നാലു പതിറ്റാണ്ടുകാലം പ്രമുഖ ദ്രാവിഡഭാഷകളായ മലയാളം, തമിഴ്, കന്നഡ, തെലുങ്ക് ഭാഷകളോടൊപ്പം ഏകാകിയായി നടന്നൊരു മനുഷ്യനുണ്ട് ഇങ്ങു തലശ്ശേരിയിൽ. 85 വയസു കഴിഞ്ഞിരിക്കുന്ന ഞാറ്റ്യേല ശ്രീധരൻ എന്ന വ്യക്തിയാണിത്. അകമഴിഞ്ഞ ഭാഷാപ്രണയം കൊണ്ട്, തൻ്റെ ജീവിതവീഥിയിലൂടെ കൂടെ നടക്കാൻ ഇദ്ദേഹം ഭാഷകളേയും കൂട്ടുപിടിച്ചെന്നു പറയാം. അക്കാദമിക്ക് തലത്തിൽ മുൻപന്തിയിലായിരുന്നെങ്കിൽ ഇന്നേറെ പ്രസിദ്ധമായേനെ ഒരുപക്ഷേ ഇദ്ദേഹത്തിൻ്റെ പ്രയത്നം. പഴയ നാലാം ക്ലാസ് ജീവിതമേ സ്കൂൾ ജീവിതമായി ഇദ്ദേഹത്തിനുള്ളൂ. പിന്നീടു തുല്യതാപരീക്ഷയിലൂടെ 7 ക്ലാസ് സർട്ടിഫിക്കേഷനും നേടുകയുണ്ടായി. നാലു ദ്രാവിഡഭാഷകളെ നന്നായി പഠിച്ച്, ഇവയ്ക്കൊക്കെയും പര്യാപ്തമായ ചതുർഭാഷാ നിഘണ്ടു സൃഷ്ടിക്കാൻ ഇദ്ദേഹത്തിനു കഴിഞ്ഞു.
അമ്മ കൂലിപ്പണിയെടുത്തായിരുന്നു ഇദ്ദേഹത്തെ വളർത്തിയത്. നാലാം ക്ലാസിൽ തോറ്റുപോയ ശ്രീ ശ്രീധരൻ, നേരെ ബീഡിപ്പണിയെടുക്കാനായി പോയി. കൂടെ ബാലസംഘം പോലുള്ള സംഘടനകളിലൂടെ സാക്ഷരതാ മിഷനിലും മറ്റും പങ്കെടുത്ത് സംഘടനാതലത്തിൽ ജനസമ്മതനായി തീർന്നു. അന്ന് അക്ഷരം പഠിക്കാനായി വന്നു ചേർന്നവരിൽ വിവിധ പണികൾക്കായി എത്തിയിരുന്ന തമിഴ്, കന്നഡികരും ഉണ്ടായിരുന്നു. പാലക്കാടൻ ഉൾഗ്രാമങ്ങളിലൂടെ നടന്ന് ഇദ്ദേഹമന്ന് അക്ഷരം പഠിപ്പിച്ചു, ഒരുപക്ഷേ, ഇദ്ദേഹത്തിൽ അക്ഷരസ്നേഹം ഉടലെടുത്തത് അങ്ങനെയാവും. തന്നേക്കാൾമുതിർന്നവർടെ ടീച്ചറായീന്നിദ്ദേഹമ്മാറി. വിവിധ ഭാഷക്കാരായിരുന്നു അന്നവിടെ ഉണ്ടായിരുന്നത്, അവരിലൂടെ ദ്രാവിഡഭാഷകളെ കുറിച്ച് പഠിക്കാനുള്ള പ്രതലം സൃഷിട്ടിച്ചത് ഈ കാലംതന്നെയായിരുന്നു. ബീഡിപ്പണിയെടുക്കുമ്പോൾ തന്നെ ധാരാളം പുസ്തകങ്ങൾ വായിക്കുന്ന ശീലവും ഉണ്ടായതും വിശാലമായ ഭാഷാലോകത്തേക്കുള്ള പടിവാതിലായി മാറി. എ.ആർ. രാജരാജവർമ്മയുടെ കേരളപാണിനീയം അടക്കം വിവിധ പുസ്തകങ്ങൾ ശ്രീധരേട്ടനന്നേ ഹൃദിസ്ഥമാക്കി. പ്രമുഖ വ്യാകരണപണ്ഡിതൻ, കോഴിക്കോടുകാരനായിരുന്ന മാധവ ശേഷഗിരി പ്രഭുവിൻ്റെ പുസ്തകങ്ങൾ അടക്കം ശേഖരിച്ചു പഠിച്ചെടുക്കാൻ അന്ന് അദ്ദേഹത്തിനും സാധിച്ചു.
