  129. ഭക്തലോകപാലകനേ
  130. ഭക്തവത്സലനേ
  131. ഭഗവത് തൊട്ടാമനേ
  132. ഭഗവാനിന്‍ തിരു സന്നിധിയേ
  133. ഭഗവാനിന്‍ പൊന്നു പതിനെട്ടാം പടികളേ
  134. ഭസ്മക്കുളമേ
  135. ഭാസ്മാഭിഷേക പ്രിയനേ
  136. മകരജ്യോതിയേ
  137. മണികണ്ഠപൊരുളേ
  138. മന്നോര്‍നായകനേ
  139. മഹിതഗുണാലയനേ
  140. മഹിഷീ സംഹാരനേ
  141. മാരഹരാത്മജനേ
  142. മാളികപ്പുറത്തു ദേവിയെ
  143. മാളികപ്പുറത്തു മഞ്ഞമ്മാദേവി ലോകമാതാവേ
  144. മുക്കുഴിതാവളമേ
  145. മുമ്പും പിമ്പും കാത്തുരക്ഷിയ്ക്കണം ഭഗവാനേ
  146. മോഹ വിനാശകനേ
  147. മോഹിനീ സുതനേ
  148. രുദ്രനന്ദനനേ
  149. ലീലാവിനോദനേ
  150. ലോകരക്ഷകനേ
  151. വനചരഭൂഷണനേ
  152. വനദേവതമാരേ
  153. വനഭൂമിപാലകനേ
  154. വൻപുലി വാഹനനേ
  155. വരപ്രസാദദായകനേ
  156. വലിയ കടുത്ത സ്വാമിയേ
  157. വലിയാനവട്ടമേ
  158. വാവരിന്‍ തോഴനേ
  159. വാവർ സ്വാമിയേ
  160. വിഭൂതി ഭൂഷണനേ
  161. വില്ലാളി വീരനേ
  162. വിശ്വരക്ഷകനേ
  163. വിശ്വവിശാരദനേ
  164. വീരനില്‍ വീരനേ
  165. വീരമണികണ്ഠനേ
  166. വൈക്കത്തപ്പൻ മകനേ
  167. ശക്തി വടിവേലൻ സോദരനെ
  168. ശക്തിമുക്തിപ്രദായകനേ
  169. ശക്തിസ്വരൂപനേ
  170. ശങ്കാവിഹീനനേ
  171. ശതമുഖസേവിതനേ
  172. ശത്രു സംഹാരനേ
  173. ശത്രുസംഹാര മൂർത്തിയേ
  174. ശബരി ഗിരീശനേ
  175. ശബരിക്ക് അരുൾ പുരിന്ദവനേ
  176. ശബരിഗിരി വാസനേ
  177. ശബരിപീഠമേ
  178. ശബരിമാമല ശാസ്താവേ
  179. ശബരീ പീഠമേ
  180. ശംഭുകുമാരനേ
  181. ശരംകുത്തിയാലേ
  182. ശരണഘോഷ പ്രിയനേ
  183. ശരണാഗത രക്ഷകനേ
  184. ശിവശക്തി ഐക്യസ്വരൂപനേ
  185. ഷണ്മുഖ സോദരനേ
  186. സകല കലാ വല്ലഭനേ
  187. സകല പരിവാരസമേതന്‍ പൊന്നു പതിനെട്ടാം
  188. സങ്കടം തീർപ്പവനേ
  189. സച്ചിദാനന്ദ സ്വരൂപനേ
  190. സഞ്ചലം അഴിപ്പവനേ
  191. സത്യകൃപാലയനേ
  192. സത്യമൂര്‍ത്തിയേ
  193. സത്യസ്വരൂപനേ
  194. സത്യാന്വേഷകനേ
  195. സദ്‌ഗുരുനാഥനേ
  196. സമസ്താപരാദങ്ങളും പൊറുക്കണേ അയ്യപ്പാ
  197. സർവ്വരോഗനിവാരണ ധന്വന്തരമൂർത്തിയേ
  198. സര്‍വ്വസല്‍ഗുണ സമ്പൂര്‍ണ്ണനേ
  199. സർവ്വാഭിഷേകധായകനേ
  200. സാംബശിവപ്രിയശബരീശനേ
  201. സാരപ്രകാശനേ
  202. സേവിപ്പവർക്ക്‌ ആനന്ദമൂർത്തിയേ
  203. സോമശേഖരാത്മജനേ
  204. സ്വച്ഛമാനസനേ
  205. സ്വാമിയുടെ ചുറ്റമ്പലമേ
  206. സ്വാമിയുടെ പൊന്നമ്പലമേ
  207. ഹരിഹര സുതനേ
  208. ഹരിഹരസുതനാനന്ദചിത്തനയ്യനയ്യപ്പസ്വാമിയേ… ശരണമയ്യപ്പ!

