ചുറ്റുവട്ടങ്ങിളിലായി പലതരത്തിലുള്ള ഡിസൈനുകൾ നമ്മൾ കണ്ടുവരുന്നുണ്ട്. നിത്യേന കാണുന്ന പത്രമാധ്യമങ്ങൾ, അവയുടെ ഓൺലൈൻ വേഷപ്പകർച്ചകൾ, പുസ്തകങ്ങള്‍, അവയുടെ മുഖചിത്രങ്ങൾ, ഉൾപ്പേജുകൾ, കല്യാണ ക്ഷണക്കത്തുകള്‍, വിസിറ്റിങ് കാര്‍ഡുകള്‍, പരസ്യ ബ്രോഷറുകള്‍, ബില്ലുകള്‍, ബാനറുകൾ, ബോര്‍ഡുകള്‍, വെബ്‌സൈറ്റുകള്‍ എന്നിങ്ങനെ പലതാണു മേഖലകൾ. ഇവിടെ രണ്ടുതരം രചനാവിരുതുകളെ പറ്റി പറയുന്നു. ഒന്ന് റാസ്റ്റർ എഡിറ്റിങ്, മറ്റൊന്ന് വെക്ടർ എഡിറ്റിങ്. നല്ല ഗംഭീരമാർന്ന എഴുത്തുകൾ, കൃത്യമായ ചിത്രങ്ങൾ, ഇവ രണ്ടും ചേർത്തു യോജിപ്പിക്കാൻ പറ്റിയ ആശയങ്ങൾ എന്നിവ കൂടിച്ചേർന്ന സുന്ദരമായ കമ്മ്യൂണിക്കേഷന്‍ കലയാണു ഗ്രാഫിക് ഡിസൈനിങ് എന്ന സംഗതി.
റാസ്റ്റർ എഡിറ്റിങ്
ഒരു ചിത്രത്തിന്റെ മിനിമം രൂപമായ പിക്സൽ ലെവലിൽ വരെ പോയി എഡിറ്റിങ് നടത്താനാവുന്ന ലീലാവിലാസങ്ങൾ ആണവിടെ പ്രധാനം. പരിചയം കൊണ്ട് Adobe-ന്റെ Photoshop ആണ് മികച്ച ഫോട്ടോ എഡിറ്റിങ് സോഫ്റ്റ്‌വെയറായിട്ട് തോന്നിയത്. കലാവിരുതുകൾ അറിയുമെങ്കിൽ പലതരം നൂലാമാലകൾ ഒപ്പിക്കാം എന്നതിനപ്പുറം സോഫ്റ്റ്‌വെയർ എന്ന നിലയിൽ മികച്ച പലതരം സംഗതികളും ഇതിലുണ്ട്. പക്ഷേ ഇത് Free യോ Open Source- ഒന്നുമല്ല ആവശ്യമുണ്ടെങ്കിൽ കാശു കൊടുത്ത് വേണ്ടത്ര സമയത്തേക്ക് വാങ്ങിക്കണം. താഴെ റാസ്റ്റർ എഡിറ്റിങ്ങിനു പറ്റിയ ഫ്രീ സോഫ്റ്റ്‌വെയറുകളുടെ പേരുകൾ കൊടുക്കുന്നു. കാണുക.
ഇവയൊക്കെയും ഫോട്ടോഷോപ്പ് പോലുള്ള സ്റ്റോഫ്റ്റ്‌വെയറുകൾ പോലെ പകരമായി നിൽക്കാൻ പറ്റുന്നത് എന്നു പറയുന്നില്ല; കൂടെ നിൽക്കാൻ പര്യാപ്തമായ ഫ്രീസോഫ്റ്റ്‌വെയറുകളെ പരിചയപ്പെടുത്തി എന്നു മാത്രം കരുതുക. ഫോട്ടോഷോപ്പ് അറിയുന്നവർക്ക് അതേ ലോജിക്കിൽ ഉപയോഗിക്കാൻ പറ്റിയ ഒരു ഓൺലൈൻ സംവിധാനം ഉണ്ട്. https://pixlr.com/ – ഇതാണു സൈറ്റ്. അത്യാവശ്യകാര്യങ്ങളൊക്കെ ഒപ്പിക്കാം. മറ്റുള്ളവരെ ഒന്നു പേരുപറഞ്ഞ് പരിചയപ്പെടുത്താം. അത്, ഗൂഗിളിൽ തപ്പി കണ്ടുപിടിച്ച് ഉപയോഗിച്ചാൽ മതി. സ്പെല്ലിങ് മാറിപ്പോകാതെ നോക്കണം ഫ്രീവെയറുകൾ ഇങ്ങനെ അങ്ങു പോകുന്നു. ഇത് കോറൽഡ്രോ പോലുള്ള വെക്ടർ ഗ്രാഫിക്സ് അല്ല. അതിനെ പറ്റി താഴെ പടറയാം
വെക്ടർ എഡിറ്റിങ്
ഇവിടെ പറയുന്നത് കോറൽ ഡ്രോയെ അടിസ്ഥാനപെടുത്തിയവയാണ്. ഇത് വെക്ടർ എഡിറ്റിങാണ് . ശുദ്ധമായ വ്യക്തത ആവശ്യമായ രീതിയിൽ ലോഗോ, ലെറ്റർ പാഡ്, വിസറ്റിങ് കാർഡ് എന്നിവ പോലുള്ളവയ്ക്ക് നല്ലത് വെക്ടർ എഡിറ്റിങ് സോഫ്റ്റ്‌വെയറുകളാണ്. ചറപറയാക്കി ഫെയ്സ്ബൗക്കിൽ തട്ടാനൊക്കെ റാസ്റ്റർ എഡിറ്റിങ് പണിയായുധങ്ങൾ തന്നെ ധാരാളം. പ്രിന്റിങിനും മറ്റും നല്ലത് ഇവനാണ്. അഡോബിന്റെ ഇല്ലുസ്‌ട്രേറ്റര്‍, കോറല്‍ ഡ്രോ ഒക്കെ തന്നെയാണിവിടേയും