Skip to main content

ശാലിനി

കവിത കേൾക്കുക
[ca_audio url=”https://chayilyam.com/stories/poem/shalini.mp3″ width=”100%” height=”27″ css_class=”codeart-google-mp3-player” autoplay=”false”]

ചങ്ങമ്പുഴ കൃഷ്ണപ്പിള്ളയും ഭാര്യയുംഒന്നുമെനിക്കുവേണ്ടാമൃദു ചിത്തത്തില്‍
എന്നെ കുറിച്ചുള്ളോരോര്‍‍മ്മ മാത്രം മതി
മായരുതാ തളിര്‍ ചുണ്ടിലൊരിക്കലും
മാമകചിത്തം കവര്‍‌ന്നൊരാ സുസ്മിതം. (more…)

ഇന്ന് അനശ്വര പ്രണയഗായകന്റെ ജന്മദിനം!

ഇന്ന് ആ അനശ്വര പ്രണയഗായകന്റെ ജന്മദിനം!
മനുഷ്യനെന്ന നിലയിലും കവിയെന്ന നിലയിലും മറ്റുള്ള മലയാളകവികളിൽനിന്നു തികച്ചും ഒറ്റപ്പെട്ടു നിൽക്കുന്നു മഹാകവി ചങ്ങമ്പുഴ. മലയാളത്തിന്റെ ഈ പ്രിയപ്പെട്ട കവി 1911 ഒക്ടോബർ 11-ന്‌ ജനിച്ചു. ജന്മദേശം ഉത്തരതിരുവിതാംകൂറിൽപ്പെട്ട (ഇപ്പോൾ എറണാകുളം ജില്ലയിൽ) ഇടപ്പള്ളിയാണ്‌. ചങ്ങമ്പുഴത്തറവാട്ടിലെ ശ്രീമതി പാറുക്കുട്ടിയമ്മയാണ്‌ മാതാവ്‌. പിതാവ്‌ തെക്കേടത്തു വീട്ടിൽ നാരായണമേനോൻ…
——————- ഒരു കവിത ——————————-
എന്താണീജ്ജീവിതം? അവ്യക്തമാമൊരു
സുന്ദരമായ വളകിലുക്കം.
സംഗീതതുന്ദിലം,നൈമിഷികോജ്ജ്വലം-
പിന്നെയോ?-ശൂന്യം! പരമശൂന്യം!
എങ്കിലും മീതെയായ്‌ മര്‍ത്യ, നീ നില്‍ക്കുന്ന
തെന്തിനു?-നീയെത്ര നിസ്സഹായന്‍!
ജീവിതാധ്യായമൊരിത്തിരി മാറ്റുവാ-
നാവാത്ത നീയോ ഹാ, സര്‍വ്വഭൗമന്‍!

എന്നെ, യിക്കാണും പ്രപഞ്ചത്തിലോക്കെയു-
മെന്നില്‍ പ്രപഞ്ചം മുഴുവനുമായ്‌,
ഒന്നിച്ചുകാണുന്ന ഞാനിനി വേണെങ്കി-
ലൊന്നും നശിക്കില്ലെന്നാശ്വസിക്കാം!
എന്നാലും-പൂങ്കുല വാടിക്കൊഴിയുമ്പോൾ‍;
മിന്നലെന്നേക്കും പൊലിഞ്ഞിടുമ്പോൾ‍;
മഞ്ഞുനീര്‍ത്തുൾളികൾ‍ മിന്നിമറയുമ്പോൾ‍;
മഞ്ജുളമാരിവില്‍ മാഞ്ഞിടുമ്പോൾ‍;
മന്ദഹസിതങ്ങൾ‍ മങ്ങുമ്പോൾ‍-എന്നാലു-
മെന്മനമൊന്നു തുടിച്ചുപോകും!
കേവലം ഞാനറിഞ്ഞീടാതെ തന്നെ,യെന്‍-
ജീവനൊന്നയ്യോ, കരഞ്ഞുപോകും!