108 ശരണം വിളികൾ

സ്വാമിയേ… ശരണമയ്യപ്പാ!!!
ഹരിഹരസുതനേ… ശരണമയ്യപ്പാ!!!
മോഹിനീസുതനേ… ശരണമയ്യപ്പാ!!!
വില്ലാളിവീരനേ…ശരണമയ്യപ്പാ!!!
വീരമണികണ്ഠനേ… ശരണമയ്യപ്പാ!!!
ശ്രീധർമ്മശാസ്താവേ… ശരണമയ്യപ്പാ!!!
ശ്രീഭൂതനാഥനേ… ശരണമയ്യപ്പാ!!!
കൺകണ്ടദൈവമേ… ശരണമയ്യപ്പാ!!!
കലിയുഗവരദനേ…ശരണമയ്യപ്പാ!!!
ഓംകാരപ്പൊരുളേ… ശരണമയ്യപ്പാ!!!
ശങ്കരാത്മജനേ… ശരണമയ്യപ്പാ!!!
ശാന്തസ്വരൂപനേ… ശരണമയ്യപ്പാ!!!
സങ്കടമോചകനേ… ശരണമയ്യപ്പാ!!!
മധുസൂദനസുതനേ… ശരണമയ്യപ്പാ!!!
വേട്ടയ്ക്കൊരുമകനേ… ശരണമയ്യപ്പാ!!!
ഗജവദനസോദരനേ… ശരണമയ്യപ്പാ!!!
ഷണ്മുഖസോദരനേ… ശരണമയ്യപ്പാ!!!
പന്തളവാസനേ… ശരണമയ്യപ്പാ!!!
മഹിഷീസംഹാരനേ… ശരണമയ്യപ്പാ!!!
ശത്രുസംഹാരനേ…ശരണമയ്യപ്പാ !!!
തുരഗവാഹനനേ… ശരണമയ്യപ്പാ!!!
കാനനവാസനേ… ശരണമയ്യപ്പാ!!!
എരുമേലിശാസ്താവേ… ശരണമയ്യപ്പാ!!!
അഴുതാനദിയേ… ശരണമയ്യപ്പാ!!!
കല്ലിടാംകുന്നേ..ശരണമയ്യപ്പാ!!!
കരിമലകയറ്റമേ… ശരണമയ്യപ്പാ!!!
കരിമലവാസനേ… ശരണമയ്യപ്പാ!!!
പമ്പാവാസനേ… ശരണമയ്യപ്പാ!!!
പമ്പാനദിയേ… ശരണമയ്യപ്പാ!!!
പമ്പാഗണപതിയേ… ശരണമയ്യപ്പാ!!!
പമ്പാവിളക്കേ… ശരണമയ്യപ്പാ!!!
നീലിമലകയറ്റമേ… ശരണമയ്യപ്പാ !!!
ശബരിപീഠമേ… ശരണമയ്യപ്പാ!!!
ശരംകുത്തിയാലേ… ശരണമയ്യപ്പാ!!!
ഭഗവാൻതിരുസന്നിധാനമേ… ശരണമയ്യപ്പാ !!!
ആഴിക്കുടയോനേ… ശരണമയ്യപ്പാ!!!
വാവരുസ്വാമിയേ… ശരണമയ്യപ്പാ!!!
പൊന്നുപതിനെട്ടാം പടിയേ… ശരണമയ്യപ്പാ!!!
കന്നിമൂലഗണപതിഭഗവാനേ… ശരണമയ്യപ്പാ!
നാഗരാജാവേ… ശരണമയ്യപ്പാ!!!
ഭസ്മക്കുളമേ… ശരണമയ്യപ്പാ!!!
മാളികപ്പുറത്തമ്മമാതാവേ… ശരണമയ്യപ്പാ!!!
ശബരിഗിരീശനേ… ശരണമയ്യപ്പാ!!!
പൊന്നമ്പലവാസനേ… ശരണമയ്യപ്പാ !!!
തിരുവാഭരണമേ… ശരണമയ്യപ്പാ!!!
തുളസീമാല്യധാരിയേ… ശരണമയ്യപ്പാ!!!
തൃപ്പാദകമലമേ… ശരണമയ്യപ്പാ !!!
നീലാംബരധരനേ… ശരണമയ്യപ്പാ!!!
മോഹനരൂപനേ… ശരണമയ്യപ്പാ!!!
മോഹവിനാശകനേ… ശരണമയ്യപ്പാ!!!
പങ്കജലോചനനേ… ശരണമയ്യപ്പാ!!!
പാപവിനാശകനേ… ശരണമയ്യപ്പാ!!!
കരുണാമയനേ… ശരണമയ്യപ്പാ!!!
അഖിലഗുരുനാഥനേ… ശരണമയ്യപ്പാ!!!
അരിവിമർദ്ദനനേ… ശരണമയ്യപ്പാ !!!
താരകബ്രഹ്മമേ… ശരണമയ്യപ്പാ!!!
ശരണാഗതവത്സലനേ… ശരണമയ്യപ്പാ!!!
ശരണകീർത്തനപ്രിയനേ.. ശരണമയ്യപ്പാ !!!
സകലകലാവല്ലഭനേ… ശരണമയ്യപ്പാ !!!
ധർമസ്വരൂപനേ… ശരണമയ്യപ്പാ!!!
ധർമസംരക്ഷകനേ… ശരണമയ്യപ്പാ!!!
മംഗളദായകനേ… ശരണമയ്യപ്പാ!!!
ജ്ഞാനസ്വരൂപനേ… ശരണമയ്യപ്പാ!!!
മണ്ഡലവിളക്കേ… ശരണമയ്യപ്പാ !!!
മകരവിളക്കേ… ശരണമയ്യപ്പാ!!!
മകരജ്യോതിയേ… ശരണമയ്യപ്പാ!!!
കർപ്പൂരദീപപ്രിയനേ… ശരണമയ്യപ്പാ!!!
ലക്ഷാർച്ചനപ്രിയനേ..ശരണമയ്യപ്പാ!!!
ദീപാര്‍ച്ചനപ്രിയനേ… ശരണമയ്യപ്പാ!!!
ശംഖാഭിഷേകപ്രിയനേ… ശരണമയ്യപ്പാ!!!
നെയ്യഭിഷേകപ്രിയനേ .ശരണമയ്യപ്പാ!!!
അഷ്ടാഭിഷേകപ്രിയനേ… ശരണമയ്യപ്പാ!!!
പഞ്ചഗവ്യാഭിഷേകപ്രിയനേ… ശരണമയ്യപ്പാ!!!
നവകാഭിഷേകപ്രിയനേ… ശരണമയ്യപ്പാ!!!
പുഷ്പാഭിഷേകപ്രിയനേ… ശരണമയ്യപ്പാ!!!
ഭസ്മാഭിഷേകപ്രിയനേ..ശരണമയ്യപ്പാ !!!
പായസാന്നപ്രിയനേ…ശരണമയ്യപ്പാ !!!
പാനകപ്രിയനേ… ശരണമയ്യപ്പാ !!!
അന്നദാനപ്രഭുവേ… ശരണമയ്യപ്പാ!!!
ആശ്രിതവത്സലനേ… ശരണമയ്യപ്പാ!!!
ആപത്ബാന്ധവനേ… ശരണമയ്യപ്പാ!!!
അനാഥ രക്ഷകനേ… ശരണമയ്യപ്പാ!!!
ആനന്ദദായകനേ… ശരണമയ്യപ്പാ
മുക്തിദായകനേ… ശരണമയ്യപ്പാ!!!
ഭക്തജനപ്രിയനേ… ശരണമയ്യപ്പാ!!!
അംബുജലോചനനേ… ശരണമയ്യപ്പാ!!!
എന്‍ഗുരുനാഥനേ… ശരണമയ്യപ്പാ!!!
ഏകാന്തവാസനേ…ശരണമയ്യപ്പാ !!!
കാരുണ്യമൂർത്തിയേ… ശരണമയ്യപ്പാ!!!
വിശ്വരക്ഷകനേ… ശരണമയ്യപ്പാ!!!
വിഭൂതി ഭൂഷണനേ… ശരണമയ്യപ്പാ!!!
കലികാലമൂര്‍ത്തിയേ… ശരണമയ്യപ്പാ!!!
താരകബ്രഹ്മസ്വരൂപനേ… ശരണമയ്യപ്പാ!!!
ശിഷ്ടജനസംരക്ഷകനേ… ശരണമയ്യപ്പാ!!!
ദേവവൃന്ദവന്ദിതനേ… ശരണമയ്യപ്പാ!!!
ദേവാദിദേവനേ… ശരണമയ്യപ്പാ!!!
നാരദാദിമുനി സേവിതനേ… ശരണമയ്യപ്പാ!!!
നാഗഭൂഷണാത്മജനേ… ശരണമയ്യപ്പാ!!!
നാരായണസുതനേ..ശരണമയ്യപ്പാ!!!
ശക്തിസ്വരൂപനേ… ശരണമയ്യപ്പാ!!!
ഭക്തലോകപാലകനേ..ശരണമയ്യപ്പാ!!!
ഭൂലോകനാഥനേ… ശരണമയ്യപ്പാ!!!
ഭൂമിപ്രപഞ്ചനേ… ശരണമയ്യപ്പാ!!!
കലിയുഗവരദനേ… ശരണമയ്യപ്പാ!!!
കൈവല്യപദദായകനെ… ശരണമയ്യപ്പാ!!!
അഖിലാണ്ഡകോടി ബ്രഹ്മാണ്ഡനായകനേ… ശരണമയ്യപ്പാ!!!
സമസ്താപരാധങ്ങളും പൊറുത്തരുളേണമേ സ്വാമിയേ… ശരണമയ്യപ്പാ !!!
ഓം ഹരിഹരസുതനാനന്ദചിത്തനയ്യനയ്യപ്പസ്വാമിയേ… ശരണമയ്യപ്പാ!!!സ്വാമിയേ ശരണമയ്യപ്പ

