ഇതൊരു ടീം ഔട്ടിങിന്റെ കഥയാണ്. മുമ്പ്, സാമ്പത്തിക മാന്ദ്യം ബാംഗ്ലൂരിനേയും ലോകത്തേയും ഒക്കെയിട്ടിങ്ങനെ കഷ്ടപ്പെടുത്തുന്നതിനു ഒന്നോ രണ്ടോ മാസം മുമ്പ് കമ്പനിയില്‍ നിന്നും ഞങ്ങള്‍ അവസാനമായി നടത്തിയ ഒരു ഔട്ടിങിന്റെ കഥ. അതിനുമുമ്പ് ഓരോ ആറുമാസം കൂടുമ്പോഴുമുണ്ടാവുമായിരുന്നു ഇതുപോലുള്ള യാത്രകള്‍. ബാംഗ്ലൂരിന്റെ അല്പം ഔട്ടറിലായി, പണ്ട് വീരപ്പന്റെ സാമ്രാജ്യമായിരുന്ന സത്യമംഗലം വനാതിര്‍ത്തിയിലുള്ള ഗുഹാന്തര [guhantara] എന്നൊരു അണ്ടര്‍ഗ്രൌണ്ട് റിസോര്‍ട്ടിലേക്കായിരുന്നു ഞങ്ങള്‍ അന്നു പോയത്. പത്തമ്പതുപേരുണ്ടെങ്കിലും ഞങ്ങളുടെ ഗ്രൂപ്പില്‍ ഒരൊറ്റ പെണ്‍കുട്ടി പോലുമില്ല. ഇല്ലാന്നല്ല, അന്നേരം ടീമിലുണ്ടായിരുന്ന ഒരേയൊരു പെണ്‍കുട്ടി ആതിര നായര്‍ ആയിരുന്നു. അവളീ പ്രോഗ്രാമിനു വന്നിട്ടുമില്ല.
രാവിലെതന്നെ ഞങ്ങള്‍ ഗുഹാന്തര റിസോര്‍ട്ടില്‍ എത്തി. ഡാകിനിയമ്മൂമ്മയുടെ ഗുഹാമുഖം പോലൊരു എന്‍ട്രന്‍സ് മാത്രമേ പുറമേയ്ക്കുകാണാനുള്ളു. മുകളില്‍ ഒരു വലിയ പ്രദേശമപ്പാടെ മുള്ളുവേലിയാല്‍ മറച്ചുവെച്ച ഒരു പാര്‍ക്കുപോലെ തോന്നിച്ചു. അടുത്തെങ്ങും ഒരു വീടുപോലുമില്ല. തികച്ചും വിജനമായ പ്രദേശം. അധികമകലെയല്ലാതെ ഫോറസ്റ്റ്. അങ്ങിങ്ങായി ആടിനേയും പശുവിനേയുമൊക്കെ മേയ്‍ച്ചു നടക്കുന്ന ചില ഗ്രാമീണവാസികള്‍. ആ ഗുഹാമുഖവും തുടര്‍ന്നുള്ള വഴികളുമൊക്കെ കണ്ടാല്‍ കൃത്രിമമായുണ്ടാക്കിയതാണെന്നു പറയില്ല. അതിലൂടെ കേറിയാല്‍ നീണ്ടുനീണ്ടുപോകുന്ന വഴിയില്‍, ഇടവിട്ടിടവിട്ട് വിളക്കുകളുണ്ട്. ശ്വാസം കിട്ടാന്‍ വേണ്ടിയാവാം ഇടയ്‍ക്കൊക്കെ മുകളിലേക്ക് ചെറിയ ചെറിയ ദ്വാരങ്ങളുമുണ്ട്. അതിലൂടെ സൂര്യപ്രകാശം ഉള്ളിലേക്കു കയറുന്നുണ്ടായിരുന്നു. ആ യാത്ര അവസാനിക്കുന്നത് സാമാന്യം വലിയൊരു ഹാളിലേകാണ്. മുകളിൽ കൊടുത്തിരിക്കുന്ന ചിത്രം കാണുക; അതുതന്നെ ഹാൾ…
