ടാക്സ് – ഒരു പരിവേദനം

tax burden of professionals

പ്രിയപ്പെട്ട വായനക്കാരാ,
മുപ്പത്തിയഞ്ചു വയസ്സുകഴിഞ്ഞ ചെറുപ്പക്കാരനാണ്! താങ്കൾക്ക് വേണമെങ്കിൽ മദ്ധ്യവയസ്ക്കനെന്നും വിളിക്കാം – പക്ഷേ കണ്ടാൽ പറയില്ല. ആറേഴു വർഷമായി Continue reading

നാണമില്ലേ ഈ മനുഷ്യന്?

മൗനിയായ ഇന്ത്യൻ പ്രധാനമന്ത്രി ഒരു ദുരന്തകഥാപാത്രം എന്ന് അമേരിക്കയിലെ പ്രഖ്യാപിതപത്രമായ വാഷിങ്‌ഡൺ പോസ്റ്റ് ഇന്നലെ പ്രസിദ്ധപ്പെടുത്തിയിരിക്കുന്നു!!
നാട്ടുകാരൊക്കെ ഒന്നുചേർന്ന് പറഞ്ഞു മടുത്തുപോയിട്ടുണ്ട്, ഇപ്പോൾ അന്യനാട്ടുകാരും പറഞ്ഞു തുടങ്ങിയിരിക്കുന്നു.. അണ്ടർ അച്ചീവർ എന്ന് ടൈം മാഗസിൻ പറഞ്ഞു നാക്കെടുത്തു വെച്ചതേ ഉള്ളൂ… ലണ്ടനിലെ ഇണ്ടിപെണ്ഡൻസ് എന്ന പത്രവും തത്തുല്യമായ പരാമാർശം പ്രധാനമന്ത്രിയെ പറ്റി നടത്തിയിട്ടുണ്ട്. അഴിമതിയില്‍ മുങ്ങിയ സര്‍ക്കാറിന് നേതൃത്വം നല്‍കുന്ന പ്രാപ്തിയില്ലാത്ത പ്രധാനമന്ത്രിയാണ് മന്‍മോഹന്‍സിംങിനെ പത്രം വിലയിരുത്തിയിരിക്കുന്നത്. മന്ത്രിസഭാംഗങ്ങള്‍ അഴിമതിയിലൂടെ കീശ വീര്‍പ്പിക്കുമ്പോള്‍ ഇതൊക്കെ കണ്ടില്ലെന്നു നടിച്ച് നിശബ്ദത പാലിച്ചാണ് മന്‍മോഹന്‍ സിങ് സ്വന്തം പ്രശസ്തി നശിപ്പിക്കുന്നതെന്ന് വാഷിങ്ടണ്‍ പോസ്റ്റ് ലേഖനത്തില്‍ കുറ്റപ്പെടുത്തുന്നു.

മാഡത്തിന്റെ മൂടും താങ്ങി നടന്ന് സകല അഴിമതികൾക്കു നേരേയും കണ്ണടച്ച് അത്മാഭിമാനം പണയപ്പെടുത്തിയാണിവർ ഭരണയന്ത്രം കയ്യാളുന്നതെന്നു ചിലരൊക്കെ വിലയിരുത്തിയതു കണ്ടു!! വാഷിങ്‌ഡൺ പോസ്റ്റ് നിർവഹിച്ചത് തികഞ്ഞ ഉത്തരവാദിത്വത്തോടെ തന്നെയാണ് എന്നു കാണാവുന്നതാണ്. കേന്ദ്രം സകലശക്തിയും എടുത്ത് എതിർത്തിട്ടും; പത്രം ക്ഷമാപണം നടത്തണം എന്നുപറഞ്ഞിട്ടും അമേരിക്കൻ പത്രം അവരുടെ അഭിപ്രായത്തിൽ ഉറച്ചു നിൽക്കുന്നതു കാണാം. അമേരിക്കൻ ഭരണകൂടത്തെ തന്നെ പലതവണ വിമർശിച്ചെഴുതിയിട്ടുള്ളതാണ് വാഷിങ്‌ഡൺ പോസ്റ്റ് എന്നതോർക്കുക. ഭരണകൂടത്തിന്റെ അഴിമതികൾക്കെതിരെ വിമർശനബുദ്ധ്യാ പല ഫീച്ചറുകളും പ്രസിദ്ധീകരിച്ച് അവരുടെ പത്രധർമ്മം യഥാവിധം നിർവഹിച്ച ചരിത്രവും അവർക്കുണ്ട്. അങ്ങനെയൊരു പത്രം കേവലം വൈരാഗ്യബുദ്ധിപ്രകടിപ്പിച്ചതാനെന്നു കരുതാൻ മാർഗമില്ല. ഇങ്ങനെ നാണംകെട്ടു നടക്കേണ്ടതുണ്ടോ ഒരു പ്രധാനിക്ക്!

ഒരുനാൾ കോൺഗ്രസ് ഇന്ത്യയിൽ നിന്ന് അപ്രത്യക്ഷമാവാൻ ഒരുപക്ഷേ ഇദ്ദേഹത്തെ പോലുള്ള മിണ്ടാപ്രാണികൾ കാരണമായിക്കൂടെന്നില്ല.  ഒരുപാടു സമൂഹങ്ങൾ, സംസ്കാരമുള്ളവർ, ഭാഷക്കാർ ഒന്നിച്ചു ജീവിക്കുന്ന ഇടമാണു ഭാരതം, അത്ര എളുപ്പമല്ല ഇവരെ ഒന്നിച്ചു നിർത്താൻ. ഒത്തിരി നല്ലകാര്യങ്ങൾ ഈ കാലയളവിൽ കാണാൻ കഴിഞ്ഞിട്ടുണ്ട്. അതിൽ പത്തെണ്ണം താഴെ കൊടുക്കാം. ശ്രദ്ധേയമായ 10 നേട്ടങ്ങൾ താഴെ പറയുന്നവയാണ്:

  1. സാമ്പത്തിക വളർച്ച: അദ്ദേഹത്തിന്റെ ഭരണകാലത്ത് ഇന്ത്യ 8-9% സാമ്പത്തിക വളർച്ചാ നിരക്ക് കൈവരിച്ചു. 2007-ൽ ഇന്ത്യ ലോകത്തിലെ അതിവേഗം വളരുന്ന രണ്ടാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി മാറി.
  2. വിവരാവകാശ നിയമം (RTI Act): 2005-ൽ നടപ്പിലാക്കിയ വിവരാവകാശ നിയമം സർക്കാർ പ്രവർത്തനങ്ങളിൽ സുതാര്യതയും ഉത്തരവാദിത്തവും ഉറപ്പുവരുത്തിക്കൊണ്ട് പൗരന്മാരെ ശാക്തീകരിച്ചു.
  3. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമം (MGNREGA): 2005-ൽ ആരംഭിച്ച ഈ പദ്ധതി ഗ്രാമീണ മേഖലയിലെ ഓരോ കുടുംബത്തിനും ഒരു സാമ്പത്തിക വർഷത്തിൽ കുറഞ്ഞത് 100 ദിവസത്തെ തൊഴിൽ ഉറപ്പുനൽകി, ഇത് ഗ്രാമീണ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിൽ വലിയ പങ്കുവഹിച്ചു.
  4. ഇന്ത്യ-യുഎസ് സിവിൽ ആണവ കരാർ: 2008-ൽ ഒപ്പുവെച്ച ഈ കരാർ ഇന്ത്യയുടെ ആണവ ഒറ്റപ്പെടൽ അവസാനിപ്പിക്കുകയും മറ്റ് രാജ്യങ്ങളുമായി ആണവ വാണിജ്യത്തിൽ ഏർപ്പെടാൻ അനുവദിക്കുകയും ചെയ്തു. ഇത് ഇന്ത്യയുടെ ഊർജ്ജ സുരക്ഷയ്ക്കും അന്താരാഷ്ട്ര നിലയ്ക്കും വലിയ മുതൽക്കൂട്ടായി.
  5. വിദ്യാഭ്യാസ അവകാശ നിയമം (Right to Education Act): 2009-ൽ നടപ്പിലാക്കിയ ഈ നിയമം 6 മുതൽ 14 വയസ്സുവരെയുള്ള കുട്ടികൾക്ക് വിദ്യാഭ്യാസം ഒരു മൗലികാവകാശമാക്കി.
  6. ദേശീയ ഗ്രാമീണ ആരോഗ്യ മിഷൻ (NRHM): 2005-ൽ ആരംഭിച്ച ഈ പരിപാടി ശിശുമരണനിരക്കും മാതൃമരണനിരക്കും കുറയ്ക്കുന്നതിനും ഗ്രാമീണ മേഖലകളിൽ ആരോഗ്യ സംരക്ഷണ സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും ലക്ഷ്യമിട്ടു.
  7. അടിസ്ഥാന സൗകര്യ വികസനം: നഗര അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനായി ജവഹർലാൽ നെഹ്റു ദേശീയ നഗര പുനരുജ്ജീവന മിഷൻ (JNNURM) പോലുള്ള പദ്ധതികൾക്ക് തുടക്കമിട്ടു. വാജ്പേയി സർക്കാർ ആരംഭിച്ച ഹൈവേ ആധുനികവൽക്കരണ പരിപാടികളും അദ്ദേഹം തുടർന്നു.
  8. ബഹിരാകാശ ശാസ്ത്രരംഗത്തെ മുന്നേറ്റം: 2008-ൽ ചന്ദ്രയാൻ-1 ദൗത്യം വിജയകരമായി വിക്ഷേപിച്ചത് ഉൾപ്പെടെ ഇന്ത്യയുടെ ബഹിരാകാശ പദ്ധതിക്ക് അദ്ദേഹം വലിയ പിന്തുണ നൽകി. ഇത് ചന്ദ്രനിൽ ജലാംശം കണ്ടെത്തുന്നതിനും ഇന്ത്യയെ ചാന്ദ്ര ഗവേഷണ രംഗത്തെ പ്രധാനിയാക്കുന്നതിനും സഹായിച്ചു.
  9. ബാങ്കിംഗ്, ധനകാര്യ മേഖലയിലെ പരിഷ്കാരങ്ങൾ: ബാങ്കിംഗ്, ധനകാര്യ മേഖലകളിലും പൊതുമേഖലാ സ്ഥാപനങ്ങളിലും പരിഷ്കാരങ്ങൾ കൊണ്ടുവന്നു. കർഷകരുടെ കടങ്ങൾ എഴുതിത്തള്ളുന്നതിനുള്ള നടപടികളും സ്വീകരിച്ചു.
  10. വിദേശനയം: യുഎസ് ആണവ കരാറിന് പുറമെ, “ലുക്ക് ഈസ്റ്റ് പോളിസി” വഴി തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളുമായുള്ള ബന്ധം ശക്തിപ്പെടുത്തുകയും വ്യാപാരബന്ധങ്ങൾ വർദ്ധിപ്പിക്കുകയും ചെയ്തു. ആഫ്രിക്കൻ രാജ്യങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിലും അദ്ദേഹം പ്രധാന പങ്ക് വഹിച്ചു.