ഹരിവരാസനം

ശബരിമലയിൽ ദിവസവും അത്താഴപൂജയ്ക്കു ശേഷം നട അടയ്ക്കുന്നതിനു മുമ്പ് ഉടുക്കുകൊട്ടി ആലപിക്കുന്ന കീർത്തനമാണ് ഹരിവരാസനം ശബരിമലയിലെ ദിവസപൂജ. ഹരിവരാസനം പാടിത്തീരുമ്പോഴേക്കും പരികർമ്മികൾ നടയിറങ്ങും. പിന്നീട് ഒന്നൊഴിയാതെ ഓരോ നിലവിളക്കും അണച്ച് മേൽശാന്തി നട അടയ്ക്കും.

അയ്യപ്പന്റെ രൂപഭാവങ്ങളെ വർണ്ണിക്കയും പ്രകീർത്തിക്കയും ചെയ്യുന്ന ഹരിവരാസനത്തിൽ ആദിതാളത്തിൽ മധ്യമാവതി രാഗത്തിൽ സംസ്കൃതപദങ്ങളാൽ ചിട്ടപ്പെടുത്തപ്പെട്ട പതിനാറ്‌ പാദങ്ങളാണ്‌ ഉള്ളത്. അതിൽ ഏഴുപാദം മാത്രമാണ്‌ ശബരിമല ശാസ്താവിനെ ഉറക്കുവാൻ നടതുറന്നിരിക്കുന്ന ദിവസങ്ങളിൽ രാത്രി 10.55 ന്‌ പാടാറുള്ളത്‌.