സൈഡിലൊരു കൊച്ചു സ്വിമ്മിങ്‍ പൂളുണ്ട്. അതിനുനടുവിലൂടെ മുളകൊണ്ടുതീര്‍ത്തൊരു കൊച്ചുപാലം. ചുമരുകളൊക്കെ പുരാതനകാലത്തെ കൊത്തുപണികളെ ഓര്‍മ്മിപ്പിക്കുന്ന കലാവിരുന്നുകള്‍. എല്ലാം ആര്‍ട്ടിഫിഷ്യലാണ്. ആ ഹാളിന്റെ മറ്റുസൈഡുകളിലൊക്കെയായി ഒരുപാടു ഗുഹാവഴികളുണ്ട്. രാത്രിയുറക്കത്തിനുള്ള മുറികളും ആധുനിക കളികളായ ടേബിള്‍ടെന്നീസും മറ്റും കളിക്കാനുള്ള പ്ലേറൂമുകള്‍, ഭക്ഷണം കഴിക്കാനുള്ള മുറികള്‍ എന്നുവേണ്ട എല്ലാമുണ്ടവിടെ. ഇടയ്‌ക്കൊക്കെ ആകാശം കാണാനുള്ള മുകളിലേക്കുള്ള വാതായനങ്ങള്‍. ഒരു വലിയ ഹോട്ടല്‍. എല്ലാം ഭൂമിക്കടിയില്‍! ഓരോ മുറികള്‍ക്കും പേരിട്ടിരിക്കുന്നത് സംസ്‍കൃതത്തിലാണ്, ഭോജനശാല, നാട്യശാല, ശൌച്യാലയം എന്നൊക്കെ. രാഗമണ്ഡപവും സാമവാദശാലയുമുണ്ടവിടെ.
ഞങ്ങള്‍ എല്ലാം നടന്നുകണ്ടു. അപ്പോഴേക്കും ബാംഗ്ലൂരിലെതന്നെ പ്രശസ്തങ്ങളായ രണ്ട് MNC- കളില്‍ നിന്നായി ഒരു വലിയ പടതന്നെ അവിടേയ്‍ക്കു വരികയുണ്ടായി. നല്ല നല്ല മലയാളച്ചന്തങ്ങള്‍ ചന്ദനക്കുറിയണിഞ്ഞു വരുന്നതുകണ്ടപ്പോള്‍ ഞങ്ങള്‍ക്കും അല്പം ആശ്വാസം. തൃശ്ശൂര്‍കാരനായ പ്രേമും ഞാനുമായിരുന്നു ഒന്നിച്ചുണ്ടായിരുന്നത്. ഞങ്ങളാ മലയാളിക്കുട്ടികളെ പരിചയപ്പെട്ട് അല്പം വര്‍ത്തമാനമൊക്കെ പറഞ്ഞിരിക്കുമ്പോള്‍ ദൂരെ ഹാളിനടുത്തുനിന്നും തമിഴന്‍ ഗുണശേഖരന്‍ വിളിക്കുന്നതുകണ്ടു. ഞങ്ങള്‍ അങ്ങോട്ടു ചെന്നപ്പോള്‍ വെങ്കിടേഷും അവിടെ നില്‍പ്പൂണ്ടായിരുന്നു. അവന്‍ കണ്ണുകൊണ്ട് സ്വിമ്മിങ്‍പൂളിലേക്കു നോക്കാന്‍ ആഗ്യം കാണിച്ചു. അവിടെ ഒരു പെണ്‍കുട്ടി നമ്മുടെ നയന്‍താരയേയും ഷക്കീലച്ചേച്ചിയേയുമൊക്കെ തോല്‍പ്പിച്ചിട്ടേയിനികാര്യമുള്ളൂ എന്നമട്ടില്‍ സ്വിമ്മിങ്‍ഡ്രസ്സില്‍ കിടന്നുപുളയുകയാണ്. അവള്‍ വെള്ളത്തില്‍ ഇരുന്നും