Skip to main content

ഭക്തിയും വിഭക്തിയും

സ്വാമിയേ ശരണമയ്യപ്പ

പൂന്താനത്തിന്റെ ഭക്തിയും മേൽപ്പത്തൂരിന്റെ വിഭക്തിയും ശ്രീകൃഷ്ണന് ഒരുപോലെയാണെന്നു കാണിക്കുന്ന കഥയുണ്ടായിരുന്നു. ശുദ്ധമായ ഭക്തി കൊണ്ടു സിദ്ധിക്കുന്നത് ആവശ്യത്തിനുള്ള വിഭക്തികൊണ്ടും സിദ്ധിക്കുന്നുണ്ട് എന്നു കാണിക്കുന്നതായിരുന്നു കഥ. മുറിവൈദ്യരാണേതു കാലത്തും കുഴപ്പക്കാർ. തനിക്കു തോന്നുന്ന വിമ്മിട്ടം ആരോടും പറയാനാവാതെ സ്വയം മനസ്സിലിട്ടുരുകിവീർത്ത് മാനസികമായി തകരുന്നവർ ഏറെയുണ്ട് ഇത്തരം ഭക്തരിൽ. താനിതെന്തിനു ചെയ്യുന്നു എന്ന ബോധം അവർക്കില്ല; ഭഗവാനു വേണ്ടിയെന്ന ഒറ്റ ബോധം തലയ്ക്ക് പിടിച്ചു ചെയ്യുമ്പോൾ തന്നെയും അവരുടെ മനസ്സിൽ ഒരു ഈഫ് കണ്ടീഷൻ നിന്ന് ചിരിതൂകുന്നുണ്ടാവും.

ഭഗവാൻ ശരിക്കും ഉണ്ടോ? ഇല്ലേ? ങാ ഉണ്ടെങ്കിൽ ഉണ്ട്, ഉണ്ടെങ്കിൽ അവിടുന്ന് കിട്ടുന്നത് എനിക്കും ആവശ്യമാണ്… ഇല്ലേ? ഇല്ലായിരിക്കും, ഇനി അഥവാ ഉണ്ടെങ്കിലോ? അങ്ങനെയെങ്കിൽ എനിക്കത് കിട്ടാതെ പോകരുത്, പ്രാർത്ഥിച്ചേക്കാം. വല്ലതും കിട്ടുമെങ്കിൽ താനായിട്ട് അത് നഷ്ടപ്പെടുത്തരുതല്ലോ; പ്രാർത്ഥിച്ചേക്കാം. ഇത്തരക്കാർ ഇന്നേറെയുണ്ട്. ഭക്തികൊണ്ടവർക്ക് ഒരു പുണ്യവും കിട്ടുന്നില്ലാന്നു മാത്രമല്ല, തന്റെ ഭാഗത്തു നിന്നും സംഭവിച്ചുപോയ ചെറുയൊരു ഭക്തിരസപ്രധാനമായ കള്ളത്തരം/കുറ്റം അവരെ മാനസികമായി അലട്ടാനും പര്യാപ്തമാണ്. അവർ പതുക്കെ മൂകരാവുന്നു; ചിന്താദീനരായി കുറച്ചു ദിവസങ്ങൾ തള്ളിനീക്കുന്നു. പിന്നെ ഒരുവക രക്ഷപ്പെട്ടുവന്നേക്കും. എങ്കിലും മനസ്സിലൊരു വിമ്മിട്ടമായതു കിടക്കും.

ഭക്തിരസപ്രധാനമായ ചടങ്ങുകൾ ഒക്കെയും പരിപാടിയുടെ സുന്ദരമായ ഒരു ഒഴുക്കിനായി പരുവപ്പെടുത്തി എടുത്തിട്ടുള്ളതാണ്. അതു കൃത്യമായി ചെയ്യുക, എന്നത് ആ ചിട്ടവട്ടങ്ങളുടെ നിലനിൽപ്പിന് ആവശ്യമാണ്. അല്ലാതെ ആ ചെയ്യുന്ന കർമ്മങ്ങൾ ഒക്കെയും ഭഗവാൻ നിർബന്ധ ബുദ്ധിയോടുകൂടി ചെയ്യിക്കുന്നതാനെന്ന ധാരണ ആവരുത് കർമ്മികൾക്കു വേണ്ടത്. അറിവില്ലായ്മകൊണ്ടോ അബദ്ധത്തിലോ ആ ചടങ്ങുകളിൽ അല്പം തട്ടിക്കൂട്ടലുകളോ, ചെയ്യാതെ വിടേണ്ടിവരികയോ, പിഴവോ സംഭവിച്ചു പോയാൽ ഒരു ദോഷവും സംഭവിക്കാൻ പോകുന്നില്ല. ആത്മധൈര്യത്തോടെ അതേകാര്യം റിപ്പീറ്റ് ചെയ്ത് പൂർത്തീകരിക്കാലും മതിയല്ലോ. ഇനി അഥവാ പൂർത്തീകരിക്കാതെ വിട്ടുപോയാലും, ഭഗവാൻ ഈ ചെയ്യുന്ന കർമ്മകൾ ഒക്കെ നോക്കി, അതിന് പര്യാപ്തമായ രീതിയിൽ അനുഗ്രഹം നൽകാൻ കാത്തിരിക്കുകയോ, ചെയ്തില്ലെങ്കിൽ ശിക്ഷിക്കാനായി ചൂരലും എടുത്തിരിക്കുകയോ ചെയ്യുന്നില്ലെന്ന് അറിയണം നമ്മൾ. ആ ധാരണ സധൈര്യം മാറ്റുക. ദക്ഷിണയായോ ഭണ്ഡാരത്തിലിട്ടോ കൂടുതൽ കൈക്കൂലി കൊടുത്താൽ തനിക്ക് കൂടുതൽ അനുഗ്രഹം ദൈവം തന്നേക്കും എന്നും കരുതേണ്ടതില്ല. നമ്മുടെ വോട്ടുവാങ്ങിച്ച് ജയിച്ചവിടെ ഇരിക്കുന്ന രാഷ്ട്രീയ തേരാളിയുമല്ല ദൈവം; ചെയ്യുന്ന കർമ്മങ്ങൾ നോക്കി നോക്കി മാർക്കിടാനിരിക്കുന്ന ആളല്ല ഭഗവാൻ.

