Skip to main content

രാമലീല

Ramaleela movie posterരാമലീല എന്ന സിനിമ ഇന്നലെ (ഒക്ടോബർ മൂന്ന് -ചൊവ്വാഴ്ച) കാണാനിടയായി. ഏറെ കോലാഹലങ്ങൾക്കു ശേഷം സെപ്റ്റംബർ 28 ആം തീയ്യതി പുറത്തിറങ്ങിയ സിനിമയായിരുന്നു രാമലീല. ഒരു രാഷ്ട്രീയ-ഗൂഢാലോചന-ത്രില്ലർ സിനിമയാണിതെന്ന് ഒറ്റവാക്കിൽ ഒതുക്കാമെങ്കിലും രാഷ്ട്രീയ തിമിരം ബാധിച്ച് തലങ്ങും വിലങ്ങും പായുന്ന സാധരണക്കാർക്ക് ഏറെ നേരം ചിന്തിക്കാനുതകുന്ന ഒട്ടേറെ സംഗതികൾ കോർത്തിണക്കി മെടഞ്ഞ നല്ലൊരു കലാസൃഷ്ടിയാവുന്നു രാമലീല. നല്ലൊരു സിനിമ തന്നെയാണിത്. കമ്മ്യൂണിസ്റ്റ് പാർട്ടിയും കോൺഗ്രസ്സ് പാർട്ടിയും രക്ഷസാക്ഷികളും കപട നേതാക്കളുടെ രാഷ്ട്രീയ ഹിജഡത്വവും ഒക്കെ തുറന്നുകാണിക്കുന്നൊരു കണ്ണാടിയാണിത്. അതുകൊണ്ടുതന്നെ നമ്മുടെ നേർകാഴ്ചയാവുന്നു രാമലീല എന്നു പറയാം. രാമന്റെ ലീലാവിലാസങ്ങൾ എനിക്കു ഹൃദ്യമായി തോന്നിയത് ഇതൊക്കെ കൊണ്ടാണ്.

അരുൺ ഗോപി സംവിധാനം ചെയ്ത സിനിമയാണിത്. ദിലീപ്, മുകേഷ്, സിദ്ധിക്ക്, വിജയരാഘവൻ, സലിം കുമാർ, സുരേഷ് കൃഷ്ണ, രൺജി പണിക്കർ, അശോകൻ, സായികുമാർ, കലാഭവൻ ഷാജോൺ, പ്രയാഗ മാർട്ടിൻ തുടങ്ങി ഒട്ടേറെപ്പേർ പ്രധാനവേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നുണ്ട്. മുളകുപ്പാടം ഫിലിംസിന്റെ ബാനറിൽ ടോമിചൻ മുളകുപ്പാടം ആണു സിനിമ നിർമ്മിച്ചത്. മലയാളത്തിൽ സമീപകാലത്ത് ഏറ്റവുമധികം ചർച്ച ചെയ്യപ്പെടുകയും വിതരണം മാറ്റിവെയ്ക്കപ്പെടുകയും ചെയ്ത സിനിമയാണു രാമലീല. സിനിമയിലെ നായകനായ രാമനുണ്ണിയെ അവതരിപ്പിച്ച ദിലീപ് ഒരു ചലച്ചിത്ര നടിയെ തട്ടിക്കൊണ്ടുപോയ കേസിൽ പ്രതിചേർത്ത് പൊലീസ് അറസ്റ്റ് ചെയ്ത സന്ദർഭം ഒത്തു വന്നതാണിതിനു കാരണമായത്. ഇതേകാരണം തന്നെ സിനിമയെ വിജയമാക്കുമെന്നു കരുതാമെങ്കിലും ഇതിലേറെയും ഇന്നത്തെ കാലത്തിന്റെ രാഷ്ട്രീയ കപടതയുടെ ഒരു തുറന്നുകാട്ടൽ കൂടിയാണു രാമലീലയെന്ന ഈ ചിത്രം.