മുൻപന്തിയിൽ നിൽക്കുന്നത്. എന്തായാലും പറയുന്ന സോഫ്റ്റ്‌വെയറുകൾ വെറും പണിയായുധങ്ങൾ മാത്രമാണ്. ഇവയൊക്കെ വെച്ച് പണിയെടുക്കുന്ന ആളുകളുടെ മിടുക്കിൽ തന്നെയാണ് കാര്യങ്ങൾ ഇരിക്കുന്നത്. എങ്കിലും ചെറുതായ കാര്യങ്ങളൊക്കെ ഫ്രീയായി കിട്ടുന്ന സോഫ്റ്റ്‌വെയറുകൾ ഉപയോഗിച്ച് സ്വന്തം കമ്പ്യൂട്ടറിൽ ചെയ്തു നോക്കാമല്ലോ, വേണ്ടെങ്കിൽ ഡീലീറ്റടിക്കാം, വേണമെങ്കിൽ കുട്ടപ്പനാക്കി ഫെയ്സ്ബുക്കിലിടാം!! അത്രേ ഉള്ളൂ കാര്യം…
ഇവിടേയും ഞാനൊന്നിനു മുൻഗണന കൊടുക്കാൻ ആഗ്രഹിക്കുന്നു, അത് ഇങ്ക്‌സ്കേപ്പാണ്. പണ്ടുതൊട്ടേ സൈഡായിട്ട് അതും കൊണ്ടുപോകുന്നതു കൊണ്ടുള്ള ഒരു സ്നേഹം ആണെന്നു പറയാം. ഇതിൽ മുമ്പ് ചെയ്ത മിക്ക കാര്യങ്ങളും വിക്കിപീഡിയയിൽ കൊടുത്തിട്ടുണ്ട്. അതിൽ ഭൂപടവുമായി ബന്ധപ്പെട്ടതു കാണുക << Map Project >>. സോഴ്സ്കോഡ് അടക്കം അതിൽ ഉള്ളതിനാൽ ഡൗൺലോഡ് ചെയ്തെടുത്ത് ആർക്കും കളികൾ കളിക്കാനാവും. മിക്ക ഇന്ത്യൻ ഭാഷകളിലേക്കും ഇതുപോലെ മാറ്റം വരുത്തിയത് അവർ എന്റെ പേരു മെൻഷൻ ചെയ്തപ്പോൾ നോട്ടിഫിക്കേഷൻ വന്നു കണ്ടിട്ടുണ്ട്. ഇഷ്ടപ്പെട്ട ഒരു മാപ്പ് ക്ലിക്ക് ചെയ്തു വലുതാക്കി നോക്കിയാൽ അതിന്റെ തീവ്രത കാണാം. അതൊക്കെ കൊണ്ട് ഒന്നാം സ്ഥാനം ഇങ്ക്‌സ്കേപ്പിനു കൊടുക്കുന്നു… കഴിഞ്ഞ ഡിസംബറിൽ ഇവയിൽ പലതും ചെയ്തത് ടെക്സ്റ്റ് എഡിറ്റിങ് സാമാനമായ നോട്ട്‌പാഡിലായിരുന്നു എന്നു പറഞ്ഞാൽ എത്രപേർക്ക് വിശ്വസിക്കാനാവും!! ഇവിടെ വലതുവശത്തു കൊടുത്തിരിക്കുന്ന ഇന്ത്യയുടെ ഭൂപടത്തിൽ ക്ലിക്ക് ചെയ്തു നോക്കുക. വിക്കിപീഡിയയി കൊടുത്തിരിക്കുന്ന സോഴ്സ്ഫയലുതന്നെ അപ്പോൾ കാണാം. സോഴ്സ് ഫയൽ ആയതിനാൽ വേണ്ടുന്ന മാറ്റങ്ങൾ വരുത്താനാവും. എസ്.വി.ജി. എഡിറ്റിങ് അറിയുന്നവർക്ക് ഒരു നോട്ട്പാഡിൽ വെച്ചുതന്നെ കളറുകൾ മാറ്റാനും പേരുകൾ മാറ്റാനും മറ്റു ഭാഷകളിലേക്ക് മാറ്റാനും ഫോണ്ട് സ്റ്റൈൽ മാറ്റാനും ഒക്കെ പറ്റും. ഈ സൈറ്റിന്റെ ലോഗോ തന്നെയാണു മറ്റൊരു ഉദാഹരണം. ഇവിടെ ക്ലിക്ക് ചെയ്താൽ കിട്ടുന്ന ഇമേജിൽ നിന്നും ഏതെങ്കിലും ഒരു വാക്ക് സെലെക്റ്റ് ചെയ്ത് കോപ്പി എടുത്ത്, നോട്ടോപാഡിലോ മറ്റോ പേസ്റ്റ് ചെയ്തു നോക്ക്!! ഫോണ്ടിന്റെ സ്റ്റൈലും കളറും ഒന്നും കിട്ടിയില്ലെങ്കിലും കണ്ടന്റ് കൃത്യമായി കിട്ടും!! അതൊക്കെ ഇങ്ക്‌സ്കേപ്പിന്റെ ഒരു മായാജാലം മാത്രമായി കാണുക. ഇനി നമുക്ക് ഇങ്ക്സ്കേപ്പ് അടക്കം ലഭ്യമായ മറ്റ് വെക്ടർ എഡിറ്റിങ് സോഫ്റ്റ്‌വെയറുകളെ ഒന്നു പരിചയപ്പെടാം:
ഗൂഗിളിൽ സേർച്ച് ചെയ്തു നോക്കിയാൽ ഫ്രീയായി ഡൗൺലോഡ് ചെയ്യാനുള്ള ലിങ്ക് കിട്ടും. ഇവയുടെ പേരു തെറ്റാതെ നോക്കണം. ലീങ്ക് ആവശ്യമാണെങ്കിൽ ചോദിക്കുന്നവയുടെ ഡൗൺലോഡിങ് ലിങ്ക് തരാവുന്നതും ആണ്.