ഓമനസ്വപ്‌നങ്ങൾ‍! ഓമനസ്വപ്‌നങ്ങൾ‍!
നാമറിഞ്ഞി,ല്ലവയെങ്ങു പോയി?

കവിയെ കുറിച്ചു കൂടുതൽ :http://ml.wikipedia.org/wiki/Changampuzha_Krishna_Pillai

വാഴക്കുല – ചങ്ങമ്പുഴ

വാഴക്കുല - ചങ്ങമ്പുഴമലയപ്പുലയനാ മാടത്തിൻമുറ്റത്തു
മഴ വന്ന നാളൊരു വാഴ നട്ടു.

മനതാരിലാശകൾപോലതിലോരോരോ

മരതകക്കൂമ്പു പൊടിച്ചുവന്നു.

അരുമക്കിടാങ്ങളിലൊന്നായതിനേയു –

മഴകിപ്പുലക്കള്ളിയോമനിച്ചു.

മഴയെല്ലാം പോയപ്പോൾ, മാനം തെളിഞ്ഞപ്പോൾ

മലയന്റെ മാടത്ത പാട്ടു പാടി.

മരമെല്ലാം പൂത്തപ്പോൾകുളിർക്കാറ്റു വന്നപ്പോൾ

മലയന്റെ മാടവും പൂക്കള് ചൂടി.

വയലില് വിരിപ്പു വിതയ്ക്കേണ്ടകാലമായ്

വളരെപ്പണിപ്പാടു വന്നുകൂടി.

ഉഴുകുവാൻരാവിലെ പോകും മലയനു –

മഴകിയും — പോരുമ്പോളന്തിയാവും.

ചെറുവാഴത്തയ്യിനു വെള്ളമൊഴിക്കുവാന്

മറവി പറ്റാറില്ലവർക്കു ചെറ്റും .

അനുദിനമങ്ങനെ ശുശ്രൂഷ ചെയ്കയാ –

ലതു വേഗവേഗം വളർന്നുവന്നു ;

അജപാലബാലനിൽ ഗ്രാമീണബാലത –

ന്നനുരാഗകന്ദളമെന്നപോലെ !

പകലൊക്കെപ്പൈതങ്ങളാ വാഴത്തൈത്തണല് –

പ്പരവതാനിക്കുമേല് ചെന്നിരിക്കും .

പൊരിയും വയറുമായുച്ചക്കൊടുംവെയില്

ചൊരിയുമ്പൊ,ഴുതപ്പുലക്കിടാങ്ങള്,

അവിടെയിരുന്നു കളിപ്പതു കാണ്കിലേ –

തലിയാത്ത ഹൃത്തുമലിഞ്ഞുപോകും !

കരയും, ചിരിക്കു,മിടക്കിടെത്തമ്മിലാ –

‘ക്കരുമാടിക്കുട്ടന്മാർ’ മല്ലടിക്കും!

അതുകാൺകെപ്പൊരിവെയ്ലിന് ഹൃദയത്തില്ക്കൂടിയു –

മലിവിന്റെ നനവൊരു നിഴല് വിരിക്കും !

അവശന്മാരാർത്തന്മാർ ആലംബഹീനന്മാ-

രവരുടെ സങ്കടമാരറിയാന് ?

അവരർദ്ധനഗ്നന്മാ, രാതാപമഗ്നമാ –

രവരുടെ പട്ടിണിയെന്നു തീരാന് ?

അവരാർദ്രചിത്തന്മാ,രപഹാസപാത്രങ്ങ –

ളവരുടെ ദുരിതങ്ങളെങ്ങൊടുങ്ങാന് ?

ഇടതിങ്ങിനിറയുന്നു നിയമങ്ങള്, നീതിക –

ളിടമില്ലവർക്കൊന്നു കാലുകുത്താന് !

ഇടറുന്ന കഴല് വയ്പോടുഴറിക്കുതിക്കയാ –

ണിടയില്ല ലോകത്തിന്നവരെ നോക്കാന് .

ഉമിനീരിറക്കാതപ്പാവങ്ങള് ചാവുമ്പോ –

ളുദകക്രിയപോലും ചെയ്തിടേണ്ട.

