നിന്റെ അഴുകിയ ഭക്ഷണം , നിന്റെ മക്കളുടെ വിസര്‍ജ്യം പേറുന്ന പൊതികെട്ടുകള്‍, നിന്റെ ഉച്ചിഷ്ട്ടങ്ങള്‍, നിന്റെ കഫം നിറച്ച കോളാമ്പികള്‍, നിന്റെ പഴുപ്പ് തുടച്ച പഞ്ഞിക്കെട്ടുകള്‍ , നിന്റെ ഭാര്യയുടെ ആര്‍ത്തവരക്തം പുരണ്ട തുണിക്കഷ്ണങ്ങള്‍… ഇതെല്ലം വലിച്ചെറിയേണ്ടത് എന്റെ സന്തതികളുടെ മുകളിലല്ല, നിന്റെ വിസര്‍ജ്ജ്യം നീ മറവുചെയ്യണം, അതിനു കഴിയുന്നില്ലെങ്കില്‍ നീ തന്നെ തിന്നുതീര്‍ക്കണം പന്നിയെപ്പോലെ.
സിവിക് ചന്ദ്രന്‍
ഈ സര്‍ക്കാരിന്റെ കാലാവധിക്കുള്ളില്‍ മാലിന്യ മുക്തകേരളം യാഥാര്‍ത്ഥ്യമാക്കുമെന്ന് പഞ്ചായത്ത്, സാമൂഹികക്ഷേമ മന്ത്രി എം.കെ. മുനീര്‍ തിരുവനന്തപുരം പ്രസ് ക്ലബിന്റെ മുഖാമുഖം പരിപാടിയില്‍ സംസാരിക്കുന്ന വേളയിൽ പറഞ്ഞിരുന്നു. വിടുവായിത്തം പറയാൻ ഒരുത്തനേയും പഠിപ്പിക്കേണ്ടതില്ലല്ലോ. സര്‍ക്കാര്‍ ഏറെ കൊട്ടിഘോഷിച്ച് നടപ്പാക്കാന്‍ ശ്രമിച്ച ‘മാലിന്യ മുക്ത കേരളം’ എന്ന സ്വപ്‌ന പദ്ധതി ഇന്നും സ്വപ്‌നമായി തന്നെ അവശേഷിക്കുകയാണ്.
എമര്‍ജിംഗ് കേരളയാണ് സര്‍ക്കാരിന്റെ പുതിയ മുദ്രാവാക്യം എന്നും പറഞ്ഞ് കോടികൾ അതിന്റെ പേരിൽ ചെലവഴിച്ചു; പലരുടേയും പോക്കറ്റുകൾ നിറഞ്ഞപ്പോൾ ആ പദ്ധതി നൂലു പൊട്ടിയ പട്ടം പോലായി! ദീർഘവീക്ഷണത്തോടെയുള്ള സമഗ്രമായ പദ്ധതി ജനങ്ങളുടെ താഴേത്തട്ടിൽ നിന്നും തുടങ്ങിയാലേ മാലിന്യമുക്തമെന്ന സ്വപ്നം സഫലമാവൂ. എല്ലാവീട്ടിലും കക്കൂസുണ്ടല്ലോ!!
ഒരു ദിവസം ഒരു വീട്ടിൽ ഉണ്ടാവുന്ന വേയ്‌സ്റ്റിനേക്കാൾ വരില്ലേ അവിടുത്തെ ഒരു ദിവസത്തെ മലത്തിന്റെ അളവ്! അത് വൃത്തിയായി എല്ലാവരും കുഴിച്ചുമൂടുന്നുമുണ്ട്! ആരുമത് റോഡുവക്കിലും മറ്റവന്റെ വീട്ടുമുറ്റത്തും കൊണ്ടിടാറില്ല. ആ ഒരു ചിന്താഗതി സമൂഹമനസ്സിലേക്ക് നിയമം വഴി അടിച്ചേൽപ്പിക്കുകയാണു വേണ്ടത്. എങ്കിലേ കേരളം മാലിന്യമുക്തമാവൂ. മാലിന്യമുക്തമെന്നാൽ നിരവധി പകർച്ചവ്യാധികളിൽ നിന്നുള്ള മുക്തി കൂടിയാണെന്ന് ഓർക്കേണ്ടതുണ്ട്.
തിരുവനന്തപുരം കോര്‍പ്പറേഷനും കേരളസര്‍ക്കാറും കൂടെ വിളപ്പില്‍ശാല ജനങ്ങളെ സമര്‍ത്ഥമായി വഞ്ചിച്ചിരിക്കുന്നു. ഗവണ്മെന്റിനെ മുഖവിലയ്ക്കെടുത്ത് മന്ത്രിമാരുടെ വാക്കുകള്‍ വിശ്വസിച്ച ജനങ്ങളെ പറ്റിച്ച് നാടകീയമായ നീക്കങ്ങള്‍ സര്‍ക്കാര്‍ നടത്തിയിരിക്കുന്നു.രണ്ടുമണിയോടെ വിളപ്പില്‍ശാലയിലേക്കുള്ള വൈദ്യുതി ബന്ധം വിശ്ചേദിച്ചശേഷമായിരുന്നു ഈ നാടകം! വിളപ്പിന്‍ശാലയിലെ പ്രതിഷേധം മറികടന്ന് പ്ലാന്റ് നിര്‍മ്മിക്കാനുള്ള സാധനസാമഗ്രികള്‍ വിളപ്പില്‍ ശാലയില്‍ എത്തിച്ചു. അതീവ രഹസ്യമായി പുലര്‍ച്ചെ രണ്ടരയോടെയായിരുന്നു ഇതൊക്കെ അവിടെ എത്തിച്ചത്. മഴയുള്ളതിനാല്‍ സമരപന്തലില്‍ ആളുകള്‍ ഉണ്ടായിരുന്നില്ല. നൂറിലേറെ പൊലീസിന്റെ അകമ്പടിയോടെയാണ് നീക്കം. മാലിന്യ പ്ലാന്റിന്റെ പൂട്ടുതകര്‍ത്താണ് പ്ലാന്റ് സാധനസാമഗ്രികള്‍ വിളപ്പില്‍ശാലയില്‍ എത്തിച്ചത്. ഒമ്പതുമാസം മുമ്പ് സര്‍ക്കാര്‍ ഇതിനായി നടത്തിയ ശ്രമങ്ങള്‍ ജനങ്ങള്‍ തടങ്ങിരുന്നു. പ്ലാന്റിനാവശ്യമായ ഇലക്ട്രോണിക് സാധനങ്ങളാണ് വിളപ്പില്‍ ശാലയിലേക്ക് എത്തിച്ചത്. കഴിഞ്ഞ ഒന്നരമാസമായി വിളപ്പില്‍ശാല പൊലീസ്സ്റ്റേഷനില്‍ ഉണ്ടായിരുന്ന സാധനങ്ങളായിരുന്നു ഇത്.
