ഓണപ്പാട്ടിന്റെ ഒരു വകഭേദമാണിത്. 1934-ലെ തന്റെ പദ്യകൃതികളില്‍ സഹോദരൻ അയ്യപ്പൻ എഴുതിയ കൃതിയാണിത്. ഇതിലെ ആദ്യത്തെ വരികൾ അതിനുമുമ്പുതന്നെ നിലനിന്നു പോന്നവയാണ്. കാലിക പ്രാധാന്യവും പ്രസക്തിയും ഉൾക്കൊണ്ട് അദ്ദേഹം കവിതയെ ശക്തമായൊരു പടവാളാക്കി മാറ്റുകയായിരുന്നു. പാക്കാർ പതിനാറാം നൂറ്റാണ്ടിൽ എഴുതിയ വരികൾ സഹോദരൻ അയ്യപ്പൻ സ്വതന്ത്രമായി പരിഷ്കരിച്ചതാണ് ഈ കാവ്യമെന്ന് അക്കാദമിക് ഗവേഷകനായ അജയ് എസ് ശേഖർ പറഞ്ഞിരുന്നു. ഹെർമ്മൻ ഗുണ്ടർട്ട് പണ്ടു കളക്റ്റ് ചെയ്ത് ജർമ്മനിയിലേക്കു കൊണ്ടുപോയ കൃതികളിൽ തന്നെ ഈ കൃതിയുണ്ടെന്ന് എഴുത്തുകാരനായ മനോജ് കുറൂർ ചൂണ്ടിക്കാട്ടിയിരുന്നു. ഇതിലും കൂടുതലായി തന്നെ അവ ലഭ്യമാണത്രേ… അതിലെ വരികൾ കാണുക:
മാബലി മണ്ണുപേക്ഷിച്ച ശേഷ
അക്കാലമായിരം ബ്രാഹ്മണരെ
നിത്യവുമൂട്ടിത്തുടങ്ങിയല്ലോ
അക്കഥ കേട്ടോരു മാബലിയും
ഖേദിച്ച് തൻ്റെ മനസ്സുകൊണ്ട്…
മാവേലി മന്നൻ മരിച്ചശേഷം
മോടികളൊക്കെയും മാറിയല്ലോ – (സ്പെല്ലിങ്ങിൽ മാറ്റമുണ്ട് – ഇവിടെ അതു നിലവിലെ ലിപിയായി പരിഷ്കരിച്ചിട്ടുണ്ട്) എന്നൊക്കെയുള്ള വരികൾക്ക് അത്ര പഴക്കമുണ്ടെന്നു മനോജ് പറയുന്നു. ബ്രാഹ്മണഭോജനം കൊണ്ടാണു മനുഷ്യരെല്ലാം വലഞ്ഞതെന്ന കാര്യം ലഭ്യമാണവിടെ. തീർച്ചയായും കാലത്തിനു വേണ്ടതായ മോഡിഫിക്കേഷൻസ് സഹോദരൻ അയ്യപ്പനും വരുത്തിയിട്ടുണ്ടാവും എന്നു കരുതാം. ആ വരികൾ കാണാം:
മാനുഷരെല്ലാരുമൊന്നുപോലെ
ആമോദത്തോടെ വസിക്കും കാലം
ആപത്തങ്ങാര്‍ക്കുമൊട്ടില്ലതാനും
കള്ളവുമില്ല ചതിവുമില്ല
എള്ളോളമില്ല പൊളി വചനം
തീണ്ടലുമില്ല തൊടീലുമില്ല
വേണ്ടാതനങ്ങള്‍ മറ്റൊന്നുമില്ല
ചോറുകള്‍വച്ചുള്ള പൂജയില്ല
ജീവിയെക്കൊല്ലുന്ന യാഗമില്ല
ദല്ലാള്‍വഴിക്കീശ സേവയില്ല
വല്ലാത്ത ദൈവങ്ങളൊന്നുമില്ല
സാധുധനിക വിഭാഗമില്ല
മൂലധനത്തിന്‍ ഞെരുക്കലില്ല
ആവതവരവര്‍ ചെയ്‌തു നാട്ടില്‍
ഭൂതി വളര്‍ത്താന്‍ ജനം ശ്രമിച്ചു
വിദ്യ പഠിക്കാന്‍ വഴിയേവര്‍ക്കും
സിദ്ധിച്ചു മാബലി വാഴും കാലം
സ്‌ത്രീക്കും പുരുഷനും തുല്യമായി
വാച്ചുസ്വതന്ത്രതയെന്തു ഭാഗ്യം?