മുകളിൽ കൊടുത്തിരിക്കുന്ന ഭാരതത്തിന്റെ svg ചിത്രം തന്നെ ഉപയോഗിച്ച് വരുത്തിയ മാറ്റങ്ങൾ കാണുക. ഇതിന്റെ കുറിപ്പുകൊടുത്തത് ഇപ്രകാരമാണ്, 2017 ൽ ഭാരതത്തിൽ ഉള്ള രാഷ്ട്രീയപാർട്ടികളുടെ സ്വാധീനം. ഭൂരിപക്ഷ സ്വാധീനമുള്ള അധികാരികൾ തന്നെയാണ് നിയമവും അധികാരവും കൈകാര്യം ചെയ്യുക. അതാണു വർത്തമാനവും ഭാവിയും. ഭാവിയിലെ ഭാരതവും അതിന്റെ പ്രതിഫലനമാവുന്നു. തെറ്റുകൾ തിരുത്താൻ കഴിവുള്ളവർ ജനങ്ങൾ മാത്രമാണെന്നുള്ളത് ഇവിടുത്തെ വസ്തുതയാണ്… അതുകൊണ്ട് കാര്യങ്ങളെ കൈകാര്യം ചെയ്യാൻ പ്രാപ്തിയുള്ളവരായി നമുക്ക് മാറാൻ പറ്റേണ്ടതുമാണ്.കൂടെ കുഞ്ഞുണ്ണിമാഷെ കൂടി ഓർക്കുന്നു…
നമ്മൾ നന്നാകുവാനെന്തു നല്ലൂ,
നല്ലൊരു ചൂലു മനസ്സിൽ നല്ലൂ…
11 ബിജെപി
ഉത്തരഖണ്ഡ്
ഉത്തർപ്രദേശ്
ഹരിയാന
രാജസ്ഥാൻ
അരുണാചൽ പ്രദേശ്
അസം
ജാർഖണ്ഡ്
ഛത്തീസ്ഗഡ്
മധ്യപ്രദേശ്
ഗുജറാത്ത്
ഗോവ
7 എൻഡിഎ
ജമ്മു കാശ്മീർ
ബീഹാർ
സിക്കിം
നാഗാലാന്റ്
മണിപ്പൂർ
മഹാരാഷ്ട്ര
ആന്ധ്രാപ്രദേശ്
6 കോൺഗ്രസ്
ഹിമാചൽപ്രദേശ്
പഞ്ചാബ്
മേഘാലയ
മിസോറാം
കർണാടക
പുതുച്ചേരി
5 മറ്റുള്ളവർ
ബംഗാൾ
തെലങ്കാന
തമിഴ്നാട്
ഡൽഹി
ഒറീസ
2 ഇടതുപക്ഷം
കേരളം
ത്രിപുര
ഇതു ചെയ്തിരിക്കുന്നത് ഇങ്ക്സ്കേപ്പും നോട്ട്പാഡും ചേർന്നാണ്. ഇങ്ക്സ്കേപ്പിൽ തന്നെ എല്ലാം ചെയ്യാമെന്നിരിക്കിലും സാഹചര്യവും എളുപ്പവും പരിഗണിച്ച് നോട്ട്പാഡെന്ന ടെക്സ്റ്റ് എഡിറ്റർ ഉപയോഗിക്കുന്നു എന്നേ ഉള്ളൂ, ഒരു വാല്യു ഫൈൻഡും റിപ്ലേയ്സും ചെയ്യാൻ നോട്ട്പാഡ് വളരെ സഹായിയാണ്. ഇങ്ക്സ്കേപ് മാത്രം ഉപയോഗിച്ച് ചെയ്തിരിക്കുന്നത് ഭൂപടത്തിൽ കാണുന്ന സംസ്ഥാനങ്ങളുടെ നമ്പറുകളും ലിസ്റ്റും മാത്രമാണ്. കളറുമാറ്റങ്ങൾ എല്ലാം നോട്ട്പാഡിലായിരുന്നു.
ഇന്റെർനെറ്റിന്റെ ലോകത്തേക്ക് എത്തിയപ്പോൾ തന്നെ മനസ്സിൽ തങ്ങിയ ഒരു മോഹമായിരുന്നു സ്വന്തമായി ഒരു വെബ്സൈറ്റുണ്ടാക്കുക എന്നത്. 1998 ഇൽ ആണ് ആദ്യമായി ഒരു മെയിൽ ഐഡി യാഹുവിൽ ഉണ്ടാക്കുന്നത്. (more…)
ഗൂഗിൾ പ്ലസ്സിലും ഫെയ്സ്ബുക്കിലും മറ്റു സോഷ്യൽ മീഡിയകളിലു ഒക്കെയായി പോസ്റ്റു ചെയ്യുന്ന ഫോട്ടോസ് കാണുമ്പോൾ കൊതിയാവാറുണ്ട്… എത്ര മനോഹരങ്ങളാണവ!! ഈ ചിത്രങ്ങൾ ഇങ്ങനെ വെറുതേ പ്ലസ്സിലും ഫെയ്സ്‌ബുക്കിലും കൊടുക്കുന്നതിനോടൊപ്പം തന്നെ ഏതെങ്കിലും ഇമേജ് വിൽപ്പന സൈറ്റിൽ കൂടി കൊടുത്ത് ഇക്കൂട്ടർക്ക് വരുമാനം ഉണ്ടാക്കാവുന്നതല്ലേ! ആയിരം വാക്കുകൾക്ക് സമമാണ് ഒരു ചിത്രമെനന്നു പഴമൊഴി; അതു സത്യമോ മിഥ്യയോ ആവട്ടെ, കലാപരമായി ഗുണമേന്മയുള്ള ചിത്രങ്ങൾ അനേകം ഡോളറുകൾ കൊടുത്ത് വാങ്ങിക്കാൻ ആളുണ്ട് എന്നത് ഒരു സത്യമാണ്. സായിപ്പിന്റേതായും മലയാളിയുടേതായും ഫോട്ടോഗ്രാഫി വിൽപ്പന നടത്തുന്ന നിരവിധി സൈറ്റുകൾ ലഭ്യമാണ്. താഴെ കൊടുത്തിരിക്കുന്നവ തന്നെ നോക്കുക:
01) മലയാളിയായ ചള്ളിയാന്റെ ക്യാമറോക്സ്,
02) ഐസ്റ്റോക്ക് ഫോട്ടോസ്,
03) ഷട്ടർ സ്റ്റോക്,
