തമിഴന്റെ അദ്ധ്വാനശീലവും കൃഷിയോടുള്ള അവന്റെ അഭിവാഞ്ഛയും കണ്ടറിഞ്ഞ ഒരു യാത്രയായിരുന്നു ഇക്കഴിഞ്ഞ സേലം യാത്ര. നാട്ടിൽ പണിക്കായി തെണ്ടിത്തിരിഞ്ഞു വരുന്ന വൃത്തിഹീനരായ തമിഴരെ കണ്ടുശീലിച്ച കണ്ണുകൾക്ക് ഇവരെ സ്വീകരിക്കാൻ ആദ്യമൊരല്പം മടിയായിരുന്നു. പക്ഷേ, സങ്കല്പങ്ങളെ കാറ്റിൽ പറത്തി അവരുടെ സ്നേഹവും വാത്സല്യവും ഏറെ അനുഭവിച്ചുകൊണ്ടായിരുന്നു ഞങ്ങളുടെ മടക്കം. വിവാഹശേഷം ഇതുവരെ പോയ യാത്രകളിൽ മഞ്ജു ഏറെ സന്തോഷിച്ച ഒരു യാത്രയായിരുന്നു ഇത്. ഓരോ യാത്രകഴിഞ്ഞെത്തുമ്പോഴും ഉണ്ടാവുന്ന മടുപ്പോ ക്ഷീണമോ ഈ യാത്രാശേഷം ഉണ്ടായില്ല; മാത്രമല്ല നിറഞ്ഞ റിഫ്രഷ്മെന്റായിരുന്നു അതു ബാക്കിവെച്ചത്. യാത്രാ വിശേഷങ്ങളിലേക്കു പോകാം.
പാച്ചൽ ഗ്രാമം
തമിഴ്നാട്ടിലെ സേലം – നാമക്കൽ ജില്ലകളിലെ കൃഷിയിടങ്ങൾ വല്ലാതെ കൊതിപ്പിക്കുന്നവയാണ്. ആവശ്യത്തിനു വെള്ളം കിട്ടാതെ കഷ്ടപ്പെടുന്ന അവരുടെ വയലേലകൾ കണ്ടാൽ നമ്മൾ നോക്കി നിന്നുപോകും! കണ്ണെത്താത്ത ആഴത്തിലുള്ള കിണറുകൾ ഇടയ്ക്കൊക്കെ ഉണ്ടെങ്കിലും മഴയെ ആശ്രയിച്ചാണ് അവയിലെ വെള്ളത്തിന്റെ നിലനിൽപ്പും. മണ്ണു പൊന്നാക്കി മാറ്റുന്ന ആ കർഷകർക്ക് കുടിക്കാൻ വരെ വെള്ളം വല്ലപ്പോഴും വന്നെത്തുന്ന കാവേരി ജലം തന്നെ. എന്നിട്ടും മഴദൈവങ്ങളെ പ്രാർത്ഥിച്ച് അവർ കൃഷിയിറക്കുന്നു.
സർക്കാർ വക വണ്ടികളിൽ രാവിലെ പത്തുമണിയോടടുത്ത് ഗ്രാമകവലയിലേക്ക് ഒരു ലോറി വെള്ളം എത്തും. അതവിടെ ഉള്ള വലിയ ഒരു സംഭരണിയിലേക്ക് നിറച്ചുവെച്ച് വണ്ടി അടുത്ത ഗ്രാമം ലക്ഷ്യമാക്കി പോകും. നാട്ടുകാർ സംഭരണിയിലെ വെള്ളം കുടങ്ങളിലും കന്നാസുകളിലും നിറച്ച് വീട്ടിലെത്തിക്കും. കുളിക്കാനും അലക്കാനുമൊക്കെ ബോറടിച്ചുകിട്ടുന്ന വെള്ളത്തിന്റെ സപ്ലേയും ഉണ്ട്. അതിന് ഉപ്പുരസമാണ്. ഇത്രയും ജലക്ഷാമം ഉള്ള ആ നാട്ടിലെ വിളവുകൾ കണ്ടാൽ ഒരിക്കലും പറയില്ല ഇത് വെള്ളത്തിനു ക്ഷാമമുള്ള നാടാണെന്ന്; കാവേരി ജലം ഒരു ദിവസമെങ്കിലും