മന്ത്രിപ്പണി

കുഞ്ചൻ നമ്പ്യാരുടെ ചില കവിതാശകലങ്ങൾ
ആശാനക്ഷരമൊന്നു പിഴച്ചാൽ
അമ്പത്തൊന്നു പിഴയ്ക്കും ശിഷ്യന്

കപ്പലകത്തൊരു കള്ളനിരുന്നാൽ
എപ്പൊഴുമില്ലൊരു സുഖമറിയേണം

തട്ടും കൊട്ടും ചെണ്ടയ്ക്കെത്ര
കിട്ടും പണമത് മാരാന്മാർക്കും

ഏമ്പ്രാനപ്പം കട്ടു ഭുജിച്ചാൽ
അമ്പലവാസികളൊക്കെ കക്കും

പടനായകനൊരു പടയിൽ തോറ്റാൽ
ഭടജനമെല്ലാമോടിയൊളിക്കും

താളക്കാരനു മാത്ര പിഴച്ചാൽ
തകിലറിയുന്നവൻ അവതാളത്തിൽ

അമരക്കാരനു തലതെറ്റുമ്പോൾ
അണിയക്കാരുടെ തണ്ടുകൾ തെറ്റും

കാര്യക്കാരൻ കളവുതുടർന്നാൽ
കരമേലുള്ളവർ കട്ടുമുടിക്കും

ഓതിക്കോനൊരു മന്ത്രമിളച്ചാൽ
ഒരു പന്തിക്കാരൊക്കെയിളയ്ക്കും

അങ്ങാടികളിൽ തോൽവിപിണഞ്ഞാൽ
അമ്മയോടപ്രിയം എന്നതുപോലെ

ലക്ഷം കുറുനരി കൂടുകിലും
ഒരു ചെറുപുലിയോടു അടുകിലേതും

ലക്ഷം മാനുഷ്യർ കൂടും സഭയിൽ
ലക്ഷണമൊത്തവർ ഒന്നോ രണ്ടോ

സംസ്ഥാന ലെജിസ്ലേറ്റീവ് അസംബ്ലിയിലെ ഭൂരിപക്ഷ കക്ഷിയുടെ അഥവാ മുന്നണിയുടെ നേതാവിനെയാണ് മന്ത്രിയോ മുഖ്യമന്ത്രിവരേയോ ആയി തെരഞ്ഞെടുക്കുക. മന്തിമാരെല്ലാം മുഖ്യമന്തിയുടെ നിയന്ത്രണത്തിനു വിധേയമായിട്ടാണ് പ്രവർത്തിക്കുന്നത്. ഒരു മന്ത്രിക്ക് മുഖ്യമന്ത്രിയുമായി യോജിച്ച് പ്രവർത്തിക്കാൻ കഴിയുന്നില്ലെങ്കിൽ ആ മന്ത്രി രാജിവയ്ക്കുകയാണ് പതിവ്. ഏതെങ്കിലും മന്ത്രി മുഖ്യമന്ത്രിയുടെ അഭിപ്രായത്തിന് വിരുദ്ധമായി പ്രവർത്തിക്കുകയാണെങ്കിൽ ആ മന്ത്രിയുടെ രാജി മുഖ്യമന്ത്രിക്ക് ആവശ്യപ്പെടാം. ഇതൊക്കെ സാധാരണമായ ഒരു കാര്യം. പാർട്ടിസ്നേഹവും സ്വജനപക്ഷപാതവും ഒക്കെ ഇത്തരം തീരുമാനങ്ങൾക്ക് വിനയാകാറുണ്ട്.