ദൈവം എന്നതൊരു വിശ്വാസം മാത്രമാണ്. നടത്തുന്ന ചടങ്ങുകൾ, ചെയ്യുന്നവരുടെ മനോനിലയെ മറ്റൊരു അവസ്ഥയിലേക്ക് ലയിപ്പിക്കാനുള്ള മാർഗം മാത്രമാണ്. തുടർച്ചയായി ഒരുകൂട്ടം കാര്യങ്ങൾ ചിന്തിക്കുമ്പോളും, ചെയ്യുമ്പോളും തീർച്ചയായും മാനസികമായി ഏതൊരാളിലും ചെറിയ മാറ്റങ്ങൾ പ്രകടമാവുക തന്നെ ചെയ്യും. അതുകൊണ്ടു തന്നെ വീഴ്ചകളെ പറ്റി ഒരു തരിപോലും വേവലാതിപ്പെടാൻ പാടില്ലാത്തതാണ്.
ശബരിമലയ്ക്കു പോകാൻ തയ്യാറായ ഒരുവന്റെ മാല അബദ്ധവശാൽ പൊട്ടിപ്പോയാൽ,
ഇരുമുടി കെട്ട് അറിയാതെ കൈയ്യിൽ നിന്നും താഴെ വീണ് അതിലുള്ള തേങ്ങ പൊട്ടിപ്പോയാൽ,
ദീപാരാധനയ്ക്കായി കത്തിച്ച കർപ്പൂരം കൊടിയ മഴക്കാറ്റിൽ ഒന്നണഞ്ഞു പോയാൽ,
പതിനെട്ടാം പടിയുടെ മുൻവശം ഉടയ്ക്കാനായി വെച്ചിരുന്ന തേങ്ങ ശക്തമായി എറിഞ്ഞിട്ടും കൈയ്യൊന്നിടറി പൊട്ടാതെ വന്നാൽ എന്താണു കരുതേണ്ടത്?
ഇതൊക്കെ അയ്യപ്പന്റെ കോപം കൊണ്ടാണു സംഭവിച്ചത് എന്നാണോ?
താൻ ചെയ്ത തെറ്റുകളുടെ ഫലമായിട്ടാണിത് സംഭവിച്ചത് എന്നാണോ?
ഇത് അയ്യപ്പനു രസിക്കാതെ വന്നാൽ അവിടെ മലയിൽ ഒരു ചൂരലും കരുതിവെച്ചാവും അയ്യപ്പനിരിക്കുക എന്നുണ്ടോ? തനിക്ക് യാത്ര അസാധ്യമാകും എന്നു കരുതേണ്ടതുണ്ടോ? അങ്ങനെ ശിക്ഷിക്കാൻ മാത്രം ക്രൂരനായാണോ നിങ്ങൾ അയ്യപ്പനെ കാണുന്നത്? അത്തരത്തിലുള്ള ഒരു ക്രൂരനെ ദൈവമായി കണ്ടാരാധിക്കാൻ നമുക്കാവുമോ?

ശുദ്ധരായ ഭക്തർ ഒരുപക്ഷേ ഭഗവാനോട് താണുകേണപേക്ഷിച്ച് മനസ്സിലൊരു filtration നടത്തിയിരിക്കും. മാനസികമായി അദ്ദേഹം ചെയ്യുന്ന ആ ശുദ്ധികർമ്മം അല്ലെങ്കിൽ പ്രാർത്ഥനയ്ക്കൊടുവിൽ അവരുടെ മനസ്സ് ശുദ്ധമായി മാറുന്നു. പിന്നെ അങ്ങനെയൊരു ഭയമോ ചിന്തയോ അയാൾക്കില്ലാതെ വരുന്നു. കാരണം അയാൾക്കറിയാം, താൻ പറഞ്ഞതും സംഭവിച്ചു പോയതും അയ്യപ്പൻ കണ്ടിട്ടുണ്ട്. എന്നേക്കാൾ നന്നായിട്ട് ഭഗവാൻ അയ്യപ്പനു കാര്യങ്ങൾ അറിയാനാവും, അറിയാതെ പറ്റിപ്പോയ അബദ്ധം ക്ഷമിക്കാനായി പറഞ്ഞതും അദ്ദേഹം കേട്ടിട്ടുണ്ടല്ലോ. അതുകൊണ്ട് ഇനിയാ പ്രശ്നം സംഭവിക്കുന്നില്ല. അത്രമാത്രം ശുദ്ധമായ വിശ്വാസമാവും ആ ഭക്തനുണ്ടായിരിക്കുക. അവിടെയതു പൂർണമാവുന്നു.