04) നിരവധി ഇന്ത്യൻ ഇമേജുകൾ അടങ്ങിയ കോർബിസ് ഇമേജസ്,
05) ഡ്രീംസ്ടൈം,
06) ക്യാൻസ്റ്റോക്ക് ഫോട്ടോ,
07) ഡിപ്പോസിറ്റ് ഫോട്ടോസ് ,
08) ബിഗ്സ്റ്റോക്ക് ഫോട്ടോ,
09) 123rf,
10) ഫോട്ടോലിയ,
11) ഷട്ടർ പോയിന്റ് …
ഞാൻ ഓഫീസ്/വെബ്സൈറ്റ് ആവശ്യങ്ങൾക്കായി ഈ സൈറ്റുകളിൽ നിന്നും ധാരാളം ചിത്രങ്ങൾ വാങ്ങിക്കാറുണ്ട്. ഒരു ചിത്രത്തിന് 5000 മുതൽ 14000 രൂപ വരെയൊക്കെ കൊടുത്ത ചരിത്രവും ഉണ്ട്. 2010 ഇൽ മൂന്നര ലക്ഷം രൂപയുടെ ചിത്രങ്ങൾ ഐസ്റ്റോക്ക് ഫോട്ടോസ് എന്ന സൈറ്റിൽ നിന്നും തന്നെ വാങ്ങിച്ചിരുന്നു… വെബ്സൈറ്റിൽ കൊടുക്കുന്നതിനുള്ള ചിത്രങ്ങൾക്കുവേണ്ടി കോർപ്പറേറ്റുകൾ സമീപിക്കുന്നത് ഇത്തരം സൈറ്റുകളെയാണ് എന്നകാര്യം പല ഫോട്ടോഗ്രാഫേർസിനും അറിയില്ലെന്നു തോന്നുന്നു. സോഷ്യൽ നെറ്റുവർക്കുകളിൽ മിന്നിമറയുന്ന ചിത്രങ്ങൾ പരിധിയില്ല, ഒരു കാര്യവുമില്ലാതെ കുറച്ച് ലൈക്കും കുറച്ചു കമന്റും വാങ്ങി എങ്ങോ ഒടുങ്ങുന്ന ആ ചിത്രങ്ങൾ ഇതുപോലുള്ള സൈറ്റുകളിൽ അപ്ലോഡ് ചെയ്ത് അല്പം കാശുണ്ടാക്കിയാലെന്താ!!
ഗുണമേന്മയുള്ള ഫോട്ടോസിന്റെ മൂല്യം നമ്മൾ കാണുന്നതിലും എത്രയോ അധികമാണ്. അത് വേണ്ടവിധം ഉപയോഗിക്കാൻ ഇനിയും മലയാളത്തിലെ ഫോട്ടോഗ്രാഫർമാർ തയ്യാറാവുന്നില്ല എന്നത് എന്തുകൊണ്ടെന്നു മനസ്സിലാവുന്നില്ല. മുകളിൽ പറഞ്ഞിരിക്കുന്നതിൽ ഒന്നാമത്തെ സൈറ്റ് മലയാളിയായ ഡോ: ചള്ളിയാന്റേതാണെന്നു പറഞ്ഞല്ലോ. ചള്ളിയാന്റെ https://www.camerocks.com/ എന്ന സൈറ്റ് ഈ രംഗത്തുള്ള മലയാളത്തിന്റെ ആദ്യചിവടുവെയ്പ്പാണ് എന്നു തോന്നുന്നു. മുകളിൽ കൊടുത്ത മറ്റു സൈറ്റുകളോട് എന്തുകൊണ്ടും കിടപിടിക്കുന്ന സൈറ്റാണിത്. ഞാനതിൽ യൂസർ നേയിം ഉണ്ടാക്കി അതിന്റെ പ്രവർത്തനങ്ങൾ നോക്കുകയുണ്ടായി. ഇത്രനല്ല ഒരു സൈറ്റ് ഉണ്ടായിട്ടും നമ്മുടെ മലയാളി ഫോട്ടോഗ്രാഫേർസിന്റെ ശ്രദ്ധിയിൽ ഇതങ്ങനെ വേണ്ടത്ര ശ്രദ്ധ നേടിയില്ല എന്നത് അത്ഭുതമായിരിക്കുന്നു എന്നു പറയാതെ വയ്യ! ചിത്രങ്ങൾ ഫ്രീ ആയി അപ്ലോഡ് ചെയ്യാനുള്ള ഓപ്ഷൻ ചള്ളിയാന്റെ സൈറ്റ് തരുന്നുണ്ട്. സൈറ്റ് മെയിന്റനൻസിനു വേണ്ടിയുള്ള അല്പം തുക എടുത്ത് ബാക്കി അതേപടി ഫോട്ടോഗ്രാഫേർസിനു കൊടുക്കുന്നുമുണ്ട്.
ഫോട്ടോഗ്രാഫേർസിനോട് പറയാനുള്ളത്
സോഷ്യൽ നെറ്റ്‌വർക്കുകളിലെ ഫോട്ടോഗ്രാഫേർസ് ഒക്കെ കട്ട പ്രകൃതിസ്നേഹികളാണെന്നു തോന്നും. അത്രയ്ക്കുണ്ട് അവരുടെ പ്രകൃതി ചിത്രങ്ങൾ. അതു മാത്രം പോരാ. ചിത്രങ്ങളിൽ വെറൈറ്റി കൊണ്ടുവരണം. നല്ല ക്യാമറയും അതിൽ അല്പം ഐഡിയയും ഇൻവെസ്റ്റ് ചെയ്താൽ നല്ലൊരു വരുമാനമാർഗം തന്നെയാണു ഫോട്ടോഗ്രാഫി. കഴിഞ്ഞ 5 വർഷങ്ങളിലായി നിരവധി ചിത്രങ്ങൾ ഞാൻ വാങ്ങിക്കുകയുണ്ടായി. എന്റെ ആവശ്യങ്ങൾ പ്രധാനമായും വെബ്‌സൈറ്റ്, പിന്നെ പോസ്റ്റേർസ്, ബാനർ എന്നിങ്ങനെ പോകുന്നു. ചിത്രങ്ങൾ വാങ്ങിക്കുമ്പോൾ ഞാൻ മുൻതൂക്കം കൊടുക്കുന്ന ചില പ്രധാന കൺസെപ്റ്റുകൾ പറയാം.