കമ്പക്കുടി കുളത്തൂർ സുന്ദരേശയ്യരാണു ഹരിവരാസനത്തിന്റെ രചയിതാവ് എന്നാണ് പരക്കെയുള്ള വിശ്വാസം. അതേ സമയം ആലപ്പുഴ പുറക്കാട്ടെ കോന്നക്കകത്ത് ജാനകിയമ്മയാണ് ഹരിവരാസനം രചിച്ചതെന്ന വാദവുമായി 2007-ൽ അവരുടെ ചെറുമകൻ എത്തുകയുണ്ടായി. 1923-ലാണ് കൃതി രചിച്ചതെന്നാണ് അവരുടെ അവകാശവാദം. 1930 മുതൽ തന്നെ ഭജനസംഘക്കാർ ഈ പാട്ടു പാടി മലകയറിയിരുന്നെന്നും അവർ അവകാശപ്പെടുന്നു. വിമോചാനന്ദയാണ് മലയിൽ ആദ്യം ഹരിവരാസനം പാടിയതെന്ന് വാദത്തിനും ഇത് വിരുദ്ധമാണ്.

നാലപ്പതുകളിൽ ശബരിമല വലിയ കാടായിരുന്നു, ഭക്തർ തീരെ കുറവും. ആലപ്പുഴകാരനായ വീ.ആർ.ഗോപാലമേനോൻ എന്നൊരു ഭകതൻ ശബരിമലയിൽ ചെറിയൊരു കുടിൽ കെട്ടി താമസ്സിച്ചിരുന്നു. പുറപ്പെടാശാന്തിയായി അവിടെ കഴിഞ്ഞു കൂടിയിരുന്ന ശബരിമല മേൾശാന്തി ഈശ്വരൻ നമ്പൂതിരിയുടെ ഏക സുഹൃത്ത് മേനോൻ ആയിരുന്നു. മേനോൻ ദിവസവും ദീപാരാധനസമയം ഹരിവരാസനം ആലാപിച്ചിരുന്നു. ദേവസം ബോർഡ് ശബരിമല ഭരണം ഏറ്റെടുത്തപ്പോൾ മേനോനെ കുടിയിറക്കി. വണ്ടിപ്പെരിയാറിലെ മൗണ്ട് എസ്റ്റേറ്റിൽ അനാഥനായി മേനോൻ മരണമടഞ്ഞു. സുഹൃത്തിൻറെ മരണവാർത്ത അറിഞ്ഞമേൽ ശാന്തി അന്നു നടയടക്കും മുൻപു ഹരിവരാസനം ആലാപിച്ചു മേനോനെ അനുസ്മരിച്ചു. പിന്നെ ആ ആലാപനം പതിവായി.