ഇതേ പോലെ ശ്രദ്ധയിൽ പെട്ട കോട്ടങ്ങളും ഒത്തിരിയുണ്ട്. അതിൽ പത്തെണ്ണം താഴെ കൊടുക്കുന്നു.

1. അഴിമതി ആരോപണങ്ങൾ

മൻമോഹൻ സിംഗ് സർക്കാരിന്റെ കാലത്ത് നിരവധി വലിയ അഴിമതി ആരോപണങ്ങൾ ഉയർന്നു. കൽക്കരി ഖനി അഴിമതി (Coalgate), 2G സ്പെക്ട്രം അഴിമതി, കോമൺവെൽത്ത് ഗെയിംസ് അഴിമതി എന്നിവ ഇതിൽ പ്രധാനപ്പെട്ടവയാണ്. ഈ ആരോപണങ്ങൾ സർക്കാരിന്റെ പ്രതിച്ഛായയെ സാരമായി ബാധിക്കുകയും പൊതുജനങ്ങളിൽ വലിയ അതൃപ്തി ഉണ്ടാക്കുകയും ചെയ്തു.

2. നയപരമായ സ്തംഭനം

സർക്കാരിന്റെ രണ്ടാം പകുതിയിൽ, പ്രത്യേകിച്ച് 2011-നു ശേഷം, നയപരമായ സ്തംഭനം (Policy Paralysis) ഉണ്ടായതായി വിമർശനം ഉയർന്നു. സുപ്രധാന സാമ്പത്തിക പരിഷ്കാരങ്ങൾ നടപ്പിലാക്കുന്നതിൽ കാലതാമസം നേരിട്ടു, ഇത് നിക്ഷേപകരുടെ ആത്മവിശ്വാസം കുറയ്ക്കാൻ കാരണമായി.

3. പണപ്പെരുപ്പം

സാമ്പത്തിക വളർച്ചയുണ്ടായെങ്കിലും, ഈ കാലയളവിൽ ഉയർന്ന പണപ്പെരുപ്പം സാധാരണക്കാരന്റെ ജീവിതത്തെ കാര്യമായി ബാധിച്ചു. ഭക്ഷ്യവസ്തുക്കളുടെയും ഇന്ധനത്തിന്റെയും വില വർധിച്ചത് ജനജീവിതം ദുസ്സഹമാക്കി.

4. ആഗോള സാമ്പത്തിക പ്രതിസന്ധിക്ക് ശേഷമുള്ള തിരിച്ചടി

2008-ലെ ആഗോള സാമ്പത്തിക പ്രതിസന്ധിയെ ഇന്ത്യക്ക് നേരിടാൻ കഴിഞ്ഞെങ്കിലും, അതിനു ശേഷമുള്ള സാമ്പത്തിക വളർച്ച മന്ദഗതിയിലായി. ഇത് ആഭ്യന്തര പ്രശ്നങ്ങളും ആഗോള സാമ്പത്തിക സാഹചര്യങ്ങളും കാരണമായിരുന്നു.

5. ജൻ ലോക്പാൽ ബിൽ വിഷയത്തിലെ പ്രതിസന്ധി

അഴിമതിക്കെതിരെ ശക്തമായ നിയമം വേണമെന്ന് ആവശ്യപ്പെട്ട് അണ്ണാ ഹസാരെയുടെ നേതൃത്വത്തിൽ നടന്ന പ്രക്ഷോഭങ്ങൾ സർക്കാരിന് വലിയ വെല്ലുവിളിയായി. ജൻ ലോക്പാൽ ബിൽ പാസ്സാക്കുന്നതിൽ സർക്കാരിന് കാര്യമായ പുരോഗതി നേടാനായില്ല എന്നത് വിമർശിക്കപ്പെട്ടു.

6. സഖ്യകക്ഷി സർക്കാരിന്റെ പരിമിതികൾ

മൻമോഹൻ സിംഗിന്റെ സർക്കാർ സഖ്യകക്ഷികളുടെ പിന്തുണയോടെയായിരുന്നു ഭരിച്ചിരുന്നത്. ഇത് പലപ്പോഴും പ്രധാനപ്പെട്ട നയപരമായ തീരുമാനങ്ങൾ എടുക്കുന്നതിൽ പ്രതിബന്ധങ്ങൾ സൃഷ്ടിച്ചു. സഖ്യകക്ഷികളുടെ സമ്മർദ്ദം കാരണം പലപ്പോഴും കർശനമായ നിലപാടുകൾ എടുക്കാൻ സർക്കാരിന് കഴിഞ്ഞില്ല.

7. നേതൃത്വപരമായ കുറവ് (പെർസെപ്ഷൻ)

മൻമോഹൻ സിംഗ് ഒരു സാമ്പത്തിക വിദഗ്ദ്ധനായിരുന്നിട്ടും, അദ്ദേഹത്തിന് ശക്തമായ ഒരു രാഷ്ട്രീയ നേതാവിന്റെ പ്രതിച്ഛായ ഉണ്ടായിരുന്നില്ല. സോണിയ ഗാന്ധിയുടെയും കോൺഗ്രസ് പാർട്ടിയുടെയും നിയന്ത്രണത്തിലായിരുന്നു ഭരണം എന്ന് വിമർശകർ ആരോപിച്ചു. ഇത് തീരുമാനങ്ങൾ എടുക്കുന്നതിലെ വേഗതയെയും കാര്യക്ഷമതയെയും ബാധിച്ചു.

8. തീവ്രവാദം

മുംബൈ ഭീകരാക്രമണം (26/11) പോലുള്ള വലിയ ഭീകരാക്രമണങ്ങൾ ഈ കാലയളവിൽ നടന്നു. ഇത് രാജ്യത്തിന്റെ സുരക്ഷാ സംവിധാനങ്ങളിലെ പാളിച്ചകൾ എടുത്തു കാണിച്ചു.

9. വ്യവസായ സൗഹൃദ അന്തരീക്ഷം

അഴിമതി ആരോപണങ്ങളും നയപരമായ സ്തംഭനവും കാരണം വിദേശ നിക്ഷേപകരുടെ താൽപ്പര്യം കുറഞ്ഞു. പുതിയ പദ്ധതികൾക്ക് അനുമതി ലഭിക്കാൻ കാലതാമസം നേരിട്ടതും വ്യവസായ മേഖലയ്ക്ക് തിരിച്ചടിയായി.

10. തൊഴിലില്ലായ്മ

സാമ്പത്തിക വളർച്ചയുണ്ടായിട്ടും, വർധിച്ചുവരുന്ന ജനസംഖ്യയ്ക്ക് ആനുപാതികമായ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിൽ സർക്കാരിന് പരിമിതികളുണ്ടായിരുന്നു. ഇത് യുവാക്കൾക്കിടയിൽ തൊഴിലില്ലായ്മ വർദ്ധിപ്പിച്ചു.

