ഓണവും കെ. എസ്. ആർ. ടി. സി. സർവ്വീസും തമ്മിൽ പ്രത്യേകിച്ച് ചേർച്ചയൊന്നുമില്ലെങ്കിലും ഇന്നലെ ഓണദിനത്തിൽ നടന്ന സംഭവങ്ങൾ ഒത്തു വെച്ചപ്പോൾ അങ്ങനെ എഴുതാമെന്നായി! ഓണക്കാലത്ത് വീട്ടിലെത്തിയ നവാഥിതിയാണ് ആത്മിക – മഞ്ജുവിന്റേയും എന്റേയും മകൾ! അവളുടെ ഓണാഘോഷം അടുത്ത വർഷം ഭംഗിയാക്കാമെന്ന തീരുമാനപ്രകാരം പ്രത്യേകിച്ച് രുചിഭേദങ്ങളൊന്നുമില്ലാതെ പോകുമായിരുന്ന ഒരു ഓണക്കാലമായിരുന്നു ഇത്. ഓണത്തിനു മഞ്ജു എന്നെ അവളുടെ വീട്ടിലേക്ക് ക്ഷണിച്ചു. അതുകൊണ്ട്, ഒരുവിധം ഗംഭീരമായിരുന്നു ഇപ്രാവശ്യവും ഓണസദ്യ. വൈകുന്നേരം ബാംഗ്ലൂരിലേക്ക് നിലേശ്വരത്തു നിന്നും നേരിട്ടു വരാം എന്ന ധാരണയിൽ എല്ലാം പാക്ക് ചെയ്തുവെച്ച് ബാഗും കൊണ്ടാണു ഞാൻ അങ്ങോട്ടു പോയത്. ഓണദിനത്തിലും തുടർന്നുള്ള 4 ദിവസത്തേക്ക് അടുപ്പിച്ചും കാഞ്ഞങ്ങാട് സഫർ ട്രാവൽസിൽ ടിക്കറ്റ് ലഭ്യമല്ല. കാസർഗോഡ് അന്വേഷിച്ചപ്പോൾ അവിടേയും ലഭ്യമല്ല. കണ്ണൂരാണെങ്കിൽ തീവിലയാണ്, ഏകദേശം 1000 രൂപയോളം – ഇരട്ടിവില! അങ്ങനെ കൊള്ളവിലയ്ക്ക് ടീക്കറ്റ് വാങ്ങിച്ചു പോവാൻ തയ്യാറല്ലതാനും.
മംഗലാപുരത്തു വന്നാൽ വിവിധതരത്തിലുള്ള കർണാടക ആർ. ടി. സി. ബസ്സുകൾ ഉണ്ട്. ഓരോ അഞ്ചുമിനിറ്റു വെച്ചും അവരുടെ സർവീസും ഉണ്ട്. കാഞ്ഞങ്ങാട്, കാസർഗോഡ്, മംഗലാപുരം എന്നിങ്ങനെ ബസ്സുമാറിക്കേറണം എന്നൊരു ബുദ്ധിമുട്ടുമാത്രം! അതുകൊണ്ടുതന്നെ ഉത്സവസീസണുകളിലെ ടിക്കറ്റിനെ പറ്റി ഞാനങ്ങനെ വേവലാതി കൊള്ളാറില്ലായിരുന്നു. മാത്രമല്ല, പോരേണ്ട ദിവസം സഫറിലേക്കോ മറ്റോ വിളിച്ചാൽ ചിലപ്പോൾ ആരെങ്കിലും യാത്ര ക്യാൻസൽ ചെയ്തിരിക്കുന്നതായും അറിയാനാവും! അങ്ങനെ ഇടയ്ക്കൊക്കെ ആ ടിക്കറ്റ് ലഭിക്കാറുണ്ട്. ഇപ്രാവശ്യം സഫറിൽ നിന്നും ആരും ടിക്കറ്റ് ക്യാൻസൽ ചെയ്തിരുന്നില്ല. മംഗലാപുരം പോകാൻ തന്നെ നിശ്ചയിച്ചാണ് മഞ്ജുവിന്റെ വീട്ടിലേക്ക് ഇറങ്ങിത്തിരിച്ചത്.