ശബരിമലയിലെ കീർത്തനം

ഹരിവരാസനം സ്വാമി വിശ്വമോഹനം
ഹരിദധീശ്വരം സ്വാമി ആരാധ്യപാദുകം
അരിവിമർദ്ദനം സ്വാമി നിത്യ നർത്തനം
ഹരിഹരാത്മജം സ്വാമി ദേവമാശ്രയേ
ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ
ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ
ഹരിയുടെ അനുഗ്രഹങ്ങൾക്ക് നിലയവും, വിശ്വത്തെമുഴുവൻ ആകർഷിക്കുന്നവനും സകല ദിക്കുകളുടേയും ഈശ്വരനും ആരാദ്ധ്യങ്ങളായ പാദുകങ്ങളോട് കൂടിയവനും, ശത്രുക്കളെ വിമർദ്ദനം ചെയ്തവനും നിത്യവും നർത്തനം ചെയ്യുന്നവനും,ഹരി(വിഷ്ണു)യ്ടെയും ഹരന്റെയും(ശിവൻ)പുത്രനുമായ ദേവാ നിന്നെ ആശ്രയിക്കുന്നു. അയ്യപ്പാ നിന്നിൽ ഞാൻ ശരണം തേടുന്നു.
ശരണ കീർത്തനം സ്വാമി ശക്തമാനസം
ഭരണലോലുപം സ്വാമി നർത്തനാലസം
അരുണഭാസുരം സ്വാമി ഭൂതനായകം
ഹരിഹരാത്മജം സ്വാമി ദേവമാശ്രയേ
ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ
ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ
ശരണകീർത്തനം ചെയ്യുന്നു ശക്തമാനത്തൊടു കൂടിയവനും വിശ്വത്തിന്റെ പാലനത്തിൽ സന്തോഷമുള്ളവനും, നൃത്തം ചെയ്യാൻ തത്പരനും ഉദയസൂര്യനെപ്പോലെ പ്രശോഭിക്കുന്നവനും, കലഭൂതങ്ങളുടെയും നാഥനും ഹരിയുയും ഹരന്റെയും പുത്രനുമായ ദേവാ നിന്നെ ആശ്രയിക്കുന്നു. അയ്യപ്പാ നിന്നിൽ ഞാൻ ശരണം തേടുന്നു.
പ്രണയസത്യകം സ്വാമി പ്രാണനായകം
പ്രണതകല്പകം സ്വാമി സുപ്രഭാഞ്ചിതം
പ്രണവ മന്ദിരം സ്വാമി കീർത്തനപ്രിയം
ഹരിഹരാത്മജം സ്വാമി ദേവമാശ്രയേ
ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ
ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ
പ്രഭാസത്യകസമേതനും പ്രാണനായകനും ഭക്തർക്ക് കൽപ്പതരു ആയവനും ദിവ്യമായ പ്രഭയുള്ളവനും, ‘ഓം’കാരത്തിന്റെ ക്ഷേത്രമായവനും കീർത്തനങ്ങളിൽ പ്രീതിയുള്ളവനും, ഹരിഹരപുത്രനുമായ ദേവാ നിന്നെ ആശ്രയിക്കുന്നു. അയ്യപ്പാ നിന്നിൽ ഞാൻ ശരണം തേടുന്നു.
തുരഗവാഹനം സ്വാമി സുന്ദരാനനം
വരഗദായുധം സ്വാമി ദേവവർണ്ണിതം
ഗുരുകൃപാകരം സ്വാമി കീർത്തനപ്രിയം
ഹരിഹരാത്മജം സ്വാമി ദേവമാശ്രയേ
ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ
ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ
കുതിരയെ വാഹനമാക്കിയവനും സുന്ദരമായ മുഖം ഉള്ളവനും, ദിവ്യമായ ഗദ ആയുധമായുള്ളവനും വേദത്താൽ വർണ്ണിക്കപ്പെടുന്നവനും, ഗുരുവേപ്പോലെ കൃപചൊരിയുന്നവനും, കീർത്തനങ്ങളിൽ പ്രീതിയുള്ളവനും, ഹരിഹരപുത്രനുമായ ദേവാ നിന്നെ ആശ്രയിക്കുന്നു. അയ്യപ്പാ നിന്നിൽ ഞാൻ ശരണം തേടുന്നു.
ത്രിഭുവനാർച്ചിതം സ്വാമി ദേവതാത്മകം
ത്രിനയനം പ്രഭും സ്വാമി ദിവ്യദേശികം
ത്രിദശപൂജിതം സ്വാമി ചിന്തിതപ്രദം
ഹരിഹരാത്മജം സ്വാമി ദേവമാശ്രയേ
ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ
ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ
മൂന്നുലോകങ്ങളാലും പൂജിക്കപ്പെടുന്നവനും, ദേവന്മാരുടെയും ആത്മാവായ് വിളങ്ങുന്നവനും, സാക്ഷാൽ ശിവൻ തന്നെയായവനും ദിവ്യനായ ഗുരുവും, മൂന്നു കാലങ്ങളിലായ് പൂജിക്കപ്പെടുന്നവനും ചിന്തിക്കുന്നതു മുഴുവൻ സത്യമാക്കുന്നവനും, ഹരിഹരപുത്രനുമായ ദേവാ നിന്നെ ആശ്രയിക്കുന്നു. അയ്യപ്പാ നിന്നിൽ ഞാൻ ശരണം തേടുന്നു.
ഭവഭയാപഹം സ്വാമി ഭാവുകാവഹം
ഭുവനമോഹനം സ്വാമി ഭൂതിഭൂഷണം
ധവളവാഹനം സ്വാമി ദിവ്യവാരണം
ഹരിഹരാത്മജം സ്വാമി ദേവമാശ്രയേ
ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ
ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ
ഭവഭയത്തെ അകറ്റുന്നവനും ഐശ്വര്യദായകനും ഭുവനത്തെമുഴുവൻ ആകർഷിക്കുന്നവനും ഭസ്മവിഭൂഷിതനും വെളുത്തനിറമുള്ള ദിവ്യമായ ആനയേ വാഹനമാക്കിയവനും ഹരിഹരപുത്രനുമായ ദേവാ നിന്നെ ആശ്രയിക്കുന്നു. അയ്യപ്പാ നിന്നിൽ ഞാൻ ശരണം തേടുന്നു.
കളമൃദുസ്മിതം സ്വാമി സുന്ദരാനനം
കളഭകോമളം സ്വാമി ഗാത്രമോഹനം
കളഭകേസരി സ്വാമി വാജിവാഹനം
ഹരിഹരാത്മജം സ്വാമി ദേവമാശ്രയേ
ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ
ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ
മന്ദസ്മേരയുക്തമായ സുന്ദരമുഖമുള്ളവനും കളഭം അണിഞ്ഞ മനോഹര ശരീരമുള്ളവനും ആന, സിംഹം, കുതിര എന്നിവയേ വാഹനമാക്കിയവനുംഎട്ടാം പാദം ഹരിഹരപുത്രനുമായ ദേവാ നിന്നെ ആശ്രയിക്കുന്നു. അയ്യപ്പാ നിന്നിൽ ഞാൻ ശരണം തേടുന്നു.
ശ്രിതജനപ്രിയം സ്വാമി ചിന്തിതപ്രദം
ശ്രുതിവിഭൂഷണം സ്വാമി സാധുജീവനം
ശ്രുതിമനോഹരം സ്വാമി ഗീതലാലസം
ഹരിഹരാത്മജം സ്വാമി ദേവമാശ്രയേ
ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ
ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ
ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ
ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ
സ്വാമി ശരണമയ്യപ്പാ സ്വാമി
ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ
ഭക്തന്മാർക്ക് പ്രിയപ്പെട്ടവനും, ചിന്തിക്കുന്നതു മുഴുവൻ സത്യമാക്കുന്നവനും യാതൊരുവനാണോ വേദങ്ങൾ ആഭരണമായത്, സുകൃതികളുടെ ജീവനായിട്ടുള്ളവനും മനോഹരമായ ശ്രുതിയോടു കൂടിയവനും ഗീതത്തിൽ ലസിച്ചിരിക്കുന്നവനും അയ്യപ്പാ നിന്നിൽ ഞാൻ ശരണം തേടുന്നു.
അയ്യപ്പാ നിന്നിൽ ഞാൻ ശരണം തേടുന്നു.
അയ്യപ്പാ നിന്നിൽ ഞാൻ ശരണം തേടുന്നു.
അയ്യപ്പാ നിന്നിൽ ഞാൻ ശരണം തേടുന്നു.
സ്വാമി അയ്യപ്പാ നിന്നിൽ ഞാൻ ശരണം തേടുന്നു.