കറുപ്പ്

ഇതൊക്കെ കുറിച്ചിടാൻ ഒരു കാരണമുണ്ട്. സ്ഥലകാലബോധം തൊട്ടുതീണ്ടാത്ത മന്ത്രി പല ജല്പനങ്ങൾ വിളമ്പിയതു നമ്മൾ കഴിഞ്ഞ ദിവസങ്ങളിലായി കേട്ടു. ഇയാൾ ഇതിനുമുമ്പും പലതവണ വേണ്ടാതീനങ്ങൾ പറയുകയും പരസ്യമായി ക്ഷമചോദിക്കുകയും ചെയ്ത വ്യക്തിയാണ്. ഈ അവസരത്തിൽ, മാറിനിന്നു കാര്യങ്ങൾ കാണുന്ന ആൾക്കാർക്ക് ഒരു വിചിന്തനം നടത്തുന്നതിൽ തെറ്റില്ലെന്നു കരുതുന്നു. മേൽപ്പറഞ്ഞ സ്വഭാവമഹിമയാണോ ശരിക്കും മന്ത്രിപ്പണിക്കുള്ള യോഗ്യത? ആളു കറുത്തിട്ടാണ്. പക്ഷേ, കറുപ്പിനെ പറ്റി ഓൺലൈനിലോ വാട്സാപ്പിലോ പത്രമാധ്യമങ്ങളിലോ ചാനൽ മാധ്യമങ്ങളിലോ കാർട്ടൂൺ എന്ന രീതിയിൽ പോലുമോ ആരും ഒരക്ഷരം പറഞ്ഞുകണ്ടില്ല!! എന്നാലോ പാർട്ടിവക്താക്കൾ, അഥവാ ന്യായീകരണ തൊഴിലാളി യൂണിയൻ പ്രവർത്തകൾ കറുപ്പിനെ പലപാടും ഉപയോഗിക്കുന്നതു കണ്ടു! ആശാന്റെ കറുപ്പിനെ പറ്റി ഓർമ്മിപ്പിച്ചതും ആ കറൂപ്പാണ് ഇന്നു കാണുന്ന എതിർപ്പിനു കാരണം എന്നു ഫെയ്സ്ബുക്ക്, വാട്സാപ്പ് പോലുള്ള പൊതുമാധ്യമങ്ങളിൽ വന്നു പ്രസംഗിക്കുന്നതും സഖാക്കൾ മാത്രമാണ്. കറുപ്പിനോട് ഉള്ളിലുള്ള വിദ്വേഷമോ കറുപ്പിനെ കാണിച്ച് മന്ത്രിപ്പണി എടുക്കുന്നയാളെ രക്ഷിക്കാനുള്ള തത്രപ്പാടോ എന്തായിരിക്കും പുറകിൽ??

സാധാരണക്കാരൻ ഇതിൽ നിന്നും എന്തു മനസ്സിലാക്കണം? കറുപ്പ് തീഷ്ണമാവുന്നു. അതിൽ രാഷ്ട്രീയഭേദമില്ല! ബിജെപ്പിക്കാർ കറുപ്പിനോടുള്ള വൈമുഖ്യം പബ്ലിക്കായി ഈയിടെ തന്നെ വെളിപ്പെടുത്തുമ്പോൾ കമ്മ്യൂണിസ്റ്റുകാർ വളഞ്ഞരീതിയിൽ ആ വൈമുഖ്യം അതേ രീതിയിൽതന്നെ ജനമനസ്സുകളിലേക്ക് അടിച്ചേൽപ്പിക്കുന്നു. കറുപ്പും കറുത്തവരും കുലദ്രോഹികൾ തന്നെ, എന്നിട്ടും നിറവ്യത്യാസം കാണിക്കാതെ ഞങ്ങൾ കമ്മ്യൂണിസ്റ്റുകാരാണു കറൂപ്പിനു മന്ത്രിപ്പണിവരെ കൊടുത്ത മഹാന്മാർ എന്ന് ചരിത്രത്തിൽ അടയാളപ്പെടുത്താനുള്ള തത്രപ്പാട് ആണോ ഇത്?? ഏതായാലും ബലിയാടാവുന്നത് കറുപ്പെന്ന നിറമോ, ആ നിറമുള്ള മനുഷ്യരോ ആണ്. ആ വേർതിരിവിന്റെ ചിന്തയെ ഊട്ടിയുറപ്പിക്കാൻ പോന്നതാണ് ഇതേപറ്റിയുള്ള ചിന്തകൾ തന്നെ.