മദമത്തവിത്തപ്രതാപമേ, നീ നിന്റെ

മദിരോത്സവങ്ങളില് പങ്കു കൊള്ളൂ !

പറയുന്നു മാതേവന് : —- ” ഈ ഞാലിപ്പൂവന്റെ

പഴമെത്ര സാദൊള്ളതായിരിക്കും !”

പരിചോ,ടനുജന്റെ വാക്കില് ചിരി വന്നു

പരിഹാസഭാവത്താല് തേവനോതി :

” കൊല വരാറായി, ല്ലതിനു മുമ്പേ തന്നെ

കൊതിയന്റെ നാക്കത്തു വെള്ളം വന്നു !”

പരിഭവിച്ചീടുന്നു നീലി : ” അന്നച്ചന –

തരി വാങ്ങാന് വല്ലോറ്ക്കും വെട്ടി വിക്കും .”

” കരിനാക്കുകൊണ്ടൊന്നും പറയാതെടി മൂശേട്ടേ !”

കരുവള്ളോന് കോപിച്ചൊരാജ്ഞ നല്കീ !

അതുകേട്ടെഴുനേറ്റു ദൂരത്തു മാറിനി –

ന്നവനെയവളൊന്നു ശുണ്ഠി കൂട്ടി :

” പഴമായാ നിങ്ങളെക്കാണാണ്ടെ സൂത്രത്തി

പ്പകുതീം ഞാനൊറ്റയ്ക്കു കട്ടുതിന്നും !”

” അതുകാണാമുവ്വെടി ചൂരപ്പഴാ നെന –

ക്കതിമോഹമേറെക്കടന്നുപോയി !

ദുരമൂത്ത മറുതേ, നിന് തൊടയിലെത്തൊലിയന്നീ –

ക്കരിവള്ളോനുരിയണോരുരിയല് കണ്ടോ !…”

ഇതുവിധം നിത്യമാ വാഴച്ചുവട്ടില –

ക്കൊതിയസമാജം നടന്നു വന്നു .

കഴിവതും വേഗം കുലയ്ക്കണമെന്നുള്ളില് –

ക്കരുതിയിരിക്കുമാ വാഴ പോലും !

അവരുടെയാഗ്രഹമത്രയ്ക്കഗാധവു

മനുകമ്പനീയവുമായിരുന്നു!

ഒരു ദിനം വാഴ കുലച്ചതു കാരണം

തിരുവോണം വന്നു പുലക്കുടിലില്

കലഹിക്കാന് പോയില്ല പിന്നീടൊരിക്കലും

കരുവള്ളോന് നീലിയോടെന്തുകൊണ്ടോ !

അവളൊരു കള്ളിയാണാരുമറിഞ്ഞിടാ –

തറിയാമവള്ക്കെന്തും കട്ടുതിന്നാന് .

അതുകൊണ്ടവളോടു സേവ കൂടീടുകി –

ലവനു,മതിലൊരു പങ്കു കിട്ടും.

കരുവള്ളോന് നീലി തന് പ്രാണനായ് , മാതേവന്

കഴിവതും കേളനെ പ്രീതനാക്കി .

നിഴല് നീങ്ങി നിമിഷത്തില് നിറനിലാവോലുന്ന

നിലയല്ലോ നിർമ്മലബാല്യകാലം !

അരുമക്കിടാങ്ങള് തന്നാനന്ദം കാണ്കയാ –

ലഴകിക്കു ചിത്തം നിറഞ്ഞുപോയി .

കുല മൂത്തു വെട്ടിപ്പഴുപ്പിച്ചെടുക്കുവാന്

മലയനുമുള്ളില് തിടുക്കമായി .

അവരോമല്പ്പൈതങ്ങള്ക്കങ്ങനെയെങ്കിലു –

മവനൊരു സമ്മാനമേകാമല്ലോ .

അരുതവനെല്ലുനുറുങ്ങി യത്നിക്കിലു –

മരവയർക്കഞ്ഞിയവറ്ക്കു നല്കാന് .