സംസ്കൃതഭാഷാനിയമങ്ങൾ പല സ്ഥലത്തും തെറ്റിയിട്ടുള്ളതിനാൽ ഇത് വെറും സംസ്കൃതഭാഷയിലെ ഒരു തുടക്കക്കാരൻറെ കൃതിയായി മാത്രമേ കാണാനാകൂ. അതു കൊണ്ടു തന്നെ ഇത് ഒരു മികവുറ്റ കീർത്തനമാണെന്ന് പറയാൻ സാധിക്കില്ല.

ഹരിവരാസനം സിനിമയിൽ

മെറിലാൻഡ് സുബ്രഹ്മണ്യം നിർമിച്ച ‘സ്വാമി അയ്യപ്പൻ (1975)’ എന്ന സിനിമയ്ക്കുവേണ്ടിയാണ് യേശുദാസ് ആദ്യമായി ഹരിവരാസനം ആലപിക്കുന്നത്.‘സ്വാമി അയ്യപ്പൻ’ എന്ന ചിത്രത്തിന്റെ ജനപ്രീതിയും കലാമൂല്യവും പരിഗണിച്ചു ദേവസ്വം ബോർഡ് ആ ചിത്രത്തിന് പ്രത്യേക പുരസ്കാരം നൽകിയിരുന്നു. പുരസ്‌കാരദാന ചടങ്ങിൽ അന്നത്തെ ദേവസ്വം ബോർഡ് പ്രസിഡന്റ് പ്രഖ്യാപിച്ചു. ‘യേശുദാസ് പാടിയ ഹരിവരാസനം എന്ന ഗാനം എന്നും അത്താഴപൂജ കഴിഞ്ഞു നട അടയ്‌ക്കുമ്പോൾ ശബരിമല സന്നിധാനത്തിൽ കേൾപ്പിക്കും.’ (സിനിമയിൽ നിന്നു വ്യത്യസ്തമായി, യേശുദാസ് പിന്നീടു പാടിയ ഹരിവരാസനത്തിന്റെ പൂർണരൂപമാണ് ശബരിമലയിൽ ഉപയോഗിച്ചു പോരുന്നത്).

കുമ്പക്കുടി കുളത്തൂർ അയ്യർ

സ്വാമി അയ്യപ്പനിലെ മറ്റു ഗാനങ്ങൾ എഴുതിയതു വയലാർ ആയതുകൊണ്ട് ഇതിന്റെ പിതൃത്വവും വയലാറിന് ഏൽപ്പിച്ചുകൊടുക്കുന്നവരുണ്ട്. എന്നാൽ, സിനിമയിൽ ദേവരാജന്റെ സംഗീതത്തിൽ യേശുദാസ് ഇതു പാടുന്നതിനു മുൻപും ശബരിമലയിൽ അയ്യപ്പനെ ഉറക്കാൻ ഈ ഗാനം ആലപിച്ചിരുന്നു. രാമനാഥപുരം കുമ്പക്കുടി കുളത്തൂർ അയ്യരാണ് സംസ്‌കൃതത്തിൽ അയ്യപ്പനെ വർണിച്ചു ഹരിവരാസനം രചിച്ചതെന്നു പരക്കെ വിശ്വസിച്ചിരുന്നു. 352 അക്ഷരങ്ങൾ ഉൾക്കൊള്ളുന്ന 108 വാക്കുകൾ ചേർന്ന് 32 വരികൾ എട്ടു ശ്ലോകങ്ങളായി നിറയുന്ന അയ്യപ്പഭക്തി. ‘സ്വാമി അയ്യപ്പനി’ൽ ക്രെഡിറ്റ് നൽകിയിരിക്കുന്നതും മലയാള സിനിമാ ചരിത്രത്തിൽ രേഖപ്പെടുത്തിയിരിക്കുന്നതും കുമ്പക്കുടി അയ്യരുടെ പേരാണ്.