ഈയിടെ വേറൊരു മന്ത്രി പെണ്ണിനോട് സുന്ദരമായി സെക്സിൽ സംസാരിക്കുന്നതു കേട്ടല്ലോ!! സെക്സ് അബദ്ധമാണെന്നോ കുറ്റമാണെന്നോ അല്ല… ഇതൊക്കെ ഓപ്പോസിറ്റ് സെക്സിനോട് തോന്നാത്തവർ ആരാണുള്ളത്! അതൊക്കെ ചെയ്യാനും പറയാനും ഒക്കെയായി ഒരു ബോധം എല്ലാവർക്കും ഉണ്ടല്ലോ… അതില്ലാത്തവനാണു മന്ത്രിപ്പണി ചെയ്യുന്നത് എന്ന നിർവ്വചനത്തിൽ എത്താൻ പറ്റുമോ? തികഞ്ഞ ബോധത്തിന്റെ പിശക്കോ മന്ത്രിയായതിനാൽ തനിക്കു ലഭ്യമായ മാർഗങ്ങൾ ഉപയോഗിച്ച് ഇതൊക്കെ നിഷ്പ്രയാസം ചെയ്യാമെന്ന ധാരണയോ എന്തോ ആയിരിക്കണം പുറകിൽ! ഇതിനോടൊക്കെ ജനം പ്രതികരിച്ചത് കറുപ്പും വെളുപ്പും നോക്കിയല്ല എന്നതുമാത്രമാണു ശ്രദ്ധേയം.

വിവരക്കേട്

അടുത്തകാലത്ത് ഇവിടെ നടക്കുന്നത് വിവരക്കേടു മാത്രമാണ്. കറുപ്പും വെളുപ്പുമല്ല പ്രശ്നം. വിദ്യാഭ്യാസം നേടിയവനെ മാത്രം മന്ത്രിയാക്കാനുള്ള നിയമമാണു വേണ്ടത് എന്നു തോന്നുന്നു. കാലം ഏറെ കഴിഞ്ഞില്ലേ! അത്യാവശ്യം ഹിന്ദിയും ഇംഗ്ലീഷും അറിയാത്തവൻ എം‌പി ആയാൽ തന്നെ എന്തുകാര്യം മനസ്സിലാക്കാനാണ്. ഭാഷ മാത്രമല്ല; നല്ല വിദ്യാഭ്യാസം നൽകുന്ന പലതുമുണ്ട്. കഴിഞ്ഞകാലമൊക്കെ ചരിത്രം മാത്രമാണ്. അങ്ങനെ പലതുമായിരുന്നു. ഇപ്പോൾ ചെറിയൊരു ഗവണ്മെന്റ് ജോലിക്കുവരെ വിദ്യാഭ്യാസയോഗ്യത ആധാരമായെടുക്കുമ്പോൾ ഇവരുടെയൊക്കെ തലവന്മാരായി, ഒക്കെ കൈകാര്യം ചെയ്യുന്നവർക്കു മാത്രം വിവരം വേണ്ടാ എന്നു കരുതുന്നതിൽ അർത്ഥമുണ്ടോ?