ഉടയോന്റെ മേടയിലുണ്ണികള് പഞ്ചാര-

ച്ചുടുപാലടയുണ്ടുറങ്ങിടുമ്പോള്,

അവനുടെ കണ്മണിക്കുഞ്ഞുങ്ങള് പട്ടിണി –

യ്ക്കലയണമുച്ചക്കൊടുംവെയിലില് !

അവരുടെ തൊണ്ട നനയ്ക്കുവാനുള്ളതെ-

ന്തയലത്തെ മേട്ടിലെത്തോട്ടുവെള്ളം !

കനിവറ്റ ലോകമേ, നീ നിന്റെ ഭാവനാ –

കനകവിമാനത്തില് സഞ്ചരിക്കൂ .

മുഴുമതി പെയ്യുമപ്പൂനിലാവേറ്റുകൊ –

ണ്ടഴകിനെത്തേടിയലഞ്ഞുകൊള്ളൂ .

പ്രണത്തില് കല്പകത്തോപ്പിലെ, പ്പച്ചില –

ത്തണലിലിരുന്നു കിനാവു കാണൂ .

ഇടനെഞ്ഞു പൊട്ടി,യിപ്പാവങ്ങളിങ്ങനെ –

യിവിടെക്കിടന്നു തുലഞ്ഞിടട്ടേ .

അവർതൻ തലയോടുകള്കൊണ്ടു വിത്തേശ്വര –

രരമന കെട്ടിപ്പടുത്തിടട്ടേ .

അവരുടെ ഹൃദ്രക്തമൂറ്റിക്കുടിച്ചവ –

രവകാശഗർവ്വം നടിച്ചിടട്ടേ .

ഇവയൊന്നും നോക്കേണ്ട, കാണേണ്ട, നീ നിന്റെ

പവിഴപ്പൂങ്കാവിലലഞ്ഞുകൊള്ളു !

മലയനാ വാഴയെ സ്പർശിച്ച മാത്രയില്

മനതാരില് നിന്നൊരിടിമുഴങ്ങി.

അതിനുടെ മാറ്റൊലി ചക്രവാളം തകർ –

ത്തലറുന്ന മട്ടിലവനു തോന്നി .

പകലിന്റെ കുടല് മാലച്ചുടുചോരത്തെളി കുടി –

ച്ചകലത്തിലമരുന്നിതന്തിമാര്ക്കന് !

ഒരു മരപ്പാവ പോല് നിലകൊള്ളും മലയനി –

ല്ലൊരു തുള്ളി രക്തമക്കവിളിലെങ്ങും !

അനുമാത്രം പൊള്ളുകയാണവനാത്മാവൊ –

രസഹനീയാതപജ്ജ്വാലമൂലം !

അമിതസന്തുഷ്ടിയാല് തുള്ളിക്കളിക്കയാ –

ണരുമക്കിടാങ്ങള് തന് ചുറ്റുമായി ;

ഇലപോയി, തൊലിപോയി, മുരടിച്ചോരിലവിനെ –

വലയംചെയ്തുലയുന്ന ലതകള് പോലെ .

അവരുടെ മിന്നിവിടർന്നൊരുരക്കണ്ണുക –

ളരുതവനങ്ങനെ നോക്കിനില്ക്കാന് .

അവരുടെ കൈകൊട്ടിപ്പൊട്ടിച്ചിരിക്കല് ക –

ണ്ടവനന്തരംഗം തകർന്ന് പോയി .

കുലവെട്ടാന് കത്തിയുയർത്തിയ കൈയുകള്

നിലവിട്ടു വാടിത്തളർന്നുപോയി .

കരുവൊള്ളോന് നീലിക്കൊരുമ്മ കൊടുക്കുന്നു

കരളിൽ തുളുമ്പും കുതൂഹലത്താല് .

അവളറിയാതുടനസിതാധരത്തില് നി –

ന്നവിടെങ്ങുമുതിരുന്നു മുല്ലപ്പൂക്കള് .

മലയന്റെ കണ്ണില്നിന്നിറ്റിറ്റു വീഴുന്നു

ചില കണ്ണീർക്കണികകള് പൂഴിമണ്ണില്

അണുപോലും ചലനമറ്റമരുന്നിതവശരാ –

യരികത്തുമകലത്തും തരുനിരകള് !