അയ്യരാണ് ഹരിവരാസനം രചിച്ചത് എന്നു കരുതിയിരിക്കുമ്പോഴാണ് 1963 നവംബറിൽ തിരുവനന്തപുരം ചാലയിലെ ജയചന്ദ്രാ ബുക്ക് ഡിപ്പോയിൽ നിന്നു പുറത്തിറക്കിയ ‘ഹരിവരാസനം വിശ്വമോഹനം’ എന്ന കീർത്തനസമാഹാരം ഗവേഷകരുടെ ശ്രദ്ധയിൽ പെടുന്നത്. ഇതിന്റെ 78ാം പേജിൽ ‘ഹരിഹരാത്മജാഷ്‌ടകം’ എന്ന തലക്കെട്ടിൽ ‘ഹരിവരാസനം…’ കീർത്തനം അച്ചടിച്ചിട്ടുണ്ട്. ഇതിൽ ‘സമ്പാദകൻ’ എന്നാണ് കുമ്പക്കുടി കുളത്തൂർ അയ്യരുടെ പേര് ഉൾപ്പെടുത്തിയിരിക്കുന്നത്. സമ്പാദകൻ ഒരിക്കലും രചയിതാവാകില്ലല്ലോ.സമ്പാദകനെ കാലപ്പഴക്കത്തിൽ രചയിതാവായി തെറ്റിദ്ധരിച്ചതാണെന്നു വ്യക്തം. പിന്നെ ആരാണ് ഹരിവരാസനം എഴുതിയത്? ഈ ചോദ്യം ചെന്നെത്തുന്നത് ജാനകിയമ്മയിലാണ്.

ജാനകിയമ്മ

harivarasanam, janakiyamma, swami ayyappan, yesudas, devarajan പുറക്കാട് കോന്നകത്ത് ജാനകിയമ്മയുടെ മക്കളായ ഭാരതിയമ്മയും ബാലാമണിയമ്മയുമാണു ‘ഹരിവരാസനം അമ്മ എഴുതിയതാണ്’ എന്ന് ലോകത്തെ അറിയിച്ചത്. ശബരിമലയിലെ വലിയ വെളിച്ചപ്പാടായിരുന്ന അനന്തകൃഷ്‌ണ അയ്യരുടെ മകളും പ്രശസ്ത പത്രപ്രവർത്തകനായിരുന്ന എം. ശിവറാമിന്റെ സഹോദരിയുമായിരുന്നു ജാനകിയമ്മ. 1893ൽ ജനിച്ചു. പിതാവിൽനിന്നു സംസ്‌കൃതത്തിന്റെ ബാലപാഠങ്ങളും ഒറ്റമൂലി വൈദ്യവും അമ്മ പഠിച്ചതായി മകൾ ബാലാമണിയമ്മ പറയുന്നു. പിതാവിൽനിന്ന് അറിഞ്ഞ അയ്യപ്പമാഹാത്മ്യത്തെപ്പറ്റി കീർത്തനങ്ങൾ കുത്തിക്കുറിച്ചു തുടങ്ങി. കുട്ടനാട്ടെ കൃഷിക്കാരനായ ശങ്കരപ്പണിക്കരുമായുള്ള വിവാഹശേഷവും വായനയും എഴുത്തും തുടർന്നു. (കൃഷി നശിച്ച് കടം കയറിയതോടെ പുറക്കാട്ടെ വസ്‌തുവകകൾ വിറ്റ് 1935 ൽ ശാസ്‌താംകോട്ടയിലേക്ക് ആ കുടുംബം ചേക്കേറി.) 1923ൽ മുപ്പതാം വയസ്സിലാണ് ജാനകിയമ്മ ഹരിവരാസനം എഴുതിയത്. അന്ന് അവർ ആറാമത്തെ കുഞ്ഞിനെ ഗർഭം ധരിച്ചിരിക്കുകയായിരുന്നു. പിറന്ന കുഞ്ഞിന് ‘അയ്യപ്പൻ’ എന്നു പേരിടുകയും ചെയ്‌തു. കീർത്തനം എഴുതിയ ശേഷം അത് പിതാവിനെ ഏൽപ്പിക്കുകയും അദ്ദേഹം അതു കാണിക്കയായി ശബരിമലയിൽ നടയ്‌ക്കുവയ്‌ക്കുകയും ചെയ്‌തുവത്രേ. പിന്നീട് പുറക്കാട്ട് ശിവക്ഷേത്രത്തിലുണ്ടായിരുന്ന ഭജനക്കാരിലൊരാൾ ജാനകിയമ്മയിൽനിന്നു കീർത്തനം പകർത്തിയെടുത്ത് പഠിച്ചു.

പുറക്കാട്ട് കോന്നകത്തു വീടിന്റെ തെക്കുവശത്തുള്ള ആനന്ദേശ്വരം ശിവക്ഷേത്രത്തിലെ ഭജനസംഘമാണത്രേ ‘ഹരിവരാസനം’ ആദ്യമായി പാടിയത്… ശാസ്‌താംകോട്ടയിലേക്കു താമസം മാറ്റിയപ്പോഴും അമ്മ ‘ഹരിവരാസനം’ വിട്ടുകളഞ്ഞില്ലെന്നും ശാസ്‌താംകോട്ട ക്ഷേത്രം സന്ദർശിച്ചു മലയ്‌ക്കു പോയിരുന്ന ‘കല്ലടസംഘം’ അത് ഏറ്റെടുത്തെന്നും ജാനകിയമ്മയുടെ ചെറുമക്കളും പറയുന്നു. ‘സ്വാമി അയ്യപ്പൻ’ സിനിമയിലൂടെ ഹരിവരാസനം ജനകീയ അംഗീകാരം നേടുന്നതിനു മൂന്നു വർഷം മുൻപു 1972ൽ ജാനകിയമ്മ നിര്യാതയായി. ജാനകിയമ്മയാണ് ഹരിവരാസനം രചിച്ചതെന്ന് ഉറപ്പിക്കാൻ ഉതകുന്ന വസ്തുതകളൊന്നും ലഭ്യമല്ല. എങ്കിലും മക്കൾ നിരത്തിയിട്ടുള്ള ഒട്ടേറെ സാഹചര്യത്തെളിവുകൾ പരിഗണിക്കുമ്പോൾ ഈ മഹതിയാണ് ഈ മനോഹര കവിത രചിച്ചതെന്ന് കരുതാം.