ചുരുക്കത്തിൽ, മൻമോഹൻ സിംഗ് ഭരണകാലം കോൺഗ്രസ് പാർട്ടിക്കു നേട്ടങ്ങക്കേൾ കോട്ടങ്ങൾ തന്നെയാണുണ്ടാക്കിയത്.  സാമ്പത്തിക വളർച്ചാനേട്ടം, ഒത്തിരി ക്ഷേമപദ്ധതികൾ, അന്താരാഷ്ട്രാ അംഗീകരം പോലുള്ള വാക്കുകൾ കൊണ്ടും ഉദാഹരണങ്ങൾ കൊണ്ടും വോട്ടുപിടിച്ചു വാങ്ങാനാവുന്ന ഒരു കൂട്ടം ഉള്ളതിലാൽ തുടർഭരണം കിട്ടിയേക്കാം. നിരവധി ക്ഷേമപദ്ധതികൾ നടപ്പിലാക്കുകയും ചെയ്തുവെങ്കിലും, അഴിമതി ആരോപണങ്ങൾ, നയപരമായ സ്തംഭനം, നേതൃത്വപരമായ ദുർബലത എന്നിവ പാർട്ടിയുടെ പ്രതിച്ഛായയെ സാരമായി ബാധിക്കാതിരിക്കില്ല.  ഭാവിയിൽ കോൺഗ്രസ്സ് എന്നതു പുസ്തകത്താളുകളിലെ ഒരു കുറിപ്പു മാത്രമായി മാറാതിരുന്നാൽ ഇന്ത്യ എന്ന മഹാരാജ്യത്തിനത് ഗുണങ്ങൾ മാത്രമേ തരികയുള്ളൂ.

ഇതിന്റെ പേരാണോ ആശ്രദ്ധ!!

സ്ഥലനാമങ്ങളാണെങ്കിൽ പോലും അവ എഴുതുന്നതിൽ ഈ പത്രമാധ്യമങ്ങൾ എന്നാണൊരു ഏകത വരുത്തുക, ഇവിടെ മലയാള മനോരമയിലെ ഒരു വാർത്ത ശ്രദ്ധിക്കുക, കാസർഗോഡ് എന്ന വാക്ക് കാസർക്കോട്ട്, കാസർഗോഡ്, കാസർക്കോട് എന്നിങ്ങനെ മൂന്നു വ്യത്യസ്ത രീതിയിലാണ് ആ വാർത്തയിൽ വരുന്നത്. എന്തുകൊണ്ടാണിങ്ങനെ സംഭവിക്കുന്നത്? കേവലമൊരു അശ്രദ്ധയ്ക്കപ്പുറം ഗൗരവപൂർവ്വം സമീപിക്കേണ്ട കാര്യം തന്നെയാണിത്…

വാർത്താ ലിങ്ക്: http://goo.gl/H9JTv

NB: കോട്ടയത്തെ കൊടയം, കൊട്ടയം, കോഡയം എന്നൊക്കെ എഴുതിയാൽ മനോരമയും പനച്ചിയുമൊക്കെ സമ്മതിക്കുമോ ആവോ!!

പിണറായി അമേരിക്കൻ ചാരൻ!!

കൊലപാതകരാഷ്ട്രീയത്തെ വളരെ തീഷ്ണമായിതന്നെ നമ്മുടെ രാഷ്‌ട്രീയക്കാർ ആഘോഷിച്ചു വരുന്നുണ്ട്. ഈയൊരു കാര്യത്തിൽ ഇരയായവരും വേട്ടക്കാരും ഒരുപോലെ അത് കൊണ്ടാടുന്നു. രഷ്ട്രീയക്കരുടെ അനാവശ്യ ഇടപെടൽ കാരണം നിയമവ്യവസ്ഥ തന്നെ നോക്കുകുത്തിയാവുന്ന അവസ്ഥ പലതവണ നമ്മൾ കണ്ടുകഴിഞ്ഞു.  കൊലപാതകികളെ സംരക്ഷിക്കാൻ അധികാരം കൈയാളുന്ന ശക്തമായ രാഷ്ട്രീയനേതൃത്വമുണ്ടാവുമ്പോൾ കൊലയാളികൾ രാജകീയസുഖത്തോടെ ജീവിതം ആസ്വദിക്കുന്നു. അവർക്ക് വിരുന്നുകൊടുത്തും അവർ നടത്തുന്ന വിരുന്നുകളിൽ പങ്കെടുത്തും അവരെ സുഖിപ്പിച്ചും രാഷ്ട്രീയ നപുംസകങ്ങൾ അധികാരസ്ഥാനങ്ങളിലിരുന്ന് അജയ്യരെന്നു കരുതി കാലം കഴിക്കുന്നു.

സഖാവ് ടിപിയുടെ അറുകൊലയോടെ ഇതിനൊരു അവസാനം ഉണ്ടാകണം! ഇല്ലെങ്കിൽ ഉണ്ടാക്കണം! സഖാവ് ടിപിയുടെ കൊലപാതകത്തിന്റെ നടത്തിപ്പിൽ സിപിഎം നേതാക്കൾക്കുള്ള പങ്ക് വ്യക്തമായിക്കൊണ്ടിരിക്കുന്ന ഈ അവസരത്തിൽ അതിൽ നിന്നും ഒഴിഞ്ഞുമാറി കണ്ണടച്ചിരുട്ടാക്കാനാ ഉള്ള സിപിഎം നേതാക്കളുടെ ശ്രമം തികച്ചും അപലപനീയമാണ്. റാലി നടത്തിയും വാതോരാതെ അസഭ്യം പറഞ്ഞ് പ്രസംഗിച്ചു തെളിയിക്കേണ്ടതല്ല പാർട്ടിയുടെ നിരപരാധിത്വം! സഖാവ് ടിപിയുടെ കൊലയുമായി ബന്ധപ്പെട്ടവരെ കുറിച്ച് ഇപ്പോൾ പൊലീസിനു കിട്ടിയതിലും കൂടുതൽ തെളിവുകൾ പാർട്ടിക്ക് കിട്ടിയിരിക്കും. കൊലപാതകികളുടെ സംരക്ഷണം ഏറ്റെടുക്കാതെ അവരെ പിടിക്കാൻ പാർട്ടിഗ്രാമങ്ങളിൽ പൊലീസിനെ സഹായിക്കുകയാണ് സഖാക്കൾ ചെയ്യേണ്ടത്. പാർട്ടിയെ തകർക്കാനുള്ള ഗൂഢാലോചനയൊക്കെ പുറത്തുകൊണ്ടുവരാൻ സമയം ഇനിയും ഉണ്ട്. ഇപ്പോൾ വേണ്ടത് സഖാവ് ടിപിയുടെ ഘാതകരെ പുറത്തുകൊണ്ടുവരിക എന്നതുതന്നെയാണ്.  കൊലപാതികളെ നിയമത്തിനു മുന്നിൽ കൊണ്ടുവന്ന് അർഹിക്കുന്ന ശിക്ഷ വാങ്ങിച്ചുകൊടുക്കാനും കൊലപാതകാരാഷ്ട്രീയത്തെ തള്ളിപ്പറയാനും സിപിഎം തയ്യാറാവേണ്ടതുണ്ട്. ഇല്ലെങ്കിൽ ജനങ്ങളൊന്നടങ്കം സിപിഎമ്മിനെ തള്ളിപ്പറയുന്ന കാലം വിദൂരമായിരിക്കില്ല. കൊലപാതക രാഷ്ട്രിയത്തോടുള്ള സിപിഎമ്മിന്റെ രാഷ്ട്രീയസമീപനം എന്തെന്ന് വിടുവായിത്തം പറയാതെ അവരത് പ്രവൃത്തിപഥത്തിൽ കാണിക്കട്ടെ…

സഖാവ് ടിപിയുടെ അറുകൊലയുമായി ബന്ധപ്പെട്ട് ശക്തമായ കമ്മ്യൂണിസ്റ്റ് വിദ്ദ്വേഷം പടരുകയാണ്, തെളിവുകൾ പാർട്ടിനേതാക്കൾക്കു നേരെ വിരൽചൂണ്ടുമ്പോൾ അവരെ നോക്കി കണ്ണുരുട്ടുന്ന നേതാക്കന്മാരെ വെറുക്കാൻ മാത്രമേ നമുക്കു കഴിയുകയുള്ളു… ചില നേതാക്കന്മാരുടെ ദുഷിച്ചനാക്കും ദുഷ്‌ടലാക്കോടെയുള്ള പദപ്രയോഗങ്ങളും കേൾക്കുമ്പോൾ തന്നെ തോന്നുന്നത് ഇവറ്റകളോടുള്ള അടങ്ങാത്ത വെറുപ്പാണ്. തികഞ്ഞ ദാർഷ്ട്യം കൊണ്ട് പാർട്ടിവളർത്താൻ ഇറങ്ങിയിരിക്കുകയാണ് അഭിനവസഖാക്കൾ. കൃഷ്ണപ്പിള്ളയേയും എകെജിയേയും ഇഎമെസ്സിനേയും സൃഷ്ടിച്ച പാർട്ടിയാണിത് നയനാരും വിഎസും അടക്കമുള്ളവർ തങ്ങളുടെ സഹനസമരത്തിലുടെ ഉയർത്തിക്കെട്ടിയതാണാ ചെങ്കൊടി. അതാണിന്ന് ഒരുകൂട്ടം കാപാലികൾ വ്യഭിചരിക്കുന്നത്!! മഹത്തായ വർഗസമരത്തിന്റെ പ്രതിരൂപമാവേണ്ടതാണു ചെങ്കൊടി. അതിനെ ഇന്നു കൊണ്ടെത്തിച്ചിരിക്കുന്ന അവസ്ഥയേതാണ്? അതിനുത്തരവാദികൾ കാപട്യം മുഖമുദ്രയാക്കിയ ഈ നേതാക്കൾ തന്നെയല്ലേ!