സരസമായ് മാതേവന് കേളന്റെ തോളത്തു

വിരല് തട്ടിത്താളം പിടിച്ചു നില്പൂ .

അണിയിട്ടിട്ടനുമാനുമാത്രം വികസിക്കും കിരണങ്ങ –

ളണിയുന്നു കേളന്റെ കടമിഴികള് !

ഇരുൾ വന്നു മൂടുന്നു മലയന്റെ കൺമുമ്പി, –

ലിടറുന്നു കാലുകളെന്തു ചെയ്യും ?

കുതിരുന്നു മുന്നിലത്തിമിരവും കുരുതിയില്

ചതിവീശും വിഷവായു തിരയടിപ്പൂ !

അഴകി,യാ മാടത്തി,ലേങ്ങലടിച്ചടി –

ച്ചഴലുകയാ,ണിതിനെന്തു ബന്ധം ?…

കുലവെട്ടി —- മോഹിച്ചു, മോഹിച്ചു, ലാളിച്ച

കുതുകത്തിന് കച്ചക്കഴുത്തു വെട്ടി ! —

കുല വെട്ടി — ശൈശവോല്ലാസകപോതത്തിൻ

കുളിരൊളിപ്പൂവല്ക്കഴുത്തു വെട്ടി ! —-

തെരുതെരെക്കൈകൊട്ടിത്തുള്ളിക്കളിക്കുന്നു

പരമസന്തുഷ്ടരായ്ക്കണ്മണികള് .

ഒരു വെറും പ്രേതംകണക്കതാ മേല്ക്കുമേല്

മലയന്റെ വക്ത്രം വിളർത്തുപോയി !

കുല തോളിലേന്തി പ്രതിമയെപ്പോലവൻ

കുറെനേരമങ്ങനെ നിന്നുപോയി !

അഴിമതി,യക്രമ,മത്യന്തരൂക്ഷമാ –

മപരാധം, നിശിതമാമശനിപാതം !

കളവെന്തെന്നറിയാത്ത പാവങ്ങള് പൈതങ്ങള്

കനിവറ്റ ലോകം , കപടലോകം !

നിസ്വാർത്ഥസേവനം, നിർദ്ദയമർദ്ദനം

നിസ്സഹായത്വം, ഹാ, നിത്യദുഃഖം !

നിഹതാനിരാശാ തിമിരം ഭയങ്കരം !

നിരുപാധികോഗ്രനിനിയമഭാരം ! —

ഇതിനൊക്കെപ്രതികാരം ചെയ്യാതടങ്ങുമോ

പതിതരേ , നിങ്ങള്തന് പിന്മുറക്കാറ് ?

കുല തോളിലേന്തി പ്രതിമ പോലങ്ങനെ

മലയനാ മുറ്റത്തു നിന്നുപോയി .

അരുതവനൊച്ച പൊങ്ങുന്നതില്ല, ക്കരള്

തെരുതെരെപ്പേർത്തും തുടിപ്പു മേന്മേല് !

ഒരുവിധം ഗദ്ഗദം ഞെക്കിഞെരുക്കിയ

കുറെയക്ഷരങ്ങള് തെറിപ്പു കാറ്റില് :

” കരയാതെ മക്കളേ ….. കല്പിച്ചു … തമ്പിരാൻ …

ഒരുവാഴ വേറെ … ഞാൻ കൊണ്ടുപോട്ടെ !”

മലയൻ നടന്നു, നടക്കുന്നു മാടത്തി –

ലലയും മുറയും നിലവിളിയും !

അവശന്മാ,രാർത്തന്മാരാലംബഹീനന്മാ –

രവരുടെ സങ്കടമാരറിയാന് ?

പണമുള്ളോർ നിർമ്മിച്ച നീതിക്കിതിലൊന്നും

പറയുവാനില്ലേ ? ഞാന് പിൻ വലിച്ചു !