ഒബ്ജക്റ്റിന്റെ ക്ലോസ് അപ് ഫോട്ടോസിനാണു ഊന്നൽ നൽകുക. ഒത്തിരി ഒബ്ജക്റ്റുകൾ കുത്തിനിറച്ചതോ, അവയുടെ ദൂരെ നിന്നുള്ള ദൃശ്യങ്ങളോ ഞാൻ എടുക്കാറില്ല.
ബാക്ക്ഗ്രൗണ്ട് പ്ലെയിനായിരുന്നാൽ വളരെ നല്ലത്. എന്തെങ്കിലും കളറാണെങ്കിലും ഒപ്പിക്കും. പരമാവധി ഏതെങ്കിലും ഒറ്റ കളർ ഉള്ളതു തന്നെയാവും എടുക്കുക. ഇതു മറ്റൊന്നിനുംവേണ്ടിയല്ല, ഞാനവ വേറെ ഏതെങ്കിലും പ്രതലത്തിൽ ട്രാൻസ്പരന്റായിട്ടാവും ഉപയോഗിക്കുക.
ആശയങ്ങളെ വ്യംഗ്യമായി ദ്യോതിപ്പിക്കുന്ന ചിത്രങ്ങൾക്കു മുൻഗണന. എന്നുവെച്ചാൽ ടീംവർക്ക് എന്ന കീവേർഡ് ചേർച്ച് ചെയ്തെന്നു കരുതുക, കുറേ ഉറുമ്പുകൾ അരിമണിയോ മറ്റോ പൊക്കിയെടുത്തു കൊണ്ടുപോകുന്ന ചിത്രം കിട്ടിയാൽ ഞാൻ തൃപ്തനായി.. അപ്പോഴും മുൻപു പറഞ്ഞ ബാക്ക്ഗ്രൗണ്ട് പ്രശ്നമാവാതെ കിട്ടണം.
മൂന്നോ നാലോ കളറിൽ ചിത്രം ഒതുങ്ങിയാൽ നന്നായി.
വിശാലമായ ഫ്രെയിം വർക്ക് ഒരുക്കുന്നതിനേക്കാൾ ഒരു ഒബ്ജക്റ്റ് ഓറിയന്റഡായി ഉള്ള ഫോട്ടോ ആയിരിക്കും പെട്ടന്നു വിറ്റുപോവുക. ഉദാഹരണത്തിന് ഒരു വലിയ കളിക്കളത്തിന്റെ ഫോട്ടോ കൊടുക്കുന്നതിനു പകരം അതിലെ ഒരു കളിക്കാരനെ മാത്രം കേന്ദ്രീകരിച്ചോ, കളിയിലുപയോഗിക്കുന്ന പന്തിനെ കേന്ദ്രീകരിച്ചോ കളിക്കാരന്റെ കൈയിലിരിക്കുന്ന ഉപകരണത്തെ കേന്ദ്രീകരിച്ചോ വനിർവചിക്കുന്നതായിരിക്കണം ചിത്രങ്ങൾ.
ഫോട്ടോഗ്രാഫേർസ് എപ്പോഴും മാർക്കറ്റ് അറിഞ്ഞിരിക്കണം. വഴിയിൽ കാണുന്ന പരസ്യങ്ങളിലെ ചിത്രങ്ങളെ സൂക്ഷ്മമായി നിരീക്ഷിക്കണം അവയുടെ ട്രൻഡ് മനസ്സിലാക്കിയിരിക്കണം. വന്നുപോകുന്ന വെബ്‌സൈറ്റുകളെ കാര്യമായി പഠിക്കണം. കൂടാതെ ഫോട്ടോഗ്രാഫിയെ ശാസ്ത്രീയമായിതന്നെ സമീപിക്കണം. എന്തു ഫോട്ടോ എടുത്താലും അവ എടുക്കും മുമ്പുതന്നെ അവയ്ക്ക് കൊടുക്കേണ്ട കീവേർഡ്സ് ഇന്നതായിരിക്കണം എന്ന ദീർഘവീക്ഷണംനുണ്ടായിരിക്കണം. മാർക്കറ്റ് നോക്ക് കീവേർഡുകളുടെ ഒരു ശേഖരം ഉണ്ടാക്കി അവയ്ക്ക് വേണ്ടി ഫോട്ടോസ് തപ്പണം. എന്തായാലും ക്യാമറയുമായി നിങ്ങൾ ഒരുങ്ങി പുറപ്പെടുന്നു; അപ്പോൾ ഇത്തരത്തിലുള്ള ഒരു കുഞ്ഞു ചിന്ത കൂടി മനസ്സിൽ ഉണ്ടായാൽ വലിയൊരു മാറ്റംതന്നെ ഭാവിയിൽ ഉണ്ടാവുമെന്നു കരുതാം 😉
കീവേർഡുകൾ
ഒരു പ്രധാന കൺസൾട്ടിങ് കമ്പനിയിലെ ഐടി ടീമിൽ വർക്ക് ചെയ്യുന്ന എനിക്ക് അത്യാവശ്യം വേണ്ട കീവേഋഡുകൾ താഴെ കൊടുക്കുന്നു.talent, opportunity, aim, goal, job, vacancy, recruitment, Contact us, acquisition, bank, credit, finance, search, jigsaw, teamwork, circuit, employee, employer, career, success, growth തുടങ്ങിയ ഒട്ടനവധി സേർച്ചിങ് കീവേർഡുകളുമായാണ് ഞാൻ ഇത്തരം സൈറ്റുകളെ സമീപിക്കാറുള്ളത്. ഈ കീവേർഡുകളുടെ അർത്ഥം ധ്വനിപ്പിക്കുന്ന ഏതു ചിത്രവും എനിക്കിഷ്ടമാവും. ഉദാഹരണത്തിന് ഗ്രോത്തിനെ കാണിക്കാൻ ഒരു മരത്തിന്റെ തൈ അതിന്റെ മുള പൊട്ടിവിരിഞ്ഞ് മരമാവുന്നതിലേക്കുള്ള പ്രോസസ് ക്രമമായി എടുത്ത ഫോട്ടോസ് (വരച്ച ചിത്രമായാലും മതി) അയാൽ മതിയാവും. ഏതെങ്കിലും നല്ല ഫോട്ടോ എഡിറ്റിങ് സോഫ്റ്റ്‌വെയർ ഉപയോഗിച്ച് കീവേർഡുകൾ ഫോട്ടോയിൽ തന്നെ മെറ്റാടാഗായി കൊടുക്കാനുള്ള വഴികളും ഒരു നല്ല ഫോട്ടോഗ്രാഫർ പഠിക്കണം. ഗൂഗിൾ പോലുള്ള സേർച്ച് എഞ്ചിനുകൾ ആ കീവേർഡുകൾ മനസിലാക്കി ആവശ്യക്കാർക്ക് കൃത്യമായി ചിത്രം എത്തിച്ചുകൊടുക്കാൻ ഇതുപകരിക്കും.