കുഞ്ഞുങ്ങളെ ഇന്നു പെറ്റിടുന്നതുവരെ ഫെയ്‌സ്‌ബുക്കിലേക്കാണ്… അത്തരത്തിലുള്ള ഒരു മീഡിയയിൽ വൻതോതിലുള്ള പരസ്യപ്രചരണമാണ് പാർട്ടിക്കെതിരെ നടക്കുന്നത്… കൊച്ചുകുഞ്ഞുങ്ങളെ വരെ പാർട്ടിയിൽ നിന്നും പിടിച്ചുമാറ്റി നിർത്താനും വെറുപ്പിക്കാനും വിജയൻ സഖാവിനു കഴിഞ്ഞു… കുട്ടികൾക്കറിയില്ല ഈ പാർട്ടിയുടെ പ്രസക്തിയും ചരിത്രവും, അവർക്കത് അറിയേണ്ടതുമില്ല. വർത്തമാനകാല പ്രവർത്തനങ്ങളെ വിലയിരുത്തിയേ അവർ പാർട്ടിയെ അപഗ്രഥിക്കുകയുള്ളൂ. ആ അപഗ്രഥനത്തിൽ പിണറായിരുടെ അഹന്തയ്‌ക്ക് അവർ എത്ര മാർക്കുകൊടുക്കും?

മാർക്സിസ്റ്റ് പാർട്ടിയെ ജനങ്ങളിൽ നിന്നും ഇത്രമാത്രം അകറ്റുകയും തികഞ്ഞ പുച്ഛവും അവജ്ഞയും പ്രതിപലിപ്പിക്കുന്ന സംസാരരീതികൊണ്ട് ജനങ്ങളെ വെറുപ്പിക്കുകയും ചെയ്ത മറ്റൊരു നേതാവുണ്ടോ!… അഹന്തയ്ക്ക് ആൾരൂപം വെച്ച് ഇയാൾ വന്ന് സെക്രട്ടറി പദം ഏറ്റെടുത്തന്നു തുടങ്ങിയതാണ് ഒരു മഹാപ്രസ്ഥാനത്തിന്റെ അധഃപതനം!!  ശരിക്കും ഇദ്ദേഹമല്ലേ പാർട്ടിയെ ഒറ്റുകൊടുക്കുന്ന ആ അമേരിക്കൻ ചാരൻ!!!

അവർ ജീവിക്കട്ടെ!!

വർഷങ്ങൾ ഒത്തിരി കഴിഞ്ഞില്ലേ! ഇത്രയും കാലം ജയിലിൽ കിടക്കുകയും ചെയ്തു. ഇനി അവരെ തൂക്കിക്കൊല്ലണം എന്നു പറയുന്നതിൽ എന്തു ന്യായമാണാവോ ഉള്ളത്? കുറ്റക്കാരെ പെട്ടന്നു കണ്ടുപിടിക്കുകയും, ജനങ്ങൾ ആ കുറ്റകൃത്യത്തിന്റെ തീവ്രതയിൽ നിന്നും മുക്തരാവുന്നതിനു മുമ്പു തന്നെ വധശിക്ഷപോലുള്ള ശിക്ഷ നടപ്പാക്കുകയും ചെയ്യാത്ത പക്ഷം ഇത്തരത്തിൽ നടക്കുന്ന വധശിക്ഷകൾക്ക് സപ്പോർട്ട് ചെയ്യാൻ ബുദ്ധിമുട്ടുണ്ട്.

1991 മേയ് 21നു തമിഴ്നാട് ശ്രീ പെരുംപതൂരിലെ തെരഞ്ഞെടുപ്പു പ്രചാരണത്തിനിടെ ചാവേര്‍ ആക്രമണത്തിലാണു രാജീവ് ഗാന്ധിയെ വധിച്ചത്. 20 വര്‍ഷമായി വെല്ലൂര്‍ ജയിലില്‍ തടവില്‍ കഴിയിഞ്ഞു വരുന്ന മുരുകന്‍, ശാന്തന്‍, പേരറിവാളന്‍ എന്നിവരുടെ ദയാഹരജി രാഷ്ട്രപതി പ്രതിഭ പാട്ടീല്‍ കഴിഞ്ഞ ദിവസം തള്ളിയിരുന്നു. രാജീവ് വധക്കേസില്‍ ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന നളിനിയുടെ ഭര്‍ത്താവാണ് മുരുകന്‍. നളിനിയെയും നേരത്തേ വധശിക്ഷക്ക് വിധിച്ചിരുന്നുവെങ്കിലും രാഷ്ട്രപതിക്ക് ദയാഹരജി നല്‍കിയതിനെ തുടര്‍ന്ന് ജീവപര്യന്തമാക്കി മാറ്റിയിരുന്നു. ഇവിടെ വെച്ച് മുരുകനും നളിനിക്കും ഒരു കുഞ്ഞുണ്ടവുകയും കുഞ്ഞിനിപ്പോൾ 19 വയസ്സാവുകയും ചെയ്തു.

ചില വാദഗതികളൊക്കെ കാണുമ്പോൾ ജുഡിഷ്യറിയോടു തന്നെ പുച്ഛം തോന്നുന്നു. ബാറ്ററി മേടിച്ചു കൊടുത്തവനു വരെയുണ്ട് ഇതിൽ വധശിക്ഷ!! ബാറ്ററി വാങ്ങിച്ചതിന്റെ ബില്ലു ചോദിച്ചപ്പോൾ അത് സബ്‌മിറ്റ് ചെയ്യാൻ പ്രതിക്കു കഴിയാതെ വന്നെന്നും മറ്റും കണ്ടപ്പോൾ ഒരു ഞെട്ടൽ തന്നെ ഫീൽ ചെയ്തു… നാടിനേയും നാട്ടുകാരേയും വഞ്ചിച്ചും ഇഞ്ചിഞ്ചായി കൊന്നും എത്രയെത്ര കുറ്റവാളികൾ പുറത്തും ജയിലകത്തെന്ന വ്യാജേന പഞ്ചനക്ഷത്ര ആശുപത്രികളിലും സ്വൈര്യവിഹാരം നടത്തുന്നു. വി.ഐ.പി ട്രിറ്റ്മെന്റിൽ കസബുമാർ സസുഖം വാഴുന്നുണ്ട് ഈ ഇന്ത്യാമഹാരാജ്യത്ത്!! നമ്മുടെ നിയമങ്ങളൊക്കെ എന്നാണു നന്നാവുക!

കുറ്റവാളികൾക്കു കൊടുക്കുന്ന ശിക്ഷകൾ ഇനി കുറ്റം ചെയ്യാൻ തയ്യാറെടുക്കുന്നവർക്കുള്ള നല്ലൊരു മുന്നറീയിപ്പായിരിക്കണം…  അവർക്കതൊരു പാഠമാവണം. അതിങ്ങനെ വലിച്ചുനീട്ടി പത്തിരുപതുവർഷങ്ങൾ കഴിഞ്ഞിട്ടാവരുത് നൽകേണ്ടത്. അതിന്റെ തീവ്രത കുറയും മുമ്പേ തന്നെ ശിക്ഷ നടപ്പാക്കിയാൽ മാത്രമേ എന്താണോ ആ ശിക്ഷ കൊണ്ട് ഉദ്ദേശിക്കുന്നത് അതു നടപ്പാവുകയുള്ളൂ – ഇല്ലെങ്കിൽ അതിനു നേരെ വിപരീതഫലം മാത്രമായിരിക്കും കിട്ടുക… പുതിയ പുതിയ മുരുകനും ശാന്തനും പേരറിവാളനും നളിനിയുമൊക്കെ ജനിച്ചു കൊണ്ടിരിക്കും. ഇവിടെ എന്തൊക്കെയാണു സംഭവിച്ചത്!! കുറ്റവാളികൾ ജയിലിൽ കിടന്നു കല്യാണം കഴിക്കുന്നു; കുട്ടികളുണ്ടാവുന്നു – എന്തൊക്കെ നാടകങ്ങൾ അരങ്ങേറി!! ഈ ശിക്ഷ നടപ്പാക്കിയാൽ ആ കുഞ്ഞിനോടെന്തു സമാധാനം പറയും ഇവർ?