കഴിഞ്ഞ ഒന്നരവര്‍ഷത്തെ ജനങ്ങളുടെ സമരത്തിനു പുല്ലുവിലകൊടുത്ത് കള്ളന്മാര്‍ ചെയ്യുന്നതുപോലെ ഇങ്ങനെ ഒളിച്ചുകടത്തിയത് കടുത്ത ജനവഞ്ചനയാണ്. ജനങ്ങളുമായി സഹകരിച്ച് സമവായത്തിലൂടെ മാത്രമേ കാര്യങ്ങള്‍ മുന്നോട്ട് പോവുകയുള്ളൂ എന്ന് മന്ത്രിതല സമ്മേളനത്തിനു ശേഷം മുഖ്യമന്ത്രിയും വകുപ്പുമന്ത്രി മഞ്ഞളാംകുഴി അലിയും മിനിയാന്ന് പറഞ്ഞുവെച്ചതേയുള്ളൂ. അത്തരമൊരു സാഹചര്യത്തില്‍ ഈ കള്ളത്തരം കാണിച്ചതിലൂടെ ജനങ്ങളുടെ സമരങ്ങള്‍ക്ക് യാതൊരു വിലയും ഗവണ്മെന്റ് കൊടുക്കുന്നില്ല എന്നതു തന്നെയാണ് ഇതിലൂടെ തെളിയുന്നത്.
ഇപ്പോള്‍ എത്തിച്ച സാധനങ്ങള്‍ കൊണ്ടുമാത്രം വിളപ്പില്‍ശാല പ്ലാന്റ് പ്രവര്‍ത്തിപ്പിക്കാനാവില്ല; കൂടുതല്‍ സാധങ്ങള്‍ എത്തേണ്ടതുണ്ട്. അതുകൊണ്ടു മാത്രമായില്ല, ജനങ്ങളുടെ സഹകരണമില്ലാതെ അവിടെ ഒരു പ്ലാന്റ് കാലാകാലം പ്രവര്‍ത്തിപ്പിക്കുക എന്നത് ഒരു വ്യാമോഹം മാത്രമല്ലേ! എന്നാല്‍ സാധങ്ങള്‍ അവിടെ എത്തിച്ച ഗവണ്മെന്റിന് അതവിടെ പ്രവര്‍ത്തിപ്പിക്കാനും അറിയാം; ജനങ്ങളല്ലല്ലോ പ്ലാന്റ് പ്രവര്‍ത്തിപ്പിക്കുന്നത് എന്നാണു മേയര്‍ ഇക്കാര്യത്തോട് പ്രതികരിച്ചത്!
എന്തു തന്നെയായാലും ഈ പരിപാടി തികഞ്ഞ കാടത്തമായിപ്പോയി. സര്‍ക്കാറിനെ ഇനി ഏതുതരത്തിലഅണു വിശ്വാസത്തിലെടുക്കുക? വിളപ്പില്‍ശാലയിലെ ജനങ്ങളോടൊപ്പം കേരളത്തിലെ മുഴുവന്‍ ജനങ്ങളും നില്‍ക്കേണ്ട സമയമാണിത്. വിളപ്പില്‍ശാലയില്‍ ഇന്നു ഹര്‍ത്താല്‍!
കഴിഞ്ഞ ആറാം തീയതി (ഒക്ടോബർ 6) ഇവിടെ കർണാടകയിൽ ഹർത്താലായിരുന്നു. പ്രതീക്ഷിച്ച മഴ കിട്ടാതിരുന്ന അവസരത്തിലും, തമിഴ് നാടിന് കാവേരി നദീജലം ഒരു നിശ്ചിത അളവ് കർണാടകം വിട്ടുകൊടുക്കണം എന്ന കേന്ദ്ര നിലപാടിനെതിരെ ആയിരുന്നു ഹർത്താൽ. ആ കേന്ദ്രനിലപാട് കർണാടകസർക്കാർ തലകുലുക്കി സമ്മതിച്ചതിന്റെ പ്രതിക്ഷേധമായിരുന്നു ആറാം തീയതി ഹർത്താലായി അലയടിച്ചത്. തീരുമാനം മാറ്റിയില്ലെങ്കിൽ ഇതിലും ശക്തമായ സമരമാർങ്ങളിലേക്ക് നീങ്ങുമെന്ന് സമരാനുകൂലികൾ മുന്നറിയിപ്പു നൽകി. അവരുടെ സമരം വിജയിച്ചു എന്ന് ഇപ്പോൾ പറയാം. കർണാടക ഒരു തുള്ളി വെള്ളം പോലും കണക്കിലധികമായി വിട്ടുകൊടുക്കേണ്ടതില്ലെന്ന് ഇന്നു തീരുമാനിച്ചിരിക്കുന്നു.
ആഴ്ചകൾ തോറും ഭരണപ്രതിപക്ഷ ഭേദമില്ലാതെ ഹർത്താലുകൾ നടത്തി ജനജീവിതം ദുസ്സഹമാക്കാനല്ലാതെ നമ്മുടെ നാട്ടിലെ ഏതെങ്കിലും ഒരു ഹർത്താലെങ്കിലും അവയുടെ ലക്ഷ്യം നേടിയെടുത്തിട്ടുണ്ടോ? വെറുതേ ഒരു വഴിപാടെന്ന പോലെ ഹർത്താലുകൾ നടത്തി അവരുടെ ഉത്തരവാദിത്വത്തിൽ നിന്നും ഓടി ഒളിക്കുകയല്ലേ പ്രതിപക്ഷം ചെയ്യുന്നത്. അവർ കണ്ടു പഠിക്കട്ടെ കർണ്ണാടകത്തിന്റെ ഈ സമരമാർഗം!
ഇവിടെ ഹർത്താലിനായി അവർ തെരഞ്ഞെടുത്ത ദിവസം ശ്രദ്ധിക്കുക. ശനിയാഴ്ച! ഹർത്താൽ വളരെ മുമ്പേ തന്നെ പ്രഖ്യാപിച്ച് എല്ലാവരേയും അറിയിച്ച ശേഷമായിരുന്നു നടത്തിയത്, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കൊക്കെ ശനിയാഴ്ച അവധി ദിവസമാണ്. കോടികൾ മറിയുന്ന ഐടി കമ്പനികൾ ഒക്കെ അന്ന് അവധിയിലാണ്. ഹർത്താലിന്റെ തീഷ്ണത ജനങ്ങളിലേക്ക് എത്തിക്കാതെ പരമാവധി ശ്രദ്ധിച്ചാണ് ഇവിടെ ഹർത്താൽ നടത്തിയത്. കേരളത്തിലെ ഹർത്താലുകൾക്ക് ഒരൊറ്റ ലക്ഷ്യമേ ഉള്ളൂ ജനജീവിതം ദുഃസഹമാക്കണം എന്ന ലക്ഷ്യം. അതു ഭംഗിയായി നിറവേറ്റാൻ ഭരണ-പ്രതിപക്ഷങ്ങൾക്ക് ആവുന്നുമുണ്ട്.
എമേർജിങ് കേരളയുടെ വകയായി രണ്ടരലക്ഷത്തി അമ്പതിനായിരം കോടി രൂപയുടെ നിക്ഷേപമാണ് നടപ്പിലാക്കാൻ പോകുന്നത് എന്ന് കെ. എം. മാണി…. എന്നാൽ എല്ലാം കൂടി നാൽപ്പതിനായിരം കോടി രൂപയുടെ നിക്ഷേപമാണ് നടപ്പിലാക്കാൻ പോകുന്നത് എന്ന് മുഖ്യമന്ത്രി.