കമിഞ്ഞും മലര്‍ന്നുമൊക്കെ നീന്തിക്കളിക്കുന്നു. ഇതുകണ്ടപ്പോള്‍ അങ്ങനെ അവിടെ നിന്നും സീന്‍ പിടിക്കുന്നത് ശരിയല്ലല്ലോ എന്നു തോന്നി. നമുക്കു വലിയ മാന്യന്‍മാരാകാന്‍ കിട്ടിയ ഒരു അവസരമല്ലേ, വെറുതേ പഴാക്കരുതല്ലോ. പക്ഷേ വെങ്കിടേശന്‍ വിട്ടില്ല. അവന്‍ അപ്പോള്‍തന്നെ അവന്റെ ഡ്രസ്സൊക്കെ അഴിച്ചുകൈയില്‍ തന്നു ഒരു ബര്‍മ്മുഡ മാത്രം ധരിച്ച് വെള്ളത്തിലേക്ക് എടുത്തുചാടി. ഗുണശേഖരന്‍ ‘വെങ്കിടേശന്റെ കുളിസ്സീന്‍’ ഒരൂ സെക്കന്റുപോലും കളയാതെ വീഡിയോ ആയും ഫോട്ടോ ആയും പകര്‍ത്തിക്കൊണ്ടിരുന്നു. പക്ഷേ, കൂടെ കുളിക്കുന്ന പെണ്‍കൊച്ചിന് ഒരു കുലുക്കവും ഇല്ലായിരുന്നു.
ഞങ്ങള്‍ മെല്ലെ അവിടെനിന്നും വലിഞ്ഞു. ബാംഗ്ലൂരില്‍ വന്നിട്ട് ഇത്രയൊക്കെയായിട്ടും മനസ്സിനിണങ്ങിയ ഒരു മലയാളിക്കുട്ടിയേയും കണ്ടുകിട്ടാത്തതിലുള്ള വിഷമത്തിലായിരുന്നു ഞാന്‍. അല്പകാലമൊന്നു പ്രേമിക്കണം, പിന്നെ സഖിയായി കൂടെക്കൂട്ടണം. രണ്ടുപേര്‍ക്കും ജോലി കൂടിയുണ്ടെങ്കില്‍ ഇവിടെ കഴിഞ്ഞുകൂടാന്‍ പരമസുഖമാണ്. ഇത്തരം നല്ല ചിന്തകളേയുണ്ടായിരുന്നുള്ളൂ മനസ്സില്‍. അപ്പോഴാണ് മലയാളിചന്തങ്ങളുടെ ഈ അരങ്ങേറ്റം. 🙊
ഒരുകുട്ടിയെ അതില്‍ നിന്നും നോക്കിവെച്ചു. നല്ല ഗ്രാമീണത തോന്നിക്കുന്ന ഒരു കുട്ടി. വെളുവെളാന്നു വെളുത്ത ചുരിദാറും ഇട്ടവള്‍ പാറി നടക്കുന്നതു കാണാന്‍ തന്നെയൊരു ഐശ്വര്യമായിരുന്നു. ഇരുട്ടുള്ള ആ ഇടനാഴികളിലെ വെളിച്ചമായിരുന്നു അവള്‍. പേരു ചോദിച്ചു; നാടുചോദിച്ചു. പിരിയാന്‍ നേരമാവുമ്പോള്‍ മൊബൈല്‍ നമ്പര്‍ വാങ്ങിക്കുകയുമാവാം എന്നു കരുതി. അത്യാവശ്യമൊന്നു പഠിച്ചതിനുശേഷം, ആരും പറഞ്ഞുവെച്ചിട്ടില്ലെങ്കില്‍ ഇഷ്ടം അങ്ങോട്ടു തുറന്നുപറയാം. മലര്‍പ്പൊടിക്കാരന്റെ സ്വപ്നം പോലെ ഞാന്‍ മനക്കോട്ടകളുടെ ചിറകിലേന്തി പറന്നു നടന്നു.