നിന്നുപോയാൽ കുടിവെള്ളം കിട്ടാതെ ദാഹിച്ചു വരളുന്ന ഗ്രാമമാണിതെന്ന്. ഇതുപോലെ അനേകം ഗ്രാമങ്ങൾ തമിഴ് നാട്ടിൽ നിറയെ ഉണ്ടെന്ന്!! അന്യസംസ്ഥാനങ്ങളിൽ നിന്നും ഒഴുകിയെത്തുന്ന നദീജലം കേവലമൊരു വഴക്കിന്റെ പേരിൽ നിലച്ചാൽ താറുമാറാവുന്ന അനേകം ഗ്രാമങ്ങൾ…
വരദപ്പഗൗഡർ
ഗ്രാമത്തിലെ വരദപ്പ ഗൗഡരുടെ കൃഷിയിടമാണു ചിത്രത്തിൽ കാണുന്നത്. അവിടെ ഇല്ലാത്ത കൃഷിത്തരങ്ങൾ ഇല്ല, കപ്പ, ഇഞ്ചി, മഞ്ഞൾ, നിലക്കടല, ഈന്തപ്പഴം, ചെറുപയർ, ചുവന്നുള്ളി, വലിയ ഉള്ളി (സവാള), ഓറഞ്ച്, പേരയ്ക്ക, തെങ്ങുകൾ, പുളി, വേപ്പ്, ഇങ്ങനെ പോകുന്നു. ഇതിനൊക്കെ പുറമേ എരുമ, പശു, ആട്, കോഴി തുടങ്ങിയ വളർത്തുമൃഗങ്ങളും നിരവധിയുണ്ട്. എങ്ങോട്ടുനോക്കിയാലും പച്ചപ്പു തന്നെ. വയലുകൾക്കു നടുവിലായി പലയിടത്തും ചതുരാകൃതിയിലുള്ള വലിയ കിണറുകൾ. അതിന്റെ നീളമെത്രയെന്ന് അറിയില്ല. മുകളിൽ നിന്നും നോക്കിയാൽ അടിവശം കാണാൻ ബുദ്ധിമുട്ട്. റിസ്ക്കെടുത്ത് നോക്കാനും പോയില്ല. സേലം – നാമക്കൽ റൂട്ടിൽ ഏകദേശം 25 കിലോമീറ്റർ പിന്നിടുമ്പോൾ കിട്ടുന്ന പാച്ചൽ എന്ന സ്ഥലത്തായിരുന്നു ഞങ്ങൾ പോയത്. ഒരു ടിപ്പിക്കൽ തമിഴ് നാടൻ ഗ്രാമത്തിന്റെ ഹൈവേയോടടുത്ത മുഖമാണു പാച്ചൽ. കൃഷി സ്ഥലങ്ങൾ അവിടെ വാങ്ങിക്കാൻ കിട്ടും. സ്ക്വയർ ഫീറ്റിനു 30 രൂപയായിരുന്നു കഴിഞ്ഞ വർഷം ഇതേ സമയം പോയപ്പോൾ ഉണ്ടായിരുന്നത്, എന്നാൽ അതിപ്പോൾ 200 മുതൽ 250 വരെ ആയിട്ടുണ്ട്. ഒരേക്കർ ഒന്നിച്ചെടുക്കുമ്പോൾ 20 ലക്ഷമാണെന്നും പറഞ്ഞു. സ്ക്വയർ ഫീറ്റായി വാങ്ങിക്കുന്നതും ഏക്കറായി വാങ്ങിക്കുന്നതും തമ്മിൽ ഉള്ള വ്യത്യാസം ഒന്നും കൂട്ടിനോക്കാൻ പോയില്ല… അടുത്ത വർഷം പോകുമ്പോൾ ഒരു പക്ഷേ അതു 40 ലക്ഷമായേക്കാം!! വെള്ളമാണവിടുത്തെ പ്രധാന പ്രശ്നം. വെള്ളം ഉണ്ടെങ്കിൽ മറ്റൊരു സ്വർഗം അന്വേഷിച്ച് പോകേണ്ടതില്ല. വില കൂടും മുമ്പ് ഒരു വീടുകെട്ടാനുള്ള സ്ഥലം ഇവിടെ വാങ്ങിച്ചിടണം എന്ന് മഞ്ജു വാശിപിടിച്ചു തുടങ്ങിയിരിക്കുന്നു.