എല്ലാം കഴിഞ്ഞ് പത്രക്കാർക്ക് കൊടുത്ത എമേർജിങ് കേരളാ വാർത്താകുറിപ്പിൽ പറഞ്ഞിരിക്കുന്ന പ്രോജക്റ്റുകൾ എല്ലാം വളരെ മുമ്പുതന്നെ വർക്ക് തുടങ്ങിയവയത്രേ… ഇതേകുറിച്ച് പത്രക്കാരുടെ ചോദ്യങ്ങൾ കൂടിവന്നപ്പോൾ പത്രക്കാർക്ക് വ്യക്തമായ മറുപടി നൽകാതെ കുഞ്ഞാലിക്കുട്ടിയും ഉമ്മച്ചനും ഓടിക്കളഞ്ഞു!!
ജപ്പാനിലുണ്ടായ സുനാമിയെ തുടർന്ന് നടന്ന ആണവദുരന്തത്തിൽ നിന്നും പാഠം ഉൾക്കൊണ്ട് ജപ്പാൻ ആണവനിയമങ്ങളിൽ കാതലായ മാറ്റങ്ങൾ വരുത്തുന്നു. 2040 ഓടെ ആനവ നിലയങ്ങളൊക്കെ അപ്പാടെ അടച്ചുപൂട്ടി, ഊർജ്ജത്തിനു വേണ്ടി മറ്റു സ്ത്രോതസ്സുകളായ ഹൈഡ്രോ പവർഷേഷനുകൾ, കാറ്റാടികൾ, മറ്റുമാർഗങ്ങൾ എന്നിവയിലേക്ക് ശ്രദ്ധ തിരിക്കുന്നു. വൻകിട കോർപ്പറേറ്റുകളിൽ നിന്നും ശക്തമായ എതിർപ്പുകൾ ഉണ്ടെങ്കിലും അവയൊന്നും തന്നെ സർക്കാൽ മുഖവിലയ്ക്കെടുക്കാതെ തീരുമാനം അതേപടി പാസാക്കിക്കഴിഞ്ഞു. ജനങ്ങളുടെ തല്പര്യങ്ങൾക്ക് പ്രാധാന്യം കൊടുക്കുന്ന ജപ്പാൻ സർക്കാറിന് അഭിന്ദനങ്ങൾ!!
ജപ്പാനിനോടൊപ്പം തന്നെ ഫ്രാൻസും ഇതേ തീരുമാനം എടുത്തിരിക്കുന്നു, 2025 ഓടെ ആണവോർജം ഉപയോഗിച്ചുള്ള പരിപാടികൾ 25% ആയി കുറയ്ക്കാൻ ഫ്രാൻസ് തീരുമാനിച്ചിരിക്കുന്നു, ഇപ്പോൾ ടോട്ടൽ ഊർജസ്ത്രോതസ്സിന്റെ 75% വും ആണവോർജം ഉപയോഗിച്ചാണ് ഫ്രാൻസ് നടത്തുന്നത്. ഘട്ടംഘട്ടമായി ആണവോർജ്ജത്തിന്റെ ഉപയോഗം കുറയ്ക്കാനാണ് ഫ്രഞ്ച് ഗവണ്മെന്റിന്റെ തീരുമാനം. അമേരിക്കയുടെ കടുത്ത സമ്മർദ്ധതന്ത്രങ്ങൾ കാറ്റിൽ പറത്തിയാണ് രണ്ടു രാജ്യങ്ങളും അവരുടെ തീരുമാനം നടപ്പിലാക്കിയിരിക്കുന്നത്. പുറകേ, ജർമ്മനിയും സ്വിറ്റ്സർലാൻഡും ഇതേപോലുള്ള പ്രമേയം പാസാക്കിയിട്ടുണ്ട് എന്നതും ആശാവകമാണ്.
നമ്മുടെ നാട്ടിൽ ഒരു ആണവനിലയത്തിനെതിരെ നാട്ടുകാർ കടലിലിറങ്ങി മനുഷ്യച്ചങ്ങല തീർത്തും കടലിൽ സത്യാഗ്രഹം നടത്തിയും പ്രതിഷേധിക്കുമ്പോൾ അതിനു പുല്ലുവില കല്പിക്കാതെ പൊലീസിനെ ഉപയോഗിച്ച് അടിച്ചമർത്താനാണു ഗവൺമെന്റ് ശ്രമിക്കുന്നത്. ഇതൊക്കെ ഭാരതത്തിൽ മാത്രം നടക്കുന്ന ചില വിരോധാഭാസങ്ങളിൽ ഒന്നുമാത്രം!
വൻകിട കോർപ്പറേറ്റുകൾ വിടുപണി ചെയ്യുന്ന കോൺഗ്രസ് സർക്കാറിന്റെ ജനവിരുദ്ധത അതിന്റെ മൂർദ്ധന്യത്തിലെത്തിയിരിക്കുകയാണ്. കാര്യമായി ഒന്നും ചെയ്യാനാവാതെ പ്രതിപക്ഷവും നോക്കി നിൽക്കുന്ന കാഴ്ചയും കാണാം. കേരളത്തിലാവട്ടെ കേന്ദ്രത്തിന്റെ ജനവിരുദ്ധതയ്ക്കെതിരെ എന്നപേരിൽ ഹർത്താലുകൾ നടത്തി പ്രതിപക്ഷം ജനജീവിതത്തെ കുടുതൽ ദുസ്സഹമാക്കുന്നു.
അങ്ങ് നാട്ടിൽ, ഒടയഞ്ചാലില്‍ വീട്ടിന്റെ പണികള്‍ പൂര്‍ത്തിയായി വരികയാണ്. ചില സാധനങ്ങളൊക്കെ ബാഗ്ലൂരില്‍ നിന്നും കൊണ്ടുപോയാല്‍ കുറച്ചൊക്കെ പണം ലാഭിക്കാമെന്നാരോ പറഞ്ഞിരുന്നു. വയറിങ് സാധനങ്ങള്‍, ടൈല്‍സ്, പ്ലമ്പിങ് സാധനങ്ങള്‍ തുടങ്ങിയവയ്‌ക്കൊക്കെ വിലയില്‍ നല്ല വ്യത്യാസമുണ്ട്. വ്യത്യാസമെന്നു പറഞ്ഞാല്‍ 134 രൂപ MRP -യുള്ള ഒരു സാധനത്തിന് കാഞ്ഞങ്ങാട് 132 രൂപയ്‌ക്ക് (ബള്‍ക്കായിട്ട് എടുക്കുകയാണെങ്കില്‍) തരാമെന്നു പറയുമ്പോള്‍ ഇവിടെ ബാംഗ്ലൂരില്‍ അത് 83 രൂപയ്ക്ക് തരാം എന്നു പറയുന്നു. ഈ ഒരു വ്യത്യാസം എല്ലാ സാധനങ്ങളിലും ഉണ്ട്. ഒരു സംസ്ഥാനത്തില്‍ നിന്നും മറ്റൊരു സംസ്ഥാനത്തിലേക്ക് ഇത്തരം സാധനങ്ങള്‍ കൊണ്ടുപോകണമെങ്കില്‍ വില്ലേജില്‍ നിന്നും ഇത് പേര്‍സണല്‍ ആവശ്യത്തിലേക്കാണ് എന്നും പറഞ്ഞു തരുന്ന ഒരു സര്‍ട്ടിഫിക്കേറ്റ് കൂടി കരുതിയാല്‍ ടാക്സും മറ്റുകാര്യങ്ങളും കുറഞ്ഞുകിട്ടും.