കാലിയ്ക്കുകൂടി ചികിത്സ ചെയ്യാന്‍
ആലയം സ്ഥാപിച്ചിതന്നു മര്‍ത്ത്യര്‍
സൗഗതരേവം പരിഷ്‌കൃതരായ്
സര്‍വ്വം ജയിച്ചു ഭരിച്ചുപോന്നാര്‍
ബ്രാഹ്മണര്‍ക്കീര്‍ഷ്യ വളര്‍ന്നുവന്നീ
ഭൂതി കെടുക്കാനവര്‍ തുനിഞ്ഞു
കൗശലമാര്‍ന്നൊരു വാമനനെ
വിട്ടു ചതിച്ചവര്‍ മാബലിയെ
ദാനം കൊടുത്ത സുമതിതന്റെ
ശീര്‍ഷം ചവിട്ടിയാ യാചകനും.
അന്നുതൊട്ടിന്ത്യയധഃപതിച്ചു
മന്നിലധര്‍മ്മം സ്ഥലം പിടിച്ചു.
ദല്ലാല്‍മതങ്ങള്‍ നിറഞ്ഞു കഷ്ടം!
കൊല്ലുന്ന ക്രൂരമതവുമെത്തി
വര്‍ണ്ണവിഭാഗവ്യവസ്ഥ വന്നു
മന്നിടം തന്നെ നരകമാക്കി
അയിത്ത പിശാചും കടന്നുകൂടി
തന്നിലശക്തന്റെ മേലില്‍ക്കേറി
തന്നില്‍ ബലിഷ്‌ഠന്റെ കാലുതാങ്ങും
സ്‌നേഹവും നാണവും കെട്ട രീതി
മാനവര്‍ക്കേകമാം ധര്‍മ്മമായി.
സാധുജനത്തിന്‍ വിയര്‍പ്പു ഞെക്കി
നക്കിക്കുടിച്ചു മടിയര്‍ വീര്‍ത്തുനന്ദിയും ദീനകരുണ താനും
തിന്നു കൊഴുത്തിവര്‍ക്കേതുമില്ലസാധുക്കളക്ഷരം ചൊല്ലിയെങ്കില്‍
ഗര്‍വ്വിഷ്‌ഠരീ ദുഷ്‌ടര്‍ നാക്കറുത്തു
സ്‌ത്രീകളിവര്‍ക്കു കളിപ്പാനുള്ള
പാവകളെന്നു വരുത്തിവച്ചു
ആന്ധ്യമസൂയയും മൂത്തു പാരം
സ്വാന്തബലം പോയ് ജനങ്ങളെല്ലാം
കഷ്ടമേ, കഷ്ടം! പുറത്തുനിന്നു-
മെത്തിയോര്‍ക്കൊക്കെയടിമപ്പട്ടു
എത്ര നൂറ്റാണ്ടുകള്‍ നമ്മളേവം
ബുദ്ധിമുട്ടുന്നു സഹോദരരേ
നമ്മെയുയര്‍ത്തുവാന്‍ നമ്മളെല്ലാ-
മൊന്നിച്ചുണരണം കേള്‍ക്ക നിങ്ങള്‍
ബ്രാഹ്മണോപജ്ഞമാം കെട്ട മതം
സേവിപ്പവരെ ചവിട്ടും മതം
നമ്മളെത്തമ്മിലകറ്റും മതം
നമ്മള്‍ വെടിയണം നന്മ വരാന്‍.
സത്യവും ധര്‍മ്മവും മാത്രമല്ലൊ
സിദ്ധിവരുത്തുന്ന ശുദ്ധമതം
ധ്യാനത്തിനാലെ പ്രബുദ്ധരായ
ദിവ്യരാല്‍ നിര്‍ദ്ദിഷ്ടമായ മതം.
ആ മതത്തിന്നായ് ശ്രമിച്ചിടേണം
ആ മതത്തിന്നു നാം ചത്തിടേണം
വാമനാദര്‍ശം വെടിഞ്ഞിടേണം
മാബലിവാഴ്‌ച വരുത്തിടേണം
ഓണം നമുക്കിനി നിത്യമെങ്കില്‍
ഊനംവരാതെയിരുന്നുകൊള്ളും.
Good luck to your blog as I continue to follow regularly.
Quality posts is the crucial to interest the users to go to see the web site, that’s what this website is providing.