ഏറെയുള്ള മുറിവൈദ്യന്മാർക്കാണിത് സംഭവിച്ചതെങ്കിലോ? അവരും താണുകേണ് ആയിരം വട്ടം പ്രാർത്ഥിച്ചിരിക്കും, വേണേൽ പ്രായശ്ചിത്തമായി ഒരിക്കൽ കൂടി ഭഗവാനെ തേടി ഞാൻ വരാമെന്നു ശപഥവും ചെയ്തേക്കും. എന്നാലും ആ വ്യാധി തീരുന്നില്ല. ഞാൻചെയ്ത ഏതു തെറ്റാവും ഇങ്ങനെ സംഭവിക്കാൻ കാരണമായത് എന്നവർ ആലോചിച്ച് വ്യാധി പിടിച്ച് മൂലയ്ക്കാവുന്നു. തന്റെ മനോവ്യഥ ആരോടും പറയാനും പറ്റില്ല. നാണക്കേടാണത്. തന്റെ സ്റ്റാറ്റസ്സിനതു നിരക്കുന്നതല്ല; എന്നെ പോലൊരാൾ ഇതൊക്കെ പറയാൻ പബ്ലിക്കലി പാടില്ലെന്ന വിശ്വാസം അവരിൽ ശക്തമാണ്. സ്വന്തം മനസ്സിലിട്ട് ഉരുക്കിയുരിക്കി സ്വയം ക്ഷീണിച്ചു പോവുകയാണിവർ ചെയ്യുക. കാലങ്ങളോളം എടുക്കും ചിലർക്കെങ്കിലും ഈ വ്യഥ മാറിവരാൻ; ചിലരെയിത് ജീവിതാവസാനം വരെ പിന്തുടർന്നേക്കും. അഭിനയത്തിലൂടെ മാത്രം ജീവിക്കുന്ന ഇവരുടെ മറ്റു പ്രവർത്തനമണ്ഡലങ്ങളിലേക്കും ഈ ദുരവസ്ഥയുടെ വ്യാപനം ഉണ്ടാവുന്നു. ചെറിയൊരു കള്ളത്തരം ചെയ്തിട്ട് ഭഗവാൻ പോലും മൈന്റാക്കിയിട്ടില്ലല്ലോ, ഇത് അവനോടും ചെയ്താൽ എന്തു വരാനാണുള്ളത്!!

വിഭക്തി

ഇത്രയും പറഞ്ഞ ഭക്തിയെ പറ്റിയും, ഭക്തിയുടെ രണ്ടു തലങ്ങളെ പറ്റിയും മാത്രമാണ്. ഇനി വിഭക്തിയെപറ്റി പറയാം. മേൽപ്പത്തൂരിന്റെ വിഭക്തിയേയും നന്നായി തന്നെ ആസ്വദിച്ചവനാണു കൃഷ്ണൻ. അറിവാണത്. ചെയ്യുന്ന കാര്യത്തെ കുറിച്ചുള്ള ശുദ്ധവും ശക്തവുമായൊരു അറിവാണവിടെ പ്രധാനം. അവിടെ ഭക്തിയെന്നത് കളങ്കമാവുന്നില്ല. അവനറിയാം, ഈ ചടങ്ങ് ഇങ്ങനെയൊരു ആചാരത്തിന്റെ ഭാഗമായി ഞാനും പിൻതുടർന്നേ മതിയാവൂ. അതെന്റെ കടമ തന്നെയാണ്. ആ ചടങ്ങിനിടയിൽ ഒരബദ്ധം പിണഞ്ഞു പോയാൽ ആവർത്തിച്ചു ചെയ്ത് തിരുത്തി ശരിയാക്കാൻ കഴിയണം. അവിടെ അതു പൂർണമാവുന്നു. ഇവിടെ തെറ്റും ശരിയുമല്ല ഉള്ളത്, വേരിഫൈ ചെയ്ത് മാർക്കിടാൻ ആരും ചൂരലുമെടുത്ത് മുന്നിലിരിക്കുന്നുമില്ലെന്ന് അവനറിയാം. കണ്ടുനിൽക്കുന്ന ചുറ്റുപാടുമുള്ളവരെ സംതൃപ്തരാക്കിയേ മതിയാവൂ. കൂടെ നിൽക്കുന്നവരാണവർ. അറിവില്ലെങ്കിൽ, അവർ പറയും പോലെ അനുസരിക്കുക എന്നത് മടിയുള്ള കാര്യമല്ലിവർക്ക്.