NB: ഒരു ഇരുപതുവർഷം കഴിഞ്ഞാൽ ഒരുപക്ഷേ ഞാൻ അജ്മൽ കസബിനേയും ഇതുപോലെ സപ്പോർട്ട് ചെയ്തേക്കും!!

നമുക്കു വേണോ ഇങ്ങനെയൊരു രാഷ്ട്രീയം?

കാസർഗോഡടക്കം മറ്റുള്ള പല സ്ഥലങ്ങളിലും ബിജെപി കയറിവരാൻ പ്രധാന കാരണം കോൺഗ്രസാണ്; അല്ലെങ്കിൽ കോൺഗ്രസിന് ലീഗുപോലുള്ള വർഗീയപാർട്ടികളോടുള്ള അമിത സ്നേഹമാണ്. ഹിന്ദുക്കളുടെ ഇടയിൽ വൻതോതിലുള്ള വർഗീയ ധ്രുവീകരണത്തിന് ഇതു കാരണമാവുന്നു. ബിജെപി അതു നന്നായി ചൂഷണം ചെയ്യുകയും ചെയ്യുന്നു. ഹിന്ദുക്കളുടെ വര്‍ഗീയമായ ധ്രുവീകരണം മുസ്ലീങ്ങളുടെ വര്‍ഗീയ ശക്തിപ്പെടലിനു തിരിച്ചും കാരണമാവുന്നു. കേരളാ കോണ്‍ഗ്രസുകളുടെ കാര്യത്തിലും സംഭവിക്കുന്നത് ഇതു തന്നെയാണ്‌. ക്രിസ്ത്യാനികളുടേയും നായന്മാരുടേയും ശക്തമായ ഏകീകരണം കോണ്‍ഗ്രസിന്റെ ഈ വൃത്തികെട്ട അധികാര ദുര്‍മോഹം വഴി ശക്തമാവുന്നു. വോട്ടുവാങ്ങി ജയിച്ചുകേറുന്ന ഇത്തരം വെറുക്കപ്പെട്ട ജന്മങ്ങള്‍ സുപ്രധാനവകുപ്പുകള്‍ വിലപേശിവാങ്ങിച്ച് അധികാരദുര്‍‌വിനിയോഗം നടത്തുന്നതും പലതവണ നമ്മള്‍ കണ്ടു കഴിഞ്ഞു. ജാതിമതങ്ങള്‍ക്കതീതമായി ചിന്തിക്കാന്‍ ഇന്നത്തെ തലമുറയെ പഠിപ്പിക്കേണ്ടവര്‍ അത്തരം വികാരങ്ങളെ കുത്തിയും തോണ്ടിയും വ്രണപ്പെടുത്തി വോട്ടാക്കി വാങ്ങിക്കുന്നു. അധമവികാരങ്ങളായി അവ മനസ്സില്‍ അടിഞ്ഞ് തമ്മില്‍ തമ്മില്‍ കലഹിച്ചു മരിക്കുന്ന ഒരു നാളെ നമുക്കു വിദൂരമല്ല.

മതത്തിന്റേയോ ജാതിയുടേയോ പേരിലുള്ള ഏകീകരണം മൂലം ഒരു കാലത്തു നമ്മള്‍ നന്നാവാന്‍ പോകുന്നില്ല. പരസ്പര വിദ്വേഷത്തിനും, ചൂഷണങ്ങള്‍ക്കും അല്ലാതെ ഇവകൊണ്ട് ഇക്കാലത്ത് നേട്ടങ്ങളൊന്നും തന്നെയില്ല. ഒന്നും വേണ്ട എന്നു പറയുന്നില്ല. എല്ലാം ആയിക്കോട്ടെ; മുമ്പും ഇതൊക്കെ ഉണ്ടായിരുന്നതാണല്ലോ. പക്ഷേ, ജാതിയേയും മതത്തെയും രാഷ്ട്രിയത്തില്‍ നിന്നും മുക്തമാക്കുക തന്നെ വേണം. രാഷ്ട്രീയമായി ഒരു മതവും ഏകീകരിക്കരുത്. രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്ക് മതത്തെയോ ജാതിയേയോ കരുവാക്കുകയും അരുത്. ദൗര്‍ഭാഗ്യകരമെന്നുതന്നെ പറയാം അധികാരം നോട്ടം‌വെച്ച് കോണ്‍ഗ്രസ് നടത്തുന്ന പൊറാട്ടുനാടകം കേരളത്തില്‍ ദൂരവ്യാപകമായ പല ദൂഷ്യങ്ങല്‍ക്കും സാക്ഷ്യം വഹിക്കും. ഈ പോക്കുപോയാല്‍ ഒരു കാലത്ത് കോണ്‍ഗ്രസ് എന്ന പാര്‍ട്ടി തന്നെ ഇതിനുവേണ്ടി ബലിയാടാവുമെന്നു തോന്നുന്നു.

തിരുവനന്തപുരത്തും കാസര്‍ഗോഡും ബിജെപിയുടെ വളര്‍ച്ചയും എല്‍ഡിഫിന്‌ ഇപ്രാവശ്യം പ്രവചിച്ചതുപോലുള്ള തോല്‍‌വി ലഭിക്കാതിരുന്നതിനും ഒരു മുഖ്യകാരണം കോണ്‍ഗ്രസിന്റെ വര്‍ഗീയകൂട്ടായ്മയോടുള്ള ജനങ്ങളുടെ അനഭിമതം തന്നെയാണ്‌. സമീപഭാവിയില്‍ ഈ അവിശുദ്ധ കൂട്ടുകെട്ടിന്‌ കോണ്‍ഗ്രസും കേരളവും വലിയ വില നല്‍കേണ്ടിവരും.

പാര്‍ട്ടിസെക്രട്ടറിക്കൊരു തുറന്ന കത്ത്!

ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ. വി.എസ്സിനെ തന്നെ വീണ്ടും മുഖ്യമന്ത്രി ആക്കാം എന്ന ഉറപ്പുതന്നാല്‍ മാത്രമേ ഇപ്രാവശ്യം കമ്മ്യൂണിസ്റ്റുപാര്‍ട്ടിക്ക് വോട്ടുചെയ്യാന്‍ ഞാന്‍ തയ്യാറുള്ളൂ. അല്ലാതെ ഞങ്ങളുടെ പാര്‍ട്ടി കേഡര്‍ പാര്‍ട്ടിയാണ്, തീരുമാനിക്കേണ്ടത് ബ്രാഞ്ച് ഘടകങ്ങളാണ്, ജില്ലാക്കമ്മിറ്റികളാണ്, തേങ്ങാക്കൊലയാണ് എന്നൊക്കെ പറഞ്ഞ് വലിയ ജാഡ കളിച്ചാല്‍ പോളിം‌ങ് ബൂത്തില്‍ വെച്ച് നമുക്കു കാണാം. പാര്‍ട്ടി അങ്ങനെയൊക്കെ ആയിരുന്നു – ഒരുകാലത്ത്. ഉപ്പുപ്പായ്‌ക്ക് കുണ്ടിക്കു തഴമ്പുണ്ടെന്നു കരുതി ഇന്നും ആനപ്പുറത്തു തന്നെയാണു ഞങ്ങളെന്നു കരുതുന്ന മൗഢ്യം വിശ്വസിക്കാന്‍ അത്ര വലിയ രാഷ്ട്രീയ സദാചാരമൊന്നുമല്ലല്ലോ നിങ്ങളിപ്പോള്‍ പുലര്‍ത്തുന്നത്?