ഇതിവൃത്തം

കഥ പൂർണമായി പറയുന്നില്ല. ക്ലൈമാക്സ് സിനിമയിൽ തന്നെ നിൽക്കട്ടെ. കമ്മ്യൂണിസ്റ്റ് പാർട്ടി (സിഡിപി) നേതാവായ അമ്പാടി മോഹനെ (വിജയരാഘവൻ) അധിക്ഷേപിച്ചതിനെത്തുടർന്ന് പാർട്ടി എം. എൽ. എ. ആയിരുന്ന അഡ്വക്കേറ്റ് രാമനുണ്ണി (ദിലീപ്) സിഡിപിയിൽ നിന്നും പുറത്താക്കപ്പെടുന്നു. തുടർന്ന് രാമനുണ്ണി എതിരാളിയായ കോൺഗ്രസ് പാർട്ടിയിൽ (എൻ. എസ്. പി.) ചേരുന്നു. ഒരു കമ്മ്യൂണിസ്റ്റ് കുടുംബത്തിൽ ജനിച്ചു വളർന്ന അനശ്വര രക്തസാക്ഷിയുടെ മകനായിട്ടു പോലും രാമനുണ്ണി കോൺഗ്രസ്സിൽ ചേർന്നു പ്രവർത്തിക്കുന്നത് അമ്മ രാഗിണി (രാധിക ശരത്കുമാർ) ശക്തമായി എതിർക്കുന്നുണ്ട്. രാമനുണ്ണിക്കു നേരെയുള്ള ഭീഷണിയും മറ്റും ഉള്ളതിനാൽ സ്വയരക്ഷയ്ക്കായുള്ള തോക്കിന്റെ ലൈസൻസിനായി അപേക്ഷിക്കുന്നു. അങ്ങനെ അപേക്ഷിച്ചു കാര്യങ്ങൾ കരസ്ഥമാക്കിയതും പിന്നീട് വിവാദമായി മാറുന്നു. തുടർന്നു വരുന്ന തെരഞ്ഞെടുപ്പിൽ രാമനുണ്ണി കോൺഗ്രസ് നേതാവായി മത്സരരംഗത്ത് വരുന്നത് എൻ.പി.എസിന്റെ പ്രമുഖ രാഷ്ട്രീയ നേതാവ് ഉദയഭാനുവിനെ(സിദ്ധിക്ക്) ദേഷ്യം പിടിപ്പിക്കുന്നു. ഇതിനെതിരെ കമ്മ്യൂണിസ്റ്റ് പാർട്ടി സ്ഥാനാർത്ഥിയായി അമ്പാടി മോഹൻ തെരഞ്ഞെടുത്തത് രാമനുണ്ണിയുടെ അമ്മയായ രാഗിണിയെ തന്നെയാണ്.

തെരഞ്ഞെടുപ്പു രീതികൾ കൊഴുത്തുവരുന്നതിനിടയ്ക്ക് ഒരു ഫുട്ബോൾ മത്സരം നടക്കുന്ന സ്ഥലത്തു വെച്ച്, കമ്മ്യൂണിസ്റ്റ് നേതാവായി രാഗിണിയെ സ്ഥാനാർത്തിയായി നിശ്ചയിച്ച, അമ്പാടി മോഹൻ മരിച്ചു വീഴുന്നു. അപ്പോൾ ഗാലറിയിൽ രാമനുണ്ണിയും സഹപ്രവർത്തകനായ തോമസ് ചാക്കോയും (കലാഭവൻ ഷാജോൺ) ഉണ്ടായിരുന്നത് സംശയത്തിന്റെ നിഴൽ അവരിലേക്ക് നീളുവാൻ കാരണമാവുന്നു. അന്വേഷണ ഉദ്യോഗസ്ഥനായ പോൾസൺ ദേവസി(മുകേഷ്) രാമനുണ്ണിയെ അറസ്റ്റു ചെയ്യാൻ പാകത്തിലുള്ള പല തെളിവുകളും കണ്ടെത്തുന്നു, രാമനുണ്ണിയുടെ സ്വയരക്ഷാർത്ഥമുള്ള തോക്കിലെ അതേ വെടിയുണ്ട അമ്പാടി മോഹന്റെ ശരീരത്തിൽ നിന്നും ലഭിച്ചതും രാമനുണ്ണിയുടെ തോക്കിൽ ഒരു ഉണ്ട ഇല്ലാതിരുന്നതും അടങ്ങുന്ന നിരവധി തെളിവുകൾ കൂട്ടത്തിൽ ഉണ്ടായിരുന്നു. രാമനുണ്ണിയും തോമസ് ചാക്കോയും പൊലീസ് കസ്റ്റഡിയിൽ നിന്നും സമർത്ഥമായി രക്ഷപ്പെട്ട് സുഹൃത്തായ വി. ജി. മാധവന്റെ (രഞ്ജി പണിക്കർ) അടുത്തെത്തുന്നു. മാധവന്റെ മകൾ ഹെലന (പ്രയാഗ മാർട്ടിൻ) അവരെ പൊലീസിൽ നിന്ന് മറയ്ക്കാൻ സഹായിക്കുന്നു. രണ്ടുപേരെയും ഗോവയ്ക്കടുത്തുള്ള ഒരു ദ്വീപിലെ റിസോർട്ടിലേക്ക് ഹെലന മാറ്റിപ്പാർപ്പിക്കുന്നു. യഥാർത്ഥ കുറ്റവാളിയെ കണ്ടെത്തുന്നതിനായി രാമനുണ്ണി, തോമസ് ചാക്കോ എന്നിവരുടെ അവിടുത്തെ ജീവിതചര്യകൾ അദൃശ്യമായ ക്യാമറകളിലൂടെ പകർത്തി കൃത്യമായി തന്നെ ടെലിവിഷൻ വഴി വെളിപ്പെടുത്താൻ ഹെലനയ്ക്കാവുന്നു.