അല്പകാലത്തേക്കെങ്കിലും നമ്മുടെ ജീവിതക്രമീകരണങ്ങളെ കൃത്യമായ അടുക്കും ചിട്ടയോടും കൂടി പെറുക്കിവെച്ച് അതിനൊരു വ്യവസ്ഥ വരുമ്പോൾ, പൂർവ്വചരിതം ഓരോരുത്തരും ഓർക്കുക തന്നെ ചെയ്യും. ചെരുപ്പിടാതെ നടക്കാനാവില്ലെന്നു കരുതിയ താൻ ഇപ്പോൾ എത്ര സുന്ദരമായി അങ്ങനെ നടക്കുന്നുണ്ട്. ഞാൻ ജീവിതത്തിൽ വിചാരിക്കുക പോലും ചെയ്യാത്ത എത്രയെത്ര വഴികളിലൂടെ താനിപ്പോൾ കടന്നുവന്നിരിക്കുന്നു. ഇതിൽ നല്ലതേത്, ചീത്തയേത്! എന്തുതന്നെയായാലും ഇങ്ങനെയും ഒരു ലോകം ഉണ്ടെന്നുള്ള പുത്തൻ അറിവ് അവനെ നന്നായൊന്ന് Filtrate ചെയ്യുന്നുണ്ട്. ഭക്തിരസം നല്ലൊരു അരിപ്പയായി അവനെ അരിച്ചെടുക്കുന്നു. അവന്റെ മനസ്സിനെ ശുദ്ധീകരിക്കുന്നു. കുറച്ചു കാലത്തേക്കെങ്കിലും മനസ്സിൽ ഇക്കാര്യം തങ്ങി നിൽക്കുക തന്നെ ചെയ്യും; വിഭക്തി ഒരുവനെ നന്നാക്കുന്നത് ഇപ്രകാരം തന്നെയാണ്. ഞാൻ, എന്റേത്, എന്നോടു മാത്രം ചേർന്നത്, ഞാൻ മാത്രം അറിയുന്നത് എന്ന നിലയിൽ നിന്നും നമ്മുടേത്, നമ്മൾ ഒന്നാണെന്നും ഉള്ളൊരു ബോധം ഭക്തിരസത്തിലൂടെ പാകം ചെയ്ത് അവനിൽ എത്തുന്നുണ്ട്. ഇങ്ങനെ ഫിൽട്ടറേറ്റ് ചെയ്തെടുത്ത് സ്വയം അപ്ഡേറ്റ് ചെയ്യാൻ മേൽപ്പത്തൂരിനു മാത്രമല്ല ഏതൊരാൾക്കും സാധ്യമാവുന്നു.

ഭക്തിരസത്തെ മറ്റൊരു രസത്തിൽ ആവാഹനം ചെയ്തത്, ഒരുപക്ഷേ അവർപോലും അറിയാതെയാവാം; കാര്യങ്ങൾ കണ്ടറിഞ്ഞ് സ്വയം ഒന്ന് അപ്ഡേറ്റ് ചെയ്യപ്പെടാൻ തയ്യാറാവണമെന്നേ ഉള്ളൂ. ഭഗവാൻ ഒരിക്കലും ഒരു ക്രൂരനല്ലെന്നുള്ള തിരിച്ചറിവ് അവനുണ്ടാവണം.

എന്റെ രണ്ടാം ശബരിമല യാത്ര

ഇന്ന് (ജൂലൈ 19, 2022) ശബരിമല യാത്ര കഴിഞ്ഞ് രാവിലെ എത്തിയതേ ഉള്ളൂ ഞാൻ. ഏറെ രസകരമായിരുന്നു യാത്ര. ട്രാവലർ യാത്ര തുടങ്ങിയ ശേഷം ഞങ്ങൾക്ക് മഴ ലഭിച്ചതേ ഇല്ല. പമ്പയിൽ നിന്നും കയറ്റം കയറി ശബരിപീഠം/ശരം‌കുത്തിയാൽ കഴിഞ്ഞിറങ്ങുമ്പോൾ സ്പ്രേ ചെയ്യുന്നതു പോലെ സുന്ദരമായൊരു മഴ പെയ്തിരുന്നു. അവിടെ വെച്ചു സ്വാമിമാർ അഭിക്ഷേകം നടത്താനുള്ള ക്രമീകരണങ്ങൾ നടത്തുമ്പോൾ പുറത്ത് മഴ പെയ്യുന്നുണ്ടായിരുന്നു. ഇറങ്ങാൻ നേരത്ത് മഴ വീണ്ടും നിന്നു.

നിലക്കൽ വരെ മാത്രമേ ട്രാവലറിനു പോകാൻ കഴിയൂ. അവിടെ നിന്നും 18 കിമിയോളം ദൂരം ഉണ്ട് പമ്പയിലേക്ക്. പമ്പയിൽ തിരക്ക് വർദ്ധിക്കുന്നതും ട്രാഫിക് ബ്ലോക്ക് ഉണ്ടാവുന്നതും മറ്റുമായ കാര്യങ്ങൾ കൊണ്ട് യാത്ര കെ.എസ്.ആർ.ടി.സിയിൽ തന്നെ ആക്കണം എന്നുണ്ട്. നല്ലതായിരുന്നു ആ യാത്രയും. പക്ഷേ ഭീകരമായി തോന്നിയ കാര്യം ഈ 18 കിമി ദൂരം യാത്ര ചെയ്യാൻ ഒരാൾക്ക് 50 രൂപ വേണം എന്നതായിരുന്നു. ആയിരക്കണക്കിനു ഭക്തന്മാരെ നിർബന്ധപൂർവ്വം ചൂഷണം ചെയ്ത് കാശുണ്ടാക്കാനുള്ള ഏർപ്പാടായണതു തോന്നിയത്.