ആദ്യസംഭവം
രാവിലെ എട്ടുമണിയോടെ കാഞ്ഞങ്ങാട് എത്തി. പ്രൈവറ്റു ബസ്സുകൾ ഒന്നും തന്നെയില്ല. ഓണമായതിനാൽ എല്ലാവരും അവധിയായിരുന്നു. ബസ്റ്റാന്റിനകം കാലി! ചില ടൗൺ ടു ടൗൺ കെ. എസ്. ആർ. ടി. സികൾ മാത്രം വന്നു പോവുന്നു. നിലേശ്വരം കാർഷിക കോളേജ് സ്റ്റോപ്പിലാണ് എനിക്കിറങ്ങേണ്ടത്; ഇവന്മാരൊന്നും അവിടെ നിർത്തില്ല; കാഞ്ഞങ്ങാട് വിട്ടാൽ നിലേശ്വരത്തേ നിർത്തുകയുള്ളൂ. കാർഷിക കോളേജ് സ്റ്റോപ്പിൽ നിന്നും ഏകദേശം മൂന്നു കിലോമീറ്ററോളം അകലെയാണു നിലേശ്വരം ബസ്റ്റാന്റ്. മുക്കാൽ മണിക്കൂറോളം നിന്നിട്ടും ലോക്കൽ പ്രൈവറ്റ് ബസ്സുകളൊന്നും വന്നില്ല. ഇടയ്ക്ക് ചില ലിമിറ്റഡ് സ്റ്റോപ്പ് KSRTC ബസ്സുകളും വന്നുപോയി. ഡ്രൈവറോടും കണ്ടക്റ്ററോടും താണുകേണപേക്ഷിച്ചിട്ട് ബസ്സ് എനിക്കിറങ്ങേണ്ട സ്റ്റോപ്പിൽ നിർത്തിക്കാം എന്ന ധാരണയിൽ ഒരു തുക്കടാ KSRTC ബസ്സിൽ കയറി. ലിമിറ്റഡ് സ്റ്റോപ്പാണ്! അധികം യാത്രക്കാരൊന്നുമില്ല. വെളിച്ചപ്പാടിനെ പോലെ ബസ്സ് ചറപറ വിറച്ചുകൊണ്ടാണ്ട് പോയത്!! അത്രയ്ക്ക് പഴകിയ ബസ്സ്! പക്ഷേ, കണ്ടക്റ്റർ ഒരു ന്യൂജനറേഷൻ പി.എസ്.സി. കുട്ടൻ തന്നെയായിരുന്നു. ഞാൻ കാർഷികകോളേജ് സ്റ്റോപ്പ് പറഞ്ഞപ്പോൾ പുള്ളിപറഞ്ഞു ഇത് ലിമിറ്റഡ് സ്റ്റോപ്പാണെന്ന് അറിയില്ലേ, പടന്നക്കാട് കൊളേജ് സ്റ്റോപ്പിൽ ഇറങ്ങിക്കോളൂ എന്ന്! തർക്കുത്തരം ഒന്നും പറഞ്ഞില്ല, ഞാൻ പറഞ്ഞു അവിടെ ഒന്നു നിർത്തിതന്നാൽ ഉപകാരമാവുമായിരുന്നു. ടിക്കറ്റ് ചാർജിൽ കുറവൊന്നുമില്ല, നാലുകിലോമീറ്റർ അപ്പുറത്തുള്ള നിലേശ്വരത്തേക്കുള്ള ടീക്കറ്റ് ചാർജ് തന്നെയാണ് കൊളേജ് സ്റ്റോപ്പിനും!! രണ്ട് സാമാന്യം