ഒരു ചങ്ങമ്പുഴ കവിത – കാമുകന്‍ വന്നാൽ!

“നിന്നാത്മനായകനിന്നു രാവില്‍
വന്നിടും വന്നാല്‍ നീയെന്തു ചെയ്യും?”

“കോണിലെങ്ങാനു മൊഴിഞ്ഞൊതുങ്ങി
ക്കാണാത്ത ഭാവത്തില്‍ ഞാനിരിക്കും!”


നിന്റെ ആത്മ നായകൻ ഇന്നുവരും; വന്നുചേർന്നാൽ നീ എന്താ ചെയ്യുക?
ഞാനാ മൂലയിലേക്കെങ്ങാനും മാറി കാണാത്ത ഭാവത്തിൽ ഇരിക്കും.

“ചാരുസ്മിതം തൂകിസ്സാദരം, നിന്‍ –
ചാരത്തണഞ്ഞാല്‍ പിന്നെന്തു ചെയ്യും?”

“ആനന്ദമെന്നുള്ളില്‍ തിങ്ങിയാലും
ഞാനീര്‍ഷ്യഭാവിച്ചൊഴിഞ്ഞു മാറും!”


സുന്ദരമായ മന്ദഹാസത്തോടെ നിന്റെ അടുത്തേക്ക് വന്നാൽ പിന്നെ നീ എന്താ ചെയ്യുക?
ആനന്ദമൊക്കെ ഉള്ളിലുണ്ടെങ്കിലും അല്പം കോപമൊക്കെ കാണിച്ച് ഞാൻ മിണ്ടാതെ നിൽക്കും.

“ആ മദനോപമനക്ഷണ, ‘മെ-
ന്നോമനേ!’-യെന്നു വിളിച്ചു മന്ദം
നിന്‍ കൈ കടന്നു പിടിച്ചെടുത്താല്‍
സങ്കോചം കൊണ്ടു നീയെന്തു കാട്ടും?”


കാമദേവനെ പോലുള്ള അവൻ അപ്പോൾ “എന്റെ ഓമനേ..“ എന്നു പതുക്കെ വിളിച്ച് നിന്റെ കൈപിടിച്ചാൽ അല്പം ലജ്ജയൊക്കെ തോന്നുന്ന നീ എന്താ ചെയ്യുക?

“ഉല്‍ക്കടകോപം നടിച്ചുടന്‍ ഞാന്‍
തല്‍ക്കരം ദൂരത്തു തട്ടിമാറ്റും!”


അതിയായ കോപം അഭിനയിച്ച് ഞാനാ കൈയ്യുകൾ ദൂരേക്ക് തട്ടിക്കളയും.

“ആ നയകോവിദന്‍ പിന്മടങ്ങാ-
താ നിമേഷത്തില്‍ നിന്‍ പൂങ്കവിളില്‍
അന്‍പിലോരാനന്ദസാന്ദ്രമാകും-
ചുംബനം തന്നാല്‍ നീയെന്തു ചെയ്യും?”


പ്രിയങ്കരനായ വിദ്വാൻ മാറിനിൽക്കാതെ നിന്റെപൂങ്കവിളിൽ ആനന്ദം പകരുന്ന രീതിയിൽ സുന്ദരമായി ഒന്നുമ്മ വെച്ചാൽ പിന്നെ നീ എന്താ ചെയ്യുക?

“രോമഹര്‍ഷത്തി,ലെന്‍ ചിത്തഭൃംഗം
പ്രേമസംഗീതം മുഴക്കിയാലും
‘നാണമില്ലല്ലോ, ശകല!’-മെന്നായ്
ഞാനോതു, മല്‍പ്പം പരിഭവത്തില്‍!”


പുളകം കൊള്ളുന്ന എന്റെ മനസ്സാകുന്ന വണ്ട് പ്രേമസംഗീതം മൂളിയാൽ പോലും “ഈ മനുഷ്യനു അല്പംപോലും നാണമില്ലേ“ എന്നും പറഞ്ഞ് ഞാൻ പരിഭവം നടിക്കും.