അങ്ങനെ ഞാന്‍ ഒരിക്കല്‍ കുറേ വയറിങ് മെറ്റീരിയല്‍സ് ബാംഗ്ലൂരിലെ കെ. ആര്‍. മാര്‍ക്കറ്റില്‍ നിന്നും വാങ്ങിച്ചു. ബസ്സുകാരോട് ചോദിച്ചപ്പോള്‍ 30 kg വരെ കൊണ്ടുപോകാന്‍ 150 രൂപ ആവും എന്നവര്‍ പറഞ്ഞു. സ്വിച്ചും ബോര്‍ഡും വയറുകളും ഒക്കെ കൂടി ഏകദേശം അത്രയുണ്ടായിരുന്നു. 150 രൂപയ്ക്ക് സംഭവം കാഞ്ഞങ്ങാട് സ്റ്റാന്‍ഡിനു സമീപം കോഹിനൂര്‍ (സഫർ) ബസ്സിന്റെ ഓഫീസിനു മുന്നില്‍ ഇറക്കിവെച്ചു. ഞാന്‍ തന്നെ അവയൊക്കെ എടുത്ത് റോഡ് സൈഡിലേക്ക് മാറ്റിവെച്ച് ഒരു ഓട്ടോ റിക്ഷ കിട്ടുമോ എന്നും നോക്കി നില്‍ക്കാന്‍ തുടങ്ങി. സമയം രാവിലെ എട്ടുമണിയോടടുത്തിരുന്നു. ഭാഗ്യത്തിന് ഒരു ഓട്ടോക്കാരന്‍ അടുത്തു വന്നു കിലോമീറ്ററിന് 10 രൂപ 50 പൈസ തന്നാല്‍ കൊണ്ടുപോകാം എന്നയാള്‍ പറഞ്ഞു. പതിനൊന്നു രൂപയാണത്രേ സ്റ്റാന്‍ഡില്‍ എല്ലാവരും കിലോമീറ്ററിനു ചാര്‍ജ് വാങ്ങിക്കാറുള്ളത്. 10 രൂപ 50 പൈസ വെച്ച് ഞാന്‍ വീടുവെയ്ക്കുന്ന സ്ഥലം വരെ 15 കിലോമീറ്റര്‍ ദൂരത്തേക്ക് 150 രൂപ. ഞാന്‍ മറ്റൊന്നും ആലോചിക്കാതെ സമ്മതിച്ചു. ആകെ 300 രൂപയ്ക്ക് ബാംഗ്ലൂരിൽ നിന്നും സാധനം വീട്ടിലെത്തുമല്ലോ എന്ന ആശ്വാസമായിരുന്നു എനിക്ക്. കെ. ആർ. മർക്കറ്റിൽ നിന്നും ബാംഗ്ലൂരിലെ ബലന്തൂരുള്ള എന്റെ താമസസ്ഥലത്തേക്ക് ഓട്ടോക്കാരൻ പറഞ്ഞത് 450 രൂപയായിരുന്നു!! ഇത്തരം കുഞ്ഞുകുഞ്ഞു കാര്യങ്ങൾ ഓർത്തുകൊണ്ട് വഴിയോരത്ത് ഞാൻ നിൽക്കുകയായിരുന്നു.
അപ്പോള്‍ എവിടെ നിന്നോ പ്രത്യക്ഷപ്പെട്ടതുപോലെ ഒരാള്‍ അവിടെ എത്തി. തൊട്ടുപുറകേ സഫര്‍ ട്രാവല്‍സിലെ ഞാന്‍ സ്ഥിരം കാണുന്ന ഒരാളും ഉണ്ട്. ആദ്യം വന്നയാൾ എന്നോടു ചോദിച്ചു എന്താണ് പാക്കറ്റിനകത്ത് എന്ന്.
“വയറിങ് മെറ്റീരിയല്‍സാണ്” – ഞാന്‍ പറഞ്ഞു.
“ഒരു അമ്പതു രൂപ വേണം.” – അയാൾ
“എന്തിന്” എനിക്കു കൗതുകം. “ബസ്സിന്റെ ചാർജു ഞാൻ ബാംഗ്ലൂരിൽ കൊടുത്തതാണ്, അതിന്റെ ബില്ലും ഉണ്ട്” – ഞാൻ പോക്കറ്റിൽ തപ്പി.
“ഇത് ചുമട്ടുകൂലിയാണ്” – അയാൾ പറഞ്ഞു.
“ചുമട്ടുകൂലിയോ?” ബസ്സിന്റെ അടിത്തട്ടിൽ നിന്നും ബസ്സിലെ ക്ലീനർ എടുത്തു പുറത്തുവെച്ചു, ഞാനത് എടുത്ത് ആദ്യം ഓഫീസിന്റെ മുന്നിലേക്കും പിന്നീട് റോഡ് സൈഡിലേക്കും മാറ്റിവെച്ചു. ഇപ്പോൾ ഓട്ടോ ഡ്രൈവറും ഞാനും കൂടി അത് എടുത്ത് ഓട്ടോയിൽ കേറ്റി വെച്ചു… ഇതിൽ എവിടെയാണു ചുമട്ടുകൂലിയുടെ പ്രശ്‌നം വരുന്നത്?
അയാൾ വിശദീകരിച്ചു. ഇത് ചുമടെടുക്കുന്നവർക്ക് കൊടുക്കാനുള്ളതാണ്. ഇവിടെ ചുമട്ടുകാർക്ക് യൂണിയൻ ഉണ്ട്. അവരാണ് സാധാരണ ഇതു ചെയ്യുക. അവർ സമയം കിട്ടുമ്പോൾ വന്നിട്ട് സഫർ (കോഹിനൂർ – കാഞ്ഞങ്ങാട്) ഓഫീസിൽ നിന്നും ബില്ലൊക്കെ പരിശോദിക്കും എന്നിട്ട് അവരോട് അന്നിറക്കിയ സാധനങ്ങൾക്കുള്ള ചുമട്ടുകൂലി ആവശ്യപ്പെടുമത്രേ!! അയാളുടെ കൂടെവന്ന സഫറിലെ ആ സുഹൃത്തും അയാളെ സഹായിച്ചു. എനിക്കത്ഭുതം തോന്നി! ഞാനേതോ വെള്ളരിക്കാപ്പട്ടണത്തിൽ നിൽക്കുന്നതുപോലെ!! ചെയ്യാത്ത പണിക്ക് പണം വാങ്ങിക്കുന്ന ദരിദ്ര്യവാസികളാണോ ഈ യൂണിയൻകാർ!!
ഞാൻ പറഞ്ഞു പണിയെടുക്കാതെ കൂലിവാങ്ങിക്കാൻ വരുമ്പോൾ നിങ്ങളെന്തിനാ കൂട്ടു നിൽക്കുന്നത്? ഞാൻ അഞ്ചുപൈസ തരില്ല. നിങ്ങൾ തന്നില്ലെങ്കിൽ ഞാൻ കൊടുക്കേണ്ടി വരും എന്നായി സഫറിലെ ആ സുഹൃത്ത്. എനിക്കെന്തോ ആത്മരോഷം അണപൊട്ടിയൊഴുകി. ഏതുവിധേനയും ആ സാഹചര്യത്തെ ഉൾക്കൊള്ളാൻ എനിക്കായില്ല. പണിയെടുക്കാത്തവർക്ക് ഒരഞ്ചുപൈസ കൊടുക്കാൻ എന്റെ മനസ്സനുവദിച്ചില്ല.