ഇവിടെ ബാംഗ്ലൂരുള്ള ഒരുമാതിരി പെണ്‍കുട്ടികള്‍ക്കൊക്കെ ഒന്നോരണ്ടോ കാമുകന്‍മാര്‍വെച്ചുണ്ടത്രേ. കേൾവിയാണിത്. ഫ്രീആയിട്ടുള്ള ഒന്നിനെകിട്ടാന്‍ പാടാണ് എന്നാണ് ബാംഗ്ലൂരിന്റെ മനശ്ശാസ്ത്രം അറിയാവുന്ന കൂട്ടുകാര്‍ പറഞ്ഞുതന്നിട്ടുള്ളത്. പിന്നെ ക്രഡിറ്റ്കാര്‍ഡും ബൈക്കുമുണ്ടെങ്കില്‍ പെണ്‍കുട്ടികള്‍ക്കിവിടെ ക്ഷാമവുമില്ലാത്രേ. തനി നാടനായ എനിക്കിതിനോടൊന്നും യോജിച്ചുപോകാന്‍ തീരെ പറ്റുമായിരുന്നില്ല. ബൈക്കോടികാനാണെങ്കില്‍ തീരെ അറിയുകയുമില്ല. ആയ കാലത്ത് നല്ലൊരുപെണ്ണിനെ നോക്കി പ്രേമിച്ചിരുന്നെങ്കില്‍ ഈ വയസ്സാം കാലത്ത് ഇതിന്റെ വല്ല ആവശ്യവുമുണ്ടായിരുന്നോ എന്ന് റൂംമേറ്റിന്റെ കമന്റും ഈ സന്ദര്‍ഭത്തില്‍ ചേര്‍ത്തുവായിക്കാവുന്നതാണ്. അതെന്തെങ്കിലുമാകട്ടെ, എന്തായാലും ഇവളെ പൊക്കണം എന്നു ഞാന്‍ തീരുമാനിച്ചു; കൂട്ടുകാരുടെ പരാതി മാറ്റുകയുമാവാം. ഇവളങ്ങനെ കൂട്ടുകാര്‍ പറഞ്ഞതുപോലുള്ള പെണ്‍കുട്ടിയൊന്നുമല്ല എന്നു മനസ്സിനെ പറഞ്ഞുപഠിപ്പിച്ചു കൊണ്ടിരുന്നു ഞാന്‍. ബാംഗ്ലൂരില്‍ ഒത്തിരി നല്ല പെണ്‍കുട്ടികളെ ഞാന്‍ കണ്ടിട്ടുണ്ട്. കല്യാണത്തിനുള്ള ക്രൈറ്റീരിയ വരുമ്പോളവിടെയൊക്കെ പ്രശ്നമാവുന്നതുകൊണ്ട് അതൊക്കെ ഒഴിവാക്കി. ഈ കുട്ടിയാവുമ്പോള്‍ കാസര്‍ഗോഡിനടുത്താണ് പയ്യന്നൂരില്‍. ഒരുമണിക്കൂര്‍ യാത്രയേ ഉള്ളു… ഇങ്ങനെ ചിന്തിച്ചു കൂട്ടുകയല്ലാതെ എന്റെ ആയകലാത്തെ പ്രേമമൊക്കെ ഇവരോടു വിളമ്പേണ്ട വല്ല ആവശ്യവും എനിക്കുണ്ടോ!!