മന്ത്രിപ്പണിക്കെങ്കിലും മിനിമം ഡിഗ്രിയെങ്കിലും വേണമെന്ന ഒരു നിയമം കേരളത്തിൽ അത്യാവശ്യമാണ്. നൂറുശതമാനം സാക്ഷരർ വസിക്കുന്ന നാടാണു മലയാളം എന്ന് എഴുന്നെള്ളിച്ച് കയ്യടി വാങ്ങിക്കുന്നതിനേക്കാൾ മുഖ്യമാണ് ഇങ്ങനെയൊരു തീരുമാനം വന്നാൽ കിട്ടുക. ഒരു രാഷ്ട്രീയക്കാരും ഇതിനായി മുന്നിട്ടിറങ്ങില്ല. കാടൻ സ്വഭാവങ്ങൾ മന്ത്രിപ്പണിയിലൂടെ പ്രാവർത്തികമാക്കുന്നവർ മാത്രം മതിയെന്നു പറഞ്ഞാൽ അതിന്റെ പിന്നാലെ പോകുന്ന പണമിടപാടുകൾ എത്രയായിരിക്കും!! പൊതുവായ നിയമമായി മാറ്റാൻ പറ്റിയില്ലെങ്കിൽ പുരോഗമനപരമായി ചിന്തിക്കുന്നു എന്നു നാഴികയ്ക്ക് നാല്പതുവട്ടം പറയുന്ന കമ്മ്യൂണിസ്റ്റ് പാർട്ടിക്കെങ്കിലും ഇതൊരു നിയമം പോലെ നടപ്പിലാക്കി, കാര്യക്ഷമതയുള്ളവരെ ഭരണകാര്യങ്ങളിലേക്ക് എത്തിക്കാമായിരുന്നു.

മന്ത്രിപ്പണി

ഇവിടെ ഉപയോഗിച്ച വാക്കുകൾ മൊത്തം മന്ത്രിപ്പണി എന്നു തന്നെയാ. അതൊരു ജോലിയാണ്. തികഞ്ഞ ജനാധിപത്യമര്യാദയോടെ ഒരു ജനത കനിഞ്ഞു നൽകുന്ന സുവർണ്ണാവസരം കൂടി അതിലുണ്ട്. അതിനുള്ള പ്രതിഫലവും ശേഷം ലഭിക്കുന്ന ആനുകൂല്യങ്ങളും ഒക്കെ എല്ലാവർക്കും അറിയാവുന്നതാണ്. അല്ലാതെ നിർലോഭം പ്രതിഫലം അർഹിക്കാതെ ചെയ്യുന്ന സേവനമല്ല മന്ത്രിപ്പണി. ഇതൊന്നും ആഗ്രഹിക്കാതെ സേവനം മാത്രമായി കണ്ട് അക്ഷീണം പ്രവർത്തിച്ച നിരവധിപ്പേർ ഇവിടുണ്ടായിട്ടുണ്ട്. ഇന്ന് കാലം മാറി; ജനങ്ങളും മാറി. ഇതും കേവലം പ്രതിഫലം കിട്ടുന്ന ജോലി മാത്രമാണ് എന്നറിയാവുന്നതുകൊണ്ടുകൂടിയാണു മന്ത്രിപ്പണി എന്നു തെളിച്ചു പറഞ്ഞതുതന്നെ. വിവരക്കേട് ഒരു കുറ്റമാണെന്നല്ല. കൃത്യമായ വിദ്യാഭ്യാസത്തിനേ അതു മാറ്റാനാവൂ. പ്രസ്തുത മന്ത്രിക്ക് അത് നേടാൻ പറ്റിയ കാലഘട്ടമായിരുന്നില്ല അന്നത്തേത്. ഇന്നതല്ല കാലം. നമ്മളൊക്കെ 100% വിദ്യാസമ്പന്നർ എന്നു പറഞ്ഞ് അഹങ്കരിക്കുന്നവരാണ്. ആ പക്വത മന്ത്രിമാരെ ആക്കുന്നതിലും കാണിക്കേണ്ടതുണ്ട്. മന്ത്രിപ്പണി എന്നത് ഒരു നല്ല ജോലിയാണെന്നു പറഞ്ഞുവല്ലോ; ഏറെ ആനുകൂല്യങ്ങൾ ലഭിക്കുന്ന നല്ലൊരു ജോലി. ജനാധിപത്യ രീതിയിൽ ആയതിനാൽ ഏത് വിവരം കെട്ടവനും പ്രധാനമന്ത്രിവരെ ആവാം എന്നുണ്ട് ഇന്നത്തെ കാര്യങ്ങൾ. അപ്പോൾ നിയന്ത്രണം ഏർപ്പെടുത്തേണ്ടത് അതാത് പാർട്ടികളാണ്. അത്യാവശ്യം ഡിഗ്രി എങ്കിലും ഉള്ളവരേ MLA ആയിപ്പോലും മത്സരിക്കാൻ പാടുള്ളൂ എന്ന നിയമം പാർട്ടിക്കോ കേരളത്തിൽ മൊത്തം സകലപാർട്ടികൾക്കും ബാധകമായി ഒരു നിയമമായോ കൊണ്ടുവരാൻ പറ്റേണ്ടതാണ്… ഇതൊക്കെ കേവലം സാധാരണക്കാരന്റെ സ്വപ്നങ്ങൾ മാത്രമായി അവശേഷിക്കും എന്നറിയാം! എന്നാലും പറയാതിരിക്കരുതല്ലോ…