വലിയ ബാഗുണ്ട്, ലാപ്പുണ്ട്. ഒക്കെയും കൊണ്ട് പാതിവഴിയിൽ ഇറങ്ങേണ്ട ഗതികേട് മനസ്സിലൂടെ ഒന്നുമിന്നി! പടന്നക്കാട് കൊളേജ് സ്റ്റോപ്പ് പിന്നേയും മുക്കാൽ കിലോമീറ്ററോളം ഇപ്പുറത്താണ്. ഓണമായതിനാൽ മറ്റു ബസ്സൊന്നുമില്ലാത്തതിനാൽ കയറിയതാണ് എന്നൊക്കെ ഞാൻ പറഞ്ഞെങ്കിലും മൂപ്പർ ഗഹനഗംഭീരമായ മൗനം അവലംബിച്ച് അടുത്തയാൾക്ക് ടിക്കറ്റ് മുറിച്ചുകൊടുത്തു! പടന്നക്കാട് റെയിൽവേ ഗേറ്റ് കഴിഞ്ഞപ്പോൾ ഞാൻ വളരേ ദയനീയത ഭാവിച്ച് കണ്ടക്റ്റർ സാറിനെ നോക്കി – ചുണ്ടിന്റെ ഏതോ കോണിൽ ഒരു പുച്ഛം ഒളിപ്പിച്ച് വെച്ച് അയാൾ നോട്ടത്തെ തട്ടിത്തെറിപ്പിച്ചുകളഞ്ഞു! കൊളേജ് സ്റ്റോപ്പിലയാൾ ബല്ലടിച്ചു! ആകെയുള്ള പതിനെട്ടുപേരിൽ ഞാൻ മാത്രമാണവിടെ ഇറങ്ങേണ്ടത്! ഞാൻ കണ്ടക്റ്റർ സാറിന്റെ അടുത്തേക്ക് മാറി മെല്ലെ പറഞ്ഞു എന്നെ ഇറക്കിവിടാൻ വേണ്ടി മാത്രമാണല്ലേ ഈ നിർത്തൽ! അയാൾ അത് കേട്ടതായി ഭാവിച്ചില്ല! ബസ്സ് എന്നെ അവിടെ ഇറക്കി വിട്ടുപോയി!
ഒരു ഓട്ടോ പോലും ഇല്ല. കുറേ സമയം അവിടെ നിന്നു. മഴ എന്തോ ഭാഗ്യത്തിനു തൽക്കാലം തോർന്നിരിക്കുന്നു. ഞാൻ രണ്ടു ബാഗും തോളിൽ ലാപ്പുമായി കാർഷികകോളേജ് സ്റ്റോപ്പ് ലക്ഷ്യമാക്കി നടന്നു! അല്പമായ ആ തണുപ്പിലും ഞാൻ വിയർത്തുപോയി. ലിമിറ്റഡ് സ്റ്റോപ്പ് സംവിധാനം നടപ്പിലാക്കിയ ആ കാഞ്ഞ ബുദ്ധിയെ മനസ്സാ പ്രാകി! എന്റെ വാക്കുകൾക്ക് പുല്ലുവിലപോലും നൽകാതിരുന്ന; എന്റെ ചോദ്യങ്ങൾക്കൊന്നും മറുപടിപോലും പറയാതിരുന്ന ആ ന്യൂജനറേഷൻ ജാഡ അധികനാൾ കഴിയും മുമ്പേ പൊലിയണേ എന്നാഗ്രഹിച്ചുകൊണ്ടു നടത്തത്തിനാക്കം കൂട്ടിക്കൊടുത്തു!