ദേവരാജൻ

ഹരിവരാസനത്തിനു ദേവരാജൻ ആദ്യം നൽകിയിരുന്ന ഈണം ഇതായിരുന്നില്ല എന്ന കൗതുകമുണ്ട്. ആദ്യം നൽകിയ ഈണം നല്ലതാണെങ്കിലും ശബരിമല ശ്രീകോവിലിൽ മേൽശാന്തി പാടുന്ന അതേ ഈണം തന്നെ വേണമെന്ന് നിർമാതാവ് പി. സുബ്രഹ്മണ്യത്തിന്റെ മകൻ കാർത്തികേയൻ അഭിപ്രായപ്പെട്ടു. ദേവരാജനെപ്പോലെ ഉന്നതശീർഷനായ ഒരാളോട് ഈണം മാറ്റാൻ പറയാൻ സുബ്രഹ്മണ്യം ആദ്യം മടിച്ചു. പക്ഷേ, മകന്റെ നിർബന്ധം കൂടിയപ്പോൾ അദ്ദേഹം പതിയെ കാര്യം അവതരിപ്പിച്ചു. ട്യൂൺ മാറ്റാൻ ദേവരാജൻ ആദ്യം വിസമ്മതിച്ചു. പക്ഷേ, ശബരിമലയിൽ പാടുന്ന ഈണമാണു പകരം നിർദേശിക്കുന്നത് എന്നറി‍ഞ്ഞപ്പോൾ പരിഗണിക്കാമെന്ന് അദ്ദേഹം സമ്മതിച്ചു. പക്ഷേ, നിരീശ്വരവാദിയായ ദേവരാജൻ മാസ്റ്റർ ശബരിമലയിൽ പോയിട്ടില്ല, ഒരു പാട്ട് കേൾക്കാനായി പോവുന്ന പ്രശ്നവുമില്ല. അതിനു വഴി കണ്ടെത്താമെന്നു കാർത്തികേയൻ പറഞ്ഞു. അങ്ങനെ, ശബരിമലയിൽ മേൽശാന്തി പാടുന്നതു കേട്ടിട്ടുള്ള ഒരു ഗായകനെ അദ്ദേഹം മെറിലാൻഡ് സ്‌റ്റുഡിയോയിൽ എത്തിച്ചു സൗണ്ട് റിക്കോർഡിസ്‌റ്റ് കൃഷ്‌ണൻ ഇളമണ്ണിനെക്കൊണ്ടു റിക്കോർഡ് ചെയ്തു ടേപ്പിലാക്കി ദേവരാജൻ മാസ്‌റ്റർക്ക് എത്തിച്ചു. മാസ്റ്റർക്ക് അത് ഇഷ്ടമായി. അതിനു ചില്ലറ ഭേദഗതികൾ വരുത്തി ശാസ്ത്രീയത നൽകിയ സംഗീത രൂപമാണു നാം ഇന്ന് ആസ്വദിക്കുന്നത്.

അയ്യപ്പസ്തുതി

ശബരിമല അയ്യപ്പനും ബുദ്ധനും
അഖിലഭുവനദീപം, ഭക്തചിന്താബ്‌ജ സൂനം
സുരമുനിഗണസേവ്യം, തത്വമസ്യാദി ലക്ഷ്യം
ഹരിഹരസുതമീശം, താരകബ്രഹ്മരൂപം
ശബരിഗിരിനിവാസം, ഭാവയേ ഭൂതനാഥംശ്രീ ശങ്കരനന്ദനം ഹരിസുതം കൗമാരമാരാഗ്രജം
ചാപം പുഷ്പശരാന്വിതം മദഗജാരൂഡം സുരക്താംബരം
ഭൂതപ്രേതപിശാചവന്ദിത പദം ശ്‌മശ്രുസ്വയാലംകൃതം
പാര്‍ശ്വേ പുഷ്‌കല പൂര്‍ണ്ണകാമിനിയുതം ശാസ്താരമീശം ഭജേ

മഹാരണ്യ മന്‍ മാനസാന്തര്‍ നിവാസന്‍
അഹങ്കാരദുര്‍വാര ഹിംസ്രാന്‍ മൃഗാദിന്‍
നിഹന്തം കിരാതാവതാരം ചരന്തം
പരം ജ്യോതിരൂപം ഭജേ ഭൂതനാഥം

×

Hello!

താഴെ കാണുന്ന വാട്സാപ്പ് ഐക്കൺ ക്ലിക്ക് ചെയ്യുകയോ ഈ മെയിൽ ഐഡിയിലേക്ക് മെയിൽ അയക്കുകയോ ചെയ്യുക.

രാജേഷ് ഒടയഞ്ചാൽ

×
Verified by MonsterInsights