കാലം മാറിയത് ബ്രാഞ്ചിലെ സഖാക്കളറിയുന്നില്ല. അവരിന്നും 1957 – ല്‍ തന്നെയാണ്. നിങ്ങള്‍ പറയുന്നത് അവരക്ഷരം പ്രതി വിഴുങ്ങും, കൊടിപിടിച്ച് നിങ്ങള്‍ക്കു സിന്താബാദ് വിളിക്കും. അവരിന്നും ആത്മാര്‍ത്ഥതയോടെ തന്നെ റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കി മേല്‍ ഘടകത്തിനു നല്‍കും. ലോക്കല്‍ സെക്രട്ടറിയുടെ വാക്കുകള്‍ അവര്‍‌ക്കാപ്തവാക്യമായിരിക്കാം, കഴുതകളെപോലെ രാപകലില്ലാതെ പോസ്റ്ററും ബാനറുമായി നടക്കും. അവരുടെ ചിന്തകളെ മയക്കിക്കിടത്തി, വികാരങ്ങളെ പാര്‍ട്ടിബോധത്താല്‍ കടിഞ്ഞാണിട്ടുബന്ധിച്ച് നിങ്ങളവരെ അടിമകളാക്കി. അവര്‍ക്കു വാക്കുകളില്ല, പൊതുജനത്തിനു മുമ്പില്‍ അവര്‍ ഉത്തരം മുട്ടി വായടച്ചുപിടിച്ച് ഒളിച്ചു നടക്കുന്നു. അവര്‍ക്കിന്നു പൊതുജനപ്രശ്നങ്ങളില്‍ ഇടപെടാനാവുന്നില്ല – അതിനുള്ള വില അവര്‍ക്കിന്നാരും കൊടുക്കുന്നുമില്ല. സഖാവേ, ആ തമമുറയുടെ എണ്ണം നാള്‍ക്കുനാള്‍ കുറയുകയാണ്. പുതു തലമുറ നിങ്ങളെ ഒറ്റപ്പെടുത്തും.

ഞങ്ങള്‍ക്കു മുമ്പില്‍ നിങ്ങള്‍ക്കെന്തു ന്യായമാണു പറയാനുള്ളത്? ഞങ്ങളിന്നും സത്യത്തിന്റെ ഭാഗത്താണ്. അഴിമതിയും ഉദ്യോഗസ്ഥവൃന്ദത്തിന്റെ കെടുകാര്യസ്ഥതയും ഇല്ലാത്ത ഭരണം, ജാതിയുടെ പേരില്‍, മതത്തിന്റെ പേരില്‍ തമ്മില്‍ തല്ലി അധികാരത്തിനു വേണ്ടി കടിപിടികൂടി നില്‍ക്കുന്ന തെരുവു നായ്‌ക്കളുടെ പിടിയില്‍ നിന്നുള്ള മോചനം, വിവേചനരഹിതമായ വികസനം… അധികമൊന്നും ആവശ്യപ്പെടുന്നില്ല. സഖാവ്. വി. എസ്സിനെ ഞങ്ങള്‍ക്കു വിശ്വാസമാണ്. അദ്ദേഹത്തെ ഭരിക്കാന്‍ അനുവദിക്കുക. നിങ്ങള്‍ മാറിനിന്ന് അതു കണ്ടുപഠിക്കുക!

മാറ്റുവിന്‍‌ ചട്ടങ്ങളേ…

കേരളത്തിലെ ഹർത്താൽ, പണിമുടക്ക് സമരങ്ങൾ
സാധാരണക്കാരന്റെ നെഞ്ചത്തുചവിട്ടിനിന്നുകൊണ്ട്‌ “കേരളത്തില്‍‌” ഇടതുപക്ഷകക്ഷികളുടെ “അഖിലേന്ത്യാ” ഹര്‍‌ത്താല്‍‌ (ഏപ്രില്‍ 27, 2010)‌ ആരം‌ഭിച്ചിരിക്കുന്നു. അവരവരുടെ പാര്‍‌ട്ടിയിലെ മെമ്പര്‍‌മാര്‍‌ മാത്രം‌ പണിമുടക്കി വീട്ടിലിരുന്നാല്‍‌ പോരായിരുന്നോ? എന്തിനു മറ്റുള്ളവരുടെ സ്വാതന്ത്ര്യത്തില്‍‌ ഇവര്‍‌ കൈകടത്തുന്നു. ജനകീയജനാധിപത്യവിപ്ലവത്തിനു ലെവിയടച്ചു കാത്തിരിക്കുന്ന സഖാക്കളും‌ ഈ കക്ഷികളുടെ പോക്ഷകസം‌ഘടനകളിലെ മെമ്പര്‍‌മാരും‌ ഒക്കെ കൂടുമ്പോള്‍‌ തന്നെ ലക്ഷങ്ങള്‍‌ ആവുമല്ലോ..! അവര്‍‌ അവരുടെ കടകള്‍‌ തുറക്കാതിരിക്കട്ടെ, അവരുടെ വാഹനങ്ങള്‍‌ ഓടിക്കാതിരിക്കട്ടെ, അവരുടെ ബന്ധുക്കള്‍ ദൂരെ‌ മരിച്ചാല്‍‌ പോകാതിരിക്കട്ടെ… മറ്റു പാര്‍‌ട്ടി അനുയായികളുടേയും നിഷ്‌പക്ഷക്കാരുടേയും‌ സ്വാതന്ത്ര്യത്തിനു വിലക്കേര്‍‌പ്പെടുത്താന്‍‌ ഏതു നിയമമാണാവോ ഇവര്‍‌ക്കു കൂട്ടുനി‌ക്കുന്നത്? ഈ കാണിക്കുന്നത്‌ ജനദ്രോഹമാണ്. തികഞ്ഞ കാടത്തമായി മാത്രം‌ കണ്ട്‌, തെരഞ്ഞെടുപ്പുകളില്‍‌‌ ഇത്തരം‌ ജനദ്രോഹികളെ ഒറ്റപ്പെടുത്തുക…!

ആയിരങ്ങളുടെ നഷ്ടങ്ങളല്ലാതെ ഹര്‍‌ത്താല്‍‌ കൊണ്ട്‌ നേട്ടങ്ങളുണ്ടായതായി ഇതു വരെ കേട്ടിട്ടില്ല. പലപ്പോഴും‌ ആക്രമങ്ങളില്‍ പെട്ട്‌ പല ജീവനും‌ കൊഴിഞ്ഞുപോയിട്ടുമുണ്ട്‌; ലക്ഷങ്ങളുടെ പൊതുമുതല്‍‌ നശിപ്പിക്കപ്പെട്ടിട്ടുണ്ട്. ഇതാണോ സമരാനുകൂലികളുടെ ലക്ഷ്യം? കുഞ്ഞിനേയും‌ കൊണ്ടാശുപത്രിയിലേക്കു പോകുന്ന ഓട്ടോയുടെ ടയറിലെ കാറ്റഴിച്ചുവിട്ടുകൊണ്ടുള്ള വിപ്ലവം‌ കഴിഞ്ഞ പ്രാവശ്യം‌ ഏതോ പത്രത്തില്‍‌ കണ്ടിരുന്നു. അതുകാണിച്ചപ്പോള്‍‌ ഒരു സഖാവുപറഞ്ഞത്‌ അതു കുത്തകബൂര്‍‌ഷ്വാ പത്രമായ മനോരമ സെറ്റിട്ടെടുത്ത നാടകത്തിലെ ഒരു രം‌ഗമെന്നാണ്. സ്വയമൊരു പുകമറയുണ്ടാക്കി പുറത്തുചാടാനാവാതെ കുടുങ്ങിക്കിടക്കുകയാണിവിടെ സഖാക്കള്‍‌.  നേതാക്കളാവട്ടെ വിദേശങ്ങളില്‍‌പോയി പിരിവെടുത്ത കോടികള്‍‌ എങ്ങനെ കേരളത്തിലെത്തിക്കാനുള്ള കുറുക്കുവഴികളാലോചിക്കുകയാവും.

ഇന്നു ബന്ദാചരിക്കുന്ന ഇടതുപക്ഷം‌ അറിയുന്നുണ്ടോ ജീവിതപ്രാരാബ്ദവുമായി അലയേണ്ടിവരുന്ന സാധാരണക്കാരന്റെ നൊമ്പരം? അത്യാസന്നനിലയിലായി ആശുപത്രിയില്‍‌ എത്തേണ്ടവര്‍‌ ഇന്നെന്തുചെയ്യും‌? ഒരു പരീക്ഷ മാറ്റിവെക്കുമ്പോള്‍‌ ഒരു വിദ്യാര്‍‌ത്ഥി അനുഭവിക്കു മാനസിക സമ്മര്‍‌ദ്ദം‌ ഏതു പാര്‍‌ട്ടിക്കാരന്‍‌ സഹിക്കും?. മാറ്റിവെക്കപ്പെടുന്ന വിഹാഹങ്ങളും‌ ആഘോഷങ്ങളും‌ മറ്റും‌, മരണവീടുകളിലും‌ മറ്റും‌ എത്തിച്ചേരാന്‍‌ പറ്റാത്ത ബന്ധുക്കളുടെ ദു:ഖം…

ഇവിടെ, ബാം‌ഗ്ലൂരിലായിട്ടുപോലും‌ കഴിഞ്ഞമൂന്നു വര്‍ഷങ്ങള്‍‌ക്കുള്ളില്‍‌ നാലു പ്രാവശ്യം‌ എനിക്കു പണി കിട്ടിയിട്ടുണ്ട്.  ഒന്നോരണ്ടോ ദിവസത്തെ ലീവിനു വീട്ടില്‍‌പോയി തിരിച്ചുവരാനൊരുങ്ങുമ്പോളായിരിക്കും മിന്നല്‍‌ ഹര്‍‌ത്താലും‌ പണിമുടക്കുമൊക്കെ.

