ഇരിയ ധർമ്മശാസ്താ ക്ഷേത്രത്തിൽ നടന്ന പെൺകുട്ടികളുടെ കോൽക്കളി. 2022 ജൂലൈ 3 ഞായറാഴ്ച രാത്രിയിൽ ആയിരുന്നു അവതരണം. ശ്രീ വി പി കൃഷ്ണൻ പരിശീലനം നൽകിയ ഇളം തലമുറയിൽപ്പെട്ട പെൺകുട്ടികൾ അവതരിപ്പിച്ച കോൽക്കളിയാണിത്. യാതൊരു വിധ പ്രതിഫലവും കൂടാതെ കഴിഞ്ഞ അമ്പതു വർഷത്തോളമായി കോൽക്കളി പഠിപ്പിച്ചുവരികയാണിദ്ദേഹം. മടിക്കൈ നന്മ നാടൻ കലാവേദി എന്ന പേരിലാണ് ഇദ്ദേഹം ഇപ്പോൾ കോൽക്കളി പഠിപ്പിക്കുന്നത്.
കളരിയഭ്യാസവുമായും പൂരക്കളിയുമായും അഭേദ്യ ബന്ധം കോൽക്കളിക്കുണ്ട്. കളിയിൽ പ്രയോഗത്തിലുള്ള ചുവടുകളും മെയ്യഭ്യാസമുറകളും കളരിയില്‍ നിന്നും പകർത്തിയതാണെന്നു പറയാം. കോൽക്കളിയില്‍ പ്രചാരത്തിലുള്ള വന്ദനം, കളി തൊഴല്‍, ചിന്ത് തുടങ്ങിയ രീതികൾ പൂരക്കളിയിലും പ്രയോഗത്തില്‍ ഉള്ളവയാണ്. അങ്കക്കളരിയിലെ വായ്ത്താരിയും അവയുടെ താളവും കോൽക്കളിപ്പാട്ടുകളേയും താളക്രമങ്ങളേയും കാര്യമായി സ്വാധീനിച്ചിട്ടുണ്ട്.
കോൽക്കളിയിൽ നീണ്ട കാലത്തെ പാരമ്പര്യം അവകാശപ്പെടാവുന്ന പ്രദേശമാണ് പയ്യന്നൂർ. പയ്യന്നൂരിലെ ആനിടില്‍ രാമൻ എഴുത്തച്ഛൻ ഭക്തിരസപ്രധാനമായ ഒട്ടേറെ കോൽക്കളി ഗാനങ്ങൾ എഴുതിയിട്ടുണ്ട്. കലാശപ്പാട്ട് എന്ന കൃതി ഇതിൽ ശ്രദ്ധേയമാണ്. എതാണ്ടു 150 വർഷം മുമ്പ് എഴുതിയ ഈ കൃതിയിലെ പാട്ടുകൾ കോൽക്കളിക്കായി എഴുതിയതാണെന്ന് പാട്ടിൽ തന്നെ വ്യക്തമാക്കുന്നുണ്ട്. സമീപകാലത്ത് മലയാള കവിതകളും മറ്റും കോൽക്കളിക്കനു രിച്ച് ചിട്ടപ്പെടുത്തി പാടാറുണ്ട്. വള്ളത്തോളിന്റെയും കുമാരനാശാന്റെയും കവിതകള്‍ ധാരാളമായി ഉപയോഗിച്ചു വരുന്നുണ്ട്. സാക്ഷരതാപ്രവര്‍ത്തനങ്ങളുടെ കാലയളവിൽ പ്രചരണത്തിനായി ധാരാളം പുതിയ കവിതകളും കോൽക്കളിക്കായി ഉപയോഗിച്ചിരുന്നു.ആകർഷകമായ രീതിയിൽ കളി അവതരിപ്പിക്കുന്ന യുവാക്കളുടെ കളിസംഘങ്ങള്‍ പയ്യന്നൂരിലും പരിസരപ്രദേശങ്ങളിലും ധരാളമുണ്ട്.
മുമ്പു കാലത്ത് സ്ത്രീകളും കോല്‍ക്കളിയില്‍ സജീവമായി പങ്കെടുത്തിരുന്നു. സ്ത്രീകൾ അവതരിപ്പിക്കുന്ന കോൽക്കളി കോലാട്ടമെന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. നർത്തനത്തിന് ഊന്നൽ നൽകിക്കൊണ്ടുള്ള കളികളാണ് കോലാട്ടത്തിന്റെ പ്രത്യേകത. അപൂർവമായി ഇന്നും സ്ത്രീകളുടെ കളി സംഘങ്ങൾ ഉണ്ട്.