കമ്മ്യൂണിസ്റ്റ് നേതാവ് അമ്പാടി മോഹനും കോൺഗ്രസ് നേതാവ് ഉദയഭാനുവും രാമനുണ്ണിയുടെ അച്ഛന്റെ (‌മുരളി – ഫോട്ടോ) മരണത്തിനു കാരണമായി എന്ന് പൊതുജനം മാധ്യമസഹായത്താൽ മനസ്സിലാക്കുന്നു. തെളിവുകൾ എല്ലാം കോൺഗ്രസ്സ് നേതാവായ ഉദയഭാനുവിനെതിരായതിനാൽ ഉദയഭാനുവിനെ അറസ്റ്റു ചെയ്യുന്നു. തന്റെ നിരപരാധിത്വം തെളിയിച്ചതോടെ രാമനുണ്ണി സ്വതന്ത്ര സ്ഥാനാർഥിയായി വിജയിക്കുകയും സ്വദേശത്തേക്ക് മടങ്ങുകയും ചെയ്തു. രാമനുണ്ണി തന്റെ അനുയായികളാൽ പ്രശംസിക്കുകയും അവന്റെ അമ്മ പോലും വീണ്ടും അവനിൽ അഭിമാനിക്കുകയും ചെയ്യുന്നു. കഥയിങ്ങനെ തുടരുമ്പോൾ ഇടയിലൂടെ നമുക്കു കാണാൻ സാധിക്കുന്ന പലതുണ്ട്.

  1. രാഷ്ട്രീയത്തെന്റെ ഇന്നത്തെ അവസ്ഥ
  2. രാഷ്ട്രീയക്കാരുടെ കാപട്യം
  3. മാധ്യമങ്ങൾക്കുള്ള പ്രാധാന്യം, അവർ പൊതുമനസ്സുകളിൽ നിറയ്ക്കുന്ന ധാരണ
  4. പൊലീസിന്റെ ശേഷി

ഇവയൊക്കെ വിഷയമാവുമ്പോൾ മനോരമ പത്രത്തെ പരിഹസിക്കുന്നതും, നർമ്മത്തിൽ പൊതിഞ്ഞ സംഭാഷണശകലങ്ങളും സിനിമയിൽ ഉണ്ട് എന്നത് രസകരമായി തോന്നി. ചെയ്തു കഴിഞ്ഞത് തെറ്റായാലും ശരിയായാലും രാമനുണ്ണിമാർക്ക് ഇവിടെ നിര്‍ബാധം ഭരണാധികാരികളായി തന്നെ സഞ്ചരിക്കാമെന്നായിരിക്കുന്നു. മാധ്യമ വിചാരണയുടെ തീവ്രതയും അതനുസരിച്ചുള്ള പൊതുജനവികാരപ്രകടനങ്ങളും വോട്ടെടുപ്പിലൂടെയുള്ള പൊതുജനാഭിപ്രായവും സിനിമയി ചേർത്തിരിക്കുന്നു.