കേരളത്തിൽ വെള്ളം ഒരിക്കലും ഒരു പ്രശ്നമേയല്ല. നിരവധി നദികളും മറ്റനവധി ജല സ്ത്രോതസുകളും നമുക്കുണ്ട്. നമുക്കുകിട്ടുന്ന മഴവെള്ളം സംഭരിച്ചുവെച്ചാൽതന്നെ നമുക്കത് നല്ലൊരു കരുതൽ ശേഖരമായി. എന്നിട്ടും ഇടവിട്ട് ചെയ്യുന്ന നെൽകൃഷി മാത്രമല്ലേ നമ്മുടെ പ്രധാന പരിപാടി. ആ വയലുകളെ തന്നെ വേണ്ടവിധത്തിൽ ഉപയോഗപ്പെടുത്താൻ നമുക്ക് പറ്റിയിട്ടില്ല. ഈ ആദിമദ്രാവിഡരെ കണ്ടുപഠിക്കേണ്ടതു തന്നെയാണ്. വരദപ്പ ഗൗഡരുടെ മകൻ ബാംഗ്ലൂരിൽ ഒരു ഐടി കമ്പനിയിൽ മാനേജരാണ്. ഒന്നര ലക്ഷത്തോളം രൂപ മാസം സാലറിയുള്ള വ്യക്തി. ഒന്നരലക്ഷം രൂപ സാലറികിട്ടുന്ന ഒരു മകന്റെ അച്ഛനെ ഞാൻ കേരളത്തിന്റെ പരിതസ്ഥിതിയിൽ വെറുതേ ഒന്നോർത്തുപോയി! എല്ലാ മാസവും മകൻ അച്ഛനെ കാണാൻ ഈ ഗ്രാമത്തിലേക്ക് വരാറുണ്ട്. ഈ അച്ഛനും അദ്ദേഹത്തിന്റെ അനുജനും അനുജന്റെ മകനും ചേർന്നാണ് ഈ കാണുന്ന കൃഷിയിടവും ഇക്കണ്ട വളർത്തു മൃഗങ്ങളേയും പരിപാലിക്കുന്നത്. കൃഷിയിടത്തിലെ മിക്ക പണികളും ഇവർ തന്നെ ചെയ്യുന്നു. ഒത്തിരിപേർ വേണ്ടിവരുന്ന പണികൾക്കു മാത്രമേ പണിക്കാരെ വിളിക്കുന്നുള്ളു. എല്ലാവരും പണിക്കാരായിരിക്കുന്ന ആ നാട്ടിൽ പരസ്പരം സഹകരിച്ച് അവർ വിളവെടുപ്പു നടത്തുന്നു. ഇടയ്ക്കിടയ്ക്ക് തങ്ങളുടെ ആരാധനാമൂർത്തികളുടെ കോവിലുകളും ഉണ്ട്.
ആ കൃഷിസ്ഥലം വിട്ടുപോരുമ്പോൾ എത്രയും പെട്ടന്ന് ഇവർക്കാവശ്യമായ മഴ ലഭിക്കണേ എന്നായിരുന്നു പ്രാർത്ഥന. അവരുടെ കടിനാദ്ധ്വാനത്തിന്റെ ഫലം അവർക്ക് മുഴുവനായും കിട്ടാൻ പ്രകൃതി കനിഞ്ഞേ മതിയാവൂ. വരുമ്പോൾ ഞങ്ങൾക്ക് എടുക്കാൻ പറ്റാവുന്നത്ര തേങ്ങയും പച്ച നിലക്കടലയും ചെറുപയറും പേരയ്ക്കയും നാരങ്ങയും ഒക്കെ പൊതിഞ്ഞുതന്ന് അവർ അവരുടെ സ്നേഹം പ്രകടിപ്പിച്ചു. കൂടാതെ വഴിയാത്രയ്ക്കിടയിൽ കഴിക്കാനായി പരിപ്പുവടയും പൊതിഞ്ഞുവെച്ചുതന്നു.