ശബരിമലയിൽ അടക്കം ഒരിടത്തും ഞാൻ അഞ്ചു പൈസപോലും നേർച്ച ഇട്ടിട്ടില്ല. മഴയും ഒരു ശല്യമായി എവിടേയും ബുദ്ധിമുട്ടിപ്പിച്ചിട്ടില്ലായിരുന്നു. ശബരിമലയിൽ നിന്നും രാവിലെ തന്നെ രണ്ടുപ്രവശ്യം ഭക്ഷണം കഴിച്ചതിൽ കാശ് കൊടുക്കണം എന്നൊരാഗ്രഹം ഉണ്ടായിരുന്നു, നല്ലൊരു കുങ്കുമപ്പൊടി കിട്ടുമെന്ന് പറഞ്ഞ് ദേവസ്വം ബോർഡിന്റെ കൗണ്ടറിൽ എത്തി സംഗതി വാങ്ങിച്ച ഞാൻ ഞെട്ടിപ്പോയി! ഒരു ചെറു കഷ്ണം വാഴയിലയിൽ ഒരു തുളസിയിലയും അല്പം ചുവന്നകുറിയും. കണക്കിലധികം (100 രൂപയോ 200 ഓ എന്നോർമ്മയില്ല) കാശ് കൊടുത്തതിൽ ഭക്ഷണത്തിന്റെ വിലയും കൂടട്ടെ എന്നു ഞാനും കരുതി. നിലയ്ക്കലിൽ നിന്നും പമ്പാ ത്രിവേണിസംഗമം വരെ 18 കിമി ദൂരത്തേക്ക് 50 രൂപ ടിക്കറ്റെടുത്ത് ആ മുടിഞ്ഞ തെരക്കിൽ യാത്ര ചെയ്ത് എത്താനാക്കിയതും ഒരുതരം മടുപ്പുളവാക്കി. ആൾക്കാരെ പിഴിഞ്ഞെടുത്ത് കണ്ടമാനം കാശുണ്ടാക്കാനുള്ള ഗവണ്മെന്റിനോടുള്ള നീരസം ഈ വകുപ്പിൽ തന്നെ തീർത്തു എന്നു പറയാം! ഭക്തന്മാർക്ക് ആനുകൂല്യങ്ങൾ നൽകി ദേവാലയങ്ങളിലേക്ക് എത്തിക്കുന്ന പല ഏർപ്പാടുകളും നാട്ടിൽ ഇല്ലേ? ഇവിടെ മാത്രം എന്താണിങ്ങനെ? എന്തിനാണിങ്ങന ഇരട്ടിയോളം രൂപ അധികമായി ഗവണ്മെന്റ് പിരിവെടുക്കുന്നത്? പുറകിൽ മറ്റെന്തെങ്കിലും ലോജിക്ക് ഉണ്ടോ? ബക്കിയെല്ലാം കൊണ്ട് മനസ്സ് ഏറെ സന്തോഷമായിരുന്നു. ഈ ഒരു ചാർജ്ജ് വല്ലാത്ത കല്ലുകടിയായി അനുഭവപ്പെട്ടു.
ശബരിമല

എരുമേലി

കോട്ടയം ജില്ലയിൽ മണിമലയാറിന്റെ സമീപത്തുള്ള സ്ഥലമാണ് എരുമേലി. എരുമേലിയിൽ ആണു വാവരുടെ പള്ളിയുള്ളത്; ശാസ്താക്ഷേത്രവും അവിടെയുണ്ട്. ശബരിമലയാത്രയിലെ പേട്ടതുള്ളൽ ചടങ്ങു നടക്കുന്നത് ഇവിടെയാണ്. മലയ്ക്കു പോകുന്നവർ എരുമേലിയിൽ നിന്നും ഡയറക്റ്റ് പമ്പവഴി ശബരിമലയിലേക്ക് നടക്കാറായിരുന്നു പതിവ്. ഇപ്പോൾ കൂടുതലും ഡയറക്റ്റ് പമ്പയിൽ എത്തി അവിടെ നിന്നും മൂന്നര കിലോമീറ്റർ നടന്ന് ശബരിമലയ്ക്ക് എത്തുകയാണ് ചെയ്യുക. സീസൺ സമയത്ത് പലരും നടന്നുതന്നെ പോകാറുണ്ടത്രേ. ആദ്യമായി മാലയിടുന്നവർ ഇങ്ങനെ തന്നെ പോകണം എന്നും ചിലയിടങ്ങളിൽ നിർബന്ധമുണ്ട്.

നിലയ്ക്കൽ

ശബരിമലയിലേക്ക് പോകുന്നവർക്കുള്ള നല്ലൊരു ഇടത്താവളമാണ് പത്തനം‌തിട്ട ജില്ലയിലെ നിലയ്ക്കൽ എന്ന സ്ഥലം. എഡി 52 ആം നൂറ്റാണ്ടിൽ കൃസ്തുമത പ്രചരണത്തിനായി കേരളത്തിലെത്തിയ തോമാശ്ലീഹ ഇവിടെ എത്തിച്ചേർന്നുവെന്നും ഒരു പളളി സ്ഥാപിച്ചെന്നും വിശ്വസിക്കുന്നവർ ഉണ്ട്. നിബിഢവനങ്ങളും റബ്ബർ തോട്ടങ്ങളുമാണിവിടെ കൂടുതൽ ഉള്ളത്. നിലയ്ക്കലിന് കിഴക്ക് മാറി ശബരിമല വനത്തിനുളളിൽ ഉളള ആദിവാസി കോളനിയാണ് അട്ടത്തോട്. മലപ്പണ്ടാരം വിഭാഗത്തിൽ പെടുന്ന ആദിവാസികളാണിവിടെവ ഏറെയും. പട്ടിണിയുടെയും അസമത്വത്തിൻെറ്റയും നടുവിലാണ് ഇവരുടെ ജീവിതം.നല്ല പാർപ്പിടങ്ങളോ പ്രാധമിക വിദ്യാഭ്യാസമോ പോലും ഇവർക്കില്ല. ഗവൺമെൻറ്റിൽ നിന്നും ലഭിക്കുന്ന ആനുകൂല്യങ്ങളാണ് ഈ ജനതയുടെ ഏക ആശ്വാസം. പൊന്നമ്പലമേട്ടിൽ തെളിയുന്ന ദിവ്യജ്യോതിയുമായി ഇവർ ബന്ധപ്പെട്ടു കിടക്കുന്നു.