മാധ്യമവിചാരണകളുടെ സ്വാധീനവും പൊലീസ് കേസുകളും ഒക്കെ നിറഞ്ഞുനിൽക്കുന്ന സിനിമയായത് ദിലീപിന്റെ ഇന്നത്തെ കേസും ജാമ്യവും മറ്റുമായി ചേർത്തുവായിക്കാവുന്നവർക്ക് ആകാമെന്നേ ഉള്ളൂ… ഇങ്ങനെ വളച്ചൊടിച്ച് വായിച്ചെടുക്കാമെന്നത് സിനിമയ്ക്കൊരു മുതൽക്കൂട്ടുതന്നെയാണ്. പകരം ഇന്നത്തെ കേസുമായി പരോക്ഷമായി ബന്ധപ്പെട്ടുകിടക്കുന്നു മുകേഷും സിദ്ധിക്കും സലിം കുമാറും സിനിമയിൽ ഉണ്ടെന്നുള്ളതും സിനിമാസ്വാദ്വാകരെ ഇരുത്തും എന്നതും സിനിമാ വിജയം ഉറപ്പിക്കും. ഇനി ഇതൊന്നും സംഭവിച്ചില്ലെങ്കിലും രാഷ്ട്രീയ തിമിരം ബാധിച്ച മലയാളികൾക്കു നേരെയുള്ള ഒരു തുറന്ന പുസ്തകം തന്നെയാണു സിനിമ എന്നതാണു സത്യം. നല്ലൊരു മുതൽക്കൂട്ടാവുന്നത് ഇതൊക്കെ കൊണ്ടുതന്നെയാവുന്നു.


സിനിമ കാണാൻ ആത്മികയും ഉണ്ടായിരുന്നു. അവൾ ആദ്യം കാണാൻ കയറിയത് ഒരു ഇംഗ്ലീഷ് 3D സിനിമയ്ക്കായിരുന്നു. 5 മിനിറ്റ് ഇരുന്നതേ ഉള്ളൂ, എസി തിയറ്റർ ആയിരുന്നിട്ടുപോലും എനിക്കവളെ എടുത്ത് പുറത്തിറങ്ങേണ്ടി വന്നു. രണ്ടാമത് കണ്ടത് മോഹൻലാലിന്റെ പുലിമുരുകൻ ആയിരുന്നു. ആമി ഏറെ രസിച്ചു കണ്ടൊരു സിനിമയായിരുന്നു ഇത് എന്നു പറയാം. ഇതു കാണിക്കാൻ പ്ലാനിട്ടതുതന്നെ അവളുടെ ഇഷ്ടാനിഷ്ടങ്ങൾ മുങ്കൂട്ടി അറിയാൻ സാധിച്ചതു കൊണ്ടായിരുന്നു.

എന്ന തമിഴ് സിനിമയും ബാഹുബലിയെന്ന തെലുങ്കു സിനിമയും പുലിമുരുകനുമായിരുന്നു ഇവൾക്കേറെ ഇഷ്ടപ്പെട്ട സിനിമകൾ. രാമലീല കാണാൻ കാരണം മഞ്ജുവിന്റെ നിർബന്ധമായിരുന്നു. തിയറ്റർ തീരെ രുചികരമായിരുന്നില്ല. കറന്റു പോവുക എന്നത് ഒരു തുടർക്കഥപോലെ തുടർന്നു കൊണ്ടിരുന്നു. കാഞ്ഞാങ്ങാടുള്ള തിയറ്ററുകളിൽ ഒരു കാലത്ത് ഒന്നാം സ്ഥാനത്ത് നിന്നിരുന്ന തീയറ്ററായിരുന്നു വിനായക പാരഡൈസ്. ഇപ്പോൾ അതൊരു വെയ്സ്റ്റ് ബോക്സിനു തുല്യമായി പലകാരണത്താൽ അധഃപതിച്ചുപോയി.

സിനിമയിൽ ഉടനീളം ദിലീപിനെ കാണുമ്പോൾ കാവ്യച്ചേച്ചിയെവിടെ കാവ്യച്ചേച്ചിയെവിടെ എന്ന് ആമി ചോദിച്ചുകൊണ്ടിരുന്നു. കുറേ സമയം ചോദിച്ചിട്ടും കാണാതിരുന്നപ്പോൾ അവൾ സിനിമയെ മറന്ന് അവിടമൊരു കളിസ്ഥലമാക്കി മാറ്റി അവളുടേതായ ലോകത്തേക്ക് ഊളിയിട്ടു. പെൺശബ്ദം കേൾക്കുമ്പോൾ ഒക്കെയും സ്ക്രീനിലേക്ക് നോക്കി കാവ്യചേച്ചി വന്നോ എന്നു നോക്കിക്കൊണ്ടിരുന്നു. കാവ്യച്ചേച്ചി വന്നാൽ പറയണം എന്നും പറഞ്ഞ് അവൾ അവളുടേ ലോകത്തേക്ക് പറന്നു പോവുകയായിരുന്നു. സിനിമാ കാഴ്ചയിൽ ഉടനീളം ഒരു പ്രശ്നവും ഇല്ലാതെ അവൾ സമയം കളഞ്ഞു എന്നതും ഹൃദ്യമായി തോന്നി.