ഇങ്ങനെയാണോ പ്രതിക്ഷേധിക്കേണ്ടത്? ഞങ്ങള്‍‌ പ്രതിക്ഷേധിക്കുന്നു എന്നൊരു ബാഡ്‌ജ്‌ നെഞ്ചിലോ നെറ്റിയിലോ ഒട്ടിച്ചുവെച്ചിവര്‍‌ നാടുനീളെ നടക്കട്ടെ. എത്ര മാന്യമാവുമായിരുന്നു അത്! ലക്ഷക്കണക്കിനുണ്ടല്ലോ അനുയായികള്‍‌, ഓരോ ഏരിയ ഓരോ ലോക്കല്‍‌ കമ്മിറ്റിക്കായി വീതിച്ചുകൊണ്ടുക്കട്ടെ. നമ്മുടെ കോടതികള്‍‌ എന്തുകൊണ്ടിതിനെ നിരോധിക്കുന്നില്ല, വേഷം‌ മാറിവന്ന ബന്ദാണു ഹര്‍‌ത്താലെന്ന്‌ കോടതി അറിഞ്ഞില്ല എന്നുണ്ടോ?.

വാല്‍‌കഷ്‌ണം
ഇന്നു നടന്ന ഹര്‍‌ത്താല്‍‌ ദിനപരിപാടികളില്‍‌ ചിലത്‌. ഫോട്ടോകള്‍‌ മനോരമയില്‍‌ നിന്നും‌

കോടതിയും‌ ഹര്‍‌ത്താലും‌
2004 may 24 – നുള്ള ഹൈക്കോടതി ഫുള്‍‌ ബെഞ്ചിന്റെ ഉത്തരവുപ്രകാരം‌ ഹര്‍‌ത്താലില്‍‌ ജനജീവിതം‌ സ്തം‌ഭിപ്പിക്കതിരിക്കാന്‍‌ സര്‍‌ക്കാരിനു ബാധ്യതയുണ്ട്‌. വേണ്ടിവന്നാല്‍‌ പട്ടാളത്തെവരെ ഇറക്കി ക്രമസമാധനം‌ നിലനിര്‍‌ത്തണമെന്നു കോടതി പറയുന്നു.

കോടതി പറഞ്ഞ ചില കാര്യങ്ങള്‍‌

  • ഹര്‍‌ത്താലില്‍‌ ഭരണഘടനാ സ്തം‌ഭനവും‌ മൗലികാവകാശലംഘനവും ഉണ്ടാകുന്നില്ലെന്ന്‌ ഉറപ്പു വരുത്തണം‌. ക്രമസമാധാനപാലനത്തിന്‌ ഫലപ്രദമായ നടപടി എടുത്തില്ലെങ്കില്‍‌ ജില്ലാഭരണകൂടത്തിനും‌ പൊലീസ്‌ അധികാരികള്‍‌ക്കുമെതിരെ സര്‍‌ക്കാര്‍‌ നടപടി എടുക്കണം‌.
  • ഹര്‍ത്താലാഹ്വാനം‌ നല്‍‌കുന്നവര്‍‌ ആരേയും‌ നിര്‍‌ബന്ധിക്കരുതെന്ന്‌ അണികള്‍‌ക്കു നിര്‍‌ദ്ദേശം‌ നല്‍‌കണം‌.
  • പൊതു-സ്വകാര്യസ്വത്തിനുണ്ടാവുന്ന നാശനഷ്‌ടങ്ങള്‍‌ ഈടാക്കുന്നതു സംബന്ധിച്ച വിശദാം‌ശങ്ങള്‍‌ സര്‍‌ക്കാര്‍‌ പ്രസിദ്ധീകരിക്കണം‌. സ്വകാര്യവ്യക്തികളുടെ ജീവനും‌ സ്വത്തിനും‌ അപകടമുണ്ടായാല്‍‌ സര്‍‌ക്കാര്‍‌ ഉടനടി നഷ്‌ടപരിഹാരം‌ കൊടുക്കണം‌. അതു കാരണക്കാരില്‍‌ നിന്നും‌, പാര്‍‌ട്ടി/സം‌ഘടനകളില്‍‌ നിന്നും‌ ഈടാക്കണം‌.
  • ഹര്‍‌ത്താല്‍‌ ദിവസം‌ ജനങ്ങള്‍‌ക്കു ഭയാശങ്ക കൂടാതെ ഇറങ്ങിനടക്കാനും‌ വാഹനമോടിക്കാനും‌ സാഹചര്യമൊരുക്കണം‌. പൊതുഗതാഗതം‌ തടസപ്പെടില്ലെന്നുറപ്പു വരുത്തണം‌.
  • അതിക്രമം‌ കാണിക്കുന്നവര്‍‌ക്കെതിരേയും‌ അതിനു പ്രേരിപ്പിക്കുന്നവര്‍‌ക്കെതിരേയും‌ ക്രിമിനല്‍‌ കേസ്സെടുക്കണം.

പണം

പണം‌ ബ്രഹ്‌മോ പണം‌ വിഷ്‌ണു, പണം‌ ദേവോ മഹേശ്വരഃ
പണം‌ സാക്ഷാല്‍‌ പരബ്രഹ്‌മം‌, തസ്‌മൈ ശ്രീ പണമേ നമഃ

പണം പഴയകാല കൃതികളിൽ

അന്നരക്കാശെനിക്കില്ലായിരുന്നു ഞാൻ
മന്ദസ്മിതാസ്യനായ് നിന്നിരുന്നു
ഇന്നു ഞാൻ വിത്തവാൻ തോരുന്നതില്ലെന്റെ
കണ്ണുകൾ, കഷ്ട്മിതെന്തുമാറ്റം(ചങ്ങമ്പുഴ)

ഉത്തമം സ്വാർജിതം വിത്തം –
മദ്ധ്യമം ജനകാർജിതം
അധമം സോദരദ്രവ്യം
സ്ത്രീ വിത്തമധമാധമം (സുഭാഷിതരതനാകരം)

ഐശ്വര്യമാകും തിമിരം -കണ്ണിൽ ബാധിക്കിലപ്പൊഴേ
ദാരിദ്ര്യമായമഷി താൻ- തേച്ചെന്നാലേ തെളിഞ്ഞിടൂ (അവസരോക്തിമാല)
ദ്രവ്യമുണ്ടെങ്കിലേ ബന്ധുക്കളുണ്ടാവൂ
ദ്രവ്യമില്ലാത്തവനാരുമില്ലാ ഗതി.
ദിവ്യനെന്നാകിലും ഭവ്യനെന്നാകിലും
ദ്രവ്യമില്ലാഞ്ഞാൽ തരംകെടും നിർണയം (പഞ്ചതന്ത്രം)

ധനമെന്നുള്ളതു മോഹിക്കുമ്പോൾ
വിനയമൊരുത്തനുമില്ലിഹനൂനം
തനയൻ ജനകനെ വഞ്ചനചെയ്യും
ജനകൻ തനയനെ വധവുംകൂട്ടും
അനുജൻ ജ്യേഷ്ഠനെ വെട്ടിക്കൊല്ലും
മനുജന്മാരുടെ കർമമിതല്ലാം (കുഞ്ചൻ നമ്പ്യാർ)

പണമെന്നുള്ളതു കൈയ്യിൽ വരുമ്പോൾ
ഗുണമെന്നുള്ളതു ദൂരത്താകും
പണവും ഗുണവും കൂടിയിരിപ്പാൻ
പണിയെന്നുള്ളതു ബോധിക്കേണം (കുഞ്ചൻ നമ്പ്യാർ)

പണമില്ലാത്ത പുരുഷൻ മണമില്ലാത്ത പൂവുപോൽ(അവസരോക്തിമാല)

പണമെന്നാഖ്യ കേൾക്കുമ്പോൾ
പിണവും വാ പിളർന്നിടും (അവസരോക്തിമാല)

പണമൊരുവനു ഭൗതികപ്രതാപ-
ത്തണലിലിരുന്നു രമിപ്പതിന്നുകൊള്ളാം
ഘൃണയതിനൊരുനാളുമില്ല ജീവ
വ്രണമതുണക്കുകയില്ല തെല്ലുപോലും.(ചങ്ങമ്പുഴ)

മുതൽ വെളിയിലിറക്കാതത്രയും മൂടിവയ്ക്കും
വ്രതമുടയ കടുപ്പക്കാർക്കു നാശം കലാശം. (വള്ളത്തോൾ- ചിത്രയോഗം)

വയോവൃദ്ധൻ , തപോവൃദ്ധൻ, ജ്ഞാനവൃദ്ധനുമെന്നിവർ
മൂവരും ധന്യവൃദ്ധന്റെ -വാതിൽക്കൽ കാത്തുനിൽക്കുവോർ(വള്ളത്തോൾ -ദൂര)

പണമുണ്ടാക്കാനായി സമയം കളയാൻ എനിക്കൊക്കില്ല. അമേരിക്കൻ ശാസ്ത്രജ്ഞൻ ലൂയി അഗാസിസ്.