സംഭവം രണ്ട്
നിലവിളികൾ
ആദായകരമല്ലാത്തതിനാൽ ആനവണ്ടികളിൽ പലതും കട്ടപ്പുറത്ത് കേറിത്തുടങ്ങി! ഉള്ള സർവ്വീസുകൾ തന്നെ പിടിച്ചു നിൽക്കാൻ കെൽപ്പില്ലാതെ തകർച്ചയുടെ വക്കിലും. ജീവനക്കാരൊക്കെ അവരവരുടെ സംഘടനകളുടെ പോസ്റ്റൊറൊട്ടിച്ചും ബാനറൊട്ടിച്ചും നടക്കുന്നു!! ഒരിക്കൽ ബസ്സിലെ കയറിയവനെ പിന്നീടൊരിക്കലും അതിലേക്ക് കയറ്റാത്തവിധം ചില ജീവനക്കാർ ജനങ്ങളെ നന്നായി വെറുപ്പിക്കുന്നുമുണ്ട്! കെ.എസ്.ആർ.ടി.സി പൂട്ടിപ്പോയാൽ ചില സ്ഥലങ്ങളിലേക്കുള്ള ഗതാഗതസംവിധാനം തന്നെ പാടേ നിലച്ചുപോവും! നിലവിളികൾ ആരു കേൾക്കാൻ!!
നാലുമണിയോടെ മഞ്ജുവിന്റെ വീട്ടിൽ നിന്നും ഇറങ്ങി. രാവിലെ നടന്ന സംഭവം പറഞ്ഞപ്പോൾ മഞ്ജുവിന്റെ അച്ഛൻ തന്നെ ഓട്ടോ പിടിച്ചുതരാം എന്നുപറഞ്ഞ് കൂടെ വന്നു. ഒരു കൂട്ടം ആൾക്കാർ ഓണം പകുതി ആഘോഷിച്ച് അതിന്റെ പൂർണതയ്ക്ക് വേണ്ടി നളന്ദ റിസോർട്ടിലേക്ക് കള്ളടിക്കാൻ പോവുന്ന റിക്ഷയിൽ എന്നെയും തിരുകി കയറ്റി. അതിൽ ഡ്രൈവർ ഒഴികെ ബാക്കിയെല്ലാവരും പകുതി ഓഫിലാണ്. എന്റെ ബാഗൊക്കെ അവർ കൈയ്യിൽ വെച്ചു, എന്നെ ഒരാൾ മടിയിലിരുത്തി. നാട്ടിലേക്ക് വിരുന്നെത്തിയ ഒരാളല്ലേ കാശു ചോദിക്കുന്നത് ശരിയല്ലെന്നും പറഞ്ഞ് ഓട്ടോചാർജൊന്നും അണ്ണമാർ കൊടുക്കാൻ സമ്മതിച്ചില്ല. വെള്ളമടീയുടെ തത്ത്വശാസ്ത്രത്തെക്കുറിച്ച് കാൽമണിക്കൂർ നേരം സഹിച്ചുകൊടുക്കേണ്ടി വന്നു – എന്നാലും ആ യാത്ര രസമായിരുന്നു!