അയാൾ വിടുന്ന ലക്ഷണമില്ല. മുപ്പതുരൂപ തന്നാൽ മതിയെന്നായി പിന്നീട്. ഒരു കെട്ടിനു പത്തുരൂപ വെച്ച് മൂന്നുകെട്ടിനു മുപ്പതുരൂപ. മുപ്പതല്ല ഒരു രൂപ പോലും ആ പേരിൽ കൊടുക്കാൻ എന്റെ മനസ്സനുവദിച്ചില്ല. തരില്ലെന്ന് ഞാൻ അറുത്തുമുറിച്ചു പറഞ്ഞു. അയാളുടെ മട്ടും ഭാവവും മാറാൻ തുടങ്ങി. ഭീഷണിയുടെ സ്വരം എവിടെയൊക്കെയോ നിഴലിക്കാൻ തുടങ്ങി. എന്റെ നമ്പറും അഡ്രസ്സും തരാം, അവർ പണം വാങ്ങാൻ വരുമ്പോൾ എന്നെ വിളിക്കാൻ പറ; ഞാൻ വന്നു കൊടുത്തോളാം എന്നായി ഞാൻ. ഏതു മാന്യനാണ് അങ്ങനെ തടിയനങ്ങാതെ കൂലിവാങ്ങിക്കാൻ വരുന്നതെന്നറിയണമല്ലോ. അതും അവർക്ക് സമ്മതമല്ല. മംഗലാപുരം വിട്ട ശേഷം ഓരോ സ്റ്റോപ്പിലും ലെഗേജുകൾ ഇറക്കിക്കൊണ്ടായിരുന്നു അന്നാ ബസ്സ് വന്നതുതന്നെ. അന്നേരം ഒന്നും ആരും അവിടെ വന്ന് ലഗേജിറക്കിയതിനു കൂലി ആവശ്യപ്പെടുന്നത് ഞാൻ കണ്ടില്ല. അതൊക്കെ തന്നെ ഞാൻ കൊണ്ടുവന്ന ലെഗേജുകളേക്കാൾ എത്രയോ ഏറെയായിരുന്നു; എത്രയോ ഇരട്ടി വിലമതിക്കുന്നതായിരുന്നു. അതിന്റെ ബില്ലുനോക്കി ഇവർ പണം ചോദിച്ചാൽ ഇയാൾ കൊടുക്കുമോ? അവർക്കൊന്നും ഇല്ലാത്ത ചാർജ് എനിക്കുമാത്രം എങ്ങനെ ബാധകമാവും. ഇല്ല; ഒരഞ്ചു പൈസ പോലും എനിക്കു കൊടുക്കാൻ വയ്യ എന്ന് ഞാനുറപ്പിച്ചു.
അയാൾ വന്ന് ഓട്ടോയിൽ കയറ്റിവെച്ച പാക്കറ്റിൽ പിടിമുറുക്കി. അതവിടെ നിന്നും ഇറക്കിവെക്കാനാണു പരിപാടിയെന്നു മനസ്സിലായി. ഞാൻ കൈതട്ടിമാറ്റി. എന്നെയറിയാവുന്ന സഫറിലെ സുഹൃത്ത് ഇടപെട്ട് രംഗം ശാന്തമാക്കാൻ ശ്രമിച്ചു. ഓട്ടോക്കാരൻ ഒന്നും പറയാതെ മാറി നിന്നു. സഫറിലെ സുഹൃത്തു പറഞ്ഞു സാരമില്ല 30 രൂപ ഞാൻ കൊടുത്തോളാം നിങ്ങൾ വണ്ടി വിട്ടോ എന്ന്. പക്ഷേ, കാഞ്ഞങ്ങാട് ചുമട്ടുതൊഴിലാളികളുടെ പ്രതിനിധിയായി വന്ന ആ കശ്‌മലൻ അതിനും തയ്യാറല്ല്ല. 30 രൂപ കൊടുക്കാതെ ഓട്ടോ വിടാൻ പറ്റില്ലെന്നയാൾ വാശിപിടിച്ചു.
30 രൂപ കൊടുക്കുകയല്ലാതെ വേറെ രക്ഷയില്ലെന്ന ഗതിയിൽ ഞാനെത്തി. ബില്ലു തരാമെങ്കിൽ 30 രൂപ തരാം എന്നു ഞാനെന്റെ മനസ്സിനെ വഞ്ചിച്ചുകൊണ്ടു പറഞ്ഞു. പിന്നെ, ബില്ലെഴുതി ഒപ്പിട്ടുതരാം – അയാൾ പുച്ഛിക്കുന്നു. കടുത്ത ആത്മരോഷത്തിൽ എന്റെ ഹൃദയം നുറുങ്ങുകയായിരുന്നു. എനിക്കവിടെ നിൽക്കുന്ന ഓരോ നിമിഷവും വിലപ്പെട്ടതാണ്. കാരണം 8:50 നു മംഗലാപുരത്തു നിന്നും മൈസൂറിനു പോകുന്ന കെ. എസ്. ആർ.ടി.സി. ബസ്സിൽ ഇതൊക്കെ വീട്ടിലെത്തിച്ച് എനിക്ക് തിരിച്ച് ബാംഗ്ലൂരിലേക്ക് വരേണ്ടതുമാണ്. ഓട്ടോക്കാരൻ മെല്ലെ അടുത്തുവന്നു. അയാൾ പറഞ്ഞു കൊടുത്തേക്ക്, അല്ലാതെ ഇയാൾ വിടുമെന്നു തോന്നുന്നില്ല. മുപ്പതുരൂപയയുടെ പ്രശ്നമല്ല; ഇതു പിടിച്ചുപറിയാണ് – ശുദ്ധമായ കാടത്തം. ഞാൻ പത്തുരൂപയുടെ മൂന്നു നോട്ടുകൾ എടുത്ത് അയാളുടെ മുഖത്തേക്കിട്ടിട്ട് ഓട്ടോയിൽ കേറി.
പിന്നീടുള്ള രണ്ടുമൂന്നു ദിവസം എനിക്കു നേരാംവണ്ണം ഉറങ്ങാനായില്ല. കടുത്ത ആത്മരോഷവും എന്നോടുതന്നെ ഒരുതരം അവജ്ഞയും തോന്നി. മാർക്കറ്റിൽ നിന്നും അതു വാങ്ങിച്ചിട്ട് ഗാന്ധിനഗറിൽ ഉള്ള ബസ്‌സ്റ്റാന്റിൽ എത്തിച്ച ഓട്ടോക്കാരൻ 30 രൂപ ചോദിച്ചപ്പോൾ അയാൾക്ക് 50 രൂപ കൊടുത്തിട്ട് ബാക്കി വാങ്ങാതെയാണു ഞാൻ വന്നത്. മാർക്കറ്റിൽ നിന്നും അവ ഓട്ടോയിൽ കയറ്റാനും, പിന്നിട് ബസ്സിലേക്ക് എടുത്തുവെയ്ക്കാനും ഞാൻ പറയാതെ തന്നെ ആ കന്നടക്കാരൻ ഡ്രൈവർ എന്നെ സഹായിച്ചിരുന്നു. അതെനിക്ക് അതിയായ സന്തോഷവും ഉണ്ടാക്കിയിരുന്നു. പക്ഷേ, ഈ ഒരു സംഭവം എന്നെ കൂറേ ദിവസം വിടാതെ വേട്ടയാടി. ഇപ്പോഴും ആ സംഭവം മനസ്സിലെത്തുമ്പോൾ ഇപ്പോഴും എന്റെ ഉള്ളം എരിയുകയാണ്. സംഘടനയുടെ പിൻബലമുള്ളതിന്റെ അഹന്തയോ, പണിയെടുക്കാതെ അന്യന്റെ മുതലിൽ കൈയിട്ട് വാരി ശീലിച്ച അയാളുടെ ഗുണവിശേഷമോ എന്തോ ആവട്ടെ… കാഞ്ഞങ്ങാടുള്ള ചുമട്ടുതൊഴിലാളികൾക്കൊക്കെ നാണക്കേടാണ് ഈ കാപാലികൻ. അവൻ വെള്ളം കിട്ടാതെ മരിക്കട്ടെ!!