മലൈകോട്ടൈ
ചിത്രത്തിൽ കാണുന്ന കോട്ട നാമക്കൽ ടൗണിൽ ആണ്. സേലത്തു നിന്നും 53 കിലോമീറ്റർ ഉണ്ട് നാമക്കൽ എന്ന സ്ഥലത്തേക്ക്. (കൂടുതൽ ചിത്രങ്ങൾ ഇവിടെയുണ്ട്) മലൈകോട്ടൈ എന്നാണു തമിഴന്മാർ ഈ കോട്ടയെ വിളിക്കുന്നത്. നാമക്കൽ ടൗണിനു നടുവിലാണ് ഈ മല. മലയുടെ മുകൾ തട്ടീലാണു കോട്ട. മുകളിൽ നിന്നാൽ നാമക്കൽ ടൗൺ ചുറ്റും പരന്നു നിൽക്കുന്നതു കാണാം. ടിപ്പുവിന്റെ ആയുധസംഭരണ ശാലയായിരുന്നു അത്. മലയുടെ ഉൾവശത്ത് വലിയ തുരങ്കങ്ങൾ ഉണ്ടത്രേ, ഇപ്പോൾ അത് അടച്ചിട്ടിരിക്കുകയാണ്. വൈകുന്നേരം അവിടേക്ക് പോകുന്നതാവും നല്ലത്. ഒരു അഞ്ചുമണി സമയത്താണു മഞ്ജുവും ഞാനും അവിടെ എത്തിയത്. വെയിൽ ഒട്ടൊടുങ്ങിയ സമയം. ഉച്ചയ്ക്കു വന്നാൽ തല പൊട്ടിപ്പിളർന്നു പോവും. ഈ മലകാണാൻ മാത്രമായി ഇവിടെ വരുന്നത് നഷ്ടമാണ്. എന്നാൽ, 100 കിലോമീറ്റർ അപ്പുറത്തുള്ള ട്രിച്ചിയിൽ കാണാൻ പലതും ഉണ്ട്. നാമക്കല്ലിൽ നിന്നും കുറച്ചു യാത്ര ചെയ്താൽ കൊല്ലിമലയിൽ എത്താം. കൊല്ലിമലയിലേക്കുള്ള യാത്ര തന്നെ രസകരമാണ്. മൈലകോട്ടയിൽ എത്തിയപ്പോൾ വളരെ കുറച്ച് ആൾക്കാർ മാത്രമേ അവിടെയുണ്ടായുള്ളു. കോട്ടയ്ക്കകവശം വിശാലമായ ഒരു കുളമുണ്ട്. നിറയെ മീനുകൾ ഉള്ള ഒരുകൊച്ചു ശുദ്ധജല തടാകം. അതിന്റെ കരയിലിരുന്ന് ഒരു വയസൻ മൂപ്പർ മീനുകൾക്ക് ഭക്ഷണം കൊടുക്കുന്നു. ഞാൻ അയാളെ ഒന്നു പരിചയപ്പെട്ടു. ഒരു കൈയും ഒരു കാലും അടങ്ങുന്ന ശരീരത്തിന്റെ ഒരു ഭാഗം മൊത്തം തളർന്നുപോയ മാരിയപ്പൻ ആയിരുന്നു അത്. അയാൾ എന്നും വൈകുന്നേരം ഈ മല കയറിവന്ന് മീനുകൾക്ക് ഭക്ഷണം കൊടുക്കുമത്രേ.
ചിക്കൻ ബിരിയാണിയാണ് സമീപത്തിരിക്കുന്നത്. അതിലെ ചിക്കൻ പീസൊക്കെ സൈഡിൽ മാറ്റി വെച്ചിരിക്കുന്നു. അരിയാഹാരം മാത്രം ഫിൽട്ടർ ചെയ്തെടുത്ത് വളരെ സൂക്ഷ്മതയോടെ അദ്ദേഹം മീനുകൾക്കിട്ടുകൊടുക്കുന്നു. അയാളാണിത് ടിപ്പുവിന്റെ ആയുധസംഭരണശാലയായിരുന്നുവെന്നും മലയ്ക്കടിവശം വൻ തുരങ്കങ്ങൾ ഉണ്ടെന്നും അവയിപ്പോൾ അടച്ചിരിക്കുകയാണെന്നും അടക്കമുള്ള കഥകൾ പറഞ്ഞുതന്നത്. പിന്നെ അദ്ദേഹം എന്റെ ഫോട്ടോയ്ക്കായി വെളുക്കെ ചിരിച്ച് പോസ് ചെയ്തുതന്നു.
കൂടുതൽ ചിത്രങ്ങൾ ഇവിടെ കൊടുത്തിരിക്കുന്നു.