ഫോട്ടോഗ്രാഫേർസിനു മാത്രമല്ല നല്ല ചിത്രകാരന്മാർക്കും ഈ രംഗത്തേക്ക് വരാവുന്നതാണ്. മുകളിൽ പറഞ്ഞ കീവേർഡുകൾ എന്റെ തൊഴിലുമായി ബന്ധപ്പെട്ടവ മാത്രമാണ്. ഇതുപോലെ നിരവധി കീവേർഡുകൾ കണ്ടെത്താവുന്നതാണ്. അവയ്ക്ക് യഥാവിധം ചേരുന്നവ വരച്ചെടുത്ത ചിത്രങ്ങൾ ആയാലും ഞാൻ അതു വാങ്ങിക്കാറുണ്ട്. വിവിധ ഐക്കണുകൾ, ഇല്ലുസ്റ്റ്ട്രേഷനുകൾ എന്നിവയൊക്കെ വരച്ചെടുക്കാം. നല്ല വെബ് 2 കളറിൽ വരച്ച ചിത്രങ്ങൾക്ക് ഒരു വാക്യത്തേക്കാൾ ഒരായിരം അർത്ഥങ്ങൾ ജനിപ്പിക്കാനാവുന്നുണ്ട്.
കേവലം പ്രകൃതി ചിത്രണത്തിൽ മാത്രം ശ്രദ്ധകേന്ദ്രീകരിച്ച് സോഷ്യൽ നെറ്റ് വർക്കിങ് സൈറ്റുകളിൽ നിന്നും കിട്ടുന്ന കമന്റിലും ലൈക്കിലും മനസ്സുടക്കി വീഴാതെ, ചിത്രമെഴുത്തിലെ നൂതനമാറ്റങ്ങൾ ഉൾക്കൊണ്ട് മുന്നേറാൻ എല്ലാ ഫോട്ടോഗ്രാഫേർസിനും ഈ ലേഖനം ഒരു പ്രചോദനം ആകട്ടെ എന്നാശംസിക്കുന്നു.
യാഹുമെയിലില്‍ html signature കൊടുക്കാനുള്ള സൗകര്യം മുമ്പുതന്നെ ഉണ്ട്. ഏതെങ്കിലും html editor-ല്‍ ഒരു കുഞ്ഞു സിഗ്‌നേച്ചറുണ്ടാക്കി കോപ്പി എടുത്ത് അവിടെ പേസ്റ്റ് ചെയ്താല്‍ മതിയാവും. എന്നാല്‍ ജിമെയില്‍ പോലുള്ള പല മെയില്‍ സര്‍വീസുകളിലും ആ ഒരു സൗകര്യം നിലവില്ലില്ല. html ഉപയോഗിച്ച് അത്യാവശ്യം കളികള്‍ കളിക്കുന്നവരെ നിരാശരാക്കുന്ന ഒരു കാര്യമാണത്. എന്നാല്‍ വൈസ്‌സ്റ്റാമ്പെന്ന ഒരു മോസില്ല ആഡ്‌ഓണ്‍ ഉപയോഗിച്ച് നമുക്കിത് ഭംഗിയായി ചെയ്യാവുന്നതാണ്. എന്റെ ജീമെയില്‍ കിട്ടിയ പലരും, അതിലെ സിഗ്നേച്ചര്‍ കണ്ടിട്ട് അതെങ്ങനെ ഉണ്ടാക്കിയെന്നു ചോദിക്കുകയുണ്ടായി. (ദാ ഇവിടെ ഉണ്ട് ആ സിഗ്നേച്ചര്‍!)അന്നേ തോന്നിയ ഒരാശയമായിരുന്നു, ജിമെയില്‍ സിഗ്നേച്ചറിനെ കുറിച്ചൊരു പോസ്റ്റ്. ഇതു കൊണ്ട് ജീമെയിലില്‍ മാത്രമല്ല, മറ്റു പല മെയില്‍സര്‍വീസുകളിലും നമുക്ക് സിഗ്നേച്ചര്‍ ഉണ്ടാക്കാവുന്നതാണ്.