“ടേയ് രാജേഷ്, ഉന്നുടെ മലയാളത്തിലേ മൊത്തം എവുളു എഴുത്തുക്കള്‍ ഇരുക്ക്ഡാ?”
മലയാളത്തില്‍ മൊത്തം എത്ര അക്ഷരങ്ങള്‍ ഉണ്ട്? എന്ന്! ഇന്നലെ ഉച്ച കഴിഞ്ഞ് സ്നാക്സ് കഴിക്കുന്നതിനിടയില്‍ അപ്രതീക്ഷിതമായി തമിഴന്‍ ഗുണശേഖരന്‍ എന്നോടു ചോദിച്ചു… ഞാനൊന്നു ഞെട്ടി! ഇവനിതെന്തിനുള്ള പുറപ്പാടാണ്? ശരിക്കും അറിയാന്‍ വേണ്ടി ചോദിച്ചതാവുമോ അതോ വേറെ വല്ല ഗൂഢലക്ഷ്യവുമുണ്ടോ? എന്താണൊരുത്തരം പറയുക? സാധാരണ കുനുഷ്‌ടുപിടിച്ച ചോദ്യങ്ങള്‍ ഉണ്ടാവുന്ന സമയമാണ് ഉച്ചകഴിഞ്ഞുള്ള സ്‌നാക്‌ടൈം. ഞാനൊന്നാലോചിച്ചു നോക്കി.
അതിനിടയില്‍ വീണ്ടും വന്നു ചോദ്യം:
“നീ എം.എ. മലയാളം താനേ!”
അതേ! എം. എ മലയാളം തന്നെ! എന്നുവെച്ച് യാതൊരു മുന്നറിയിപ്പും കൂടാതെ ഇങ്ങനെയൊക്കെ ചോദിച്ചാല്‍ എന്താണൊരുത്തരം പറയുക?. ശരിക്കും എത്ര അക്ഷരങ്ങള്‍ ഉണ്ട്? ലക്ഷേപലക്ഷം മസ്‌തിഷ്കതരംഗങ്ങള്‍ തലച്ചോറിലേക്ക് ഇരച്ചുകയറി സേര്‍ച്ചു തുടങ്ങി. ഋ-ന്റെ ദീര്‍ഘവും നകാരത്തിന്റെ ദ്വന്ദ്വഭാവവും സംവൃതോകാരവും ഒക്കെ എന്റെ മസ്തിഷ്‌കമണ്ഡലത്തില്‍ വട്ടം ചുറ്റുന്നു. തൊട്ടടുത്തു നിന്ന് ഌകാരം പല്ലിളിച്ചു കാണിക്കുന്നു! ഇതിനേക്കുറിച്ചൊക്കെ നിലനില്‍ക്കുന്ന ആയിരമായിരം ചര്‍ച്ചകള്‍ എന്റെ കാതുകളില്‍ വന്നലയ്‌ക്കുന്നു… തനിയേ നില്‍ക്കുന്ന സ്വരങ്ങളും സ്വരക്കൂട്ടുമായി നില്‍ക്കുന്ന വ്യഞ്ജനങ്ങളും അര്‍ദ്ധവ്യഞ്ജനങ്ങളും സ്വരസഹായമില്ലാതെ നില്‍ക്കുന്നവയും എല്ലാം ചുറ്റും നിരന്നുനിന്ന് ആര്‍ത്തു ചിരിക്കുന്നു… എന്തെങ്കിലും പറഞ്ഞേ പറ്റൂ…
“എന്തിനാണു നിനക്കതിപ്പോള്‍?” ഒരു തല്‍ക്കാല ആശ്വാസത്തിനായി ഞാനൊരു നമ്പറിട്ടു…
“ടേയ്! സൊല്ലെടാ, ഉനക്ക് തെരിയുമാ? തെരിയാതാ?”
തമിഴന്‍ വിടുന്ന ഭാവമില്ല. കൈവിരലിലെണ്ണാവുന്ന പത്തിരുപത്ത് അക്ഷരങ്ങളും വെച്ച് ഇവനെന്തിനാ മറ്റവന്റെ നെഞ്ചത്തുകേറാന്‍ വരുന്നത്! ഇവനറിയുമായിരിക്കുമോ മലയാളത്തിലെ എണ്ണത്തില്‍ വഴങ്ങാത്ത അക്ഷരങ്ങളുടെ പകിടകളി? തമിഴന്‍മാര്‍ മുടിഞ്ഞ ഭാഷാസ്നേഹികളാണത്രേ! സിനിമയ്‌ക്ക് ഇംഗ്ലീഷ് പേരിടനമെങ്കില്‍ എക്സ്ട്രാ നികുതി വാങ്ങുന്നവരാണത്രേ തമിഴന്‍മാര്‍! പോരെങ്കില്‍ അടുത്തിടെ കോയമ്പത്തൂരില്‍ വെച്ച് ലോക ക്ലാസിക്കല്‍ തമിഴ് സമ്മേളനം (ചെമ്മൊഴി മാനാട്) നടത്തി വിജയിപ്പിച്ചതിന്റെ ഹാങ്‌ഓവര്‍ ഇതുവരെ വിട്ടുമാറിയിട്ടുമില്ല… ഹേയ്! അതൊന്നുമായിരിക്കില്ല! ചിലപ്പോള്‍ വെറുതേ അറിഞ്ഞിരിക്കാന്‍ വേണ്ടി ചോദിച്ചതാവും…
കോയമ്പത്തൂരു നടന്നത് ഡി.എം.കെ നടത്തിയ പാര്‍ട്ടി സ്റ്റണ്ടാണെന്നാണു തമിഴന്‍ മോഹനന്‍ പറയുന്നത്. മധുരയിലും ട്രിച്ചിയിലും ഡി.എം.കെ.യ്ക്കു നല്ല സ്വാധീനമുണ്ട്. കോയമ്പത്തൂരില്‍ അതല്പം പിന്നോട്ടാണ്. അപ്പോള്‍ അതൊന്നു മിനുക്കിയെടുക്കാന്‍ തമിഴ്‌മക്കള്‍ക്കിടയില്‍ ചെലവാകുന്ന ഏറ്റവും നല്ല ആയുധം – അവന്റെ പൈതൃകത്തില്‍ കേറിപ്പിടിക്കുക തന്നെ… ഈ ഒരു സമ്മേളനത്തിനു വേണ്ടി 760 കോടിരൂപ ചെലവാക്കിയത്രേ! ഭയാനകം!! സംമ്മേളനനഗരിയിലേക്ക് എത്തിച്ചേരാന്‍ പുതിയ റോഡുകള്‍, പുതിയ ബസ്‌സ്റ്റാന്‍ഡ് എന്നുവേണ്ട പലതരത്തിലുള്ള നിര്‍മ്മാണങ്ങള്‍. എല്ലായിടത്തും ഡി.എം.കെ കാരന്റെ കൊടി പാറിപ്പറന്നു. അവിടെ നടന്നത് പഴയ അണ്ണാച്ചിസിനിമയിലെ പാട്ടുകളും അതുപോലെ കൊച്ചുകൊച്ചു പരിപാടികളുമായിരുന്നത്രേ. എങ്ങനെ കംമ്പ്യൂട്ടറില്‍ തമിഴ് അക്ഷരങ്ങള്‍ വരുന്നു തുടങ്ങിയതിനേകുറിച്ചുള്ള ക്ലാസുകള്‍ അങ്ങനെ പോകുന്നു മോഹനന്റെ കണ്ടെത്തലുകള്‍…