അമ്മേ നിളേ നിനക്കെന്തുപറ്റി

അമ്മേ നിളേ നിനക്കെന്തുപറ്റി
മനസ്സിന്‍റെ ജാലകക്കാഴ്ചകള്‍ വറ്റി
കണ്ണുനീര്‍ വറ്റി
പൊള്ളുന്ന നെറ്റിമേല്‍ കാലം തൊടീച്ചതാം
ചന്ദനപ്പൊട്ടിന്റെ ഈര്‍പ്പവും വറ്റി
ഓര്‍ക്കുന്നു ഞാന്‍ നിന്‍റെ നവയൗവ്വനം
പൂത്ത പാരിജാതംപോലെ ഋതുശോഭയാര്‍ന്നതും
പാലില്‍ കുടഞ്ഞിട്ട തങ്കഭസ്മംപോലെ
പാരം വിശുദ്ധയായ് നീ പുഞ്ചിരിച്ചതും
കളിവിളക്കിന്‍റെ പൊന്‍‌നാളത്തിനരികത്ത്
ശലഭജന്മംപോലെയാടിത്തിമിര്‍ത്തതും
രാത്രികാലങ്ങളില്‍ ചാറും നിലാവിന്‍റെ
നീരവശ്രുതിയേറ്റു പാടിത്തുടിച്ചതും
ഓര്‍മ്മയുണ്ടോ നിനക്കന്നത്തെ മിഥുനവും
തുടിമുഴക്കും തുലാവര്‍ഷപ്പകര്‍ച്ചയും
കൈയ്യിലൊരു മിന്നലിടിവാളുമായലറി നീ
കുരുതിക്കു മഞ്ഞളും നൂറും കലക്കി നീ
തടമറ്റ വിടപങ്ങള്‍ കടപുഴകി വീഴവേ
സംഹാരരുദ്രയായെങ്ങോ കുതിച്ചു നീ
വേനല്‍ക്കാറ്റു പാളുന്നു പന്തംപോല്‍
ഉടയാടയ്ക്കു തീപിടിച്ചപോലെരിയുന്നൂ പകല്‍
അന്തിമങ്ങുന്നു ദൂരെ ചെങ്കനലാവുന്നൂ സൂര്യന്‍
എന്തിനെന്നമ്മേ നീ നിന്‍ അന്ധമാം മിഴി നീട്ടി
കൂട്ടിവായിക്കുന്നു ഗാഢശോകരാമായണം
വരാതിരിക്കില്ല നിന്‍ മകന്‍ രഘുരാമന്‍
പതിനാലു വത്സരം വെന്നു
വനവാസം കഴിയാറായ്

മലയാളത്തിലെ താരാട്ടുപാട്ടുകൾ

Aatmika Rajesh
ആത്മിക
ഇതാ മലയാളത്തിലെ മികച്ച താരാട്ടുപാട്ടുകളുടെ ഒരു ശേഖരം. ഒരുപക്ഷേ, കുഞ്ഞുങ്ങൾ ഉള്ള ആരുംതന്നെ തേടിയലഞ്ഞു നടക്കുന്ന പാട്ടുകളാവും ഇവയിലേറെയും. ആമിക്കുട്ടിക്കു വേണ്ടി പലയിടത്തുനിന്നായി ഞാനിവ ശേഖരിക്കുകയായിരുന്നു. ആവശ്യക്കാർക്ക് ഉപകരിക്കുമെന്നു കരുതുന്നതിനാൽ ഷെയർ ചെയ്യുന്നു. (more…)