പമ്പയിലേക്ക് ഡയറക്റ്റ് വരുന്നവരെ നിലയ്ക്കലിൽ തടഞ്ഞു നിർത്തി, അവിടെ നിന്നും കെ.എസ്.ആർ.ടി.സി ബസ്സിൽ കയറ്റി പമ്പ ത്രിവേണീ സംഗമസ്ഥലത്തേക്ക് എത്തിക്കുകയാണിപ്പോൾ ചെയ്യുന്നത്. ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ നല്ല മാർഗവുമാണിത്. നിലയ്ക്കൽ മുതൽ പമ്പവരെയുള്ള റോഡും അതീവ സുന്ദരമായതാണ്. പതിനെട്ടര കിലോ മീറ്ററോളം ദൂരമാണുള്ളത്. ഇത്രയും ദൂരം യാത്ര ചെയ്യാൻ ഒരാൾക്ക് 50 രൂപ വെച്ചാണു ടിക്കറ്റ് ചാർജ് എന്നുള്ളത് ഭക്തരോടു ചെയ്യുന്ന തികഞ്ഞ തോന്ന്യവാസമായാണു തോന്നിയത്. നാട്ടിൽ മറ്റെവിടെയും ഇല്ലാത്ത ടിക്കറ്റ് ചാർജാണിത്. ഓരോ മാസാദ്യവും ആദ്യത്തെ 5 ദിവസം ദിവസേന ആയിരങ്ങൾ വന്നുപോകുന്ന സ്ഥലത്ത്, ചാർജ് പകുതിയായി കുറച്ചാലും കെ.എസ്.ആർ.ടി.സി.ക്കു ലാഭം തന്നെയാവുമായിരുന്നു. ഭക്തരായെത്തുന്ന ലക്ഷങ്ങളെ പറ്റിച്ച് കാശുണ്ടാക്കാനുള്ള ഏർപ്പാടു മാത്രമായേ എനിക്കിത് തോന്നിയുള്ളൂ.

പമ്പ

വനഭംഗി നുകർന്നുകൊണ്ടെത്തുന്ന നദികളുടെ സംഗമഭൂമിയാണിത്. പണ്ട് വേട്ടയ്ക്കായെത്തിയ പന്തള രാജാവിനു കുഞ്ഞിനെ കിട്ടിയെന്നു കരുതുന്ന സ്ഥലം. ശ്രീരാമാവതാരകാലത്ത് ശബരി എന്ന സന്യാസിനി തപം ചെയ്ത സ്ഥലം തൊട്ടു മുകളിൽ തന്നെയാണ്, പമ്പയിൽ നിന്നും സന്നിധാനത്തേക്ക് പോകുമ്പോൾ ശബരിപീഠം വഴിയരികിൽ കാണാവുന്നതാണ്. പമ്പയിൽ നിന്നും സന്നിധാനത്തേക്ക് ഏകദേശം നാലു കിലോമീറ്ററോളം ദൂരമുണ്ട്. ഇതിൽ രണ്ടു കിലോമീറ്ററോൾ വലിയ കയറ്റം തന്നെയാണ്. ശേഷിച്ച രണ്ടു കിലോമീറ്ററോളം ഇറക്കവും. മലയുടെ സൈഡിലൂടെ സ്വാമി അയ്യപ്പൻ റോഡുണ്ട്, നിരവധി വളവുകളോടു കൂടി കയറ്റം കയറാതെ പോകാനും വരാനും പറ്റും. കസേരയിൽ ഇരുത്തി നാലു പേർ ചേർന്ന് ആളുകളെ എടുത്തു കൊണ്ടു പോകുന്നത് ഈ വഴിയാണ്. ശരംകുത്തിയാലിനു താഴെവെച്ച് ഇത് മലയിറക്കത്തോട് ഒന്നിക്കുന്നു.

ശബരിമല

കൃത്യമായ സംവിധാനത്തിലൂടെ പോകുന്നതിനാൽ തെരക്കുണ്ടെങ്കിലും ഇടയ്ക്കൊരു നിർത്തലില്ലാതെ ഡയറക്റ്റ് പടികൾ കയറാനും മറ്റും കഴിയുന്നു. ഏതുസമയത്ത് എത്തിച്ചേരുന്നവർക്കും ഫ്രീയായിത്തന്നെ ശബരിമലയിൽ ഭക്ഷണം ലഭിക്കുന്നുണ്ട്. ഹിന്ദുക്കൾക്ക് മാത്രമേ ദർശനമുള്ളൂ എന്നോ ഷർട്ടിട്ട് പടികൾ കയറി അയ്യപ്പനെ കാണരുത് എന്നോ ഒന്നും നിബന്ധനകളില്ലാത്ത ക്ഷേത്രമാണിത്. പറശിനിക്കടവു മാത്രമേ അതുപോലെ മറ്റൊരു ക്ഷേത്രം ഓർമയിൽ ഉള്ളൂ. തിരികെ വരുന്ന വഴി ഗുരുവായൂരിൽ പോയെങ്കിലും അവിടെ അമ്പലത്തിൽ ഞാൻ കയറിയില്ല. അവിടെ ഹിന്ദുക്കൾക്ക് മാത്രം എന്നതിൽ ഉപരിയായി ഷർട്ടിടാൻ പാടില്ല, പാന്റിടാൻ പാടില്ല, മൊബൈൽ കൊണ്ടു പോകാൻ പാടില്ല എന്നൊക്കെ നിരവധി നിയമങ്ങൾ വേറെയും ഉണ്ട്. അങ്ങനെ മസിലു പിടിച്ച് ഗുരുവായൂരപ്പനെ കാണാൻ മാത്രം ആഗ്രഹമൊന്നും എനിക്കുണ്ടായിരുന്നില്ലല്ല; ഗുരുവായൂരപ്പനും മുത്തപ്പനെ പോലെ അയ്യപ്പനെ പോലെ ജനകീയനാവട്ടെ…

