ഹൈദ്രാബാദിലാണു ഞാൻ. ഓൺപാസീവ് എന്ന കമ്പനിയിൽ ചേരാനായി വരുമ്പോൾ ഗൂഗിൾ വഴി അടുത്തുള്ള ഒരു പിജി കണ്ടെത്തിയിരുന്നു. കാശല്പം കൂടുതലെങ്കിലും മറ്റുള്ള എല്ലാകാര്യങ്ങളിലും ഏറെ മുന്നിലാണു ഹോസ്റ്റൽ. വിവിധങ്ങളായ ഫുഡും കിട്ടും. ഒരു ഫാമിലി തന്നെയാണു ഫുഡൈറ്റങ്ങൾ ഉണ്ടാക്കുന്നത്. ഹോളിയുടെ അനുബന്ധമായി നടന്നൊരു കാര്യമാണിത്.
ഹോസ്റ്റലിലെ പണിക്കാർക്കൊക്കെ എന്നോട് ഏറെ സ്നേഹമായിരുന്നു സംഭവശേഷം… ഫുഡുണ്ടാക്കുന്ന അമ്മച്ചിമാർ നാലഞ്ചു ദിവസം മുമ്പ് ഹോളിക്ക് സമ്മാനമോ മറ്റെന്തോ എന്നപോലെ കാശ് വേണമെന്നു പറഞ്ഞു. ഭക്ഷണമാക്കുന്നവർ പ്രധാനികൾ മൂന്ന് അമ്മച്ചിമാരും, ഒരാളുടെ മകളും, മകളുടെ ഭർത്താവും, 20 ഓളം പ്രായം വരുന്ന ആ മകളുടെ ഇരട്ടക്കുട്ടികളും ആണ്. ഇതിൽ ഒരമ്മച്ചിയാണു കാശ് ചോദിച്ചത്. ഞാൻ 100 രൂപ കൊടുത്തു; അപ്പോഴേക്കും മറ്റു രണ്ടുപേരും വന്നു. അങ്ങനെ 300 കൊടുത്തു. ഹോസ്റ്റലിൽ താമസിക്കുന്ന എല്ലാവരോടും ഇവർ ചോദിച്ചിരുന്നുവെങ്കിലും ഭൂരിഭാഗം പേരും കൊടുത്തിരുന്നില്ല. സഹമുറിയൻ ബിജെപ്പിക്കാരൻ അവരെ തെറി പറയുന്നതും കേട്ടിരുന്നു. പിന്നെ ചോദിച്ച മറ്റു പണിക്കാർക്കൊക്കെ നൂറു നൂറു വെച്ചും രഹസ്യമായി ഞാൻ കൊടുത്തിരുന്നു. സഹമുറിയൻ അവരോടു പറഞ്ഞത്, ഞങ്ങൾ ഒരാൾക്ക് 500 വെച്ച് മൂന്നുപേർക്കും കൊടുത്തിട്ടുണ്ട്, ഇങ്ങനെ എല്ലാവരും ചോദിച്ചാൽ എവിടെ നിന്നിങ്ങനെ കാശുണ്ടാക്കും എന്നൊക്കെയായിരുന്നു. അവർക്ക് ഇംഗ്ലീഷറിയാം, അവർ എന്നോടു കാര്യം പറഞ്ഞു, നിങ്ങൾ ചേച്ചിമാർക്ക് 500 വെച്ചു കൊടുത്തില്ലേ എന്ന്. സഹ മുറിയൻ പറഞ്ഞല്ലോ എന്നും. അവനെ നന്നായിഅറിയുന്ന ഞാൻ വെറുതേ ചിരിച്ചു വിട്ടു; എന്നിട്ട് 100 രൂപവെച്ചു കൊടുത്തു. ആരോടുമിക്കാര്യം പറയരുതെന്നും പറഞ്ഞു.