Download Malayalam Film Songs MP3

മലയാളസിനിമയിലെ പഴയകാല ഗാനങ്ങളുടെ ഒരു ശേഖരം. ഇതിൽ 1960 കളിൽ ഇറങ്ങിയ സിനിമകളിൽ നിന്നുള്ള 10 പാട്ടുകൾ കൊടുത്തിരിക്കുന്നു. കേൾക്കുകയോ ആവശ്യക്കാർക്ക് ഡൗൺലോഡ് ചെയ്തെടുക്കുകയോ ആവാം. വേർഡ്പ്രസ് സൈറ്റിന്റെ എന്തോ ചില സങ്കേതിക പ്രശ്നങ്ങൾ കാരണം ഇത് വർക്ക് ചെയ്യുന്നില്ല ഇപ്പോൾ, ഒരാഴ്ചയ്ക്കുള്ളിൽ ശരിയാക്കി എടുക്കാവുന്നതേ ഉള്ളൂ(‌10/01/2017). ഇന്നാണ് ഇക്കാര്യം അറിഞ്ഞതുതന്നെ.
[table id=1 /]
സിനിമാ ഗാനങ്ങൾ ഇങ്ങനെ നിരത്തിവെയ്ക്കുക എന്നത് അല്പം ബുദ്ധിമുട്ടുള്ള കാര്യമാണ്. 2000 ത്തോളം മലയാളസിനിമാഗാനങ്ങൾ ഉണ്ട്. അവയൊക്കെതന്നെയും ഇവിടെ ലഭ്യമാക്കാൻ ശ്രമിക്കുന്നതാണ്.

ഒടുവിൽ അവൻ വരുന്നു – ചില കളികൾ കാണാനും…

 

പുറത്തിറങ്ങിയാല്‍ എല്ലാവരും പെട്ടന്ന് തിരിച്ചറിഞ്ഞ് ചുറ്റും കൂടും. ഞാന്‍ ഒരു പച്ചയായ മനുഷ്യനാണെങ്കിലും മറ്റുള്ളവര്‍ എന്നെ സൂപ്പര്‍താരമായിട്ടാണ് കാണുന്നത് – സന്തോഷ് പണ്ഡിറ്റ് പി.ടി രവിശങ്കറുമായി സംസാരിക്കുന്നു

നിങ്ങളാണോ ശ്രീകൃഷ്ണൻ?
അതെ.പക്ഷെ അതിന്റെ സാങ്കേതികത മനസ്സിലാക്കണം. ഇതൊരു അദ്വൈത സിദ്ധാന്തമാണ്.അത് മനസ്സിലാക്കിയില്ലെങ്കില്‍ പ്രശ്നമാണ്.

കൂടുതൽ ഇവിടെ… നാലാമിടത്തിൽ… 
റിപ്പോർട്ടർ ടിവിയുടെ ഈ വീഡിയോ കൂടി കാണുക…

തൊഴുകൈത്തിരി നെയ്ത്തിരി വിടരും യാമം

ശശികല ചാര്‍ത്തിയ ദീപാവലയം
നം തനനം തനനം തനനം നം
നിശയൊരു കാര്‍ത്തിക വര്‍‌ണ്ണാഭരണം
നം തനനം തനനം തനനം നം
കളനൂപുരശിഞ്ചിതരഞ്ജിതമേളം
തനനനനനന തനനം
തൊഴുകൈത്തിരി നെയ്ത്തിരി വിടരും യാമം
തനനനനനന തനനം
വരമരുളും പൊരുളുമുയിരുമുണരും ദേവീ
തനനം തനനം നം നം നം നം
തം തനനനം തനാനന തം തനനനം
നിസ നിസ ഗാസ മാഗ പാമ നിപ ഗാമപാ

വരലക്ഷ്മിക്കോലം വരയുന്ന നേരം
തളിരിളം ചുണ്ടില്‍ ഉയരുന്നു മന്ത്രം
കാര്‍ത്തികരാവിന്‍ കന്മദഗന്ധം
ചാര്‍ത്തി ദേവിയെ നാമൊരുക്കി
താരണിത്താഴ്വര ചിരി തൂകി
തഴുകി ഒഴുകീ ഇളംതെന്നല്‍
പഞ്ചമരാഗം… സഞ്ചിതതാളം…
നിന്‍ കാല്‍ച്ചിലങ്കകള്‍ നാദവീചികള്‍
തെരുതെരെ കിലുകിലെ ചിലുചിലെ ദേവീ
തം തനനനം തനാനന തം തനനനം

കല്‍മണ്ഡപങ്ങളില്‍ കളഭാഭിഷേകം
കളിമണ്‍ചെരാതിന്‍ കനകാഭിഷേകം
കാഞ്ചനരൂപം ദേവീപ്രസാദം
കൈവല്യമേകുന്നൊരീ നേരം
ദര്‍ശനപുണ്യം പദമാടി…
ലക്ഷ്മീഭാവം നടമാടി…
ചഞ്ചലപാദം… മഞ്ജുളനാദം…
മണിവര്‍‌ണ്ണക്കൊലുസ്സുകള്‍ രാഗരാജികള്‍
തെരുതെരെ കിലുകിലെ ചിലുചിലെ ദേവീ
തം തനനനം തനാനന തം തനനനം