കൊല്ലിമല – (തമിഴ്: கொல்லி மலை)
നാമക്കല്ലിലെ മറ്റൊരു വിശേഷപ്പെട്ട സ്ഥലമാണു കൊല്ലിമല. വൻമലകളാൽ ചുറ്റപ്പെട്ട ഈ പ്രദേശം കടൽ നിരപ്പിൽ നിന്നും ഏകദേശം 1300 മീറ്റർ ഉയരത്തിൽ സ്ഥിതിചെയ്യുന്നു. ഒരു വലിയ വനമേഖലയ്ക്കു നടുവിലാണ് ഈ പ്രദേശം. ഏകദേശം 280 km² വിസ്താരത്തിൽ പരന്നു കിടക്കുന്ന ഈ ഭൂപ്രദേശം ടൂറിസത്തിന് ഏറെ സാധ്യതകൾ ഉള്ളതാണെങ്കിലും ഇപ്പോഴും സഞ്ചാരികൾ അധികമായി എത്തിത്തുടങ്ങിയിട്ടില്ല. മരച്ചീനി, പൈനാപ്പിൾ, വാഴ മുതലായവ വാണിജ്യാടിസ്ഥാനത്തിൽ തന്നെ കൃഷിചെയ്തുവരുന്നുണ്ട് ഇവിടെ. വിവിധ ഇനത്തിൽ പെട്ട ധാരാളം പ്ലാവുകൾ ഇവിടെ ഉണ്ട്. അതുകൊണ്ടുതന്നെ നാമക്കൽ, സേലം മുതലായ സ്ഥലങ്ങളിലെ കമ്പോളങ്ങളിലേക്കുള്ള ചക്കകൾ ഇവിടെ നിന്നും വരുന്നതാണ്. ചിലയിടങ്ങലിൽ കാപ്പിയും കുരുമുളകും വൻതോതിൽ കൃഷിചെയ്തു വരുന്നുണ്ട്. വികസനം തീരെ ചെന്നെത്താത്ത സ്ഥലങ്ങളിൽ ഒന്നാണ് കൊല്ലിമല. ആകാശഗംഗ എന്നറിയപ്പെടുന്ന വലിയൊരു വെള്ളച്ചാട്ടം കൊല്ലിമലയുടെ ഭംഗി വർദ്ധിപ്പിക്കുന്നു. അറപ്പാലീശ്വരൻ ക്ഷേത്രം, കൊല്ലിപ്പാവൈ അമ്മൻ ക്ഷേത്രം, മുരുകന്റെ ക്ഷേത്രം എന്നിവ പ്രസിദ്ധങ്ങളാണ്. ചിലപ്പതികാരം, മണിമേഖല പോലുള്ള പഴയകാല കൃതികളിൽ കൊല്ലിമലയെ കുറിച്ച് പ്രതിപാദിച്ചിട്ടുണ്ടത്രേ.
എഴുപതിലധികം വൻവളവുകളുള്ള ചെങ്കുത്തായ ഒരു ചുരം കയറിവേണം കൊല്ലിമല എന്ന സ്ഥലത്ത് എത്തിച്ചേരാൻ. സേലത്തു നിന്നും നാമക്കല്ലിൽ നിന്നും ബസ്സുകൾ ഉണ്ടെങ്കിലും പ്രായേണ സേലത്തുനിന്നും ബസ്സ് സർവീസ് കുറവാണ്. നാമക്കല്ലിൽ നിന്നും 63 കിലോമീറ്റർ അകലെ കിഴക്കൻ മലനിരകളിലാണു കൊല്ലിമല സ്ഥിതിചെയ്യുന്നത്. പ്രദേശവാസികൾ അടിവാരം എന്നു വിളിക്കുന്ന കാരവല്ലി എന്ന സ്ഥലത്ത് നിന്നുമാണ് ചുരം തുടങ്ങുന്നത്. ചുരം കയറാൻ ഏകദേശം രണ്ടുമണിക്കൂറോളം സമയമെടുക്കും. കാർഷികവൃത്തിയിലേർപ്പെട്ട കുറേ പാവപ്പെട്ട ജനവിഭാഗം മാത്രം താമസിച്ചുവരുന്ന കൊല്ലിമലയിൽ ഒരു ചെറുപട്ടണം പോലും ലഭ്യമല്ല. ചെമ്മേട് (സെമ്മേട്) എന്ന സ്ഥലമാണ് കൊല്ലിമലയുടെ കേന്ദ്രം. ചെറു തട്ടുകടകൾ പോലെയുള്ള വാണിജ്യകേന്ദങ്ങൾ മാത്രമേ ഇവിടെ കാണാനുള്ളൂ. കൊല്ലിമലയിൽ ഇത്തരം തട്ടുകടകളുടെ എണ്ണം കൂടുതലായി കണ്ടു വരുന്നു.