മലപ്പണ്ടാരങ്ങളും ദിവ്യജ്യോതിയും

മലപണ്ടാരം സമുദായക്കാർ പ്രാചീന ശിലായുഗത്തേയും നവീന ശിലായുഗത്തേയും പ്രതിനിധാനം ചെയ്യുന്നവരാണ്. ഇവരുടെ അധിവാസമേഖലായയിരുന്നു പൊന്നമ്പലമേടും പരിസരവും. ഇവരുടെ മൂപ്പനെ അയ്യൻ എന്നാണു വിളിക്കുന്നത്. മലപ്പണ്ടാര സമുദായക്കാരുടെ ആണ്ടു പിറവി ദിവസമാണ് മകരം ഒന്ന്! അന്നേ ദിവസം പൊന്നമ്പലമേട്ടിൽ അവർ വിവിധതരം പൂജകളും മറ്റും നടത്തി വന്നിരുന്നു. ചടങ്ങിന്റെ ഭാഗമായി തെള്ളിപ്പൊടി ഇട്ട് കത്തിക്കുന്ന രീതി ഇവർക്കുണ്ട്. തെള്ളി എന്ന ഔഷധ വൃക്ഷത്തിന്റെ പശ ഉണക്കി പൊടിച്ചു ഉണ്ടാക്കുന്നതാണ് തെള്ളിപ്പൊടി. മുടിയേറ്റിലും മറ്റും ഇത് അനിവാര്യമാണ്. വീര്യം കൂടിയ തൊള്ളിപ്പൊടി അത്യുഗ്രമായി ജ്വലിച്ചുയരും. ഈ ജ്വാല കണ്ടാണ് ശബരിമലയിൽ എത്തിയ അയ്യപ്പന്മാർ അത് ദിവ്യജ്യോതിസ്സായി വിശ്വസിച്ചത് എന്നു കരുതുന്നു. പമ്പാ-കക്കി അണക്കെട്ടിന്റെ ഭാഗമായി മലയരന്മാർ, മലപ്പണ്ടാരങ്ങൾ, മലക്കുറവന്മാർ, മലപ്പുലയന്മാർ തുടങ്ങിയ ഗോത്രവാസികൾ പൊന്നമ്പലക്കാട്ടിൽ നിന്നും കുടിയിറക്കിയിരുന്നു. ദേവസ്വം ബോർഡ് വളർത്തിയെടുത്ത ദിവ്യപരിവേഷം മൂലം ഉണ്ടായ സാമ്പത്തിക ലാഭം നഷ്ടപ്പെടുത്തുവാൻ തയ്യാറല്ലാതിരുന്ന ബോർഡ്, പൊന്നമ്പലമേട്ടിൽ ചെല്ലുകയും മലപ്പണ്ടാരം തലൈവരെ ഒരു പറ നെല്ല് പ്രതിഫലം നല്കി തെള്ളിപ്പൊടി കത്തിച്ച് കാണിക്കുന്നതിനായി ചട്ടം കെട്ടിയെന്നും, പിന്നീട് ഇത് ബോർഡ് തന്നെ ഏറ്റെടുത്തുമെന്നാണ് പറഞ്ഞു വരുന്നിരുന്നു. ഇപ്പോൾ സർക്കാർ ഏജൻസികൾ തന്നെയാണു ദിവ്യജ്യോതിയെ പൊന്നമ്പലമേട്ടിൽ കാണിക്കുന്നത്.

18 മലകളായ ശബരിമല, പൊന്നമ്പലമേട്, ഗൗണ്ഡല്‍മല, നാഗമല, സുന്ദരമല, ചിറ്റമ്പലമേട്, ഖല്‍ഗിമല, മാതാംഗമല, മൈലാടും മേട്, ശ്രീപാദമല, ദേവര്‍മല, നിലയ്ക്കല്‍മല, തലപ്പാറമല, നീലിമല, കരിമല, പുതശ്ശേരിമല, കാളകെട്ടിമല, ഇഞ്ചിപ്പാറമല എന്നീ മലകളെ പ്രതിനിധാനം ചെയ്യുന്നതാണ് പതിനെട്ടു പടികൾ എന്നൊരു വിശ്വാസം മുമ്പുണ്ടായിരുന്നു. അന്ന് ശാസ്താവായിരുന്നു ദേവൻ. പടികളിൽ ആദ്യത്തെ അഞ്ചെണ്ണം നമ്മുടെ ജ്ഞാനേന്ദ്രിയങ്ങളുടെ പ്രതീകങ്ങളാണ്. അതിനെ മറികടന്നാൽ അടുത്ത എട്ടു പടികൾ മനസ്സിനകത്തെ കാമം, ക്രോധം, ലോഭം, മോഹം, മദം, മാത്സര്യം, ഈർഷ്യ, അസൂയ എന്നീ അഷ്ടരാഗങ്ങൾ. ഇവയും കടന്നാൽ മനസ്സിന്റെ സത്വരജസ്തമോഗുണങ്ങളാകുന്ന മൂന്നു പടികൾ. അതും പിന്നിട്ടാൽ വിദ്യയും അവിദ്യയും. ഇങ്ങനെ പതിനെട്ട് അവസ്ഥകളെ കാണിക്കുന്നുവെന്നും പിന്നീട് ഐതിഹ്യമായി പരന്നിരുന്നു.