സിഗ്നേച്ചര്‍
മെയിലിനു കീഴെ അല്പം ഭംഗിയില്‍ പേരും അഡ്രസ്സും ഫോണ്‍ നമ്പറും അതുപോലെ അത്യാവശ്യം ചിലകാര്യങ്ങളും html കോഡുപയോഗിച്ച് എഴുതുക എന്നേ സിഗ്നേച്ചര്‍ എന്നതുകൊണ്ട് ഇവിടെ അര്‍ത്ഥമാക്കുന്നുള്ളൂ. അതിനായ് വേണമെങ്കില്‍ ഇമേജുകളും ഉപയോഗിക്കാം. പിന്നീട് മെയില്‍ കംമ്പോസുചെയ്യുമ്പോള്‍ അതു താഴെ അറ്റാച്ച്‌ഡായി വരുന്നതു കാണാം. ഇമേജുകള്‍ ഉപയോഗിക്കുന്നവര്‍, ആ ഇമേജുകള്‍ ഓണ്‍ലൈനില്‍ എന്നും സൂക്ഷിക്കാന്‍ ഒരിടം(പിക്കാസ വെബ്‌ആര്‍ബം, നിങ്ങളുടെ വെബ്‌സ്പേസ്, ഇതുപോലെ ഏതെങ്കിലും ഒന്ന്) കണ്ടെത്തുകയും അവിടെ ആ ഇമേജുകള്‍ ആദ്യം തന്നെ സൂക്ഷിക്കേണ്ടതുമാണ്.
ഡൗണ്‍ലോഡുചെയ്യുക
മോസില്ലയില്‍ ഈ ആഡ്‌ഓണ്‍ ഇന്‍സ്റ്റാള്‍ ചെയ്യുക. ഇതു ഡൗണ്‍ലോഡ് ചെയ്തശേഷം തുറന്നു വെച്ച മോസില്ല ബ്രൗസറിലേക്ക് ഡ്രാഗ് ചെയ്തുകൊണ്ടിട്ടാല്‍ മതി. അപ്പോള്‍ ഇന്‍സ്റ്റാള്‍ ചെയ്യാനുള്ള ഓപ്‌ഷന്‍ കിട്ടും. സാധാരണ ആഡ്‌ഓണ്‍സ് ഇന്‍സ്‌റ്റാള്‍ ചെയ്യുന്നതുപോലെ തന്നെയാണ്. ആഡ്‌ഓണ്‍ ഇന്‍സ്റ്റാള്‍ ചെയ്തു കഴിഞ്ഞാന്‍ ബ്രൗസര്‍ ഒന്നു റീസ്റ്റാര്‍ട്ട് ചെയ്യാന്‍ പറയും. ഇതിനായി ബ്രൗസര്‍ ക്ലോസ് ചെയ്ത ശേഷം വീണ്ടും ഓപ്പണ്‍ ചെയ്താല്‍ മതിയാവും. ഇനി മോസില്ലയുടെ മുകളിലെ മെനുവില്‍ ടൂള്‍സ് ക്ലിക്ക് ചെയ്ത് അതിലെ ആഡ്‌ഓണ്‍സ് (Add-Ons) ക്ലിക്ക് ചെയ്യുക. ആഡ്‌ഓണ്‍സിന്റെ ഒരു വിന്‍ഡോ ഓപ്പണ്‍ ചെയ്തു വരുന്നതു കാണാം. അതില്‍ എക്‌സ്റ്റന്‍ഷന്‍സ് (extensions) എന്നൊരു ടാബുണ്ടാവും. അതു ക്ലിക്കുചെയ്ത് താഴെ വൈസ്‌സ്റ്റാമ്പ് എന്നൊരു എക്‌സ്റ്റന്‍ഷന്‍ കൂട്ടിച്ചേര്‍ത്തിട്ടുണ്ടോ എന്നു നോക്കുക: ചിത്രം നോക്കിയാല്‍ കൂടുതല്‍ മനസിലാവും.
ഇതില്‍ വന്നാല്‍ നിങ്ങളുടെ ആഡ്‌ഓണ്‍ കൃത്യമായിതന്നെ ഇന്‍സ്‌റ്റാള്‍ഡ് ആണെന്നര്‍ത്ഥം.
സിഗ്നേച്ചര്‍ ഉണ്ടാക്കുക
വളരെ ശ്രദ്ധിച്ചുചെയ്യേണ്ട ഒരു കാര്യമാണിത്. നിങ്ങള്‍ക്ക് ഏതെങ്കിലും html എഡിറ്റര്‍ ഉപയോഗിച്ച് നല്ലൊരു സിഗ്നേച്ചര്‍ ഉണ്ടാക്കാവുന്നതാണ്. (ഞാന്‍ ഉപയോഗിക്കുന്നത് അഡോബിന്റെ ഡ്രീംവീവറാണ്) സ്റ്റൈല്‍സ് ഒക്കെ ഇന്‍ലൈന്‍ ആയിത്തന്നെ കൊടുക്കണം. ഇമേജുകള്‍ ഉപയോഗിക്കുന്നുണ്ടെങ്കില്‍ മുകളില്‍ പറഞ്ഞത് ഓര്‍മ്മയുണ്ടല്ലോ അവ ഓണ്‍ലൈനില്‍ എന്നും ഉണ്ടാവുന്ന വിധം ഏതെങ്കിലും ഒരു സെര്‍വറില്‍ വേണം സൂക്ഷിക്കാന്‍. ഇനി ഇതൊന്നുമറിയാത്തവര്‍ക്ക് ഞാന്‍ ഉപയോഗിക്കുന്ന സിഗ്നേച്ചറിന്റെ കോഡുതരാം, അതിലെ കണ്ടറ്റുപാര്‍ട്ടില്‍ നിങ്ങള്‍ക്കു വേണ്ടുന്ന മാറ്റങ്ങള്‍ വരുത്തിയാല്‍ മതി. അതില്‍ കാണുന്ന ഇമേജ്‌സ് ഒക്കെ ഓണ്‍ലൈനില്‍ തന്നെ ഉള്ളതിനാല്‍ അതിനേകുറിച്ചും വേവലാതി വേണ്ട.
ഒരു നോട്പാഡില്‍ അതു പേസ്റ്റ് ചെയ്യുക – ഒരു html എഡിറ്റാറാണെങ്കില്‍ വളരേ നല്ലത്.