കൊല്ലിമലയോട് അടുത്തുള്ള പട്ടണം ജില്ലാ ആസ്ഥാനമായ നാമക്കൽ ആണ്. രണ്ടുമണിക്കൂർ ഇടവിട്ട് നാമക്കല്ലിൽ നിന്നും കൊല്ലിമലയിലേക്ക് ബസ്സ് സർവീസ് ഉണ്ട്. 63 കിലോമീറ്റർ ദൂരമുള്ള ഈ വഴി ഒരുപാട് ഹെയർപിൻ വളവുകൾ ഉള്ളതാണ്. ഏകദേശം നാലുമണിക്കൂർ യാത്ര വേണ്ടിവരും ഇവിടെ എത്തിച്ചേരാൻ. കൊല്ലിമലയിൽ നിന്നും സേലത്തേക്കും ബസ്സ് സർവീസ് ഉണ്ട്; പക്ഷേ അതു വളരെ കുറവാണ്. തൊട്ടടുത്ത റെയിൽവേ സ്റ്റേഷനുകൾ ഈറോഡ്, സേലം എന്നിവയാണ്. സേലത്തു നിന്നും നാമക്കൽ വരെ 54 കിലോമീറ്റർ ദൂരമുണ്ട്. അഞ്ചുമിനിറ്റിന്റെ ഇടവേളയിൽ ഏതു സമയത്തും ഈ വഴി ബസ്സുകൾ ലഭ്യമാണ്. സേലത്തു നിന്നും നാമക്കല്ലിൽ എത്തിച്ചേരാൻ ഒരുമണിക്കൂർ സമയത്തെ യാത്ര മതിയാവും. ഈറോഡിൽ നിന്നും നാമക്കല്ലിൽ എത്തിച്ചേരാൻ 57 കിലോമീറ്റർ യാത്ര ചെയ്യേണ്ടതുണ്ട്.
കൃഷി
തേയില, കാപ്പി, കുരുമുളക്, പൈനാപ്പിൾ, ചക്ക, മരച്ചീനി മുതലായവയൊക്കെ വാണിജ്യാടിസ്ഥാനത്തിൽ തന്നെ ഉല്പാദിപ്പിക്കുന്നുണ്ട്. അങ്ങിങ്ങായി വലിയ വാഴത്തോപ്പുകളും നെൽകൃഷിയും ഉണ്ട്. ചക്കയ്‌ക്ക് ഏറെ പ്രസിദ്ധമാണ് കൊല്ലിമല. വിവിധതരത്തിലുള്ള ചക്കകളും വാഴപ്പഴങ്ങളും ഇവിടെ ഉല്പാദിപ്പിക്കുന്നുണ്ട്.
ആകാശഗംഗ
കൊല്ലിമലയിലെ പ്രധാന ആകർഷണമാണ് ആകാശഗംഗ എന്ന ഈ വെള്ളച്ചാട്ടം. രണ്ട് വൻമലകൾക്കിടയിൽ മലകളുടെ ഏകദേശം നടുവിലായി ഇതു സ്ഥിതി ചെയ്യുന്നു. കൊല്ലിമലയിലെ ശിവക്ഷേത്രത്തിൽ നിന്നും വെള്ളച്ചാട്ടം ഉള്ളസ്ഥലം വരെ ചെങ്കുത്തായ ചരിവാണ്. അമ്പലത്തിന്റെ മുന്നിൽന്നിന്നും വെള്ളച്ചാട്ടം വരെ കോൺക്രീറ്റ് പടികൾ ഉള്ളതിനാൽ അങ്ങോട്ടുള്ള യാത്ര സുഗമമാണ്. പത്തുരൂപ ടിക്കറ്റ് നിരക്ക് ഈടാക്കിയാണ് സഞ്ചാരികളെ വെള്ളച്ചാട്ടം ഉള്ള സ്ഥലത്തേക്ക് കടത്തിവിടുന്നത്. കൊല്ലിമലയുടെ വന്യഭംഗി നിറഞ്ഞുനിൽകുന്ന ഭാഗമാണ് ഈ സ്ഥലം. വെള്ളച്ചാട്ടത്തിനു കീഴിൽ നിന്നും കുളിക്കുന്നവർക്ക് ശിവകാരുണ്യത്താൽ സർവരോഗശമനം ഉണ്ടാവുമെന്ന വിശ്വാസം കൊല്ലിമലനിവാസികൾക്കിടയിൽ ഉണ്ട്. മലമുകളിൽ നിന്നും വരുന്ന വെള്ളത്തിൽ ഔഷധമൂല്യം ഉണ്ടെന്നവർ വിശ്വസിക്കുന്നു.