സമകാലിക പ്രസിദ്ധീകരണങ്ങളിലും മറ്റുമെഴുതുന്ന ശീലവും അന്നുണ്ടായിരുന്നു. റേഡിയോ ആയിരുന്നല്ലോ അന്നത്തെ പ്രധാനപ്പെട്ട മാധ്യമം. കമ്മ്യൂണിസ്റ്റുകൾ, മാർക്സിസ്റ്റുകൾ എന്നരീതിയിൽ റേഡിയോയിൽ പ്രേക്ഷണം ചെയ്യുന്നതു ശ്രദ്ധയിൽ പെട്ടപ്പോൾ എന്തുകൊണ്ടാണ് കൾ പ്രത്യയം മലയാളം വാക്കുകൾ അല്ലാത്ത മാർക്സിസ്റ്റ്, കമ്മ്യൂണിസ്റ്റ് പദങ്ങളോടു ചേർക്കുന്നു എന്നു ചോദിച്ച് എഴുത്തെഴുതി. സ്ത്രീകൾ, തൊഴിലാളികൾ, ഗുരുക്കൾ, മരങ്ങൾ, വീടുകൾ, നിങ്ങൾ, താങ്കൾ, നമ്മൾ, ഞങ്ങൾ, പെങ്ങൾ തുടങ്ങി കൾ പ്രത്യയം എവിടെയൊക്കെ എങ്ങനെയൊക്കെ ഉപയോഗിക്കാം എന്നും വിശദീകരിച്ച് എഴുത്തുകൾ എഴുതി. അവരത് ഒഴിവാക്കിയപ്പോൾ ഇദ്ദേഹം ഇതൊക്കെ സമകാലികങ്ങളിൽ പ്രസിദ്ധീകരിച്ചു.
അന്നു ബീഡിക്കമ്പനിയിൽ സുള്ള്യ സ്വദേശിയായ ഗോവിന്ദ് നായ്ക്കുണ്ടായിരുന്നു. അദ്ദേഹത്തിൻ്റെ സഹായത്തോടെ ആയിരുന്നു കന്നഡഭാഷാപഠനത്തിൻ്റെ തുടക്കം. കന്നഡ എഴുത്തുകാരൻ ശ്രീ നിരഞ്ജൻ്റെ പുസ്തകങ്ങൾ പരിഭാഷ പെടുത്തുന്ന കാസർഗോഡുള്ള സി രാഘവൻ എന്ന വ്യക്തിയെ ആ വഴിയിലൂടെ പരിചയപ്പെടാൻ ഇടവന്നു. രാവിലെ ട്രൈൻ വഴി കാസർഗോഡുള്ള അദ്ദേഹത്തിൻ്റെ വീട്ടിൽ എത്തി കന്നഡ പഠനം നടത്തുകയായിരുന്നു അന്നു പതിവ്. പക്ഷേ, സംസാരിക്കാനും വായിക്കാനും അതുപോരെന്നു മനസ്സിലാക്കിയ ഇദ്ദേഹം, മൈസൂരിലും മാംഗ്ലൂരിലും താമസിച്ചുകൊണ്ടുതന്നെ ഈ കഴിവുകൾ വശപ്പെടുത്തിയെടുത്തു.