ഓജോബോർഡിന്റെ കഥ; അല്ല കാര്യം!

ഇന്നു മറ്റൊരു ആവശ്യത്തിനു വേണ്ടി ഗൂഗിൾ അനലിറ്റിക്സിൽ കേറിനോക്കിയതാ, ചായില്യത്തിലെ ഓജോബോർഡ് റീലോഡഡ് എന്ന ലേഖനം 23 ആൾക്കാർ ഇന്നു വായിച്ചിരിക്കുന്നതായി കണ്ടു! ഇത്തരം കഥകൾക്ക് എക്കാലത്തും നല്ല മാർക്കറ്റാണ്, വെറുതേ പെണ്ണിനേം പെടക്കോഴിയേം പിടിച്ച് ചായില്യത്തിലിട്ട് വെടക്കാക്കി 🙁

ആ കഥയിൽ നിന്നും:

ഓജോബോര്‍ഡ് റീലോഡഡ്!

ഞങ്ങളെല്ലാവരും മേശയ്‌ക്കു ചുറ്റുമിരുന്നു.  മെഴുകുതിരി കത്തിച്ചു ഒരുരൂപാനാണയത്തില്‍ ഉറപ്പിച്ചു. ഈശ്വരചൈതന്യത്തിന്റെ പ്രതിരൂപമായ ആ വെളിച്ചത്തെ ഒരു ഗ്ലാസുകൊണ്ടു മൂടി എല്ലാവരും കറുത്ത ശക്തിയെ ആവാഹിക്കാന്‍ തയ്യറായി.

പെട്ടന്ന് ഒരു മണിശബ്ദം കേട്ടതുപോലെ! ആദ്യം കേട്ടത് വീട്ടുടമസ്ഥന്റെ മകന്‍ തന്നെ. കുറേ കഴിഞ്ഞപ്പോള്‍ വീണ്ടും കേട്ടു… സംഗതി സത്യമാണ്‌. ഗ്ലാസിനുള്ളിലെ നാണയം ഗ്ലാസില്‍ വന്നിടിക്കുന്ന ശബ്ദമാണത്. ഗ്ലാസ് ഒന്നനങ്ങിയോ..? അതേ! ഗ്ലാസ് മെല്ലെ ചലിക്കുന്നു!! എല്ലാവരുടെയും മുഖത്ത് അത്ഭുതം! ഗ്ലാസ് മെല്ലെ നീങ്ങി ബോര്‍ഡിനു പുറത്തു വന്നു നിന്നു. എം‌എസ്സിക്കരന്റെ മുഖം ഒരു മന്ത്രവാദിയുടേതുപോലെ ഭീകരമായി. കടുത്ത സ്വരത്തില്‍ അവന്‍ ചോദിച്ചു: “who are you?”

കഥ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.