പേരിനു പിന്നിലെ ഐതിഹ്യം
കൊല്ലിമലയുടെ പേരിനു പിന്നിൽ രണ്ട് ഐതിഹ്യം പറഞ്ഞുവരുന്നുണ്ട്. അറപ്പാലീശ്വരൻ എന്ന ശിവന്റെ ചൈതന്യം സമീപത്തുള്ളതിനാൽ സകലവിധ വ്യാധികളേയും കൊല്ലാൻ പര്യാപ്തമാണ് ആകാശഗംഗ എന്ന വെള്ളച്ചാട്ടത്തിലുള്ള സ്നാനം എന്നു പ്രദേശവാസികൾ വിശ്വസിക്കുന്നു. എന്നാൽ പ്രബലമായ മറ്റൊരു വിശ്വാസം വിശ്വസുന്ദരിയായ കൊല്ലിപ്പാവൈ എന്ന ദേവതയുമായി ബന്ധപ്പെട്ടതാണ്. പണ്ട് മുനിമാർ തങ്ങളുടെ കൊടും തപസ്സിനായി തെരഞ്ഞെടുത്ത സ്ഥലമായിരുന്നുവത്രേ കൊല്ലിമല. മുനിമാരുടെ തപസ്സിന്റെ തീവ്രതയിൽ ചൂടും തീയും കൊണ്ട് നാട്ടുകാരുടെ ജീവിതം ദുസ്സഹമായി തീർന്നപ്പോൾ കൊല്ലിപ്പാവൈ ദേവി തന്റെ സുന്ദരമായ പുഞ്ചിരിയാൽ ആ ചൂടിനേയും തീയേയും എരിച്ചുകളഞ്ഞ് ജനങ്ങളെ കൊടിയ വിപത്തിൽ നിന്നും രക്ഷിച്ചുവെന്നും അവർ വിശ്വസിക്കുന്നു. അതിനാൽ ദേവി വസിക്കുന്ന ആ സ്ഥലം കൊല്ലിമല എന്നവർ വിളിച്ചു വന്നു. ഏറ്റുകൈ അമ്മൻ എന്നാണു സമീപവാസികൾ കൊല്ലിപ്പാവൈ ദേവിയെ വിളിക്കുന്നത്. കൊല്ലിപ്പാവൈയുടെ അമ്പലവും തൊട്ടടുത്തു തന്നെ സ്ഥിതുചെയ്യുന്നുണ്ട്.
പുരാണങ്ങളിൽ
ചിലപ്പതികാരം പോലുള്ള കൃതികളിൽ പറഞ്ഞിരിക്കുന്ന സൂചനകൾപ്പുറം പുരാണപ്രസിദ്ധം കൂടിയാണ് കൊല്ലിമല. രാമായണത്തിൽ പറഞ്ഞിരിക്കുന്ന സുഗ്രീവന്റെ മധുവനം കൊല്ലിമല തന്നെയാണെന്ന് ഒരു കൂട്ടർ വിശ്വസിക്കുന്നു. ക്രിസ്തുവിനു മുമ്പ് 200 – ആം ശതകത്തിൽ പ്രസിദ്ധരായ ഏഴുരാജാക്കന്മാരിൽ ഒരാളായ വളവി ഊറി എന്ന രാജാവ് ഒരു അമ്പിനാൽ സിംഹം, കരടി, മാൻ, കാട്ടുപന്നി എന്നീ മൃഗങ്ങളെ കൊന്ന സ്ഥലം കൊല്ലിമലയാണ്.