കരിമ്പത്ത് കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ ആന്ധ്രക്കാരനായ ഒരാൾ ഉണ്ടെന്നറിഞ്ഞ ഇദ്ദേഹം, എന്നാൽ പിന്നെ തെലുങ്കും കൂടി പഠിച്ചേക്കാം എന്ന ബോധത്തോടെ അദ്ദേഹത്തെ സമീപിച്ചു. ഈശ്വരപ്രസാദ റാവുവിനന്നു ചെറിയപ്രായമേ ഉണ്ടായിരുന്നുള്ളു, വിവാഹിതനായിരുന്നു. അദ്ദേഹവും അയാളുടെ ഭാര്യ സീതമ്മയും കൂടിയാണ് തെലുങ്കു പഠനത്തിൽ അടിത്തറയിട്ടത്. തുടർന്ന് വെല്ലൂരിൽ പലവട്ടം പോയി മാസങ്ങളോളം താമസിച്ചു പഠിച്ച് സംസാരിക്കാനുള്ള കഴിവും നേടിയെടുത്തു. തിരികെ വീട്ടിലേക്കു വരുമ്പോൾ, അന്നവിടെ ഇറങ്ങിയിരുന്ന ദിനപത്രങ്ങളുടേയും മഗസിനുകളുടേയും ഓരോ വലിയ കെട്ടുകൾ കരുതുമായിരുന്നു. പിന്നീട്, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിൽ ഇറങ്ങുന്ന പ്രസിദ്ധീകരണങ്ങളും പത്രങ്ങളും സ്ഥിരമായി വായിച്ചു തുടങ്ങിയതിലൂടെ ഭഷാപ്രതലം ശുദ്ധവും വ്യക്തവും ആയി ഇദ്ദേഹത്തിൽ ഉറച്ചുകഴിഞ്ഞിരുന്നു.
സാമ്പത്തികവും മാനസ്സികവുമായ ഒട്ടേറെ സമ്മർദ്ദങ്ങൾക്കൊടുവിലാണ് ഇദ്ദേഹം ഈ ചതുർഭാഷാ നിഘണ്ടു റെഡിയാക്കിയെടുത്തത്. പരിചയക്കാരധികവും ഇദ്ദേഹത്തെ പിന്തിരിപ്പിക്കാൻ ശ്രമിച്ചിട്ടും അടങ്ങാത്ത മോഹത്തോടു കൂടി അദ്ദേഹം ആ പാതയിലൂടെ ചരിച്ചു. പരിചിതരായ മാധ്യമപ്രവർത്തകരുടെ പ്രോത്സാഹനം ഇദ്ദേഹത്തെ കർമ്മനിരതനാക്കി നിർത്തുന്നതിൽ ഒരു ഘടകമായിരുന്നു.
നിഘണ്ടു റെഡിയായെങ്കിലും അതു പ്രസിദ്ധീകരിച്ചാലല്ലേ, പൊതുവിടത്തിൽ ലഭ്യമാവുകയുള്ളൂ. ഇതു പ്രസിദ്ധീകരിക്കാനായിയുള്ള ശ്രമമായി പിന്നെ. കേവല വിദ്യാഭ്യാസയോഗ്യത പോലുമില്ലാത്തതിൻ്റെ പേരിൽ പ്രമുഖ പ്രസിദ്ധീകരണക്കാരൊക്കെയും നിരസിച്ചിരുന്നു. കോട്ടയത്തുചേന്നു ഡീസി ബുക്സുമായി ചർച്ച ചെയതപ്പോൾ പ്രസിദ്ധീകരണയോഗ്യമല്ലെന്നു പറഞ്ഞതിൻ്റെ പ്രധാനകാരണം ഇതായിരുന്നു.
എങ്കിൽ ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിനെ സമീപിക്കാം എന്നായി താല്പര്യം. കേരള സാഹിത്യ അക്കാദമി പുരസ്കാരം നേടിയ ശ്രീ പി കെ പോക്കർ ആയിരുന്നു അന്ന് ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ തലപ്പത്ത് ഡയറക്റ്ററായി ഉണ്ടായിരുന്നത്. ശ്രീധരേട്ടനു ശ്രീ പോക്കർ സാറിനെ നേരിട്ടു പരിചയം ഇല്ലായിരുന്നെങ്കിലും ഇദ്ദേഹത്തിൻ്റെ ലേഖനങ്ങൾസമകാലികങ്ങളിൽ വായിച്ചറിഞ്ഞ ശ്രീ പോക്കർ സാറിദ്ദേഹത്തെ ഓർത്തുവെച്ചിരുന്നു. നിഘണ്ടു പരിശോദിച്ച്, റെഡിയാക്കാം എന്ന ഉറപ്പിൻ മേൽ ശ്രിധരേട്ടൻ സന്തോഷവാനായി. 