നിലേശ്വരം മാർക്കറ്റിൽ നിന്നും കാസർഗോഡേക്കു പോകുന്ന ഒരു KSRTC യിൽ കയറി. ഹൈവേ വഴി പോകുന്ന ബസ്സ്. കണ്ടക്റ്റർ ഒരു വയസ്സൻ മൂപ്പരായിരുന്നു. പുള്ളിക്കാരന്റെ സീറ്റു ഞാനും ഷെയർ ചെയ്തു. മാറിയിരിക്കണോ എന്നു ചോദിച്ചപ്പോൾ വേണ്ട, എനിക്കു പകുതിമതീപ്പാ എന്ന് അല്പം രസത്തോടെ തന്നെ അദ്ദേഹം മറുപടി പറഞ്ഞു. കാഞ്ഞങ്ങാട് എത്തിയപ്പോൾ നല്ല തെരക്കായി ബസ്സിൽ. ബസ്സില്ലാത്തതിനാൽ കാസർഗോഡേക്ക് നിരവധി ആളുകൾ ഉണ്ടായിരുന്നു കയറാൻ. മാവുങ്കാൽ ബസ്സ് നിർത്തിയില്ല; അവിടേയും നിരവധിയാളുകൾ നിൽപ്പുണ്ടായിരുന്നു. മിക്കവരും ദീർഘദൂരയാത്രക്കാർ തന്നെ – ചിലപ്പോൾ എന്നെപോലെ മംഗലാപുരത്തേക്കോ മറ്റോ പോകേണ്ടവർ. ബാഗും വലിച്ച് ബസ്സ് തൊട്ടപ്പുറം നിർത്തുമായിരിക്കും എന്നു കരുതി പുറകേ ഓടി വന്നു ചിലർ. സങ്കടം തോന്നി, രാവിലത്തെ KSRTC അനുഭവം ഓർത്തു. പൊയിനാച്ചിയിൽ നിന്നും കയറിയ ഒരാൾ പറഞ്ഞു ഒരുമണിക്കൂറായത്രേ ബസ്സൊന്നും ഇല്ലാതെ ആ സ്റ്റോപ്പിൽ നിൽക്കുന്നു!
ബസ്സ് കാസർഗോഡ് വിദ്യാനഗർ എത്താറാവുമ്പോൾ ഒരു കശപിശ കേട്ടുതുടങ്ങി. ഒരു യാത്രക്കാരൻ കണ്ടക്റ്ററോട് ചൂടാവുന്നു. അയാൾക്കവിടെ ഒരു സ്റ്റോപ്പിൽ ഇറങ്ങണം; പറ്റില്ല ലിമിറ്റഡാണ് എന്ന് കണ്ടക്റ്റർ. പകരം സർക്കാറിനേയും, KSRTC യേയും ഒക്കെ തെറിവിളിക്കുകയാണു യാത്രക്കാരൻ! ആ പാവം കണ്ടക്റ്റർ മറുത്തൊരക്ഷരം മിണ്ടാതെ വന്ന് എന്റെ അടുത്തിരുന്നു. വിദ്യാനഗർ ബസ്സുനിർത്തിയപ്പോൾ യാത്രക്കാരൻ ബസ്സിന്റെ ലോക്ക് കാലുകൊണ്ട് തൊഴിച്ച് തുറന്നു. ശക്തിയാൽ ഡോർ തുറന്നപ്പോൾ സൈഡിൽ പിടിച്ചിരുന്ന എന്റെ കൈവിരൽ അല്പം മുറിഞ്ഞു! ചോര വരാൻ തുടങ്ങി! ഞാൻ ചാടി എണീറ്റ് അയാളോട് അവിടെ നിൽക്കാൻ പറഞ്ഞു! അയാൾ ഒന്നു തിരിഞ്ഞു നോക്കി നടന്നു.
കണ്ടക്റ്റർ പിറുപിറുക്കുന്നു, അവൻ ചവിട്ടിയത് അവന്റെ അമ്മയുടെ നെഞ്ചത്താണെന്നു കരുതിയാൽ മതി. പണ്ടൊക്കെ വല്ലാതെ പ്രതികരിക്കുമായിരുന്നു, ആർക്ക് വേണ്ടി!, ഇപ്പോൾ ഒന്നിനും നിൽക്കാറില്ല, പറയുന്നോൻ പറഞ്ഞിട്ട് പോകട്ടെന്നു വെയ്ക്കും; ഉടനേ തന്നെ എല്ലാം നിൽക്കും! ആ തരത്തിലാ ഗവണ്മെന്റിന്റെ പോക്ക്!! അപ്പുറത്ത് നിർത്തികൊടുക്കാത്തതിന്റെ ദേഷ്യമാണവൻ കാണിച്ചത്! ആ പാവം വൃദ്ധന്റെ പരിവേദനങ്ങൾ!! കണ്ടക്റ്റർ പിന്നീട് ചില കുശലാന്വേഷണങ്ങൾ നടത്തി. കണ്ണൂരിലുള്ള ksrtc യിൽ ബാംഗ്ലൂർ ടീക്കറ്റ് ഇല്ലെന്നും ചാർട്ട് ഷീറ്റ് അയാൾ കണ്ടിരുന്നെന്നും പറഞ്ഞു, രണ്ടു ദിവസത്തേക്ക് ഫുൾ ആണത്രേ! എന്തായാലും കാസർഗോഡ് സ്റ്റാൻഡീൽ ഒന്നു ചോദിച്ചിട്ട് മംഗലാപുരം പോയാൽ മതിയെന്നായി അദ്ദേഹം. അപ്പോഴേക്കും അനിയത്തിയുടെ കോൾ വന്നു. കാസർഗോഡെത്തി.