ഇന്ത്യൻ റുപ്പീ | Indian Rupee

ഇന്നലെ ഇന്ത്യൻ റുപ്പി കണ്ടു.. പ്രത്യേകിച്ച് ഒന്നും തോന്നിയില്ല, 250 രൂപകൊടുത്ത് കാണേണ്ടിയിരുന്നില്ല എന്നു തോന്നി. നാട്ടിൽ പോയപ്പോൾ 30 രൂപയ്ക്കായിരുന്നെങ്കിൽ ഒരു വിധം സംതൃപ്തി തോന്നുന്നുമായിരുന്നു; കൊടുത്ത കാശിനു മുതലായി എന്നു പറയാമായിരുന്നു. ഇതെന്തോ!!

സിനിമ മോശമാണ് എന്നല്ല. സിനിമയെ വാനോളം വാഴ്ത്തിപ്പാടിയ ഓൺലൈൻ കസർത്തുകൾ കണ്ട് അല്പം തെറ്റിദ്ധരിച്ചത് എന്റെ കുഴപ്പം തന്നെ. തിലകന്റെ തിരിച്ച് വരവ് ഗംഭീരം തന്നെ, ജഗതിയും തന്റെ ഭാഗം പൊലിപ്പിച്ചെടുത്തു. മൊത്തത്തിൽ പിടിച്ചിരുത്താൻ മാത്രം സിനിമയിൽ ഒന്നും കണ്ടില്ല. ഒരു ശരാശരി സിനിമ.

ആദ്യപകുതിയിൽ നന്നായിട്ട് ഉറക്കം വന്നു. രണ്ടാം പകുതി നല്ല ഫാസ്റ്റായി തോന്നി. കൂളിങ് ഗ്ലാസ് വെച്ചു നടക്കുന്ന നായകനെ നോക്കി ” ആ സാധനം വെക്കേണ്ട; സൂപ്പർ സ്റ്റാർ മമ്മൂട്ടിക്ക് പേരുദോഷം വരുത്തിവെച്ച സാധനം ആണത്” എന്ന കൂട്ടുകാരന്റെ തമാശ കാണികളെ നന്നായി ചിരിപ്പിച്ചു.

നായകന്റെ അനിയത്തിയായി അഭിനയിച്ച കുട്ടിയെ ശ്രദ്ധിച്ചു. സത്യൻ അന്തിക്കാട് – മോഹൻലാൽ ടീമിന്റെ ആ ചവറു പടത്തിലും അവരുണ്ട്. ഒരു തമിഴത്തി ലുക്ക്… കൊള്ളാം.

വാൽകഷ്ണം
സംവിധായകന് അരിക്കച്ചവടത്തിൽ ആരോ കൈവിഷം കൊടുത്തിട്ടുണ്ടെന്നു തോന്നുന്നു. പ്രാഞ്ചിയേട്ടനിൽ കണ്ട അതേ അരിക്കച്ചവടം ഈ സിനിമയിൽ ലാലു അലക്സിന്റെ കഥാപാത്രവും നടത്തുന്നുണ്ട്.

ഗുരുവായൂരപ്പന് ജലദോഷമായിരുന്നു!

 

അപരാഹ്നത്തിന്റെ അനന്തപദങ്ങളിൽ ആകാശനീലിമയിൽ അവൻ നടന്നകന്നു, ഭീമനും യുധിഷ്ഠിരനും ബീഡി വലിച്ചു… സീതയുടെ മാറ് പിളർന്ന് രക്തം കുടിച്ചൂ ദുര്യോധനൻ, ഗുരുവായൂരപ്പന് ജലദോഷമായിരുന്നു അന്ന്. അമ്പലത്തിന്റെ അകാൽവിളക്കുകൾ തെളിയുന്ന സന്ധ്യയിൽ അവൾ അവനോട് ചോദിച്ചു:
“ഇനിയും നീ ഇതുവഴി വരില്ലേ, ആനകളേയും തെളിച്ച് കൊണ്ട്? എങ്ങനുണ്ട്??”

തിലകൻ റോക്‌സ്!!