കവിതെഴുത്തിൽ പണമുണ്ടാകില്ല. പണത്തിലാണെങ്കിൽ കവിതയൊട്ടില്ലതാനും ഇംഗ്ലീഷ് കവി റൊബർട്ട് ഗ്രേവ്സ്.

ധാരാളം പണമുള്ള ഒരു ദരിദ്രനായി ജീവിച്ചാൽ കൊള്ളാമെന്നുണ്ടെനിക്ക് . പാബ്ലൊ പിക്കാസൊ

പണത്തെ എത്ര കെട്ടിപിടിച്ചാലും അത് തിരികെ കെട്ടിപിടിക്കില്ല . അമേരിക്കൻ ശേഖരത്തിൽ നിന്നും

പണം പാഴാക്കിയാൽ പണക്കുറവ് സംഭവിച്ചെന്നിരിക്കും എന്നാൽ സമയം പാഴാക്കിയാൽ ജീവിതത്തിന്റെ അംശമാണ് നഷ്ടപ്പെടുക .മൈക്കിൽ ലീബൗഫ്

ദിനപത്രത്തിൽ കോടീശ്വർനമാരുടെ പട്ടികയിൽ എന്റെ പേരങ്ങാൻ വന്നിട്ടുണ്ടൊ എന്ന് ഞാൻ എന്നും പരിശോധിക്കും .ഇല്ലെന്നു കാണുമ്പോൾ ഞാൻ ജോലിക്കു പോകും . അമേരിക്കൻ ഹാസ്യ താരം റൊബർട്ട് ഓർബൻ

പണത്തിന്റെ കാര്യം വരുമ്പോൾ എല്ലാവരും ഒരേ മതക്കാരാണ് . വോൾട്ടയർ

പണത്തിനു പലപ്പോഴും തീ പിടിച്ച വിലയാൺ .എമേഴ്സൺ.

പണത്തെ ആരാധിക്കുന്നവനെ പണം പിശാചിനെപോലെ വേട്ടയാടും . അമേരിക്കൻ ഗ്രനഥകാരൻ ഹെൻട്രി ഫീൽഡിംഗ്

പഴംചൊല്ലുകളിലെ പണം
സമ്പത്ത് കാലത്ത് തൈപത്തു വച്ചാ
ലാപത്തുകാലത്തു കാ പത്തു തിന്നാം
കനകം മൂലം കാമിനി മൂലം കലഹം പലവിധമുലകിൽ സുലഭം (നമ്പ്യാർ)
പണമെന്നുള്ളത് കൈയ്യിൽ വരുമ്പോൾ ഗുണമെന്നുള്ളത് ദൂരത്താകും
പണം കണ്ടാലേ പണം വരൂ
പണം കൊടുത്ത് ആനയെ വാങ്ങിയാൽ പവൻ കൊടുത്ത് പാപ്പാനെ നിർത്തണം
പണം കൊണ്ടെറിഞ്ഞാലേ പണത്തിന്മേൽ കൊള്ളൂ
പണം നോക്കി പണ്ടം കൊള്ളുക , ഗുണം നോക്കി പെണ്ണുകൊള്ളുക
പണം നോക്കിനു മുഖംനോക്കില്ല
പണം പന്തലിൽ കുലം കുപ്പയിൽ
പണം പാഷാണം, ഗുണം നിർവാണം
പണം പെരുത്താൽ ഭയം പെരുക്കും
പണം മണ്ണാക്കുക മണ്ണ് പണമാക്കുക
കടമപകടം
കടമില്ലാത്ത കഞ്ഞി ഉത്തമം
കടമൊഴിഞ്ഞാൽ ഭയമൊഴിഞ്ഞു
കടം കാതറുക്കും
കടം കാലനു തുല്യം
കടം കൊടുത്താലിടയും കൊടുക്കണം
കടം കൊടുത്തു പട്ടിണി കിടക്കരുത്
കടം വാങ്ങി കുടിവെച്ചാൽ കുടികൊണ്ട് കടം വീട്ടാം
കടം വാങ്ങിയുണ്ടാൽ മനം വാടിവാഴാം
കടം വീടിയാൽ ധനം

പണം മറ്റുഭാഷകളിൽ
പണത്തോടും പെണ്ണിനോടും കളി അരുത് (ഇംഗ്ലീഷ്)
പണത്തെക്കുറിച്ച് പൊങ്ങച്ചം പറയരുത്. അത് ഏതു സമയവും നഷ്ടപ്പെടാം( യിഡ്ഡിഷ്)
പണമിടപ്പാട് മാതാപിതാക്കളേയും കുട്ടികളേയും അന്യരാക്കുന്നു (ജപ്പാൻ)
കടം കൊടുക്കാൻ പണമില്ലാത്തവൻ ധന്യനാണ്. അവൻ ശത്രുക്കളെ സമ്പാദിക്കുന്നില്ല ( യിഡ്ഡിഷ്)
കടം കൊടുക്കുന്നവനു പണവും ഒപ്പം സുഹൃത്തും നഷ്ടപ്പെടുന്നു ( ഇംഗ്ലീഷ്)
മടിശ്ശീലയിൽ പണമില്ലാത്തവന്റെ ചുണ്ടിൽ മധുരവാക്കുകൾ ഉണ്ടാവും( ഡാനിഷ്)
മടിശ്ശീലയിൽ പണമില്ലെങ്കിൽ ചുണ്ടിൽ തേനുണ്ടാവണം (ഫ്രഞ്ച്)
പണം മോഹിക്കുന്നവൻ എന്തും മോഹിക്കുന്നവനാണ് (ഇംഗ്ലീഷ്)
പണമില്ലാത്തവനു മടിശ്ശീല വേണ്ട ( ഇംഗ്ലീഷ്)
പണം വിതക്കുന്നവൻ ദാരിദ്ര്യം കൊയ്യൂം ( ഡാനിഷ്)
കുറച്ചു പണം പുറത്തേക്ക് പോകാതെ ധാരാളം പണം അകത്തേക്ക് വരില്ല ചൈനീസ്
ഒരൊറ്നമെങ്കിലും ഉണ്ടാവട്ടെ (തുർക്കി)
പണമുണ്ടോ കൈയ്യിൽ? ഇരിക്കൂ. പണമില്ലേ? സ്ഥലം വിട്ടോള്ളൂ (ജർമ്മൻ)
പണമുള്ളവന്റെ അഭിപ്രായം സ്വീകരിക്കപ്പെടും ( ഹീബ്രു)
പാപം ചെയ്യാനും പണം ആവശ്യമാണ് (യിഡിഷ്)

കുമാരനാശന്റെ കവിത പണം
1910 – ജൂണിൽ എഴുതിയത്.
വരഗുണനര, വായുവീഥിമേൽ നീ
വിരവൊടു തീർത്തൊരു കോട്ട വീണുപോയോ!
കരയുഗമയി കെട്ടി, നോക്കി വിണ്ണിൽ‌-
ത്തിരയുവതീ നെടുവീർപ്പൊടെന്തെടോ നീ?

വിരയുവതിഹ നിൻമതത്തിനായോ
പുരുമമതം സമുദായഭൂതിയോർത്തോ
പരഹിതകരമാം പ്രവൃത്തിതന്നിൽ‌
പരമഭിവൃദ്ധിയതിന്നുവേണ്ടിയോ നീ.

സ്ഥിരമിഹ സുഖമോ മഹത്ത്വമോ നീ,
വരഗുണമാർന്നൊരു വിദ്യയോ യശസ്സോ
പരമസുകൃതമോ കടന്ന സാക്ഷാൽ‌
പരഗതിയോ– പറകെന്തെടോ കൊതിപ്പൂ.

കുറവു കരുതിയിങ്ങു കേണിരുന്നാൽ‌
കുരയുകയാം വിലയാർന്ന നിന്റെ കാലം
മറവകലെ രഹസ്യമോതുവൻ‌, നീ
പറയുക പോയിതു നിന്റെയിഷ്ടരോടും.

കരുതുക, കൃതിയത്നലഭ്യനേതും
തരുവതിനീശനിയുക്തനേകനീ ഞാൻ‌
വിരവിൽ‌ വിഹിതവൃത്തിയേതുകൊണ്ടും
പരമിഹ നേടുക, യെന്നെ, നീ — പണത്തെ!

ഈ ലേഖനം അവസാനം എഡിറ്റ് ചെയ്തത് 2013 ജനുവരി 30ന് ബുധനാഴ്ച. അവലംബമായി വിക്കിഗ്രന്ഥശാല, വിക്കിപീഡീയ, വിക്കിചൊല്ലുകൾ എന്നിവ എടുത്തിരിക്കുന്നു.