11 മാസങ്ങളോളം എടുത്തു അവരത് പരിശോദിക്കുവാൻ, ഈ നാലു പുസ്തകങ്ങളും പ്രസിദ്ധീകരിക്കാൻ ആവില്ല, കന്നഡ, തെലുങ്ക് നിഘണ്ടുക്കൾ ഒഴിവാക്കി മലയാളം തമിഴ് പ്രസിദ്ധീകരിക്കാം എന്നായി അവർ. പ്രസിദ്ധീകരിക്കാതെ മാറ്റിവെയ്ക്കാൻ പ്രധാന കാരണം, ഇദ്ദേഹത്തിൻ്റെ വിദ്യാഭ്യാസയോഗ്യതയായിരുന്നു. പേരിൻ്റെ കൂടി ബി. എ., എം. എ. എന്നോ പ്രൊഫസർ എന്നോ, ഡോക്റ്റർ എന്നോ ഉണ്ടായിരുന്നെങ്കിൽ പ്രസിദ്ധീകരിക്കാമായിരുന്നു എന്നു ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടുകാർ വരെ പറഞ്ഞുവെന്നതാണു സത്യം. ഭാഷാഗവേഷണ വിദ്യാര്‍ഥികള്‍ക്ക് പ്രയോജനപ്പെടണമെങ്കില്‍ നാലും കൂടി ഒരൊറ്റ പുസ്തകമായി അച്ചടിക്കണമായിരുന്നു എന്നതായിരുന്നു ശ്രീധരേട്ടൻ്റെ ആഗ്രഹം. ഒരെണ്ണം പോലും അച്ചടിച്ചു വരാത്തതിലും ഭേദമാണല്ലോ രണ്ടുഭാഷയിൽ ഉള്ളതെങ്കിലും പ്രസിദ്ധീകരിക്കുന്നത് എന്നു കരുതി ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് വഴി രണ്ടെണ്ണം പ്രസിദ്ധീകരിക്കാൻ കഴിഞ്ഞു എന്നത് ശ്രദ്ധേയമായി. അങ്ങനെ ദ്വിഭാഷാ നിഘണ്ടു ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പുറത്തിറക്കി.
കന്നട-തെലുങ്കു നിഘണ്ടു പ്രസിദ്ധീകരിക്കാമെന്നു പിണ്ണീടവർ പറഞ്ഞപ്പോൾ വീണ്ടും ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിനെ കൈയ്യെഴുത്തു പ്രതികൾ ഏൽപ്പിച്ചു. ഭരണസമിതി മാറിയപ്പോൾ ആ കൈയ്യെഴുത്തുപ്രതികൾ പിന്നീടവിടെ നിന്നും അപ്രത്യക്ഷമായി എന്നായിരുന്നു അറിയിപ്പ്. അന്നത്തെ സാംസ്കാരിക വകുത്തു മന്ത്രി കെ. സി. ജോസഫ് വഴിയും, കൊടിയേരി ബാലകൃഷ്ണൻ വഴിയും ഒക്കെ പരാതി നിൽകിയിട്ടും അതു കിട്ടാതെ വന്നപ്പോൾ, അവരുമായുള്ള സംസാരം മൊബൈലിൽ റെക്കോഡ് ചെയ്തു വെയ്ക്കുകയും, പിന്നീട് വക്കീൽ നോട്ടീസ് നൽകുകയും ചെയ്തു. അങ്ങനെയാണു കൈയ്യെഴുത്തു പ്രതികൾ ലഭ്യമായത്.
ഇനിയും ഈ നെടിയ പരിശ്രമം എങ്ങനെയും പൂർണമായി വെളിച്ചം കാണിക്കേണ്ടതുണ്ടെന്ന ബോധം ഉള്ളതു കൊണ്ടും, ഈകൈയ്യെഴുത്തു പ്രതികൾ നഷ്ടമാവരുത് എന്ന ആഗ്രഹം ഉള്ളതുകൊണ്ടും ഇവയുടെ കോപ്പി എടുത്തുവെയ്ക്കാൻ പ്രേരിതനായി. 3000 രൂപയിലധികം ചെലവിട്ട്, എല്ലാ പേപ്പറുകളും ഇദ്ദേഹം ഫോട്ടോസ്റ്റാറ്റ് എടുത്തുവെച്ചു. ഇവയൊക്കെ ഡിജിറ്റലൈസ് ചെയ്യാനായി ഒരു ഇൻസ്റ്റിറ്റ്യൂട്ടിൽ കൊടുത്തപ്പോൾ 2 പുസ്തകങ്ങൾക്കു തന്നെ ഒന്നേകാൽ ലക്ഷത്തോളം രൂപ അവർ വാങ്ങിച്ചു; പക്ഷേ, എഴുതിയവയിൽ മൊത്തം അക്ഷരത്തെറ്റുമായിരുന്നു. ചുരുക്കത്തിൽ ഇതേവരെയുള്ള യാത്ര അല്പം ദാരുണമായിരുന്നു എന്നു പറയാം.