പേര്‍, നമ്പര്‍ എന്നിവ മാറ്റുക,
സോഷ്യല്‍ നെറ്റ്‌വര്‍ക്കിലെ നിങ്ങളുടെ പ്രൊഫൈല്‍ ലിങ്ക് കണ്ടുപിടിച്ച് വളരെ ശ്രദ്ധാപൂര്‍വം മാറ്റുക,
ഇനി ഇവിടെ കൊടുത്തിരിക്കുന്ന സോഷ്യല്‍ നെറ്റ്വര്‍ക്ക് ലിങ്കില്‍ ഏതെങ്കിലും ഒന്നില്‍ നിങ്ങള്‍ക്ക് പ്രൊഫൈല്‍ ഇല്ലെന്നു കരുതുക. അതപ്പോള്‍ ഒഴിവാക്കേണ്ടതാണല്ലോ. അതിന് ആ ലിങ്ക് ഉള്‍പ്പെട്ട <li> ടാഗ് ( <li> style=”float:…. മുതല്‍ </li> വരെ ഉള്ള ഭാഗം) എടുത്തു കളഞ്ഞാല്‍ മതി.
ഇതില്‍ ഇല്ലാത്തൊരു ലിങ്ക് കൂട്ടിച്ചേര്‍ക്കാന്‍ അല്പം പാടാണ്.
ഇനി ചെയ്യേണ്ടത്
ഇനി, മോസില്ല ഓപ്പണ്‍ ചെയ്യുക. നേരത്തേ പറഞ്ഞ ആഡോണ്‍ എടുക്കക ( click: tools -> Add-ons then Extensions) അതില്‍ Options എന്നൊരു ബട്ടണ്‍ ഇടതുവശത്തുണ്ടാവും അതു ക്ലിക്ക് ചെയ്യുക. ഇപ്പോള്‍ വരുന്ന വിന്‍ഡോ ഒന്നു നന്നായി നോക്കുക. അതില്‍ Choose your Signature: എന്നുണ്ട്; Your Details: എന്നൊരു സെക്‌ഷന്‍ ഉണ്ട് – അതില്‍ തന്നെ HTML എന്നൊരു ബട്ടണ്‍ ഉണ്ട്. അതില്‍ ക്ലിക്ക് ചെയ്താല്‍ വിഷ്വല്‍ (Visual) എന്നായി അതിന്റെ പേരു മാറുന്നതു കാണാം. അതിനു താഴെ വലിയൊരു ടെക്‌സ്‌റ്റ്ബോക്‌സും കാണാം. HTML എന്നു പേരുള്ള ബട്ടണ്‍ ക്ലിക്ക് ചെയ്താല്‍ വരുന്ന ഈ ബോക്‌സില്‍ നമ്മള്‍ നേരത്തേ നോട്‌പാഡില്‍ തയ്യാറാക്കി വെച്ചിരിക്കുന്ന html code പേസ്റ്റ് ചെയ്താല്‍ മതി. ഇനി വേണമെങ്കില്‍ ഏറ്റവും താഴെ ഉള്ള Preview എന്ന ബട്ടണ്‍ ക്ലിക്ക് ചെയ്താല്‍ അതെങ്ങനെ വരുമെന്നു കാണാനുമാവും. ഇനി എല്ലാം OK കൊടുത്തു ക്ലോസ് ചെയ്യുക.
ഇനി നിങ്ങളുടെ ജിമെയില്‍ ഓപ്പണ്‍ ചെയ്യുക. അവിടെ സെറ്റിംങ്‌സില്‍ ജെനറല്‍ പാര്‍ട്ടില്‍ താഴെ സിഗ്നേച്ചര്‍ എന്ന ഭാഗം നോക്കുക. അവിടെ താഴെ കാണുന്നതു പോലെ വന്നു കാണും.
അത്യാവശ്യം വേണ്ട എഡിറ്റിംങുകള്‍ ഇവിടേയും നടത്താം. രണ്ട് സിഗ്നേച്ചര്‍ വന്നിട്ടുണ്ടെങ്കില്‍ ഒന്ന് ഇവിടെവെച്ചു തന്നെ ഡിലീറ്റ് ചെയ്തേക്ക്. സിഗ്നേച്ചര്‍ ബോക്സില്‍ സിഗ്നേച്ചര്‍ വന്നു കഴിഞ്ഞാല്‍ വീണ്ടും മോസില്ലയുടെ ടൂള്‍സില്‍ ആഡോണ്‍സില്‍ പോയി ആ ആഡോണിനെ എടുക്കുക. അതിനി വേണ്ട. അതവിടെ കിടന്നാല്‍ മെയില്‍ സിഗ്നേച്ചറില്‍ ഇനി രണ്ട് സിഗ്നേച്ചര്‍ വനുകൊണ്ടിരിക്കും. അവിടെ നിന്നു തന്നെ Uninstall ചെയ്തു കളഞ്ഞേക്ക്… അല്ലെങ്കില്‍ ഡിസേബിള്‍ ചെയ്തു വെച്ചേക്ക്. (ഡൗണ്‍ലോഡുചെയ്യുക എന്ന മുകളിലെ ഹെഡിംങിനു കീഴിലുള്ള ചിത്രം നോക്കുക. uninstall ചെയ്യാനും disable ചെയ്യാനും ഉള്ള ബട്ടണുകള്‍ കാണാവുന്നതാണ്.)
വളരെ എളുപ്പമാണിത്. കോഡ് എഡിറ്റുചെയ്യുമ്പോള്‍ നല്ല ശ്രദ്ധ വേണം. എന്റെ ജീമെയില്‍ സിഗ്നേച്ചറിന്റെ ഗുട്ടന്‍സ് പിടികിട്ടിക്കാണുമെന്നു കരുതുന്നു. സ്വന്തമായി ഇതിനുവേണ്ട കോഡ് എഴുതുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യം അതിന്റെ സ്റ്റൈല്‍ ഇന്‍ലൈനായി തന്നെ എഴുതണം എന്നതാണ്. പുതിയൊരു സിഗ്നേച്ചര്‍ ഉണ്ടാക്കി തരണമെന്ന് ആരും പറഞ്ഞേക്കരുത് 🙂 പലര്‍ക്കും പല ഐഡിയ ആണല്ലോ ശ്രമിച്ചു നോക്കുക. വിജയിച്ചാല്‍ ഒരു മെയില്‍ എനിക്കും അയക്കാന്‍ മറക്കരുത്!
As a web designer, we will always deal with colors. There are a lot of useful online color tools such as color wheel, color scheme, color palette, color picker, and etc.