ഞങ്ങള്‍ ഉച്ചഭക്ഷണം കഴിച്ചു. വളരെ സുഭിക്ഷമായിത്തന്നെ കഴിഞ്ഞു. വെജും നോണും ഒക്കെയുണ്ടായിരുന്നു. ഞാന്‍ കഴിഞ്ഞ കുറേ വര്‍ഷങ്ങളായിട്ട് വെജിറ്റേറിയനാണ്. കഴിച്ചുകഴിഞ്ഞ ഉടനേ എല്ലാവരും പല കളികളിലായിട്ടേര്‍പ്പെട്ടു. ചെസ്സ്, ക്യാരംസ്… ഇങ്ങനെപോകുന്നു കളികള്‍. അല്പം സമയം കഴിഞ്ഞപ്പോള്‍ ഹാളില്‍ നിന്നും ഏതോ ഹിന്ദിപ്പാട്ടിന്റെ കാതടിച്ചുപോകുന്ന സൌണ്ട് കേള്‍ക്കാന്‍ തുടങ്ങി. അവിടെ ഡാന്‍സ് തുടങ്ങിയിരിക്കുന്നു. എല്ലാവരും അങ്ങോട്ടു ചെന്നു. “റെയിന്‍ ഡന്‍സ്” എന്നാണത്രേ അതിനുപറയുക. ഞാനാദ്യമായിട്ടാണിങ്ങനെ ഒരു ഡന്‍സിനെപ്പറ്റി കേള്‍ക്കുന്നതും കാണുന്നതും. സിനിമയിലൊക്കെ കണ്ടിട്ടുണ്ട് എന്നല്ലാതെ… മുമ്പൊരിക്കല്‍ ഒരു കൊടൈക്കനാല്‍ ട്രിപ്പില്‍ “ഫയര്‍ ഡാന്‍സി“നെ പരിചയപ്പെട്ടിരുന്നു. ഇത് അതിന്റെ മറ്റൊരുരൂപം ഡ്യൂപ്ലിക്കേറ്റായി മഴയുണ്ടാക്കി അതിനുകീഴെനിന്നും വൃത്തികെട്ട ശരീരചലനങ്ങളോടെ ആണുംപെണ്ണുമൊക്കെ ഒന്നിച്ചു തുള്ളുക, കൈകോര്‍ത്തുപിടിച്ച്‍ വട്ടത്തിലോടുക, കാലുതട്ടിയിട്ടെന്നപോലെ കെട്ടിമറിഞ്ഞുവീഴുക ഇതൊക്കെയാണ് അവിടെ അന്നരങ്ങേറിയ ഈ “മഴനൃത്തം“.
ഞങ്ങളും അങ്ങോട്ടുചെന്നു. ഡാന്‍സ് തകര്‍ത്തു പെയ്യുകയാണ്. സൈഡില്‍ ചേട്ടന്‍മാരുടേയും ചേച്ചിമാരുടേയും പേക്കൂത്തുകളൊന്നും ശ്രദ്ധിക്കാതെ ഒരു നാലുവയസ്സുകാരന്‍ പയ്യനും ഡാന്സുകളിക്കുന്നുണ്ടായിരുന്നു. അവന്‍ അമ്മയെ തന്റെ ഡാന്‍സുകാണിച്ച് അവരെക്കൂടി കളിക്കാന്‍ പ്രേരിപ്പിക്കുകയായിരുന്നു. ഓരോ പാട്ടും ഒന്നിനൊന്നു കര്‍ണകഠോരങ്ങളായിരുന്നു. ഡാന്‍സില്‍ മുറുകി ഓരോ ആളും വിഭ്രാന്തിയിലെന്നപോലെ ചലിക്കുകയാണ്.