ഔദ്യോഗികമായി നാലാംക്ലാസ് വിദ്യാഭ്യാസമേ ശ്രീധരേട്ടനുള്ളൂ, തുല്യതാ പരിക്ഷവഴി ഏഴാംക്ലാസ് സർട്ടിഫിക്കേറ്റും ഉണ്ട്. പി. ഡബ്ല്യു. ഡിയില്‍ ജീവനക്കാരനായിരുന്നു പിന്നീട് ശ്രീധരേട്ടൻ. ആ വഴി സീനിയർ സിറ്റിസൺ ഫോറം വഴി ഈ പുസ്തകങ്ങൾ പ്രസിദ്ധീകരിക്കാനുള്ള ശ്രമം നടത്തുകയുണ്ടായി. പക്ഷേ, ഈ നാലു ഭാഷകൾ പ്രൂഫ് റീഡിങ്ങ് നടത്താനുള്ള വഴിയൊന്നും അവിടെ ഉണ്ടായിരുന്നില്ല. എങ്കിലും തൻ്റെ കൂടെ നടന്ന സുഹൃത്തുക്കളുടെ നിരന്തരശ്രമം മൂലം പ്രസിദ്ധീകരിക്കുകയുണ്ടായി. ഇദ്ദേഹത്തിൻ്റെ വർഷങ്ങളോളമുള്ള പ്രവൃത്തിയെ അടിസ്ഥാനപ്പെടുത്തി ‘ഡ്രീമിങ് ഓഫ് വേര്‍ഡ്‌സ്” എന്നപേരിൽ ഒരു ഡോക്ക്യുമെൻ്ററി ശ്രീ നന്ദൻ ചെയ്തിരുന്നു. 2021 ഇൽ ദേശീയ ചലചിത്രാവാർഡു പ്രഖ്യാപിച്ചപ്പോൾ ഈ ഡോക്ക്യുമെൻ്ററിയും പുരസ്കാരത്തിനർഹമായി വന്നു.
പുസ്തകരൂപത്തിൽ പ്രസിദ്ധീകരിച്ച് റഫറൻസ് ഗ്രന്ഥമായി ലൈബ്രറി റൂമിൽ ഒതുക്കുന്നതിനേക്കാൾ മേന്മ ഇവയൊക്കെയും ഓൺലൈൻ പ്ലാറ്റ്ഫോമിൽ എത്തിക്കുക എന്നതായിരുന്നു. ലിപി വ്യവസ്ത നിലവിലെല്ലാം മലയാളത്തിൽ തന്നെയാണ്; പകരം ലിപി തന്നെ അതാതു ഭാഷകളിലേക്ക് മാറ്റി, നാലു ഭാഷകളും യഥാക്രമം കാണിക്കും വിധം ആർക്കും ഉപയുക്തമാവും വിധം ഓൺലൈൻ മാധ്യമത്തിൽ എത്തിയാൽ റഫറൻസ് തെരയുന്നവർക്കും പഠിതാക്കൾക്കും കിട്ടുന്നൊരു സൗഭാഗ്യം മറ്റൊന്നില്ലതന്നെ. ഒരു മലയാളം വാക്കിൻ്റെ അർത്ഥം നോക്കാൻ ശ്രമിക്കുന്ന ആൾക്ക് തത്തുല്യമായ തമിഴ്, കന്നഡ, തെലുങ്ക് പദങ്ങളും ലഭ്യമായാൽ എത്രമാത്രം മനോഹരമായിരിക്കും ആ പദ്ധതി. അതാതു ലിപികളിൽ വാക്കുകളും,സമാനമായ മറ്റു പദങ്ങളിലേക്കുള്ള ലിങ്ക്സും അടക്കം ചെയ്ത് ഇൻ്റെറാക്റ്റീവായ റഫറൻസായി മാറാൻ എന്തുകൊണ്ടും യോഗ്യമാണ് ഈ ചതുർഭാഷാ നിഘണ്ടു.എത്രയും പെട്ടന്ന് ഇതു പൊതുവിടത്തിൽ എത്തുമെന്നു തന്നെ പ്രത്യാശിക്കാം.