അടുത്ത സംഭവം
ബാംഗ്ലൂർ റിസർവേഷൻ കൗണ്ടറിനുമുന്നിൽ വലിയ വട്ടത്തിൽ ഒരു പൂക്കണം തീർത്ത് അതിനു ചുറ്റും വേലി കെട്ടിവെച്ചിരിക്കുന്നു! കൗണ്ടറിൽ ആരും ഇരിക്കുന്നില്ല! എങ്കിലും ഉള്ളിൽ ആരൊക്കെയോ അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നതു കാണാമായിരുന്നു. കൗണ്ടറിലേക്ക് കടക്കാൻ യാതൊരു രക്ഷയുമില്ല!! ബാഗൊക്കെ തൂക്കിപിടിച്ച് അപ്പുറത്തു കാണുന്ന ഒരു വാതിൽ ലക്ഷ്യമാക്കി നടന്നു. എവിടെയെങ്കിലും വെച്ചിട്ടുപോകാൻ ധൈര്യമില്ല! ഒന്നു കുനിഞ്ഞു നിന്നാൽ സാമാനം അടിച്ചെടുത്ത് സ്ഥലം വിടുന്ന ആൾക്കാരുള്ള സ്ഥലം കൂടിയാണു ബസ്റ്റാന്റു പരിസരം – മുമ്പൊരു അനുഭവം ഉണ്ട്! ഉള്ളിൽ കയറി ആദ്യം കണ്ടയാളോട് ഞാൻ ബാംഗ്ലൂർ ബസ്സിൽ ടീക്കറ്റുണ്ടോ എന്നു ചോദിച്ചു! അയാൾ റിസർവേഷൻ കൗണ്ടർ കാണിച്ചുതന്നിട്ട് അവിടെ പോയി ചോദിക്കാൻ പറഞ്ഞിട്ട് നടന്നു. ഞാൻ അവിടെ തന്നെ നിന്നു. ഉടനേ അയാൾ തിരിച്ചു വന്നിട്ട് ഒരു ബോർഡ് എന്നെ കാണിച്ചു തന്നു. “അന്യർക്ക് പ്രവേശനമില്ല!” മംഗലാപുരം ബസ്സുതന്നെ ശരണം എന്നു കരുതി പുറത്തിറങ്ങുമ്പോൾ ഒരാൾ വന്നു പറഞ്ഞു, കമ്പ്ലീറ്റ് സീറ്റും ഫ്രീയാണ്, ബുക്ക് ചെയ്യുകയൊന്നും വേണ്ട, 8 മണിക്ക് ബസ്സുവരും, നേരിട്ട് ടിക്കറ്റ് എടുത്താൽ മതി-എന്ന്! അത്ര വിശ്വസിനീയമാവാതെ ഞാൻ അയാളെ നോക്കി. വെറുതേ റിസർവ് ചെയ്തിട്ട് 30 രൂപ കളയേണ്ട, അയാൾ ബസ്സ് നിൽക്കുന്നിടം കാണിച്ചു തന്നു, ബസ്സിപ്പോൾ അവിടെ എത്തും പോയി കയറിയിരുന്നോ എന്നു പറഞ്ഞു! ഞാൻ ബാഗുകളും വലിച്ച് ആ സ്ഥലത്ത് എത്തുമ്പോഴേക്കും ബസ്സും എത്തി!