പക്ഷേ എന്റെ പ്രശ്നം അതല്ലല്ലോ! മലയാളത്തില്‍ എത്ര അക്ഷരങ്ങളുണ്ട്? എന്താണു പറയേണ്ടതെന്ന് ഒരെത്തും പിടിയുമില്ല. 49 എന്നു പറഞ്ഞാലോ, അതോ 51 വേണോ? 56 അക്ഷരങ്ങള്‍ ഉണ്ടെന്നും കേള്‍ക്കുന്നു. വിക്കിപീഡിയയില്‍ എവിടേയോ വായിച്ചതോര്‍ത്തു – അത് 53 ആയിരുന്നു എന്നാണോര്‍മ്മ! ഏതു പറഞ്ഞാലും ഇക്കാര്യത്തില്‍ ഒരുത്തന് തര്‍ക്കിച്ചു നില്‍ക്കാന്‍ പറ്റും എന്നതിനാല്‍ ചെറിയൊരാശ്വാസം തോന്നി. പക്ഷേ, അങ്ങനെ തര്‍ക്കിച്ചു പിടിച്ചു നില്‍ക്കാന്‍ ഉള്ള കഴിവെനിക്കില്ല താനും. 49, 51, 53, 56 ഇതില്‍ ഏതു പറയണമെന്ന ആശങ്കയായി പിന്നീട്…
അതേ ശ്ലോകം തന്നെ! മണ്ഡലവിളക്കു കാലമാവുമ്പോള്‍ ചക്കിട്ടടുക്കം ഭജനമഠത്തില്‍ നിന്നും എല്ലാ ശനിയാഴ്ചകളിലും കേള്‍ക്കാറുള്ള മൈക്കുഴി വിജയന്‍മാഷിന്റെ ശബ്ദസൗകുമാര്യത്താല്‍ സ്‌ഫുടം ചെയ്തെടുത്ത ശ്ലോകം! സ്രഗ്ദ്ധര വൃത്തം പഠിക്കുമ്പോള്‍ എന്നോ ബൈഹാര്‍ട്ടാക്കിയ അതേ ശ്ലോകം!
അമ്പത്തൊന്നു പറഞ്ഞാലോ? വേദമാകുന്ന വടവൃക്ഷത്തിന്റെ കൊമ്പില്‍ പൂത്ത പൂവില്‍നിന്നും ഊര്‍ന്നുവന്ന തേനാണോ ശരിക്കും മലയാളഭാഷ? അതിന്റെ ഒറിജിന്‍ ഇപ്പറഞ്ഞ ആദിദ്രാവിഡന്റെ തമിഴുതന്നെയല്ലേ! വെറുതേ സംസ്‌കൃതത്തിന്റെ തൊഴുത്തിലേക്കു കൊണ്ടു പോകേണ്ടതുണ്ടോ! ഗുണശേഖരന്‍ ഇനി അതില്‍ കേറിപിടിക്കുമോ? ഹേയ്! ഈ പൊട്ടനിതൊന്നുമറിയില്ലായിരിക്കും…
ക മുതല്‍ മ വരെ ഉള്ള വ്യഞ്ജനങ്ങളുടെ കാര്യത്തില്‍ സംശയം ഇല്ല 25 എണ്ണം, മധ്യമങ്ങള്‍ നാലെണ്ണം – യ, ര, ല, വ. ഊഷ്മാക്കള്‍ മൂന്നെണ്ണം – ശ, ഷ, സ. ഹ എന്ന ഘോഷി. ദ്രാവിഡമധ്യമങ്ങളായ ള, ഴ, റ എന്നിവ മൂന്നെണ്ണം. മൊത്തം 36 എണ്ണം. സ്വരങ്ങളാണു പ്രശ്‌നക്കാര്‍. അം – ഉണ്ട്, അഃ ഉണ്ട്. ഋ – ന്റെ ദീര്‍ഘമായ ൠകാരമുണ്ട് . ഌകാരമുണ്ട്; ൡകാരമുണ്ട്. ഇതിനൊക്കെ പുറമേ സ്വരസഹായമൊന്നുമില്ലാതെ നില്‍ക്കാന്‍ ചങ്കുറപ്പുകാണിച്ച ല്‍, ന്‍, ണ്‍, ര്‍, ള്‍ എന്നീ ചില്ലക്ഷരങ്ങള്‍ അഞ്ചെണ്ണമുണ്ട്; ചന്ദ്രക്കല എന്ന സംവൃതോകാരമുണ്ട്… വേണ്ട ഇതൊക്കെ കൂട്ടിയാല്‍ അമ്പത്താറിലും നില്‍ക്കില്ല. അക്ഷരങ്ങളുടെ ഈ അസ്ഥിരതകൂടി പരിഹരിക്കാന്‍ പറ്റാത്തവരാണല്ലോ മലയാളത്തിനു ക്ലാസിക്കല്‍ഭാഷാപദവി വേണമെന്നു പറഞ്ഞ് അലമുറയിടുന്നത് എന്നോര്‍ത്ത് സങ്കടം തോന്നി. സംഘകാല കൃതികളുടെ 30 ശതമാനം മലയാളിക്കും അവകാശപ്പെട്ടതാണത്രേ! തമിഴന്റെ തല്ലു വാങ്ങിക്കാനുള്ള പുറപ്പാടു തന്നെ! അതവിടെ നില്‍ക്കട്ടെ…
ഞാന്‍ പറഞ്ഞു:”അമ്പത്തൊന്ന്!” എന്നിട്ടവനെ ഒളിഞ്ഞൊന്നു നോക്കി. ആ മുഖത്ത് വല്ല ഭാവമാറ്റവും ഉണ്ടോ? മുഖം ചുളിച്ചവന്‍ വല്ലതും പറയാന്‍ തുടങ്ങുന്നുണ്ടോ? ആദിദ്രാവിഡന്റെ ഗംഭീരമാര്‍ന്ന ഭാഷാസ്നേഹശൗര്യത്താല്‍ ഈ അഭിനവദ്രാവിഡന്‍ എന്റെ പാഴ്‌വാക്കുകളെ തല്ലിത്തകര്‍ക്കുമോ! ഇല്ല!! അവന്റെ മുഖം അത്ഭുതം കൊണ്ടു വിടരുന്നു!
“ടേയ്!! നിജമാണ്‍ടാ!!”
“ഞാനെന്തിനു കള്ളം പറയണം? സത്യം – പരമസത്യം!” ഹാവൂ അപകടമൊന്നുമില്ല! ആശ്വാസം! എന്നാലും ഈ ഇത്തിരി സമയം കൊണ്ടെന്റെ മനസ്സെവിടെയൊക്കെ പോയി!!