“എന്നിട്ടു മെള്ളോളം കൂസലില്ലാ-
തന്നിലയില്‍ തന്നെ നിന്നു, വേഗം
ഇന്നവന്‍ കാമവികാരധീരന്‍
നിന്നെത്തന്‍ മാറോടു ചേര്‍ത്തണച്ചാല്‍
കോമളപ്പോര്‍മുലപ്പൊന്‍ കുടങ്ങള്‍
കോരിത്തരിക്കെ നീയെന്തു ചെയ്യും?”


എന്നിട്ടും എള്ളോളം പോലും കുലുക്കമില്ലാതെ അതേ നിലയിൽ തന്നെ നിന്ന് കാമവികാരത്താൽ ഉത്തേജിതനായി അവൻ നിന്നെ മാറോട് ചേർത്ത് കെട്ടിപ്പിടിക്കുമ്പോൾ നിന്റെ മാർദവമായ പോർ മുലകൾ കോരിത്തരിക്കുമല്ലോ… അപ്പോൾ നീ എന്തു ചെയ്യും? 🙂

“പോ തോഴി ! പോ; ഞാന്‍ പിന്നെന്തു ചെയ്യാന്‍ ?
പോരേ കളിപ്പിച്ചതെന്നെയൊട്ടും?
പിന്നെയിന്നെന്തു ഞാന്‍ ചെയ്യുമെന്നോ?-
പിന്നെ നീയാണെങ്കിലെന്തുചെയ്യും?


പോ പെണ്ണേ… നീ പോ… ഞാൻ പിന്നെ എന്താ ചെയ്യുക? നിനക്കെന്നെ ഇത്രേം നേരം കളിപ്പിച്ചതൊന്നും പോരേ? ഞാൻ പിന്നെ എന്തു ചെയ്യുമെന്ന് നിനക്കറിയണോ? അല്ലെങ്കിൽ നീയാണെങ്കിൽ അപ്പോൾ എന്താ ചെയ്യുക?


………….
കവിത: ചങ്ങമ്പുഴ കൃഷ്ണപ്പിള്ള – കാമുകന്‍ വന്നാൽ


കാമുകന്‍ വന്നാല്‍ കള്ളനു കേള്‍ക്കാന്‍
കഥപറയാമോ കിളിമകളേ
കരളിലിരിക്കും കിളിമകളേ
ഒരു കഥപറയാമോ കിളിമകളേ
കരളിലിരിക്കും കിളിമകളേ

നാണം കൂട്ടിയ പൊന്നഴിക്കൂട്ടില്‍
നീയെന്തിനിയും മറയുന്നു
അവനായ്ക്കരുതിയ കതിര്‍മണിയിനിയും
ആത്മാവില്‍ നീയൊളിക്കുന്നു?

ദേഹം പാതി കുളിരും രാവില്‍
ദേവന്‍ കനിയാന്‍ വൈകുന്നു
വിരലില്‍ കനവില്‍ പാടിയ കൈകള്‍
വീണയ്ക്കായി വിതുമ്പുന്നു..

കാമുകന്‍ വന്നാല്‍ കള്ളനു കേള്‍ക്കാന്‍
കഥപറയാമോ കിളിമകളേ
കരളിലിരിക്കും കിളിമകളേ
ഒരു കഥപറയാമോ കിളിമകളേ
കരളിലിരിക്കും കിളിമകളേ..!!
…….. ……….. ……….. …..

സിനിമ: ഡെയ്ഞ്ചർ ബിസ്കറ്റ് (1969)
പാടിയത്: എസ് ജാനകിയും സംഘവും.
വരികൾ: ശ്രീകുമാരൻ തമ്പി
സംഗീതം: വി. ദക്ഷിണാമൂർത്തി.

×

Hello!

താഴെ കാണുന്ന വാട്സാപ്പ് ഐക്കൺ ക്ലിക്ക് ചെയ്യുകയോ ഈ മെയിൽ ഐഡിയിലേക്ക് മെയിൽ അയക്കുകയോ ചെയ്യുക.

രാജേഷ് ഒടയഞ്ചാൽ

×
Verified by MonsterInsights