മലയാള സിനിമയിലെ അഭിനേതാക്കളുടെ സംഘടനയായ അമ്മയുടെ വിലക്ക് നേരിട്ടിരുന്ന തിലകന്‍ ഏറെക്കാലത്തിന് ശേഷമാണ് മുഖ്യധാരാ സിനിമയില്‍ പ്രധാന വേഷത്തിലെത്തുന്നത്. ”ഇന്ത്യന്‍ റുപ്പിയിലെ അച്യുതമേനോന്‍ എന്ന കഥാപാത്രത്തിലൂടെ ശക്തമായ തിരിച്ചുവരവ് നടത്തുകയാണ്…

 സൂപ്പറായാല്‍ പിന്നെ കോടികള്‍ക്കു വേണ്ടിയുള്ള ഓട്ടമായിരിക്കും. അവിടെ കല ഉണ്ടാവില്ല. കഥ എന്തുതന്നെയായാലും സാരമില്ല, കാശു താ… അഡ്വാന്‍സ് താ… ഇത്രയേ ഉള്ളൂ.

ഇന്ത്യന്‍ റുപ്പി തുടങ്ങും മുമ്പേ തിലകന് വിലക്കില്ലെന്ന് അമ്മ ഭാരവാഹികള്‍ അറിയിച്ചിരുന്നു. എങ്കിലും രണ്ടാം വരവിലും തന്റെ വാക്കുകളുടെ മൂര്‍ച്ച പോയിട്ടില്ലെന്നു തെളിയിക്കുകയായിരുന്നു തിലകന്‍. ‘സൂപ്പര്‍സ്റ്റാറുകളുടെ കൂടെ എപ്പോഴും ഗുണ്ടകള്‍ ഉണ്ടായിരിക്കും. ഇവരാണ് തിയറ്ററില്‍ നല്ല സിനിമകളെ കൂവി തോല്‍പ്പിക്കുന്നത്. ഉപരോധത്തിനു മാത്രം നിലകൊള്ളുന്ന ചില സംഘടനകള്‍ തന്നെ പുറത്തേക്കെറിഞ്ഞെങ്കിലും താന്‍ ചെന്നു വീണത് പ്രേക്ഷകരുടെ കയ്യിലേക്കാണ്”. അദ്ദേഹം പറഞ്ഞു. 

മാതൃഭൂമി വാർത്ത

അന്നു നിന്റെ നുണക്കുഴി തെളിഞ്ഞിട്ടില്ല

അന്നു നിന്റെ നുണക്കുഴി തെളിഞ്ഞിട്ടില്ല
അന്നു നിന്റെ കവിളിത്ര ചുമന്നിട്ടില്ല
പൊട്ടുകുത്താനറിയില്ല കണ്ണെഴുതാനറിയില്ല
എട്ടും പൊട്ടും തിരിയാത്ത പാവാടക്കാരി
ഒരു തൊട്ടാല്‍വാടി കരളുള്ള പാവാടക്കാരി..

അന്നു നിന്റെ മിഴിയാകും മലര്‍പൊയ്കയില്‍
പൊന്‍കിനാവിന്‍ അരയന്നമിറങ്ങാറില്ല…
പാട്ടുപാടി തന്നില്ലെങ്കില്‍ പൂ പറിക്കാന്‍ വന്നില്ലെങ്കില്‍
പാലൊളി പുഞ്ചിരി മായും പാവാടക്കാരീ…
നിന്റെ നീലക്കണ്ണില്‍ നീരു തുളുമ്പും പാവാടക്കാരീ …

അന്നു നിന്റെ മനസ്സില്‍ ഈ മലരമ്പില്ല
കണ്‍‌മുനയില്‍ ഇന്നു കാണും കവിതയില്ല..
പള്ളിക്കൂട മുറ്റത്തുള്ള മല്ലികപ്പൂമരം ചാരി
പാഠം നോക്കി പഠിക്കുന്ന പാവാടക്കാരീ…
കണ്ടാല്‍ പാറിപ്പാറി പറന്നു പോകും പാവാടക്കാരീ…
…. …. ….
Lyricist: പി ഭാസ്ക്കരൻ
Music: എം എസ് ബാബുരാജ്
Singer: കെ ജെ യേശുദാസ്
Film: പരീക്ഷ

×

Hello!

താഴെ കാണുന്ന വാട്സാപ്പ് ഐക്കൺ ക്ലിക്ക് ചെയ്യുകയോ ഈ മെയിൽ ഐഡിയിലേക്ക് മെയിൽ അയക്കുകയോ ചെയ്യുക.

രാജേഷ് ഒടയഞ്ചാൽ

×
Verified by MonsterInsights