ബുദ്ധമതത്തെ നാടുകടത്താനും പരസ്പരം മത്സരിച്ചിരുന്ന ശൈവ വൈഷണവ വിശ്വാസികളെ യോജിപ്പിക്കാനും ആയി 1000-1200 വര്‍ഷം മുമ്പ് (ശങ്കരാചാര്യനാല്‍) സൃഷ്ടിക്കപ്പെട്ട ഏറ്റവും പ്രായം കുറഞ്ഞ ഹിന്ദു ദേവന്‍ ആണ് ശബരിമല അയ്യപ്പന്‍. ശബരിമലയില്‍ നേരത്തെ തന്നെ ബുദ്ധ/ജൈന ക്ഷേത്രം ഉണ്ടായിരിന്നു എന്നു ചില തെളിവുകളുടെ അടിസ്ഥാനത്തിൽ വാദമുണ്ട്. ശബരിമലയില്‍ മാത്രമല്ല സഹ്യപര്‍വ്വത നിരകളില്‍ അച്ചന്‍കോവില്‍, ആര്യങ്കാവ് ,കുളത്തൂപ്പുഴ എന്നിവിടങ്ങളിലും പുരാതന കാലം മുതല്‍ ശാസ്താ ക്ഷേത്രങ്ങള്‍ ഉണ്ടായിരുന്നു. അയ്യപ്പന്‍ പന്തളം രാജാവിന്റെ ശേവുകന്‍ ആയി 700-300 കൊല്ലവര്‍ഷങ്ങള്‍ക്കിടയില്‍ പന്തളം-എരുമേലി പ്രദേശങ്ങളില്‍ ജീവിച്ചിരുന്ന ഒരു യോദ്ധാവായിരുന്നു. ശബരിമലയില്‍ ശത്രുക്കള്‍ (ഒരു പക്ഷെ ബ്രാഹ്മണര്‍ തന്നെ ആവാം) നശിപ്പിച്ചുകളഞ്ഞ ശാസ്താ /ബുദ്ധ വിഗ്രഹം പിന്നീട് ഇദ്ദേഹം പുതിയ വിഗ്രഹം വെച്ചു പ്രതിഷ്ടിച്ചിരുന്നു. ഒരു മനുഷ്യ പുത്രന്‍ ആയിരുന്ന ഇദ്ദേഹത്തിനു മണികണ്ഠന്‍ എന്നും അയ്യന്‍ എന്നും പേരുണ്ടായിരുന്നു. ഇദ്ദേഹമാണത്രേ അയ്യപ്പൻ, ആ ക്ഷേത്രം പിന്നീട് ഇദ്ദേഹത്തിന്റേതായി മാറി. ശാസ്താവും അയ്യപ്പനും ലയിച്ചുചേർന്ന് ഒന്നായി എന്നും പറയുന്നു.

അയ്യപ്പന്‍ പ്രതിഷ്ഠിച്ച ക്ഷേത്രം മാത്രം ”അയ്യപ്പ ക്ഷേത്രം” എന്നറിയപ്പെടുന്നു. വിഗ്രഹ പ്രതിഷ്ഠയ്ക്ക് ശേഷം പന്തളത്ത് മടങ്ങി എത്താതിരുന്ന അയ്യപ്പനെ ഭക്തര്‍ ശാസ്താവിന്റെ അവതാരമായി കണക്കാക്കി ദൈവമായി ഉയര്‍ത്തി ആരാധിക്കാന്‍ തുടങ്ങി. മറ്റു ശാസ്താ ക്ഷേത്രങ്ങള്‍ക്ക് അയ്യപ്പ ക്ഷേത്രം എന്ന പേരില്ല. പിന്നീട് 1950-ല്‍ ശബരിമല ക്ഷേത്രം തീവച്ച് നശിപ്പിക്കപ്പെട്ടിരുന്നു. ശേഷം പ്രതിഷ്ഠിച്ച വിഗ്രഹമാണിന്നു കാണുന്നത്. ശാസ്താവ് വാജീ(കുതിര) വാഹനനാണ്. അയ്യപ്പന്‍ പക്ഷേ പുലി വാഹനനായാണ് അറിയപ്പെടുന്നത്..

×

Hello!

താഴെ കാണുന്ന വാട്സാപ്പ് ഐക്കൺ ക്ലിക്ക് ചെയ്യുകയോ ഈ മെയിൽ ഐഡിയിലേക്ക് മെയിൽ അയക്കുകയോ ചെയ്യുക.

രാജേഷ് ഒടയഞ്ചാൽ

×
Verified by MonsterInsights