അല്പം കഴിഞ്ഞപ്പോൾ കണ്ടക്റ്റർ ചാർട്ടുമായി വന്നു. 11 പേർ ബുക്ക് ചെയ്തിട്ടുണ്ടത്രേ!!. മിക്കവരും രണ്ട് സീറ്റുമാത്രമുള്ള വരിയിലെ വിൻഡോസീറ്റാണത്രേ ബുക്ക് ചെയ്തത് – ബാക്കിയെല്ലാം ഫ്രീ!!. ബുക്ക് ചെയ്യാതെ വന്നവരോട് അങ്ങോട്ട് മാറിയിരിക്കാൻ പറഞ്ഞു. ഞാൻ മൂന്നുസീറ്റു വീതമുള്ള വരിയിൽ വിൻഡോസൈഡിലായി എട്ടാം നമ്പർ സീറ്റിൽ ഇരുന്നു. എട്ടുമണിയാവാറായപ്പോൾ കണ്ടക്റ്റർ പറഞ്ഞു ബുക്ക് ചെയ്ത മൂന്നു പെൺകുട്ടികൾ വരുന്നുണ്ട്, ഒരഞ്ചുമിനിറ്റ് കാത്തിരിക്കേണ്ടി വരും എന്ന്. ആറുമണിമുതൽ 8 മണിവരെ രണ്ടുമണിക്കൂർ ആ ബസ്സിലിരുന്നു മുഷിഞ്ഞത്രയില്ലല്ലോ 5 മിനിറ്റ്! പിന്നെ വരുന്നത് മൂന്നു പെൺകുട്ടികളാണെന്ന് കേട്ടപ്പോൾ ആരായിരിക്കും എന്നു കാണാനുള്ള ഒരാകാംഷയും മനസ്സിൽ നിറഞ്ഞു. എന്റെ മുന്നിൽ ഒരു നിര സീറ്റുള്ള ലേഡീസ് റിസർവേഷൻ ആണ്! അപ്പോൾ അതാവും അവർ ബുക്ക് ചെയ്തിരിക്കുക! ഇങ്ങനെ ഓരോന്ന് ചിന്തിച്ചിരുന്നു. ഇടയ്ക്ക് കണ്ടക്റ്റർ ആ കുട്ടികളെ മൊബൈലിൽ വിളിച്ച് എവിടെ എത്തിയെന്നു ചോദിക്കുന്നതു കേട്ടു! അവർ എത്തിയിട്ടില്ല. 8:20 ആയി. എന്നെ കൂടാതെ 12 ഓളം പേരുണ്ടിപ്പോൾ ബസ്സിൽ! പിന്നെ കണ്ടക്റ്റർ വന്നു പറയുന്നതു കേട്ടു, നമുക്കു പോകാം! അവർ ടിക്കറ്റ് ക്യാൻസൽ ചെയ്യട്ടെ, അവർ കാഞ്ഞങ്ങാടു നിന്നും ഇപ്പോൾ വിട്ടതേ ഉള്ളൂ! ഇനിയും ഒന്നരമണിക്കൂറോളം കാത്തിരുന്നാലേ ഇവിടെ എത്തിച്ചേരൂ! അടച്ചുകെട്ടിപെയ്യുന്ന ആ മഴയത്ത് ബസ്സ് മെല്ലെ വിട്ടു. ഞാൻ ആ വലിയ സീറ്റിൽ മൂടിപ്പുതച്ച് സുഖമായി കിടന്നുറങ്ങി!