ഇവനോടാരോ പറഞ്ഞത്രേ മലയാളത്തില്‍ 31 അക്ഷരങ്ങളാണുള്ളതെന്ന്. അതൊന്നു കണ്‍ഫേം ചെയ്യുക എന്നേ ഉണ്ടായിരുന്നുള്ളൂ ഗുണശേഖരന്. അമ്പത്തൊന്നെന്ന് കേട്ടപ്പോള്‍ അവന്റെ അത്ഭുതം വര്‍ദ്ധിച്ചതാതാണ്. അവന്‍ മലയാളത്തെ സ്തുതിച്ചു…
പിന്നെ അവിടെ നടന്നതൊരു കൊലപാതകമായിരുന്നു… കിട്ടിയ അവസരം വിടാതെ മലയാളത്തിന്റെ ഗുണഗണങ്ങള്‍ ഞാനവനു മുന്നില്‍ നിരത്തി. ഏതക്ഷരക്കൂട്ടങ്ങളേയും അനായാസം പറയുന്ന മലയാളിയുടെ മിടുക്കിനെ പൊലിമയോടെ വര്‍ണ്ണിച്ചു; ലോകത്തിന്റെ ഏതുകോണില്‍ പോയാലും തട്ടുകടവെച്ചിരിക്കുന്ന മലയാള മെയ്‌വഴക്കത്തെ പ്രകീര്‍ത്തിച്ചു. എല്ലാം കേട്ട് തമിഴന്‍ കണ്ണുമിഴിച്ച് വിഴുങ്ങസ്യാ എന്നു നിന്നു. എങ്കിലും എന്റെ മനസ്സില്‍ ആ ചോദ്യം ചോദ്യമായി തന്നെ അവശേഷിച്ചു…
“ടേയ് രാജേഷ്, ഉന്നുടെ മലയാളത്തിലേ മൊത്തം എവുളു എഴുത്തുക്കള്‍ ഇരുക്ക്ഡാ?”
—————- * —————- * —————-
അല്പം അക്ഷരവിചാരം
മലയാളത്തെ മറന്നവര്‍ക്കും മറന്നെന്നു നടിക്കുന്നവര്‍ക്കും ഒന്നോര്‍മ്മ പുതുക്കാന്‍ അക്ഷരമാലയെ ഇവിടെ എടുത്തെഴുതുന്നു. ഒഴിവാക്കേണ്ടതിനെ ഒഴിവാക്കുക. എടുക്കേണ്ടതിനെ എടുത്തുകൊള്ളുക. എനിക്കിഷടമല്ലാത്തവയെ ആണ് ചുവന്ന നിറത്തില്‍ കാണിച്ചിരിക്കുന്നത്.
സ്വരാക്ഷരങ്ങള്‍ – ഉച്ചരിക്കാന്‍ മറ്റു ശബ്ദങ്ങളുടെ സഹായമാവശ്യമില്ലാത്തവ
അ
ആ
ഇ
ഈ
ഉ
ഊ
ഋ
ൠ
ഌ
ൡ
എ
ഏ
ഐ
ഒ
ഓ
ഔ
അം
അഃ
മൊത്തം 19 എണ്ണം
വ്യഞ്ജനങ്ങള്‍ – സ്വരാക്ഷരങ്ങളുടെ സഹായത്തോടെ മാത്രം ഉച്ചരിക്കാന്‍ പറ്റുന്ന ശബ്ദങ്ങള്‍.
ഉദാഹരണം: ക = ക് + അ, ച = ച് + അ
ഖരം
അതിഖരം
മൃദു
ഘോഷം
അനുനാസികം
വര്‍ഗ്ഗം
ക
ഖ
ഗ
ഘ
ങ
കണ്ഠ്യം (കവര്‍ഗ്ഗം)
ച
ഛ
ജ
ഝ
ഞ
താലവ്യം (ചവര്‍ഗ്ഗം)
ട
ഠ
ഡ
ഢ
ണ
മൂര്‍ധന്യം (ടവര്‍ഗ്ഗം)
ത
ഥ
ദ
ധ
ന
ദന്ത്യം (തവര്‍ഗ്ഗം)
പ
ഫ
ബ
ഭ
മ
ഓഷ്ഠ്യം (പവര്‍ഗ്ഗം)
മൊത്തം 25 എണ്ണം
യ
ര
ല
വ
മധ്യമം അഥവാ അന്തസ്ഥങ്ങള്‍
നാലെണ്ണം
ശ
ഷ
സ
ഊഷ്മാക്കള്‍
മൂന്നെണ്ണം
ള
ഴ
റ
ദ്രാവിഡമധ്യമം
മൂന്നെണ്ണം
ഹ
ഘോഷി
ഒരെണ്ണം
ല്‍
ന്‍
ണ്‍
ര്‍
ള്‍
ചില്ലക്ഷരങ്ങള്‍
അഞ്ചെണ്ണം
ം
വിസര്‍ഗം
ഃ
അനുസ്വാരം
്
വിരാമം
ാ
ി
ീ
ു
ൂ
ൃ
െ
േ
ൈ
ൊ
ോ
ൌ
്
ൗ
ചിഹ്നങ്ങള്‍
ഇനിയൊന്ന് എണ്ണി നോക്കുക! അറുപതെണ്ണമായിരിക്കുന്നു. ഐ എന്ന അക്ഷരത്തിന്റെ ആവശ്യമില്ലാന്നും പറഞ്ഞ് ചിലര്‍ രംഗത്തു വന്നിരുന്നു. കാരണം, ‘ഐ’ എന്ന പ്രത്യേക ചിഹ്നമില്ലാതെതന്നെ ‘അയി’ എന്നെഴുതിയാല്‍ തീരാവുന്നതേ ഉള്ളൂ അതെന്നായിരുന്നു അവരുടെ വാദം. ‘ഫ’ എന്ന അക്ഷരത്തേയും രണ്ടുതരത്തില്‍ ഉച്ചാരിക്കുന്നുണ്ട് നമ്മള്‍. ആ രണ്ടാമത്തെ ഉച്ചാരണത്തിന് ഇനിയും അക്ഷരരൂപം കൈവന്നിട്ടില്ല. നകാരത്തിന്റെ രണ്ടാം ഉച്ചാരണത്തിനേയും ഇവിടെ പരിഗണിച്ചിട്ടില്ല; ഇനിയും അക്ഷരങ്ങള്‍, അങ്ങനെ നോക്കുമ്പോള്‍ കൂടേണ്ടിയിരിക്കുന്നു. മുകളിലെ ചുവന്ന അക്ഷരങ്ങളെ സംരക്ഷിക്കേണ്ടതുണ്ടെന്നു ചിലര്‍ പറയുന്നു. അത്തരം അക്ഷരങ്ങള്‍ ഉള്ള പുസ്തകങ്ങളേ പറ്റി പറയേണ്ടിവരുമ്പോള്‍ അതല്ലെങ്കില്‍ അവ മറ്റൊരു മാധ്യമത്തിലേക്കു പകര്‍ത്തി എഴുതുമ്പോള്‍ ഇത്തരം അക്ഷരങ്ങള്‍ ഇല്ലാതെ പറ്റില്ലല്ലോ. വേറെന്തക്ഷരം വെച്ചു മാറ്റിയാലും അതാവില്ലല്ലോ.