വിഷമത്തോടെ എനിക്കുകാണേണ്ടിവന്നു; ആ ചടുലതാളപ്പുളപ്പില്‍, ചന്ദനക്കുറിതൊട്ടുവന്ന ആ മലയാളിത്തനിമയും നനഞ്ഞൊട്ടിയ വസ്ത്രവുമായി, ഉറയ്‍ക്കാത്ത ചുവടുകളോടെ ആള്‍ക്കൂട്ടത്തില്‍ മിന്നിമറയുന്നു. നടനവൈകൃതത്തിന്റെ കളിയരങ്ങില്‍ അവള്‍ ആടിത്തിമര്‍ക്കുകയാണ്. ആണുങ്ങളില്‍ ചിലര്‍ ബനിയനിട്ടിട്ടുണ്ട്. ചിലര്‍ ട്രൌസര്‍ മാത്രം. പെണ്‍കുട്ടികളിലധികവും ടീ ഷര്‍ട്ടുപോലുള്ള പേരറിയാത്ത എന്തൊക്കെയോ വസ്ത്രങ്ങളാണീട്ടിരിക്കുന്നത്. ചിലര്‍ക്കതുപേരിനുമാത്രം. മണിക്കൂറുകളോളം നീണ്ടുനിന്നു ആ പരിപാടി. അതുവെറുമൊരു റിഹേഴ്‍സല്‍ മാത്രമായിരുന്നുവത്രേ..! രാത്രി ഭക്ഷണത്തിന്റെ സമയത്താണ് ശരിയായ ഡാന്‍സുവരിക. എന്തോ, അതുകൂടികാണാനുള്ള ഭാഗ്യമുണ്ടായില്ല. ഞങ്ങളുടേത് ഒരു വണ്‍ഡേ ട്രിപ്പായിരുന്നു. ഗൂഗിളെടുത്ത് guhantara bangalore എന്നു സേര്‍ച്ചുചെയ്താല്‍ നിങ്ങള്‍ക്കുകാണാവുന്നതാണ് ആ റിസോര്‍ട്ടിന്റെ വിശദവിവരങ്ങള്‍, ചിത്രങ്ങള്‍ സഹിതം.
അന്നു നിര്‍ത്തിയതാണെന്റെ മലയാളച്ചന്തം തേടിയുള്ള തെരച്ചില്‍. ഈയിടെ കമ്പനിയില്‍ പുതിയതായി വന്ന ഒരു പെണ്‍കുട്ടി അവളുടെ കൂട്ടുകാരനോട് “ദാ ഇദ്ദേഹത്തിന് ആക്‍സഞ്ചറിലൊരു പെണ്‍കുട്ടിയെ കണ്ടെത്താമോ” എന്നു ചോദിച്ചപ്പോള്‍ വീണ്ടുമോര്‍ത്തുപോയി ഞാനിതൊക്കെ.
ആരേയും കുറ്റപ്പെടുത്താനായിട്ടെഴുതിയതല്ല. നാടോടുമ്പോള്‍ അതിന്റെ നടുവില്‍ കൂടെ തന്നെ ഓടണം. അല്ലെങ്കില്‍ ഒറ്റപ്പെട്ടുപോകും. കൂടുകാരെവിളിച്ച് ഇടയ്ക്കിടയ്ക്ക് വീശിയില്ലെങ്കില്‍, ഫോറത്തില്‍ പോയി വായിനോക്കിയില്ലെങ്കില്‍ വിലകൂടിയ സിഗരറ്റുപാക്കുകള്‍ കൈയിലില്ലെങ്കില്‍ അവധിദിവസങ്ങളില്‍ ഉച്ചയ്ക്കു 12 മണിവരെ കിടന്നുറങ്ങിയില്ലെങ്കില്‍ ഇതിനൊക്കെ സമാധാനം പറഞ്ഞു മടുത്തുപോകും. അതാണു ബാംഗ്ലൂര്‍…! വഴിപിഴച്ച ജന്മങ്ങളുടെ വിഴുപ്പുചാലായി ഇവിടെ വന്നെത്തുന്നവർ നിമിഷമ്പ്രതി മാറ്റിക്കൊണ്ടിരിക്കുന്ന നഗരം. നല്ലതേത്‍ ചീത്തയേതെന്നു തിരിച്ചറിയാനാവാതെ മാറിനിന്നുകാണുക മാത്രമേ എന്നേപ്പോലുള്ളവര്‍ക്കു വിധിച്ചിട്ടുള്ളൂ… അതിനും അതിന്റേതായൊരു രസമുണ്ട്!!
ha…haaaa…. gollam… pavam