അവർക്കൊക്കെ ഇപ്പോൾ എന്നെ കാണുമ്പോൾ നല്ല സൗഹൃദവും ബഹുമാനവും ഒക്കെയാണ്. എന്നെ ആദ്യം കണ്ടപ്പോൾ ഒരു സ്വാമിജിയാണെന്നു ധരിച്ചത്രേ. ഹോസ്റ്റൽ നോക്കി നടത്തുന്നവരിലാരോടോ ഇവരിക്കാര്യം ചോദിച്ചുവത്രേ. അവർ പറഞ്ഞു കേരളക്കാരനാണു ഞാനെന്നും; കേരളക്കാരൊക്കെ അങ്ങനെയാ, കാവിമുണ്ടുടുത്താണു നടക്കാറെന്നും മറ്റും. ഞാൻ മുണ്ടുടുത്ത് ഹോസ്റ്റലിനു പുറത്തിതേവരെ ഇറങ്ങിയിട്ടില്ല. ഭക്ഷണം കഴിക്കാൻ മാത്രം താഴെ അടുക്കള സൈഡിലേക്ക് പോകും എന്നുമാത്രം.
കാശ് കിട്ടിയതിനാൽ ഇവർക്കൊക്കെയും എന്നോട് കണ്ടമാനം ബഹുമാനവും സ്നേഹവും ഒക്കെയാണ്. കാശിനാണു വില; മനുഷ്യർക്കല്ലെന്നുള്ള വിവരങ്ങൾ തന്നെയാണ് കഴിഞ്ഞ രണ്ടുമൂന്നു ദിവസങ്ങളിലൂടെ ജീവിതമെന്നോടു പറയുന്നത്. ഫ്രീ കിറ്റുകൊടുത്ത് നാട്ടാരെ പാട്ടിലാക്കി വോട്ടിനു തെണ്ടുന്ന ജനാധിപത്യബോധത്തെ ഇടയിലെപ്പോഴോ ഫെയ്സ്ബുക്കിൽ ആരോ എന്നെ ഓർമ്മിപ്പിച്ചു.
ആ അമ്മച്ചിമാരിലാരുടേയോ കെട്ട്യോൻ ആവണം. ഒരു സുന്ദരൻ വയസ്സൻ മൂപ്പരുണ്ട്. 70 വയസ്സൊക്കെ കഴിഞ്ഞു കാണും. അയാൾ എന്നും രാവിലെ ഇവിടെ നിന്നും ചായ കുടിക്കുമായിരുന്നു. അവിടെ നിന്നും അത്ര രാവിലെ ഞാൻ മാത്രമേ ചായ കുടിക്കാറുള്ളൂ. മറ്റുള്ള മുറിയന്മാർ ഉണരുംപ്പോൾ തന്നെ ഒമ്പതു കഴിയും. രാത്രിയിൽ ഹോസ്റ്റലിലേക്ക് പാലുകൊണ്ടുവരുന്നയാൾ ഇതേകാര്യം പറഞ്ഞെന്നോടു കാശു ചോദിച്ചപ്പോൾ ഞാൻ ഈ വയസ്സൻ മൂപ്പരോടും ചിരിച്ചു കൊണ്ടു വേണോന്ന് ചോദിച്ചു, അയാളും അടുത്തുണ്ടായിരുന്നു. അയാളും അപ്പോൾ ചിരിച്ചതേ ഉള്ളൂ, ഞാൻ വെറുതേ നൂറു മൂപ്പർക്കും കൊടുത്തു… വാങ്ങി.
എന്നും രാവിലെ ഗെയ്റ്റ് വക്കിൽ അയാൾ വെയിൽ കൊള്ളാൻ ഇരിക്കാറുണ്ട്. രാവിലെ ഓഫീസിലേക്ക് വരാൻ നേരം ഇന്നയാൾ എന്നെ കണ്ടപ്പോൾ എണീറ്റ് നിന്ന് കഴുത്തിൽ കിടന്ന തോർത്തെടുത്ത് കയ്യിൽ വെച്ച് ചിരിച്ചു കൊണ്ട് തെലുങ്കിൽ ഗുഡ്മോണിങ് സാർ എന്നു പറഞ്ഞു. അയാളുടെ ആ വെപ്രാളവും, പരിഭ്രാന്തിയും കണ്ടപ്പോൾ എനിക്കെന്തോ വല്ലാത്ത വിഷമമായിപ്പോയി. കാണുമ്പോൾ ഉള്ള ഈ പരാക്രമങ്ങൾ ഒന്നും വേണ്ടെന്നും, വഴിയോരത്തു കാണുമ്പോൾ ഒരു പുഞ്ചിരി മാത്രം മതിയെന്നും പറയണമെന്നുണ്ടായിരുന്നു; പക്ഷേ എനിക്കയാളുടെ ഭാഷയറിയില്ലല്ലോ!!